എന്തായി!
അപ്പൊ ഞങ്ങൾ ഇത് അങ്ങ് ഉറപ്പിക്കട്ടെ? പേരിനൊരു ചോദ്യം അനുവിനെ നോക്കി ശ്രീജിത്തിന്റെ അമ്മ ചോദിച്ചു.
മ്മ് മ്മ്.....
അവൾ നാണിച്ചു മുഖം കുനിച്ചു.
സമ്മതം.
സമ്മതമെന്ന് അനു അറിയിച്ചതും എല്ലാവരുടെയും മുഖത്ത് സന്തോഷം വിടർന്നു.
അപ്പൊ ഇത് ഉറച്ചു. ഇറങ്ങുന്നവഴിയും, കാറിൽ കയറുമ്പോഴുമെല്ലാം ഗിരിജ ശാരദയോട് ഓരോന്ന് ചോദിച്ചുകൊണ്ടേ ഇരുന്നു.
സേതുവിന് പ്രത്യേകിച്ച് അഭിപ്രായമൊന്നുമില്ല. തിരികെയുള്ള യാത്രയിൽ അമ്മയും അച്ഛനും വാതോരാതെ പുതിയ വീട്ടുകാരെ പ്രശംസിക്കുന്ന തിരക്കിലാണ്.
ഇത്തിരി പൊക്കം കുറവാണെങ്കിൽ എന്താ? നല്ല ജോലി, നല്ല കുടുംബം, നല്ല സൗന്ദര്യം. അമ്മയും അച്ഛനും പറയുന്നതിന് അപ്പുറത്തേക്ക് നിൽക്കില്ല ആ കുട്ടി. നല്ല തങ്കകുടം പോലത്തെ കൊച്ച്. ശാരദ മതിമറന്നു സന്തോഷിക്കുകയാണ്.
അച്ഛൻ റിട്ടറായിട്ട് രണ്ട് മൂന്ന് മാസമായതെ ഉള്ളു. കാശൊക്കെ ബാങ്കിൽ തന്നെ കാണും. അവരുടെ വീട്ടിലെ ആദ്യത്തെ കല്യാണമായാതുകൊണ്ട് കയ്യിലും കാലിലും എന്തെങ്കിലുമൊക്കെ ഇട്ടേ വിടുവുള്ളു.
എനിക്ക് പൊന്ന് ഒന്നും വേണ്ടമ്മേ. അനു നല്ല കുട്ടിയാ. ഞാൻ സംസാരിച്ചു നോക്കി. എനിക്ക് ഇഷ്ട്ടപ്പെട്ടു. പൊന്നിനെക്കാൾ വിലയുണ്ട് അവളുടെ സ്വഭാവത്തിന്. പിന്നെ നല്ല ഒരു ജോലിയുണ്ടല്ലോ!
യാത്രയിലുടനീളം അവർ സംസാരത്തിൽ മുഴുകി. നീ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്. നിനക്ക് പെണ്ണ് വീട്ടുകാരെ ഇഷ്ടമായില്ലേ? സേതുവിനോട് ശാരദ ചോദിച്ചു.
എനിക്ക് എന്ത് ഇഷ്ടക്കുറവ് വരാനാ അമ്മേ? അവന്റെ ഇഷ്ടത്തിന് ഒരു പെണ്ണിനെ കിട്ടിയപ്പോൾ കെട്ടിച്ചു കൊടുക്കണം. അതിൽ എന്റെ അഭിപ്രായത്തിന് എന്ത് പ്രസക്തി. പിന്നെ ആ പെണ്ണിന്റെ അമ്മ അത്ര പാവമായി തോന്നുന്നില്ല. നീ ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും.
ആര് ഗിരിജയോ!
ഏയ് അതിങ്ങനെ കുണു കുണാ എന്ന് സംസാരിക്കുന്ന പ്രകൃതമാണെന്നേ ഉള്ളു.
അല്ലെങ്കിലും ഇവനെന്തിനാ പേടിക്കുന്നെ. എന്റെ മോൻ അച്ചി വീട്ടിൽ കിടക്കുന്നില്ലല്ലോ. അവനും പെണ്ണും തിരുവല്ലയിൽ തന്നെ നിൽക്കട്ടെ. നിനക്ക് വേറെ വീട് വയ്ക്കാനുള്ള കാശുണ്ടല്ലോ!
എന്തിന്റെ അടിസ്ഥാനത്തിലാണ് സേതുവിന്റെ കൈവശം കാശുണ്ടെന്ന് ശാരദ പറഞ്ഞതെന്ന് വ്യക്തമല്ല. പക്ഷെ അവൻ പരാതിപ്പെട്ടില്ല. പരിഭവം പറഞ്ഞില്ല.
പുറത്ത് മഴ ആർത്തിരമ്പി.മുൻവശത്തെ ഗ്ലാസിൽ മഴതുള്ളി ശക്തിയായി പതിച്ചു.
അതിനെ തുടച്ചു നീക്കാൻ വൈപ്പർ ശക്തിയായി ശ്രമിച്ചു കൊണ്ടേ ഇരിക്കുകയാണ്. എത്ര തുടച്ചിട്ടും മാറാത്ത മൂടൽ പോലൊരു മായാ മൂടുപടം സേതുവിന്റെ ഉള്ളിലും തളംകെട്ടികിടന്നു.
ഞാൻ മരിച്ചുപോകുമെന്ന് പറയാൻ എങ്ങനെ അമ്മയ്ക്ക് മനസ്സ് വന്നു.
അവന്റെ കണ്ണിൽനിന്ന് ഒരു മഴനീർതുള്ളി ഇറ്റ് വീണു.
ഉച്ചയോടെ അവർ വീട്ടിലെത്തി.
നിശ്ചയം നടത്താൻ നിൽക്കണ്ട. എത്രയും വേഗം കല്യാണം നടത്തണം. പിന്നെ കല്യാണം എവിടെ വച്ചു വേണമെന്നെല്ലാം അവരാണ് നിശ്ചയിക്കുന്നതെങ്കിലും ഓഡിറ്റോറിയത്തിൽ വേണമെന്ന് നീ തഞ്ചത്തിൽ അവതരിപ്പിച്ചോളണം.
ശാരദ ഇപ്പോഴേ കല്യാണത്തിന്റെ തിരക്കുകൂട്ടലിലാണ്. ശ്രീജിത്തിന്റെ ഉള്ളിൽ ആകെ ആശയകുഴപ്പമാണ്.
ചേച്ചിയേക്കാൾ നല്ലത് അനിയത്തിയായിരുന്നു.. തമാശ രൂപേണ അവൻ അമ്മയോട് സംവദിക്കാൻ ശ്രമിച്ചു.
ശാരദ അവനെ രൂക്ഷമായി ഒന്ന് നോക്കി.
അതിനെ കുറിച്ച് ഇനി പറയാതെ വിഴുങ്ങുന്നതാണ് ബുദ്ധിയെന്ന് അവന് മനസിലായതും ആമ തല വലിക്കുന്നത് പോലെ എല്ലാവരും പല മുറിയിൽ കയറി കതക് അടച്ചു.
ഗിരിജക്കും അനുവിനും ഇതേ ആശയകുഴപ്പം തന്നെയാണ്.
ശൊ ആ ചെറുക്കന് പ്രശ്‌നം ഒന്നുമില്ലായിരുന്നെങ്കിൽ മൂത്തവനെ കെട്ടിയാൽ മതിയാരുന്നു. മൂത്തവന്റെ ഏഴ് അയലത്ത് വരില്ല ഈ ഇളയചെക്കൻ.
അനുമോൾക്ക് ഇഷ്ട്ടപെട്ടോ!
അശോകൻ അവൾക്കരികിൽ ഇരുന്നു.
ഇഷ്ട്ടമായി അച്ഛാ.
എനിക്ക് സമ്മതമാണ്.
വിദ്യാഭ്യാസം എന്റെ അത്രയൊന്നുമില്ല.
ശ്രീ ഡിപ്ലോമ ആണ്. ഞാൻ ബി. ടെക് അല്ലെ. എന്നേക്കാൾ വലുതാണെന്ന ചിന്തയും ഇടയ്ക്കിടെ വരില്ല. എനിക്കിയാളെ മതി.
ശ്രീജിത്തിനെ ശ്രീ എന്ന് അഭിസംബോധന ചെയ്തു തുടങ്ങിയ മകളെ തിരുത്താൻ കഴിയില്ല എന്ന് മനസ്സിലാക്കിയ അശോകൻ പയ്യെ പറമ്പിലേക്ക് ഇറങ്ങി.
ഒരുപാട് പണിയുണ്ട്.
എവിടെ നിന്ന് തുടങ്ങണം.
ചുറ്റുമതിൽ ഇതുവരെ തേച്ചിട്ടില്ല.
കുറച്ചു പൂഴി ഇറക്കണം.
മുറ്റത്തെ തെങ്ങു വെട്ടിക്കണം.
അയാൾ ചുറ്റിനും കണ്ണോടിച്ചു.
ഒന്നോർത്താൽ ഈ ബന്ധം എന്തുകൊണ്ടും നല്ലതാ. പെങ്ങൻമാർ ഒന്നും ഇല്ലാത്തത് കൊണ്ട് ബാധ്യതയില്ല.
മൂത്തവൻ ഇനി അധികകാലം ഉണ്ടാകത്തുമില്ല.
ഇളയവന് ആണ് വീടെന്ന് അല്ലെ അവർ പറഞ്ഞത്. മൂത്തവൻ ചത്താൽ സ്വത്തുക്കളെല്ലാം എന്റെ മോൾക്കല്ലെ.
ഇനി മറുത്തൊന്നും ആലോചിക്കേണ്ട. നമുക്ക് ഇത് മതി. അമ്മയും മക്കളും അകത്തിരുന്നു കല്യാണം ഉറപ്പിക്കുന്നത് അശോകന് കേൾക്കാൻ കഴിഞ്ഞു.
അതെ നിങ്ങൾ അവരുടെ ഗ്രഹനില ഒന്നുകൊണ്ടേ രാധാമണിയെ കാണിക്കണം. കയ്യിലൊരു ബാഗുമായി ഗിരിജ പുറത്തേക്ക് വന്നു.
കാശ്? അയാൾ ബാഗിലേക്ക് നോക്കി.
ഗിരിജ അതിൽ നിന്ന് 1000 രൂപയെടുത്തു നീട്ടി.
ഒരു വഴിക്ക് പോകുകയല്ലേ!500 കൂടി താ. എന്തേലും ആവശ്യം വന്നാലോ?
സ്വന്തമായി അധ്വാനിച്ച പണം ഭിക്ഷ യാചിക്കുന്നത് പോലെ അയാൾ ചോദിച്ചു.
അതൊന്നും വേണ്ട. ഇത് മതി.
ബാഗിന്റെ സിബ് വലിച്ചടച്ച്, ഗിരിജ അകത്തേക്ക് പോയി.
എല്ലാം ശുഭ സൂചകമായി നടന്നു. വിവാഹം പെട്ടന്ന് നടത്താൻ തീരുമാനമായി. രണ്ടുകൂട്ടരും കൂടി ജനുവരി 25 ന് കല്യാണം ഉറപ്പിച്ചു.
ഒരുപാട് നാൾ അവധി ഇല്ലാത്തത് കൊണ്ട് ശ്രീജിത്തും സേതുവും തിരികെ ദുബായിലേക്ക് പോയി.
ഈ കാലയളവിൽ വിവാഹത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു ഗിരിജയും കുടുംബവും. ആർഭാടത്തിന് ഒരു കുറവുമില്ല. കാണുന്നവരോടെല്ലാം മരുമകന്റെ വിശേഷം പറഞ്ഞു തുടങ്ങി.
അശ്വതിയെയും കുടുംബത്തെയും കല്യാണത്തിന് പോലും ക്ഷണിക്കാതെ ശാരദ പൂർണമായും അവഗണിച്ചു.
സുകുമാരമേനോനും അശോകനും ഭാര്യയുടെ അടിമ കിടക്കുന്നത് പോലെ ജീവിതം തള്ളി നീക്കി. ഭാര്യമാർ അളന്നു കൊടുക്കുന്ന പൈസക്ക് കാര്യങ്ങൾ നടത്താൻ അവർ ഏറെ പ്രയാസപ്പെട്ടു.
അനുവിന് അമ്പത്തിഒന്ന് പവന്റെ സ്വർണം വാങ്ങി. ആങ്ങളമാരോടും അനിയത്തിമാരോടും കണക്ക് പറഞ്ഞ് 5 പവൻ കൂടി ഗിരിജ വാങ്ങിയെടുത്തു. സാരീ എടുക്കുകയാണെങ്കിൽ കല്യാൺ സിൽക്‌സിൽ നിന്ന് തന്നെ വേണം.
അനുവിന്റെ വാശി 25000 രൂപയുടെ സാരിയിൽ എത്തിനിന്നു. എടീ പിടീന്ന് ഒരു കല്യാണം വന്നു നിന്നു.
കല്യാണത്തിന് 20 ദിവസം മുൻപ് തന്നെ സേതുവും ശ്രീജിത്തും നാട്ടിലെത്തി.
കല്യാണം പെണ്ണിന്റെ വീട്ടുമുറ്റത് വച്ചാണ്. ചെറുക്കന്റെ വീട്ടുകാർക്ക് അധികം ചിലവില്ല. റിസപ്ഷൻ തിരുവല്ല ചർച്ച് ഹാളിലാണ്. അനിയന് ഇടാൻ ഒരു അഞ്ചുപവന്റെ മാല വേണം. ചെയിൻ അവരാണ് കൊണ്ട് വരുന്നത്. മാല സേതു വാങ്ങട്ടെ. ശാരദ ഉത്തരവിട്ടു.
അഞ്ചുപവൻ എന്ന് പറയുമ്പോൾ 2.5 ലക്ഷം രൂപയാകും. വാങ്ങിച്ചു കൊടുത്തില്ലെങ്കിൽ അനിയന്റെ ജീവിതം നശിപ്പിക്കുവാണെന്ന് പറയും. മനസ്സില്ലാ മനസ്സോടെ സേതു അവന് ഒരു മാല വാങ്ങി നൽകി.
കല്യാണ തലേന്ന് പെണ്ണിന്റെ വീട്ടുകാർക്ക് നിന്ന് തിരിയാൻ സമയമില്ല.
അശോകനും അമ്മാവനും ഓടി നടന്നു തളർന്നു. ഇളയവൾക്ക് എന്തുണ്ട് എന്ന് പരിഗണിക്കാതെയുള്ള ഗിരിജയുടെ ദൂർത്ത് അശോകനെ വല്ലാതെ ആധി കയറ്റി.
ആരെങ്കിലും ഓടിവരണെ,
കലവറയിൽ ഉള്ളി അരിയുന്നതിനിടയിൽ അശോകൻ തല കറങ്ങി വീണു.
എല്ലാവരും ഓടിക്കൂടി.
കല്യാണപെണ്ണും അമ്മയും ഇളയമകളും വല്ലാതെ ഭയപ്പെട്ടു.
അശോകന്റെ മൂക്കിൽ നിന്ന് രക്തം ഒഴുകുന്നുണ്ട്.
ഈശ്വരാ എന്താ ഇത്?
എല്ലാവരും കൂടി അയാളെ താങ്ങിയെടുത്ത് വണ്ടിയിൽ കയറ്റി.
ഇത് ഒന്നും സാരമില്ലെന്നെ. ആശുപത്രിയിൽ കൊണ്ടുപോകേണ്ടതൊന്നും ഇല്ല.
ഗിരിജ എല്ലാവരെയും തടഞ്ഞു.
ഇളയവൾ നിർത്താതെ കരഞ്ഞു.
മൂത്തവൾക്ക് കല്യാണം മുടങ്ങുമോ എന്ന ആദി പിടികൂടി.
അശോകനെ എല്ലാവരും ചേർന്ന് കട്ടിലിൽ കിടത്തി.
ചേട്ടൻ വിശ്രമിക്ക്.
കല്യാണകാര്യം ഓർത്തു ടെൻഷൻ അടിക്കണ്ട. ഞങ്ങൾ ഇവിടെ ഇല്ലേ.
പാചകക്കാരും ബന്ധുക്കളും അയാൾക്ക് ആശ്വാസം നൽകി.
രാത്രി പന്ത്രണ്ട് മണിയോട് അടുത്തു.
ബന്ധുക്കളെല്ലാം ഇപ്പോഴും കല്യാണ വീട്ടിൽ തന്നെയുണ്ട്. അനുവിന്റെ അമ്മാവനും കുടുംബവും കല്യാണ തിരക്കിൽ ഓടി നടക്കുകയാണ്.
ഗിരിജയുടെ ഒരേ ഒരു സഹോദരനാണ് ഉണ്ണി. അനുവിന്റെ അമ്മാവൻ. ഉണ്ണിയെ എല്ലാവർക്കും വലിയ കാര്യമാണെങ്കിലും ഭാര്യ സതിയെ, ഗിരിജക്കും മറ്റു അനിയത്തിമാർക്കും തീരെ താത്പര്യമില്ല. അതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല. സതി പഠിച്ച പെൺകുട്ടിയാണ്. നല്ല ഒരു ജോലിയുമുണ്ട്. ആയ കാലത്ത് സതിയെ ജോലിക്ക് വിടാതെ ഇരിക്കാൻ അനിയത്തിമാരും ചേച്ചിയും ചേർന്ന് പഠിച്ച പണി പതിനെട്ടും പയറ്റിയതാണ്.
പക്ഷെ സ്വന്തമായി തീരുമാനവും നിശ്ചയദാർഢ്യവും ഉണ്ടായിരുന്ന സതിയെ പിന്തിരിപ്പിക്കാൻ അവർക്കെന്നല്ല ഉണ്ണിക്ക് പോലുമായില്ല.
ഒരു പവർഫുൾ ലേഡി. കാണാനും സുന്ദരി. പിന്നെ ഇനി പറയേണ്ടതുണ്ടോ?
അശോകൻ വീണ്ടും എഴുനേറ്റ് ഓരോ കാര്യങ്ങൾ ചെയ്യുവാൻ തുടങ്ങി. വിചാരിച്ചത് പോലെ ഒന്നും ഉണ്ടായില്ല.
ടെൻഷൻ കൂടി സംഭവിച്ചതാണ്. എല്ലാവരിലും ആശ്വാസം നിഴലിച്ചു.
നാട് മുഴുവൻ കല്യാണത്തിന് വന്നിട്ടുണ്ട്.
വിചാരിച്ചതിലും കെങ്കേമമായി വിവാഹം നടന്നു. വധൂ വരുന്മാർക്ക് ആശംസകളുമായി എല്ലാവരും അണിനിരന്നു.
ക്ഷണിച്ചു വരുത്തിയ പലരേയും ഗിരിജ കെറുവോടെ ആണ് നോക്കുന്നത്. ചിലർ ഉടുത്ത സാരീ ഇഷ്ടപ്പെട്ടില്ല. മറ്റു ചിലരുടെ ആഭരണം കാണുമ്പോൾ പിടിക്കുന്നില്ല. മൊത്തത്തിൽ കുശുമ്പ് മൂത്ത് ക്ഷണിച്ചവരെ പോലും അപമാനിക്കുന്ന തരത്തിലെ പെരുമാറ്റം.
മൂന്ന് മണിക്ക് മുൻപ് ചെറുക്കന്റെ വീട്ടിൽ കേറാനുള്ള മുഹൂർത്തമാണ്. അത് കഴിഞ്ഞാൽ പിന്നെ ആറുമണി കഴിഞ്ഞേ സമയമുള്ളു. ശാരദ കിടന്ന് കയറു പൊട്ടിക്കാൻ തുടങ്ങി. വിഭവ സമൃദ്ധമായ സദ്യ കഴിച്ച് എല്ലാവരും പിരിഞ്ഞു.
അങ്ങനെ, അനുഗ്രഹീതയായ ആ പെൺകുട്ടി തിരുവല്ലാക്കാരൻ ശ്രീജിത്ത് മാധവന്റെ ഭാര്യയായി.
വീട് കാണൽ ചടങ്ങിന് അമ്മയും വീട്ടുകാരും വന്ന് കണ്ട വീടാണ് എങ്കിലും അനുവിന് വീട് അത്ര പിടിച്ചില്ല.
"ഇതാണോ വീട്?
അവൾ ശ്രീജിത്തിനോട് ചോദിച്ചു.
സേതുവായിരുന്നു ഡ്രൈവിംഗ് സീറ്റിൽ.
ചോദ്യത്തിലെ ഇഷ്ടക്കേട് ശ്രദ്ധിച്ചത് കൊണ്ടാകണം അവനും പെട്ടന്ന് തിരിഞ്ഞു നോക്കി.
"ഇതാണ് വീട്, അനുവിന് വീട് ഇഷ്ട്ടപെട്ടില്ലേ?
ശ്രീജിത്ത് ഒരിത്തിരി നീരസത്തോടെ ചോദിച്ചു.
"രണ്ട് നില വീടാണ് എന്ന് അമ്മ പറഞ്ഞപ്പോൾ കുറച്ചുകൂടി വലുപ്പം ഞാൻ പ്രതീക്ഷിച്ചു. ഇതിപ്പോൾ പുറമെ കാണുമ്പോൾ ഇത്തിരി ചെറുതാണ്. ഇനി അകത്ത് ചെന്ന് നോക്കീട്ട് പറയാം"
അവളുടെ സ്വരത്തിലെ വത്യാസം സേതുവിനെ അലോസരപ്പെടുത്തി.
"അമ്മയല്ലല്ലോ? അനുവല്ലേ ഈ വീട്ടിൽ താമസിക്കേണ്ടത്? വീടുകാണൽ ചടങ്ങിന് അവിടുന്ന് രണ്ട് വണ്ടി ആള് വന്നപ്പോൾ കൂടെ വന്ന് നോക്കായിരുന്നില്ലേ?
സേതു അവളെ കളിയാക്കി.
"ഞങ്ങളുടെ നാട്ടിൽ പെൺകുട്ടികൾ വിവാഹത്തിന് മുൻപ് ചെറുക്കന്റെ വീട്ടിൽ പോകാറില്ല. വലതു കാല് വച്ചു കയറുന്ന ദിവസം മാത്രമേ ചെറുക്കന്റെ വീട് കാണാൻ പാടുള്ളു. എന്നെ അങ്ങനെയാണ് എന്റെ അമ്മ പഠിപ്പിച്ചത്.
ഇനി നിങ്ങടെ ഇവിടെയൊക്കെ എങ്ങനെയാണെന്ന് എനിക്ക് അറിയില്ല"
അനുവിന് സേതുവിന്റെ പെരുമാറ്റം അത്ര ഇഷ്ടമായില്ല.
"അനു പഠിച്ച പെൺകുട്ടിയല്ലേ?
കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ആയിരുന്നില്ലേ വിഷയം. സ്വന്തം പാർട്ണറേ തിരഞ്ഞെടുക്കാനും, നല്ലതും ചീത്തയും തിരിച്ചറിയാനും പറ്റിയില്ലെങ്കിൽ ഇത്രയും നാൾ പഠിച്ചതിൽ ഒന്നും ഒരു അർത്ഥവുമില്ല എന്നേ എനിക്ക് പറയാനുള്ളു"
അവന് അവളുടെ രീതികളോട് പുച്ഛം തോന്നി.
അനുവിന് മറുപടി ഉണ്ടായിരുന്നില്ല.
വീടിനു വെളിയിൽ വണ്ടി നിർത്തിയിട്ടിട്ട് അഞ്ചുമിനിറ്റ് കഴിഞ്ഞു. ഇതുവരെ തന്നെ ആരും അകത്തേക്ക് ക്ഷണിച്ചില്ല.
അവൾക്ക് മുഷിഞ്ഞു തുടങ്ങി.
ശ്രീജിത്ത് കാർ തുറന്ന് പുറത്തിറങ്ങി.
"എന്താ അമ്മേ!
എന്തെങ്കിലും പ്രശ്നം ഉണ്ടോ?
അവന്റെ മുഖത്ത് ചെറിയ ഒരു പരിഭവം ഉണ്ടായിരുന്നു.
"മുഹൂർത്തം കഴിഞ്ഞു മോനെ. ഇനി 6:16 ന് ആണ് അടുത്ത മുഹൂർത്തം. അതുവരെ അനുമോൾ പുറത്ത് നിൽക്കണം"
ശാരദയുടെ വാക്കുകൾ അവന് അത്ര തൃപ്തിയായി തോന്നിയില്ല.
"അമ്മ തന്നെ അവളോട് പറ!
അവൻ ദേഷ്യത്തോടെ മാല ഊരി കാറിന് മുകളിലേക്ക് വച്ചു.
"മോളെ മോൾക് കുടിക്കാൻ വെള്ളം വല്ലതും വേണോ! എന്തെങ്കിലും വേണമെങ്കിൽ അമ്മയോട് പറഞ്ഞാൽ മതി. അമ്മ ഇവിടെ കൊണ്ടേ തരാം."
അനുവിന് ഒന്നും മനസിലായില്ല.
"എന്തുപറ്റി ആന്റി,
അകത്തേക്ക് കയറുന്നില്ലേ?
അവൾ സംശയം പ്രകടിപ്പിച്ചു
"അത് മോളെ ജോത്സ്യൻ കുറിച്ച് തന്ന മുഹൂർത്തം കഴിഞ്ഞിട്ടാ നിങ്ങൾ ഇവിടെ എത്തിയത്. മോളുടെ അമ്മയോട് അപ്പോഴേ ഞാൻ പറഞ്ഞതല്ലേ നേരത്തെ ഇറക്കണം എന്ന്. രണ്ടാമതെ സാരീ മാറാൻ നിന്നില്ലായിരുന്നെങ്കിൽ ഇപ്പൊ അകത്തു കയറായിരുന്നു. ഇനി ഇപ്പൊ ആറു മണി കഴിയണം. അതുവരെ മോൾ കാറിൽ തന്നെ ഇരിക്ക്"
ആറുമണിവരെ കാറിൽ ഇരിക്കാൻ പറഞ്ഞതിൽ അവൾക് ബുദ്ധിമുട്ട് തോന്നിയില്ല. പക്ഷെ അമ്മയെ കുറിച്ച് പറഞ്ഞത് അനുവിന് ഇഷ്ടപ്പെട്ടില്ല.
അവൾക്ക് ദേഷ്യം എങ്ങനെ പ്രകടിപ്പിക്കണം എന്ന് മനസിലായില്ല.
ശ്രീജിത്ത് ഇറങ്ങിയിട്ടും സേതു ഇപ്പോഴും കാറിൽ തന്നെ ഇരിക്കുകയാണ്.
"എനിക്ക് ഒന്ന് നടുവ് നിവർത്താൻ കൂടി പറ്റണില്ല ഈ കാറിനകത്ത്. ചൂട് എടുത്തിട്ട് വയ്യ. സേതു ഏട്ടൻ എന്തിനാ ഇതിൽ തന്നെ ഇരിക്കുന്നെ. എനിക്ക് ഒന്ന് കിടക്കണം. അനിയൻ ഇറങ്ങിപോയപ്പോൾ ഇറങ്ങി നിക്കാനുള്ള മര്യാദ എങ്കിലും കാണിച്ചിരുന്നേൽ എനിക്ക് ഇത് പറയേണ്ടി വരില്ലായിരുന്നു"
അമ്മയെ നിർത്തികൊണ്ട് തന്നെ അവൾ സേതുവിനെ നോക്കി ദേഷ്യപ്പെട്ടു. ദേഷ്യപ്പെടാൻ മാത്രം ഇവിടെ എന്താണ് ഉണ്ടായത്? ഇറങ്ങി നിൽക്കണം എങ്കിൽ അത് പറഞ്ഞാൽ പോരെ. പിന്നെ അമ്മ പറയുമ്പോഴാണ് സേതുവും കാര്യങ്ങൾ അറിയുന്നത്. നേരത്തെ പറഞ്ഞതിന്റെ ചൊരുക്ക് തീർത്തതാണ് എന്ന് അവന് മനസിലായി. പ്രത്യേകിച്ച് ഒന്നും പറയാതെ കാറിൽ നിന്ന് ഇറങ്ങി ഡോർ അവൻ ചവിട്ടി അടച്ചു.
ആ ചവിട്ട് കൊണ്ടത് അനുവിന്റെ മുഖത്ത് തന്നെയായിരുന്നു.
"മാളികമുകളിൽ നിന്ന് വന്നത് പോലെയാ അവളുടെ ഒടുക്കത്ത ജാഡ.
അനുഭവിക്ക് നീ"
സേതു, അനിയനെ നോക്കി ദേഷ്യപ്പെട്ടു.
"ഭാര്യയെ നിലയ്ക്ക് നിർത്തണം അടക്കി നിർത്തണം എന്നൊന്നും ഞാൻ പറയില്ല.
അവളുടെ അമ്മ അച്ഛന്റെ അടുത്ത് കാണിക്കുന്ന ഭരണം എന്റെ നേരെ എടുത്താൽ എന്റെ സ്വഭാവം അറിയും രണ്ടും. പിന്നെ ഇന്ന് കയറിയത് കയറി.
ഇനി ചാവാൻ കിടന്നാലും അവളെ ഈ കാറിൽ കയറ്റില്ല. സമയം കിട്ടുമ്പോൾ നീ അച്ചിക്ക് പറഞ്ഞുകൊടുത്താൽ മതി"
സേതു ദേഷ്യത്തോടെ ഒരു സിഗററ്റ് കത്തിച്ചു.
പുതുപ്പെണ്ണ് വന്നത് അറിഞ്ഞാവും തുണിവിരിക്കാൻ എന്ന പേരിൽ അശ്വതി മുറ്റത്തേക്ക് ഇറങ്ങി നിന്നു.
നോട്ടം മൊത്തം സിഗററ്റ് കുറ്റിയിലേക്കാണ്. അവളുടെ മുഖം ചുവന്നു.
വിരിക്കാൻ കൊണ്ട് വന്ന തുണി അവിടെ ഇട്ടിട്ട് ദേഷ്യത്തോടെ അവൾ അകത്തേക്ക് കയറി പോയി
"വീണ്ടും തുടങ്ങി വലി. ഇനി വലിക്കില്ല എന്ന് എന്റെ തലേൽ തൊട്ട് സത്യം ചെയ്തതാ. അല്ലേലും സത്യത്തിന് ഓക്കേ എന്ത് വിലയാ ഉള്ളെ?
അടുക്കളയിലെ പാത്രങ്ങളെല്ലാം മറിഞ്ഞു വീഴുന്നത് കേട്ടാണ് അശ്വതിയുടെ അമ്മ അകത്തേക്ക് വരുന്നത്.
"പുതുപെണ്ണിനെ കണ്ടോ മോളെ?
ഞാനൊന്നും നോക്കീല്ല.
എനിക്ക് ആരേം കാണണ്ട.
എന്നെ കല്യാണം വിളിച്ചില്ലല്ലോ!
നമ്മൾ എന്താ അന്യരായിപ്പോയോ? അനിയത്തി വല്ലവന്റേം കൂടെ ഒളിച്ചോടി പോയതിന് ഞാൻ എന്ത് പിഴച്ചു. അല്ലേലും അവരുടെ ആരും ഇവിടെ ഇല്ലാലോ!
അമ്മ വേറെ വീട്ടിൽ നിന്ന് വന്നതല്ലേ? അവരുടെ ആങ്ങള മരിച്ചുപോയി.
പിന്നെ ആങ്ങളയുടെ കൊച്ചുങ്ങളെ ആർക്ക് വേണം. സേതുവേട്ടനും വേണ്ടാതായി കാണും"
അവൾ പാത്രങ്ങളോട് കലഹിച്ചു.
"നീ എന്താ പെണ്ണെ ഇങ്ങനെ?
ശാരദ പറയുന്നത് കേട്ട് തുള്ളുന്ന ആളാണ് സേതു എന്നാണോ നീ കരുതിയത് ! എനിക്ക് അറിയാവുന്ന അത്രേം പോലും നിനക്ക് അവനെ അറിയില്ലേ അശ്വതി.
അവന്റെ ഉള്ളിലും പ്രയാസം കാണും. ഏതായാലും ശ്രീജുന്റെ കല്യാണം കഴിഞ്ഞ സ്ഥിതിക്ക് ഇനി നിങ്ങളുടെ നടക്കാൻ വലിയ പ്രയാസം ഉണ്ടാകില്ല"
ആ വൃദ്ധക്ക് ആശ്വാസമായി.
കാറിൽ ഇരുന്നും, ഞെരങ്ങിയും എങ്ങനെയോ അനു സമയം തള്ളി നീക്കി. ആറു മണി ആയപ്പോൾ ആർപ്പ് കുരവയോട് കൂടി പെണ്ണിനെ എല്ലാവരും അകത്തു കയറ്റി.
"ഹാവൂ, ആശ്വാസമായി.
അവൾ ദീർഘ നിശ്വാസമെടുത്തു.
റിസപ്ഷൻ നാളെയാണ്.
വീട്ടിൽ നിന്ന് രണ്ട് വണ്ടി ആള് വരുമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അനു ശാരദയോട് പറഞ്ഞു. അനുവിന് നല്ല ചൂട് എടുക്കുന്നുണ്ട്. ചിറ്റമ്മയും കൊച്ചമ്മായിയും കൈയ്യിലും കാലിലും തൊട്ടും തലോടിയും ഇരിക്കുകയാണ്.
"കുറെ വള ഉണ്ടല്ലോ മോളെ,
എന്നിട്ട് എന്താ അമ്മായിഅമ്മയുടെ കയ്യിൽ ഒരെണ്ണം ഇടീക്കാഞ്ഞത്?
ഇതൊന്നും അമ്മ പറഞ്ഞു തന്നില്ലേ?
ശാരദയുടെ മൂത്ത ചേച്ചി സാവിത്രിയുടെ വർത്തമാനം കേട്ട് എല്ലാവരും ഒന്ന് പേടിച്ചു.
"എന്തിന്?
ഞങ്ങളുടെ അവിടെ അങ്ങനെ ഒരു ചടങ്ങില്ല. അമ്മായി അമ്മയെ വള ഇടീക്കേണ്ട കാര്യമൊന്നും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ശ്രീജിത്തിന്റെ കയ്യിൽ അഞ്ചുപവന്റെ ചെയിൻ ഇട്ടില്ലേ?
ഒരുപവന്റെ മോതിരവും ഇട്ടു. പിന്നെ ഇനി അമ്മയ്ക്ക് കൂടി ഇടുന്നത് എന്തിനാ.
അത്ര നിർബന്ധം ആണെങ്കിൽ ശ്രീജിത്തിനോട് ചെയിൻ ഊരി അമ്മയെ ഇടീക്കാൻ ഞാൻ പറയാം? അത് മതിയോ?
സാവിത്രിയുടെ മുഖം ആകെ വിളറി വെളുത്തു. ഒരുതരത്തിൽ അവർക്ക് അങ്ങനെ തന്നെ വേണം. ആവശ്യം ഇല്ലാത്ത ചോദ്യവുമായി വന്നിട്ടല്ലേ?
പക്ഷെ മറുപടി മാന്യമായി കൊടുക്കാമായിരുന്നു.
ശാരദ ആകെ നാണം കെട്ട് നിൽക്കുകയാണ്.
എല്ലാവർക്കും കുടിക്കാനുള്ള വെള്ളവുമായി ആരോ എത്തി.
ആ ഒരൊറ്റ മറുപടിയിൽ പലരും പയ്യെ ഇറങ്ങട്ടെ എന്ന് ചോദിച്ചു തുടങ്ങി.
"മോളെ അത് എന്റെ ചേച്ചി ആണ്.
അവർ ഒരു പ്രത്യേക പ്രകൃതമാണ്. അവര് എന്തെങ്കിലും ചോദിച്ചാൽ മോളു ചിരിച്ചു തള്ളിയാൽ മതി. ആളുകൾ നിക്കുമ്പോൾ മോൾ എന്തേലും പറഞ്ഞാൽ എല്ലാരും കൂടെ അഹങ്കാരി ആണെന്ന് പറയും. മോൾ ഇത്തിരി സൂക്ഷിക്കണേ!
ശാരദ അവളെ മയത്തിൽ സമന്വയിപ്പിച്ചു.
"എനിക്ക് ആരെയും ബോധിപ്പിച്ചു ജീവിക്കേണ്ട കാര്യമൊന്നുമില്ല. എന്റെ സ്വർണത്തിന്റെ അളവും തൂക്കവും എടുക്കാൻ ഞാൻ ആരെയും ഏൽപ്പിച്ചിട്ടുമില്ല. മര്യാദക്ക് ആണേൽ ഞാനും മര്യാദക്ക്. അനാവശ്യ കാര്യങ്ങളിൽ ഇടപെടേണ്ട എന്ന് അമ്മ തന്നെ ചേച്ചിയോട് പറഞ്ഞു കൊടുക്ക്.
അഹങ്കാരി എന്ന് വിളിച്ചാൽ, അടി ഞാൻ അവരുടെ കരണത്ത് കൊടുക്കും. എനിക്ക് ആ വക പേടി ഒന്നും ഇല്ല ആരേം"
തുടരും ❤️
#💔 നീയില്ലാതെ #😍 ആദ്യ പ്രണയം #❤ സ്നേഹം മാത്രം 🤗 #💓 ജീവിത പാഠങ്ങള്‍ #💑 Couple Goals 🥰