രാഹുലുമായി ചാറ്റ് ചെയ്യുമ്പോഴാണ് വിദ്യയ്ക്ക്, ഭർത്താവ് ദിനേശൻ്റെ ഫോൺ വരുന്നത്.
ഡാ...ജസ്റ്റ് മിനുട്ട്, അങ്ങേര് വിളിക്കുന്നുണ്ട്, എന്താന്ന് ചോദിക്കട്ടെ
പുതിയ എഫ്ബി ഫ്രണ്ടുമായിട്ടുള്ള ചാറ്റിങ്ങിൻ്റെ രസച്ചരട് മുറിഞ്ഞ നീരസത്തിലാണ് വിദ്യ, ഭർത്താവിൻ്റെ കോള് അറ്റൻ്റ് ചെയ്തത്
ഹലോ ഏട്ടാ ... എന്താ ഈ പാതിരാത്രിയില് വിളിച്ചത്?
ഉള്ളിലെ അമർഷം പുറത്ത് കാട്ടാതെയായിരുന്നു വിദ്യയുടെ ചോദ്യം
അത് പിന്നേ ... ഞാൻ കുറച്ച് മുൻപ് ഒരു ഇംഗ്ളീഷ് മൂവി കണ്ടിരുന്നു, അപ്പോഴാണ് നിന്നെയെനിക്ക് ശരിക്കും മിസ്സ് ചെയ്തതായി തോന്നിയത് ,പടം കുറച്ച് A യാണ് നീയടുത്തുണ്ടായിരുന്നെങ്കിലെന്ന് ഞാൻ വല്ലാതെ ആഗ്രഹിച്ച് പോയെടീ...
വികാരാർദ്രനായി ഭർത്താവ് പറഞ്ഞത് കേട്ട്, വിദ്യയുടെ മുഖത്ത് ഒരു പുച്ഛഭാവം നിറഞ്ഞു .
അതിനിപ്പോ എന്ത് ചെയ്യാൻ പറ്റുമേട്ടാ ... എനിക്ക് ചിറകുണ്ടായിരുന്നെങ്കിൽ ഏഴ് കടലും താണ്ടി ഞാനിപ്പോൾ അക്കരെയെത്തിയേനെ
ഉള്ളിൽ പരിഹാസച്ചിരി നിറഞ്ഞ് നില്ക്കുമ്പോഴും അത് പ്രകടമാക്കാതെ, അവളും റൊമാൻ്റിക്കായി മൊഴിഞ്ഞു.
എനിക്ക് നിന്നെയിപ്പോൾ കാണാൻ തോന്നുന്നു ,നീ നമ്മുടെ മുറിയിൽ തനിച്ചല്ലേ കിടക്കുന്നത് ?
അല്ല ഏട്ടാ .. അമ്മ താഴെ പായ വിരിച്ച് കിടപ്പുണ്ട്,,
അങ്ങനെ പറഞ്ഞില്ലെങ്കിൽ ഭർത്താവ് തന്നോട് വീഡിയോ ചാറ്റിൽ വരാൻ പറയുമെന്നും,
അത് വരെ രാഹുല് കാത്തിരുന്ന് മടുത്താൽ അവൻ തന്നോട് പിണങ്ങുമെന്നും കരുതിയാണ്,
വിദ്യ ഭർത്താവിനോട് കളവ് പറഞ്ഞത്.
എങ്കിൽ നീയൊരു കാര്യം ചെയ്യ് ,ബാത്റൂമിൽ കയറിയിട്ട് എനിക്ക് നിൻ്റെ കുറെ സെൽഫിയെടുത്തയയ്ക്ക് ,ങ്ഹാ പിന്നേ.. ഡ്രസ്സൊന്നും ഇല്ലാതെ വേണം കെട്ടോ, ഫോട്ടോ എടുക്കാൻ
അവസാനം ലേശം ജാള്യതയോടെയാണ് അയാളത് പറഞ്ഞത് .
അയ്യേ ചേട്ടാ .. എന്തായീ പറയുന്നത്? കേട്ടിട്ട് തന്നെ എനിക്കെന്തോ പോലെ ..
അവൾ മ്ളേച്ഛതയോടെ പറഞ്ഞു
അതിനെന്താടീ? ഞാൻ കാണാത്തത് വല്ലതുമാണോ ? ഇപ്പോൾ കുറേ നാളായി കണ്ടിട്ട് ,അത് കൊണ്ടൊരു കൊതി തോന്നി ,നീ നാണിക്കാതെ വേഗം ഞാൻ പറഞ്ഞത് പോലെ ചെയ്യ് ,വാട്സ്ആപ് ഓൺ ചെയ്ത് ഞാൻ കാത്തിരിക്കും ,വേഗം..
അത്രയും പറഞ്ഞ് ദിനേശൻ ഫോൺ കട്ട് ചെയ്തപ്പോൾ, വിദ്യ ഒരു നിമിഷം സങ്കോചത്തോടെ നിന്നു.
പിന്നെ ,മനസ്സില്ലാ മനസ്സോടെ അവളെഴുന്നേറ്റ് ബാത്റൂമിലേക്ക് നടന്നു.
അനിഷ്ടത്തോടെയാണെങ്കിലും
ഭർത്താവ് പറഞ്ഞത് പോലെ,
അവൾ കുറച്ച് സെൽഫികളെടുത്തു ,
ഉടനെ തന്നെ ദിനേശൻ്റെ വാട്സ് ആപിലേക്കയയ്ക്കുകയും ചെയ്തു,
തിരികെ റൂമിലേക്കെത്തിയ വിദ്യ , ബെഡിൽ കമിഴ്ന്ന് കിടന്ന് കൊണ്ട് ,രാഹുലിൻ്റെ ഐഡിയിലേക്ക് വീണ്ടും മെസ്സേജയച്ചു.
എന്താടീ.. നിൻ്റെ ഭർത്താവിന് പാതിരാത്രിയിലൊരു സ്നേഹം?
രാഹുൽ ചോദിച്ചു.
ഓഹ്, സ്നേഹംകൊണ്ടൊന്നുമല്ലെടാ..
ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ? അങ്ങേര് ലേശം സംശയാലുവാണെന്ന്,
ഞാൻ വല്ലവൻ്റെയും കൂടെ പോയോ? അതോ വീട്ടിൽ തന്നെയുണ്ടോ? എന്നറിയാൻ വേണ്ടി വിളിച്ചതാണ് ,ഇടയ്ക്കിടെ ഈ വിളികൾ ഉണ്ടാവാറുണ്ട്,
ശരിക്കും നടന്നത് പറഞ്ഞാൽ രാഹുൽ എന്ത് വിചാരിക്കും എന്നോർത്തിട്ടാണ്, അവളങ്ങനെ പറഞ്ഞത് .
എന്നാൽ ,ദിനേശൻ ഒരു സംശയ രോഗിയാണെന്നുള്ളത് സത്യവുമായിരുന്നു.
.
നീയെന്തിനാടീ .. ഇങ്ങനൊരുത്തനെ സഹിക്കുന്നത് ?നിനക്കവനെ ഉപേക്ഷിച്ചൂടെ?
ഉപേക്ഷിച്ചാൽ നീയെന്നെ ദുബായിലേയ്ക്ക് കൊണ്ട് പോകുമോ? നിൻ്റെ ഭാര്യയായിട്ട്?
അങ്ങനെ ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും ,രാഹുലിന് തന്നോട് ആത്മാർത്ഥതയുണ്ടോന്നൊരു സംശയമുണ്ടായിരുന്നത് കൊണ്ട്, ആ ചോദ്യം അവൾ വിഴുങ്ങി.
പറയാനെളുപ്പമാണ്, പക്ഷേ ,ഈ ബന്ധവും ഇല്ലാതായാൽ,നാട്ടുകാരും ബന്ധുക്കളും എന്നെയല്ലേ കുറ്റം പറയൂ.. എൻ്റെ ആദ്യവിവാഹബന്ധം വേർപെടുത്തുമ്പോൾ എല്ലാവരും എന്നെയാണ് ന്യായീകരിച്ചത് ,പക്ഷേ ഇനിയതുണ്ടാവില്ല
എങ്കിൽ നീ അനുഭവിച്ചോ ?എനിക്കുറക്കം വരുന്നു' ഞാൻ കിടക്കാൻ പോകുവാണ് നാളെ കാണാം ഗുഡ് നൈറ്റ് ,സ്വീറ്റ് ഡ്രീംസ് ...
ചാറ്റവസാനിപ്പിച്ച് രാഹുൽ പോയപ്പോൾ, വിദ്യയ്ക്ക് കടുത്ത നിരാശ തോന്നി.
അവനുമായുള്ള സംഭാഷണങ്ങളായിരുന്നു, അവളുടെ ജീവിതത്തിൽ ആകെയുള്ള ഒരു എൻ്റർടെയ്ൻമെൻ്റ്.
എന്നാൽ ,സ്വന്തം വികാരങ്ങളെ ശമിപ്പിക്കാനുള്ള ഒരു ദാഹശമനി മാത്രമായിട്ടായിരുന്നു, നാട്ടിലുള്ളപ്പോൾ പോലും, ദിനേശൻ വിദ്യയെ കണ്ടിരുന്നത്
അത് കൊണ്ട് തന്നെ വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം തൻ്റെ രണ്ടാമത്തെ ഭർത്താവ് വിദേശത്തേയ്ക്ക് മടങ്ങിയപ്പോഴും വിദ്യയ്ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.
ഒന്നിടവിട്ട ദിവസങ്ങളിൽ സ്വന്തം അമ്മയെ വിളിച്ച് ,അയാൾ ഏറെ നേരം സംസാരിക്കുകയും വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്യുമെങ്കിലും, വിദ്യയോട് വളരെ പിശുക്കി മാത്രമേ സംസാരിക്കാറുണ്ടായിരുന്നുള്ളു,
കൂടുതലും വിളിക്കുന്നത്, രാത്രിയുടെ യാമങ്ങളിലെപ്പോഴെങ്കിലും ആയിരിക്കും, താനുറക്കമായിരുന്നു എന്ന് പറഞ്ഞാലും, വിശ്വാസം വരാതെ, അയാൾ സെൽഫിയെടുത്ത് കാണിക്കാൻ പറയും, അത് തൻ്റെ സ്വന്തം മുറിയും,കട്ടിലും തന്നെയാണെന്ന് ഉറപ്പിക്കാൻ വേണ്ടിയുള്ള അടവാണെന്ന് വിദ്യയ്ക്കറിയാമായിരുന്നു.
ഓരോന്ന് ആലോചിച്ച് കിടക്കുമ്പോൾ ,കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ തൻ്റെ ജീവിതത്തിലുണ്ടായ സംഭവങ്ങൾ മിഴിവോടെ അവളുടെ മനസ്സിലേയ്ക്ക് തെളിഞ്ഞ് വന്നു.
#######################
ഇരുപത്തിയൊന്നാമത്തെ വയസ്സിൽ പെട്രോൾ പമ്പിൽ ജോലിക്ക് പോകുമ്പോഴാണ് വിദ്യക്ക് വിവാഹാലോചനകൾ വന്ന് തുടങ്ങിയത്
വരുന്ന ചെക്കൻ വീട്ടുരൊക്കെ ഓരോരോ കാരണങ്ങൾ പറഞ്ഞ്
ഒഴിഞ്ഞ് പോയെങ്കിലും അവസാനം വന്ന, ഗിരീഷ് എന്ന ചെറുപ്പക്കാരൻ്റെ വീട്ടുകാർക്ക് വിദ്യയെ വല്ലാതെ ഇഷ്ടപ്പെട്ടു.
എങ്കിൽ പിന്നെ ,എല്ലാവർക്കും ഇഷ്ടമായ സ്ഥിതിക്ക് നമുക്കിതങ്ങ് ഉറപ്പിക്കാം എന്താ?
ചെക്കൻ്റെ അമ്മാവൻ പെട്ടെന്നങ്ങനെ ചോദിച്ചപ്പോൾ വിദ്യയുടെ അച്ഛന് ഉടനെയൊരു മറുപടി പറയാൻ കഴിയില്ലായിരുന്നു.
വിദ്യയുടെ അച്ഛനും അമ്മയ്ക്കും ദിവ്യ എന്ന മറ്റൊരു മകള് കൂടിയുണ്ടായിരുന്നു .
കൂലിപ്പണിക്കാരനായിരുന്ന ദിവാകരൻ അത് വരെ സമ്പാദിച്ച വകയിൽ ആകെ മിച്ചമുണ്ടായിരുന്നത് ,പതിനഞ്ച് പവൻ സ്വർണ്ണം മാത്രമായിരുന്നു.
അയാളുടെ ഭാര്യ കോമളത്തിൻ്റെ കൈയ്യിൽ, ചിട്ടി പിടിച്ചും മറ്റുമായി അൻപതിനായിരം രൂപയുമുണ്ടായിരുന്നു.
ചെറുക്കന് പെയിൻ്റിങ്ങ് തൊഴിലാണെങ്കിലും ,ഒരു ഇരുപത്തിയഞ്ച് പവനിൽ കുറച്ച് എങ്ങനെ കൊടുക്കും? നിങ്ങളാ ബ്രോക്കറെ അകത്തോട്ട് വിളിച്ച് കാര്യം പറഞ്ഞിട്ട് ,കല്യാണം ഉറപ്പിച്ചാൽ പോരെ?
ഭർത്താവിനെ ആംഗ്യ ഭാഷയിൽ അടുക്കളയിലേക്ക് വിളിച്ചിട്ട് കോമളം തൻ്റെ ആശങ്ക അറിയിച്ചു
അതിന് അവർക്ക് ഡിമാൻ്റൊന്നുമില്ലന്നേ
നിങ്ങടെ പെണ്ണിനെ അവർക്കിഷ്ടമായി ,
നിങ്ങൾക്കെപ്പോഴാ സൗകര്യമെന്ന് വച്ചാൽ പെങ്കൊച്ചിനെ കൈപിടിച്ച് കൊടുത്തേക്കുക ,അത്രേയുള്ളു, ഇപ്പോൾ വലിയ പ്രൗഡിയൊന്നുമില്ലെന്നേയുള്ളു, ചെക്കൻ്റെ വീട്ടുകാര് നല്ല ഒന്നാന്തരം തറവാട്ടു കാരാണ്, ഈ ആലോചന വന്നത് നിങ്ങടെ പെങ്കൊച്ചിൻ്റെ ഭാഗ്യമായിട്ട് കരുതിയാൽ മതി
ബ്രോക്കറ് ലോനപ്പൻ്റെ മറുപടി കേട്ടപ്പോൾ കോമളത്തിനും ദിവാകരനും സന്തോഷമായി
കേട്ടിടത്തോളം നല്ലൊരു ആലോചനയാണ് ,ചെറുക്കൻ്റെ വീട്ടിൽ അച്ഛനും അമ്മയും
കൂടാതെ, ഗൾഫ് കാരനായ
ചേട്ടനും ചേട്ടത്തിയും മാത്രമേയുള്ളുവെന്നാണ് കേട്ടത് , പെങ്ങൻമാരില്ലാത്തത് കൊണ്ട് നാത്തൂൻ പോരൊന്നുമുണ്ടാവില്ല
പിന്നെ ,ഗിരീഷിൻ്റെ അമ്മയോട് നീ കുറച്ചധികം സ്നേഹം കാണിച്ചോളണം,മൂത്ത മരുമകളേക്കാളും മിടുക്കി, ഇളയവളാണെന്നൊരു തോന്നല് അവർക്കുണ്ടായാൽ മാത്രം മതി, പിന്നെ നിനക്കായിരിക്കും അവിടെ സ്ഥാനം ,,
കല്യാണത്തിന് മുൻപ് തന്നെ കോമളം, തൻ്റെ മകൾക്ക് വേണ്ട , ഉപദേശങ്ങൾ കൊടുത്തിരുന്നു.
വലിയ ആഘോഷങ്ങളൊന്നുമില്ലായിരുന്നെങ്കിലും ,വിദ്യയുടെയും ഗിരീഷിൻ്റെയും വിവാഹം മംഗളമായി തന്നെ നടന്നു.
കല്യാണ മണ്ഡപത്തിൽ വച്ചായിരുന്നു, വിദ്യ ,ഗിരീഷിൻ്റെ ഏട്ടത്തിയെ ആദ്യമായി കാണുന്നത്, നല്ല ഐശ്വര്യമുള്ള സുന്ദരിയായൊരു സത്രീ ,അവരും ചേട്ടനുമായുള്ള വിവാഹം കഴിഞ്ഞിട്ട് മൂന്നാല് വർഷമായെങ്കിലും, കുട്ടികളൊന്നും ആയിട്ടില്ലായിരുന്നു.
മൂത്ത മകനിലൂടെ തങ്ങൾക്കൊരു പേരക്കിടാവിനെ കിട്ടാനുള്ള കാലതാമസം ഉണ്ടായപ്പോഴാണ്, ഇളയ മകന് വേണ്ടി, ഗിരീഷിൻ്റെ അച്ഛനും അമ്മയും വിദ്യയെ ആലോചിച്ചതെന്ന് പിന്നീടറിഞ്ഞിരുന്നു .
ഏട്ടത്തിയുടെ സ്നേഹവായ്പിൽ വിദ്യയ്ക്ക് സന്തോഷം തോന്നി ,തനിക്കൊരു നല്ല ജീവിതം തന്നെയാണ്, ഈശ്വരൻ തന്നിരിക്കുന്നതെന്ന സമാധാനത്തിലാണ് ,
താലികെട്ടുന്നതിനായി പ്രാർത്ഥനയോടെ, ഗിരീഷിൻ്റെ മുന്നിൽ അവൾ
കഴുത്ത് നീട്ടികൊടുത്തത്.
വിമലേട്ടത്തി തന്നെയാണ് ,ആദ്യരാത്രിയിൽ അവളെ പാൽ ഗ്ളാസ്സുമായി ഗിരീഷിൻ്റെയടുത്തേയ്ക്ക് പറഞ്ഞ് വിട്ടത്.
നിറഞ്ഞ സന്തോഷത്തോടെ പുഞ്ചിരിച്ച് കൊണ്ട് വിദ്യ മുറിയിലേക്ക് കടന്ന് വരുന്നത് കണ്ട ഗിരീഷ്, കട്ടിലിൽ നിന്നെഴുന്നേറ്റ് ജനലരികിൽ ചെന്ന് നിന്നു .
ഏട്ടാ.. പാല്,,
ലേശം നാണത്തോടെ തല ഉയർത്താതെ, അവൻ്റെ പിന്നിൽ നിന്ന് കൊണ്ട് അവൾ പറഞ്ഞു.
നീ തന്നെ കുടിച്ചോ, എനിക്ക് വേണ്ട നിൻ്റെ പാല്,,,
ഒട്ടും മയമില്ലാതെയുള്ള ഗിരീഷിൻ്റെ പ്രതികരണം കേട്ട്, വിദ്യ അമ്പരന്നു പോയി.
എന്താ ഏട്ടാ ഇങ്ങനെ ? ഞാനെന്തെങ്കിലും തെറ്റ് ചെയ്തോ?
വിളർച്ചയോടെ അവൾ ചോദിച്ചു.
തെറ്റ് ചെയ്തത് നീയല്ലാ .. എൻ്റെ വീട്ടുകാരാണ് ,അവരോട് ഞാനൊരായിരം വെട്ടം പറഞ്ഞതാണ്, എനിക്ക് കല്യാണം വേണ്ടെന്ന്, എന്നിട്ട് എൻ്റെ തന്തയും തള്ളയും കൂടി സെൻ്റിമെൻസ് കാണിച്ച് എന്നെ കൊണ്ട് സമ്മതിപ്പിച്ചതാണ് ,അറിയാമോ?
ദേഷ്യം കൊണ്ട് അയാൾ കിതയ്ക്കുന്നുണ്ടായിരുന്നു.
വിദ്യയുടെ നെഞ്ചിൽ ഒരു കനൽ കട്ട വീണുടഞ്ഞു.
ഏട്ടാ... ഞാൻ ,
ഞാനൊന്നുമറിഞ്ഞില്ലേട്ടാ..
എൻ്റെ വീട്ടുകാർക്കും ഒന്നുമറിയില്ല,
എന്നോട്, ഏട്ടന് അനിഷ്ടമൊന്നുമില്ലല്ലോ അല്ലേ?
ആകാംക്ഷയോടെ അവൾ ചോദിച്ചു.
ഇഷ്ടപ്പെടാൻ നീ ലോകസുന്ദരിയൊന്നുമല്ലല്ലോ? അല്ലെങ്കിലും ,കറുത്ത നിറമുള്ള പെണ്ണുങ്ങളെ എനിക്ക് പണ്ടേ ഇഷ്ടമല്ല, അത് കൊണ്ട് എന്നിൽ നിന്നും നീ ഒരിക്കലും സ്നേഹം പ്രതീക്ഷിക്കരുത്, വേണമെങ്കിൽ,നിനക്കെൻ്റെ ഭാര്യയായി തുടരാം ,പക്ഷേ എൻ്റെ ഒരു കാര്യത്തിലും നീ ഇടപെടരുത് ,ഇടപെട്ടാൽ പിന്നെ നിൻ്റെ സ്ഥാനം , ഈ വീടിൻ്റെ പടിക്ക് പുറത്തായിരിക്കും,,
തൻ്റെ തലയ്ക്ക് മീതെ വെള്ളിടി വെട്ടിയതും ,ബോധംകെട്ട താൻ ഭൂമി പിളർന്ന് താഴേയ്ക്ക് പോകുന്നതായും വിദ്യയ്ക്ക് തോന്നി.
കഥ തുടരും ....
രചന
സജി തൈപ്പറമ്പ്.
#📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ