#kerala കഴിഞ്ഞകാല പുരോഗതി വിലയിരുത്തുന്നതിനും വികസന ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ‘വിഷന്‍ 2031' സെമിനാർ പരമ്പരയിൽ ധനകാര്യ വകുപ്പ് നേതൃത്വം നൽകുന്ന സെമിനാർ ഒക്ടോബർ 13, തിങ്കളാഴ്‌ച കൊച്ചിയിൽ നടക്കും. ‘ധനകാര്യ വകുപ്പ്: നേട്ടങ്ങളും ഭാവികാഴ്‌ചപ്പാടുകളും' എന്ന സെമിനാർ രാവിലെ 10 ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ ആരംഭിക്കും.
ധനകാര്യ സെമിനാറിൽ കഴിഞ്ഞ ഒമ്പത് വർഷക്കാലയളവിൽ ധനകാര്യ വകുപ്പും, ലൈൻ വകുപ്പുകളും, വകുപ്പിനുകീഴിലുള്ള സ്ഥാപനങ്ങളും കൈവരിച്ച നേട്ടങ്ങൾ അവതരിപ്പിക്കും. അവയ്‌ക്കുമുന്നിലുള്ള വെല്ലുവിളികളും സാധ്യതകളും വിലയിരുത്തും.
ഇക്കാലയളവിൽ സംസ്ഥാനം കൈവരിച്ച ധനപരമായ നേട്ടങ്ങൾക്കൊപ്പം സമീപ ഭാവിയിൽ കേരളം നേരിടേണ്ടി വരുന്ന അടിസ്ഥാന പ്രശ്നങ്ങളും ചർച്ച ചെയ്യും. ഇതിനായി മൂന്ന് സെഷനുകളിലായാണ് ഈ സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ 10ന് ‘ധനകാര്യ വകുപ്പ്: നേട്ടങ്ങളും ഭാവികാഴ്‌ചപ്പാടുകളും’ സെമിനാറിൽ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. ‘കേരളം@2031: ഒരു പുതിയ ദർശനം’ എന്ന അവതരണവും അദ്ദേഹം നടത്തും. ‘കേരളത്തിന്റെ കഴിഞ്ഞ ദശകത്തിലെ സാമ്പത്തിക നേട്ടങ്ങൾ’ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ അവതരിപ്പിക്കും.
11.45ന് മൂന്ന് സമാന്തര സെഷനുകളായി പാനൽ ചർച്ചകൾ ആരംഭിക്കും.
ഉച്ചയ്‌ക്കുശേഷം 3.30ന് സമാപന സമ്മേളനം വ്യവസായ മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്യും.
#vision2031 #keralagovernment #finance