മിഴിയോരങ്ങളിൽ.. 26.
aniprasad
🎫🎫🎫🎫🎫🎫🎫🎫
മുറ്റത്തെ പന്തലിൽ സൽക്കാര ചടങ്ങുകൾ നടക്കുന്നത് ആശാലതയ്ക്ക് രതീഷിന്റെ റൂമിൽ നിന്നാൽ കാണാമായിരുന്നു.
കല്യാണത്തിൽ പങ്കെടുക്കാൻ പറ്റാത്ത രതീഷിന്റെ സുഹൃത്തുക്കളും, വളരെ കുറച്ച് ബന്ധുമിത്രാദികളും ചേർന്നപ്പോൾ തന്നെ നൂറ്റമ്പത് പേരോളം ആയി.
പിന്നെ തൊട്ടടുത്ത അയൽക്കാർ..
നല്ലവാതിൽ ചടങ്ങിനായി ആശാലതയുടെ വീട്ടിൽ നിന്നെത്തിയ ബന്ധുക്കൾ..
കുറഞ്ഞത് ഇരുന്നൂറ് പേർക്കപ്പുറം കാണും രാത്രിയിലെ ചടങ്ങിൽ പങ്കെടുത്തവർ.
ആശാലതയുടെ വീട്ടിൽ നിന്നും മൂന്ന് ടെമ്പോ ട്രാവലറിൽ കൊള്ളാവുന്ന ആൾക്കാരാണ് രതീഷിന്റെ വീട്ടിലേക്ക് എത്തിയത്.
വൈകുന്നേരം ഏഴു മണി ആയപ്പോഴേയ്ക്കും അവരെല്ലാം എത്തിച്ചേർന്നിരുന്നു.
അശോകനും, ഭാനുമതിയമ്മയുടെ അനുജന്റെ മക്കളായ ഹരീഷും, ഗോപനും ചേർന്ന് അവർ കൊണ്ട് വന്ന പലഹാരങ്ങളെല്ലാം വണ്ടിയിൽ നിന്നെടുത്ത് വീട്ടിൽ കൊണ്ട് ഒതുക്കി വച്ചു.
ഇനി തിരക്കെല്ലാം കഴിഞ്ഞ ശേഷം നാളെ അത് പൊട്ടിച്ചെടുത്ത് അയൽക്കാർക്കും, ബന്ധുക്കൾക്കുമൊക്കെ വീതം വച്ചു നൽകും.
ഭാനുമതിയമ്മയെയും വൃന്ദയെയും അവൾ കൊട്ടാര സദൃശ്യമായ ആ വീടിന് ഉൾ വശമെല്ലാം കൊണ്ട് നടന്ന് കാണിച്ചു.
തങ്ങളുടെ വീട്ടിലെ രണ്ട് റൂമിന്റെ വലിപ്പം വരുന്ന ശീതീകരിച്ച ബെഡ് റൂമുകൾ കണ്ട് ഭാനുമതിയമ്മ അമ്പരന്ന് നിന്നു.അരഡസനോളം റൂമികളിലാണ് എ സി പിടിപ്പിച്ചിട്ടുള്ളത്.
ഭാനുമതിയമ്മ നിറഞ്ഞ മനസോടെ മകൾക്കൊപ്പം മുകൾ നിലയിൽ നിന്നിറങ്ങി താഴേയ്ക്ക് വന്നു.
മകളുടെ ജീവിതം കരുപ്പിടിപ്പിയ്ക്കുന്നതിൽ അശോകനും തനിയ്ക്കും തെറ്റ് പറ്റിയിട്ടില്ലെന്ന ചിന്ത അവരെ അഭിമാനത്തോടെ മറ്റുള്ളവർക്ക് മുമ്പിൽ തലയുയർത്തി നിൽക്കാൻ പ്രേരിപ്പിച്ചു.
ആശാലതയുടെ വീട്ടിൽ നിന്ന് വന്നവർ ഒഴികെ മറ്റെല്ലാ അതിഥികളും വന്നും പോയും ഇരുന്നു..
പരസ്പരമുള്ളപരിചയപ്പെടലുകളും, കുശലം പറച്ചിലുകളുമൊക്കെ നടക്കുന്നതിനിടയിൽ തന്നെ കുറെ പേർ ആഹാരം കഴിച്ചു മടങ്ങുന്നു.
വിശാലമായ മുറ്റത്ത് അതിഥികളെ സ്വീകരിച്ചിരുത്താനും, വരുന്നവർക്കെല്ലാം ആഹാരം കഴിയ്ക്കാനുമായി രണ്ട് പന്തലുകളാണ് തയ്യാറാക്കിയിരുന്നത്. അതിൽ ആദ്യത്തെ പന്തലിൽ അതിഥികൾക്ക് മുൻപിൽ ഏതോ റിയാലിറ്റി ഷോയിലെ മത്സരാർഥി ആയി വന്ന രണ്ട് പെൺകുട്ടികളുടെ ഗാനമേളയും നടക്കുന്നുണ്ട്.
ഒമ്പതു മണി ആയപ്പോഴേയ്ക്കും ആശാലതയ്ക്ക് ക്ഷീണിച്ച് തലവേദന എടുത്തു തുടങ്ങിയിരുന്നു.
അവൾ രുഗ്മിണിയോട് പറഞ്ഞ ശേഷം റൂമിലേക്ക് പോകുമ്പോൾ പിന്നാലേ അവരും ചെന്നു.
ആശാലതയെ,അണിയിച്ചൊരുക്കിയ രതീഷിന്റെ റൂമിൽ എത്തിച്ച ശേഷം അവർ ബാം എടുത്ത് അവളുടെ നെറ്റിയ്ക്ക് ഇരുവശവും നന്നായി തേച്ചു പിടിപ്പിച്ചു.
"എപ്പോൾ തുടങ്ങിയ അലച്ചിലാ..
അര മണിയ്ക്കൂർ മോളിവിടെ കണ്ണടച്ചു കിടന്നോ. തലവേദനയെല്ലാം പമ്പ നടന്നോളും.അവരെല്ലാം മടങ്ങിപോകാൻ നേരമാകുമ്പോ അമ്മ വന്നു വിളിച്ചോളാം. അപ്പോൾ ഇറങ്ങി വന്നാൽ മതി മോള്."
ആശാലത ബെഡിലേക്ക് ചാഞ്ഞപ്പോൾ രുഗ്മിണി അവിടെ നിന്ന് എണീറ്റു.
"അമ്മ അങ്ങോട്ട് ചെല്ലട്ടെ. അല്ലെങ്കിൽ മോളേ അന്വേഷിച്ച് ആരെങ്കിലുമൊക്കെ ഇങ്ങോട്ട് കേറി വരും."
ആശാലത കണ്ണടച്ചു കിടക്കയായിരുന്നതിനാൽ അവൾ അതിന് മറുപടി പറഞ്ഞില്ല.
രുഗ്മിണി മുറിയിൽ നിന്നിറങ്ങി വാതിലടയ്ക്കുന്ന ഒച്ച കേട്ടപ്പോൾ ആശാലത കണ്ണുകൾ തുറന്നു.
തനിച്ചായപ്പോൾ അവൾക്ക് വല്ലാത്തൊരു ആശ്വാസം തോന്നി.
താൻ നിൽക്കുന്നത് തന്റെ വീട്ടിൽ അല്ലെന്നും, മറ്റൊരു വീട്ടിൽ ജീവിതത്തിൽ ഒരിയ്ക്കൽ പോലും താൻ എത്തിച്ചേരില്ലെന്ന് കരുതിയിരുന്ന ഒരു അന്യ പുരുഷന്റെ ബെഡ് റൂമിലാണെന്നും അവൾക്ക് വിശ്വസിയ്ക്കാൻ പ്രയാസം തോന്നി.
പെട്ടന്ന് വിൻസന്റിനെ കുറിച്ചുള്ള ചിന്തകൾ അവളുടെ മനസിലേക്ക് ഓടി വന്നു.
വിൻസന്റ് വാടകയ്ക്ക് എടുത്ത കരിക്കോട്ടെ വീട്..
അവിടെ വിൻസന്റിനോടൊപ്പം ജീവിതം തുടങ്ങേണ്ടിയിരുന്ന താൻ വന്നെത്തി നിൽക്കുന്നത് എവിടെയാണ്..
ഈ വീടും, ഇവിടെയുള്ള കുറെ മനുഷ്യരുമാണ് ലോകത്തെ ഏറ്റവും ആനന്ദ കരമായേക്കാമായിരുന്ന തന്റെ ജീവിതവും, സ്വപ്നങ്ങളും തച്ചു തകർത്തു കളഞ്ഞത്..
അവസാനം തന്നെ മാത്രം സ്നേഹിച്ചു പോയി എന്നൊരു തെറ്റിന് തന്റെ ജീവന്റെ ജീവനെയും ഇല്ലാതാക്കി കളഞ്ഞു.
വിൻസന്റിനെ വക വരുത്തി കളഞ്ഞവരോട് അവൾക്ക് തീർത്താൽ തീരാത്ത കലി തോന്നി.
സ്നേഹിച്ച കുറ്റത്തിന് ഒരു ജീവനെടുത്ത ശേഷം അതിന്റെ ആഘോഷമാണ് താഴെ നടക്കുന്നത്.
കുറച്ച് പേരുടെ ജീവിതത്തിന്റെ നിർവൃതി..
അതിന് നേതൃത്വം നൽകുന്നയാളോ...
തന്റെ കഴുത്തിൽ താലി ചാർത്തിയ ആളും.
ഇഷ്ടപ്പെട്ടതെന്തും സ്വന്തമാക്കാൻ ആരുടേയും ജീവനെടുക്കാൻ പോലും മടിയ്ക്കാത്ത മനുഷ്യർ.
ഇനിയുള്ളതന്റെ ജീവിതം അവർക്കൊപ്പമാണ്.
അവകാശപ്പെട്ടവന്റെ കയ്യിൽ നിന്നും ഒരു കീറ് അപ്പകഷ്ണം ബലമായി തട്ടിയെടുത്ത് ഭക്ഷിയ്ക്കുന്ന കുറെ രാക്ഷസ കൂട്ടങ്ങളെയാണ് ആശാലതയ്ക്ക് ഓർമ വന്നത്.
അവർക്ക് മറ്റുള്ള മനുഷ്യരുടെവിശപ്പിന്റെ വിലയറിയില്ല..
ഏത് വിധേനയും സ്വന്തം മനസും, വയറുംനിറയ്ക്കുക എന്നതിനപ്പുറം മറ്റൊന്നും അവരെ ബാധിയ്ക്കുന്ന സംഗതികളേയല്ല.
അവരോടൊപ്പമുള്ള തന്റെ ശേഷിച്ച ജീവിതം എത്രയെത്ര യാതനകൾ നിറഞ്ഞതാവാമെന്ന ചിന്ത ആശാലതയുടെ മനസ്സിനെ അസ്വസ്ഥമാക്കി കൊണ്ടിരുന്നു..
ആശാലത അവിടെ നിന്നെണീറ്റ് പുറത്തേയ്ക്ക് തുറക്കാവുന്ന ജനാലയ്ക്ക് സമീപം ചെന്നു നിന്നു.
വിവിധ വർണ്ണങ്ങൾ കത്തിയണഞ്ഞു കൊണ്ട് നിൽക്കുന്ന ഒരു സാഗരമാണ് മുറ്റവും പരിസരങ്ങളും എന്ന് അവൾക്ക് തോന്നി.
രാത്രി ഏറിയതിനാലാവും ഇപ്പോൾ പുറത്ത് നിന്നും വാഹനങ്ങളൊന്നും ഇവിടേയ്ക്ക് വരുന്നില്ല.
ഗേറ്റിന് വെളിയിൽ റോഡ് സൈഡിൽ പാർക്ക് ചെയ്തിരിക്കുന്ന കാറുകൾ ഒന്നൊന്നായി വിട്ടു പൊയ്ക്കൊണ്ടിരിയ്ക്കുകയാണ്.
ഇനി ഏത് നിമിഷവും ആരെങ്കിലും തന്നെ തിരക്കി ഇവിടേയ്ക്ക് വന്നേക്കാം എന്ന് ആശാലത മനസ്സിൽ ചിന്തിച്ച അതേ നിമിഷം വാതിലിന്റെ ഹാന്റിൽ തിരിയുന്ന ഒച്ച കേട്ടു.
ആശാലത മുഖം ചെരിച്ച് അങ്ങോട്ട് നോക്കും മുൻപേ 'ഏട്ടത്തീ 'എന്ന് വിളിച്ചും കൊണ്ട് മൃദുല അവിടേയ്ക്ക് കടന്നു വന്നു.
ആശാലത ജനൽ ക്കമ്പികളിൽ നിന്നുള്ള പിടി വിട്ട് അവൾക്ക് നേരെ തിരിഞ്ഞു നിന്നു.
"വാ.. താഴേയ്ക്ക് പോകാം.."
മൃദുല സ്വാതന്ത്ര്യ പൂർവ്വം വന്ന് അവളുടെ കയ്യിൽ പിടിച്ചു.
"ഏട്ടത്തിയുടെ വീട്ടിൽ നിന്ന് വന്നവരൊക്കെ പോകാൻ പോകുന്നു. അവരെല്ലാം അവിടെ ഏട്ടത്തിയെ അന്വേഷിയ്ക്കുകയാ.. എന്നോട് ഏട്ടത്തിയെ കൂട്ടിക്കൊണ്ട് ചെല്ലാൻ പറഞ്ഞു.."
മൃദുല അവളുടെ കയ്യിൽ നിന്നുള്ളപിടി വിടാതെ പറഞ്ഞു.
"നീ പൊയ്ക്കോ. ഞാൻ വന്നേക്കാം.."
ആശാലത തന്റെ കയ്യിൽ ചുറ്റിയിരുന്ന മൃദുലയുടെ കൈകൾ മെല്ലെ പറിച്ച് മാറ്റി.
"ഏട്ടനാ വരാൻ പറഞ്ഞത്.."
ഒരു തവണ കൂടി മൃദുല പറഞ്ഞു നോക്കി.
ഏട്ടത്തിയെയും കൂട്ടി പടവുകൾ ഇറങ്ങി താൻ അഭിമാനത്തോടെ താഴേയ്ക്ക് ചെല്ലുന്നത് എല്ലാവരും അസൂയയോടെ നോക്കി നിൽക്കുന്നത് മനക്കണ്ണിൽ കാണുകയായിരുന്നു മൃദുല.
അവളുടെ മനസ്സിൽ അത് ചെറിയ സന്തോഷം ഒന്നുമായിരുന്നില്ല നൽകിയത്.
"നീപൊയ്ക്കോ മിദൂ..
ഞാൻ വന്നോളാം എന്ന് പറഞ്ഞില്ലേ. അതോ നീ എന്നെയും കൊണ്ടേ താഴേയ്ക്ക് ചെല്ലൂ എന്ന വാശിയിലാണോ..."
ആശാലത സ്വരം കടുപ്പിച്ചു പറയുന്നത് കേട്ടതോടെ മൃദുലയുടെ മുഖത്തെ ചിരി മാഞ്ഞു.
അവൾ മുഖംകുനിച്ചു കൊണ്ട് അവിടെ നിന്നിറങ്ങി താഴേയ്ക്ക് പോയി.
തന്നോട് മുറിയിൽ നിന്നിറങ്ങി പുറത്ത് പോകാൻ ആശേട്ടത്തി പറഞ്ഞത് പോലെയാണ് അവൾക്ക് തോന്നിയത്.
മൃദുല, ആശാലതയെയും കൂട്ടി ഇറങ്ങി വരുന്നത് കാത്ത് ഹാളിൽ നിൽക്കുകയായിരുന്നു ഭാനുമതിയമ്മയും അശോകനും, വൃന്ദയും.
അവർക്കരികിൽ തന്നെ ഭാനുമതിയമ്മയോട് ഓരോ കാര്യങ്ങളും സംസാരിച്ചു കൊണ്ട് രുഗ്മിണിയും നിൽപ്പുണ്ട്.
"ആശമോൾ എവിടെ മിദൂ.."
അവൾ പടവുകളിറങ്ങി അവരുടെ അടുത്തേയ്ക്ക് വന്നപ്പോൾ രുഗ്മിണി തിരക്കി.
മൃദുല മുകൾ നിലയിലേക്ക് വിരൽ ചൂണ്ടി കാണിച്ച ശേഷം പുറത്തേയ്ക്ക് പോയി.
"ഞങ്ങൾ അവളെ പോയി കണ്ടിട്ട് വരാം രുഗ്മിണീ.
തലവേദനകാരണം കിടക്കുവായിരിയ്ക്കും അവൾ.. അതോ ഉറക്കമാണോ...
ഏതായാലും അവളോട് യാത്ര പറയണ്ടേ..
വാടാ മക്കളേ.."
ഭാനുമതിയമ്മ അവരെയും കൂട്ടി മുകൾ നിലയിൽ ആശാലതയുള്ള റൂമിലേക്ക് ചെന്നു.
രുഗ്മിണി ചെന്ന് മൃദുലയുടെ കയ്യിൽ പിടിച്ചു തിരിച്ച് നിർത്തി.
"നീ ആശാലതയെ വിളിയ്ക്കാൻ പോയപ്പോൾ നിന്നോട്ഞാൻ പറഞ്ഞല്ലേടീ വിട്ടത് എല്ലാരും മടങ്ങിപ്പോകാൻ പോവാ അവർ അവളെ കാത്തു നിൽക്കുവാണെന്ന് പറയാൻ..."
"ഞാൻപറഞ്ഞതാ..
ആശേട്ടത്തി എന്നോട് പറഞ്ഞുപൊയ്ക്കൊള്ളാൻ.."
"ആശ അവിടെ കിടക്കുവായിരുന്നോ.."
"അല്ല. പറയാനുള്ളത് ഞാൻപറഞ്ഞു. ഇറങ്ങി വരാത്തതിന് ഞാനെന്ത് ചെയ്യാനാ.."
"നിന്നെ എനിയ്ക്കറിയാൻ വയ്യാത്തതാണോ മിദൂ. നീ റൂമിൽ കയറി ചെന്ന് ആശയോട് അധികാരം കാണിച്ചു കാണും. അതാ അവള് പറഞ്ഞത് പൊയ്ക്കൊള്ളാൻ."
"പിന്നേ.. അധികാരം കാണിച്ചു.. ആകയ്യിൽ ഞാനൊന്ന് തൊട്ടതാണോ അധികാരം.എന്തൊരു ജാഡയാ അമ്മയുടെ മരുമോൾക്ക്.."
മൃദുല മുഖം വീർപ്പിച്ചു.
"നിന്റെ സ്വാതന്ത്ര്യം ചിലപ്പോൾ ആശമോൾക്ക് ഇഷ്ടപ്പെട്ടുകാണത്തില്ലെടീ.
ആശ ഇങ്ങോട്ട് വന്നു കയറിയതെല്ലാ ഉള്ളോ. നമ്മളൊക്കെ എന്താ, ഏതാ എന്നൊക്കെ ഒന്ന് പഠിച്ച് കഴിയുമ്പോ ആശ നിന്നോട് കൂടുതൽ പഴകിക്കോളും.. നീ അക്കാര്യത്തിൽ പേടിയ്ക്കേണ്ട.."
അവർ സംസാരിച്ച് നിൽക്കേ യാത്ര പറയാനായി രുഗ്മിണിയുടെ അനുജത്തി സീതാ ലക്ഷ്മിയും അവിടേയ്ക്ക് വന്നു.
"ഇവളെന്താ ചേച്ചീ മുഖം വീർപ്പിച്ചു നിൽക്കുന്നത്.."
അവർ രുഗ്മിണിയെ നോക്കി ചോദിച്ചു.
"എല്ലാവരും യാത്ര പറഞ്ഞു തിരികെ പോകാൻ നിൽക്കുന്നു എന്ന് പറഞ്ഞു ഇവൾ ആശയെ ചെന്ന് വിളിച്ചിട്ട് അവളിറങ്ങി മിദുവിന്റെ കൂടെവന്നില്ല. അതിന്റെ പിണക്കമാ അവൾക്ക്.."
"ങാ.. ഇനി നിനക്ക് ഈ വീട്ടിലുള്ളവരോടെല്ലാം പിണങ്ങാനെ നേരംകാണൂ മോളേ.. അല്ലേൽ നോക്കിയ്ക്കോ..
ചേച്ചിയും കൂടെ കേൾക്കാനാ ഞാനിതു പറയുന്നത്..."
സീതാ ലക്ഷ്മി അൽപ്പം ഉച്ചത്തിൽ പറഞ്ഞപ്പോൾ രുഗ്മിണി അവിടെ നിന്നുകൊണ്ട് ആശാലതയും മറ്റുള്ളവരും ഇറങ്ങി വരുന്നുണ്ടോ എന്ന് നോക്കി.
"നിന്നോട് പറയാൻവന്ന എന്നെ പറഞ്ഞാൽ മതി.വെറുതേ നീ അവളെ കൂടി പറഞ്ഞു മനസ്സ് തിരിപ്പിയ്ക്കാൻ നിൽക്കാതെ പോകാൻ നോക്ക് സീതേ..
നീ നാളെ രാവിലെ ഇങ്ങ് വന്നേക്കണേ..
ആ പലഹാരമെല്ലാം നീ വന്നിട്ട് വേണം തുറന്നു കൊടുക്കേണ്ടവർക്കെല്ലാം കൊടുക്കാൻ.."
രുഗ്മിണി വിഷയം മാറ്റാൻ എന്നവണ്ണം പറഞ്ഞു.
സീത ലക്ഷ്മി അത്ര ഇഷ്ടപ്പെടാത്ത മട്ടിൽ അവിടെ നിന്നും പുറത്തേയ്ക്ക് പോവുകയും ചെയ്തു.
ആശാലതയുടെ മുഖത്ത് അത്ര തെളിച്ചമൊന്നും കാണാഞ്ഞിട്ട് ഭാനുമതിയമ്മ തിരിഞ്ഞു അശോകനെ നോക്കി.
"നീ എന്താ ആശേ അങ്ങോട്ട് ഇറങ്ങി വരാതിരുന്നത്.
നിനക്ക് അത്രയ്ക്ക് തല വേദനയുണ്ടോ."
അശോകൻ അവളുടെ നെറ്റിയിൽ കൈവച്ചു നോക്കി.
"ചൂടൊന്നുമില്ല.. ആകെ ടയേഡ് ആയതിന്റെയാ. ഒന്നുറങ്ങിയെണീൽക്കുമ്പോമാറിക്കോളും..
ഞങ്ങൾ ഇറങ്ങട്ടെ മോളേ..
നിനക്ക് വയ്യെങ്കിൽ നീ താഴേയ്ക്ക് വരേണ്ട.."
അശോകൻ യാത്ര പറഞ്ഞശേഷം പുറത്തേക്കിറങ്ങി.
"അമ്മ പോയിട്ട് വരട്ടെ മോളേ.. നാളെയോ മറ്റന്നാളോ സമയം പോലെ നിങ്ങൾ അങ്ങോട്ട് വരില്ലേ.."
ഭാനുമതിയമ്മ അവളുടെഇരു കൈകളും കവർന്നു കൊണ്ട് പറഞ്ഞു.
വരുമെന്നോ, വരില്ലെന്നോ തിരിച്ചറിയാൻ പറ്റാത്ത വിധം ആശാലത അമ്മയെ നോക്കി തലയാട്ടി.
"സന്തോഷമായിരിയ്ക്ക്..
എല്ലാവരോടും എങ്ങിനെ പെരുമാറണമെന്നൊന്നും നിനക്ക് ആരുപറഞ്ഞു തരേണ്ടല്ലോ... രതീഷ് പുറത്തുണ്ട്. അവനോട് ഞങ്ങൾ പറഞ്ഞോളാം. നീ വിശ്രമിച്ചോ.."
ഭാനുമതിയമ്മ, താൻ പുറത്തേയ്ക്ക് ചെല്ലുന്നത് നോക്കി അശോകൻ നിൽക്കുന്നത് കണ്ടു.
"പോട്ടെ ആശേ.."
അവർ രണ്ട് പേരും തനിച്ചായപ്പോൾ വൃന്ദ പറഞ്ഞു.
ആശാലത അവൾക്ക് മുൻപിൽ മുഖം കുനിച്ചു നിൽക്കുകയായിരുന്നു.
വൃന്ദ തന്റെ വലതുകയ്യുയർത്തി ചൂണ്ട് വിരൽ ആശയുടെ താടിയ്ക്ക് താഴെ തൊട്ട് അവളുടെ മുഖമുയർത്തി.
ആശാലതയുടെ കണ്ണിൽ രണ്ട് നീർത്തുള്ളികൾ അവൾക്ക് കാണാൻ കഴിഞ്ഞു.
"കരയുവാണോ നീ..
എന്തിനാ മോളേ.."
വൃന്ദ അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തതും ആശാലത വൃന്ദയെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു.
"മോളേ.."
വൃന്ദയുടെ വിളി ആശാലതയുടെ മനം പൊട്ടി ഉതിർന്നു വന്ന തേങ്ങലിന്റെ ഒച്ചയിൽ മുങ്ങിപ്പോയി.
ആ കൊച്ച് പെൺകുട്ടിയെ എന്ത് പറഞ്ഞാശ്വസിപ്പിയ്ക്കണം എന്ന് വൃന്ദയ്ക്ക് അറിയുമായിരുന്നില്ല.
വൃന്ദ അവളെ തന്നോട് ചേർത്തു പിടിച്ചു തേങ്ങലിന്റെ ഉലച്ചിൽ തീരുംവരെ ആശാലതയുടെ പുറം തഴുകി കൊടുത്തുകൊണ്ടിരുന്നു.
(തുടരുo)
രചന :: അനി പ്രസാദ്
, #📔 കഥ #📖 കുട്ടി കഥകൾ #📙 നോവൽ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ