തലസ്ഥാന നഗരിയിൽ ഇനി കായിക മാമാങ്കത്തിന്റെ ഏഴു ദിനങ്ങൾ. 67ാമത് സംസ്ഥാന സ്‌കൂൾ കായിക മേള തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന പ്രൗഡോജ്വല ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ സ്‌കൂൾ കായികമേള ഒളിമ്പിക്‌സ് മാതൃകയിൽ നടത്തുന്നത് ഇത് രണ്ടാം തവണയാണ്. ഇത് ഇന്ത്യയിൽ തന്നെ ആദ്യമാണ്. 20,000 ഓളം സ്‌കൂൾ വിദ്യാർത്ഥികളോടൊപ്പം 2,000 ഭിന്നശേഷി കുട്ടികളും ഇത്തവണ മേളയിൽ പങ്കെടുക്കുന്നു. ഗൾഫ് മേഖലയിൽ നിന്നും 35 കുട്ടികളും മേളയുടെ ഭാഗമാവുകയാണ്.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. 20,000-ത്തോളം കായികതാരങ്ങളും ഒഫീഷ്യലുകളും അധ്യാപകരും ഭാഗമാകുന്ന മേള, കേവലം മത്സരമല്ല, കായിക കേരളത്തിന്റെ മഹത്തായ സാംസ്‌കാരിക സംഗമമാണ്. 41 കായിക ഇനങ്ങളിലായി, 12 സ്റ്റേഡിയങ്ങളിൽ കുട്ടികൾ വേഗതയുടെയും കരുത്തിന്റെയും പുതിയ ചരിത്രമെഴുതാൻ തയ്യാറെടുക്കുകയാണ്. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ലഭിക്കുന്നത് മുഖ്യമന്ത്രിയുടെ 117.5 പവന്റെ സ്വർണ്ണക്കപ്പാണ്.
ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ വിദ്യാർത്ഥികൾക്ക് ആശംസ അറിയിച്ചു.
മലയാളികളുടെ പ്രിയ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ബ്രാൻഡ് അംബാസിഡറായ മേളയുടെ ഗുഡ്വിൽ അംബാസിഡർ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ കീർത്തി സുരേഷാണ്. മേളയുടെ തീം സോങ്ങാണ് മറ്റൊരു പ്രത്യേകത. തീം സോങ്ങിന്റെ ഗാനരചനയും സംഗീത സംവിധാനവും ആലാപനവും പൂർണ്ണമായും നിർവ്വഹിച്ചത് പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളാണ്.
കായിക മേളയുടെ ദീപശിഖ മുൻ ഫുട്‌ബോൾ താരം ഐ എം വിജയനും ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവുമായ എച്ച് എം കരുണപ്രിയയും സംയുക്തമായി തെളിയിച്ചു. തുടർന്ന് ഇന്ത്യൻ ബാസ്‌ക്കറ്റ്‌ബോൾ ജൂനിയർ ടീം അംഗം അദ്ധീന മറിയം സ്‌കൂൾ ഒളിമ്പിക്‌സ് പ്രതിജ്ഞ വായിച്ചു.
#keralagovernment #kerala
കേരളത്തെ രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം ആയി നവംബർ ഒന്നിന് പ്രഖ്യാപിക്കുകയാണ്.
ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതികളിൽ ഉൾപ്പെടാതെ പോയ അതിദരിദ്രരെ കണ്ടെത്തി, അവരെ അതിജീവനത്തിന് സഹായിക്കുന്ന സമഗ്രമായ പദ്ധതിയാണ് കേരള സർക്കാർ നടപ്പാക്കുന്നത്.
എന്താണ് അതിദാരിദ്യ നിർമ്മാർജനം, നമ്മൾ അതെങ്ങനെ നേടി തുടങ്ങിയ സംശയങ്ങൾ ഇപ്പോഴുമുണ്ടോ ?
ഈ വീഡിയോ കണ്ടുനോക്കൂ....
#keralagovernment #extremepovertyeradication #thudarunnamunnettam #kerala
വരുന്ന നവംബർ ഒന്നിന്, കേരളപ്പിറവി ദിനത്തിൽ, കേരളം ഒരു ചരിത്രനേട്ടം കൈവരിക്കുകയാണ്. കേരളത്തെ രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം ആയി അന്ന് പ്രഖ്യാപിക്കുകയാണ്.
ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതികളിൽ ഉൾപ്പെടാതെ പോയ അതിദരിദ്രരെ കണ്ടെത്തി, അവരെ അതിജീവനത്തിന് സഹായിക്കുന്ന സമഗ്രമായ പദ്ധതിയാണ് കേരള സർക്കാർ നടപ്പിലാക്കുന്നത്.
ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കി, ജനകീയ പങ്കാളിത്തത്തോടെ നടത്തിയ സർവേയിലൂടെ 64,006 അതിദരിദ്ര കുടുംബങ്ങളെയാണ് കണ്ടെത്തിയത്. 2021 ജൂലൈ മുതൽ 2022 ജനുവരി വരെ നീണ്ടുനിന്ന പ്രവർത്തനങ്ങളിലൂടെ ഈ പ്രക്രിയ പൂർത്തിയാക്കി.
ഓരോ കുടുംബത്തിന്റെയും പ്രശ്നങ്ങളും ആവശ്യകതകളും പ്രത്യേകമായി പരിഗണിച്ച്, അവരെ നിലവിലുള്ള അവസ്ഥയിൽ നിന്ന് കരകയറ്റാൻ സഹായിക്കുന്ന സൂക്ഷ്മതല പദ്ധതികളായ മൈക്രോ പ്ലാനുകൾ രൂപീകരിച്ചു. 'അവകാശം അതിവേഗം' പദ്ധതിയിലൂടെ കൈവശാവകാശ രേഖകൾ, പാചകവാതക, വൈദ്യുതി കണക്ഷനുകൾ എന്നിവ അതിവേഗം ലഭ്യമാക്കി. ലൈഫ് ഭവന പദ്ധതിയിൽ 11,340 അതിദരിദ്ര കുടുംബങ്ങളെ പുതുതായി ഉൾപ്പെടുത്തി. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും കൂട്ടായ പ്രവർത്തനം വഴി ചികിത്സാ സഹായം, കൗൺസലിംഗ്, വൊക്കേഷണൽ ട്രെയിനിംഗ് ഉൾപ്പെടെയുള്ള സേവനങ്ങൾ ഉറപ്പാക്കുന്നു. അവസാനത്തെ മനുഷ്യനും ക്ഷേമം ഉറപ്പാക്കാനും അന്തസ്സുള്ള ജീവിതം ലഭ്യമാക്കാനുമുള്ള ഈ പദ്ധതി, നവകേരള നിർമ്മിതിയിലേക്കുള്ള പ്രധാന ചുവടുവെയ്പ്പാണ്. കൂട്ടായ പ്രവർത്തനത്തിലൂടെ അതിദാരിദ്ര്യ #kerala ത്തെ അതിജീവിക്കുകയാണ് നാം!
#keralagovernment #extremepovertyeradication #thudarunnamunnettam #keralano1
തിരുവനന്തപുരത്തെ മലയോരമേഖലയായ അമ്പൂരി ജനതയുടെ ഏറെ നാളത്തെ സ്വപ്നമായ കുമ്പിച്ചല്‍ക്കടവ് പാലം യാഥാര്‍ഥ്യത്തിലേക്ക്.
11 ആദിവാസി മേഖലകളെ ജീവിതത്തിന്റെ പൊതുധാരയിലേക്ക് അടുപ്പിക്കുന്നതാണ് പാലം. കിഫ്ബി ഫണ്ടില്‍ നിന്ന് 24 കോടി 71 ലക്ഷം രൂപ ചെലവിലാണ് പാലം നിര്‍മ്മാണം.
സംസ്ഥാനത്ത് ഒരു നദിക്കു കുറുകേ ഏഴു സ്പാനുകളോടുകൂടി നിര്‍മ്മിക്കുന്ന ഏറ്റവും നീളം കൂടിയതും വലിപ്പമുള്ളതുമായ പാലമാണ് അമ്പൂരിയില്‍ നിര്‍മിച്ചിരിക്കുന്നത്. പാലത്തിൽ 8 മീറ്റർ റോഡും ഇരുവശവും നടപ്പാതയുമുണ്ട്.
പ്രകൃതി സൗന്ദര്യവും നിർമ്മാണചാതുരിയും ഒത്തിണങ്ങിയ പാലം പൂര്‍ത്തിയാകുന്നത്തോടെ ബ്രിഡ്ജ് ടൂറിസം സാധ്യതകളും പരിഗണനയിലാണ്.
#keralagovernment #kumbichalkadavu #amboori #kerala
വിഷൻ 2031 ൻ്റെ സെമിനാർ പരമ്പരകളുടെ ഭാഗമായി ന്യൂനപക്ഷക്ഷേമത്തിനും അവകാശ സംരക്ഷണത്തിനും പുതിയ ചർച്ചകൾക്കും ആശയങ്ങൾക്കും വഴിതുറന്ന് നവകേരളവും ന്യൂനപക്ഷ ക്ഷേമവും സെമിനാർ. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ നടന്ന സെമിനാർ നവീന ആശയങ്ങളാൽ സമ്പന്നമായി.
സെമിനാറിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളും ആശയങ്ങളും ഭാവി വികസന പദ്ധതികളുടെ രൂപീകരണത്തിനായി ഉപയോഗപ്പെടുത്തുമെന്ന് സെമിനാറിന്റെ ക്രോഡീകരണം നടത്തി ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. കേരളത്തിൻ്റെ തനതായുള്ള സാംസ്കാരിക പാരമ്പര്യവും നാം പടുത്തുയർത്തിയ തത്വങ്ങളും ന്യൂനപക്ഷങ്ങൾക്ക് പിന്തുണ ഉറപ്പാക്കുന്നുണ്ട്. ഓരോ പദ്ധതിയും വകുപ്പ് രൂപീകരിക്കുന്നതും നടപ്പിലാക്കുന്നതും കൃത്യമായ പരിശോധനയിലൂടെയാണ്. പദ്ധതിയുടെ തുടർപ്രവർത്തനങ്ങളിലും ശ്രദ്ധ ചെലുത്തിയാണ് മുന്നോട്ടുപോകുന്നത്.
ന്യൂനപക്ഷ വിഭാഗങ്ങളിലെയും സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളിലെയും പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്ത് നവകേരള സൃഷ്ടിക്കായി ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവെച്ചു.
#vision2031 #kerala
സംസ്ഥാനത്തെ പ്രീ സ്കൂൾ വിദ്യാഭ്യാസം ഏകീകരിക്കണമെന്നതടക്കമുള്ള നിർദ്ദേശങ്ങളോടെ വനിതാ ശിശു വികസന വകുപ്പിന്റെ സംസ്ഥാനതല സെമിനാർ തിരൂരിൽ നടന്നു. നാലു വേദികളിലായി സമാന്തരമായി നടന്ന പാനൽ ചർച്ചയിൽ നിന്നുരുത്തിരിഞ്ഞ നിർദേശങ്ങൾ ക്രോഡീകരിച്ച് സമാപന വേദിയിൽ വനിതാ ശിശു വികസന മന്ത്രി വീണാ ജോർജ് അവതരിപ്പിച്ചു.
ലഹരി വിമുക്തമാക്കാൻ കുട്ടികൾക്കായി ഡീ അഡിക്ഷൻ സെന്റർ തുടങ്ങണം, കൗമാരക്കാർക്കായി അഡോളസെന്റ് ക്ലബ്ബുകൾ രൂപീകരിക്കണം, ജോലിയ്ക്ക് പോകുന്ന മാതാപിതാക്കളുടെ മക്കൾക്കായി പകൽ വീടുകൾ ആരംഭിക്കണം, അങ്കണവാടികളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തി പരിഷ്കരിക്കണം തുടങ്ങി വിപുലമായ നിർദേശങ്ങളാണ് സെമിനാറിൽ ഉയർന്നു വന്നത്. ഭരണ, നേതൃപരമായ മേഖലകളിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പു വരുത്തണമെന്നും സ്ത്രീ സംരഭങ്ങൾ സാങ്കേതിക-ശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ടവയാകണമെന്നും അതിനുതകുന്ന സപ്പോർട്ടിങ് സംവിധാനങ്ങൾ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ സീറോ ടോളറൻസ് ഉള്ള സമൂഹമായി മാറണമെന്നും മന്ത്രി പറഞ്ഞു.
#vision2031 #kerala
കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില്‍ പട്ടയം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
1977ന് മുമ്പ് വനഭൂമി കൈവശം വെച്ചു വരുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിയോടെ ഭൂമി പതിച്ചു നല്‍കാന്‍ 1993ലെ ഭൂപതിവ് ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ഭൂമി കൈവശം വെച്ച് #kerala വരുന്നവര്‍ പലവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. ചട്ടപ്രകാരം ഷോപ്പ് സൈറ്റിന് പട്ടയം അനുവദിക്കാന്‍ വ്യവസ്ഥയുണ്ട്.
ഈ സാഹചര്യത്തിലാണ് കൈവശ ഭൂമിയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിന്‍റെ വിസ്തൃതി പരിഗണിക്കാതെ തന്നെ പട്ടയം നല്‍കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയത്.
#cabinetdecisions #keralagovernment #titledeeds
കേരള ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രാവൽ-ലിറ്റററി ഫെസ്റ്റിവെൽ ആയ 'യാനം' ഒക്ടോബർ 17, 18, 19 തീയതികളിൽ വർക്കല ക്ലിഫിലെ രംഗകലാകേന്ദ്രത്തിൽ നടക്കും.
സഞ്ചാര മേഖലയിലെ എഴുത്തുകാരെയും പ്രൊഫഷണലുകളെയും ഒന്നിച്ചെത്തിക്കാൻ 'യാനം' വേദിയൊരുക്കും. സഞ്ചാര സാഹിത്യ മേഖലയിൽ കേരളത്തെ ഒരു പ്രധാന ഡെസ്റ്റിനേഷനായി അടയാളപ്പെടുത്തുകയാണ് ലക്ഷ്യം.
ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള 50ലേറെ പ്രഭാഷകർ ഉൾപ്പെടെ യാത്രകളെ വ്യത്യസ്ത രീതിയിൽ അടയാളപ്പെടുത്തിയ ലോകോത്തര പ്രതിഭകളുടെ സംഗമമായിരിക്കും ഈ പരിപാടി.
#yaanam #keralatourism #kerala