Gowri Gayathri❤️
5.3K views
19 days ago
പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുമ്പോൾ ഉണ്ടായിരുന്ന എല്ലാ പ്രതീക്ഷകളും നിറവേറിയിട്ടുണ്ടോ?😌 വന്ന് കയറിയ മരുമകളെ ദ്രോഹിച് രസിക്കുന്ന അമ്മായിയമ്മമാരുടെ ലിപി കഥകൾക്ക് ഇടയിൽ പുരുഷന്മാരുടെ ജീവിതം നശിപ്പിക്കാൻ കച്ച കെട്ടി ഇറങ്ങിയ നവവധുവിന്റെ കഥ നിങ്ങൾ വായിച്ചറിഞ്ഞിട്ടുണ്ടോ! അമ്മായിയമ്മ കാരണം ജീവിതം നശിഞ്ഞുപോയ, പണത്തിന് വേണ്ടി മാത്രം പുരുഷനെ പിഴിഞ്ഞെടുക്കുന്ന സ്ത്രീകളെ നിങ്ങൾ കണ്ടിട്ടുണ്ടോ?  NB: ഞാൻ ഒരു സ്ത്രീയാണ്. ഒരിക്കലും ഒരു സ്ത്രീ വിരോധിയല്ല. എന്നാൽ ഇത്തരം സ്ത്രീകൾ കാരണം ജീവിതം നശിച്ചുപോയ പാവപ്പെട്ട പുരുഷന്മാർക്ക് വേണ്ടി, ഒരു പ്രതിഷേദാർത്ഥത്തിൽ  ഈ കഥ ഞാൻ നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു. 💜💜💜💜💜💜💜💜💜💜💜💜💜💜💜 ഒരു അപേക്ഷ ഉണ്ട്. ഈ കഥ വായിക്കുന്ന ഒരാൾ എങ്കിൽ ഒരാൾ എന്നെ ഒന്ന് ഫോളോ ചെയ്യണം! അപേക്ഷ ആണ് 🥹 💜💜💜💜💜💜💜💜💜💜💜💜💜💜💜 രചന @ഗൗരി ❤️ ഭാഗം-1 ( തൊഴുത്ത്) സേതു ഏട്ടൻ എന്താണ് പറഞ്ഞുവരുന്നത്! നമ്മുടെ കല്യാണത്തിന് മുൻപ് ശ്രീയേട്ടന്റെ കല്യാണം നടത്തണം എന്ന് വാശിപിടിക്കുന്നത് എന്തിനാ? ശ്രീയേട്ടനെക്കാളും വയസ്സിന് മൂത്തത് സേതു ഏട്ടനല്ലേ!, മാത്രമല്ല ഇപ്പോൾ തന്നെ വയസ്സ് മുപ്പത്തിയൊന്നായി. ഇ കൊല്ലം ലീവിന് വരുമ്പോൾ നിശ്ചയം നടത്താം എന്ന് പറഞ്ഞിട്ടിപ്പോ.....! എന്നെ ഒഴിവാക്കാൻ നോക്കുവാണോ? അശ്വതിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അനിയന്റെ പെണ്ണുകാണലിന് ദുബായിൽ നിന്ന് ലീവ് എടുത്ത് എത്തിയതാണ് സേതു മാധവൻ. അനിയൻ ശ്രീജിത്ത്‌ മാധവൻ ഒമാനിലെ ഒരു കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അനിയന്റെ കല്യാണം മാത്രമേ നടക്കൂ എന്ന് അമ്മയുടെ ഉത്തരവുണ്ട്. അതൊന്ന് അശ്വതിയെ അറിയിക്കാൻ ഒളിച്ചും പാത്തും തൊഴുത്തിൽ എത്തിയപ്പോഴുണ്ട് പെണ്ണ് നിന്ന് വിതുമ്പുന്നു. കാര്യങ്ങളൊക്കെ നിനക്കും അറിയാവുന്നതല്ലേ അശ്വതി! ഇതിപ്പോൾ മനപ്പൂർവം അല്ലല്ലോ! നിനക്ക് താഴെ അനിയത്തി ഒരുത്തി ഉണ്ടാരുന്നത് ആരോടും പറയാതെ രാത്രിക്ക് രായ്മാനം ഒരു ക്രിസ്ത്യാനി ചെക്കന്റെ ഒപ്പം ഒളിച്ചോടി. കുടുംബത്തിന്റെ പേര് കളഞ്ഞു എന്ന് പറഞ്ഞ് അന്ന് മുതൽ തുള്ളാൻ തുടങ്ങിയതാ അമ്മ. ഈ കല്യാണം തന്നെ ഇനി നടക്കില്ല എന്ന് പറഞ്ഞ് എനിക്ക് വേറെ ആലോചന നോക്കുമ്പോഴും നിനക്ക് വേണ്ടിയല്ലേ ഞാൻ പിടിച്ചു നിൽക്കുന്നത്. നിന്നെ ഇപ്പോൾ ഞാൻ കെട്ടിയാൽ നല്ല കുടുംബത്തിൽ നിന്ന് അവന് വേറെ ആലോചന വരില്ല. അതുകൊണ്ട് നീ കുറച്ച് ക്ഷമിച്ചെ പറ്റൂ. സേതുവിന്റെ മുഖവും ദേഷ്യത്താൽ വലിഞ്ഞു മുറുകി. ഇതെന്താ ഏട്ടാ നിങ്ങടെ വീട്ടുകാരൊക്കെ ഇങ്ങനെ? ആശ തന്ന് ഒടുക്കം വേദനിപ്പിക്കാനാണെ, പിള്ളേരെ വെറുതെ മോഹിപ്പിക്കരുതെന്ന് പണ്ടേ അപ്പച്ചിയോട് അച്ഛൻ പറഞ്ഞിരുന്നതല്ലെ! അച്ഛൻ മരിച്ചപ്പോൾ അപ്പച്ചി പഴയതെല്ലാം മറന്നല്ലേ! ഇനിയിപ്പോ ഞങ്ങൾക്ക് ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ! അവൻ അവളെ ഒഴിവാക്കുകയാണെന്ന തോന്നൽ അവളിൽ നിലയുറപ്പിച്ചു. അശ്വതി........ നീ വെറുതെ ആവശ്യം ഇല്ലാത്തത് ഓരോന്ന് ചിന്തിച്ച് കൂട്ടണ്ട. സേതു ഒരു വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് അശ്വതിയെ മാത്രമായിരിക്കും. പക്ഷെ ഇപ്പോൾ പറ്റില്ല. ശ്രീജിത്തിന്റെ കല്യാണം കഴിഞ്ഞാൽ ഉടനെ നമ്മുടെ കല്യാണം നടത്തും. അതുവരെ നീ ക്ഷമിച്ചേ പറ്റു. നാളെ രാവിലെ തന്നെ ഞങ്ങള് എറണാകുളത്തിന് പോകും. കേട്ടടത്തോളം നല്ല വീട്ടുകാരാ. പെൺകുട്ടിക്ക് നല്ല വിദ്യാഭ്യാസവും ഉണ്ട്. പോരാത്തതിന് നാട്ടിൽ തന്നെ നല്ല ഒരു ജോലിയും. ഈ കാലത്ത് ഒരു എഞ്ചിനീയർ പെണ്ണിനെ കല്യാണം കഴിക്കാൻ കിട്ടുന്നത് തന്നെ അവന്റെ ഭാഗ്യമാണ്. അവന്റെ വാക്കുകൾ അവളെ മുറിപ്പെടുത്തി. അതെന്താ ഏട്ടാ അങ്ങനെ പറഞ്ഞെ. എഞ്ചിനീയർ അല്ലെന്നെ ഉള്ളു. എനിക്കും നല്ല വിദ്യാഭ്യാസമില്ലേ! ബിലിവേഴ്സിലെ നഴ്സ് ജോലി എന്താ അത്ര മോശമാണോ? അശ്വതി അവളെ തന്നെ താരതമ്യം ചെയ്തു. എന്റെ പൊന്നു പെണ്ണെ നിനക്ക് ഇത് എന്തിന്റെ സൂക്കേടാണ്? എടീ വെറുമൊരു ഡിപ്ലോമക്കാരനായ ശ്രീജിത്തിന് എഞ്ചിനീയറായ ഒരു പെൺകുട്ടിയെ കിട്ടുന്നത് ഭാഗ്യം ആണെന്നാണ് ഞാൻ പറഞ്ഞത്. നീ വെറുതെ മനുഷ്യനെ ചൊറിയാൻ നിന്നാൽ സന്ധ്യക്ക് തൊഴുത്തിലേക്കുള്ള ഈ വരവ് ഞാൻ അങ്ങട് നിർത്തുവെ! അവൻ അവളോട് ദേഷ്യപ്പെട്ടു. എന്താ കുട്ടിയുടെ പേര്? അവൾ കണ്ണുനീര് തുടച്ചുകൊണ്ട് ചോദിച്ചു. അനുഗ്രഹ....., നല്ല കുട്ടിയാണ്. കാണാൻ നല്ല ഐശ്വര്യമുള്ള ഒരു കൊച്ച്. വീട്ടിലെ മൂത്ത കുട്ടിയാണ്. അവൾക് താഴെ ഒരു അനിയത്തി ഉണ്ട്. ഒരു വയസ്സിന് ഇളപ്പം.  പേര് അഞ്ചു. അമ്മയ്ക്ക് ജോലി ഒന്നുമില്ല. അച്ഛന് ഗവണ്മെന്റ് ജോലിയാണ്. റിട്ടയർ ആവാൻ ഇനി കുറച്ച് കാലം കൂടിയേ ഉള്ളു. പിന്നെ ഇളയവളും എഞ്ചിനീയറിങ്‌ കഴിഞ്ഞതാണ്. രണ്ടു പേരും ഒരുമിച്ച് ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നു. നാല് കൊല്ലം ജോലി ചെയ്ത് ഉണ്ടാക്കിയ കാശുണ്ട് രണ്ട് പിള്ളേരുടെയും പേരിൽ. ജീവിക്കാൻ പഠിച്ച പിള്ളേരാണ്. അവൻ അവരെ പുകഴ്ത്തി പറഞ്ഞു. നഴ്സിംഗ് കഴിഞ്ഞ് ജോലിക്ക് കേറിയെങ്കിലും തുച്ഛമായ ശമ്പളമാണ് കിട്ടുന്നത്. അച്ഛൻ മരിച്ചതിൽ പിന്നെ വീട്ടുചിലവിന് പോലും അവളുടെ ശബളം തികയുന്നില്ല. എന്നിട്ടും ആ ജോലി വിടാൻ അവൾക്ക് തോന്നിയില്ല. ഇതാവുമ്പോൾ വീട്ടിൽ നിന്ന് പോയിവരാനുള്ള ദൂരമേയുള്ളൂ. അമ്മ വീട്ടിൽ തനിച്ചാണ്. അനിയത്തി ഉണ്ടായിരുന്നെങ്കിൽ പുറത്ത് ഏതേലും രാജ്യത്ത് ജോലി നോക്കാമായിരുന്നു. സേവിങ്സ് എന്ന് പറയാൻ 22000 രൂപയുണ്ട്. അതുകൊണ്ട് ഒരുപവന്റെ ഒരു ചെയിൻ പോലും മേടിച്ച് ആ കയ്യിൽ ഇടാൻ അവൾക്ക് ഗതിയില്ല. അവൾക്ക് അവളുടെ അവസ്ഥയോർത്ത് സങ്കടം തോന്നി. ഞാൻ പോകുവാ സേതു ഏട്ടാ. വിളക്ക് വയ്ക്കാറായി. അമ്മ തിരക്കും. കൂടുതൽ ഒന്നും ചോദിക്കാതെ അവൾ അവിടെ നിന്നും വീട്ടിലേക്ക് പോയി. സേതുവിന്റെ ഉള്ളിലും ചിന്തകൾ കലങ്ങി മറിയുകയാണ്. അമ്മയുടെ ഉദ്ദേശങ്ങൾ വ്യക്തമല്ല. എന്നാലും അശ്വതിയെ ഒഴിവാക്കാനാണ് അമ്മ ശ്രമിക്കുന്നത് എന്ന് വ്യക്തമാണ്. എങ്ങനെയെങ്കിലും ദുബായിലേക്കുള്ള വിസ ശരിയാക്കി അടുത്ത വരവിൽ അവളെയും കൊണ്ടുപോകണം. ഇപ്പോൾ പറഞ്ഞാൽ ശരിയാവില്ല. അമ്മ ഒറ്റയ്ക്കാണ് എന്ന് പറഞ്ഞ്  അവൾ അതിൽ നിന്ന് ഒഴിയും. അവൻ ചിന്തകളാൽ വരിഞ്ഞു മുറുകി. പിറ്റേന്ന് കാലത്ത് തന്നെ എല്ലാവരും കുളിച് ഒരുങ്ങി എറണാകുളത്തേക്ക് പുറപ്പെട്ടു. സേതു ആണ് ഡ്രൈവ് ചെയ്യുന്നത്. ശ്രീജിത്തും മുന്നിൽ തന്നെ ഇരുപ്പ് ഉറപ്പിച്ചു. അച്ഛനും അമ്മയും പിൻ സീറ്റിൽ ഇടം പിടിച്ചു. അവിടെ ചെന്ന ഉടനെ കണ്ടതെല്ലാം വലിച്ച് വാരി തിന്നരുത്. പിന്നെ പെണ്ണിന് വല്ല വിക്കോ ചട്ടോ ഉണ്ടോന്ന് കൃത്യമായി നോക്കിക്കോളണം. ഒടുക്കം അമ്മ കണ്ടുപിടിച്ചതല്ലേ എന്ന് പറഞ്ഞ് എന്റെ മെക്കിട്ട് കേറാൻ വരരുത്. പുറകിലെ സീറ്റിൽ ഇരുന്ന് അവർ ഇളയ മകനെ ഉപദേശിച്ചു. അമ്മ ഏട്ടനോട് മറ്റേ കാര്യം പറഞ്ഞോ! മുഖത്ത് പൊടിഞ്ഞ വിയർപ്പ് കണങ്ങളെ വെളുത്ത തൂവാല കൊണ്ടവൻ തുടച്ചു നീക്കി. അനിയന്റെ പതർച്ച ശ്രദ്ധിച്ച സേതു അവനെ ഇടം കണ്ണിട്ട് നോക്കി. ആ ഞാൻ അത് പറയാൻ മറന്നു. അവർ നിന്നോട് കല്യാണം കഴിക്കാത്തത് എന്താന്ന് ചോദിച്ചാൽ അസുഗം മാറിയിട്ട് കല്യാണം നോക്കുന്നുള്ളൂ എന്ന് പറഞ്ഞാൽ മതി. വെറുതെ അശ്വതിയുടെ കാര്യം എഴുന്നൊള്ളിക്കാൻ നിൽക്കണ്ട. യാതൊരു ഭാവ വത്യാസവും ഇല്ലാതെയാണ് ശാരദ അത് പറഞ്ഞത്. അസുഖമോ? പെട്ടന്ന് ഉണ്ടായ ഞെട്ടലിൽ അവനാ കാർ സഡൻ ബ്രേക്കിട്ട് നിർത്തി. അത് ഏട്ടാ...ഏട്ടന്റെ ഹാർട്ടിന് ചെറിയ ഒരു തുളയുള്ളത് കൊണ്ട് ഏട്ടനിപ്പോ കല്യാണം വേണ്ട എന്ന് വച്ചിരിക്കുകയാണെന്ന് ആണ് അമ്മ അവരോട് പറഞ്ഞിരിക്കുന്നത്. ഒരു സർജറിയുണ്ട് അത് കഴിഞ്ഞിട്ട് ശരിയായാൽ മാത്രേ ഏട്ടൻ കല്യാണം കഴിക്കൂ എന്ന് അമ്മ അവരോട് പറഞ്ഞു പോയി. ഏട്ടനായിട്ട് അത് തിരുത്താൻ നിൽക്കണ്ട. തുടക്കത്തിലേ കള്ളം പറഞ്ഞു എന്നായാൽ പിന്നെ ഈ ബന്ധം നടക്കില്ല. അനിയൻ അവന്റെ ആശങ്ക അറിയിച്ചു. സേതുവിന് വിശ്വസിക്കാനായില്ല. സ്വന്തം മകനെ കുറിച്ച് ഇങ്ങനെ ഒരു കള്ളം പറയാൻ അമ്മയ്ക്ക് എങ്ങനെ മനസ്സ് തോന്നി. അവന്റെ ഉള്ളം കാളി.  വേദനയോടെ അവൻ പിൻസീറ്റിലേക്ക് തിരിഞ്ഞു നോക്കി. നീ എന്നെ നോക്കി പേടിപ്പിക്കണ്ട. ഇത് നടക്കും എന്ന് ഓർത്തല്ല അവരെ ഞാൻ വിളിച്ചത്. ആദ്യം പറഞ്ഞത് മാറ്റി പറയാനൊന്നും എനിക്ക് വയ്യ. അവിടെ ചെല്ലുമ്പോൾ അവര് നിന്റെ ഹൃദയം തുറന്ന് നോക്കാനൊന്നും പോകുന്നില്ലല്ലോ. അനിയന് ഒരു നല്ല കാലം വരുമ്പോൾ ഈഗോ മാറ്റി കൂടെ നിൽക്കാൻ നോക്ക്. അവരുടെ ഭാഗത്ത് തെറ്റില്ല എന്ന് സ്ഥാപിക്കാൻ അവർ ശ്രമിച്ചു. മറുപടി എന്ത് നൽകണം എന്ന് അവന് അറിയില്ലായിരുന്നു. വേദനയോടെ അവൻ വണ്ടി മുന്നോട്ട് എടുത്തു. പത്തു മണിയോടെ വണ്ടി ഒരു വാർക്കൽ കെട്ടിടത്തിന്റെ മുന്നിലെ ഗേറ്റിന് വെളിയിൽ ചെന്ന് നിന്നു. ഇതാണോ വീട്? ശ്രീജിത്ത്‌ അമ്മയെ ആശങ്കയോടെ നോക്കി. ഏയ് ഇതാവില്ല. ഇത് തീരെ ചെറുതല്ലെ? ആ കാണുന്നതാവും. അടുത്തുള്ള മാളിക നോക്കി അവർ വിരൽ ചൂണ്ടി. പെട്ടന്ന് അനുഗ്രഹയുടെ അച്ഛനും അമ്മാവനും, ഒരു ചെറിയ കുട്ടിയും ഓടി വന്ന് ഗേറ്റ് തുറന്നു. വരണം വരണം. ഞങ്ങൾ കാത്തിരിക്കുവായിരുന്നു. പട്ടി ശല്യം ഇവിടെ ഇത്തിരി കൂടുതലാണെ. അതാണ് ഗേറ്റ് അടച്ചിട്ടത്. അവർ അവരെ അകത്തേക്ക് ക്ഷണിച്ചു. സേതു അകത്തേക്ക് വണ്ടി കയറ്റിയിടാനായി വണ്ടി തിരിച്ചു. വേണ്ട വേണ്ട വണ്ടി അകത്തേക്ക് ഇടേണ്ട. അശോകൻ അവനെ തടഞ്ഞു. കാർ പുറത്ത് തന്നെ ഇട്ടാൽ മതി മോനെ, അകത്തേക്ക് കയറ്റിയാൽ പിന്നെ ഇറക്കാൻ പാടാണ്. നിങ്ങടെ അവിടുത്തെ പോലെ ഉറപ്പുള്ള മണ്ണല്ല. കുഴമണ്ണാ...... അയാൾ അവനെ തടഞ്ഞു. സേതു ഇറങ്ങാൻ അവർ കാത്തുനിന്നില്ല. ശ്രീജിത്തും അമ്മയും കൂടി അകത്തേക്ക് കയറി. അച്ഛനെപ്പോഴും അമ്മയുടെ വാലെ ചുറ്റി മാത്രമേ നടക്കൂ. മുന്നേ പോയാൽ അമ്മ ആളുണ്ടെന്ന് ഓർക്കാതെ എന്തെങ്കിലും വിളിച്ചുപറയും. അതുകൊണ്ടിനി കല്യാണം മുടങ്ങണ്ടെന്ന് ഓർത്താവും. പാവം അതിനും കാണില്ലേ ജീവിക്കാൻ കൊതി. സേതു റോഡിന്റെ ഓരത്ത് കാറ് പാർക്ക്‌ ചെയ്തിറങ്ങി. ഒരു വെളുത്ത ജുബ്ബയും  കറുപ്പും സ്വർണ്ണവും ഇടകലർന്ന കരയോട് കൂടിയ ഒരു മുണ്ടുമായിരുന്നു അവന്റെ വേഷം. മൂത്തവനെ കാണാനാണ് ഭംഗി. ഇളയവന് കുറെ നിറമുണ്ടെന്നേ ഉള്ളു. പൗരുഷവും ഗാംഭീര്യവുമെല്ലാം മൂത്തവന് തന്നെയാണ്. അടുക്കളയുടെ ജനലിലൂടെ ഗിരിജ എത്തിനോക്കി. എനിക്ക് ഇളയവനെ മതി. അനുഗ്രഹ അമ്മയെ നോക്കി ഒന്നുകൂടെ ഉറപ്പിച്ചു പറഞ്ഞു. ഇണക്കമുള്ള ഒരു ചുരിദാറായിരുന്നു അവളുടെ വേഷം. കുറച്ചു തടിയുണ്ടെങ്കിലും കാണാൻ അതീവ സുന്ദരിയാണ്. മുഖത്തവിടെ ഇവിടെയായി കുറച്ചു മുഖക്കുരുവുണ്ട്. പൊക്കവും ഒരുപാടില്ല. പൊക്കത്തിന്റെ പേരിൽ ഈ കല്യാണം മുടങ്ങുമോ എന്ന ഭയം ഗിരിജക്ക് നന്നായി ഉണ്ട്. അവർ ധൃതിയിൽ ചായ എല്ലാം എടുത്ത് ട്രെയിൽ വച്ചു. അഞ്ചുവേ, അമ്മ അവരുടെ അടുത്തേക്ക് ചെല്ലട്ടെ. നീയും ചേച്ചിയും ഇവിടെ തന്നെ ഇരുന്നാൽ മതി. ലഡ്ഡു ഇപ്പൊ പ്ലേറ്റിൽ വയ്ക്കണ്ട. ഇവിടെ മൊത്തം ഈച്ചയാവും. ചേച്ചീടെ കയ്യിൽ ചായ കൊടുത്ത് ആദ്യം വിടണം. മോൾ പിന്നാലെ വന്നാൽ മതി. പിന്നെ അവര് മോളോട് കല്യാണകാര്യം വല്ലതും ചോദിച്ചാൽ ചേച്ചിയുടെ കഴിഞ്ഞിട്ടേയുള്ളൂ. എല്ലാം ഉറപ്പിച്ചിരിക്കുവാ എന്ന് വേണം പറയാൻ. അഞ്ജുവിന് ഇതുവരെ കല്യാണം ആലോചിച്ചു പോലും തുടങ്ങിയിട്ടില്ല. പിന്നെ എന്തിനാണ് അമ്മ അങ്ങനെ ഒരു കള്ളം പറയാൻ പറഞ്ഞതെന്ന് അവൾക്ക് മനസിലായില്ല. വരണം വരണം. കയറി ഇരിക്കണം. ഗിരിജ അവരെ അകത്തേക്ക് സ്വീകരിച്ചു. പോളിഷ് ചെയ്ത് മിനുക്കിയ ഷൂവിൽ നിന്ന് സോക്സിട്ട് മൂടിയ കാല് പുറത്തെടുത്ത് അവൻ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു. ഓ സോക്സ് ഊരണ്ട മോനെ! മോൻ ഇങ് കേറിവാ........ തേച്ചു മിനുക്കിയ ഷർട്ടും പാന്റുമിട്ട് ചെത്തിവന്ന ചെറുക്കനെക്കാൾ എല്ലാവരും ശ്രദ്ധിക്കുന്നത് ചേട്ടനെയാണെന്ന് ശ്രീജിത്ത്‌ മനസ്സിലാക്കി. എല്ലാവരും വിരുന്ന് മുറിയിലിരുന്ന് പരസ്പരം പരിചയപ്പെടുവാൻ തുടങ്ങി. കാര്യങ്ങളൊക്കെ ഞങ്ങൾ പറഞ്ഞതാണെങ്കിലും ഒരു ചടങ്ങാകുമ്പോൾ അത് അതിന്റെ മുറയ്ക്ക് പോട്ടെ അല്ലെ ഗിരീജേ. ഞാൻ ശാരദ, ഇതെന്റെ ഭർത്താവ് സുകുമാരൻ നായർ. ഞങ്ങൾക്ക് രണ്ട് മക്കളാണ്. മൂത്തവൻ സേതുമാധവൻ ഇളയവൻ ശ്രീജിത്ത് മാധവൻ. രണ്ടുപേരും പുറത്താണ് ജോലി ചെയ്യുന്നത്. മൂത്തയാളെ നിർത്തിക്കൊണ്ട് ഇളയവനെ കല്യാണം കഴിപ്പിക്കുന്നതിൽ ഞങ്ങൾക്ക് താല്പര്യമുണ്ടായിട്ടല്ല, എന്ത് ചെയ്യാനാ ഇവന്റെ അവസ്ഥ അങ്ങനെയായി പോയതുകൊണ്ട് ആദ്യം ഇളയവന്റെ നടക്കട്ടെ എന്നോർത്തു. ഞങ്ങൾ തിരുവല്ലാക്കാരായതുകൊണ്ട് വീട്ടിലേക്ക് വേണ്ട പച്ചക്കറിയും  മീനും കിഴങ്ങുമെല്ലാം ഞങ്ങൾ തന്നെ ഉണ്ടാക്കുന്നുണ്ട്. ഇദ്ദേഹം റിട്ടയറായെങ്കിലും ഞങ്ങൾക്ക് രണ്ടുപേർക്കും കഴിയാൻ ഉള്ളത് ഇപ്പോഴും ഇദ്ദേഹത്തിന് മാസമാസം പെൻഷനായി കിട്ടുന്നുണ്ട്. പിന്നെ വീടിനോട് ചേർന്ന് തന്നെ ഞങ്ങൾക്ക് ഒരു പൊടിമില്ലുമുണ്ട്. എല്ലാം കൂടി ചേർത്ത് പിള്ളേരുടെ വരുമാനം അല്ലാതെ ഞങ്ങൾക്കു മാത്രം 30,000 രൂപയെങ്കിലും എല്ലാമാസവും കിട്ടും. അല്ല പറയുമ്പോൾ എല്ലാം പറയണമല്ലോ ഇവര് ജോലി ചെയ്യാൻ തുടങ്ങിയിട്ട് മൂന്നുനാല് വർഷമായെങ്കിലും അഞ്ചിന്റെ പൈസ ഇതുവരെ ഞങ്ങൾ ഇവരോട് മേടിച്ചിട്ടില്ല. ഇനിയിട്ട് മേടിക്കത്തുമില്ല. ഞങ്ങൾക്കുള്ളതെല്ലാം ഇവർക്ക് രണ്ടുപേർക്കും കൂടെയുള്ളതാ.പിന്നെ വീട്...... അത് ഇളയവനാണ്. മൂത്തവനും അതിനെതിർപ്പില്ല. ശാരദ പറഞ്ഞു നിർത്തിയതും, അശോകനും ഗിരിജയും പൊട്ടി ചിരിച്ചു. ഞങ്ങൾക്ക് അതിന് സ്വത്തും പണവും എത്രയുണ്ടെന്ന് അറിയണ്ട ശാരദേ. പണ്ടത്തെ കാലമല്ലല്ലോ! ഇപ്പോഴത്തെ പിള്ളേർക്ക് അവരെ മനസ്സിലാക്കുന്ന ഒരു നല്ല ചെറുക്കനെ മതിയെന്നെ. പിന്നെ എല്ലാം അന്വേഷിക്കാതെ നമുക്ക് നമ്മുടെ കൊച്ചിനെ അങ്ങനെ കൊടുത്തുവിടാൻ പറ്റില്ലാലോ? വാർത്തയൊക്കെ ശാരദയും കാണുന്നതല്ലേ! എത്രയെത്ര പെങ്കൊച്ചുങ്ങളാ ഓരോ ദിവസം തൂങ്ങിചാവുന്നത്. കൊല്ലാൻ കൊടുക്കാൻ ഞങ്ങടെ വീട്ടിൽ കൊച്ചുങ്ങളൊന്നുമില്ല. അതാകേട്ടോ ഫോൺ വിളിച്ചപ്പോൾ ഓരോന്ന് ചോദിച്ചത്. അവിടെ ഒരു കൂട്ടച്ചിരി മുഴുങ്ങി. എന്നാൽ പിന്നെ ചായ എടുക്കാൻ പറയട്ടെ.... അമ്മാവൻ നേതൃത്വം വഹിച്ചു. അനുഗ്രഹ ചായയുമായി മുന്നിലും അനിയത്തി പലഹാരവുമായി പിന്നിലും എത്തി. സേതു ആരെയും ഗൗനിക്കാതെ ഫോണിൽ തന്നെ തപസ്സിരിക്കുകയാണ്. പെണ്ണ് വന്നിട്ടും എത്തി നോക്കാതെ ഫോണിൽ തന്നെ നോക്കിയിരിക്കുന്ന സേതുവിനെ സുകുമാരനൊന്ന് തറപ്പിച്ചു നോക്കി. അവൻ ഫോൺ മാറ്റി പെൺകുട്ടിയെയും അനിയനെയും മാറി മാറി നോക്കി. അനു ഓരോരുത്തർക്കായി ചായ കൊടുത്തു. ശ്രീജിത്തിന് അമ്മയുടെന്തോ പറയാനുണ്ട്. ചായ ഇഷ്ടമായോ? ഗിരിജ അവരോട് ചോദിച്ചു. പിന്നെ ഇഷ്ടപ്പെടാതെ, നല്ല ചായ. ഏലക്കാ ഇട്ടിട്ടുണ്ടല്ലേ! ഇവന് ഏലയ്ക്കാചായ ഭയങ്കര ഇഷ്ടാണ്. അവന്റെ ഭാഗ്യം...... ശാരദ അവനെ നോക്കി ചിരിച്ചു. ശ്രീജിത്തിന്റെ നോട്ടം ഇളയവളിലേക്ക് ആണെന്ന് കണ്ടതും ശാരധ ഒന്ന് ഞെട്ടി. എടാ.....മതിയെടാ നോക്കി വെള്ളം ഇറക്കിയത്. അഞ്ജുവല്ല. അനുവിനെ കാണാനാ നീ വന്നത്. അമ്മ രഹസ്യമായി താക്കീത് നൽകി. എന്താ അമ്മയും മകനും കൂടി ഒരു രഹസ്യം പറച്ചിൽ. ഗിരിജ ഇടയ്ക്ക് കയറിയെങ്കിലും ശാരദ അത് സമർത്ഥമായി കൈകാര്യംചെയ്തു. അത് ഇവന് അനുമോളോട് ഒന്ന് സംസാരിക്കണമെന്ന്. പണ്ടത്തെ കാലമല്ലല്ലോ പിള്ളേർക്ക് പരസ്പരം അറിയാൻ നമ്മളായിട്ട് ഒരു അവസരം കൊടുക്കണ്ടേ! ഇടയ്ക്കിടെ യുള്ള പണ്ടത്തെ കാലമല്ലല്ലോ കേട്ട് മടുത്തിട്ടാവും സേതു ഇറങ്ങി വെളിയിലേക്ക് പോയി. എനിക്ക് ഒരു കാൾ ഉണ്ട്. നിങ്ങൾ സംസാരിച്ചിരിക്ക്. ഞാൻ പുറത്തേക്ക് നിൽക്കാം. സേതു വെളിയിലേക്കും, അനുഗ്രഹയും ശ്രീജിത്തും അകത്തെ മുറിയിലേക്കും മാറി നിന്നു. അല്ല ഞാൻ ചോദിക്കണം എന്ന് കരുതിയതാ. സേതു എന്താ വന്നപ്പോൾ മുതൽ ആരോടും മിണ്ടാതെ ഒരു മൂലയ്ക്ക് ഇരിക്കുന്നത്!  എന്തെങ്കിലും പ്രശ്നം ഉണ്ടോ? ഞങ്ങളോടൊട് പറയാൻ പറ്റുന്നതാണേൽ പറഞ്ഞാ മതി കേട്ടോ! നിർബന്ധമൊന്നുമില്ല. ഗിരിജയുടെ ചോദ്യത്തിൽ ശാരദ ഒന്ന് പതുങ്ങി. അത് അവന് വിഷമം കാണും. അവനെ നിർത്തി അനിയന്റെ കെട്ട് നടത്തുമ്പോൾ ആർക്കായാലും വിഷമം ഉണ്ടാവില്ലേ! അല്ലാതെ ഒന്നുമില്ല. അനുവിന്റെ അമ്മ അത് കാര്യമാക്കണ്ട. ശാരദ ഗിരിജയെ ആശ്വസിപ്പിച്ചു. ഹാർട്ടിന്റെ ഓപ്പറേഷൻ എപ്പോഴാ എന്നാ പറഞ്ഞത്. ഞാൻ അത് മറന്ന് പോയി. ഗിരിജ വീണ്ടും ചോദ്യം തുടർന്നു. അത് പയ്യെ ഉള്ളു. ഇപ്പൊ മരുന്ന് എടുക്കുന്നുണ്ട്. തനിയെ അടഞ്ഞില്ലേ സർജറി വേണം. എടീ പിടീന്ന് നടത്താൻ പറ്റില്ലാലോ! അവർ വിഷമം നടിച്ച് ഉത്തരം നൽകി. അല്ല ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്. ഓപ്പറേഷൻ എന്ന് പറയുമ്പോൾ റിസ്ക് ഉള്ള പരിപാടിയാണോ? ചെറുക്കന് എന്തേലും പറ്റാൻ സാധ്യതയുണ്ടോ! അതാണോ നിങ്ങള് മുപ്പത്തി രണ്ടായിട്ടും കല്യാണം വേണ്ടെന്ന് വച്ചിരിക്കുന്നത്. മുപ്പത് കഴിഞ്ഞാൽ ആണുങ്ങൾക്ക് പെണ്ണ് കിട്ടില്ല കേട്ടോ. അല്ല ഇനി അങ്ങനെ എന്തേലും ഉണ്ടേൽ ഞങ്ങളോട് പറയാൻ മടിയൊന്നും വേണ്ട. ഗിരിജ ചോദിച്ചത് തന്റെ മൂത്ത കുഞ്ഞിന്റെ ജീവന് ആപത്തുണ്ടോ എന്ന് ആണെന്ന് വ്യക്തമായി ശാരദയ്ക്ക് മനസിലായി. ഇല്ലെന്ന് പറഞ്ഞാൽ ഇവർക്ക് സംശയം കാരണം കെട്ട് നടക്കാതെ ഇരിക്കുവോ എന്ന് പേടിച്ചിട്ട് ഉണ്ടെന്ന് അവർ കള്ളം പറഞ്ഞു. രക്ഷപെടാനുള്ള സാധ്യത കുറവാണെന്നാ ഡോക്ടറന്മാർ പറഞ്ഞത്. അറിഞ്ഞുകൊണ്ട് ഒരു പെണ്ണിനെ ചതിക്കാൻ കൂട്ടുനിൽക്കാൻ അവനാവില്ല എന്ന് പറഞ്ഞു അവനായിട്ട് വേണ്ടെന്ന് വയ്ക്കുന്നതാ. നിങ്ങൾ ഇതൊന്നും അവനോട് ചോദിക്കല്ലേ! അവന് വിഷമമാകും. അകത്ത് അനുവും ശ്രീജിത്തും കല്യാണം ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ ഇത്രേം നേരമൊന്നും അവൻ സംസാരിക്കില്ല. എന്റെ മോനെ എനിക്കറിയില്ലേ! അപ്പൊ ഈ കല്യാണം അങ്ങ് ഉറപ്പിച്ചു. എല്ലാവർക്കും പരസ്പരം സന്തോഷമായി. കല്യാണം വാക്കാൽ ഉറപ്പിക്കുമ്പോൾ അനുവും ശ്രീജിത്തും സ്വീകരണ മുറിയിലേക്ക് കടന്നു വന്നു. തുടരും ❤️ --------------------------------------------------- #📔 കഥ #kadhakal #😎 Thursday Attitude Status #💞 നിനക്കായ് #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ