💞 പ്രണയകഥകൾ
183K Posts • 1828M views
ഷാൻ ✍🏻
2K views 21 hours ago
മുഖം നിറയെ നല്ല കട്ടത്താടിയും മീശയും പിരിച്ച് വെച്ച് കൊണ്ട് കല്ല്യാണപന്തലിലേക്ക് കയറി വന്ന നവ വരനെ ഞാൻ അന്തം വിട്ട് നോക്കി നിന്നു. ഇതെന്താപ്പോ ഇങ്ങനെ,. വിവാഹ നിശ്ചയം കഴിഞ്ഞ് അന്ന് തുടങ്ങിയതാ ചെറുക്കന്റെ ഫോട്ടോ കണ്ടവരെല്ലാം ഒരൊറ്റ അഭിപ്രായം മാത്രമേ പറഞ്ഞൊള്ളൂ ചെക്കൻ ആള് കഞ്ചാവാണെന്നാ തോന്നണേ . ഈ താടിയൊക്കെ ഇപ്പോഴോത്തെ ഒരു ഫാഷൻ അല്ലേ പിന്നെ കോളേജിൽ പഠിക്കുന്ന കാലം തൊട്ടെ എനിക്ക് ഈ താടി വെച്ച കലിപ്പൻന്മാരെ ഒത്തിരി ഇഷ്ട്ടാ അത് കൊണ്ട് ഞാൻ അത് അത്ര കാര്യമാക്കിയില്ല. പക്ഷേ ഇതിപ്പോ ഈ രൂപത്തിൽ കതിർ മണ്ഡപത്തിലേക്ക് കയറി വരും എന്നിപ്പോൾ ഞാൻ അറിഞ്ഞോ ! ദൈവമേ പണി പാളിയോ. കൊട്ടും കുരവയും ഏഴുതിരിയിട്ട നിലവിളക്കിനെയും സാക്ഷിയാക്കി മാഷ് എന്റെ കഴുത്തിൽ താലി ചാർത്തി . കൈയ്യോട് കൈ ചേർത്ത് പിടിച്ച് കതിർ മണ്ഡപം വലം വെയ്ക്കുമ്പോഴും നാട്ടുകാർ എന്തോ പന്തം കണ്ട പെരുച്ചാഴിയെ പൊലെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. എല്ലാവരുടെ മുഖം നോക്കി ഞാൻ ഒരു വളിച്ച ചിരി ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇതിലും വലുത് എന്തോ വരാനിരുന്നതാ ഇതിപ്പോ ഇങ്ങനെയായത് ഭാഗ്യം ഞാൻ മനസ്സിൽ പറഞ്ഞു. സദ്യ കഴിക്കാനായി ഓഡിറ്റോറിയത്തിലേക്ക് മുണ്ടും മടക്കി കുത്തി നടക്കുന്നത് കണ്ടപ്പോൾ എന്തോ ക്യാമ്പസില് അടിയുണ്ടാക്കാനാണോ ഇയാള് പോണ് എന്ന് ഞാൻ വിചാരിച്ചു. ,"മാഷേ. അതെ മാഷേ മുണ്ട്. എല്ലാവരും ശ്രദ്ധിക്കുന്നു." ഹോ. സോറി ഞാനത് ഓർത്തില്ല" കൈ കഴുകി ടേബിളിന്റെ അടുത്തേക്ക് ചെന്നപ്പോഴാണ് അടുത്ത പണി . ഞങ്ങൾക്ക് രണ്ടു പേർക്കും കൂടി കഴിക്കാൻ ഒരു വലിയ വാഴയില മാത്രം എന്റെ കസിൻസ് പിള്ളേര് ഒപ്പിച്ച പണിയാണ്. വലിയ വാഴയിലയ്ക്ക് ചുറ്റും നിന്ന് കറികൾ ഓരോന്നായി വിളമ്പുന്ന തിരക്കിലാണ് അവർ . ഹലോ . എന്താ ചേട്ടാ . ഇത് കല്ല്യാണവീടല്ലേ മരണവീട് അല്ലല്ലോ? പിന്നെ എന്താ ഈ വലിയ ഒറ്റ വാഴയില . അത് പിന്നെ ചേട്ടാ കല്യാണമൊക്കെയല്ലേ ഒന്ന് കളർ ആയിക്കോട്ടെ എന്ന് വിചാരിച്ച് ഞങ്ങൾ ചെയ്തതാ. അതെ ഈ ഇല മാറ്റിയിട്ട് രണ്ട് നാക്കില കൊണ്ട് വന്ന് ഇട് ഞാൻ അതിൽ കഴിച്ചോളാം ഭക്ഷണം പിന്നെ ഒരു കല്യാണം കഴിക്കുമ്പോൾ തന്നെ ജീവിതം കളറാവുമെന്ന് നിങ്ങളോടാരാ പറഞ്ഞത് ഉള്ള കളറ് പോവാതിരുന്നാൽ മതി പുള്ളി എന്നെ നോക്കി പറഞ്ഞു. എവിടുന്ന് കിട്ടിയെടീ ഈ മൊതലിനെ എന്ന രീതിയിൽ അവന്മാർ എന്നെ രൂക്ഷമായി ഒന്ന് നോക്കി അപ്പോഴും എന്റെ മുഖത്ത് നിന്ന് ആ വളിച്ച ചിരി മാഞ്ഞിട്ടുണ്ടായിരുന്നില്ല. മാഷേ ഉം. എന്താ അവര് ചുമ്മാ ഒരു രസത്തിന് വേണ്ടി ചെയ്തതാവും. ആ ഇത്തരം തമാശയൊന്നും എനിക്ക് ഇഷ്ട്ടമല്ല. അവരോട് പറഞ്ഞേക്ക്. അല്ല എന്താ ഈ താടി അതിനെന്താ താടി വെച്ച് കല്യാണം കഴിക്കാൻ പാടില്ലാന്ന് വല്ല നിയമം ഉണ്ടോ? അതില്ലാ എന്നാലും .ഇത് ഇച്ചിരി ഓവറല്ലേ. ഉം ഇത് ഇവിടെ തന്നെ കാണും തത്ക്കാലം കളയാൻ ഉദ്ദേശം ഇല്ല. ദൈവമേ പണി വീണ്ടും പാളിയോ .കഴുത്തിൽ കിടക്കുന്ന അഞ്ചര പവന്റെ മാലയിലേക്ക് ഞാൻ ഒന്ന് നോക്കി .താലി ഒരു കുരിശിന്റെ രൂപത്തിലാണ് എനിക്ക് തോന്നിയത് പണ്ടാരം ഇതിപ്പോ കഴിഞ്ഞും പോയല്ലേ. ആ വരുന്നന്നോടത്ത് വെച്ച് കാണാം എന്ന മട്ടിൽ ഞാനും സദ്യ കഴിച്ച് എണീറ്റു. റിസപ്ഷനും ഫോട്ടോ ഷൂട്ടും എല്ലാം കഴിഞ്ഞു. ഒരു പത്തിരുന്നൂറ് ഫോട്ടോ പിടിച്ചെങ്കിലും മാഷ് ചിരിച്ചു കൊണ്ട് ഒരു ഫോട്ടോയ്ക്ക് പോലും പോസ് ചെയ്യുന്നത് ഞാൻ കണ്ടില്ല . ഇയാള് ഈ മസിലും പിടിച്ച് നിക്കണത് എന്താന്ന് എനിക്ക് ഇത് വരെ മനസ്സിലായിട്ടില്ല. സ്റ്റേജിന്റെ ബാക്ക് സൈഡിൽ നിൽക്കുന്ന മാഷിന്റെ കൈയിൽ കൂട്ടുകാരൻ ഒരു പൊതി കൊണ്ടു കൊടുത്തു. അത് കണ്ടതും ഞാൻ ഉറപ്പിച്ചു. ഇത് മറ്റേത് തന്നെ കഞ്ചാവ് . അങ്ങേരുടെ ഇത് വരെയുള്ള പെരുമാറ്റത്തില് എന്തോക്കെയോ ഒരു പന്തികേട് ഉണ്ട് അപ്പോൾ എന്റെ സംശയം ശരിയാണ് എന്ന് വേണം പറയാൻ, വിവാഹത്തിന്റെ സകല ആവേശവും അതോടു കൂടി തീർന്നു .എന്റെ മനസ്സാകെ വല്ലാത്തൊരു അവസ്ഥ . രാത്രി കുളിയും കഴിഞ്ഞ് നൈറ്റി ഇടണോ അതോ സെറ്റ് സാരി ഉടുക്കണോ എന്ന കൺഫ്യൂഷനിലായിരുന്നു ഞാൻ . എന്തായാലും സെറ്റി സാരി മതി അതാണല്ലോ പതിവ്. വാനോളം പ്രതീക്ഷകളുമായി ഞാൻ ഒരു ക്ലാസ് പാലുമായി മണിയറയിലേക്ക് കയറി. മേശക്കരികിൽ ഇരുന്ന് ഒരു വെള്ളപ്പേപ്പറിൽ എന്തൊക്കൊയൊ കുത്തിക്കുറിക്കുകയാണ് മാഷ്, കല്യാണ ചിലവൊക്കെ കണക്കു കൂട്ടി നോക്കുവായിരിക്കും എന്ന് ഞാനും വിചാരിച്ചു. മാഷേ . ഉം. താൻ ഇത്ര പെട്ടെന്ന് വന്നോ .അതിന് കിടക്കാൻ സമയം ആയോ? അത് പിന്നെ അമ്മ പറഞ്ഞു. ആ ആ ഇരിക്ക്. ഉം ഇതാ പാല് . പാലോ കിടക്കുന്നതിന് മുൻപ് എനിക്ക് പാല് കുടിക്കുന്ന ശീലം ഇല്ല. നിനക്ക് വേണേൽ കുടിച്ചോ? ഇതാ കിടക്കുന്നു കടുകും കറിവേപ്പിലയും കഞ്ചാവടിച്ച് കിളി പോയതാവും ഇല്ലേൽ പിന്നെ ആദ്യ രാത്രി എന്തിനാ പാല് എന്ന് ഈ പൊട്ടനറിയില്ലേ. പാലും വേണ്ട ഒരു കോപ്പും വേണ്ട ഞാനും കുടിച്ചില്ല. അപ്പോഴാണ് റൂമില് ചുറ്റും ഞാൻ കണ്ണോടിച്ചത് .ഒരു വലിയ ചില്ല് അലമാര നിറയെ പുസ്തകങ്ങൾ സാധാരണ ലൈബ്രറിയിലോ വക്കീലോഫീസിലോ മാത്രമേ ഞാൻ ഇത്രം പുസ്തകങ്ങൾ കണ്ടിട്ടുള്ളൂ. മാഷ് എഴുതാറുണ്ടോ? ഉം. എന്തേ ഇത്രയും പുസ്തകങ്ങൾ കണ്ടതുകൊണ്ട് ചോദിച്ചതാ . നാളെ ഒരു മാസികയ്ക്ക് ഒരു ലേഖനം കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട് ഞാൻ അത് എഴുതുവായിരുന്നു. ഉം, അപ്പോൾ കഞ്ചാവ് മാത്രമല്ല അതിനേക്കാൾ വലിയ ലഹരിയായ എഴുത്തുകൂടി ഉണ്ട് എന്നർത്ഥം. ഈ എഴുത്തുകാരെല്ലാം താടിയും മുടിക്കും നീട്ടി വളർത്തി ഒരു കഞ്ചാവ് ലുക്ക് ആണ് അല്ലേലും . പിന്നെ നീ കിടന്നോ എനിക്ക് കുറച്ച് കൂടി എഴുതാനുണ്ട്, ഞാൻ പയ്യേ കിടന്നോളാം ഫസ്റ്റ് നൈറ്റിന്റെ സകല പ്രതീക്ഷയും അതോടു കൂടി തീർന്നു. ജഗ്ഗിൽ ഇരിക്കുന്ന കുറച്ച പച്ച വെള്ളം കുടിച്ച് ഞാനും കമഴ്ന്ന് കിടന്നുറങ്ങി. പിറ്റേ ദിവസം രാവിലെ ഞാൻ ആദ്യം നോക്കിയത് ആ പുസ്തകങ്ങൾക്കിടയിൽ കാമസൂത്രം വല്ലതും ഇരിപ്പുണ്ടോ എന്നാണ് എന്നാൽ അതൊന്ന് വായിക്കാൻ കൊടുക്കാൻ കുറെ നോക്കി അവസാനം കയ്യിൽ കിട്ടിയത് മാധവിക്കുട്ടിയുടെ എന്റെ കഥയാണ്. കുളി കഴിഞ്ഞത് ഞാൻ ആ പല പോസിലും നിന്ന് നോക്കി പുള്ളിക്കാരൻ മൈന്റ് ചെയ്തില്ല. പിറ്റേ ദിവസം രാവിലെ വിരുന്നിന് വിളമ്പിയ വിഭവങ്ങൾ വേണ്ട എന്ന് പറഞ്ഞപ്പോഴാണ് ചെക്കൻ വെജിറ്റേറിയൻ ആണെന്ന കാര്യം ഞങ്ങൾ അറിയുന്നത്, അയ്യോ മോനെ ഇനി എന്താ ചെയ്യുക ഇവിടെയെല്ലാം നോൺ വെജ് ആണല്ലോ ഉണ്ടാക്കിയിരിക്കുന്നത് എന്ന് എന്റെ അമ്മ പറഞ്ഞപ്പോൾ ഇന്നലത്തെ പുളിച്ച പഴങ്കഞ്ഞി എടുത്ത് ആ വായ്ക്കകത്തേക്ക് തട്ടിക്കൊടുക്കാനാണ് എനിക്ക് തോന്നിയത്. അയൽപക്കത്തുനിന്നും കുറച്ച് ഭക്ഷണം കടം മേടിച്ച് രംഗം വഷളാക്കാതെ പിടിച്ചു നിന്നു. വീണ്ടും കണ്ണീർ സീരിയലുപൊലെ രണ്ടു മൂന്നു ദിവസം തള്ളി നീക്കി. നാലാം നാൾ പെട്ടിയും കിടക്കയും എടുത്ത് ഒരുങ്ങിക്കോളാൻ പറഞ്ഞപ്പോൾ മനസ്സിൽ ലഡു പൊട്ടി, ഒന്നല്ല ഒരഞ്ചാരെണ്ണം ഇത് ഹണിമൂൺ ആഘോഷിക്കാനുള്ള പോക്കു തന്നെ . റയിൽവേ സ്റ്റേഷനിൽ ചെന്ന് നിന്നപ്പോൾ ഉടൻ തന്നെ അനൗൺസ്മെന്റ് വന്നു ഗോവയ്ക്കുള്ള ലോകമാന്യതിലക് എക്സ്പ്രസ്സ് അൽപസമയത്തിനകം നാലാം നമ്പർ പ്ലാറ്റ് ഫോമിൽ വന്നുച്ചേരും എന്ന്. ചെറുപ്പം മുതൽ ഉള്ള ആഗ്രഹമാണ് ഗോവ എന്ന സ്വപ്നം അത് സഫലമാകാൻ പോകുവാണെന്നോർത്തപ്പോൾ ഞാൻ ദ്രിദംഗ പുളകിതയായി. വാ നന്മുടെ ട്രെയിൻ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലാ രണ്ടോ നാലല്ലോ ? അല്ല കോയമ്പത്തൂരിലേക്കുള്ള ട്രെയിൻ രണ്ടിലാ .അവിടെ നിന്ന് നമുക്ക് ബസ്സിൽ പോകാം. അല്ല ഇത് എങ്ങോട്ട് പോണ കാര്യമാണ് മാഷ് പറയുന്നത്. ? പഴനിയിലേക്ക്. പഴനിയിലോ ഹണിമൂണോ? അതിന് ഹണിമൂണിനാണ് പോകുന്നത് എന്ന് നിന്നോട് ആരാ പറഞ്ഞേ? ഹോ . വെള്ളത്തിൽ വീണ പാറ്റയെ പൊലെ ഞാൻ അങ് വല്ലാണ്ടായി. ഇനിയുള്ള ജീവിതം പഴനിയിലും തിരുപ്പതിയിലും ഒക്കെ ആവുമെന്ന് ഏറെക്കുറെ തീരുമാനമായി. പഴനിയിൽ ചെന്ന് ആദ്യം ചെയ്തത് ആ താടിയും മുടിയും ഒക്കെ ഒന്ന് വെട്ടി, ഇപ്പോൾ തന്നെ കാണാൻ കുറച്ച് വെട്ടവും വെളിച്ചവും ഒക്കെ ഉണ്ട് . മാഷിനെ കാണാൻ പഴയതിലും ഭംഗി ഇപ്പോഴാട്ടോ " ഞാൻ ഒന്ന് പൊക്കിയടിച്ചു. ഉം, നീ വാ കുറച്ച് വഴിപാട് കൂടി ഉണ്ട്. ആ ഇനി എന്റെ നാക്കിൽ ശൂലം വല്ലതും കയറ്റുമോ എന്നായിരുന്നു എന്റെ പേടി. അവിടെ നിന്ന് നേരെ പോയത് ചൈന്നൈയ്ക്കാണ് വൈകുന്നേരം മറീന ബീച്ചിൽ ഒന്ന് കറങ്ങി. ഹോ ഇതിപ്പോ ഹണിമൂൺ എന്ന് പറഞ്ഞപ്പോൾ എന്നെ സമാധാനിപ്പിക്കാൻ അല്ലാണ്ട് എന്താ? ഞാൻ വല്ല്യ മൈന്റ് കൊടുത്തില്ല. പിറ്റേ ദിവസം രാവിലെ ടാക്സിയിൽ എയർപോർട്ടി ലേക്ക് പുറപ്പെട്ടു. ഇങ്ങോട്ട് വന്നത് ട്രൈയിനിൽ അല്ലേ അങ്ങോട്ടും അങ്ങിനെ പോയാൽ പോരെ എന്ന് ചോദിക്കണമെന്നുണ്ട് പക്ഷേ ഇനി അതിന്റെ വായിൽ ഇരിക്കുന്നത് കേൾക്കണ്ട എന്ന് വിചാരിച്ച് ഞാൻ ഒന്നും മിണ്ടാൻ പോയില്ല. ഫ്ലയ്റ്റിൽ കയറി നെരെ ചെന്നിറങ്ങിയത് കൊച്ചിയിൽ ആയിരുന്നില്ല. പന്താ നഗർ എയർ പോർട്ടിൽ ആയിരുന്നു അവിടെ നിന്ന് ടാക്സിയിൽ നേരെ നൈനിറ്റാളിലേക്ക് സത്യം പറഞ്ഞാൽ എനിക്ക് എന്റെ കണ്ണുകളെ തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല . നീ ഇതിന് മുൻപ് ഇവിടെ വന്നിട്ടുണ്ടോ? ഇല്ല. ഉം. MT യുടെ മഞ്ഞ് വായിച്ച അന്ന് മുതൽ തുടങ്ങിയതാണ് ഈ ഒരു ആഗ്രഹം അത് മാത്രമല്ല എപ്പോഴും ഇവിടെ O ഡിഗ്രി തണുപ്പാണ് ഹണിമൂൺ ആഘോഷിക്കാൻ പറ്റിയ സ്ഥലം . അല്ല മാഷിന് ഇത് എന്ത് പറ്റി. നീ എന്താ വിചാരിച്ചത് താടി നീട്ടി വളർത്തി കഞ്ചാവും വലിച്ച് ചുമ്മാ എഴുതിക്കൊണ്ടിരിക്കുന്ന ഒരു ബുദ്ധിജീവി ആണെന്നോ ഞാൻ എന്നാൽ നിനക്ക് തെറ്റി. വയസ്സ് 30 ആയിട്ടും കല്യാണം കഴിയാതിരുന്ന എനിക്ക് പെണ്ണ് കിട്ടാൻ വേണ്ടി അമ്മ പറഞ്ഞ വഴിപാടുകൾ ആയിരുന്നു അതൊക്കെ. നല്ല പൊലെ മട്ടനും ചിക്കനും പോർക്കും ഒക്കെ തിന്ന് തന്നാ ഞാൻ വളർന്നത് അപ്പോൾ ഇത് വരെ എന്നോട് പെരുമാറിയതൊക്കെ. മാഷ് പൊട്ടിച്ചിരിച്ചു. അതെ ഈ വഴിപാട് നൊയമ്പ് എന്നൊക്കെ പറയുമ്പോൾ അതിൽ സ്ത്രീ വിഷയവും പാടില്ല അത് കൊണ്ടാ .കാരണം നീ എന്റെ അടുത്തു വരുമ്പോഴോക്കെ എനിക്ക് എന്നെ തന്നെ പേടിയായിരുന്നു അതു കൊണ്ട് ഞാൻ ചുമ്മാ കലിപ്പിട്ടതല്ലേ. പൊന്നു മാഷേ ഇപ്പോഴാണ് എന്റെ ശ്വാസം ഒന്ന് നേരെ വീണത്. പേടിപ്പിച്ചു കളഞ്ഞു ദുഷ്ടൻ .എന്തൊക്കൊ നാടകം ആയിരുന്നു നോൺ വെജ് കഴിക്കില്ല പാല് കുടിക്കില്ല എന്ത് ചോദിച്ചാലും തർക്കുത്തരം മാത്രം .ഞാനും വിചാരിച്ചു കല്യാണ നിശ്ചയം കഴിഞ്ഞ് 24 മണിക്കൂറും ഫോണിലൂടെ ഒലിപ്പിച്ചോണ്ടിരുന്ന ഇങ്ങേർക്ക് ഇത് എന്ത് പറ്റിയെന്ന് . ഇങ്ങ് വാ പെണ്ണെ മാഷ് എന്റെ കൈ പിടിച്ച് ബെഡിലേക്ക് വലിച്ചിട്ടു. കാര്യങ്ങളൊക്കെ ഇനി നമുക്ക് പിന്നെ പറയാം ആദ്യം ഞാൻ നിന്നെ ശരിക്കും ഒന്ന് കാണട്ടെ. ഇനിയിപ്പോ രാത്രിയാവാൻ നിക്കണ്ട ഐശ്വര്യമായിട്ട് ഫൈസ്റ്റ് പകൽ അങ്ങ് ആഘോഷിക്കാം അല്ലേ. ഉം. വൈദ്യൻ കൽപിച്ചതും പാല് രോഗി ഇഛിച്ചതും പാല് .അങ്ങിനെ ഹണിമൂൺ ഒരാഴ്ച അടിച്ചു പൊളിച്ച് വീട്ടിൽ തിരിച്ചെത്തി മാഷ് വീണ്ടും നനഞ്ഞ കോഴിയെ പൊലെയായി എന്നാണ് ഞാൻ വിചാരിച്ചത്. എന്നാൽ എന്റെ എല്ലാ പ്രതീക്ഷകളും വീണ്ടും തെറ്റിച്ചു കൊണ്ട് പിന്നങ്ങോട്ടുള്ള ഒരു രാത്രിയും മാഷ് എന്നെ കിടത്തി ഉറക്കിയിട്ടില്ല എന്നതാണ് സത്യം . ശുഭം #📔 കഥ #💞 പ്രണയകഥകൾ #✍️ വട്ടെഴുത്തുകൾ
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
111 likes
5 comments 13 shares
മോളെ നമ്മുടെ ദിവാകരൻ നല്ലൊരു ആലോചന കൊണ്ട് വന്നിട്ടുണ്ട്. അല്ലേലും എന്റെ മോള് ഭാഗ്യം ഉള്ളവൾ ആണെന്ന് ഞാൻ നിങ്ങളോട് എപ്പോഴും പറയാറില്ലേ. അച്ചൻ എന്ത് ആലോചനയുടെ കാര്യം ആണ് ഈ പറയുന്നത്. ഈ പെണ്ണിന്റ ഒരു കാര്യം. ചില നേരത്ത് ഒന്നും മനസിലാകാത്ത പോലെ അങ്ങ് പെരുമാറും. എടി പെണ്ണേ നിനക്ക് ഒരു കല്യാണ ആലോചന വന്നിട്ടുണ്ടെന്നു. ചെറുക്കൻ അങ്ങ് ദുബായിലാ .5 അക്ക ശമ്പളം. ഒറ്റ മോൻ. പെങ്ങൾ ഉള്ളതിനെ കെട്ടിച്ചു. അമ്മ മാത്രമേ ഉള്ളു. അവർ നിന്നെ കല്യാണം കഴിഞ്ഞു പഠിപ്പിക്കും എന്നാ പറഞ്ഞത്.ഇത് നടന്നാൽ നിന്റെ ഭാഗ്യം. അമ്മ ആണ് എന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത്. എനിക്ക് ഇപ്പോൾ കല്യാണം ഒന്നും വേണ്ടാ . ഞാൻ പഠിക്കുവല്ലേ. പഠിച്ച് കഴിഞ്ഞു ജോബ് ആകട്ടെ. എന്നിട്ടു മതി. ലോകത്ത് ഉള്ള മുഴുവൻ പെണ്ണുങ്ങളും ഇത് തന്നെയാ പറയുന്നത്. പഠിച്ചവര് തന്നെ ഇവിടെ ജോലി ഇല്ലാതെ കഷ്ടപെടുന്നു. അപ്പോളാ ഇവിടെ ഒരുത്തി. എനിക്ക് അവരുടെയും ഇവരുടെയും കാര്യം ഒന്നും അറിയണ്ടാ. എനിക്ക് പഠിക്കണം. നോക്കിക്കേ. പെണ്ണിന്റെ ഒരു അഹങ്കാരം.ഇത്രെയും നാൾ നിന്നെ നോക്കി വളർത്തിയ ഞങ്ങൾ ഇത് തന്നെ കേൾക്കണം. നിനക്ക് താഴെ രണ്ട് എണ്ണം കൂടി ഉണ്ടെന്ന് ഓർത്താൽ നല്ലത്. ഒന്ന് എലും രക്ഷപെട്ടാൽ അത്രെയും ആയല്ലോ എന്ന് വിചാരിച്ചപ്പോൾ അവളുടെ ഒരു അഹങ്കാരം കണ്ടില്ലേ. അല്ലേലും പഠിക്കണം എന്നുള്ളവർ എപ്പോൾ ആണേലും പഠിക്കും. മാതാപിതാക്കളെ എതിർത്തു ശീലം ഇല്ലാത്ത കൊണ്ട് അനുവിന്റെ കല്യാണം രാമേഷും ആയിട്ട് നടന്നു. പുതിയ വീട്, പുതിയ അന്തരീഷം. രമേശിന്റെ മുറിയുടെ ജനാല തുറന്നാൽ ദൂരേ പാടത്തു നിന്നും വരുന്ന തണുത്ത കാറ്റിന്റെ ശബ്ദം കേൾക്കാം. അനുവിന് ഇവിടം ഒക്കെ ഇഷ്ടം ആയോ. ഇഷ്‌ടമായി. ആകെ ഒരു വിഷമം മാത്രമേ ഉള്ളു. കോളേജ് ഇവിടുന്ന് ദൂരേ ആയോണ്ട് പോയി വരാൻ കുറച്ചു ബുദ്ധിമുട്ട് ആണ്. അതിനെ പറ്റി ഓർത്തു നീ എന്തിനാ വിഷമിക്കുന്നത്.അതിനു ഇനിയും സമയം ഉണ്ടെല്ലോ. രമേശൻ തന്റെ ലീവ് തീർന്നു തിരിച്ചു ജോലി സ്ഥലതോട്ട് പോയി. ഇന്ന് തൊട്ട് കോളേജിൽ പോയി തുടങ്ങണം. അത്‌ കൊണ്ട് തന്നെ അവൾ നേരത്തെ എണീറ്റ് അമ്മക്കും തനിക്കും ഉള്ള ചോറും പലഹാരങ്ങളും ഒക്കെ ഉണ്ടാക്കി വീടും മുറ്റവും പശുവിന്റെ തൊഴുത്തും എല്ലാം അടിച്ചു തൂത്തു വൃത്തിയാക്കി. കോളേജിൽ പോകാൻ ആയി റെഡിയായി വന്നപ്പോഴേക്കും രമേശിന്റെ അമ്മ എണീറ്റിരുന്നു. അവളെ കണ്ട് അവർ അവളോട്‌ ചോദിച്ചു. അല്ല അനു നീ ഇത് രാവിലെ ഒരുങ്ങികെട്ടി എങ്ങോട്ട് ആണ്. അമ്മേ ഞാൻ കോളേജിലോട്ട്. ഇന്നലെ പറഞ്ഞിരുന്നല്ലോ. നീ കോളേജിൽ പോയാൽ പിന്നെ ഇവിടുത്തെ കാര്യം ഒക്കെ ആര് നോക്കും. എനിക്ക് ഒരു സഹായത്തിനാണ് അവൻ പെണ്ണ് കെട്ടിയത്. ഏട്ടൻ കല്യാണം കഴിഞ്ഞും പഠിപ്പിക്കാം എന്ന് ആണല്ലോ അന്ന് പറഞ്ഞത്. എടി പെണ്ണേ അത് നമ്മുടെ നാട്ടിൽ കാലാങ്ങളായി നടക്കുന്ന ആചാരങ്ങൾ അല്ലേ. പെണ്ണ് കുട്ടികൾ കല്യാണം കഴിഞ്ഞും,പഠിക്കണം എന്ന് പറയുന്നു. ആണുങ്ങൾ പഠിപ്പിക്കാം എന്നും പറയുന്നു. ഇത് ഒക്കെ ആര് ഓർത്തിരിക്കുന്നു. പെണ്ണ് കുട്ടികൾ പഠിച്ചു ജോലിയിൽ കാണണം എന്ന് ആഗ്രഹം ഉള്ള മാതാപിതാക്കൾ അവരെ പഠിപ്പിക്കുന്നു. അല്ലാത്തവർ കെട്ടുന്ന ചെക്കൻ പഠിപ്പിക്കും എന്ന് പറഞ്ഞു ബാധ്യത ഒഴിവാക്കുന്നു.നിന്റെ വീട്ടുകാരും അങ്ങനെ ഒഴിവാക്കിയതാ നിന്നെ. എനിക്ക് കോളേജിൽ പോകണം അമ്മേ. ഇത് ലാസ്റ്റ് ഇയർ ആണ്. ഞാൻ അന്നേ അവനോടു പറഞ്ഞതാ ഗതി ഇല്ലാത്ത വീട്ടിൽ നിന്ന് പെണ്ണ് കെട്ടേണ്ട എന്ന്. എവിടെ. പെണ്ണിന്റെ തൊലി വെളുപ്പ് കണ്ട് അവൻ മയങ്ങി. ഇപ്പോൾ ഇത്തിരി നല്ല ഭക്ഷണം ഒക്കെ കഴിച്ചു തുടങ്ങിയപ്പോൾ അവൾക്കു എല്ലിന്റെ ഇടയിൽ കുത്തി തുടങ്ങി. അതും പറഞ്ഞു അവർ അവളെ പ്രാകാൻ തുടങ്ങി. പിന്നീട് അവൾ ഒന്നും പറഞ്ഞില്ല. വൈകിട്ടു അവൾ രമേശൻ വിളിച്ചപ്പോൾ തനിക്ക് പഠിക്കണം എന്ന് പറഞ്ഞു. രമേശന്റെ മറുപടി ആണ് അവളെ കൂടുതൽ വിഷമിപ്പിച്ചത്. അനു, കഴിഞ്ഞു വർഷം അച്ഛൻ മരിച്ചതിനു ശേഷം അമ്മ അവിടെ തനിച്ചു ആയിരുന്നു.അമ്മക്ക് ഒരു കൂട്ടിനു ആയിട്ട് ആണ് ഞാൻ നിന്നെ കെട്ടിയത്. അപ്പോൾ നിങ്ങൾക്ക് ഒരു പാർട്ണർ വേണം എന്ന് തോന്നിയിട്ട് എന്നെ കല്യാണം കഴിച്ചത് അല്ലേ. അവൾക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഇതാണ് അനു,ഇപ്പോളത്തെ കുട്ടികളുടെ കുഴപ്പം. അവർക്ക് കുടുംബബന്ധങ്ങളുടെ വില അറിയില്ല. അവർക്ക് ഭർത്താവിന്റെ മാതാപിതാക്കൾ എപ്പോളും ബാധ്യത ആണ്. അങ്ങനെ പഠിക്കാൻ പോകണം എന്ന് ആയിരുന്നേൽ എന്തിനാ കല്യാണം കഴിച്ചത്. സ്വന്തം വീട്ടിൽ അങ്ങ് നിന്നാൽ പോരായിരുന്നോ. പിന്നീട് അവൾ അവനോടു ഒന്നും പറഞ്ഞില്ല. അവളുടെ അമ്മയോട് അവൾ ഇതെപ്പറ്റി പറഞ്ഞപ്പോൾ അവർ പറഞ്ഞു. കല്യാണം കഴിഞ്ഞാൽ അതാണ് നിന്റെ വീട്. അവർ പറയുന്നത് കേട്ട് അവിടെ നിന്നാൽ നിനക്ക് കൊള്ളാം. അല്ലേൽ ആളുകൾ എന്റെ വളർത്തു ദോഷം ആണെന്ന് പറയും.നിങ്ങളെ ഇത്രേം വളർത്തി വലുതാക്കിയ ഞാൻ അതും നാട്ടുകാരുടെ വായിൽ നിന്ന് കേൾക്കണോ. പിന്നീട് അവൾ ആരോടും ഒന്നും പറഞ്ഞില്ല. മനസിലെ മോഹങ്ങൾ കുഴിച്ചു മൂടി ആ വീടിന്റെ മരുമകൾ ആയി.രണ്ടു കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. കുഞ്ഞുങ്ങൾ വളരുന്നതിന് അനുസരിച്ചു അവളുടെ ബുദ്ധിമുട്ടുകളും കൂടി വന്നു. അവൾ എന്തു ചെയ്താലും അവർ അതിൽ എല്ലാം കുറ്റം കണ്ടുപിടിച്ചിരുന്നു. അവൾ തന്നെ ശെരിക്കും നോക്കുന്നില്ല എന്ന് രമേശന്റെ അടുത്തു പരാതി പറഞ്ഞു അവളെ അവന്റെ അടുത്തുന്നു വഴക്ക് കേൾപ്പിക്കുന്നത് അവർക്ക് ഒരു ഹരം ആയിരുന്നു. രമേശ്‌ ആണേൽ ഒരിക്കലും പൈസ അവളുടെ പേരിൽ അയച്ചിരുന്നില്ല. എല്ലാം അമ്മയുടെ പേരിൽ ആയിരുന്നു അയച്ചിരുന്നത്. അതിനാൽ തന്നെ എന്ത് ആവിശ്യത്തിനും അവരുടെ മുന്നിൽ കൈ നിട്ടേണ്ടി വന്നു. അവർ ആണേൽ എന്റെ മകൻ പണി എടുക്കുന്നത് തട്ടി തിന്നാൽ ഒരുത്തി ഇവിടെ ഇരിക്കുന്നു എന്ന് പറഞ്ഞു പ്രാകി നേർന്നു ആയിരുന്നു അവൾക്ക് പൈസ കൊടുത്തിരുന്നത്. ആ ഇടക്ക് ആണ് അവളെ ഏറെ വിഷമിപ്പിച്ച ആ സംഭവം ഉണ്ടായത്. അവളുടെ കാലിന്റെ മുട്ട് വേദനക്കു ഡോക്ടർ അവളോട്‌ കാലു സ്കാൻ ചെയ്യാൻ പറഞ്ഞു. അതിനായി പൈസ ചോദിച്ച അവളോട് അവൻ പറഞ്ഞു. അല്ലേലും ഞാൻ ഇവിടെ അധ്വാനിക്കുന്നത് നാട്ടിൽ വെറുതെ ഇരുന്നു തിന്നുവർക്ക് അറിയണ്ടല്ലോ. നീ മേലങ്ങി പണിയാഞ്ഞിട്ടാ ഈ മുട്ട് വേദന. പണ്ട് ഒക്കെ പെണ്ണുങ്ങൾ അമ്മിയിൽ അരക്കും, കല്ലേൽ തുണി അലക്കും. ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക് ഇത് ഒന്നും പറ്റില്ലല്ലോ. അത്‌ കൊണ്ട് എന്താ ഇത് പോലെത്തെ അസുഖങ്ങൾ കൂടെന്നു മാറില്ല. അല്ലേലും ഗൾഫ്കാരൻ ഭർത്താക്കന്മാരെ പണം കായിക്കുന്ന യന്ത്രം ആയിട്ടാ ചില പെണ്ണുങ്ങൾ കാണുന്നത്. അവൾക്കു ചോദിക്കണം എന്ന് ഉണ്ടായിരുന്നു. ഞാൻ ഇവിടെ ചെയുന്നത് ജോലി അല്ലേ എന്ന്. വീട്ടിലെ ജോലികൾ ചെയുന്നത്,കുഞ്ഞുങ്ങളെ നോക്കുന്നത്. ഓഹ് അത്‌ എന്റെ കടമ ആണല്ലേ.പിന്നീട് അവൾ ഒന്നും ചോദിക്കാൻ പോയില്ല. അവളുടെ മനസ്സിൽ ചില തിരിച്ചു അറിവുകളുടെ തുടക്കം ആയിരുന്നു അത്‌. അതെ. താൻ ഈ അടുക്കളയിൽ കിടന്നു കഷ്ടപെടുന്നത് ആരും മനസിലാക്കുന്നില്ല എന്ന് അവൾ തിരിച്ചു അറിഞ്ഞു. ശമ്പളം ഇല്ലാത്ത ജോലി ആണെല്ലോ.കണക്കു പറഞ്ഞാൽ താൻ കുടുംബ സ്നേഹം ഇല്ലാത്തവൾ. ഒരു രൂപക്ക് പോലും കൈ നീട്ടേണം. ഇനി ഇങ്ങനെ മുന്നോട്ടു പോയാൽ ശെരി ആവില്ല. പിറ്റേന്ന് അവൾ വീട്ടിലെ ജോലികൾ എല്ലാം കഴിഞ്ഞു, കുഞ്ഞുങ്ങളുടെ കാര്യങ്ങളും നോക്കി വീട്ടിൽ ഇരുന്ന പഴയ വസ്ത്രവും എടുത്തു ഇറങ്ങി. അവളെ കണ്ടു അമ്മായിഅമ്മ ചോദിച്ചു. രാവിലെ തന്നെ തമ്പുരാട്ടി ഇത് എങ്ങോട്ടാ. അവൾ പറഞ്ഞു. ഞാൻ ഇന്ന് തൊട്ട് തൊഴിൽ ഉറപ്പ് പണിക്ക് പോകുന്നു. ആരോട് ചോദിച്ചിട്ട്. ആരോടും ചോദിച്ചില്ല. അതിന്റെ ആവിശ്യം ഉള്ളതായിട്ട് തോന്നിയില്ല. കുട്ടികളോട് ഞാൻ പറഞ്ഞിട്ടുണ്ട്. അങ്ങനെ തോന്നുമ്പോൾ പോകാനും തോന്നുമ്പോൾ വരാനും ഇത് സത്രം അല്ല. ഇത് ഒരു വീട് ആണ് . എന്റെ മോൻ ഈ പൂതനക്ക് ചിലവിനു കൊടുക്കാഞ്ഞിട്ട് ആണെന്ന് നാട്ടുകാർ ഇനി പറയുലോ. എന്റെ മോനെ നാണം കെടുത്താൻ ആയിട്ട് അവൾ ഇറങ്ങിയേക്കുവാ. ആണുങ്ങൾ ജോലിക്ക് പോകുമ്പോൾ അത് കുടുംബത്തിന് അഭിമാനവും പെണ്ണുങ്ങൾ പോകുമ്പോൾ അത്‌ ആണുങ്ങൾക്ക് കുറച്ചിലും ആവുന്നത് എങ്ങനെ ആണ് അമ്മേ . അത്‌ എനിക്ക് മനസിലാവുന്നില്ലലോ. അവൾ പിന്നിടവർ പറഞ്ഞത് ഒന്നും ശ്രദ്ധിക്കാതെ ജോലിക്ക് പോയി. പിന്നീട് അതെ ചൊല്ലി പല പ്രശ്നങ്ങളും ഉണ്ടായിയെങ്കിലും കുഞ്ഞുങ്ങളുടെ ഉത്തരവാദിത്യം തന്റെ തലയിൽ ആണ് ജോലി കളഞ്ഞു നാട്ടിൽ വന്നു കുഞ്ഞുങ്ങളെ നോക്കേണ്ടി വരുമെന്ന പേടിയിൽ രമേശ്‌ പിന്നീട് അനങ്ങാൻ പോയില്ല. അവൾ തിരിച്ചു അറിയുക ആയിരുന്നു എന്തായിരുന്നു തന്റെ കുഴപ്പം എന്ന്. തനിക്ക് എല്ലാവരുടെയും good certificate വേണമായിരുന്നു. മാതാപിതാക്കളുടെ, ഭർത്താവിന്റെ, അമ്മായിഅമ്മയുടെ, നാട്ടുകാരുടെ. ഇപ്പോൾ അവൾ തിരിച്ചു അറിയുന്നു. നമ്മൾ സ്വയം സന്തോഷവതി ആകാതെ മറ്റെന്തും ചെയിതിട്ടു കാര്യം ഇല്ല. വളർന്നു വരുന്ന മക്കൾ എന്ത് ആവിശ്യത്തിന് അച്ഛന്റെ മുന്നിൽ കൈ നിട്ടുന്ന അമ്മേനേ അല്ല കണ്ട് വളരേണ്ടത്. മറ്റുള്ളവരുടെ മുന്നിൽ ഞാൻ അഹങ്കാരി ആവാം, സ്വാർത്ഥ ആകാം. പക്ഷെ ഞാൻ ഇപ്പോൾ സന്തോഷവതി ആണ്......... രചന - ട്രീസാ ജോർജ് #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ #✍ ചെറുകഥ
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
188 likes
5 comments 6 shares
ജോസഫെയ്ൻ🥀
11K views 8 hours ago
പേരിനൊരു താലി 💫❣️ (Copyright protected) വൈകുന്നേരം പശുവിന് പുല്ലും വൈക്കോലുമെല്ലാം ഇട്ടു കൊടുത്ത് കാവുമ്പാട്ടെ മുറ്റം മുഴുവൻ അടിച്ചു വാരി കരിയിലകൾ കത്തിച്ചു കളഞ്ഞ് ഭദ്ര നേരെ മുറിയിലേക്ക് പോയി... കുളിച്ചു മാറാനുള്ളൊരു ദാവണിയെടുത്ത് അല്പം എണ്ണ നെറുകിൽ ഒഴിച്ചു നേരെ കുളക്കടവിലേക്ക് നടന്നു... തറവാടിന് പുറകിലെ തൊടിയിലൂടെ പത്തടി നടന്നാൽ കുളമാണ്... പടവുകളും മറപ്പുരയുമെല്ലാമുള്ള കുളത്തിന് ചുറ്റും മതിൽക്കെട്ടുണ്ട്... വൈകുന്നേരം ആ വഴിക്കൊന്നും ആരും വരാത്തത് കൊണ്ട് വിശാലമായി കുളിക്കാം... പുലർച്ചെ എഴുന്നേറ്റ് അടുക്കളയിൽ കയറും മുൻപൊരു കാക്കകുളി കുളിക്കുന്നത് കൊണ്ട് തൃപ്തി വരാറില്ല... വൈകുന്നേരങ്ങളിൽ കുളത്തിൽ വന്നൊരു നീരാട്ട് നടത്തിയില്ലെങ്കിൽ ഉറക്കം വരാത്തത് പോലെയാണ് ഭദ്രക്ക്... കുളപടവിലെ അരതിണ്ണയിൽ മാറാനുള്ള ഡ്രസ്സ് വെച്ച്, ഇട്ടിരുന്നതെല്ലാം അഴിച്ചു മാറ്റിയവൾ മാറ് മറച്ചൊരു മേൽമുണ്ട് ഉടുത്തു... പതിയെ വെള്ളത്തിലേക്ക് ഇറങ്ങി... കണ്ണുനീര് പോലെ തെളിഞ്ഞ വെള്ളമെന്ന് പറയാം... മൂവന്തി നേരമായത് കൊണ്ട് കുളത്തിനൊരു നേരിയ കുങ്കുമനിറമുള്ളത് പോലെ.... ഒന്ന് മുങ്ങി നിവർന്നപ്പോൾ തന്നെ മനസിന്‌ വല്ലാത്ത ഭാരക്കുറവ് തോന്നി... വീണ്ടും വീണ്ടും മുങ്ങി... പതിയെ നീന്തി തുടിച്ചുകൊണ്ട് അവൾ പടവിലേക് കയറി വന്നു... തിടുക്കത്തിൽ ഉണ്ടാക്കി കൊണ്ടുവന്ന താളിയെടുത്തു തലയിൽ തൂകി ഇടുപ്പിനോളം നീണ്ടു കിടക്കുന്ന മുടിയിൽ തേച്ചുപിടിപ്പിച്ചു...വൃശ്ചിക കാറ്റ് വന്ന് തഴുകി തലോടുമ്പോൾ അവൾക്ക് ദേഹമാകെ കുളിർന്നു... വീണ്ടുമൊന്ന് മുങ്ങി കുളിച്ചു കയറിയതും, മുടി മുഴുവൻ തോർത്ത്‌ മുണ്ടിൽ ചുറ്റി കെട്ടി... നേരം ഇരുണ്ട് തുടങ്ങി.. ഇനിയാരും ഈ വഴി വരില്ലെന്ന ഉറപ്പിൽ ചുറ്റി കെട്ടിയിരുന്ന കച്ചയിൽ കൈ തൊട്ടതും ചാരിയിട്ടിരുന്ന വാതിൽ തുറന്നൊരാൾ അകത്തു വന്നതും ഒരുമിച്ചായിരുന്നു... പെട്ടന്നൊരു ഞെട്ടലോടെ ഭദ്ര മുഖമുയർത്തി നോക്കുമ്പോൾ അവളെ കണ്ട് ഞെട്ടി നിൽക്കുകയാണ് ആദീശ്വർ...! കൊത്തിയെടുത്ത പോലുള്ള അവളുടെ ഉടലഴകിൽ ഒരുവേള തന്റെ മിഴികൾ ഉടക്കിയതും.... അവൻ പെട്ടന്ന് നോട്ടം മാറ്റി... ഭദ്ര വേഗം കയ്യെത്തിച്ചു മാറാനുള്ള വേഷമെടുത്തു ദേഹം പൊതിയാൻ ശ്രമിച്ചു... ആദി പെട്ടന്ന് പുറത്തേക്ക് കടന്നു... ഭദ്രയപ്പോഴും തരിച്ചു നിൽക്കുകയാണ്... ഈ കച്ചയെങ്ങാനും അഴിച്ചിരുന്നെങ്കിൽ തന്റെ മാനം കപ്പല് കയറിയേനെ... ഓർക്കുംതോറും അവളുടെ തൊലി പൊളിയുന്നത് പോലെ തോന്നി... തിടുക്കത്തിൽ വേഷം മാറിയവൾ എല്ലാം വാരികൂട്ടി പുറത്തേക്ക് ഓടിവരുമ്പോൾ ആദി കുറച്ചപ്പുറം മാറിയൊരു സിഗരറ്റ് പുകച്ചുകൊണ്ട് നിൽപ്പുണ്ട്... അവൻ വഴിയിൽ നിൽക്കുന്നത് കൊണ്ട് തന്നെ തനിക്ക് പോകാനൊരു തടസ്സമായി തോന്നിയവൾ അവനെ ദയനീയമായൊന്ന് നോക്കി... കണ്മുന്നിൽ നിൽക്കുന്ന പെണ്ണിന്റെ ഈറൻ മുഖവും മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിഴകളും ചെഞ്ചുണ്ടും കാണെ... അവൻ കയ്യിലെ സിഗരറ്റ് നിലത്തേക്കിട്ടു ചവിട്ടി...അൽപ്പ നേരം മുൻപ് തികച്ചും യാദൃശ്ചികമായി കണ്മുന്നിൽ കണ്ട മേനിയഴക് അവന്റെ മിഴികളെ തഴുകി കൊണ്ടിരുന്നു... "നീയി നേരത്ത് ഇവിടെയാണോ കുളിക്കുന്നെ...?" തികച്ചും ഗൗരവമേറിയ സ്വരം... "മ്മ്ഹ്ഹ്..." "നാളെ മുതൽ അത് വേണ്ട... കുളിമുറിയിൽ കുളിച്ചാൽ മതി..." അത് പറയുമ്പോഴാണ് അവന്റെ കയ്യിലെ ഒറ്റമുണ്ട് അവളുടെ കണ്ണിൽ തെളിഞ്ഞത്...അവൻ കുളപ്പടവിലേക്ക് നടന്നകന്നതും ഭദ്ര വേഗം വീട്ടിലേക്ക് ഓടി... "ന്നോട് കുളിക്കണ്ടാന്ന് പറയാൻ ഇങ്ങേര് ആരാ... കുളം ഇയാളുടെ മാത്രാണെന്നാ വിചാരം...! ഇവിടെ വരുമ്പോഴൊക്കെ കുളത്തിലൊരു കുളി പതിവുണ്ടെന്ന് അറിയാം.. പക്ഷെ അത് രാവിലെയല്ലേ... ഇതിപ്പോ തൃസന്ധ്യ നേരത്ത് ഭദ്രേടെ കുളിമുടക്കാൻ വന്നേക്കുവാ...?" "അയ്യേ...." പറഞ്ഞ് കഴിഞ്ഞവൾ നാക്ക് കടിച്ചു... "ഭഗവാനെ എന്തൊക്കെ വൃത്തികേടാ ഞാൻ വിളിച്ചു പറയണേ...ഞാൻ അങ്ങനെ ഉദ്ദേശിച്ചതല്ലാട്ടോ...ആരും കേൾക്കാതിരുന്നത് ഭാഗ്യം...." നേരിയ ചമ്മലോടെ ഈറൻ മാറിയ തുണികൾ അയയിൽ വിരിച്ചിട്ടുകൊണ്ട് അവൾ തിടുക്കത്തിൽ അടുക്കളയിലേക്ക് ചെന്നു... "എടി പെണ്ണേ....!" അടുക്കള വാതിൽക്കൽ വന്നു നിൽക്കുന്ന ജയശ്രീയുടെ സ്വരം കേട്ടവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി... "എന്താ ജയമ്മേ...?" "ഹ്മ്.. എഞ്ചാ ജയമ്മേ.. ഇങ്ങോട്ട് വാടി... നീയിന്ന് ദേവിന്റെ മുറി അടിച്ചു തുടച്ചോ...??" പരിഹാസവും കോപവും കൂടികലർന്ന സ്വരത്തിൽ അവർ അലറി... ഭദ്ര പരിഭ്രമത്തോടെ അങ്ങോട്ട് വന്നു.. "അവന്റെ മുറിയിലെ ടേബിളിൽ ഒരു മോതിരം വെച്ചിരുന്നല്ലോ... ഉച്ചക്ക് അതവിടെ കാണാനില്ല...നീയത് എടുത്തോ...??" അവരുടെ ചോദ്യം കേട്ടതും ഭദ്ര ഞെട്ടിപ്പോയി... "ചോദിച്ചത് കേട്ടില്ലേ നീയത് എടുത്തോന്ന്...!!??" അവരുടെ ഉച്ചത്തിലുള്ള സ്വരം കേട്ട് അഞ്ജുവും ദേവും സീതയുമൊക്കെ അങ്ങോട്ടെത്തി... "ഞ്.. ഞാൻ...കണ്ടില്ല ജയമ്മേ... മുറി അടിച്ചു തുടച്ച് അപ്പൊ തന്നെ ഞാനിങ്ങു പോന്നു..." "കള്ളം പറയുന്നോടി...നീയാ മുറിയിൽ കയറുന്ന വരെ അതവിടെ ഉണ്ടായിരുന്നു.. അല്ലേടാ...??" ജയശ്രീയുടെ ചോദ്യം കേട്ടതും അവിടെ കാഴ്ചകാരനായി നിന്നിരുന്ന ദേവ് തലയനക്കി... "എന്താ ജയശ്രീ... എന്താ പ്രശ്നം...??" അപ്പോഴാണ് ലക്ഷ്മിയമ്മയും ആശയും അങ്ങോട്ടെത്തിയത്... "അമ്മേ.. ദേവിന്റെ സ്വർണ മോതിരം മുറിയിൽ മേശപ്പുറത്തുണ്ടായിരുന്നു... ഈ പെണ്ണ് വന്ന് അടിച്ചു തുടച്ചു പോയേപ്പിന്നെ അതവിടെ കാണുന്നില്ല...അവളെടുത്തതാകാനെ തരമുള്ളൂ..." "അയ്യോ... സത്യമായിട്ടും ഞാൻ എടുത്തില്ല ജയമ്മേ... നിക്കെന്തിനാ സ്വർണമോതിരം..." "ഓഹ്.. പിന്നെ കിട്ടിയ തക്കത്തിന് കട്ടതും പോരാ അവള് ചോദിക്കുന്നത് കേട്ടില്ലേ..." ജയശ്രീയുടെ വാക്കുകളോരൊന്നും അവളുടെ ഹൃദയത്തിൽ മുറിവേല്പിച്ചു കൊണ്ടിരുന്നു... കണ്ണ് നിറഞ്ഞു തൂവുമ്പോൾ നിസഹായയായി അവൾ ലക്ഷ്മിയമ്മയെ നോക്കി... "നീയെടുത്തോ ഭദ്രേ...?" അവരുടെ ചോദ്യം കേട്ടതും നിറഞ്ഞ കണ്ണുകളോടെ അവൾ ഇല്ലെന്ന് തലയനക്കി... "അവളെടുത്തു കാണില്ല ജയശ്രീ... നീ മുറി മുഴുവൻ നോക്കിയോ..." "എല്ലായിടത്തും നോക്കി... അല്ലെങ്കിൽ തന്നെ ഈ തലതെറിച്ചവന് അതെന്റെ കയ്യിൽ കൊണ്ട് വന്ന് തരാമായിരുന്നു...ഇവളൊക്കെ കയറി നിരങ്ങുന്ന മുറിയിൽ ഇട്ടിട്ട് പോയേക്കുന്നു...!!" "ഭദ്രേ... നീ എടുത്തതാണെങ്കിൽ ഇപ്പൊ തന്നെ തിരിച്ചു തന്നേക്ക്..." അഞ്ജു അല്പം കാര്യത്തിൽ പറഞ്ഞതും ഭദ്ര നിസ്സഹായയി നിന്ന് കരഞ്ഞു... "ഞ്.. ഞാൻ.. എടുത്തിട്ടില്ല.... ഭാഗവനാണെ സത്യം...എനിക്കാരുടേം സ്വർണ്ണവും പണവുമൊന്നും വേണ്ടാ...." ഭദ്ര വാ പൊത്തി കരഞ്ഞു... "നീയെടുത്തിട്ടില്ലെങ്കിൽ പിന്നെയാരാടി....?? മുഖത്ത് നോക്കി കള്ളം പറയുന്നോ....!!??" ജയശ്രീ പെട്ടന്നൊരു ദേഷ്യത്തിൽ അവളെ പിടിച്ചു തള്ളിയതും ഭദ്ര പുറകിലേക്ക് വേച്ചു പോയി... പെട്ടന്ന് ഹാളിലേക്ക് കയറി വന്ന ആദിയുടെ നെഞ്ചോരം ചെന്നിടിച്ചതും... അവൻ അവളെ വീഴാതെ താങ്ങി പിടിച്ചു.... ഭദ്ര ഞെട്ടലോടെ തിരിഞ്ഞു നോക്കി... കുളികഴിഞ്ഞു ഈറൻ ദേഹവുമായി വരുന്നവൻ ഒരു മുണ്ട് മാത്രമേ ഉടുത്തിട്ടുള്ളു... മറ്റൊരു മേൽമുണ്ട് കൊണ്ട് ദേഹം പുതച്ചിട്ടുണ്ട്... അവന്റെ കരുത്തുറ്റ ദേഹത്തേക്ക് വീണു പോയവൾ പെട്ടന്നൊരു പിടച്ചിലിൽ അകന്നു മാറി... "എന്താ അമ്മായി... എന്താ കാര്യം...?" ഭദ്രയുടെ തേങ്ങൽ ഇനിയും നിലച്ചിട്ടില്ലാത്തത് കൊണ്ട് ആദിക്ക് എന്തോ പന്തികേട് തോന്നി... "ദേവിന്റെ മോതിരം മുറിയിലെ മേശപ്പുറത്ത് വെച്ചിരുന്നു... ഈ പെണ്ണ് അടിച്ചു തളിച്ച് പോയതിൽ പിന്നെ അത് കാണുന്നില്ല..." ഭദ്ര കരഞ്ഞുകൊണ്ട് തന്നെ ഇല്ലെന്ന് തലയനക്കി...ആദി അവളെ നോക്കിയില്ല... "നീ മേശപ്പുറത്തു തന്നെയാണോ വെച്ചത്...?" ദേവിനോടുള്ള അവന്റെ ചോദ്യം കേട്ടതും ജയശ്രീക്ക് ചൊടിച്ചു... "അവൻ അവിടെ തന്നെയാ വെച്ചത്... ഞാൻ കള്ളം പറയോ....?" "അമ്മായി കള്ളം പറഞ്ഞെന്നല്ല... അവൻ മറ്റെവിടെയെങ്കിലും മറന്ന് വെച്ചതാണെങ്കിലോ..." "ഏയ്‌.. അല്ല.. ഞാൻ ടേബിളിൽ തന്നെയാ വെച്ചത്...!" ദേവ് അമ്മയുടെ പക്ഷം പിടിച്ചു.. "മോതിരം ടേബിളിൽ ഇരിക്കുന്നത് നീ കണ്ടിരുന്നോ...?" അവന്റെ ചോദ്യം ഭദ്രയുടെ നേർക്ക് നീണ്ടു... "കണ്ടില്ല..." ഭദ്ര കണ്ണുകൾ തുടച്ചുകൊണ്ട് അവനെ നിസ്സഹായയായി നോക്കുമ്പോഴേക്കും അവൻ മുഖം തിരിച്ചു.. ജയശ്രീക്ക് ദേഷ്യം വന്നു... രണ്ട് കൊടുത്തിട്ട് എടുത്ത മുതലിങ്ങു തിരിച്ചു തരാൻ പറയാതെ... അവിടിരിക്കുന്നത് കണ്ടോ ന്ന്...ഹ്മ്... "ദേവ് വാ... നമുക്കൊന്ന് കൂടി നോക്കാം..." അവൻ ദേവിനെയും കൊണ്ട് മുകളിലേക്ക് കയറി പോയി... ജയശ്രീയുടെ കൂർത്ത നോട്ടം ഭദ്രക്ക് നേരെയായിരുന്നു.. അവൾ മുഖം കുനിച്ചു നിന്നു... ലക്ഷ്മിയമ്മക്ക് കാലിന് വയ്യാത്തത് കൊണ്ട് അവർ മുകളിലേക്ക് കയറാറില്ല... അതുകൊണ്ട് തന്നെ അവരൊഴികെ ബാക്കി എല്ലാവരും മുകളിലേക്ക് ചെന്നു... ദേവിനെയും കൂട്ടി അവന്റെ മുറി മുഴുവൻ തിരയുകയാണ് ആദി... വാതിൽക്കൽ നിൽക്കുന്നവരെയൊന്നും കാര്യമാക്കാതെ അവൻ തിരച്ചിൽ തുടർന്നു... "നീയെന്തിനാ മോതിരം ഊരി വെച്ചത്...?" "അത്.. ലൂസായി കൊണ്ടിരിക്കാ... അതുകൊണ്ട് മാറ്റി വാങ്ങാമെന്ന് അമ്മ പറഞ്ഞിരുന്ന്.. കുളിക്കാൻ പോകും മുൻപ് ഞാൻ ഊരി വെച്ചതാ..." "ബാത്‌റൂമിൽ നോക്കിയോ...?" "ഇല്ല... പക്ഷെ... ഞാനിവിടെ നിന്നാ അതഴിച്ചു വെച്ചത്..." "എങ്കിലും പോയൊന്നു നോക്കിയിട്ട് വാ..." അവൻ പറഞ്ഞത് കേട്ട് ദേവ് ബാത്‌റൂമിൽ കയറി നോക്കി... അപ്പോഴാണ് ദേവിന്റെ വസ്ത്രങ്ങൾ ഹാങ് ചെയ്തിടുന്ന സ്റ്റാൻഡിൽ ആദിയുടെ കണ്ണുകൾ ഉടക്കിയത്... അവൻ വെറുതെ ആ ഡ്രസുകൾക്ക് ഇടയിലൊന്ന് പരതി... ഓരോ പാന്റ്സും എടുത്ത് അതിന്റെ പോക്കറ്റിൽ കൂടി തിരഞ്ഞതും പെട്ടന്നൊരു പോക്കറ്റിൽ നിന്ന് മോതിരം നിലത്തു വീണു കറങ്ങി.... ആദിയുടെ കണ്ണുകൾ ജയശ്രീയുടെ നേർക്ക് നീണ്ടു വന്നതും അവരൊരു വല്ലായ്മയിൽ മുഖം കുനിച്ചു... ആദി മോതിരമെടുത്തു ദേവിന്റെ കയ്യിൽ ഏല്പിച്ചു... "ഇതാണോടാ നീ മേശയിൽ വെച്ചെന്ന് പറഞ്ഞത്..?" "അത്... പിന്നെ... ആദിയേട്ടാ... ഞാൻ... മറന്ന് പോയി..." "ഒന്നങ്ങു വെച്ച് തന്നാലുണ്ടല്ലോ... വെറുതെ സീനുണ്ടാക്കാൻ ആയിട്ട്..." ആദി കയ്യൊങ്ങിയപ്പോഴേക്കും ദേവ് കവിൾ പൊത്തി... ആദി വേഗം മുറി വിട്ടിറങ്ങി.. വാതിലിനോരം നിറകണ്ണുകളുമായി നിൽക്കുന്ന പെണ്ണിനെ അവനൊന്ന് നോക്കിയത് കൂടിയില്ല...എങ്കിലും അവളുടെ മനസ് നിറഞ്ഞു... മറ്റുള്ളവരെ പോലെ നീയെടുത്തോന്ന് പോലും ചോദിച്ചില്ലല്ലോ... ഇഷ്ടമില്ലെങ്കിലും തനിക്ക് വേണ്ടി നിന്നല്ലോ....! ഉള്ളിലെ വേദന മുഴുവൻ മറന്നു കളയാൻ അവൾക്കത് മതിയായിരുന്നു... ബാക്കിയെല്ലാവരും തെളിച്ചമില്ലാത്തൊരു മുഖത്തോടെ നിൽക്കെ, ഭദ്ര താഴേക്ക് ഓടിയിറങ്ങി... "മോതിരം കിട്ടിയോ...?" താഴെയിരുന്ന ലക്ഷ്മിയമ്മ സംശയത്തോടെ ചോദിച്ചു... "ദേവിന്റെ പാന്റിന്റെ പോക്കറ്റിൽ ഉണ്ടായിരുന്നു... ആദിയേട്ടൻ കണ്ടു പിടിച്ചു..." ഏറെ സന്തോഷത്തോടെ പറഞ്ഞുകൊണ്ട് തിടുക്കത്തിൽ അടുക്കളയിലേക്ക് ഓടുന്നവളെ കണ്ടതും അവർക്ക് അരിശം വന്നു...ആദിയേട്ടൻ എന്നുള്ള സംബോധനയും അവർ ശ്രദ്ധിക്കാതിരുന്നില്ല... ഭദ്ര ഓടിച്ചെന്ന് സീതയെ കെട്ടിപിടിച്ചു... "കിട്ടി അമ്മേ... ദേവിന്റെ പോക്കറ്റിൽ ഉണ്ടായിരുന്നു... ആദിയേട്ടൻ... നിക്ക് വേണ്ടി.... കണ്ടു പിടിച്ചു അമ്മേ...." ചെറിയൊരു കിതപ്പോടെ തന്നെയവൾ പറയുമ്പോൾ സീതക്ക് അതിശയം തോന്നി..ഒപ്പം ബാക്കിയുള്ളവരോട് ദേഷ്യവും... "കൊല്ലം കുറെയായില്ലേ നമ്മൾ ഇവിടെ ജോലിയെടുക്കുന്നു... അനാവശ്യമായി ഒരു കടുകുമണി പോലും എടുത്തിട്ടില്യാലോ... അടിക്കാനും തുടക്കാനും അല്ലാതെ ഇന്നേവരെ അവരുടെ മുറിയിലൊന്നും കയറിയിട്ടും ഇല്യ... എന്നിട്ടും ഒരു പ്രശ്നം വന്നപ്പോൾ നമ്മളെ കള്ളിയാക്കാൻ നോക്കിയത് കണ്ടോ... നന്ദികെട്ട വർഗം...!! ന്റെ മോള് വിഷമിക്കണ്ട... നീയങ്ങനെ ചെയ്യില്ലെന്ന് അമ്മയ്ക്കറിയാം... ആ ലക്ഷണം കെട്ടവൻ എവിടെയെങ്കിലും കൊണ്ട് കളഞ്ഞതാകുംന്ന് എനിക്ക് ഉറപ്പായിരുന്നു...അതൊന്ന് കിട്ടാൻ വേണ്ടി ഭഗവാനോട് പ്രാർത്ഥിക്കായിരുന്നു ഞാൻ...." ഭദ്ര ഏറെയിഷ്ടത്തോടെ ആ കവിളിൽ പിടിച്ചൊന്ന് താലോലിച്ചു... "അത്താഴത്തിനുള്ളത് ആയോ സീതമ്മേ...ഞാൻ എടുത്തു വെക്കാം...." ഉള്ളിലെ വിഷമമെല്ലാം മറന്നവൾ വേഗം പാത്രങ്ങളിൽ ഓരോ വിഭവങ്ങൾ എടുത്ത് ഊണ് മേശയിൽ കൊണ്ട് വെച്ചു... സീതയുടെ മനസ്സിൽ അപ്പോഴും ഭദ്ര പറഞ്ഞ കാര്യമായിരുന്നു... ആദിയേട്ടൻ നിക്ക്... വേണ്ടി.. കണ്ടുപിടിച്ചു... ഭദ്രക്ക് വേണ്ടി ആദിയങ്ങനെ ചെയ്യുമെന്ന് അവർക്ക് തോന്നിയില്ല... കുറെ കൊല്ലങ്ങൾക്ക് മുൻപാണെങ്കിൽ ചെയ്യുമായിരുന്നു... ഭദ്രയെന്ന് വെച്ചാൽ അവന് അഞ്ജുവിനെ പോലെയായിരുന്നു... കിട്ടുന്ന മിട്ടായിയും കളിപ്പാട്ടവുമെല്ലാം അവൾക്ക് കൂടി കൊണ്ടു വന്ന് കൊടുക്കും... ശ്രീക്കുട്ടിയെന്ന് വിളിക്കുന്നതും കേട്ടിട്ടുണ്ട്... പിന്നെയൊരിക്കൽ വാല്യക്കാരി കുട്ടിയോട് കൂട്ട് കൂടിയതിന്റെ പേരിൽ ലക്ഷ്മിയമ്മയും ആശയും അവനെ കണക്കിന് ശകാരിച്ചു... ഉള്ളിൽ അത്രയും വിഷമല്ലേ... അവനിലേക്കും പകർന്നു കൊടുത്തു കാണും... അതിൽ പിന്നെ അവൻ അവളെ ശ്രദ്ധിക്കാറില്ല... അര ട്രൗസറിൽ നിന്നു പാന്റും മുണ്ടും ഉടുത്തു തുടങ്ങിയതിൽ പിന്നെ ആദിയുടെ കുട്ടിത്തം പാടെ ഇല്ലാതായി.. ഒത്ത പുരുഷനെ പോലെയായി ചിന്തയും വാക്കും പ്രവർത്തിയുമൊക്കെ... തന്നോടുള്ള അനുകമ്പ പോലും അവൻ ഭദ്രയോട് കാണിക്കാറില്ലെന്നത് അവർ മനസ്സിലാക്കി... അന്ന് രാത്രിയും അത്താഴം കഴിഞ്ഞ് കൈ കഴുകാൻ നേരം ആദി സീതയെ ശ്രദ്ധിച്ചു... അടുക്കള വാതിൽക്കൽ എന്തോ ഓർത്തിട്ടെന്ന പോലെ നിൽപ്പുണ്ട്... "സീതമ്മായി...കഴിച്ചോ?" അവന്റെ ചോദ്യം കേട്ടവർ ചിന്തയിൽ നിന്നുണർന്നു... "ഇല്ല... " അതും പറഞ്ഞവർ പുറകിലെ വരാന്തയിലേക്ക് ഒന്നെത്തി നോക്കി... അവിടെ അരണ്ട വെളിച്ചത്തിൽ പുറത്തെ ഇരുട്ടിലേക്ക് നോക്കി ഓരോ വറ്റ് കൊത്തി പെറുക്കുകയാണ് ഭദ്ര... പാവം കുട്ടി.... മനസ്സിലൊരു വിങ്ങലോടെ സീത അടുക്കളയിലേക്ക് ചെന്നു.... 💫💫💫💫💫💫 പിറ്റേന്ന് പുലർച്ചെ ഭദ്ര എഴുന്നേറ്റ് കുളിച് സീതയോടൊപ്പം അടുക്കളയിൽ കയറി.. ആദിയേട്ടൻ ഇനി മുതൽ ഇവിടെ നിന്നുകൊണ്ടാണ് ജോലിക്ക് പോകുന്നതെന്ന് തലേന്ന് ആശമ്മ പറയുന്നത് കേട്ടു... അതുകൊണ്ട് ഉച്ചത്തേക്ക് ഭക്ഷണം കൊണ്ട് പോകണമെന്നും ഇഷ്ടപ്പെട്ട കറികൾ എല്ലാം കൂട്ടിയൊരു ഊണ് കാലമാക്കണം എന്നും നിർദേശിച്ചിരുന്നു... സീത ചായയും പലഹാരവും ഒരുക്കുന്നതിനിടെ ഭദ്ര ചോറും കറികളും വെച്ചുണ്ടാക്കി... തോരനും മെഴുക്കുപുരട്ടിയും ഒഴിച്ചു കറിയും എല്ലാം തിടുക്കത്തിൽ ഉണ്ടാക്കി വെച്ച് ചോറും പാത്രത്തിൽ ആക്കി... കറികൾ എല്ലാം ഓരോ പാത്രത്തിൽ വെച്ച്, ടിഫിൻ ബാഗിൽ അടുക്കി വെച്ചു... ഇതിനിടെ എല്ലാവരും ബ്രേക്ഫാസ്റ്റ് കഴിച്ച് എഴുന്നേറ്റ് പോയെന്ന് കണ്ടതും അവൾ ആ ടിഫിൻ ബാഗ് എടുത്തു സീതമ്മയുടെ കയ്യിൽ കൊടുത്തു.. "കൊണ്ട് കൊടുക്കുമോ സീതമ്മേ...?" "എനിക്കൊന്നും വയ്യ കുട്ടി... നിന്റെ ഭർത്താവല്ലേ... നീ തന്നെ കൊണ്ട് പോയി കൊടുക്ക്..." കളിയായി പറഞ്ഞുകൊണ്ട് അവർ ആ ബാഗ് അവളെ തിരിച്ചേല്പിച്ചു... ആ വാക്കുകൾ അവളുടെ ഹൃദയത്തിൽ കുളിരേകി.. കൊണ്ട് പോയി കൊടുക്കാൻ മോഹമില്ലാഞ്ഞിട്ടല്ല... പക്ഷെ... ന്റെ കയ്യിന്ന് വാങ്ങുവോ...? എന്നെ തന്നെ ഇഷ്ടല്ല.. അപ്പോഴാ ഈ കൈകൊണ്ട് വെച്ചുണ്ടാക്കിയ ഭക്ഷണം... അവളോർത്തു... "ആലോചിച്ചു നിക്കാതെ ചെല്ല് മോളെ... " സീത നിർബന്ധിച്ചപ്പോൾ അവൾ ആ ബാഗുമായി ഹാളിലേക്ക് ചെന്നു... ഓഫീസിലേക്ക് ഇറങ്ങാൻ നേരം അമ്മമ്മയുടെ അനുഗ്രഹം വാങ്ങുകയാണ് ആദി... കറുത്ത പാന്റും ടക് ഇൻ ചെയ്ത വെള്ള ഷർട്ടും ഇട്ട്... പ്രത്യേകമായൊരു അഴകോടെ നിൽക്കുന്നവൻ ഭദ്രയുടെ കണ്ണിലൊരു അത്ഭുതമായി മാറി... ഒരു ഞൊടിയിൽ അവളാ രൂപം മനസ്സിലേക്ക് പതിച്ചെടുത്തു... "എന്താ ഭദ്രേ..?" ലക്ഷ്മിയമ്മയുടെ ഗൗരവമേറിയ ചോദ്യം കേട്ട് ആദി തിരിഞ്ഞു നോക്കി... തുടരും... രാവിലത്തേക്കാൾ വലിയ പാർട്ട്‌ ആണേ... കമന്റ്‌സ് തരണേ.... 🥰🥰 #💞 പ്രണയകഥകൾ #📙 നോവൽ #💌 പ്രണയം #📔 കഥ #📝 ഞാൻ എഴുതിയ വരികൾ
199 likes
19 comments 117 shares
📚 വായന മുറി ✔
4K views 12 hours ago
തീരം. 110 Aniprasad 🎫🎫🎫🎫 എണ്ണയുടെയും, കുഴമ്പിന്റെയും നറുമണം ഇളം കാറ്റിൽ ഊർന്നെത്തുന്ന നീണ്ട ഇട നാഴി. ഇടയ്ക്കിടെ കടന്നു പോകുന്ന യുണിഫോം ധാരികളായ ട്രെയിനികൾ. നവമിയ്ക്ക് പിന്നാലേ പേ വാർഡിലേക്ക് നടക്കുമ്പോൾ സുമംഗലയ്ക്ക് തോന്നി തന്റെ ഹൃദയമിടിപ്പ് തനിയ്ക്ക് തന്നെ കേൾക്കാൻ പറ്റുമെന്ന്.. താൻ ചെയ്യേണ്ട ഒരു കടമയാണ് ഇവിടെ പൂർത്തിയാകാൻ പോകുന്നത്.. അത് ഏറ്റെടുത്ത്‌ ചെയ്തത് തന്റെ മകളാണെന്ന് മാത്രം. നീണ്ട ഇട നാഴിയുടെ കിഴക്കേയറ്റത്തുള്ള റൂമിന്റെ അടഞ്ഞ വാതിലിന് മുൻപിൽ നിന്ന് നവമി ചുറ്റിനും നോക്കി. വാതിൽ പുറത്ത് നിന്നും ഓടാമ്പൽ ഇട്ടിരുന്നതിനാൽ അവൾക്ക് തോന്നി റൂമിനുള്ളിൽ ആരുമില്ലെന്ന്. അടുത്ത റൂമിന്റെ വാതിൽ തുറന്ന് ഒരു സിസ്റ്റർ പുറത്തേയ്ക്ക് വന്നപ്പോൾ നവമി അവരുടെ അടുത്തേയ്ക്ക് ചെന്ന് ഈ റൂമിലുള്ളവർ എവിടെപ്പോയി എന്ന് അന്വേഷിച്ചു. സിസ്റ്റർ വാച്ചിലേക്ക് സമയം നോക്കിയ ശേഷം കുറച്ചപ്പുറത്തേയ്ക്ക് വിരൽ ചൂണ്ടി. മുറ്റത്തിനപ്പുറം നിരനിരയായി വളർന്നു നിൽക്കുന്ന മാവുകൾക്ക് ചുവട്ടിൽ വളച്ചു കെട്ടിയ കൽക്കെട്ടിനരികെ നിന്ന് ശശിധരനും വിജയ കൃഷ്ണനും മെല്ലെ മെല്ലെ ചുവടുകൾ വച്ചു മുൻപോട്ട് വരുന്നുണ്ടായിരുന്നു. വിജയകൃഷ്ണൻ വാക്കറിന്റെ സഹായത്തോടെയാണ് ഓരോ ചുവടും മുന്നോട്ട് വയ്ക്കുന്നത്. ഒരു പിഞ്ചു കുഞ്ഞ് നടക്കാൻ പഠിയ്ക്കുന്നതിന്റെ ഇരട്ടി ശ്രദ്ധയോടെയാണ് വിജയകൃഷ്ണന്റെ ഓരോ ചലനവും. തനിയ്ക്ക് ഒരു വിശാസത്തിനു വേണ്ടിയെന്നോണം ശശിധരൻ തൊട്ടു തൊട്ടില്ല എന്നമട്ടിൽ അയാളുടെ വലതു കയ്യിൽ പിടിച്ചിട്ടുണ്ട്.. വിജകൃഷ്ണൻ,സുമംഗലയെ കണ്ടതും അടുത്ത ചുവട് അയാൾക്ക് നില തെറ്റിപ്പോയി. സുമംഗല 'വിജയേട്ടാ 'എന്ന് വിളിച്ചുകൊണ്ട് ഓടി ചെന്ന് അയാളെ താങ്ങി പിടിച്ചു. "സാരമില്ല സാറേ.. ഇന്ന്‌ മുതൽ പതിയെ ഇവിടൊക്കെ ഒരു റൗണ്ട് നടക്കണമെന്നാ ഡോക്ടർ പറഞ്ഞിട്ടുള്ളത്. നടന്നേ തീരൂ എന്ന വാശി നമ്മളെക്കാൾ കൂടുതൽ സാറിനാ ഉള്ളത്.." ശശിധരൻ ആത്മ വിശ്വാസത്തോടെ പറഞ്ഞു. സുമംഗല അയാളുടെ കയ്യിൽ പിടിച്ചതോടെ ശശി ധരൻ മാറിക്കൊടുത്തു. വിജയ കൃഷ്ണൻ ഇപ്പോൾ നിർത്തി നിർത്തിയാണ് സംസാരിയ്ക്കുന്നതെങ്കിലും കേൾക്കുന്നവർക്ക് അത് മനസിലാക്കാൻ പറ്റുമായിരുന്നു. സുമംഗല തന്റെ അടുത്തെത്തിയതോടെ വിജയകൃഷ്ണൻ ഒരു പുതിയ മനുഷ്യൻ ആയത് പോലെ നവമിയ്ക്ക് തോന്നി. "വളരെ മാറ്റമുണ്ടല്ലോ മോളേ വിജയന്.. ഈ സ്ഥിതി തുടർന്നാൽ ഉടൻ തന്നെ വീട്ടിലേക്ക് പോകാൻ പറ്റുമെന്ന് തോന്നുന്നു. അല്ലേ.." ഇന്ദുമതിയമ്മ അവളോട് തിരക്കി. നവമി സന്തോഷത്തോടെ തലയാട്ടി. വാക്കർ മാറ്റിയിട്ട് രണ്ട് പടവുകൾ കയറി വരാന്തയിലേക്ക് കയറാൻ നവമിയും, സുമംഗലയുമാണ് ഇരു വശത്ത്‌ നിന്നും അയാളെ സഹായിച്ചത്. "വാക്കറിന്റെ സഹായമില്ലാതെനടക്കാൻ പറ്റുവോ അച്ഛാ.. ഒന്ന് നോക്കിയ്ക്കേ..." നവമി ചോദിച്ചു. "വേണ്ട.. കുറച്ച്.. കഴിയട്ടെ.." വിജയ കൃഷ്ണൻ വാക്കറിനു കൈനീട്ടി. നവമി അത് അയാൾക്ക് മുൻപിൽ വച്ചു കൊടുത്തു. എല്ലാവരും റൂമിൽ എത്തി ഇരുന്നപ്പോൾ ശശിധരൻ ഫ്ലാസ്ക് എടുത്തുകൊണ്ട് കാന്റീനിൽ ചെന്ന് ചായയും ഉഴുന്ന് വടയും വാങ്ങിക്കൊണ്ട് വന്നു. അവരെല്ലാം അവിടെയിരുന്നു ചായ കുടിയ്ക്കവേ യദു കൃഷ്ണൻ അവിടേയ്ക്ക് വന്നു. "നീ എളനാടിനുപോയില്ലേ മോനേ.. അങ്ങോട്ട് പോകാനല്ലേ നീ വീട്ടിൽ നിന്നിറങ്ങിയത്." യദുവിനെ കണ്ട് ഇന്ദുമതിയമ്മ തിരക്കി. "പോയി... അവിടെ ആളുണ്ടല്ലോ മുത്തശീ..അതാ ഞാൻ തിരികെ പോന്നത്" "എത്ര ആളുണ്ടെന്ന് പറഞ്ഞാലും നീ അവിടെ ചെന്ന് കുറച്ച് നേരം ഇരിയ്ക്കേണ്ടതല്ലേടാ. അതെങ്ങിനെ, നമ്മളെല്ലാം ഇങ്ങോട്ട് പോരുമ്പോ അവന വിടെ ഇരിയ്ക്കപ്പൊറുതികിട്ടുവോ... അല്ലേടാ." "ചായ തീർന്നോടീ.. അതെന്താ ഉഴുന്ന് വടയോ." ഇന്ദുമതിയമ്മ പറഞ്ഞത് കേട്ടില്ലെന്ന മട്ടിൽ അവൻ നവമിയോട് ചോദിച്ചു. അവൾ തന്റെ കയ്യിലിരുന്ന വട പകുതി മുറിച്ച് അവന് നീട്ടിയപ്പോൾ മുഴുവനും അവൻ അവളുടെ കയ്യിൽ നിന്ന് തട്ടിയെടുത്തു. "ചായ നീ കുടിച്ചോ. എനിയ്ക്ക് ഇതുമതി." ശശി ധരൻ നീക്കിയിട്ട് കൊടുത്ത പ്ലാസ്റ്റിക് കസേരയിലേക്ക് അവൻ ഇരുന്നു. അനു റാണി അവന്റെ അടുത്തേയ്ക്ക് വന്ന് തന്റെ കയ്യിലിരുന്ന ചായ അവന് നീട്ടി. "ഞാൻ കുടിച്ചില്ല യദുവേട്ടാ. യദു വേട്ടൻ കുടിച്ചോ.." "വേണ്ടെടീ. നീ കുടിച്ചോ..." അവൻ പറഞ്ഞു. "പിന്നെന്തിനാ യദുവേട്ടൻ ചേച്ചിയോട് ചായ തീർന്നോ എന്ന് തിരക്കിയത്.. ചേച്ചിയുടെ കയ്യിലിരിയ്ക്കുന്ന ചായ ആയിരുന്നെങ്കിൽ വാങ്ങിച്ചു കുടിച്ചേനെ അല്ലേ.." അവൾ അവനെ കുസൃതിയോടെ നോക്കി. "പോടീ. ഞാൻ ചുമ്മാ ചോദിച്ചതാ എനിയ്ക്കെങ്ങും വേണ്ടിയിട്ടല്ല. ഞാനിപ്പോ വടക്കാഞ്ചേരിയിൽ നിന്നൊരു ചായ കുടിച്ചതേയുള്ളൂ." "ഉവ്വ്.. ഉവ്വ്.. ഞാൻ വിശ്വസിച്ചു." മറ്റാരും കേൾക്കാതെ അവനു മാത്രം കേൾക്കാൻ പാകത്തിൽ അവൾ ശബ്ദം താഴ്ത്തി പറഞ്ഞു. യദു അവളുടെ ചെവിയ്ക്ക് പിടിയ്ക്കാനായി കൈ നീട്ടിയപ്പോൾ അവൾ എണീറ്റ് നവമിയുടെ അടുത്തേയ്ക്ക് പോയി. "ഇവളുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണ്ടേ. എത്ര ക്ലാസാ ഇവൾക്ക് നഷ്ടപ്പെട്ടത്.." ഇന്ദുമതിയമ്മ അനു റാണിയെ നോക്കി പറഞ്ഞു. "തിങ്കളാഴ്ച കോട്ടയത്തേയ്ക്ക് പൊയ്ക്കോണം. അവിടെ സ്കൂളിൽ തന്നെയുള്ള ഹോസ്റ്റലിൽ താമസിച്ച് ക്ലാസിന് പോകാം. കേട്ടോ അനൂ..ഈ വർഷം ഇനി ഹോസ്റ്റലിൽ നിന്നാൽ മതി." നവമി ഒരു തീരുമാനം എടുത്ത മട്ടിൽ അറിയിച്ചു. "ഹോസ്റ്റലിൽ നിൽക്കാനോ. എനിയ്ക്കെങ്ങും വയ്യ.." "വയ്യേ.. നീ പിന്നെന്താ അനൂ.. പഠിത്തം നിർത്താൻ പോണോ... ഇനിയും ക്‌ളാസിൽ പോകാതിരുന്നാൽ നീ പരീക്ഷയ്ക്ക് ചെന്നിരുന്ന് എന്ത് എഴുതി വയ്ക്കും മോളേ.." "അതിന് ഞാൻ പഠിയ്ക്കുന്നുണ്ടല്ലോ ചേച്ചീ. അന്നന്നത്തെ പാഠം ഞാൻ കൂട്ടുകാരികളോട് ഫോണിൽ ചോദിച്ചു മനസിലാക്കുന്നുണ്ടല്ലോ.." "അങ്ങിനെ പഠിച്ചാൽ എത്രത്തോളം മനസ്സിൽ ആകുമെടീ.. എല്ലാരും അങ്ങിനെയാണോ പഠിയ്ക്കുന്നത്." "മനസിലാകാത്തത് ഞാൻ ടീച്ചർ മാരേ വിളിച്ചു ചോദിയ്ക്കുന്നുണ്ടല്ലോ.അതിലും വലിയ എന്ത് സഹായമാവേണ്ടത് ടീച്ചർമാരിൽ നിന്നും.." അവൾ ഒരു സഹായത്തിന് എന്ന വണ്ണം എല്ലാവരെയും നോക്കി. "അവൾ അപ്പറഞ്ഞത് ശരിയാ.." യദു അവളുടെ സഹായത്തിന് വന്നു. "ഞാൻ കണ്ടിട്ടുള്ളതാ. അവൾ ഓൺലൈനിൽ എന്ത് സംശയം ടീച്ചർ മാരോട് ചോദിച്ചാലും അവർ വിശദമായി അനുവിന്പറഞ്ഞു മനസിലാക്കി കൊടുക്കുന്നുണ്ട്.ടീച്ചർമാർക്കും അറിയാമെന്നുതോന്നുന്നു ഇവളുടെ കഴിവ്." "കഴിവ്.. പിന്നേ...യദുവേട്ടൻ എന്തറിഞ്ഞിട്ടാ ഈ പറയുന്നത്.. യദുവേട്ടൻ അങ്ങിനെ ആയിരുന്നോ പഠിച്ചത്.." "ഞാൻ അങ്ങിനെയല്ല.എന്നാലും അനു എക്‌സാമിനൊന്നും ഒട്ടും പിന്നിലല്ലല്ലോ.." "അങ്ങനങ്ങോട്ട് പറഞ്ഞു കൊടുക്കു യദുവേട്ടാ.. ചേച്ചി കേട്ടല്ലോ.. എന്തായാലും എല്ലാവർക്കും ഒപ്പമേയുള്ളൂ ഞാനും കോട്ടയത്തേയ്ക്ക്. അതുവരെ ഞാൻ ഇവിടെ നിന്ന് പഠിച്ചോളാം.." അവൾ നവമിയെ നോക്കി. "എടീ ദുഷ്ടേ.. കുറച്ച് മുമ്പ് നീ ഇവരുടെയെല്ലാം മുമ്പിൽ വച്ച് എന്റെ കാല് വാരിയതാ. മറക്കില്ല ഞാനത്. എന്നിട്ടും നിന്നെ രക്ഷിയ്ക്കാൻ ഞാനേ ഉണ്ടായുള്ളൂ. കണ്ടല്ലോ." യദു അവളുടെ കാതിലേക്ക് മുഖം അടുപ്പിച്ചു പറഞ്ഞു. "താങ്ക്സ്. ഇതിന് ഞാൻ പ്രത്യുപകാരം ചെയ്തേക്കാം. കേട്ടോ..ചെയ്തേക്കാം എന്നല്ല ചെയ്തിരിയ്ക്കും." അവളും തിരികെ അവന്റെ ചെവിയിലേക്ക് പറഞ്ഞു. "പ്രത്യുപകാരമോ. എന്ത് പ്രത്യുപകാരം. നീയെന്താ ഉദ്ദേശിയ്ക്കുന്നത്." അവൾ പറഞ്ഞത് തനിയ്ക്ക് മനസിലായില്ലെന്ന മട്ടിൽ അവൻ അവളെ നോക്കി "ഓ.. പിന്നേ.. ഒന്നുമറിയാത്ത ഒരുപഞ്ച പാവം.. യദുവേട്ടൻ ഇപ്പോൾ ഞങ്ങളുടെ പിന്നാലേ ഇങ്ങോട്ട് ഓടി വന്നത് എന്തിനാണെന്നൊക്കെഎനിയ്ക്ക് മനസിലായി..എന്നെ വെറുതേ പൊട്ടിയാക്കല്ലേ യദുവേട്ടാ. ചേച്ചിയേ സെറ്റ് ആക്കാനല്ലേയദുവേട്ടൻ ഓടിപ്പാഞ്ഞു വന്നത്..... ഒന്നുമറിയാത്ത കൊച്ച് കള്ളൻ. ഞാൻ ശ്രദ്ധിയ്ക്കുന്നതാ രണ്ടിനെയും..." അവൾ തന്റെ കാതിൽ പറഞ്ഞത് കേട്ട യദുചൂളിപ്പോയി. യദു അവളെ കൺ കോണിലൂടെ നോക്കി. "ശരിയ്ക്കും സെറ്റാക്കി തരാം യദുവേട്ടാ.." "എന്തോന്നാടീ അടക്കം പറയുന്നത്. യദുവേട്ടന്റെചെവി നീ കടിച്ചു പറിയ്ക്കാൻ തുടങ്ങിയിട്ട് നേരം കുറെയായല്ലോ. എന്തെങ്കിലും പറയുന്നെങ്കിൽ ഉറക്കെ പറയ്‌. ഞങ്ങൾക്കും കേൾക്കാല്ലോ." നവമിപറയുന്നത് കേട്ട് അനു അവന്റെ അരികിൽ നിന്ന് നടന്നു മാറി. "ദാ.. ഞാൻ മാറി. ഇനി വേണങ്കിൽ ചേച്ചി വന്നിരുന്നു കടിച്ചു പറിച്ചോ യദുവേട്ടന്റെ ചെവി.." "കണ്ടോ അമ്മേ പെണ്ണിന്റെ നാക്കിന്റെ നീളം... എന്താ ഏതാ എപ്പോഴാ, എവിടെ വച്ചാ പറയേണ്ടത് എന്നൊന്നും അവൾക്കറിയില്ല..." "പോട്ടെടീ.. വിട്ടു കള.. അവളെ നീ ഹോസ്റ്റലിൽ കൊണ്ട് നിർത്തും എന്ന് പറഞ്ഞതിന്റെ കലിപ്പാ അവൾക്ക്.ഇത്രേം പേർക്കിടയിൽ നിന്ന് അവളൊറ്റയ്ക്ക് കോട്ടയത്ത്‌ പോയി നിൽക്കുവോ. ഏതായാലും ക്ലാസൊന്നും വിടാതെ പഠിയ്ക്കുന്നുണ്ടല്ലോ അവൾ" ഇന്ദുമതിയമ്മ അനു റാണിയെ നോക്കി ചിരിച്ചു. കുറച്ച് നേരം കൂടി സംസാരിച്ചിരുന്ന ശേഷം ഇന്ദുമതിയമ്മ പോകാം മക്കളേ എന്ന് പറഞ്ഞു കൊണ്ട് എണീറ്റു. നവമി എണീറ്റ് പുറത്ത് വരാന്തയിൽ ചെന്ന് നിൽക്കുന്ന ശശി ധരന്റെ അരികിലേക്ക് ചെന്നു. "ചേട്ടാ.. ചേട്ടന് വീട്ടിൽ പോകണമെന്നുണ്ടോ.." അവൾ മുഖവുരയൊന്നും കൂടാതെ അയാളോട് ചോദിച്ചു. "വീട്ടിൽ പോകാനോ. എന്താ മോളേ അങ്ങിനെ പറഞ്ഞത്.. എന്റെ ഇവിടുത്തെ ജോലി തീർന്നോ.." അയാൾ വേപഥുവോടെ അവളെ നോക്കി. "ജോലി തീരാനോ. ചേട്ടൻ ഇവിടെ നിന്നും പൊയ്ക്കൊള്ളാനല്ല പറഞ്ഞത്.. ചേട്ടന് വേണെങ്കിൽ ഇന്ന് ചേട്ടന്റെ വീട്ടിലേക്ക് പോയിട്ട് നാളെ തിരികെ വരാം.. ഇന്നിവിടെ അച്ഛന്റെ കൂടെ അമ്മ നിന്നോളാം എന്ന് പറഞ്ഞിട്ടുണ്ട്. ചേട്ടൻ നാളെ ഇതേ സമയം ഇവിടേയ്ക്ക് തിരികെ വന്നാൽ മതി..ഇവിടെ അമ്മയുള്ളത് കൊണ്ട്ചേട്ടന് വീട്ടിൽ പോയിട്ട് വരണമെങ്കിൽ വരാം. നിർബന്ധമൊന്നുമില്ല.." "ഇന്നിവിടെ സാറ് നിൽക്കുമെങ്കിൽ ഞാനൊന്ന് വീട്ടിൽ പോയി തല കാണിച്ചിട്ടും പോന്നേക്കാം. വീട്ടിൽ എന്നെ കാത്തിരിയ്ക്കാനൊന്നും ആരുമില്ല. എന്നാലും കുറച്ച് നാളത്തെ ജോലി കഴിഞ്ഞു ചെല്ലുന്നത് കൊണ്ട് എന്തെങ്കിലും കിട്ടുമല്ലോ എന്നോർത്ത്‌ കാണുന്നവരൊക്കെ ഒന്ന് ചിരിയ്ക്കാൻ മടിയ്ക്കില്ല. അത്രേയുള്ളൂ എന്റെ വീട്ടിലെ രക്തബന്ധങ്ങൾ... ഭാര്യയും മക്കളുമൊന്നും ഇല്ലെങ്കിൽ ഇങ്ങനൊക്കെ തന്നെയാ മോളേ.അത് എന്റെ മാത്രം കാര്യമൊന്നും ആയിരിയ്ക്കില്ല.." അയാൾ ചെന്ന് വേഷം മാറി വിജയകൃഷ്ണനോട് യാത്രപറഞ്ഞു വന്നു. അയാൾ റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ നവമി അയാളുടെ പിന്നാലെ ചെന്ന് പോക്കറ്റിലേക്ക് താൻ കയ്യിൽ മടക്കി വച്ചിരുന്ന അഞ്ഞൂറിന്റെ കുറെ നോട്ടുകൾ വച്ച് കൊടുത്തു. അയാൾ പോക്കറ്റിൽ തപ്പി നോക്കിയപ്പോൾ കനം കണ്ടിട്ട് അയാൾക്ക് വീണ്ടും സംശയമായി. "എന്നെ പറഞ്ഞു വിടുവൊന്നും അല്ലല്ലോ. അല്ലേ മോളേ..." അയാൾ പ്രതീക്ഷയോടെ അവളുടെ മുഖത്തേയ്ക്ക് നോക്കി. "ഇന്ന്‌ ഒരൊറ്റ ദിവസത്തേയ്ക്ക് അവധി തന്നു പറഞ്ഞു വിടുവാ.. നാളെ ഇതേ നേരം മറക്കാതെ ഇവിടെ തിരിച്ചെത്തിയേക്കണം. പോയിട്ട് വാ ചേട്ടാ." അയാൾ തിരിഞ്ഞു നടക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ടെന്ന് നവമിയ്ക്ക് തോന്നി. നവമി തിരികെ റൂമിലേക്ക് കയറും മുൻപേ ഇന്ദുമതിയമ്മ പുറത്തേയ്ക്ക് വന്നു. "പോകാമെടീ... ഇനി അവരിവിടെ ഇരിയ്ക്കട്ടെ കുറച്ച് നേരം..." "ഞാൻ അമ്മയോട്പറഞ്ഞിട്ട് വരട്ടെ മുത്തശീ.നിങ്ങൾ നടന്നോ.." നവമി സുമംഗലയോടും, വിജയകൃഷ്ണനോടും യാത്ര പറഞ്ഞു. "സന്തോഷമായില്ലേ അച്ഛാ." അവൾ കുനിഞ്ഞ് ബെഡിൽ ഇരിയ്ക്കുന്ന വിജയ കൃഷ്ണന്റെ ഇരു തോളിലും പിടിച്ചു. അയാൾ ഒന്ന് കണ്ണുകൾ അടച്ചു കാട്ടുക മാത്രം ചെയ്തു. "എത്രയും പെട്ടന്ന് നമുക്ക് ഇവിടെ നിന്നും കോട്ടയത്തേയ്ക്ക് പോകാൻ പറ്റും അച്ഛാ.. സന്തോഷമായിട്ട് ഇരിയ്ക്ക്.. നാളെ വരാം കേട്ടോ.." അവൾ അമ്മയെയും ഒന്ന് നോക്കിയ ശേഷം പുറത്തേക്കിറങ്ങി. അവൾക്ക് ഇറങ്ങിപ്പോകാൻ യദു വാതിൽ തുറന്ന് കൊടുക്കുന്നതും. അവർ രണ്ടുപേരും എന്തോ പറഞ്ഞു ചിരിച്ചു പുറത്തേക്കിറങ്ങുന്നതും സുമംഗല ശ്രദ്ധിച്ചു. അവൾ അവർക്ക് പിന്നാലേ ചെന്ന് എല്ലാവരും വരാന്തയുടെ അങ്ങേയറ്റത്തേയ്ക്ക് നടന്നു മറയുന്നത് നോക്കി നിന്നു. സുമംഗല തിരികെ റൂമിനുള്ളിലേക്ക് കയറി വാതിലടച്ചു ഓടാമ്പലിട്ടു. സുമംഗലയ്ക്ക് വിജയ കൃഷ്ണന്റെ മുഖത്തേയ്ക്ക് നോക്കാൻ മടി തോന്നി. താൻ കാരണമല്ല തന്റെ ഭർത്താവ് ഇന്ന്‌ ഇവിടെ നിവർന്നു നിൽക്കുന്നത് എന്ന ചിന്ത അവരുടെ ബോധ മണ്ഡലത്തിൽ ഒരു വണ്ടിനെ പോലെ മൂളിപ്പറന്നു കൊണ്ടിരുന്നു. "സുമേ.. എന്താ.. അവിടെ.. നിൽക്കുന്നത്.. ഇവിടെ.. ഇരിയ്ക്ക്.." അയാൾ അവളെ തന്റെ അരികിൽ വന്നിരിയ്ക്കാൻ തല കൊണ്ട് ആംഗ്യം കാട്ടി. സുമംഗല രണ്ടടി നടന്ന് അയാൾക്ക് മുമ്പിലേക്ക് വന്നു. സുമംഗലയുടെ കണ്ണിൽ നിന്ന് നീർത്തുള്ളികൾ അടർന്ന് അയാളുടെ കാൽ ചുവട്ടിലേക്ക് വീണുകൊണ്ടിരുന്നു. ആദ്യം സുമംഗല കുനിഞ്ഞ് അയാളുടെ കാൽപ്പാദങ്ങളിൽ തൊട്ടു. പിന്നെ അവർ അയാളുടെ കാൽചുവട്ടിലേക്ക് ഇരുന്നു. സുമംഗല ഇരു കൈകൊണ്ടും അയാളുടെ കാൽ തണ്ടയിൽ മുറുകെ പിടിച്ച ശേഷം വിജയകൃഷ്ണന്റെ കാൽ മുട്ടിലേക്ക് മുഖം ചേർത്തു വച്ചു. തേങ്ങലിൽ അവരുടെ ഉടൽ ഉലയുന്ന കാഴ്ച അയാൾക്ക് കാണാമായിരുന്നു. അയാൾ മെല്ലെ വലതു കയ്യുയർത്തി അവളുടെ ശിരസ്സിൽ വച്ചു. സുമംഗല മുഖമുയർത്തി വിജയകൃഷ്ണന്റെ കണ്ണുകളിലേക്ക് നോക്കി. "എനിയ്ക്ക് അറിയില്ലാരുന്നു വിജയേട്ടാ.. വിജയേട്ടനെങ്കിലും എന്നോടൊന്നു പറഞ്ഞില്ലല്ലോ.." സുമംഗലയുടെ മുഖം വിതുമ്പി പൊടിയുന്ന ദൃശ്യം അയാളുടെ നെഞ്ചിലും നീറ്റലുണ്ടാക്കി. "എന്റെ മകളാണെന്നറിയാതെ ഞാനവളെ എന്തോരം ദ്രോഹിച്ചുദൈവമേ.. അത് കണ്ടിട്ടെങ്കിലും വിജയേട്ടന് എന്നോടൊന്നു പറയാമാരുന്നല്ലോ... ഏത് ഗംഗയിൽ കൊണ്ട് പോയി ഒഴുക്കും ദൈവമേ ഞാനീ പാപങ്ങൾ... ഒരു ജന്മം മുഴുവൻ ഞാൻ വിജയേട്ടനെയും തെറ്റിദ്ധരിയ്ക്കാൻ ഇടയായല്ലോ ഭാഗവാനേ... പൊറുത്തേക്കണേ വിജയേട്ടാ.. ഇതിനപ്പുറമൊന്നും ഇനിയെനിയ്ക്ക് കഴിയില്ല.." സുമംഗലയുടെ കണ്ണീർ തുള്ളികൾ വീണ് അയാളുടെപാദം നനഞ്ഞു. പശ്ചാതാപത്തിന്റെ തീച്ചൂടുണ്ടായിരുന്നു അവരുടെ കണ്ണീർ തുള്ളികൾക്ക്. കാറ്റിൽ കെടാതിരിയ്ക്കാനായി ഒരു കൈത്തിരി നാളം കൈകൊണ്ട് പൊതിഞ്ഞു പിടിയ്ക്കും പോലെ അയാൾ സുമംഗലയുടെ മുഖം ഇരു കൈകൊണ്ടും ചുറ്റി പ്പിടിച്ചു. സർവ്വ പാപ ബോധങ്ങളിൽ നിന്നും മുക്തി തേടി വന്ന അവർക്കൊരു നെഞ്ചിന്റെ തണൽ കൂടിയേ തീരുമായിരുന്നൂ. തന്റെ ഭർത്താവിന്റെ കാൽ ചുവട്ടിലാണ് ആ തണൽ എന്ന് അവരിപ്പോൾ തിരിച്ചറിയുന്നു. ആലംബ ഹീനയായി താൻ ഒറ്റപ്പെട്ടു നിന്ന അവസരങ്ങളിൽ തനിയ്ക്ക് നഷ്ടപ്പെട്ടു പോയതെന്തോ, അതാണിപ്പോൾ തനിയ്ക്ക് തിരിച്ച് കിട്ടിയിരിയ്ക്കുന്നത്.. വിജയ കൃഷ്ണന്റെ മടിയിലേക്ക് തല ചായ്ച്ചു വച്ച് താൻ എത്ര നേരമിരുന്നെന്ന് സുമംഗലയ്ക്ക് തന്നെ അറിയുമായിരുന്നില്ല. ഇരുട്ടിന്റെ കോട്ട കൊത്തളങ്ങൾക്ക് അപ്പുറം ജീവന്റെ, പുതു ജീവിതത്തിന്റെ ഒരു കൈത്തിരി വെട്ടം തെളിയുന്നത് സുമംഗലയ്ക്ക് കാണാമായിരുന്നു. (തുടരും) രചന :: അനി പ്രസാദ് #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #💞 പ്രണയകഥകൾ
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
192 likes
23 comments 6 shares