MY WORLD❣️
718 views
എത്ര കാലായി ഞാനെന്റെ കുഞ്ഞുകുഞ്ഞു വിശേഷങ്ങൾ ഒരു കത്താക്കി നിനക്കയച്ചിട്ട്..!! എനിക്കെഴുതാതേം.. നിനക്ക് വായിക്കാതേം.. പറ്റുമായിരുന്നില്ല അന്നൊക്കെ...... ശരിക്കും നിന്നോട് നേരിൽ സംസാരിക്കുന്നതിനേക്കാൾ കൂടുതൽ ഞാൻ മിണ്ടീരുന്നത് ആ കത്തുകളിൽ കൂടി തന്നേ ആയിരുന്നു.. അതായിരുന്നു എനിക്കിഷ്ടവും.. നിനക്കും അതങ്ങനെ തന്നെ.. "നിനക്ക് മാത്രേ വാക്കുകളിൽ ഇത്രയധികം സ്നേഹം നിറച്ച് എഴുത്തെഴുതാൻ സാധിക്കൂ.. നീയിങ്ങനെ അടുത്തു വന്നിരുന്ന് 'ന്നോട് മിണ്ടണ കൂട്ട് തോന്നും നിന്റെ എഴുത്തുകൾ വായിക്കുമ്പോ... സങ്കടായിരിക്കുമ്പോ നിന്റെ വാക്കുകളെ വായിച്ചാൽ മതി എനിക്ക് സന്തോഷം ആവാൻ..." എന്നൊക്കെ എത്രയോ തവണ നീയെന്നോട് പറഞ്ഞിരിക്കുന്നു..!! എത്ര എഴുതിയാലും പിന്നേം പിന്നേം എഴുതാനുണ്ടെന്ന് തോന്നും ഓരോ എഴുത്തുകളും എഴുതി തീരുമ്പോൾ.. വായിക്കുമ്പോ നിനക്കും തോന്നാറില്ലേ ഇത് തീരല്ലേ....ന്ന്..?? നിനക്കായി എഴുതാൻ എനിക്കെന്തിഷ്ടാന്നോ..!! നീ വായിക്കുന്ന എന്റെ അക്ഷരങ്ങളോട് ചിലപ്പോഴൊക്കെ എനിക്ക് കുശുമ്പു തോന്നും.. എന്നോടുള്ളതിനേക്കാൾ ഇഷ്ടാണോ നിനക്കവയോടെന്നോർത്തിട്ട്.. 'എത്രയെത്ര ഒഴുക്കിയാലും തീരാത്ത സ്നേഹത്തിന്റെ ഒരു ഉറവയുണ്ട് പെണ്ണെ.. എന്റെയുള്ളിൽ നിനക്ക് മാത്രമായ്...' വാക്കുകൾ ജനിക്കുന്നത് അവിടെ നിന്നായതു കൊണ്ടാവണം അതിലിത്രയധികം സ്നേഹം പുരണ്ടിരിക്കുന്നതും നിനക്കതിത്രമേൽ പ്രിയമാകുന്നതും..! നിന്നോടുള്ള പ്രണയം നിറഞ്ഞു തുളുമ്പുന്ന ചില സമയങ്ങളുണ്ട്.. മനസ്സേറ്റവും ശാന്തമായിരിക്കുന്ന ആ നിമിഷങ്ങളിൽ...... മൌനത്തിലൂടെ മാത്രമേ സംസാരിക്കാനാവൂ എന്നു തോന്നുന്ന ആ നേരങ്ങളിൽ.. എനിക്ക് തോന്നാറുണ്ട് നിന്നെ സ്നേഹിക്കുക എന്നത്.. എനിക്കൊരു ധ്യാനം പോലെയാണെന്ന്.. ഇന്നത്തെ ചന്ദ്രന് വലുപ്പം പതിവിനേക്കാൾ കൂടുതലുണ്ടോ.?? ജനലിലൂടെ നിലാവു നോക്കിയിരുന്നപ്പോൾ അങ്ങനെ തോന്നി.. ഇന്ന് പൌർണ്ണമിയാണ്.. നിലാവും മഴമേഘങ്ങളും മാറി മാറി വന്നും പോയും കൊണ്ടിരിക്കണ കാണാൻ ഒരു രസംണ്ട്.. മിനിഞ്ഞാന്നു രാത്രി അത്താഴം കഴിഞ്ഞ് വരാന്തയിൽ ഇരിക്കുമ്പോഴാ ഈ മഴക്കാലത്തിലെ ആദ്യത്തെ മഴ വന്നേ..!! തറവാട്ടിലപ്പോ ഞാൻ മാത്രേ 'ണ്ടായുള്ളൂ.. അതോണ്ട് ആരും കാണാതെ സുഖായിട്ട് ആ മഴ അങ്ങട് നനയാൻ പറ്റി.. നനയാൻ സാധിച്ചില്ലെങ്കിൽ പിന്നെന്തിനാ മഴ പെയ്യണേന്ന് ഞാനെപ്പഴും എന്നോടന്നെ ചോദിക്കാറുള്ള ഒരു ചോദ്യാണ്.. നനയാൻ സാധിക്കാതെ.. മഴ നോക്കി നിക്കേണ്ട ഗതികേട് എനിക്കെന്നും സങ്കടാണ്... മഴ നനയുമ്പൊ മനസ്സിൽ സ്നേഹം നിറയും... പക്ഷെ മഴ നോക്ക്യോണ്ടിരിക്കുമ്പോ മനസ്സു പഴയ കാലത്തേക്കു നടന്നു തുടങ്ങും.. ഓർമ്മകൾ കാഴ്ചകളാകുന്ന ആ വഴിയിലൂടെ വേണ്ടെന്നു വെച്ചാലും മനസ്സ് സഞ്ചരിക്കാൻ തുടങ്ങും.. മുന്നോട്ടു പോകുംതോറും കണ്ണിലെ കാർമേഘം ഉരുണ്ടു കൂടും.. പിന്നെ പെയ്യാൻ തുടങ്ങും.. കണ്ണീരിന്റെ ചൂടും സ്വാദും മാത്രം തരുന്നൊരു മഴയാത്ര..!! ഇടക്കൊക്കെ അതൊരു സുഖാണ്... കുറച്ചു മുന്നേ അപ്പറത്ത് പോയി മുറ്റത്തെക്കൊന്നു നോക്കി ഞാൻ.. ചെറുതായി മഴ ചാറണ കണ്ടു നിലാവിൽ... മഞ്ഞും പെയ്യ്ണുണ്ട്..! നിനക്കറിയണ്ടേ നിനക്കൊപ്പമുള്ള എന്റെ കുഞ്ഞു കുഞ്ഞു മഴ സ്വപ്‌നങ്ങളെന്തൊക്ക്യാന്ന്.. ഒരു പെരുമഴയിലൂടെ ആകെ നനഞ്ഞു കുതിർന്ന് എന്റെയടുത്തേക്ക് ഓടി വരുന്ന നീ.. നിന്റെ നെറുകയിൽ തോർത്തുന്ന ഞാൻ... മുഖത്തുള്ള മഴത്തുള്ളികളെ എന്റെ കവിളിലേക്ക് ഒരു'ഉമ്മയിലൂടെ നീ അപ്പോ ചേർത്തു വെച്ചു തരും..! ഒരു പുലർമഴയിൽ.. ഒരു കുടക്കീഴിൽ....... നിനക്കൊപ്പം മഴേം മഞ്ഞും കൂടി ഇലകളെ ഉമ്മ വെക്കുന്നത് കണ്ടോണ്ട് നടന്ന് പോണം... ഇടയ്ക്ക് വഴിയരികിലെ പുൽനാമ്പുകളിൽ നിന്നും മഞ്ഞു തുള്ളിയേം മഴത്തുള്ളിയേം വേർതിരിച്ചെടുക്കണം..! രാത്രിയിൽ... മഴ ചാറുന്നതും നോക്കി ഇയർ ഫോണിന്റെ ഒരു ഭാഗം 'ന്റേം.. മറുഭാഗം നിന്റെം ചെവീൽ വെച്ചോണ്ട്.. ഉമ്മറകോലായിൽ ഒരുമിച്ചിരുന്നു നിനക്കേറെ പ്രിയപ്പെട്ട.. പ്രണയാർദ്രമായ ഒരു ഗസലു കേൾക്കണം.. ദേ 'ന്റെ കണ്ണുകൾ നിറഞ്ഞു വരുന്നു.. നിന്നെ ഒരുപാട് മിസ്സ്‌ ചെയ്യണൂ ഈ വരികൾ എഴുതിയപ്പോ.. വായിക്കുമ്പൊ നീ അറിയുമായിരിക്കും എന്റെയീ നോവിന്റെ ഇളം ചൂട്.. ല്ലേ പെണ്ണെ....!!! ഇങ്ങനെയൊക്കെ ആണെങ്കിലും നിനക്കറിയ്വോ ചില ദിവസങ്ങളുണ്ട്.... ഒരു കാരണവുമില്ലാതെ എല്ലാത്തിനോടും കലമ്പൽ കൂടാൻ തോന്നിക്കുന്ന..... കരയാൻ വേണ്ടി കാരണങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുന്ന...... ഉള്ളം പിടഞ്ഞു കൊണ്ടേയിരിക്കുന്ന...... സ്നേഹത്തിന്റെ ചുറ്റിപ്പിടിക്കലുകളിൽ വീർപ്പു മുട്ടി അതിൽ നിന്നും രക്ഷപ്പെടാൻ തോന്നിക്കുന്ന....... സൌഹൃദത്തിന്റെ നിറവിലും ഏകാന്തത മാത്രം മതിയെന്നു വാശി പിടിക്കുന്ന...... മൌനം പൊതിഞ്ഞൊരു കൂട്ടിൽ ഏറെ നേരം തനിച്ചിരിക്കാൻ ആഗ്രഹിക്കുന്ന..... ചില ദിനങ്ങൾ...!! പക്ഷെ അപ്പോഴും നിന്നോടുള്ള സ്നേഹം... അതിങ്ങനെ പുഴ പോലെ ഒഴുകുന്നു.... മഴ പോലെ പെയ്യുന്നു............!!!!! മനസ്സിനെ ശൂന്യമാക്കാൻ ശ്രമിക്കാറുണ്ട് ചിലപ്പോഴൊക്കെ.. ഒരിക്കൽ പോലും സാധിച്ചിട്ടില്ല.. തനിച്ചെന്നു തോന്നുമ്പോഴേക്കും നീയെന്ന വിചാരം ശക്തമാവും. സങ്കടപ്പെടുമ്പോൾ കണ്ണീരായും.. സന്തോഷിക്കുമ്പോൾ ചിരിയായും.. മാറുന്നു നീ... ഒരേ സമയം നേട്ടവും നഷ്ടവുമായി എന്നിലിങ്ങനെ... ഇന്നീ പൌർണ്ണമിയെ നോക്കിയിരിക്കുമ്പോൾ നിന്നെ കുറിച്ചുള്ള വിചാരങ്ങളിൽ മുങ്ങിയും പൊങ്ങിയും എന്റെ മനസ്സൊരു തിരമാല പോലെ.... ഈ മഴക്കാലം 'നിക്ക് കൊറച്ച് സങ്കടം കൂടി തരണ് ണ്ട്.. രാത്രികളിൽ മഴയ്ക്ക്.. മണം കൊടുക്കാൻ പൂക്കാറുള്ള ആ ചെമ്പക മരം ഇപ്പോഴില്ല.. നിനക്കറിയാലോ നിന്നോടുള്ള എന്റെ പ്രണയം ഏറെ മനസിലാക്കിയിരുന്നു ആ മരോം അതിലെ ഇലകളും പൂക്കളും.. സാരല്ല്യ..! നമ്മടെ മനസ്സിൽ പൂത്തു നിക്ക്ണ് 'ണ്ടല്ലോ അതെന്നുമെന്നും...! MY WORLD❤️ #❤ സ്നേഹം മാത്രം 🤗 #💔 നീയില്ലാതെ #😍 ആദ്യ പ്രണയം #💘 Love Forever #💞 നിനക്കായ്