മകൻ ഒരുപെണ്ണിനേയും വിളിച്ചു കൊണ്ട് വീട്ടിലേക്ക് വന്നപ്പോൾ ജാനകി പകച്ചു പോയി.
കോളനിയിലെ മറ്റ് വീടുകളിൽ നിന്നും പലരും ഇറങ്ങി വന്ന് എത്തി നോക്കുന്നുണ്ടായിരുന്നു.
കൊള്ളാമല്ലോടീ ഒരു ചെലവും ഇല്ലാതെ നിന്റെ മകൻ തങ്കം പോലൊരു പെണ്ണിനെയല്ലേ കൊണ്ടുവന്നിരിക്കുന്നത്, അയൽവക്കക്കാരി മേരി പറഞ്ഞു.
ജാനകി ഒന്നും മിണ്ടിയില്ല.
നോക്കി നിൽക്കാതെ പോയി വിളക്കെടുത്ത് ആ കൊച്ചിനെ അകത്തേക്ക് കയറ്റ്.മേരി പറഞ്ഞു
ജാനകി മുറ്റത്തേക്കിറങ്ങി, ആരുടേയും മുഖത്ത് നോക്കാതെ മുന്നോട്ടുള്ള വഴിയിലേക്ക് നടന്നു.
ഓഹ്... ഇങ്ങനെയൊരു തള്ള..
ആ ചെറുക്കനേം പെണ്ണിനേം അകത്തേക്ക് വിളിക്കാതെ പോയിരിക്കുന്നു. അടുത്ത വീട്ടിലെ രാധാമണി പറഞ്ഞു.
നീയിതൊന്നും കാര്യമാക്കണ്ട കയറി വാ..
ഋഷി ലക്ഷ്മികയുടെ കൈയിൽ പിടിച്ചു.
അവൾ അവനോടൊപ്പം അകത്തേക്ക് കയറി.
ചെറിയ വീടാണ്, അകത്ത് രണ്ട് മുറിയും ഒരു ഹാളുമാണ് ഉള്ളത്, പിന്നെ ചെറിയൊരു അടുക്കളയും.
വരൂ.... ഇതാണ് നമ്മുടെ മുറി. വരൂ അവൻ അവളുടെ കൈയിൽ പിടിച്ച് മുറിക്കകത്തേക്ക് കയറ്റി.
ലക്ഷ്മിക ചുറ്റും കണ്ണോടിച്ചു.
ഒരു കട്ടിലും, ഭിത്തിയിൽ തന്നെ തീർത്ത ഒരു അലമാരയും, ഒരു ടേബിളും കൈയ്യൊടിഞ്ഞ
ഒരു പ്ലാസ്റ്റിക് കസേരയും അകത്തു കിടപ്പുണ്ട്.
ടേബിളിന് പുറത്ത് തുറന്ന് വച്ച ഒരു ലാപ്ടോപ്പും, കുറച്ച് തുണികളും കിടപ്പുണ്ട്.
മുറിയാകെ ഒരു മുഷിപ്പുമണമുണ്ട്.
ഇനി ഇതാണ് നമ്മുടെ സ്വർഗ്ഗം അവനവളെ കൈപിടിച്ച് കട്ടിലിലേക്ക് ഇരുത്തി.
മോനേ... ഋഷിയേ.. എവിടെ നിന്റെ പെണ്ണ്?
മുറ്റത്ത് നിന്ന് ഉച്ചത്തിൽ ആരോ വിളിച്ച് ചോദിച്ചു.
ഓഹ്... ആ നാരായണി തള്ളയാ.
ഇതിപ്പോ എന്തിനാണോ ഇങ്ങോട്ട് എഴുന്നെള്ളിയത്.ഋഷി ദേഷ്യത്തോടെ പറഞ്ഞു.
ഋഷി കുട്ടാ....
വീണ്ടും ശബ്ദം.
വാ... പോയി മിണ്ടിയിട്ട് വരാം, ഇല്ലെങ്കിൽ ആ തള്ള പോകില്ല. ഋഷി പറഞ്ഞു.
അവർ മുറ്റത്തേക്ക് ഇറങ്ങി ചെന്നു.
തൊണ്ണൂറ് വയസ്സോളം പ്രായം തോന്നുന്ന മുണ്ടും അര ബ്ലൗസും ധരിച്ച ആളാണ് നാരായണി.
ഋഷിയേയും, ലക്ഷ്മികയേയും കണ്ട് അവർ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു.
ആഹാ... മോളിങ്ങ് അടുത്ത് വാ... അവർ വിളിച്ചു.
ലക്ഷ്മിക ഇറങ്ങി ചെന്നവരുടെ കൈ പിടിച്ചു.
കൊച്ചിന്റെ പേരെന്നതാ?
ലക്ഷ്മിക. അവൾ പറഞ്ഞു.
രൂപം പോലെ തന്നെ, നല്ല പേരും.
നിനക്കെവിടുന്നു കിട്ടിയെടാ ഇത്രേം നല്ല കൊച്ചിനെ...
അതൊക്കെ കിട്ടി.ഋഷി ചിരിയോടെ പറഞ്ഞു
ഞാനേ അപ്രത്തെ വീട്ടിലുള്ളതാ...
ആം. ലക്ഷ്മിക തല കുലുക്കി.
മോൾക്ക് ജോലിയുണ്ടോ?
ഇല്ല..
ഇപ്പ ജോലിയില്ലാത്ത പെണ്ണുങ്ങൾ ഉണ്ടോ?
വീട്ടിൽ ആരൊക്കെയുണ്ട്?
അതേ... അതൊക്കെ സൗകര്യം പോലെ പിന്നെ പറയാം, തള്ളയിപ്പോ ചെല്ല്. ഋഷി ഉറക്കെ പറഞ്ഞു.
നീയൊന്നു പോടാ ചെറുക്കാ.
ജാനകിക്ക് ഒരു മോൾ വന്നെന്നറിഞ്ഞാൽ ഒന്ന് വന്ന് കാണാതിരിക്കുന്നത് എങ്ങനെയാ..
കണ്ടില്ലേ അത് പോരേ....?
ഈ കുരുത്തംകെട്ട ചെറുക്കന്റെ ഒരു കാര്യം.
ഞാൻ പോട്ടെ മോളെ, അവർ ലക്ഷ്മികയുടെ കൈയിൽ പിടിച്ചു.
ശരി. അവൾ തല കുലുക്കി.
ലക്ഷ്മിക അകത്തേക്ക് കയറി,
ഇനിയിങ്ങനെ ഓരോരുത്തർ വന്നോണ്ടിരിക്കും, ശല്യങ്ങൾ അവൻ ദേഷ്യത്തോടെ പറഞ്ഞു.
ഈ കോളനിയിൽ നിന്നും എങ്ങോട്ടെങ്കിലും വാടകയ്ക്ക് പോകാമെന്ന് അമ്മയോട് ഒരു നൂറ് വട്ടം പറഞ്ഞതാ... അമ്മക്കന്നേരം അതിനൊന്നും പറ്റില്ല.
ഇവിടെ നിനക്ക് ഇഷ്ട്ടമായില്ല അല്ലെ?
അതൊന്നും കുഴപ്പമില്ല ഋഷി.
ഇനിയിപ്പോ അമ്മ വരുമ്പോൾ എന്നെ ചീത്ത പറയുമോന്നാ ഒരു പേടി.
ഹേയ് എന്റെ അമ്മ ഒരു പാവമാ...
വിശക്കുന്നില്ലേ നമുക്ക് വല്ലതും കഴിക്കണ്ടേ? അവൻ ചോദിച്ചു.
വിശപ്പൊക്കെ കെട്ട് പോയി.അവൾ പറഞ്ഞു.
അത് സാരമില്ല, എന്തെങ്കിലും കഴിക്കാം അവൻ അടുക്കളയിലേക്ക് നടന്നു. പിന്നാലെ ലക്ഷ്മികയും.
കലത്തിൽ ചോറിരുപ്പുണ്ട്, ചട്ടിയിൽ മീൻകറിയും, മറ്റൊരു പാത്രത്തിൽ കോവക്ക മെഴുക്കുപുരട്ടിയും ഇരിപ്പുണ്ട്.
അവർ ഭക്ഷണം കഴിച്ചു.
വൈകുന്നേരം ആയപ്പോഴേക്കും ലക്ഷ്മികക്ക് അൽപ്പം ഭയം തോന്നി.
ഋഷിയുടെ അമ്മ എത്താറായി,
തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ പോയതാണ്.
ഇനി വരുമ്പോൾ എന്താകുമോ എന്തോ.
അഞ്ചര ആയപ്പോഴേക്കും ജാനകി എത്തി.
വസ്ത്രങ്ങൾ മാറ്റി കുളിച്ചിട്ട്, അവർ അടുക്കളയിലേക്ക് ചെന്ന് കട്ടൻ ചായ തിളപ്പിച്ച് കുടിച്ചു
ലക്ഷ്മികയേയോ ഋഷിയേയോ അവർ കണ്ട ഭാവം നടിച്ചില്ല.
രണ്ട് വീടുകളിൽ, വീട്ടുപണിക്കാണ് ജാനകി പോകുന്നത്.
ലക്ഷ്മികക്ക് വല്ലാത്ത സങ്കടം വരുന്നുണ്ടായിരുന്നു.
ഒരു സുപ്രഭാതത്തിൽ മകനോടൊപ്പം വന്ന പെണ്ണിനോട് സ്നേഹം ഉണ്ടാവില്ലെന്നറിയാം. ഒക്കെ സഹിക്കാൻ തയ്യാറായിട്ടാണ് വന്നതും.
എങ്കിലും നെഞ്ചിൽ ഒരു ഭാരം എടുത്തു വച്ചതുപോലെ തോന്നുന്നു.
ഋഷിയുടെ അമ്മ തന്നെ ഒന്ന് നോക്കുന്നത് പോലുമില്ല.
ദേഷ്യത്തോടെ ആണെങ്കിലും ഒരു വാക്ക് സംസാരിക്കുകയെങ്കിലും ചെയ്തിരുന്നെങ്കിൽ.
ഒടുവിൽ രണ്ടും കല്പ്പിച്ചവൾ ജാനകിയുടെ അടുത്തേക്കു ചെന്നു.
അമ്മേ...അവൾ പതിയെ വിളിച്ചു.
ജാനകി അവളെ ശ്രദ്ദിച്ചത്പോലുമില്ല.
എങ്കിലും ആ കടക്കോണിൽ തിളങ്ങിയ നീർമുത്തുകൾ ലക്ഷ്മിക കണ്ടു
അമ്മയെന്താ അമ്മേ അവളോട് മിണ്ടാത്തത്.
ഋഷി അടുത്തേക്ക് വന്ന് ചോദിച്ചതും, ജാനകി തിരിഞ്ഞു നിന്ന് അവന്റെ കവിളിനിട്ട് ഒന്ന് കൊടുത്തു.
തന്റെ കവിൾ പറിഞ്ഞു പോകുന്നത് പോലെ തോന്നി ഋഷിക്ക്.
ലക്ഷ്മിക ഞെട്ടലോടെ ഒരടി പിന്നിലേക്ക് വച്ചു.
🌺🌺🌺🌺🌺🌺
തുടരും.
(ബാക്കി വായിക്കാൻ ഫോളോ ചെയ്ത്, കമന്റ് ചെയ്യണേ🥰 )
കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📙 നോവൽ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ