“ടിൻ്റു ഒന്നെണീക്ക്… നമുക്ക് വല്യമ്മയുടെ വീട്ടിൽ പോണം….”
“അവിടെ മിക്സ്ചർ കഴിക്കാൻ തരുമോ വല്യമ്മ?”
“എനിക്ക് അറിയില്ല…”
“എന്നാൽ പോണ വഴിയിൽ എനിക്ക് മസാല ദോശ വാങ്ങി തരുമോ? എന്നാലെ ഞാൻ എണീക്കു….”
“ശരി വാങ്ങി തരാം…”
പുറപ്പെട്ട് കുറച്ചു ദൂരം എത്തിയപ്പോൾ….
“അയ്യോ…” എന്നൊരു അലർച്ച ടിൻ്റു… അവിടെയുള്ളവർ എല്ലാവരും അവരെ തന്നെ നോക്കി…. ഒരു ബ്രേക്കിംഗ് ന്യൂസ് കിട്ടാൻ പോകുന്നപോലെ…. “എന്താ പറ്റിയത് ടിൻ്റു…”
“ധൃതിയിൽ ഞാൻ പൗഡറിടാൻ മറന്നു അമ്മേ…”
ഈശ്വര ഭൂമി പിളർന്നെങ്കിൽ എന്നാശിച്ച് പോയി അമ്മ…
അപ്പോ ഒരശരീരി കേട്ടു…
“ഇത്രയും പെട്ടന്ന് വേണോ… ഇതുപോലെയുള്ള മനോഹരമായ ആചാരങ്ങൾ ഇനിയും കിടക്കുന്നു… ജീവിതത്തിന് ഒരു വൈബൊക്കെ വേണ്ടേ…”
അപ്പോ ഈശ്വരനും അവൾടെ കൂടെയാണ്… കുറ്റം പറയാൻ പറ്റില്ല തൻ്റെ കുട്ടിക്കാലത്ത് തൻ്റെ കൂടെയായിരുന്നല്ലോ… അന്ന് തൻ്റെയമ്മ ഇങ്ങനെ പറഞ്ഞു പോയിട്ടുണ്ടാകും…. ചുറ്റും കൂടിയവർ ചിരിച്ച് പണ്ടാരമടങ്ങി തിർച്ചു പോയി…. പോണ വഴിയിൽ രണ്ടു മസാല ദോശയും കഴിച്ചു വയറു വീർപ്പിച്ചു ടിൻ്റു യാത്ര തുടർന്നു. വല്യമ്മയുടെ വീട്ടിൽ എത്തി. വല്യമ്മ സ്വീകരിച്ച്, കഴിക്കാനുള്ള പലഹാരങ്ങൾ നിരത്തി. നോക്കിയപ്പോൾ ടിൻ്റുവിൻെറ ഫേവ്റേറ്റ് മിക്സ്ചർ.
ടിൻ്റുവിനു ആകെ സങ്കടം. മസാല ദോശ തിന്നിട്ടാണെങ്കിൽ ശ്വാസം എടുക്കാൻ പോലും ബുദ്ധിമുട്ടാണ്. ഇതെങ്ങിനെ കഴിക്കും.
“എന്താ മുത്തെ കഴിക്കാത്തത്?” വല്യമ്മ ചോദിച്ചു…
“അത് വല്യമ്മേ, വേണ്ടാന്നു പറഞ്ഞിട്ടും ഈ അച്ഛനും അമ്മയും നിർബന്ധിച്ച് മസാല ദോശ കഴിപ്പിച്ചു. വയറു നിറഞ്ഞു, എനിക്ക് കഴിക്കാൻ പറ്റില്ല…”
“അത്രേ ഉള്ളൂ, വല്യമ്മ പൊതിഞ്ഞു തരാലോ…”
അത് കേട്ടതും ടിൻറുവിൻ്റെ മനസ്സിൽ ലഡ്ഡു പൊട്ടി. ഇത് തരക്കേടില്ലാലോ.
പിന്നെ മനോഹരമായ ആചാരം അതായിരുന്നു… എവിടെ പോയാലും കടലാസ്സിൽ ഇഷ്ടമുള്ള സാധനങ്ങൾ പൊതിഞ്ഞു കെട്ടി കൊണ്ടുവരും…
ഇതൊരു സ്ഥിരം പരിപാടി ആയപ്പോൾ അമ്മ ഉപദേശിച്ചു
“ടിൻ്റു വേറെ വീട്ടിൽ നിന്നും കടലാസ്സിൽ സാധനങ്ങൾ പൊതിഞ്ഞു കൊണ്ടു വരുന്നത് മോശമല്ലേ? അങ്ങിനെയൊന്നും ഇനി ചെയ്യരുത് ട്ടോ…”
“അത് മോശമാ? എന്നാല്‍ ഇനി ഞാൻ അങ്ങിനെ ചെയ്യില്ല അമ്മേ…”
അമ്മയ്ക്ക് സന്തോഷമായി. കുറച്ചു ദിവസം കഴിഞ്ഞ് ഒരു ബന്ധുവീട്ടിൽ പോയപ്പോൾ ദേ പിന്നെയും മിക്സ്ചർ. ടിൻ്റു അമ്മയുടെ അടുത്ത് സ്വകാര്യം പറഞ്ഞു
“കടലാസ്സിൽ പൊതിഞ്ഞു കൊണ്ടുപോകുന്നത് മോശമാണല്ലേ?”
"അതെ ടിൻ്റു."
ടിൻ്റു മിക്സ്ചർ കഴിച്ചു, എന്നിട്ട് അച്ഛൻ്റെ ഹാൻഡ്കർച്ചിഫ് വാങ്ങി കൈ തുടച്ചു. അപ്പോഴാണ് ഐഡിയ കിട്ടിപോയത്… വേഗം ചെന്ന് ഹാൻഡ്കർച്ചിഫ് വിരിച്ച് മിക്സ്ചർ അതിൽ പൊതിഞ്ഞു, എന്നിട്ട് അച്ഛൻ്റെ അടുത്ത് ചെന്നു.
"അച്ഛാ കടലാസ്സിൽ പൊതിഞ്ഞു കൊണ്ടുപോകുന്നത് മോശമല്ലേ അതുകൊണ്ട് ഞാൻ ഇതിൽ പൊതിഞ്ഞെടുത്തു…”
NB: മുതിർന്നവർക്ക് വോട്ടവകാശം പോലെയാണ് കുട്ടികൾക്ക് രക്ഷിതാക്കളെ നാണം കെടുത്തുന്ന അവകാശം… കാലാകാലമായി അവരത് ഭംഗിയായി നിർവഹിച്ച് പോരുന്നു…
രചന - Geetha Murali
#📙 നോവൽ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ