#😱 നടി തൃഷയ്ക്ക് ബോംബ് ഭീഷണി
വിജയ്ക്ക് പിന്നാലെ തൃഷയുടെ വീട്ടിലും ബോംബ് ഭീഷണി; ഇരയായി മറ്റ് പ്രമുഖരും, അന്വേഷണം പുരോഗമിക്കുന്നു.
ചെന്നൈ: പ്രമുഖ നടി തൃഷ കൃഷ്‌ണന്റെ ചെന്നൈയിലെ വസതിയിൽ ബോംബ് ഭീഷണി ഉണ്ടായതായി റിപ്പോർട്ട്. പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി, സ്‌നിഫർ നായ്ക്കളെ ഉപയോഗിച്ച് സമഗ്രമായ തിരച്ചിൽ നടത്തിയെന്നാണ് വിവരം. കഴിഞ്ഞ മണിക്കൂറുകളിൽ തമിഴ്‌നാട്ടിലെ മറ്റ് പ്രധാന സ്ഥലങ്ങളിൽ ഉണ്ടായ സമാനമായ ഭീഷണികളുടെ തുടർച്ചയായാണ് ഈ സംഭവമെന്നാണ് കരുതപ്പെടുന്നത്.
നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ വീട്ടിലും ബിജെപി ഓഫീസിലും ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. തേനാമ്പേട്ടയിലുള്ള തൃഷയുടെ വീടിന് പുറമേ, ചെന്നൈയിലെ ആൾവാർപേട്ടിലുള്ള സ്‌റ്റാലിന്റെ വസതി, ടി നഗറിലുള്ള ബിജെപി ആസ്ഥാനം എന്നിവിടങ്ങളിലാണ് ഇമെയിൽ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.
ഭീഷണി സന്ദേശത്തെ തുടർന്ന് ബോംബ് സ്ക്വാഡ് വിദഗ്‌ധർ ഈ സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു. പ്രാഥമിക പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഗവർണറുടെ വസതിയിലേക്കും നടൻ എസ്‌വി ശേഖറിന്റെ വീട്ടിലേക്കും സമാനമായ ഭീഷണികൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ഭീഷണിയുടെ ഉറവിടമോ കാരണങ്ങളോ ഇതുവരെ വ്യക്തമല്ല.