മുറിയുടെ നടുവിലിട്ടിരുന്ന ഒരു സ്റ്റീൽ കസേരയിലേക്ക് അലനെ വലിച്ചിരുത്തുമ്പോൾ അവൻ വിറയ്ക്കുന്നുണ്ടായിരുന്നു. ഉറക്കച്ചടവോടെ, എന്തിനാണ് തന്നെ പിടിച്ചുകൊണ്ടുവന്നതെന്നറിയാതെ അവന്റെ കണ്ണുകൾ ഭയന്നു. 
അവന്റെ കണ്ണുകൾ ആ ബോർഡിലേക്ക് നീണ്ടു. തന്റെ ഏട്ടന്റെയും ഏട്ടത്തിയുടെയും ചിരിക്കുന്ന, രക്തം വാർന്ന ഫോട്ടോകൾ... ചുവന്ന നൂലുകൾ... 'കൊലപാതകം' എന്ന് വലുതാക്കി എഴുതിയത്, ഒക്കെ അവന്റെ കണ്ണിൻ മുന്നിലൂടെ കടന്നുപോയി.
അവന്റെ തൊണ്ട വരളുന്നുണ്ടായിരുന്നു. 
"സാർ... ഇത്... ഇതെന്താ... എന്നെ എന്തിനാ..."
ജയദേവൻ മുറിയുടെ ഇരുണ്ട മൂലയിൽ നിന്ന് മുന്നോട്ട് വന്നു. അയാളുടെ മുഖം നിഴലിൽ പാതി മറഞ്ഞിരുന്നു. ടേബിൾ ലാമ്പിന്റെ വെളിച്ചം അയാളുടെ കൈയ്യിലിരുന്ന ഒരു ചെറിയ തെളിവ് ബാഗിൽ മാത്രം പതിച്ചു. അതിനുള്ളിൽ ആ വെൽവെറ്റ് ബോക്സും ചുരുട്ടിയ റാപ്പറിലേക്കും അലന്റെ കണ്ണുകൾ പാളി.
"ചോദ്യം ചെയ്യാനല്ല, അലൻ," ജയദേവന്റെ ശബ്ദം ആ മുറിയിൽ മുഴങ്ങി. "ഉത്തരം കിട്ടാൻ..!”
"എന്ത് ഉത്തരം സാർ? എനിക്കൊന്നും..."
"ബാച്ച് നമ്പർ: BN-451/BLR."
ജയദേവൻ ആ വാക്കുകൾ ഒരു ചുറ്റിക കൊണ്ടടിക്കുന്നതുപോലെ പറഞ്ഞു.
അലന്റെ മുഖം വിളറി വെളുക്കുന്നത് ജയദേവൻ കണ്ടു. അവന്റെ കണ്ണുകളിലെ ഭയം ആ മുറിയിലെ വെളിച്ചത്തിൽ തിളങ്ങി.
"അ... അതെന്താ സാർ? എനിക്ക്… മനസ്സിലായില്ല."
"അമാര'സ് ഡാർക്ക് വെൽവെറ്റ്," ജയദേവൻ തുടർന്നു, ഓരോ വാക്കും മുറിച്ചുകൊണ്ട്. 
"ഇന്ത്യയിലെ അഞ്ച് മാളുകളിൽ മാത്രം കിട്ടുന്ന ലക്ഷ്വറി ചോക്ലേറ്റ്. അതിൽ BN-451 എന്ന ബാച്ച്... അത് വിതരണം ചെയ്തത് ഒരേയൊരു നഗരത്തിൽ. ബാംഗ്ലൂർ."
ജയദേവൻ അലന്റെ കസേരയ്ക്ക് മുന്നിൽ വന്നു നിന്നു. കുനിഞ്ഞ്, അവന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി. 
"നീയെവിടെയാ, അലൻ, ജോലി ചെയ്യുന്നത്?"
"ബാംഗ്ലൂർ... പക്ഷെ സാർ... ഞാൻ... ഞാനല്ല..." അലൻ കസേരയിൽ കിടന്ന് പുളഞ്ഞു.
"നീയാണ്!" ബേസിൽ ശബ്ദമുയർത്തി. "നീയാണ് ആ ഗിഫ്റ്റ് അവിടെ വെച്ചത്!"
"അല്ല!" ജയദേവൻ ബേസിലിനെ കൈകൊണ്ട് തടഞ്ഞു. അയാളുടെ കണ്ണുകൾ അലനിൽ നിന്ന് മാറിയില്ല. "അതിലും വലുതാണ് ഇവൻ ചെയ്തത്."
അയാൾ ഇൻവെസ്റ്റിഗേഷൻ ബോർഡിലേക്ക് വിരൽ ചൂണ്ടി. "ആദർശ് ആ ഗിഫ്റ്റ് ബോക്സ് എടുക്കാൻ കാരണം അതൊരു 'കൗതുകം' ആയതുകൊണ്ടല്ല. അത് നീ അവന്റെ കയ്യിൽ വെച്ചുകൊടുത്തതാണ്. 'ഏട്ടാ, ഇതൊരു സ്പെഷ്യൽ ഗിഫ്റ്റാണ്, മുറിയിൽ പോയി തുറന്നാൽ മതി' എന്ന് നീ അവനോട് പറഞ്ഞു. ശരിയല്ലേ, അലൻ?"
"അല്ല സാർ! ഞാൻ... ഞങ്ങൾ തമാശ പറയുകയായിരുന്നു..." അലന്റെ ശബ്ദം നേർത്തു.
"തമാശയോ?" ജയദേവന്റെ ശബ്ദം ഉയർന്നു. "നീ ബാംഗ്ലൂരിൽ നിന്ന് വാങ്ങിക്കൊണ്ടുവന്ന ആ ചോക്ലേറ്റിൽ... അതിൽ നീ എന്ത് കലർത്തി? 
സ്വന്തം ഏട്ടന് കൊടുക്കാൻ മാത്രം... എന്ത് വിഷമാണ് നീ അതിൽ ചേർത്തത്?"
"സാർ!" അലൻ പൊട്ടിക്കരഞ്ഞു. "ഞാൻ ഒന്നും ചെയ്തിട്ടില്ല! എന്റെ ഏട്ടനാ അത്!"
"പിന്നെ എന്തിനാടാ നീയത് മറച്ചുവെച്ചത്?" ജയദേവൻ മേശപ്പുറത്ത് ആഞ്ഞടിച്ചു. ആ തെളിവ് ബാഗ് കുലുങ്ങി. "ആ ചോക്ലേറ്റ് നീയാണ് വാങ്ങിയതെന്ന്, ആ ഗിഫ്റ്റ് നീയാണ് അവിടെ വെച്ചതെന്ന് എന്തിനാണ് ഞങ്ങളോട് പറയാതിരുന്നത്? നീ എന്തിനാണ് 'ആരോ തന്ന ഗിഫ്റ്റ്' എന്ന് കള്ളം പറഞ്ഞത്?"
"അത്... അത്..." അലൻ വാക്കുകൾക്ക് വേണ്ടി പരതി. "അത്... പേടിച്ചിട്ട്... സാർ. ആ ചോക്ലേറ്റ് കഴിച്ചാണ് അവർ മരിച്ചതെന്ന് അറിഞ്ഞപ്പോൾ... അത് വാങ്ങിയത് ഞാനാണെന്ന് അറിഞ്ഞാൽ... എല്ലാവരും എന്നെ സംശയിക്കും... ഞാൻ പേടിച്ചുപോയി സാർ…”
അവൻ കസേരയിൽ തളർന്നിരുന്നു.
"പേടിച്ചു... അല്ലെ?" ജയദേവന്റെ മുഖം അയഞ്ഞു. അവൻ കസേരയിലേക്ക് തിരികെ ഇരുന്നു.
"ബേസിൽ," ജയദേവൻ ശാന്തനായി പറഞ്ഞു.
"സാർ?"
"ഇവന്റെ അറസ്റ്റ് രേഖപ്പെടുത്തിക്കോ. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന്. പോലീസിനോട് കള്ളം പറഞ്ഞതിന്. ബാക്കി... ബാക്കി നമുക്ക് ഇവൻ വാങ്ങിയ ആ ബാംഗ്ലൂരിലെ കടയിൽ ചെന്ന് ചോദിക്കാം."
"അയ്യോ സാർ! ഞാൻ... ഞാനല്ല കൊന്നത്... ഞാൻ വാങ്ങിയ ചോക്ലേറ്റിൽ വിഷം ഉണ്ടായിരുന്നില്ല... സാർ... എന്നെ രക്ഷിക്കണം സാർ...!"
അലന്റെ അലർച്ച ആ മുറിയിൽ തങ്ങിനിന്നു. പക്ഷെ ജയദേവന്റെ മുഖത്ത് ഒരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല. കൊലയാളിയിലേക്കുള്ള ആദ്യത്തെ കവാടം അയാൾ തുറന്നിരുന്നു.
ബേസിൽ, അവന് കുറച്ചു വെള്ളം കൊടുക്ക്, ഇനി നടന്നതൊക്കെ അവൻ തനിയെ ഛർദിക്കും.
ജയദേവൻ വാർ റൂമിന് പുറത്തേക്ക് ഇറങ്ങി.
********
സമയം: രാവിലെ 7 മണി.
ചോദ്യം ചെയ്യലിന്റെ രണ്ടാം ഘട്ടമെന്ന നിലക്ക്, വീണ്ടും ജയദേവനും ബേസിലും മറ്റ് രണ്ട് കോൺസ്റ്റബിൾ മാരും വാർ റൂമിലേക്ക് കയറി. 
വാർ റൂമിൽ ചാരി വച്ചിരുന്ന, കനമുള്ള ചൂരൽ വടികളും,  അവരുടെ കൈ വശം ഉണ്ടായിരുന്നു.
മുറിയുടെ നടുവിലിട്ടിരുന്ന സ്റ്റീൽ കസേരയിൽ അലൻ തളർന്നിരിക്കുകയായിരുന്നു. അവരെ കണ്ടതും അവൻ വിറച്ചു പോയിരുന്നു.
അവർ അടുത്തേക്ക് വരും തോറും അലന്റെ കാലുകൾ വിറച്ച് വിറച്ച്, കോച്ചി പിടിച്ച് വേദനിക്കാൻ തുടങ്ങി.
ഇൻവെസ്റ്റിഗേഷൻ ബോർഡിലെ ചുവന്ന നൂലുകളും, തന്റെ ഏട്ടന്റെ ചിത്രങ്ങളും അവനെ ഭ്രാന്ത് പിടിപ്പിച്ചു.
അവന്റെ കാലുകൾക്കിടയിലൂടെ മൂ. ത്രം നിലത്തേക്ക് ഒഴുകി.
ജയദേവൻ അലന്റെ കസേരയ്ക്ക് മുന്നിൽ കുനിഞ്ഞുനിന്നു. അയാളുടെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി.
"നീയെവിടെയാ, അലൻ, ജോലി ചെയ്യുന്നത്?"
"ബാംഗ്ലൂർ... പക്ഷെ സാർ... ഞാൻ... ഞാനല്ല..." അലൻ വിറച്ചു.
"ബാച്ച് നമ്പർ: BN-451/BLR," ജയദേവൻ വീണ്ടും ഉച്ചത്തിൽ പറഞ്ഞു."ബാംഗ്ലൂരിലെ അഞ്ച് സ്റ്റോറുകളിൽ മാത്രം കിട്ടുന്ന 'അമാര'സ് ഡാർക്ക് വെൽവെറ്റ്'. നീയാണ് അത് വാങ്ങിയത്. നീയാണ് ആ ഗിഫ്റ്റ് ബോക്സ് അവിടെ വെച്ചത്. എന്തിന്? സ്വന്തം ഏട്ടനെ കൊല്ലാൻ മാത്രം എന്ത് പകയായിരുന്നു നിനക്ക്?"
"ഇല്ല!" അലൻ അലറിക്കരഞ്ഞു. "സാർ... ഞാൻ ചെയ്തിട്ടില്ല!"
"പിന്നെ എന്തിനാടാ നീ കള്ളം പറഞ്ഞത്?" ബേസിൽ അവന്റെ തോളിൽ പിടിച്ചു കുലുക്കി. "ആ ചോക്ലേറ്റ് നീയാണ് വാങ്ങിയതെന്ന് എന്തിനാണ് മറച്ചുവെച്ചത്?"
"ഞാൻ... ഞാൻ..." അലൻ പൊട്ടിക്കരച്ചിലിന്റെ വക്കിലെത്തി. "അതെ സാർ! അതെ! ഞാൻ വാങ്ങി! ആ ചോക്ലേറ്റ് ഞാൻ വാങ്ങിയതാണ്!"
ആ കുറ്റസമ്മതത്തിൽ മുറി ഒരു നിമിഷം നിശ്ചലമായി. ജയദേവനും ബേസിലും പരസ്പരം നോക്കി. 'We got him.'
"പക്ഷെ!" അലൻ ഒരു നിമിഷം മൗനത്തോടെ അവരെ നോക്കി. "അത് ഏട്ടന് വേണ്ടിയായിരുന്നില്ല! ദൈവത്തെയാണെ! എന്റെ ഏട്ടന് വേണ്ടിയല്ല ഞാനത് വാങ്ങിയത്!"
ജയദേവന്റെ നെറ്റി ചുളിഞ്ഞു. "പിന്നെ ആർക്ക് വേണ്ടി?"
"അത്... അത് പ്രിയയ്ക്ക് വേണ്ടിയായിരുന്നു സാർ!"
"പ്രിയയോ? അതാരാ?" ബേസിൽ ചോദിച്ചു.
"എന്റെ... എന്റെ ഗേൾഫ്രണ്ടാണ്. അവൾ കൊച്ചി ഇൻഫോപാർക്കിലാണ് വർക്ക് ചെയ്യുന്നത്. 
അവൾക്ക് ഈ ബ്രാൻഡ് ഭയങ്കര ഇഷ്ടമാണ്. ഞാൻ ബാംഗ്ലൂരിൽ നിന്ന് വരുമ്പോൾ അവൾക്ക് വേണ്ടിയാണ് അത് വാങ്ങിയത്..." അലൻ ഏങ്ങലടിച്ചുകൊണ്ട് പറഞ്ഞു.
ജയദേവൻ പുച്ഛത്തോടെ ചിരിച്ചു. "കൊള്ളാം. നല്ല കഥ. ഏട്ടൻ മരിച്ചപ്പോൾ ഉണ്ടാക്കിയ ഒരു ഒന്നാന്തരം തിരക്കഥ. അപ്പോൾ ആ ചോക്ലേറ്റ് എവിടെ?"
"അത്... അത് ഞങ്ങൾ കഴിച്ചു സാർ!" അലൻ തീർത്തും നിസ്സഹായനായി.
"കഴിച്ചെന്നോ?"
"അതെ സാർ! കല്യാണത്തിന് രണ്ട് ദിവസം മുൻപ്... ഞങ്ങൾ പുറത്തുവെച്ച് കണ്ടപ്പോൾ ഞാനത് അവൾക്ക് കൊടുത്തു. ഞങ്ങൾ... ഞങ്ങൾ ഒരുമിച്ച് അത് കഴിച്ചു! സത്യമാണ് സാർ! 
അവൾക്കിപ്പോഴും ഒന്നുമില്ല, എനിക്കും ഒന്നുമില്ല! നിങ്ങൾക്ക് അവളെ വിളിച്ച് ചോദിക്കാം സാർ!"
ജയദേവന്റെയും ബേസിലിന്റെയും മുഖത്തെ ഭാവം മാറി.
അലൻ ആശ്വാസത്തിനായി ശ്വാസം വലിച്ചു. 
"സാർ... ആ മുറിയിൽ നിന്ന് കിട്ടിയ... ആ റാപ്പർ... അത്... അത് എന്റേതല്ല!"
ആ വാക്ക് ആ മുറിയിൽ തങ്ങിനിന്നു.
ജയദേവൻ ഒരു നിമിഷം സ്തംഭിച്ചുപോയി.
അലൻ പറയുന്നതാണ് സത്യമെങ്കിൽ... അതിന്റെ അർത്ഥം ഭീകരമാണ്.
ഒരേ ബ്രാൻഡ്. ഒരേ ബാച്ച് നമ്പർ.
ഒന്ന് വിഷം പുരട്ടാത്തത്, അലൻ പ്രിയയ്ക്ക് നൽകിയത്.
മറ്റൊന്ന്, വിഷം പുരട്ടിയത്, ആ ഗിഫ്റ്റ് കൂമ്പാരത്തിൽ ഇരുന്നത്.
കൊലയാളി... അവൻ അലനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അലൻ ഈ ചോക്ലേറ്റ് വാങ്ങുമെന്ന് അവന് അറിയാമായിരുന്നു. അല്ലെങ്കിൽ, അലൻ ബാംഗ്ലൂരിൽ ആയതുകൊണ്ട്, ഇതേ ചോക്ലേറ്റ് ഉപയോഗിച്ചാൽ സംശയം അലനിലേക്ക് തിരിയുമെന്ന് കൊലയാളിക്ക് കൃത്യമായി അറിയാമായിരുന്നു.
അവൻ അലനെ ഒരു കരുവാക്കി. ഒരു 'scapegoat'.
ജയദേവൻ കസേരയിലേക്ക് സാവധാനം ഇരുന്നു. തന്റെ കയ്യിൽ കിട്ടിയെന്ന് ഉറപ്പിച്ച പ്രതി, ഒരു നിമിഷം കൊണ്ട് കൈവിട്ടുപോയിരിക്കുന്നു. 
യഥാർത്ഥ കൊലയാളി... അവൻ ഇപ്പോഴും ചിരിച്ചുകൊണ്ട് പുറത്തുണ്ട്.
"ബേസിൽ," ജയദേവന്റെ ശബ്ദം വീണ്ടും കനത്തു.
"സാർ!"
"ആ 'പ്രിയ'യുടെ അഡ്രസ്സും ഫോൺ നമ്പറും എടുക്ക്. ഉടൻ."
"പിന്നെ... ബാംഗ്ലൂർ ടീമിനെ വിളിക്ക്. ആ അഞ്ച് മാളുകളിലെയും 'അമാര'സ്' സ്റ്റോറിലെ സിസിടിവി ഫൂട്ടേജ് എനിക്ക് വേണം. കഴിഞ്ഞ രണ്ടാഴ്ചത്തെ. അലൻ ആ ചോക്ലേറ്റ് വാങ്ങുന്നത് എനിക്ക് കാണണം."
അയാൾ അലനെ നോക്കി. "അതുപോലെ... ആ ചോക്ലേറ്റ് വാങ്ങിയ മറ്റൊരാളെയും എനിക്ക് കാണണം…
************
"അലൻ!" ബേസിൽ അലന്റെ കസേരയുടെ കൈപ്പിടിയിൽ ആഞ്ഞടിച്ചുകൊണ്ട് വിളിച്ചു. "നീ ഈ ചോക്ലേറ്റ് വാങ്ങിയ വിവരം... അല്ലെങ്കിൽ വാങ്ങാൻ പോകുന്ന വിവരം... ആരോടെങ്കിലും പറഞ്ഞിരുന്നോ?"
അലൻ ആ അലർച്ചയിൽ ഞെട്ടി വിറച്ചു.
"പ്രിയയോട്?" ബേസിൽ അവന്റെ മുഖത്തേക്ക് കുനിഞ്ഞു. "അവളോട് പറഞ്ഞിട്ടാണോ നീ ഇത് വാങ്ങിയത്?"
"ഇല്ല സാർ! ദൈവത്തിനാണെ!" അലൻ പൊട്ടിക്കരഞ്ഞു. "ബാംഗ്ലൂരിൽ ജോലി കിട്ടിയതിനു ശേഷം ഞാൻ ആദ്യമായി നാട്ടിലേക്ക് വരുന്നത് കൊണ്ട് അവൾക്ക് സ്പെഷ്യലായിട്ട്  എന്തെങ്കിലും വാങ്ങണം എന്ന് മാത്രമേ ഞാൻ ചിന്തിച്ചുള്ളൂ. അവൾക്ക് ഈ ബ്രാൻഡ് ഇഷ്ടമാണെന്ന് എനിക്കറിയാമായിരുന്നു... അങ്ങിനെയാണ് ഇത് വാങ്ങുന്നത്."
"ആരോടും?" ജയദേവന്റെ ശാന്തമായ ശബ്ദം ആ മുറിയിൽ മുഴങ്ങി.
"ആരോടും ഞാൻ പറഞ്ഞതായി ഓർക്കുന്നില്ല സാർ... പ്രിയയോട് പോലും പറഞ്ഞിട്ടില്ല! 
വന്നതിനു ശേഷം അവളുടെ കയ്യിൽ വച്ച് കൊടുക്കുന്ന നേരമാണ് അവൾ പോലും അത് അറിയുന്നത്." അലൻ വിറച്ചുകൊണ്ട് പറഞ്ഞു.
ജയദേവന്റെ മനസ്സ് അതിവേഗം കണക്കുകൂട്ടി. കൊലയാളി, അവൻ അലന്റെ പ്രവൃത്തികൾ അറിഞ്ഞിരുന്നു. അവൻ അലനെ നിരീക്ഷിക്കുകയായിരുന്നു.
"നിങ്ങൾ എവിടെ വെച്ചാണ് കണ്ടത്?" ജയദേവൻ ചോദിച്ചു.
"സാർ?"
"നീയും പ്രിയയും," ജയദേവന്റെ ശബ്ദം കടുത്തു. 
"എവിടെ വെച്ചാണ് കണ്ടത്?"
"കല്യാണത്തിന് രണ്ട് ദിവസം മുൻപായി ... എറണാകുളത്ത്... ചങ്ങമ്പുഴ പാർക്കിൽ വെച്ച്."
"ആ ചോക്ലേറ്റ് കവർ," ജയദേവൻ അടുത്ത ചോദ്യമെറിഞ്ഞു. "നിങ്ങൾ എന്ത് ചെയ്തു?"
"അവിടെ വെച്ച് ഞങ്ങൾ അത് കഴിച്ചു സാർ... അതിനുശേഷം ആ റാപ്പർ... അത് അവിടെയുള്ള ഒരു വേസ്റ്റ് ബിന്നിൽ ഞാനാണ് കൊണ്ട് ഇട്ടത്."
ബേസിൽ ഇടയിൽ കയറി. "അപ്പോൾ അവിടെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ? നിങ്ങളെ ആരെങ്കിലും ശ്രദ്ധിക്കുന്നതായി... പിന്തുടരുന്നതായി...?"
അലൻ ഒരു നിമിഷം ഓർക്കാൻ ശ്രമിച്ചു. പിന്നെ നിസ്സഹായനായി തലയാട്ടി.
"പാർക്ക് അല്ലെ സാർ... അവിടെ ആളുകൾ വന്നും പോയും ഉണ്ടായിരുന്നു." അവന്റെ ശബ്ദം ഇടറി. "മൂന്ന് നാല് മാസത്തിനു ശേഷമാണു സാർ അവളും ഞാനും വീണ്ടും കാണുന്നത്. ആ നിമിഷം... സത്യം പറഞ്ഞാൽ... ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല..."
ജയദേവൻ കസേരയിൽ നിന്നെഴുന്നേറ്റു.
അയാൾ അലനെ നോക്കിയില്ല. അയാളുടെ കണ്ണുകൾ ഇൻവെസ്റ്റിഗേഷൻ ബോർഡിലായിരുന്നു.
"അവൻ നിങ്ങളെ കണ്ടു, അലൻ," ജയദേവൻ പതുക്കെ പറഞ്ഞു.
"സാർ?"
"കൊലയാളി... അവൻ നിങ്ങളെ ആ പാർക്കിൽ വെച്ച് കണ്ടു. അല്ലെങ്കിൽ, നീ ബാംഗ്ലൂരിൽ നിന്ന് വരുന്നത് മുതൽ അവൻ നിന്നെ പിന്തുടരുകയായിരുന്നു. നീ ആ ചോക്ലേറ്റ് വാങ്ങുന്നത് അവൻ അറിഞ്ഞു. നീ അത് പ്രിയയ്ക്ക് കൊടുക്കുന്നത് അവൻ കണ്ടു. നീ ആ റാപ്പർ വേസ്റ്റ് ബിന്നിൽ ഇടുന്നതും അവൻ കണ്ടു..."
ജയദേവൻ പറഞ്ഞു.
"സാർ... അപ്പോൾ ആ മുറിയിൽ നിന്ന് കിട്ടിയ റാപ്പർ...?" ബേസിൽ ചോദിച്ചു.
"അലൻ പറഞ്ഞത് ശരിയാണ്," ജയദേവൻ തിരിഞ്ഞു. "അവന്റെയല്ല. കൊലയാളി അലനെ പിന്തുടർന്നു... അവൻ ആ വേസ്റ്റ് ബിന്നിൽ നിന്ന് ആ റാപ്പർ എടുത്തു..."
ജയദേവന്റെ ശബ്ദം നിലച്ചു.
"എന്നിട്ട്...?" ബേസിൽ പുരികമുയർത്തി…
"എന്നിട്ട് അവൻ അതേ ബ്രാൻഡിന്റെ മറ്റൊരു ചോക്ലേറ്റ് വാങ്ങി, അതിൽ വിഷം നിറച്ചു. 
ആദർശിന്റെ മുറിയിൽ നമ്മൾ കണ്ടെത്തിയ ആ ചെറിയ വെൽവെറ്റ് ബോക്സിൽ വെച്ചു.
അതിനൊപ്പം തെളിവായി, അവൻ പാർക്കിലെ ബിന്നിൽ നിന്ന് എടുത്ത, അലന്റെ വിരലടയാളം പതിഞ്ഞ ആ ഒറിജിനൽ റാപ്പറും വെച്ചു. അതുകൊണ്ടാണ് ആ റാപ്പറിൽ അലന്റെ വിരലടയാളം മാത്രം..."
"സാർ... പക്ഷെ ലാബ് റിപ്പോർട്ടിൽ..." ബേസിൽ പകുതിക്ക് നിർത്തി.
"ലാബ് റിപ്പോർട്ടിൽ ആദർശിന്റെയും അഞ്ജലിയുടെയും വിരലടയാളം മാത്രമേ ഉണ്ടായിരുന്നുള്ളൂ അല്ലെ," ജയദേവൻ സ്വയം തിരുത്തി. 
"അലന്റെ ഉണ്ടായിരുന്നില്ല."
അയാൾ വീണ്ടും ചിന്തയിലാണ്ടു.
"അല്ല... കൊലയാളി അത്ര വിഡ്ഢിയല്ല. അവൻ അലന്റെ റാപ്പർ എടുത്തിട്ടില്ല."
ജയദേവൻ വീണ്ടും അലന് നേരെ തിരിഞ്ഞു. അയാളുടെ കണ്ണുകൾ ഒരു സൂചിയുടെ മൂർച്ചയോടെ അലനിൽ തറച്ചു.
"നീ വാങ്ങിയ ചോക്ലേറ്റ്... അത് എങ്ങനത്തെ പാക്കിംഗ് ആയിരുന്നു?"
"അത്... ഒരു നീല റാപ്പർ ആയിരുന്നു സാർ... 'അമാര'സ്'..."
"ബോക്സ് ഉണ്ടായിരുന്നോ?"
"ഇല്ല സാർ. വെറും റാപ്പർ മാത്രം. സാധാരണ ചോക്ലേറ്റ് പോലെ."
ജയദേവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.
"നമുക്ക് മുറിയിൽ നിന്ന് കിട്ടിയതോ, ബേസിൽ?"
"ഒരു വെൽവെറ്റ് ഗിഫ്റ്റ് ബോക്സും, അതിനുള്ളിൽ ഒരു റാപ്പറും!" ബേസിൽ പൂർത്തിയാക്കി.
"അതെ," ജയദേവൻ പറഞ്ഞു. "രണ്ടും രണ്ട് പ്രോഡക്റ്റാണ്. കൊലയാളി അലനെ നിരീക്ഷിച്ചു. അലൻ വരുന്നതും പോകുന്നതും എല്ലാം അവൻ കാണുന്നുണ്ടായിരുന്നു.
അലനിലൂടെ തന്നെ ശ്രദ്ധ തിരിക്കണം എന്നത് അവന്റെ വെൽ പ്ലാൻഡ് ആയിരുന്നു.
അലൻ ചോക്ലേറ്റ് വാങ്ങി പോയ ശേഷം രണ്ടാമത് അതേ ബ്രാൻഡിന്റെ ഏറ്റവും ലക്ഷ്വറിയായ, ഗിഫ്റ്റ് ബോക്സ് എഡിഷൻ വാങ്ങി. ആ ഗിഫ്റ്റ്, അത് കൗതുകമായ ഒന്നായത് കൊണ്ട് തന്നെ അവന് ഉറപ്പായിരുന്നു ആ ദിവസം അവർ അത് ഓപ്പൺ ചെയ്യുമെന്ന്…. അതിൽ വിഷം വച്ച്, 
അന്വേഷണം ബാംഗ്ലൂരിലേക്കും, സ്വാഭാവികമായും അലനിലേക്കും എത്തുമെന്ന് അവന് കൃത്യമായി അറിയാമായിരുന്നു."
"നീ നിരപരാധിയായിരിക്കാം, അലൻ," ജയദേവൻ അലനോട് പറഞ്ഞു. "പക്ഷെ കൊലയാളി നിന്നെ ഒരു പരിചയാക്കി ഉപയോഗിച്ചു. ഇനി പറ... നീ ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന വിവരം, നിനക്ക് ഈ ബ്രാൻഡ് ചോക്ലേറ്റ് ഇഷ്ടമാണെന്ന വിവരം... അടുത്തിടെ ആരുമായെങ്കിലും നീ പങ്കുവെച്ചിരുന്നോ?"
അന്വേഷണം വീണ്ടും ഒരു പുതിയ ദിശയിലേക്ക് തിരിയുകയായിരുന്നു.
സമയം: രാവിലെ 8:00
അലന്റെ വെളിപ്പെടുത്തലുകൾ കേട്ട് മുറി നിശ്ചലമായി. ജയദേവൻ അലനെ സൂക്ഷിച്ചുനോക്കി. ഇവൻ പറയുന്നത് സത്യമാണോ? അതോ അതിവിദഗ്ദ്ധമായി കെട്ടിച്ചമച്ച ഒരു കഥയോ?
"ഇല്ല സാർ," അലൻ വിറച്ചുകൊണ്ട് ആവർത്തിച്ചു. "ഞാൻ അത് വാങ്ങിക്കുന്ന വിവരം അധികം ആരോടും പറഞ്ഞിട്ടില്ല. പ്രിയക്ക് വേണ്ടി ആയതുകൊണ്ട് ഞാൻ ആരോടും ആ വിവരം പങ്കുവെക്കാൻ പോയില്ല."
ജയദേവൻ ബേസിലിനെ നോക്കി. ബേസിൽ ഒരു നിമിഷം ആലോചിച്ചു.
"സാർ, ഇവൻ പറയുന്നത് സത്യമാണെങ്കിൽ," ബേസിൽ പറഞ്ഞു. "കൊലയാളി ഇവനെ നിരീക്ഷിച്ചിട്ടുണ്ട്. ചങ്ങമ്പുഴ പാർക്കിൽ വെച്ച്."
ജയദേവൻ ബേസിലിന്റെ തോളിൽ തട്ടി. 
"ബേസിൽ, എനിക്ക് ആ പാർക്കിൽ നിന്ന് ഇവർ പോയ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ കിട്ടണം. എല്ലാ ആംഗിളുകളും. പ്രത്യേകിച്ച് ഇവർ ഇരുന്ന സ്പോട്ടിലെയും, ആ വേസ്റ്റ് ബിന്നിന്റെ അടുത്തുള്ള ദൃശ്യങ്ങളും. ആരെങ്കിലും എന്തെങ്കിലും ആ ബിന്നിൽ നിന്ന് എടുക്കുന്നുണ്ടോ എന്ന് നോക്കണം."
"Yes സാർ!" ബേസിൽ പറഞ്ഞു.
ജയദേവൻ തിരികെ അലന് നേരെ നിന്നു. 
ഇപ്പോൾ അയാളുടെ മുഖത്ത് ദേഷ്യമല്ല, ഒരുതരം സഹതാപമായിരുന്നു.
"അലൻ, കൊലയാളി നിന്നെ ഒരു ചൂണ്ടയിൽ കൊരുത്ത് ഞങ്ങൾക്ക് മുന്നിലേക്ക് ഇട്ടുതന്നിട്ട് അവൻ മാറിനിന്ന് രസിക്കുകയാണ്. നീ പറഞ്ഞത് ഞങ്ങൾ വിശ്വസിക്കാം. പക്ഷെ, തത്കാലം തന്നെ വിട്ടയക്കാൻ കഴിയില്ല. ഞങ്ങളുടെ കസ്റ്റഡിയിൽ തന്നെ തുടരണം."
"സാർ!"   അലൻ ഞെട്ടലോടെ ജയദേവനെ നോക്കി.
"അവന്റെ ആവേശം തത്കാലം കെട്ടടങ്ങട്ടെ," ജയദേവൻ തുടർന്നു. "അവൻ കരുതുന്നത് നമ്മൾ നിന്നെ പിടിച്ചതോടെ കേസ് തെളിഞ്ഞു എന്നാണ്. അവൻ വിശ്രമിക്കട്ടെ. അതുവരെ, താങ്കളുടെ ഏട്ടനെയും ഏട്ടത്തിയെയും കൊലപ്പെടുത്തിയവനെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ താങ്കളുടെ സഹായം ഞങ്ങൾക്ക് ഇപ്പൊ ആവശ്യമാണ്."
"പക്ഷെ സാർ, ഈ വിവരം പുറത്തറിഞ്ഞാൽ... എന്റെ ഭാവി... എന്റെ പ്രിയ, എന്റെ ഫാമിലി, ഏട്ടത്തിയുടെ ഫാമിലി... എന്റെ ഫ്രണ്ട്സ്... സാർ അവർ തകർന്നു പോകും...!" അലൻ കരഞ്ഞു.
ജയദേവൻ അലന്റെ തോളിൽ കൈവെച്ചു. ശബ്ദം താഴ്ത്തി.
"താൻ വിഷമിക്കാതെടോ. താൻ നിരപരാധിയാണെങ്കിൽ അത് തെളിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. വീട്ടുകാരെയും പ്രിയയെയും ഒക്കെ ഞാൻ പറഞ്ഞ് മനസ്സിലാക്കിക്കോളാം. പക്ഷെ ഇപ്പോൾ... ഇനിയൊരു തീക്കളിയാണ്. താൻ എന്റെ കൂടെ നിൽക്കണം. താൻ കൂടെയുണ്ടെങ്കിലേ എനിക്കവനെ പിടിക്കാൻ പറ്റൂ."
അലൻ കണ്ണീരിനിടയിലും പ്രതീക്ഷയോടെ ജയദേവനെ നോക്കി.
ജയദേവൻ അവനെ നോക്കി തലകുലുക്കി. 
പിന്നെ മുറി വിട്ട് പുറത്തേക്കിറങ്ങി.
വാതിൽക്കൽ വെച്ച് അയാൾ ബേസിലിനെ വിളിച്ചു. "ബേസിൽ," അയാൾ തന്റെ വാലറ്റ് തുറന്ന് അതിൽ നിന്നും ഒരു അഞ്ഞൂറിന്റെ നോട്ട് എടുത്തു ബേസിലിന് നീട്ടി.
"ഇവന്റെ കയ്യിലെ വിലങ്ങ് അഴിച്ചു മാറ്റിയേക്ക്. എന്തേലും നല്ല ഭക്ഷണം വാങ്ങി കൊടുക്ക്. പുറത്തേക്ക് വിടരുത്. ആരും കാണാനും പാടില്ല. അത് ശ്രദ്ധിക്കണം.”
“Yes സാർ,!” ജയദേവൻ പറഞ്ഞത് കേട്ട്, ബേസിൽ handcuffs അഴിക്കുവാൻ, കോൺസ്റ്റബ്ലിന് നിർദ്ദേശം നൽകി.
************
അലൻ എന്ന കച്ചിത്തുരുമ്പ് കൈവിട്ടുപോയെങ്കിലും, കൊലയാളി ബാംഗ്ലൂർ കേന്ദ്രീകരിച്ചാണ് കളിക്കുന്നതെന്ന് അയാൾക്ക് ഉറപ്പായിരുന്നു. അലൻ നിരപരാധിയാണെങ്കിൽ, അലനെ കുടുക്കാൻ ശ്രമിച്ച ആൾ... അവൻ അതിഭീകരനായ ഒരു ബുദ്ധിശാലിയാണ്.
അയാളുടെ മേശപ്പുറത്ത്, സൈബർ സെല്ലിൽ നിന്നുള്ള കട്ടിയുള്ള, സീൽ ചെയ്ത കവർ കാത്തിരിപ്പുണ്ടായിരുന്നു. ആദർശിന്റെയും അഞ്ജലിയുടെയും കഴിഞ്ഞ ആറുമാസത്തെ സമ്പൂർണ്ണ ഫോൺ വിശകലന റിപ്പോർട്ട്.
ജയദേവൻ ഒരു സിഗരറ്റിന് തീ കൊളുത്തി, ആ കവർ പൊട്ടിച്ചു.
അയാൾ അത് തുറന്ന് വായിക്കാൻ തുടങ്ങി. ആദ്യത്തെ കുറച്ച് പേജുകൾ സാധാരണ കോൾ ലിസ്റ്റുകളായിരുന്നു. എന്നാൽ, റിപ്പോർട്ടിന്റെ മധ്യഭാഗത്തേക്ക് എത്തിയപ്പോൾ, ജയദേവന്റെ കൈകൾ ഒരു നിമിഷം നിശ്ചലമായി.
അയാളുടെ കണ്ണുകൾ ആ വരികളിലൂടെ വീണ്ടും പാഞ്ഞു.
"രണ്ടുപേർക്കും..." അയാൾ അറിയാതെ പിറുപിറുത്തു.
റിപ്പോർട്ട് വ്യക്തമായിരുന്നു. ആദർശിന് മാത്രമല്ല, അഞ്ജലിക്കും വിവാഹത്തിന് മുൻപായി മറ്റൊരു പ്രണയബന്ധം ഉണ്ടായിരുന്നു. വെറും സാധാരണ ബന്ധങ്ങളല്ല, അതിതീവ്രമായ അടുപ്പം സൂചിപ്പിക്കുന്ന ആയിരക്കണക്കിന് കോളുകളും മെസ്സേജുകളും.
ഏകദേശം ഒരു മാസം മുൻപ് വരെ മാത്രം കൃത്യമായി പറഞ്ഞാൽ, ഇവരുടെ വിവാഹം ഉറപ്പിച്ച അതെ മാസം.. നിരന്തരമായി വന്ന ആ ഫോൺ കോളുകളും ചാറ്റുകളും സൈബർ സെൽ വീണ്ടെടുത്തിരുന്നു.
ജയദേവന്റെ കണ്ണുകൾ ആ റിപ്പോർട്ടിലെ ഒരു വരിയിൽ ഉടക്കിനിന്നു.
"Last active tower location (Both secret SIMs)
Bangalore."
"ബാംഗ്ലൂർ... വീണ്ടും ബാംഗ്ലൂർ!" അയാൾ കസേരയിൽ നിവർന്നിരുന്നു. 'അമാര' ചോക്ലേറ്റിന്റെ അതേ നഗരം.
പക്ഷെ, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ അതായിരുന്നില്ല.
"കൃത്യം അവസാനം സംസാരിച്ച ശേഷം ആ രണ്ട് സിമ്മുകളും പിന്നീട് ഉപയോഗിച്ചിട്ടില്ല," അയാൾ ഉറക്കെ വായിച്ചു. "എന്നാൽ... അതേ IMEI നമ്പറുകളിൽ (അതായത്, ആദർശും അഞ്ജലിയും തങ്ങളുടെ കാമുകരുമായി സംസാരിക്കാൻ ഉപയോഗിച്ചിരുന്ന അതേ ഹാൻഡ്‌സെറ്റുകളിൽ) രണ്ട് പുതിയ സിമ്മുകൾ ആക്റ്റിവേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്."
ജയദേവന്റെ ഹൃദയമിടിപ്പ് ഉയർന്നു
"അതിൽ ഒന്ന്: ഗായത്രി."
"രണ്ടാമത്തേത്: രുദ്രൻ."
അയാൾ റിപ്പോർട്ടിന്റെ അവസാന പേജിലേക്ക് വിരലോടിച്ചു. ആ രണ്ട് പുതിയ നമ്പറുകളുടെ  നിലവിലെ അവസ്ഥ.
"നിലവിലെ അവസാന ടവർ ലൊക്കേഷൻ, കൊച്ചി ഇന്റർനാഷണൽ എയർപോർട്ട്”
"നിലവിലെ സ്റ്റാറ്റസ്: രണ്ട് സിമ്മുകളും, രണ്ട് ഫോണുകളും സ്വിച്ച്ഡ് ഓഫ് "
ജയദേവൻ സ്തംഭിച്ചിരുന്നു..
ആ ഇൻവെസ്റ്റിഗേഷൻ ബോർഡിലെ ചുവന്ന നൂലുകളെല്ലാം ഇപ്പോൾ ഒരൊറ്റ പോയിന്റിലേക്ക് ഒരുമിക്കുന്നത് അയാൾ കണ്ടു.
ആദർശിന്റെ കാമുകി 'ഗായത്രി'. അഞ്ജലിയുടെ കാമുകൻ 'രുദ്രൻ'.
അവർ ഇരുവരും ബാംഗ്ലൂരിൽ വെച്ച് കണ്ടുമുട്ടിയിരിക്കാം. തങ്ങൾ ഒരുപോലെ വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞു. അവർ ഒരുമിച്ച് ഒരു പ്രതികാരത്തിന് പദ്ധതിയിട്ടു. അതിനായി ബാംഗ്ലൂരിൽ നിന്ന് വിഷം കലർന്ന ആ ചോക്ലേറ്റ് വാങ്ങി. കല്യാണസമയത്ത് കൊച്ചിയിലെത്തി. ആരുടെയും ശ്രദ്ധയിൽപ്പെടാതെ, കൗതുകം ജനിപ്പിക്കുന്ന ആ ചെറിയ ഗിഫ്റ്റ് ബോക്സ് സമ്മാനങ്ങൾക്കിടയിൽ വെച്ചു.
കൃത്യം നിർവഹിച്ചു എന്ന് ഉറപ്പുവരുത്തിയ ശേഷം... അവർ എയർപോർട്ടിലേക്ക് പോയി. അവിടെ വെച്ച് ഫോണുകൾ ഓഫ് ചെയ്ത്... അപ്രത്യക്ഷരായി.
"വേട്ട തുടങ്ങിയിട്ടേ ഉള്ളൂ," ജയദേവൻ ഇന്റർകോം കയ്യിലെടുത്തു. "ബേസിൽ! എയർപോർട്ട് അതോറിറ്റിയുമായി ബന്ധപ്പെടാൻ എനിക്കൊരു ടീമിനെ വേണം. റൈറ്റ് നൗ! 'ഗായത്രി', 'രുദ്രൻ' എന്നീ പേരുകളോ അതുമായി ബന്ധപ്പെട്ട എന്തെങ്കിലുമോ... കഴിഞ്ഞ നാല് ദിവസത്തെ സിസിടിവി ഫൂട്ടേജും പാസഞ്ചർ ലിസ്റ്റും എനിക്ക് കിട്ടണം!”
ജയദേവൻ ഉച്ചത്തിൽ ബേസിലിനോട് പറഞ്ഞു.
(തുടരും)
DARK CHOCOLATE
𝙲𝚛𝚒𝚖𝚎 𝚝𝚑𝚛𝚒𝚕𝚕𝚎𝚛 𝚜𝚝𝚘𝚛𝚢 𝙿𝚊𝚛𝚝 𝟶𝟻
               - Binu ഓമനക്കുട്ടൻ
 #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #💞 പ്രണയകഥകൾ #🕵️♀️ കുറ്റാന്വേഷണ കഥകൾ