പാർട്ട്, 08
ബ്ലാക്ക് സ്കോർപിയോ ഒരു കൊടുങ്കാറ്റുപോലെ ഹൈവേയിലൂടെ പാഞ്ഞു. ജയദേവന്റെ തലയിലെ മുറിവ് ഒരു താൽക്കാലിക ബാൻഡേജ് കൊണ്ട് മറച്ചിട്ടുണ്ട്, പക്ഷെ അതിലൂടെ രക്തം കിനിഞ്ഞു തുടങ്ങിയിരുന്നു.
"സാർ... ലൊക്കേഷൻ കിട്ടി!" ബേസിൽ ലാപ്ടോപ്പിൽ നിന്ന് തലയുയർത്തി, ഇത് കോട്ടയം ജില്ലയാണ്... പാലാ-കാഞ്ഞിരപ്പള്ളി റൂട്ടിൽ, മീനച്ചിലാറിന്റെ തീരത്ത്!"
************
സമയം: വൈകുന്നേരം 6:15. സ്ഥലം: കാഞ്ഞിരപ്പള്ളി-പാലാ റൂട്ടിലെ ഒരു ഒറ്റപ്പെട്ട എസ്റ്റേറ്റ് ബംഗ്ലാവ്.
സൂര്യൻ റബ്ബർ മരങ്ങൾക്കിടയിലേക്ക് താഴ്ന്നുകഴിഞ്ഞിരുന്നു. നേരം ഇരുട്ടിത്തുടങ്ങി. ഇലകൾക്കിടയിലൂടെ വീശുന്ന കാറ്റിന്റെ ശബ്ദവും, ദൂരെ മീനച്ചിലാർ ഒഴുകുന്നതിന്റെ നേർത്ത ഇരമ്പലും അല്ലാതെ മറ്റൊന്നും കേൾക്കാനില്ല.
"സാർ... അതാണ്," ബേസിൽ ശബ്ദം താഴ്ത്തി.
സ്കോർപിയോയുടെ വെളിച്ചം അണച്ച്, അവർ ആ ബംഗ്ലാവിലേക്ക് തിരിയുന്ന ഭാഗത്ത് വണ്ടി ഒതുക്കി.
'സീക്രട്ട് ഗാർഡൻ.' വലതു ഭാഗത്തേക്ക് ഒരു ആരോ മാർക്കുമായുള്ള ഒരു ചെറിയ ബോർഡ് റോഡിന് വശത്തായി വച്ചിട്ടുണ്ടായിരുന്നു.
പഴയ, ഒറ്റപ്പെട്ട ഒരു എസ്റ്റേറ്റ് ബംഗ്ലാവ്. ചുറ്റും ഉയർന്ന കരിങ്കൽ മതിൽ. ഗേറ്റിന് മുന്നിൽ, ഇരുട്ടിൽ, ഒരു ബ്ലാക്ക് ഹ്യുണ്ടായ് വെർണ കാർ പാർക്ക് ചെയ്തിട്ടുണ്ട്.
"KL 01 XX 5678," ബേസിൽ നമ്പർ പ്ലേറ്റ് തിരിച്ചറിഞ്ഞു. "സാർ... എയർപോർട്ടിൽ നിന്ന് അവരെ പിക്ക് ചെയ്ത അതേ വണ്ടി! അവർ ഇവിടെയുണ്ട്!"
"തോക്കെടുക്ക്," ജയദേവൻ പറഞ്ഞു. "ഒച്ചയുണ്ടാക്കരുത്. പുഴയുടെ ഭാഗത്തുകൂടി നമുക്ക് മതിലിനടുത്തെത്താം."
അവർ ഇരുവരും സ്കോർപിയോയിൽ നിന്നിറങ്ങി, ഇരുട്ടിന്റെ മറപറ്റി, പുഴയുടെ വശത്തുള്ള മതിലിനടുത്തേക്ക് നീങ്ങി.
"ബേസിൽ, നീ ഗേറ്റിന്റെ ഭാഗം കവർ ചെയ്യ്.
ജയദേവൻ, നിർത്തിയിട്ടിരുന്ന കാറിന്റെ പിൻ വശത്തായി ഒളിച്ചു. കയ്യിൽ കരുതിയ കത്തി കൊണ്ട് പിൻ വശത്തെ രണ്ട് ടയറുകളിലും, അയാൾ കത്തി കുത്തിയിറക്കി,
ബേസിൽ അപ്പോഴേക്കും പുഴയുടെ വശത്തേക്ക് നടന്നു. ജയദേവൻ അവന്റ അടുത്തേക്ക് വേഗത്തിൽ ചെന്നു, ഞാൻ അകത്ത് കയറുന്നു," ജയദേവൻ പറഞ്ഞു.
"സാർ, ആ മുറിവ്..."
"Shut up and move!"
ജയദേവൻ മതിലിനോട് ചേർന്ന് പടർന്നുനിന്ന ഒരു മരത്തിൽ പിടിച്ചുകയറി. മുറിവിന്റെ വേദന പല്ലിറുക്കി കടിച്ചമർത്തി, അയാൾ ആ പത്തടി മതിൽ നിശബ്ദമായി മറികടന്ന് പുൽത്തകിടിയിലേക്ക് ചാടിയിറങ്ങി.
അയാൾ നിഴലുകളിലൂടെ ബംഗ്ലാവിന്റെ മുൻവശത്തേക്ക് നീങ്ങി.
ആ വലിയ ഗ്ലാസ് ജനലിലൂടെ അകത്തെ കാഴ്ച വ്യക്തമായിരുന്നു.
അകത്ത്, രണ്ടുപേർ ഉണ്ടായിരുന്നു.
മേശപ്പുറത്ത് വിസ്കി ബോട്ടിൽ, ഗ്ലാസുകൾ. അവർ ആഘോഷത്തിലാണ്. ഭിത്തിയിലെ വലിയ ടിവിയിൽ "ബ്രേക്കിംഗ് ന്യൂസ്: നവദമ്പതികളുടെ കൊലപാതകക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ എസ്.ഐ. ജയദേവന് സസ്പെൻഷൻ!"
സ്ക്രീനിൽ, സ്റ്റേഷന് മുന്നിൽ കല്ലേറ് കൊള്ളുന്ന ജയദേവന്റെ ദൃശ്യങ്ങൾ. നിലത്ത് വീണുകിടക്കുന്ന തൊപ്പി.
"യെസ്!!" രുദ്രൻ ആർത്തുവിളിച്ച് ഗ്ലാസ് ഉയർത്തി. "ഞാൻ പറഞ്ഞില്ലേ! അവൻ വീണു! ആ നായിന്റെമോൻ വീണു!"
ഗായത്രി സന്തോഷത്തോടെ ചിരിച്ചുകൊണ്ട് അവന്റെ ഗ്ലാസ്സിൽ മുട്ടിച്ചു. "Cheers to us! നമ്മളെ പിടിക്കാൻ ഇനി ഒരു പോലീസും വരില്ല!" നാളെ രാവിലെ ഡൽഹിക്ക്… അവിടുന്ന് നമ്മൾ രണ്ട് ദിക്കിലേക്ക്…!!”
The last day of kerala…. ഇനി ഇങ്ങോട്ടേക്കു ഒരു മടക്കമില്ല…!!” രുദ്രൻ സിഗിരറ്റ് കത്തിച്ചുകൊണ്ട് പറഞ്ഞു.
ബാൽക്കണിയിലെ ഗ്ലാസ്സിന് മറവിൽ നിന്ന് ഇത് കണ്ടുനിന്ന ജയദേവൻ… നെറ്റിയിലൂടെ ഒഴുകി വന്ന രക്തം തുടച്ചു….അയാളുടെ സിരകളിൽ രക്തം തിളച്ചു.
'അപ്പോൾ... ഇതായിരുന്നു നിങ്ങളുടെ പ്ലാൻ.
ഞാൻ കരുതിയ പോലെ തന്നെ, എന്റെ ഓരോ നീക്കവും അവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ജയദേവൻ പല്ലിറുമ്മി.
അയാൾ ഗ്ലാസ്സ് ഡോർ തുറക്കാൻ നോക്കി, അത് അകത്തു നിന്നും ലോക്ക്ട് ആണ്, സമയം കളയാൻ ഇല്ലായിരുന്നു…
തന്റെ കൈമുട്ട് അവിടെ കിടന്നിരുന്ന തുണികൊണ്ട് പൊതിഞ്ഞു.
മുറിക്കകത്ത്, രുദ്രൻ ഗ്ലാസ്സെടുക്കാനായി തിരിഞ്ഞ നിമിഷം...
കാതടപ്പിക്കുന്ന ശബ്ദത്തോടെ ജയദേവൻ ആ കൂറ്റൻ ഗ്ലാസ് തകർത്ത് മുറിക്കുള്ളിലേക്ക് ഉരുണ്ട് വീണു…
"ദൈവമേ!" ഗായത്രി അലറി.
"പോലീസ്!" അവൾ വെപ്രാളത്തോടെ ഇരു കൈകളും കൊണ്ട് ചെവി പൊത്തി….
രുദ്രൻ ഒരു നിമിഷം സ്തംഭിച്ചു. പക്ഷെ, അടുത്ത നിമിഷം അവൻ മേശപ്പുറത്തിരുന്ന വിസ്കി ബോട്ടിൽ പൊട്ടിച്ച് ഒരു മൂർച്ചയുള്ള ആയുധമാക്കി ജയദേവന് നേരെ പാഞ്ഞടുത്തു.
ജയദേവൻ ഒഴിഞ്ഞുമാറിയെങ്കിലും, കുപ്പിച്ചില്ല് അയാളുടെ കൈത്തണ്ടയിൽ ആഴത്തിൽ മുറിവേൽപ്പിച്ചു. രക്തം ചീറ്റി.
"സാർ!" പുറത്തുനിന്ന് ബേസിൽ അലറുന്നത് കേട്ടു.
രുദ്രൻ വീണ്ടും ആ കുപ്പിച്ചില്ല് ജയദേവന്റെ നെഞ്ചിലേക്ക് കുത്തിയിറക്കാൻ ആഞ്ഞു. പക്ഷെ ജയദേവൻ ബ്ലോക്ക് ചെയ്തു. അതൊരു ഭ്രാന്തമായ പോരാട്ടമായി. ഇരുവരും നിലത്ത് ഉരുണ്ടു. രുദ്രൻ ജയദേവന്റെ തല ഭിത്തിയിൽ ആഞ്ഞിടിച്ചു. ജയദേവന്റെ നെറ്റിയിലെ മുറിവിലൂടെ വീണ്ടും രക്തം അയാളുടെ മുഖം മൂടി.
വേദനയിൽ ജയദേവന്റെ പിടി അയഞ്ഞു. രുദ്രൻ മുകളിൽ കയറി, ആ കുപ്പിച്ചില്ല് ജയദേവന്റെ കഴുത്തിന് നേരെ താഴ്ത്തി.
"നീ തീർന്നെടാ...!" രുദ്രൻ അലറി.
അതേ നിമിഷം, ജയദേവൻ തന്റെ സർവീസ് റിവോൾവർ അരയിൽ നിന്ന് വലിച്ചൂരി. പക്ഷെ, അത് ചൂണ്ടാൻ അയാൾക്ക് കഴിഞ്ഞില്ല. അയാൾ ആ റിവോൾവറിന്റെ ബട്ട് കൊണ്ട് രുദ്രന്റെ ചെവിക്കുറ്റി നോക്കി ആഞ്ഞടിച്ചു!
"ആ..." രുദ്രൻ വേദനയിൽ അലറി, പിടിവിട്ടു.
ആ അവസരം ജയദേവൻ പാഴാക്കിയില്ല. അയാൾ രുദ്രനെ തള്ളിമാറ്റി എഴുന്നേറ്റു. രുദ്രൻ വീണ്ടും പാഞ്ഞടുത്തപ്പോൾ, ജയദേവൻ പോലീസ് ബൂട്ടിന്റെ സർവ്വശക്തിയുമെടുത്ത് അവന്റെ നെഞ്ചിലേക്ക് ചവിട്ടി. രുദ്രൻ പിന്നിലേക്ക് മലർന്നടിച്ച് ഭിത്തിയിൽ തലയിടിച്ചു വീണു. അവൻ ബോധരഹിതനായി.
"രുദ്രാ!"
ഗായത്രി അലറി. രുദ്രൻ വീണെന്ന് കണ്ടതും അവൾ ഓടി. പിൻവാതിലിലേക്ക്!
"നിൽക്കെടീ!" ജയദേവൻ രക്തം പുരണ്ട മുഖവുമായി അവൾക്ക് പിന്നാലെ പാഞ്ഞു.
"ബേസിൽ! ഡോർ!"
ഗായത്രി പിൻവാതിൽ തുറന്ന് പുഴയുടെ ഭാഗത്തേക്ക് ഓടാൻ ശ്രമിച്ചതും, വാതിൽക്കൽ തോക്കുചൂണ്ടി നിന്ന ബേസിലിനെ കണ്ട് സ്തംഭിച്ചു. അവൾ തിരിഞ്ഞ്, അടുക്കള വാതിലിലൂടെ ഓടി, മുൻവശത്തെ കാർ ലക്ഷ്യമാക്കി പാഞ്ഞു.
"അവളെ വിടരുത്!" ബേസിൽ പിന്നാലെ ഓടിക്കൊണ്ട് വിളിച്ചു.
ഗായത്രി വെർണയുടെ ഡോറിനടുത്തെത്തി. കീ കയ്യിലിട്ട് തിരിക്കാൻ ശ്രമിച്ചു.
”നിൽക്കാൻ!" ജയദേവൻ പിന്നാലെ ഓടിയെത്തി.
അവൾ തിരിഞ്ഞു, കയ്യിൽ കിട്ടിയ എന്തോ ഒന്ന് ജയദേവന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു.
"നിങ്ങളെന്നെ പിടിക്കില്ല!" അവൾ കാറിന്റെ ഡോർ തുറക്കാൻ ശ്രമിച്ചു.
ജയദേവൻ ഓടിയെത്തി, അവളുടെ തോളിൽ പിടിച്ചു വലിച്ചു തിരിച്ചു നിർത്തി.
അയാൾ തന്റെ സർവ്വശക്തിയുമെടുത്ത് അവളുടെ ചെകിടത്ത് ആഞ്ഞടിച്ചു.
ആ ഒരൊറ്റ അടിയിൽ അവളുടെ ബോധം പാതിപോയി. ചെവിയിൽ നിന്ന് മൂളൽ മാത്രം. ഗായത്രി ഒരു ചാക്ക് പോലെ നിലത്തേക്ക് ഊർന്നുവീണു.
ജയദേവൻ ശ്വാസമെടുക്കാൻ പാടുപെട്ടുകൊണ്ട്, ആ വെർണയിൽ ചാരിനിന്നു. അയാളുടെ യൂണിഫോം രക്തത്തിൽ കുതിർന്നിരുന്നു.
ബേസിൽ ഓടിവന്ന് ഗായത്രിക്ക് കൈവിലങ്ങിട്ടു.
ജയദേവൻ തന്റെ വയർലെസ് കയ്യിലെടുത്തു. ഐ.ജി. സക്കറിയയുടെ പേഴ്സണൽ ചാനൽ.
"സാർ... ജയദേവനാണ്.”
ജയദേവൻ ആ വയർലെസ് കയ്യിൽപ്പിടിച്ച് കാറിലേക്ക് ചാരിനിന്നു. അയാളുടെ ശ്വാസം കിതയ്ക്കുന്നുണ്ടായിരുന്നു.
"നീയെവിടാ...?" മറുതലയ്ക്കൽ സക്കറിയയുടെ ശബ്ദം കേട്ടു.
"സാർ," ജയദേവൻ നിലത്ത് ചോരതുപ്പി കിടക്കുന്ന രുദ്രനെയും, വിറച്ചുനിൽക്കുന്ന ഗായത്രിയെയും നോക്കി.
"The game is finished, sir. I repeat... The game is finished."
ഒരു നിമിഷം മറുതലയ്ക്കൽ സമ്പൂർണ്ണ നിശബ്ദതയായിരുന്നു. ഐ.ജി. സക്കറിയ ആ വാക്കുകൾ വിശ്വസിക്കാൻ പാടുപെടുകയായിരുന്നു.
"What? ജയദേവാ... What are you talking about? നീ എവിടെയാണ്?
"രുദ്രൻ... ആൻഡ് ഗായത്രി," ജയദേവൻ അവന്റെ സംസാരം മുറിച്ചു. ശബ്ദം ക്ഷീണിച്ചിരുന്നെങ്കിലും അതിൽ വിജയത്തിന്റെ മൂർച്ചയുണ്ടായിരുന്നു. "The killers. ആദർശിന്റെയും അഞ്ജലിയുടെയും കൊലയാളികൾ... അവർ എന്റെ കസ്റ്റഡിയിലാണ്."
വീണ്ടും നിശബ്ദത.
"നീ... നീ അവരെ പിടിച്ചെന്നോ?" സക്കറിയയുടെ ശബ്ദത്തിൽ അവിശ്വസനീയത നിറഞ്ഞു. "രണ്ടുപേരെയും? Are you sure?"
"100% sure, sir. കാഞ്ഞിരപ്പള്ളി-പാലാ റൂട്ടിലെ 'സീക്രട്ട് ഗാർഡൻ' ഹോംസ്റ്റേയിൽ വെച്ച്. The scene is secured," ജയദേവൻ പറഞ്ഞു. "But... I need backup. I need more force."
"What do you need?" ഐ.ജി. സക്കറിയയുടെ ശബ്ദം ഒരു നിമിഷം കൊണ്ട് പ്രൊഫഷണലായി മാറി.
"സാർ, എനിക്ക് പരിക്കുണ്ട്. ബേസിൽ മാത്രമാണ് എന്റെകൂടെയുള്ളത്. ഈ പ്രദേശം എനിക്ക് പരിചയമില്ല. പ്രതികൾ അപകടകാരികളാണ്. എനിക്ക് ഏറ്റവും അടുത്ത പോലീസ് സ്റ്റേഷനിൽ നിന്ന്... പാലാ അല്ലെങ്കിൽ കാഞ്ഞിരപ്പള്ളി... ഒരു ഫുൾ ടീമിനെ ഇങ്ങോട്ട് ഉടൻ അയക്കണം."
ജയദേവൻ നിലത്ത് വീണുകിടക്കുന്ന ഗായത്രിയെ നോക്കി. "മീഡിയ ഈ മണം പിടിക്കുന്നതിന് മുൻപ്, ഈ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കണം. പ്രതികളെ ഒരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണം. ആൻഡ്... send an ambulance."
"I'm on it," സക്കറിയ പറഞ്ഞു. "കോട്ടയം എസ്.പി.യുടെ ടീം അഞ്ച് മിനിറ്റിനുള്ളിൽ അങ്ങോട്ട് തിരിക്കും. Sit tight, Jayadevan. And..."
"സാർ?"
"Good job."
കോൾ കട്ട് ആയി.
ജയദേവൻ വയർലെസ്സ് താഴെയിട്ടു. മുറിവിന്റെ വേദനയും, ഒരു ദിവസത്തെ മുഴുവൻ അഡ്രിനാലിനും അയാളെ തളർത്താൻ തുടങ്ങിയിരുന്നു. അയാൾ ബേസിലിനെ നോക്കി.
"ബേസിൽ... പാലാ സ്റ്റേഷനിലേക്ക് വിളിക്ക്. ഐ.ജി.യുടെ മെസ്സേജ് വരുന്നുണ്ടെന്ന് പറയ്. കൂടുതൽ ഫോഴ്സിനെയും ആംബുലൻസിനെയും ഇങ്ങോട്ടയക്കാൻ പറ. വേഗം.”
രുദ്രന്റെ കയ്യിൽ വിലങ്ങ് വച്ചുകൊണ്ട് ബേസിൽ ജയദേവന്റെ അടുത്തേക്ക് വന്നു.
*************
സ്ഥലം: എറണാകുളം സിറ്റി ഹോസ്പിറ്റൽ.
സമയം: പിറ്റേന്ന് രാവിലെ 9:30.
അതി തീവ്ര പരിചരണ വിഭാഗത്തിലെ ഒരു മുറിയിൽ, തലയിലെ ബാൻഡേജുമായി ജയദേവൻ നേരിയ മയക്കത്തിലായിരുന്നു. കൈത്തണ്ടയിലെ ആഴത്തിലുള്ള മുറിവിൽ മരുന്ന് വെച്ച് കെട്ടിയിട്ടുണ്ട്.
അപ്പോഴാണ് ആശുപത്രി മുറ്റത്തേക്ക് ഐ.ജി. സക്കറിയയുടെ ഒഫീഷ്യൽ കാർ പാഞ്ഞുവന്ന് നിന്നത്. കൂടെയുള്ള പോലീസ് ജീപ്പുകളിൽ നിന്ന് പോലീസുകാർ ചാടിയിറങ്ങി.
എവിടെ നിന്നോ വാർത്ത മണം പിടിച്ചറിഞ്ഞ മീഡിയകൾ മൈക്കുമായി സക്കറിയയുടെ അടുത്തേക്ക് ഓടിയടുത്തു.
"സാർ, ജയദേവനെ സസ്പെൻഡ് ചെയ്യുമോ?", "അന്വേഷണം കൈമാറുമോ?", "നിയമം കയ്യിലെടുത്ത ഉദ്യോഗസ്ഥനെതിരെ എന്ത് നടപടിയെടുക്കും?"
ചോദ്യങ്ങളുടെ ആ ബഹളത്തെ കൈകൊണ്ട് വകഞ്ഞുമാറ്റി, ഒന്നും പ്രതികരിക്കാതെ, കൂളിംഗ് ഗ്ലാസ് വെച്ച് സക്കറിയ ഗൗരവത്തോടെ ആശുപത്രിക്ക് ഉള്ളിലേക്ക് വേഗത്തിൽ നടന്നു.
ജയദേവന്റെ മുറിയുടെ വാതിൽ തള്ളിത്തുറന്ന് സക്കറിയ അകത്തേക്ക് കയറി.
അവിടെ, കട്ടിലിനരികിൽ, പാർവതി നിൽപ്പുണ്ടായിരുന്നു.
രാത്രിയിലെ ഉറക്കമില്ലായ്മ അവളുടെ കണ്ണുകൾ കലങ്ങി വീർത്തിരുന്നു, മുടി പാറിപ്പറന്നിരുന്നു.
ഒരു ഐ.ജി.യെ ആ മുറിയിൽ പ്രതീക്ഷിക്കാത്തതുകൊണ്ട് അവൾ ഭയത്തോടെ എഴുന്നേറ്റുനിന്നു.
സക്കറിയ അവളെ ഒന്ന് നോക്കി. ആ നോട്ടം താങ്ങാനാവാതെ പാർവതിയുടെ മുഖം നിലത്തേക്ക് താഴ്ന്നു.
“ജയദേവന്റെ വൈഫ് പാർവതി അല്ലെ…?”
അയാൾ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
“ഉവ്വ് സർ…!!”
“എപ്പോ വന്നു താൻ…?”
ഐജി വീണ്ടും ചോദിച്ചു.
“ഞാൻ രാത്രി തന്നെ എത്തിയിരുന്നു സാർ…!!”
“മ്മ് ഗുഡ്..!!”
അയാൾ പറഞ്ഞു കൊണ്ട് ജയദേവനെ നോക്കി,
അയാളുടെ കയ്യിൽ മുദ്രവെച്ച ഒരു ഒഫീഷ്യൽ കവർ ഉണ്ടായിരുന്നു.
ആ ശബ്ദം കേട്ട് ജയദേവൻ ഞെട്ടി കണ്ണ് തുറന്നു.
തന്റെ കട്ടിലിനരികിൽ നിൽക്കുന്ന ഐ.ജി. സക്കറിയയെ കണ്ട് അയാൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.
"സാർ..."
മുറിവിന്റെ വേദന വകവെക്കാതെ ജയദേവൻ പതിയെ എണീക്കാൻ ശ്രമിച്ചു.
"ഏയ്... വേണ്ട. കിടന്നോളൂ." സക്കറിയ ഗൗരവം വിടാതെ ജയദേവന്റെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു.
അയാൾ ജയദേവനെ ഒരു നിമിഷം അടിമുടി നോക്കി. നെറ്റിയിലെ കെട്ട്, കൈയിലെ ബാൻഡേജ്.
"Congrats, ജയദേവൻ."
ജയദേവൻ വേദനയ്ക്കിടയിലും ചിരിക്കാൻ ശ്രമിച്ചു. "സസ്പെൻഷനിൽ ആയതിനാണോ സാർ, ഈ congrats?"
അയാളുടെ മുഖത്ത് നോക്കി, ജയദേവൻ പതിയെ ചോദിച്ചു.
പാർവതി ഭയത്തോടെ സക്കറിയയെ നോക്കി.
"ഏയ് അല്ല, ജയദേവൻ," സക്കറിയ പറഞ്ഞു. "അതിന് മുൻപ് താൻ ഈ ഗിഫ്റ്റ് പിടിക്ക്."
അയാൾ ആ ഒഫീഷ്യൽ കവർ ജയദേവന് നേരെ നീട്ടി.
"എന്താ സാർ ഇത്...?" ജയദേവൻ സംശയത്തോടെ അത് വാങ്ങി.
"താൻ തുറന്ന് നോക്കെടോ," സക്കറിയ പറഞ്ഞു. "തനിക്കുള്ള സസ്പെൻഷൻ ലെറ്ററുമായി വരാനാ ഞാൻ ഇരുന്നത്. ഇന്നലെ നീ കാണിച്ച ആ ഷോയ്ക്ക്... നിയമം കയ്യിലെടുത്തതിന്... But... പ്ലാൻ എല്ലാം മുകളിൽ നിന്ന് മാറി."
ജയദേവൻ ആ കവർ പൊട്ടിച്ചു. അയാളുടെ വിറയ്ക്കുന്ന കൈകൾ കൊണ്ട് ആ ലെറ്റർ നിവർത്തി.
അതിലെ ഒഫീഷ്യൽ എംബ്ലവും, താഴെയുള്ള കുറിപ്പും അയാൾ വായിച്ചു.
അയാളുടെ കണ്ണുകൾ അവിശ്വസനീയതയോടെ വിടർന്നു.
"സാർ... ഇത്... പ്രൊമോഷൻ?"
ലെറ്റർ തുറന്നു നോക്കിയ ജയദേവൻ അമ്പരന്നു.
"Out-of-turn promotion," സക്കറിയയുടെ മുഖത്ത് ആദ്യമായി ഒരു നേരിയ ഭാവമാറ്റം വന്നു. "കേരള പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ ഒരു കേസ്, ഡിപ്പാർട്ട്മെന്റിന്റെ മാനം കാത്തുകൊണ്ട് 24 മണിക്കൂറിനുള്ളിൽ തെളിയിച്ചതിന്. മുഖ്യമന്ത്രി നേരിട്ട് വിളിച്ചിരുന്നു.
ജയദേവൻ ഞെട്ടലോടെ സക്കറിയയെ നോക്കി. അയാളുടെ ശബ്ദം പുറത്തേക്ക് വന്നില്ല.
"സാർ... ഇത്... ഇത് CI, അല്ല... DySP?"
ഒരു സബ് ഇൻസ്പെക്ടർക്ക് നേരിട്ട് ഡിവൈഎസ്പി ആകാൻ കഴിയില്ലെന്ന് ജയദേവന് അറിയാമായിരുന്നു….
"Out-of-turn. Double promotion," സക്കറിയയുടെ ശബ്ദം കനത്തു. "കേരള പോലീസിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരു എസ്.ഐ. 24 മണിക്കൂർ കൊണ്ട് CI എന്ന റാങ്ക് സ്കിപ്പ് ചെയ്ത് DySP ആകുന്നത്.
മുഖ്യമന്ത്രിയുടെ പ്രത്യേക താല്പര്യപ്രകാരമുള്ള ഉത്തരവാണ്."
"കേരള പോലീസിന്റെ അഭിമാനം, ഒരു ജനക്കൂട്ടത്തിന്റെയും, സ്വന്തം ഡിപ്പാർട്ട്മെന്റിന്റെയും മുന്നിൽ പണയപ്പെടുത്താതെ, ജീവൻ പണയം വെച്ച് തെളിയിച്ചതിന്," സക്കറിയ കൂട്ടിച്ചേർത്തു.
ജയദേവൻ ആ ലെറ്ററിലേക്ക് തന്നെ നോക്കിയിരുന്നുപോയി.
നെറ്റിയിലെ മുറിവിന്റെ വേദനയല്ല... ഇന്നലെ ആൾക്കൂട്ടം തന്റെ തൊപ്പി ചവിട്ടിത്തേച്ചപ്പോൾ നെഞ്ച് പിളർന്ന വേദന... സ്റ്റേഷൻ കത്തിക്കുമെന്ന് അവർ അലറിയപ്പോൾ അനുഭവിച്ച നിസ്സഹായത... ഐ.ജി.യുടെ അന്ത്യശാസനം... എല്ലാം ഒരു നിമിഷം കൊണ്ട് അയാളുടെ മനസ്സിലൂടെ കടന്നുപോയി.
അയാളുടെ കണ്ണുകൾ നിറഞ്ഞു.
അയാൾ ആ ലെറ്റർ നെഞ്ചോട് ചേർത്തുപിടിച്ചു. വേദന കടിച്ചമർത്തി കണ്ണുകളടച്ചു. ഒരു തുള്ളി കണ്ണുനീർ, നെറ്റിയിലെ ഉണങ്ങിയ രക്തപ്പാടുകളിലൂടെ അരിച്ചിറങ്ങി.
അയാൾ തിരിഞ്ഞ് പാർവതിയെ നോക്കി. അവളുടെ കണ്ണുകളിലും അത്ഭുതവും ആശ്വാസവും കലർന്ന കണ്ണുനീർ തിളങ്ങുന്നുണ്ടായിരുന്നു.
സക്കറിയ വാതിൽക്കലേക്ക് നടന്നു. തിരിഞ്ഞു,
" anyway Congratulations... DySP Jayadevan.”
IG യുടെ നാവിൽ നിന്ന് ആ വാക്കുകൾ, കേട്ടതും പാർവതി ഞെട്ടലോടെ ജയദേവനെ നോക്കി…..
*********
സാർ..." ജയദേവൻ പെട്ടെന്ന് എന്തോ ഓർത്തപോലെ വിളിച്ചു. "രുദ്രൻ... ഗായത്രി... അവർ എവിടെയാണ്?" അവൻ തിടുക്കത്തോടെ ചോദിച്ചു.
സക്കറിയ തിരിഞ്ഞു നിന്നു. ഇപ്പോൾ അയാളുടെ മുഖത്ത് ഒരു മേലുദ്യോഗസ്ഥന്റെ ഗൗരവമായിരുന്നില്ല, മറിച്ച് ഒരു സഹപ്രവർത്തകന്റെ ഭാവമായിരുന്നു.
"അവർ നമ്മുടെ കസ്റ്റഡിയിൽ തന്നെയുണ്ട്, ജയാ. ഇന്നലെ രാത്രി തന്നെ അവരെ സ്പെഷ്യൽ സെല്ലിലേക്ക് മാറ്റിയിരുന്നു. അവരെ ചോദ്യം ചെയ്യലിന്... താൻ ഓക്കേ ആണെങ്കിൽ..." സക്കറിയ ഒരു നിമിഷം മൗനത്തിലേക്ക് പോയ്.
"സാർ ഞാൻ...?" മുറിവിന്റെ വേദനയിലും ജയദേവന്റെ കണ്ണുകൾ തിളങ്ങി.
"Yes, ജയദേവൻ," സക്കറിയ ഉറപ്പിച്ചു പറഞ്ഞു. "താൻ തന്നെ വേണം അവരെ ചോദ്യം ചെയ്യാൻ. ഈ കേസ് തുടങ്ങിയത് താനാണ്. അത് പൂർത്തിയാക്കുന്നതും താൻ തന്നെയായിരിക്കണം."
"സാർ... അലൻ?" ജയദേവൻ ചോദിച്ചു. "അവനെ വിട്ട് നൽകിയോ?"
"ഉവ്വ്," സക്കറിയ പറഞ്ഞു. "ഇന്നലെ രാത്രി തന്നെ ഞാൻ സ്റ്റേഷനിൽ നേരിട്ട് ചെന്നാണ് അലനെ വീട്ടുകാർക്ക് വിട്ട് നൽകിയത്. കാര്യങ്ങൾ വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കി. മീഡിയയോടും സംസാരിച്ചു. പിന്നെ... വിവരങ്ങൾ എല്ലാം അലന് അറിയാവുന്നതുകൊണ്ട്, എല്ലാം എളുപ്പമായി."
സക്കറിയ ജയദേവന്റെ അടുത്തേക്ക് തിരിച്ചുവന്നു.
”തന്റെ ആ ബുദ്ധി... സമ്മതിച്ചേടോ!"
"ഞാൻ ഇറങ്ങട്ടെ," സക്കറിയ വീണ്ടും തിരിഞ്ഞു.
"സാർ... ബേസിൽ...?"
ഐ.ജി. സക്കറിയ വാതിൽക്കൽ നിന്ന് പുഞ്ചിരിച്ചു. "Yeah. ഞാൻ അത് പറയാൻ വിട്ടു."
അയാൾ ജയദേവനെ നോക്കി.
"തന്റെ ആ പഴയ എസ്.ഐ. കസേര... അതിലേക്ക് ഞാൻ അവനെ ഇരുത്തിയെടോ. അവനും കിട്ടി ഒരു പ്രൊമോഷൻ."
ജയദേവൻ കട്ടിലിലേക്ക് ചാരിയിരുന്നു. തന്റെ പ്രൊമോഷൻ ലെറ്റർ നെഞ്ചോട് ചേർത്തു. തന്റെ പങ്കാളി, താൻ വിശ്വസിച്ച ബേസിൽ, ഇപ്പോൾ തന്റെ കസേരയിൽ. നിരപരാധിയായ അലൻ മോചിതനായി. യഥാർത്ഥ കൊലയാളികൾ ഇരുമ്പഴിക്കുള്ളിൽ.
അയാളുടെ മനസ് ശാന്തമായി……
*************
സ്ഥലം: പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെ അതീവ സുരക്ഷാ ചോദ്യം ചെയ്യൽ മുറി.
സമയം: പിറ്റേന്ന് ഉച്ചയ്ക്ക് 12 മണി.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി, തലയിലെ ബാൻഡേജുമായി ജയദേവൻ നേരെ പോയത് അവിടേക്കായിരുന്നു. ആദർശിന്റെയും അഞ്ജലിയുടെയും കൊലയാളികളെ ഔദ്യോഗികമായി ചോദ്യം ചെയ്യുവാനുള്ള തിടുക്കത്തിലായിരുന്നു, ജയദേവൻ.
രുദ്രനെയും ഗായത്രിയെയും പിടികൂടി. തെളിവുകളെല്ലാം അവർക്കെതിരാണ്. എങ്കിലും, വെറും പ്രണയ വൈരാഗ്യം കൊണ്ട് മാത്രമാണ് ഇത്രയും ബുദ്ധിപരമായി, പോലീസിനെത്തന്നെ വെല്ലുവിളിച്ച് ഇങ്ങനെയൊരു 'പെർഫെക്റ്റ് ക്രൈം' അവർ പ്ലാൻ ചെയ്തത് എന്ന് അന്ധമായി വിശ്വസിക്കുവാൻ ജയദേവന് കഴിയുമായിരുന്നില്ല. അതിനുമപ്പുറം എന്തോ ഒന്ന് ഈ കളിയുടെ പിന്നിലുണ്ട്.
വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി, രണ്ട് വനിതാ പോലീസുകാരുടെ അകമ്പടിയോടെ ഗായത്രിയെയും, പിന്നാലെ രുദ്രനെയും ആ മുറിയിലേക്ക് കൊണ്ടുവന്നു.
അതൊരു സാധാരണ മുറിയായിരുന്നില്ല. ശബ്ദം പുറത്തുപോകാത്ത ചാരനിറത്തിലുള്ള ഭിത്തികൾ. ജനലുകളില്ല. മുറിയിൽ ആകെയുള്ളത് തറയിൽ ബോൾട്ട് ചെയ്ത ഒരു കനത്ത സ്റ്റീൽ മേശയും, മൂന്ന് കസേരകളും മാത്രം.
രുദ്രനെയും ഗായത്രിയെയും പരസ്പരം നോക്കാൻ കഴിയാത്ത രീതിയിൽ, മേശയുടെ ഇരുവശത്തുമായി ഇരുത്തി, അവരുടെ കൈകൾ കസേരയിൽ ബന്ധിച്ചിരുന്നു.
മുറിയിലെ ലൈറ്റുകൾ അണച്ചിരുന്നു. ആകെ വെളിച്ചം വരുന്നത് മേശയ്ക്ക് മുകളിൽ, കൃത്യം അവരുടെ മുഖങ്ങളിലേക്ക് മാത്രം പതിക്കുന്ന ഒരൊറ്റ, തീവ്രതയേറിയ സ്പോട്ട് ലൈറ്റിൽ നിന്നാണ്. അത് അവരെ വല്ലാതെ വിയർപ്പിച്ചു. മുറിയുടെ ഇരുണ്ട മൂലയിൽ, ഒരു ഡോം ക്യാമറയുടെ ചുവന്ന ലൈറ്റ് ഇടയ്ക്കിടെ മിന്നുന്നുണ്ടായിരുന്നു.
അവർക്ക് അഭിമുഖമായുള്ള ഭിത്തി മുഴുവൻ, ജയദേവന്റെ 'വാർ ബോർഡ്' സ്ഥാനം പിടിച്ചിരുന്നു. ആദർശിന്റെയും അഞ്ജലിയുടെയും ചിരിക്കുന്ന ഫോട്ടോകൾ, അവരുടെ മൃതദേഹത്തിന്റെ ചിത്രങ്ങൾ, വിഷം കലർന്ന ചോക്ലേറ്റ് ബോക്സിന്റെ ക്ലോസ്-അപ്പ്, 'BN-451/BLR' എന്ന് വലുതാക്കി എഴുതിയത്, ബാംഗ്ലൂരിലെ മാളിന്റെ സിസിടിവി ദൃശ്യം, എയർപോർട്ടിലെ ടാക്സി... ചുവന്ന നൂലുകൾ കൊണ്ട് ആ തെളിവുകളെല്ലാം രുദ്രന്റെയും ഗായത്രിയുടെയും ചിത്രങ്ങളിലേക്ക് കുരുക്കിട്ടിരുന്നു.
ആ ഭിത്തി അവരോട് വിളിച്ചുപറയുന്നുണ്ടായിരുന്നു: "നിങ്ങളുടെ എല്ലാ നീക്കങ്ങളും ഞങ്ങൾക്കറിയാമെന്ന്…!”
ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട്, മുറിയുടെ കനത്ത സ്റ്റീൽ ഡോർ ഒരു ക്ലിക്കോടെ തുറന്നു.
അകത്തേക്ക് വെളിച്ചം കടന്നുവന്നു. ആ വെളിച്ചത്തിന് മുന്നിൽ ഒരു നിഴൽരൂപം പോലെ, ജയദേവൻ ആ ഇരുണ്ട മുറിയിലേക്ക് കാലെടുത്തുവെച്ചു.
അവന്റെ വരവ് രുദ്രനും ഗായത്രിയും ഞെട്ടലോടെ അറിഞ്ഞു. ഇന്നലെ തങ്ങൾ ടിവിയിൽ 'സസ്പെൻഡ്' ആയെന്ന് കണ്ട് ചിരിച്ച അതേ ഉദ്യോഗസ്ഥൻ!
ജയദേവൻ സാവധാനം അവർക്ക് മുന്നിലെ, ഇരുട്ടിൽ മറഞ്ഞിരുന്ന കസേരയിലേക്ക് വന്നിരുന്നു. സ്പോട്ട് ലൈറ്റിന്റെ വെളിച്ചം അവന്റെ മുഖത്ത് പാതി മാത്രം പതിച്ചു. നെറ്റിയിലെ ബാൻഡേജും, കൈത്തണ്ടയിലെ കെട്ടും അവർ ഭയത്തോടെ കണ്ടു.
ജയദേവൻ മേശപ്പുറത്തേക്ക് ഒരു ഫയൽ വെച്ചു. ഒരു വാക്കുപോലും മിണ്ടിയില്ല. ആ മുറിയിൽ എ.സി.യുടെ നേർത്ത മൂളലും, ഭിത്തിയിലെ ക്ലോക്കിന്റെ ടിക്.. ടിക്.. ശബ്ദവും മാത്രം.
അഞ്ചു മിനിറ്റ്.
അയാൾ ഒന്നും ചോദിച്ചില്ല. ആ നിശബ്ദത അവരെ ഭ്രാന്ത് പിടിപ്പിക്കാൻ തുടങ്ങിയിരുന്നു.
ഒടുവിൽ, ഗായത്രി ആ നിശബ്ദത ഭേദിച്ചു.
"വെള്ളം..."
ജയദേവൻ അവളെ നോക്കിയില്ല. രുദ്രനെ നോക്കി.
"രുദ്രൻ... ഗായത്രി..." ജയദേവന്റെ ശബ്ദം ശാന്തവും, എന്നാൽ ഒരു കഠാര പോലെ മൂർച്ചയുള്ളതുമായിരുന്നു.
"Let's start from the beginning. എന്തിനായിരുന്നു?"
തുടരും..
DARK CHOCOLATE✍️✍️✍️ബിനു.
#📙 നോവൽ #💞 പ്രണയകഥകൾ #✍️ വട്ടെഴുത്തുകൾ #✍ തുടർക്കഥ #📔 കഥ