Failed to fetch language order
📚 ട്വിസ്റ്റ് കഥകൾ
66K Posts • 764M views
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6a4w4949?d=n&ui=v64j8rk&e1=c" അങ്ങനെ ആരെങ്കിലും ഫോൺ എടുത്തത് ആണെങ്കിൽ അത് ഇവിടെയുള്ള ആരെങ്കിലും കാണില്ലേ?ഭർത്താവില്ലാത്ത ദിവസം നോക്കി ഇവൾ ഹരിയേട്ടന് മെസ്സേജ് അയക്കാൻ നോക്കിയത് ആയിക്കൂടെ?" " ആര് കാണാനാ ? അമ്മയും അച്ഛനും ആമി കിടക്കുന്ന സമയത്തു തന്നെ കിടക്കും. പിന്നെ ഹരിക്കു രണ്ടാഴ്ചയായി നൈറ്റ് ആയിരുന്നു. ഞാനും ഇല്ലായിരുന്നു. പിന്നെ നിങ്ങൾ രണ്ടു പേരുമാണ്.. നിങ്ങളാണ് ചെയ്തതെങ്കിൽ നിങ്ങൾ സമ്മതിക്കുമോ?" ആതിയും ശ്രീകുട്ടിയും അവന്റെ ചോദ്യത്തിന് മുന്നിൽ ഒന്ന് പതറി. അതു ഹരിയും ദേവനും ഒരു പോലെ ശ്രദ്ധിക്കുകയും ചെയ്തു. പക്ഷെ പെട്ടെന്ന് തന്നെ ആതി സംയമനം വീണ്ടെടുത്തു " ഓഹോ.. അപ്പൊ താൻ ഇവൾ ചെയ്ത കുറ്റം എന്റെ തലയിൽ കെട്ടി വയ്ക്കൻ നോക്കുവാണോ ? അത് എന്തായാലും നടക്കില്ല" " ഞാൻ ആരുടേയും തലയിൽ ഒന്നും വയ്ക്കാൻ നോക്കുന്നില്ല. ഞാൻ പറഞ്ഞത് നിങ്ങൾ പറയുന്നതിലെ ചില പൊരുത്തക്കേടുകൾ മാത്രമാണ്" "എന്ത് പൊരുത്തക്കേട്?" " അതായതു ഹരി ഒട്ടും ഉപയോഗിക്കാത്ത ഫോണിലേക്കാണ് മെസ്സേജ് അയച്ചിരിക്കുന്നതു. ഹരി കാണാൻ ആണെങ്കിൽ അവൻ സാധാരണ ഉപയോഗിക്കുന്നതിലേക്കല്ലേ അയക്കേണ്ടത്?" " അത്... അത്.. അത് ചിലപ്പോ ഞാൻ കാണുമെന്നു കരുതീട്ടാവും " ആതി ചാടിക്കേറി പറഞ്ഞു. " ആമിയാണോ വേറെ ആരെങ്കിലും ആണോ ചെയ്തതെന്ന് എങ്ങനെ അറിയാന?" ഹരി ചോദിച്ചു. " പ്രത്യേകിച്ചൊന്നും അറിയാനില്ല. ഇവള് തന്നെയാ" ആതി ദേഷ്യത്തോടെ ആമിയെ നോക്കി പറഞ്ഞു. ദേവൻ പക്ഷെ അപ്പോൾ എന്തോ ആലോചനയിലായിരുന്നു. കുറച്ചു നേരത്തെ ആലോചനക്ക് ശേഷം അവൻ പറഞ്ഞു " സത്യം കണ്ടു പിടിക്കാൻ ഒരു വഴിയുണ്ട്" എല്ലാവരും ആകാംഷയോടെ അവന്റെ മുഖത്തേക്ക് നോക്കി. ആതിയും ശ്രീകുട്ടിയും മുഖാമുഖം നോക്കി. ദേവൻ തുടർന്നു " വഴി ഞാൻ പറയാം.. പക്ഷെ ഒരു കണ്ടീഷൻ ഉണ്ട്.. ഇതാര് ചെയ്തതാണെങ്കിലും ഒരു മോശം പ്രവർത്തിയാണ്.. ആതി പറഞ്ഞ പോലെ ഈ വീട്ടിൽ പിന്നെ അയാൾ ഉണ്ടാവാൻ പാടില്ല.സത്യം പുറത്തു വരുമ്പോൾ ആമിയാണ് കുറ്റക്കാരിയെങ്കിൽ ആമിയെ ഞാൻ ഇവിടുന്നു പറഞ്ഞു വിടാം.. മറിച്ചു വേറെ ആരെങ്കിലും ആണെങ്കിൽ അവർ ഇറങ്ങണം. സമ്മതമാണോ?" എല്ലാവരും പരസ്പരം നോക്കി. " സമ്മതമാണ്" രവിശങ്കറും ഹരിയും ഒരേ സ്വരത്തിൽ പറഞ്ഞു. " ഇനി പറ.. എങ്ങനെ അറിയും ആരാണ് കുറ്റക്കാരെന്നു?" " ആമി സാധാരണ മൊബൈൽ ഞങ്ങളുടെ മുറിയിൽ മേശയുടെ മുകളിൽ വച്ചാണ് ഉറങ്ങാറ്. ഞങ്ങളുടെ മുറി ഹാളിനോട് ചേർന്നായതു കൊണ്ട് ആരെങ്കിലും രാത്രി അവളുടെ മൊബൈൽ എടുത്തിട്ടുണ്ടെങ്കിൽ ഹാളിലൂടെ പോകാതെ പറ്റില്ല. " " പക്ഷെ അതെങ്ങനെ അറിയും?" "അച്ഛന് ഓർമ്മയുണ്ടോ.. ഞങ്ങളുടെ കല്യാണ സമയത്തു ഇവിടെ പണിക്കാരെ നിർത്തിയത്.. പെയിന്റ് അടിക്കാനും മറ്റുമായി." രവിശങ്കർ ഓര്മയുണ്ടെന്നു തലയാട്ടി "ആ സമയത്തു നമ്മളുടെ ഹാളിൽ ഇരുന്ന കുറച്ചു സാധനങ്ങൾ കളഞ്ഞു പോയില്ലേ? ആരാണെന്നു കാണാത്തതു കൊണ്ട് അന്ന് അത് തിരിച്ചു കിട്ടിയതുമില്ല. നമ്മളാരും പകൽ വീട്ടിലില്ലാത്ത കൊണ്ട് സിറ്ഔട്ടിൽ ലും ഹാളിലുമായി രണ്ടു ക്യാമെറകൾ വച്ചിരുന്നു. അതിപ്പോഴും അവിടെ തന്നെ ഇല്ലേ .. നമ്മൾ പിന്നെ അത് മാറ്റാനൊന്നും പോയില്ലലോ?? അതിന്റെ റെക്കോർഡിങ് എടുത്തു നോക്കിയാൽ പോരെ?" രവിശങ്കറിന്റെ മുഖം തെളിഞ്ഞു. ശരിയാണ്.. അവൻ പറയുന്നത്. ഹരി സംശയ ഭാവത്തിൽ ദേവനെ ഒന്ന് നോക്കിയെങ്കിലും ഒന്നും മിണ്ടിയില്ല. ആമിക്കു സമാധാനമായി. ആതിയോ ശ്രീകുട്ടിയോ ആരോ തന്റെ ഫോൺ എടുത്തിട്ടുണ്ട്. അതാരാണെന്ന് തെളിയുമല്ലോ. ദേവൻ വെറുതെ പറയുന്നതാണൊന്നു ആതിക്കു സംശയം തോന്നി. അവൾ ശ്രീകുട്ടിയെ നോക്കി. ഏതോ ഭൂതത്തെ കണ്ട പോലുള്ള അവളുടെ നിൽപ് കണ്ടപ്പോൾ രംഗം അത്ര പന്തിയല്ലാന്നു ആതിക്കു മനസിലായി. " എന്ന പിന്നെ അതെടുത്തു നോക്കാം..പ്രശ്നത്തിന് തീരുമാനമാവട്ടെ" ജാനകി പറഞ്ഞു.ആതിയുടെ നെഞ്ചിടിപ്പ് കൂടി. അത് പരിശോധിച്ചാൽ താനും ശ്രീകുട്ടിയും രാത്രി ആമിയുടെ മുറിയിൽ പോകുന്നത് അതിൽ കാണും. അതോടെ ഹരിയേട്ടൻ തന്നെ ഇവിടുന്നു പുറത്താക്കുകയും ചെയ്യും. ശ്രീകുട്ടിക്കു ആണെങ്കിൽ തല കറങ്ങുന്നതു പോലെ തോന്നി. ഹാളിൽ കാമറ ഉണ്ടെന്ന കാര്യം താൻ ഓർത്തില്ല. ഇപ്പോൾ അത് പരിശോധിക്കുമ്പോൾ താനും ആതിയേച്ചിയും കൂടെയാണ് എല്ലാം ചെയ്തതെന്ന് തെളിയും. പിന്നെ രണ്ടു പേരുടെയും കാര്യം പോക്കാണ്. ഇറക്കി വിടും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ആതിയേച്ചിക്ക് പോകാൻ വീടെങ്കിലും ഉണ്ട്.. തനിക്കോ.. ഒന്നും വേണ്ടായിരുന്നു..ആമിയേച്ചിയെ പുറത്താക്കാൻ ഇറങ്ങിട്ടു ഇപ്പോൾ താൻ തന്നെ സ്വന്തം വീട്ടിൽ നിന്ന് പുറത്താവുന്ന അവസ്ഥയാണ്. .എന്തായാലും ക്യാമറയിൽ തങ്ങളുടെ കള്ളത്തരം പിടിക്കപ്പെടും. പിന്നീടുള്ള തന്റെ അവസ്ഥ ഓർക്കാനേ വയ്യ. സ്വന്തം ഭാര്യയെ പറ്റി ഇങ്ങനെയൊരു അപവാദം പടച്ചുണ്ടാക്കിയതിനു ദേവേട്ടൻ തന്നെ കൊല്ലും.. അച്ഛനും അമ്മയും ഹരിയേട്ടനും ഇക്കാര്യത്തിൽ ദേവേട്ടന്റെ ഭാഗത്തെ നിൽക്കൂ.. അവരായിട്ടു കണ്ടു പിടിക്കുന്നതിനു മുന്നേ താനായിട്ടു പറയുന്നതായിരിക്കും ഭേദം. ഹരിയേട്ടന്റെ അടുത്തേക്ക് മാറി നിൽക്കാം.. കുറച്ചെങ്കിലും ദയ അവിടുന്ന് മാത്രമേ പ്രതീക്ഷിക്കാനുള്ളു.. അവൾ പതിയെ ഹരിയുടെ അടുത്തേക്ക് മാറി നിന്നു . എന്നിട്ടു എല്ലാവരും കേൾക്കെ പറഞ്ഞു " എനിക്ക് ഒരു കാര്യം പറയാനുണ്ട്" എല്ലാവരും അവളുടെ മുഖത്തേക്ക് നോക്കി. ആതി എന്ത് ചെയ്യണമെന്നറിയാതെ നിൽപ്പാണ്. " അത്.. എനിക്കും ആതിയേച്ചിക്കും ഒരു അബദ്ധം പറ്റിയതാണ്.. എല്ലാവരും ഞങ്ങളോട് ക്ഷമിക്കണം." രവിശങ്കർ തന്റെ മകളുടെ മുന്നിലേക്ക് നീങ്ങി നിന്നു . " നിങ്ങളാണോ ഈ മെസ്സേജിന് പിന്നിൽ?" അവൾ തല കുനിച്ചു നിൽക്കുകയാണ്. എന്നാലും തലയാട്ടി. " എന്തിനാ നിങ്ങൾ അങ്ങനെ ചെയ്തത്?" " അത്.. ആമിയേച്ചിയെ ഇവിടുന്നു പറഞ്ഞു വിടാൻ ഗീത അമ്മായി പറഞ്ഞിട്ടു..." പറഞ്ഞു തീരുന്നതിനു മുന്നേ തന്നെ കരണം പുകച്ചു ഒന്ന് കിട്ടി അവൾക്കു. " അത് കേട്ട ഉടനെ തന്നെ നീ ഇറങ്ങി പുറപ്പെട്ടു അല്ലെ? സ്വന്തം ചേട്ടന്റെ ജീവിതമാണ് നശിക്കുന്നത് എന്ന് പോലും ഓർക്കാതെ..." അയാൾ ദേഷ്യം കൊണ്ട് നിന്ന് വിറച്ചു. ശ്രീക്കുട്ടി വല്ലാതെ ഭയന്ന് പോയി. അച്ഛനെ ഇത്രയും ദേഷ്യത്തിൽ ആദ്യമായാണ് അവൾ കാണുന്നത്. " അപ്പോൾ ഇനി ഒരു കാര്യം ചെയ്യൂ.. ഗീത അമ്മായി പറയുന്നതല്ലേ എന്റെ മോൾക്ക് വേദവാക്യം.. അപ്പോൾ ഇനി അവിടെ തന്നെ കൂടിക്കോ.." ശ്രീക്കുട്ടി കരഞ്ഞു കൊണ്ട് ദയനീയമായി എല്ലാവരെയും നോക്കി. ആരുടെ കണ്ണുകളിലും ദയ കാണാൻ സാധിച്ചില്ല. അതോടെ എല്ലാ നിയന്ത്രണവും വിട്ടു അവൾ പൊട്ടിക്കരഞ്ഞു. " സോറി.. അച്ഛാ.. സോറി .. അമ്മെ.. ഹരിയേട്ടാ.. ദേവേട്ടാ..ഇനി ഞാൻ ഇങ്ങനെ ഒന്നും ചെയ്യില്ല.. ഈ ഒരൊറ്റ തവണ പ്ലീസ്" അവൾ കരയുന്ന കണ്ടപ്പോൾ എല്ലാവര്ക്കും വിഷമമായി. വീട്ടിലെ ഏറ്റവും ഇളയതായതു കൊണ്ട് പുന്നാരിച്ചു വളർത്തിയതാണ്.. അവളുടെ മനസ്സ് വിഷമിച്ചാൽ നന്ദനത്തിൽ എല്ലാവര്ക്കും പൊള്ളും . അത് കൊണ്ട് തന്നെ പിന്നെയൊന്നും പറയാതെ രവിശങ്കർ മുറിയിലേക്ക് പോയി. അചൻ പോയിക്കഴിഞ്ഞപ്പോൾ ഹരി ആതിക്കു നേരെ തിരിഞ്ഞു. ആതി പേടിച്ചു ഒരടി പിറകോട്ടു വച്ച്. " ഞാൻ നിന്നെ തല്ലാനൊന്നും പോവുന്നില്ല." അത് കേട്ടപ്പോൾ അവൾക്കു കുറച്ചു ആശ്വാസമായെങ്കിലും അവന്റെ അടുത്ത വാക്കുകൾ കേട്ടപ്പോൾ ഉണ്ടായ ആശ്വാസമെല്ലാം ആവിയായി. " ശ്രീകുട്ടിയെ ഇതിലേക്ക് വലിച്ചിട്ടത് നീയാണെന്നു എനിക്കറിയാം. ഈ വീട്ടിലുള്ളവരെ തമ്മിൽ തല്ലിക്കാനും വഴിതെറ്റിക്കാനും ശ്രമിക്കുന്നവർ ഇനി ഇവിടെ വേണ്ട. നീനയെ 'അമ്മ പറയുന്നത് മാത്രമല്ലെ നീ കേൾക്കു.. അമ്മ പറയുന്നതും കേട്ട് പുന്നാര മോൾ ഇനി അമ്മയുടെ കൂടെ വീട്ടിൽ തന്നെ നിന്നോ.. നിന്റെ സാധനങ്ങളൊക്കെ പാക്ക് ചെയ്തോ.. പോകാൻ നിന്റെ വീട്ടിനു തന്നെ ഒരു കാറും തന്നിട്ടുണ്ടല്ലോ.. അതും കൊണ്ട് പൊയ്ക്കോ" ആതി ഇത്തവണ ശരിക്കും കരച്ചിലായി. കാര്യങ്ങൾ കൈ വിട്ടു പോകുകയാണെന്ന് തോന്നിയപ്പോൾ ജാനകി ഹരിയെ അനുനയിപ്പിക്കാൻ ശ്രമിച്ചു " മോനെ.. ഹരി.. അവൾക്കു ഒരു അബദ്ധം" " 'അമ്മ ഇവളുടെ വക്കാലത്തു പിടിച്ചോണ്ട് വരണ്ട..ഞാൻ ഇപ്പോൾ ഒന്ന് പുറത്തേക്കു പോവാണ് . ഞാൻ വരുമ്പോൾ നിന്നെ ഇവിടെ കാണരുത്. അങ്ങനെ കണ്ടാൽ പിന്നെ നിന്നെ ഞാൻ ഇവിടുന്നു അടിച്ചിറക്കേണ്ടി വരും" അതും പറഞ്ഞു മറ്റാർക്കെങ്കിലും എന്തെങ്കിലും പറയാൻ സാധിക്കുന്നതിനു മുന്നേ തന്നെ അവൻ അവിടെ നിന്ന് പോയി.ദേവനും തന്റെ മുറിയിലേക്ക് പോയി. ശ്രീകുട്ടിയെ ജാനകി തങ്ങളുടെ മുറിയിലേക്ക് വിളിച്ചു കൊണ്ട് പോയി. അവൾക്കു ഇന്ന് നല്ലതു കിട്ടുമെന്ന് അറിയാവുന്നതു കൊണ്ട് വിറക്കുന്ന കാലടികളോടെ അവൾ അവർക്കൊപ്പം ചെന്നു . മുറിയിൽ ആതിയും ആമിയും തനിച്ചായി. സങ്കടവും ദേഷ്യം ഇടകലർന്ന ഭാവത്തിൽ ആമി ആതിയെ നോക്കിട്ടു മുറി വിട്ടിറങ്ങി. തന്റെ മുറിയിലേക്ക് പോകാൻ തോന്നാത്തത് കൊണ്ട് അവൾ പുറത്തിറക്കിറങ്ങി. മനസ്സൊന്നു തണുക്കട്ടെ. ആമിയും പോയിക്കഴിഞ്ഞപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ആതി മുറിയിൽ നിന്നു . സാധനങ്ങൾ പാക്ക് ചെയ്യാനാണ് ഹരിയേട്ടൻ പറഞ്ഞതു. ആമി ഇന്നത്തോടെ നന്ദനത്തിൽ നിന്ന് പോകുമെന്ന് കരുതിയിട്ടു താനാണ് പോകുന്നത്. എല്ലാം തുലച്ചത് ദേവനും ശ്രീകുട്ടിയുമാണ്. ക്യാമറ ഉണ്ടെന്ന കാര്യം അവൾ ഓർത്തു പറഞ്ഞിരുന്നെങ്കിൽ തങ്ങൾ ഇങ്ങനെ പിടിക്കപെടില്ലായിരുന്നു. അത് പോലെ തന്നെ ആ ദേവൻ.. തന്റെ കാര്യങ്ങളൊന്നും നോക്കാത്ത ഭാര്യയോട് അവനു ദേഷ്യമാവുമെന്നാണ് കരുതിയത്..മെസ്സേജുകൾ കാണുമ്പോഴേ അവളെ കുറ്റപ്പെടുത്തുമെന്നും പുറത്താക്കുമെന്നും കരുതി...പക്ഷെ തന്നെ ഞെട്ടിച്ചു കൊണ്ട് അവൻ അവളുടെ കൂടെ നിന്നു . അത് കൊണ്ടാണ് സത്യം പുറത്തു വന്നത്. എന്ത് ചെയ്യണമെന്ന് അറിയാതെ അവൾ അമ്മയെ വിളിച്ചു. തന്റെ പ്ലാനുകൾ തന്റെ മകൾക്കു തന്നെ വിനയായി എന്ന് മനസിലായപ്പോൾ ഗീതക്കും എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ജാനകിയെ തിരിഞ്ഞു നോക്കി മടിച്ചു മടിച്ചു ആതി കാറുമെടുത്തു നന്ദനത്തിൽ നിന്ന് യാത്രയായി. പോകാൻ മടിച്ചു കരഞ്ഞു കൊണ്ടിരുന്ന ആതിയെ ഹരി ഒന്ന് തണുക്കുന്നത് വരെ വീട്ടിൽ പോയി നില്ക്കാൻ പറഞ്ഞു ജാനകി പരഞ്ഞു വിടുകയായിരുന്നു. അവന്റെ ദേഷ്യം മാറുമ്പോൾ അവനെ അങ്ങ് പറഞ്ഞു വിടാം എന്ന് പറഞ്ഞു ആശ്വസിപ്പിച്ചാണ് വിട്ടത്. പക്ഷെ എന്നാലും ജാനകിക്കു ഉള്ളിൽ നല്ല പേടി ഉണ്ടായിരുന്നു.ദേവനെ പോലെ അല്ല ഹരി..ദേവന് പെട്ടെന്ന് ദേഷ്യം വരും..അത് പെട്ടെന്ന് തണുക്കുകയും ചെയ്യും. എന്നാൽ ഹരിക്കു ദേഷ്യം വരാൻ ഭയങ്കര പാടാണ് . പക്ഷെ ദേഷ്യമായാൽ പിന്നെ തണുപ്പിക്കണമെങ്കിൽ ഭയങ്കര പാടുമാണ്. അവനെ തണുപ്പിക്കാൻ കഴിയുന്ന ഒരാളെ ഈ വീട്ടിൽ ഉള്ളു. ആ ആളുടെ സഹായം തന്നെ തേടാൻ ജാനകി തീരുമാനിച്ചു. ആതിയുടെ കാര് ഗേറ്റ് കടന്നു പോകുന്നത് ആമി വീടിനു മുന്നിലെ പൂന്തോട്ടത്തിൽ ഇരുന്നു കണ്ടു.ഭംഗിയായി വളർത്തുന്ന പൂക്കളുടെ ഇടയിൽ ഇരിക്കുമ്പോഴും മനസ്സാകെ നീറുന്നു. ആതിയുടെയും ശ്രീകുട്ടിയുടെയും ഭാഗത്തു നിന്ന് ഇങ്ങനൊരു ചതി സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല. തന്റെ സ്വഭാവശുദ്ധിയെ ചോദ്യം ചെയ്യുന്ന പോലത്തെ ഒരു കുരുക്ക് .. അതും പറഞ്ഞു കൊടുത്തത് മകളുടെ സ്ഥാനത്തു തന്നെ കാണേണ്ട ചെറിയമ്മ തന്നെ. ഇവരോടൊക്കെ എന്ത് ദ്രോഹമാണ് താൻ ചെയ്തത്.. സത്യം പുറത്തു വന്നിലായിരുനെങ്കിൽ അപ്പച്ചിയുടേം ഹരിയേട്ടന്റെയുമൊക്കെ മുന്നിൽ ഭർത്താവിനെ മറന്നു ഭർതൃസഹോദരനെ തേടി പോയ വൃത്തികെട്ടവൾ ആയി പോകുമായിരുന്നു താൻ..ഒരു പക്ഷെ അമ്മൂമ്മയുടെ മുന്നിൽ പോലും തനിക്കു നിരപരാധിത്വം തെളിയിക്കേണ്ടി വന്നേനെ..ദേവേട്ടൻ.. അവൾ ഒരു ഞെട്ടലോടെ ഓർത്തു.. ആ മനുഷ്യൻ ഇന്ന് തന്നെ തോൽപ്പിച്ച് കളഞ്ഞു.. ഒരു ചോദ്യമോ പറച്ചിലോ ഇല്ലാതെ.. ഒരു തെളിവും നോക്കാതെ.. താൻ അത് ചെയ്യില്ലായെന്നു ഉറപ്പിച്ചു പറഞ്ഞു. ദേവേട്ടൻ തന്നോട് അത്രയും വിശ്വാസം കാണിച്ചില്ലായിരുനെങ്കിൽ ആരും തന്നെ വിശ്വസിക്കില്ലായിരുന്നു.. ഹരിയേട്ടനും അപ്പച്ചിയും പോലും.,വീട്ടിൽ ഒരു സ്നേഹമുള്ള നോട്ടം പോലും തനിക്കു സമ്മാനിക്കാത്ത മനുഷ്യനാണ്.. താൻ എപ്പോൾ കിടക്കുന്നു ഉറങ്ങുന്നു എല്ലാം അറിയാം.. എന്തിനു തന്റെ മൊബൈലിന്റെ ലോക്ക് വരെ അറിയാം..അപ്പോൾ ഈ കാണിക്കുന്ന അവഗണന ഒക്കെ അഭിനയമാണോ? എന്തിനു? അമ്മൂമ്മ പറഞ്ഞതൊക്കെ സത്യമാണെന്നു വേണം കരുതാൻ. എല്ലാ വിഷമങ്ങളിൽ നിന്നും തന്നെ രക്ഷിക്കുകയാണ്. സ്നേഹമാണോ തന്നോട്.. പണ്ടുണ്ടായിരുന്നത് പോലെ.. പണ്ട് ദേവൻ തന്നെ ചുംബിച്ച കാര്യമോർത്തപ്പോൾ അറിയാതെ അവളുടെ കൈകൾ കവിളുകളിലേക്കു നീണ്ടു. തന്റെ ജീവിതത്തിലെ ആദ്യത്തെയും ഇത് വരെ അവസാനത്തെയും ചുംബനം.. ദേവേട്ടന്റെ..അവനെ ഒന്ന് കാണണം എന്ന് തോന്നിയപ്പോൾ അവൾ വീടിനുള്ളിലേക്ക് പോന്നു . മുറിക്കുള്ളിൽ കാലൊച്ച കേട്ടപ്പോഴേ ആമിയുടെ സാമിപ്യം അവൻ തിരിച്ചറിഞ്ഞു. അവൻ തിരിഞ്ഞു നോക്കി. നേരത്തെയുള്ള കരച്ചിലിന്റെ ബാക്കി എന്നോണം മുഖമൊക്കെ വല്ലാതെ ആയിട്ടുണ്ട്. ഇവിടെ നടന്നതൊക്കെ അവളെ വല്ലാതെ ഉലച്ചിട്ടുണ്ട് എന്ന് അവനു മനസിലായി. അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാത്തതു കൊണ്ട് അവളെ അവൻ വെറുതെ നോക്കി നിന്നു . ദേവേട്ടൻ കണ്ടിരുന്നോ ആതിയൊ ശ്രീകുട്ടിയോ എന്റെ മൊബൈൽ എടുക്കുന്നത്?" " ഞാനോ.. ഞാൻ ഒന്നും കണ്ടില്ല.. ഞാൻ ഇല്ലാത്തപ്പോഴല്ലേ അവർ ഇതൊക്കെ ഒപ്പിച്ചത്? പിന്നെങ്ങനെ ഞാൻ കാണാനാ?" "അപ്പോൾ പിന്നെ ഇതെല്ലം ചെയ്തത് അവരാണെന്നു എങ്ങനെ മനസിലായി?" " അച്ഛനും അമ്മയും ഹരിയും നിന്നോട് അങ്ങനെ ചെയ്യില്ലെന്ന്നു അറിയാം.പിന്നെയുള്ളത് അവർ രണ്ടു പേരുമാണ്.. അവർക്കു നിന്നോടുള്ള ദേഷ്യം കൂടി കണക്കിലെടുത്തപ്പോൾ അവർ തന്നെ ആകാമെന്ന് തോന്നി." " എന്നെയോ? ഒരു പ്രാവശ്യം പോലും എന്നെ സംശയം തോന്നിയില്ലേ ദേവേട്ടന്?" അതിനുള്ള മറുപടി അവളുടെ കണ്ണുകളിൽ നോക്കിയാണ് അവൻ കൊടുത്ത് "എനിക്ക് നിന്നെ വിശ്വാസമാണ് ആമി.. എന്നോട് എത്രയൊക്കെ ദേഷ്യമുണ്ടെങ്കിലും ഒരിക്കലും ഇങ്ങനെ ഒരു പ്രവർത്തി നിന്റെ ഭാഗത്തു നിന്ന് ഉണ്ടാവില്ലനു എനിക്ക് അറിയാം.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്തൊക്കെ തെളിവുകൾ നിർത്തിയാലും അതിൽ ഒരു മാറ്റാവുമുണ്ടാവുകയുമില്ല" അവന്റെ ആ ഒരു മറുപടി കേട്ടതും അവൾ അവനെ ഇറുകെ കെട്ടിപിടിച്ചു അവന്റെ നെഞ്ചിൽ തന്റെ മുഖമമർത്തി കണ്ണുകൾ അടച്ചു നിന്നു . ആ നിമിഷം അവൾ തീരുമാനിച്ചു അവൻ ഒരു താന്തോന്നിയായാലും കൊലപാതികയായാലും ഒന്നും ഇനി അവൾക്കു അത് ഒരു പ്രശ്നമല്ലെന്നു..അവളുടെ പെട്ടെന്നുള്ള ആ പ്രവർത്തിയിൽ അവനും ഒന്ന് അമ്പരന്നു. കുറച്ചു നേരം അങ്ങനെ സ്‌തബ്ധനായി നിന്ന ശേഷം അവന്റെ കൈകളും അവളെ പുണർന്നു. അവന്റെ കൈകൾ തന്നിൽ മുറുകിയതറിഞ്ഞപ്പോൾ അവൾ അവന്റെ നെഞ്ചിൽ തന്റെ താടിയൂന്നി മുഖമുയർത്തി അവനെ നോക്കി. അവൻ പോലും അറിയാതെ അവന്റെ മുഖം അവളിലേക്കടുത്തു. അവന്റെ ഉദ്ദേശം മനസിലായെങ്കിലും അവൾക്കു ആ സ്നേഹച്ചൂടിൽ നിന്നു മാറാൻ തോന്നിയില്ല. അത് കൊണ്ട് കണ്ണുകൾ അടച്ചു അവന്റെ ചുംബനം സ്വീകരിക്കാൻ തയ്യാറായി അവൾ നിന്നു . അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിലും അടഞ്ഞ കണ്പീലികളിലും അമർന്നു കവിളുകളെ ലക്ഷ്യമാക്കി നീങ്ങി. അവൻ അവളുടെ വലത്തേ കവിളിൽ ചുംബിച്ചപ്പോൾ പഴയ ഒരു ചുംബനത്തിന്റെ ഒർമ്മയിൽ അവരുടെ രണ്ടു പേരുടെ ചുണ്ടിലും ഒരു ചെറിയ പുഞ്ചിരി വിടർന്നു. അവളുടെ മറ്റേ കവിളിലും ചുണ്ടുകൾ ചേർത്ത് കഴിഞ്ഞപ്പോൾ അവന്റെ നോട്ടം അവളുടെ അധരങ്ങളിൽ ഉടക്കി. മറ്റൊന്ന് ചിന്തിക്കാതെ അവൻ ചുണ്ടുകൾ അവളുടെ ചുണ്ടകളിലേക്കു അടുപ്പിച്ചു. തുടരും.. രചന:- കണ്ണൂർകാരൻ ❤️❤️❤️❤️ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #📔 കഥ
33 likes
3 comments 17 shares
കല്യാണത്തലേന്നത്തെ ആളുകളുടെയും ബഹളങ്ങളുടെയും ഇടയിലും ആകെ ഒരു മരവിപ്പ് തന്നെ പിടി കൂടിയിരിക്കുന്നത് ആമി അറിഞ്ഞു. ആരൊക്കെയോ വരുന്നും എന്തൊക്കെയോ ചോദിക്കുകയും പറയുകയും എല്ലാം ചെയ്യുന്നുണ്ട്. പലരുടെയും കണ്ണുകളിൽ സഹതാപമാണ് കാണുന്നത്. അവരുടെ എല്ലാം മുന്നിൽ ഉടുത്തൊരുങ്ങി ഒരു കളിപ്പാവ പോലെ അവൾ ഇരുന്നു കൊടുത്തു. മുറിയിൽ തല മൂത്ത ചില അമ്മായിമാർ തനിക്കു നാളെ അണിയാനുള്ള ആഭരണങ്ങൾ കണ്ടു അതിനു അഭിപ്രായം പറയുന്നുണ്ട്. ഒരു അനാഥ പെൺകുട്ടിക്ക് ഇത്രയധികം സ്വർണം വാങ്ങി കൊടുത്ത അമ്മൂമ്മയേയും ജാനകി അപ്പച്ചിയേം വാനോളം പുകഴ്ത്താനും അവർ മറന്നില്ല. അവൾക്കു ചിരി വന്നു. അവളുടെ ജീവിതം അവരുടെ മകന് വേണ്ടി ബലി കഴിപ്പിക്കുന്നതിനുള്ള പ്രതിഫലം. എറണാകുളത്തെ അത്യാവശ്യം അറിയപ്പെടുന്ന താന്തോന്നിക്കു താലി കെട്ടാൻ കഴുത്തു നീട്ടി കൊടുക്കുന്നതിന്റെ കൂലി. ദേവൻ എന്ന് പേരുള്ള അസുരനെ കല്യാണം കഴിക്കുന്നതിനുള്ള നന്ദി. അതൊക്കെയായിട്ടേ തനിക്കു ഈ സ്വർണത്തെ കാണാൻ സാധിക്കു. അപ്പുറത്തെ മുറിയിൽ നിന്ന് ആതിയുടെ ഉറക്കെയുള്ള ചിരിയലകൾ കേൾക്കാനുണ്ട് . തന്നെ പോലെ തന്നെ നാളെ അവളും ഒരു പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുകയാണ്. അവളെ കല്യാണം കഴിക്കുന്നത് പക്ഷെ എറണാകുളത്തെ പ്രശസ്തമായ ഒരു ഹോസ്പിറ്റലിലെ ഡോക്ടർ ആണ്. എന്തൊരു വിരോധാഭാസമാണ്.. ഒരേ അച്ഛന്റെയും അമ്മയുടെയും രണ്ടാണ്മക്കൾ .. ഒരാൾ സുപ്രസിദ്ധനായ ഡോക്ടർ...മറ്റെയാൾ കുപ്രസിദ്ധനായ തെമ്മാടി.. ശബ്ദകോലാഹലങ്ങൾക്കിടയിലും ആമിയുടെ മനസ്സ് കാലങ്ങൾക്കു പിറകിലേക്ക് സഞ്ചരിച്ചു തുടങ്ങി. ചിറ്റേടത്തു തറവാട്ട് വീട്ടിൽ കുറെ വിറകുകൾ കൂട്ടിയിട്ടു അതിനു ചുറ്റും കയ്യും പിടിച്ചു വലം വയ്ക്കുന്ന കുഞ്ഞു ഹരിയേട്ടനും ആരതിയും..അത് കണ്ടു കയ്യടിക്കുന ശ്രീക്കുട്ടി.. അവർക്കു മേലെ പറമ്പിൽ നിന്നും പറിച്ചെടുത്ത പൂക്കൾ കൊണ്ട് പുഷ്പവൃഷ്ടി നടത്തുന്ന ആമി എന്ന താൻ..ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമേയല്ല എന്ന മട്ടിൽ ഏതെങ്കിലും ബുക്കിൽ മുഴുകിയിരിക്കുന്ന ദേവേട്ടൻ.. നാട്ടിലെ പേര് കേട്ട തറവാടായ ചിറ്റേടത്തെ മൂത്ത കാരണവരായ മാധവൻ നായർക്കും സാവിത്രി ദേവിക്കും രണ്ടു മക്കളാണ്.. കൃഷി വകുപ്പിൽ ഉദ്യോഗസ്ഥനായ സോമശേഖരൻ, പിന്നെ ബാങ്ക് ഉദോഗസ്ഥയായ ജാനകിയും.മാതൃക അധ്യാപകനുള്ള പ്രസിഡന്റിന്റെ മെഡൽ നേടി റിട്ടയർ ആയ ആളാണ് കണക്കു അധ്യാപകനായിരുന്ന മാധവൻ നായർ. മൂത്ത മകൻ സോമശേഖരന്റെ ഭാര്യ ഗീത വീട്ടുകാരിയാണ്. അവരുടെ മക്കളാണ് ആതി എന്ന് വിളിക്കുന്ന ആരതിയും, അപ്പു എന്ന് വിളിക്കുന്ന ആദിദേവും. ജാനകിയെ കല്യാണം കഴിച്ച രവിശങ്കർ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനാണ്. അവരുടെ മക്കളാണ് ഹരിയെന്ന ഹരിനന്ദനും ദേവനെന്ന ദേവനന്ദനും .. പിന്നെ ശ്രീകുട്ടിയെന്ന ശ്രീനന്ദയും.. ഹരിയും ദേവനും ഇരട്ടകളാണ്. ഇരട്ടകളാണെങ്കിലും രണ്ടു പേരും അന്നേ വ്യത്യസ്തരായിരുന്നു.. ഹരി ആരെയും ആകർഷിക്കുന്ന എല്ലാവരോടും കൂട്ട് കൂടുന്ന ഒരു കുട്ടിയായിരുന്നു. ദേവൻ കാണാൻ ഹരിയെ പോലെ സുന്ദരൻ ആണെങ്കിലും അന്തർമുഖൻ ആയിരുന്നു. എപ്പോഴും വായനയുടെ ലോകത്തായിരുന്നു അവൻ. പഠനവും പുസ്തകങ്ങളും ഒരുപാടു ഇഷ്ടപെട്ടിരുന്നവൻ. ബാക്കി എല്ലാവരോടും അകന്നു നിൽക്കുമെങ്കിലും ഹരിയും ദേവനും തമ്മിൽ വല്ലാത്ത ഒരു ആത്മബന്ധമായിരുന്നു. ഒരാൾ ഇല്ലാതെ മറ്റെയാൾ ഇല്ല എന്ന പോലെ. ജാനകിയുടെ കല്യാണം ആദ്യം കഴിഞ്ഞത് കൊണ്ട് ഹരിയും ദേവനുമാണ് മക്കളിൽ ഏറ്റവും മൂത്തത് . അവരെക്കാൾ നാല് വയസ്സിനു ഇളയതാണ് ആതി.ആതിയേക്കാൾ ഒരു വയസ്സിനു ഇളയതാണ് ശ്രീകുട്ടി.അപ്പുവാണ് അവരുടെ കൂട്ടത്തിലെ ഏറ്റവും ചെറിയ കുട്ടി.കുട്ടികൾ ചെറുതായിരുന്ന സമയത്തു രവിശങ്കറിന് ജോലി ഡെൽഹിയിലായിരുന്നത് കൊണ്ട് ജാനകിയും മക്കളും തറവാട്ടിൽ ആങ്ങളക്കൊപ്പമായിരുന്നു താമസം. അങ്ങനെ എല്ലാവരും സന്തോഷത്തോടെ കഴിഞ്ഞിരുന്ന സമയത്താണ് അവരുടെ ജീവിതത്തിലേക്ക് ആമി എന്ന അവന്തിക കടന്നു വരുന്നത്. ഒരിക്കൽ ഗുരുവായൂരിൽ തൊഴുവാനായി പോയ മാധവൻ നായർ തിരികെ വന്നത് നാല് വയസ്സ് പ്രായമുള്ള ഒരു ഐശ്വര്യം തുളുമ്പുന്ന പെൺകുട്ടിയേം കൊണ്ടാണ്. കണ്ണന്റെ നടയിൽ നിന്നും ആരോരുമില്ലാതെ തനിക്കു കിട്ടിയ ആ പെൺകുട്ടിക്ക് അദ്ദേഹം തന്നെയാണ് അവന്തിക എന്ന് പേരിട്ടു ആമി എന്ന് വിളിച്ചത്. അവളെ അന്വേഷിച്ചു പിനീടൊരിക്കലും ആരും വന്നതും ഇല്ല. ആതിയുടെ സമപ്രായക്കാരിയായ അവളെ ആ വീട്ടിലെ കുട്ടികളെ പോലെ തന്നെ കണ്ടാണ് അദ്ദേഹവും ഭാര്യയും സംരക്ഷിച്ചു പോന്നത്. അവരെ പോലെ തന്നെ അവൾക്കും നല്ല വിദ്യാഭ്യാസവും വസ്ത്രങ്ങളും ബുക്കുകളും എല്ലാം കൊടുത്തു.സ്വന്തം മകനും ഭാര്യയും ബന്ധുക്കളും നാട്ടുകാരും എല്ലാം അതിനെ എതിർത്തെങ്കിലും അയാൾ അതൊന്നും കാര്യമാക്കിയേ ഇല്ല. സോമനും ഗീതക്കും ആമിയെ ഇഷ്ടമല്ലായിരുന്നു എങ്കിലും ജാനകിക്കും രവിക്കും അവളോട് താത്പര്യക്കുറവ് ഉണ്ടായിരുന്നില്ല. അവർ ആതിയേം അപ്പുവിനേം കണ്ട പോലെ തന്നെ അവളെയും കണ്ടു. കുട്ടികളായിരുന്നപ്പോൾ ഈ വസ്തുതകളൊന്നും അവരെ ബാധിച്ചേ ഇല്ല. അവരെല്ലാം ഒരുമിച്ചു കളിച്ചും പഠിച്ചും വളർന്നു. വളർന്നു കാര്യങ്ങളൊക്കെ മനസിലാക്കാൻ തുടങ്ങിയപ്പോളാണ് ആമി അവരുടെ ആരുമല്ലെന്നും എവിടുന്നോ വന്നവളാണെന്നുമൊക്കെ അവർക്കു മനസിലായത് . അതിനോടൊപ്പം ഗീതയുടെ ഉപദേശങ്ങളും കൂടെ ചേർന്നപ്പോൾ ആതിയും ശ്രീകുട്ടിയും അപ്പുവും അവളോട് അകന്നു. അവളുടെ കൂടെ കളിയ്ക്കാൻ പോലും അവർക്കു മടിയായി തുടങ്ങി. ഹരിയും ദേവനും പഴയ പോലെ തന്നെ തുടർന്നു. ബാല്യം കഴിഞ്ഞു കൗമാരത്തിലേക്ക് കടന്നപ്പോളാണ് കാര്യങ്ങൾ കുറച്ചൂടെ സങ്കീര്ണമായതു. മുറച്ചെറുക്കൻ എന്ന നിലയിൽ ആതിക്ക്‌ ഹരിയോട് എന്നും ഒരു താത്പര്യം ഉണ്ടായിരുന്നു. എന്നാൽ ഹരിക്കു ഇഷ്ടം തോന്നിയതാവട്ടെ ആമിയോടും.ആമിയോടുള്ള അവന്റെ നോട്ടത്തിലും ചിരിയിലും പ്രണയം നിറയുന്നതു അവൾ അറിയുന്നുണ്ടായിരുന്നു. തുറന്നു പ്രകടിപ്പിച്ചില്ലെങ്കിലും ഉള്ളിൽ അവൾ അതൊക്കെ ആസ്വദിക്കുകയും ചെയ്തിരുന്നു. പക്ഷെ അതിനു അധികം ആയുസ് ഉണ്ടായിരുന്നില്ല. ഹരിക്കു ആമിയോടുള്ള താത്പര്യം ആതി മനസിലാക്കി. അവൾ അത് ഉടനെ തന്നെ തന്റെ അമ്മയെ അറിയിച്ചു. എന്നെങ്കിലും ഒരിക്കൽ ആതിയെ ഹരിയെക്കൊണ്ട് കല്യാണം കഴിപ്പിക്കണം എന്ന് കരുതിയിരുന്ന അവർ അന്ന് തന്നെ ആമിക്കു അന്ത്യശാസനവും നൽകി. ഹരിയോട് എന്തെങ്കിലും മനസ്സിലുണ്ടെങ്കിൽ അത് ഇപ്പോൾ മറന്നേക്കാൻ . പിന്നീടൊരിക്കലും ഹരിയുടെ നോട്ടമോ ചിരിയോ ഒന്നും തന്നെ ആമിയെ ആകര്ഷിച്ചിട്ടില്ല. ആ ഇഷ്ടം അവൾ മുളയിലേ നുള്ളി കളഞ്ഞിരുന്നു. ദേവൻ അന്നും പുസ്തകങ്ങളുടെയും വായനയുടെയും ലോകത്തായിരുന്നു. ഭക്ഷണം കഴിക്കാൻ തന്നെ നൂറു പ്രാവശ്യം പോയി വിളിച്ചു കൊണ്ട് വരണം. വന്നാലും വല്യ ബഹളമൊന്നുമില്ല.. ശാന്തമായ സ്വഭാവം.. ഒരിക്കൽ മുറ്റത്തു മാവിൽ നിന്ന് എല്ലാവരും കൂടി മാങ്ങാ പറിച്ചു കൊണ്ടിരിക്കുമ്പോൾ ആമി വീണു അവളുടെ കാലു മുറിഞ്ഞു...ഹരിയടക്കം എല്ലാവരും അവളെ കളിയാക്കി ചിരിച്ചപ്പോൾ ഓടി വന്നു അവളെ പിടിച്ചെഴുനേല്പിച്ചതും മരുന്ന് വച്ച് കൊടുത്തതും ദേവനായിരുന്നു.. അന്നാണ് അവൻ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നു ആദ്യമായി ആമിക്കു തോന്നിയത്. പക്ഷെ ഒരിക്കൽ പോലും തന്നോട് മര്യാദക്ക് ഒന്ന് സംസാരിക്കുക പോലും ചെയ്യാത്ത ദേവേട്ടന് തന്നോട് എന്തെങ്കിലും താത്പര്യമുണ്ടെന്ന് വിശ്വസിക്കാൻ ആമിക്കു പ്രയാസം തോന്നി. പിന്നീട് പലപ്പോഴും തന്നോട് ദേവന് പ്രത്യേക താല്പര്യമുള്ള പോലെ തോന്നിയെങ്കിലും അവൾ അതൊന്നും കാര്യമാക്കിയേ ഇല്ല. ദേവനും ഹരിയും പ്ലസ് ടു കഴിഞ്ഞപ്പോഴാണ് ജാനകിക്കും ഡൽഹിയിലേക്ക് മാറ്റമായതു. അതോടെ അവരെല്ലാവരും കൂടെ ഡൽഹിയിലേക്ക് പോകാൻ തയ്യാറായി. അപ്പച്ചിയും ചെറിയച്ഛനും എല്ലാവരും പോകാനായി ഇറങ്ങി നിൽക്കുന്ന സമയത്താണ് ആരോ തന്നെ വിളിക്കുന്ന പോലെ തോന്നി ആമി തിരിഞ്ഞു നോക്കിയത്.. ദേവേട്ടനാണ്.. എന്താണെന്ന മട്ടിൽ തലയാട്ടിയപ്പോൾ അകത്തേക്ക് വരാൻ ആംഗ്യം കാണിച്ചു. ചെന്നപ്പോൾ അവൻ അവളുടെ കയ്യിലൊരു ചെറിയ സമ്മാനപ്പൊതി വച്ച് കൊടുത്തു. അവൾ ചോദ്യഭാവേന അവനെ നോക്കി. " ഞാൻ പോയിട്ട് തുറന്നു നോക്കിയാൽ മതി" അവൾ തലയാട്ടി. " എന്നാൽ ഞാൻ പോട്ടെ.. " അവൾ വീണ്ടും തലയാട്ടി. പെട്ടെന്ന് ദേവാ എന്ന് പുറത്തു നിന്നാരോ വിളിച്ചതും അവൾ തിരിഞ്ഞു നോക്കി. അതെ സമയം തന്നെ അവളുടെ വലത്തേ കവിളിൽ അവന്റെ ചുണ്ടുകളും അമർന്നു. അവൾ പോലും അറിയാതെ അവളുടെ കൈ അവന്റെ കരണത്തു ആഞ്ഞു പതിച്ചു. ദേവൻ ഒന്നും മിണ്ടാതെ നിറകണ്ണുകളോടെ ഇറങ്ങി പോയി. അത്രയും വേണ്ടിയിരുന്നില്ല എന്ന് അവൾക്കും തോന്നാതിരുന്നില്ല. തന്റെ അനുവാദമില്ലാതെ തന്നെ ഒരാൾ ചുംബിച്ചപ്പോൾ ഉണ്ടായ ഷോക്കിൽ അടിച്ചു പോയതാണ്. നാളുകൾ കഴിഞ്ഞതോടെ അവൾ ആ സംഭവം മറക്കുകയും ചെയ്തു. ജാനകിയൊക്കെ ഡൽഹിക്കു പോയി കുറച്ചു നാൾ കഴിഞ്ഞപ്പോൾ തന്നെ സോമശേഖരനും കുടുംബവും ജോലി മാറ്റവുമായി എറണാകുളത്തേക്കു താമസം മാറ്റി. അങ്ങനെ തറവാട്ടിൽ മുത്തശ്ശനും അമ്മുമ്മയും ആമിയും മാത്രമായി. പഠിത്തവും കാര്യങ്ങളുമൊക്കെയായി ജീവിതം പിന്നെയും മുന്നോട്ടു പോകുമ്പോളാണ് ആ ദുരന്തം ചിറ്റേടത്തു തറവാടിന്റെ ബാധിക്കുന്നത്.മരണം ഹാർട് അറ്റാക്കിന്റെ രൂപത്തിൽ മാധവൻ നായരേ കൊണ്ട് പോയി.വിവരമറിഞ്ഞു ദേവനൊഴികെ എല്ലാവരും എത്തി.. ചടങ്ങുകളെല്ലാം കഴിഞ്ഞു അവരവരുടെ തിരക്കിലേക്ക് തിരിച്ചും പോയി. പക്ഷെ അതോടെ ആമിക്കു ആ വീട്ടിലെ പേരക്കുട്ടിയുടെ സ്ഥാനം നഷ്ടപ്പെട്ടു. അച്ഛനെ എതിർക്കാൻ സോമനും ഗീതക്കും പേടിയായിരുനെങ്കിലും അമ്മയെ അവർക്കു പേടി ഉണ്ടായിരുന്നില്ല. ഇടയ്ക്കിടെ കാണുമ്പോളെല്ലാം അവൾ അവരുടെ ഔദാര്യത്തിൽ കഴിയുന്നവളാണെന്നു ഓർമ്മിപ്പിക്കാൻ മറന്നില്ല. ആതിയാണെങ്കിൽ പഴയ കളികൂട്ടുകാരിയെ ഒരു വേലക്കാരിയായാണ് കണ്ടിരുന്നത്. ഇതിനിടയിൽ ഹരി എൻട്രൻസ് എഴുതി മെഡിസിന് ചേർന്നു .. ദേവൻ ആണെങ്കിൽ ഡിഗ്രിക്ക് ചേർന്നു. കൂടെ അവന്റെ ചെറുപ്പത്തിലേയുള്ള ആഗ്രഹം പോലെ സിവിൽ സെർവിസിന്റെ കോച്ചിങിനും പോകാൻ തുടങ്ങി. ഇടക്കൊക്കെ അവർ നാട്ടിൽ വരുകയും കാണുകയുമൊക്കെ ചെയ്യാറുണ്ടെങ്കിലും ദേവൻ പിന്നീടൊരിക്കലും ആ തറവാടിന്റെ പടി ചവിട്ടിയില്ല . അവൻ വരാത്തതിന്റെ കാരണം ചോദിക്കുമ്പോളെല്ലാം പഠന തിരക്കാണെന്നാണ് അപ്പച്ചി പറയാറുണ്ടായിരുന്നതെങ്കിലും തന്നോടുള്ള ദേഷ്യം ഇപ്പോളും അവന്റെ മനസ്സിലുണ്ടെന്നു ആമിക്കു തോന്നി. ഹരി മെഡിസിന് അവസാന വര്ഷം പഠിക്കുന്ന സമയത്താണ് ദേവൻ സിവിൽ സർവീസ് എക്സാം എഴുതുന്നത്. അവന്റെ ആഗ്രഹം പോലെ തന്നെ പരീക്ഷയും ഇന്റർവ്യൂ വും ജയിച്ചു ഐ പി എസ് ട്രെയിനിങ് നായി അവൻ പോയി. എല്ലാവര്ക്കും അവനെയോർത്തു അഭിമാനം തോന്നിയിരുന്ന നാളുകൾ. പക്ഷെ അതിനു അധിക നാളത്തെ ആയുസ്സു ഉണ്ടായിരുന്നില്ല. ട്രെയിനിങ് ക്യാമ്പിൽ സഹപ്രവർത്തകരുമായി എന്തോ ഒരു പ്രശ്നത്തിൽ ദേവൻ അവരുമായി അടിയുണ്ടാക്കുകയും ട്രെയിനിങ് ഇൽ കൂടെയുണ്ടായിരുന്ന ഒരാളെ കുത്തുകയും ചെയ്തു.അന്വേഷണ വിധേയമായി അവനെ സസ്‌പെൻഡ് ചെയ്തു തിരികെ വീട്ടിലേക്കു അയച്ചു.വീട്ടിലെത്തിയ അവൻ ഡിപ്രെഷനിലേക്കു കൂപ്പു കുത്തി.പണ്ടേ അധികം സംസാരിക്കാറില്ലെങ്കിലും വീട്ടിൽ ആരോടും തീരെ സംസാരിക്കാതെ ആയി. എപ്പോളും മുറിയിൽ കയറി ഒരേ ഇരിപ്പു തന്നെ. ഹരിയിൽ നിന്ന് പോലും വല്ലാതെ അകന്നതു എല്ലാവരെയും ഭയപ്പെടുത്തി. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ വല്ലാത്ത ദേഷ്യം. പതിയെ മാറിക്കോളുമെന്നു വീട്ടുകാർ കരുതിയെങ്കിലും ഒന്നും മാറിയില്ല. അന്വേഷണം കഴിഞ്ഞപ്പോൾ ട്രെയിനിങ് ക്യാമ്പിലെ സംഭവങ്ങളിൽ ദേവൻ കുറ്റക്കാരനാണെന്നു തെളിഞ്ഞു. അവന്റെ സസ്പെന്ഷൻ ടെർമിനേഷൻ ആയി മാറി. അതിനു ശേഷം കുറച്ചു കഴിഞ്ഞപ്പോൾ ദേവനെ കാണാതായി. വീട്ടുകാരും പോലീസും കിണഞ്ഞു പരിശ്രമിച്ചെങ്കിലും ദേവനെ പറ്റി ഒരു വിവരവും കിട്ടിയില്ല. ഹരിയുടെ പഠിത്തം കഴിഞ്ഞപ്പോൾ ചെറിയച്ഛൻ വി. ആർ. എസ് വാങ്ങി അവർ കുടുംബസമേതം എറണാകുളത്തു സോമശേഖരന്റെ അടുത്ത് തന്നെ താമസമായി. ജാനകി എറണാകുളത്തെ ബാങ്കിലേക്ക് ട്രാൻസ്ഫെരും വാങ്ങി. എറണാകുളത്തു തന്നെ ശ്രീക്കുട്ടി ഇപ്പോൾ പിജി ചെയ്യുകയാണ്. ശ്രീകുട്ടിയും ആരതീയും അടുത്ത്ത്തു താമസമായതു കൊണ്ട് തന്നെ അവർ തമ്മിൽ വീണ്ടും നല്ലൊരു സൗഹൃദവും ഉടലെടുത്തു. കൂടെ കൂടെയുള്ള കാണലുകൾക്കൊടുവിൽ ഹരിയുടെ മനസ്സിലും ആതിയോടു ഇഷ്ടമായി. കാണാതായി ഏകദേശം ഒരു വർഷത്തിന് ശേഷമാണു ദേവനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നത്. ഡൽഹിയിലെ ഒരു ഡീഅഡിക്ഷൻ സെന്ററിൽ അഡ്മിറ്റ് ആക്കിയിട്ടുണ്ട് എന്ന വാർത്തയുമായി അവിടുത്തെ പോലീസുകാർ അറിയിച്ചതിനെ തുടർന്ന് രവിശങ്കറും ഹരിയും കൂടി ചെന്ന് അവനെ കൂട്ടി കൊണ്ട് വന്നു. പക്ഷെ തിരിച്ചെത്തിയ ദേവന് പണ്ടത്തെ ദേവന്റെ മുഖച്ഛായ മാത്രമേ ഉണ്ടായിരുന്നുള്ളു. ശാന്ത സ്വാഭാവിയായ ഒരു പോലീസുകാരൻ ആകാൻ ആഗ്രഹിച്ചിരുന്ന ദേവൻ,ഇപ്പോൾ മദ്യത്തിനും മയക്കുമരുന്നിനും അടിമയായാണ് അവരുടെ അടുത്തേക്ക് തിരിച്ചെത്തിയത്. പല പല പെണ്ണുങ്ങളുമായും അവനു നാട്ടിൽ ബന്ധമുണ്ടെന്നും പറഞ്ഞു കേട്ടു . സ്നേഹത്തോടെയും ശാസിച്ചും തല്ലിയുമെല്ലാം രവിയും ജാനകിയും അവനെ മാറ്റി എടുക്കാൻ നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല, ചികിതസിക്കാൻ കൊണ്ടാക്കിയെങ്കിലും ഓരോ തവണയും അവൻ അവിടെ നിന്ന് എങ്ങനെയൊക്കെയോ ചാടി വീട്ടിലെത്തി. ഒരു വലിയ നിലയിൽ എത്തുമെന്ന് എല്ലാവരും കരുതിയ ദേവൻ ഇന്ന് എറണാകുളത്തെ അറിയപ്പെടുന്ന ഒരു താന്തോന്നിയാണ്. കൂട്ട് മുഴുവൻ നാട്ടിലെ ചട്ടമ്പികളുമായി. കല്യാണപ്രായമെത്തിയ വഴി പിഴച്ചു നടക്കുന്ന എല്ലാ ആണുങ്ങളെയും നന്നാക്കാനുള്ള എളുപ്പ വഴി എന്ന് പറയുന്നത് അവനെ ഏതെങ്കിലും ഒരു പെണ്ണിന്റെ പിടലിക്ക് വച്ച് കൊടുക്കുക എന്നതാണല്ലോ., തങ്ങളുടെ മകന്റെ ഈ അവസ്ഥയിൽ മനം നൊന്തു കഴിയുന്ന ജാനകിയുടെ മുന്നിലും ഇതേ ഉപായം ആരോ കൊണ്ട് വച്ചു . ഭർത്താവുമായി കൂടി ആലോചിച്ചപ്പോൾ ശ്രമിച്ചു നോക്കാമെന്നു തീരുമാനിച്ചു . അവന്റെ സ്വഭാവം കാരണം പെണ്ണ് കിട്ടാൻ പ്രയാസമായിരിക്കുമെങ്കിലും ആദ്യം ദേവന്റെ സമ്മതം ചോദിയ്ക്കാൻ തീരുമാനിച്ചു. കല്യാണ കാര്യം സംസാരിക്കാൻ ദേവന്റെ അടുത്തെത്തിയ ജാനകിയും രവിശങ്കറും എത്ര പറഞ്ഞിട്ടും അവൻ ഒരു കല്യാണം കഴിക്കാൻ വിസ്സമതിച്ചു. ഒരു കല്യാണം കഴിച്ചാൽ തന്റെ കുത്തഴിഞ്ഞ ജീവിതത്തിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന് അവൻ ഭയന്നു . നാട്ടിലുള്ള പെണ്ണുങ്ങളുമായുള്ള അതിരു വിട്ട ബന്ധങ്ങൾ അവസാനിപ്പിക്കേണ്ടി വരുന്നത് കൊണ്ടാണ് അവൻ കല്യാണത്തിന് സമ്മതിക്കാത്തതെന്നു കൂടി എല്ലാവരും പറഞ്ഞതോടെ ജാനകിയുടെ ആധിയും കൂടി. ദേവന്റെ മനസ്സ് മാറ്റാൻ കഴിവുള്ള ഒരേ ഒരാൾ ഹരിയായതു കൊണ്ട് ആ കർത്തവ്യം അവർ അവനെ ഏല്പിച്ചു. പക്ഷെ ഹരി പറഞ്ഞിട്ടും അവന്റെ തീരുമാനത്തിൽ മാറ്റം ഉണ്ടായില്ല. അവസാനം വേറൊരു മാർഗവും ഇല്ലായെന്ന് കണ്ടപ്പോൾ ഹരിയും തന്റെ തീരുമാനം പറഞ്ഞു. ദേവൻ കല്യാണം കഴിച്ചാൽ അതിനോടൊപ്പം മാത്രമേ താനും വിവാഹിതനാകൂ എന്ന തീരുമാനം. ദേവൻ എത്രയൊക്കെ മാറിയാലും ഹരിയോടുള്ള അവന്റെ ഇഷ്ടം മാറിയിരുന്നില്ല. ദേവൻ കാരണം ആതിയുടെ ജീവിതം കൂടി തകരുകയാണെന്നു സോമനും ഗീതയും കൂടി പരിഭവം പറച്ചിലുമായപ്പോൾ ദേവൻ വിവാഹത്തിന് സമ്മതിച്ചു. പക്ഷെ അതിനു അവൻ ഒരു നിബന്ധന വച്ചു . കല്യാണം കഴിക്കുകയാണെങ്കിൽ ആമിയെ മാത്രമേ കല്യാണം കഴിക്കൂ എന്നാണ് അവൻ പറഞ്ഞത്. ആമിയെ സ്വന്തം വീട്ടിലെ കുട്ടിയായി കണ്ടിരുന്ന ജാനകിക്കു അവളുടെ ജീവിതം തകർക്കാൻ താത്പര്യമുണ്ടായിരുന്നില്ല. ജാനകിയും രവിശങ്കറും ആവുന്നത് പറഞ്ഞു നോക്കിയെങ്കിലും ദേവന്റെ തീരുമാനത്തിന് മാറ്റമൊന്നും ഉണ്ടായില്ല. എന്നാൽ ദേവന്റെ കല്യാണം നടന്നാൽ മാത്രമേ തന്റെ മകൾക്കു ഒരു ജീവിതമുണ്ടാകൂ എന്ന് കരുതിയിരിക്കുന്ന സോമനും ഗീതയും ദേവന്റെ തീരുമാനത്തെ അനുകൂലിച്ചു. ആമിയോട് പണ്ടേ ദേഷ്യമായിരുന്ന ഗീതയും ആതിയും താന്തോന്നിയായ ഒരുത്തന്റെ കൂടെ ആമി കഷ്ടപ്പെട്ട് ജീവിക്കുന്നത് കാണാം എന്നും കരുതി. ദേവന് അതാണ് താത്പര്യമെങ്കിൽ ദേവനെ കൊണ്ട് ആമിയെയും ഹരിയെ കൊണ്ട് ആതിയെയും ഒരേ ദിവസം തന്നെ കല്യാണം കഴിപ്പിക്കാമെന്നു അവർ ജാനകിയോടു പറഞ്ഞു. അവനു ഇഷ്ടപെട്ട പെൺകുട്ടിയെ തന്നെ കല്യാണം കഴിപ്പിച്ചു കൊടുത്താൽ ഒരു പക്ഷെ അവൻ നന്നായേക്കും എന്ന് കേട്ടപ്പോൾ ജാനകിക്കും പ്രതീക്ഷയായി. എറണാകുളത്തു എത്തി ആതിയോടു കൂട്ടായ ശ്രീകുട്ടിയും അതിനോട് യോജിച്ചു. അവൾക്കിപ്പോൾ ചട്ടമ്പിയായ ദേവനെ പുല്ലു വിലയാണ്.. ഡോക്ടർ ആയ ഹരിയെ മാത്രമാണ് ഇപ്പോൾ അവൾ ചേട്ടനായി കണക്കാകുന്നുള്ളു. തറവാട്ടിൽ ആമിയെയും അമ്മയെയും ഈ വിവരം അറിയിച്ചപ്പോൾ ജാനകി ഭയന്ന പോലെ തന്നെ അവർ ഇതിനെ എതിർത്തു . പണ്ട് താൻ കരണത്തടിച്ചതിനു ദേവേട്ടൻ പകരം വീട്ടുകയാണെന്നു ആമിക്കു തോന്നി.കുന്നോളം ഇല്ലങ്കിലും കുറച്ചു സ്വപ്‌നങ്ങൾ അവളും കണ്ടിരുന്നു. ഒരുപാടു പണമോ പദവിയോ ഒന്നുമില്ലെങ്കിലും ചെറുതെങ്കിലും ഒരു വരുമാനമുള്ള സത്സ്വഭാവിയായ സ്നേഹമുള്ള ഒരു പങ്കാളിയെ..പക്ഷെ ഇതിപ്പോ .. അമ്മൂമ്മ പറഞ്ഞു കേട്ട് ദേവന്റെ കാര്യങ്ങളൊക്കെ അവളും കേട്ടിരുന്നു. അതോടെ അവൾ കരച്ചിലും മറ്റുമായി വീട്ടിൽ തന്നെ കൂടി. അവളുടെ ഈ അവസ്ഥ കണ്ടു സഹിക്കാൻ കഴിയാതെ വിവരങ്ങളുടെ നിജ സ്ഥിതി അറിയാനും ഇത് നടക്കില്ല എന്ന് അവരെ അറിയിക്കാനുമായി. അമ്മൂമ്മ എറണാകുളത്തേക്കു പോയി. അമ്മൂമ്മ തിരിച്ചു വരുമ്പോൾ എല്ലാം ശരിയാവും എന്ന് സമാധാനിച്ച അവൾക്കു പക്ഷെ തെറ്റി. തിരിച്ചു വന്ന അമ്മൂമ്മയും അവരുടെ പക്ഷത്തായി മാറിയിരുന്നു. ദേവന് വേണ്ടി ജാനകിയും ആതിയുടെ നല്ല ജീവിതത്തിനു വേണ്ടി സോമൻ ചെറിയച്ഛനും അമ്മൂമ്മയും സ്വാധീനിച്ചു എന്ന് അവൾക്കു മനസിലായി. സ്വന്തം അച്ഛനമ്മമാർക്ക് ആരും പകരമാവില്ല എന്ന് അതോടെ അവൾക്കു ബോധ്യമായി. ദേവേട്ടന് വേണ്ടി ചെറിയച്ഛനും അപ്പച്ചിയും , ആതിക്കു വേണ്ടി അവളുടെ അച്ഛനും അമ്മയും വാദിക്കുന്ന പോലെ തനിക്കു വേണ്ടി പറയാൻ ആരും ഇല്ലാതെ പോയി. ഒറ്റപെട്ടു പോയ ആമിക്കു അവരുടെ തീരുമാനങ്ങൾക്ക് മുന്നിൽ കീഴടങ്ങേണ്ടി വന്നു എന്ന് പറയുന്നതാവും ശെരി. താൻ പറ്റില്ലാന്ന് വാശി പിടിച്ചാൽ ഒരു പക്ഷെ ഈ കല്യാണം നടക്കിലായിരിക്കും. പക്ഷെ ആരും ഇല്ലാത്തവളെ സ്വന്തം മകളെ പോലെ വളർത്തിയതിന്റെ നന്ദി പോലും ഇല്ലാത്തവൾ എന്ന് എല്ലാവരും പറഞ്ഞു കുറ്റപ്പെടുത്തും എന്ന് ആമിക്കു അറിയാമായിരുന്നു. എങ്കിലും അവസരം മുതലാക്കി പഴയ പ്രതികാരം വീട്ടിയ ദേവനോടുള്ള പ്രതികാരം ഈ ജീവിതം കൊണ്ട് വീട്ടുമെന്ന് അവൾ പ്രതിജ്ഞ എടുത്തിരുന്നു. ആരോ വന്നു മൈലാഞ്ചി ഇടാൻ വിളിച്ചപ്പോഴാണ് അവൾ പഴയ ലോകത്തു നിന്ന് തിരികെ വന്നത്. ആതിയേം അവളെയും സ്റ്റേജ് ഇൽ കയറ്റിയിരുന്നു മൈലാഞ്ചി ഇട്ടു കൊണ്ടിരിക്കുമ്പോഴാണ് സോമശേഖരന്റെ ഫോണിലേക്കു ഒരു കാൾ വന്നത്. ഫോൺ വന്നതും അയാളുടെ മുഖം മാറുകയും അവിടെ വല്ലാത്തൊരു മ്ലാനത വന്നു നിറയുകയും ചെയ്തു. സ്റ്റേജിൽ ഇരിക്കുകയായിരുന്ന കാരണം ആമിയും ആതിയും ഇതൊന്നും അറിഞ്ഞില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഗീത വന്നു ആതിയുടെ ചെവിയിൽ എന്തോ പറഞ്ഞു. അത് കേട്ടതും അവളുടെ മുഖം മാറുന്നതു ആമി കണ്ടു. ആതി തിരിഞ്ഞു ദേഷ്യത്തോടെ ആമിയുടെ മുഖത്തേക്കു നോക്കി ഗീതയോടൊപ്പം എഴുനേറ്റു പോയി " എങ്ങനെയെങ്കിലും എല്ലാം ശരിയാക്കി കൊണ്ട് വന്നതായിരുന്നു. എന്റെ മോളുടെ ജീവിതം നശിപ്പിക്കാനായിട്ടു മാത്രം ഇറങ്ങിയിരിക്കുന്നു ഓരോരോ നാശങ്ങൾ" പോകുന്ന വഴിക്കു ഗീത പിറുപിറുക്കുന്നത് അവൾ കേട്ടു. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അവൾ എല്ലാവരുടെയും മുഖത്തേക്ക് നോക്കി. അവൾ നോക്കുന്ന മുഖങ്ങളെല്ലാം സഹതാപവും ആശങ്കയും നിറഞ്ഞു നിന്നു . എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുന്ന അവളുടെ അടുത്തേക്ക് അമ്മുമ്മ വന്നു. അമ്മൂമ്മയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നതും കൂടി കണ്ടപ്പോൾ അവൾക്കു ആകെ പേടിയായി " എന്താ അമ്മൂമ്മേ.. എന്തെങ്കിലും പ്രശ്നമുണ്ടോ?" അമ്മൂമ്മ അവളുടെ മുടിയിൽ തലോടി " എന്റെ മോള് വിഷമിക്കരുത്. നമ്മുടെ ദേവനെ എന്തോ പ്രശ്നത്തിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തുന്നു. എന്തോ തല്ലു കേസ് ആണെന്നാണ് പറയുന്നത്. അവനെ ഇന്ന് വിടാൻ സാധ്യത ഇല്ലെന്നാണ് കേൾക്കുന്നത്. അങ്ങനെയാണെങ്കിൽ നാളത്തെ കല്യാണത്തിന്റെ കാര്യം..." തുടരും... ❤️നിങ്ങളുടെ രചനകൾ പേജിൽ പോസ്റ്റ് ചെയ്യുന്നതിനായി ഉടനെ ഇതൾ പേജിലേക്ക് മെസേജ് ചെയ്യുക..❤️ കണ്ണൂർകാരൻ ❤️❤️❤️❤️ #📔 കഥ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #💞 പ്രണയകഥകൾ
37 likes
28 shares
" എന്റെ മോള് വിഷമിക്കരുത്. നമ്മുടെ ദേവനെ എന്തോ പ്രശ്നത്തിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തുന്നു. എന്തോ തല്ലു കേസ് ആണെന്നാണ് പറയുന്നത്. അവനെ ഇന്ന് വിടാൻ സാധ്യത ഇല്ലെന്നാണ് കേൾക്കുന്നത്. അങ്ങനെയാണെങ്കിൽ നാളത്തെ കല്യാണത്തിന്റെ കാര്യം..." അമ്മൂമ്മ പറഞ്ഞു മുഴുമിപ്പിച്ചിക്കാതെ വിതുമ്പി കരഞ്ഞു...അവൾ ഒന്നും പറയാതെ എഴുനേറ്റു മുറിയിലേക്ക് പോയി. അപ്പുറത്തെ മുറിയിലിരുന്ന് തന്റെ മകളുടെ കല്യാണം മുടങ്ങുന്നതിനെ പറ്റി ഗീത ചിറ്റ പതം പറഞ്ഞു കരയുന്നതു അവൾ കേട്ടു . നാളെ തന്റെ കല്യാണം മുടങ്ങിയാൽ അതോടൊപ്പം ആതിയുടെയും കല്യാണം മുടങ്ങും. ദേവേട്ടൻ ജയിലിൽ കിടക്കുമ്പോൾ കല്യാണം കഴിക്കാൻ ഹരിയേട്ടൻ തയ്യാറാവില്ല. അതാണ് അവരുടെ വിഷമം. തന്റെ വിധിയോർത്തപ്പോൾ ആമിക്കു അവളോട് തന്നെ സഹതാപം തോന്നി. കല്യാണത്തലേന്നു പോയി അടിയുണ്ടാക്കി പോലീസ് സ്റ്റേഷനിൽ കിടക്കുന്ന ആളെയാണ് താൻ കല്യാണം കഴിക്കാൻ പോകുന്നത്. ദേവൻ ഈ കല്യാണത്തെ വെറും കളിതമാശ ആയാണ് കാണുന്നത് എന്ന് അവൾക്കു ഉറപ്പായി. ഇനി നാളെ നടന്നില്ലെങ്കിലും മറ്റൊരു ദിവസം താൻ തന്നെ അയാളുടെ മുന്നിൽ കഴുത്തു നീട്ടി കൊടുക്കേണ്ടി വരും. അപ്പോൾ വരുന്നത് വരുന്നിടത്തു വച്ച് കാണുക തന്നെയെന്ന് അവൾ ഉറപ്പിച്ചു. ഹരി കാറിന്റെ പിൻസീറ്റിൽ വിൻഡോയിലൂടെ പുറത്തേക്കു നോക്കി ഇരിക്കുന്ന ദേവനെ ഒന്ന് നോക്കി. തല്ലു ഉണ്ടാക്കിയപ്പോഴാണോ അതോ പോലീസ് കാര് കൊടുത്തതാണോ എന്നറിയില്ല കുറച്ചു അടി കിട്ടിയതിന്റെ ലക്ഷണങ്ങൾ കാണാനുണ്ട്. കാറിന്റെ മുന്നിൽ തന്നോടൊപ്പം ഇരിക്കുന്ന അച്ഛൻ പറയുന്ന ചീത്തയൊന്നും അവനെ ബാധിക്കുന്ന ലക്ഷണമൊന്നും കാണുന്നെ ഇല്ല. നാളെ അവന്റെ കല്യാണം ആണെന്നോ ഇന്ന് അവനെ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കാൻ പറ്റിയിരുന്നില്ലെങ്കിൽ നാളെ തന്റെയും കൂടി കല്യാണം മുടങ്ങുമായിരുന്നെന്നോ അവൻ ഓർക്കുന്നു പോലും ഉണ്ടെന്നു തോനുന്നില്ല എന്ന് ഹരി വിഷമത്തോടെ ഓർത്തു. നാളത്തെ കല്യാണം മാറ്റി വയ്‌ക്കേണ്ടി വരും എന്ന് തന്നെയാണ് താനും കരുതിയിരുന്നത്. ദേവൻ പോലീസ് കസ്റ്റഡിയിൽ ആണെന്നറിഞ്ഞു താനും അച്ഛനും സ്റ്റേഷനിൽ എത്തിയപ്പോൾ അവൻ ലോക്ക് അപ്പിൽ ആയിരുന്നു. കൂടെ അവന്റെ കൂട്ടുകാരും. നാളെ അവന്റെ കല്യാണം ആണെന്ന് അടക്കമുള്ള കാര്യങ്ങൾ എത്ര പറഞ്ഞിട്ടും എസ്.ഐ അവനെ വിടാൻ ഒരുക്കമല്ലായിരുന്നു. ദേവനെയും കൂട്ടരെയും കേസ് ചാർജ് ചെയ്തു കോടതിയിൽ ഹാജരാക്കണമെന്നാണ് അയാൾ പറഞ്ഞത്. വേറൊരു വഴിയും ഇല്ലായെന്ന് തോന്നിയപ്പോഴാണ് ഹരി അവൻ ജോലി ചെയ്യുന്ന നഗരത്തിലെ പ്രശസ്തമായ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെ ഉടമസ്ഥനായ വര്ഗീസ് മേമനെ വിളിച്ചത്. സത്സ്വഭാവിയും തന്റെ സ്ഥാപനത്തിലെ നല്ലൊരു ഡോക്ടറുമായ ഹരിയെ അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. ബിസ്സിനെസ്സുകാരനായ അദ്ദേഹത്തിന് പല സമൂഹത്തിലെ ഉന്നതന്മാരുമായും ബന്ധമുണ്ട്. ഹരിയുടെ അവസ്ഥ കേട്ടപ്പോൾ തന്നെ കൊണ്ട് പറ്റുന്നത് ചെയ്യാമെന്ന് അദ്ദേഹം വാക്ക് കൊടുത്തു. എന്നാൽ അദ്ദേഹം സ്ഥലം എം. എൽ. എ യെക്കൊണ്ട് വിളിപ്പിച്ചിട്ടും ദേവനെ വിടാൻ എസ്.ഐ കൂട്ടാക്കിയില്ല. അതോടെ എല്ലാ പ്രതീക്ഷകളും അവസാനിച്ചു. രണ്ടു കല്യാണങ്ങളും മാറ്റി വയ്‌ക്കേണ്ടി വരുമെന്ന് ഉറപ്പിച്ചു. ഹരിയുടെ മാത്രം കല്യാണം നടത്താമെന്നു പറഞ്ഞെങ്കിലും അതിനു ഹരി ഒരുക്കമല്ലായിരുന്നു. അച്ഛൻ സോമൻ അമ്മാവനെ വിളിച്ചു കല്യാണം മാറ്റി വയ്‌ക്കേണ്ടി വരുമെന്ന് പറയുകയും ചെയ്തു. പക്ഷെ അത്ഭുദം എന്ന് പറയട്ടെ അവരുടെ അവസ്ഥ മനസ്സിലാക്കിയോ സമൂഹത്തിലെ ഉന്നതനെ പിണക്കേണ്ട എന്ന് കരുതിയോ ദേവനെ വിട്ടയക്കാൻ കുറച്ചു സമയത്തിന് ശേഷം അയാൾ തയ്യാറായി. അങ്ങനെ അവനെയും കൂട്ടി വരുന്ന വരവാണ്. സ്റ്റേഷനിൽ നിനിറങ്ങിയപ്പോഴേ ദേവനെ വിട്ടയച്ചുവെന്നും കല്യാണം നാളെ തന്നെ നടത്താമെന്നും രവിശങ്കർ സോമശേഖരൻ വിളിച്ചു പറഞ്ഞു. അതോടെ ഗീതയും ആതിയുമെല്ലാം സങ്കടം മാറി വീണ്ടും സന്തോഷത്തിലായി. ആരോ ഈ വിവരം ആമിയെയും ചെന്ന് അറിയിച്ചു. അവൾക്കു പ്രത്യേകിച്ച് യാതൊരു വികാരവും തോന്നിയില്ല. വധശിക്ഷ നീട്ടിവയ്ക്കണമെന്ന ഹർജി തള്ളി അത് നേരത്തെ പറഞ്ഞ സമയത്തു തന്നെ നടത്തുന്ന പോലെയേ അവൾക്കു തോന്നിയുള്ളൂ. വീടിനു മുന്നിൽ എത്തിയപ്പോൾ തന്നെ ദേഷ്യവും സങ്കടവും നിറഞ്ഞ കണ്ണുകളുമായി തങ്ങളെ നോക്കി സിറ്റ് ഔട്ടിൽ നിൽക്കുന്ന അമ്മയെ ദേവൻ കണ്ടു. വീടിനു മുന്നിൽ പന്തലൊക്കെ ഇട്ടു ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ദേവനെ കണ്ടതും ചീത്ത പറയാൻ തുടങ്ങിയ അമ്മയെ ഹരി തടഞ്ഞു " ആവശ്യത്തിനുള്ളത് അച്ഛൻ കാറിൽ ഇരുന്നു പറഞ്ഞിട്ടുണ്ട്. ഇനി അമ്മയും കൂടി വേണ്ട." ജാനകി പിന്നെയും ഒന്നും മിണ്ടിയില്ല. "അല്ലെങ്കിലും ആര് പറഞ്ഞിട്ടും എന്താ കാര്യം.. എന്റെ ഫ്രണ്ട് ഒക്കെ വന്നപ്പോൾ എല്ലാവരുടെയും മുന്നിൽ ഇങ്ങേരു കാരണം ഞാൻ നാണം കെട്ടു . " ദേവൻ അകത്തേക്ക് പോകുമ്പോൾ ശ്രീക്കുട്ടിയുടെ പതം പറച്ചിൽ കേട്ടു. തന്നെ ഇപ്പോൾ അവൾ ഏട്ടാ എന്ന് വിളിക്കാറ് പോലും ഇല്ല എന്നവൻ ഓർത്തു. ദേവന്റെ പിറകെ ഹരിയും അവന്റെ മുറിയിലേക്ക് കയറി വന്നു. ദേവൻ വേറെ ആരോടൊക്കെ മുഖം തിരിച്ചാലും ഹരിയുടെ അടുത്ത് മാത്രം പറ്റില്ല. ഹരി മുറിയിൽ തന്നെയും നോക്കി നിൽക്കുന്നുണ്ടെന്നു അറിഞ്ഞിട്ടും അവൻ അറിയാത്ത പോലെ ഡ്രസ്സ് മാറാൻ തുടങ്ങി. " തല്ലുണ്ടാക്കാൻ പോകരുത് എന്ന് പറഞ്ഞാൽ നീ കേൾക്കാറില്ല.. പക്ഷെ ഇന്ന് വേണമായിരുന്നോ? ഇന്ന് ഇവിടെ വന്ന ആളുകളുടെ എല്ലാവരുടെയും മുന്നിൽ നീ എല്ലാവരെയും നാണം കെടുത്തിയില്ലേ ? അത് പോട്ടെ.. എല്ലാവരെയും എന്ത് മാത്രമേ നീ ടെന്ഷൻ അടിപ്പിച്ചു?" " അതിനു ഞാൻ മനഃപൂർവം തല്ലുണ്ടാക്കാൻ പോയതല്ല.. അവന്മാരാണ് ഇങ്ങോട്ടു വന്നു തല്ലുണ്ടാക്കിയത്" " അപ്പൊ നീ ഓർക്കണ്ടായിരുന്നോ നാളെ നിന്റെ കല്യാണം ആണെന്ന്" " ഞാൻ പറഞ്ഞില്ലാലോ എനിക്കിപ്പോൾ കല്യാണം കഴിക്കണം എന്ന്.. എല്ലാവരും കൂടി എന്നെ നിർബന്ധിച്ചും ഓരോ കാര്യങ്ങൾ പറഞ്ഞു ബ്ലാക്ക് മെയിൽ ചെയ്തും സമ്മതിപ്പിച്ചതല്ലേ? അപ്പൊ എനിക്കിത്രയൊക്കെയേ പറ്റൂ" " കല്യാണത്തിന് ഞങ്ങൾ തന്നെയാണ് നിർബന്ധിച്ചത്.. പക്ഷെ കല്യാണം കഴിക്കുന്നെങ്കിൽ ആമിയെ മാത്രേ കെട്ടൂ എന്ന് പറഞ്ഞത് ആരാ? നിന്റെ നിർബന്ധം കാരണം അല്ലെ എല്ലാവരും കൂടി അവളെ കൊണ്ട് ഇതിനു സമ്മതിപ്പിച്ചത്..എന്നിട്ടിപ്പോ കല്യാണത്തിന്റെ തലേന്ന് നീ വഴക്കും ഉണ്ടാക്കി സ്റ്റേഷനിൽ ആണെന്ന് അറിഞ്ഞപ്പോൾ അവൾക്കു എങ്ങനാരിക്കും തോന്നിയിട്ടുണ്ടാവുക? " ദേവൻ അതിനു ഉത്തരമൊന്നും പറഞ്ഞില്ല.ഹരി അവനടുത്തേക്കു ചെന്നു " ഡാ.. ആമി ഒരു പാവമാണ്.. നീ കല്യാണത്തിന് ശേഷവും ഇങ്ങനൊക്കെ തുടങ്ങിയാൽ അവൾക്കു താങ്ങാൻ പറ്റില്ല.. അത് ഓർത്തോണം.." കൂടുതലൊന്നും പറയാൻ നിക്കാതെ ഹരി തന്റെ മുറിയിലേക്ക് പോയി. ദേവൻ പതിയെ ചിന്തകളിൽ മുഴുകി. കുറച്ചു മണിക്കൂറുകൾക്കു ശേഷം തന്റെ വിവാഹമാണ്.. ആമിയുമായി.. കുട്ടിക്കാലത്തു ഒരുമിച്ചു താമസിച്ചിരുന്ന നാളുകളിൽ എപ്പോളോ അവളോട് ഒരു ഇഷ്ടം തോന്നി തുടങ്ങി.. ആദ്യമായി ഒരു ചുംബനമായി അത് അവൾക്കു നൽകിയപ്പോൾ തിരികെ കിട്ടിയത് കാരണം പുകച്ചു ഒരു അടിയായിരുന്നു... ഇപ്പോളും അത് ഓർക്കുമ്പോൾ ഉള്ളിലും കവിളിനും ഒരു പുകച്ചിലാണ്. പിന്നീടൊരിക്കലും അവളെ കാണാൻ പോലും ഉള്ള ഒരു അവസരം ഉണ്ടാക്കിയിട്ടില്ല.. കല്യാണം കല്യാണം എന്ന് പറഞ്ഞു എല്ലാവരും നിർബന്ധിച്ചപ്പോൾ അവളുടെ പേര് പറഞ്ഞത് മനഃപൂർവം തന്നെയാണ്. ഹരി പറഞ്ഞത് പോലെ ആമി ഒരു പാവമാണ്. അവളെക്കൊണ്ട് അധികം ശല്യമൊന്നും ഉണ്ടാവില്ല. പിന്നെ പഴയ ചില കണക്കുകൾ അവളോട് ബാക്കി വച്ചിട്ടുണ്ട്... അതും വീട്ടണം. ഓരോന്നോർത്തു നിൽക്കെ അവന്റെ ഫോൺ റിങ് ചെയ്തു.. എടുത്തു നോക്കിയ ദേവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. " നിഷ കാളിങ്" ഫോണും ചെവിയോട് ചേർത്ത് അവൻ ബാൽക്കണിയിലേക്കിറങ്ങി.. പക്ഷെ അവൻ അറിയുന്നുണ്ടായിരുന്നില്ല അവൻ വെറും പാവം എന്ന് കരുതുന്ന ആമി അവനുമായുള്ള യുദ്ധത്തിന് ഒരുങ്ങി തന്നെയാണ് അവന്റെ ജീവിതത്തിലേക്ക് വരുന്നതെന്ന്. പുഷ്പവൃഷ്ടികൾക്കും നാദസ്വരമേളങ്ങൾക്കും ഒപ്പം ദേവൻ കഴുത്തിൽ താലി ചാർത്തുമ്പോൾ മനസ്സും ശരീരവും മരവിച്ച ഒരു പാവ പോലെ ആമി ഇരുന്നു കൊടുത്തു. കണ്ണിൽ നിന്നും ഇനി പൊടിയാൻ ചോര മാത്രമേ ബാക്കിയുള്ളു എന്നുള്ളത് കൊണ്ട് ഒരിറ്റു നീര് പോലും വന്നില്ല. കഴുത്തിൽ താലി വീഴുമ്പോൾ പെണ്ണുങ്ങൾ സാധാരണ തന്റെ ഭർത്താവിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാര്ഥിക്കുമെന്നു കേട്ടിട്ടുണ്ട്. അവൾക്കു അതിനും തോന്നിയില്ല. ജീവിതത്തിൽ ഏറ്റവും കൂടുതൽ വെറുക്കുന്നവന്റെ ആയുസ്സിന് വേണ്ടി ആരെങ്കിലും പ്രാർത്ഥിക്കുമോ? ദേവൻ അവളുടെ കഴുത്തിൽ ചേർത്ത് വച്ച താലി പുറകിൽ നിന്ന് ആരോ കെട്ടുന്നതായി തോന്നിയപ്പോൾ അത് ആരാവുമെന്നു അവൾ അതിശയിച്ചു. എന്തായാലും ശ്രീക്കുട്ടി ആവില്ല.. അവൾ ഇപ്പോൾ അവളുടെ പ്രിയപ്പെട്ട ഏട്ടത്തിയമ്മയുടെ താലി കെട്ടി കൊടുക്കുന്നുണ്ടാവും. ദേവൻ ആമിയുടെ കഴുത്തിൽ താലി കെട്ടിയ അതെ സമയത്തു തന്നെ ഹരി ആരതിയുടെ കഴുത്തിലും താലി ചാർത്തി.നിറുകയിൽ സിന്ദൂരം തൊടാനായി ദേവൻ ആമിയുടെ നേരെ തിരഞ്ഞപ്പോൾ അവളുടെ നോട്ടത്തിനു അവനെ ദഹിപ്പിക്കാനുള്ള ശക്തി ഉണ്ടായിരുന്നു. പക്ഷെ അവന്റെ മുഖത്ത് അപ്പോൾ അങ്കം ജയിച്ച വിജയിയുടെ ഭാവമായിരുന്നു. അത് അവളിൽ കൂടുതൽ ദേഷ്യമുണ്ടാക്കി. മാലയിടിലും പുടവ കൊടുക്കലും കൈ പിടിച്ചു കൊടുക്കലുമൊക്കെ മുറ പോലെ നടന്നു. ദേവന്റെ കയ്യും പിടിച്ചു മണ്ഡപത്തിനു ചുറ്റും വലം വെക്കുമ്പോൾ ആമി കണ്ടു തൊട്ടപ്പുറത്തെ മണ്ഡപത്തിൽ ആരതിയുടെ കയ്യും പിടിച്ചു വലം വയ്ക്കുന്ന ഹരിയേട്ടനെ...ആതിയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ ആമിയുടെ ഉള്ളിൽ ഒരു വിങ്ങലുണ്ടായി. ഇടക്കെപ്പോളോ അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോൾ അതി ഒരു പുച്ഛം നിറഞ്ഞ ചിരി അവൾക്കു സമ്മാനിച്ചു .കല്യാണത്തിന് വന്നിരിക്കുന്ന ആളുകൾ ആതിയെ അസൂയയോടെയും തന്നെ സഹതാപത്തോടെയും നോക്കുന്നത് കണ്ടപ്പോൾ അവൾക്കു ചിരി വന്നു.. ഒരു താന്തോന്നിയുടെ ഭാര്യയായി ജീവിക്കാൻ വിധിക്കപെട്ടവളോട് സഹതാപമല്ലാതെ പിന്നെന്താണ് തോന്നേണ്ടത്. ഇന്നലത്തെ തല്ല് കേസ് കൂടി പാട്ടായ സ്ഥിതിക്ക് സഹതാപത്തിന്റെ അളവ് കൂടും. ഫോട്ടോകൾക്കും സാരി മാറി ഉടുക്കാനുമെല്ലാം അവൾ നിന്ന് കൊടുത്തു. എല്ലാം കഴിഞ്ഞു ദേവന്റെ കൂടെ പോകാൻ ഇറങ്ങിയപ്പോൾ ആമി അമ്മൂമ്മയുടെ കാൽ തൊട്ടു തൊഴുതു.. അവളെ പിടിച്ചെണീപ്പിച്ചു കൊണ്ട് അമ്മൂമ്മ പറഞ്ഞു " നിനക്ക് അമ്മൂമ്മയോടു ദേഷ്യമാണെന്നു അറിയാം. പക്ഷെ ഒന്നോർത്തോളൂ.. എന്റെ മോൾക്ക് ദോഷം വരുന്നതൊന്നും ഈ അമ്മൂമ്മ ഒരു കാലത്തും ചെയ്യില്ല. നിനക്ക് ദൈവം സന്തോഷം നിറഞ്ഞ ഒരു ജീവിതം തരും.. " അതും പറഞ്ഞു അമ്മൂമ്മ ദേവന്റെ മുഖത്തേക്ക് നോക്കി. " നീയായിട്ടു ചോദിച്ചു വാങ്ങിയതാണ് ഇവളോടൊത്തുള്ള ജീവിതം.. അപ്പോൾ ഇവളെ നന്നായിട്ടു നോക്കേണ്ട ഉത്തരവാദിത്വവും നിനക്കുണ്ട്.. അതെപ്പോളും ഓർക്കണം" അമ്മൂമ്മ പറഞ്ഞതൊന്നും ദേവന്റെ ചെവിയിൽ കേറിയിട്ടില്ലന് അവൾക്കു ഉറപ്പായിരുന്നു. അമ്മൂമ്മയെ ഒന്ന് ചിരിച്ചു കാണിച്ചു അവൾ ദേവനൊപ്പം കാറിലേക്ക് കയറി. " നന്ദനം" എന്ന ദേവന്റെയും ഹരിയുടെയും വീട്ടിലെത്തിയപ്പോൾ അവരെ വിളക്ക് കൊടുത്തു സ്വീകരിക്കാൻ ജാനകിയും ശ്രീകുട്ടിയും തയ്യാറായി നില്പുണ്ടായിരുന്നു. ആമിക്കു ജാനകിയും ആതിക്കു ശ്രീകുട്ടിയും വിളക്ക് നൽകി .പുതിയ പെണ്ണുങ്ങളെ കാണാനായി അയൽപക്കത്തുള്ള ഒരുപാടു പെണ്ണുങ്ങളെല്ലാം അവിടെ വന്നിട്ടുണ്ടായിരുന്നു. ശ്രീക്കുട്ടിയുടെ പുച്ഛം നിറഞ്ഞ നോട്ടവും വന്നവരുടെ സഹതാപവും പാടെ അവഗണിച്ചു കൊണ്ട് ആമി എല്ലാവരോടും ചിരിച്ചു കൊണ്ട് തന്നെ വർത്തമാനം പറഞ്ഞു. അവളുടെ ലക്‌ഷ്യം ദേവൻ മാത്രമായിരുന്നു. എല്ലാവരും പോയി വീട് ഒന്ന് ഒഴിഞ്ഞപ്പോഴേക്കു സന്ധ്യയായി. അപ്പോളേക്കും ദേവൻ എവിടെയോ പോകാനായി ഇറങ്ങി വന്നു. എങ്ങോട്ടാണ് പോകുന്നതെന്ന് ജാനകിയും ഹരിയും മാറി മാറി ചോദിച്ചിട്ടും ഒന്നും പറയാതെ അവൻ ബൈക്കുമെടുത്തു പോയി. കള്ളു കുടിക്കാൻ പോയതാവും.. ആദ്യരാത്രിയിൽ വിജയിയെ പോലെ പണ്ട് കരണത്തു അടിച്ചവളെ കീഴ്പെടുത്തുമ്പോൾ ഒരിച്ചിരി കള്ളിന്റെ ബലം കൂടി ഉണ്ടെങ്കിൽ നല്ലതാവുമല്ലോ.. പുച്ഛത്തോടെ ആമി ഓർത്തു.. ഒരു പെണ്ണിന്റെ ശരീരം കീഴ്‌പെടുത്താൻ ആരോഗ്യമുള്ള ഏതൊരുത്തനും സാധിക്കും.. എന്നാൽ മനസ്സ് കീഴ്പെടുത്തി അവളെ സ്വന്തമാക്കുന്നവനാണ് യഥാർത്ഥ ആണ്.. ദേവനന്ദന് ഒരിക്കലും തന്റെ മുന്നിൽ ഒരാണാകാൻ കഴിയില്ല. അവൾ മനസ്സിൽ ഉറപ്പിച്ചു. രാത്രിയിൽ ഭക്ഷണം കഴിക്കുന്ന സമയത്തും അവൻ തിരിച്ചെത്തിയില്ല. ഹരി വിളിച്ചു നോക്കിയെങ്കിലും അവന്റെ ഫോൺ ഓഫ് ആയിരുന്നു. കഴിച്ചു കഴിഞ്ഞു പാത്രമൊക്കെ കഴുകി തിരിച്ചു വരുമ്പോൾ കണ്ടു നാണത്തോടെ കയ്യിലൊരു ഗ്ലാസ് പാലുമായി ഹരിയുടെ മുറിയിലേക്ക് ആതിയെ കയറ്റി വിടുന്ന ശ്രീകുട്ടിയെ.. ശ്രീക്കുട്ടിയുടെ നോട്ടത്തെ പാടെ അവഗണിച്ചു അവൾ തന്റെ മുറിയിൽ പോയിരുന്നു. കല്യാണം പ്രമാണിച്ചാവണം അതാരോ വൃത്തിയാക്കി ഇട്ടിരുന്നു. കട്ടിലിൽ അവൾ അവനെയും കാത്തിരുന്നു ..വരട്ടെ.. വന്നയാൾക്കു ചെയ്യാനുള്ളതൊക്കെ ചെയ്യട്ടെ.. അങ്ങനോർത്തിരിക്കുമ്പോളാണ് ജാനകി മുറിയിലേക്ക് പാലുമായി കയറി വന്നത്. ജാനകിയെ കണ്ടപ്പോൾ അവൾ ചാടി എണീറ്റു. അവർ പാല് മേശപ്പുറത്തു വച്ച് അവളുടെ നേരെ തിരിഞ്ഞു " മോളെ. നിനക്ക് അപ്പച്ചിയോടു ദേഷ്യമാണോ?" അവൾ ഒന്നും മിണ്ടിയില്ല " അപ്പച്ചി നിന്നോട് ചെയ്തത് തെറ്റാണെന്നു അറിയാം.. നിനെയല്ലാതെ വേറെ ആരെയും അവൻ കല്യാണം കഴിക്കില്ലന്നു പറഞ്ഞപ്പോൾ.. ഇനീപ്പോ ഇതും കൂടെ ഉള്ളു ഒരു പ്രതീക്ഷ.. നീ വിചാരിച്ചാൽ അവനെ നന്നാക്കി എടുക്കാൻ സാധിക്കും.. അങ്ങനെ എന്റെ മനസ്സ് പറയുന്നു.. ഒരു അമ്മയുടെ സ്വാർത്ഥത ആയി കണ്ടാൽ മതി ഇതിനെ.." അവളുടെ മുടിയിഴകിലൂടെ തലോടി കണ്ണ് നിറഞ്ഞു അവർ ഇറങ്ങി പോയി. അവൾ വീണ്ടും അവനെയും പ്രതീക്ഷിച്ചു കട്ടിലിലേക്കിരുന്നു . ആ ഇരുപ്പിൽ എപ്പോളോ അവൾ ഉറങ്ങി പോയി. ഒരു നീണ്ട ഉറക്കത്തിൽ നിന്നെന്ന പോലെ ആമി പതിയെ കണ്ണ് തുറന്നു. മുറിയിൽ നിറയെ വെളിച്ചം വന്നിരിക്കുന്നു. അവൾ സമയം നോക്കി.. എട്ടു മണി .. അവൾ ചാടി എണീറ്റു .. ആദ്യ ദിവസം തന്നെ ഇത്രയും ലേറ്റ് ആയല്ലോ എന്നോർത്ത് കൊണ്ട്.. ദേവനെയും കാത്തിരുന്നു എപ്പോഴാണ് അവൾ ഉറങ്ങിയതെന്നു അറിയില്ല.. കിടന്നതോ പുതപ്പു പുതച്ചതോ ഒന്നും ഓർമയില്ല.. രാത്രി മുഴുവൻ അവൻ പുറത്തായിരുന്നോ എന്നോർത്ത് കൊണ്ട് നോക്കിയപ്പോഴാണ് കട്ടിലിന്റെ മറ്റേ അറ്റത്തു കമിഴ്ന്നു കിടന്നുറങ്ങുന്ന ദേവനെ കണ്ടത്. രാത്രിയിൽ വന്നിട്ടും എന്ത് കൊണ്ട് അവൻ തന്നെ ഉണർത്തിയില്ല എന്ന് ആലോചിച്ചു കൊണ്ട് അവൾ എണീറ്റു . ഡ്രെസ്സും എടുത്തു ബാത്റൂമിലേക്കു നടക്കാൻ തുടങ്ങവേ കാലിയായി കഴുകി വച്ചിരിക്കുന്ന പാൽ ഗ്ലാസ് ശ്രദ്ധയിൽ പെട്ടത്. അവൾ ഒരു ദീർഘനിശ്വാസത്തോടെ ബാത്റൂമിലേക്കു കയറി. ബാത്റൂമിലെ ഡോർ അടയുന്ന ഒച്ച കേട്ടപ്പോൾ ദേവൻ പതിയെ കണ്ണ് തുറന്നു നോക്കി. ഇന്നലെ പാതിരാത്രി അവൻ കയറി വരുമ്പോൾ അവൾ മുട്ട് മടക്കി വച്ച് അതിൽ തലയും വച്ച് ഇരുന്നു ഉറങ്ങുകയായിരുന്നു. അവളെ നേരെ കിടത്തി പുതപ്പിട്ടു മൂടിയത് അവനാണ്. പാട കെട്ടി തുടങ്ങിയ പാൽ കളഞ്ഞു ഗ്ലാസും കഴുകി വച്ചിട്ടാണ് അവൻ കട്ടിലിൽ വന്നു കിടന്നതു. ആമിക്കു തന്നോട് ദേഷ്യമോ വെറുപ്പോ ഒക്കെയാണെന്നു ദേവന് നന്നായി അറിയാം. അതെ.. പകയും ദേഷ്യവുമൊക്കെയാണ് ഇനിയുള്ള തങ്ങളുടെ ജീവിതത്തെ മുന്നോട്ടു നയിക്കാൻ പോകുന്നതെന്ന് അവൻ വീണ്ടുംകണ്ണടച്ച് കൊണ്ട് ഓർത്തു. അവൾ അടുക്കളയിൽ ചെല്ലുമ്പോൾ അവിടെ അപ്പച്ചി മാത്രമേ ഉണ്ടായിരുന്നുള്ളൂ . ആതിയും ശ്രീകുട്ടിയും എണീറ്റിട്ടില്ലാന്നു അവൾക്കു മനസിലായി. അവളും വേഗം ജാനകിയോടൊപ്പം രാവിലത്തേക്കുള്ള കാപ്പി ഉണ്ടാക്കാൻ കൂടി. ബാക്കി ഉള്ളവരൊക്കെ പത്തു മണിയായപ്പോൾ എണീറ്റ് വന്നപ്പോളേക്കും ജാനകിയും ആമിയും കൂടി ഉച്ച വരേക്കുമുള്ള എല്ലാ പണിയും തീർത്തിരുന്നു. ദേവൻ എണീറ്റു എന്നറിഞ്ഞിട്ടും അവൾ അവനു ചായ കൊടുക്കാനോ അന്വേഷിക്കാനോ ഒന്നും പോയില്ല. ചായ കൊണ്ട് കൊടുക്കാത്തതിന് അവൻ വന്നു തന്നോട് വഴക്കുണ്ടാക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല.അവൻ തനിയെ വന്നു അടുക്കളയിൽ നിന്ന് ചായ എടുത്തു കുടിക്കുന്നത് കണ്ടപ്പോൾ അത് ഇവിടെ പതിവാണെന്ന് അവൾക്കു മനസിലായി. എല്ലാവരും ഒരുമിച്ചിരുന്നാണ് കാപ്പി കുടിച്ചത്.. ആമിയെ കാണിക്കാൻ വേണ്ടി തന്നെ ആതി ഹരിയോട് വളരെ അടുത്ത് ഇടപഴകി കൊണ്ടിരുന്നു. ആമി അതൊന്നും ശ്രദ്ധിക്കാനേ പോയില്ല. ദേവനാണെങ്കിൽ ഒന്നിലും ആരെയും ശ്രദ്ധിക്കാതെ ഇരുന്നു ഭക്ഷണം കഴിക്കുകയാണ്. കാപ്പി കുടി കഴിഞ്ഞതോടു കൂടി ദേവൻ ബുള്ളറ്റുമെടുത്തു എങ്ങോട്ടോ പോയി.. ആതിയുടെ കോപ്രായങ്ങൾ കാണേണ്ട എന്ന് കരുതി ആമി തന്റെ മുറിയിലേക്ക് കയറി. കരയില്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിരുനെങ്കിലും അറിയാതെ കണ്ണുകൾ നിറഞ്ഞു വന്നു. ഓരോന്നാലോചിച്ചു കട്ടിലിൽ കിടന്നു എപ്പോളോ അവൾ ഉറങ്ങി പോയി.. ഉച്ചക്ക് കഴിക്കാനായി ജാനകി വന്നു വിളിക്കുമ്പോളാണ് അവൾ എഴുനേൽക്കുന്നത്. കഴിക്കാനായി വന്നിരുന്നപ്പോൾ കണ്ടു എവിടെയോ പോകാനായി വേഷം മാറി വന്നു നിൽക്കുന്ന ഹരിയേയും ആതിയെയും. ഹരിക്കു ലീവ് കുറവായതു കൊണ്ട് അവർ ഇന്ന് തന്നെ ആതിയുടെ വീട്ടിൽ വിരുന്നിനു പോകുമെന്ന് അപ്പച്ചി പറഞ്ഞത് അവൾ ഓർത്തു. നഗരത്തിലെ അറിയപ്പെടുന്ന ഒരു മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായ മേമൻ ചാരിറ്റി ഹോസ്പിറ്റലിലെ അസിസ്റ്റന്റ് സർജൻ ആണ് ഹരി. ആ ആശുപത്രിയുടെ ഉടമയായ വര്ഗീസ് മേമൻ നാട്ടിൽ എല്ലാവര്ക്കും സ്വീകാര്യനായ , ദാനധർമ്മങ്ങളിൽ തത്പരനായ ഒരു ബിസ്സിനെസ്സുകാരനാണ്. ആശുപത്രിയിൽ പാവപെട്ട ആൾക്കാർക്കായി പ്രത്യേകം കുറഞ്ഞ നിരക്കിൽ മികച്ച ചികിത്സ കിട്ടുമെന്നതിനാൽ അവിടെ എന്നും നല്ല തിരക്കാണ്. അത് കൊണ്ട് തന്നെ ഹരിക്കു ലീവും വളരെ കുറവാണു. ജാനകിയോടു യാത്ര പറഞ്ഞു അവർ ഇറങ്ങി. രാവിലെ ഹരിയുടെ വിരുന്നിന്റെ കാര്യം പറഞ്ഞ കൂട്ടത്തിൽ ആമിയോട് അവരുടെ വിരുന്നിന്റെ കാര്യത്തെ പറ്റി ജാനകി ചോദിച്ചിരുന്നു. തത്ക്കാലം തങ്ങൾ വിരുന്നിനു പോകുന്നില്ല എന്നാണ് ആമി അതിനു മറുപടി പറഞ്ഞത്. ദേവന്റെ കൂടെ , അത് തന്റെ സ്വന്തം വീട്ടിലേക്കാണെങ്കിൽ കൂടെ ഒരു യാത്ര അവൾ ഇഷ്ടപ്പെട്ടിരുന്നില്ല. അമ്മൂമ്മയെ കാണണമെന്ന് തോന്നുമ്പോൾ തനിയെ എപ്പോളെങ്കിലും പോയി കാണാമെന്നു അവൾ തീരുമാനിച്ചു. ആതി ഇല്ലാത്തപ്പോഴെങ്കിലും ശ്രീക്കുട്ടി തന്നോട് മിണ്ടുമെന്നു ആമി പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ശ്രീകുട്ടിക്കു തന്നോട് ദേഷ്യമുണ്ടാവാനുള്ള കാരണമെന്താണെന്ന് എത്ര ആലോചിച്ചിട്ടും അവൾക്കു മനസിലായില്ല. അന്നത്തെ ബാക്കി ദിവസം ജാനകിയോടു വർത്തമാനം പറഞ്ഞും മുറിയിലും ഒക്കെയായി അവൾ കഴിച്ചു കൂട്ടി. രാത്രി ഭക്ഷണവും കഴിച്ചു അവൾ കിടന്നിട്ടും ദേവൻ എത്തിയിട്ടില്ലായിരുന്നു. ദിവസങ്ങൾ വളരെ വേഗം കൊഴിഞ്ഞു വീണു കൊണ്ടേ ഇരുന്നു. വിരുന്നു പോയി വന്നു പിറ്റേ ദിവസം മുതൽ ഹരി ഹോസ്പിറ്റലിൽ പോയി തുടങ്ങി. ഡൽഹിയിൽ നിന്ന് പോന്നതിൽ പിന്നെ സോമശേഖരനും വേറെ കുറച്ചു ഫ്രണ്ട്സും ഒക്കെയായി രവിശങ്കർ ഒരു ചെറിയ ബിസിനസ് നടത്തുന്നുണ്ട്. ജാനകിക്കാണെങ്കിൽ രണ്ടു വർഷത്തെ സർവീസ് കൂടി ബാക്കിയുണ്ട്. ശ്രീകുട്ടിയാണെങ്കിൽ കോളേജിലും പോകും. അത് കൊണ്ട് തന്നെ പകൽ സമയങ്ങളിൽ ആമിയും ആതിയും തനിച്ചാണ് വീട്ടിൽ. രാവിലെ ബാങ്കിൽ പോകുന്ന വരെ ജാനകിയും കൂടും അടുക്കള പണിക്കൊക്കെ.. അത് കഴിഞ്ഞാൽ വീട്ടിലെ എല്ലാ ജോലിയും ആമി തനിച്ചാണ് ചെയ്യുന്നത്. ആതി മുഴുവൻ സമയവും ടീവി കണ്ടോ മൊബൈലിൽ കുത്തിയോ ഉറങ്ങിയോ തീർക്കും.. ആമി കിടന്നു കഷ്ടപ്പെടുന്ന കണ്ടാലും അവൾ തിരിഞ്ഞു നോക്കില്ല. ഹരി വന്നു കഴിഞ്ഞാൽ പിന്നെ അവന്റെ പിറകെ തന്നെ മുട്ടിയുരുമ്മി ഉണ്ടാവും. ആമിക്കു അവിടെ പ്രത്യേകിച്ച് ആരെയും നോക്കാനില്ലാത്തതു കൊണ്ടു പരാതിയൊന്നും ഇല്ലാതെ അവൾ എല്ലാം ചെയ്തു പൊന്നു.ദേവൻ പ്രത്യേകിച്ച് ജോലിക്കൊന്നും പോകുന്നില്ലെങ്കിലും വീട്ടിൽ ഉള്ളതിനേക്കാൾ സമയം അവൻ പുറത്താണ്. എപ്പോൾ പോകുമെന്നോ വരുമെന്നോ ആർക്കും നിശ്ചയമില്ല. ചിലപ്പോൾ രാത്രി പോലും വരില്ല. ഇടയ്ക്കിടയ്ക്ക് അവൻ വഴക്കും തല്ലും ഉണ്ടാക്കിയെന്ന് പറഞ്ഞു ഹരിയുടെയോ ചെറിയച്ഛന്റെയോ ഒക്കെ അടുത്ത് ആൾക്കാർ പരാതിയുമായി വരും. അവർ അത് എങ്ങനെയെങ്കിലും പരിഹരിച്ചു വിടും.വീട്ടിൽ ഉള്ളപ്പോളാണെങ്കിൽ പോലും ആമി ആ വീട്ടിലോ അവന്റെ മുറിയിലോ ജീവിതത്തിലോ ഉണ്ടെന്നു അറിയാത്ത പോലെയാണ് അവന്റെ പെരുമാറ്റം. കല്യാണം കഴിഞ്ഞു ഇത്രയും നാളായിട്ടും രണ്ടു വാക്ക് തികച്ചു അവർ തമ്മിൽ സംസാരിച്ചിട്ടില്ല. ദേവൻ ആ വീട്ടിൽ ആകെ സംസാരിക്കുന്നത് ഹരിയോട് മാത്രമാണെന്ന് ആമിക്കു തോന്നാറുണ്ട്. തന്നെ മാത്രമേ കല്യാണം കഴിക്കൂ എന്ന് നിർബന്ധം പിടിച്ചു കല്യാണം നടത്തിട്ടു ഇപ്പോൾ തന്നെ ഒഴിവാക്കുന്നത് എന്താണെന്നു അവൾക്കു മനസിലായില്ല. ഭർത്താവിന്റെ അവകാശങ്ങളെല്ലാം തന്റെ മുകളിൽ സ്ഥാപിക്കാൻ ശ്രമിക്കുമെന്ന് താൻ കരുതിയെങ്കിലും അവൻ അതിനൊന്നിനും വന്നില്ലെന്ന് തന്നെയല്ല അവളെ മൈൻഡ് പോലും ചെയ്യാറില്ല. വീട്ടിലുള്ള സമയത്തു ഒന്ന് രണ്ടു തവണ അവന്റെ ഫോണിലേക്കു നിഷ എന്ന് പേരിലുള്ള ഒരു പെൺകുട്ടിയുടെ കാൾ വരികയും അവൻ അതുമായി പുറത്തേക്കു പോയി കുറെ നേരം സംസാരിക്കുകയും ചെയ്യുന്നത് അവൾ ശ്രദ്ധിച്ചിരുന്നു.അതോടെ അവൻ തന്നെ വെറുതെ പക തീർക്കാൻ മാത്രമാണ് കല്യാണം കഴിച്ചതെന്ന് ആമിക്കു ഒന്ന് കൂടി ബോധ്യമായി. അവൻ എന്ത് ചെയ്താലും അത് തന്നെ ബാധിക്കില്ലെന്ന് ഉറപ്പിച്ചിട്ടും തന്നെ ഭാര്യയും സ്വീകരിച്ചതിനു ശേഷവും മറ്റൊരു പെണ്ണുമായി ബന്ധമുണ്ടെന്നതു അവൾ പോലും അറിയാതെ അവളുടെ മനസ്സിൽ കരടായി അവശേഷിച്ചു. തുടരും.. കഴിഞ്ഞ ഭാഗങ്ങളുടെ ലിങ്കുകൾ കമന്റ് ബോക്സിൽ...അടുത്ത ഭാഗം പോസ്റ്റ് ചെയ്യുമ്പോൾ നോട്ടിഫിക്കേഷൻ ലഭിക്കുവാൻ ഈ പോസ്റ്റ് ലൈക്ക് ചെയ്തതിനു ശേഷം ഒരു കമന്റ് ചെയ്താൽ മതി കണ്ണൂർകാരൻ ❤️❤️❤️❤️ #💞 പ്രണയകഥകൾ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📔 കഥ
60 likes
20 comments 35 shares