അനുരാധയുടെ മടിയിൽ സുഖമായുറങ്ങിയിരുന്ന വൈഗ മോൾ പതിയെ കണ്ണ് തുറന്നു. അവൾ ചുറ്റും നോക്കി.
പെട്ടെന്ന്, എന്തോ ഒരു കുസൃതി ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു. അവൾ തൻ്റെ കുഞ്ഞിക്കൈകൾ നീട്ടി, ഡ്രൈവിംഗ് സീറ്റിലിരുന്ന ദേവനെ നോക്കി. അനുരാധ അവളുടെ നീക്കങ്ങൾ നോക്കി ദേവനെ മെല്ലെ തോണ്ടി വിളിച്ചു.
അബദ്ധത്തിൽ എന്നപോലെ വൈഗമോളുടെ വായിൽ നിന്നും ആ കൊഞ്ചൽ ശബ്ദം പുറത്തുവന്നു,
"അ... അച്ചാ!"
അവളുടെ ശബ്ദം കേട്ട് ദേവൻ ഞെട്ടി. ഒരു നിമിഷം ഒരു മിന്നൽ പിണർപ്പ് അയാളിലൂടെ കടന്നു പോയ്…..
ദേവന്റെ കണ്ണുകൾ അറിയാതെ നീങ്ങിയത്, അനുരാധയുടെ മുഖത്തേക്ക് ആയിരുന്നു.
അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു.
അകത്തേക്കെടുത്ത ശ്യാസം പുറത്തേക്ക് തള്ളുവാനാകാതെ, നിശ്ചലമായ അവസ്ഥയായായിരുന്നു ദേവന്.
ആദ്യമായാണ് കുഞ്ഞ് അങ്ങനെ ഒരു ശബ്ദം പുറത്തെടുക്കുന്നത്, അതും തന്നെ നോക്കി!
അനുരാധയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
അവൾ വാത്സല്യത്തോടെ മോളെ തന്നിലേക്ക് ചേർത്തു.
"എൻ്റെ വാവേ... ഒന്നുകൂടി വിളിക്കെടി കള്ളിപെണ്ണേ... വീണ്ടും ഒന്നൂടെ പറയ് വാവേ..." അവൾ കൊഞ്ചിക്കൊണ്ട് മോളെ നോക്കി.
അതുകേട്ട് വൈഗ മോൾ വീണ്ടും കൈകൾ നീട്ടി, കളങ്കമില്ലാത്ത ആ ചിരിയോടെ വീണ്ടും പറഞ്ഞു, "അച്ചാ... അച്ചാ..."
അനുരാധയുടെ കണ്ണീർ മോളുടെ നെറ്റിയിൽ വീണു. അവൾ ദേവനെ നോക്കി. അവളുടെ വാക്കുകൾ സന്തോഷംകൊണ്ട് ഇടറി.
"നോക്ക് ദേവേട്ടാ, മോളു വിളിച്ചതു കേട്ടോ... നമ്മുടെ മോളുടെ ആദ്യത്തെ വാക്ക്..."
“നമ്മുടെ മോളോ…?”
അല്പം വിറയലോടെയായിരുന്നു ദേവന്റെ ശബ്ദം,
“അതെ നമ്മുടെ മോള്…!!”
അനുരാധ മറുപടി പറഞ്ഞുകൊണ്ട് കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു.
“ദേവേട്ടന് എന്തേലും സംശയമുണ്ടോ, വൈഗ മോള് നമ്മുടെ അല്ലെന്ന്…!!”
“ഇല്ലെടോ… നിന്റെയീ മാറ്റം എന്നെ വല്ലാതെ, എങ്ങനെ കഴിയുന്നു അനു നിനക്ക്…. വാക്കുകൾ കൊണ്ട് ഒരിക്കലും ഉപമിക്കാൻ കഴിയില്ലെടോ തന്നെ…. “I'm always proud when I think of you… How beautiful you are… I have never seen anyone in this world with such a vast, pure, and big heart.
God, thank you for giving her to me.”
“ഈ ദേവേട്ടന് എന്താ വട്ടാണോ…?”
അവൾ പതിയെ ചോദിച്ചു.
അതെ ഇതും ഒരു വട്ട് തന്നെയാ…. ദേവന്റെ വട്ട്,
ദേവൻ ഒരു നിമിഷം വണ്ടി റോഡരികിലേക്ക് നോക്കി, കാർ അവിടേക്ക് ഇറക്കി ഒതുക്കി നിർത്തി.
സീറ്റ് ബെൽറ്റ് മാറ്റി അനുരാധയുടെയും മോളുടെയും അടുത്തേക്ക് തിരിഞ്ഞു. അവൻ വൈഗയെ വാത്സല്യത്തോടെ എടുത്തു നെഞ്ചോട് ചേർത്തു.
"എൻ്റെ മോളെ..." അവൻ്റെ ശബ്ദം സന്തോഷംകൊണ്ട് തൊണ്ടയിൽ കുടുങ്ങി.
പിന്നെ അനുവിന്റെ അടുത്തേക്ക് നീണ്ടു വന്നു അവളുടെ നെറുകയിൽ ചുണ്ടുകൾ ചേർത്ത് ചുംബിച്ചു…..
***********
കാറിൽ നിന്ന് ഇറങ്ങുമ്പോൾത്തന്നെ ഉമ്മറത്ത് ഗോവിന്ദൻ മാഷും അടുക്കളയിൽ നിന്ന് ഓടിവന്ന ജനകിയമ്മയും അവരുടെ അടുത്തേക്ക് ചെന്നു.
"എൻ്റെ കുട്ടികളെത്തിയല്ലോ!" ജനകിയമ്മയുടെ കണ്ണുകൾ നിറഞ്ഞു. അനുരാധയെ ചേർത്തുപിടിച്ചുകൊണ്ട് അമ്മ ആശ്വാസത്തോടെ നെറ്റിയിൽ ചുംബിച്ചു.
ഗോവിന്ദൻ മാഷ് അവളുടെ കയ്യിൽ നിന്നും വൈഗ മോളെ ദേവാങ്ങി. " എന്താടാ ദേവാ, വൈഗ മോൾടെ മുഖത്ത് വല്ലാത്തൊരു കനം…! എന്താണ് ജാഡകാട്ടി ഇരിക്കുന്നെ…?”
“അവള് സംസാരിച്ചു തുടങ്ങിയതിന്റെ ജാടയാ അച്ഛാ….!!”
ഡോർ തുറന്നു പുറത്തേക്ക് വന്ന ദേവൻ പറഞ്ഞതും അവർ ഞെട്ടിപ്പോയിരുന്നു.
“സത്യാണോടാ, മോള് സംസാരിച്ചോ..?”
“ഉവ്വമ്മേ…. എന്നെ നോക്കി, അച്ഛാ ന്ന്, ഒന്നല്ല രണ്ടല്ല… മൂന്നു പ്രാവശ്യം,
ദേവൻ പറഞ്ഞതും മാഷ് അവളെ കുറച്ചു കൂടെ മുറുക്കെ പിടിച്ചു… “ഇനി അപ്പൂപ്പനെന്നും വിളിക്കണം കേട്ടോ!" മാഷ് കുഞ്ഞിന്റെ കവിളിൽ ഉമ്മവച്ചുകൊണ്ട് പറഞ്ഞു.
ജനകിയമ്മ അത് കേട്ട് കൈകൂപ്പി ചിരിച്ചു. "എൻ്റെ കൃഷ്ണാ... എന്തായാലും സന്തോഷം…. വാസി വരുമ്പോ അവനും സന്തോഷം ആവും…. അനിയത്തിക്കുട്ടി സംസാരിക്കാൻ തുടങ്ങിയാൽ പിന്നെ അവനു ഒരു കൂട്ട് കൂടെ ആകുമല്ലോ….. എല്ലാം നല്ലതിന് തന്നെ…!!”
ജാനകിയമ്മ, അനുരാധയെ പിടിച്ചു പതിയെ കാറിൽ നിന്നും ഇറക്കി.
അവളുടെ കയ്യിൽ നല്ല ചൂട് ഉണ്ടായിരുന്നു.
“എന്ത് പറ്റി മോളെ, പനിയാണോ… നിന്നെ നല്ല ചൂട്..!!”
ജാനകിയമ്മ അവളോടായി പറഞ്ഞു.
അത് കേട്ടതും ദേവൻ പെട്ടെന്നു അവിടേക്ക് വന്നു അവളെ പിടിച്ചു….
“എന്താ അനു, പെട്ടെന്നു കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലല്ലോ, ആശുപത്രിയിൽ പോണോ…!!”
ഏയ് വേണ്ട ദേവേട്ട, വല്ലാതെ തളരുന്നു…. എനിക്കൊന്ന് കിടക്കണം…!!”
അവൾ പറഞ്ഞതും ദേവൻ അവളെയും കൊണ്ട് മുറിയിലേക്ക് നടന്നു…..
*******
“എടൊ താനൊന്നും കഴിക്കുന്നില്ലേ…?”
ഉറക്കത്തിൽ കിടന്ന അനുവിന്റെ തുടയിൽ കൈ വച്ചുകൊണ്ട്, ദേവൻ കുലുക്കി വിളിച്ചു,
ഒരു ഞനക്കത്തോടെ, അവൾ കണ്ണ് തുറന്നു. ഇല്ല എനിക്ക് ഒന്നും വേണ്ട… ദേവേട്ടൻ കഴിക്ക് മോൾക്കും കൊടുക്ക്… വാസി വന്നോ…?”
“ഉവ്വ്… ഇത്രയും നേരം നിന്റെ അടുത്ത് കിടപ്പുണ്ടായിരുന്നു… താഴെ മോളോടൊപ്പം കളിക്ക്യാ അവൻ…!!”
“ഉം, ദേവേട്ടൻ ചെല്ല് എന്തേലും കഴിക്ക്… എനിക്ക് വിശക്കുമ്പോൾ ഞാൻ പറയാം അപ്പൊ എടുത്തു തന്നാൽ മതി…!!”
അവൾ പറഞ്ഞതും… കവിളിൽ കിടന്ന മുടിയിഴകൾ മാറ്റി ദേവൻ അമർത്തി അവളെ ചുംബിച്ചു…. “എന്താടി ഇത് തീക്കനലാണോ… എന്താ ചൂട്…!”
“കളിയാക്കാതെ പോയ് കഴിക്ക് മനുഷ്യ…!!” അവൾ പറഞ്ഞു കൊണ്ട് കണ്ണുകൾ അടച്ചു…
*****
അടുക്കളയിലേക്ക് ചെന്നപ്പോൾ ഓരോ കോണിലും മാഷിൻ്റെയും അമ്മയുടെയും സ്നേഹം നിറഞ്ഞു നിന്നിരുന്നു. ജനകിയമ്മ ഒരുക്കിവെച്ച വിഭവസമൃദ്ധമായ സദ്യ അവർക്കായി മേശപ്പുറത്ത് കാത്തിരിക്കുന്നു. കരിമീൻ വറുത്തതിൻ്റെയും അവിയലിൻ്റെയും സാമ്പാറിന്റെയും,മണം ആ വീടിന് ഒരു ഉത്സവത്തിന്റെ പ്രതീതി നൽകി.
ഭക്ഷണം കഴിക്കുന്നതിനിടയിലും, യാത്രയുടെ വിശേഷങ്ങൾ പറയാനും വൈഗ മോളുടെ ഓരോ ചലനവും ആസ്വദിക്കാനും അവർ സമയം കണ്ടെത്തി. മൂന്നാറിലെ പ്രൊജക്ട് ഉറപ്പിച്ചതും, അപ്പാപ്പൻ അഡ്വാൻസ് നൽകിയതും ദേവൻ മാഷിനോട് വിശദമായി പറഞ്ഞു. മാഷിന്റെ മുഖത്ത് ആശ്വാസവും അഭിമാനവും നിറഞ്ഞു.
"നല്ല തീരുമാനം മോനേ. എല്ലാം നല്ല രീതിയിൽ നടക്കും," മാഷ് പറഞ്ഞു. "പക്ഷേ, ഈ പുതിയ പ്രോജക്ടും ഡൽഹിയിലെ കോമ്പറ്റീഷനും എല്ലാം ഒന്നിച്ച് വരുമ്പോൾ നന്നായി ശ്രദ്ധിക്കണം. എല്ലാം നമ്മൾ പതുക്കെ മുന്നോട്ട് കൊണ്ടുപോയാൽ മതി."
ദേവൻ തലയാട്ടി.
അമ്മേ കുഞ്ഞിനെ അമ്മേടെ അടുത്ത് കിടത്തിയേക്ക്, വാസിക്കുട്ടൻ ചേച്ചിടെ അടുത്ത് കിടക്കുട്ടോ….!”
“കല്യാണി, അവൻ വിളിച്ചിരുന്നോ…!”
“രാവിലെ വിളിച്ചു, ഇപ്പൊ വിളിച്ചപ്പോ ഫോൺ ഓഫാണ്….!”
“മോൾക്ക് എന്താണ്ടൊക്കെയോ വാങ്ങി കൂട്ടിയിട്ടുണ്ട് ചേച്ചി, ഇതൊന്നും തുറന്ന് നോക്കിയില്ലേ നീ…?”
“സമയം കിട്ടീല വല്യേട്ട, എക്സാം വരുവല്ലേ…. മാർക്ക് പോയാ ചേച്ചി എന്നെ കൊല്ലും… ഒന്നിനും സമയമില്ല ഞാൻ പിന്നെ നോക്കിക്കോളാം….!””
“ഹാ എന്ന നടക്കട്ടെ, അവൾക്ക് തീരെ വയ്യ ഞാൻ അങ്ങോട്ട് ചെല്ലട്ടെ…!!”
ദേവൻ തണുത്ത വെള്ളമെടുത്ത് മുറിയിലേക്ക് നടന്നു,
*********
തുറന്നിട്ട ജനാലയിലിയോടെ, പുറത്തേക്ക് നോക്കി കട്ടിലിൽ ഇരിക്കുകയായിരുന്നു അനുരാധ.
“എടി, കുറവുണ്ടോ നിനക്ക്…?”
ദേവൻ അടുതേക്ക് ചെന്നു, നെറ്റിയിൽ കൈ വച്ചുകൊണ്ട് ചോദിച്ചു.
അനുരാധ ഒന്നും മിണ്ടിയില്ല. അവളുടെ കവിളുകൾ നീര് വന്നത് പോലെ വീർത്ത് തടിച്ചിരുന്നു…
“”എന്താടി…. എന്ത് പറ്റി നിനക്ക്….!”
ദേവൻ പതിയെ ശബ്ദം താഴ്ത്തി….!”
“ഏയ് ഒന്നുമില്ല….!”
“അല്ല എന്തോ ഉണ്ട്…. എനിക്ക് അറിഞ്ഞൂടെ എന്റെ അനുവിനെ…!! ഈ പനിക്ക് തക്കതായ മറ്റെന്തോ കാരണമുണ്ട്…!!”
ദേവൻ പറഞ്ഞു.
“ഉണ്ട്…!!” ദേവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട്, അനു പറഞ്ഞു.
“ഞാനറിയാതെ പോയ് നിങ്ങൾ ദേവകിയെ വീണ്ടും കണ്ടു അല്ലേ…!!”
ദേവൻ ഞെട്ടലോടെ അനുവിനെ നോക്കി നിന്നു.
(തുടരും)
Binu omanakuttan
#📙 നോവൽ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ