ഒരിടത്തൊരിടത്ത്, നിറയെ താമര പൂക്കൾ വിരിഞ്ഞുനിൽക്കുന്ന ഒരു കുളത്തിന് അടുത്തുള്ള കൊച്ചുവീട്ടിൽ അമ്മിണിക്കുട്ടി എന്നൊരു മിടുമിടുക്കി താമസിച്ചിരുന്നു. അവൾക്ക് അമ്മയെ വലിയ ഇഷ്ടമായിരുന്നു. അമ്മിണിക്കുട്ടി കളിക്കുമ്പോഴും പഠിക്കുമ്പോഴുമെല്ലാം അമ്മ കൂടെയുണ്ടാകും.
ഒരു ദിവസം അമ്മിണിക്കുട്ടി പറഞ്ഞു, "അമ്മേ, താമര പൂക്കൾക്ക് അമ്മയുടെ നിറമാണ്. അതൊരു പ്രത്യേക നിറമാണ്."
അമ്മ ചിരിച്ചുകൊണ്ട് അവളെ ചേർത്തുപിടിച്ചു. "മോൾക്ക് താമര പൂക്കൾ വേണോ?" അമ്മ ചോദിച്ചു. "വേണം, ഒരുപാട് വേണം," അവൾ സന്തോഷത്തോടെ പറഞ്ഞു. അന്ന് വൈകുന്നേരം അമ്മ കുളത്തിലേക്ക് ഇറങ്ങി, അവൾക്കായി താമരപൂക്കൾ പറിച്ചു. കുളത്തിൽ നിറയെ ചെളിയുണ്ടായിരുന്നു. അമ്മയുടെ കൈയ്യിലും കാലിലുമെല്ലാം ചെളി പുരണ്ടു. എന്നിട്ടും അമ്മ നിറയെ ആ താമര പൂക്കളുമായി ചിരിച്ചുകൊണ്ട് കയറി വന്നു. അമ്മിണിക്കുട്ടിക്ക് അത് കണ്ടപ്പോൾ സന്തോഷമായി.
അങ്ങനെയിരിക്കെ ഒരു ദിവസം അമ്മയ്ക്ക് പനി പിടിച്ചു. എത്ര മരുന്ന് കഴിച്ചിട്ടും പനി മാറിയില്ല. അമ്മിണിക്കുട്ടിക്ക് സങ്കടമായി.
"മോൾ പേടിക്കണ്ട, അമ്മയ്ക്ക് കുഴപ്പമൊന്നുമില്ല
അസുഖമൊക്കെ വേഗം മാറും ട്ടോ" അമ്മ അവളെ ആശ്വസിപ്പിച്ചു.
അങ്ങനെയിരിക്കെ ഒരു രാത്രി, അമ്മയ്ക്ക് തീരെ വയ്യാതായി. അമ്മിണിക്കുട്ടി കരഞ്ഞു. അമ്മ പതിയെ അവളുടെ കൈയ്യിൽ മുറുകെ പിടിച്ചു. "മോളേ, ഈ ലോകത്ത് ഏറ്റവും വലിയ ശക്തി അമ്മയുടെ സ്നേഹമാണ്. അത് നിന്നെ എപ്പോഴും സംരക്ഷിക്കും. പേടിക്കേണ്ട," അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
അപ്പോഴാണ് അമ്മിണിക്കുട്ടിക്ക് അമ്മയെ സഹായിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയത്. അമ്മയ്ക്ക് മരുന്ന് വാങ്ങാൻ അവൾ പുറത്തേക്ക് ഓടി. ഇരുട്ടായിരുന്നു. വഴിയിൽ നിറയെ ചെളിയുണ്ടായിരുന്നു. അവൾക്ക് പേടിയുണ്ടായിരുന്നു, പക്ഷേ അമ്മയ്ക്ക് വേണ്ടി അവൾ ധൈര്യശാലിയായി.
അവൾ ഓടിച്ചെന്ന് മരുന്ന് വാങ്ങി. വീട്ടിലേക്ക് തിരിച്ച് ഓടുമ്പോൾ അവളുടെ കാൽ വഴുതി. അവൾ ചെളിയിൽ വീണു. മരുന്ന് താഴെ പോയി. അവൾക്ക് സങ്കടമായി. അപ്പോഴാണ് അവൾക്ക് അമ്മയുടെ വാക്കുകൾ ഓർമ്മവന്നത്. അമ്മയുടെ സ്നേഹം തന്നെ സംരക്ഷിക്കുമെന്ന്.
അവൾ വീണ്ടും ധൈര്യത്തോടെ എഴുന്നേറ്റു, മരുന്ന് പൊതിയെടുത്തു. വീടെത്തിയപ്പോൾ അമ്മ കണ്ണു തുറന്ന് കിടപ്പുണ്ടായിരുന്നു. അമ്മിണിക്കുട്ടി അമ്മയ്ക്ക് മരുന്ന് കൊടുത്തു. പതിയെ അമ്മയുടെ പനി കുറഞ്ഞു.
പിറ്റേന്ന് രാവിലെ, അമ്മിണിക്കുട്ടി എഴുന്നേറ്റു നോക്കുമ്പോൾ അമ്മ അവൾക്കായി താമര പൂക്കൾ പറിച്ചിരിക്കുന്നു! "മോൾടെ ധൈര്യമാണ് അമ്മയെ രക്ഷിച്ചത്," അമ്മ പറഞ്ഞു. അമ്മിണിക്കുട്ടിയുടെ കണ്ണു നിറഞ്ഞു. അവൾ അമ്മയെ കെട്ടിപ്പിടിച്ചു.
അന്ന് അവൾക്ക് മനസ്സിലായി,
അമ്മയുടെ സ്നേഹം , അത് അവളെ എപ്പോഴും സംരക്ഷിക്കുകയും ശക്തി നൽകുകയും ചെയ്യുമെന്ന്...
കഥ ഇഷ്ടായാൽ ഒരു 👍 തരണേ....
Soubanath
Edathanattukara
#വായന മുറി #📚 വായന മുറി ✔️