നല്ലൊരു ഉറക്കത്തിൽ നിന്നു ഞാൻ പെട്ടെന്ന് ഞെട്ടി ഉണർന്നു...
ചുറ്റും ഇരുട്ടാണ് ഒന്നും കാണാൻ കഴിയുന്നില്ല. എഴുന്നേറ്റ് ഇരുന്നപ്പോൾ തലയിൽ വല്ലാത്ത ഭാരം തോന്നി തൊട്ട് നോക്കുമ്പോൾ എന്റെ മുടിയെ മറക്കും വിധം ആരോ കനകാംമ്പരവും മുല്ലയും കോർത്തു മാലകെട്ടി എന്റെ മുടിയെ ചൂടിച്ചിട്ടുണ്ട്.... ആരാവും അത്?
ഞാൻ കണ്ണൊന്നു ഇറുക്കിയടച്ചു തുറന്നു. ഇപ്പൊൾ എനിക്ക് മുമ്പിൽ നിലത്തു ഒരു മണ്ണെണ്ണ വിളക്ക് എരിയുന്നുണ്ട്. കൈകൊണ്ട് കണ്ണു തിരുമിയപ്പോൾ കണ്മഷി എന്റെ കയ്യിലേയ്ക്ക് പടർന്നു.
എനിക്ക് ചിരിവന്നു..., പൂക്കളും കരിമഷിയും ഞാൻ എന്നോ ഉപേക്ഷിച്ചതാണ് ഇതൊക്കെ ഇപ്പോൾ ആരാ ഓർത്തെടുത്ത്...?
പുൽപായയിൽ നിന്നെഴുന്നേറ്റു ചാണകം മെഴുകിയ തറയിൽ ചവിട്ടുമ്പോൾ സുഖമുള്ളൊരു തണുപ്പ് എന്റെ കാൽ വിരലുകളിൽ പറ്റിച്ചേർന്നു. മനസ്സ് കുളിരും പോലെ... ഞാൻ സാരിയുടെ മുന്താണി പുറത്തൂടെ മറച്ചു പിടിച്ചു കൊണ്ട് ഭിത്തിയുടെ ഓരം ചേർന്നു നിന്നു....
മണ്ണുകൊണ്ടുള്ള ഭിത്തി... അതിന്റെ മണം...തണുപ്പ്...
എന്റെ കാലുകളെ മുട്ടിയുരുമി ഒരു കുഞ്ഞു പൂച്ച കുട്ടി വന്നു നിന്നപ്പോൾ കണ്ണു തുറന്നു ഞാൻ അതിനെ നോക്കി....
കൈനീട്ടി എടുക്കുമ്പോൾ അത് കരഞ്ഞു...നെഞ്ചോടു ചേർത്തു തലയിൽ തഴുകുമ്പോൾ അതെന്റെ മുഖത്തേക്ക് നോക്കി, ഞാൻ ചിരിച്ചപ്പോൾ സംശയത്തോടെ അതെന്റെ നെഞ്ചിലൂടെ കയറി മുഖത്തിനടുത്തു വന്നു നോക്കി.
അപ്പോഴാണ് ഞാൻ കരയുകയാണെന്ന് എനിക്ക് മനസ്സിലായത്... മനസ്സ് നിറഞ്ഞത് പോലെ, അതിനോട് ഒന്നുമില്ലെന്ന് പറഞ്ഞു കണ്ണുനീരൊപ്പും നേരം അതെന്റെ കൈയിൽ നിന്ന് ചാടി ജനാല വഴി പുറത്തേക്ക് പോയി...
ഞാൻ ആ ജനലൊരം ചെന്ന് നോക്കി. രണ്ടു വശങ്ങളിലായി നിറയെ മാങ്കനി ചൂടി നിൽക്കുന്ന രണ്ടു മാവുകളുള്ള കുന്നിൻ ചരിവും മിന്നാമിനുങ്ങുകൾ പതിയിരിക്കുന്ന കനകാംമ്പര കാടുള്ള ഒരു താഴ്‌വാരവും നിലാവിന്റെ നേർത്ത വെളിച്ചത്തിൽ ഞാൻ കണ്ടു.
ആ പൂച്ചക്കുട്ടി പോകുന്ന വഴിയേ മിന്നാമിനുങ്ങുകൾ ഉയർന്നു പറക്കുന്നുണ്ട്... എനിക്കവിടേയ്ക്ക് ഇറങ്ങി ചെല്ലാൻ തോന്നി... നിലാവിന്റെ തണുപ്പിൽ ആ മിന്നാമിനുങ്ങുകളോടൊപ്പം അങ്ങനേ അലഞ്ഞു നടക്കാൻ തോന്നി...
പെട്ടെന്നൊരു നിലവിളി എന്റെ കാതിൽ പതിച്ചു...എന്തൊക്കെയോ സുഗന്ധം എന്നെ പൊതിഞ്ഞു... എന്നിട്ടും എനിക്ക് വല്ലത്ത നാറ്റം തോന്നി....
ഞാൻ ആ സാരി വലിച്ചാഴിക്കാൻ തുടങ്ങവേ അത് ഉരുകി പോയി...എന്റെ മാറ് വെന്തു തുടങ്ങിയപ്പോൾ ഉള്ള ദുർഗന്ധമാണത്... ഹോ അസഹനീയം...!
ചൂടിയിരിക്കുന്ന മുല്ലപൂവുകൾക്ക് പോലും ദുർഗന്ധം...
മരണത്തിനു ദുർഗന്ധമാണത്രെ...!
ഇതെന്റെ ചിതയാണ്, കാലുകൾ കൂടി വെന്തു മാംസം എല്ലിൽ നിന്നും ഉരുകി കരിഞ്ഞു പോകുമ്പോൾ ദുർഗന്ധം ഇരട്ടിക്കയുണ്ടായി....
ഞാൻ ഇത്രയും നാൾ ജീവിച്ചത് ഈ ദുർഗന്ധം അനുഭവിക്കാൻ മാത്രമാണോ?
ഒന്നുകൂടി ഞാൻ ആ ജനാല വഴി പുറത്തേക്ക് നോക്കി,
അവിടെ ആ പൂച്ചക്കുട്ടി പറക്കുന്ന മിന്നാമിനുങ്ങുകളെ ചാടി പിടിക്കാൻ തുടങ്ങുകയാണ്... ആ മാവിലെ മാങ്ങയൊക്കെ കാറ്റില്ലാതെ തന്നെ നിലമ്പതിച്ചിരിക്കുന്നു... അതിന്റെ ചില കൊമ്പുകൾ കാണാതായിരിക്കുന്നു....
എന്റെ കാഴ്ചയ്ക്ക് മങ്ങലേറ്റു... കണ്ണും വെന്തു വെണ്ണീറായി... ഞാൻ മാവിന്റെ മണം ഓർത്തെടുക്കാൻ തിടുക്കം കൂട്ടി പക്ഷെ പറ്റുന്നില്ല....
ഈ ദുർഗന്ധം എനിക്കൊരു അവസരം പോലും തരുന്നില്ല...
മരണം അല്ലെങ്കിലും അവസരം കൊടുക്കാറില്ലല്ലോ...?
തീ ആളിപടരുന്ന ശബ്‌ദം കേൾക്കാം എല്ലു പൊട്ടുന്ന പോലെ എന്തോ ശബ്‌ദം കേട്ടു.... ദുർഗന്ധം പതിയെ കുറഞ്ഞു വരുന്നുണ്ട്....
ഹാ.... ആശ്വാസം...!
-വിഭാ 🖤✨ #📔 കഥ #📙 നോവൽ