#📙 നോവൽ തമ്പുരാനോ... ഏത് തമ്പുരാൻ... ഞാൻ ഈ ഡ്രൈവറോട് അല്ലെ സംസാരിച്ചത്... താര ചേതന് നേരെ വിരൽ ചൂണ്ടി...
ഒറ്റ നോട്ടത്തിൽ തന്നെ വല്ലാത്ത ഒരു ദൈവികത തോന്നി ചേതന്റെ മുഖത്ത് . അതും കൂടാതെ ഒരു ക്ഷത്രിയന്റെ ശരീരവും...അയാൾ വെറും ഡ്രൈവർ അല്ലെന്ന് ഉറപ്പാണ്... എന്നാലും അങ്ങനെ പറയാൻ ആണ് താരക്ക് അപ്പോൾ തോന്നിയത്...
തന്റെ മറുപടിയിൽ ചേതന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറുന്നത് താര ഒരു കുസൃതി ചിരിയോടെ നോക്കി നിന്നു.
" കുട്ടി... ഇയാൾ ഇത് എന്ത് അറിഞ്ഞിട്ടാ ഇത് കൊച്ചു തമ്പുരാനാ... വാൽ ഇടയിൽ കയറി...
" അതിന്...? തമ്പുരാനും തമ്പുരാട്ടിയും എല്ലാം അങ്ങ് കൊട്ടാരത്തിൽ... ഏതവൻ ആയാലും ചെയ്ത തെറ്റിന് ക്ഷമ ചോദിച്ചിട്ട് പോയാൽ മതി.. സിതാര കൈകൾ രണ്ടും മാറിലേക് പിണച്ചു കെട്ടി കൊണ്ട് മിഴികൾ ചുരുക്കി ചേതനെ നോക്കി..
" ശിവ... ശിവ... മാപ്പ് പറയാനോ.. വാൽ ഭഗവാനെ വിളിക്കാൻ തുടങ്ങി...
" ശിവൻ മാപ്പ് പറയണ്ട... ദേ... ഈ നിൽക്കുന്ന തന്റെ കൊച്ച് തമ്പുരാൻ മാപ്പ് പറഞ്ഞാൽ മതി... " സിതാര ചേതന് നേരെ വിരൽ ചൂണ്ടി...
" ഇല്ലെങ്കിൽ നീ എന്ത് ചെയ്യും..? ചേതൻ ഇരുണ്ട മുഖത്തോടെ അവൾക്ക് മുന്നിലേക്ക് ഒന്നൂടെ കയറി നിന്നു...
" ഇല്ലെങ്കിൽ എന്ത് ചെയ്യാൻ... നേരം പുലരുവോളം നമുക്ക് ഈ നിൽപ്പ് അങ്ങ് നിൽക്കാം... മുഖാമുഖം കണ്ണിൽ നോക്കി ഇങ്ങനെ... താരയും ഒരടി മുന്നിലോട്ട് വന്നു... " അവളിൽ അപ്പോഴും കുസൃതി ആണ്...
അവന്റെ ചുവന്നു വരുന്ന മുഖം അവളിൽ വല്ലാത്ത ഒരു കൗതുകം നിറക്കുന്നുണ്ടായിരുന്നു..
എങ്ങോ കണ്ടു മറന്ന പോലെ ഉള്ള ആ കണ്ണുകളിൽ ആയിരുന്നു അവളുടെ നോട്ടം...
" ഞാൻ പറഞ്ഞാൽ മതിയോ കുട്ടി മാപ്പ്...? കാറിന്റെ ബാക്ക് സീറ്റിൽ നിന്നും ഒരു വൃദ്ധൻ അല്പം പ്രയാസപെട്ട് പുറത്തേക്ക് ഇറങ്ങി...
ഒറ്റ നോട്ടത്തിൽ അത് തമ്പുരാൻ ആണെന്ന് താരക്ക് മനസിലായി കഴിഞ്ഞിരുന്നു...
ദൂരെ നിന്ന് പലപ്പോഴും കണ്ടിട്ട് ഉണ്ടെങ്കിലും ഇങ്ങനെ മുഖവുംമുഖം ഒരു കൂടി കാഴ്ച ഇത് ആദ്യമായിട്ട് ആണ്..
അത് വരെ ഉണ്ടായിരുന്ന ധൈര്യം നിമിഷ നേരം കൊണ്ട് ചോർന്നു പോവുന്നത് അവൾ അറിഞ്ഞു...
ചേതൻ അവളുടെ രക്തം വറ്റി തുടങ്ങിയ മുഖം നോക്കുകയായിരുന്നു അന്നേരം..
അത് വരെ പുലി പോലെ മുരണ്ടു നിന്നിരുന്നവൾ പൂച്ച കുഞ്ഞിനെ പോലെ പതുങ്ങി പോയത് അവൻ ശ്രദ്ധിച്ചു.
" മാപ്പ് വേണ്ടേ കുട്ടി...? അയാൾ ചിരിയോടെ സിതാരയുടെ അടുത്തേക്ക് നീങ്ങി...
സിതാരയുടെ കൈകൾ അവൾ പോലും അറിയാതെ ഒരു സ്വപ്നത്തിൽ എന്ന പോലെ പതിയെ ഉയർന്നു...
അവൾ പതിയെ അദ്ദേഹത്തെ നോക്കി ഒന്ന് തൊഴുതു...
" ക്ഷമിക്കണം...! അങ്ങ് കൂടെ ഉള്ളത് അറിഞ്ഞില്ല... സിതാര പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു...
" കുട്ടിക്ക് എന്തെങ്കിലും പറ്റിയോ? തമ്പുരാൻ അവളെ അടിമുടി ഒന്ന് നോക്കി കൊണ്ട് ചോദിച്ചു.
തെറ്റ് ഇവന്റെ ഭാഗത്തു തന്നെ ആണ്... വളവ് ആയിരുന്നിട്ട് കൂടെ അവൻ ശ്രദ്ധിച്ചില്ല..
കുട്ടിക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഞാൻ ക്ഷമ ചോദിക്കുന്നു.. "
" അയ്യോ... തമ്പുരാൻ എന്നോട് ക്ഷമ ചോദിക്കല്ലേ.തമ്പുരാൻ അതിനു എന്നോട് ഒരു തെറ്റും ചെയ്തില്ലല്ലോ...... " സിതാര അദ്ദേഹത്തെ തടഞ്ഞു കൊണ്ട് പറഞ്ഞു..
ചേതൻ അവളുടെ മട്ടുo ഭാവവും മാറിയത് കാണെ പരിഹാസത്തോടെ അവളെ ഒന്ന് നോക്കി...
" അഞ്ചോ പത്തോ കൊടുത്തിട്ട് വാ മനു... അതിനാണ് ഈ കിടന്ന് പുളയുന്നത്... " ചേതൻ അവളെ പുച്ഛത്തോടെ അടിമുടി ഒന്ന് നോക്കി കൊണ്ട് തിരിഞ്ഞു നടന്നു...
സിതാരയുടെ കണ്ണുകൾ ഒരു നിമിഷം കൊണ്ട് കുറുകി... ചേതൻറെ ആ തരം താഴ്ത്തൽ അവൾക്ക് ഒട്ടും ദഹിച്ചില്ല...
" ഹെലോ.. ഹെലോ... കൊച്ച് തമ്പുരാൻ ഒന്ന് നിന്നാട്ടെ.. സിതാര കൈകൾ കൂട്ടി അടിച്ചു കൊണ്ട് പിന്തിരിഞ്ഞു നടക്കുന്നവനെ തടഞ്ഞു ..
ഒട്ടും ബഹുമാനം കലരാത്ത അവളുടെ അത്തരത്തിലുള്ള പ്രവർത്തികൾ അവനെ നന്നായി പ്രകോപിപ്പിക്കുന്നുണ്ടായിരുന്നു...
" കൊച്ച് തമ്പുരാൻ എവിടെ പോവുന്നു...ഞാൻ തമ്പുരാനോട് ആണ് ക്ഷമ ചോദിക്കണ്ട എന്ന് പറഞ്ഞത്...
പക്ഷെ നിങ്ങൾ ചെയ്ത തെറ്റിന് നിങ്ങൾ ക്ഷമ ചോദിച്ചിട്ട് പോയാൽ മതി.."
" കുട്ടി.. തമ്പുരാന്റെ മുന്നിൽ വെച്ചു എന്ത് ധിക്കാരവും പറയാമെന്നാണോ... കുട്ടി ഇത് വാങ്ങിയിട്ട് സ്ഥലം വിടാൻ നോക്ക്... സിതാരയുടെ കയ്യിലേക്ക് കുറച്ച് നോട്ടുകൾ തിരുകി കൊണ്ട് മനു വേഗത്തിൽ ഒരു ഒത്തു തീർപ്പിന് ഒരുങ്ങി...
ഒന്നാമത് ഇത്രയും സമയം ചേതൻ മിണ്ടാതെ നിന്നത് തന്നെ മനുവിനെ ആശ്ചര്യത്തിൽ ആക്കിയിരുന്നു... അതിന്റെ പുറമെ ചേതൻ ആരാണ് എന്താണ് എന്ന് വ്യക്തമായി അറിയാത്തത് കൊണ്ട് ആണ് ആ പെൺകുട്ടി അങ്ങനെ ധിക്കാരം കാണിക്കുന്നത്...
സിതാര കയ്യിലിരിക്കുന്ന പണത്തിലേക്ക് തന്നെ ഉറ്റു നോക്കി...
ചേതൻ അവളുടെ നിൽപ്പ് കാണെ കുടിലമായി ഒന്ന് ചിരിച്ചു..
ഇത്ര ഒള്ളു നീ എന്നൊരു ഭാവത്തിൽ...!
പണം കൊടുത്താൽ ഒതുങ്ങാത്തത്
ഒന്നും തനിക്ക് മുന്നിൽ ഇല്ലെന്ന് അവൻ ഉറച്ചു വിശ്വസിച്ചിരുന്നു...
" ഇപ്പോൾ നിന്റെ നാവ് ഇറങ്ങി പോയി അല്ലെ...ഇതിനായിരുന്നു എങ്കിൽ ആദ്യം പറഞ്ഞാൽ പോരായിരുന്നൊ..? ചേതൻ പരിഹാസത്തിന്റെ അവസാനത്തെ പടിയിൽ നിന്ന് അവളെ നോക്കി...
തൊട്ടടുത്ത നിമിഷം സിതാര ചേതനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് കയ്യിലിരുന്ന പണം അവന്റെ മുഖത്തേക്ക് വീശി എറിഞ്ഞു...
ചേതൻ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല..
ചേതന് മുഖം അടച്ചു അടി കിട്ടിയ പോലെ ആണ് ആ നിമിഷം തോന്നിയത്
" ഇനി പറ....! മാപ്പ്....!! മാപ്പ് പറഞ്ഞാൽ കോവിലകത്തെ തമ്പുരാന് ഈ നിമിഷം ഇവിടെ നിന്നും പോവാം... ഇല്ലെങ്കിൽ ഇന്നത്തെ ദിവസം തമ്പുരാൻ ജീവിതത്തിൽ മറക്കില്ല... അതിനുള്ള വഴി ഒക്കെ എനിക്കും അറിയാം... സിതാരയുടെ മുഖത്തു അത് വരെ ഉണ്ടായിരുന്ന കുസൃതി ചിരി പാടെ വറ്റി വരണ്ടു പോയി...
" മാപ്പ് പറഞ്ഞില്ലെങ്കിൽ നരുന്ത് പോലെ ഇരിക്കുന്ന നീ എന്ത് ചെയ്യുമെടി... "
തമ്പുരാൻ അന്നേരവും മൗനമായി ഇരുവരെയും വീക്ഷിക്കുകയായിരുന്നു...
അത് വരെ വെള്ളി വെളിച്ചം വീണിരുന്ന ഭൂമി നിമിഷ നേരം കൊണ്ട് കറുത്തിരുണ്ടു..
തുള്ളിക്ക് ഒരു കുടം കണക്കെ പേമാരി താഴേക്ക് വന്നു പതിച്ചു
മിന്നൽ പിണർപ്പുകളും കൊള്ളിയാനുകളും മാനം നിറച്ചു തുടങ്ങി...
മഴയുടെ താണ്ടവ രൂപം...!
എന്നിട്ടും ഒരടി പോലും ചേതനും സിതാരയും പരസ്പരം വിട്ട് കൊടുക്കാതെ കണ്ണുകൾ തമ്മിൽ കനൽ കോരി ഒഴിക്കുകയായിരുന്നു...
കയ്യിലേക്ക് പൊഴിഞ്ഞു വീണ ആലിപഴങ്ങൾക്ക് അന്നേരo വല്ലാത്ത മൂർച്ച...
ശരീരത്തിലേക്ക് തുളഞ്ഞു കയറി അതെ ശരീരത്തെ കീറി മുറിച്ചു താഴേക്ക് പതിയാൻ മാത്രം വീര്യം ഉള്ളവ...
തമ്പുരാൻ കണ്ണൊന്നു ചിമ്മി തുറന്നു ഇരുവരെയും ഒന്നൂടെ നോക്കി...
താലി...!
ഒരു താലി യോഗം കാണുന്നു...
മുന്നിൽ നിൽക്കുന്നവളുടെ ആത്മാവും ശരീരവും ഇനി അങ്ങോട്ട് ചേതന്റെ അവകാശത്തിൽ ആയിരിക്കും എന്ന് ആരോ തനിക്ക് മുന്നറിയിപ്പ് തരുന്നു...
അതെ... ചേതന്റെ പാതിയെ ആണ് അവന്റെ മുന്നിലേക്ക് ഇപ്പോൾ കാലം കൊണ്ട് വന്നിട്ടിരിക്കുന്നത്...! പ്രപഞ്ചo അതിനുള്ള എല്ലാ സൂചനകളും തന്നു കഴിഞ്ഞു...
" ചേതൻ...!!!
മുത്തശ്ശന്റെ ഗൗരവത്തോടെ ഉള്ള ശബ്ദം ആണ് അവനെ സ്വാബോധത്തിലേക്ക് കൊണ്ട് വന്നത്..
അവൻ ഞെട്ടി തിരിഞ്ഞു അങ്ങോട്ട് ഒന്ന് നോക്കി...
" അവളോട് മാപ്പ് പറ...! അയാൾ പറയുകയായിരുന്നില്ല ആജ്ഞാപിക്കുകയായിരുന്നു...
" മുത്തശാ... ഞാൻ...! "
" ചേതന് ഞാൻ പറഞ്ഞത് വ്യക്തമായില്ല എന്നുണ്ടോ...? മാപ്പ് പറ... "
ചേതന്റെ മുഖം കുനിഞ്ഞു പോയി...
അവൻ കണ്ണുകൾ അടച്ചു കൈ ചുരുട്ടി അങ്ങനെ തറഞ്ഞു നിന്നു...
അവന്റെ മുഖം ചുവക്കുന്നതും നെറ്റിയിലെ ഞരമ്പുകൾ പിടഞ്ഞുയരുന്നതും സിതാര ശ്രദ്ധിച്ചു...
കണ്ണു തുറന്നു തന്നെ നോക്കിയ അവന്റെ മിഴികളിൽ തന്നെ പച്ചക്ക് കിട്ടിയാൽ വെട്ടി നുറുക്കി തിന്നു കളയും എന്നൊരു ഭാവം ആയിരുന്നു...
അതൊന്നും സിതാരയിൽ ചെറിയ ഒരു ചലനം പോലും സൃഷ്ടിച്ചില്ല എന്നത് മറ്റൊരു സത്യം...
" മാപ്പ്...! തെന്നി തെറിച്ചു അവനിൽ നിന്നും വീണ ആ വാക്കിൽ പോലും അവന്റെ മുറുകിയ സ്വരം അയഞ്ഞിരുന്നില്ല...
സിതാര പതിയെ ചിരിച്ചു...
" ഇത്രയല്ലേ ഒള്ളു... ഇതിനാണ് കിടന്നു മസിലു പിടിച്ചിരുന്നത്... " സിതാര പതിയെ ചിരിച്ചു...
" തമ്പുരാൻ ക്ഷമിക്കണം... വേണമെന്ന് കരുതിയിട്ട് അല്ല...! അങ്ങയുടെ മുന്നിൽ ബഹുമാനം ഇല്ലാതെ പെരുമാറിയത് ആണെന്നും കരുതരുത്...
ഇദ്ദേഹത്തിന് കുറച്ച് വിനയത്തിന്റെ കുറവ് ഉണ്ട്... പോരാത്തതിന് പണം കൊണ്ട് എന്തും വിലക്ക് വാങ്ങാം എന്നൊരു ധാർഷ്ട്യവും... അത് എല്ലായിടത്തും പറ്റില്ല എന്ന് ഒന്ന് മനസിലാക്കി കൊടുക്കണം എന്ന് കരുതി... "
ആ വൃദ്ധന്റെ മുഖത്തെ പേശികൾ വലിയുന്നത് സിതാര നോക്കി നിന്ന് പോയി..
അദ്ദേഹം നിഷ്കളങ്കമായി ഒന്ന് ചിരിച്ചു..
" മിടുക്കി... തമ്പുരാൻ അവളുടെ തോളിൽ തട്ടി ഒന്ന് പ്രശംസിച്ചു...
സിതാര തങ്ങളെ മറി കടന്നു പോയിട്ടും ചേതൻ അപമാന ഭാരത്താൽ ആ നിൽപ്പ് നിന്നു...
ചേതന്റെ തോളിൽ ഒരു കൈ വന്നു പതിഞ്ഞപ്പോൾ ആണ് അവൻ മുഖം ഉയർത്തി നോക്കിയത്...
" ആ പോയവൾ ഒരിക്കലും നിന്റെ ജീവിതത്തിലെ അടഞ്ഞ ഒരു അധ്യായം അല്ല... അവൾ പുതിയ ഒരു അധ്യായം തുറന്നിട്ടിട്ടാണ് ഇപ്പോൾ പോയത്...
താലി... ഒരു താലി യോഗം ഞാൻ കാണുന്നുണ്ട്.... ആരെ കൊണ്ടും തടുക്കാനോ അകറ്റാനോ കഴിയാത്ത ഒരു താലി യോഗം...
നിന്റെ ശരീരത്തിന്റെയും ആത്മാവിന്റെയും അവകാശി ആണ് ഇപ്പോൾ പോയത്...."
" മുത്തശ്ശൻ എന്തൊക്കെ ആണ് ഈ പറയുന്നത്... ചേതൻ പൊട്ടി തെറിച്ചു പോയി..
" നീ വിചാരിച്ചാലോ അവൾ വിചാരിച്ചാലോ ഇത് തടയാൻ കഴിയില്ല... അതിനുമപ്പുറം നിയോഗം എന്ന ഒന്നുണ്ട്...! അത് നടക്കുക തന്നെ ചെയ്യും... " വൃദ്ധൻ തറപ്പിച്ചു അത്രയും പറഞ്ഞു കൊണ്ട് വണ്ടിയിലേക്ക് തന്നെ തിരികെ കയറി...
കൊട്ടാരത്തിൽ എത്തുന്നത് വരെ ചേതൻറെ ഉള്ളിലും ഒരു നൂറു ചോദ്യങ്ങൾ ആയിരുന്നു .. മുത്തശ്ശന്റെ വാക്ക് അവനിൽ വല്ലാത്ത ആശങ്കകൾ സൃഷ്ടിക്കുന്നുണ്ടായിരുന്നു...
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
" ഇതെന്താണ് സാർ.. ഒരു മുന്നറിയിപ്പും ഇല്ലാതെ ജോലിയിൽ നിന്ന് പിരിച്ചു വിടുക എന്ന് പറഞ്ഞാൽ... ഇതെന്താ വെള്ളരിക്ക പട്ടണമോ.?.. സിതാര ദേഷ്യം കൊണ്ട് വിറച്ചു പോയി...
" സിതാര ഇവിടെ കിടന്ന് ബഹളം വെച്ചിട്ട് ഒന്നും ഒരു കാര്യവുമില്ല... തന്നെ ജോലിയിൽ നിന്നും നീക്കം ചെയ്യാൻ പ്രത്യേക ഓർഡർ കിട്ടിയത് ആണ്...പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് കുട്ടി...കോവിലകത്ത് ഉള്ളവരോട് മത്സരിച്ചു പിടിച്ചു നിൽക്കാൻ കുട്ടിക്ക് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല... അവർ രണ്ടും കൽപ്പിച്ചാണ്... "
" ഓ.. അപ്പോൾ അതാണ് കാര്യം... ശരി സാർ.... നിങ്ങളുടെ ഒക്കെ ഉദ്ദേശം നടക്കട്ടെ... അങ്ങനെ തോറ്റു പിന്മാറാൻ എനിക്കും അല്പം ബുദ്ധിമുട്ട് ഉണ്ട് സാർ... എന്റെ വഴി ഞാനും ഒന്ന് നോക്കട്ടെ..."
ഓഫീസിൽ നിന്ന് കിട്ടിയ ലെറ്റർ അവൾ ഒരു കയ്യിൽ ചുരുട്ടി പിടിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി...
" അങ്ങനെ ഒന്നും എന്നെ തോൽപ്പിക്കാo എന്ന് കരുതണ്ട ചേതൻ..! അവൾ ഉള്ളാലെ മുരണ്ടു....
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
" അവർ രണ്ടും കല്പിച്ചു ആണല്ലോ താരേ.. "
" അങ്ങനെ ഒന്നും താര തോറ്റു കൊടുക്കില്ല..ഈ നാട്ടിൽ ഒന്നും രണ്ടും സ്ഥലത്തു മാത്രം അല്ലല്ലോ ജോലി കിട്ടുന്നത്... എന്നെ കൊണ്ട് പറ്റുന്ന പോലെ ഞാനും ജോലിക്ക് ശ്രമിക്കും.." താര വീറോടെ പറഞ്ഞു..
അനന്തൻ പതിയെ അവളുടെ മുഖത്തു നോക്കി ഒന്ന് ചിരിച്ചു...
" മം.. എന്താ ചിരിക്കുന്നത്...? "
" അല്ലെ.. ഞാൻ ആലോചിക്കുവായിരുന്നു... ആ ചേതൻ തമ്പുരാന് അംഗം കുറിക്കാൻ ഈ വാശിക്കാരിയെ കിട്ടിയൊള്ളു എന്ന്...
വാളും പരിചയും എല്ലാം നീക്കി വെച്ചു മൂപ്പർ നാട് വിടേണ്ടി വരും.. " അനന്തന്റെ മുഖത്തു അപ്പോഴും ചിരിയാണ്...
സിതാര അന്നേരവും മറ്റെന്തൊ ചിന്തകളിൽ ആയിരുന്നു... അനന്തേട്ടൻ പറയുന്ന പോലെ തോറ്റു പിന്മാറുന്നവൻ അല്ല ചേതൻ എന്ന് അവൾക്ക് അതിനോടകo മനസിലായി കഴിഞ്ഞിരുന്നു...
" എന്നാലും ഞാൻ ആലോചിക്കുന്നത് അതല്ല...ഈ ചേതൻ ഇത്ര നാളും എവിടെ ആയിരുന്നു... അയാളുടെ ജോലിയൊ... വിദ്യാഭ്യാസമോ... ഇത്ര നാളും എവിടെ ആയിരുന്നെന്നൊ... ഒന്നും ആർക്കും ഒരു ഐഡിയ ഇല്ലാ എന്നത് ആണ് അത്ഭുതം..! അനന്തൻ ആലോചനയോടെ പറഞ്ഞു...
തുടരും
സൂര്യകാന്തി
റിവ്യൂ റേറ്റിംഗ് ഫോളോ പ്ലീസ് ❤️
റിവ്യൂ വേണേ..!