@thanseel161
@thanseel161

Thanseel ✔️

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 🏃🏃🏃🏃

കോഴി ജീവിതം. ശ്രുതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ഉള്ളിലൊരു പരവേശം. ഇന്ന് പ്രസവം കഴിഞ്ഞെന്ന് ആരോ വിളിച്ചു പറഞ്ഞിരിക്കുന്നു. നേരം വെളുക്കും മുന്‍പെ അമ്മയെ വിളിച്ചറിയിച്ചിരിക്കുന്നു. അജിയേ... രാവിലെ വാര്‍ഡിലോട്ട് മാറ്റൂത്രേ , എന്തേലും കുറച്ച് ഫ്രുട്ട്സ് വാങ്ങണം അല്ലേടാ.. അമ്മയുടെ അഭിപ്രായം എന്നോടാണെങ്കിലും പാതി മയക്കത്തില്‍ ഞാനൊന്നും മിണ്ടിയില്ല . അജിയേ.... നീ ഒന്ന് എണീറ്റേടാ... വല്ലോം കഴിച്ചിട്ട് ആശുപത്രീല്‍ പോണം , ശ്രുതി പ്രസവിച്ചു, പെണ്‍കൊച്ചാ.... ശ്രുതി പ്രസവിച്ചത് അമ്മ ഇരുപത് പ്രാവശ്യം ആവര്‍ത്തിക്കണോ... രാവിലെ മുതല്‍ കേട്ടോണ്ടിരിക്കല്ലേ... ഞായറാഴ്ചയല്ലമ്മേ ചേട്ടന്‍ ഉറങ്ങിക്കോട്ടെ നമ്മുക്ക് പോയേച്ചും വരാം . അനിയത്തിയുടെ അഭിപ്രായം മാനിക്കാറില്ലെങ്കിലും ആ അഭിപ്രായം ഞാന്‍ ശരിവച്ചു. ഒന്ന് പോ പെണ്ണെ.. നിന്‍റെ കൂടെ വന്ന് ബസ്സേലും തൂങ്ങി അവിടെ എത്തിയാല്‍ ഞാനും കൂടി കിടക്കേണ്ടി വരും ആശുപത്രിയില്‍. അവന്‍റെ വണ്ടിയേല്‍ പോയി വേഗം തിരിച്ചു വരാലോ... ബൈക്കിലുള്ള യാത്രയ്‌ക്ക് വേണ്ടിയാണീ പുത്ര സ്നേഹം. പിടിച്ച പിടിയില്‍ അമ്മ നിന്നു . എന്നാ പിന്നെ ആശുപത്രീല്‍ എത്തിക്കാന്‍ ഞാനും സമ്മതിച്ചു. എന്‍റെ മുഖപുസ്തകത്തിലെ മുഖമില്ലാത്ത കൂട്ടുകാരിയോട് കാര്യം പറഞ്ഞപ്പോള്‍ അവളും അമ്മയുടെ പക്ഷം. സത്യത്തില്‍ ശ്രുതി വിജയന്‍ ആരാണെന്നും എനിക്ക് ആരായിരുന്നെന്നും ഞാന്‍ പറഞ്ഞിരിക്കുന്നത് മുഖമില്ലാത്ത ആ കൂട്ടുകാരിയോട് മാത്രമായിരിക്കും. ഒന്നാം ക്ലാസ്സില്‍ പല അപരിചിത മുഖങ്ങളില്‍ അവള്‍ മാത്രമാണ് എന്നോട് പുഞ്ചിരിച്ചത്. എന്താ പേര് എന്ന് എന്നോട് ചോദിച്ചപ്പോള്‍ അജിക്കുട്ടന്‍ എന്ന് ഞാന്‍ മറുപടി പറഞ്ഞു. എന്നില്‍ നിന്നും മറുചോദ്യം അവള്‍ പ്രതീക്ഷിച്ചും ഞാന്‍ ചോദിക്കാതിരുന്നപ്പോള്‍ അവള്‍ പറഞ്ഞു എന്‍റെ പേര് ശ്രുതി വിജയന്‍. അവള്‍ മാത്രമായിരുന്നു കൂട്ടുകാരി. അവളുടെ കൈ പിടിച്ചു മാത്രം നടത്തം. അവളോടൊപ്പം ഉച്ചക്കഞ്ഞി. ചിലപ്പോള്‍ അവള്‍ കൊണ്ടുവരുന്ന ചില്ലറ തുട്ടു കൊണ്ട് വാങ്ങിക്കുന്ന മിഠായി. മുനയൊടിഞ്ഞ പെന്‍സിലുകള്‍. സ്ലേറ്റ് മായ്ക്കാന്‍ അവള്‍ കൊണ്ടുവരുന്ന മഷിതണ്ടുകള്‍ എല്ലാം എനിക്കും കൂടിയായിരുന്നു. തിരിച്ച് നല്‍കാന്‍ എന്‍റെ കൈയ്യില്‍ വറുത്ത പുളിങ്കുരു മാത്രമേ ഉണ്ടായിരുന്നുള്ളൂ , അതവള്‍ക്ക് വളരേ ഇഷ്ടമായിരുന്നു. ഒന്നു രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഞാനൊരു ആണ്‍കുട്ടിയും അവളൊരു പെണ്‍കുട്ടിയും ആണെന്ന ബോധം വന്നു. ആണ്‍കുട്ടികള്‍ ആണ്‍കുട്ടികളോട് കൂട്ടുകൂടണമെന്ന അലിഖിത നിയമം മനസ്സിലായി തുടങ്ങി . അവളോട് മിണ്ടാതായി, അപരിചിതരോ, അല്ലെങ്കില്‍ മറ്റു പെണ്‍കുട്ടികളെ പോലെ വെറുമൊരു സഹപാഠിയായി. വര്‍ഷങ്ങള്‍ അതിവേഗം കടന്നു പോയി, പത്താം ക്ലാസ്സിലെ ശ്രുതി ആകെ മാറി, ഇത്തിരി തടിയും വടിവൊത്ത ശരീരവും വെളുത്ത നിറവും, കവിളും എല്ലാം കൊണ്ടും ആരും നോക്കിപോകുന്ന സുന്ദരിക്കുട്ടിയായി അവള്‍ മാറി. അന്നും തടിയും പൊക്കവും ഇല്ലാത്ത ഞാന്‍ ഫസ്റ്റ് ബെഞ്ചില്‍ ഓരം ചേര്‍ന്നിരുന്നു. അവളറിയാതെ അവളെ നോക്കുക എന്നതായിരുന്നു എന്‍റെ രീതി. അവളെങ്ങാനും തിരിച്ചു നോക്കിയാല്‍ ഒരാഴ്ച ആ വഴിക്ക് കണ്ണ് ചലിക്കാതിരിക്കും. ചിലപ്പോള്‍ മനസ്സില്‍ അവളോട് പ്രണയം തോന്നിയതാവാം, പക്ഷേ അതാണെന്ന് അവളറിഞ്ഞാലുള്ള പ്രതികരണത്തെ എനിക്ക് ഭയമായിരുന്നു. പണ്ട് കൈ പിടിച്ചു നടന്ന അവളെ ഞാന്‍ തന്നെ അകറ്റിയത് ഇന്നൊരു വിങ്ങലായി തോന്നി. എന്തിന് അവളെ ഭയപ്പെട്ടു അല്ലെങ്കില്‍ അവളോടുള്ള ഇഷ്ടം പുറത്തുകാണിക്കാമായിരുന്നു എന്ന് ഇന്ന് നിസ്സാരമായി തോന്നുമ്പോള്‍ അന്നത്തെ എനിക്ക് അതൊരിക്കലും ഉള്‍ക്കോള്ളാന്‍ പറ്റണമെന്നില്ല. പത്താം ക്ലാസ്സില്‍ അവള്‍ മിന്നുന്ന വിജയം കാഴ്ച വച്ചപ്പോള്‍ എന്‍റെ കണ്ണിനു മാത്രം മിന്നാന്‍ പാകത്തില്‍ ഞാനും ജയിച്ചു കേറി. പത്ത് കഴിഞ്ഞാല്‍ എന്ത് പഠിക്കാം എന്നു പോലും ധാരണയില്ലാത്ത ഞാന്‍ പല കോഴ്സുകളുടേയും ഫുള്‍ഫോം അറിയാതെ നടന്നു . പത്ത് കഴിഞ്ഞു, ഇനി പ്ലസ് ടൂ, എല്ലാവരും അങ്ങനെ ആണെങ്കില്‍ പിന്നെ അങ്ങനെ ആവട്ടെ. പ്ലസ് വണ്ണിന് അപേക്ഷ നല്‍കാന്‍ പോയപ്പോള്‍ വീണ്ടും അവളെ ഞാന്‍ കണ്ടു. എതാ സബ്ജക്റ്റ്. അവള്‍ ചോദിച്ചു പ്ലസ് വണ്‍... അതല്ല. സബ്ജറ്റ്. ശ്രുതി ഏതാ... സയന്‍സ്. ശരി. എന്നാ പിന്നെ സയന്‍സ് എന്ന് ഞാനും കരുതി. അവളെ പോലെ തൊണ്ണൂറന്‍ മാര്‍ക്കുകാര്‍ക്ക് മാത്രമാണത്രെ അവിടുത്തെ സയന്‍സ് . അവരുടെ ഉപദേശ പ്രകാരം ഞാന്‍ കൊമേഴ്സ് എന്ന സബ്ജകറ്റ് തെരഞ്ഞെടുത്തു. പള്ളിപ്പടിയില്‍ നിന്നും ഞാന്‍ ബസ്സ് കയറി തൊട്ട അടുത്ത സ്റ്റോപ്പില്‍ നിന്നും അവളും അതേ ബസ്സില്‍ കയറും. രാവിലത്തെ തിരക്കില്‍ ചിലപ്പോള്‍ കാണാനേ പറ്റില്ല. പക്ഷേ വൈകുന്നേരം ആളൊഴിഞ്ഞ ബസ്സില്‍ അവളെ നോക്കിയിരിക്കും. അവളുടെ നല്ല മനസ്സ് കൊണ്ട് അവളൊരിക്കലും തിരിഞ്ഞു നോക്കില്ല. ബസ്സ് ഇറങ്ങി കഴിഞ്ഞാല്‍ പിന്നോട്ട് നോക്കാതെ അവള്‍ നടക്കും, വെയിലോ മഴയോ ആണെങ്കില്‍ കുട ചൂടും. പലപ്പോഴും നേരെ മുന്നില്‍ ചെന്നു പെട്ടാല്‍ അവള്‍ ഒന്നു ചിരിക്കും തിരിച്ച് ഞാനും . ഒരു വര്‍ഷം കഴിഞ്ഞു, നാട്ടുകാരുമൊത്തം ആധാര്‍ എടുക്കണമെന്ന നിയമം വന്നു. സ്കൂള്‍ വരാന്തയില്‍ എങ്ങും നീണ്ട വരികള്‍. കൂട്ടുകാരന്‍റെ ബൈക്കില്‍ സ്കൂള്‍ വരെ ചെന്ന് ഞാനും ആധാറിന് ഫോട്ടോയ്ക്ക് പോസ് ചെയ്തു. തിരിച്ചിറങ്ങാന്‍ നേരം ഒരു വിളി. അജി..... ഞാന്‍ തിരിഞ്ഞു നോക്കും മുന്‍പേ അവള്‍ മുന്നില്‍ എത്തി. ടാ അജീ... ട്യൂഷന് ലേറ്റ് ആയെടാ. ഒന്ന് ട്യൂഷന്‍ സെന്‍റര്‍ കൊണ്ടു വിടെടാ. ബസ്സ് നോക്കി നിന്നാല്‍ വൈകും ഞാന്‍. ഞാന്‍ സമ്മതം കൊടുത്തില്ല, ലൈസന്‍സ് ഇല്ലെന്ന് പറഞ്ഞില്ല അതിന് മുന്‍പേ അവള്‍ പിറകില്‍ കയറിയിരുന്നു. അവളുടെ ബാഗ് എടുത്ത് ഞങ്ങള്‍ക്ക് നടുവില്‍ വച്ചു. അവള്‍ നന്ദി പറഞ്ഞിരിക്കാം, അതോ റ്റാറ്റാ പറഞ്ഞതാണോ ഒന്നും വ്യക്തമായില്ല. അന്ന് വീണ്ടും ഉള്ളില്‍ പ്രണയം തോന്നി . എങ്ങനെ എങ്കിലും അവളോട് സംസാരിക്കണം ഇഷ്ടം തുറന്ന് പറയണം. പക്ഷേ അവളെ കണ്‍മുന്നില്‍കണ്ടാല്‍ ചങ്കിടിക്കും അവള്‍ ചിരിച്ചാല്‍ മനസ്സ് മാഞ്ഞുപോകും. ആയിടയ്ക്കാണ് രാഹുലിനെ സുഹൃത്തായി കിട്ടിയത്. അവനാണെങ്കില്‍ അവളുടെ ക്ലാസ്സിലും. അവനിലൂടെ പറഞ്ഞാലോ എന്ന് പല വട്ടം ആലോചിച്ചു. അത് അഭിമാന പ്രശ്നമായതിനാല്‍ രഹസ്യമായി തന്നെ ഞാന്‍ പ്രണയിച്ചു ഒന്നാന്തരം വണ്‍ സൈഡ് ലൗ. എന്‍റെ അമ്മ ആണെങ്കില്‍ അവളുടെ വീട്ടിലായിരുന്നു സ്ഥിരം ജോലിക്ക് പോയിരുന്നത്. വര്‍ഷങ്ങളുടെ പരിചയം കൊണ്ട് ഒരു ജോലിക്കാരി എന്നതിലുപരി അവിടുത്തെ ഒരു അംഗം പോലെയായിരുന്നു എന്‍റെ അമ്മ. ഒരു ദിവസം വൈകുന്നേരം തിരിച്ചുള്ള യാത്രയില്‍ മുന്‍വാതില്‍ ചേര്‍ന്നുള്ള സീറ്റീല്‍ ഞാനിരുന്നു. മിന്നുന്ന ഇളം റോസാപ്പൂ നിറത്തിലുള്ള ചൂരിദാറില്‍ അവള്‍. ഇറങ്ങാന്‍ നേരം സ്റ്റെപ്പില്‍ ഷോള്‍ പിണഞ്ഞു നിന്നു കുറച്ച് റോസ് നൂലും ഒരു മിന്നും അവിടെ ബാക്കിയായി. പിറ്റേന്ന് അമ്മ പണി കഴിഞ്ഞ് വന്നിട്ട് അടുക്കള മൊത്തം എന്തോ തിരഞ്ഞു നടന്നു . കാര്യം അന്വേഷിച്ചപ്പോഴാണ് പറഞ്ഞത്. ശ്രുതി കുഞ്ഞിന് ഒരു പാറ്റയെ വേണം , അവള്‍ക്ക് അതിനെ ഓപ്പറേഷന്‍ ചെയ്ത് പഠിക്കാനുണ്ട് പോലും. പല സ്ഥലത്തും കണ്ടിരുന്ന പാറ്റ ഒക്കെയും സ്ഥലം വിട്ടിരിക്കുന്നു. അന്ന് രാത്രി ദൈവമായിട്ട് ഒരു വഴി കാണിച്ചു തന്നു. പൂജാമുറിയില്‍ ദൈവത്തിന് പിന്നില്‍ ഒളിച്ച ഒരു പാറ്റയെ ഞാന്‍ പൊക്കി. പ്രത്യേകം തയ്യാറാക്കിയ ബെഡ്ഡില്‍ കിടത്തി . റബ്ബര്‍ ബാന്‍റ് കൊണ്ട് ബന്ധിച്ചു. ചെറിയൊരു കടലാസ്സ് തുണ്ടില്‍ ഐ ലവ് യു എന്നെഴുതി ചുരുട്ടി പാറ്റയുടെ പിന്നിലൂടെ വയറ്റിലോട്ട് കയറ്റി. പ്രത്യേക ഭക്ഷണവും നല്‍കി അതിന് ഉറങ്ങാനുള്ള കൂട്ടില്‍ കൊണ്ടിട്ടു. രാവിലെ സ്കൂള്‍ എത്തിയപ്പോള്‍ അവള്‍ പിന്നാലെ വന്നു വിളിച്ചൂ. ഞാന്‍ സന്തോഷപൂര്‍വ്വം എന്‍റെ ഹംസത്തെ അവള്‍ക്ക് കൈമാറി. ഉച്ച ഭക്ഷണം കഴിഞ്ഞ് രാഹൂലിനെ കണ്ടപ്പോള്‍ അവന്‍റെ പാറ്റ ഓപ്പറേഷനെ കുറിച്ച് ചോദിച്ചു . അതേയ് ഇന്ന് ലാബില്‍ ഒരു സംഭവം ഉണ്ടായി. എന്ത് ?.... ഞാന്‍ ചോദിച്ചു . രാകേഷിന്‍റെ പാറ്റയുടെ വയറ്റില്‍ ഒരു പ്രേമലേഖനം. രാകേഷിന്‍റേയോ... ഇവള്‍ അതെന്തിന് അവന് കൊടുത്തു . വീണ്ടും അടുത്ത ചൊവ്വാഴ്ച അവള്‍ പാറ്റയുടെ ഓര്‍ഡര്‍ കൊടുത്തു വിട്ടു. ഇത്തവണ ചുവന്ന മഷിയില്‍ പ്രണയം എഴുതി വയറ്റിലേക്ക് തിരുകി . പിറ്റേന്ന് രാഹുല്‍ വന്ന് പറഞ്ഞു ശശാങ്കന്‍റെ പാറ്റയുടെ വയറ്റില്‍ പ്രേമലേഖനം കിട്ടിയെന്ന്. അടുത്ത തവണ എല്ലാവരും തനിയെ പാറ്റയെ ബോധം കെടുത്തണം എന്നാണ് സാറ് പറഞ്ഞിരിക്കുന്നത് . ഇതുവരെയും എല്ലാവരും പാറ്റയെ ഒന്നിച്ച് ഒരു ടാങ്കില്‍ നിക്ഷേപിച്ച് എടുക്കുകയായിരുന്നു. അപ്പോള്‍ അറിയാലോ പ്രേമലേഖനം ആരുടെ പാറ്റയുടെ അസുഖം ആണെന്ന്. വീണ്ടും അടുത്ത ചൊവ്വാഴ്ച സ്ഥിരം പരിപാടി തിരുകി കയറ്റി ഞാനവള്‍ക്ക് പാറ്റയെ നല്‍കി. പാറ്റയുടെ വയറ്റില്‍ നിന്നും കണ്ട കുറിപ്പ് ആരും കാണാതെ അവള്‍ മാറ്റി വച്ചു. ആര്‍ക്കാണ് കത്ത് കിട്ടുക എന്നറിയാന്‍ എല്ലാവരും ആകാംഷയില്‍ ആയിരുന്നൂത്രേ.. വൈകുന്നേരം ഒരു നോട്ടം മാത്രം നോക്കി . അതില്‍ നിന്നും എനിക്ക് മനസ്സിലായി കത്ത് അവള്‍ക്ക് ലഭിച്ചിരിക്കുന്നു. അടുത്ത ഞായറാഴ്ച അവളുടെ മഞ്ഞ സ്കൂട്ടിയില്‍ മഞ്ഞ ധാവണിയില്‍ കതിരു വിളഞ്ഞ് മഞ്ഞളിച്ച പാടത്തിന് നടുവിലൂടെ അവള്‍ എന്‍റെ വീട് ലക്ഷ്യം വച്ചു വരുന്നത് ഞാന്‍ കണ്ടു. ഒരങ്കലാപ്പിനും ഇടവരുത്താതെ അടുക്കള വാതില്‍ വഴി ഞാന്‍ പുഴയോരത്തേക്ക് ഓടി. വന്നയുടനെ അവള്‍ അന്വേഷിച്ചതും എന്നെ ആയിരുന്നു . അഞ്ജുവിന്‍റെ പ്രായത്തേക്കാള്‍ വളര്‍ന്ന നാവില്‍ നിന്നും എന്നെ കൊച്ചാക്കാനുള്ളത് മാത്രമേ വീഴാറുള്ളു. വിളിച്ചു കയറ്റി സല്‍ക്കരിച്ചിരുത്തിയത് എന്‍റെ മുറിയില്‍. ചുമരിലാണെങ്കില്‍ അന്നത്തെ നായികമാര്‍ ഗോപികയും നവ്യയും കാവ്യയും നിറഞ്ഞു നില്‍ക്കുന്നു . ഇത് അവന്‍റെ സീറ്റ്‌. ചുമരില്‍ തൂക്കിയ ബൈക്കിന്‍റെ സീറ്റ് കവര്‍ കാണിച്ച് അഞ്ജു പറഞ്ഞു. സീറ്റോ.... ആന്നേ.., ചേച്ചി അന്നാള് ബൈക്കില്‍ കയറിയില്ലായിരുന്നോ ആ ബൈക്കിന്‍റെ സീറ്റ്. ഈ സീറ്റ് തിരിച്ച് കൊടുക്കാത്തതിന് ഒരു യുദ്ധം വരെ നടത്തി അവന്‍റെ കൂട്ടുകാരന്‍. അവളുടെ കണ്ണ് ഒന്നൂടെ വിടര്‍ന്നിരിക്കാം. ഇത് പാറ്റയെ ഓപ്പറേഷന്‍ ചെയ്യാന്‍ നിര്‍മ്മിച്ച പ്രത്യേക ഓപ്പറേഷന്‍ തീയേറ്ററും ഒരു കൂടും. അവള്‍ക്ക് ചിരി പൊടിഞ്ഞു. ദേ ഈ ബോക്സിലാണ് നിധി. നിധിയോ.... അവള്‍ ഒരു കുഞ്ഞു ബോക്സ് തുറന്നു കാണിച്ചു, രണ്ടു കഷ്ണം നൂലും ഒരു മിന്നും. ചേച്ചീടെ ചുരിദിറിന്‍റെ നൂലാ... ഓര്‍മ്മയുണ്ടോ.. ഇനിയും വിടര്‍ത്താന്‍ അവളുടെ ഉണ്ടകണ്ണിനാവില്ല. നിന്‍റെ ചേട്ടന് പ്രാന്താണോ....? ഉം... ഒരു പ്രത്യേക തരം പ്രാന്ത്. നേരം ഇരുട്ടി വീട്ടിലെത്തിയ എന്നോട് എന്‍റെ ശവക്കുഴി ഒരുക്കിയ കാര്യം അഞ്ജു രസകരമായി വിവരിച്ചു. കാലം പാഞ്ഞങ്ങു പോയി. അവള്‍ എഞ്ചിനീയറിങ്ങും കഴിഞ്ഞ് വളര്‍ന്നു. ഫോണില്‍കൂടെ ഇടയ്ക്ക് മെസ്സേജ് അയച്ച് എന്‍റെ പ്രണയം ഞാന്‍ വാടാതെ സൂക്ഷിച്ചു. കുടുംബശ്രീയില്‍ നിന്നും അമ്മയ്ക്ക് കിട്ടിയ പത്ത് കോഴികുഞ്ഞുങ്ങള്‍ക്ക് തീറ്റ കൊടുത്തിരിക്കണ നേരത്താണ് ശ്രുതിയും അവളുടെ അച്ഛനും കാറില്‍ വന്നിറങ്ങുന്നത്. മുണ്ടഴിച്ച് ബഹുമാനം കാണിക്കാന്ന് വച്ചാല്‍ കീറിയ മുന്‍വശം അവളും കാണും. ഇത്തിരി ഗമയില്‍ ബഹുമാനം പൊടിക്ക് കുറച്ച് തന്നെ നേരിട്ടു. ഇനി എന്തൊക്കെ നേരിടാനിരിക്കുന്നു. അജിയേ .... എന്തു പറയുന്നു. സുഖം ... അവളുടെ അച്ഛനെ ഞാന്‍ എന്ത് വിളിക്കാന്‍ , ഒന്നും വിളിച്ചില്ല. ശ്രുതി എപ്പോ വന്നു. ഒരാഴ്ചയായി. അജിയേ .. അവള്‍ക്ക് ബാഗ്ലൂരില്‍ ഒരു ജോലിയും ശരിയായി. അമ്മ അവര്‍ക്ക് ചായ എടുത്തു . അജി എന്തു ചെയ്യുന്നു. അതിപ്പോ .... പത്ത് കോഴി കുഞ്ഞുങ്ങള്‍ ഉണ്ട്, പരുന്തിന്‍റേം കാക്കേടേം ശല്യം പറയേ വേണ്ട. കണ്ണ് തെറ്റിയാല്‍ റാഞ്ചികൊണ്ട് പോകും. അതല്ല, ഭാവി പരിപാടിയാ ഞാന്‍ ഉദ്ദേശിച്ചത്. ഒരു ഭാവിയും തിരുമാനിക്കാത്ത ഞാന്‍ ആ നിമിഷം കോഴിയില്‍ തന്നെ പിടിച്ചു നിന്നു . കോഴിയെ വിറ്റ് പത്ത് കാശ് ഉണ്ടാക്കണം. ബിസ്സിനസ്സ് തുടങ്ങണം. ആ..... ഈ പത്ത് കോഴികുഞ്ഞിനെ വിറ്റ്..... അല്ലേ... ആ ഞങ്ങള്‍ വന്നത് അവള്‍ക്കൊരു ആലോചന, ആലോചന എന്നല്ല ഉറപ്പിച്ച മട്ടാ. പയ്യന് നല്ല ജോലിയും നല്ല കൂലിയും ഉണ്ട്. അജിക്ക് വല്ല എതിര്‍പ്പും ഉണ്ടോന്നറിയാനാ ഞങ്ങള്‍ വന്നത്. മോള് അങ്ങനെ പറഞ്ഞായിരുന്നു. അപ്പൊ എന്‍റെ കല്യാണം തിരുമാനിക്കാനല്ല വന്നതെന്ന് എനിക്ക് മനസ്സിലായി . കുറ്റം പറയാനാവില്ല അവള് സമ്പാദിച്ചു തുടങ്ങാന്‍ പോകുന്നു , ഞാന്‍ കോഴിക്ക് തീറ്റ കൊടുത്തു നടക്കുന്നു. സന്തോഷല്ലേയുള്ളൂ... അല്ലേ അമ്മേ.. ഞാന്‍ രംഗത്തില്‍ നിന്നും ഒഴിവായി. അവള് കല്യാണം കഴിഞ്ഞ് പോയി. പത്ത് കോഴിയെ വിറ്റ് കുറച്ച് കൂടെ കോഴിയെ വാങ്ങി ,പത്ത് നൂറായി നൂറ് ആയിരമായി. വര്‍ഷം രണ്ട് കഴിഞ്ഞപ്പോള്‍ പുരയിടം ആകെയും കോഴി ഫാം കൊണ്ട് നിറഞ്ഞു . നാട്ടിലെ തന്നെ വലിയൊരു ചിക്കന്‍ സപ്ലയറായി ഞാന്‍ മാറി. ആയിടയ്ക്കാണ് ഒരു മുഖമില്ലാത്ത കൂട്ടുകാരിയെ ഫേസ്ബുക്കില്‍ ലഭിച്ചത്. എന്തു പറഞ്ഞാലും സമാധാനത്തോടെ അവള്‍ മൂളി കേള്‍ക്കും . പല മുഖമില്ലാത്തവരും കബളിപ്പിക്കുകയാണെന്ന് അറിയാമെങ്കിലും അവളെ ഞാന്‍ വിശ്വസിച്ചു . ഈ കഥകള്‍ അവളോട് മാത്രം ഞാന്‍ പറഞ്ഞു. അവളുടെ നിര്‍ദ്ദേശം കൂടിയുള്ളതിനാലാണ് ഞാന്‍ ഇന്ന് ആശുപത്രിയിലേക്ക് പുറപ്പെട്ടതും. നല്ല കുറച്ച് പഴങ്ങളും വാങ്ങിച്ചോളാന്‍ അവളു പറഞ്ഞു. ശ്രുതിയും തുണിയില്‍ പൊതിഞ്ഞ ഇത്തിരിയില്ലാത്ത പൊടികുഞ്ഞും ചുറ്റിലും കുറേ ആള്‍ക്കാരും. ഇത് ഉണ്ണിയേട്ടന്‍റെ അമ്മ, ഇത് ഇളയമ്മ, ഇത് അശ്വതി ഇളയമ്മയുടെ മോളാ.... ഇത്... ഉണ്ണി വന്നില്ലേ... ഉണ്ണി ഗള്‍ഫില്‍ പോയിട്ട് ഒരു വര്‍ഷം ആവണേയുള്ളൂ... ഒരു വര്‍ഷായിട്ട് ഗള്‍ഫിലാണെങ്കില്‍ അവളെങ്ങനെ പെറ്റു... അവളെ നോക്കിയപ്പോള്‍ അവള്‍.. ഞാന്‍ അവിടെയായിരുന്നൂ. എനിക്ക് ചിരിവന്നൂ. അമ്മയും അവളുടെ ബന്ധു മിത്രാതികളും കൂടി നല്ല വാചക കസര്‍ത്ത്. ഞാനും ശ്രുതിയും ആ പെണ്‍കൂട്ടിയും വാര്‍ഡില്‍ ബാക്കിയെല്ലാവരും വെളിയില്‍ പോയി. അജിക്ക് ഇവളെ അറിയാമോ... ഇല്ല. പക്ഷേ അവള്‍ക്ക് അജിയെ അറിയാം, അമ്മയെ അറിയാം അഞ്ജൂനെ അറിയാം. അതാരാ... വേറാരാ... നിന്‍റെ കദന പ്രണയ കഥകള്‍ കേള്‍ക്കുന്ന അശ്വതി അച്ചു എന്ന മുഖമില്ലാത്തവള്‍. മാത്രമല്ല ഇപ്പോ ഇവിടെ നടന്നത് ഒരു പെണ്ണുകാണലും കല്യാണം ഒറപ്പിക്കല്‍ ചടങ്ങും കൂടെയാണ്. അവള്‍ വീണ്ടും എന്‍റെ കണ്‍മുന്നില്‍ നിന്നും മെസ്സേജ് അയച്ചു. 'എനിക്ക് ഇഷ്ടായി'. അജിയുടെ നിഷ്കളങ്കമായ മനസ്സിനെ കുറിച്ച് ഞാന്‍ പറഞ്ഞപ്പോള്‍ അവള്‍ക്ക് അജിയോട് ഒരു ആരാധന. ഞാന്‍ പിന്നെ ഇത്തിരി വെള്ളവും വളവും നല്‍കി എന്നേയുള്ളൂ.. അന്ന് എനിക്ക് ശ്രുതിയോട് ഒന്നൂടെ ഇഷ്ടമാണെന്ന് പറയാന്‍ തോന്നി , ഒരു ആത്മാര്‍ത്ഥ സുഹൃത്തെന്ന പോല്‍.. പക്ഷേ ഒന്നും പറഞ്ഞില്ല. അശ്വതി അച്ചു ഇന്ന് അശ്വതി അജിയായി എന്‍റെ പാതിയായി എന്നോടൊപ്പം -ദിലീപ് അടുക്കത്തൊട്ടി #📔 കഥ
00:29 / 3.8 MB
മ്മടെ കൊല്ലം 😍😍 #⛵ കൊല്ലം
അച്ഛൻ...... അച്ഛൻ എന്റെ വിവാഹം ഉറപ്പിച്ചു...... ആരാണെന്ന് പോലും പറഞ്ഞില്ല എന്നോട് എന്തോ എന്നെ കണ്ടു ഇഷ്ടപ്പെട്ടന്ന് എന്താ ആ ചോറ്റുപാത്രത്തിൽ...... ഞാൻ ഇത്രയും സീരിയസായി ഒരു കാര്യം പറയുമ്പോൾ നിന്റെ ശ്രദ്ധ ഇതിൽ ആണോ ശ്രീയുടെ വീട്ടിലേക്ക് പോവുകയാണ് എന്നു പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത് പായസമാണ് പാലട..... നിനക്ക് ഇഷ്ടമല്ലേ അതാ കൂടെ കൊണ്ടു വന്നത് അല്ല എന്താ ഇന്ന് വിശേഷം...... മൂടി തുറന്നു ഞാൻ പായസം അകത്താക്കാൻ തുടങ്ങി കൊള്ളാം പൊളി സാധനം പോയി പോയി എന്റെ കാര്യത്തിൽ ഇപ്പോൾ നിനക്ക് ഒരു ശ്രദ്ധയുമില്ല..... ഇന്ന് എന്റെ പിറന്നാൾ ആണ് അതും നീ മറന്നു........ ശോ..... സോറി ഡാ....... മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദ ഡേ... വെറും വാക്കുകൾകൊണ്ട് പറഞ്ഞാൽ മാത്രം ഞാനെങ്ങനെ സന്തോഷിക്കുന്നത്..... മറന്നു എന്നുള്ളത് സത്യമാണ് അച്ചു അതുകൊണ്ട് ഗിഫ്റ്റ് ഒന്നും വാങ്ങിയില്ല ഞാൻ പോയി എന്തെങ്കിലും...... ഞാൻ അതൊന്നുമല്ല ഉദ്ദേശിച്ചത് നമ്മുടെ കാര്യം അച്ഛനോട് പറയാൻ വേണ്ടി ഇരിക്കുകയായിരുന്നു അതിനിടയിൽ ആണ് ഇങ്ങനെയൊരു സംഭവം....... ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ നമുക്ക് ഒരുമിച്ച് മരിക്കാം....... പകുതി കുടിച്ചുതീർത്ത പായസത്തിലേക്ക് പേടിയോടെ ഞാനൊന്നു നോക്കി.... വിധു പേടിക്കേണ്ട...... ഇപ്പോൾ അതിലൊന്നും ഞാൻ ചേർത്തിട്ടില്ല പക്ഷേ കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കിൽ സത്യമായിട്ടും ഞാൻ എന്തെങ്കിലും ചെയ്യും നീ അബദ്ധം ഒന്നും കാണിക്കരുത്..... എന്തിനും നമുക്കൊരു പരിഹാരമുണ്ടാക്കാം അയ്യടാ..... ഞാൻ ഒറ്റയ്ക്ക് പോകുമെന്നും നീ കരുതണ്ട നിന്നെയും കൊണ്ട് പോകും എനിക്ക് കൂട്ടായി എടി ഭയങ്കരി....... എത്ര നാളായി ഞാൻ പറയുന്നു ഒന്നു വന്നു അച്ഛനോട് സംസാരിക്കാൻ പിന്നെ ഇങ്ങനെയല്ലാതെ ഞാൻ എന്താ ചെയ്യുക ഓരോ പിറന്നാൾ വരുമ്പോഴും ഇപ്പോൾ എനിക്ക് പേടിയാണ് ഓരോ വർഷങ്ങൾ ആണ് കഴിഞ്ഞുപോകുന്നത്........ എന്റെ മോള് വിഷമിക്കേണ്ട വേണ്ടത് ഞാൻ ചെയ്യാം എന്താണെങ്കിലും വേഗം വേണം പെട്ടെന്ന് തന്നെ അല്ലാതെ കല്യാണത്തിന്റെ തലേദിവസം ഒളിച്ചോടാനുള്ള വല്ല പരിപാടിയും ആണെങ്കിൽ എന്നെ നോക്കണ്ട നമ്മൾ രണ്ടു പേർക്ക് വേണ്ടി മൂന്നാമതൊരാളെ വിഷമിപ്പിക്കുന്ന ആ പരിപാടിക്ക് ഞാൻ ഉണ്ടാവില്ല........ പ്രണയം ആണെങ്കിലും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കണമെന്നാണ് അച്ചുവിന്റെ ഏറ്റവും വലിയ ആഗ്രഹം.... മാഷും ടീച്ചറും അവളെ അങ്ങനെയാണ് നോക്കി വളർത്തിയതും ഒറ്റമോൾ ആയതുകൊണ്ടുതന്നെ പിന്നെ അവരെ നോക്കാൻ വേറെ ആരും ഇല്ല എന്നതും ഒരു കാരണമാണ്........ അശ്വതിക്ക് എന്നോടുള്ള സ്നേഹം അവളുടെ കണ്ണിൽ നിന്നും നിറഞ്ഞൊഴുക്കുന്നുണ്ടായിരുന്നു ശോ...... മോശം പിറന്നാൾ കുട്ടി കരയുന്നു......മോശം.... മോശം കണ്ണുതുടച്ച് അച്ചുവിനെ ഞാൻ ചേർത്തുപിടിച്ചു നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു...... അയ്യടാ...... അവൾ എന്നെ തള്ളി താഴെയിട്ടു ഇതൊക്കെ കല്യാണത്തിന് ശേഷം മതി..... എന്നു പറഞ്ഞു ഒരു പുഞ്ചിരിയും കൂടെ തന്നു ഓടിക്കോ കാന്താരി........ സ്വയം വിഷമിക്കും എന്നിട്ട് എനിക്കൊരു സങ്കടം വന്നാൽ സ്വയം എന്തെങ്കിലും തമാശ ഒപ്പിച്ചു കൊണ്ട് സീൻ അവൾ കളർ ആകും....... എന്റെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചു ഞാൻ പോവാ...... നേരത്തിന് കണ്ടില്ലെങ്കിൽ അമ്മ നേരെ ശ്രീ യെ വിളിച്ചു അന്വേഷിക്കും കള്ളം എല്ലാം അമ്മ കയ്യോടെ പിടിക്കും എന്റെ മോൻ ആലോചിച്ച് പെട്ടെന്ന് എന്തെങ്കിലും ചെയ്യ് പേടിക്കണ്ട അച്ഛന് നിന്നെ വലിയ കാര്യമാണ് വേഗം തന്നെ വേണം കേട്ടോ..... ഇടം വലം നോക്കാതെ ചെയ്തിരിക്കും സാർ.... അച്ചു നടന്നകലുന്നത് ഞാൻ നോക്കി നിന്നു ഉമ്മറത്ത് നാലഞ്ച് ആളുകൾ ഇരിപ്പുണ്ട് ഇതാണ് എന്റെ മോള് കയറിച്ചെന്നതും അച്ഛൻ എന്നെ പരിചയപ്പെടുത്തി..... അടുക്കളയിൽ അമ്മ അവിയലും ആയുള്ള ഗുസ്തിയിൽ ആണ്........ നീ ഈ ചായ അവർക്കു കൊണ്ടുപോയി കൊടുക്ക്........ എനിക്കൊന്നും വയ്യ...... എനിക്ക് ഇവിടെ നിന്ന് മാറ്റാൻ പറ്റില്ല അതാണ് അച്ചു നീ കൊണ്ടുപോയി കൊടുക്ക് മോളെ ഇനി ഇത് അതാണോ...... പെണ്ണുകാണൽ... ദൈവമേ..........!! ആ പൊട്ടൻ എവിടെയാണോ എന്തോ...... എന്തായാലും എന്റെ സമാധാനം പോയി ഫോണെടുത്തു വിധുവിനെ വിളിച്ചു മോൻ അവിടെ ആലോചിച്ചിരുന്നോ.... ആമ്പിള്ളേർ വന്നു എന്നെ കെട്ടി കൊണ്ടു പോകും..... എന്താ അച്ചു എന്താ ഇപ്പോൾ പ്രശ്നം പെണ്ണുകാണാൻ ആള് വന്നിട്ടുണ്ട് മണ്ടാ.... ഞാൻ ഫോൺ കട്ട് ചെയ്തു അമ്മ ചായയുമായി അടുത്തെത്തി ഫോൺ സൈലന്റ് ആക്കി ഞാൻ ഫ്രിഡ്ജിന് മുകളിൽ വെച്ചു,,,,,,,, ഒട്ടും ഇഷ്ടം ഇല്ലാതെ ഞാൻ ചായയുമായി അവരുടെ മുന്നിലെത്തി ചായ എടുത്തു കൊടുക്കുന്നതിനിടയിൽ ഒരാൾ എന്നോട് പേരും ചോദിച്ചു..... ഇത് അത് തന്നെ...... മനസ്സിലുറപ്പിച്ചു ഞാൻ അകത്തേക്ക് പോയി..... മുറിയിലിരുന്ന് ഓരോന്ന് കുത്തിക്കുറിക്കാൻ തുടങ്ങി മനസ്സ് ശാന്തമല്ല അതു വരികളിൽ വ്യക്തമാവുന്നുണ്ട്...... അവന്റെ കാര്യം ആലോചിച്ചാണ് സങ്കടം അയ്യോ ഫോൺ......... അതു മറന്നു ഓടിപ്പോയി ബ്രിഡ്ജിനു മുകളിൽ നിന്ന് ഫോണെടുത്തു..... 45 മിസ്ഡ് കോൾ........ ഇന്ന് അവൻ എന്നെ കൊല്ലും....... മുറിയിൽ കയറിയിട്ട് വിളിക്കാം മോളെ അച്ചു....... പുറകിൽ നിന്ന് അച്ഛൻ വിളിച്ചു അവർ ആരാണെന്ന് മനസ്സിലായോ... ഞാൻ പഠിപ്പിച്ചിട്ടുള്ള പിള്ളേരാണ് ഇവിടെ എന്തോ കാര്യത്തിന് വന്നതാണ് വന്നപ്പോൾ എന്നെ കാണാതെ മടങ്ങാൻ പറ്റില്ലെന്ന്,,,,, ഒരു അധ്യാപകന്റെ സംതൃപ്തിയിൽ അച്ഛൻ പുഞ്ചിരിച്ചു..... ഇനിയിപ്പോ അവനോട് എന്തു പറയും എന്ന് ടെൻഷനിൽ ഇനിയിപ്പോൾ വിളിച്ചാൽ നല്ല തെറി കേൾക്കും........ ഏയ്‌ ഇല്ല ഇന്ന് എന്റെ പിറന്നാൾ അല്ലേ കുഴപ്പമൊന്നും ഉണ്ടാകില്ല ഭഗവതി കാത്തോളണേ.... അച്ചു...... നീയെന്താ ഫോൺ എടുക്കാഞ്ഞത് സോറി മറന്നു... ഓ...... ഞാൻ പിറന്നാൾ മറന്നപ്പോൾ മുഖം ബലൂൺ പോലെ വീർപ്പിച്ച് താണ് നീ അപ്പോൾ എല്ലാവർക്കും മറവി ഉണ്ട് അല്ലെ അച്ചു സൈലന്റ് ആയിരുന്നു അതാണ് എന്താ പറഞ്ഞത് നേരത്തെ ഞാൻ വ്യക്തമായി കേട്ടില്ല വണ്ടി ഓടിക്കുകയായിരുന്നു....... ഭാഗ്യം അവൻ ഒന്നും കേട്ടില്ല....... ടെൻഷൻ അങ്ങ് മാറിക്കിട്ടി... ഒന്നുമില്ല കാലത്ത് വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല സങ്കടം ആയെങ്കിൽ സോറി.... ഏയ് കുഴപ്പമില്ല അച്ചു നീ പറഞ്ഞതെല്ലാം ശരിയാണ്..... ശരിയെന്നാ അച്ഛനും അമ്മയും ഉണ്ട് ഇവിടെ നാളെ അമ്പലത്തിൽ വച്ച് കാണാം..... ശരി..... അവനെ ആലോചിച്ചു നിന്നാൽ ചിലപ്പോൾ ആർക്കായാലും ഉണ്ടാവും ഒരു ചമ്മൽ പ്രത്യേകിച്ച് ഈ കാര്യത്തിൽ ഞാൻ തന്നെ അച്ഛനോട് നേരിട്ട് പറയാം അതാവും കുറേക്കൂടി നല്ലത്..... ഉമ്മറത്ത് ഒന്നു രണ്ടാളുകൾ സംസാരിക്കുന്നുണ്ട് അച്ഛനോട് ഞാൻ തിരിഞ്ഞു നടന്നു ഇന്ന് വിരുന്നുകാരെ കൊണ്ട് ശല്യം ആണല്ലോ വീട്ടിൽ..... അശ്വതി... മോളെ ഇതെങ്ങനെയുണ്ട് ഈ വെഡിങ് കാർഡ് ഞാൻ പറഞ്ഞില്ലേ ആ പയ്യന് നിന്നെ അത്രയ്ക്ക് ഇഷ്ടമാണ് എന്ന് പിന്നെ എല്ലാവർക്കും അറിയുന്ന ആയതുകൊണ്ട് വിവാഹനിശ്ചയത്തിൽ ഒന്നും താല്പര്യം ഇല്ല എന്ന് പയ്യന്റെ വീട്ടുകാരും പറഞ്ഞു.... ഞാനും സമ്മതിച്ചു....... മോള് പോയി അമ്മയ്ക്ക് ഒന്ന് കാണിച്ചു കൊടുക്ക് പിന്നെ അവളെയും വിളിച്ചു വാ ചെക്കൻ ഉമ്മറത്തു ഇരിപ്പുണ്ട്.... ഒപ്പം നീയും പോരെ പിന്നെ കണ്ടില്ല എന്ന് പരാതി പറയരുത് അച്ഛൻ ചിരിച്ചു കൊണ്ട് പറഞ്ഞു നിർത്തി........... ഞാൻ ഫോൺ എടുത്ത് വിധുവിനെ വിളിച്ചു കാര്യങ്ങളെല്ലാം കൈ വിട്ടു പോവുകയാണ് ഈശ്വരാ........ അവൻ ഫോൺ കട്ട് ചെയ്തു..... ഞാൻ വീണ്ടും വിളിച്ചു..... അതേ ഇനി വന്നു അച്ഛനോട് ചോദിച്ചിട്ട് കാര്യം ഉണ്ടാവുമെന്നു തോന്നുന്നില്ല...... ഞാൻ കാർഡ് തുറന്നു ഡേറ്റ് നോക്കി ഈ മാസം 17ന് എന്റെ വിവാഹമാണ് കുടുംബത്തോടെ വന്നു എന്നെ അനുഗ്രഹിക്കണം ഓഡിറ്റോറിയത്തിൽ വച്ച് നല്ല സദ്യയും ഉണ്ട് വന്നത് നന്നായി കഴിച്ചു പൊക്കോ നിന്നെ കൊണ്ട് അതെ പറ്റൂ...... പാലട ഇല്ല........ നിന്റെ പാലട.......... അല്ല അച്ചു...... പാലട വേണമെന്ന് ഞാൻ നിർബന്ധമായി പറഞ്ഞിട്ടുണ്ടായിരുന്നു...... എന്റെ അച്ചുവിന് അത് ഭയങ്കര ഇഷ്ടമാണ് കാർഡിലെ ഡേറ്റ് മാത്രം നോക്കിയുള്ളൂ അല്ലെ അച്ചു......... ഞാൻ കാർഡ് തുറന്നു പേര് നോക്കി സെക്കൻഡ് പേര് വിഥുൻ വിദ്യാധർ..... എന്റെ വിധു.......... വേഗം തന്നെ ഉമ്മറത്തേക്ക് ഓടി ഉമ്മറത്തിണ്ണയിൽ ഇരുന്ന് അച്ഛനോടൊപ്പം എന്നെ കളിയാക്കി ചിരിക്കുന്ന അവനെയാണ് ഞാൻ കണ്ടത്........ ഹാപ്പി ബർത്ത് ഡേ അച്ചു..... ഞാൻ കല്യാണ സാരിയും മറ്റും അവളെ ഏൽപ്പിച്ചു...... ചെറിയൊരു സർപ്രൈസ് അത്രയ ഉദ്ദേശിച്ചുള്ളൂ..... വിഷമിപ്പിച്ചതിന് സോറി...... മറ്റുള്ളവരെ വിഷമിപ്പിച്ചു നേടുന്ന പുഞ്ചിരിക്ക് അധികം ആയുസ്സ് ഉണ്ടാവില്ല..... Vidhu..... #📔 കഥ
#പെൺമനസ്സ് "ഈ ആവശ്യവും പറഞ്ഞ് സാവിത്രി ചേച്ചി ഇവിടെ വരരുതായിരുന്നു. " "എന്നാലും സുമേ , എത്രയൊക്കെ ആയാലും അവൻ നിന്റെ ഭർത്താവല്ലേ ? ഈ അവസ്ഥയില്ലെങ്കിലും നിനക്കവനോട് ക്ഷമിച്ചൂടെ .മോളേ തെറ്റ് ആർക്കായാലും പറ്റും. അവനൊരു തെറ്റുപറ്റി അത് തിരുത്തി കൊടുക്കേണ്ടത് ഭാര്യയായ നിന്റെ ചുമതലയല്ലേ ? "എനിക്കാണ് തെറ്റുപറ്റിയത് ചേച്ചീ, അങ്ങേരെ ജീവനുതുല്യം സ്നേഹിച്ചു .എന്നിട്ട് എനിക്ക് കിട്ടിയതോ അവഗണനയും കുറ്റപ്പെടുത്തലും മാത്രം. ദിവസം ചെല്ലുന്തോറും കുടി കൂടി വന്നു വീട്ടിൽ വന്നാൽ വായിൽ തോന്നിയതൊക്കെ വിളിച്ചു പറയും. എല്ലാത്തിനും പിരി കേറ്റാൻ അമ്മയും . സഹിക്കാൻ വയ്യാതായപ്പോൾ ഞാൻ തിരിച്ചും പറഞ്ഞു തുടങ്ങി. അപ്പോൾ ദേഹോപദ്രവവും . കെട്ടിയ താലി വരെ കൊണ്ടുപോയി കുടിച്ചു നശിപ്പിച്ചു. എല്ലാം ചേച്ചിക്ക് അറിയാവുന്നതല്ലേ . സുമ നിറഞ്ഞ കണ്ണു തുടച്ചു കൊണ്ട് പറഞ്ഞു. "അവനെ ഞാൻ ന്യായീകരിക്കുന്നതല്ല. മരണത്തിനും ജീവിതത്തിനുമിടയ്ക്കാ അവനിപ്പോൾ മോള് ചെന്നാൽ അവൻ ജീവിതത്തിലേക്ക് തിരിച്ചു വരും" "സഹിക്കാൻ പറ്റാതായപ്പോഴാ ഞാൻ എന്റെ മക്കളെയും കൊണ്ട് ഇറങ്ങിയത്. ഇനിയൊരു തിരിച്ചു പോക്കില്ല.ക്ഷമിച്ചും സഹിച്ചും ഒരു പാട് നിന്നു എന്റെ മക്കൾക്കു വേണ്ടി പക്ഷേ ഉപദ്രവം കൂടിയതല്ലാതെ കുറഞ്ഞില്ല. രണ്ടു പെൺമക്കൾ വളർന്നുവരുന്നത് ഉണ്ടെന്ന് ഓർക്കാതെ അയ്യാൾ കുടിച്ചും കൂത്താടിയും നടന്നു. കണ്ട പെണ്ണുങ്ങളുടെ പുറകെ പോയപ്പോൾ ഞാൻ കാലു പിടിച്ചു കരഞ്ഞു പറഞ്ഞതാ .പക്ഷേ ഒന്നിനും ഒരു മാറ്റവും ഉണ്ടായില്ല എന്നിട്ടും ഞാൻ ക്ഷമിച്ചു. പക്ഷേ അവരെ വീട്ടിൽ കൊണ്ടു വരാൻ തുടങ്ങിയപ്പോൾ പിന്നെ ഞാനെന്തു ചെയ്യണം. എന്റെ മക്കളുടെ മുന്നിൽ വെച്ചും .....പറയാൻ തന്നെ അറപ്പു തോന്നുന്നു ചേച്ചീ. അവളുടെ കണ്ണുകളിൽ വെറുപ്പ് കലർന്നു. "ശരിയാണ് അവൻ ചെയ്തതൊക്കെ തെറ്റ് തന്നെയാണ് പക്ഷേ അപകടം പറ്റി ഒന്നു അനങ്ങാൻ പോലും പറ്റാതെ കിടക്കുന്ന അവനെ നീയല്ലാതെ പിന്നെ ആരാണ് നോക്കുക. ഭവാനി ചേച്ചിക്കാണെങ്കിൽ തീരെ വയ്യ. അവിടെ വരെ ഒന്ന് വന്നില്ലെങ്കിലും പോയ്ക്കൂടെ നിനക്ക് . മക്കളെ എങ്കിലും അവനെ ഒന്ന് കാണിച്ചു കൂടെ . "ഞാനും ഒരു പെണ്ണാണ് ചേച്ചി എനിക്കുമില്ലേ സ്വപ്നങ്ങളും ആഗ്രഹങ്ങളും ജയേട്ടന്റെ കൈയും പിടിച്ച് വലതുകാൽ വച്ച് ആ വീട്ടിലേക്ക് ചെല്ലുമ്പോൾ ഒരു നല്ല ജീവിതം സ്വപ്നം കണ്ടിരുന്നു .പക്ഷേ എല്ലാം നഷ്ടപ്പെട്ടു .മകന്റെ കൊള്ളരുതായ്മകൾ അമ്മയോട് പറഞ്ഞപ്പോൾ അന്ന് ആ സ്ത്രീ പറഞ്ഞത് എന്താണെന്നോ നിന്റെ കഴിവുകേട് കൊണ്ടാണ് എന്റെ മോൻ ഇങ്ങനെ ആയതെന്ന്. അന്നത്തെ ആ സുമ തന്നെയാണ് ചേച്ചി ഞാൻ ഇപ്പോഴും .ഒരു മാറ്റവും വന്നിട്ടില്ല. കഴിവില്ലാത്തവൾ തന്നെയാണ് ഞാനിന്നും. കഴിവുള്ള പെണ്ണുങ്ങൾ ഒരുപാടുണ്ടല്ല കാശു കൊടുത്താൽ ഇഷ്ടം പോലെ കിട്ടും അവരെ കൊണ്ടു വരാൻ പറയണം . എന്നെ കാത്ത് ആരും ഇരിക്കണ്ട ." "മോളേ നീ ഒന്നു കൂടി ചിന്തിക്ക് .നിന്റെ മക്കളെ ഓർത്തെങ്കിലും . നിനക്ക് പ്രായം അധികമൊന്നും ആയിട്ടില്ലല്ലോ അവനോടൊത്ത് ഇനിയും ഒരു ജീവിതം മുന്നിലുണ്ട്. ആ കിടപ്പ് കണ്ടിട്ട് സഹിക്കാൻ പറ്റാഞ്ഞിട്ടാ ഞാൻ ഇവിടെ വരെ വന്നത്. അവൻ ഇനി തെറ്റിലേക്ക് പോവില്ല "സാവിത്രി യാചനാ രൂപത്തിൽ പറഞ്ഞു. "എനിക്ക് കൂടുതലായി ഒന്നും പറയാനില്ല ചേച്ചി അങ്ങേർക്ക് അസുഖമായിട്ട് ഒന്നും അല്ലല്ലോ കള്ളും കുടിച്ച് ബോധമില്ലാതെ വണ്ടി ഓടിച്ച് സ്വയം അപകടം വരുത്തിയതല്ലേ ? പിന്നെ അങ്ങേർക്കൊപ്പം ഇനി എനിക്കൊരു ജീവിത മോ ജീവശ്ചവമായി കിടക്കുന്ന അയ്യാളെ ഇനി എന്തിനു കൊള്ളാം ? അങ്ങനെയൊരു ശവത്തിന്റെ കൂടെ എനിക്ക് ജീവിക്കണ്ട. ആർക്കും വേണ്ടാതായപ്പോൾ മലവും മൂത്രവും കോരാൻ എന്നെ വിളിക്കാൻ അയ്യാളുടെ അമ്മ പറഞ്ഞു വിട്ടതായിരിക്കും. ഞാൻ വരില്ല ചേച്ചിക്ക് പോകാം അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. സാവിത്രി ഒന്നും മിണ്ടാതെ നിന്നു. അവളുടെ ഭാഗത്താണ് ശരിയെന്ന് അവർക്കറിയാമായിരുന്നു. അവർ വീണ്ടും യാചനാ ഭാവത്തിൽ സുമയെ നോക്കി. "പിന്നെ മക്കളുടെ കാര്യം അയ്യാളുടെ പിതൃത്വം എനിക്ക് നിഷേധിക്കാനാവില്ല. എന്നെങ്കിലും എൻറെ മക്കൾക്ക് അച്ഛന് വേണമെന്ന് പറഞ്ഞാൽ ഞാൻ ഒരിക്കലും തടയുകയും ഇല്ല .പക്ഷേ എനിക്കൊരു ജീവിതം ഇനി അയ്യാളുടെ കൂടെയില്ല. അത്രയ്ക്ക് ഗതികേട്ടാണ് ഞാനവിടെ നിന്നും പോന്നത്. ചെറുതാണെങ്കിലും എനിക്ക് ഇപ്പോൾ ഒരു ജോലി ഉണ്ട് മക്കളെ നന്നായി പഠിപ്പിക്കണം അവർക്ക് നല്ലൊരു ജീവിതം ഉണ്ടാക്കി കൊടുക്കണം അത് മാത്രമാണ് ഇനിയെന്റെ ലക്ഷ്യം. എനിക്ക് വന്നത് എന്റെ മക്കൾക്ക് വരരുത്. സ്വന്തം കാലിൽ നിൽക്കാറായാൽ പിന്നെ അവർക്ക് ആരെയും ആശ്രയിക്കേണ്ടി വരില്ലല്ലോ . ചേച്ചി പൊയ്ക്കോളൂ.. ഇനിയും നിന്നിട്ട് കാര്യമില്ലെന്ന് അവർക്ക് മനസ്സിലായി. അവളെ ഒന്നു നോക്കിയിട്ട് സാവിത്രി പടിയിറങ്ങി. സുമയുടെ കണ്ണുകളിൽ തീ ആളി കത്തുകയായിരുന്നു. ഒരിറ്റു കണ്ണുനീർ പോലും അവളിൽ നിന്നും പൊടിഞ്ഞില്ല. അയ്യാൾക്കു വേണ്ടി ഒരുപാട് കണ്ണുനീർ വാർത്തതാണ്. ഇനിയില്ല. ഒരിക്കലും ഒരു തിരിച്ചു പോക്ക് തന്റെ ജീവിതത്തിൽ ഉണ്ടാവുകയും ഇല്ല. അതവളുടെ ദൃഢനിശ്ചയമായിരുന്നു. ശക്തമായ ആ തീരുമാനത്തിൽ നിന്നും വ്യതിചലിക്കാൻ ആ പെൺ മനസ്സിന് ആവില്ലായിരുന്നു.. അനു #📔 കഥ
"ആണുങ്ങളാകുമ്പോ അങ്ങനാ, നീയതൊന്നും കണ്ടില്ല കേട്ടില്ലാന്ന് ഇരുന്നോണം. പണ്ട്, അവന്റെ അച്ഛനും അങ്ങനെയായിരുന്നു. നീയിവിടെ ആദ്യായിട്ടല്ലെ മോളെ, അതിന്റെയാ.." അരി കഴുകുന്നതിന്റെ ഇടയിൽ ഏട്ടന്റെ അമ്മ എന്നോട് പറഞ്ഞു. ഞാൻ അതിശയത്തോടെ അവരുടെ വാക്കുകളെ ശ്രദ്ധിച്ചു. ഇന്നലെ രാത്രിയിൽ മദ്യത്തിന്റെ പുറത്ത് ഏട്ടൻ എന്നെ തെറി വിളിച്ചിരുന്നു. അതിനെ ന്യായീകരിക്കുന്ന മറുപടിയാണ് അമ്മയിൽ നിന്നും വന്നത്. ഞാൻ മറുപടി കൊടുക്കാതെ മൗനത്തോടെ നിന്നതും എന്നോട് ഒരു ചോദ്യം വന്നു. "അല്ല.. നിങ്ങളുടെ വീട്ടില് ആരും കുടിക്കില്ലെ..?" "എന്റെ അച്ഛ കുടിക്കും, പണ്ട്.. പിന്നെ, ഞങ്ങള് വളർന്നപ്പോ കുടി നിർത്തി. പക്ഷേ, ഞങ്ങളെ ആരെയും ഇതുവരെ തെറി വിളിച്ചിട്ടില്ല." മനസിലെ വിഷമം ഒതുക്കികൊണ്ട് ഞാൻ പറഞ്ഞപ്പോൾ ഉറക്കം എഴുന്നേറ്റ് ഏട്ടനും അടുക്കളയിലേക്ക് വന്നു. ഏട്ടനെ കണ്ടതും അവരെന്നെ നോക്കി ചിരിച്ചു. എന്നിട്ട്, എന്നോട് പറഞ്ഞു . "അവന് നിന്നോട് ദേഷ്യയൊന്നുല്ല മോളെ.. വെള്ളത്തിന്റെ പുറത്ത് പറഞ്ഞതാ.. നീയതങ്ങ് ക്ഷമിക്ക്. നിന്റെ കെട്ടിയോനല്ലെ അവൻ..? ഏതായാലും, വേറെ പെണ്ണിനോട്‌ ഒന്നും പോയി പറഞ്ഞില്ലല്ലോ..?" "അമ്മ പറഞ്ഞത് ശരിയാ, ഞാൻ ഒരു ഭാര്യയാ.. എന്നും കരുതി ആയുഷ്ക്കാലം മുഴുവൻ കെട്ടിയോന്റെ തെറി കേൾക്കാൻ വേണ്ടിയല്ല എന്നെ ഇവിടേക്ക് കെട്ടിച്ചയച്ചത്. ഇത്തവണ ഞാൻ ക്ഷമിച്ചു, ഇനിയിത് ആവർത്തിച്ചാൽ എന്റെ സ്വഭാവം മാറും. പിന്നെ, എന്നെപ്പോലെ വേറെ പെണ്ണിനെ പോയി ഈ തെറി വിളിച്ചാൽ വിവരം അറിയും. കൂടുതലൊന്നും ഞാൻ പറയുന്നില്ല." അമ്മയുടെ മുഖത്തു നോക്കി ഞാൻ അത് പറഞ്ഞപ്പോൾ അമ്മ ഉടനെ ഏട്ടനെ ഒന്ന് നോക്കി. ഞാൻ ദേഷ്യത്തോടെ മുറിയിലേക്ക് പോയതും അമ്മ ഏട്ടനോട് പറയുന്നത് കേട്ടു. "അവള് പറഞ്ഞത് നീ കേട്ടല്ലൊ.. പണ്ട് നിന്റെ അച്ഛനോടാ ഞാനിത് പറയേണ്ടിയിരുന്നത്. അന്നെനിക്ക് അതിന് ധൈര്യം ഉണ്ടായിരുന്നില്ല. അതിന്റെ ഫലവാ നീ ഈ കുടിച്ചിട്ട് വിളിക്കുന്ന പച്ച തെറി. ഇന്നിപ്പോ കാലം മാറി മോനേ.. പഴയപോലെ നടക്കാനാ നിന്റെ ഭാവമെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും. ഞാൻ പറഞ്ഞില്ലാന്നു വേണ്ട." "അമ്മേ, അതുപിന്നെ.. ഇന്നലെ ഞാൻ കുറച്ച് ഓവർ ആയിപ്പോയി. ഇനി നോക്കിക്കോളാം." ഏട്ടൻ അമ്മയോട് പറഞ്ഞിട്ട് ഞങ്ങളുടെ മുറിയിലേക്ക് കടന്ന് വന്നു. എന്നിട്ട്, എന്റെ മുഖത്തേക്ക് നോക്കാതെ മടിച്ചുകൊണ്ട് പറഞ്ഞു. "എടി.. നിനക്ക് വിഷമായെങ്കിൽ സോറി, കേട്ടോ.." അത് പറഞ്ഞിട്ട് മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി പോയി. ( വ്യക്തിത്വം പണയം വച്ചുള്ള ഒരു ഉടമ്പടിയല്ല, ദാമ്പത്യം..!അംഗീകരിക്കാനാവാത്ത ചില നടപടികളോട് പ്രതികരിക്കുക തന്നെ വേണം. നിങ്ങൾ അഹങ്കാരിയെന്നോ, അധികപ്രസംഗിയെന്നോ മുദ്ര ചാർത്തപ്പെട്ടേക്കാം. പക്ഷേ, വ്യക്തിഹത്യ നടത്തുന്ന സംഭാഷണ രീതികളോട് നിങ്ങളുടെ വിലയിടിയാത്ത രീതിയിൽ മാന്യമായി പ്രതികരിക്കുക. കുടുംബം അവിടം സ്വർഗ്ഗമാണ്, ദാമ്പത്യം അവിടം സുദൃഢമാണ്. ) ✍🏻: മുരളി.ആർ. #📔 കഥ
തമ്പുരാൻ "എനിക്കീ...കല്യാണത്തിന് സമ്മതമല്ല..." കുടുംബ സദസ്സിൽവച്ചുള്ള, ഗായത്രിയുടെ അറുത്തുമുറിച്ചുള്ള മറുപടി... എല്ലാവരും ഒരു ഞെട്ടലോടെയാണ് കേട്ടത്. ഒന്നാമത്... കാരണവന്മാരുടെ മുമ്പില്, തറവാട്ടിലെ പെൺകുട്ടികൾ ശബ്ദമുയർത്തി സംസാരിക്കാറില്ല. രണ്ടാമത്... ആരും കൊതിക്കുന്ന സൗന്ദര്യവും, സ്വഭാവ മഹിമയുമുള്ള... പോരാത്തതിന്, റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനുമായ കോയിക്കൽ തറവാട്ടിലെ വിശ്വനാഥൻ തമ്പുരാന്റെ ആലോചന നിരസിച്ചതിലുള്ള അമ്പരപ്പും...!!! ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്ന ഗായത്രി, വിഷുവിന്റെ അവധിക്ക് എത്തിയതാണ് തറവാട്ടിൽ. പടികടന്നെത്തിയ ഐശ്വര്യദേവതയായിട്ടാണ് ആ കല്യാണാലോചനയെ എല്ലാവരും കണ്ടത്. "അതെന്താ... നിനക്ക് മറ്റാരെങ്കിലുമായി പ്രണയമുണ്ടോ...???" ദേഷ്യം കലർന്നിരുന്നു ചെറിയമ്മാവന്റെ ആ ചോദ്യത്തിൽ. "ഇല്ലാ... എനിക്ക് ആരുമായും പ്രണയമില്ല... എനിക്കിപ്പൊ കല്യാണം വേണ്ട അത്രതന്നെ..." ഇത്തിരി ധാഷ്ട്യം കലർന്നിരുന്നു, ആ സ്വരത്തിൽ... അതുകൊണ്ടുതന്നെ അതുവരെ മിണ്ടാതിരുന്ന അവളുടെ അമ്മ പറഞ്ഞു. "ഈ തറവാട്ടിലെ പെൺകുട്ടികളെല്ലാം ഇരുപതു വയസാകുമ്പോഴേത്തേക്കു വിവാഹം കഴിപ്പിച്ച് അയക്കാറാണ് പതിവ്... നിന്റെ പഠനം മുടങ്ങാതിരിക്കാനാണ് ഇത്രനാളും ഞങ്ങൾ ക്ഷമിച്ചത്...വയസ്സ് ഇരുപത്തിയഞ്ച് ആകാൻ പോകുന്നു... എന്താ... നിന്റെ ഭാവം...!!!??? " ഉത്തരം തറവാട്ട് കാരണവരായ വലിയമ്മാവന്റെ ആജ്ഞ ആയിരുന്നു...! "ഇനി, ആരും... ഒന്നും പറയേണ്ട. ഗായത്രിയുടെ മനസ്സിൽ മറ്റാരും ഇല്ലാത്ത സ്ഥിതിക്ക് ഈ കല്യാണം എത്രയും പെട്ടെന്ന് നടന്നിരിക്കും. !!!" ഗായത്രിയുടെ മുഖത്തേക്ക് നോക്കി കൊണ്ടായിരുന്നു അദ്ദേഹം ബാക്കി പറഞ്ഞത്... "നീ... വിവാഹജീവിതത്തിനായ് മാനസികമായി തയ്യാറെടുത്തു കൊള്ളുക, ബാക്കിയൊക്കെ ഞങ്ങൾ തീരുമാനിക്കും." 'തിരുവായ്ക്ക് എതിർവായ' ഇല്ല..! അതാണ് തറവാട്ടിലെ ശീലം.എല്ലാവരും അവരവരുടെ മുറികളിലേയ്ക്ക് മടങ്ങി. തന്റെ മുറിയിൽ... ഉറക്കം വരാതെ, വെരുകിനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും നടപ്പാണ് ഗായത്രി. എങ്ങനെ ഈ പ്രശ്നം കൈകാര്യം ചെയ്യണം എന്ന് ഒരു പിടുത്തവും കിട്ടുന്നില്ല. തന്റെ മനസ്സിലുള്ളത് ആരും അറിയുകയും ചെയ്യരുത്, ഈ കല്യാണം മുടങ്ങുകയും വേണം... അവസാനം... അവളാ തീരുമാനം എടുത്തു. വിശ്വനാഥനോട് നേരിട്ട് സംസാരിച്ചു, ഇതിൽ നിന്നും പിന്മാറാൻ പറയുക. അങ്ങനെ... പിറ്റേന്ന്, അനിയൻ ഹരിയുടെ സഹായത്തോടെ വിശ്വനാഥന്റെ ഫോൺ നമ്പർ സംഘടിപ്പിച്ച് വിളിച്ചപ്പോൾ, അദ്ദേഹം ജോലി തിരക്കിലാണെന്നും വിഷുവിന്റെയന്ന് ക്ഷേത്രത്തിൽ തൊഴാൻ, എത്തുമ്പോൾ കാണാമെന്നും ഉറപ്പുകൊടുത്തു. വിഷുവിന്റെ തലേന്ന് സമാധാനത്തോടെ കിടന്നുറങ്ങാൻ ഗായത്രി എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ബഹറിനിൽ ജനിച്ചുവളർന്ന ഗായത്രിയും, ഹരിയും അച്ഛന്റ ആകസ്മികമായ വേർപാട് മൂലം, അമ്മയ്ക്കൊപ്പം തറവാട്ടിൽ താമസമാക്കിയിട്ട്, അഞ്ചാറു വർഷമേ ആയിട്ടുള്ളൂ... അതിനിടയിൽ ഇടയ്ക്ക് നാലഞ്ചു പ്രാവശ്യം വിശ്വനാഥനെ അവൾ കണ്ടിട്ടുണ്ട്, ക്ഷേത്രത്തിൽ വച്ച്. ക്ഷേത്രത്തിന്റെ ഉത്സവത്തിന്, ഏഴാം ദിവസം... ആറാട്ട് കഴിഞ്ഞെത്തുന്ന ദേവനെ പുനഃപ്രതിഷ്ഠിക്കുന്ന ചടങ്ങ് കോയിയ്ക്കൽ തറവാടിന്റ അവകാശമാണ്... കാരണം, മുൻപ് അത് അവരുടെ കുടുംബക്ഷേത്രമായിരുന്നു. വലിയതമ്പുരാന്റെ ദേഹവിയോഗത്തെതുടർന്ന്, ആ സ്ഥാനത്ത് കഴിഞ്ഞ രണ്ട് വർഷമായി വിശ്വനാഥനാണ് നിൽക്കുന്നത്. ആചാര മഹിമയോടെ... തന്ത്രികൾക്കൊപ്പം അദ്ദേഹത്തെ കാണുമ്പോൾ... കണ്ണെടുക്കാതെ നോക്കി നിന്നിട്ടുമുണ്ട്. പക്ഷേ......ഈ കല്യാണം നടക്കാൻ പാടില്ല...ചിന്തകൽക്കൊടുവില് എപ്പോഴോ അവൾ മയങ്ങിപ്പോയി. വിഷുവിന്...പുലർച്ചെ കുളിച്ചൊരുങ്ങി ക്ഷേത്രത്തിലേക്ക് തൊഴാനായി അവൾ എത്തിയെങ്കിലും.. തമ്പുരാൻ എത്തുമെന്ന് പറഞ്ഞ സമയംകഴിഞ്ഞിട്ടും, അദ്ദേഹം എത്തിയില്ല. ഏറെ സമയം കഴിഞ്ഞതിനാൽ അവൾ മടങ്ങാൻ തീരുമാനിച്ചു. ഉത്കണ്ഠ നിറഞ്ഞ മിഴികളുമായി ഒരിക്കൽക്കൂടി അവൾ പരതി... തിരിഞ്ഞു നടക്കുന്നതിനിടയിൽ കാൽവിളക്കിന് മുൻപിൽ തൊഴുതു തിരിഞ്ഞതും... 'വിശ്വനാഥൻ....' മുമ്പില് ഒപ്പം നടന്ന്, ആൽത്തറക്ക് അടുത്തെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു... "ഞാനും... ഗായത്രിയെ ഒന്ന് കാണാൻ ഇരിക്കുകയായിരുന്നു..." അവൾ ഒന്ന് ഞെട്ടിത്തിരിഞ്ഞു നോക്കികൊണ്ട് ചോദിച്ചു... "എന്തിന്...??? " "അതൊക്കെ പറയാം...ഇപ്പോൾ ആദ്യം, ഗായത്രി പറയൂ...എന്തിനാണ്... എന്നെ കാണണമെന്ന് പറഞ്ഞത്..? " "അത്...തമ്പുരാനെ എനിക്കീ വിവാഹത്തിന് സമ്മതമല്ല...തമ്പുരാൻ ഇതിൽ നിന്നും പിന്മാറണം."വളച്ചുകെട്ടില്ലാതെ അവൾ കാര്യം വെട്ടിത്തുറന്നങ്ങ് പറഞ്ഞു. "ഇക്കാരണത്താൽ, തന്നെയാണ് ഞാനും തന്നെ കാണാൻ ഇരുന്നത്... തന്റെ വലിയമ്മാവൻ എന്നെ വിളിച്ചിരുന്നു... തനിക്ക്, വിവാഹത്തിനു സമ്മതം അല്ലെന്നും ഞാൻ തന്നോട് ഒന്നു നേരിട്ട് സംസാരിക്കണമെന്നും പറഞ്ഞ്..." വിശ്വാസം വരാതെ... അവൾ ആ മുഖത്തേക്ക് നോക്കി. "സാധാരണ... പെൺകുട്ടികൾ വിവാഹം വേണ്ടായെന്ന് പറയുന്നത്, മനസ്സിൽ മറ്റൊരു പ്രണയം ഉള്ളപ്പോഴാണ്. അതിപ്പോൾ, വീട്ടുകാരോട് തുറന്നു പറയാൻ ആവാത്ത ഒരു അന്യമതസ്ഥനുമായിട്ടാണെങ്കിൽ പോലും...താൻ ധൈര്യമായി എന്നോട് തുറന്നു പറഞ്ഞോളൂ... ഞാൻ ഉണ്ടാവും മുമ്പിൽ നിന്ന് അത് നടത്തിത്തരാൻ." അപ്പോൾ, ആ മുഖത്ത് വിരിഞ്ഞ മനോഹരമായ പുഞ്ചിരി ആത്മാർത്ഥതയുടെതായിരുന്നു. ഗായത്രിയാവട്ടെ, അദ്ദേഹത്തോട് എങ്ങനെ മനസ്സ് തുറക്കുമെന്ന ആശങ്കയിലായിരുന്നതിനാൽ തിരിച്ചൊരു പുഞ്ചിരി കൊടുക്കാൻ അവൾക്കായില്ല...ആ മുഖം വലിഞ്ഞുമുറുകിയിരുന്നു. അവസാനം... ധൈര്യം സംഭരിച്ച് അവൾ ആ സത്യം വെളിപ്പെടുത്തി. "തമ്പുരാൻ.... ഞാനിത് ആഗ്രഹിച്ചു തിരഞ്ഞെടുത്ത ഫീൽഡാണ്. വളരെ ചെറുപ്പം മുതൽ തന്നെ മനസ്സിൽ രൂപംകൊണ്ടയൊരു ആഗ്രഹമായിരുന്നു അത്. എന്റെ ആഗ്രഹത്തിന് കൂടെ പഠിച്ച നാലഞ്ചു കൂട്ടുകാരുടെ സപ്പോർട്ട് കൂടി ആയപ്പോൾ ഞാൻ ആ തീരുമാനത്തിൽ ഉറച്ചു നില്ക്കാൻ തീരുമാനിച്ചു. 'വിവാഹ ജീവിതം' മാറ്റിവച്ചുകൊണ്ട്... പൂർണ്ണമായും സേവനത്തിന്റെ പാത തെരഞ്ഞെടുക്കാൻ..." "രണ്ടുമാസത്തിനുള്ളിൽ ഞാൻ ഈ രാജ്യം വിടും.വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ ഭാഗമായ റെഡ് ക്രോസ്സ് ഡോക്ടർസ് ടീമിൽ ഞാൻ ജോയിൻ ചെയ്തു കഴിഞ്ഞു." തമ്പുരാൻ വീണ്ടും ഒന്നു പുഞ്ചിരിച്ചു... "ഓ...അപ്പോൾ അതാണ് കാര്യമല്ലേ...ഞാൻ തന്നെ വെറുതെ തെറ്റിദ്ധരിച്ചു... തന്റെയീ നല്ല മനസ്സിനെ ഞാൻ അഭിനന്ദിക്കുന്നു... പക്ഷെ...!!! ജനസേവനത്തിനായ് ഈ രാജ്യം വിടുന്നത്തിനോട് യോജിപ്പില്ല. തന്റെ സേവനം വേണ്ടത് ഈ രാജ്യത്തെ ജനങ്ങൾക്കാണ്.... ഈ നാട്ടിലെ ജനങ്ങൾക്കാണ്... ഇവിടെ നമ്മുടെ, അടുത്തുതന്നെയുള്ള പാവങ്ങളെ... പണം ഇല്ലാത്തവരെ.... ചികിത്സിക്കാൻ കഴിവില്ലാത്തവരെ.. ആഹാരത്തിനു വകയില്ലാത്തവരെ...ഒക്കെ താൻ കാണുന്നില്ലേ...ആദ്യം അവരെ സേവിക്ക് എന്നിട്ട് മതി വിദേശത്തുള്ളവരെ സഹായിക്കാൻ പോവുന്നത്..... " "ഞാൻ കാണുന്നുണ്ട് എല്ലാം... പക്ഷെ, ഇവിടെ നിന്നുകൊണ്ട് ചെയ്യാൻ പറ്റുന്നതിന് എനിക്ക് ഒരു പരിധിയുണ്ട് തമ്പുരാനേ... സർവോപരി വീട്ടുകാരുടെ അല്ലെങ്കിൽ എന്റെ ഭർത്താവ് ആകാൻ പോകുന്ന ആളുടെ പിന്തുണ എനിക്ക് കിട്ടില്ലല്ലോ...അതാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. " "ഗായത്രി....എനിക്ക് അതിന് ആവുമെങ്കിലോ.... എന്റെ ഇന്നത്തെ നിലയും പിടിപാടും വെച്ച് തനിക്കായി ഒരു ഹോസ്പിറ്റൽ ഇവിടെ തുടങ്ങാൻ എനിക്കാവും... വേണമെങ്കിൽ ഗവൺമെന്റ് സഹായത്തോടെ നമുക്കത് ഒരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആക്കാനും സാധിക്കും. അവിടെ പാവങ്ങളെ മാത്രമല്ല...എല്ലാ തട്ടിലുമുള്ള മനുഷ്യരെയും ചികിത്സിക്കണം. പണമുള്ളവർക്ക് മിതമായ ഫീസ് ഈടാക്കി കൊണ്ടും, പാവങ്ങളെ സൗജന്യമായും...അങ്ങനെ ഈ സമൂഹത്തെയാണ് താൻ സേവിക്കേണ്ടത് . അതിനു ഞാൻ ഉണ്ടാവും തന്റെ കൂടെ." അന്തംവിട്ട് ആ മുഖത്തേയ്ക്ക് നോക്കി നിന്ന അവളോട്‌ അദ്ദേഹം പറഞ്ഞു... "തനിക്ക് ഇതൊന്നും വിശ്വാസം വരുന്നില്ല, അല്ലേ...??? തന്റെയീ മുഖം മാത്രമല്ലടോ, ഈ മനസ്സും എനിക്ക് ഒരുപാട് ഇഷ്ടമായി... താൻ പേടിക്കണ്ട... ഹോസ്പിറ്റലിന്റെ ഉദ്ഘാടനം കഴിഞ്ഞ്, താക്കോല് തന്റെ കയ്യിൽ തന്നു കഴിഞ്ഞേ ഞാനീ കഴുത്തിൽ താലികെട്ടൂ..." ശരിക്കും... ആ വിഷുദിനത്തിൽ ശ്രീകോവിലിൽ നിന്നും ദേവൻ ഇറങ്ങിവന്ന് തനിക്കൊരു സമ്മാനം തന്നതായിട്ടാണ് അവൾക്കപ്പോൾ തോന്നിയത്. ആ സന്തോഷാധിക്യത്താൽ...തമ്പുരാനെ കെട്ടിപിടിച്ചു ആ കവിളിൽ ഒരു ഉമ്മ കൊടുക്കണമെന്നും, തുള്ളിച്ചാടണമെന്നും അവൾക്കു തോന്നിയെങ്കിലും.... ക്ഷേത്രസന്നിധിയായതിനാൽ സ്വയം നിയന്ത്രിച്ചു... "എന്നാൽ ശരി...താൻ ഇപ്പോൾ പൊയ്ക്കോളൂ, എത്രയും പെട്ടെന്ന് തന്നെ വേണ്ട പേപ്പറുകൾ ഒക്കെ ഞാൻ നീക്കി തുടങ്ങാം...." ആ വാക്കുകൾ തന്ന ആശ്വാസത്താൽ, സന്തോഷത്തോടെ തിരിഞ്ഞു നടന്നു തുടങ്ങിയ ഗായത്രിയെ പുറകിൽ നിന്ന് തമ്പുരാൻ വിളിച്ചു... "ഡോക്ടർ സാർ അവിടെ ഒന്ന് നിന്നേ..." എന്താണെന്നഭാവത്തിൽ അവൾ തിരിഞ്ഞു നോക്കിയപ്പോൾ.... "അത്....എനിക്ക് ഒരു റിക്വസ്റ്റ് ഉണ്ട് തന്നോട്... " "തമ്പുരാന് എന്നോട് റിക്വറ്റോ....!!? ആജ്ഞാപിച്ചാൽ മതി ഞാൻ അനുസരിച്ചു കൊള്ളാം..." തന്റെ സ്വതസിദ്ധമായ സ്റ്റൈലിൽ മീശ മുകളിലേക്ക് മെല്ലെ തടവി, ഒരു കള്ളച്ചിരിയോടെ തമ്പുരാൻ പറഞ്ഞു. "തന്നോട് സംസാരിച്ചതിൽ നിന്നും, തന്നെക്കുറിച്ച് ഒരു ഏകദേശരൂപം പിടി കിട്ടിയതുകൊണ്ട് പറയുകയാണ്.... കല്യാണത്തിന്റെയന്ന്, മുഹൂർത്ത സമയത്ത്... സ്ഥലത്ത് ഉണ്ടാവണം ഡ്യൂട്ടി ഉണ്ടെന്ന് പറഞ്ഞു മുങ്ങരുത്.!" Suni Pazhooparampil Mathai 📝📝📝 #📔 കഥ