കിസ്സകളുടെ സുൽത്താൻ
ShareChat
click to see wallet page
@kissakal
kissakal
കിസ്സകളുടെ സുൽത്താൻ
@kissakal
🔝 കിസ്സകളുടെ കലവറ#⃣ Insta ID: kissakaludesulthan
ഭാര്യയെ കാണാനില്ല "ആരാടോ പുറത്ത് നിൽക്കുന്നത്? കുറച്ചു നേരമായല്ലോ എന്താ കാര്യം?" സബ് ഇൻസ്‌പെക്ടർ സജീവ് കോൺസ്റ്റബിൾ റഹിംനോട് ചോദിച്ചു "അയാൾ സാറിനെ കാണാൻ നിൽക്കുകയാണ്. അയാൾക്ക് മുന്നേ വന്നവർ കുറച്ചു പേരുണ്ടല്ലോ അതാണ് ഞാൻ.." സജീവൻ വീണ്ടും ജനാലയിലൂടെ അയാളെ നോക്കി ജീവിതം നഷ്ടമായവന്റെ നിൽപ്.ജീവിതം നഷ്ടമായവന്റെ മുഖത്തിന്‌ ഒരു പ്രത്യേകത ഉണ്ട്. അയാളുടെ മുഖത്ത് ഒരു കരിവാളിപ്പ് ഉണ്ടാകും. കണ്ണുകൾ ചത്ത മീനിന്റെ പോലെ അനങ്ങാതെ തുറന്നിരിക്കും. അയാൾ ഒന്നും കാണുന്നുമില്ല കേൾക്കുന്നുമില്ല. അയാളുടെ നെഞ്ചിൽ ചേർന്ന് ഏകദേശം രണ്ടു വയസ്സുള്ള ഒരു കുട്ടിയുമുണ്ടായിരുന്നു "അയാളെ അകത്തോട്ടു വിളിക്ക് " "അല്ല സാറെ എം എൽ എ പറഞ്ഞിട്ട് വന്ന രണ്ടു പേര് വെയ്റ്റിംഗ് ആണ് " "ആ അവർ വെയിറ്റ് ചെയ്യട്ടെ ഇയാളെ വിളിക്ക്. ഒരു കുഞ്ഞിനെ വെച്ചു നിൽക്കുവല്ലേടോ. പോയി വരാൻ പറ " "ശരി സാർ " റഹിം പോയി അയാളെ കൂട്ടി വന്നു "റഹിം പൊയ്ക്കോ " സജീവൻ പറഞ്ഞു "നിങ്ങൾ ഇരിക്ക് " "വേണ്ട സാറെ നിന്നോളാം " അയാൾ അടഞ്ഞ ശബ്ദത്തിൽ പറഞ്ഞു "നിങ്ങൾക്ക് ഒക്കെ ഇരിക്കാനാണ് സുഹൃത്തേ ഈ കസേരകളൊക്കെ ഇരിക്ക് എന്നിട്ട് കാര്യം പറ " അയാൾ മടിച്ചു ഇരുന്നു. അയാളുടെ നെഞ്ചിൽ കിടന്ന് കുട്ടി ഉറങ്ങി പോയിരുന്നു "പറഞ്ഞോളൂ " "എന്റെ ഭാര്യയെ കാണാനില്ല സാറെ " അയാൾ ദയനീയമായി പറഞ്ഞു ദിവസവും എത്ര പരാതികൾ ആണ് ഒരെ രീതിയിൽ ഒരെ കാര്യം. "ഭാര്യയെ കാണാനില്ല "ആ ഒറ്റ വാചകത്തിൽ ജീവിതം തീർന്നു പോകുന്ന പുരുഷജന്മങ്ങൾ. ശേഷിച്ച കാലം അപമാനത്തിന്റെയും വേദനയുടെയും ചവർപ്പ് നീര് കുടിക്കുന്നവർ . "എവിടെയാ പോയത്? എപ്പോഴാ പോയത്?"അയാൾ സാവകാശം ചോദിച്ചു "രണ്ടു ദിവസമായി. ഞാൻ മിനിഞ്ഞാന്ന് ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വന്നപ്പോൾ ഇല്ലായിരുന്നു.." "എന്നിട്ട് ഇപ്പോഴാണോ പറയുന്നത്?"അയാൾ ശാന്തമായി വീണ്ടും ചോദിച്ചു "അവൾ ഇടക്ക് ഇങ്ങനെ എന്നെ ദേഷ്യം പിടിപ്പിക്കാൻ ഇറങ്ങി പോകും.. എന്തെങ്കിലും പറഞ്ഞാൽ ഇഷ്ടപ്പെട്ടില്ലെങ്കിൽ കൂട്ടുകാരുടെ വീട്ടിലേക്കൊക്കെ പൊയ്ക്കളയും. രണ്ടു ദിവസം കഴിഞ്ഞു വരികയും ചെയ്യും " സജീവന് അതിശയം തോന്നി "അങ്ങനെ ഒരു പെണ്ണോ?" "നിങ്ങൾക്ക് എത്ര കുട്ടികൾ ആണ്?" "ഈ കുഞ്ഞ് മാത്രം ഉള്ളു സാറെ " "അവസാനം എന്തിനാ വഴക്കിട്ടത്?" "അത്... അത്..."അയാൾ ഒന്ന് പരുങ്ങി "പറഞ്ഞോളൂ " "എന്റെ കടയിൽ നിൽക്കുന്ന ഒരു ചെറുപ്പക്കാരനുമായി അവൾ സ്ഥിരം ഫോൺ ചെയ്യുമായിരുന്നു. സുഹൃത്തുക്കളാണ് എന്നാ പറയുന്നത്. എത്ര എന്ന് വെച്ചാ ക്ഷമിക്കുന്നത്? ഈ കൊച്ച് കുഞ്ഞിന് ഭക്ഷണം പോലും കൊടുക്കാതെ മണിക്കൂറുകളോളം ഫോൺ വിളിയാ.. അതിന്റെ പേരിൽ വഴക്കുണ്ടായി.." സജീവന് ഏകദേശം സംഗതികളുടെ കിടപ്പ് പിടികിട്ടി "നിങ്ങളുടെ വീട്ടുകാർ കൂടെയല്ലേ ?" "ഇല്ല സാറെ. .. ഞങ്ങളുടെത് ഒരു ലവ് മാര്യേജ് ആയിരുന്നു.എന്റെ വീട്ടുകാർ പോലുമിതിന്റെ പേരിൽ എന്നെ ഉപേക്ഷിച്ചു കളഞ്ഞു. പക്ഷെ എനിക്ക് അവളെ ജീവനാ.. സാർ അവളെയൊന്ന് കണ്ടു പിടിച്ചു തരണം " "നിങ്ങളുടെ കടയിൽ നിൽക്കുന്ന ചെറുപ്പക്കാരൻ കടയിൽ വരുന്നുണ്ടോ?" "അവനിപ്പോ എന്റെ കടയിൽ ഇല്ല.പക്ഷെ ഞാൻ അന്വേഷിച്ചു അവൻ വീട്ടിലുണ്ട്.അവന് ഭാര്യയും മക്കളുമൊക്കെ ഉള്ളതാ. ഇവള് മണ്ടിയാ സാറെ.. ഇവൾ വിളിച്ചു കൊണ്ടിരുന്നവനോട് ഞാൻ സംസാരിച്ചു.അവനവന്റെ ഭാര്യയും കുഞ്ഞുങ്ങളും തന്നെ ആണ് വലുത്.. അവനോട് ഞാൻ ചോദിച്ചപ്പോ അവൾ ഇങ്ങോട്ടാ വിളിക്കുന്നെ എന്നാ പറയുന്നേ. സംഗതി സത്യം ആണ് താനും " "ഭാര്യയുടെ ഫോൺ നമ്പർ തന്നേക്ക്. ഒരു പരാതി എഴുതി കൊടുക്കണം ഓഫീസിൽ.. പൊയ്ക്കോ ഞാൻ അന്വേഷിക്കാം " "സാറെ ഇനി അവൾ ആരുടെയെങ്കിലും ഒപ്പം പോയതാണെങ്കിൽ കൂടി തിരിച്ചു വരാൻ പറയണം.. ഞാൻ ക്ഷമിച്ചു എന്ന് പറയണം എന്റെ കുഞ്ഞിന്റെ അമ്മയല്ലേ സാറെ?" സജീവന്റെ കണ്ണ് ഒന്ന് കലങ്ങി "ശരി പൊയ്ക്കോ ഞാൻ വിളിക്കാം " അയാൾ പോയി മൊബൈൽ ഫോൺ നമ്പർ സൈബർ സെൽ പരിശോധിച്ചപ്പോൾ അത് കുന്നംകുളം ടവറിന്റെ കീഴിൽ ആണ് അവസാനം ഉണ്ടായിരുന്നത് എന്ന് തെളിഞ്ഞു "ഒരു പാട് പ്രണയങ്ങൾ സൂക്ഷിച്ചിരുന്ന ഒരു പെണ്ണാണ് ഇത് " സൈബർ സെല്ലിലെ സുഹൃത്ത് വിവേക് സജീവനോട് പറഞ്ഞു "പ്രണയങ്ങൾ എന്ന് പറയാൻ പാടില്ല അത് പ്രണയത്തിന് അപമാനമാണ്.. ഈ സ്ത്രീക്ക് ഒരു പാട് റിലേഷൻസ് ഉണ്ട് സജീവ്.ഭർത്താവിനെ ഇവര് ഇത്രയും കാലവും നല്ല സുന്ദരമായിട്ട് ചതിക്കുക തന്നെ ആയിരുന്നു.. ഇനിയങ്ങോട്ടും അങ്ങനെ തന്നെ ആവും..ഭാവിയിൽ ആ പാവത്തിനെ കൊല്ലാൻ പോലും ഇങ്ങനെ ഉള്ള പെണ്ണുങ്ങൾ മടിക്കില്ല.ഇയാൾക്ക് എന്തിനാ ഇനി അവരെ?" സജീവൻ മറുപടി ഇല്ലാതെ നിശബ്ദനായി "ചതിക്കുന്നവളുമാരെയൊക്കെ കൊല്ലണം " വിവേക് പല്ല് കടിച്ചു ഒരു ഫോൺ വന്നപ്പോൾ സജീവ് അയാളോട് യാത്ര പറഞ്ഞു പുറത്തേക്ക് ഇറങ്ങി "സാറെ കുന്നം കുളത്ത് ഒരു ലോഡ്ജിൽ ഒരു സ്ത്രീയും പുരുഷനും സംശയാസ്പദകരമായ നിലയിൽ ഉണ്ടെന്ന് ഇപ്പൊ ലോഡ്ജിന്റ മാനേജർ വിളിച്ചു പറഞ്ഞു. ലക്ഷണങ്ങൾ കേട്ടിട്ട് അത് അവര് ആണെന്ന തോന്നുന്നേ " സജീവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. "നിങ്ങൾ അങ്ങോട്ട് വന്നേക്ക് ഞാൻ അങ്ങോട്ട് പോകുകയാ.." ", ഒകെ സാർ ". സജീവൻ ചെല്ലുമ്പോൾ മാനേജർ ഉണ്ട്. മഫ്തിയിലായത് കൊണ്ട് അയാൾ ഐഡി കാർഡ് കാണിച്ചു "സാറെ അവർ ഭാര്യയും ഭർത്താവുമാണെന്ന് പറഞ്ഞു ഇതിനു മുൻപും മുറിയെടുത്തിട്ടുണ്ട്.. കഴിഞ്ഞ തവണ അയാളുടെ ഭാര്യ ആണെന്ന് പറഞ്ഞു വേറെ ഒരു സ്ത്രീ വന്നു വഴക്കുണ്ടാക്കുകയൊക്കെ ചെയ്തപ്പോഴാ അറിഞ്ഞേ ഇത് കേസ് വേറെയാ എന്ന്.. പിന്നേ കുറച്ചു നാൾ വന്നില്ല. ഇത്തവണ ഞാൻ ഇവിടെ ഇല്ലായിരുന്നു. സ്റ്റാഫ്‌ ഒക്കെ മാറി. അവർക്ക് അറിയില്ലല്ലോ.. ഞാൻ ഇന്നലെ വന്നപ്പോഴാ സംഭവം അറിയുന്നേ. രാത്രി തന്നെ പൊയ്ക്കോളാൻ പറഞ്ഞു. പോയില്ല. അപ്പൊ ഞാൻ അയാളുടെ ഭാര്യയുടെയും പോലീസിന്റെയും നമ്പറിൽ വിളിച്ചു പറയുമെന്ന് അവരോട് പറഞ്ഞു. അപ്പൊ അവര് രാവിലെ പൊയ്ക്കോളാമെന്ന് പറഞ്ഞു. ഞാൻ രാത്രി വീട്ടിൽ പോകുകയും ചെയ്തു. രാവിലെ വന്നപ്പോൾ അവർ പോയിട്ടില്ല. അങ്ങനെ ആണ് ഞാൻ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞെ " സജീവൻ കുറച്ചു നേരം അയാളുടെ മുഖത്ത് നോക്കി നിന്നു "എന്നിട്ട്?" ".ഇപ്പൊ ദേ മുറി തുറക്കുന്നില്ല.. അപ്പൊ എനിക്ക് ഒരു പേടി.ഇനി വല്ല അബദ്ധവും..." "താൻ പേടിക്കണ്ട. ആ ഫ്ലോറിൽ ഉള്ള മറ്റ് ആൾക്കാരെ താഴെക്ക്‌ മാറ്റണം.. എന്റെ കൂടെ മറ്റാരും അങ്ങോട്ടേക്ക് വരുകയും വേണ്ട " "ആള് കുറവാ സാറെ. ഒന്ന് രണ്ടു മുറിയിൽ ഉള്ളവർ രാവിലെ തന്നെ പുറത്ത് പോയി ആരുമില്ല " "ശരി " വാതിൽ ബലമായി തുറന്നു അകത്തു കയറുമ്പോൾ വിഷത്തിന്റ രൂക്ഷഗന്ധം. മേശപ്പുറത്ത് പകുതി ഒഴിഞ്ഞ വിഷത്തിന്റ കുപ്പി പുരുഷൻ മരിച്ചു കഴിഞ്ഞു എന്ന് അയാൾക്ക് പൾസ് നോക്കിയപ്പോൾ മനസിലായി സ്ത്രീ മരിച്ചിട്ടില്ല അവൾക്ക് ബോധമുണ്ട് അവൾ ശര്ദിച്ചിട്ടുണ്ട് അങ്ങനെ കുറച്ചു വിഷം പുറത്ത് പോയിട്ടുണ്ടാവും "എന്നെ രക്ഷിക്കൂ സാറെ ഇയാൾ ബലമായി കുടിപ്പിച്ചതാ.."അവൾ ദുർബലമായി പറഞ്ഞു സജീവന്റെ കണ്ണുകൾ എരിഞ്ഞു എത്ര പേരെ ചതിച്ചവൾ? എത്ര കുടുംബം തകർത്തവൾ? രക്ഷപെട്ടു വന്നാൽ ഇനി എത്ര പേര്? ഇവളെ പോലുള്ളവർ ഭൂമിയിൽ എന്തിനാണ്? അയാൾ മേശപ്പുറത്തിരുന്ന പാതി ഒഴിഞ്ഞ വിഷം നിറഞ്ഞ കുപ്പി കയ്യിൽ എടുത്തു കോൺസ്റ്റബിൾ റഹിമിന്റെ ഫോൺ വരുമ്പോൾ സജീവ് ഒരു സിഗരറ്റിനു തീ കൊടുക്കുകയായിരുന്നു "സാർ ഇപ്പൊ വരാം ഒരു അർജന്റ് കേസ് വന്നു പെട്ടു " "പതിയെ വന്നാൽ മതി റഹിം.. അവള് ചത്തു " അയാൾ ഫോൺ കട്ട്‌ ചെയ്തു കയ്യിൽ പറ്റിയ വിഷത്തിന്റ അംശം ഒരു തൂവാലയിൽ തുടച്ച് പോക്കറ്റിൽ ഭദ്രമായി വെച്ചു മുറിയിൽ മരണത്തിന് കീഴടങ്ങി കഴിഞ്ഞിരുന്നു അപ്പോൾ വിഷത്തേക്കാൾ വിഷമുള്ള പെണ്ണൊരുത്തി. 📝അമ്മു സന്തോഷ് #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #കിസ്സകൾ
📔 കഥ - ShareChat
പ്രാർത്ഥന ഒരിക്കൽ സ്നേഹിച്ചു പോയി എന്നത്, ആയുഷ്കാലം മുഴുവനും ചുമക്കേണ്ട ബാധ്യതയുടെ ഒരു ഭാണ്ഡം ആവരുത് ഒരിക്കൽ സ്നേഹിച്ചു പോയി എന്നത്, ജീവിതം മുഴുവൻ നീളുന്ന ഉടമ്പടിയാകരുത്. ഒരിക്കൽ സ്നേഹിച്ചു പോയി എന്നത് നമ്മെ തോൽപ്പിക്കാനുള്ള അവസരമാക്കരുത് ഒരിക്കൽ സ്നേഹിച്ചു പോയി എന്നത്, എന്നെന്നും തലകുനിച്ചു നിൽക്കാനുള്ള വിധേയത്വമാകരുത്. ഒരിക്കൽ സ്നേഹിച്ചു പോയി എന്നത് സ്നേഹമില്ലായ്മയുടെ അറ്റത്തോളം ഉള്ള നാട്യമാകരുത് ഒരിക്കൽ സ്നേഹിച്ചു പോയി എന്നത്, വഞ്ചനയുടെ നൂല്പാലമെന്നറിഞ്ഞിട്ട്, വീണ്ടും ആ വഴിയിലൂടെനടക്കാൻ ആഗ്രഹിക്കരുത് ഒരിക്കൽ സ്നേഹിച്ചു പോയി എന്നത് കലാകാലങ്ങളോളം നെഞ്ചിലേറ്റുന്ന മുറിവാക്കരുത് ഒരിക്കൽ സ്നേഹിച്ചത് കൊണ്ട് മാത്രം മുറിവേറ്റവരേ, നിങ്ങൾക്കായുള്ള എന്റെ പ്രാർത്ഥനയാണിത്. സ്നേഹിച്ചു പോയത് കൊണ്ട് മാത്രം, ജീവിച്ചിരിക്കെ മരിച്ചു പോയ ആത്മാക്കൾക്കായുള്ള പ്രാർത്ഥന.. 📝അമ്മു സന്തോഷ്. #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #കിസ്സകൾ
📔 കഥ - ShareChat
നിന്നിലേക്ക്‌ ഒരു വിരൽത്തുമ്പ് ദൂരം "മോനെ " തളർന്ന കണ്ണുകളുയർത്തി ഹരി അമ്മയെ ഒന്ന് നോക്കി .കഴിഞ്ഞു പോയ മണിക്കൂറുകളിൽ ഒരു ചുഴലി ദീനത്തിന്റെ അസ്കിതയിലായിരുന്നു . .അവൻ തളർന്നു പോയ തന്റെ ഉടൽ ഉയർത്തി അമ്മയുടെ മടിയിലേക്കു മുഖം അണച്ച് കിടന്നു . "എല്ലാം മാറി കാണും എന്ന 'അമ്മ വിചാരിച്ചത് ..എന്ത് മാത്രം ചികിത്സയാ നടത്തിയത് എന്റെ ദൈവങ്ങളെ !" "മാറിക്കൊള്ളും അമ്മെ ..."അവൻ മെല്ലെ പറഞ്ഞു . കുളത്തിൽ വെച്ചാണിത് സംഭവിച്ചത് എന്ന് അവൻ അമ്മയോട് പറഞ്ഞില്ല .. കൂട്ടുകാർ ഇല്ലായിരുന്നെങ്കിൽ താനിന്ന് ... ഒരു ഫോൺ കാൾ വന്നപ്പോൾ 'അമ്മ ഫോൺ എടുത്തു അവനെ ഏൽപ്പിച്ചു മുറി വിട്ടു പോയി . "നന്ദ " എടുക്കണോ വേണ്ടയോ എന്ന് ഒരു നിമിഷം അവൻ സംശയിച്ചു . എല്ലാം പറഞ്ഞിട്ടുണ്ട് . ഒഴിവാക്കാൻ ആവുന്നത് ശ്രമിച്ചിട്ടുണ്ട് .പക്ഷെ വാശി പോലെ പോകില്ല ..അടർന്നു മാറാതെ എന്തിനാണിങ്ങനെ ഒപ്പം നിൽക്കുന്നത് ?കൊടുക്കാൻ നല്ല ഒരു ജീവിതം ഉണ്ടോ ? ഒരു അപസ്മാരരോഗിയുമൊത്തുള്ള ജീവിതം നരകം ആയിരിക്കില്ലേ? ഒരു ഡോക്ടർ ആയിട്ടും ഇവൾ അത് മനസ്സിലാക്കാത്തതെന്താണ് ? വീണ്ടും കാൾ വന്നപ്പോൾ അവൻ അറ്റൻഡ് ചെയ്തു "പറയു" അവൻ തന്നെ തുടങ്ങി വെച്ചു "ഇന്നലെ എന്താ പറ്റിയെ? ഫ്രണ്ട് പറഞ്ഞു ...എന്തിനാണ് കുളത്തിൽ പോയത് ? ഞാൻ അങ്ങോട്ട് ഒന്ന് വന്നോട്ടെ ?" കരച്ചിലുണ്ട് ശബ്ദത്തിൽ അവനതു കേൾക്കാത്ത ഭാവം നടിച്ചു . "ഇപ്പൊ കുഴപ്പം ഒന്നുമില്ല " "ഒന്ന് കാണാൻ ..ഹരിയേട്ടാ .." "വേണ്ട ..നിന്നോട് എത്ര തവണ പറഞ്ഞു ?നീ ഇപ്പോൾ എന്റെ ടെൻഷൻ ആണ് നന്ദ ..എന്റെ അസുഖത്തിന് ടെൻഷൻ പാടില്ല എന്ന് മറ്റാരേക്കാളും നിനക്കറിയാം ?നീ ഒരു ഡോക്ടർ അല്ലെ നന്ദ ...?" "ഞാൻ ഒരു പെണ്ണും കൂടിയാണ് ഹരിയേട്ടാ .." ആ ശബ്ദം ഇടറുന്നുണ്ട് .ഹരിയുടെ കണ്ണ് നിറഞ്ഞു . "ഞാൻ വെച്ചേക്കാം ഇനി ആ വിഷമം വേണ്ട" മറുഭാഗത്ത് കാൾ കട്ട് ആയി ഒഴിവാക്കാൻ ആഗ്രഹിക്കുന്നത് ഇഷ്ടം കൊണ്ടാണ് .ഒരു കടലോളം ഇഷ്ടം ഉള്ളിലുള്ളത് കൊണ്ട് .പക്ഷെ വേണ്ട . അവൻ എഴുനേറ്റു അടുക്കളയിൽ ചെന്നു 'അമ്മ നീളൻ പയർ അരിയുന്നു. "നമ്മുടെ തൊടിയിലെയാണോ ?" അവൻ ഒരെണ്ണം ഒടിച്ചു വായിലിട്ടു .പിന്നെ അമ്മയുടെ മുഖത്തേക്ക് നോക്കി .സങ്കടം നിറഞ്ഞ മുഖം .അങ്ങനെ ആ മുഖം കാണുന്നത് അവനിഷ്ടമായിരുന്നില്ല "ശൈലജെ "സ്നേഹം കൂടുമ്പോളാണ് ആ വിളി അവൻ വിളിക്കുക .അപ്പോളവർ മരിച്ചു പോയ ഭർത്താവിനെ ഓർക്കും .ദേവേട്ടന്റ് മുറിച്ച മുറിയാണ് ഹരി .ദേവേട്ടൻ വന്നു നിന്ന് വിളിക്കുമ്പോലെ.അവർ നേർത്ത ചിരിയോടെ മുഖം താഴ്ത്തി "നാണം വന്നല്ലോ കൊച്ചിന് എന്റെ അച്ഛൻ അത്ര റൊമാന്റിക് ആയിരുന്നോ ?" അവൻ അടക്കി ചോദിച്ചു "ഒന്ന് പോടാ ചെക്കാ" ' അമ്മ അവനെ അടിക്കാൻ കൈ ഓങ്ങി അവൻ തെല്ലു മാറി നിന്ന് അമ്മയെ നോക്കികൊണ്ടിരുന്നു നന്നേ വെളുത്തു മെലിഞ്ഞതാണ് 'അമ്മ . നീണ്ട മുടി പിന്നി മാറിലേക്കിട്ട്...ഒരു ശിൽപം കണക്കെ എത്ര സുന്ദരിയാണ് 'അമ്മ ! .അമ്മയോളം സൗന്ദര്യം ഉള്ള ഒരു പെണ്ണിനേം അവൻ ഇതുവരെ കണ്ടിട്ടില്ല . അമ്മയോളം സ്നേഹം ഉള്ള ഒരു പുഴയിലും മുങ്ങിയിട്ടുമില്ല . "ബാമെടുത്തു വരൂ മോനെ നല്ല തലവേദന " 'അമ്മ ഇരു കയ്യും ചെന്നിയിൽ അമർത്തി "ഇന്നലെ ഉറങ്ങി കാണില്ല അതാ "അവൻ ചെന്നിയിൽ ബാം പുരട്ടി കൊണ്ട് പറഞ്ഞു അമ്മയൊന്നു മൂളി .കണ്മുന്നിൽ മകന്റെ ഉടൽ പിടഞ്ഞു വിറയ്ക്കുന്ന ഓർമകളിൽ ഒരു രാത്രിയല്ലാ എത്രയോ രാത്രികൾ ഉറക്കം നഷ്ടമായിരിക്കുന്നു നീറിപ്പിടഞ്ഞു പുകഞ്ഞു ഉരുകുന്നരാത്രികൾ "പ്രഷർ ഒന്ന് നോക്കാമമ്മേ വൈകിട്ടു ഡോക്ടറെ കാണിക്കാം " "നന്ദയോടൊന്നു വരാൻ പറഞ്ഞാൽ മതി " 'അമ്മ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു . "അമ്മയ്‌ക്കെന്താ ? ഞാൻ എത്ര തവണ പറഞ്ഞതാണ് അതടഞ്ഞ അധ്യായം ആണെന്ന് .അമ്മയുടെ ജീവിതമോ ഇങ്ങനെ ആയി ഇനി ഒരു പെണ്ണിന്റെ ജീവിതം കൂടി ...എന്തിനാ അമ്മെ ?"വീണ്ടും എന്തൊക്കെയോ വിളിച്ചു പറഞ്ഞു അവൻ ഇറങ്ങി നടന്നു എവിടെയെക്കൊയോ അലഞ്ഞു തിരഞ്ഞു വൈകിട്ടു വീട്ടിലെത്തുമ്പോൾ ഒച്ചയനക്കങ്ങളില്ല . അയല്പക്കത്തെ രവി ചേട്ടൻ വീടിനു മുന്നിലുണ്ട് "എവിടെ യൊക്കെ തിരക്കി i നിന്നെ? ശൈലജ ഒന്ന് വീണു .ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിട്ടുണ്ട് ." ഹരി അമ്പരന്നു അൽപനേരം അയാളെ നോക്കി കൊണ്ടിരുന്നു "ബാത്‌റൂമിൽ തലചുറ്റി വീണതാ മോനെ നീ വേഗം ആശുപത്രിയിലേക്ക് ചെല്ല്" ആശുപത്രിയിൽ എത്തിയതെങ്ങനെ എന്നവന് അറിയില്ല 'അമ്മ ഉറങ്ങുകയാണ് "ഒന്നും ചെയ്യാനായില്ല ഇവിടെ വന്നപ്പോൾ തന്നെ എല്ലാം കഴിഞ്ഞു " ആരോ അടക്കി പറയുന്നു ഹരി അമ്മയ്ക്കരികിൽ ഇരുന്നു അമ്മയുടെ ശിരസ്സിൽ തലോടി ... വെറുതെ പറയുകയാണ് എല്ലാവരും .'അമ്മ ഉറങ്ങുകയാണ് . "അമ്മെ " അവൻ മെല്ലെ വിളിച്ചു ഉച്ചക്ക് അവൻ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല .അവനു നന്നായി വിശക്കുന്നുണ്ടായിരുന്നു .'അമ്മ ഉണ്ടാക്കി വെച്ചിട്ടുണ്ടാകും എല്ലാം .വാശി കാണിച്ചു വന്നില്ല .. "വിശക്കുന്നു അമ്മെ "അവൻ മെല്ലെ അമ്മയുടെ മാറിലേക്ക് മുഖം അണച്ച് വെച്ചു " അമ്മെ എനിക്ക് വിശക്കുന്നു " ഊഴിയിൽ മറ്റേതു ദൈവത്തിനാണ് അമ്മക്ക് പകരം ആവാൻ സാധിക്കുക .ഒരു മനുഷ്യായുസ്സിലെ ഏറ്റവും വലിയ അന്നദാതാവും 'അമ്മ തന്നെ . വിശക്കുന്നു എന്ന് പറയാൻ ഒരു കുഞ്ഞിനെ അനുവദിക്കാത്ത ഒരേ ഒരു ആളും അമ്മയാണ് ..ദൈവങ്ങൾ പോലും തലകുമ്പിട് പോകുന്നതും അമ്മക്ക് മുന്നിൽ മാത്രം അവനെ പിടിച്ചു മാറ്റാൻഎല്ലാവരും ശ്രമിച്ചു ." "ദീനക്കാരനാണ് ..പാവം " ആരോ പറയുന്നു ആ ദീനം ഇപ്പോൾ വന്നിരുന്നു എങ്കിൽ എന്ന് അവൻ കൊതിച്ചു പോയി .പിടഞ്ഞു വീണു അബോധാവസ്ഥയിലേക്കു പോകാമായിരുന്നു രോഗം അവനെ തൊട്ടില്ല .പിന്നീട് ഒരിക്കലും . ' അമ്മ ദൈവത്തിനോട് അപേക്ഷിച്ചിട്ടുണ്ടാകും ..അവൻ ഓർക്കാറുണ്ട്. അമ്മയില്ലല്ലോ നോക്കാൻ. ഒറ്റയ്ക്കല്ലേ. അപ്പോൾ അമ്മ ദൈവങ്ങൾക്ക് മുന്നിൽ കെഞ്ചുന്നുണ്ടാവും പതിവ് പോലെ അമ്മയുടെ സാരി ഒന്നെടുത്തു കിടക്കയിൽ വിരിച്ചു അവൻ ചുരുണ്ടു കിടന്നു .മാസങ്ങൾ കഴിഞ്ഞിരിക്കുന്നു . അടുക്കളയിൽ പാത്രങ്ങളുടെ ശബ്ദം 'അമ്മ അമ്മെ എന്ന വിളിയൊച്ചയോടെ അവൻ ഓടി അടുക്കളയിലെത്തി "കാപ്പി "നന്ദ ഗ്ലാസിലെ ഈർപ്പം സാരിത്തുമ്പു കൊണ്ട് തുടച്ചു അവനു നേരെ നീട്ടി .അവൾ എപ്പോളാണ് വന്നത് ?അനക്കം ഒന്നും കേട്ടില്ല. " മുറ്റം മുഴുവൻ കരിയില ഒന്ന് അടിച്ചു വാരട്ടെ..എന്നിട്ടു പലഹാരമുണ്ടാക്കി തരാം " 'അമ്മ പറയുന്ന പോലെ ..അവൾക്കു ഒരു അപരിചിതത്വവും ഇല്ല. എന്നെത്തെയും പോലെ അവൻ കടന്നു പോകാനൊരുങ്ങിയ അവളുടെ കൈത്തണ്ടയിൽ പിടിച്ചു നിർത്തി. ഒരു താങ്ങു വേണം ..ചിലപ്പോൾ വീണു പോയേക്കും .അവളുടെ ഉടലിലേക്കു അവൻ തന്നെ തന്നെ ചേർത്ത് വെച്ചു .നന്ദ ഒരു കുഞ്ഞിനെ എന്ന പോലെ അവന്റെ മുഖം മാറോടണച്ചു. അവളുടെ ഉടലിന് അമ്മയുടെ ഗന്ധം .ഭസ്മത്തിന്റെ ,കളഭത്തിന്റെ,മുലപ്പാലിന്റെ ...അവൻ കണ്ണുകളടച്ചു പെണ്ണ് എന്ന വിസ്മയത്തിനു എത്ര ഭാവങ്ങൾ ആണ് !.നൊടി നേരം കൊണ്ട് അമ്മയാകാനും കാമുകിയാവാനും മകളാവാനും ഭാര്യയാകാനും അവൾക്കു അനായാസം സാധിക്കും .പുരുഷൻ എപ്പോളും ശിശുവിനെ കണക്കാണ് വളരെ വേഗം തളർന്നു പോകുന്നവൻ ...അവനെ നെഞ്ചോടമർത്തി പിടിക്കുമ്പോൾ പെണ്ണ് ദേവതയാകുന്നു ....അവന്റെ വിരലിൽ പിടിച്ചു നടന്നു തുടങ്ങുമ്പോൾ അവൾ വഴികാട്ടിയുമാകുന്നു .അവന്റെ ചിന്തകളിലൂടെ ഒരു നിമിഷം ഇതൊക്കെയും കടന്ന് പോയി. ഹരിയുടെ ശിരസ്സിൽ നന്ദയുടെ ചുണ്ടുകൾ അമർന്നു "ഞാനില്ലേ കൂടെ " പറയാതെ അവൾ പറഞ്ഞു 📝അമ്മു സന്തോഷ്. #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #കിസ്സകൾ
📔 കഥ - ShareChat
ഭാര്യയെ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തിട്ട് ,വാർഡിൽ അവളോടൊപ്പം കട്ടിലിൽ ഇരിക്കുമ്പോഴാണ്, റൗണ്ട്സിന് വന്ന ഡോക്ടറുടെ പിന്നിൽ നിന്ന നഴ്സിനെ ഞാൻ ശ്രദ്ധിച്ചത് ഈശ്വരാ.. ഇത് കവിതയല്ലേ ? പണ്ട് കോളേജിലെ പഠിത്തം പൂർത്തിയാക്കി, വീട്ടിലേക്ക് മടങ്ങാനായി ഹോസ്റ്റലൊഴിയുമ്പോൾ, പഴയ പുസ്തകങ്ങളോടൊപ്പം, അവളെനിക്ക് തന്ന ലൗ ലെറ്ററുകളും, ഞാൻ മുറിയിലിരുന്ന വേയ്സ്റ്റ് ബിന്നിൽ ഉപേക്ഷിച്ചിരുന്നു. കാരണം ,എനിക്കവൾ മൂന്ന് വർഷത്തേക്ക് മാത്രമുള്ളൊരു നേരം പോക്കായിരുന്നു. വില്ലേജോഫീസർ സദാനന്ദൻ്റെയും, യു പി സ്കൂൾ അദ്ധ്യാപിക ശാരദയുടെയും മകനായ ഞാനെന്തിന്, വെറുമൊരു കൂലിപ്പണിക്കാരനായ രാജൻ്റെ മകളെ ജീവിത സഖിയാക്കണമെന്ന എൻ്റെ അഹന്ത കൊണ്ടായിരുന്നു, ഞാനന്നവളെ തേച്ചിട്ട് പോയത്. പിന്നീട് ഒരുപാട് തവണ കൂട്ടുകാരികൾ വഴിയും, അല്ലാതെയുമൊക്കെ, അവളെന്നെ കാണാൻ ശ്രമിച്ചെങ്കിലും, നിഷ്കരുണം ഞാനവളെ അവഗണിക്കുകയായിരുന്നു. കാലം കടന്ന് പോയപ്പോൾ, പ്ളസ് റ്റു പോലും ജയിക്കാത്ത ഭാര്യയെയും കൊണ്ട് ,പ്രസവ വാർഡിൽ ഇരിക്കുന്ന എൻ്റെ മുന്നിൽ ,മെഡിക്കൽ കോളേജിലെ നഴ്സായ ആ പഴയ കൂലി പണിക്കാരൻ്റെ മകൾ, തല ഉയർത്തി നില്ക്കുന്നത് കണ്ട് ഞാൻ ഇളിഭ്യനായി. ഡോക്ടർ ഭാര്യയെ പരിശോധിക്കുന്നതിനിടയിൽ, ഞാനവളെ ഒളികണ്ണിട്ട് നോക്കിയെങ്കിലും, അവളെന്നെ കണ്ട ഭാവം പോലും നടിക്കാതെ, ഡോക്ടർ പറഞ്ഞതൊക്കെ ഗൗരവത്തോടെ ഫയലിൽ കുറിക്കുന്ന തിരക്കിലായിരുന്നു. പരിശോധന കഴിഞ്ഞ് ഡോക്ടറുടെ പുറകെ അവള് പോയപ്പോഴാണ്, എൻ്റെ ശ്വാസം നേരെ വീണത് ,ഭാഗ്യം അവൾക്കെന്നെ മനസ്സിലായിട്ടില്ല, ഇല്ലായിരുന്നെങ്കിൽ, ചിലപ്പോൾ വൈരാഗ്യം കൊണ്ട് പഴയ കാര്യങ്ങളെക്കുറിച്ചെങ്ങാനും അവൾ ചോദിച്ചാൽ, പിന്നെ അത് മതി, എൻ്റെ ഭാര്യ ബഹളമുണ്ടാക്കാൻ , അല്ലെങ്കിൽ തന്നെ ,തൊട്ടതിനും പിടിച്ചതിനുമൊക്കെ അവൾക്കെന്നെ ഒടുക്കത്തെ സംശയമാണ്. ചേട്ടാ... എനിക്ക് നെസ്കഫേ കോഫി കുടിക്കാൻ വല്ലാത്ത കൊതിനോന്നുന്നു ,കാൻ്റീനിൽ കിട്ടും , ചേട്ടൻ വേഗം പോയി വാങ്ങിച്ചോണ്ട് വാ ഭാര്യ കൊഞ്ചലോടെ പറഞ്ഞപ്പോൾ, ഞാൻ കട്ടിലിൻ്റെ അടിയിലിരുന്ന ഫ്ളാസ്കുമെടുത്ത് കാൻ്റീനിലേക്ക് നടന്നു. അവൾക്ക് വയറ്റിലുണ്ടെന്ന് അറിഞ്ഞ കാലം തൊട്ട് തുടങ്ങിയതാണ്, അവളുടെ ഒടുക്കത്തെ ഒരോരോ ആഗ്രഹങ്ങൾ, പോറ്റി ഹോട്ടലിലെ മസാലദോശയും ,ബിസ്മി ഹോട്ടലിലെ ചിക്കൻ ബിരിയാണിയും എന്ന് വേണ്ട രാവിലെ, കാടിവെള്ളത്തിലൊഴിക്കാൻ വെച്ചിരിക്കുന്ന പഴങ്കഞ്ഞി പോലും, അവളുടെ കൊതി കാരണം പശുവിന് കൊടുക്കാൻ കഴിഞ്ഞിട്ടില്ല. പ്രസവം കഴിയുമ്പോഴെങ്കിലും, അവളുടെ തീറ്റക്കൊതിയൊന്ന് തീർന്നാൽ മതിയായിരുന്നു, ഇല്ലെങ്കിൽ കൊച്ചിന് കൊടുക്കേണ്ട കുറുക്കും, സെറിലാക്കുമൊക്കെ അവള് തന്നെ കുടിച്ച് തീർക്കുമെന്ന് എനിക്ക് തോന്നാറുണ്ട്. കോഫിയും വാങ്ങി കോറിഡോറിലൂടെ വാർഡിലേക്ക് നടക്കുമ്പോൾ, എതിരെ എൻ്റെ നേർക്ക് സ്പീഡിൽ നടന്ന് വരുന്ന കവിതയെ കണ്ട് ,ഞാൻ വീണ്ടും ഞെട്ടി. ഈശ്വരാ... അവൾ പഴയ കണക്ക് തീർക്കാൻ വരികയാണ് ,ആൾക്കാരുടെ മുന്നിൽ വച്ച് പഴയതൊക്കെ അവൾ വിളിച്ച് പറയും, അവളെ വഞ്ചിച്ചതിന് എൻ്റെ കരണത്തവൾ പൊട്ടിക്കുമെന്ന് ആ മുഖത്തെ ഭാവം കണ്ടപ്പോൾ എനിക്കുറപ്പായി. നിങ്ങളല്ലെ? നിരുപമയുടെ ഭർത്താവ്, ആ കുട്ടിക്ക് പെയിൻ തുടങ്ങിയിട്ടുണ്ട്, നിങ്ങളോടൊപ്പം സ്ത്രീകളാരുമില്ലേ? ഓഹ് ,അതായിരുന്നോ കാര്യം? ഇപ്പഴും അവൾക്കെന്നെ മനസ്സിലായിട്ടില്ലെന്നറിഞ്ഞപ്പോൾ എനിക്ക് സമാധാനമായി . അത് പിന്നെ ഡേറ്റ് പറഞ്ഞിരുന്നത് 28 -ാം തീയതിയായിരുന്നു, ആ സമയത്ത് ഏതെങ്കിലും ഹോം നഴ്‌സിനെ അറേഞ്ച് ചെയ്യാമെന്ന് കരുതി ഇരിക്കുകയായിരുന്നു ങ്ഹേ, അപ്പോൾ നിങ്ങളുടെ സ്വന്തത്തിൽ നിന്നാരുമില്ലേ ഐ മീൻ അമ്മമാര്? ഇല്ല ഞങ്ങളുടെത്, വീട്ടുകാർക്കിഷ്ടമില്ലാതിരുന്ന ലൗമാര്യേജായിരുന്നു, അത് കൊണ്ട് അവരൊക്കെ പിണക്കത്തിലാണ് ആഹ് ബെസ്റ്റ് ,എടോ കല്യാണം കഴിഞ്ഞ് ഇത്ര നാളായിട്ടും വീട്ടുകാരെ ഒന്ന് മയപ്പെടുത്തിയെടുക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? ഇങ്ങനെയുള്ള സമയത്തല്ലെ, അവരെക്കൊണ്ട് ആവശ്യമുള്ളത്, ഒളിച്ചോടുമ്പോൾ അറിയില്ലായിരുന്നോ? ഇങ്ങനെയൊക്കെ ആകുമെന്ന് ? അവളെന്നെ കുറ്റപ്പെടുത്തിയപ്പോൾ, തിരിച്ച് രണ്ട് പറയണമെന്ന് തോന്നിയെങ്കിലും, എൻ്റെ മാനം പോകുമെന്ന് ഭയന്ന് ഞാൻ സ്വയമടങ്ങി. ഇനി തർക്കിച്ച് നില്ക്കാൻ നേരമില്ല, ഞാനാ കുട്ടിയെയും കൊണ്ട് ലേബർ റൂമിലേക്ക് പോകുവാ, താൻ പുറത്ത് തന്നെയുണ്ടാവണം ,എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ, ഞാൻ വന്ന് പറയുമ്പോൾ ,വാങ്ങിച്ച് തന്നാൽ മതി. അതും പറഞ്ഞ് ,അവൾ വന്നതിനെക്കാൾ സ്പീഡിൽ തിരിച്ച് പോയപ്പോൾ, ഞാനുമവളെ അനുഗമിച്ചു. ലേബർ റൂമിൻ്റെ വാതില്ക്കൽ ഉത്ക്കണ്ഠാകുലനായി നില്ക്കുന്ന എൻ്റെയടുത്തേക്ക്, രണ്ട് പ്രാവശ്യമേ കവിത ഇറങ്ങി വന്നുള്ളു. ഒന്ന്, പ്രസവമുടനെയുണ്ടാകും ഞാൻ ടെൻഷനടിക്കേണ്ടെന്ന് പറയാനും, പിന്നെ നിരുപമ ഒരാൺകുട്ടിയെ പ്രസവിച്ചെന്ന് പറയാനും അപ്പോഴേക്കും ഞാൻ വിളിച്ച് പറഞ്ഞതനുസരിച്ച്, കൂട്ടുകാർ ഒരു ഹോം നഴ്സിനെ കൊണ്ട് വന്നിരുന്നു ,ബാക്കി കാര്യങ്ങളൊക്കെ ഹോം നഴ്സാണ് മാനേജ് ചെയ്തത്. രണ്ട് ദിവസത്തിന് ശേഷം, ഡിസ്ചാർജ്ജ് കിട്ടിയപ്പോൾ, ആശുപത്രി വിടുന്നതിന് മുമ്പ് കവിതയോട്, ഒരു നന്ദി വാക്ക് പറയണമെന്ന് എനിക്ക് തോന്നി, കാരണം, ലേബർ റൂമിൽ ഒരു ബന്ധുവിനെ പോലെ നിന്ന്, എൻ്റെ ഭാര്യയുടെ പ്രസവകാര്യങ്ങളൊക്കെ നോക്കിയത് അവളല്ലെ? ഡ്യൂട്ടി നഴ്‌സിൻ്റെ റൂമിന് മുന്നിൽ ചെന്ന്, അകത്തേയ്ക്ക് നോക്കിയ എന്നെ കണ്ടവൾ, പുറത്തേയ്ക്ക് വന്നു. സിസ്റ്ററേ.. നിരുപമയെ ഡിസ്ചാർജ്ജ് ചെയ്തു ,ഞങ്ങളിറങ്ങുവാ, പോകുന്നതിന് മുമ്പ് ഒരു നന്ദി വാക്ക് പറയണമെന്ന് തോന്നി ,സിസ്റ്ററില്ലായിരുന്നെങ്കിൽ ആ സമയത്ത് ഞാനാകെ ബുദ്ധിമുട്ടിപ്പോയേനെ, ഒത്തിരി നന്ദിയുണ്ട് , ഈ ഉപകാരം ഞാനൊരിക്കലും മറക്കില്ല മ്ഹും ,നന്ദി പറയേണ്ടത് ഞാനല്ലേ രതീഷ് ,നീയന്ന് എന്നെ വഴിയിലുപേക്ഷിച്ച് പോയത് കൊണ്ടല്ലേ, എനിക്ക് നിന്നെക്കാൾ ഉയരത്തിലെത്തണമെന്നും, ഒരിക്കലെങ്കിലും നിൻ്റെ മുന്നിൽ ഞെളിഞ്ഞ് നില്ക്കണമെന്നുമുള്ള വാശി ഉണ്ടായത്, അത് കൊണ്ടല്ലേ എനിക്കൊരു ഗവൺമെൻ്റ് നഴ്‌സാകാൻ പറ്റിയത്, അത് കൊണ്ട് മാത്രമല്ലേ എൻ്റെ വീട്ടുകാർ എന്നെ സൽസ്വഭാവിയായ ഒരു ഉദ്യോഗസ്ഥന്, എന്നെ വിവാഹം ചെയ്ത് കൊടുക്കുകയും, എനിക്കൊരു നല്ല കുടുംബ ജീവിതമുണ്ടായതും, അല്ലാതെ ,അന്ന് നീയെന്നെ പ്രേമം മൂത്ത് വീട്ടുകാരെ വെറുപ്പിച്ച് , കൂടെ കൂട്ടിയിരുന്നെങ്കിൽ ,ഇപ്പോഴെനിക്ക് നിരുപമയുടെ ദുർവ്വിധി ഉണ്ടാകില്ലായിരുന്നോ ? അവളുടെ മറുപടി കേട്ട് എൻ്റെ തൊലിയുരിഞ്ഞ് പോയി. എന്താ രതീഷ് താൻ ഞെട്ടിപ്പോയൊ? തന്നെ ആദ്യം കണ്ടപ്പോൾ തന്നെ, എനിക്ക് മനസ്സിലായിരുന്നു ,പിന്നെ, ഞാനറിഞ്ഞ ഭാവം നടിക്കാതിരുന്നതും, വൈരാഗ്യം കാണിക്കാതിരുന്നതും, ഞാനെൻ്റെ പ്രൊഫഷനെ ബഹുമാനിക്കുന്നത് കൊണ്ടായിരുന്നു, ആശുപത്രിയിൽ വരുന്ന ഓരോ പേഷ്യൻ്റും, ഏറ്റവുമധികം ആശ്രയിക്കുന്നതും, ഭയമില്ലാതെ തങ്ങളുടെ ഉത്ക്കണ്ഠകൾ പങ്ക് വയ്ക്കുന്നതും ഒരു നഴ്സിനോടാണ്, അത് കൊണ്ട് തന്നെ ,ഞങ്ങൾ നഴ്സുമാരൊക്കെ എത്ര വലിയ ശത്രുക്കൾ വന്നാലും, അവരോട് അനുഭാവപൂർവ്വം മാത്രമേ പെരുമാറുകയുള്ളു, തന്നോടും ഞാനത്രയേ കാണിച്ചിട്ടുള്ളു ,അതിന് നന്ദിയൊന്നും വേണ്ട, നേരം കളയാതെ പോകാൻ നോക്ക് അവളെന്നെ ഗെറ്റ് ഔട്ട് അടിച്ചില്ലെന്നെയുള്ളു, പക്ഷേ അത്രയും വലിയ അവഗണന ഞാനനുഭിച്ചത് എൻ്റെ ജീവിതത്തിലാദ്യമായിട്ടായിരുന്നു. 📝 സജി തൈപ്പറമ്പ് . #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #കിസ്സകൾ
📔 കഥ - ShareChat
#പെണ്ണൊരുമ്പെട്ടാൽ# ഭാര്യയ്ക്കും ഭർത്താവിനും ജോലിയുണ്ടെങ്കിലേ ,ഇക്കാലത്ത് ഒരു കുടുംബം പുലർത്തനാകു, എന്ന തിരിച്ചറിവിലാണ് ഞാൻ ജോലിയുള്ള പെണ്ണിനെ തന്നെ കണ്ട് പിടിച്ച് കെട്ടിയത്. രണ്ട് മൂന്ന് വർഷങ്ങൾ കഴിഞ്ഞപ്പോൾ നാട്ട് നടപ്പനുസരിച്ച് കുടുംബത്തിലെ മൂത്ത സന്തതിയായ എനിക്ക്, അവിടുന്ന് പടിയിറങ്ങേണ്ടി വന്നു. അവളുടെ വീട് വടക്കേ മലബാറിലായതിനാൽ ഞങ്ങളുടെ വീട് ഒരു അണുകുടുംബമായി മാറി. പക്ഷേ, കല്യാണവും കഴിഞ്ഞ്, രണ്ട് പ്രസവവും കഴിഞ്ഞപ്പോൾ എനിക്കും അവൾക്കും സമയത്ത് ഓഫീസിൽ എത്താൻ പറ്റാതായി. അടുപ്പിച്ചുള്ള രണ്ട് പ്രസവമായത് കൊണ്ട് ഇളയതിന് പാല് കൊടുക്കുമ്പോൾ മൂത്തതും കിടന്ന് കാറും. ഒടുവിൽ മൂത്തതിനെ കുപ്പിപ്പാല് കൊടുത്ത് ആശ്വസിപ്പിക്കേണ്ട ഉത്തരവാദിത്വം എന്റെ തലയിലായി. അവള് പ്രസവം കഴിഞ്ഞ് അധികനാളാകാത്തത് കൊണ്ട്, ഓഫീസിൽ കുറച്ച് താമസിച്ച് ചെന്നാലും മേലുദ്യോഗസ്ഥൻ ഒന്നും പറയാറില്ല. പക്ഷേ, എന്റെ കാര്യം അങ്ങനല്ലല്ലോ? ഭാര്യയുടെ രണ്ട് പ്രസവത്തിന്റെ പേരും പറഞ്ഞ്, ഞാൻ കിട്ടാവുന്നത്ര ലീവെടുത്ത് സുഖിച്ചത് കൊണ്ട്, ഓഫിസറുടെ കണ്ണിൽ ഞാനൊരു നോട്ടപ്പുള്ളിയാണ് ബുദ്ധിമുട്ട് കൂടിയപ്പോൾ, ഞാനവളോട് പറഞ്ഞതാ, ഒരു സർവ്വൻറിനെ വെയ്ക്കാമെന്ന്. അപ്പോൾ അവൾക്കൊരു ഡിമാന്റ്, അറുപത് കഴിഞ്ഞ തള്ളമാരെ കിട്ടുമോന്ന് നോക്കാൻ. എന്നെ വിശ്വാസ കുറവുണ്ടായിട്ടല്ല കേട്ടോ ,എന്നാലും അവൾക്കൊരു പേടി. അപ്പോൾ ഞാൻ പറഞ്ഞു. "അത് വേണ്ട ടീ, ചിലപ്പോൾ അറുപത് കാരിയേം കൊണ്ട് ഒളിച്ചോടാൻ എനിക്ക് തോന്നിയാലോന്ന് ഹല്ല പിന്നെ, എങ്ങനെ ദേഷ്യം വരാതിരിക്കും. ഇനീപ്പോ ഒരൊറ്റ മാർഗ്ഗമേയുള്ളു രണ്ടിലൊരാൾ ജോലി രാജിവയ്ക്കുക. പക്ഷേ, ഞാനെങ്ങനെ രാജി വയ്ക്കും. അഞ്ചക്ക ശബ്ബളമുള്ള ഉദ്യോഗസ്ഥൻ. ചുമട്ട് തൊഴിലാളിയായ എന്റെ ബാപ്പ, ഒരു പാട് കഷ്ടപ്പെട്ടാണ് എന്നെ പഠിപ്പിച്ച് ഒരു ജോലിക്കാരനാക്കിയത്. അല്ലെങ്കിൽ തന്നെ, ഒരു കുടുംബത്തിലെ കുടുംബനാഥൻ ,ഉള്ള ജോലിയും കളഞ്ഞ് വീട്ടിലിരുന്നിട്ട്, ഭാര്യയെ ജോലിക്ക് വിട്ടാൽ നാട്ട്കാരെന്ത് പറയും. അവളോട് പറയാം, ജോലി രാജിവയ്ക്കാൻ. അവളുടെത്, തുശ്ച വരുമാനമുള്ള ലാസ്റ്റ് ഗ്രേഡ് സർവന്റാണ്. പിന്നെ, ഒരു പാട് സ്വത്ത് ഉള്ള കുടുംബത്തിൽ നിന്ന് വന്ന അവൾക്ക് വേണ്ടി അവളുടെ ബാപ്പ, കഷ്ടതകൾ അനുഭവിച്ച് കിട്ടിയ ജോലിയൊന്നുമല്ല,വെറുമൊരു നേരം പോക്കിന് വേണ്ടി നേടിയ ജോലിയാണ് , അത് പോയാലും വലിയ നഷ്ടമൊന്നുമില്ല. "ടീ ആബിദാ.. ഞാനാലോചിച്ചിട്ട് ഒറ്റ വഴിയെ ഉള്ളു, നീ നിന്റെ ജോലിയങ്ങ് രാജിവയ്ക്ക്, രണ്ട് പെറ്റപ്പോൾ തന്നെ, നിനക്ക് അവശ്യത്തിന് ജോലിയായി, നീ ഇനി മുതൽ പിള്ളാരേം നോക്കി വീട്ടിലിരുന്നാൽ മതി " "എന്തോ ... എങ്ങനേ ... രണ്ട് പെറ്റതേ, എന്റെ മാത്രം കുറ്റം കൊണ്ടല്ലല്ലോ? അതിന് നിങ്ങള് കൂടി ഉത്തരവാദിയല്ലേ? പിന്നെ ,എന്റെ ജോലി, അത് ഞാൻ വീട്ടിൽ ഫെയ്സ് ബുക്ക് നോക്കിയിരുന്നപ്പോൾ ,ആരും വന്ന് ,ദാ.. നിനക്കൊരു ജോലി ഇരിക്കട്ടെ, എന്നും പറഞ്ഞ്, കൈവെള്ളയിൽ വച്ച് തന്നതുമല്ല, ചെറുപ്പം മുതലേ വാശിയോടെ കഷ്ടപ്പെട്ട് പഠിച്ച്, പരീക്ഷയെഴുതീട്ട് തന്നെയാ, സർക്കാർ ജോലി നേടിയത് ,ആ യോഗ്യതയുള്ളത് കൊണ്ട് മാത്രമാ, നിങ്ങളെ പോലൊരു ഉദ്യോഗസ്ഥൻ, എന്നെ വന്ന് കെട്ടിയതും, വേണമെങ്കിൽ നിങ്ങള് പോയി രാജിവയ്ക്ക്, എന്നിട്ട് വെറുതെ വീട്ടിലിരുന്നാൽ മതി ,ഞാൻ കാണിച്ച് തരാം , ജോലിക്കും പോയി , ഒരു വീട്ടിലെ മുഴുവൻ കാര്യങ്ങളും നോക്കി, എങ്ങനാ ജീവിക്കുന്നതെന്ന് അവൾ എന്നെ വെല്ല് വിളിച്ചു. ശ്ശെടാ .. കടുവയെ പിടിക്കുന്ന കിടുവയോ? എന്റെ മുന്നിൽ വീറോടെ നില്ക്കുന്ന, ആബിദയെ കണ്ടപ്പോൾ, ഒരു നിമിഷം ഞാൻ, വാളോങ്ങി നില്ക്കുന്ന, ഝാൻസി റാണിയെ ഓർത്ത് പോയി. ഇനി അവളോട് തർക്കിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായ ഞാൻ, നേരം കളയാതെ ഓഫീസിലേക്ക് പോകാൻ ഒരുങ്ങി . 📝സജിതൈപറമ്പ് . #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #കിസ്സകൾ
📔 കഥ - ShareChat
ഓട്ടിസം ബാധിച്ച മോനെ, സ്പെഷ്യൽ സ്കൂളിൽ കൊണ്ട് പോകാനായിരുന്നു അയാളുടെ ഓട്ടോറിക്ഷ ഞാനാദ്യമായി വിളിച്ചത് പിറ്റേ ദിവസം മുതൽ പറയാതെ തന്നെ അയാൾ, മോനെ സ്കൂളിൽ കൊണ്ട് പോകാൻ, ദിവസവും രാവിലെ വീട്ടിൽ വരാൻ തുടങ്ങി. സാധാരണ ഞാനാണ്, നടക്കാൻ കഴിയാത്ത മകനെ തോളത്ത് എടുത്ത്, ഓട്ടോറിക്ഷയിൽ കയറ്റുന്നത്, പക്ഷേ അന്ന് മുതൽ അയാൾ ആ ജോലി ഏറ്റെടുത്തു. മൂന്നാം ദിവസം എന്നെ കൂട്ടാതെ തന്നെ, അയാൾ മകനെയുമെടുത്ത് സ്കൂളിൽ പോകുകയും, ഉച്ചയ്ക്ക് തിരിച്ച് വീട്ടിൽ കൊണ്ട് വിടുകയും ചെയ്തു. പിന്നീടങ്ങോട്ട് അതൊരു പതിവായി, എനിയ്ക്കും മകനും സ്വന്തമെന്ന് പറയാൻ, എൻ്റെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. പെട്ടെന്നൊരു ദിവസം, അമ്മയും പോയപ്പോൾ വയ്യാത്ത മകനെയും കൊണ്ട്, ഞാനൊത്തിരി കഷ്ടത അനുഭവിക്കുന്ന സമയത്താണ്, വിശാലഹൃദയനായ അയാളുടെ വരവ്, അത് എനിയ്ക്ക് വലിയ ആശ്വാസമായിരുന്നു. ഒരിക്കൽ,മോനെ സ്കൂളിൽ നിന്ന് കൊണ്ട് വന്ന് അകത്ത് കസേരയിലിരുത്തിയിട്ട്, അയാളെന്നോടൊരു കാര്യം ചോദിച്ചു. എൻ്റെ ഭാര്യ മരിച്ചിട്ട് ഒരു വർഷമാകുന്നു , എനിയ്ക്ക് നിങ്ങളെ ഇഷ്ടമാണ്, ഞാൻ നിങ്ങളെ വിവാഹം കഴിച്ചോട്ടെ ,എന്ന്. അത് കേട്ട് എനിയ്ക്ക് അയാളോട് വെറുപ്പ് തോന്നി ,ഭാര്യ മരിച്ച് ഒരു വർഷം പോലും തികയുന്നതിന് മുമ്പ്, രണ്ടാം വിവാഹം കഴിക്കാനൊരുങ്ങുന്ന അയാളൊരു സ്വാർത്ഥനാന്നെന്ന് എനിയ്ക്ക് മനസ്സിലായി, അത് കൊണ്ടല്ലേ ഭാര്യയുടെ വേർപാട് ഇത്ര പെട്ടെന്ന് അയാൾക്ക് മറക്കാൻ കഴിഞ്ഞത്,അങ്ങനെയുള്ള ഒരാൾക്ക്, കുറച്ച് നാള് കഴിഞ്ഞ് പുതുമ നഷ്ടപ്പെടുമ്പോൾ എന്നോടുള്ള സ്നേഹവും കുറയുമെന്ന കാര്യം ഉറപ്പാണ്, എൻ്റെ ചിന്തകൾ ആ വഴിയ്ക്ക് പോയപ്പോൾ, ഞാനയാൾക്ക് മറുപടി കൊടുത്തു . സോറി,, എനിയ്ക്ക് താല്പര്യമില്ല ,പിന്നെ ,ഇങ്ങനെയൊരു ലക്ഷ്യം മനസ്സിൽ വച്ചാണ് നിങ്ങളെൻ്റെ മോനോട് ഇത്ര അടുപ്പം കാണിച്ചതെന്ന് എനിയ്ക്ക് മനസ്സിലായി ,അത് കൊണ്ട് ഇനി നിങ്ങളുടെ സഹായം എനിയ്ക്ക് ആവശ്യമില്ല ,ഇനി മുതൽ ഞാൻ തന്നെ മോനെ സ്കൂളിൽ കൊണ്ട് പൊയ്ക്കോളാം, നിങ്ങളിനി വരണ്ടാ, അപമാനിതനെ പോലെ അയാളിറങ്ങി പോകുന്നത് ഒട്ടും മന:സ്താപമില്ലാതെ ഞാൻ നോക്കി നിന്നു. കുറച്ച് ദിവസങ്ങൾ കൂടി കഴിഞ്ഞ് ,പനി വന്ന മകനേയും കൊണ്ട് ,ഞാൻ സ്ഥിരമായി പോകുന്ന പീഡിയാട്രീഷ്യനെ കാണാൻ പോയി അവിടെ വച്ച് യാദൃശ്ചികമായി ഞാനാ ഓട്ടോ ഡ്രൈവറെ കണ്ടു, ഡോക്ടറുടെ റൂമിൽ നിന്നിറങ്ങി വന്ന അയാളുടെ തോളിൽ, പത്ത് പതിമൂന്ന് വയസ്സ് പ്രായം തോന്നിയ്ക്കുന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അയാളിറങ്ങിയ ഉടനെ ഞാൻ മോനെയും കൊണ്ട് ഡോക്ടറുടെ റൂമിലേയ്ക്ക് വേഗം കയറി ,വർഷങ്ങളായി പരിചയമുള്ള ഡോക്ടറുടെയടുത്ത്, ഞാനെൻ്റെ ജിജ്ഞാസ പങ്ക് വച്ചു. അയാളൊരു ഓട്ടോ ഡ്രൈവറല്ലേ? ആ കുട്ടി ആരുടേതാണെന്നറിയുമോ ഡോക്ടർ? ഗീതുവിന് അയാളെ അറിയുമോ? അത് അയാളുടെ മകള് തന്നെയാണ് ഈ മോനെപ്പോലെ തന്നെ ഡിസ് ഏബിൾഡാണ്,ആ കുട്ടി ഇപ്പോൾ കുറച്ച് നെർവ്വസാണ്, അതിൻ്റെ അമ്മ കഴിഞ്ഞ വർഷം ഒരപകടത്തിൽ മരിച്ച് പോയി ,അച്ഛനെത്ര ശ്രമിച്ചാലും ഇത്തരം കുട്ടികൾക്ക് അമ്മമാരുടെ കുറവ് വല്ലാതെ ഫീല് ചെയ്യും ,അത് കൊണ്ട് ഞാനയാളോട് കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ മറ്റൊരു വിവാഹം കഴിയ്ക്കാൻ , ആവശ്യപ്പെട്ടിരുന്നു ,ഒരു പക്ഷേ മറ്റൊരു സ്ത്രീയുടെ സാമീപ്യം ആ കുട്ടിയ്ക്ക്, അമ്മ കൂടെയുണ്ടെന്ന തോന്നലുണ്ടാക്കിയേക്കാം ,അത് അവൾക്ക് വലിയ ആശ്വാസം നല്കിയേക്കും ,ഇന്ന് വന്നപ്പോൾ ഞാൻ വീണ്ടും അത് തന്നെയാണ് അയാളോട് പറഞ്ഞത് ,അപ്പോൾ അയാള് പറയുവാ ,എൻ്റെ മകളെ സ്നേഹിക്കാനും മനസ്സിലാക്കാനും ഇത് പോലുള്ള കുട്ടികളെ വളർത്തുന്ന അമ്മമാർക്ക് മാത്രമേ കഴിയൂ, പക്ഷേ അങ്ങനൊരു അമ്മയെ കിട്ടുന്നത് അത്ര എളുപ്പമല്ലന്ന്, ഡോക്ടറുടെ മറുപടി കേട്ട് ഞാനാകെ തളർന്ന് പോയി, കാര്യമറിയാതെ ഞാനയാളെ ഒരുപാട് തെറ്റിദ്ധരിച്ചു. ഇന്നിപ്പോൾ ഞാനൊരുപാട് സന്താഷവതിയാണ് ,കാരണം എനിയ്ക്ക് താങ്ങായി അദ്ദേഹമുണ്ട്, കൂടെ നിഷ്കളങ്കരായ ഞങ്ങടെ രണ്ട് മക്കളും,,, 📝സജി തൈപ്പറമ്പ് . #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ #കിസ്സകൾ
📔 കഥ - ShareChat
ചെറിയ ലോകം, വലിയ മനുഷ്യരും ഓപ്പറേഷനുള്ള പൈസയുമായി ഞാൻ ആശുപത്രിയിൽ എത്തിയപ്പോഴേക്കും വൈകിയിരുന്നു. അമ്മ നോക്കിയിരിക്കുന്നുണ്ട്. ഇടയ്ക്കിടെ വിളിച്ചു കൊണ്ടേ ഇരിക്കാരുന്നു. അമ്മയ്ക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു.. ആദ്യമായിട്ടാണ് ഇത്രയും എമൗണ്ട് രൂപയായി കയ്യിൽ. എന്തായാലും എന്നെ കണ്ടപ്പോൾ അമ്മയുടെ മുഖത്തെ ആശ്വാസം കണ്ടു. അനിയത്തി ആതിരയാണ് ആശുപത്രിയിൽ. ഹൃദയം മാറ്റിവെക്കാനുള്ള ഓപ്പറേഷന് അവസരം കാത്തിരിക്കുകയാണ് അവൾ. കഴിഞ്ഞ ആഴ്ച അവളുടെ അവസ്ഥ കുറച്ചു മോശമായി. ഇപ്പോൾ ഇവിടുത്തെ ഐസിയു വിലാണ് ഉള്ളത്. എന്തെങ്കിലും ഇപ്പോൾ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് ഒരു അവസരം കിട്ടില്ലെന്ന്‌ ഡോക്ടർ പറഞ്ഞപ്പോൾ ഉള്ള വീടും പുരയിടവും വിറ്റാണ് ഇപ്പൊൾ പത്തുലക്ഷം രൂപ ഒപ്പിച്ചത്.. വാങ്ങിയത് ഞാൻ പണിക്ക് പോകുന്ന സൂപ്പർമാർക്കറ്റിന്റെ മുതലാളി തന്നെയാണ്. അദ്ദേഹത്തിന് എന്റെ എല്ലാ കാര്യങ്ങളും അറിയാവുന്നത് കൊണ്ടു തന്നെ രെജിസ്ട്രേഷൻ ഒന്നും കഴിയാതെ തന്നെ മുഴുവൻ പൈസയും ക്യാഷ് ആയിത്തന്നെ തരാമെന്നു പറഞ്ഞത്..അദ്ദേഹത്തിന് എന്തോ ടാക്സിന്റെ പ്രശ്നം ഉള്ളത് കൊണ്ടു മുഴുവൻ തുകയും ക്യാഷ് ആയിത്തന്നെയേ തരൂ എന്ന് പറഞ്ഞിരുന്നു.. എനിക്ക് എങ്ങനെ ആയാലും പണം കിട്ടിയാൽ മതിയല്ലോ. " മോനെ, നീ വൈകുംതോറും അമ്മയുടെ നെഞ്ചിൽ തീയാരുന്നു. വഴിയിൽ കുഴപ്പം ഒന്നുമില്ലായിരുന്നല്ലോ? " അമ്മ ഉദ്ദേശിച്ചത് എനിക്കറിയാം. എന്റെ ചേട്ടൻ. വർഷങ്ങൾക്ക് മുന്പേ വീടുവിട്ടിറങ്ങിയതാണ്. അച്ഛനുണ്ടായിരുന്നപ്പോഴേ. അന്നേ പുള്ളിക്ക് മോശം കൂട്ടുകെട്ടും കള്ളുകുടിയും ഒക്കെയുണ്ടായിരുന്നു. അച്ഛനുമായി എന്നും വഴക്കായിരുന്നു. എനിക്കും അനിയത്തിക്കും ഒരു പേടി സ്വപ്നം ആയിരുന്നു ചേട്ടൻ. അച്ഛൻ മരിച്ചപ്പോൾ പോലും വന്നില്ല. പിന്നീട് ഇടയ്ക്കിടെ വന്നു വീതം വേണമെന്ന് ആവശ്യപ്പെട്ട് അമ്മയോട് വഴക്കിടും. ഇപ്പോൾ ഏതോ ക്വട്ടേഷൻ സംഘത്തിൽ ആണെന്നോ രാഷ്ട്രീയക്കാർക്ക് വേണ്ടി തല്ലാനും കൊല്ലാനും നടക്കുകയാണെന്നോ ഒക്കെ അറിയാറുണ്ട്. അവനോട് ആലോചിക്കാതെയാണ് അമ്മ വീട് വിറ്റത്.. ആലോചിച്ചാൽ അവൻ സമ്മതിക്കില്ലെന്ന് ഉറപ്പായിരുന്നു. പെറ്റമ്മയുടെ കഴുത്തിൽ കുത്തിപ്പിടിച്ചു പണം ആവശ്യപ്പെടുന്നവനെന്ത് പെങ്ങളുടെ ചികിത്സ?. ഇപ്പോൾ വീട് വിറ്റു എന്നറിഞ്ഞു പ്രാന്തെടുത്തു നടക്കുകയാണെന്നും എന്റെ മുതലാളിയുടെ അടുത്ത് ചെന്നു വഴക്കുണ്ടാക്കി എന്നും അറിഞ്ഞു. ഏതു നിമിഷവും അവൻ ഇവിടെ വന്നേക്കാം. അതിന് മുൻപ് പണം കൗണ്ടറിൽ അടക്കണം. മോൻ വൈകിക്കണ്ട. പൈസ വേഗം കൊണ്ടു അടച്ചിട്ട് പോരെ. സിസ്റ്റർ പറഞ്ഞു ഓപ്പറേഷന്റെ തൊട്ട് മുന്പാണ് സാധാരണ പണം അടക്കാറുള്ളത്. ഇത്രയും തുക അഡ്വാൻസ് ആയിട്ട് അവർ വാങ്ങാറില്ലെന്ന്‌. പിന്നെ ഞാൻ പോയി മാനേജരോട് സംസാരിച്ചിട്ടാണ് അവർ സമ്മതിച്ചത്. " " ശരിയമ്മേ, പൈസയടച്ചിട്ട് ഞാൻ ലോഡ്ജിൽ പോയി ഒന്ന് കുളിച്ച് അമ്മക്കുള്ള ഭക്ഷണവും വാങ്ങി വേഗം വരാം. " അമ്മയോട് പറഞ്ഞു ഞാൻ താഴത്തെ കൗണ്ടറിലേക്ക് നടന്നു. രാത്രിയായാൽ മെയിൻ റിസപ്ഷനിലുള്ള ക്യാഷ് കൌണ്ടർ മാത്രമേ ഉണ്ടാവുകയുള്ളൂ. റിസപ്ഷന്റെ അവിടെക്ക് സ്റ്റെപ് ഇറങ്ങിചെല്ലുമ്പോഴാണ് കണ്ടത്, റിസെപ്ഷനിൽ അവൻ, എന്റെ ചേട്ടൻ. കൂടെ ആരൊക്കെയോ ഉണ്ട്. ആതിര എവിടെ ആണ് കിടക്കുന്നത് എന്നാവണം അന്വേഷിക്കുന്നത്. എന്റെ വയറ്റിലൂടെ ഒരു തീപന്തം ആളി. ഞാൻ പൈസയടങ്ങിയ ബാഗ് ഇറുക്കെ പിടിച്ചു. അവനിത് കണ്ടാൽ, പിന്നെ മൊത്തം അവൻ കൊണ്ടുപോകും. പിന്നെ എന്റെ ജീവിതകാലത്ത് ഇത്രയും പൈസയുണ്ടാക്കാൻ എനിക്ക് കഴിയില്ല.. ഞാൻ ശബ്ദമുണ്ടാക്കാതെ സൈഡിലുള്ള ഡോറിലൂടെ പുറത്തേക്ക് ഇറങ്ങി. ലോഡ്ജ് മുറിയിലേക്ക് എത്തുകയായിരുന്നു ഉദ്ദേശം. അതിനിടയിൽ സ്റ്റെപ് കയറി മൂന്നാം നിലയിലെത്തിയ ഏട്ടൻ എന്നെ കണ്ടു. കൈചൂണ്ടി കൂടെ ഉള്ളവരോട് എന്തോ പറയുന്നതും എല്ലാവരും കൂടെ ഓടി വരുന്നതും ഞാൻ കണ്ടു. ഞാൻ സർവ്വ ശക്‌തിയുമെടുത്ത് ഓടി. എന്റെ മുറി മൂന്നാം നിലയിലാണ്. അങ്ങോട്ടെത്താൻ സമയമില്ലെന്ന് തോന്നിയപ്പോഴാണ് രണ്ടാം നിലയിൽ ആദ്യം കണ്ട റൂമിന്റെ വാതിലിൽ ആഞ്ഞാഞ്ഞു തട്ടിയത്. വാതിൽ തുറന്ന ആളെക്കണ്ട ഞാൻ വല്ലാതെയായി. മുപ്പത്തിയഞ്ചിനോടടുത്ത പ്രായമുള്ള ഒരു സ്ത്രീ. ഇവരെ ഞാൻ പല സ്ഥലത്തുവെച്ചും കണ്ടിട്ടുണ്ട്. ചിരിക്കാൻ അറിയാത്ത മുഖം. ശരീരത്തിനുള്ള സൗന്ദര്യം പോലും മുഖഭാവം കൊണ്ടു ഇല്ലാതാക്കുന്ന ഒരു വഴക്കാളി സ്ത്രീ. അങ്ങനെ പറയാൻ കാരണം ഞാൻ കാണുമ്പോഴെല്ലാം അവർ ആരോടെങ്കിലും വഴക്കിടുകയാവും. ഹോസ്പിറ്റലിൽ നേഴ്സ്മാരോട്, സെക്യൂരിറ്റി ചേട്ടനോട്, കാന്റീനിലെ ചേച്ചിയോട്, പിന്നീട് ഒരു ദിവസം വീട്ടുകാരെന്ന് തോന്നിക്കുന്ന കുറച്ചു ആളുകളോട്. നമ്മുടെ പ്രശ്നം അതിലും വലുതായത് കൊണ്ട് ഞാൻ അതിലൊന്നും ഇടപെടാൻ തോന്നിയിട്ടില്ല. ഇതിപ്പോ ഇങ്ങനെ ഒരു സാഹചര്യത്തിൽ സഹായം തേടി ഞാൻ എത്തിയത് ഇവരുടെ മുമ്പിൽ തന്നെ ആയിപ്പോയല്ലോ ഈശ്വരാ.. " ഹമ്, എന്താ? " അവരുടെ ഗൗരവമാർന്ന ശബ്ദം ആണ് എന്നെ ഞെട്ടിച്ചു. " ചേച്ചി, ഞാൻ ഒന്ന് അകത്തു കേറിക്കോട്ടെ. അവർ എന്റെ പുറകെ ഉണ്ട്. കയ്യിൽ കിട്ടിയാൽ അവരെന്നെ കൊല്ലും..അവർ പോയാൽ ഞാൻ പൊക്കോളാം. പ്ലീസ് ചേച്ചി. " ഞാൻ കരയാറായി. " അതൊന്നും പറ്റില്ല. നീ പോ. ഞാനാരുടേം രക്ഷകയൊന്നുമല്ല. നീ വേറെവിടേലും പോ. " ഭാവവ്യത്യാസമില്ലാതെ പറഞ്ഞിട്ട് അവർ വാതിൽ അടയ്ക്കാൻ ഒരുങ്ങി. ഞാൻ വാതിലിൽ കയറിപ്പിടിച്ചു. " ചേച്ചി, ഈശ്വരനെയോർത്ത് പ്ലീസ് ഒരു അഞ്ചു മിനിറ്റ്. അവർ പോയാൽ അപ്പോൾ ഞാൻ ഇറങ്ങിപൊക്കോളാം. " ഞാൻ വീണ്ടും യാചിച്ചു. " ഈശ്വരനെയൊന്നും ഞാനീയിടെ ഓർക്കാറില്ല.. അത് വിട്. നീയിറങ്ങി പോ. ചുമ്മാ ആളെ മിനക്കെടുത്താതെ. " വീണ്ടും മനസാക്ഷിയില്ലാത്ത സ്വരം. ഞാനിനി എങ്ങോട്ട് പോകുമെന്ന് ചിന്തിച്ചപ്പോഴാണ് ആരോ സ്റ്റെപ് ഓടിക്കയറുന്ന ശബ്ദം കേട്ടത്. വേറൊരു മുറി തട്ടിത്തുറക്കാൻ സമയമില്ല എന്ന് തോന്നിയതും ആ ചേച്ചിയെ തള്ളിമാറ്റി ഞാൻ അകത്തു കയറി വാതിലടച്ചതും അടുത്ത നിമിഷം എന്റെ കവിളിൽ അടി വീണു. ഒന്ന് ഞെട്ടിയെങ്കിലും ഞാൻ സംയമനം വീണ്ടെടുത്തു. " ചേച്ചി, ചേച്ചിയെന്നെ എത്ര തല്ലിയാലും കുഴപ്പമില്ല. കുറച്ചു സമയം എന്നെ അവർക്ക് കാണിച്ചു കൊടുക്കല്ലേ പ്ലീസ്. " ഞാൻ കരഞ്ഞു. " ആരാ അവർ? എന്തിനാ അവർ നിന്നെ തിരയുന്നത്? നീ അവരുടെ വല്ലതും മോഷ്ടിച്ചിട്ടാണോ ഓടി വന്നേക്കുന്നത്? " എന്റെ കയ്യിലെ ബാഗിലേക്ക് സംശയത്തോടെ നോക്കിക്കൊണ്ടാണ് ചോദ്യം. " ചേച്ചി, അത് എന്റെ ചേട്ടനാ. ഇതെന്റെ അനിയത്തിക്ക് ഓപ്പറേഷനു കെട്ടിവെക്കാനുള്ള പൈസയാണ്. ഇതിന് വേണ്ടിയാ അയാളെന്റെ പുറകെ വരുന്നത്. ഈ പൈസ അയാൾ കൊണ്ടുപോയാൽ എന്റെ അനിയത്തി.. " ഞാൻ പൊട്ടിക്കരഞ്ഞു പോയിരുന്നു. അപ്പോഴേക്കും വാതിലിൽ മുട്ട് കേട്ടു. ഞാൻ മറവിലേക്ക് നീങ്ങിനിന്നു. ദയനീയതയോടെ എന്നെ കാണിച്ചു കൊടുക്കല്ലേ എന്ന് കൈകൂപ്പി. എന്നെ ഒന്ന് നോക്കിയിട്ട് അവർ വാതിൽ തുറന്നു. " പത്തിരുപത്തി നാല് വയസ്സ് തോന്നിക്കുന്ന ഒരു പയ്യൻ ഇങ്ങോട്ടേങ്ങാൻ ഓടി വരുന്ന കണ്ടാരുന്നോ? " ഏട്ടന്റെ ശബ്ദം കേട്ടു. " ഞാൻ കണ്ടില്ല. " അവർ മറുപടി പറയുന്നു. " ഒരു ബ്ലാക്ക് ഷർട്ട്‌ ഇട്ട മെലിഞ്ഞ ഒരു ചെറുക്കൻ. കയ്യിൽ ഒരു ബാഗുമുണ്ട്. " വീണ്ടും ഏട്ടൻ വിശദീകരിക്കുന്നു. " ഇല്ലെന്ന് പറഞ്ഞില്ലേ. ഇവിടെ ഞാൻ മാത്രമേ ഉള്ളൂ. നിങ്ങൾ പോയേ. എനിക്കൊന്ന് കിടക്കണം. " വീണ്ടും ഭാവഭേദമില്ലാതെ അവരുടെ സ്വരം. അവർ പോയെന്നു തോന്നുന്നു. അവർ വാതിൽ അടച്ചു എന്റെ അടുത്തേക്ക് വന്നു. " നീയിരിക്ക്. അവർ പോയാൽ ഉടനെ നീ ഇറങ്ങി പൊക്കോളണം എവിടെയാണെന്ന് വെച്ചാൽ. " അവർ പരുഷമായി പറഞ്ഞു. ഞാൻ പതുക്കെ നിലത്തേക്കിരുന്നു.. " എന്റെ അനിയത്തിക്ക് ഹാർട്ട് ഓപ്പറേഷനു വേണ്ടി എന്റെ കിടപ്പാടം വിറ്റ പണമാണ് ഇതിൽ. അത് വാങ്ങാനാണ് അയാൾ വന്നത്. ജീവൻ പോയാലും കൊടുക്കില്ല ചേച്ചി ഞാനിത്. പതിനേഴു വയസ്സേ ഉള്ളൂ അവൾക്ക്. പഠിക്കാൻ മിടുക്കിയാണ്. ചെറുപ്പം മുതലേ വയ്യാത്ത കുട്ടിയാണെങ്കിലും നന്നായി പഠിക്കും. ജീവിക്കാൻ വല്ലാത്ത കൊതിയാ അവൾക്ക്.. ഞാൻ രക്ഷപ്പെടുമോ ഏട്ടാ എന്ന് എന്നോട് എപ്പോഴും ചോദിക്കും. കുറെ ആയി മരുന്നിലാ ഓടുന്നത്. ഇനിയത് പറ്റില്ല. ഹാർട്ട്‌ മാറ്റിവെക്കണം. മറ്റെന്തും പോലെ അല്ലല്ലോ ഹൃദയം. നമുക്ക് കൊടുക്കാൻ പറ്റില്ലല്ലോ. പറ്റുമായിരുന്നെങ്കിൽ ഞാനോ അമ്മയോ കൊടുത്തേനെ. ഇതിപ്പോ ദൈവാനുഗ്രഹം കൊണ്ടു ഒരെണ്ണം കിട്ടാൻ സാധ്യത ഉണ്ടെന്നു ഡോക്ടർ പറഞ്ഞു. അതുകൊണ്ട് എല്ലാം വിറ്റുപെറുക്കി പത്തുലക്ഷം രൂപയുണ്ടാക്കിയതാ. അത് ഹോസ്പിറ്റലിൽ അടയ്ക്കാൻ കൊണ്ടുവന്നപ്പോഴാ. അവൾ ഞങ്ങടെ വീടിന്റെ വിളക്കാ ചേച്ചി. ആ വെളിച്ചം അണയുമ്പോ എന്തിനാ ഞങ്ങക്ക് ആ വീട്. " ഞാൻ ഒന്ന് നിർത്തി, വീണ്ടും തുടർന്നു. അവർ ഒന്നും മിണ്ടിയില്ല. എന്നെ തടഞ്ഞുമില്ല. " ഇതുകൊണ്ടൊന്നും ഒന്നും ആവില്ല എന്നെനിക്കറിയാം. എനിക്ക് കുറെ കൂട്ടുകാരുണ്ട് ഫേസ്ബുക്കിൽ. അവരൊക്കെ അറിഞ്ഞപ്പോ വഴക്ക് പറഞ്ഞു, നേരത്തെ പറയാത്തതിൽ. ഇപ്പോൾ അവർ പൈസ ഒക്കെ പിരിക്കുന്നുണ്ട്. എല്ലാം നടക്കും. " ഞാൻ സ്വയം പറഞ്ഞു. " അയാളിനി നിന്നെ കണ്ടുപിടിക്കില്ലെന്നാണോ? " അവർ ചെറിയ ചിരിയോടെയാണ് ചോദിച്ചത്. " കണ്ടുപിടിച്ചോട്ടെ. എന്നെ തല്ലുകയോ കൊല്ലുകയോ എന്ത് വേണേലും ചെയ്യട്ടെ.അതിനു മുൻപ് ഈ പൈസ ഒന്ന് അടക്കാൻ പറ്റിയാൽ മതി...." ഞാൻ പറഞ്ഞു തീരുന്നതിനു മുൻപ് വീണ്ടും വാതിലിൽ മുട്ട് കേട്ടു. ഞാൻ ഞെട്ടലോടെ അവരെ നോക്കി. അവർ പോയി വാതിൽ തുറന്നു. ഞാൻ ബാത്‌റൂമിലേക്ക് കയറി നിന്നു. വാതിൽ പഴുതിലൂടെ എനിക്ക് പുറത്തേക്കുള്ള വാതിൽ കാണാം. " നിങ്ങൾ എന്താ പിന്നെയും ഇവിടെ ആരുമില്ലെന്ന്‌ പറഞ്ഞില്ലേ? " ചേച്ചി ചോദിക്കുന്നു. ഏട്ടനോടൊപ്പം മറ്റു രണ്ടുപേരുമുണ്ട്. " അവനെ ഇങ്ങോട്ടിറക്കിവിട് പെണ്ണുമ്പിള്ളേ. അവൻ ഇങ്ങോട്ട് കേറിയെന്നു ദാ ഇയാൾ പറഞ്ഞല്ലോ. ഓപ്പോസിറ്റ് വാതിലിൽ നിന്നയാളെ ചൂണ്ടിക്കാണിക്കുന്നു.. " അവൻ കാര്യമൊക്കെ എന്നോട് പറഞ്ഞു. ആ കുട്ടിയുടെ ഓപ്പറേഷനു വേണ്ടിയല്ലേ അവൻ.." അവർ എനിക്ക് വേണ്ടി സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്. " എന്റെ മാഡം, കാര്യം അവൾ എന്റേം കൂടെ പെങ്ങളാ. അതിന്റെ ആയുസ് തീരുമാനിക്കപ്പെട്ടതാ. ഹൃദയം മാറ്റിവെക്കുക എന്നൊക്കെ പറഞ്ഞാൽ നടക്കുന്ന കാര്യമാണോ? അതിനു വേണ്ടി ഇവനീ ക്യാഷ് മുടക്കുന്നത് കായലിൽ കായം കലക്കുന്ന പോലെയാ. പിന്നെ അവൾക്ക് വേണ്ടി പിരിവൊക്കെ നടക്കുന്നുണ്ടെന്ന് അറിഞ്ഞു. ആയുസുണ്ടെൽ അത് കിട്ടിയിട്ട് ചികിൽസിച്ചാലും രക്ഷപെട്ടോളും. ഇത് എനിക്ക് കൂടെ അവകാശപ്പെട്ട പണമാണ്. പകുതി ആണ് ഞാൻ ആദ്യം ചോദിച്ചത്. അപ്പോ അവനു പറ്റില്ല. എങ്കിൽ ഇനി മുഴുവൻ കൊണ്ടേ ഞാൻ പോകൂ. " ഏട്ടന്റെ സ്വരം മാറുന്നത് ഞാൻ ഭീതിയോടെ കണ്ടു. " എന്തൊരു ജന്മമാടാ നിന്റെ? ആ കുട്ടിയെ ഇറക്കിവിടാൻ മനസില്ല. നിങ്ങളിപ്പോ പോ. അല്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കും." " അയ്യോടാ മാഡം കൊള്ളാമല്ലോ. പോലീസുവന്നാൽ എന്നെ എന്താ തൂക്കികൊല്ലുമോടി? ഞാൻ ആരാണെന്നു നിനക്ക് അറിയില്ല. ഞാൻ പെണ്ണുങ്ങളെ സാധാരണ ഉപദ്രവിക്കാറില്ല. എന്നെകൊണ്ട് അത് ചെയ്യിക്കരുത്. " ഏട്ടൻ വികൃതമായി ചിരിച്ചു കൊണ്ടു പറയുന്നു.ചേച്ചി പെട്ടെന്ന് വാതിൽ അടയ്ക്കാൻ തുടങ്ങിയതും ഏട്ടന്റെ കൂടെ ഉണ്ടായിരുന്നവൻ വാതിലിൽ ആഞ്ഞു ചവിട്ടിയതും ഒന്നിച്ചായിരുന്നു. അപ്രതീക്ഷിതമായ ആ ചവുട്ടിൽ ചേച്ചി താഴെ വീണു. ഏട്ടൻ അകത്തേക്ക് കയറി. ഇനി ഞാൻ ഇവിടെ നിന്നാൽ ആ ചേച്ചിക്ക് കൂടെ ആപത്താണെന്ന് കണ്ട ഞാൻ ഇറങ്ങി ഓടാൻ ഒരുങ്ങി. ഏട്ടൻ എന്നെ കയറിപ്പിടിച്ചു. ഞങ്ങൾ രണ്ടും കൂടെ കെട്ടിമറിഞ്ഞു അടിയായി. അവനോട് അടിച്ചു നിൽക്കാനുള്ള ആരോഗ്യം എനിക്കില്ലാത്തത് കൊണ്ടു തന്നെ എന്നെ അടിച്ചു വീഴ്ത്തി എന്റെ ബാഗുമെടുത്തു അവൻ പോകാൻ ഒരുങ്ങിയപ്പോഴാണ് അവന്റെ അരയിൽ നിന്ന് തെറിച്ചു വീണ തോക്ക് ഞാൻ കണ്ടത്. ഒരൊറ്റ സെക്കന്റ്‌ കൊണ്ട് ഞാൻ അത് കൈക്കലാക്കി അവനു നേരെ ചൂണ്ടി. സിനിമയിൽ മാത്രം കണ്ടിട്ടുള്ള തോക്ക് കയ്യിലെടുത്തപ്പോൾ എന്റെ കൈ വിറക്കുന്നുണ്ടായിരുന്നു. " ആഹാ, മോനെ ഇത് ഉപയോഗിക്കാൻ നിനക്ക് അറിയോ?ലോഡ് ചെയ്യാൻ അറിയോ?കൈ വിറക്കാതെ ഉന്നം പിടിക്കാൻ അറിയോ. നിന്റെൽ ഇതൊരു കളിപ്പാട്ടം മാത്രമാ. അതിങ്ങു താ. താടാ.. " ചേട്ടൻ അലറിക്കൊണ്ട് പതുക്കെ എന്റെ അടുത്തേക്ക് വന്നു. " ആ ബാഗ് താ. അല്ലെങ്കിൽ കൊല്ലും ഞാൻ... " പറയുന്നുണ്ടെങ്കിലും എന്റെ കൈ വിറയ്ക്കുന്നതും ദേഹം തളരുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു. പെട്ടെന്ന് പുറകിൽ നിന്നോരാൾ എന്റെ കയ്യിൽ നിന്നു തോക്ക് പിടിച്ചു വാങ്ങുന്നതറിഞ്ഞു ഞാൻ തിരിഞ്ഞു നോക്കി. ചേച്ചി. ചേച്ചി തോക്ക് പിടിക്കുന്നതും ലോഡ് ചെയ്യുന്നതും അവനു നേരെ ചൂണ്ടിപിടിക്കുന്നതും അവിശ്വസനീയതയോടെ ഞാൻ നോക്കി നിന്നു. അവനും സ്തബ്ദനായി നിൽക്കുന്നു. ചേച്ചിക്ക് വിറയലോ മുഖത്ത് ഭാവഭേദമോ ഇല്ല.. ചേട്ടന്റെ നെഞ്ചിന് നേരെ ചൂണ്ടിയ തോക്ക് സെക്കന്റ്‌ കൊണ്ടു താഴ്ത്തുന്നതും കാൽ മുട്ടിലേക്ക് വെടിവെക്കുന്നതും ചേട്ടൻ മുട്ടുകുത്തി വീഴുന്നതും ഞാൻ കണ്ടു.. കാഴ്ച കണ്ടു കൂടിനിന്നവർ ചിതറിയോടി. ഏട്ടന്റെ കൂടെ വന്നവനെ അവിടെ ഒന്നും കാണാൻ ഇല്ലായിരുന്നു. ചേച്ചി നടന്നുച്ചെന്ന് തെറിച്ചു വീണ ബാഗെടുത്ത് എന്റെ നേർക്കേറിഞ്ഞു. വീണുകിടന്ന് പുളയുന്ന ഏട്ടന്റെ അരികിൽ ഇരുന്നു. " എടാ, ഈ വെടി നിന്റെ നെഞ്ചത്തൊട്ട് വെക്കാൻ അറിയാഞ്ഞിട്ടല്ല. ഈ ചെക്കന്റെ മുമ്പിൽ അത് വേണ്ട എന്ന് വെച്ചിട്ടാ. ഇത് നിന്റെ അവസാനത്തെ അവസരമാണ്. ആ പിരിഞ്ഞു കിട്ടുന്ന ക്യാഷ് കൊണ്ട് ഇവന് മനസുണ്ടെൽ നിന്നെ ചികിൽസിച്ചോളും. അല്ലെങ്കിൽ ഗവണ്മെന്റ് നോക്കിക്കോളും. പോലീസിപ്പോ വരും നിന്നെ കൊണ്ടു പോകാൻ. " പറഞ്ഞിട്ട് ചേച്ചി തിരിഞ്ഞു നടന്നു റൂമിലേക്ക് കയറി. താമസിയാതെ പോലീസ് എത്തി, ആംബുലൻസും. വന്ന പോലീസ് ചേച്ചിക്ക് മുന്നിൽ സല്യൂട്ട് അടിക്കുന്നതും ചേച്ചി അവരോടൊപ്പം പോകുന്നതും ഞാൻ അമ്പരപ്പോടെ കണ്ടു. എന്തൊക്കെയോ പോലീസിനോട് സംസാരിക്കുകയും ഇടക്ക് എന്നെ നോക്കുകയും ചെയ്യുന്നുണ്ട്.. " പൈസ കൊണ്ടുപോയി ആശുപത്രിയിൽ അടയ്ക്കെടാ. " വീണ്ടും മയമില്ലാത്ത ശബ്ദത്തിൽ പറഞ്ഞിട്ട് ചേച്ചി പോലീസിനോടൊപ്പം പോയി. ആശുപത്രിയിൽ ബില്ലടച്ച്‌ ഐസിയു വിന് മുന്നിൽ ചെന്നപ്പോൾ നഴ്സിംഗ് സ്റ്റേഷനുള്ളിൽ നിന്ന് ചേച്ചി ഇറങ്ങി പോകുന്നുണ്ടായിരുന്നു. അമ്മ കരഞ്ഞുകൊണ്ട് ചേച്ചിയുടെ മുന്നിൽ കൈകൂപ്പി. അമ്മയെ മൈൻഡ് ചെയ്യാതെ കടന്നു പോയെങ്കിലും ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു. " അമ്മ അറിയോ ആ ചേച്ചിയെ? " അത്ഭുതത്തോടെയാണ് ഞാൻ ചോദിച്ചത്. ഇപ്പോൾ നടന്നതൊന്നും അമ്മ അറിഞ്ഞിട്ടില്ലെന്ന് ഉറപ്പാണ്. പിന്നെ എങ്ങനെ... " അവർ നമ്മുടെ ദൈവമാണ് മോനെ. പോലീസിലെ ഏതോ വല്യ ഓഫീസറാ. അവരുടെ ഭർത്താവിന്റെ ഹൃദയം ആണ് നമ്മുടെ കുട്ടിക്ക്.... ആക്‌സിഡന്റ് ആയിരുന്നത്രേ. ഇതുവരെ ഈ കുട്ടി ഒപ്പിട്ടുകൊടുക്കാത്ത കൊണ്ടാ നടക്കാഞ്ഞത്. ഇപ്പോൾ ഒപ്പിട്ട് കൊടുത്തത്രേ. പെട്ടന്ന് തന്നെ ഓപ്പറേഷൻ ഉണ്ടാവും. പൈസയടച്ചോ എന്ന് ചോദിച്ചു ഡോക്ടർ..." അമ്മ പൂർത്തിയാക്കുന്നതിന് മുൻപ് ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കി. അവർ നടന്നകന്നിരുന്നു. അവരെ, അവരുടെ ആ മാനസികാവസ്ഥയെ എനിക്കിപ്പോൾ മനസ്സിലാവുന്നുണ്ട്. ഞാൻ പുറകെ ഓടിയില്ല. ഒരു നന്ദി വാക്കുമായി അവരുടെ മുന്നിൽ നിൽക്കാൻ എനിക്ക് ധൈര്യമുണ്ടാവില്ല. ചിലർ അങ്ങനെയാണ്. അത്രക്ക് വളരാൻ എല്ലാവർക്കും കഴിയാറില്ലല്ലോ..... 📝ജെയ്നി റ്റിജു #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ
📔 കഥ - ShareChat
"മാളൂ, നീയറിഞ്ഞോ? ആ വിനോദ് വന്നിട്ടുണ്ടെന്ന്." നാത്തൂൻ രമേച്ചിയാണ് ഫോണിൽ . " ഏത് വിനോദ് ചേച്ചി? " എനിക്ക് പെട്ടെന്ന് പിടി കിട്ടിയില്ല. "നമ്മുടെ പഴയ അയൽവക്കക്കാരൻ ഇല്ലെ, മറ്റേ ഭാര്യയും മക്കളും മരിച്ച അയാൾ...അയാൾ ന്യൂസിലാൻഡിലോ ഓസ്ട്രേലിയയിലോ എങ്ങാണ്ട് അല്ലാരുന്നോ. അയാൾ വന്നിട്ടുണ്ട്. പുതിയ ഭാര്യയും ഒരു കൊച്ചുമുണ്ട്. അതിനൊരു ആറെഴു വയസ്സുകാണും. സുരഭിയും കുട്ടികളും മരിച്ചു അധികം താമസിയാതെ നാടുവിട്ടു പോയതല്ലേ, ഇപ്പോഴാ പിന്നെ വരുന്നത്. ആ വീടും സ്ഥലവുമൊക്കെ വിറ്റിട്ട് തിരിച്ചു പോകാനാ പ്ലാൻ എന്ന് ഇവിടെ ഏട്ടൻ പറയുന്ന കേട്ടു. അല്ലെങ്കിലും അയാൾക്കിനി ഇവിടെ സ്ഥലം കിടന്നിട്ടെന്തിനാ. പറയത്തക്ക ബന്ധുക്കളും ഇല്ലല്ലോ." ചേച്ചി പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. എല്ലാം അയാളുടെ വിശേഷങ്ങൾ. പുതിയ ഭാര്യ അവിടെ നേഴ്സ് ആണ്. ഭയങ്കര പവറുകാരിയാണ്, അവർ നല്ല നിലയിൽ ആണ് ജീവിക്കുന്നത്, ആ കുട്ടിക്ക് മലയാളം ഒട്ടുമറിയില്ല അങ്ങനെ എന്തൊക്കെയോ. അതൊന്നും എന്റെ ചെവിയിൽ കേറുന്നുണ്ടായിരുന്നില്ല. എന്റെ മനസ്സിൽ എപ്പോഴും ചിരിച്ചു കൊണ്ടു മാത്രം സംസാരിക്കുന്ന ഒരു നാട്ടിൻപുറത്തുകാരി പെൺകുട്ടിയും രണ്ടു പൂമ്പാറ്റകുഞ്ഞുങ്ങളും തെളിഞ്ഞു നിന്നു. ഇന്നും എന്റെ ഉറക്കം കെടുത്തുന്ന അവരുടെ അവസാനയാത്രയും. കാശി ഡ്യൂട്ടി കഴിഞ്ഞു കയറി വന്നപ്പോഴും എന്റെ മുഖം അസ്വസ്ഥമായിരുന്നു. കാശി ടെക്നോപാർക്കിൽ ആണ് ജോലിചെയ്യുന്നത്. ഞാൻ അറിയപ്പെടുന്ന ഒരു ചാനലിലെ റിപ്പോർട്ടറും. എന്റെ വിവാഹം കഴിഞ്ഞു ഞാൻ തിരുവനന്തപുരത്തേക്ക് മാറിയതിന് ശേഷമാണ് വിനോദും കുടുംബവും ഞങ്ങളുടെ അയൽവക്കത്ത് വീടുവാങ്ങുന്നതും താമസത്തിനെത്തുന്നതും. അയാളുടെ അച്ഛനുമമ്മയും നേരത്തെ മരിച്ചുപോയിരുന്നു. സഹോദരങ്ങളും ഇല്ല.. അയാൾക്കെന്തൊക്കെയോ ബിസിനസ്സ് ആയിരുന്നു. രണ്ടു പെൺകുട്ടികൾ. നാലും രണ്ടും വയസ്സ്. എല്ലാവരോടും പെട്ടെന്ന് അടുക്കുന്ന നിഷ്കളങ്കയായ പെൺകുട്ടിയായിരുന്നു സുരഭി. വീട്ടിൽ അമ്മയോടും രമചേച്ചിയോടും ആ കുട്ടി നല്ല അടുപ്പമായതിനാൽ മിക്കവാറും ഞങ്ങളുടെ ഫോൺ വിളികളിൽ ആ കുട്ടിയുടെ വിശേഷവും കാണും. രണ്ടു വർഷമേ അവർ അവിടെ താമസിച്ചുള്ളൂ. അതിനിടയിൽ രണ്ടോ മൂന്നോ തവണയേ ഞാൻ ആ കുട്ടിയെ കണ്ടിട്ടുള്ളൂ എങ്കിലും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു വ്യക്തിത്വം ആയിരുന്നു അവളുടെത്. ഭർത്താവ് വിനോദ് ആദ്യം ദുബായിൽ ആയിരുന്നു, പിന്നീട് ജോലി ഉപേക്ഷിച്ചു വന്നു നാട്ടിൽ എന്തൊക്കെയോ ബിസിനസ്സ് ഒക്കെയായി സെറ്റിൽ ആകുന്നതിന്റെ ഭാഗം ആയാണ് അവിടെ വീടുവാങ്ങിയതും താമസമാക്കിയതും. മിക്കവാറും അയാൾ തിരക്കിലാവും. അതിനിടയിൽ ബിസിനസ്സ് തകർന്നെന്നോ കൂടെയുണ്ടായിരുന്നവർ ചതിച്ചെന്നോ ലക്ഷങ്ങളുടെ ബാധ്യത ആയെന്നോ ഒക്കെയായിരുന്നു കാരണം. സഹായിക്കാൻ പ്രത്യേകിച്ച് ബന്ധുക്കളില്ല. സുരഭിയുടെ വീട്ടുകാർ പിന്നെ പാവങ്ങളായിരുന്നു. "അഭിമാനം പണയം വെച്ച് ജീവിക്കാനാവില്ല, ഞങ്ങളുടെ മരണത്തിൽ വേറെ ആർക്കും ഉത്തരവാദിത്തം ഇല്ല" എന്ന് മരണകുറിപ്പ് എഴുതി വെച്ചായിരുന്നു അവർ കുടുംബമായി വിഷം കഴിച്ചത്. ഭർത്താവ് പറയുന്നതിനപ്പുറം മറ്റൊരു ലോകം അറിയാത്ത ആ പാവം പെണ്ണ്, മരണത്തിലും അവനെ തനിച്ചാവാൻ അനുവദിച്ചില്ല. പക്ഷെ, വിധിയുടെ ക്രൂരതയോ എന്തോ അവളും ആ കുഞ്ഞുങ്ങളും മരിച്ചെങ്കിലും അയാൾ രക്ഷപ്പെട്ടു. അയാൾ കുറെ ശർദിച്ചിരുന്നത്രെ. പിന്നെ അയാളുടെ ഏതോ കൂട്ടുകാരൻ തക്ക സമയത്ത് എത്തിയെന്നോ ഹോസ്പിറ്റലിൽ കൊണ്ടുപോയെങ്കിലും ഇയാളെ മാത്രമേ രക്ഷിക്കാൻ കഴിഞ്ഞുള്ളൂ എന്നും അറിഞ്ഞിരുന്നു. അന്നത് വലിയ വാർത്ത ആയിരുന്നു. മരണമറിഞ്ഞു ഞങ്ങളും പോയിരുന്നു. അന്നയാളുടെ കരച്ചിൽ കണ്ട് നിന്നവരെയെല്ലാം കരയിപ്പിച്ചിരുന്നു. അന്നത്തെ ആ വിഷയത്തിന്റെ സഹതാപതരംഗം കൊണ്ട് ആരൊക്കെയോ കുറെ പണം സഹായിച്ചു, ഏതോ ബാങ്ക് കുറച്ചു ലോൺ എഴുതിത്തള്ളി, അങ്ങനെ എന്തൊക്കെയോ സംഭവിച്ചു. എന്തായാലും സംഭവം കഴിഞ്ഞു ആറുമാസത്തിനുള്ളിൽ അയാളെ ഏതോ കൂട്ടുകാർ ദുബായിൽ എന്തോ ജോലി ശരിയാക്കി കൊണ്ടുപോയി. പിന്നെ കുറെ നാൾ അയാളുടെ വിവരം ഒന്നുമുണ്ടായിരുന്നില്ല. രണ്ടോ മൂന്നോ വർഷം കഴിഞ്ഞപ്പോൾ ദുബായിൽ വെച്ച് അയാളുടെ വിവാഹം കഴിഞ്ഞെന്നും അവർ ന്യൂസിലാൻഡിലേക്ക് മൈഗ്രേറ്റ് ചെയ്‌തെന്നും ആരോ പറഞ്ഞറിഞ്ഞു. " എവിടെയെങ്കിലും പോയി ജീവിക്കട്ടെ പാവം. " എന്ന് അന്ന് അമ്മ വിളിച്ചപ്പോൾ പറയുന്നുണ്ടായിരുന്നു.. കാശിയോട് ഇക്കാര്യം പറഞ്ഞപ്പോൾ അയാളൊരു കുടുംബമായി നന്നായി ജീവിക്കുന്നുണ്ടല്ലോ. കുടിച്ചു നശിച്ചു എന്ന് കേൾക്കുന്നതിനേക്കാൾ ആശ്വാസം.. " അല്ല, കാശി, എനിക്ക് എന്തോ അതിലൊരു അസ്വാഭാവികത തോന്നുന്നു. രമേച്ചി പറഞ്ഞത് കൃത്യം ആണെങ്കിൽ അയാൾ ഈ സംഭവം കഴിഞ്ഞ് അധികം താമസിക്കാതെ വിവാഹം കഴിച്ചു.. ഇത്രയും വലിയൊരു ട്രോമ, അതും മൂന്നുപേരെ കൊലക്ക് കൊടുത്ത കുറ്റബോധത്തിൽ നിന്നുമൊരാൾക്ക് അത്ര പെട്ടെന്ന് രക്ഷപെടാൻ കഴിയുമോ? " "എന്റെ മാളൂ, വെറുതെയല്ല നിന്നെപ്പോലുള്ളവരെ നാട്ടുകാർ മാപ്രേ എന്ന് വിളിക്കുന്നത്. എന്തിലും ഒരു കുത്തിത്തിരിപ്പ് കണ്ടുപിടിച്ചോളും." കാശി എന്നെ പുച്ഛത്തോടെ നോക്കി ചിരിച്ചുകൊണ്ടു എഴുന്നേറ്റുപോയി.. പിറ്റേന്ന് രാവിലെ വീണ്ടും രമേച്ചി വിളിച്ചു. " മാളൂ, ഞാൻ അവരെത്തന്നെ വാച്ച് ചെയ്യുകയായിരുന്നു.. അവർ ഭയങ്കര ഹാപ്പിയാണ്.. കറങ്ങാൻ പോകുന്നു. മുറ്റത്ത് ഊഞ്ഞാൽ ഒക്കെയിട്ട് രണ്ടുപേരും കൂടെ കുഞ്ഞിനെ കളിപ്പിക്കുന്നു.. ആ വീട്ടിൽ അയാൾക്കെങ്ങനെ സാധിക്കുന്നു എന്നാണ് ഞാൻ ചിന്തിക്കുന്നത്.. ഞാൻ ഫുൾ ടൈം അങ്ങോട്ട് നോക്കിയിരിക്കുന്നത് കൊണ്ടു നിന്റെ ഏട്ടൻ ഇപ്പോ എന്നെ സൂക്ഷ്മദർശിനി എന്നാ വിളിക്കുന്നെ.. " അതും പറഞ്ഞ് രമേച്ചി ചിരിച്ചു.. എന്തായാലും അന്ന് ഫ്രൈഡേ ആയത്കൊണ്ട് രണ്ടുദിവസം ലീവ് എഴുതിക്കൊടുത്ത് വീട്ടിലേക്ക് പോകാൻ ഞാൻ തീരുമാനിച്ചു. ഓഫീസിൽ ചെന്നപ്പോൾ റെക്കോർഡ് റൂമിൽ കേറി അന്നത്തെ ന്യൂസ്‌ കട്ടിങ്ങുകൾ പരിശോധിച്ചു. എങ്കിലും സംശയാസ്പദമായി ഒന്നും കിട്ടിയില്ല.. അപ്പോഴാണ് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന സുഹൃത്ത് ഡോക്ടർ നീലിമയെക്കുറിച്ചോർത്തത്. വർഷം ആറേഴു കഴിഞ്ഞെങ്കിലും എന്തെങ്കിലും ഒരു ക്ലൂ കിട്ടിയാലോ. ആവശ്യം കേട്ടപ്പോൾ ആദ്യം അവളെന്നെ ചീത്ത വിളിച്ചെങ്കിലും എന്റെ ശല്യം സഹിക്കാൻ വയ്യാതെ ശ്രമിക്കാം എന്ന് പറഞ്ഞു. വൈകുന്നേരത്തിനുള്ളിൽ അവൾ തിരിച്ചു വിളിച്ചു. റെക്കോർഡ് ഒന്നും എടുക്കാൻ കഴിഞ്ഞില്ലെങ്കിലും ആ കേസ് അന്ന് അറ്റൻഡ് ചെയ്ത ഒരു സീനിയർ നേഴ്സ് നെ ചാക്കിട്ടപ്പോൾ ചില്ലറ വിവരം കിട്ടിയെന്ന്. " എടോ, ഇത് തന്റെ അന്വേഷണത്തിന് ഉപകാരം ആവുമോ എന്നൊന്നും അറിയില്ല. ആ സിസ്റ്റർ പറഞ്ഞത്, മരിക്കാൻ പാകത്തിനുള്ള വിഷമൊന്നും അയാളുടെ അകത്തു ചെന്നിട്ടില്ലായിരുന്നു എന്നാണ്.. ആ സ്ത്രീയെയും കുഞ്ഞുങ്ങളെയും മരിച്ചതിന് ശേഷമാണ് കൊണ്ടുവന്നത്. പക്ഷെ, ഇയാൾ അത്ര ക്രിട്ടിക്കൽ അല്ലായിരുന്നു..അന്നേ അങ്ങനെ ഒരു സംശയം അവർ സ്റ്റാഫുകൾക്കിടയിൽ വന്നിരുന്നു. പക്ഷെ, ഇയാളുടെ കഥയും പിന്നെ കരച്ചിലും ബഹളവും എല്ലാം വിശ്വസനീയമായൊരുന്നു. ഭാര്യക്കും മക്കൾക്കും വിഷം കൊടുത്തിട്ട് ഇയാൾ മനഃപൂർവം കുറച്ചു കഴിച്ചു എന്നൊന്നും തെളിയിക്കാൻ പറ്റില്ലല്ലോ. പിന്നെ ഹോസ്പിറ്റലിൽ എത്തിച്ച സുഹൃത്ത് പറഞ്ഞത് അയാൾ സോപ്പ് കലക്കി കൊടുത്തു, ഇയാൾ കുറെ ശർദിച്ചു എന്നൊക്കെയാണ്. അതും അവിശ്വസിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് അവർ കേസ് വിട്ടത്രേ. എനിക്കെന്തോ ആ കേസിൽ ഒരു താല്പര്യം തോന്നി. അയാൾ കുറ്റവാളി ആണെങ്കിൽ അയാളെ വെറുതെ വിട്ടുകൂടാ എന്നൊരു തോന്നൽ. എന്റെ കുറച്ചു പേർസണൽ ബന്ധങ്ങൾ ഒക്കെ വെച്ച് കുറച്ചു അന്വേഷണങ്ങൾ നടത്തി. ആ പെൺകുട്ടിയുടെ പേരിൽ ഉണ്ടായിരുന്ന ഇൻഷുറൻസ് തുക അയാൾ കൈപ്പറ്റിയതിന്റെ തെളിവ്, ആത്മഹത്യ ശ്രമത്തിന് കേസുണ്ടായിരുന്നെങ്കിലും പിഴയടച്ചു അവസാനിപ്പിച്ചിരുന്നു. അയാളുടെ അപ്പോഴത്തെ മാനസികാവസ്ഥ, പബ്ലിക് ന്റെ സപ്പോർട്ട് ഇതെല്ലാം കൊണ്ടു തടവ് ശിക്ഷ ഒക്കെ ഇളച്ചു കിട്ടിയിരുന്നു. പിന്നെ, ആരുടെയൊക്കെയോ ശുപാർശയിൽ പോലീസ് ക്ലിയറൻസ്, മെന്റൽ ഹെൽത്ത്‌ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എല്ലാം അടക്കം വിസ ശരിയായി ഒരു വർഷത്തിനുള്ളിൽ തന്നെ ദുബായിലേക്ക് തിരിച്ചു പോയത്രേ. പിന്നെ എനിക്ക് കാണേണ്ടിയിരുന്നത് മരിച്ചുപോയ സുരഭിയുടെ മാതാപിതാക്കളെയായിരുന്നു. വിനോദിനെക്കുറിച്ച് അവർക്ക് പറയാൻ പരാതികൾ ഒന്നുമില്ല. ഇൻഷുറൻസ് കിട്ടിയപ്പോൾ ആ തുക മുഴുവൻ ഇവർക്ക് കൊടുക്കാൻ അയാൾ തയ്യാറായിരുന്നത്രെ. ഇവരാണ് വേണ്ടെന്ന് വെച്ചത്. എന്നിട്ടും മോശമല്ലാത്തൊരു തുക ഇവരുടെ അകൗണ്ടിൽ ഇട്ടുകൊടുത്തത്രേ. അതുകൊണ്ട് ഇവർ ഇപ്പോൾ നന്നായി ജീവിക്കുന്നു. പിറ്റേന്ന് അയാളെയും ഭാര്യയെയും കണ്ടു. അയാൾ വീട്ടിൽ വന്നിരുന്നു. കുറച്ചു നേരം എല്ലാരോടും സംസാരിച്ചിരുന്നു. വന്ന കാര്യം കഴിഞ്ഞു, ലീവ് തീരാറായി, വീട് വിൽക്കാൻ ബ്രോക്കറെ ഏല്പിച്ചിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളിൽ തിരിച്ചു പോകും എന്നൊക്കെ പറഞ്ഞു. പോകുന്നതിന് മുൻപ് ആ പെൺകുട്ടി എന്നെ പുറത്തേക്ക് വിളിച്ചു. " മാളവിക ജേർണലിസ്റ്റ് ആണല്ലേ. വിനോദിനെക്കുറിച്ചു അന്വേഷിക്കുന്നുണ്ട് എന്നറിഞ്ഞു." അവൾ ചിരിച്ചു കൊണ്ടാണ് പറഞ്ഞതെങ്കിലും എന്റെ മുഖം മാറി. " അല്ല, അതു നിങ്ങൾ എങ്ങനെ...? " ഞാൻ വാക്കുകൾക്കായി പരതി. " സുരഭിയുടെ അച്ഛൻ വിളിച്ചിരുന്നു. മാളവിക അവിടെ പോയതും വിനോദിനെക്കുറിച്ചും ഇൻഷുറൻസ് തുകയെക്കുറിച്ചൊക്കെ ചോദിച്ചു എന്ന് പറഞ്ഞു. കേട്ടപ്പോൾ എനിക്കാകെ വിഷമം തോന്നി. വിനുവിന് പിന്നെ അതൊക്കെ ശീലമായിരിക്കുന്നു. ഒരു നിമിഷത്തെ ബുദ്ധിമോശം. അങ്ങനെ പറയാൻ പറ്റുമോ എന്നറിയില്ല. ജീവിതത്തിന്റെ അടിത്തറ ഇളകി എന്ന് തോന്നിയപ്പോൾ, സഹായത്തിനായി മുട്ടിയ വാതിലുകളെല്ലാം അടഞ്ഞെന്ന് തോന്നിയപ്പോൾ മരണമല്ലാതെ മറ്റൊന്നും മുന്നിൽ കണ്ടില്ലെന്ന്. ഭർത്താവിനപ്പുറം മറ്റൊരു ലോകം കണ്ടിട്ടില്ലാത്ത പാവം സുരഭിക്ക് വിനു പറയുന്നത് അംഗീകരിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. ഈശ്വരൻ കൂടെ നിന്നതാണോ അതോ ഉപേക്ഷിച്ചതാണോ എന്ന് അറിയില്ല വിനു മാത്രം എങ്ങനെയോ രക്ഷപ്പെട്ടു. പക്ഷെ, അന്നുതൊട്ടിന്നുവരെ മരണത്തെക്കാൾ വലിയ വേദന അനുഭവിക്കുകയാണ് വിനു.. എനിക്കറിയാം. മര്യാദക്ക് ഒന്നുറങ്ങിയിട്ടില്ല ഇതുവരെ ആ പാവം. " ഒന്നു നിർത്തി അവർ തുടർന്നു. ദുബായിൽ ഞാൻ ജോലിചെയ്യുന്ന ഹോസ്പിറ്റലിൽ വെച്ചാണ് ഞാൻ വിനുവിനെ കാണുന്നത്. മദ്യപാനം കൊണ്ട് നശിച്ചുകൊണ്ടിരുന്ന വിനുവിനെ ഇങ്ങനെ പോയാൽ വിസ വരെ ക്യാൻസൽ ആകും എന്ന അവസ്ഥയിൽ ചില സുഹൃത്തുക്കൾ ആണ് എനിക്ക് പരിചയമുള്ള ഒരു സൈക്കോളജിസ്റ്റിന്റെ അടുത്ത് വിനുവിനെ കൊണ്ടുവന്നത്. കഥകൾ എല്ലാം അറിഞ്ഞപ്പോൾ സഹതാപമായി. ഞാനും ആരുമില്ലാത്ത ഒരവസ്ഥയിലൂടെ കടന്നു പോകുകയായിരുന്നു. അങ്ങനെ അടുത്തു, ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു. " " അപ്പോ, പ്രിയയുടെ ഫാമിലിയൊക്കെ..? " അവരൊന്നു നിർത്തിയപ്പോൾ ഞാൻ സംശയത്തോടെ ചോദിച്ചു. ഒരു കുഞ്ഞു ചിരിയോടെയാണ് അവരതിനു മറുപടി പറഞ്ഞത്. " എല്ലാരുമുണ്ട്. എന്നാൽ ആരുമില്ല. എന്റെ കഥയിൽ പുതുമയൊന്നുമില്ല. പലയിടത്തും കണ്ടും കേട്ടും പഴകിപ്പോയ കഥ തന്നെയാണ് എന്റെയും. ചെറുപ്രായത്തിലേ പ്രവാസിയായ നായിക മുണ്ടുമുറുക്കിയുടുത്തും സ്വന്തം ആഗ്രഹങ്ങളെല്ലാം വേണ്ടെന്നു വെച്ചും കുടുംബത്തിന് വേണ്ടി ജീവിക്കുന്നു. അനിയത്തിമാരെ പഠിപ്പിക്കുന്നു, വീടുവെക്കുന്നു, അവരെ വിവാഹം കഴിപ്പിച്ചയക്കുന്നു. ഒരിക്കലും തീരാത്ത ആവശ്യങ്ങളിൽ മനസുമടുക്കുന്നു. അവസാനം മുപ്പത്തിമൂന്നു വയസ്സായിട്ടുകൂടി സ്വന്തം വിവാഹത്തെക്കുറിച്ച് ചിന്തിച്ചതിന്റെ പേരിൽ ഞാൻ സ്വാർത്ഥയാണെന്നായി. ഞാൻ പണിത വീട് അമ്മയുടെ പേരിലായതിനാൽ അമ്മയുടെ കൂടെ നിൽക്കുന്ന രണ്ടാമത്തെ അനിയത്തിക്കെ കൊടുക്കൂ എന്നായി. അതിനെപ്പറ്റി അഭിപ്രായവ്യത്യാസം വന്നപ്പോൾ ഞാൻ നല്ലകാലം വന്നപ്പോൾ ഞാൻ പെറ്റമ്മയെ തിരിഞ്ഞുനോക്കാത്ത ദുഷ്ടയാണെന്ന് നാട്ടിലും വീട്ടിലും പാടിനടന്നു. എല്ലാവരുമുണ്ടായിട്ടും ഒറ്റപ്പെട്ട എനിക്ക് സ്വന്തം തെറ്റ് കൊണ്ടു ഒറ്റക്കായിപ്പോയ വിനു കൂട്ടായി. " ഒരു നിമിഷം നിർത്തി ദീർഘാശ്വാസം എടുത്തു പിന്നെ അവർ തുടർന്നു. " സുരഭിയുടെ അച്ഛൻ നിർബന്ധിച്ചിട്ടാണ് ഞങ്ങൾ ഇപ്പോൾ വന്നത്. അവരോട് ആരോ പറഞ്ഞത്രേ സുരഭിക്കും മക്കൾക്കും വേണ്ട കർമങ്ങളും ബലിയും ഒന്നും കിട്ടാത്തതിന്റെ ദോഷം ഉണ്ടാവുമെന്ന്. അവർക്ക് വേണ്ടി ബലിയിടാൻ പറ്റിയ അടുത്ത ബന്ധുക്കൾ ഒന്നും അവർക്കുമില്ല. മോനെകൊണ്ട് ബലിയിടിപ്പിക്കാനാണ് ഞങ്ങൾ വന്നത്. ആ കുട്ടികൾക്ക് അവൻ അനുജനല്ലേ, സുരഭിക്ക് അവൻ മകനും. " ആ നിറഞ്ഞൊഴുകുന്ന കണ്ണുകളിലേക്ക് നോക്കാൻ കഴിയാതെ ഞാൻ മുഖം തിരിച്ചു. " മാളുവിനെ ഞാൻ തെറ്റുപറയില്ല. ഇതിലും വലിയ കഥകൾ ആളുകൾ മെനയുന്നുണ്ടാവും. എല്ലാവരെയും തിരുത്താനൊന്നും എനിക്ക് പറ്റില്ല. പക്ഷെ, മാളു ഓരോ ജേർണലിസ്റ്റ് ആയതുകൊണ്ടാണ് ഞാൻ ഇതൊക്കെ പറഞ്ഞത്. ഇനി ഇതെപ്പറ്റി വീണ്ടും ഒരു ഫീച്ചറോ മറ്റൊ വന്നാൽ അതു താങ്ങാൻ കഴിയില്ല. ഞങ്ങൾക്കും സുരഭിയുടെ അച്ഛനുമയമ്മയ്ക്കും. ഇനി മാളുവിന്‌ തീരുമാനിക്കാം. ഞങ്ങൾ നാളെ തിരിച്ചു പോകും. ഇനിയൊന്നുകൂടെ ഇങ്ങോട്ടു വരുമോ എന്നറിയില്ല. പോട്ടെ. " യാത്ര പറഞ്ഞു അവർ നടന്നകന്നിട്ടും അവരെ വിശ്വസിക്കണോ വേണ്ടയോ എന്നറിയാതെ ഞാൻ അവിടെ തന്നെ തറച്ചു നിന്നു. അപ്പോഴും ഒരമ്മയുടെയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളുടെയും നിഷ്കളങ്കരക്തത്തിന്റെ നിലവിളികൾ എന്റെ കാതുകളെയും മനസ്സിനെയും അലോസരപ്പെടുത്തിക്കൊണ്ടേയിരുന്നു. 📝ജെയ്നി റ്റിജു #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ
📔 കഥ - 3000ी@360) 3000ी@360) - ShareChat
ചിറകറ്റ് വീഴുന്നവർ ഞാൻ മോളുമായി പുറത്ത് പോയി വരുമ്പോൾ കുഞ്ഞമ്മാവനും അമ്മായിയും വീട്ടിലുണ്ട്. അവരുടെ മുഖം കണ്ടപ്പോഴേ തോന്നി, എന്തോ പന്തികേട് ഉണ്ടെന്ന്. " സീമ ഒന്നിങ്ങോട്ട് വന്നേ, എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്." തിണ്ണയിൽ അമ്മാവനും അമ്മായിയും കൂടാതെ അമ്മയും ഏട്ടനും ഏട്ടത്തിയമ്മയും ഇരിക്കുന്നുണ്ട്. അമ്മയുടെ മുഖം കരഞ്ഞു വീർത്തപോലുണ്ട്. ഏട്ടൻ തല കുനിച്ചിരിക്കുന്നുണ്ട്. എന്തോ കാര്യമായ സംസാരം അവിടെ നടന്നിട്ടുണ്ട് എന്നുറപ്പാണ്. " ഞാൻ മോളെ കൊണ്ടുപോയി കിടത്തിയിട്ട് വരാം അമ്മാവാ. അവൾക്ക് നല്ല ക്ഷീണമുണ്ട്. " അതും പറഞ്ഞു മറുപടിക്ക് കാത്തുനിൽക്കാതെ മോളുടെ വീൽചെയർ തള്ളി ഞാൻ അകത്തേക്ക് പോയി. അവൾക്ക് ഈയിടെ ക്ഷീണം കൂടിക്കൂടി വരികയാണ്.. പെയിൻ മെഡിസിന്റെ ഡോസിപ്പോൾ പഴയ പോലെ ഏൽക്കുന്നില്ല. ഭക്ഷണം പൂർണമായും ട്യൂബിൽ കൂടെയായിട്ടുണ്ട്. എങ്കിലും ചിലപ്പോഴൊക്കെ ചില ഐറ്റംസ് രുചിച്ചു നോക്കണമെന്ന് അവൾ ആഗ്രഹം പറയും. അവളെ വീൽചെയറിൽ നിന്നു എഴുന്നേൽപ്പിച്ചു ബെഡിൽ കിടത്തി. അവളുടെ ഡയപ്പർ മാറ്റി, തുടച്ചു ക്ലീനാക്കി ഡ്രസ്സ്‌ മാറ്റിച്ചിട്ടാണ് ഞാൻ പുറത്തേക്ക് ചെന്നത്. പുറത്ത് ഇരിക്കുന്നവരുടെ മുഖത്ത് നല്ല അക്ഷമ പ്രകടമായിരുന്നു. അതൊന്നും എന്നെ ബാധിക്കാതെയായിട്ട് കുറേയായിരിക്കുന്നു. ഞാൻ ചെന്ന് ഒരു തൂണിൽ ചാരി നിന്നു. " എന്താ നിന്റെ ഉദ്ദേശം? " കടുപ്പത്തിൽ ആണ് അമ്മാവന്റെ ചോദ്യം. ഞാനൊന്ന് വല്ലാതായി. " നീയെന്തൊക്കെയാ കാണിച്ചു കൂട്ടുന്നത് എന്ന് നിനക്ക് വല്ല പിടിയുമുണ്ടോ? ആ വയ്യാത്ത കൊച്ചിനെയും കൊണ്ടു കറങ്ങി നടക്കുന്നു, ടൂർ പോകുന്നു, റീൽ എടുത്ത് ഫേസ്ബുക്കിലോ പിന്നെ എവിടെയൊക്കെയോ ഇടുന്നു....നീയെന്താ ആഘോഷിക്കുവാണോ? ഇന്നോ നാളെയോ എന്നറിയാത്ത കൊച്ചിനെയും കൊണ്ടു അവളുടെ... " " മതി. " എന്റെ ശബ്ദം വല്ലാതുയർന്നു എന്ന് തോന്നിയപ്പോൾ ഞാൻ തന്നെ ഓടിച്ചെന്നു പൂമുഖവാതിൽ അടച്ചു. " ഇന്നോ നാളെയോ എന്നറിയാത്ത കൊച്ചാണ് എനിക്കറിയാം, അവൾക്കുമറിയാം. എന്ന് വെച്ച് എപ്പോഴും ഇങ്ങനെ ഓർമ്മിപ്പിക്കണമെന്നില്ല. " " അല്ല മോളെ, ഞാൻ അതല്ല ഉദ്ദേശിച്ചത്.... " അമ്മാവനും ഒന്നു പതറി. " നിനക്കറിയില്ല ആളുകൾ എന്തൊക്കെയാ പറയുന്നതെന്ന്. എനിക്കും നിന്റേട്ടനുമൊന്നും പുറത്തിറങ്ങി നടക്കാൻ വയ്യ.. ഈ കുഞ്ഞിന്റെ ചികിത്സക്ക് വേണ്ടി നിന്റെ പേർക്കുണ്ടായിരുന്നത് മുഴുവൻ വിറ്റു. ഇവന്റെ കയ്യിലുള്ളതും തീർന്നു.. പോരാത്തതിന് നാട്ടുകാർ എത്രയോ പേര് സഹായിച്ചു.. അതുകൊണ്ട് ഗുണമൊന്നും ഉണ്ടായില്ലെങ്കിലും. അത് നമ്മുടെ യോഗം. പക്ഷെ കുട്ടീ, നീയിങ്ങനെ കുഞ്ഞിനേയും കൊണ്ടു കറങ്ങിനടക്കുമ്പോൾ ആളുകൾക്കിപ്പോ സഹതാപമല്ല തോന്നുന്നത്. അവരിപ്പോ പരിഹസിക്കുകയാണ്. വയ്യാത്ത കുഞ്ഞിനേയും പ്രദർശനവസ്തുവാക്കികൊണ്ട് നീയിങ്ങനെ നടക്കുമ്പോൾ... അതും വീട്ടിൽ കുഞ്ഞിനെ കാണാൻ വരുന്ന ബന്ധുക്കളെ പോലും പലപ്പോഴും നീ കാണിക്കുക പോലുമില്ല എന്നും പറയുന്നുണ്ട്. " ഞാൻ ഒന്നും മിണ്ടിയില്ല. അമ്മാവൻ പറഞ്ഞു തീർക്കാൻ കാത്തു. അമ്മാവൻ തുടർന്നു. " മോളെ, നിന്റെ കാൽച്ചുവട്ടിലെ മണ്ണടർന്നു പോകുന്നത് നീയറിയുന്നില്ല.. താങ്ങാൻ നിനക്കൊരു ഭർത്താവ് പോലുമില്ല. കേറിക്കിടക്കാൻ തത്ക്കാലം തറവാട് ഉള്ളത് കൊണ്ട് കുഴപ്പമില്ല. പക്ഷെ, എത്രകാലം ഇവന് നിന്നെക്കൂടെ പോറ്റാൻ കഴിയും.? ഇവനും ഒരു കുടുംബമില്ലേ." ഞാൻ അവിശ്വസനീയതയോടെ ഏട്ടനെ നോക്കി. അവൻ നിസ്സഹായതയോടെ മുഖം തിരിച്ചു. " അവനെ നോക്കണ്ട. അമ്മാവൻ പറയുന്നത് ഞങ്ങളുടെ എല്ലാവരുടെയും അഭിപ്രായമാണ്. ഞങ്ങൾ എന്തെങ്കിലും പറഞ്ഞാൽ നീ എടുക്കില്ലല്ലോ..വയ്യാത്ത കുഞ്ഞിന് റസ്റ്റ്‌ ആണ് വേണ്ടത്. ആവശ്യത്തിന് ചികിത്സ യും.. ഈശ്വരനെയും വിളിച്ചു ഈ കുഞ്ഞിനേയും കൊണ്ട് ഒന്നുകിൽ വീട്ടിൽ ഇരിക്കുക, അല്ലെങ്കിൽ ആശുപത്രിയിൽ കിടക്കുക.. നിന്റെ സ്ഥാനത്തുള്ള ഏതമ്മയും ഇപ്പോൾ അമ്പലങ്ങളാണ് കേറിയിറങ്ങുക. കണ്ട പാർക്കും ബീച്ചുമല്ല. ഇതിപ്പോ നാട്ടുകാരെ കുറ്റം പറയാൻ പറ്റുമോ.? അമ്മയുടെ സ്വരത്തിൽ നീരസം പ്രകടമായിരുന്നു. ഞാൻ ചുമരിൽ ചാരി നിലത്തേക്കിരുന്നു, പതുക്കെ പറഞ്ഞു തുടങ്ങി. " പലവട്ടം പറഞ്ഞതാണ്. ഞാൻ കരുതിയത് നിങ്ങൾക്കെങ്കിലും എന്നെ മനസ്സിലാവുമെന്നാ. പക്ഷെ ഇല്ല.. എങ്കിൽ ഒന്നുകൂടെ പറയാം. ദീപു മരിക്കുമ്പോൾ എന്റെ മോൾക്ക് ഒന്നര വയസ്സാണ്.. അന്നുമുതൽ ഞാൻ ജീവിച്ചത് അവൾക്ക് വേണ്ടിയായിരുന്നു. അമ്മയുടെ സഹായം കൊണ്ടു തന്നെയാണ് ജോലിചെയ്യാനും അവളെ വളർത്താനും എനിക്ക് കഴിഞ്ഞത്. ഒന്നും ഞാൻ മറന്നിട്ടില്ല. പക്ഷെ, വിധി വീണ്ടും എന്റെ അടുത്ത് പരീക്ഷയുമായെത്തി. ഇത്തവണ എന്റെ മോളായിരുന്നു ഇര. പത്താം വയസ്സിൽ എന്റെ മോൾക്ക് ബ്രെയിൻ കാൻസർ. അതും ഫോർത് സ്റ്റേജ് ഗ്ലയോബ്ലാസ്റ്റോമ.. തിരിച്ചറിഞ്ഞതേ ഒരുപാട് വൈകി.. പിന്നെ നിങ്ങൾക്കെല്ലാം അറിയാവുന്നത് പോലെ.. പല പല ഹോസ്പിറ്റലുകൾ, ടെസ്റ്റുകൾ, മരുന്നുകൾ. ചിലവാക്കാവുന്നിടത്തോളം ചിലവാക്കി. കിട്ടാവുന്നിടത്തോളം കടം വാങ്ങി, സഹായിച്ചവരോടെല്ലാം കൈനീട്ടി, അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ചു. എനിക്ക് എങ്ങനെയെങ്കിലും എന്റെ മോളെ തിരിച്ചു വേണമായിരുന്നു. പക്ഷെ, മെഡിക്കൽ സയൻസും ദൈവങ്ങളും എന്നെ കൈവിട്ടു. ഇനിയൊന്നും ചെയ്യാനില്ല, ചിലപ്പോൾ മാസങ്ങൾ, ചിലപ്പോൾ ദിവസങ്ങൾ അത്രയേ അവൾക്കിനിയുള്ളൂ. ഇനി ചെയ്യാവുന്നത് വേദന കുറച്ചു സ്വസ്ഥമായി മരിക്കാൻ അനുവദിക്കുക എന്നതാണ് എന്ന് പറഞ്ഞാണ് ഡോക്റ്റേഴ്സ് അവളെ ഡിസ്ചാർജ് ചെയ്തത്." " മോളെ, ഇതൊക്കെ ഞങ്ങൾക്കും അറിയാവുന്നതാണല്ലോ. " ഏട്ടന്റെ സ്വരം നേർത്തതായിരുന്നു. " ഞാൻ പറയട്ടെ.. " എന്റെ ശബ്ദത്തിന് മൂർച്ച കൂടി. " ഇനിയെന്റെ മോൾക്ക് വേണ്ടി ഒന്നും ചെയ്യാനില്ല എന്ന അവസ്ഥയിലാണ് എനിക്ക് തോന്നിയത്, എന്റെ മോൾ ഈ ലോകത്ത് നിന്ന് പോകുന്നതിനു മുൻപ് എനിക്ക് കഴിയാവുന്ന വിധത്തിൽ അവളുടെ ആഗ്രഹങ്ങളൊക്കെയും സാധിച്ചു കൊടുക്കണമെന്ന്. അവൾ ആഗ്രഹിച്ചിടത്തെല്ലാം കൊണ്ടുപോണം, അവളോടൊപ്പമുള്ള ഓരോ നിമിഷവും ക്യാമെറയിൽ പകർത്തണം, എന്റെ മരണം വരെ എനിക്കവളുടെ കളിയും ചിരിയും കാണണം.. അവളുടെ താല്പര്യത്തിനാണ് ഞാൻ വീഡിയോയും ഫോട്ടോയും ഇടുന്നത്. അവൾക്ക് വേണ്ടത് ആരുടെയും സഹതാപമല്ല,മറിച്ച് സ്നേഹവും സന്തോഷവുമാണ്. " ആരുമൊന്നും മിണ്ടിയില്ല. ഞാൻ തുടർന്നു. " സ്വാതി മോളെ നിങ്ങൾക്കറിയാം. പ്രായത്തിൽ കവിഞ്ഞ പക്വതയുണ്ട് അവൾക്ക്.. അവൾക്ക് കാര്യങ്ങൾ എല്ലാം അറിയാം..അവളാണ് എന്നോട് പറഞ്ഞത്, ഈ യാത്രകളിലൊന്നിൽ എന്റെ കൈകളിൽ കിടന്ന് അവൾക്ക് മരിക്കണമെന്ന്. ഏതെങ്കിലും ഒരു ഹോസ്പിറ്റലിന്റെ ഐസിയുവിൽ പേര് പോലും അറിയാത്ത ഏതോ ഒരു നേഴ്സ് ന്റെയോ ഡോക്ടറുടെയോ കൂടെയല്ല ഈയമ്മയുടെ കൂടെയാണ് അവളുടെ അവസാനനിമിഷം അവൾക്ക് വേണ്ടതെന്ന്. ഞാനൊരു ദീർഘനിശ്വാസം എടുത്തു.. " ആദ്യം ഞാൻ വിശ്വസിച്ചില്ല, പിന്നെ ഞാൻ കരഞ്ഞു, ദൈവത്തോട് യാചിച്ചു എന്റെ ജീവൻ പകരം തരാമെന്ന് വരെ പേശിനോക്കി. അവസാനം അവളുടെ വിധി ഞാൻ അംഗീകരിച്ചു. ഇനി ഞാൻ അവളുടെ സന്തോഷം മാത്രമാണ് എന്റെ ലക്ഷ്യം. അതിന് വേണ്ടി ഏതറ്റം വരെയും ഞാൻ പോകും.. നിങ്ങളുടെ ഒക്കെ ഔദാര്യം ഞാൻ സ്വീകരിച്ചു എന്നതുകൊണ്ട് എന്റെ മകൾക്കുവേണ്ടി അവളാഗ്രഹിക്കുന്നത് എനിക്ക് ചെയ്തുകൊടുക്കാൻ പാടില്ലെന്നുണ്ടോ? പത്തുവയസ്സ് മാത്രമുള്ള, ഈ ലോകത്തിന്റെ വക്രതയറിയാത്ത എന്റെ കുഞ്ഞിന്റെ ആത്മാവിനു മോക്ഷം കിട്ടാൻ ഏത് ആരാധാനാലയത്തിലാണ് ഞാൻ ഭജന ഇരിക്കേണ്ടത്? ഏത് നേർച്ചകളാണ് ഞാൻ കഴിപ്പിക്കേണ്ടത്? പിന്നെ, വീട്ടിൽ മോളെ കാണാൻ വരുന്ന ബന്ധുക്കളുടെ കാര്യം. വന്ന് അവളുടെ മുന്നിലിരുന്ന് സഹതപിച്ചു, ഒരു തുള്ളി കണ്ണീരും പൊഴിച്ച്, അവളു കേൾക്കെത്തന്നെ കുത്തുവാക്കുകൾ കൊണ്ടു എന്നെ വേദനിപ്പിക്കുന്ന ഒരെണ്ണം പോലും ഇവിടെ കേറരുതെന്ന് ഞാൻ പറഞ്ഞത് തന്നെയാ. അതിനിനിയും ഒരു മാറ്റവും ഉണ്ടാവില്ല. " ഞാൻ ഇത്രയും പറഞ്ഞിട്ട് അകത്തേക്ക് കേറാനൊരുങ്ങി, പിന്നെ ഒന്നു തിരിഞ്ഞു നിന്നു. " അമ്മയോടും ഏട്ടനോടുമാണ്. കുറച്ചു നാൾ കൂടെ നിങ്ങളെന്നെ സഹിക്കേണ്ടി വരും. കൃത്യമായി ഒരു ഡേറ്റ് എനിക്കിപ്പോ പറയാൻ കഴിയില്ല. എന്റെ മകളെ യാത്രയാക്കുന്നതിന്റെ പിറ്റേന്ന്... ഞാൻ ഇവിടെ നിന്നിറങ്ങിക്കോളാം.. പിന്നെ ഞാൻ സ്വസ്ഥമാണ്.. എത്ര കഷ്ടപെട്ടാണെങ്കിലും എല്ലാവരുടെയും കടം ഞാൻ വീട്ടിക്കോളാം. അതുവരെ, അതുവരെ മാത്രം ഒന്ന് എന്റെ കൂടെ നിന്നാൽ മതി.. " അമ്മ ഏങ്ങിക്കരയുന്നതും ഏട്ടൻ അമ്മയെ എന്തൊക്കെയോ പറഞ്ഞാശ്വസിപ്പിക്കുന്നതും കേട്ടെങ്കിലും തിരിഞ്ഞു നോക്കാതെ അകത്തേക്ക് നടന്നു. റൂമിൽ ചെന്നപ്പോൾ ഞാൻ പ്രതീക്ഷിക്കാതെ മോൾ ഉണർന്നിരിക്കുകയായിരുന്നു. അവൾ എന്തൊക്കെയോ കേട്ടിട്ടുണ്ട് എന്ന് മുഖത്തുനിന്ന് വായിച്ചറിയാം. എന്നെ കണ്ട് അവളൊന്നു ചിരിച്ചു. " എന്റെ അമ്മ എന്തിനാ കരയുന്നെ? കരയുന്ന അമ്മയേക്കാൾ പൊരുതുന്ന അമ്മയെയാ എനിക്കിഷ്ടം. അമ്മയുടെ ചിരിക്കുന്ന മുഖം കണ്ടിട്ട് വേണം എനിക്ക് പോകാൻ. അവിടെ ചെല്ലുമ്പോൾ ഞാൻ അച്ഛനോട് പറയും, എന്നെ അമ്മ ഏറ്റവും നന്നായാ നോക്കിയേ എന്ന്.ഇത്രയും നല്ലൊരു അമ്മയെ തന്നതിന് നന്ദി എന്ന്. അവിടിരുന്നു ഞങ്ങൾ രണ്ടുപേരും നോക്കും ഇവിടെ അമ്മ സന്തോഷമായിരിക്കുന്നുണ്ടോ എന്ന്. അങ്ങനെ ഇരിക്കണം കേട്ടോ. എങ്കിലേ ഞങ്ങൾക്കും സമാധാനമാവുള്ളു. " "നിന്റെ പകുതി ധൈര്യം എനിക്കില്ലാതെയായിപ്പോയല്ലോ മോളെ..." ഞാൻ പൊട്ടിപ്പിളർന്നു കരഞ്ഞുകൊണ്ട് മോളെ വാരിയെടുത്ത് നെഞ്ചോട് ചേർത്തു. അവളാ കുഞ്ഞിക്കൈകൾ കൊണ്ടു എന്റെ പുറത്തു തലോടിക്കൊണ്ടിരുന്നു. ആശ്വസിപ്പിക്കാണെന്നപോലെ.... 📝ജെയ്‌നി റ്റിജു #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ
📔 കഥ - விக8 ೧ilgm೧@ விக8 ೧ilgm೧@ - ShareChat
കുളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഹോസ്പിറ്റലിൽ നിന്ന് എമർജൻസി കേസുണ്ടെന്ന് പറഞ്ഞു കോൾ വന്നത്. മുപ്പത്തിനാല് ആഴ്ച ഗർഭിണിയാണ്. സ്റ്റെപ്പ് കയറുമ്പോൾ കാലുതെറ്റി വീണു വയറു സ്റ്റെപ്പിൽ ഇടിച്ചതാണത്രേ. പത്തുമിനിറ്റിൽ വരാം, പെട്ടെന്ന് ബ്ലഡ്സ് എടുത്തിട്ട് അൾട്രാസൗണ്ട് സ്കാനിംഗ് ചെയ്യാൻ നിർദേശം കൊടുത്തിട്ട് കുറച്ചു വെള്ളം കോരിയൊഴിച്ച് കുളിയാവസാനിപ്പിച്ച്, ആദ്യം കണ്ട ഡ്രെസ്സുമെടുത്തിട്ട് വേഗമിറങ്ങി. ക്വാട്ടേഴ്‌സിൽ താമസിക്കുന്നത് കൊണ്ട് പത്തുമിനുട്ട് മതി ഹോസ്പിറ്റലിൽ എത്താൻ. പോകുന്ന വഴിയിൽ ലേബർ റൂമിൽ വിളിച്ചു പേഷ്യന്റ്ന്റെ വിവരം അന്വേഷിച്ചു. ആദ്യത്തെ ഗർഭമാണ്. ഹെൽത്തി ആയിരുന്നു ഇതുവരെ. അപ്പോഴാണ് ഈ വീഴ്ച്ച. ഇപ്പോൾ നല്ല ബ്ലീഡിങ് ഉണ്ട്, വൈറ്റൽസ് ഇപ്പോൾ സ്റ്റേബിൾ ആണ്. കുഞ്ഞിന്റെയും ഹാർട്ട്‌ ബീറ്റ് ഇപ്പോൾ കുഴപ്പമില്ല. കൂടുതൽ വിവരം സ്കാൻ കഴിഞ്ഞിട്ടേ അറിയൂ. ഗൈനക്കോളജി വിഭാഗം ഹെഡ് ആയ സറീന മാഡത്തിന്റെ പേഷ്യന്റ് ആണ്. മാഡം ലീവിലായതിനാൽ ഞാനാണ് ചാർജ്. ഇന്നിത്തിരി തിരക്കുള്ള ദിവസം ആയിരുന്നു ഓപിയിലും ലേബർ റൂമിലും. ഉണ്ടായിരുന്ന നാലു ഡെലിവറിയും കഴിഞ്ഞു അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ഉറപ്പിച്ച ശേഷമാണ് ഞാൻ ക്വാർട്ടേഴ്‌സിലേക്ക് പോയത്. വല്ലാത്ത തലവേദന തോന്നിയത് കൊണ്ട് ചെന്ന് കുളിച്ചു ഭക്ഷണം കഴിച്ചൊന്ന് കിടക്കണം എന്ന് കരുതിയതാണ്. അപ്പോഴാണ് ഈ കോൾ വന്നത്. ലേബർ റൂമിലേക്ക് കടക്കുമ്പോൾ അതിന് മുന്നിൽ ആകുലതയോടെ കൂടി നിൽക്കുന്ന അഞ്ചാറുപേർ. ഞാൻ അമ്പരപ്പോടെ കണ്ടു, അതിലൊന്ന് നിസ്സാറിക്കയാണ്. ഒരു കാലത്തെന്റെ ഭർത്താവ് ആയിരുന്നയാൾ.. ഞാൻ അയാളെ മൈൻഡ് ചെയ്യാതെ നേരെ അകത്തേക്ക് നടന്നു. അപ്പോഴേക്കും സ്കാൻ കഴിഞ്ഞിരുന്നു. യൂടെറസ് റപ്ചർ ആയിട്ടുണ്ട്. വീഴ്ചയുടെ ആഘാതത്തിൽ പറ്റിയതാണ്. എത്രയും പെട്ടന്ന് ഓപ്പറേഷൻ ചെയ്തില്ലെങ്കിൽ അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയുള്ള അവസ്ഥയാണ്. പേഷ്യന്റ് നെ കാണാനായി ചാർട്ടുമെടുത്ത് ഞാൻ ബെഡിനടുത്തേക്ക് നടന്നു. " സൈറ നിസാർ. " പേര് കണ്ട് ഞാൻ നടുങ്ങി. തെറ്റിയില്ല. നിസാറിക്കയുടെ ഭാര്യ. ആ മുഖം കണ്ടപ്പോൾ ഒന്നുകൂടെ. ഞാൻ അവരുടെ വീട്ടിൽ ആയിരുന്നപ്പോൾ എന്റെ പുറകെ ഇത്താത്ത എന്ന് വിളിച്ചു ഓടിനടന്നിരുന്ന കുറുമ്പിയായ പാവാടക്കാരി. നിസ്സാറിക്കയുടെ മാമയുടെ മകൾ. അന്നവൾ പ്ലസ്ടുവിനോ മറ്റൊ പഠിക്കുകയായിരുന്നെന്ന് തോന്നുന്നു. അവളെയാണോ നിസ്സാറിക്ക രണ്ടാമത് വിവാഹം ചെയ്തത്? " ഇത്താത്ത.. " എന്നെ കണ്ടതും വേദനയുടെ ഇടയിലും അവൾ അത്ഭുതത്തോടെ നോക്കി. " ഇത്താത്ത, എനിക്ക് തീരെ വയ്യ. ഞാൻ മരിച്ചുപോകുമെന്ന് തോന്നുവാ. എന്റെ കുഞ്ഞിനെയെങ്കിലും രക്ഷിക്കണം, പ്ലീസ്.. " അവൾ കരഞ്ഞു. ഞാനാ കൈകളിൽ മുറുക്കെ പിടിച്ചു. "പേടിക്കണ്ട.ധൈര്യമായി രിക്ക്. ഒന്നും സംഭവിക്കില്ല.ഞാനില്ലേ.. " അത്രയും പറയാനേ എനിക്ക് കഴിഞ്ഞുള്ളൂ. എത്രയും പെട്ടെന്ന് തീയേറ്റർ സെറ്റ് ചെയ്യാൻ നേഴ്സ്മാർക്ക് നിർദേശം കൊടുത്തിട്ട് ഞാൻ വിവരം അറിയിക്കാനും സമ്മതപത്രം ഒപ്പിടിവിക്കുവാനുമായി ലേബർ റൂമിലെ സീനിയർ സിസ്റ്റർ സതിയുമായി പുറത്തേക്ക് നടന്നു. എന്നെക്കണ്ട് കൂടിനിന്നവർ ഞെട്ടിയിട്ടുണ്ടെന്ന് അവരുടെ മുഖഭാവം കണ്ടാലറിയാം. "സറീന മാഡം ലീവായത് കൊണ്ട് ഡോക്ടർ ലെനയാണ് സൈറയെ നോക്കുന്നത്." സതി സിസ്റ്റർ അവരോടായി പറഞ്ഞു. അവർ അമ്പരപ്പോടെ എന്നെ നോക്കി. ആറുവർഷങ്ങൾക്ക് ശേഷമാണ് ഇങ്ങനെ മുഖാമുഖം നിൽക്കേണ്ടി വന്നത്. മുന്നിൽ നില്ക്കുന്നവരെല്ലാം പരിചിതർ. ഒരുകാലത്ത് എന്റെ ബന്ധുക്കൾ ആയിരുന്നവർ, പിന്നീട് ശത്രുക്കൾ ആയിപ്പോയവർ.. അവസാനം കാണുമ്പോഴും കടിച്ചു കീറാൻ നിന്നിരുന്നവർ. ഇപ്പോൾ ദയനീയമുഖത്തോടെ മുന്നിൽ. എംബിബിഎസ് കഴിഞ്ഞു നിൽക്കുമ്പോഴാണ് ഉപ്പയുടെ സുഹൃത്തിന്റെ മകനായ നിസാറിന്റെ ആലോചന വരുന്നത്.. അവരുടേത് ഒരു യാഥാസ്ഥിതിക കുടുംബം ആയിരുന്നു. സന്തോഷകരം തന്നെയായിരുന്നു ജീവിതം എനിക്ക് ആദ്യത്തെ അബോർഷൻ സംഭവിക്കുന്നത് വരെ.കുഞ്ഞ് നഷ്ടപ്പെട്ടത് ഞാൻ ശ്രദ്ധിക്കാത്തത് കൊണ്ടാണെന്നും ജോലി ഉപേക്ഷിക്കണമെന്നും വീട്ടിൽ നിന്നും പ്രെഷർ ഉണ്ടായി. കുടുംബത്തെ സമാധാനത്തിനു വേണ്ടി ഞാൻ അതും അനുസരിച്ചു. രണ്ടാമതും അബോർഷൻ ആയപ്പോഴാണ് കൂടുതൽ പരിശോധന നടത്തിയത്. എന്റെ ഗർഭപാത്രത്തിനു ഒരു കുഞ്ഞിനെ വഹിക്കാനുള്ള ബലമില്ല. നൂതന ചികിത്സവിധികൾ എല്ലാം ഉണ്ടെങ്കിലും ഒന്നിലും വിജയസാധ്യത കാണുന്നില്ല. പിന്നെ ഉള്ള ഓപ്ഷൻ വാടകഗർഭമോ ദത്തെടുക്കലോ ആണ്. അതിനെ വീട്ടുകാർ നഖശിഖാന്തം എതിർത്തു. അവരുടെ ഭാഗത്തു ന്യായമുണ്ട്. അവരുടെ മകൻ പൂർണ ആരോഗ്യമുള്ള പുരുഷൻ ആകുന്നിടത്തോളം അവർക്കിങ്ങനെയുള്ള ഓപ്ഷൻ തിരഞ്ഞെടുക്കേണ്ട ആവശ്യമില്ലല്ലോ. അതുവരെയും എന്റെ കൂടെയുണ്ട് എന്ന് ഞാൻ കരുതിയ ഇക്കയിലും മാറ്റങ്ങൾ കണ്ടപ്പോൾ ആ പടിയിറങ്ങാൻ ഞാൻ തീരുമാനിച്ചു. ഒരു മനുഷ്യന് ആദ്യം ഇടം വേണ്ടത് മറ്റുള്ളവരുടെ മനസ്സിലാണ്, അതില്ലാത്തിടത്തു നിന്നും എത്രയും പെട്ടെന്ന് ഇറങ്ങി നടക്കണം എന്ന് പറഞ്ഞത് എന്റെ ഉപ്പച്ചിയാണ്. ഡിവോഴ്സ് സൈൻ ചെയ്തതിനു ശേഷം ഞാൻ നാട്ടിൽ നിന്നില്ല. ഡൽഹിക്ക് പറന്നു. പോസ്റ്റ്‌ ഗ്രാജുവേഷൻ എന്തുകൊണ്ടോ ഗൈനക്കോളജിയാണ് എടുത്തത്. പിന്നെ മൂന്നുവർഷത്തോളം അവിടെ തന്നെ ജോലി ചെയ്തു. നല്ല ഡോക്ടർ എന്ന പേര് സമ്പാദിച്ചു. ഇവിടെ വന്ന് ജോയിൻ ചെയ്തിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. " നോക്കൂ വീഴ്ചയിൽ കാര്യമായി ഗര്ഭപാത്രത്തിനു മുറിവുണ്ടായിട്ടുണ്ട്. എത്രയും പെട്ടെന്ന് ഓപ്പറേഷൻ ചെയ്തില്ലെങ്കിൽ അമ്മയ്ക്കും കുഞ്ഞിനും ആപത്താണ്. പിന്നെ, തുറന്നു പറയണമല്ലോ. ഗര്ഭപാത്രത്തിന്റെ തകരാർ എത്രമാത്രമുണ്ടെന്ന് സർജറി ചെയ്യുമ്പോഴേ മനസ്സിലാക്കാൻ കഴിയൂ. ചിലപ്പോൾ ഗര്ഭപാത്രം തന്നെ എടുത്തു കളയേണ്ടി വന്നേക്കാം..ഉത്തരവാദിത്തപ്പെട്ടവർ സൈൻ ചെയ്തു തരണം. " ഞാൻ ആധികാരികമായാണ് സംസാരിച്ചത്.. അവരൊന്നു ആലോചിച്ചു നിൽക്കുന്ന പോലെ തോന്നിയപ്പോൾ സിസ്റ്ററെ സൈൻ ചെയ്യിക്കാൻ ഏൽപ്പിച്ചു ഞാൻ അകത്തേക്ക് നടന്നു. " മോനെ, നമുക്ക് കുഞ്ഞിനെ ഇവിടെ നിന്ന് വേറെ എവിടേക്കെങ്കിലും കൊണ്ടുപോകാം. ഇവൾ പഴയ വൈരാഗ്യം വെച്ച് നമ്മുടെ കുഞ്ഞിനോട് എന്തെങ്കിലും ചെയ്താലോ." ആരുടെയോ വാക്കുകൾ ചിതറിത്തെറിച്ച് എന്റെ കാതുകളിൽ വീണു. ഞാൻ തിരിഞ്ഞു നിന്നു. " വൈരാഗ്യമോ എന്ത് വൈരാഗ്യം. പഴയ കാര്യങ്ങളോർത്താണ് പറയുന്നതെങ്കിൽ അതൊന്നും ഇപ്പോഴെന്റെ മനസ്സിലേ ഇല്ല. ഞാൻ ഇവിടെ ഉത്തരവാദിത്തപ്പെട്ട ഒരു ഡോക്ടർ ആണ്. സൈറ എനിക്ക് മുന്നിലെത്തുന്ന ഏതൊരു രോഗിയെയും പോലൊരാൾ മാത്രമാണ്. എന്ത് കഷ്ടപ്പെട്ടിട്ടായാലും തന്റെ രോഗികളെ രക്ഷിക്കാനേ ഏത് ഡോക്ടറും ശ്രമിക്കൂ. പിന്നെ ഞാൻ സർജറി ചെയ്യണോ അവളെ വേറെ എങ്ങോട്ടെങ്കിലും മാറ്റണോ എന്നൊക്കെ നിങ്ങൾക്ക് തീരുമാനിക്കാം. പക്ഷെ,എന്തായാലും പെട്ടന്ന് വേണം. അകത്തു ജീവനുവേണ്ടി പിടയുന്നത് ഒരാളല്ല, രണ്ടുപേരാണ്. അത് മറക്കണ്ട." ഞാൻ പിന്നെ അവിടെ നിന്നില്ല. തൊട്ടുപുറകെ നിസാർ എന്നെഴുതി ഒപ്പിട്ട സമ്മതപത്രവുമായി സതിസിസ്റ്റർ കയറി വന്നു..പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ശിശുരോഗവിഭാഗം ഹെഡ് ഫിലിപ്പ് സാറിനെ ഞാൻ തന്നെ നേരിട്ട് വിളിച്ചു. ജൂനിയഴ്‌സ് പോരാ സാർ തന്നെ വരണമെന്ന് റിക്വസ്റ്റ് ചെയ്തു. സിസേറിയൻ ചെയ്തു കുഞ്ഞിനെ എടുത്തു ഐസിയുവിലേക്ക് മാറ്റി. ബ്ലീഡിംഗ് കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞതിനാൽ ഗര്ഭപാത്രം എടുത്തു കളയേണ്ടി വന്നില്ല. എങ്കിലും ധാരാളം രക്തം നഷ്ടപ്പെട്ടിട്ടുള്ളതിനാൽ സൈറയെയും ഐസിയു വിലേക്ക് മാറ്റി. അമ്മയും കുഞ്ഞും അപകടനില തരണം ചെയ്തു എന്നറിഞ്ഞതിൽ പിന്നെയാണ് ഞാൻ പുറത്തേക്ക് ചെന്നത്. അവിടെ വേവലാതിയോടെ പ്രാർത്ഥനയോടെ കാത്തിരിക്കുന്നുണ്ടായിരുന്നു എല്ലാവരും. ഇപ്പോൾ അവരുടെ കണ്ണിൽ പേടിയില്ല, നന്ദി മാത്രം. ഒരുനിമിഷം തെറ്റിദ്ധരിച്ചു പോയതിന് കുറ്റബോധവും. " അമ്മയും കുഞ്ഞും ഇപ്പോൾ സേഫ് ആണ്. പക്ഷെ, കുറച്ചു കോംപ്ലിക്കേറ്റഡ് ആയതിനാൽ രണ്ടുദിവസം ഐസിയു വിൽ കിടക്കേണ്ടിവരും. തത്കാലം ആവശ്യമായ രക്തം ബ്ലഡ്‌ ബാങ്കിൽ നിന്ന് എടുത്തിട്ടുണ്ട്. പകരം ബ്ലഡ്‌ അറേഞ്ച് ചെയ്യേണ്ടിവരും. അതെല്ലാം നേഴ്സ് പറയും. കുഞ്ഞിന്റെ കാര്യം ഇനി പീഡിയാട്രിഷൻ ആണ് നോക്കുന്നത്. സൈറയുടെ യൂടെറസ് റിപ്പയർ ചെയ്തിട്ടുണ്ട്, പക്ഷെ അതിന് ഇനിയൊരു പ്രെഗ്നൻസി താങ്ങാൻ കഴിയണമെന്നില്ല. പിന്നെ, സർജറിക്ക് മുൻപ് സൈറ എന്നോട് പറഞ്ഞു, രണ്ടിൽ ഒരാളെയെ രക്ഷിക്കാൻ കഴിയൂ എന്ന് വന്നാൽ കുഞ്ഞിനെ രക്ഷിക്കണമെന്ന്. അവൾക്കറിയാമല്ലോ കുഞ്ഞും യൂടെറസും നഷ്ടപ്പെട്ടാൽ പിന്നെ അവൾക്ക് നിങ്ങളുടെ ജീവിതത്തിൽ സ്ഥാനമുണ്ടാവില്ല എന്ന്. ഞാൻ പക്ഷെ രണ്ടു ജീവനും തിരിച്ചു കിട്ടാൻ വേണ്ടി പരിശ്രമിച്ചു. എല്ലാം പടച്ചവന്റെ കൃപ. നിങ്ങൾ വിഷമിക്കണ്ട. എന്തായാലും സറീന മാഡം നാളെ തിരിച്ചെത്തും. പിന്നെ മാഡത്തിന്റെ കെയറിൽ ആയിരിക്കും സൈറ. " അത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നപ്പോൾ പുറകിൽ ഓടിയെത്തിയിരുന്നു നിസ്സാറിക്ക. " ലെനാ, നിന്നോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ഒരു നിമിഷം സംശയിച്ചു പോയെങ്കിൽ മാപ്പ്. കഴിഞ്ഞു പോയതിനെക്കുറിച്ച് ഇനി പറയുന്നതിൽ കാര്യമില്ലെന്നറിയാം. എങ്കിലും തെറ്റ് പറ്റിയത് എനിക്കാണ്..സൈറയെയും കുഞ്ഞിനേയും വെച്ചൊരാളെ തിരഞ്ഞെടുക്കണമെന്ന് എന്നോട് പറഞ്ഞിരുന്നെങ്കിൽ, സത്യമായും ഞാൻ എന്റെ സൈറയെ മാത്രമേ തിരഞ്ഞെടുക്കുമായിരുന്നുള്ളൂ. അത് അവൾ മനസ്സിലാക്കാഞ്ഞത് അവളുടെ തെറ്റല്ല, എന്റെയാ. കുഞ്ഞുങ്ങൾ പടച്ചവന്റെ വരദാനം തന്നെയാ. പക്ഷെ അതിലും എത്രയോ വലുതാണ് ഭാര്യയും ഭർത്താവുമായുള്ള ആത്മബന്ധം എന്ന് ഞാൻ ഇപ്പോൾ തിരിച്ചറിയുന്നുണ്ട്.. " നിറഞ്ഞ കണ്ണുകളോടെ അദ്ദേഹമത് പറയുമ്പോൾ അദ്ദേഹത്തെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഞാൻ തിരിഞ്ഞു നടന്നു.. കാലം മാറ്റം വരുത്താത്ത മനുഷ്യർ ഇല്ലല്ലോ. ഇതിനിടയിൽ പകയ്ക്കും പ്രതികാരത്തിനും എന്ത് സ്ഥാനം..... 📝ജെയ്‌നി റ്റിജു #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ
📔 കഥ - LABOUR ROOM gpsuoiguuol LABOUR ROOM gpsuoiguuol - ShareChat