ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/X69rWe9K?d=n&ui=v64j8rk&e1=cഹോസ്പിറ്റലിൽ എത്തിയതും ലക്ഷ്മിക എമർജൻസി വിഭാഗത്തിലേക്ക് ഓടി.
അവിടെയെത്തുമ്പോൾ കണ്ടു.
ഡോക്ടർ അമ്മയെ പരിശോധിക്കുകയാണ്
ഋഷി അമ്മയുടെ അടുത്ത് തന്നെയുണ്ട്.
പെട്ടന്ന് അമ്മക്ക് നെഞ്ചുവേദന ഉണ്ടായി. മേരിച്ചേച്ചിയാ എന്നെ വിളിച്ചു പറഞ്ഞത്.
ഞാൻ അപ്പോൾ തന്നെ ഒരു ഓട്ടോയുമായി ചെന്ന് ഇങ്ങോട്ട് കൊണ്ടുപോന്നു.
ചെറുതായി ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു.ഋഷി പറഞ്ഞു.
ഒന്ന് രണ്ട് ടെസ്റ്റുകൾ നടത്തണം.
ഇന്ന് എന്തായാലും ഇവിടെ കിടക്കട്ടെ,
ഡോക്ടർ പറഞ്ഞു.
ശരി. ഋഷി തലകുലുക്കി.
അവരെ റൂമിലേക്ക് മാറ്റി.
ഇവിടെ കിടന്നാൽ ഒരുപാട് പണമാവില്ലേ ? നമുക്ക് ഗവൺമെന്റ് ഹോസ്പിറ്റലിൽ പോകാം. ജാനകി പറഞ്ഞു.
അതൊന്നും കുഴപ്പമില്ല അമ്മേ.പണമൊക്കെ ഞാൻ കരുതിയിട്ടുണ്ട് ഋഷി പറഞ്ഞു.
ജാനകി അവന്റെ മുഖത്തേക്കു നോക്കി.
തള്ളേ എന്നല്ലാതെ അവൻ വിളിക്കാറില്ല. ചിലപ്പോഴൊക്കെ അതിനോടൊപ്പം ഏതെങ്കിലും തെ * റി പദങ്ങൾ കൂടി വിളിക്കും.
ഇപ്പോൾ അവൻ വിളിച്ചത് അമ്മേ എന്നാണ്.
പണ്ട്, അമ്മേ എന്നും പറഞ്ഞ് കുഞ്ഞ് വായ നിറയെ സംസാരവുമായി അവൻ തന്റെ പിന്നാലെ നടന്നത് ജാനകി ഓർമിച്ചു.
ലക്ഷ്മിക അമ്മയുടെ അരികിലിരുന്നു.
എന്താ അമ്മേ പെട്ടെന്ന് ഇങ്ങനെ വരാൻ? അമ്മ എന്തെങ്കിലും ഭാരമുള്ള ജോലികൾ ചെയ്തുകാണും.
ഇല്ല മോളെ..
വെറുതെ പറയണ്ട. അമ്മയെ എനിക്കറിയില്ലേ,
ജാനകി മൗനമായിരുന്നു.
പറ അമ്മേ, അമ്മ എന്താ ചെയ്തത്.
മോളെ ഗ്യാസിനൊക്കെ എന്ത് വിലയാ, അതുകൊണ്ട് അമ്മ ആ പിന്നാമ്പുറത്ത് കിടന്ന തടികഷ്ണം കൊ**ത്തിക്കീ**റാൻ നോക്കി.ജാനകി തലകുനിച്ചു.
എനിക്കറിയാമായിരുന്നു അമ്മ എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചു വെക്കുമെന്ന്.
അമ്മക്ക് എന്താമ്മേ..എത്ര പറഞ്ഞാലും മനസ്സിലാവില്ലെ.
എന്തെങ്കിലും സംഭവിച്ചു പോയാൽ പിന്നെ എനിക്കാരുണ്ട്? അവളുടെ ശബ്ദം ഇടറി.
ഇനി അമ്മ ഒന്നും ചെയ്യില്ല. ഉറപ്പ്.
ഋഷി അവരുടെ സംസാരം കേട്ടു നിൽക്കുകയായിരുന്നു.
എന്താ സ്നേഹമാണ് അവർക്ക്.
എങ്ങനെയാണ് ഇങ്ങനെ അലിവോടെ, സ്നേഹത്തോടെ ഒക്കെ സംസാരിക്കാൻ കഴിയുന്നത്.
അതേ... അമ്മയുടെ ഇ.സി.ജി എടുക്കാനുണ്ട് . ഒന്ന് രണ്ടു ടെസ്റ്റും എഴുതിയിട്ടുണ്ട്.
ഒരു നേഴ്സ് അകത്തേക്ക് വന്ന് പറഞ്ഞു.
ദാ.. ഈ വീൽ ചെയറിലേക്ക് ഇരുന്നോളൂ കേട്ടോ
അമ്മ വീൽചെയറിലേക്ക് ഇരുന്നു.
ഒരാൾ കൂടെ വന്നാൽ മതി.നേഴ്സ് പറഞ്ഞു.
ലക്ഷ്മിക ബാഗ് കട്ടിലിലേക്ക് വെച്ചു. ഞാൻ വരാം അവൾ പറഞ്ഞു
അവൾ അവർക്കൊപ്പം നടന്നു.
അമ്മയെ അവർ ECG എടുക്കാനായി അകത്തേക്ക് കൊണ്ടുപോയി.
പുറത്ത് ഇരുന്നാൽ മതി കേട്ടോ കഴിയുമ്പോൾ വിളിച്ചേക്കാം. ഒരു നേഴ്സ് ലക്ഷ്മികയോട് പറഞ്ഞു.
ശരി. അവൾ തല കുലുക്കി.
പെട്ടന്നാണ് അവൾ ആ കാഴ്ച്ച കണ്ടത്
എല്ലും തോലുമായ ഒരു മനുഷ്യനെ വീൽചെയറിൽ ഇരുത്തി കൊണ്ടുപോകുന്നു.
അത്... അത്... അച്ഛനല്ലേ??
അവൾ സംശയത്തോടെ പിന്നാലെ പോയി നോക്കി.
വീൽചെയർ ക്യാൻസർ വാർഡിലേക്കാണ് പോകുന്നത്.
രോഗിയെ നേഴ്സ് പിടിച്ച് കട്ടിലിലേക്ക്
ഇരുത്തുകയാണ്.
ഇപ്പോൾ മുഖം നന്നായി കാണാം.
അതെ, അത് അയാൾ തന്നെയാണ്.
മുഖത്ത് കവിളെല്ലുകൾ ഉന്തി നിൽക്കുന്നു.കണ്ണുകൾ കുഴിയിലാണ്
മുടിയെല്ലാം കൊഴിഞ്ഞു പോയിരിക്കുന്നു.
ഇട്ടിരിക്കുന്ന ഷർട്ട് വല്ലാതെ അയഞ്ഞുകിടക്കുന്നു. കഴുത്തിൽ എല്ലുകൾ തെളിഞ്ഞു കാണാം.
കൂടെ ശുശ്രൂഷിക്കാൻ ആളെ നിർത്തിയിരിക്കുന്നതാണെന്ന് തോന്നുന്നു. എന്തായാലും നാല്പത് വയസ്സോളം പ്രായം തോന്നുന്ന ഒരു മനുഷ്യൻ കൂടെയുണ്ട്.
എനിക്ക് ജ്യൂസ് വേണം.അച്ഛൻ അയാളോട് പറയുന്നത് കേട്ടു.
അയാൾ അച്ഛന് ഗ്ലാസിലേക്ക് ജ്യൂസ് പകർന്നു കൊടുത്തു.
വായിലേക്ക് ഒഴിച്ചതും, ബക്കറ്റിനു നേരെ കൈ ചൂണ്ടി.
അയാൾ ബക്കറ്റ് എടുത്തു കൊടുത്തതും അതിലേക്ക് ര ** ക്തം കലർന്ന ജ്യൂസ് ശർദ്ദിച്ചു.
ഓഹ്.. പാവം മനുഷ്യൻ അന്നനാളത്തിൽ
കാൻസർ ആണത്രേ... ശരീരം മുഴുവൻ കാൻസർ സ്‌പ്രെഡ് ആയിട്ടുണ്ട് എന്നാ അറിയാൻ കഴിഞ്ഞത്.
ആ മനുഷ്യനാണെങ്കിൽ എന്തെങ്കിലും തിന്നാനും കുടിക്കാനും ഒക്കെ വലിയ കൊതിയാ . ഒന്നും താഴേക്ക് ഇറങ്ങുന്നില്ല. മറ്റ് ആശുപത്രിയിൽ നിന്നൊക്കെ ഉപേക്ഷിച്ചതാ.
ഇവിടേക്ക് ഇടക്ക് വരും, ഇനി ഒന്നും ചെയ്യാനില്ല..
ഇങ്ങനത്തെ അവസ്ഥയൊന്നും ആർക്കും വരാതെ ഇരിക്കട്ടെ.
രണ്ട് സ്ത്രീകൾ സംസാരിക്കുന്നത് ലക്ഷ്മിക കേട്ടു.
അവൾ തിരികെ നടന്നു.
തന്റെ മനസ്സിപ്പോൾ ശൂന്യമാണെന്ന് അവൾക്ക് തോന്നി.
സന്തോഷമോ സങ്കടമോ ഒന്നും തോന്നുന്നില്ല.
അച്ഛനെ ഭയമായിരുന്നു. ആ വൃത്തികെട്ട
നോട്ടം. തരം കിട്ടുമ്പോഴൊക്കെ അയാൾ തന്നെ കീഴ്പ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.
എന്തോ ഭാഗ്യം കൊണ്ട് മാത്രമാണ് പലപ്പോഴും താൻ അയാളിൽ നിന്നും രക്ഷപ്പെട്ടത്.
ഇയാളുടെ സ്വഭാവം കാരണമാണ് അമ്മ ആ**ത്മ** ഹത്യ ചെയ്തത്.
കർമ്മ എന്നൊന്ന് ഉണ്ടെന്ന് ഇപ്പോൾ ബോധ്യമായി.
അമ്മയെ ടെസ്റ്റ് കഴിഞ്ഞു കൊണ്ടുവന്നു.
അവരോടൊപ്പം അവൾ റൂമിലേക്ക് നടന്നു.
എനിക്കൊരു കുഴപ്പവും ഇല്ല. നമുക്ക് വീട്ടിൽ പോകാം. ജാനകി പറഞ്ഞു.
ഇന്നൊരു ദിവസത്തെ കാര്യമല്ലേ അമ്മേ ഉള്ളൂ... നാളെ പോകാമല്ലോ. ഋഷി പറഞ്ഞു
ജാനകി പിന്നെ ഒന്നും പറഞ്ഞില്ല.
മോൾക്ക് ഇത് എന്ത് പറ്റി എന്താ മുഖം വല്ലാതെ ഇരിക്കുന്നത്? ജാനകി മൗനമായിരിക്കുന്ന ലക്ഷ്മിയോട് ചോദിച്ചു.
ഹേയ്.. ഒന്നൂല്ല അമ്മേ.
അതൊന്നുമല്ല,എന്റെ മോളുടെ മുഖത്തെ ചെറിയ മാറ്റം പോലും എനിക്കറിയാം . എന്താ പറ്റിയത്? അമ്മയ്ക്ക് എന്തെങ്കിലും സംഭവിക്കുമെന്ന് ഓർത്താണോ. എനിക്ക് ഒന്നും പറ്റില്ല.അങ്ങനെയൊന്നും ഞാൻ പോകില്ല ജാനകി പറഞ്ഞു.
ലക്ഷ്മിക അമ്മ പറഞ്ഞുതൊന്നും കേട്ടില്ലെന്ന് ഋഷിക്ക് തോന്നി.
അവൾ മറ്റേതോ ചിന്തയിൽ മുഴുകിയിരിക്കുകയാണ്.
ലക്ഷ്മികേ... ഋഷിയുടെ വിളികേട്ട് അവൾ തലയുയർത്തി നോക്കി.
എന്താ പറ്റിയത്? നിന്റെ മനസ്സ് ഇവിടെ അല്ലെന്നു തോന്നുന്നു. നീ ഓക്കെ അല്ലേ?
ലക്ഷ്മിക അവന് നേരെ വിശ്വാസം വരാത്തതുപോലെ നോക്കി.
ഇങ്ങനെയൊക്കെ സംസാരിക്കാൻ ഋഷിക്ക് അറിയാമായിരുന്നോ.
എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ പറ.
ഋഷി അവളോട് പറഞ്ഞു.
ജാനകി അവനെത്തന്നെ നോക്കി കിടന്നു.
അവന്റെ വാക്കുകൾ ഇപ്പോൾ ഒരു മൃദുത്വമുണ്ട്.
എന്താടോ പറ്റിയത്? അവൻ വീണ്ടും ചോദിച്ചു.
അയാൾ കാൻസർ വാർഡിൽ കിടപ്പുണ്ട്.
ലക്ഷ്മിക പതിയെ പറഞ്ഞു.
ആര്?
എന്റെ അച്ഛൻ. ഇപ്പോൾ അമ്മയെയും കൊണ്ടുപോയപ്പോൾ ഞാൻ കണ്ടു, ക്യാൻസർ വാർഡിലേക്ക് അയാളെ കൊണ്ടുപോകുന്നത്.
ഋഷി അൽപനേരം മൗനമായിരുന്നു.
നിനക്ക് അയാളെ പോയി കാണണമെന്നുണ്ടോ? ഋഷി ചോദിച്ചു.
വേണ്ട എനിക്ക് കാണണ്ട.
ഉം..
അവൾ അങ്ങനെ പറഞ്ഞെങ്കിലും അവളുടെ മനസ്സ് അശാന്തമാണെന്ന് അയാൾക്ക് തോന്നി.
ഉച്ചക്ക് ഭക്ഷണം കഴിച്ച് കൊണ്ടിരുന്നപ്പോൾ ലക്ഷ്മിക വെറുതെ ഭക്ഷണത്തിൽ വിരലുകൾ ഇട്ട് ഇരിക്കുകയാണ്.
അവളുടെ മനസ്സ് മറ്റെവിടെയോ ആണെന്ന് അവർക്കു മനസ്സിലായി.
മോളെ നീ എന്താ ഈ ആലോചിക്കുന്നത്? ഭക്ഷണം കഴിക്ക്. ജാനകി പറഞ്ഞു.
പെട്ടന്ന് അവൾ ഒന്ന് ഞെട്ടിയത് പോലെ അവർക്ക് തോന്നി.
അവൾ ഭക്ഷണം കഴിക്കാൻ തുടങ്ങി.
അപ്പോഴാണ് നേഴ്സ് വീണ്ടും കയറി വന്നത്.
ദാ..ആഹാരശേഷം ഈ ടാബ്‌ലറ്റ് കഴിക്കണം കേട്ടോ.
ശരി. ജാനകി തലയാട്ടി.
സിസ്റ്റർ ടെസ്റ്റിന്റെ റിസൾട്ട് എപ്പോഴാണ് ആകുന്നത്? ഋഷി ചോദിച്ചു.
റിസൾട് ആയാരുന്നു കേട്ടോ. അതിൽ കുഴപ്പമൊന്നും ഇല്ല. ബാക്കി കാര്യങ്ങൾ നാളെ ഡോക്ടർ പറയും.
ശരി.
ജാനകി അമ്പരന്ന് അവനെ തന്നെ നോക്കി.
എന്തൊരു ഉത്തരവാദിത്തത്തോടെയാണ് അവന്റെ പെരുമാറ്റം.
ഇത്ര പെട്ടന്ന് ഒരു മനുഷ്യന് മാറാൻ ആകുമോ?
ആകുമായിരിക്കും. പിന്നെ
പ്രായത്തിന്റേതായ ഒരു പക്വതയും ആയല്ലോ.
എന്തോ ഇപ്പോൾ മനസ്സിന് ഒരാശ്വാസം ഒക്കെ തോന്നുന്നുണ്ട്.
ഭക്ഷണശേഷം, മരുന്നും കഴിച്ചിട്ട് ജാനകി കിടന്നു.
പതിയെ കണ്ണുകൾ അടച്ചു.
ഉച്ചക്ക് അൽപ്പം ഉറങ്ങുന്ന ശീലമുണ്ട് ജാനകിക്ക്.
ഋഷി ഫോണിൽ നോക്കികൊണ്ടിരിക്കുകയാണ്.
അവൻ ഇടക്ക് ലക്ഷ്മികയുടെ നേർക്ക് പാളി നോക്കി.
അവൾ ഗഹനമായ ആലോചനയിലാണ്.
ലക്ഷ്മികേ...അവൻ വിളിച്ചു
ങ്ഹാ.. അവൾ തലയുയർത്തി.
നിനക്ക് അച്ഛനെ കാണണോ?
വേണ്ട.
ഒന്ന് പോയി കാണാം. ഒരുപക്ഷെ നിന്നെ കാണാൻ അയാൾക്ക് ആഗ്രഹമുണ്ടാകും.
അവൾ അതിനു മറുപടിയൊന്നും പറഞ്ഞില്ല.
വരൂ.. ഇപ്പോൾ അമ്മ ഉറങ്ങുവല്ലേ, നമുക്കൊന്ന് പോയി കണ്ടേച്ചും വരാം.
അയാൾ അവളുടെ കൈയ്യിൽ പിടിച്ചു.
അവൾ എതിരൊന്നും പറഞ്ഞില്ല.
അവർ ചെല്ലുമ്പോൾ അയാൾ ബക്കറ്റിലേക്ക്
ര ** ക്തവും പഴുപ്പും കലർന്ന വെള്ളം തുപ്പുകയാണ്.
എപ്പോഴും അയാൾ അങ്ങനെ തുപ്പിക്കൊണ്ടിരിക്കും.
അവൾ മുന്നിൽ ചെന്ന് നിന്നപ്പോൾ അയാൾ മുഖമുയർത്തി നോക്കി
പെട്ടന്ന് അയാളുടെ
കുഴിയിലാണ്ടു പോയ കണ്ണുകളിൽ നീർ നിറഞ്ഞു.
മെല്ലിച്ച കൈകൾ അവളുടെ നേരെ കൂപ്പി, മാപ്പ്.... ആ വായിൽ നിന്നും വ്യക്തമല്ലെങ്കിലും വാക്കുകൾ അടർന്നു വീണു.ചെയ്തു കൂട്ടിയ തെറ്റിന്റെ ഫലമാണ്..എനിക്കറിയാം
അയാൾ തലകുനിച്ചു.
അവൾ ഒന്നും മിണ്ടിയില്ല.
അയാൾ അവളുടെ നേരെ കൈയ് നീട്ടി.
അവൾ അനങ്ങിയില്ല.
നിരാശയോടെ അയാൾ കൈ പിൻവലിക്കാൻ തുടങ്ങിയതും അവൾ ആ കൈകളിൽ പിടിച്ചു.
അയാളുടെ വരണ്ട ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
അവൾ തിരിഞ്ഞു നടന്നു.
കൂടെ ഋഷിയും
വൈകുന്നേരം അവൾ കാന്റീനിൽ പോയി ചായ വാങ്ങിക്കൊണ്ട് വന്ന വഴിയാണ് രണ്ടുമൂന്ന് പേർ കാൻസർ വാർഡിലേക്ക് ഓടുന്നത് കണ്ടത്.
അവൾ അങ്ങോട്ട് ചെന്നു നോക്കി.
അച്ഛന്റെ മുഖത്തേക്ക് വെളുത്ത തുണി വലിച്ചിടുകയാണ് ഒരു സിസ്റ്റർ.
മരിച്ചത് നന്നായി, എത്രയെന്നു പറഞ്ഞാ ഇങ്ങനെ കിടന്ന് അനുഭവിക്കുന്നത്. ആരോ പറയുന്നത് അവൾ കേട്ടു.
അവൾക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.
കാലം അതിന്റെ നീതി നടപ്പാക്കിയിരിക്കുകയാണ്..
എങ്കിലും അവൾ അല്പസമയം കൂടെ അങ്ങനെ തന്നെ നിന്നു.
വരൂ... പോകാം. പെട്ടന്ന് ഋഷി അവളുടെ കൈയിൽ പിടിച്ചു.
ഋഷി ഇവിടെ ഉണ്ടായിരുന്നോ, ഇതിപ്പോൾ എവിടെ നിന്നും വന്നു.അവൾ അയാളുടെ നേരെ നോക്കി.
എനിക്ക് തോന്നി ലക്ഷ്മിക ഇങ്ങോട്ട് പോന്നിട്ടുണ്ടാകും എന്ന്..
അവൾ അകത്തേക്കു നോക്കി.
ഇനി അങ്ങോട്ട് നോക്കണ്ട, ആ കഥ അവസാനിച്ചിരിക്കുകയാണ്. വരൂ... അയാൾ അവളുടെ തോളിൽ പിടിച്ചു.
എന്തിനെന്നറിയാതെ അവൾക്ക് പെട്ടന്ന് കരച്ചിൽ വന്നു.
അവൾ അയാളുടെ തോളിലേക്ക് മുഖം അമർത്തിനിന്നു.
🍀🍀🍀🍀🍀🍀
പിറ്റേന്ന് പത്തുമണി ആയപ്പോഴേക്കും ഡോക്ടർ റൂമിലേക്ക് വന്നു.
ഡോക്ടർ റിസൾട്ട് പരിശോധിച്ചു.
ഇതിൽ കുഴപ്പം ഒന്നുമില്ല കേട്ടോ.
ഭാരമുള്ള എന്തെങ്കിലും വസ്തുക്കൾ എടുക്കുകയോ, ആയാസമുള്ള എന്തെങ്കിലും ജോലി ചെയ്യുകയോ ചെയ്‌തോ? ഡോക്ടർ ആരാഞ്ഞു.
ഉവ്വ്... ഡോക്ടർ, അമ്മ കണ്ണ് തെറ്റിയാൽ എന്തെങ്കിലും ഒക്കെ ജോലി ചെയ്യും.ലക്ഷ്മിക പറഞ്ഞു.
ചെറുതായിട്ട് ജോലി ഒക്കെ ചെയ്‌തോട്ടെ, ഭാരം എടുക്കരുത്.
അറിയാമല്ലോ രണ്ടു തവണ അറ്റാക്ക് സംഭവിച്ചതാണ്. അതുകൊണ്ട് കരുതലോടെ ജീവിക്കണം.
മരുന്നുകൾ മുടക്കരുത്.
ശരി.ജാനകി തലയാട്ടി
വേറെ കുഴപ്പമൊന്നും ഇല്ല. ഇന്ന് ഡിസ്ചാർജ് ചെയ്തേക്കാം.
ഡോക്ടർ പറഞ്ഞു.
ഉച്ചയായപ്പോഴേക്കും അവർ വീട്ടിൽ തിരിച്ചെത്തി.
ഇന്നിനി ഭക്ഷണം ഒന്നും ഉണ്ടാക്കണ്ട ഞാൻ പുറത്ത് നിന്നും വാങ്ങിക്കാം.
രണ്ടാളും കിടന്ന് ഒന്നുറങ്ങ്.
ഇന്നലെ ശരിക്കും ഉറങ്ങാൻ ഒന്നും പറ്റിയില്ലല്ലോ. ഋഷി പറഞ്ഞു.
വേണ്ടാ.. പുറത്തെ ആഹാരമൊന്നും അമ്മക്ക് നല്ലതല്ല.
ഞാൻ ഇച്ചിരെ ചെറുപയർകഞ്ഞി ഉണ്ടാക്കാം അത് മതി. ലക്ഷ്മിക പറഞ്ഞു.
എന്നാൽ അത് മതി.
ഞാൻ എന്നാൽ പോയേക്കുവാ.. വർക്‌ഷോപ്പിൽ വേറെ ഒരു പയ്യനെ ആക്കിയിട്ടാ പോന്നത്. അവന് അത്ര പണിയൊന്നും വശമില്ല.
അയാൾ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി.
ലക്ഷ്മിക പെട്ടന്ന് അവന്റെ കൈകളിൽ പിടിച്ചു.
ഇന്ന് പോകണ്ട ഋഷി.. അവളുടെ ശബ്ദം നേർത്തിരുന്നു.
പറഞ്ഞറിയിക്കാനാവാത്ത എന്തൊക്കെയോ നൊമ്പരങ്ങൾ അവളുടെ ഉള്ളിൽ ഉണ്ടെന്ന് അയാൾക്ക് തോന്നി.
ഒരുപക്ഷേ അച്ഛന്റെ ആ ദയനീയ രൂപവും മരണവും ഒക്കെ കണ്ടത് കൊണ്ടാകാം...
അയാൾ അവളെ ചേർത്തു പിടിച്ചു.
ആ നെറ്റിയിൽ അയാൾ ചുണ്ടുകൾ അമർത്തി.
അത് മതിയായിരുന്നു അവൾക്ക്,
കാർമേഘമൊഴിഞ്ഞ ആകാശം പോലെ അവളുടെ മനസ്സ് ശാന്തമാകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.
അങ്ങോട്ട് വന്ന ജാനകി അവരുടെ നിൽപ്പ് കണ്ട് ചമ്മലോടെ മുറിയിലേക്ക് തിരിച്ചു പോയി.അവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു.
തന്നെ പുണർന്നിരിക്കുന്ന അയാളുടെ കൈകൾക്ക് മുറുക്കം കൂടിയപ്പോൾ ലക്ഷ്മിക മുഖമുയർത്തി അയാളെ നോക്കി.
അപ്പോൾ എന്നോട് സ്നേഹം ഉണ്ടല്ലേ? അയാൾ ചോദിച്ചു.
ഇത്തിരി.. അവൾ പറഞ്ഞു.
അപ്പോൾ ആ സന്ദീപിന്റെ കാര്യം പറഞ്ഞതോ?
അവൻ അവിടെ നിൽക്കട്ടെ, ഈ ആൾ ഇനിയും തെമ്മാടി ആയാൽ അവനെ കെട്ടാമല്ലോ. അവൾ ചിരിയോടെ പറഞ്ഞു.
അമ്പടീ... അവൻ അവളുടെ മൂക്കിൽ പിടിച്ചുലച്ചു.
സന്ദീപിന്റെ കല്യാണമാണ് അടുത്ത മാസം. ഞാൻ അയാളോട് പറഞ്ഞിരുന്നു
എനിക്ക് സ്വന്തമായി ഒരുവനുണ്ട്, അവനെ ചിലപ്പോൾ വേണ്ടെന്ന് വച്ചേക്കാം,എങ്കിലും മറ്റൊരാളെ കൂടെ കൂട്ടുന്നില്ലെന്ന്.
അതെന്താ ?
ഭയമാണ്.. ഋഷി.
എനിക്ക് അച്ഛനെ ഭയമായിരുന്നു. ഋഷിയെ ഭയമായിരുന്നു. എനിക്കെല്ലാവരെയും ഭയമാണ്...
അയാൾ അലിവോടെ അവളെ നോക്കി.
ഇനി ഞാൻ വേദനിപ്പിക്കില്ല ഒരിക്കലും...
അയാളുടെ ശബ്ദം ഇടറിയിരുന്നു.
ഇനിയെങ്കിലും നമുക്ക് ജീവിക്കണം.
ഒരു കുഞ്ഞുവീട്... നമ്മുടെ അമ്മ...
നമ്മുടെ ചെറിയ സന്തോഷങ്ങൾ... ഒക്കെയായി നമുക്ക് ജീവിക്കണം അയാൾ പറഞ്ഞു..
ഒന്ന് കൂടെ ഉണ്ട്...
എന്താ... നമ്മുടെ കുറേ കുഞ്ഞുങ്ങൾ...
കുറേയോ???
ഉം...
എന്നാൽ അങ്ങനെയാവട്ടെ...
മനസ്സിൽ അങ്ങനൊരു സ്വപ്നം കണ്ട് അവൾ അയാളുടെ മാറിൽ ഒതുങ്ങി നിന്നു.
ഏറെ സ്നേഹത്തോടെ തന്റെ പെണ്ണിന്റെ നിറുകിൽ അവൻ ചുംബിച്ചു.
🍀🍀🍀അവസാനിച്ചു 🍀🍀🍀
കണ്ണൂർകാരൻ ❤️❤️❤️❤️ #📙 നോവൽ #📔 കഥ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ