#📙 നോവൽ - പ്രളയം
🔻 പാർട്ട് _6
✍️ രചന - Aniprasad
പുല്ലാട്ടെ പീലിപ്പോസ് മുതലാളിയുടെ മകൾ ഷെറിന്റെ മനസമ്മത ചടങ്ങ് നടക്കാൻ മൂന്ന് നാൾ ശേഷിയ്ക്കേ....
ഉച്ചയായതോടെ ഷെറിൻ പുറത്തേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്.
കറുത്ത സിൽക്ക് നാരുകൾ പോലെ തിളങ്ങുന്ന,കൈമുട്ടിനൊപ്പം വച്ചു മുറിച്ച് നിർത്തിയിരിയ്ക്കുന്ന മുടി ബ്രഷ് ചെയ്തു കൊണ്ടിരിയ്ക്കായാണ് ഷെറിൻ.
വലിയ നിലകണ്ണാടിയിൽ തിളങ്ങുന്ന തന്റെ സ്വന്തം പ്രതിഛായയിൽ നോക്കി ഷെറിൻ മന്ദഹസിച്ചു.
നനവാർന്ന കരിനീല കണ്ണുകളും, നേർത്ത് ചുവന്ന ചുണ്ടുകളും അവളുടെ അഴകിന്റെ മാറ്റ് കൂട്ടുന്നുണ്ടായിരുന്നു.
ഷെറിന് താൻ സുന്ദരിയാണെന്ന ബോധം വളരെ നേരത്തെ ഉണ്ടായിട്ടുണ്ടെങ്കിലും അതിൽ അഭിമാനം തോന്നിത്തുടങ്ങിയത് ഈയിടെയാണ്.
പ്രത്യേകിച്ചും മാത്യു തരകൻ എന്ന യുവ എഞ്ചിനീയർ തന്നെ പെണ്ണാലോചിച്ച് പുല്ലാട്ട് എത്തിക്കഴിഞ്ഞ ശേഷം.
ആദ്യമായ് തന്നെ കണ്ടിട്ട് പോയ മാത്യു രാത്രിയിൽ ഫോണിൽ വിളിച്ചു തന്നോട് പറഞ്ഞ വാചകം ഇപ്പോഴും ഇടയ്ക്കിടെ കാതിൽ ഒരിരമ്പമായി പായാറുണ്ട്.
മാത്യു തരകന്റെ ജീവിതത്തിൽ ആദ്യമായിട്ടാണത്രേ ഇതുപോലെ സൗന്ദര്യമുള്ള ഒരു പെണ്ണിനെ കണ്ട് മുട്ടുന്നത് എന്ന്.
വീണ്ടും വീണ്ടും അത് അയാളുടെ നാവിൽ നിന്ന് കേൾക്കാൻ വേണ്ടി ചുമ്മാ പുളു പറയല്ലേ, മാത്യു വിന് കണ്ണ് കാണില്ലേ എന്നൊക്കെ താൻ ചോദിച്ചു കൊണ്ടും ഇരുന്നു.
ഷെറിൻ അഭിമാനത്തോടെ സ്വന്തം സൗന്ദര്യം ആസ്വദിച്ചിരിയ്ക്കെ അവൾക്ക് പിന്നിലേക്ക് മേരിക്കുട്ടി ആവി പറക്കുന്ന ഒരു കപ്പ് ചായയുമായി എത്തിച്ചേർന്നു.
"നീയിപ്പോൾ പുറത്തേയ്ക്ക് പോകേണ്ട മോളേ. വെളിയിൽ നന്നായി മഴ പെയ്യുന്നുണ്ട്. കാറ്റും അടിയ്ക്കുന്നത് കൊണ്ട് ബോട്ടിറക്കാൻ ക്ളീറ്റസ് വരുമോന്നറിയില്ല.."
"വീണ്ടും മഴ തുടങ്ങിയോ.."
ഷെറിൻ കസേരയിൽ നിന്ന് എണീറ്റ് മമ്മിയുടെ കയ്യിലിരുന്ന ചായക്കപ്പ് വാങ്ങിയ ശേഷം ചെന്ന് ജനാല തുറന്നു പുറത്തേയ്ക്ക് നോക്കി.
ജനാല തുറക്കാഞ്ഞിട്ടെന്നോണം കാറ്റ് ശീതാനത്തിനൊപ്പം അകത്തേയ്ക്ക് തള്ളിയതും ഷെറിൻ ജനാല പെട്ടന്ന് ചേർത്തടച്ചു കളഞ്ഞു.
"ഇതിനൊരു ശമനമില്ലല്ലോ.
ഈ മഴ എന്ന് തീരാനാ.."
ഷെറിൻ ഓരോ കവിൾ ചായ ആസ്വദിച്ച് കുടിച്ചും കൊണ്ട് സ്വയമെന്നോണം പറഞ്ഞു.
"മഴക്കാലമല്ലേ മോളേ ഇത്.
മഴ തുടങ്ങിയിട്ട് ഒന്നോ ഒന്നര ആഴ്ചയോ എല്ലാ ആയുള്ളൂ..
രണ്ട് മൂന്ന് മാസം നിർത്തലില്ലാതെ ഇനി പെയ്യാൻ കിടക്കുന്നതേയുള്ളൂ."
"മമ്മി വെറുതേ വേണ്ടാത്ത കാര്യം പറയല്ലേ. മമ്മി പറയുന്നത് മഴയുടെ കാതിൽ വീണിട്ടുണ്ടെങ്കിൽ ഇന്നോ നാളെയോ തോരാൻ നിൽക്കുന്ന മഴ ഈ അടുത്തകാലത്തെങ്ങും പെയ്തു തീർന്നില്ലെന്ന് വരും."
"പിന്നേടീ..
ഞാൻ പറഞ്ഞിട്ടല്ലേ മഴ പെയ്യുന്നത്.
എന്റെ മോൾ ഇന്ന് ഒരുങ്ങി ചമഞ്ഞു ഇവിടെ ഒരിരുപ്പ് ഇരിയ്ക്കയേയുള്ളൂ.
അല്ലെങ്കിൽ നോക്കിയ്ക്കോ."
"മനസമ്മത ചടങ്ങിന് വരുന്നവരെല്ലാം വല്ലാതെ ബുദ്ധിമുട്ടുമായിരിയ്ക്കുമല്ലോ കൊച്ചമ്മേ, മഴ ഇങ്ങനെ തുടരുവാണെങ്കിൽ.."
മുറി അടിച്ചുവാരാനായി ചൂലുമായി അവിടേയ്ക്ക് വന്ന വേലക്കാരി ബീന പറഞ്ഞു.
"ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ ഞാൻ നോക്കുമെടീ എന്നാ ഇവടെ പപ്പാ എന്നോടുപറഞ്ഞിട്ടുള്ളത്.. അത് എത്രത്തോളം വിലപ്പോവുമെന്ന് നമുക്ക് കണ്ടറിയാമല്ലോ."
മേരിക്കുട്ടിയ്ക്ക് മാത്രമല്ല അവരുടെ മൂത്ത മകൻ ഷാജനും മേരിക്കുട്ടിയുടെയും പീലിപ്പോസിന്റെയും ബന്ധുമിത്രാദികൾക്കും ഒന്നും വലിയ താൽപ്പര്യമില്ലായിരുന്നു ഷെറിന്റെ മനസമ്മത ചടങ്ങ് കൊടുവത്തൂരുള്ള ചെറിയ പള്ളിയിൽ വച്ചു നടത്തുന്നതിൽ.
യാതൊരു വിധ സൗകര്യവും ഇല്ലാത്ത ഈ പള്ളിയിൽ വച്ച് പത്തു നാനൂറു പേര് പങ്കെടുക്കുന്ന ഒരു ചടങ്ങ് നടക്കാൻ പോകുന്നു എന്ന് കേട്ടത് ഏവർക്കും അത്ഭുതമായിരുന്നു.
കൊടുവത്തൂരിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഇങ്ങനെ ഒരു സംഭവം.
ഇതറിഞ്ഞിട്ട് പീലിപ്പോസ് മുതലാളിയ്ക്ക് വട്ടാണെന്ന് വരെ പ്രചരിപ്പിച്ചവർ കൊടുവത്തൂർ ഉണ്ടായിരുന്നു.
ചിലരൊക്കെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വച്ച് താലി കെട്ടും, അവധി ദിവസമാണെങ്കിൽ
സ്കൂളിൽ വച്ച് അതിഥികൾക്കുള്ള സൽക്കാരവും നടത്താറുണ്ട്.
കൊടുവത്തൂരുള്ള കല്യാണങ്ങൾ മിക്കതും എല്ലാവരുടെയും സൗകര്യാർത്ഥം ഇപ്പോൾ കുളമുടി ടൗണിലെ ആരാധനാലയങ്ങളിലോ, ഓഡിറ്റൊറിയങ്ങളിലോ ആണ് നടത്തപ്പെടുന്നത്.
എന്നാൽ പീലിപ്പോസ് മുതലാളിയ്ക്ക് തന്റെ മകളുടെ മനസമ്മത ചടങ്ങ് ഈ മണ്ണിൽ വച്ച് നടത്തപ്പെടണം എന്ന് ശഠിയ്ക്കാൻ ന്യായമായ ചില കാരണങ്ങൾ ഉണ്ടായിരുന്നു.
കൊടുവത്തൂർ എന്ന ഗ്രാമം പിറവി കൊള്ളുന്നതിന് മുന്നേ ഈ കന്നി മണ്ണിൽ ആദ്യം പതിഞ്ഞ കാൽപ്പാദം തന്റെതാണ്.
തന്റെ പ്രാർത്ഥനകളും, തന്റെ ജീവിതവും ഉറവെടുത്തത് ഈ ഊഷര ഭൂവിലാണ്.
ഇവിടെ തനിയ്ക്ക് ചുറ്റിനും ഉള്ള മനുഷ്യരെല്ലാം തന്റെ കൂടപ്പിറപ്പുകളാണ്.
തന്റെ കുടുംബത്തെ ആദ്യമായി നടക്കാൻ പോകുന്ന ഈ ചടങ്ങ് കൊടുവത്തൂർ ഗ്രാമത്തിന് അവകാശപ്പെട്ടതാണ്.
ഈ നാട്ടിലുള്ള നന്മ നിറഞ്ഞ ഈ മനുഷ്യർക്ക് മദ്ധ്യേ, ഈമണ്ണിൽ ചവിട്ടി നിന്ന് വേണം ഒരു പുതു ജീവിതത്തിന് തന്റെ മകൾ സമ്മതo മൂളാൻ..
തന്റെ ചിരകാലാഭിലാഷം നടന്ന് കാണാൻ ഭാര്യയോടായാലും, മക്കളോടായാലും ഒരു വിട്ടു വീഴ്ചയ്ക്കും പീലിപ്പോസ് മുതലാളി തയ്യാറായിരുന്നില്ല.
കൊടുവത്തൂരുള്ള സർവ്വ മനുഷ്യരെയും നാടടക്കം വിളിയാണ് ചടങ്ങിലേക്ക്.
ചെറിയപള്ളിയ്ക്ക് മുൻപിൽ വിശാലമായ പന്തലും ചടങ്ങ് നടത്താനുള്ള സ്ഥലവുമൊക്കെ തയ്യാറായിക്കൊണ്ടിരിയ്ക്കുന്നതേയുള്ളൂ.
മഴയൊന്നും അവർക്ക് അതിനൊരു തടസമായിരുന്നില്ല.
അതീവ സുരക്ഷയൊരുക്കി വലിയ വള്ളങ്ങളിലാണ് അവശ്യ വസ്തുക്കളെല്ലാം കൊടുവത്തൂരിൽ എത്തിച്ചു കൊണ്ടിരിയ്ക്കുന്നത്.
പപ്പായ്ക്ക് സർവ്വ പിന്തുണയും നൽകി ഷാജനും അവന്റെ സുഹൃത്തുക്കളും കൂടെയുണ്ട്. മഴക്കാലം അല്ലായിരുന്നെങ്കിൽ അവരെല്ലാം ഒന്നിച്ചിറങ്ങി, തകർന്ന് കിടക്കുന്ന റോഡിനെ പുനരുജ്ജീവിപ്പിച്ചെടുക്കാനും ഒരു പദ്ധതി ഇട്ടിരുന്നതാണ്.
കുറച്ച് നേരമായി പെയ്തുകൊണ്ടിരുന്ന മഴയുടെ ശക്തി കുറഞ്ഞതോടെ ഷെറിൻ ഫോണെടുത്ത് ക്ളീറ്റസിനെ വിളിച്ച് ബോട്ടിനടുത്തേയ്ക്ക് വരാൻ ആവശ്യപ്പെട്ടു.
ക്ളീറ്റസ് പക്‌ഷേ ബോട്ടുമായി പുല്ലാമല കടവിൽ നിൽക്കുകയായിരുന്നു.
പത്തു മിനിറ്റിനുള്ളിൽ താൻ മറുകര എത്തിയ്ക്കോളാം എന്ന് പറഞ്ഞ ശേഷം അയാൾ കോൾ കട്ട് ചെയ്തു.
മഴ നിശേഷം മാറിയെങ്കിലും മാനം മൂടിക്കെട്ടി കിടക്കയായിരുന്നു.
അടുത്തമഴ എത് നിമിഷവും പ്രതീക്ഷിയ്ക്കാം എന്നായിരുന്നു അതിന്റെയർത്ഥം.
ഷെറിൻ ഒരു മഴക്കോട്ട് ഇട്ടും കൊണ്ട് പോർച്ചിൽ വച്ചിരുന്ന ആക്ടിവാ സ്റ്റാർട്ട് ചെയ്തു.
അതിലാണ് ഷെറിൻ കടവത്തേയ്ക്ക് പോകുന്നത്.
ആക്ടിവ അവൾ ചായക്കട നടത്തുന്ന ഗോപിയാശാന്റെ കടയോട് ചേർത്തു സുരക്ഷിതമായി വച്ചിട്ടാണ് പോവുക.
ഷെറിൻ വണ്ടി കടയുടെ ഓരം ചേർത്തു വച്ച ശേഷം
റെയിൻ കോട്ട് ഊരി മടക്കി ബോക്സിൽ നിക്ഷേപിച്ചു.
പിന്നെ അവൾ കടയുടെ മുൻവശത്തേയ്ക്ക് ചെന്നു.
കടയിൽ അഞ്ചോ ആറോ ആൾക്കാർ ചായകുടിയ്ക്കാൻ വന്നവർ ഇരിപ്പുണ്ട്.
"പുതുപ്പെണ്ണേ..
ഈ തണുത്തു വിറച്ച നേരത്ത് ഒരു ചൂട് ചായയായാലോ.. നല്ല കടുപ്പത്തിൽ, മധുരം കൂട്ടി."
കടയിൽ വന്നവർക്ക് ചായ ഒഴിച്ചുകൊണ്ടിരുന്ന ഗൗരി, ഷെറിനെ നോക്കി ചോദിച്ചു.
"വേണ്ട ചേച്ചീ. ഒന്നിപ്പോൾ കഴിഞ്ഞതേയുള്ളൂ.
മമ്മീടെ കൈകൊണ്ട്...
എല്ലാർക്കും സുഖമാണോ ചേച്ചീ..."
ഷെറിൻ അവിടെ നിന്നുകൊണ്ട് തിരക്കി.
"സുഖം..."
"ഗോപിയാശാൻ എവിടെ ചേച്ചീ.."
ഷെറിൻ ചോദിച്ചു.
"ഇതിന്റുള്ളിലുണ്ട്. കുറച്ച് പൊരിപ്പിനുള്ള സാധനങ്ങൾ അരച്ചെടുത്തോണ്ടിരിയ്ക്കുവാ."
"പോട്ടെ ചേച്ചീ. എനിയ്ക്കൊരു കൂട്ടുകാരിയെ കാണാനുണ്ട്..
ഒന്ന് രണ്ട് ഐറ്റംസും വാങ്ങണം. ക്ളീറ്റസ് ഇപ്പോൾ ബോട്ട് സ്റ്റാർട്ട് ചെയ്തിട്ടു നിൽക്കുവാരിയ്ക്കും..
മറക്കല്ലേ ചേച്ചീ ചടങ്ങിന്റെ കാര്യം."
ഷെറിൻ ഓർമപ്പെടുത്തി.
"മറക്കാനോ. കൊള്ളാം..
ഞങ്ങളെല്ലാം കാത്തിരിയ്ക്കുവല്ലേ.. അപ്പോഴാണോ മറക്കുന്നത്."
ഗൗരി സന്തോഷത്തോടെ പറഞ്ഞു.
ഷെറിൻ കടവത്തേയ്ക്ക് നടന്നു പോയി.
"പീലിപ്പോസ് മുതലാളിയുടെയും, കൊച്ചമ്മയുടെയും സ്വഭാവം വരച്ചു വച്ചേക്കുവാ ഈ കൊച്ചിന്. അല്ലേ.."
ഷെറിൻ നടന്നു പോകുന്നത് നോക്കികൊണ്ട് ചിന്നമ്മ എന്ന സ്ത്രീ പറഞ്ഞു.
അവർക്ക് കാഴ്ചയ്ക്ക് അത്ര തിട്ടം പോരാഞ്ഞിട്ട് ഇടയ്ക്കിടെ കണ്ണുകൾ ചുളുക്കി നോക്കുന്നുണ്ടായിരുന്നു.
"ആ ഷാജനെ അപേക്ഷിച്ച് എന്തോരം തങ്കപ്പെട്ട സ്വഭാവമാ ഈ കൊച്ചിന്റെ.
ജാടയോ പത്രാസോ അതിന്റെ ഏഴയലത്ത്‌കൂടെ പോയിട്ടില്ല.
പെൺപിള്ളേരായാൽ ഇങ്ങനെ വേണം.."
"അതിനേ കെട്ടാൻ പോകുന്ന ചെക്കന്റെ ഭാഗ്യം എന്ന് പറഞ്ഞേച്ചാൽ മതി. ഇക്കാലത്ത് മഷിയിട്ട് നോക്കിയാൽ കാണാൻ പറ്റുവോ ഇതുപോലൊരു പെങ്കൊച്ചിനെ..
ഇല്ലായ്മയിലാ കഴിയുന്നതെങ്കിലും അഹന്തയും തണ്ടും തലയ്ക്ക്പിടിച്ച പിള്ളേരല്ലേ ഇന്നുള്ളത്.."
ഷെറിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ അങ്ങിനെ പോകവേ മണിയൻ എന്ന ചെറുക്കൻ അലറി നിലവിളിച്ചും കൊണ്ട് അവിടേയ്ക്ക് ഓടിവന്നു.
ഗൗരിയുടെ കടയിലേക്ക് വിറകു കൊണ്ട് വരുന്നതും, അവൾക്ക് വേണ്ട മറ്റു സഹായങ്ങളൊക്കെ ചെയ്തുകൊടുക്കുന്നതും മണിയനാണ്.
മഴയില്ലെങ്കിൽ അവൻ ഗൗരിയുടെ കട വരാന്തയിൽ കിടന്നാണ് രാത്രിയുറക്കം.മഴയാണെങ്കിൽ അവൻ ഉറങ്ങാനായി സ്കൂളിലേക്ക് പോകും.
"എന്താടാ മണിയാ..
എന്തിനാ നീ നിന്ന് വിറയ്ക്കുന്നത്.."
കടയിൽ നിന്ന് ഒന്നുരണ്ട് പേർ പുറത്തേക്കിറങ്ങി വന്ന് അവനോട് ചോദിച്ചു.
പതിനാലോ, പതിനഞ്ചോ വയസ്സ് പ്രായമുള്ള അവന്റെ കാൽ മുട്ടുകൾ തമ്മിൽ കൂട്ടിയിടിയ്ക്കുന്നുണ്ടായിരുന്നു.
"അവിടെ.. അവിടെ.. താത്രിക്കടവിൽ ഒരു മനുഷ്യൻ..."
ഓടിപ്പാഞ്ഞു വന്ന കിതപ്പിനിടയിൽ അവൻ താഴെയുള്ള കടവത്തേയ്ക്ക് വിരൽ ചൂണ്ടി
"മനുഷ്യനോ..
നിനക്കെന്താടാ നിന്നെ ആരെങ്കിലും പേടിപ്പിച്ചോ.."
നാരായണന്റെ ഭാര്യ രാധമ്മ അവന്റെ അടുത്തേയ്ക്ക് വന്ന് കൊണ്ട് തിരക്കി.
"അല്ല ചേച്ചീ..
ആറ്റു വെള്ളത്തിൽ ഒരാൾ..
അയാളവിടെ ചത്ത് കിടക്കുവാ.."
പേടിപ്പെടുത്തുന്ന എന്തോ കണ്ടത് പോലെ അവന്റെ കണ്ണുകൾ വിറച്ചു.
"ചത്തു കിടക്കുന്നോ.
നീ പോടാ മണിയാ.
നിനക്ക് വെറുതേ തോന്നിയതാവും. ഒഴുക്കിൽ പെട്ട് ആരുടെയോ ഷർട്ടോ മുണ്ടോ വന്ന് കരയോട് ചേർന്ന് കിടക്കുന്നതാ.
അല്ലാതെ ഇവിടാരും ഒഴുക്കിൽ പെട്ടതായിട്ട് അറിയില്ലല്ലോ.."
"സത്യമായിട്ടുംഞാൻ കണ്ടതാ ഗൗരി ചേച്ചീ.."
താൻ പറഞ്ഞത് ആരും വിശ്വസിയ്ക്കുന്നില്ലെന്ന് കണ്ടപ്പോൾ അവൻ ഗൗരിയ്ക്ക് നേരെ തിരിഞ്ഞു.
"ഞാനവിടെ പാലേടെ കീഴിലിരുന്നു ചൂണ്ടയിടുവാരുന്നു. കൊത്തൊന്നും ഉണ്ടാവാഞ്ഞിട്ട് ഞാൻ താത്രി കടവിലേക്ക് പോയി.
അവിടെ ചെന്ന് ചൂണ്ടഎറിയാൻ തുടങ്ങുമ്പോഴാ ഞാൻ കണ്ടത്. ഒരു കയ്യിങ്ങനെ വെള്ളത്തിന് മേലേക്ക് പൊങ്ങി നിൽക്കുന്നു.."
അവൻ ആ രംഗം കണ്മുമ്പിൽ കാണുകയാണെന്ന് ഗൗരിയ്ക്ക് തോന്നി.
"അച്ഛാ.. ഇത് അങ്ങനങ്ങു തള്ളി കളയാൻ പറ്റുമോ.
നമുക്കൊന്ന് പോയി നോക്കിയാലോ..."
ഗൗരി കടയുടെ പുറത്ത് നിന്ന് മണിയൻ ചൂണ്ടിക്കാണിച്ച കടവിലേക്ക് നോക്കി.
അതിനും താഴെയാണ് സ്ത്രീകൾ കുളിയ്ക്കുന്ന കുളിക്കടവ്.
"വെറുതേ പൊല്ലാപ്പൊന്നും പിടിയ്ക്കാൻ നിൽക്കണ്ട ഗൗരീ.
ഇവൻ പറഞ്ഞത് നേരാണെങ്കിൽ ഈ ഒഴുക്കിൽ അത്അവിടൊന്നും തടഞ്ഞു നിൽക്കില്ല.
ഇപ്പോൾ താഴേയ്ക്ക് ഒഴുകിപോയിട്ടുണ്ടാവും.
നമ്മള് പോയി നോക്കിയാൽ ഇനി മെമ്പറേ വിളിയ്ക്കണം, പോലീസിൽ അറിയിയ്ക്കണം, അവരുടെയെല്ലാം ചോദ്യം ചെയ്യൽ നേരിടണം.
എന്തിനാ വെറുതേ..
നമ്മൾ കണ്ണൊന്നടച്ചു നിന്നാൽ അതൊഴുകി അതിന്റെ വഴിയ്ക്ക് പൊയ്ക്കോളും.."
കുഞ്ഞച്ചൻ പറഞ്ഞു.
"അത് ശരിയല്ല കുഞ്ഞച്ചായാ..
ഒരു മനുഷ്യനെ വെള്ളത്തിൽ കാണാതായിട്ടുണ്ടെങ്കിൽ അയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ എവിടെങ്കിലും ഒക്കെ നടക്കുന്നുണ്ടാവും. നമ്മൾ വിവരം പോലീസിൽ അറിയിച്ചാൽ അവർക്ക് അതൊരു സഹായംആയേക്കും."
ഗൗരി പറയുന്നതാണ് ശരി എന്ന് തോന്നിയിട്ട് അവരെല്ലാവരും ചേർന്ന് മണിയനെയും കൂട്ടി അവൻ മനുഷ്യന്റെ ബോഡി കണ്ടു എന്ന് പറഞ്ഞ സ്ഥലത്തേക്ക്പോയി.
താത്രി ക്കടവിൽ കര തൊട്ട് കല്ലാർ കൂലം കുത്തി ഒഴുകിക്കൊണ്ടിരിയ്ക്കുകയാണ്.
ഒരു കാട്ടാന വീണാൽ പോലും നിമിഷ നേരം കൊണ്ട് ആ ഒഴുക്കിൽ ആന കിലോമീറ്റർ ദൂരം എത്തുമെന്ന് അവർക്കെല്ലാം തോന്നി.
"എവിടാടാ പന്നീ..."
അവിടെ നോക്കിയിട്ട് യാതൊന്നും കാണാഞ്ഞ് ഗോപിയാശാന് ദേഷ്യം വന്നു.
'"ഇവിടുണ്ടായിരുന്നു..
ഇവിടാ ഞാൻ കണ്ടത്.. "
അവൻ താനാ കാഴ്ച കണ്ട സ്ഥലം അവർക്ക് മുൻപിൽ ചൂണ്ടിക്കാട്ടി.
"ദാ കണ്ടോ എന്റെ ചൂണ്ട..
ഞാൻ ഇവിടിരുന്നാ ചൂണ്ടയിടാൻ തുടങ്ങിയത്.."
അവൻ താൻ കൊണ്ട് വന്ന ചൂണ്ടയും ഇര വച്ചിരുന്ന കവറും എടുത്ത് അവരെയെല്ലാം കാണിച്ചു.
"അവന്റെ തലയ്ക്കൊന്നു കൊടുത്തേരെ ആശാനേ..
അവൻ ചൂണ്ടയിടാൻ വന്ന സ്ഥലം ചൂണ്ടിക്കാണിയ്ക്കുന്നു..
ഇത് പൊട്ടനല്ല മരപ്പൊട്ടനാ.
ഇവന്റെ വാക്കും കേട്ട് ചാറ്റൽ മഴ നനഞ്ഞ നമ്മളെ പറഞ്ഞാൽ മതി."
അവരെല്ലാം തിരികെ നടന്നു തുടങ്ങിയപ്പോൾ ഗൗരി അവന്റെ അടുത്തേയ്ക്ക് ചെന്നു.
"നീ അത് കണ്ടെന്നു പറഞ്ഞത് നേരാണോടാ.."
അവൾ ചോദിച്ചു.
"സത്യമാ ചേച്ചീ.
ഞാൻ കണ്ടതാ. കണ്ടു ഞാൻ പേടിച്ച് പോയി.
കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു."
അവൻ താൻ പറയുന്നത് കള്ളമല്ലെന്ന അർത്ഥത്തിൽ കണ്ണുകൾ തുടച്ചു.
"ചിലപ്പോൾ അതൊഴുകി താഴേയ്ക്ക് പോയിട്ടുണ്ടാകും. നീയിങ്ങു പോര്. ഇനിയിവിടെ നിൽക്കണ്ട.."
ഗൗരി അവനെയും കൂട്ടി തിരിഞ്ഞു നടക്കാൻ തുടങ്ങിയതേയുള്ളൂ.
അടിയൊഴുക്കിൽ നിന്ന് വലിയൊരു വാക മീൻ വെള്ളത്തിന് മുകളിലേക്ക് കുതിച്ചുയർന്ന് അന്തരീക്ഷത്തിൽ ചുര മാന്തിയ ശേഷം തിരികെ വെള്ളത്തിലേക്ക് വീഴുന്ന പോലെ ഒരൊച്ച അവർ കേട്ടു.
ഗൗരിയും മണിയനും പേടിച്ച് പോയി.
വെള്ളത്തിനടിയിൽ എന്തോ ഒരിളക്കം കണ്ട് ഗൗരി തിരിഞ്ഞു അച്ഛാ എന്ന് വിളിച്ചു.
ഗൗരിയുടെ വിളികേട്ട് മുൻപോട്ട് നടന്നു പോയവർ തിരിച്ചോടി അവളുടെ അടുത്തേയ്ക്ക് വന്നു.
"എന്താ മോളേ..
എന്തിനാ നീ നിലവിളിച്ചത്.."
അവരെല്ലാം ഒരേ സ്വരത്തിൽ അവളോട് ചോദിച്ചു.
ഗൗരി ഭീതിയോടെ മണിയൻ താൻ ശവംകണ്ടു എന്ന് പറഞ്ഞ സ്ഥലത്തേക്ക് വിരൽ ചൂണ്ടി.
വെള്ളം തിളച്ച് മറിയും പോലെ ആറ്റു വെള്ളം വകഞ്ഞു മാറ്റി ബലിഷ്ട്ടമായഒരു കൈ വെള്ളത്തിനടിയിൽ നിന്ന് മുകളിലേക്ക് ഉയർന്നു വന്നു.
തീരത്തെ കാട്ടു വള്ളികളിൽ പിടുത്തമിട്ട് ആ കൈ പെട്ടന്ന് നിശ്ചലമായി.
"അതൊരു മനുഷ്യനാ. ജീവനുണ്ടെന്ന് തോന്നുന്നു.."
ഉയർന്ന് വന്ന ആ കയ്യിൽ പിടിയ്ക്കാനായി കുഞ്ഞച്ചൻ മുന്നോട്ട് ആഞ്ഞപ്പോൾ വെള്ളം ഇറങ്ങിപോയതീരത്ത് അടിഞ്ഞ ചെളിയിൽ ചവിട്ടി അയാൾ നിലത്തേയ്ക്ക് വീണു.
കുഞ്ഞച്ചൻ തെന്നി ആറ്റിലേക്ക് വീഴാതിരിയ്ക്കാനായി ഗൗരി പെട്ടന്ന് കുനിഞ്ഞ് അയാളെ വലിച്ച് മാറ്റി.
(തുടരും)
#📔 കഥ