ഒന്നര വയസ്സുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസ്; അമ്മ ശരണ്യ കുറ്റക്കാരി, സുഹൃത്ത് നിധിനെ വെറുതെ വിട്ടു
💢⭕💢⭕💢⭕💢⭕😪😪
കണ്ണൂര്‍: തളിപ്പറമ്പ് തയ്യിലില്‍ ഒന്നര വയസ്സുകാരനെ കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു.
ശരണ്യയ്‌ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി. കേസിലെ രണ്ടാം പ്രതിയായ ശരണ്യയുടെ സുഹൃത്ത് നിധിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. നിധിനുമേല്‍ ഗൂഢാലോചന ആരോപണം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി.
തളിപ്പറമ്പ് അഡീഷനല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ശരണ്യയ്ക്കുള്ള ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കുമെന്ന് കോടതി അറിയിച്ചു. വാദിഭാഗത്തിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ യു. രമേശനാണ് ഹാജരായത്.
കണ്ണൂര്‍ തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ മകന്‍ വിയാനെ (ഒന്നര വയസ്) കൊലപ്പെടുത്തിയെന്നാണ് കേസ്. കാമുകനായ നിധിനൊപ്പം ജീവിക്കാനായി കുഞ്ഞിനെ ഒഴിവാക്കാനാണ് ശരണ്യ കൃത്യം നടത്തിയതെന്നാണ് പൊലീസ് കുറ്റപത്രം. അറസ്റ്റിന് ശേഷം 90-ാം ദിവസമാണ് പൊലീസ് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2020 ഫെബ്രുവരി 17നാണ് വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ കാണാതാവുകയും തുടര്‍ന്ന് കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തത്.
കേസിന്റെ ആദ്യഘട്ടത്തില്‍ കുഞ്ഞിന്റെ അച്ഛന്‍ പ്രണവിനെയാണ് പൊലീസ് സംശയിച്ചത്. ഭാര്യയുമായും കുഞ്ഞുമായും ഉണ്ടായ അകല്‍ച്ച, ഇടയ്ക്കിടെയുള്ള വഴക്കുകള്‍, മൂന്നു മാസത്തിന് ശേഷം യാദൃശ്ചികമായി വീട്ടിലെത്തിയത് തുടങ്ങിയ സാഹചര്യങ്ങള്‍ പ്രണവിനെതിരായ സംശയം ശക്തമാക്കി. ശരണ്യയുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴികളും പ്രണവിനെതിരെ യായിരുന്നു. കുഞ്ഞിനെ കാണാതായതിനു പിന്നാലെ പ്രണവിന്റെ ചെരിപ്പുകള്‍ കാണാതായത് സംശയം വര്‍ധിപ്പിച്ചെങ്കിലും, വീട്ടില്‍ പലരും വന്നുപോയതിനിടെയാണ് അത് നഷ്ടമായതെന്ന് പിന്നീട് വ്യക്തമായി.
ശാസ്ത്രീയ തെളിവുകളും അന്വേഷണ സംഘത്തിന്റെ സൂക്ഷ്മ പരിശോധനയും ചേര്‍ന്നതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. കുഞ്ഞ് ഇത്രയും നാള്‍ അമ്മയോടൊപ്പമായിരുന്നതിനാല്‍ തുടക്കത്തില്‍ ശരണ്യ സംശയത്തിന്റെ നിഴലിലായിരുന്നില്ല. എന്നാല്‍ കുഞ്ഞിനെ കാണാതായ ദിവസം ശരണ്യ ധരിച്ച വസ്ത്രങ്ങളില്‍ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയതും, കല്ലില്‍ ശക്തമായി തലയിടിച്ചുണ്ടായ പരുക്കാണ് മരണകാരണമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും നിര്‍ണായകമായി.
രണ്ടു ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തശേഷമാണ് ശരണ്യ കുറ്റം സമ്മതിച്ചത്. ഭര്‍ത്താവ് പ്രണവിനൊപ്പം അകന്ന് സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ശരണ്യയുടെ താമസം. എന്നാല്‍ ഞായറാഴ്ച പ്രണവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി അവിടെ താമസിപ്പിക്കുകയും പിറ്റേന്ന് പുലര്‍ച്ചെ മൂന്നരയ്ക്കും നാലരയ്ക്കുമിടയില്‍ കൃത്യം നടത്തുകയും ചെയ്തു.
കുഞ്ഞിനെ കാണാതായതിനു പിന്നാലെ മുഴുവന്‍ സമയവും ഭര്‍ത്താവിനെ കുറ്റപ്പെടുത്തി ശരണ്യ മൊഴി നല്‍കി. പുലര്‍ച്ചെ കുഞ്ഞിന് വെള്ളം കൊടുത്ത ശേഷം പ്രണവിന്റെ അടുത്ത് കിടത്തിയെന്നായിരുന്നു അവകാശവാദം. രാവിലെ ആറരയ്ക്ക് അമ്മ വിളിച്ചുണര്‍ത്തുമ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന് മനസ്സിലായതെന്നും പറഞ്ഞു. എന്നാല്‍ ഫോണ്‍ കോളുകളുടെ പരിശോധനയില്‍ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനുമായി ശരണ്യ സ്ഥിരം ബന്ധത്തിലായിരുന്നെന്ന് വ്യക്തമായി. പൊലീസ് കസ്റ്റഡിയില്‍ ആദ്യ ദിവസം മാത്രം കാമുകനില്‍ നിന്ന് ശരണ്യയുടെ മൊബൈല്‍ ഫോണിലേക്ക് 17 മിസ്ഡ് കോള്‍ വന്നിരുന്നു. ഫൊറന്‍സിക് പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നതോടെ ശരണ്യ സമ്മര്‍ദത്തിലായി, ഒടുവില്‍ മറച്ചുവച്ച സത്യങ്ങള്‍ ഒന്നൊന്നായി ഏറ്റുപറഞ്ഞു.
തെളിവുകള്‍ എതിരായതോടെ ശരണ്യ പൊലീസിനോട് സംഭവിച്ച കാര്യങ്ങള്‍ വിശദമായി സമ്മതിച്ചു. ഞായറാഴ്ച രാത്രി ഭര്‍ത്താവ് വീട്ടില്‍ തങ്ങുമെന്ന് ഉറപ്പായതോടെ കുഞ്ഞിന്റെ കൊലപാതകം ആസൂത്രണം ചെയ്തു. രാത്രി മൂവരും ഒരുമുറിയില്‍ ഉറങ്ങാന്‍ കിടന്നു. പുലര്‍ച്ചെ മൂന്നോടെ കുഞ്ഞുമായി ഹാളിലെത്തി. കുഞ്ഞിനെ എടുക്കുന്നത് കണ്ട പ്രണവിനോട് മുറിയില്‍ ചൂടായതിനാല്‍ ഹാളില്‍ കിടക്കുകയാണെന്ന് പറഞ്ഞു. പിന്നീട് പിന്‍വാതില്‍ തുറന്ന് കുഞ്ഞുമായി പുറത്തേക്കിറങ്ങി. അമ്പത് മീറ്റര്‍ അകലെയുള്ള കടല്‍ഭിത്തി ക്കരികിലെത്തി മൊബൈല്‍ വെളിച്ചത്തില്‍ താഴേക്ക് ഇറങ്ങി കുഞ്ഞിനെ കടല്‍ഭിത്തിയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. കല്ലുകള്‍ക്കിടയില്‍ വീണ കുഞ്ഞ് കരഞ്ഞതോടെ ആരും കേള്‍ക്കാതിരിക്കാന്‍ കുഞ്ഞിന്റെ മുഖം പൊത്തി വീണ്ടും കരിങ്കല്‍ക്കൂട്ടത്തിനിടയിലേക്ക് ശക്തമായി എറിഞ്ഞതായി ശരണ്യ സമ്മതിച്ചു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി അടുക്കളവാതില്‍ വഴി അകത്ത് കയറി ഹാളില്‍ ഇരുന്ന ശേഷം കിടന്നതായും മൊഴി നല്‍കി.
എല്ലാ തെളിവുകളും വിലയിരുത്തിയ കോടതി ശരണ്യക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കണ്ടെത്തി. ഗൂഢാലോചനയില്‍ നിധിന്റെ പങ്ക് തെളിയിക്കാനാകാത്തതിനാല്‍ രണ്ടാം പ്രതിയെ വെറുതെ വിട്ടതായി കോടതി വ്യക്തമാക്കി. ശരണ്യയ്ക്കുള്ള ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കുമെന്ന് കോടതി അറിയിച്ചു.
💢⭕💢⭕💢⭕💢⭕
#ഇന്നത്തെ പ്രധാന വാർത്തകൾ #NEWS TODAY💢💢💢 #ഫ്ലാഷ് ന്യൂസ് 📯📯📯 #📹 ക്രൈം ഫയൽ #ക്രൈം or news 🤯


