ജനുവരി 28:ജമീലാ മാലിക് ഓർമ്മദിനം
🌹➖🌹➖🌹➖🌹➖🌹
വെള്ളിവെളിച്ചത്തിൽ തിളങ്ങാത്ത ഒരു അഭിനേത്രി
മലയാളി നടി ജമീല മാലിക്ക്.... 1970-80 കാലഘട്ടത്തില്‍ മലയാളം, തമിഴ് ഭാഷകളില്‍ സജീവമായിരുന്നു ജമീല. പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച ആദ്യമലയാളി വനിതയാണ് ജമീല.
█ ജമീലാ മാലിക് വിട പറഞ്ഞിട്ട് ഇന്ന് ആറുവർഷം... സ്മരണാഞ്ജലികൾ! 🌹
ചലച്ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള ശ്രദ്ധേയായ അഭിനേത്രി മാത്രമല്ല, റേഡിയോ നാടക രചയിതാവുമാണ് ജമീല.
🌍
കൊല്ലം ജോനകപ്പുറത്ത് മാലിക് മുഹമ്മദിന്റെയും തങ്കമ്മ മാലിക്കിന്റെയും മകളാണ്. ജനനം,1946 മേയ് 23, മുതുകുളത്ത് (ഹരിപ്പാട്). ബാപ്പ മാലിക് മുഹമ്മദ് കോൺഗ്രസ് നേതാവും മുനിസിപ്പൽ കൗൺസിലറുമായിരുന്നു. മൾഹറുൾ ഹക്, ഫസലുൽ ഹക്, സാറ എന്നിവർ സഹോദരങ്ങൾ. ഉമ്മ തങ്കമ്മ മാലിക് ബാല്യത്തിലെ കോൺഗ്ഗ്രസിൽ ആകൃഷ്ടയായി വാർധ ആശ്രമത്തിലാണ് പഠിച്ചത്. ഭർത്താവിന്റെ മരണശേഷം അവരും മുനിസിപ്പൽ കൗൺസിലർ ആയിട്ടുണ്ട്. വാർധ ആശ്രമത്തിലെ ഗാന്ധിപാഠങ്ങളും ബഷീറും കാമ്പിശേരിയും ഉൾപ്പെടെ എഴുത്തുകാരുമായുള്ള ആത്മസൗഹൃദവും രാഷ്ട്രിയവുമൊക്കെ യായിരുന്നു തങ്കമ്മയുടെ ജീവിത ശക്തി.
സ്കൂൾ നാടകങ്ങളിലൂടെ ജമീല അഭിനയ രംഗത്തെത്തി. എസ്.എസ്.എൽ.സി. പഠനത്തിനുശേഷം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു അഭിനയം കോഴ്സിനു പഠിച്ചു. കേരളത്തിൽ നിന്ന് പൂനെ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു പഠിക്കുന്ന ആദ്യ വനിതയാണെന്ന് ആദ്യമേ സൂചിപ്പിച്ചല്ലോ .
🌍
ഇൻസ്റ്റിറ്റ്യൂട്ട് പഠനകാലത്ത് കെ.ജി. ജോർജിന്റെ ഉൾപ്പെടെ ഡിപ്ലോമ ഫിലിമുകളിലും കോഴ്സ് സിനിമകളിലും അഭിനയിച്ചു. 'ജയ് ജവാൻ ജയ് മഖാൻ', 'വിലാപ്' തുടങ്ങിയ ചിത്രങ്ങളിലെല്ലാം നല്ല വേഷമായിരുന്നു.
'ആദ്യത്തെ കഥ' (1972- കഥാപാത്രം, പത്മിനി; സംവിധാനം: കെ.എസ്. സേതുമാധവൻ) ആയിരുന്നു ജമീലയുടെ ആദ്യ മലയാള പടം. 'റാഗിങ്' (1973- സംവിധാനം: N. N. പിഷാരടി) , 'രാജഹംസം', 'ലഹരി', 'സെക്സില്ല സ്റ്റണ്ടില്ല' (1976) തുടങ്ങി ഏതാനും ചിത്രങ്ങളിൽ നായികയായി. വിൻസെന്റ്, അടൂർ ഭാസി, പ്രേംനസീർ, രാഘവൻ എന്നിവരോടൊത്ത് അഭിനയിച്ചിട്ടുണ്ട്. ജി.എസ് പണിക്കര്‍ സംവിധാനം ചെയ്ത 'പാണ്ഡവപുര'ത്തിലെ ദേവി ടീച്ചര്‍ എന്ന കഥാപാത്രമാണ് ജമീലയുടെ ശ്രദ്ധേയമായ വേഷം.
'ലക്ഷ്മി', 'അതിശയരാഗം' എന്നീ തമിഴ് ചിത്രങ്ങളിലും നായികയായി. 'നദിയെ തേടിവന്ന കടൽ' എന്ന പടത്തിൽ ജയലളിത യോടൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷാപടങ്ങളിലായി അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചു.
ദൂരദർശന്റെ 'സാഗരിക', 'കയർ', 'മനുഷ്യബന്ധങ്ങൾ' തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. നിരവധി ഹിന്ദി ചിത്രങ്ങൾക്ക് ഡബ്ബുചെയ്തിട്ടുണ്ട്.
ആകാശവാണിക്കുവേണ്ടി പന്ത്രണ്ടോളം നാടകങ്ങൾ എഴുതി. 'ദാസ്താനി റൂഫ്', 'കരിനിഴൽ', 'തൗബ' തുടങ്ങിയ നാടകങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഒരിക്കൽ തൃശ്ശൂർ പൂരത്തിനു മധുവിനൊപ്പം ലുബ്ധൻ ലൂക്കോസ് എന്ന നാടകത്തിൽ അഭിനയിച്ചു.
🌏
1983-ൽ വിവാഹിതയായെങ്കിലും ഒരു വർഷമേ ആ ബന്ധം നീണ്ടുനിന്നുള്ളു. ഒരു പുത്രനുണ്ട്.
അവസാന കാലത്ത് ജമീലാ മാലിക്കിന് വാടക വീടുകളിൽ മാറിമാറി ദുരിത ജീവിതമായിരുന്നു. തിരുവനന്തപുരം പാലോടാണ് ജമീല താമസിച്ചിരുന്നത്. പൂന്തുറയിലെ ബന്ധു വീട്ടില്‍വച്ചാണ് മരണം സംഭവിച്ചത്.
2020 ജനുവരി 28-ന്, 73-ാം വയസിൽ, അന്തരിച്ചു.
____________
ആർ. ഗോപാലകൃഷ്ണൻ | 2026 ജനുവരി 28
.....................
🔸ജമീല മാലിക്കിന്റെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് നാളുകളെക്കുറിച്ചും മറ്റും അവർ ഓർക്കുന്നു:
"ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എനിക്കൊട്ടുമേ അപരിചിതമായിരുന്നില്ല. പേടിച്ചുവിറച്ചാണ് അവിടെ എത്തിയതെങ്കിലും ഒരു വൻ മലയാളിസംഘം സീനിയേഴ്സായി അവിടെയുണ്ട്. കെ.ജി.ജോർജ്, രാമചന്ദ്രബാബു, കെ.ആർ. മോഹനൻ, ഷാജി എൻ. കരുൺ അങ്ങനെ ഒരു മലയാളി സിനിഹൗസ്. പന്ത്രണ്ടുപേർ മാത്രമുള്ള ഞങ്ങളുടെ ബാച്ചിൽ രണ്ടേ രണ്ടു പെൺകുട്ടികൾ; മഞ്ജുവും ഞാനും....
"ജയ ബച്ചൻ സീനിയറായി പഠിക്കുന്നുണ്ട്. ഞങ്ങളെയൊക്കെ ജയ തമാശമട്ടിൽ റാഗ് ചെയ്യും. ഹിന്ദിപ്പാട്ടുകൾ പാടിപ്പിക്കും. മലയാളച്ചുവയിൽ മുക്കിമൂളി ഞാൻ പാടുന്നതു കേൾക്കേ അവരുറക്കെ ചിരിക്കും. ആ ചിരിയലകൾ... ജയയുടെ കൂട്ടുകാരൻ അമിതാഭ് ബച്ചൻ ഇൻസ്റ്റിറ്റ്യൂട്ടിൽ മിക്കപ്പോഴും വരും. പെൺകുട്ടികൾ തീരെ കുറവാണ് അവിടെ. രശ്മി ശർമയായിരുന്നു ജയയുടെ അടുത്ത സ്നേഹിത. രണ്ടാളെയും ഒരുമിച്ചേ കണ്ടിട്ടുള്ളൂ. രശ്മി പിന്നീട് ചലച്ചിത്ര പ്രവർത്തകൻ അനിൽ ധവാന്റെ ജീവിത സഖിയായി....
"ജോൺ ഏബ്രഹാം ആ ചുറ്റുവട്ടത്തൊക്കെ എപ്പോഴുമുണ്ട്. എന്നോടു വലിയ സ്നേഹമാണ്. മലയാളി സംഘത്തെ മിക്കപ്പോഴും കാണും. കെ.ജി. ജോർജാണ് ആ സംഘത്തെ നയിക്കാതെ നയിക്കുന്നത്. ജോർജിന്റെ ‘ഫെയ്സസ്’ എന്ന ഡിപ്ലോമ സിനിമയിൽ എന്നെയാണു നായികയാക്കിയത്. രാമചന്ദ്ര ബാബുവാണു ക്യാമറാമാൻ. ഒരുപക്ഷേ, ബാബു ക്യാമറയിലൂടെ ആദ്യം കണ്ട നായിക....
"ഷാജി എൻ. കരുൺ അവരുടെ ജൂനിയറാണ്; നാണം കുണുങ്ങി പയ്യൻ. പിന്നീടു ഷാജിയുടെ ലോകശ്രദ്ധ നേടിയ സിനിമകളൊക്കെ കാണുമ്പോൾ ഞാനക്കാലം ഓർക്കും. കെ.ആർ. മോഹനനെപോലെ സൗമ്യനായൊരു ചെറുപ്പക്കാരനെ ഞാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ കണ്ടിട്ടേയില്ല. കബീർ റാവുത്തറും ആസാദും എല്ലാവർക്കും പ്രിയപ്പെട്ടവരായിരുന്നു.
"ഒരിക്കൽ മൃണാൾസെൻ ക്ലാസെടുക്കാനെത്തി. ഇൻസ്റ്റിറ്റ്യൂട്ടിലെ വിരലിലെണ്ണാവുന്ന പെൺകുട്ടികളിൽ ക്ലാസിൽ ആദ്യമെത്തിയത് ഞാനാണ്. മൃണാൾ ദാ എത്തുമ്പോൾ ക്ലാസ്മുറിയിൽ ഒരേയൊരു പെൺകുട്ടിയും ഒരു ആൺസംഘവും. ‘വൺ ലേഡി ആൻഡ് ജെന്റിൽമെൻ.....’ ചിലമ്പിച്ച ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു തുടങ്ങിയതും ക്ലാസിൽ കൂട്ടച്ചിരി മുഴങ്ങി. ക്ലാസ് കഴിഞ്ഞതും അദ്ദേഹം പരിചയപ്പെടാനെത്തി. കേരളത്തിൽ നിന്നെന്ന് അറിഞ്ഞതും സന്തോഷം, പിന്നെ കൈകോർത്ത് ഞങ്ങൾ വിദ്യാർഥി സംഘത്തിനൊപ്പം കന്റീനിലേക്ക്, കോള പൊട്ടിച്ചും കഥകൾ പറഞ്ഞും ഉറക്കെച്ചിരിച്ചും അദ്ദേഹം ആ ദിവസത്തെ ആഘോഷമാക്കി."
🔸('ഒരു അഭിനേത്രിയുടെ അത്മരേഖകൾ' എന്ന കുറിപ്പുകളിൽ നിന്ന്)
🌹➖🌹➖🌹➖🌹➖🌹.
#ജമീല മാലിക് 🙏❤️💚 #ഓർമ്മദിനം #അഭിനേത്രി❤️💚❤️


