അവരുടെ ആഗ്രഹം സാധിച്ചു, ‘താമരാക്ഷൻ പിള്ള’ ‘മൊബൈൽ ഹെറിറ്റേജ് റസ്റ്റോറന്റ്’ ആയി; എഐ വീഡിയോ വൈറലാകുന്നു
🔴🔵🟤🟢🟠🟣🟡⚪⚫
മലയാളികളുടെ മനസ്സിൽ എന്നും ഓർത്തുവയ്ക്കപ്പെടുന്ന ചില ചിത്രങ്ങളുണ്ട്. അതിനു കാരണം ഒരുപക്ഷെ അതിലെ കഥാപാത്രങ്ങൾ ആവാം, ഡയലോഗുകൾ ആവാം, കോമഡി ആവാം. അത്തരത്തിൽ എപ്പോൾ ടിവിയിൽ വന്നാലും നമ്മളെ പിടിച്ചിരുത്തുന്ന ഒരു ചിത്രമാണ് 2001-ൽ താഹയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’. ചിത്രത്തിലെ ഉണ്ണിയും സുന്ദരനും കൊച്ചിൻ ഹനീഫ അവതരിപ്പിച്ച കോശിയുമെല്ലാം ഇന്നും മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. ദിലീപിനും ഹരിശ്രീ അശോകനും ഒപ്പം തകർത്തഭിനയിച്ച മറ്റൊരു താരം അതിലുണ്ട്, ഒരു എലി. ഇപ്പോഴിതാ ആ എലി ഉൾപ്പെടെയുള്ള ഒരു എഐ (AI) വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്.
ചിത്രത്തിൽ തന്റെ താമരാക്ഷൻ പിള്ള ബസിനെ ഒരു ‘മൊബൈൽ ഹെറിറ്റേജ് റസ്റ്റോറന്റ്’ ആക്കി മാറ്റണമെന്ന ഉണ്ണികൃഷ്ണന്റെ വലിയ ആഗ്രഹം പ്രേക്ഷകർ കണ്ടതാണ്. ഇതിനായി ബാങ്കിൽ നിന്നും ലോണെടുക്കാൻ ശ്രമിക്കുന്നതും മറ്റും സിനിമയിൽ ഏറെ രസകരമായി അവതരിപ്പിച്ചിരുന്നു. വർഷങ്ങൾക്കിപ്പുറം, ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടാൽ എങ്ങനെയുണ്ടാകും എന്നാണ് വൈറലായ ഈ എഐ വീഡിയോയിലൂടെ ആരാധകർക്ക് കാണാൻ സാധിക്കുന്നത്.
“signature_by_aanand” എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം 2.7 മില്യണിലധികം കാഴ്ചക്കാരാണ് സ്വന്തമാക്കിയത്. താമരാക്ഷൻ പിള്ള ബസ് ഒരു മനോഹരമായ റസ്റ്റോറന്റായി പ്രവർത്തിക്കുന്ന കാഴ്ച സിനിമയെ സ്നേഹിക്കുന്നവർക്ക് വലിയൊരു നൊസ്റ്റാൾജിയ സമ്മാനിക്കുന്നു.
താമരാക്ഷൻ പിള്ളയുടെ മരണത്തിന് നഷ്ടപരിഹാരമായി ലഭിച്ച പഴയ ബസ്സുമായുള്ള മകൻ ഉണ്ണികൃഷ്ണന്റെ യാത്രയായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. വി.ആർ. ഗോപാലകൃഷ്ണൻ തിരക്കഥയൊരുക്കിയ ചിത്രത്തിൽ ദിലീപ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, സലിം കുമാർ, നിത്യാ ദാസ് തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്നിരുന്നു. ഗോവിന്ദ് പത്മൻ, മഹേഷ് മിത്ര എന്നിവരുടെ കഥയ്ക്ക് എം.എം ഹംസയായിരുന്നു നിർമ്മാണം നിർവഹിച്ചത്. സിനിമയിൽ ബാക്കിയായ ആ സ്വപ്നം ഇപ്പോൾ എഐ സാങ്കേതികവിദ്യയിലൂടെ പൂർത്തിയായിരിക്കുകയാണ്.
ഇൻസ്റ്റാഗ്രാം വീഡിയോ ലിങ്ക് താഴെ:
https://www.instagram.com/reel/DTNtsSVj8nF/?igsh=bnhyb2F5aXdwaXBs
🔴🔵🟤🟢🟠🟣🟡⚪⚫
# #ഈ പറക്കും തളിക 💚❤️💚 #മലയാള സിനിമ ❤️❤️ #വൈറൽ


