@shearchat_official
@shearchat_official

👑കഥകളുടെപറുദീസ👑

JOIN WATSAPP GROUP SEND MESSEGE 8086637005

#

📙 നോവൽ

ഐ ഫോർ ഐസ്‌ക്രീം ************************ എന്റെ ചെറുപ്പകാലത്ത് ഞാൻ കണ്ട ആദ്യത്തെ ഫ്രീക്കൻ ആയിരുന്നു ഐസ്‌ക്രീംകാരൻ മഞ്ജുനാഥ്‌! നീട്ടി വളർത്തിയ മുടി പൊക്കികെട്ടി റബർബാന്റിട്ട് കുറ്റിതാടി വെച്ച് വെളുത്ത് മെലിഞ്ഞ് നല്ല പൊക്കത്തിലുള്ള ഒരു യുവാവ്. ഫുൾകൈ ഷർട്ടും ലൂസ് പാന്റും ചപ്പലുമാണ് വേഷം.തലയിൽ സ്‌കാർഫുകൊണ്ടൊരു കെട്ടും കെട്ടിയിട്ടുണ്ടാകും.അന്നാളുകളിൽ പുരുഷന്മാർ മുടി നീട്ടി വളർത്തി തുടങ്ങിയിട്ടില്ലായിരുന്നതിനാൽ നാട്ടുകാർ ഈ കക്ഷിയെ' മുടിയൻ' എന്ന്‌ അഭിസംബോധന ചെയ്തു പോന്നിരുന്നു. മറ്റു പല ഐസ്‌ക്രീംകാരും സൈക്കിളിൽ മണി കൊട്ടി പറന്ന് നടന്നപ്പോൾ മഞ്ജുനാഥ്‌ തന്റെ ഐസ്‌ക്രീം പെട്ടി ഉന്തിതള്ളി സകലരെയും നോക്കി ചിരിച്ച് വിശേഷങ്ങൾ ചോദിച്ച് മൂളിപ്പാട്ടും പാടിനടന്ന് വ്യത്യസ്തനായി.മറ്റുള്ളവരെ അപേക്ഷിച്ച് മഞ്ജുനാഥിന്റെ ഐസ്‌ക്രീമിന്‌ സ്വാദ് ഏറിയപ്പോൾ ഈയുള്ളവളും ആ ഫ്രീക്കന്റെ ഒരു ആരാധികയായി മാറാൻ അധികം താമസമുണ്ടായിരുന്നില്ല. അമ്പലത്തിലെ ഉത്സവമാകട്ടെ,പള്ളിയിലെ പെരുന്നാൾ ആകട്ടെ,സ്കൂളിലെ ആനിവേഴ്സറി യാകട്ടെ,കോളേജിലെ ആർട്സ് സ്പോർട്സ് ഡേ ആകട്ടെ,ആൾക്കാർക്ക് വേണ്ടത് മഞ്ജുനാഥിന്റെ ഐസ്‌ക്രീം തന്നെ! നാലാള് കൂടുന്നയിടത്ത് നാനൂറാളെ ചുറ്റും വരുത്തിക്കാനുള്ള ഒരു മാസ്മരിക ശക്തി ഈ ഫ്രീക്കന്റെ ഐസ്‌ക്രീമിനുണ്ടായിരുന്നു. ഒട്ടുമിക്ക സായാഹ്നങ്ങളിലും ഏകദേശം ഒരഞ്ചുമണി ആകുമ്പോൾ ഞങ്ങളുടെ ഏരിയയിൽ കൂടി ഈ ഫ്രീക്കന്റെ സർവീസ് ലഭ്യമായിരുന്നു. അകലെനിന്നും മഞ്ജുനാഥിന്റെ മണി കൊട്ട് കേൾക്കുമ്പോൾ തന്നെ ഞങ്ങൾ കുട്ടികളുടെ ഹൃദയം ആ ഐസ്ക്രീമിനായി പെരുമ്പറ കൊട്ടി തുടങ്ങും!! പിന്നെ ഐസ്‌ക്രീം വാങ്ങിക്കാൻ വേണ്ടിയുള്ള പൈസ ഒപ്പിക്കാനായുള്ള തപ്പലും തടയലുമാണ്.ചിലർ വീട്ടിൽ കിണുങ്ങി നോക്കും, പിണങ്ങി നോക്കും ഒന്നും പറ്റിയില്ലെങ്കിൽ അലമുറയിട്ട് കരഞ്ഞു നോക്കും.ഒത്താൽ ഒത്തു....അത്രേ ഉള്ളു!! സായാഹ്നത്തിൽ ഒരു ഐസ്‌ക്രീം എന്ന അജണ്ട ഹൃദയത്തിൽ വെണ്ടക്ക അക്ഷരത്തിൽ എഴുതി പിടിപ്പിച്ചിരുന്നത് കൊണ്ട്‌ എങ്ങനെയെങ്കിലും അത് കൈക്കലാക്കാൻ വേണ്ടി ചെറുപ്പത്തിൽ തന്നെ സ്വന്തമായൊരു സമ്പാദ്യ ശീലം ഞങ്ങൾ പിള്ളേർ കൈവരിച്ചു പോന്നു. ചിലർ കശുവണ്ടി പറക്കി ഉണക്കി സൂക്ഷിച്ചപ്പോൾ സമ്പാദ്യത്തിനായി ഞാൻ കണ്ടെത്തിയ വഴി ചായ്പ്പിന്റെ വാതിലിൽ തൂങ്ങി കിടന്നിരുന്ന അപ്പന്റെ ഷർട്ടിന്റെ പോക്കറ്റ് ആയിരുന്നു.!! അപ്പൻ ഒരിക്കലും തന്റെ ഷർട്ട് ഹാങ്ങറിലോ അഴയിലോ തൂക്കുമായിരുന്നില്ല.രാത്രി ജോലി കഴിഞ്ഞ്‌ വീട്ടിൽ എത്തിയാൽ നേരെ കാണുന്ന ചായ്പ്പിന്റെ രണ്ടു പാളി വാതിലുകളിൽ ഒന്നിൽ അപ്പന്റെ ഷർട്ട് മാന്യമായി റെസ്റ്റ് ചെയ്യും.ആ ഷർട്ടിന്റെ പോക്കറ്റാണ് അപ്പന്റെ പെറ്റിക്യാഷ് ബോക്സ്.ആ പോക്കറ്റിലുള്ള മുഴുവൻ ചില്ലറ പൈസയും ഈയുള്ളവൾക്ക് അവകാശപ്പട്ടതാണ്. നോട്ടുകൾ അമ്മക്കും ചേച്ചിമാർക്കുമായി മുൻപേ തന്നെ അപ്പൻ തീറ് എഴുതി കൊടുത്തിട്ടുള്ളതാണ്. സീസറിനുള്ളത് സീസറും ദൈവത്തിനുള്ളത് ദൈവങ്ങളും സ്ഥിരമായി പങ്കുവെച്ചെടുത്ത്‌ പോന്നു. അപ്പോൾ നിങ്ങൾ വിചാരിക്കും ഈ സീസറിന് പൈസക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലായെന്ന്!!അങ്ങനെ വിചാരിക്കാൻ വരട്ടെ! രാവിലെ വീണ്ടും ഓഫീസിലേക്ക് പോകുന്ന ദിവസങ്ങളിൽ ബസിന് ചില്ലറ കൊടുക്കാൻ വേണ്ടി അപ്പൻ അന്വേഷിക്കുന്നത് ഈ സീസറെയാണ്. ചിലപ്പോൾ എടുത്തത്തിൽ നിന്നും പകുതി ചോദിക്കും... ചിലപ്പോൾ എടുത്തത് മൊത്തവും. ചില സന്ദർഭങ്ങളിൽ അപ്പൻ ഓവർഡ്രാഫ്റ്റ്‌ വരെ ചോദിക്കും.ഓവർഡ്രാഫ്റ്റ് കൊടുക്കാൻ ഞാൻ ആര് ലോക ബാങ്കോ!! അങ്ങനെ പോക്കറ്റിൽ നിന്നും എടുത്തും,തിരികെ കൊടുത്തും ബാക്കി വരുന്ന തുച്ഛമായ ചില്ലറകളെ ഞാൻ ഓമനിച്ച്‌ താലോലിച്ച് തലോടി പഴയ ഒരു കാമെൽ ബോക്സിൽ സൂക്ഷിച്ച്‌ എടുത്തു വെക്കും ...എന്തിനാ ?...ആ മുടിയൻ വരുമ്പോൾ ഐസ്‌ക്രീം വാങ്ങി തിന്നാൻ!! ഓരോ ദിവസവും മഞ്ജുനാഥിന്റെ നാല്‌ ഐസ്‌ക്രീം എങ്കിലും തിന്നണം എന്നാണ് എന്റെ അതിയായ ആഗ്രഹം.പക്ഷെ നാല്‌ പോയിട്ട് ഒരു ഐസ്ക്രീമിന്റെ നാലിലൊന്ന് പോലും എനിക്ക് തിന്നാൻ കിട്ടാത്ത ദുരവസ്ഥയാണ് സുഹൃത്തുക്കളെ ഞാൻ നിത്യവും നേരിട്ട്‌ കൊണ്ടിരുന്നത്!! എന്റെയീ ദുരവസ്ഥക്ക് കാരണം ഐ എസ് ഐ എസ് ഭീകരരോ, നക്സ്ലേറ്റുകളോ തീവ്രവാദികളോ ഒന്നും ആയിരുന്നില്ല.മറിച്ച്... എന്റെ നാലേ നാല് അയൽവാസികളായിരുന്നു സുഹൃത്തുക്കളെ ഹും...അയൽവാസികൾ!! തെക്കേലെ ടിനപ്പൻ, ജിനപ്പൻ ചിന്നു,മിന്നു, വടക്കേലെ ട്ടുട്ടു, ബ്യൂട്ടി ചിന്നു, പിന്നെ സ്വന്തം ചേച്ചീടെ സന്തതികളായ ആൽബിൻ അഖിൽ. ഈ എട്ട് അംഗ സൈന്യങ്ങൾ എനിക്ക് ചുറ്റും വാരികുഴികൾ തീർക്കുന്നതിനാൽ എസ്‌ക്രീം ഒന്നു കൊതി തീരെ നുണയാൻ പോലും ഒറ്റയാനായ എനിക്ക് ഒരിക്കൽ പോലും സാധിക്കാറേയില്ല!! എട്ടിൽ പഠിക്കുന്ന ഞാൻ കഷ്ട്ടപെട്ട് കളക്ട് ചെയ്ത പൈസയുമായി ഐസ്‌ക്രീം വാങ്ങാൻ മുറ്റത്തിറങ്ങിയാൽ...എവിടുന്നാന്ന് അറിയില്ല...ഠപ്പേ ന്ന് ഈ എട്ടും പൊട്ടും തിരിയാത്ത എട്ടെണ്ണം കൂടി മുക്രയിട്ട് ഓടി വന്ന് മഞ്ജു നാഥിന്റെ ചുറ്റും വട്ടം കൂടി നിൽക്കും!! "ചേട്ടാ എനിക്ക്..ചേട്ടാ എനിക്ക്" എന്നും പറഞ്ഞ് അടിയും പിടിയും വലിയുമായി കയ്യിൽ കിട്ടിയ ഐസ്ക്രീമും നുണഞ്ഞ്‌ കാശ്‌ കൊടുക്കാതെ അവറ്റകൾ തടി തപ്പും.ഈ എട്ടെണ്ണത്തിനും വാങ്ങി കൊടുത്തതിന് ശേഷം മാത്രമേ എനിക്കുള്ള ഐസ്ക്രീമിൽ ഒന്ന്‌ എത്തി നോക്കാൻ പോലും എനിക്ക് പറ്റുകയുള്ളു.അവസാനം ഒമ്പത് ഐസ്ക്രീമിന്റെ കാശും കൊടുത്ത് മഞ്ജുനാഥിനെ സെറ്റിൽ ചെയ്യുമ്പോഴേക്കും ആളൊഴിഞ്ഞ പൂരപറമ്പ് പോലെയായിതീർന്നിട്ടുണ്ടാകും എന്റെ ആ കാമെൽ ബോക്സ്!! കുറേ നാൾ ഈ ദുരവസ്ഥയിലൂടെ കടന്നു പോയപ്പോൾ എട്ട് അംഗ സംഘത്തിന്റെ ആക്രമണത്തിൽ നിന്നും എങ്ങനെ രക്ഷപെടാം എന്നായി എന്റെ ചിന്ത മുഴുവൻ.രാത്രിയുടെ യാമങ്ങളിൽ എന്റെ പേട്ട തല പുകച്ച് പുകച്ച് ഞാൻ കുറേ ആലോചിച്ചു കൂട്ടി. പെട്ടിയിൽ ഐസ്ക്രീം ഉണ്ടെങ്കിൽ വീട്ടു മുറ്റത്ത് എത്തുമ്പോൾ റോഡിൽ നിന്ന് രണ്ട് വണ്ടൻ കൊട്ട് കൊട്ടുന്നതാണ് മഞ്ജുനാഥിന്റെ പതിവ്.ഐസ്‌ക്രീം തീർന്നാണ് വരവെങ്കിൽ പതിയെ ഒരു കൊട്ട് കൊട്ടി 'ഞാൻ പോയേ..' എന്നറിയിച്ച്‌ ആളങ്ങു പോകും.എന്റെ ദുരവസ്ഥക്കൊരു അറുതി ഉണ്ടാക്കുവാൻ ഞാൻ മഞ്ജുനാഥിന് ഒരു അപേക്ഷാപത്രം സമർപ്പിച്ചു. "ദയവായി വീട്ടുമുറ്റത്ത് എത്തുമ്പോൾ മണി കൊട്ടരുത്...മണി കൊട്ടിയാൽ അത് മാത്രം കാതോർത്തിരിക്കുന്ന അവറ്റകൾ അത് കേട്ട് ഓടി വരും..എന്റെ കാശൊക്കെ പോകും.ഐസ്‌ക്രീം വാങ്ങാൻ കാശൊള്ള ദിവസം ഞാൻ ദേ...ഈ ഇറയത്ത്‌ ആരും കാണാതെ കാത്തു നിന്നോളാട്ടാ!!" മഞ്ജുനാഥ്‌ ആ അപേക്ഷ സസന്തോഷം സ്വീകരിച്ചു.... ഹോ!!എന്തൊരു ആശ്വാസം!!എന്തൊരു ആനന്ദം!! പിറ്റേ ദിവസം മഞ്ജുനാഥിന്റെ ആഗമനത്തിനായി ഈയുള്ളവൾ വഴി കണ്ണുമായി കാത്തു നിന്നു. മഞ്ജുനാഥ്‌ മണി കൊട്ടാതെ തന്നെ വന്നു.ഹോ! എന്റെ ഒരു ഭാഗ്യം!! രാത്രിയിൽ കാമുകന്റെ ഒപ്പം ഒളിച്ചോടാൻ തയ്യാറെടുക്കുന്ന കാമുകിയെ പോലെ ചുറ്റുപാടും ജാഗ്രതയോടെ വീക്ഷിച്ചു കൊണ്ട്... ആ എട്ട് അംഗ സംഘത്തെ മനസ്സിൽ പുച്ഛിച്ചു കൊണ്ട്... മന്ദം മന്ദം ഞാൻ മഞ്ജു നാഥിന്റെ അടുത്തേക്ക് ചെന്നു നിന്നു. പെട്ടിക്കുള്ളിലെ മഞ്ഞിൻ കണങ്ങളെ ആദ്യമായി മനസമാധാനത്തോടെ നിർന്നിമേഷം നോക്കി നിന്നു.മഞ്ജുനാഥ്‌ റോസ് കളറിലുള്ള കോണിലേക്ക് നറുമണം പടർത്തുന്ന ഐസ്‌ക്രീം രണ്ടു സ്‌കൂപ്പ് ഇട്ട്‌ എനിക്ക് നേരെ നീട്ടി.ഞാൻ അത് വാങ്ങിയതും നാലുമണിക്ക് സ്കൂൾ വിട്ട പോലൊരു കൂട്ടമണി എന്റെ കാതുകളിൽ വന്നലച്ചു... ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ് ... മണിയൊച്ച കേട്ടതും തേനീച്ച കൂട് ഇളകി വന്നപോലെ അവറ്റകൾ എന്റെ ചുറ്റും പറന്നിറങ്ങി. "ബാ മക്കളേ... ബേഗം ബാ...ദേ ലിപി ചേച്ചി നിങ്ങൾക്ക് ഐസ്‌ക്രീം വാങ്ങി തരും... !! എന്നും പറഞ്ഞ് ആ മുടിയൻ എന്റെ നേരെ നോക്കി ഒരു കൊല ചിരിയും ചിരിച്ചു.വഞ്ചകൻ!! അന്ന് പിള്ളേര് തിന്നു മുടിപ്പിച്ച ഐസ്ക്രീമിന്റെ കാശ് കൊടുക്കാൻ തികയാതെ ഞാൻ അമ്മയുടെ പേഴ്സ് അടിച്ചു മാറ്റിയ കള്ളിയായി രൂപാന്തരപ്പെട്ടു!! പിന്നീടുള്ള വളർച്ചയുടെ കാലഘട്ടങ്ങളിൽ ആ എട്ട് അംഗ സംഘത്തിന് വേണ്ടി ഈ രൂപാന്തരീകരണം ഒരു ആവശ്യ വസ്തുവായി തന്നെ നിലകൊണ്ടു. ഞാൻ സ്കൂളിൽ നിന്നും കോളേജിലേക്ക് ചുവട് മാറിയപ്പോഴും...സ്വന്തം വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്ക് പറിച്ചു നട്ടപ്പോഴും...മഞ്ജുനാഥും മഞ്ജു നാഥിന്റെ മാധുര്യമേറും ആ ഐസ്ക്രീമും... ഐസ്ക്രീമിന്റെ ആരാധകരും അങ്ങനെ തന്നെ നിലനിന്നു പോന്നു. ഒരിക്കൽ ഭർത്താവുമൊത്ത് വീട്ടിലേക്ക് ചെന്നപ്പോൾ മഞ്ജുനാഥ്‌ ഐസ്ക്രീമുമായി പോകുന്നത് കണ്ട്‌ ഓടി ചെന്ന് കുറെ വിശേഷങ്ങളൊക്കെ പരസ്‌പരം പങ്കുവെച്ചു. അന്നും ആ എട്ട് അംഗ സംഘം എന്റെ ചുറ്റിലുമുണ്ടായിരുന്നു.ഭർത്താവിന്റെ ചിലവിൽ ഓരോരുത്തർക്കും ഐസ്‌ക്രീം വാങ്ങി സന്തോഷത്തോടെ നീട്ടിയപ്പോൾ... "ഹേയ്..എനിക്ക് വേണ്ട"എന്നും പറഞ്ഞ്‌ അവർ ലജ്ജയോടെ രണ്ടടി പുറകോട്ടു നീങ്ങി. ബാല്യത്തിന്റെ നിഷ്‌കളങ്കതയിൽ എന്റെ അടുത്തേക്ക് ഓടി വന്നവർ കൗമാരത്തിലേക്കുള്ള ചുവടു വെയ്പ്പിൽ എന്നിൽ നിന്നും അകന്നു പോകുന്നത് കണ്ടപ്പോൾ കാലത്തിന്റെ കുസൃതികണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി.!! ഒത്തിരി നിര്ബന്ധിപ്പിച്ച്‌ അവരെ കൊണ്ട് ആ ഐസ്‌ക്രീം തീറ്റിച്ചപ്പോൾ പണ്ട് മനസ്സില്ലാ മനസ്സോടെയാണെങ്കിലും അവർക്ക് വാങ്ങി കൊടുത്ത ആ ഐസ്ക്രീമിന്റെ മാധുര്യമൊക്കെ എവിടെയോ നഷ്ട്ടപ്പെട്ടപോലൊരു തോന്നൽ!! അല്ലെങ്കിലും ഇല്ലായ്മയിൽ നിന്നും വല്ലതും വല്ലായ്‌മ അനുഭവിക്കുന്നവന് കൊടുക്കുന്നതിന്റെ ഒരു മനസുഖം നമുക്കും അവർക്കും എല്ലാം ഉള്ളപ്പോൾ കൊടുക്കുന്നതിൽ നിന്നും ഒരിക്കലും കിട്ടുകയില്ലല്ലോ!!. അന്നാണ് മഞ്ജുനാഥിനെ ഞാൻ അവസാനമായി കണ്ടത്. പിന്നീട് പ്രവാസലോകത്തിൽ നിന്നും വിരുന്നു വന്ന ഒരു ഒഴിവ് കാലത്ത് ആരോ പറഞ്ഞു കേട്ടു ... ആ ഐസ്‌ക്രീം പെട്ടിയുടെ മണിനാദം നിലച്ചുവെന്ന്.!! മഞ്ജുനാഥിന്റെ പെട്ടിയിൽ മാത്രമേ മാധുര്യമുള്ള ഐസ്‌ക്രീം ഉണ്ടായിരുന്നുള്ളുവത്രെ.... ജീവിതം നിറയെ കയ്പ്പ് നിറഞ്ഞപ്പോൾ ജീവൻ തന്നെ മണികൊട്ടി അവസാനിപ്പിച്ചുവെന്ന്!! ഒന്നോർത്താൽ നമ്മുടെ കണ്ണിനും മനസ്സിനും ശരീരത്തിനുമൊക്കെ സന്തോഷവും കുളിർമയും മാധുര്യവുമൊക്കെ നിറക്കുന്നവരുടെ ജീവിതം കയ്പ്പ് നിറഞ്ഞതാണോ അല്ലയോ എന്നൊന്നും നമ്മൾ ആരും അന്വേഷിക്കാറില്ലല്ലോ അല്ലെ!!
3.8k views
2 days ago
#

📙 നോവൽ

റസീ... കുളി കഴിഞ്ഞീറൻ മുടി ടവ്വലിൽ പൊതിഞ്ഞു കെട്ടുന്നതിനിടയിൽ അവൾ ചോദ്യഭാവത്തോടെ തിരിഞ്ഞുനോക്കി. താഴെ നിനക്കൊരു ഗസ്റ്റ് വന്നിട്ടുണ്ടെന്ന് അമ്മു പറഞ്ഞു. "ഉം.. ഒരു മൂളലോടെ അവൾ കട്ടിലിൽ കിടന്നിരുന്ന ഷാൾ തോളിലിട്ട് താഴേക്ക് പടിയിറങ്ങി. ആ ലേഡീസ് ഹോസ്റ്റലിലെ വിസിറ്റിങ് റൂമിൽ സോഫയിൽ അവളെ നോക്കികൊണ്ട് അയാളിരുന്നു. അവൾ പതിയെ അയാൾക്കരികിൽ നിന്നു. "എന്താ അൻെറ തീരുമാനം?കഴിഞ്ഞാഴ്ച അന്നോട് ഞാൻ കാര്യം പറഞ്ഞിരുന്നു.ഇനീം ഇതു തുടരാൻ കഴീല്ല.നാളത്തോടെ അൻെറ ഇവിടത്തെ പൊറുതി മതിയാക്കിക്കോ.ഷ ാജഹാൻ അടുത്ത മാസം ലീവിനു വരും.അന്നേരം ഇങ്ങടെ നിക്കാഹ് നടത്താനാ ഞമ്മടെ തീരുമാനം." "അതു നടക്കില്ല മാമാ.ഞാൻ മറ്റൊരാളുടെ ഭാര്യയാണ്.ഷാജിക്കയും സക്കീനയും തമ്മിലുളള ഇഷ്ടം മാമക്ക് അറിയാവുന്നതല്ലേ.അവരു തമ്മിലുളള നിക്കാഹാണ് നടത്തേണ്ടത്." "ഇയ്യ് മറ്റൊരാളുടെ കെട്ട്യോളാണേൽ ഒാൻെറ വീട്ടിലാ നിക്കാ അല്ലാതെ ഇവിടല്ല.അൻെറ കെട്ട്യോൻ എവിടെ എന്നിട്ട്? അവൾ നിസ്സഹായതയോടെ മാമയെ നോക്കി. "മരിച്ച് മണ്ണടിഞ്ഞു പോയില്ലേ ഓൻ.പടച്ചോന് നിരക്കാത്തത് ചെയ്താ ഇതാണ് ഫലം.അന്നെ കെട്ട്യോെൻ്റ വീട്ടുകാർക്കും വേണ്ട .എന്തൊക്കെ ആയാലും ഇയ്യ് ഇെൻറ സുഹറാന്റെ മോളല്ലേ അന്നെ ഒയിവാക്കാൻ ഇയ്ക്ക് കഴിയൂല." "ഞാനൊരാളെ സ്നേഹിച്ചതാണോ തെറ്റ്?അയാളെ നിക്കാഹ് കഴിച്ചതാണോ പടച്ചോന് നിരക്കാത്തത്?ഇനിയൊരു താലി ഈ റസിയാടെ കഴുത്തിൽ വീഴില്ല.മരണം വരെ നന്ദന്റെ ഭാര്യ തന്നെആയിരിക്കും. ഇനിയും ഈ കാര്യം പറഞ്ഞു മാമ ഇങ്ങോട്ടു വരണ്ട. "പറഞ്ഞുതീർന്നതും മറുപടിക്ക് കാത്തു നിൽക്കാതെ അവൾ മുകളിലേക്ക് കയറി പോയി. "അങ്ങനെ അെൻറ ഇഷ്ടത്തിനു ജീവിക്കാന്ന് ഇയ്യ് കരുതണ്ട.എന്താ വേണ്ടതെന്ന് ഞാൻ തീരുമാനിക്കും.അതു നടത്താനും ഇയ്ക്ക് അറിയാ".പുറകിൽ നിന്നും അയാൾ വിളിച്ചു പറയുന്നത് അവൾ കേട്ടു. മുറിയിൽ ചെന്നതും കട്ടിലിൽ വീണ് അവൾ ഏങ്ങി കരഞ്ഞു. "റസീ... അർച്ചന അവളുടെ തോളിൽ തട്ടി വിളിച്ചു. കരയല്ലേടാ. മാമ പറഞ്ഞതിലും കാര്യമില്ലേ മോളേ.എ ത്ര നാളെന്നുവച്ചാ നീയീ ഹോസ്റ്റലിൽ ജീവിക്കുന്നേ നന്ദന്റെ വീട്ടുകാർ നിന്നെ അംഗീകരിക്കാൻ തയ്യാറാകുന്നില്ല.നിന്റെ വീട്ടുകാരും നിന്നെ സ്വീകരിക്കുന്നില്ല.ആരുമില്ലാതെ എത്രനാളാ ഇങ്ങനെ? റസിയ കിടക്കയിൽ എഴുന്നേറ്റിരുന്നു. "ആരുപറഞ്ഞു എനിക്ക് ആരുമില്ലെന്ന്?ദാ ഇപ്പൊ തന്നെ കണ്ടോ നന്ദേട്ടൻ എെൻറ അടുത്തുണ്ട്.കണ്ടോ ചന്ദനം മണക്കുന്നില്ലേ നിനക്കീ മുറിയിൽ? എെൻറ നന്ദേട്ടൻ ഇവിടെ എെൻറ അടുത്തുണ്ട്.എെൻറ മനസ്സു നൊന്താൽ അതു നന്ദേട്ടനറിയും." "എെൻറ പൊന്നു റസീ നീ എന്താ ഇങ്ങനെ?എനിക്കിപ്പോ പേടിയാ നിെൻറ സമനില തെറ്റുമോ എന്ന്.നന്ദൻ ജീവനോടെ ഇല്ലെന്ന സത്യം നീ മനസ്സിലാക്കത്തതെന്താ?മരിച്ചു പോയവരൊരിക്കലും തിരിച്ചുവരില്ലെന്ന് നിനക്കറിഞ്ഞൂടെ?എല്ലാം നിെൻറ തോന്നലാണ്. "അച്ചൂ നീ എപ്പോഴെങ്കിലും ആത്മാവറിഞ്ഞ് ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ?ഉണ്ടെങ്കിൽ ഞാനിപ്പോ പറയുന്നത് ഭ്രാന്തല്ലെന്ന് നിനക്ക് മനസ്സിലാകുമായിരുന്നു.ഓരോ മനുഷ്യനും ഒരു ഗന്ധമുണ്ട്.അതറിയണമെങ്കിൽ അയാളെ ആത്മാവറിഞ്ഞ് സ്നേഹിക്കണം.കണ്ണടച്ചാൽ പോലും ആ സാമീപ്യം നമ്മളറിയും.നമ്മുടെ മനസ്സിലെ ചിന്തകൾ പോലും വായിച്ചെടുക്കും." "മതി നിെൻറ ഭ്രാന്തു പറച്ചിൽ ഒന്നു നിർത്തൂ.ഇതെല്ലാം വെറും സങ്കല്പങ്ങൾ മാത്രമാണ്.ജീവിതത്തിൽ ഇതൊന്നും പ്രായോഗികമല്ല.ആ സങ്കല്പലോകത്തു നിന്നും പുറത്തു വന്നാലേ ഞങ്ങൾ പറയുന്നത് നിനക്ക് മനസ്സിലാകൂ." "അച്ചൂ ഷാജിക്കയും സക്കീനയും ചെറുപ്പം മുതലേയുളള ഇഷ്ടമാണ്.അന്നു മാമയും ആ ബന്ധത്തെ അനുകൂലിച്ചിരുന്നു.ഇന്നിപ്പോ ഞാനും ഷാജിക്കയും തമ്മിലുളള നിക്കാഹിന് മാമ മുന്നിട്ടിറങ്ങിയത് എന്തുകൊണ്ടാണ് എന്നറിയാമോ നിനക്ക്?ഉമ്മയുടെ പേരിലുളള സൂപ്പർമാർക്കറ്റ്,അതിെൻ്റ അവകാശി ഞാനായതുകൊണ്ട്.ഉമ്മ മരിച്ചതിനു ശേഷം ഉപ്പയുടെ രണ്ടാംകെട്ട് മാമക്ക് ഇഷ്ടമായിരുന്നില്ല.ഇപ്പൊ അതിൽ രണ്ടു പെൺകുട്ടികൾ കൂടെ ആയതോടെ ഉപ്പയും എന്നെ മറന്നു.അല്ല,അവരുടെ ഭാവിയോർത്ത് മറന്നതായി നടിക്കുന്നു.ആ സൂപ്പർമാർക്കറ്റുകൊണ്ടാണ് ഉപ്പ പിടിച്ചുനിൽക്കുന്നത്.ഷാജിക്കയിലൂടെ ആ സൂപ്പർമാർക്കറ്റ് മാമക്ക് സ്വന്തമാക്കണം.അതിനാണീ നിക്കാഹ്,ഷാജിക്കയ്ക്ക് ഭയമാണ് മാമയെ.അതുകൊണ്ടാണ് മാമ പറയുന്നത് ഇക്ക അനുസരിക്കുന്നത്.ആ മനസ്സിൽ സക്കീനയാണെന്ന് മറ്റാരെക്കാളും നന്നായി എനിക്കറിയാം.ഇനി നീ പറ മാമ പറയുന്നത് ഞാൻ അനുസരിക്കണോ?" അർച്ചന സഹതാപത്തോടെ അവളെ നോക്കി. "എെൻറ അച്ചൂ മനുഷ്യമനസ്സിൽ വിടരുന്ന ഗൂഢപദ്ധതികൾ അറിയാൻ എളുപ്പമല്ല.പക്ഷേ എെൻറ മാമടെ പദ്ധതി ഈ റസിക്ക് മനസ്സിലാകും. അതൊക്കെ പോട്ടെ ഇന്നു ജോലിക്ക് പോകണ്ടേ നിനക്ക്? "വേണം നീ പോകുന്നില്ലേ കോളേജിലേക്ക്? "ഇല്ലച്ചൂ ഞാനിന്ന് ലീവാണ്.പ്രിൻസിപ്പാളിനോട് പറഞ്ഞിട്ടുണ്ട്.ഇന്നു ഞാൻ ക്ളാസ്സെടുത്താലും എെൻറ മനസ്സു അവിടെയാകില്ല. ഇന്നെന്റെ നന്ദേട്ടൻ്റെ പിറന്നാളാ.ഇന്നെനിക്ക് ഞങ്ങളൊരുമിച്ച് സമയം ചിലവഴിച്ച ഇടങ്ങളിലെല്ലാം പോകണം.ഒരുമിച്ചു നടന്ന വഴികളിലൂടെ ഒന്നു കൂടെ നടക്കണം.ഒരുമിച്ചിരുന്ന സ്ഥലത്ത് ഒന്നു കൂടെ ഇരിക്കണം.അങ്ങനെ അങ്ങനെ പലതും.ഇന്നത്തെ ദിവസം ഞാനും നന്ദേട്ടനും മാത്രം മതി എെൻറയീ ലോകത്തിൽ.". "അപ്പൊ ഇന്നു കുട്ടികളുടെ പ്രിയപ്പെട്ട റസിയ മാം കോളേജിലേക്ക് ഇല്ലല്ലേ. " ഉം.... അവൾ മൂളി. "പിന്നെ റസീ നിെൻറ മലയാളം കവിത ക്ളാസ്സ് കുട്ടികൾക്ക് ഒത്തിരി ഇഷ്ടമാണെന്ന് പറയുന്നത് കേട്ടു.ശരിയാണോ?" "ഉം.. അവൾ പിന്നെയും മൂളി. റസിയാടെ മൂഡു മാറ്റാൻ വേണ്ടിയായിരുന്നു അർച്ചനയുടെ ആ സംസാരമെങ്കിലും റസിയ ഈ ലോകത്തേ ആയിരുന്നില്ല എന്നു മനസ്സിലായപ്പോൾ അവളാ വിഷയം വിട്ടു. *** **** ***** ***** ***** ***** ****** ***** റസിയ ഫോണെടുത്ത് സമയം നോക്കി.10.35 ആയിരിക്കുന്നു. അവൾ കിടക്കയിൽ എഴുന്നേറ്റിരുന്നു.കയ്യും മുഖവും കഴുകി വന്ന് സാരി ഞൊറിഞ്ഞുടുത്തു.ബാഗ് തോളിലിട്ട് അവൾ റൂമിൽ നിന്നിറങ്ങി.പരിചിതമായ റോഡിലൂടെ നടന്നു.പാർക്കിലെ ആളൊഴിഞ്ഞ ബഞ്ചിലിരുന്നു ഓർമ്മകളിലേക്ക് ഊളിയിട്ടു. കോളേജിലെ സീനിയർ വിദ്യാർത്ഥിയായിരുന്ന നന്ദകിഷോർ,എല്ലാവരും ആരാധനയോടെ കണ്ടിരുന്ന നല്ല വ്യക്തിത്വത്തിന് ഉടമയായിരുന്ന അയാൾ റസിയയുടെ മനസ്സിലിടം പിടിച്ചത് പെട്ടെന്നായിരുന്നു.അവളുടെ പ്രണയം അവനിലേക്ക് പടരാൻ അധികം താമസമുണ്ടായില്ല.പിന്നീട് കോളേജ് കാമ്പസിൽ നിറഞ്ഞു നിന്ന പ്രണയമായതു മാറി.അവസരങ്ങളുണ്ടായിട്ടും വിരൽതുമ്പു പോലും തൊട്ടശുദ്ധമാക്കാതെ ആ പ്രണയം നിറഞ്ഞു നിന്നു.ചെറുപ്പത്തിലേ ഉമ്മ നഷ്ടപ്പെട്ട അവൾക്ക് എല്ലാമായി മാറുകയായിരുന്നു നന്ദു.അവന്റെ ഇഷ്ടം പോലെ അവൾ മലയാളം ടീച്ചർ ആയി.സ്ത്രീക്ക് സ്വന്തം കാലിൽ നിൽക്കാനുളള ത്രാണി വേണം.ആർക്കു മുന്നിലും അടിയറവു വെക്കാനുളളതല്ല പെണ്ണിൻ്റെ ജീവിതമെന്ന നന്ദൻ്റെ കാഴ്ചപ്പാടായിരുന്നു അവളെ ടീച്ചറാക്കി മാറ്റിയത്. എല്ലാ എതിർപ്പുകളും തട്ടിമാറ്റി റസിയയുടെ കഴുത്തിൽ താലി ചാർത്തുമ്പോൾ ഉറ്റവരോ ഉടയവരോ ഉണ്ടായിരുന്നില്ല.എല്ലാം ശരിയാകുമെന്ന വിശ്വാസത്തിൽ ജീവിക്കാൻ അവരുടെ പരസ്പര സ്നേഹം മതിയായിരുന്നു.ഒരാഴ്ചകൊണ്ട് ആ ജീവിതം അട്ടിമറിക്കപ്പെട്ടു.ഒരു അപകടത്തെ തുടർന്ന് നന്ദു ജീവൻ വെടിയുമ്പോൾ അവളോട് ഒന്നേ പറഞ്ഞുളളൂ "എെൻറ അമ്മ.. ആ അമ്മയ്ക്കു വേണ്ടിയാണ് താനിന്ന് ജീവനോടെ ഇരിക്കുന്നത്.ഇല്ലായിരുന്നെങ്കിൽ നന്ദേട്ടൻ്റെ ലോകത്തേക്ക് എന്നേ പോകുമായിരുന്നു.അമ്മയുടെ മനസ്സിൽ അവരുടെ മകനെ കൊന്നവളാണ്.തൻ്റെ ജാതകദോഷം കാരണം ഭർത്താവു വാഴാത്തവളാണ്.ശരിയായിരിക്കാം വിശ്വാസങ്ങളെ തളളിക്കളയാൻ പറ്റില്ലല്ലോ.എത്രയൊക്കെ തന്നെ അകറ്റി നിർത്തിയാലും അമ്മയ്ക്കു ഒരാവശ്യം വന്നാൽ ഒരു മകളെപ്പോലെ നോക്കണം.നന്ദേട്ടൻ്റെ ആഗ്രഹം സാധിച്ചു കൊടുക്കണം.അതാണ് ഇനിയുളള ജീവിതലക്ഷ്യം. ഓർമ്മകളിൽ മുഴുകി നടന്നു എവിടെയാണ് താനെത്തി നിൽക്കുന്നത്? അവൾ ചുറ്റിനും നോക്കി.ഈശ്വരാ നന്ദേട്ടൻ്റെ വീടിനു മുൻപിൽ.ഇതെങ്ങനെ താനിവിടെത്തി? അവൾ വീടിന്റെ ഉമ്മറത്തേക്ക് നോക്കി.നന്ദേട്ടൻ്റെ അമ്മ പടിയിലേക്ക് കണ്ണും നട്ടിരിക്കുന്നു.അവളെ കണ്ടതും അവർ എഴുന്നേറ്റു അവൾക്കരികിലേക്ക് നടന്നടുത്തു. "എത്രനേരമായി അമ്മ മോളേ കാത്തിരിക്കുന്നു.എന്താ െെവകിയേ.അവൻ എന്നോടു പറഞ്ഞിരുന്നു ഇന്നു മോളിവിടെ വരുമെന്ന്.അവളെ െെകവിടല്ലേ അമ്മേ എന്ന്.അവനെ വേദനിപ്പിക്കാൻ വയ്യ.എനിക്ക് നീ വേണം ഇനിയുളള കാലം എെൻ്റ മോളായിട്ട്." അവൾ ഒന്നും മനസ്സിലാകാതെ അമ്മയെ നോക്കി. "ഇന്നലെ അവൻ വന്നിരുന്നു.സ്വപ്നത്തിൽ.അല്ല അതൊരിക്കലും ഒരു സ്വപ്നമല്ല.ഞാൻ ശരിക്കും കണ്ടതാ.നിന്നെകുറിച്ചുളള വേവലാതിയാ അവനിപ്പോഴും.എെൻ്റ മോെൻ്റ കണ്ണും മുഖവും ചുവന്ന്,എനിക്ക് അവനെ അങ്ങനെ കാണാൻ വയ്യ.അവന്റെ ആത്മാവിനു ശാന്തി കിട്ടണമെങ്കിൽ നീ എന്റെ കൂടെ വേണം. ആർക്കും ഇനി നിന്നെ വിട്ടുകൊടുക്കില്ല. നന്ദന്റെ ഭാര്യയായി,എെൻ്റ മകളായി ഈ വീട്ടിൽ ജീവിക്കും." അവൾ ഒരേങ്ങലോടെ ആ അമ്മയുടെ കാൽക്കൽ വീണു.അവളെ പിടിച്ചുയർത്തി തന്നിലേക്ക് ചേർത്തുനിർത്തി.അപ്പോൾ അവരെ തഴുകി കടന്നുപോയ കാറ്റിനു ചന്ദനം മണക്കുന്നുണ്ടായിരുന്നു.. മിനിമണിയൻ.
8.2k views
2 days ago
#

📙 നോവൽ

പുതുമഴ ~~~~~ എന്തൊരു മഴ ! കാർഷെഡ്‌ഡിൽ കാർ നിർത്തി നന്ദഗോപൻ മനസ്സിൽ പറഞ്ഞു. വീടിനകത്തു കയറിയ നന്ദഗോപനെ എതിരേറ്റത് നന്ദിതയുടെ ശബ്ദം. "അച്ഛാ, 'അമ്മ ഇതുവരെ എത്തിയിട്ടില്ല." ക്ലോക്കിൽ സമയം 5 : 45 . സാധാരണ 5 മണിക്ക് എത്തേണ്ടതാണ്. മഴയല്ലേ , താമസിക്കും.നന്ദഗോപൻ ന്യൂസ് ചാനൽ ഓൺ ആക്കി. "അച്ഛാ, വിശക്കുന്നു " ഗോപന. നന്ദിതക്ക് 8 ഉം ഗോപനക്ക് 5 ഉം വയസ്സ്. പക്ഷെ വിശപ്പിന്റെ കാര്യത്തിൽ ഗോപനായാണ് മുൻപിൽ. ഇനി എന്തുണ്ടാക്കി കുട്ടികൾക്ക് കൊടുക്കും? ഈ സമയത്തു ഒരു ചായ പതിവുള്ളതാണ്. ഓഫീസിൽ നിന്നെത്തി വളഞ്ഞുകുത്തി സോഫയിൽ അലസമായി കിടന്നു ടീവി കാണുമ്പോൾ ചായയും പലഹാരങ്ങളുമായി നീതു മുന്പിലെത്താറുണ്ട്. ഇന്ന് ചായ കിട്ടാത്തതുകൊണ്ട് ഒരു തലവേദന. ഇടക്ക് ഫോൺ ശബ്ദം. വാട്സ്ആപ് തുറന്നു. തന്റെ ബാല്യകാല സഖി. മനസൊന്നുണർന്നു!! വിവാഹം കഴിഞ്ഞു പന്ത്രണ്ടു വർഷങ്ങൾ പിന്നിട്ടു. PWD യിൽ എൻജിനീയറായ നന്ദഗോപന്റെ മനസ്സിൽ പ്രണയം അക്കങ്ങൾക്കു വഴിമാറി കൊടുത്തിട്ടു കാലം കുറെ ആയി.എപ്പോഴുംജോലിസംബന്ധമായ കാര്യങ്ങൾ മാത്രം. അങ്ങനെയിരിക്കുമ്പോഴാണ് തന്റെ ഹൃദയം കുഞ്ഞുംനാളിൽ കൈയടക്കിയ സഖിയെ പൊടുന്നനെ ഫേസ്ബുക്കിൽ കണ്ടത്. പിന്നീട് മനസ്സിനൊരു ചാഞ്ചാട്ടം!! പുതുമഴയിൽ പൊട്ടിമുളച്ച വിത്തുകൾ ഭൂമിയിൽനിന്നു ആകാശത്തേക്ക് നോക്കുമ്പോൾ ഉള്ള ഒരു അനുഭൂതി!ഇപ്പൊ ഓഫീസിൽ ഇരിക്കുമ്പോൾ ഫോൺ നോക്കാൻ ഒരു ഉൾവിളി. എന്നും ആ ശബ്ദം കേൾക്കാൻ ഒരു ആഗ്രഹം. നീതു അറിയാതെ എന്നും ചെയ്യുന്ന ഒരു സ്വകാര്യം!!! മിനിറ്റുകൾ നീണ്ടു സംസാരിച്ചാലും മടുപ്പില്ല.പക്ഷെ നീതു ഫോൺ വിളിക്കുമ്പോൾ ഒന്നോ രണ്ടോ വാക്കുകളിൽ ഒതുക്കും. ഒരു മടുപ്പ്... "അച്ഛാ, വിശക്കുന്നു" ഗോപന വീണ്ടും ചിണുങ്ങി. ഗോപൻ അടുക്കളയിലേക്കു ചെന്നു. നന്ദന ഫ്രിഡ്ജ് തുറന്നു . " ദേ, നോക്ക് ഇലയപ്പം!!" അവൾ വിളിച്ചു കൂവി. തനിക്കു ശർക്കരയും തേങ്ങയും ഉള്ളിൽ വച്ച് വാഴയിലയിൽ പുഴുങ്ങി എടുക്കുന്ന ഇലയപ്പം പ്രിയമാണെന്നു നീതുവിനറിയാം. നന്ദന അതെടുത്തു ഓവനിൽ വച്ച് ചുടാക്കി. സ്റ്റോവ് കത്തിച്ചു ചായപ്പാത്രം വച്ച് , പാലൊഴിച്ചു , തേയിലയും പഞ്ചസാരയും ചേർത്ത് അടുപ്പിൽ വച്ചു.ഫോൺ ബെല്ലടിക്കുന്നു. വീണ്ടും വാട്സ്ആപ് മെസ്സേജിലേക്കു കണ്ണൊന്നു പാളി.രണ്ടു വരി മറുപടിയും അയച്ചു. എന്തോ ഒരു ശബ്ദം. ചായ തിളച്ചു മറിഞ്ഞു സ്റ്റോവ് കെട്ടു.ആകെ വൃത്തികേടായി. ഉള്ളിൽ നീതുവിനോടുള്ള അമർഷം നുരഞ്ഞു പൊന്തി. ഇവൾ എവിടെ പോയി?ഇനി വല്ല ഷോപ്പിംഗ്? തൻ കൂടി ഉണ്ടെങ്കിൽ മാത്രമേ നീതു കടയിൽ പോകാറുള്ളു. മാത്രമല്ല അവളുടെ പഴ്സിൽ 500 രൂപയിൽ കൂടുതൽ കാണാറില്ല. അതും താൻ നൽകുന്ന തുക! ഫോൺ വിളിച്ചു നോക്കിയാലോ?വിളിച്ചു നോക്കി . പക്ഷെ സ്വിച്ച്ഓഫ് .നേരം ഇരുട്ടിത്തുടങ്ങി. കാലവർഷത്തിന്റെ തണുപ്പും ഇരുട്ടും.അവൾ ജോലി ചെയ്യുന്ന ഓഫീസിൽ വരെ പോയി നോക്കാം. ഇനി ഹെഡോഫീസിൽ എന്തെങ്കിലും അര്ജന്റ് വർക്കുണ്ടോ? എന്തായാലും അവൾക്കൊന്നു വിളിച്ചു പറഞ്ഞു കൂടെ? അപ്പുറത്തെ മാലതിച്ചേച്ചിയുടെ വീട്ടിൽ കുട്ടികളെ ആക്കിയിട്ടു ഗോപൻ കാർ സ്റ്റാർട്ട് ചെയ്തു. അവൾ ഇന്ന് ഏതു കളർ ഡ്രസ്സ് ആണ് ധരിച്ചത്?ഓർമയില്ല! കല്യാണത്തിന്റെ ആദ്യ നാളുകളിൽ അവൾ ഡ്രസ്സ് ഇട്ടു തന്റെ മുൻപിൽ വന്നു നിന്നിട്ടു കൊള്ളാമോ എന്നു ചോദിക്കുമായിരുന്നു. കുഴപ്പമില്ല, കൊള്ളില്ല എന്ന രണ്ടു വാക്കുകൾ കെട്ടവൾ മടുത്തിട്ടുണ്ടാവാം. എപ്പോൾ അവളതു ചോദിയ്ക്കാൻ മിനക്കെടാറില്ല. അല്ലെങ്കിലും , പ്രശംസ എന്ന സാധനം ഭാര്യമാർക്ക് കൊടുക്കാൻ ഒരു രസവുമില്ല!!! ഓഫീസിന്റെ മുൻപിൽ കാർ പാർക്കുചെയ്തു ഗോപൻ പടികൾ കയറിത്തുടങ്ങി. കാലുകൾ കഴക്കുന്നു! ഇത്ര അധികം പടികളോ? അതും ലിഫ്റ്റില്ലാതെ!!! മുട്ടുവേദന ഉള്ള നീതു ഇതാണോ എന്നും പലപ്രാവശ്യം കയറിയിറങ്ങുന്നത്?!! കഷ്ടം തന്നെ! വീട്ടിലെത്തിയാൽ താൻ സോഫയിൽ കിടന്നു നീതു ഫോൺ, നീതു ചാർജർ,എന്നൊക്കെ വിളിച്ചുകൂവുമ്പോൾ , രണ്ടാമത്തെ നിലകയറാൻ പരിഭവിക്കുന്നതിന്റെ കാര്യം ഇതാണല്ലേ? ഓഫീസ് പൂട്ടികിടക്കുന്നു. അപ്പൊ???!!! ഫോൺ ബെല്ലടിക്കുന്നു. അങ്ങേത്തലക്കൽ മിനി , നീതുവിന്റെ ഓഫീസിലെ കൂട്ടുകാരി. " നീതുവിന് ഒരു ചെറിയ നെഞ്ചുവേദന . സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റാണ്." നെഞ്ചൊന്നു കാളി!!പിന്നീടൊരു പാച്ചിലായിരുന്നു. ഹോസ്പിറ്റലിൽ എത്തി റിസപ്ഷനിൽ തിരക്കി. മൂന്നാം നിലയിലെത്തിയപ്പോഴേക്കും തളർന്നുപോയി. പരാവശ്യത്തോടെ വാതിലിൽ തട്ടി. നേഴ്സ് വാതിൽ തുറന്നു. " ഷി ഈസ് അണ്ടർ ഒബ്സെർവഷൻ. ഡോക്ടർ ഇപ്പൊ വന്നു സംസാരിക്കും. വെയിറ്റ് ചെയ്യൂ." ദൈവമേ.!!! അധികം പരാതിയും പരിഭവും ഇല്ലാത്ത അവളെ താൻ ശ്രദ്ധിച്ചില്ലേ? നീതു ഇല്ലാത്ത വീട്!! സങ്കൽപ്പിക്കാൻ പറ്റുന്നില്ല!!! നീണ്ട പന്ത്രണ്ടു വർഷങ്ങൾ. അവൾ തന്റെ ഒരു ഭാഗമായിരിക്കുന്നു. കുഞ്ഞുങ്ങൾ, അവരുടെ പഠിത്തം, അവളുടെ ജോലി, തനിക്കിതു എല്ലാം നിസ്സാരമായിരുന്നു. ഇതെല്ലാം അവളില്ലാതെ... ഓർക്കാൻ വയ്യ! നെഞ്ചുരുകി ദൈവത്തിനെ വിളിച്ചു. ഫോൺ ശബ്ദിക്കുന്നു. " ആർ യൂ ഫ്രീ?" തന്റെ സഖി. എന്തെന്നില്ലാത്ത ഒരു അസ്വസ്ഥത.വായിൽ കയ്പ്പ് നിറഞ്ഞ പോലെ. ഒരുനിമിഷം ആലോചിച്ചു. കൈ സെറ്റിങ്സിലേക്കു പോയി നമ്പർ ബ്ലോക്ക് ചെയ്യ്തു.ഇനി വേണ്ട!! "ഡോക്ടർ വന്നിട്ടുണ്ട്" നേഴ്സ് പറഞ്ഞു.തളർന്ന കാൽവെപ്പോടെ അകത്തുചെന്നു. " പേടിക്കേണ്ട, എല്ലാ ടെസ്റ്റും നടത്തി. സ്റെസ്സ് കാരണമാകും. റെസ്റ്റെടുത്താൽ മാറും" കുളിർമഴ പെയ്ത അവസ്ഥ. വാതിൽ തുറന്നു നീതുവിന്റെ അടുത്തെത്തി . അവളുടെ കൈപ്പത്തി സ്വന്തം കൈയിലമർത്തി. "നിനക്കെങ്ങനെയുണ്ട്?" തൊണ്ടയിൽ ശബ്ദം കുടുങ്ങി. നീതു കാണാതെ അവൻ കണ്ണുതുടച്ചു!!!!
4.7k views
2 days ago
#

📙 നോവൽ

കാതരയായൊരു പക്ഷിയെൻ.. ============================ ഡാ ചെക്കാ..." തൊട്ടുപിന്നിൽ നിന്നുള്ള ആ വിളിയിൽ ഞാനറിയാതൊന്നു ഞെട്ടിപ്പോയി, വായിച്ചുകൊണ്ടിരുന്ന പുസ്തകം കൈയ്യിൽ നിന്ന് വഴുതി താഴെവീണു. ശബ്ദത്തിന്റെ ഉടമ തെല്ലൊരു കുറ്റബോധത്തോടെ മുന്നിലേക്ക് വന്നു, നിലത്തു വീണ പുസ്തകം എടുത്ത് പൊടി തട്ടി എന്റെ കൈയ്യിൽ തന്നു. "എന്നതാടി ആളെ പേടിപ്പിക്കുന്നെ ? ..." "ഡാ നിന്റെ കൈയ്യിൽ ഒരു ഇരുനൂറ് രൂപയെടുക്കാനുണ്ടോടാ ?" "എന്തിനാടി നിനക്കിപ്പോ ഇരുനൂറ് രൂപ " " കഞ്ചാവടിക്കാൻ.." "കഴിഞ്ഞ തവണ നീ വെള്ളമടിക്കാനല്ലേ കാശ് വാങ്ങിയത്, ഇപ്പൊ വെള്ളമടി വിട്ട് കഞ്ചാവടിക്കാൻ തുടങ്ങിയോ" "വെള്ളമടി ഭയങ്കര ബോറാടാ. ഒരു പെഗ് അടിക്കുമ്പോഴേക്കും ശർദ്ധിച്ചാകപ്പാടെ വശക്കേടായിപ്പോകുന്നു. കെട്ടുവിട്ടു കഴിയുമ്പോ മുടിഞ്ഞ തലവേദനയും. കഞ്ചാവാണെങ്കിൽ ആരും അറിയാതെ അടിച്ചു കോൺ തെറ്റി വെല്ലോടത്തും കിടക്കാം. തലവേദനിക്കുമെന്നോ ശർദ്ധിക്കുമെന്നോ പേടിക്കുകയും വേണ്ട.." "ടീ പെണ്ണേ .. ഇപ്പൊ കഞ്ചാവിനേക്കാൾ നല്ല മുന്തിയ സാധനങ്ങൾ കിട്ടാനുണ്ട് , നാക്കിനടിയിൽ വെക്കുന്ന സ്റ്റിക്കറും, മൂക്കിൽ വലിക്കാവുന്ന പൊടിയുമൊക്കെ, അതൊരു കൈ നോക്കാൻ പാടില്ലായിരുന്നോ. ഏതായാലും ഇന്നോടെ ക്ലാസ് തീരുവല്ലേ, തിരിച്ചു നാട്ടിൽ ചെന്നാൽ ഇതൊക്കെ വല്ലതും നടക്കുമോ." "നീ നിന്ന് കിന്നരിക്കാണ്ട് ഇരുന്നൂറ് രൂപ താ. കഞ്ചാവടിക്കണോ സ്റ്റിക്കർ വെക്കണോന്നൊക്കെ ഞാൻ തീരുമാനിച്ചോളാം". പഴ്സ് തുറന്ന് അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത് അലീഷയുടെ കൈയ്യിൽ കൊടുത്തു, "ചില്ലറയില്ല, നീ കഞ്ചാവടിച്ചിട്ട് ബാക്കിയുണ്ടേൽ തിരിച്ചു തന്നാ മതി ". "ശരി നീ ഇവിടെത്തന്നെ ഇരിക്കണേ , ഞാനിപ്പോ തിരികെ വരാം" കാശുംവാങ്ങി അവൾ നടന്നു മറയുമ്പോൾ ഞാൻ മനസ്സിലോർത്തു - പാവം. വീണ്ടും വായനയിൽ മുഴുകാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മനസ്സിൽ ഒളിഞ്ഞിരിക്കുന്ന വിഷാദം മറയ്ക്കാനെന്നപോലെ, ചുണ്ടിലെപ്പോഴും നറുചിരിയുമായ് മാത്രം കണ്ടിട്ടുള്ള അലീഷയുടെ സുന്ദരമായ മുഖമാണിപ്പോഴും കണ്മുന്നിൽ. കുറച്ചുകഴിഞ്ഞപ്പോൾ, വീണ്ടുമാ പദചലനം എന്നരികിലെത്തി. "ഡാ.. നീയിവിടെ കിടന്നുറങ്ങിപ്പോയോ.. ദേ നിന്റെ ബാക്കി മുന്നൂറു രൂപ ". എഴുന്നേറ്റിരുന്നു. അവളും അരികിൽ വന്നിരുന്നു. "കഞ്ചാവിന് എത്രയായി ..." "പതിനോരായിരത്തി അഞ്ഞൂറ് " "മാമൻ എത്രയയച്ചു തന്നു " "പതിനായിരം" "ബാക്കി ആയിരത്തിയഞ്ഞൂറ് " ? " കുറച്ചു പേരുടെ മുൻപിൽ നാണമില്ലാതെ കൈ നീട്ടി . നിന്നെ പോലെ ബുദ്ധിയില്ലാത്തവരായതുകൊണ്ട് തിരിച്ചുകിട്ടില്ലന്നറിഞ്ഞിട്ടും അവരെനിക്ക് കടം തന്നു” അവൾ ഒരു തമാശ പറഞ്ഞിട്ടെന്ന പോലെ ചിരിച്ചു. കണ്ണിലെ വിഷാദഛായ ആ ചിരിയിക്കിടയിലും തെളിഞ്ഞു നിന്നു. "ഇതോടെ തീർന്നു.. ഇനി ആരുടെ മുൻപിലും കൈ നീട്ടേണ്ടി വരില്ല. ബാലൻസ് ഫീസ് കൊടുത്തില്ലെങ്കിൽ സെർട്ടിഫിക്കറ്റ്സ് തരില്ലെന്ന് പറഞ്ഞു പേടിപ്പിക്കുന്നു കള്ള തെമ്മാടികൾ " അവൾ ഒരു ചെറിയ കല്ലെടുത്ത് കോളജിനെ നോക്കി എറിഞ്ഞു, അവരോടുള്ള ദേഷ്യം തീർക്കാനെന്നവണ്ണം. "നിനക്ക് ആദ്യമേ തന്നെ എന്നോട് ചോദിയ്ക്കാൻ പാടില്ലായിരുന്നോ, ആയിരത്തിഅഞ്ഞൂറ് രൂപയും ഞാൻ തരുമായിരുന്നല്ലോ .. അതെങ്ങനെയാ നിനക്കിപ്പോഴും ഞാൻ ഒരന്യനാണല്ലോ" അവളോട് ദേഷ്യപ്പെടാൻ തോന്നുന്ന ചില അപൂർവ്വ സന്ദർഭങ്ങളിൽ ഒന്നായിരുന്നു അത്. " ഒരു മുതലാളി വന്നിരിക്കുന്നു, എന്റെ ഫീസ് മുഴുവൻ എന്നാ പിന്നെ നിനക്കങ്ങ് കൊടുക്കാൻ പാടില്ലായിരുന്നോ ആരെയായാലും ബുദ്ധിമുട്ടിക്കുന്നതിന് ഒരതിരുണ്ട്. പിന്നെ മോൻ എന്താ പറഞ്ഞേ അന്യനെന്നോ.. അല്ലാണ്ട് പിന്നെ നീയെന്റെ ആരാ ?" അവൾ എഴുന്നേറ്റ് പോകാനൊരുങ്ങി. ഞാനും മെല്ലെ എഴുന്നേറ്റു അവളുടെ കൂടെ നടന്നു. ആ മുഖം പതിവില്ലാത്ത വിധം വാടിയിരിക്കുന്നു. എന്റെ വാക്കുകൾ അതിര് കടന്നുവോ. ജീവിതത്തിൽ ആദ്യമായ് ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നിയത് അലീഷയോടാണ്. നല്ല സുഹൃത്തുക്കളായ് അടുത്തിടപഴകുമെങ്കിലും ഒരിക്കലും അവളോടത്‌ തുറന്നു പറഞ്ഞിരുന്നില്ല, അതിനൊരു കാരണം ഉണ്ട്. സെക്കണ്ടിയർ പഠിക്കുമ്പോളാണ് അലീഷയുടെ ബാപ്പ ഹാർട്ടറ്റാക്ക് വന്ന് മരിക്കുന്നത്. പിന്നീട് അവളുടെ ചിലവുകൾ വഹിച്ചിരുന്നത് ബന്ധുക്കളായിരുന്നു. മനസ്സില്ലാ മനസ്സോടെ അവരയക്കുന്ന പണം മിക്കവാറും തികയാറില്ല. ഞങ്ങൾ ചില സഹപാഠികൾ അറിഞ്ഞുകൊണ്ട് തന്നെ ആ കുറവ് നികത്തി. അവളുടെ ഈ കഷ്ടപ്പാടുകൾക്കിടയിൽ ഒരു കാമുക വേഷവുമായി അവതരിക്കുന്നത് ഔചത്യമില്ലായ്മയാണെന്ന് എനിക്ക് തോന്നി. ഇത്രയും കാലം മനസ്സിൽ സൂക്ഷിച്ച പ്രണയം ഇനിയെങ്കിലും തുറന്നു പറയണം. കാരണം ഇന്നത്തോടെ ഈ കലാലയജീവിതം അവസാനിക്കുകയാണ്. ഇന്നെങ്കിലും പറഞ്ഞില്ലെങ്കിൽ ഇനിയൊരിക്കൽ പറയാൻ കഴിയാതെ പോയേക്കാം. " എനിക്ക് വിശക്കുന്നു, വാ നമുക്ക് കാന്റീനിൽ പോയി വല്ലതും കഴിക്കാം" "നീ കഴിക്ക്. ഞാൻ വേണേ കൂട്ടിരിക്കാം, കഞ്ചാവടിച്ചിട്ടാണെന്നു തോന്നുന്നു എനിക്കിപ്പോ നല്ല വിശപ്പില്ല " അവളുടെ മുഖത്തു പഴയ പ്രസന്നത മെല്ലെ തിരിച്ചു വന്നു. കാന്റീനിൽ ഒരു മേശക്കിരുവശവുമായി ഇരുന്നു, കാന്റീനിലെ വെയ്റ്റർ അടുത്ത് വന്നു. അലീഷയെ കണ്ടപ്പോൾ തമാശയ്‌ക്കെന്നവണ്ണം അയാൾ ചോദിച്ചു - "എന്ന മാഡം ബൺ താനാ ഇന്നേയ്ക്കും ?" ഹോസ്റ്റലിലെ മെസ് ഫീസ് കൊടുക്കാൻ പലപ്പോഴും തികയാതെ വന്നപ്പോൾ അലീഷ കണ്ടുപിടിച്ച മാർഗ്ഗമായിരുന്നു ബൺ. വയറിന് പിടിക്കുന്നില്ലെന്ന് പറഞ്ഞ് മെസ്സിലെ ഭക്ഷണം കഴിക്കുന്നത് നിർത്തി. പകരം മൂന്ന് നേരവും ഓരോ ബണ്ണു വീതം കഴിക്കും. "രണ്ടു മസാലദോശ " ഞാൻ ഓർഡർ കൊടുത്തു. "എനിക്ക് ബൺ മതി " അലീഷ ഇടയ്ക്കു കയറി പറഞ്ഞു. എതിർക്കാൻ നിന്നില്ല. പക്ഷെ സപ്ലയർ മസാലദോശയും ബണ്ണും കൊണ്ട് വന്നപ്പോൾ ഞാൻ പെട്ടെന്ന് പ്ലേറ്റുകൾ തമ്മിൽ മാറ്റി. "ബൺ മാത്രം കഴിക്കുന്നത് കൊണ്ടായിരിക്കും നിൻറെ സൗന്ദര്യവും ബുദ്ധിയും ഈയിടെ ഇത്തിരി കൂടിയിട്ടുണ്ട് ഞാനും ഒന്ന് കഴിച്ചു നോക്കട്ടെ “ പറഞ്ഞു തീരും മുൻപ് ബൺ എടുത്ത് കഴിക്കാൻ തുടങ്ങി , മസാലദോശയുടെ പ്ലേറ്റ് അലീഷയുടെ മുൻപിലേക്ക് നീക്കി വെച്ചു. അവൾ മടിച്ചുമടിച്ച് മസാലദോശ കഴിക്കുന്നതും നോക്കി ഞാനിരുന്നു. ഇത്രയേറെ കഷ്ടപാടുകൾക്കിടയിലും അലീഷ വളരെ നന്നായി പഠിക്കുമായിരുന്നു. ഫൈനൽ എക്സാം റിസൾട്ട് വരുമ്പോൾ യൂണിവേഴ്സിറ്റി ഫസ്റ്റ് റാങ്ക് കിട്ടാൻ സാധ്യതയുണ്ട്. " നാട്ടിലേക്ക് നമുക്കിന്ന് ഒരുമിച്ചു പോകാം, ഞാൻ ശർമ്മ ട്രാവൽസിൽ രണ്ട് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട് " "ഞാൻ ട്രെയിനിൽ പോകുമായിരുന്നല്ലോ എന്തിനാ നീ എനിക്ക് ട്രാവൽസിൽ ടിക്കറ്റെടുത്തത്." "ഒന്ന് പോടീ ..ഒരു ബസ് ടിക്കറ്റ് എടുത്തത് കൊണ്ട് ഞാൻ മുടിഞ്ഞു പോകത്തൊന്നുമില്ല. പിന്നെ എനിക്ക് നിന്നോട് ചില കാര്യങ്ങൾ തുറന്ന് സംസാരിക്കാനുണ്ട്". പിന്നീടവൾ തർക്കിക്കാൻ നിന്നില്ല. വൈകിട്ട് ഏഴുമണിക്ക് ട്രിച്ചി- എറണാകുളം സെമി സ്ലീപ്പർ ബസിൽ നാല് വർഷം പഠിച്ച കോളേജിനോടും ട്രിച്ചി നഗരത്തോടും മനസ്സുകൊണ്ട് വിടപറഞ്ഞ് ഞങ്ങൾ യാത്ര തിരിച്ചു. ജനലരികിൽ പുറത്തെ കാഴ്ചകളിലേക്ക് കണ്ണോടിച്ച് അവൾ ഇരുന്നു, അരികിൽ ഞാനും. വിശാലമായ നെൽവയലുകളാണ് റോഡിനിരുവശവും. നെൽക്കതിരുകളെ തഴുകി വരുന്ന ഇളം കാറ്റ് ഞങ്ങളെ തലോടി യാത്രയാക്കി. കുറച്ചു നേരത്തെ മൗനത്തിനു ശേഷം, ഞാൻ അവളുടെ അരികിലേക്ക് ചേർന്നിരുന്നു. മൃദുലമായ വലതു കൈത്തലം എന്റെ ഇരുകരങ്ങളാലും കവർന്നിട്ട് മെല്ലെയവളുടെ കാതോരം മന്ത്രിച്ചു. "ഒരുപാട് കാലമായി മനസ്സിൽ കൊണ്ട് നടക്കുകയാണ്. ചുറ്റി വളച്ചുപറയാനൊന്നും എനിക്കറിയില്ല- അവൾ തെല്ലൊരാകാംക്ഷയോടെ തിരിഞ്ഞെന്നെ നോക്കി. " പെങ്ങന്മാരുടെ രണ്ടുപേരുടേം നിക്കാഹ് നടന്നാലുടൻ ഞാൻ വന്ന് കൂട്ടികൊണ്ടുപൊന്നോളം. എനിക്ക് വേണ്ടി കുറച്ചു കാലം കാത്തിരിക്കാൻ നീ തയ്യാറാണോ? " അവളുടെ മുഖത്ത് ഞാൻ പ്രതീക്ഷിച്ചത്ര അമ്പരപ്പൊന്നുമുണ്ടായിരുന്നില്ല. പകരം അവൾ എന്റെ കൈവിരലുകളിൽ മുറുകെ പിടിച്ചു. കുറച്ചു നേരത്തെ നിശബ്ദദയ്ക്ക് ശേഷം പറഞ്ഞു തുടങ്ങി. "നീ പറഞ്ഞില്ലെങ്കിലും നിന്റെ കണ്ണുകളിൽ ഒളിഞ്ഞിരുന്ന പ്രണയം ഞാനറിയുന്നുണ്ടായിരുന്നു. എന്റെ സാഹചര്യം ഇതല്ലായിരുന്നെങ്കിൽ ഒരു പക്ഷെ നീയതെന്നോട് മുന്നേ തുറന്ന് പറയുമായിരുന്നു എന്നും എനിക്കറിയാം. ഏതൊരു പെൺകുട്ടിയേയും പോലെ നിന്നേപ്പോലെ സ്നേഹവും കരുതലുമുള്ള ഒരാണിന്റെ തുണ ജീവിതത്തിൽ വേണമെന്ന് ഞാനും ആഗ്രഹിക്കുന്നു. പക്ഷെ ഇപ്പോൾ തന്നെ ബന്ധുക്കൾ എനിക്ക് ചില ആലോചനകൾ കൊണ്ടുവന്നു തുടങ്ങി. ഒരു പണക്കാരന്റെ രണ്ടാം കെട്ടിനുള്ള ആലോചന ഏകദേശം ഉറപ്പിച്ച മട്ടാണ്. അതാവുമ്പോ ഉമ്മയുടെയും അനിയത്തിയുടെയും ബാധ്യതയിൽ നിന്ന് കൂടി അവർക്ക് തലയൂരാം. സ്വന്തമായി ഒരു ജോലി നേടണമെന്നും ഉമ്മയ്ക്കും അനിയത്തിക്കും തുണയായി മാറണമെന്നും എനിക്ക് ആഗ്രഹമുണ്ട്. ജീവിതത്തിൽ ഇനിയെന്ത് എന്നെനിക്കറിയില്ല. നോക്കട്ടെ, ഉറപ്പ് പറയുന്നില്ല. നീ നിന്റെ കടമകൾ തീർത്തിട്ട് വരൂ, പടച്ചവൻ ആഗ്രഹിക്കുന്നത് അപ്രകാരമെങ്കിൽ നമുക്ക് ഒരുമിക്കാം" അവളുടെ വാക്കുകൾ എനിക്ക് ഒരേ സമയം ആശ്വാസവും ആശങ്കയുമാണ് നൽകിയത്. എന്റെ പ്രണയമവൾ തിരസ്ക്കരിച്ചില്ല, കാത്തിരിക്കാൻ അവളെക്കൊണ്ടാകും വിധം ശ്രമിക്കാമെന്നും സമ്മതിച്ചു. ഇനി ദൈവം പാതി ഞാൻ പാതി. എന്റെ ഉത്തരവാദിത്തങ്ങൾ ഞാൻ എത്രയും വേഗം നിറവേറ്റണം. ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങി അലീഷ മറ്റൊരാളെ വിവാഹം കഴിക്കാൻ പടച്ചവൻ ഇടവരുത്തരുത്. പുലർച്ചെ അലീഷ പാലക്കാട് ഇറങ്ങി, വിടപറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു, എന്റെയും. നാട്ടിലെത്തി ഒന്ന് രണ്ടു ദിവസം കഴിഞ്ഞ് ഞാനവൾക്കൊരു കത്തയച്ചു. മൊബൈൽ ഫോണുകളൊക്കെ അന്ന് വിരളമായി മാത്രമേയുണ്ടായിരുന്നുള്ളു. ഒരാഴ്ച്ച കഴിഞ്ഞിട്ടും മറുപടിയൊന്നും കിട്ടിയില്ല. അടുത്ത ദിവസം അലീഷയുടെ നാട്ടിലേക്ക് പോകണമെന്ന് വിചാരിച്ചിരിക്കുമ്പോൾ, സൗദിയിൽ നിന്ന് ഒരു ബന്ധുവിന്റെ ഫോൺ, അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഒരൊഴിവുണ്ടെന്നും തിരുവനന്തപുരത്തുള്ള അതിന്റെ മുതലാളിയെ എത്രയും വേഗം ചെന്ന് കാണണമെന്നും അദ്ദേഹമറിയിച്ചു. ദൈവത്തിന്റെ ഇടപെടലായിട്ടാണ് ഞാനതിനെ കണ്ടത്. അല്ലെങ്കിൽ പിന്നെ എക്‌സാമിന്റെ റിസൾട്ട് വരും മുൻപേ തന്നെ ഒരു ജോലിക്ക് ഓഫർ കിട്ടുമോ?. പിറ്റേന്ന് തന്നെ തിരുവന്തപുരത്തുപോയി മുതലാളിയെ കണ്ടു, ജോലി ശരിയായി. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ഒരാഴ്ചകൊണ്ട് വിസയും ടിക്കറ്റും റെഡിയായി ഞാൻ സൗദിയിലേക്ക് പുറപ്പെട്ടു. ഇതിനിടയിൽ അലീഷയുടെ നാട്ടിൽ പോകണമെന്ന് കരുതിയെങ്കിലും നടന്നില്ല. പോകുന്നതിനു മുൻപ് അവൾക്ക് വീണ്ടും കത്തയച്ചു . സൗദിയിലെ അഡ്രസ്സും കമ്പനി ഫോൺ നമ്പറുമെല്ലാം അതിലെഴുതിയിട്ടുണ്ടായിരുന്നു. ആദ്യത്തെ തവണ ലീവ് കിട്ടിയത് രണ്ടര വർഷം കഴിഞ്ഞായിരുന്നു. അതിനിടയിൽ പലതവണ അലീഷയ്ക്ക് കത്തെഴുതി. ഒന്നിന് പോലും മറുപടി കിട്ടിയില്ല. ബന്ധുക്കൾ നിർബന്ധിച്ച് അവളുടെ നിക്കാഹ് നടത്തി കാണുമോയെന്ന ഭയമായിരുന്നു മനസ്സിൽ. ലീവിന് നാട്ടിലെത്തി രണ്ടാം ദിവസം അലീഷയുടെ വീട് തേടിപ്പിടിച്ചു ചെന്നു. വളരെ പരുഷമായാണ് അലീഷയുടെ ബന്ധുക്കൾ എന്നോട് സംസാരിച്ചത്. അലീഷ കാരണം അവർക്കാകെ മാനക്കേടായത്രേ. അവർ ഏർപ്പാട് ചെയ്ത വിവാഹത്തിന് സമ്മതിക്കാതെ നിക്കാഹിന് ഒരു ദിവസം മുൻപ്, ഉമ്മയെയും അനിയത്തിയേയും കൂട്ടി ഹൈദരാബാദിലുള്ള ഒരു അകന്ന ബന്ധുവിന്റെ വീട്ടിലേക്കവൾ പോയെന്ന് മാത്രം പറഞ്ഞു. ഹൈദരാബാദിലെ അഡ്രസ് പല തവണ ചോദിച്ചിട്ടും തന്നില്ല. അവർക്കറിയില്ല എന്ന് പറഞ്ഞു കൈയ്യൊഴിഞ്ഞു. മാത്രവുമല്ല ഞാൻ അലീഷയ്ക്കയച്ച കത്തുകളൊന്നും അവൾക്ക് കൈമാറിയിട്ടില്ല എന്നും ഞാനറിഞ്ഞു. വെറുതെയല്ല എനിക്കവൾ ഇതുവരെ കത്തൊന്നും അയക്കാതിരുന്നത് മനസ്സുടഞ്ഞായിരുന്നെന്റെ മടക്കം . ആ പ്രാവശ്യത്തെ ലീവിൽ മൂത്ത പെങ്ങളുടെ നിക്കാഹ് നടത്തി. അവധികഴിഞ്ഞപ്പോൾ തിരികെ പ്രവാസത്തിലേക്ക്. തികച്ചും യാന്ത്രീകമായി വീണ്ടും രണ്ടുവർഷം തള്ളിനീക്കി. രണ്ടാമത്തെ ലീവിനെത്തിയപ്പോൾ പിന്നെയും അലീഷയുടെ നാട്ടിലെത്തി. അപ്പോഴും അവളെക്കുറിച്ച് കൂടുതലായൊന്നും അറിയാൻ സാധിച്ചില്ല. രണ്ടാമത്തെ പെങ്ങളുടെ വിവാഹവും നടത്തി ലീവ് കഴിഞ്ഞു തിരികെ പോരുമ്പോൾ മനസ്സിൽ പ്രതീക്ഷകളൊന്നും അവശേഷിച്ചിരുന്നില്ല. ചില പ്രത്യേക കാരണങ്ങളാൽ ബാംഗ്ലൂരിൽ നിന്നായിരുന്നു എനിക്ക് വിമാനം കയറേണ്ടിയിരുന്നത്. ബാംഗ്ലൂർ എയർപോർട്ടിൽ എമിഗ്രേഷൻ കൗണ്ടറിൽ ക്യൂ നിൽക്കെ -പിന്നിൽ നിന്ന് ഒരുപാട് നാളുകൾക്ക് ശേഷം ഞാനാ വിളികേട്ടു " ഡാ ചെക്കാ " . തൊട്ടുപിന്നിൽ നിന്നുള്ള ആ വിളിയിൽ ഞാനറിയാതൊന്നു ഞെട്ടിപ്പോയി, പാസ്പോർട്ട് കൈയ്യിൽ നിന്ന് വഴുതി താഴെവീണു. ശബ്ദത്തിന്റെ ഉടമ തെല്ലൊരു കുറ്റബോധത്തോടെ മുന്നിലേക്ക് വന്നു, നിലത്തു വീണ പാസ്പോർട്ട് എടുത്ത് പൊടി തട്ടി എന്റെ കൈയ്യിൽ തന്നു. എന്നിട്ടെന്റെ മുഖത്തു നോക്കി ആ കസ്റ്റംസ് ഓഫീസർ ചോദിച്ചു ... "ഡാ, നിന്റെ കൈയ്യിൽ ഒരു ഇരുനൂറ് രൂപയെടുക്കാനുണ്ടോടാ .... കഞ്ചാവടിക്കാനാ " By Saji M Mathews
3.6k views
2 days ago
#

📙 നോവൽ

ഹല്ല പിന്നെ!!! *************** കല്യാണം കഴിഞ്ഞ് ഒരാഴ്ച പ്രായമായ അനുവും ബാലുവും കറങ്ങാൻ പോയി. ഇടയ്ക്ക് വച്ച് നമ്മുടെ സ്വന്തം ഇൻഡ്യൻ കോഫി ഹൗസിൽ കയറി ഫ്രൂട്ട് സലാഡ് കഴിച്ചു കൊണ്ടിരിക്കേ, എതിരേയുള്ള സീറ്റിൽ മറ്റൊരു ചെക്കനും പെണ്ണും വന്നിരുന്നു.. ഈ ലോകം മുഴുവൻ എന്റെ പെണ്ണിന്റെ കൈ വെള്ളയിൽ വച്ചു ഞാൻ തരും എന്ന മട്ടിലുള്ള ചെക്കന്റെ ഇരിപ്പുകണ്ടാലെ അറിയാം അവരും പുതിയ ചെക്കനും പെണ്ണുമാണെന്ന്. അനുവും,,രണ്ടാമതു വന്ന ചെക്കനും പരസ്പരം ഒരു പുഞ്ചിരി കൈമാറി. ബാലു അതു ശ്രദ്ധിച്ചൂ. തിരികെ പോകും വഴി വണ്ടിയിൽ വച്ച് അവളോട് അതാരാണെന്ന് ചോദിച്ചു.. അനു പുഞ്ചിരിയോടെ പറഞ്ഞു, "ബാലുന് മുന്നേ എന്നെ പെണ്ണുകാണാൻ വന്നയാളാ.'’ '’ എന്നിട്ട്...?” “ജാതകം ചേരില്ലായിരുന്നതുകൊണ്ട് മുടങ്ങിപ്പോയി.'’ “ങും. ആക്ച്വലി, തനിക്കവനെ ഇഷ്ടപ്പെട്ടായിരുന്നോ?” “ഏയ്,വെറും അഞ്ചു മിനുട്ട് കണ്ടതേയുള്ളൂ..” “ജാതകം ചേരാഞ്ഞത് എന്റെ ഭാഗ്യം.” “ങേ..?” “ജാതകം ചേർന്നിരുന്നേൽ താനിപ്പൊ അവന്റെയാവില്ലായിരുന്നോടോ?” അവളുടെ കണ്ണിൽ സന്തോഷത്തിന്റെ പുഞ്ചിരി വിരിഞ്ഞു. പതിനാറ് വർഷങ്ങൾ വളരെ എളുപ്പം ഓടി പോയി. ഇന്ന് വീണ്ടും അതേ കോഫി ഹൗസിൽ അനുവും ബാലുവും എത്തി. കറങ്ങാൻ പോയതല്ല. അത്യാവശ്യം ഒരു സ്ഥലം വരെ പോയിട്ട് തിരികെ വരുമ്പോൾ കയറിയതാണ്. പണ്ടത്തെപ്പോലെ ഫ്രൂട്ട് സലാഡല്ല, ചൂട് ചായയാണ് രണ്ടു പേരും കുടിച്ചത്.ബാലുവിന് രാവിലെയും വൈകിട്ടും ചായ കുടിച്ചില്ലേൽ ആകാശം ഇടിഞ്ഞു വീഴും.അതു കഴിഞ്ഞ്,ബാലു ബിൽ പേ ചെയ്യുമ്പോൾ,അനു ഡോറിന്റെ സൈഡിലേയ്ക്ക് മാറി നിൽക്കവേയാണ് മറ്റൊരു ഭാര്യയും ഭർത്താവും കയറി വന്നത്. അനുവിന്റെ സീനിയറായി പഠിച്ചതാണ് ആ കയറി വന്നയാൾ. പരിചയം പുതുക്കി അനുവും, അയാളും സംസാരിച്ചു.അയാളുടെ ഭാര്യ വാഷ് റൂമിലേയ്ക്കും പോയി.ബില്ലടച്ചു കഴിഞ്ഞ ബാലു അനുവിനെ തറപ്പിച്ചൊന്നു നോക്കിയതും അനു അവനോട് ബൈ പറഞ്ഞു വണ്ടിയിൽ കയറി. വണ്ടി അല്ല ദൂരം പിന്നിട്ടു. “അവനേതായിരുന്നടീ….?” “ആര്?” “കോഫീ ഹൗസിനുള്ളിൽ നീ കുണു കുണുത്തോണ്ട് നിന്നവൻ?” “ആ ചേട്ടൻ കോളേജിൽ എന്റെ സീനിയറായിരുന്നു.” “ചേട്ടനോ…..? ഹും! കണ്ണിൽ കണ്ടവന്മാരെയൊക്കെ അവൾക്ക് ചേട്ടാ ചോട്ടാന്ന് വിളിക്കാം. എന്നെ മാത്രം, നിങ്ങള്, ഇയാള്,ദുഷ്ടാ,ദേ, പിന്നേ…. “ “ഞാൻ മര്യാദയ്ക്ക് പേര് വിളിച്ചോണ്ടിരുന്നതല്ലേ? അപ്പൊ പേരു വിളിക്കണ്ടന്ന് നിങ്ങള് തന്നല്ലേ പറഞ്ഞത്. “ “ആ എനിക്കിഷ്ടമല്ല എന്നെ പേരു വിളിക്കുന്നത്.“ “എന്നേക്കാൾ മൂന്ന് വയസ്സു മാത്രം കൂടുതലുള്ള നിങ്ങളെ ചേട്ടാന്ന് വിളിക്കാൻ എനിക്കും ഇഷ്ടമല്ല.“ “നിന്നോട് പറഞ്ഞിട്ട് ഒരു കാര്യോല്ല. നീ ഒരിക്കലും നന്നാവില്ല.“ “എന്നാ മിണ്ടാതിരി.“ “അവൻ നിന്നേക്കാൾ എത്ര സീനിയറായിരുന്നു ?” “ഒരു വർഷം “ “ങാഹാ,അപ്പൊ അവനെ ചേട്ടാന്ന് വിളിക്കുന്നതിന് ഒരു കുഴപ്പോല്ല ഇല്ലേടീ ?” “സീനിയേഴ്സിനെ എല്ലാരും ചേട്ടാ,ചേച്ചീന്നൊക്കെ വിളിക്കുന്നതു കേട്ട് ഞാനും വിളിച്ചതാ.” “ങും, അതുപോട്ടെ, എന്തോന്നാരുന്ന് രണ്ടു പേരും കൂടെ കൂലം കലുഷിതമായ ചർച്ച ?” “അന്ന് കോളേജിലൊപ്പമുണ്ടാരുന്ന പലരും ഇന്നെവിടാന്നറീല്ലല്ലോ, അവരെ കുറിച്ച് അറിയാനെന്താ വഴീന്ന് ആലോചിച്ചതാ.” “മോട്ടു മുയലിന് വഴി കണ്ടു പിടിച്ച് കൊടുക്കുന്ന നിനക്കാണോ വഴി കണ്ടു പിടിക്കാൻ പാട്..? എന്നിട്ട് കണ്ട് പിടിച്ചാ.…?” “അതിനു മുന്നേ നിങ്ങളെന്നെ നോക്കി പേടിപ്പിച്ചില്ലേ? നിങ്ങളോട് ഞാനൊരു കാര്യം പറഞ്ഞാൽ എന്തേലും തോന്നുമോ?” “ആ തോന്നും “ “അതിനു കേൾക്കുന്നതിനു മുന്നേ,എങ്ങനെ അറിയാം തോന്നുമെന്ന് ?” “നിനക്കിട്ട് രണ്ടെണ്ണം പൊട്ടിക്കാൻ തോന്നുന്ന വർത്തമാനമല്ലേ നീ സാധാരണ പറയാറുള്ളൂ….? “ “അതേ, ആ ചേട്ടന് എന്നോട് ഇഷ്ടായിരുന്നു.” “എന്നിട്ട് ആ കാലൻ ഇപ്പോഴാണോ പറയുന്നത്?” “ഛേ! ഇപ്പൊ പറഞ്ഞതല്ല, പണ്ട് പറഞ്ഞതാ. പക്ഷേ എനിക്ക് താത്പര്യമില്ലായിരുന്നു.” “അവന്റെ ഭാഗ്യം.” “എന്ത്….?” “എന്നിട്ട് എന്ത്യേ അവന്റെ പിടലിക്ക് തൂങ്ങാതെ, കൃത്യം എന്റെ തലേലോട്ട് തന്നെ കയറിയത്?” “പിന്നെ, സപ്ലി അടിച്ച്, ഒരു പണിക്കും പോകാതെ നടന്നിരുന്നയാളെ കെട്ടിച്ചുതാന്ന് പറഞ്ഞിരുന്നേൽ അച്ഛനെന്നെ വീട്ടീന്ന് കെട്ടുകെട്ടിച്ചേനെ.” “ഹും! കാലമാടൻ... “ “ആര്…?'’ “നിന്റെ മറ്റവൻ..” “ങേ.. പുള്ളിയെന്തെടുത്തു?” “അവനെ പഠിക്കാൻ വിട്ടപ്പൊ പഠിക്കാതെ,ഒരു പണിക്കും പോകാതിരുന്നതു കൊണ്ട് എനിക്കല്ലേടി എട്ടിന്റെ പണി കിട്ടിയത്?.” “ങേ...” “അല്ല എന്റെ ഭാഗത്തും തെറ്റുണ്ട്… ഞാൻ നേരെ ചൊവ്വേ പഠിക്കരുതായിരുന്നു. ഒരു പണിക്കും പോകരുതായിരുന്നു...” “ അയ്യ !!! ഒക്കെ എന്റെ വിധിയാ മനുഷ്യാ... എനിക്ക് യോഗമില്ലാതെ പോയി അത്ര തന്നെ...” written by, Anjali Rajan.
3.4k views
2 days ago
#

📙 നോവൽ

ആദ്യാനുരാഗം 'പ്രിയേ.... ഓർമ്മയുണ്ടോ?' ജയേട്ടനെ ഓഫീസിലേക്ക് വിട്ട്, മോളെ സ്‌കൂളിലേക്ക് പറഞ്ഞയച്ച് ഫോൺ ഒന്ന് എടുത്ത് നോക്കിയപ്പോഴാണ് മെസ്സേജ് കണ്ടത്. അഭിലാഷ്, പേരിനൊപ്പം ചിത്രവും ഉള്ളത്കൊണ്ട് ആളെ ഓർത്തെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായില്ല. ഇതെന്താണാവോ ഇപ്പോ ഇത്രയും കൊല്ലങ്ങൾക്ക് ശേഷം? ഒരു നിമിഷം ഓർമ്മകളിലേക്ക് മനസ്സ് വഴുതിവീണു. കൗമാരത്തിൽ മനസ്സിൽ വരുന്ന അനാവശ്യചിന്തകളെ തടുക്കാനായാണ് വീട്ടുകാർ ഗേൾസ് ഒൺലി സ്‌കൂളിൽ ചേർത്തത്. തികച്ചും ബോറടിക്കുന്ന ജീവിതം, ആ ജീവിതത്തിലേക്ക് മരുഭൂമിയിലെ പൂക്കാലമായി രണ്ട് ലാബ് അസിസ്റ്റന്റുമാർ കടന്നുവന്നു. രണ്ടാളും താൽക്കാലികമാണ്, ഡിഗ്രി കഴിഞ്ഞുള്ള വരവാണ്. കൂട്ടത്തിൽ ഒരുത്തൻ ഇത്തിരി മൊഞ്ചനും ജിമ്മനും ആണ് അത്കൊണ്ട് സകല പെണ്കുട്ടികളും അയാളുടെ വായ്നോക്കി നടക്കാൻ തുടങ്ങി. എനിക്കും നോക്കണമെന്നുണ്ടായിരുന്നെങ്കിലും ഒരു ഗ്യാപ്പ് ഇല്ലായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് മറ്റേ ആളെ നോക്കിയാലോ എന്നൊരു ചിന്ത വന്നത്. അയാളല്ലാതെ വേറെ ആരും ഈ സ്‌കൂളിൽ നമുക്ക് പറ്റിയത് ഇല്ല. ഇത്തിരി മെലിഞ്ഞ് ശാന്തസ്വഭാവമുള്ള ആ ചേട്ടൻ, സാർ എന്ന് വിളിക്കാൻ തോന്നുന്നില്ല, എന്റെ സ്വപ്നത്തിലെ നായകനായി വന്നു. അതോടെ ഇടക്കിടെ ലാബിൽ പോകാനുള്ള തോന്നൽ ആയി, സത്യം പറഞ്ഞാൽ ക്ലാസിൽ ഉള്ളതിനേക്കാൾ സമയം ലാബിലും ഓഫീസിലും ആയി. സയൻസ് ഗ്രൂപ്പിന് ഒരു ബാച്ച് മാത്രം ഉള്ളത് കൊണ്ട് ആൾക്ക് അത്യാവശ്യം ഓഫീസ് ജോലിയും ഉണ്ടായിരുന്നു. ലാബിലെയും ഓഫീസിലെയും എന്ത് ആവശ്യങ്ങൾക്കും ഞാൻ ആണ് പോകാറ്, അല്ലെങ്കിൽ വേറെ ആര് പോയാലും ഒരു വാൽ ആയി ഞാനുമുണ്ടാകും. ഒന്ന് രണ്ട് മാസം കൊണ്ട് ലാബിലെയും ഓഫീസിലെയും എല്ലാവരും എന്റെ കമ്പനികളായി, അത്കൊണ്ട് എപ്പോൾ വേണമെങ്കിലും വെറുതെ ആണെങ്കിൽപോലും അവിടെയൊക്കെ പോകാം. പതുക്കെ പതുക്കെ ഒരുദിവസം പോലും സാറേ കാണാതിരിക്കാൻ പറ്റാത്ത അവസ്ഥയായി. മുൻപൊക്കെ ഒരുപാടുപേർ പിന്നാലെ നടന്നിട്ടുണ്ട്, അതിൽ ചിലരെയൊക്കെ ചിരിച്ച് കാണിച്ച് പറ്റിച്ചിട്ടുണ്ടെങ്കിലും പ്രേമം എന്ന വികാരം ആദ്യമായി അനുഭവിക്കുകയാണ്. ആദ്യമായി മനസ്സിൽ കല്യാണം ഒരു സ്വപ്നമായി വന്നു, പക്ഷേ അതിൽ ഒരു സങ്കടം ഉണ്ടായിരുന്നത് സാർ എന്നോടൊന്ന് സ്നേഹത്തോടെ ചിരിക്കുകപോലുമില്ലായിരുന്നു. ചിരിക്കാറുണ്ട്, പക്ഷേ അത് എല്ലാവരോടും ഉള്ളതാണ്. സാരമില്ല, എല്ലാം ശരിയാവും. പതിവ്പോലെ ഓഫീസിൽ ചെന്നപ്പോഴാണ് ബിനുവേട്ടൻ ചോദിച്ചത് 'നമ്മുടെ അഭിലാഷ് സാറിന് പെണ്ണ് നോക്കുന്നുണ്ട്, ഒന്നും ശരിയാകുന്നില്ല , പ്രിയയുടെ പരിചയത്തിൽ ആരെങ്കിലും ഉണ്ടോ?' 'ഞാൻ മതിയാവുമോ?' എന്ന് ചോദിക്കാൻ അപ്പോൾ ഒട്ടും താമസിച്ചില്ല. അവിടെ ഉണ്ടായിരുന്ന എല്ലാവരും കൂടി എന്റെ ആഗ്രഹം ചിരിയിലൊതുക്കി. അവർക്കറിയില്ലല്ലോ എന്റെയുള്ളിലെ സ്വപ്നങ്ങൾ. എന്നാലും മനസ്സിൽ ഒരു സന്തോഷം തോന്നി, തമാശയായിട്ടെങ്കിലും എന്റെ ഇഷ്ടം മറ്റൊരാളോട് തുറന്ന് പറഞ്ഞു. പരീക്ഷ ചൂട് അടുത്തപ്പോഴാണ് ആ വാർത്ത കേട്ടത്, അഭിലാഷ് സാറിന്റെ കല്യാണം ഉറപ്പിച്ചു എന്ന്. അത് കൂട്ടുകാരികൾ പറഞ്ഞപ്പോൾ വിശ്വസിക്കാൻ മനസ്സ് വിസമ്മതിച്ചു. പക്ഷേ ഓഫീസിൽ നിന്ന് ബിനുവേട്ടൻ പറഞ്ഞപ്പോൾ വിശ്വസിക്കാൻ നിർബന്ധിതയായി. മനസ്സിന് ആകെ ഒരു ഭാരം വന്നപോലെ തോന്നി, ഒരുതരം മരവിപ്പ്. പിന്നീടുള്ള കുറേ ദിവസങ്ങൾ യാന്ത്രികമായി കടന്നുപോയി, എന്തിനോ വേണ്ടി സ്‌കൂളിൽ പോകുന്ന അവസ്ഥയായി. സാറിന്റെ കല്യാണക്കാര്യം അറിഞ്ഞതിൽപിന്നെ ഓഫീസിന്റെ പരിസരത്ത്പോലും പോകാതെയായി, ലാബിൽ പോയാലും സാറിന് മുഖംകൊടുക്കാതെ നടന്നു. മനസ്സിൽ ആദ്യമായി തോന്നിയ ഇഷ്ടമാണ്, അത് ഇങ്ങനെ അവസാനിക്കുമെന്ന് കരുതിയില്ല. സങ്കടപ്പെട്ട് ഒരു വിഷാദരോഗയായി മാറുമോ എന്ന് ഉള്ളിൽ ഒരു തോന്നൽ വരാൻ തുടങ്ങിയപ്പോഴാണ് പരീക്ഷയെക്കുറിച്ച് ബോധവതി ആയത്. ഇന്നുവരെയും ഒരു ക്ലാസിലും ഒരു പരീക്ഷയിലും തോറ്റിട്ടില്ല, ഇത്തവണയും അത് തെറ്റിക്കാൻ പാടില്ല. സാറിനെ എനിക്ക് കിട്ടില്ല എന്നത് ഒരു യാഥാർഥ്യമാണ്, ആ നഷ്ടത്തിനൊപ്പം പരീക്ഷയിൽകൂടി തോൽക്കണോ? ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ഒരു ജോലിക്കല്ല, പരമാവധി പഠിക്കണം എന്നാണ്. ജോലി ഒരു അത്യാവശ്യകാര്യമല്ല, പിന്നെ കല്യാണത്തിന് ശേഷം എന്ത് സംഭവിക്കും എന്ന് പറയാനും പറ്റില്ല. നമുക്ക് ജോലിക്ക് പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഭർത്താവിന്റെയും വീട്ടുകാരുടെയും സ്വഭാവത്തെ ആശ്രയിച്ച് അത് മറ്റേണ്ടിവരും. പരമാവധി പഠിക്കണം, അറിവ് എത്ര കൂടിയാലും നഷ്ടം വരില്ല. എത്ര പഠിച്ചാലും അറിവ് പൂർണ്ണമാവുകയുമില്ല. ആ ലക്ഷ്യത്തിലേക്കെത്താനുള്ള പ്രധാനപ്പെട്ട നാഴികകല്ലാണ് പ്ലസ്‌ടു, അവിടെ ഉഴപ്പിയാൽ അത് ഭാവിജീവിതത്തെ മൊത്തം ബാധിക്കും. പ്രണയത്തിന്റെ വഴിയിൽ നിന്ന് ലക്ഷ്യബോധത്തിലേക്ക് മനസ്സ് വഴിമാറിയപ്പോൾ അഭിലാഷ് സാർ ഒരു വിഷയമായില്ല. പ്ലസ്‌ടുവോടെ ആ സ്കൂളിനോട് വിടപറഞ്ഞു ഒപ്പം അഭിലാഷ് സാറിനെക്കുറിച്ചുള്ള ഓർമ്മകളോടും. 'ഓർമ്മയുണ്ട് സാർ' 'എന്തൊക്കെയുണ്ട്, സുഖമല്ലേ?' ഒരു സാധാരണ ചാറ്റ് പോലെ ആ സംസാരം തുടർന്നു. പരസ്പരം പരിചയം പുതുക്കി. 'നിന്നോട് ഒരു കാര്യം പറയാനുണ്ട്, അത് പറയാൻ വേണ്ടിയാണ് ഞാൻ ഇപ്പോൾ വന്നത്' 'എന്താ സാർ?' 'പണ്ട് എനിക്ക് തന്നെ ഇഷ്ടമായിരുന്നു. കല്യാണം കഴിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു, ആ ആഗ്രഹം ഉള്ളിൽ ഉള്ളത്കൊണ്ട് എന്റെ കുറെ കല്യാണം ഞാൻതന്നെ മുടക്കി' ഈശ്വരാ, എന്തൊക്കെയാണ് സാർ പറയുന്നത്? സാറിന് എന്നെ ഇഷ്ടമായിരുന്നോ, എന്നിട്ട് എന്തേ ഒരു സൂചനപോലും തന്നില്ല 'തന്നോട് തുറന്ന് പറയാൻ പേടി ആയിരുന്നു, പിന്നെ തന്റെ പ്രായവും ഒരു അധ്യാപക-വിദ്യാർത്ഥി ബന്ധവും എല്ലാം എന്നെ അതിൽനിന്ന് പിന്തിരിപ്പിച്ചു. ഇപ്പൊ കല്യാണമൊക്കെ കഴിഞ്ഞ് സന്തോഷമായി ജീവിക്കുന്നു. ഒരിക്കലെങ്കിലും ഇതൊന്ന് തന്നോട് പറയണമെന്നുണ്ടായിരുന്നു, ഞാൻ ഭാര്യയോട് പറഞ്ഞപ്പോൾ അവളും അതുതന്നെയാണ് പറഞ്ഞത്. ഇപ്പൊ ഒരു സമാധാനമായി' മനസ്സിൽ പെട്ടന്ന് ഒരു നഷ്ടബോധം കടന്നുവന്നു, ഛെ, രണ്ടാൾക്കും പരസ്പരം ഇഷ്ടമായിരുന്നിട്ടും എന്തേ രണ്ടാളും അറിയാതെ പോയി, പറയാതെ പോയി? എന്തേ ഈശ്വരൻ ഞങ്ങളെ ചേർത്തുവച്ചില്ല? ഒരു പെണ്കുട്ടി ആയത് കൊണ്ടല്ലേ ഞാൻ സാറിനോട് ഇഷ്ടം പറയാൻ മടിച്ചത്, പക്ഷേ സാറിന് പറയാമായിരുന്നില്ലേ? നേരിട്ട് പറഞ്ഞില്ലെങ്കിലും വീട്ടിൽ വന്ന് ആലോചിക്കാമായിരുന്നില്ലേ? 'ഉം, അതൊക്കെ കഴിഞ്ഞില്ലേ സാർ' എനിക്ക് സാറിനോട് ഇഷ്ടമുണ്ടായിരുന്ന കാര്യം പറയണ്ട. കാരണം ആ ഇഷ്ടത്തിന് ഇനി ഒരു പ്രസക്തിയുമില്ല. ആ തുറന്ന്പറച്ചിൽ ചിലപ്പോൾ ഒരു ബാധ്യതയാവും. കുറച്ച് നേരം കൂടി പഴയ കുറെ കാര്യങ്ങൾ സാർ പറഞ്ഞു, വലിയ താൽപ്പര്യം ഇല്ലെങ്കിലും അതിനൊക്കെ മൂളിക്കൊടുത്തു. നല്ലരീതിയിൽ തന്നെ ചാറ്റ് അവസാനിപ്പിച്ച് ഫോണിലെ ബ്ലോക്ക് ബട്ടണിൽ വിരൽ അമർത്തി. സോറി സാർ ഗുഡ് ബൈ, സാറിന്റെ മനസ്സിന്റെ ശുദ്ധതകൊണ്ടാവും സാർ ഇത് ഇപ്പൊ പറഞ്ഞത്, പക്ഷേ എന്നെപ്പറ്റി സാർ ഓർക്കണമായിരുന്നു. ഞാനിന്ന് ഒരു ഭാര്യയാണ്, ഒരു അമ്മയാണ്. എനിക്ക് എന്റേതായ ഒരു കുടുംബവും ജീവിതവുമുണ്ട്, അവിടെ മറ്റാർക്കും സ്ഥാനമില്ല. വർഷങ്ങൾക്ക് ശേഷമുള്ള സാറിന്റെ ഈ പരിചയം പുതുക്കൽ നാളെ ഒരു അവിഹിതത്തിലേക്ക് മാറാൻ പാടില്ല, എനിക്കും സാറിനും കുടുംബമുണ്ട്. ഒരുപക്ഷേ സാറിന്റെ ഭാര്യക്ക് ഭർത്താവിന് മനസ്സിൽ ആദ്യമായി തോന്നിയ ഇഷ്ടം ഒരു പ്രശ്നമല്ലായിരിക്കും പക്ഷേ എന്റെ ജയേട്ടന് അത് പ്രശ്നമാണ്. എന്നെ പൊന്നുപോലെ നോക്കുന്ന എന്നെയും മോളേയും മാത്രം സ്നേഹിക്കുന്ന ആ മനുഷ്യൻ ഒരിക്കലും ഇതൊന്നും കേൾക്കാൻ ആഗ്രഹിക്കില്ല. ഭാര്യയും ഭർത്താവും തമ്മിൽ രഹസ്യങ്ങൾ പാടില്ലെന്ന് പറയും, പക്ഷേ ഇത് രഹസ്യമായിരിക്കും, അത് എന്റെ കുടുംബത്തിനും ജീവിതത്തിനും വേണ്ടിയാണ്. സാറിനോട് എനിക്ക് ദേഷ്യമില്ല, പക്ഷേ എന്റെ ജീവിതത്തിൽ ഇനി സാറിന് സ്ഥാനമില്ല. എനിക്ക് ആദ്യം ഇഷ്ടം തോന്നിയ ആൾ സാറായിരിക്കും പക്ഷേ എന്റെ ആദ്യത്തെ പ്രണയം എന്റെ ജയേട്ടനാണ്, ജയേട്ടൻ മാത്രം. എന്നെ പെണ്ണുകാണാൻ വന്ന ദിവസം മുതൽ ഞാൻ ജയേട്ടനെ പ്രണയിക്കുന്നു, ഇന്ന് എന്റെ കഴുത്തിൽ കിടക്കുന്ന താലിയെ പ്രണയിക്കുന്നു. ആ പ്രണയത്തോടെ എന്റെ ജീവിതവും അവസാനിക്കണം!!!! രജീഷ് കണ്ണമംഗലം
4.7k views
2 days ago
#

📙 നോവൽ

എന്റെ പ്രണയത്തിരമാലകളിലേക്ക് ഒരു സ്ത്രീയിൽ പൂർണമായും അലിഞ്ഞു ചേർന്ന പുരുഷനെ സ്വന്തമാക്കുകയെന്നാൽ അത്രമേൽ അസാധ്യവും വിചിത്രവും അമ്പരപ്പിക്കുന്നതുമായ ഒന്നാണ് . ഞാൻ ആദ്യമായി നിവിനെ കാണുന്നത്ഒരു കല്യാണത്തിനാണ് നിവിന്റെ കാമുകി കല്യാണിയുടെ കല്യാണത്തിന് കല്യാണി എന്റെ ഏട്ടന്റെ സഹപ്രവർത്തകയാണ് . പക്ഷെ നിവിനെയോ, നിവിനും കല്യാണിയും തമ്മിലുള്ള പ്രണയമോ അന്ന് വരെ എനിക്കറിയുമായിരുന്നില്ല ഞാൻ ആദ്യമായി നിവിനെ അല്ല ശ്രദ്ധിച്ചത് നിവിന്റെ കണ്ണിൽ നിറഞ്ഞ കടലിനെയാണ് ഏതു സമയവും പെയ്യാൻ വെമ്പി നിൽക്കുന്ന മഴമേഘങ്ങൾ നിറഞ്ഞ രണ്ടു കണ്ണുകൾ ഞാൻ അമ്പരപ്പോടെ കല്യാണിയുട താലികെട്ട് ദൃശ്യങ്ങളിലേക്കും നിവിന്റെ മുഖത്തേക്കും മാറി മാറി നോക്കി ആരും പറഞ്ഞു തരാതെ എനിക്കതു മനസ്സിലായി ചിലതിങ്ങനെയാണ് വാക്കുകളോ വാചകങ്ങളോ വേണ്ട ദൃശ്യങ്ങൾ മതി ...അത് അങ്ങനെ ഒരു ദൃശ്യമായിരുന്നു ഏട്ടനോട് ഞാൻ നിവിനെ കുറിച്ച് ചോദിച്ചു .അറിയാം .ആനുകാലികങ്ങളിൽ എഴുതുന്ന ആളാണ്എന്ന് പറഞ്ഞു .അക്ഷരവിരോധിയായ ഞാൻ അതൊക്കെ എങ്ങനെ അറിയാൻ !എഴുത്തും വായനയുമൊന്നും എന്റെ അയല്പക്കത്തു കൂടി പോയിട്ടില്ല .ഞാൻ ഒരു സാഹിത്യപ്രേമിയൊന്നുമല്ല എനിക്ക് വിവാഹാലോചനകൾ നടക്കുന്ന സമയമായിരുന്നു ഓരോ ചെറുപ്പക്കാരനിലും ഞാൻ ആ നിറഞ്ഞ കണ്ണുകൾ തിരഞ്ഞു തുടങ്ങി .അല്ലെങ്കിൽ നിവിനെ തിരഞ്ഞു തുടങ്ങി .അല്ലെങ്കിലും പ്രണയം അങ്ങനെ ആണ് .ഒരാളിൽ തുടങ്ങി ഒരാളിൽ അവസാനിക്കുന്നതാണ് ് യഥാർത്ഥ പ്രണയം .നഷ്ടമാകുന്ന ആദ്യപ്രണയമാണ് പിന്നീടങ്ങോട്ട് ഓരോ പ്രണയത്തിലും തിരയുക .ഇതെന്റെ സുഹൃത്ത് ജയൻ പറഞ്ഞതാണ് .അനുഭവമില്ലെനിക്ക് എനിക്ക് നിവിനെ ഇഷ്ടമാണ് എന്ന് ഞാൻ ആദ്യമായി എന്റെ ഏട്ടനോടാണ് പറഞ്ഞത് അച്ഛനും അമ്മയും കൂടുതലൊന്നും പറയാതെ ഒരു നോ മറുപടിയിൽ മുഖം തിരിച്ചു കാരണങ്ങൾ ഒരു പാടാണ് തീരെ പക്വതയില്ലാത്ത ഒരു പെണ്ണാണ് ഞാൻ ജീവിത നിലവാരങ്ങൾ വളരെ വ്യത്യസ്തമാണ് ഞാൻ ജീവിതതിൽ ഒരിക്കൽ പോലും ബസിൽ യാത്ര ചെയ്തിട്ടില്ല .എന്റെ സ്വന്തമായ കാര്യങ്ങൾ പോലും തനിച്ചു ചെയ്തിട്ടില്ല.എല്ലാത്തിനും വീട്ടിൽ ആളുണ്ട് നിവിൻ സാധാരണയിൽ സാധാരണക്കാരനാണ് .ഒരു പ്രൈവറ്റ് സ്കൂളിൽ ജോലി ചെയ്യുന്നതിനൊപ്പം എഴുത്തും കൊണ്ട് നടക്കുന്ന, ജീവിതത്തെ വളരെ ഗൗരവമായി കാണുന്ന ആൾ ഞങ്ങൾ വിപരീത ധ്രുവങ്ങളിലാണ് എന്ന് ഏട്ടൻ പറഞ്ഞു ഞാൻ സീരിയസ് ആണെന്ന് പറഞ്ഞിട്ടും ആർക്കും വിശ്വാസം വന്നില്ല സ്വയമറിയാതെ ഞാൻ മൗനിയായി ഒടുവിൽ അച്ഛനും അമ്മയും തോൽവി സമ്മതിച്ചു എന്റെ അച്ഛനും അമ്മയുംഅവരുടെ വീട്ടിൽ പോയി സംസാരിച്ചതിന്റെ പിറ്റേ ആഴ്ചയാണ് നിവിനും അമ്മയും എന്നെ കാണാൻ വന്നത് "ഒറ്റയ്ക്കായപ്പോൾ നിവിൻ എന്നോടെല്ലാം പറഞ്ഞു "എനിക്ക് ചിലപ്പോൾ ശ്രീലക്ഷ്മിയെ സ്നേഹിക്കാനാവില്ല .'അമ്മ നിർബന്ധിച്ചിട്ട് വന്നതാ .അമ്മയ്ക്ക് നല്ല സുഖമില്ല .താൻ തന്നെ പറയു എന്നെ ഇഷ്ടമായില്ലെന്ന് " ഞാൻ ചിരിച്ചു കല്യാണം നടക്കുക തന്നെ ചെയ്തു ഒരു വാശിയൊന്നുമായിരുന്നില്ല അത് .ഭയങ്കരമായ ഒരിഷ്ടം . എനിക്ക് ആ മുഖത്ത് ഒരു ചിരി കണ്ടാൽ മതിയായിരുന്നു . നിവിൻ ചിരിക്കാറില്ല .വളരെ കുറച്ചു മാത്രമേ സംസാരിക്കുവുള്ളു .എനിക്ക് പരിഭവമോ ദേഷ്യമോ തോന്നാറില്ല .ആ മനസ്സിന്റെ വേദനയും അതിനേറ്റ മുറിവിന്റെ ആഴവും എനിക്കറിയാം .സമ്പത്തും ജോലിയുമൊക്കെ പ്രണയത്തിന്റെ അളവുകളാകുമ്പോൾ ഉണ്ടാകുന്ന തിരസ്കാരം ഒരു പുരുഷനെ എത്ര മേൽ തകർത്തു കളയുമെന്നത് നിവിനെ കണ്ടാണ് ഞാൻ മനസിലാക്കിയത് ഞാൻ നിവിനെ ചിരിപ്പിക്കാൻ പല കോമാളിത്തരങ്ങളും കാണിക്കും .എന്റെ തമാശ അതിരു കടക്കുമ്പോൾ നിവിൻ എന്നെ ഉറക്കെ ശകാരിക്കും. ചിലപ്പോൾ പുറത്താക്കി വാതിലടയ്ക്കും ,ചിലപ്പോൾ ദിവസങ്ങളോളം മിണ്ടാതെയിരിക്കും . അമ്മയ്ക്കിതൊക്കെ കാണുമ്പോൾ സങ്കടമാണ് . ഞാൻ കണ്ണിറുക്കി ഒന്നുമില്ല എന്ന് കാണിച്ചു അമ്മയ്‌ക്കൊപ്പം ഇരിക്കും കല്യാണിയും ഭർത്താവും ഒരു അപകടത്തിൽ പെട്ടെന്നും ആ കുട്ടിയുടെ ഭർത്താവു മരിച്ചെന്നുമുള്ള വാർത്ത ഞാൻ പത്രത്തിൽ നിന്നാണ് വായിച്ചത് അന്ന് മുതൽ എന്റെ മനസ്സ് പേടിക്കാൻ തുടങ്ങി .നിവിൻ തിരിച്ചു കല്യാണിയിലേക്കു പോകും എന്നെനിക്കു തോന്നിത്തുടങ്ങി .രാവിലെ പോകുമ്പോൾ മുതൽ വൈകുന്നേരം നിവിൻ വരുന്നത് വരെ ഞാൻ ആധിയോടെ നിവിനെ കാത്തിരിക്കും ഒരു ദിവസം പതിവ് സമയം കഴിഞ്ഞും നിവിൻ വന്നില്ല ഞാൻ ഗേറ്റിനരികിൽ പോയി നിന്നു.നിവിന്റ ബൈക്ക് ദൂരെ നിന്നു വരുന്ന പോലെ തോന്നിയിട്ട് ഞാൻ അല്പം റോഡിലേക്ക് കയറി നിന്നതേ ഓര്മയുള്ളു ഓര്മ വരുമ്പോൾ ആശുപത്രികിടക്കയിലാണ് . "ഭാഗ്യം ചെറിയ മുറിവുകളേയുള്ളു "ആരോ പറഞ്ഞു .എല്ലാവരെയും നോക്കി ഞാൻ ഒന്ന് വിളറി ചിരിച്ചു ഭിത്തിയിൽ ചാരി നിവിൻ നിൽക്കുന്നുണ്ടായിരുന്നു അപ്പോൾ ആ കണ്ണുകളിൽ ഒരു കടലുണ്ടായിരുന്നു പെയ്യാൻ വെമ്പി നിൽക്കുന്ന മഴമേഘങ്ങൾ ഉണ്ടായിരുന്നു എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ നിവിൻ എന്റെ അരികിൽ വന്നിരുന്നു 'എന്തിനാണ് പതിവില്ലാതെ അന്ന് റോഡിലേക്കിറങ്ങി വന്നത് ?" "നിവിൻ എന്താ വൈകിയത് ?ഞാൻ പേടിച്ചു "എന്തിന്?" "എന്നെ ഇട്ടേച്ചു പോയെന്നു തോന്നി "ഞാൻ വിതുമ്പലോടെ പറഞ്ഞു നിവിൻ ഒന്നും പറയാതെ മുഖം കുനിച്ചു എന്റെ കവിളിൽ മെല്ലെ ചുംബിച്ചു "നിന്നെ നഷ്ടപ്പെടുത്തിക്കളയുമോ ഞാൻ ?" ആ ചോദ്യത്തോടൊപ്പം ആ കണ്ണുകൾ വീണ്ടും നിറഞ്ഞു .ഞാൻ അത് ശരിക്കു കേട്ടില്ല ഞാൻ നിവിനെ നോക്കി . "എന്താ പറഞ്ഞത് ?" "എന്ത്?" " ഇപ്പൊ എന്താ പറഞ്ഞെ ?" "ഒന്നൂല്ലല്ലോ "നിവിൻ പുഞ്ചിരിച്ചു അല്ല ശരിക്കും ചിരിച്ചു "ഇഷ്ടാണെന്നാണോ പറഞ്ഞത് ?" നിവിൻഉറക്കെ പൊട്ടിചിരിച്ചു.പിന്നെ എന്റെ കണ്ണുകളിലേക്കു നോക്കി "വലിയ ഇഷ്ടാണ് "മൃദുവായി പറഞ്ഞു "എത്ര ?" "അതറിയില്ല എന്റെ ഉള്ളിലിപ്പോ ഈ ഒരിഷ്ടമേയുള്ളു .."നിവിൻ ആർദ്രമായ സ്വരത്തിൽ പറഞ്ഞു 'കല്യാണം കഴിച്ച കൊണ്ടാണോ ?"ഞാൻ മടിച്ചു ചോദിച്ചു "അല്ല " "പിന്നെ ?" "അത്ര മേൽ നീയെന്നെ അറിഞ്ഞത് കൊണ്ട് ,അത്രമേൽ നീയെന്നെ കരുതുന്നത് കൊണ്ട് ,അത്രമേൽ നീയെന്നെ സ്നേഹിച്ച കൊണ്ട് ..ഒന്നിന് വേണ്ടിയും നിന്നെ വിട്ടു കളയില്ല നിവിൻ ..ഒരിക്കലും മറ്റൊന്നിലേക്കും പോകുകയുമില്ല ..കാരണം എനിക്ക് വിലയുണ്ടന്ന് മനസിലാക്കി തന്നത് നീയാണ് .ഞാൻ ഇല്ലാതെയായാൽ നീയും ഇല്ലാതെയാകും എന്ന തിരിച്ചറിവ് ഉണ്ടാക്കി തന്നതും നീയാണ് ..." ഞാൻ നിശബ്ദയായി അതു കേട്ടു കിടന്നു "ക്ഷമിക്കണം എന്നോട് ..നിന്നോട് ചെയ്ത എല്ലാത്തിനും " ഞാൻ തെല്ലുയർന്ന് ആ കണ്ണുകളിൽ മെല്ലെ ഉമ്മ വെച്ചു പിന്നെ ആ കണ്ണുകളിലേക്കു ഉറ്റുനോക്കി എനിക്കേറ്ററ്വും ഇഷ്ടമുള്ള കണ്ണിലെ കടലിളക്കത്തിലേക്ക് എന്റെ പ്രണയത്തിരമാലകളിലേക്ക്.
3.6k views
2 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because