Thanseel ✔️
ShareChat
click to see wallet page
@thanseel161
thanseel161
Thanseel ✔️
@thanseel161
😊😊
ബന്ധങ്ങളിൽ സ്നേഹവും അടുപ്പവും നിലനിൽക്കുന്നതിന്റെ അടിസ്ഥാനം വിശ്വാസമാണ്....വിശ്വസിക്കാൻ കൊള്ളാവുന്ന വ്യക്തിയാണെന്ന് ഒരാൾ സ്വയം പറയുന്നതിനേക്കാൾ അയാളുടെ പ്രവർത്തികളിലൂടെ അത് ബോധ്യമാവുമ്പോഴാണ് ബന്ധങ്ങൾ കൂടുതൽ കെട്ടുറപ്പുള്ളതാവുന്നത്.. വിശ്വാസം സംരക്ഷിക്കേണ്ടത് ബന്ധങ്ങൾ നിലനിർത്താൻ ആഗ്രഹിക്കുന്നവരുടെ ഉത്തവാദിത്വം കൂടിയാണ്.. പ്രണയമോ കുടുംബമോ സൗഹൃദമോ മറ്റേത് ബന്ധങ്ങളോ ആയിക്കോട്ടെ ഏതൊരു ബന്ധവും മനോഹരമാക്കുന്നതിൽ വിശ്വാസത്തിന് പ്രധാന പങ്കുണ്ട്.. പറഞ്ഞ വാക്ക് പാലിക്കാതിരിക്കുക,ചതി, കളവ്, അങ്ങനെ വിശ്വാസം നഷ്ട്ടപ്പെടാൻ പല കാരണങ്ങൾ ഉണ്ടാവാം. ഒരാൾ വിശ്വസിച്ചു പറയുന്ന കാര്യങ്ങൾ അതേപടി മറ്റുള്ളവരിലേക്ക് എത്തിച്ചു അയാളുടെ മനസിലുള്ള തന്റെ സ്ഥാനം സ്വയം നഷ്ട്ടപ്പെടുത്തുന്ന ചിലരുണ്ട് . അവർ വിചാരിക്കുന്നത് അയാളെ വിശ്വസിച്ചു കാര്യങ്ങൾ പറഞ്ഞ വ്യക്തി ഇതൊന്നും ഒരിക്കലും അറിയില്ലെന്നായിരിക്കാം. ഒരാൾ തന്നിലർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാൻ കെൽപ്പില്ലാത്ത ആൾക്ക് കേട്ടയാൾ അത് ആരോടും പറയില്ലെന്ന് ഉറപ്പിക്കാൻ പറ്റുന്നത് എങ്ങനെയാണ്? സൗഹൃദം എന്നത് ഒപ്പം നിൽക്കലും, കരുത്ത് പകരലും, പ്രതിസന്ധികളിൽ തുണയാകലുമാണ്. പക്ഷേ ചിലർ അങ്ങനെയല്ല — അവർ കൂടെ നിൽക്കുന്നെന്ന് നടിച്ചു പിന്നിൽ നിന്ന് കാലുവാരുന്നവരാണ്. തെറ്റിപിരിയുമ്പോൾ ഒരുമിച്ചിരുന്നപ്പോഴുള്ള രഹസ്യങ്ങൾ പുറത്ത് പറഞ്ഞു നടക്കുന്നവർ സൗഹൃദത്തിന്റെ അർത്ഥം പോലും മനസ്സിലാക്കിയിട്ടില്ലാത്തവരാണ്. അതിലേറെ അപകടകാരികളായവർ, മറ്റുള്ളവരുടെ മനസ്സിൽ വിഷം കുത്തിവെക്കുന്നവരാണ് — നല്ല ബന്ധങ്ങൾ തകർക്കാൻ ആഗ്രഹിക്കുന്നവർ. അവർ നിരപരാധികളായവരിൽ സംശയത്തിന്റെ വിത്ത് നട്ടുവയ്ക്കും. “ഇവൻ എന്നെക്കുറിച്ച് മറ്റാരോടും പറയുന്നുണ്ടോ?” “ഇവൾ പിന്നിൽ മറ്റൊരാളോടും സംസാരിക്കുന്നുണ്ടോ?” എന്ന സംശയങ്ങൾ സൃഷ്ടിച്ച്, ബന്ധങ്ങൾ തെറ്റി പിരിക്കുന്നതിൽ അവർ ആനന്ദം കണ്ടെത്തും. ബന്ധങ്ങൾ സംരക്ഷിക്കണമെങ്കിൽ വാക്കുകൾ പോലെ മനുഷ്യരെയും സൂക്ഷിച്ചു തിരഞ്ഞെടുക്കണം. വിശ്വാസം സംരക്ഷിക്കുക -കാരണം അത് തകരുമ്പോൾ, സ്നേഹത്തിനും സൗഹൃദത്തിനും നിലനിൽപ്പ് നഷ്ടമാകും. 💫 കടപ്പാട് 👍🏻 #💭 Inspirational Quotes #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #📝 ഞാൻ എഴുതിയ വരികൾ #💌 പ്രണയം
💭 Inspirational Quotes - Trust Trust - ShareChat
#📔 കഥ #📙 നോവൽ വിഷയം: സ്വപ്നം 1 രാവിലെ എഴുന്നേറ്റ് കുളിച്ച് പുത്തൻ കസവു സാരി ഒക്കെ ഞൊറിഞ്ഞുടുത്തു കൺമഷിയുടെ അടപ്പ് തുറക്കുമ്പോഴാ അമ്മയുടെ ഉച്ചത്തിലുള്ള വിളി ദേവികയുടെ കാതിലെത്തിയത്. " വാവച്ചീ മോളേ.....ദേ.... ഇങ്ങോട്ടൊന്ന് വന്നേ നീ ഇത് വരെ ഒരുങ്ങിക്കഴിഞ്ഞില്ലേ....നീ ചെല്ലുമ്പഴേക്കും മീനൂന്റെ കല്യാണം കഴിയുമെന്നാ തോന്നണെ..... ഈ പെണ്ണ് ഇതെന്തു ഭാവിച്ചാ... കൂട്ടുകാരിയാണ് പോലും കൂട്ട്കാരി.... പെണ്ണിനെ ഒരുക്കാനും മറ്റും കൂടെ നിൽക്കേണ്ടവളാ ഇത് വരെ കല്യാണ വീട്ടിൽ എത്തിയില്ല...." അമ്മയുടെ ഉച്ചത്തിലുള്ള ശാസനം കേട്ടപ്പോൾ അവൾ പെട്ടെന്ന് തന്നെ കൺമഷിയും ഇട്ട് ഒരു പൊട്ടും കുത്തി കയ്യിലുള്ള മുല്ലപ്പൂവും ചൂടി ഉമ്മറത്തേക്കോടി വന്നു. "ദേ..... അമ്മേ .....ഞാൻ പോയീട്ടോ...." എന്നും പറഞ്ഞവൾ കല്യാണ വീട്ടിലേക്ക് ഓടി .... "പെണ്ണേ അവിടെ നിൽക്ക് നീ ഈ ചായയെങ്കിലും കുടിച്ചേച്ച് പോ....." അമ്മ വിളിച്ച് പറയുന്നുണ്ടായിരുന്നു. "അമ്മേ.... ഞാൻ മീനുന്റെ വീട്ടിന്ന് കഴിച്ചോളാം..... ഞാൻ പോവാ....: അവൾ ഓടി മീനൂന്റെ വീട്ടിൽ ചെല്ലുമ്പോൾ വാതിൽക്കൽ തന്നെ കിരൺ നിൽപുണ്ടായിരുന്നു. " ടീ .... വാവച്ചീ.... ചെക്കന് പെണ്ണ് മാറിപ്പോകാതെ നോക്കണേ ...." അത് കേട്ടതും കിരണിന്റെ കയ്യിലൊരു നുള്ളു വച്ച് കൊടുത്തിട്ട് അവനെ ഒന്ന് കൊഞ്ഞനം കുത്തി ദേവു വേഗം മീനുവിനെ ഒരുക്കുന്ന റൂമിലേക്ക് ചെന്നു. മീനുവിന്റെ ചേട്ടനാണ് കിരൺ വിദ്യാഭ്യാസമൊക്കെ കഴിഞ്ഞ് ജോലിക്ക് ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ദേവികയും മീനുവും PG കഴിഞ്ഞ് നിൽക്കുന്നു. രണ്ടും അയൽ വീടുകളിലെ കളിക്കൂട്ടുകാർ. ഒന്നിച്ച് പഠിച്ച് ഒന്നിച്ച് വളർന്നവർ . ആയിടക്കാണ് മീനുവിന് അതുലിന്റെ ആലോചന വന്നത്. അതുലിന് വില്ലേജ് ഓഫീസിലാണ് ജോലി. നല്ല കുടുംബം. മീനുവിന്റെ വീട്ട്കാർ ആ വിവാഹം അങ്ങ് ഉറപ്പിച്ചു. " മീനൂ ഞാനെത്തി ട്ടോ...." അതും പറഞ്ഞവൾ മീനുവിനെ ഒരുക്കാൻ കൂടി. ബ്യൂട്ടീഷൻ എല്ലാം ഭംഗിയായി ചെയ്യുന്നുണ്ടായിരുന്നു. പിന്നെ അവൾക്കതിൽ വല്യ റോളൊന്നും ഇല്ലായിരുന്നു. അങ്ങിനെ വിവാഹമൊക്കെ ഗംഭീരമായി കഴിഞ്ഞു. കല്യാണ പെണ്ണിനെ വരന്റെ വീട്ടിലാക്കി ദേവിക തിരിച്ചു വന്നു. ഡ്രസ്സൊക്കെ മാറി നേരെ കട്ടിലിൽ കയറി കിടന്നു. അറിയാതെ മയങ്ങിപ്പോയി. ഉറക്കത്തിൽ അവൾ അതി മനോഹരമായൊരു സ്വപ്നം കണ്ടു. നന്നായി അലങ്കരിച്ച ഒരു കല്യാണ പന്തൽ അതിൽ താലിയും കയ്യിൽപിടിച്ച് നിൽക്കുന്ന കിരൺ. കല്യാണ പെണ്ണിന്റെ വേഷത്തിൽ അരികിലായി ദേവിക സ്വപ്നത്തിലങ്ങിനെ മുഴുകിയിരിക്കുമ്പോഴാണ്, വാതിലിൽ ആരോ മുട്ടി വിളിക്കുന്നത് പോലെ അവൾക്ക് തോന്നിയത് " വാവച്ചീ.... വാവച്ചീ..." കിരണായിരുന്നു വാതിൽ മുട്ടി വിളിച്ചത് മധുര സ്വപ്നത്തിന്റെ ആലസ്യത്തിൽ അവൾ വേഗം വന്ന് വാതിൽ തുറന്നു. അപ്പോൾ തൊട്ട് മുൻപിൽ കിരൺ നിൽക്കുന്നു. തന്റെ സ്വപ്നേശ്വരനെ മുന്നിൽ കണ്ടപ്പോൾഅവളുടെ മുഖം നാണത്താൽ കൂമ്പിപ്പോയി. അവൾ വേഗം പരിസര ബോധം വീണ്ടെടുത്ത് അവനോട് ചോദിച്ചു. "ന്തേ... കിണ്ണേട്ടാ...." മീനു കിരണിനെ കിണ്ണേട്ടാ എന്നാണ് വിളിക്കാറ്, അത് കൊണ്ട് ദേവികയും പണ്ട് മുതലെ അവനെ അങ്ങിനെയാണ് വിളിച്ചിരുന്നത്. " വാവച്ചീ.... എനിക്കൊരു ജോലി ശരിയായിട്ടുണ്ട് , എറണാകുളത്തുള്ള ഒരു ഷിപ്പിംഗ് കമ്പനിയിലാ ഇന്നാ അപ്പോയിന്റ്മെന്റ് ലെറ്റർ കിട്ടിയത്. നാളെജോയിൻ ചെയ്യണം. ഞാനിപ്പത്തന്നെ പോകുവാ എന്നാലെ 10 മണിക്ക് ജോയിൻ ചെയ്യാൻ പറ്റൂ... നളിനിയേച്ചിയോടും രാമേട്ടനോടും വാവച്ചി പറഞ്ഞാ മതി. വരുന്നത് വരെ കാത്തിരിക്കാൻ സമയമില്ല ട്ടോ....: ദേവികയുടെ മാതാപിതാക്കളാണ് രാമനും നളിനിയും "ഉം ഞാൻ പറഞ്ഞോളാം കിണ്ണേട്ടാ ....." " എന്നാ ഞാനിറങ്ങട്ടെ വാവച്ചീ.... ചെന്നിട്ട് എല്ലാരെം വിളിക്കാട്ടോ...: അവൾ ചുമലനക്കി സമ്മതം മൂളി . 📎📎📎📎📎📎📎📎📎📎📎📎📎📎📎📎 6 മാസങ്ങൾക്ക് ശേഷം ഒരു ഞായറാഴ്ച . രാവിലെനളിനി അടുക്കളയിൽ നിന്ന് രാമനോട് കിരൺ തലേ ദിവസം രാത്രി വന്നു എന്ന്പറയുന്നത് കേട്ടുകൊണ്ടാണ് ദേവി ക ഉറക്കമെണീറ്റത്. അവളുടെ മനസ്സിൽ ആയിരം പൂത്തിരികൾ ഒന്നിച്ച് കത്തി. എത്ര നാളായി കിണ്ണനെ ഒന്ന് കണ്ടിട്ട് അവൾ വേഗം കുളിച്ചൊരുങ്ങി അവനെ കാണാനായി അയൽപക്കത്തെ വീട്ടിലേക്ക് ഓടി.. പൂമുഖ വാതിൽക്കലേക്കെത്തുമ്പോഴാണ് കിരണിന്റെയും അവൻറമ്മയുടെയും സംസാരം അവളുടെ കാതുകളിലേക്കെത്തിയത്. അമ്മ : ഡാ ....നിങ്ങടെ വിവാഹം എത്രയും പെട്ടെന്ന് നടത്തണം ഏതായാലും നിനക്ക് ജോലി ഒക്കെ ആയില്ലേ... ഇനി വിവാഹം വച്ച് നീട്ടണ്ട... " കിരൺ : "അമ്മ ആരുടെ കാര്യാ ഈ പറയുന്നെ " അമ്മ : നിന്റെയും ദേവൂന്റേയും കാര്യം പിന്നാരുടെ? കിരൺ : അമ്മേ.... അമ്മ എന്താ ഈ പറയണെ അവളെ ഞാനങ്ങിനെ കണ്ടിട്ടേയില്ല... അവളെന്നും എന്റെ വാവച്ചി യല്ലെ. അവളും മീനും എനിക്കൊരു പോലാ. അകത്തേക്ക് എടുത്തു വയ്ക്കാൻ വിചാരിച്ച കാൽ ദേവിക അറിയാതെ തന്നെ പിറകോട്ടുവച്ചു. തന്റെ ശരീരമാസകലം തളരുന്നതവളറിഞ്ഞു. വേച്ചു വീഴാതിരിക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടവൾ തിരിഞ്ഞു നടന്നു. ചുടുകണ്ണീരവളുടെ കവിൾത്തടങ്ങളെയും കടന്ന് നെഞ്ചിലൂ ടൂർന്നിറങ്ങി.
അമ്മ ഭാഗം 4 "എന്റെ മോള് മച്ചിയൊന്നും അല്ലാ .....നീ ഇഷ്ടം പോലെ പെറ്റോണേ..... നമ്മക്ക് ഇല്ലാത്തവർക്ക് ദാനം ..... ചെയ്യാം....'' കൂട്ടുകാരീടെകുഞ്ഞിന്റെ കുഞ്ഞിളം കയ്യിൽ വിരലോടിച്ച് കളിക്കുന്ന എന്റെ ഇടനെഞ്ച് തുളച്ച് ഒരമ്പ് അതിവേഗം ...... പാഞ്ഞ് പോയി ....... ആ കുഞ്ഞിക്കൈ വിടുവിച്ച് ഞാൻ മെല്ലെ പിന്നോട്ട് മാറി ആർക്കും മുഖം കൊടുക്കാതെ ..... നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ച് കൊണ്ട് ..... അവിടെ നിന്ന് മെല്ലെ പിൻവാങ്ങി ... എന്റ കല്യാണം കഴിഞ്ഞാണ് അച്ഛന്റെ ചേട്ടന്റെ മകൾടെ കല്യാണം കഴിഞ്ഞത് അവൾക്ക് ഒരാൺകുട്ടി ഉണ്ടായപ്പ അതിനെ കാണാനാണ് ഞാൻ ചെന്നത് ..... അവൾടെ അമ്മമ്മയുടെ വകയാണ് .... ഈ കുത്തു വാക്കുകൾ പാപി ചെല്ലുന്നിടം പാതാളം ..... ഇതായി എന്റെ അവസ്‌ഥ ... കല്യാണം കഴിഞ്ഞ് 2 കൊല്ലത്തിനുള്ളിൽ പുതിയ പദവി കൂടി എനിക്ക് ചാർത്തിക്കിട്ടി ....മച്ചി.... എന്റെ കല്യാണത്തിന് ഭയങ്കര എതിർപ്പായിരുന്നു അച്ഛന്റെ ഏട്ടൻമാർക്കല്ലാ..... ഏട്ടത്തിയമ്മമാർക്ക് .... അവർക്ക് 2 പേർക്കും ഓരോ പെൺമക്കൾ ഉണ്ട് അവർക്ക് മുമ്പെ ഇളയവന്റെ മോൾ കല്യാണം കഴിക്കുന്നത് അഭിമാനക്ഷതമായി അവർക്ക് തോന്നി അതാണല്ലൊ വരുന്ന ആലോചനകളൊക്കെ വഴിയിൽ നിന്നെ മുടക്കി വിട്ടിരുന്നു കൊണ്ടിരുന്നത്..... എന്റമ്മയോടും അവർ പണ്ടേ..'' പോരു കുത്തുന്നവരാണ് ..... അവർ പണമുള്ള വീട്ടിന്ന് കെട്ടി വന്ന വർ എന്റമ്മ ഒരു പാവപ്പെട്ട വീട്ടിലെതാണ്.... അമ്മയുടെ സൗന്ദര്യത്തിൽ ഭ്രമിച്ചാണച്ഛൻ അമ്മയെ തന്നെ മതി എന്ന് വാശി പിടിച്ച് കല്യാണം കഴിച്ചത്.... കല്യാണം കഴിഞ്ഞ അന്ന് മുതൽ ഇവരുടെയൊക്കെമാനസിക പീഡനവും ഇടക്ക് ശാരിരികമായും ഉപദ്രവിക്കും ....... ശാരീരിക ഉപദ്രവം തുടങ്ങിയപ്പഴാണ് അച്ഛൻ അമ്മയെ കൂട്ടി വേറെ താമസിക്കാൻ തുടങ്ങിയത് .... ഏതായാലും നല്ലൊരു പദവി കിട്ടിയ സന്തോഷത്തിൽ .... ഞാൻ ഭർതൃവീട്ടിലേക്ക് പോയി ..... എങ്ങോട്ടെറങ്ങിയാലും വഴിയിൽ കാണുന്നവർക്കൊന്നേ അറിയേണ്ടു വിശേഷായില്ലെ .... വിശേഷായില്ലെ ....... പലരുടെയും ചോദ്യം കേട്ടാൽ തോന്നും..... എനിക്ക് മക്കളുണ്ടാവാഞ്ഞിട്ട് ഇവർക്കാണ് ദെണ്ഡം ന്ന് ..... അപ്പഴാണോർത്തത് .... വരുമ്പം അച്ചി കുറച്ച് പൊകേല വാങ്ങാൻ പറഞ്ഞിരുന്നു ..... നേരെ ജനേട്ടന്റെ കടയിൽ ചെന്ന് 200 പൊകേലയും വാങ്ങി വീട്ടിലേക്ക് പോയി .... അച്ചി കിടക്കുന്നിടത്ത് ചെന്ന് മെല്ലെ വിളിച്ചു ..... വല്യമ്മേ.... വല്യമ്മേ... എന്റെ സ്വരം കേട്ടതും ന്റെ മോള് വന്നോന്ന് ചോദിച്ച് ഉരുണ്ട് പിടഞ്ഞെണീറ്റ് .....എന്നെ മൊത്തമൊന്ന് തഴുകി എന്റെ കയ്യിലുള്ള പൊകേല വാങ്ങി ഒന്ന് മണപ്പിച്ച് നോക്കി കണ്ണിലും വച്ച് ഭദ്രമായി മുറുക്കാൻ പെട്ടിയിൽ മടക്കി വച്ചു ...... പിറകീന്ന് അമ്മയുടെ സ്വരം കേൾക്കാം അപ്പോൾ ..... നിന്നെ കാണാഞ്ഞിട്ടിവിടെ മനുഷ്യന് ഒരു സ്വൈരം തന്നിട്ടില്ല മോള് വന്നോ മോള് വന്നോ ഇത് മാത്രെ ഉള്ളൂ ചോദിക്കാൻ ...... ശരിയാ........ കൊടുക്കുന്ന സ്നേഹം നൂറിരട്ടിയായി തിരിച്ച് തരുന്ന ഒരേ ഒരു ..... ജീവി.... കണ്ണും കാണില്ലാ ചെവിയും മെല്ലെയാ... ഞാൻ എന്ന് പറഞ്ഞാൽ ജീവനാ വല്യമ്മയ്ക്ക് ..... മുജ്ജന്മ ബന്ധോ മറ്റോ ആണെന്നാ തോന്നണത്... അച്ചി എന്ന് ഇവരെല്ലാം വിളിക്കും അച്ചിക്കതിഷ്ടമല്ല ഞാനെന്തേ..... മുറ്റത്തുടെ ഇഴഞ്ഞ് നടക്കുവാണോ എന്നെ അച്ചീന്ന് വിളിക്കാൻ ....." . ഉദ്ദേശിച്ചത് .... അച്ചിളിനെയാ .... ഞാനേതായാലും വന്നപ്പം മുതൽ വല്യമ്മാന്നേ വിളിക്കൂ...' ഏറെയിഷ്ട ആ... വിളി .... വല്യമ്മയ്ക്ക് കക്കൂസിൽ പോകണമെങ്കിൽ കൈ പിടിച്ച് കൊണ്ടോവണം .... ദിവസവും കുളിക്കണംന്നാഗ്രഹമുണ്ട് ഇവർ 3 ദിവസം കൂടുമ്പോൾമാത്രമെ കുളിപ്പിക്കൂ... തല ആഴ്ചയിലൊന്നും... ഞാൻ വന്നതിൽ പിന്നെ എല്ലാ ദിവസവും കുളിപ്പിക്കും ...... ക്ഷമയോടെ കക്കൂസിൽ കൊണ്ടോവും ഒരു പരാതിയുമില്ലാതെ തിരിച്ചും കൊണ്ടരും വീടിന്റെ അങ്ങേ തലയ്ക്കലാണ് കക്കൂസ് .... അച്ചീടെ ... മുറിയാകട്ടെ .... അടുക്കള സൈഡിലും ... .... ഇങ്ങിനൊരു കുഞ്ഞി ഇവിടുള്ളത് കൊണ്ട് തന്നെ ..... മറ്റൊരു കുഞ്ഞി ഇല്ലാത്തതിന്റെ വിഷമം എന്നെ തൊട്ട് തീണ്ടിട്ടില്ലാ..... പിന്നെ വിഷമമെല്ലാം നാട്ടുകാർക്കും കുടുംബക്കാർക്കും ആണല്ലൊ ?..... പിന്നെയും കുറച്ചു മാസം കടന്ന് പോയി ... ഓരോ മാസവും കലണ്ടറിൽ കൃത്യം വരയിട്ട് വയ്ക്കുന്ന എനിക്ക് ആ മാസം വരയിടേണ്ടി വന്നില്ല എങ്കിലും ഉറപ്പിക്കാൻ വേണ്ടി പെങ്ങൾ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ അവൾക്കൊപ്പം പോയി .... യൂറിൻ ടെസ്റ്റ് പോസിറ്റീവായതോടെ ..... എനിക്ക് വരദാനമായി കിട്ടിയ മച്ചി എന്ന പദം ഇനി കേൾക്കേണ്ടിവരൂലല്ലൊ....ഹാവൂ ആശ്വാസമായി. ഡോക്ടർ ബെഡ് റെസ്റ്റ് പറഞ്ഞത് കൊണ്ട് ....ഞാൻ എന്റെ വീട്ടിലേക്ക് പോയി .....എന്റെ വീട്ട്കാർക്കും .... ഭയങ്കര സന്തോഷായി ....എനിക്ക് കാലിന് ഒരു ബലഹീനത അനുഭവപ്പെടുന്നു..... നടക്കാൻ ഭയങ്കര പ്രയാസമായിരുന്നു..... അമ്മ ഒരു ആയൂർവേദ ഡോക്ടറെ കാണിച്ചപ്പം കുഴമ്പ് തന്നു തീരെ വയ്യാത്ത അവസ്ഥയാണ്.... കുഴമ്പൊക്കെ വാങ്ങി ഭർതൃവീട്ടിൽ ചെന്നു. അച്ചികക്കൂസിൽ പോകാൻ എന്നെ വിളിയോട് വിളി തന്നെ എനിക്കാണേൽ പറ്റുന്നില്ലാ...... ഞാൻ മെല്ലെ എഴുന്നേറ്റ് ചെന്നു........ അമ്മ പറഞ്ഞു .... ഇനിയവളെ വിളിക്കണ്ട അവക്ക് വിശേഷംണ്ട് ഞാൻ കൊണ്ടോവാംന്ന് അച്ചിക്കത് കേട്ടതേ.... സന്തോഷായി .....എന്നെ തടവിക്കൊണ്ട് പറഞ്ഞു ..... എനിക്ക് സന്തോഷായി മോളേ ........ വല്യമ്മ എന്റെ രണ്ടു കയ്യും എടുത്ത് കണ്ണിൽ വച്ചു .... ന്റെ മോൾക്ക് ദൈവം നല്ല തേവരുത്തു ..... പക്ഷെ : ! ആ പാവത്തിന് ദൈവം എന്റെ കുട്ടിയെ കാണാനുള്ള ആയുസ്സ് കൊടുത്തില്ല ...... എന്റെ പരിചരണം നിലച്ചതു കൊണ്ടോ എന്തോ ..... ആ.... പാവം ..... മരണത്തിന് കീഴ്പ്പെട്ടു ആദ്യം പുറത്ത് പോകാത്ത അവസ്ഥയാണ് പിന്നീട് വൃക്കയുടെ പ്രവർത്തനവും നിലച്ചു ...... മക്കളെ മക്കൾ എല്ലാവരും നിലവിളിച്ചോണ്ടോടി വന്നു .... ജീവിച്ചിരുന്ന കാലത്ത് .... ഒരു പ്രാവശ്യം പോലും പരിചരിക്കാത്തവർ വരെ ഓടി വന്ന് വലിയ വായിൽ നിലവിളിച്ചു.... ഏറ്റവും സങ്കടം എനിക്കായിരുന്നു ...... ഞാൻ ആരും കാണാതെ അടുക്കളയുടെ മൂലയിലുരുന്ന് വിങ്ങിപ്പൊട്ടി ...... വൈകിട്ടത്തേക്ക് അടുപ്പത്ത് വച്ച തുവര കറി ആർക്കും വേണ്ടാതെ തിളച്ച് കൊണ്ടേയിരുന്നു ..... അച്ചിയെ കുളിപ്പിച്ച് പട്ടടയിലേക്ക് കൊണ്ടുപോയി വീട്ടിലെല്ലാവരും തെക്കോട്ട് തിരിഞ്ഞ് തലയിൽ എണ്ണ വച്ച് കുളിക്കാൻ പോവുകയാണ് ...... പോകുന്ന വഴിയിൽ തോടിനോട് ചേർന്ന് തന്നെയാണ് ചുടുകാട് ..... കുളിക്കാൻ പോവുമ്പം അച്ചിയുടെ ചലനമറ്റ ദേഹം കത്താൻ തുടങ്ങിയിരുന്നു .... സ്ത്രീകൾക്ക് ചുടുകാട്ടിലേക്ക് പ്രവേശനമില്ലല്ലോ .... പെട്ടെന്നാണ് ഇളയ പെങ്ങൾ അലമുറയിട്ട് കൊണ്ട് ചുടുകാട്ടിലേക്ക് കുതിച്ചത്....... കൂടി നിന്ന ആൾക്കാർ അവളെ ഓടി ചെന്ന് പിടിച്ച് ..... തോട്ടിലേക്ക് കൊണ്ട് പോയി ..... കഷ്ടം ! ഞാൻ മനസിലോർത്തു ...... എത്ര നല്ല അഭിനയമാണവൾ ആൾക്കാർക്ക് മുമ്പിൽ കാഴ്ചവച്ചത് ..... ഞാൻ മനസിൽ കരുതി അങ്ങ് വിട്ടു ടാർന്നോ...എവിടം വരെ പോകുംന്ന് കാണാമായിരുന്നു .... ഇവൾ അച്ചിയോട് പെരുമാറുന്ന രീതി കണ്ടാൽ ........ മനസ് കല്ലായവൻ പോലും ഒന്ന് പ്രാകി പോകും ..... ഒരീസം ഞാൻ എന്റെ വീട്ടീന്ന് വരികയായിരുന്നു ... വരുമ്പഴേ കേൾക്കാം ..... ഇവൾ അച്ചിയോട് കയർക്കുന്നത്........ പാവം രണ്ടു മൂന്നു ദിവസായി തല കുളിച്ചിട്ട് ...... ..... ഇന്ന് തല കഴുകാൻ വെള്ളം തരുമോന്ന് ചോദിച്ചതിനാണവൾ .......... കയർക്കുന്നത്... വയസ്സായ മൂലക്കിരി ക്കണം .... എന്നെ കൊണ്ട് പറ്റില്ല ..... ഓസിൽ വെള്ളം വരുന്നില്ല.... താഴത്തെ ക്കുണ്ടിൽ പോയി കെട്ടിക്കൊണ്ടന്ന് തലയിലൊഴിച്ച് തരാനൊന്നും എന്നെക്കൊണ്ട് പറ്റൂലാ... രണ്ടീസം കഴിഞ്ഞ് തല കുളിച്ചാ മതി ......പിന്നെയും പലതും പിറുപിറുത്ത് കൊണ്ടിരിക്കുന്നു... ആ വീട്ടിൽ ഏട്ടനുംഞാനും അവളുംഅച്ഛനും അമ്മയും അനിയനും മാത്രമാണ് സ്ഥിരമായി ഉണ്ടാവാറുള്ളത് .... 2 അനിയത്തിമാർ ജോലി സ്ഥലത്താണ് .....അവർ വന്നാൽ അച്ചിയെ നന്നായി പരിചരിക്കും... അവളുടെ പറച്ചിൽ കേട്ടപ്പോൾ എനിക്ക് കരച്ചിലാണ് വന്നത് ...... കണ്ണിന്റെ 80% കാഴ്ചയും പോയതാണ് .... ചെവിയും ഏകദേശം അത് പോലെ തന്നെ വളരെ ഉച്ചത്തിൽ പറഞ്ഞാലെ എന്തെങ്കിലും അച്ചിക്ക് മനസിലാകൂ... പാവത്തിനാകെ വേണ്ടത് ..... തലയും മേലും കഴുകാൻ ഓരോ പാഞ്ഞി വെള്ളം ... കൂടിപ്പോയ എത്ര കാലം ചോദിക്കും..... ഇവളെയൊക്കെ നോക്കി വളർത്തി ഇങ്ങിനെ ഉറഞ്ഞ് തുള്ളാൻ പാകത്തിൽ ആക്കിയെടുത്തതിൽ ആ പാവത്തിന്റെ പങ്ക് എത്രമാത്രമായിരിക്കും എന്നിട്ടിരുന്ന് ചില ക്കുന്നത് കണ്ടില്ലെ.... എനിക്കത് ഒത്തിരി നേരം കേട്ട് നിൽക്കാൻ കഴിഞ്ഞില്ലാ........ എന്റമ്മമ്മ പണ്ട് പറയാറുണ്ട് ...... മിണ്ടാപ്രാണികളോടും ........ വയസ്സായവരോടും കരുണ കാണിക്കണമെന്ന് അവർ ശപിച്ചാൽ ഈ ജന്മം നമുക്ക് ശാപമോക്ഷം ഉണ്ടാവൂലന്ന് .... ഞാൻ ഓടി ചെന്ന് പറഞ്ഞു.... വല്യമ്മേ..... വാ വന്ന് കുളിച്ചോ.... ഞാൻ വെള്ളം തരാം ..... ഓ.....ന്റെ മോള് വന്നോ......... എന്ന് പറഞ്ഞ് ഞാൻ കൊണ്ട് കൊടുത്ത പുകയില വാങ്ങി കണ്ണിൽ വച്ച് തുമ്മാൻ പെട്ടിയിൽ സൂക്ഷിച്ചു .... തോർത്തുമെടുത്ത് ..... മെല്ലെ തപ്പിത്തടഞ്ഞ്... വരുവാൻ തുടങ്ങി ....ഞാനാ കയ്യിൽ പിടിച്ച് മെല്ലെ നടന്നു .... മുറ്റത്ത് ചെന്ന് തല കുളിക്കാൻ ഉള്ള വെള്ളം വട്ടയിൽ പോർന്നു.... പിന്നെ ഓരോ കപ്പ് വെള്ളം എടുത്ത് തലയിൽ ധാരയായി ഒഴിച്ച് കൊടുത്തു...... അച്ചിക്ക് ...... അങ്ങിനെ ഒഴിച്ച് കൊടുക്കുന്നത് വല്യ ഇഷ്ടാ.......... ഞാനപ്പോഴോർക്കാറുണ്ട് ഈ 97 വയസ്സിലും എത്ര മുടിയാന്നറിയോ....ന്റെ അച്ചിക്ക്...... ഓർമ്മകളിങ്ങനെ വേലിയേറ്റം സൃഷ്ടിക്കുമ്പോൾ ......ഒരു ഭാഗത്ത് ഒരു പിടി ചാരമാവുകയായിരുന്നു ....എന്റെ അച്ചീ...... ന്റെ മോൾ വന്നോ ......ന്നുള്ള ..... ആ.... സ്നേഹാർദ്രമായ വിളി ...... .....ഇനി ഉണ്ടാവില്ലല്ലോ ന്നോർത്തപ്പം ........ കാഴ്ചയെയും മറച്ച് കൊണ്ട് എന്റെ കണ്ണുനീർ താഴേക്കൊഴുകുകയായിരുന്നു. .......... (തുടരും ) #📙 നോവൽ #📔 കഥ
ഫെയ്സ് ബുക്കിലൂടെ കണ്ട് മുട്ടിയ കാമുകനെ കാണാനാണ് ഭർതൃമതിയായ അവൾ ആ കോഫീ ഷോപ്പിലെത്തിയത് അധികമാരും ശ്രദ്ധിക്കാത്ത സ്റ്റെയർകെയ്സിന് താഴെയുള്ള രണ്ട് കസേരകൾ മാത്രമുള്ള ആ ടേബിളിൽ അവൾ കാമുകനെയും കാത്തിരിക്കുമ്പോൾ വെയിറ്റർ അങ്ങോട്ടേക്ക് വന്നു. എന്താ വേണ്ടത്? അയാൾ കൈയ്യിലിരുന്ന ചെറിയ ഡയറിയും പേനയുമെടുത്തു കൊണ്ട് ചോദിച്ചു പറയാം, ഒരാള് കൂടെ വരാനുണ്ട്,, അതും പറഞ്ഞവൾ പ്രധാന വാതിലിലേക്ക് ആകാംക്ഷയോടെ എത്തി നോക്കി. അത്യാവശ്യം തിരക്കുള്ളൊരു ഷോപ്പായിരുന്നത് കൊണ്ട് , പലരും അവിടെ വന്നും പോയുമിരുന്നു എന്നിട്ടും താൻ കാത്തിരിക്കുന്നയാൾ ഇത് വരെ എത്തിയില്ലല്ലോ എന്നോർത്ത് അവൾക്ക് നിരാശയായി അല്ലെങ്കിലും തൻ്റെ എതിർവശത്തെ കസേരയിൽ അയാൾ വന്നിരുന്നാൽ മാത്രമേ ,അതാണ് താനിത്ര നാളും സ്നേഹിച്ചിരുന്ന ആളെന്ന് തനിക്ക് മനസ്സിലാകു, കാരണം രണ്ട് പേരുടെയും പ്രൊഫൈൽ ചിത്രങ്ങൾ വ്യാജമായിരുന്നു രണ്ട് പേരും യഥാർത്ഥ ഫോട്ടോ ഇത് വരെ കൈമാറിയിട്ടില്ല, അതിൻ്റെ കാരണം മറ്റൊന്നുമല്ല ,ശരീരം കണ്ടിട്ടല്ല ,മനസ്സ് കൊണ്ട് വേണം ഇഷ്ടപ്പെടാൻ എന്ന അഭിപ്രായമായിരുന്നു രണ്ട് പേർക്കുമുണ്ടായിരുന്നത് പരസ്പരം അടുത്തറിഞ്ഞപ്പോഴാണ് തങ്ങൾ തുല്യ ദു:ഖിതരാണെന്നറിയുന്നത് തൻ്റെ ഭർത്താവ് തനിക്ക് സ്വാതന്ത്ര്യം തരാത്തത് പോലെ, അദ്ദേഹത്തിൻ്റെ ഭാര്യയ്ക്കും തൊട്ടതിനും പിടിച്ചതിനുമൊക്കെ അദ്ദേഹത്തെ സംശയമാണത്രേ ഭാര്യാഭർത്താക്കൻമാരായാൽ പരസ്പരം ബഹുമാനിക്കാൻ പഠിക്കുക ഒന്നിനും ഒരു പരിധി നിശ്ചയിക്കാതെ സ്വതന്ത്രമായി തീരുമാനമെടുക്കാൻ അനുവദിക്കുക ,പരസ്പരം വിട്ട് വീഴ്ചകൾക്ക് തയ്യാറാവുക ഇതായിരുന്നു അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടെങ്കിലും അത് തന്നെയായിരുന്നു തൻ്റെയും അഭിപ്രായം ഓരോന്ന് ആലോചിച്ചോണ്ടിരുന്നപ്പോൾ വെയിറ്റർ വീണ്ടും വന്നു ആളിത് വരെ എത്തിയില്ലേ? ഇല്ല, ഇപ്പോഴെത്തും, കുറച്ച് കൂടെ വെയിറ്റ് ചെയ്യണേ,, അവൾ ദൈന്യതയോടെ പറഞ്ഞു ഓഹ് ഞാൻ വെയിറ്റ് ചെയ്തോളാം അത് കൊണ്ടാണല്ലോ നമ്മളെ എല്ലാരും വെയിറ്റർ എന്ന് വിളിക്കുന്നത്, ഹു ഹു ഹു,,, ഒരു അളിഞ്ഞ തമാശ പറഞ്ഞിട്ട് സ്വയം ആസ്വദിച്ച് ചിരിച്ച് കൊണ്ട് അയാൾ നടന്ന് പോയി കാമുകൻ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ,ഭർത്താവിനെ പേടിച്ച് താൻ ഫോൺ നമ്പർ കൊടുക്കാതിരുന്നത് അബദ്ധമായി പോയെന്ന് അവൾക്കപ്പോൾ തോന്നി. ഇല്ലെങ്കിൽ, വരുമോ ,ഇല്ലയോ എന്ന് വിളിച്ചെങ്കിലും ചോദിക്കാമായിരുന്നു, മെസ്സഞ്ചറിൽ കയറി നോക്കാമെന്ന് വച്ചാൽ തനിക്ക് നെറ്റും കിട്ടുന്നില്ല അവളാകെ അസ്വസ്ഥയായി ഇനിയിപ്പോൾ വരുമെന്ന് തോന്നുന്നില്ല മണിക്കൂറ് ഒന്ന് കഴിഞ്ഞില്ലേ നിങ്ങളിവിടെ ഇരിക്കാൻ തുടങ്ങിയിട്ട് ,,, വെയിറ്ററുടെ ശബ്ദം കേട്ടവൾ ആലോചനയിൽ നിന്നുണർന്നു ഇനിയും അവിടെ ഇരിക്കുന്നത് ശരിയല്ലെന്ന് മനസ്സിലാക്കിയ അവൾ കടുത്ത നിരാശയോടെ അവിടെ നിന്നും എഴുന്നേറ്റു തിരിച്ച് വീട്ടിലേക്ക് ചെല്ലുന്നതിനായി ഓട്ടോറിക്ഷയിൽ ഇരിക്കുമ്പോൾ ഭർത്താവിനോടെന്ത് കള്ളം പറയുമെന്നതിനെ കുറിച്ചായിരുന്നു അവളുടെ ആലോചന എന്ത് പറഞ്ഞാലും തനിക്ക് ചീത്ത കേൾക്കേണ്ടി വരും ,അത് സാരമില്ല വീട്ടിൽ നിന്നിറങ്ങുന്നതിന് മുൻപ് താനങ്ങേരെ ഫോണിൽ വിളിച്ചപ്പോൾ എൻഗേജ്ഡായിരുന്നല്ലോ ? ഏതവളുമായിട്ടായിരുന്നു സൊള്ളിക്കൊണ്ടിരുന്നത് എന്നൊരു മറു ചോദ്യം ചോദിച്ചാൽ പുള്ളിക്കാരൻ ഡൗണായിക്കോളും, തനിക്ക് രക്ഷപെടാൻ താൻ പണ്ട് മുതലേ സ്വീകരിച്ച് വരുന്നത് ആ വിദ്യയാണല്ലോ ? പക്ഷേ അവൾ പ്രതീക്ഷിച്ചത് പോലെ ഒന്നും സംഭവിച്ചില്ല , വീടിനുള്ളിലേയ്ക്ക് കയറിച്ചെന്ന അവൾ കണ്ടത് ,അയാൾ കട്ടിലിൽ കിടക്കുന്നതാണ് നിങ്ങളെപ്പോഴെത്തി ? സാരി മാറുന്നതിനിടയിൽ അവൾ വെറുതെ അയാളോട് ചോദിച്ചു കുറച്ച് നേരമായി ശാന്തമായി മറുപടി പറഞ്ഞിട്ട് സീലിംഗ്ഫാനിലേക്ക് നോക്കി ആലോചനയോടെ അയാൾ കിടന്നു ഞാനെവിടെപോയതാന്ന് എന്താ ചോദിക്കാത്തത്? ജിജ്ഞാസയോടെ അവൾ ചോദിച്ചു എന്തെങ്കിലും അത്യാവശ്യത്തിനായിരിക്കുമല്ലോ നീ പോയത് ,അല്ലാതെ നീയെങ്ങും പോകില്ലാന്ന് എനിക്കറിയില്ലേ? അത് കേട്ടപ്പോൾ അവളുടെ നെഞ്ചൊന്ന് പിടഞ്ഞു നീ കഴിഞ്ഞ ദിവസം ഒരു റീയൂണിയൻ്റെ കാര്യം പറഞ്ഞിരുന്നില്ലേ ?അതിന് വേണമെങ്കിൽ നീ പൊയ്ക്കോളു, പുതിയ ചുരിദാറ്, ഞാൻ വാങ്ങിത്തരാം, ഇല്ലെങ്കിൽ പൈസ തന്നേക്കാം, ഇഷ്ടപ്പെട്ടത് നീ തന്നെ പോയി എടുത്തോളു അത് കേട്ട്,അവൾക്ക് അത്ഭുതം തോന്നി, അവൾ പുറത്ത് ആകാശത്തേയ്ക്ക് എത്തി നോക്കി കാക്ക വല്ലതും മലർന്ന് പറക്കുന്നുണ്ടോ? ഇനി എനിക്കൊരു ചായ ഇട്ട് തന്നൂടെ ? പുഞ്ചിരിയോടെ അയാൾ ചോദിച്ചു ദാ ഇപ്പോൾ കൊണ്ട് തരാം,,, മനസ്സ് നിറഞ്ഞ സന്തോഷവുമായിട്ടാണ് അവൾ അടുക്കളയിലേക്ക് പോയത് ഇപ്പോഴാണ് താൻ ആഗ്രഹിച്ച ഭർത്താവാകാൻ അദ്ദേഹത്തിന് കഴിഞ്ഞത് ,ഇത്രയും മതി ,ഇനി താനൊരിക്കലും അദ്ദേഹത്തെ സംശയമുനയിൽ നിർത്തില്ല പെട്ടെന്നവൾക്ക്, തന്നെ, പറഞ്ഞ് പറ്റിച്ച കാമുകനെ ഓർമ്മ വന്നു, ഉടനെ തന്നെ മൊബൈൽ ഓൺ ചെയ്തു ,തൻ്റെ വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ കയറി ലോഗൗട്ട് ചെയ്തിട്ട് ആപ് അൺഇൻസ്റ്റാള് ചെയ്തു അതിനും ഒന്ന് രണ്ട് മണിക്കൂർ മുൻപ് തന്നെ അവളുടെ ഭർത്താവും അയാളുടെ വ്യാജ അക്കൗണ്ട് ഡിലിറ്റ് ചെയ്തിരുന്നു ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട തൻ്റെ കാമുകിയെ കാണാനാണ് ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങി അയാൾ കോഫി ഷോപ്പിലേയ്ക്ക് വന്നത് ,മുൻവശത്ത് കൂടി കയറിയാൽ പരിചയക്കാര് ആരെങ്കിലും കാണുമെന്ന് ഭയന്നാണ് സ്ഥിരമായി അയാൾ വരാറുള്ള ആ ഷോപ്പിൻ്റെ പിൻവാതിലിൽ കൂടി പതുങ്ങി കയറിച്ചെന്നത് അപ്പോഴാണ് താൻ കാമുകിയോട് പറഞ്ഞ അതേ ടേബിളിൽ തൻ്റെ ഭാര്യ പുറത്തേയ്ക്ക് കണ്ണ് നട്ട് ആരെയോ പ്രതീക്ഷിച്ചിരിക്കുന്നത് ഞെട്ടലോടെ അയാൾ കണ്ടത് അവൾ നോക്കിയിരിക്കുന്നത് താനെന്ന കാമുകനെയാണന്ന് മനസ്സിലാക്കാൻ അയാൾക്ക് അധിക സമയം വേണ്ടി വന്നില്ല ഭാര്യാ ഭർത്താക്കൻമാർ തമ്മിലുള്ള ബന്ധം എങ്ങനെ ആയിരിക്കണമെന്ന് ഫെയ്സ് ബുക്കിലെ കാമുകിയും കാമുകനുമായപ്പോഴാണ്, ശരിക്കും അവർക്ക് മനസ്സിലായത് #📔 കഥ #📙 നോവൽ
സത്യമല്ലെ ✌🏻👍🏻👍🏻 #📝 ഞാൻ എഴുതിയ വരികൾ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #💭 Inspirational Quotes
📝 ഞാൻ എഴുതിയ വരികൾ - 630} alolcl &9161010)308 | ೧೧೧೦ @೨೦೧ ஸிமஸ்3039o!! Gm1mJo ைவoவிலு விய.!! 630} alolcl &9161010)308 | ೧೧೧೦ @೨೦೧ ஸிமஸ்3039o!! Gm1mJo ைவoவிலு விய.!! - ShareChat
"ഏതു നേരത്താണോ കർത്താവേ ഇങ്ങേർക്ക് ഞാൻ കഴുത്ത് നീട്ടി കൊടുത്തത് ". പതിവുപോലെത്തന്നെ സൂസാമ്മച്ചി കർത്താവിന്റെം ഭർത്താവിന്റെം ചെവിതല കേൾപ്പിക്കാതെ ആയി.. " അല്ലേയ്, നെയ്പ്പറമ്പിൽ തോമച്ചന്റേയും ത്രേസ്യയുടേയും മകൻ പൗലോയെ കെട്ടു കല്യാണം കഴിക്കാൻ നിനക്ക് സമ്മതമാണോന്ന് വിളിച്ച് ചോദിച്ചപ്പോ സമ്മതംന്നു പറഞ്ഞ് നാണം കുണുങ്ങി നിന്നവളല്ലേയോഡീ നീ, എന്നിട്ടിപ്പൊ ഇതെന്നാ വർത്താനാ" തെറിക്കുത്തരം മുറിപ്പത്തലെന്ന പോലെയാണ് ഈ പൗലോച്ചൻ. അറുപത്തിരണ്ട്കാരൻ പൗലോയും അമ്പത്തിആറ്കാരി സൂസമ്മേം തമ്മിലൊരു ജീവിതം തുടങ്ങീട്ട് കൊല്ലം പത്ത് നാൽപ്പതായി.. രാവിലെ ഭക്ഷണത്തിന് ശേഷവും ഉച്ചക്ക് ചോറിനു മുൻപും വൈകീട്ട് അത്താഴ സമയത്തും അവർ തമ്മിലു വഴക്ക് പതിവാ.. വഴക്കിട്ട് കഴിഞ്ഞാൽ പിന്നെ പ്രണയത്തിന്റെ വാതായനങ്ങൾ തുറക്കപ്പെടുകയായി... അല്ലേലും ഈ വയസാംകാലത്തും പൗലോച്ചായന് വയസ് ഇരുപത്തി രണ്ടാണൂന്നാ വിചാരംന്നാ സൂസാമ്മച്ചി പറയുന്നെ. ഇന്നത്തെ വഴക്കിന്റെ കാര്യവും അങ്ങനെ തന്നാ, പൗലോച്ചായന് ടാറ്റു അടിക്കണം. നമ്മടെ ഇപ്പഴ്ത്തെ ന്യൂ ജനറേഷൻ പിള്ളേര് കഴുത്തിനും മുതുകത്തും കൈക്കും ഒക്കെ ടാറ്റു അടിക്കണപോലെ ,പിൻകഴുത്തിൽ നീട്ടി വരച്ച് ഒരു ഗമണ്ടൻ ടാറ്റു പൗലോച്ചായനും വേണം. "അല്ല മനുഷ്യാ നിങ്ങളിത് എന്തോന്ന് ഭാവിച്ചാ, വലിയ അവധിക്ക് അന്നക്കുട്ടീം പിള്ളേരും വരുമ്പൊ അപ്പാപ്പനിങ്ങനെ ദേഹം മുഴുവൻ വരച്ച് വച്ചിരുന്നാൽ പിള്ളാർക്കല്ലേ അതിന്റെ ഒരു നാണക്കോട് " ഇമോഷണൽ ബ്ലാക്മെയിലിങ്ങിൽ അല്ലേലും പണ്ടേ സൂസാമ്മച്ചി ഒരു സംഭവാ, എന്നാൽ ആ പരിപ്പെനി വേവാണ്ട് പോകുവേ ഉള്ളു. "എന്റെ സൂസാമ്മെ കാലം മാറുന്നേന് അനുസരിച്ച് നമ്മളും മാറണം.. വിദേശത്ത് ജീവിക്കണ നമ്മൾടെ കൊച്ചു മക്കൾക്ക് ഇതൊന്നും അത്ര വല്യ കാര്യായ്രിക്കൂലാന്നേ.. എന്നാത്തിനാ രണ്ട് കൊല്ലത്തിൽ ഒരിക്കൽ വരണ പിള്ളേർക്ക് വേണ്ടി നമ്മുടെ സന്തോഷം കളയുന്നേ ". പൗലോച്ചായൻ സമാധാനത്തിന്റെ വെള്ളരി പ്രാവായ് ചിറകിട്ടടിച്ചു.. "അതല്ല പൗലോച്ചായാ നിങ്ങള് പ്രായത്തിനൊക്കാത്ത വേഷം കെട്ടി നടക്കുവാണൂന്നാ നാട്ടാര് മൊത്തം പറയുന്നേ, ഇന്നാള് നമ്മടെ ജോസപ്പിന്റെ ഭാര്യ ലില്ലിക്കുട്ടി പറഞ്ഞു പൗലോച്ചായനു വല്ല മുണ്ടും ഉടുത്ത് നടന്നാപോരെ ഇപ്പളത്തെ പിള്ളേരെപ്പോലെ ഊരി വീഴാനായ പാന്റും ഇട്ട് നടക്കണ വല്ല കാര്യൂം ഉണ്ടോന്ന്.. ഹൊ ഞാനങ്ങ് വല്ലാണ്ടായ്പോയി. " ജാള്യതയാൽ മുഖം ചുളിച്ച് സൂസാമ്മ പറഞ്ഞു തീരും മുന്നേ തന്നെ പൗലോച്ചായന്റെ മുഖം രോഷം കൊണ്ടു ചുവന്നു.. "ആ എരണം കെട്ടവളെന്തിനാ എന്റെ പാന്റും നോക്കി നടക്കണെ, അവക്കടെ എല്ലാ സൂക്കേടും ഞാൻ മാറ്റിക്കൊട്ക്കുന്നുണ്ട്. " " എന്റേ കർത്താവേ ഇതിയാനോട് ചക്ക എന്നു പറഞ്ഞാൽ മാങ്ങ എന്ന് മനസിലാക്കുവാണേൽ ഞാൻ എന്തോന്ന് പറയാനാ. അവിടുന്ന് തന്നെ നല്ല ബുദ്ധി കൊട്ത്തേക്കണേ" കണ്ണുകളടച്ച് മുട്ടിപ്പായി പ്രാർത്ഥന തുടങ്ങി അമ്മച്ചി . " എഡീ സൂസാമ്മോ, ഇന്നോളം നീ നിനക്ക് വേണ്ടി ജീവിച്ചിട്ടുണ്ടോ. എന്റേം അന്നക്കൊച്ചിന്റേം കുഞ്ഞോന്റേം കാര്യം മാത്രം നോക്കീട്ട് ഇരുവരെ നീ ജീവിച്ചില്ലെ, നീ ഉണ്ണാതെ അവരെ ഊട്ടീല്ലേ.നമ്മൾടെ പിള്ളേരൊക്കെ വളർന്ന് വലുതായി കുടുംബോം കുട്ട്യോളും ഒക്കെയായി ജീവിക്കുന്നു. അതിനിടേൽ നമ്മളെ കുറിച്ച് ആരും ചിന്തിക്കുന്നില്ല, പിന്നെന്തിനാ നീ മറ്റുള്ളോരെക്കു റിച്ച് ആവലാതിപ്പെടുന്നേ. നീ നിന്റെ ആഗ്രഹങ്ങൾ പറ അത് സാധിച്ച് തരാൻ നിന്റച്ചായൻ ഉണ്ടെടി കൂടെ." അമ്മച്ചീനെ എഴുന്നേൽപ്പിച്ച് അച്ചായന് അത് പറയുമ്പോൾ സ്നേഹം മാത്രമായിരുന്നു ഇരുവരിലും... "നേരാണച്ചായാ മക്കൾക്കിപ്പോ അവർടെ സന്തോഷം മാത്രം. അതേയ് എനിക്കൊരാഗ്രഹം ഉണ്ട് .എനിക്ക് താജ് മഹൽ കാണണം അതും വിമാനത്തിൽ പോയിട്ട്.പണ്ട് ഓലക്കീറ് കൊണ്ടു മറച്ച ചാണകം മെഴുകിയ കൂരേലിരുന്ന് ഞാൻ ഒത്തിരി ആഗ്രഹിച്ചതാ താജ്മഹലിലെ വെണ്ണക്കല്ലിൽ ഒന്നു തൊടണംന്ന്." മനസിലെ ആഗ്രഹം തുറന്ന് പറഞ്ഞ് ഒരു പതിനാറുകാരിയായ് നാണം കുണുങ്ങി നിന്നു അമ്മച്ചി... " ആഹാ, കൊള്ളാലോ ആഗ്രഹം, നമുക്ക് പോകാംന്നേ. വീതം വെപ്പ് കഴിഞ്ഞ് ബാക്കി ഉള്ളത് ഈ വീടും പത്ത് സെന്റ് സ്ഥലവുമാ, നമുക്ക് ഈ സ്ഥലമങ്ങ് വിൽക്കാം. ആഗ്രഹിച്ചിടത്തൊക്കെ പോകാം. അല്ലേലും നമ്മൾടെ കാലശേഷം ഈ സ്ഥലത്തിന്റെ പേരു പറഞ്ഞായ്രിക്കും പിള്ളേർ തമ്മിൽ തല്ലിച്ചാവുന്നേ. നമുക്കിതങ്ങ് വിറ്റിട്ട് നമുക്ക് വേണ്ടി ജീവിക്കാംന്നേ ." സ്നേഹത്തോടെ സുസാമ്മച്ചിയെ ചേർത്ത് പിടിച്ച് ആ നെറുകയിൽ ചുംബിച്ചപ്പോൾ നാണം കൊണ്ടാ മുഖം ചുവന്നു . " അതേ സൂസാമ്മോ നമുക്ക് എത്രേം പെട്ടെന്ന് ഡൽഹിക്ക് പോകാം ,അവിടെ നല്ല ടാറ്റൂ സെന്റ്ർ ഉണ്ടെന്നാ എന്റെ ഫെയ്സ് ബുക്ക് ഫ്രണ്ട് മരിയ കൊച്ച് പറഞ്ഞിരിക്കുന്നേ". ഒരു കള്ളച്ചിരിയോടെ പൗലോച്ചായൻ അതും പറഞ്ഞ് ഓടുമ്പോൾ " അപ്പൊൾ എന്നെ താജ്മഹൽ കാണിക്കാനല്ലാല്ലേ ,നിങ്ങൾക്ക് ടാറ്റു അടിക്കാനാലേ. കുഞ്ഞുമോന്റെ ഫോട്ടൊ വച്ചുള്ള ഫേയ്സ്ബുക്ക് കളി ഇന്നു നിർത്തീലേൽ നല്ല തീക്കനൽ വച്ച് നിങ്ങടെ ദേഹം മുഴുവൻ ടാറ്റു അടിക്കും ഞാൻ നോക്കിക്കോ " എന്നു പറഞ്ഞ് സൂസാമ്മയും പുറകേ ഓടി... അവരുടേതായ പ്രണയത്തിന്റെ ലോകത്തിലേക്ക് .. NB : പ്രണയം ഒരു കണ്ടെത്തലാണ്. കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ ആഗ്രഹസാഫല്യങ്ങളിലൂടെ പ്രായഭേതമന്യേ ആർക്കും ആസ്വദിക്കാനുള്ളവ. പ്രായം കൊണ്ട് സന്തോഷത്തെയും ആഗ്രഹങ്ങളെയും അളക്കാതെ ജീവിച്ചു നോക്കൂ.. ജീവിതത്തിൽ എന്നും മാധുര്യം നിറയ്ക്കൂ.. രചന: ഉണ്ണിമായ നാലപ്പാടം #📔 കഥ #📙 നോവൽ
"ടീച്ചർ മാത്രം എന്താ എന്റെ കുറ്റങ്ങളൊന്നും പറയാതിരുന്നേ?" ചില്ലുപെട്ടിയിൽ മരിച്ച് മരവിച്ച് കിടക്കുന്ന ആ കുഞ്ഞു ശരീരം കാണാനുള്ള കരുത്തെനിക്ക് ഇല്ലായിരുന്നു. ഒന്നു പൊട്ടിക്കരയണമെന്ന് തോന്നി.സാരിത്തലപ്പ് കൊണ്ട് മുഖം മറച്ച് അവിടുന്ന് നടന്നു നീങ്ങിയപ്പോഴും അവന്റെ ശബ്ദം മാത്രമായിരുന്നു കാതിൽ. ടീച്ചർ മാത്രം എന്താ എന്റെ കുറ്റങ്ങളൊന്നും പറയാതിരുന്നേ? രാവിലത്തെ ഇന്റർവെല്ലിന് സ്റ്റാഫ് റൂമിലേക്ക് എന്നെ തേടി വന്ന യദുവിന്റെ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരിന്നു.. "ബാ, നീ ഇവിടിരിക്ക് " സ്നേഹത്തോടെ അവന്റെ കൈയ്യിൽ പിടിച്ച് ,അടുത്തുള്ള കസേരയിലേക്ക് ഇരുത്തി. കൈയിലൊക്കെയും അടി കൊണ്ട് ചുവന്ന് കല്ലിച്ച പാടുകൾ.തോരാത്ത കണ്ണുനീർ അവന്റെ കവിളിലൂടെ ഒഴുകിക്കൊണ്ടേ ഇരുന്നു. ആരോടും കൂട്ടുകൂടാത്ത, ചിരി വിരിയാത്ത ആ കുഞ്ഞു മുഖം കുറേ നാളുകളായ് മനസിൽ വല്ലാത്തൊരു മുറിവ് ഉണ്ടാക്കിയിട്ട്. അതോണ്ട് തന്നെയാവും അവനെ വേദനിപ്പിക്കാൻ മനസ് അനുവദിക്കാഞ്ഞത്. "മോനെ ആരാ ഇങ്ങനെ തല്ലിയെ?" "അമ്മ" എന്റെ മുഖത്തേക്ക് നോക്കാത്ത അവൻ പറഞ്ഞ് ഒപ്പിച്ചു. കൂടുതൽ എന്തെങ്കിലും ചോദിക്കാൻ അന്നേരം തോന്നിയില്ല. അല്ലെങ്കിൽ തന്നെ കൂടുതൽ ചോദിച്ചവനെ കുത്തിനോവിക്കുന്നതിൽ അർത്ഥം ഇല്ലല്ലോ. ഇന്നലത്തെ പാരന്റ്സ് മീറ്റിംഗിൽ അവന്റെ കുഞ്ഞുകുഞ്ഞു കുറവുകൾ വരെ പെരുക്കി പറഞ്ഞ് മറ്റു മാതാപിതാക്കളുടേയും അധ്യാപകരുടേയും മുന്നിൽ വച്ചവനെ കോമാളിയാക്കി ഞെളിഞ്ഞ് നിന്ന റീത്ത ടീച്ചറുടെ കരണം നോക്കി ഒന്നു പൊട്ടിക്കാൻ തോന്നിയിരുന്നു.. എന്റെ സഹപ്രവർത്തകയും സീനിയർ അധ്യാപികയും ആയിപ്പോയി ഇല്ലേൽ രണ്ട് വാക്ക് പറഞ്ഞേനെ. അതെങ്ങനാ എണ്ണി വാങ്ങുന്ന ശമ്പളത്തിൽ മാത്രമാണല്ലോ അവരുടെ കണ്ണ്. ചില അധ്യാപകർ അങ്ങനെയാ കുഞ്ഞുങ്ങളുടെ മനസ്സ് വേദനിപ്പിച്ച് ആനന്ദം കണ്ടെത്തുന്നവർ. രണ്ട് അടി കൊടുത്താൽ ആ വേദന കുറച്ച് കഴിഞ്ഞ് പോകും, പക്ഷെ അനാവശ്യമായി അപമാനിക്കുമ്പോൾ കുഞ്ഞു മനസിനേൽക്കുന്ന ആഘാതമുണ്ടല്ലോ അത് ഒരിക്കലും മാറില്ല.. . "ടീച്ചറെന്താ എന്നോടൊന്നും മിണ്ടാത്തെ " എന്റെ ചിന്തകളെ തടഞ്ഞു കൊണ്ടവൻ ചോദിച്ചു. " ഒന്നുല്ല മോനെ, നീ വിഷമിക്കണ്ടാട്ടോ ,നന്നായ്ട്ട് പഠിച്ച് മിടുക്കനായാൽ ആരും നിന്നെ വഴക്ക് പറയില്ലാട്ടോ. ഇന്നലെ റീത്ത ടീച്ചർ പറഞ്ഞതൊന്നും മനസിൽ വയ്ക്കണ്ട. മോന്റെ അമ്മയെ ഞാൻ വിളിച്ച് സംസാരിച്ചോളാം " അവന്റെ കൈയ്യിൽ പതുക്കെ തലോടി ആശ്വസിപ്പിച്ചപ്പോൾ ചെറിയൊരു ചിരി ആ ചുണ്ടിൽ വിരിഞ്ഞു. " ഞാൻ ശ്രമിക്കാത്തതുകൊണ്ട് അല്ല ടീച്ചറെ ,എന്നെ കൊണ്ട് പറ്റുന്നില്ല" നിരാശയോടെ ആ മുഖം മങ്ങിത്തുടങ്ങി. "ഹാ, സാരുല്ലന്നെ. പറ്റുന്ന പോലെയൊക്കെ മതിന്നെ. ഇനി എന്തു വിഷമം ഉണ്ടേലും എന്നോട് വന്ന് പറയണേ." ഒരു വിധം സമാധാനിപ്പിച്ച് അവനെ ക്ലാസിലേക്കയച്ചു. പഠനവൈകല്യം നേരിടുന്ന അവനെപ്പോലുള്ള കുഞ്ഞുങ്ങൾ പലപ്പോഴും ക്ലാസ് മുറികളിലും മീറ്റിങ്ങുകളിലും ചില അധ്യാപകരുടെ ഒരു പരിഹാസ കഥാപാത്രമാവുന്നല്ലോ എന്നോർത്തപ്പോൾ അധ്യാപനത്തോട് വല്ലാത്ത മടുപ്പ് തോന്നി. പിന്നീടുള്ള ദിവസങ്ങളിൽ പലപ്പോഴും അവൻ എന്നെ തേടി വന്നു. കൂട്ടുകാരുടേയും അധ്യാപകരുടേയും വീട്ടുകാരുടേയും കുറ്റപ്പെടുത്തലുകളും "മണ്ടൻ" എന്ന വിളി കേൾക്കുമ്പോഴുള്ള സങ്കടവും എല്ലാം എന്നോട് പങ്ക് വച്ച് മനസ്സിന്റെ ഭാരം ഇറക്കി വച്ചു. പഠന വൈകല്യങ്ങൾ നേരിട്ടവർ അറിയപ്പെടുന്ന വ്യക്തികൾ ആയി മാറിയ കഥകൾ പറഞ്ഞു കൊടുക്കുമ്പോൾ വല്ലാത്തൊരു ആത്മവിശ്വാസം അവനിൽ നിറയുമായിരുന്നു. ചിരിയില്ലാത്ത മുഖം ദിവസം കഴിയുന്നോറും കൂടുതൽ പ്രസന്നമായി. ജന്മനാട്ടിലേക്ക് ആഗ്രഹിച്ച് കിട്ടിയ ട്രാൻസ്ഫർ ഓഡർ കൈയ്യിൽ എത്തിയപ്പോൾ അവനോടൊപ്പം ഞാനും കുറേ കരഞ്ഞു. വളരെ കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ പിരിയാൻ പറ്റാത്തൊരു ആത്മബന്ധം ഞങ്ങൾ തമ്മിൽ ഉടലെടുത്തിരുന്നു. പുതിയ സ്കൂളിലേക്ക് മാറിയതിൽ പിന്നെ ഇടയ്ക്കിടക്ക് അവനെ വിളിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അവനോട് സംസാരിക്കാൻ സാധിച്ചില്ല. ഇന്നു രാവിലെ രാധിക ടീച്ചറാണ് വിളിച്ച് പറഞ്ഞത് " അവൻ പോയെന്ന് " . താരതമ്യപ്പെടുത്തൽഇല്ലാത്ത, മത്സരങ്ങളോ പരിഹാസങ്ങളോ ഇല്ലാത്ത ലോകത്തേക്ക് അവൻ ഒരു മുഴം കയറിന്റെ സഹായത്തോടെ ഓടിയെത്തി ഒന്നാമനായെന്ന്. NB :അനുഭവകഥയല്ല ഇത് ,പക്ഷെ ദിവസേന പഠന വൈകല്യം നേരിടുന്ന ഒരു പാട് കുട്ടികളെ കാണുന്നുണ്ട്, അവരുടെ പരിമിതികൾ മനസിലാക്കാതെ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന മട്ടിലുള്ള രക്ഷിതാക്കളേയും കാണുന്നുണ്ട്, മണ്ടനെന്ന് വിളിച്ച് അവരെ തളർത്തുന്ന സഹപാഠികളെയും ചുരുക്കം ചില അധ്യാപകരെയും കാണുന്നുണ്ട്.. ഉണ്ണിമായ നാലപ്പാടം #📔 കഥ #📙 നോവൽ
പ്രണയകാലം … ആ വിശാലമായ പൂമുഖത്തിന്റെ പടികൾ ചവിട്ടി ,ജയദേവൻ അകത്തേയ്ക്ക് കയറി… "ജയദേവൻ ഇരിക്കൂ..…" മുഖത്ത് നോക്കാതെയാണ് വാസുദേവൻ പറഞ്ഞത്… അയാൾ ചൂണ്ടിക്കാണിച്ച ഇരിപ്പിടത്തിലേയ്ക്ക് അമരുമ്പോൾ ജയദേവന്റെ മുഖത്ത് ഭാവഭേദമൊന്നും ഉണ്ടായില്ല…കയറി വരുമ്പോഴേ ഉണ്ടായിരുന്ന അക്ഷമയല്ലാതെ... വാസുദേവൻ ജയദേവന്റെ മുഖത്ത് നോക്കാതെയാണ് സംസാരിച്ചത്.. പഴയ ആഢ്യത്വമൊന്നും ആ മുഖത്തില്ല.. ക്ഷീണം പ്രായത്തിന്റേത് മാത്രമല്ലെന്ന് ജയദേവനും അറിയാമായിരുന്നു… "വരുമെന്ന് കരുതിയില്ല.. ജയന്റെ.. ജയദേവന്റെ തിരക്കൊക്കെ അറിയാവുന്നതാണല്ലോ.." ജയദേവൻ ഒന്ന് മന്ദഹസിച്ചതേയുള്ളൂ.. 'ഈ ഒരു വിളിയ്ക്ക് വേണ്ടി ജീവൻ പോലും പകരം തരാൻ ഞാൻ ഒരുക്കമായിരുന്നല്ലോ..' പറഞ്ഞത് പക്ഷെ മനസ്സിലാണ്… അവിടെ നിന്നും ഇവിടെ നിന്നുമായി പല മിഴികളും എത്തി നോക്കുന്നുണ്ട്… പലരുടെയും മനസ്സ് കീഴടക്കിയ ഭാവഗായകൻ.. ഗന്ധർവ്വനാദം… "ഒരിക്കൽ.. ഒരിക്കലെങ്കിലും,അവളോട് നീതി കാണിയ്ക്കണമെന്ന് തോന്നി.. അവസാനനിമിഷമെങ്കിലും എന്റെ കുട്ടി സന്തോഷത്തോടെയിരിക്കട്ടെ...ന്നോട് ക്ഷമിക്കട്ടെ…" വാസുദേവന്റെ ശബ്ദം ഇടറി.. കണ്ണുകൾ നിറഞ്ഞത് ജയദേവൻ കണ്ടു…. അയാളുടെ ഉള്ളൊന്ന് പിടഞ്ഞു…. "ദേവി…?" ശബ്ദം വല്ലാതെ നേർത്തിരുന്നു… "അകത്തുണ്ട്… തന്റെ ശബ്ദത്തിലാണ് അവളിപ്പോൾ ജീവിക്കുന്നത്…" കണ്ണുകൾ ഇടഞ്ഞപ്പോൾ വാസുദേവന്റെ മിഴികളിലെ ക്ഷമായാചനം ജയദേവൻ കണ്ടു… ക്ഷമിക്കുവാനാവുമോ…? രണ്ടു ജീവിതങ്ങളാണ് തകർന്നടിഞ്ഞു പോയത്… എന്തിന് വേണ്ടി…? ദുരഭിമാനം… അന്തസ്സും ആഭിജാത്യവുമുള്ള,പടിയത്ത് തറവാട്ടിലെ പെണ്ണിന്,കീഴാളന്റെ ചോര ഞരമ്പുകളിൽ ഓടുന്നവൻ ചേരില്ലത്രേ…. ആ വലിയ തറവാട്ട് വീടിന്റെ, അകത്തളത്തിൽ,ഇരുൾ വീണ ഇടനാഴിയും താണ്ടി ആ അറവാതിൽക്കൽ എത്തുമ്പോഴേ കേൾക്കുന്നുണ്ടായിരുന്നു… "ഹൃദയത്തിൻ തന്തിയിലാരോ വിരൽതൊടും മൃദുലമാം നിസ്വനം പോലെ.... ഇലകളിൽ ജലകണമിറ്റുവീഴും പോലെൻ ഉയിരിൽ അമൃതം തളിച്ച പോലെ.... തരളവിലോലം നിൻ കാലൊച്ചകേട്ടു ഞാൻ അറിയാതെ കോരിത്തരിച്ചു പോയി...." ആ വാതിൽക്കൽ,അയാളെ എതിരേറ്റത്, തന്റെ സ്വരവീചികൾക്കൊപ്പം, നേർത്ത ചെമ്പകസുഗന്ധം കൂടിയായിരുന്നു… അറയ്ക്കുള്ളിലെ, തുറന്നിട്ട ജാലകവാതിലിലൂടെ പുറത്തേക്ക് നോക്കി, കട്ടിലിൽ ചാരിയിരിക്കുന്ന രൂപത്തെ അപ്പോഴാണ് ജയദേവൻ കണ്ടത്.. 'ദേവി' അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു… അവരൊന്നു തിരിഞ്ഞുനോക്കി.. ആ മെലിഞ്ഞൊട്ടിയ മുഖത്തെ നടുക്കം ജയദേവൻ കണ്ടു… പതിയെ ആ കുഴിയിലാണ്ട കണ്ണുകൾ വിടരുന്നതും.… . അവർ കണ്ണിമയ്ക്കാതെ നോക്കിയിരുന്നതും, ജയദേവൻ നേർത്ത ഒരു ചിരിയോടെ അകത്തേക്ക് കയറി.. കട്ടിലിനരികിൽ ഒരു കസേര ഉണ്ടായിരുന്നുവെങ്കിലും,അതിലേക്ക് ഇരിക്കാതെ,കിടക്കയിൽ അവർക്കരികിലേക്ക് ഇരുന്നു ജയദേവൻ.. " സ്വപ്നം ഒന്നുമല്ലെടോ...സത്യമാണ്.." ജയദേവന്റെ ശബ്ദം ആർദ്രമായിരുന്നു... ശ്രീദേവി അപ്പോഴും ശബ്ദിക്കാനാവാതെ ഇരിക്കുകയായിരുന്നു… മുപ്പത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ഈ മുഖം ഒന്നു കാണാതെ…. പഴയ ശ്രീദേവിയുടെ ഒരു നിഴൽരൂപം പോലും ആയിരുന്നില്ല അവരപ്പോൾ … നേർത്ത മുടിയിഴകൾക്കിടയിൽ തലയോട്ടി തെളിഞ്ഞിരുന്നു.. കുഴിയിലാണ്ട കണ്ണുകളും കരുവാളിച്ച കവിൾത്തടവുമായി മെലിഞ്ഞുണങ്ങിയ ഒരു രൂപം… അയാളുടെ മനസ്സിൽ, നിറയെ മഷിയെഴുതിയ,വിടർന്ന മിഴികളിൽ കുറുമ്പൊളിപ്പിച്ച, നീണ്ടിടതൂർന്ന മുടിയിഴകളിൽ ചെമ്പകപ്പൂ കൊരുത്തിട്ട ഒരു സുന്ദരിപ്പെണ്ണിന്റെ രൂപം തെളിഞ്ഞു… ശ്രീദേവി… കളിക്കൂട്ടുകാരിയായിരുന്നു,വല്യ പെണ്ണാവുന്നത് വരെ.. പാത്തും പതുങ്ങിയും കീഴാളച്ചെക്കനൊപ്പം കളിയ്ക്കാൻ വരുന്നവൾ… പിന്നെയെപ്പോഴോ ആ കൂട്ട് അകന്നു പോയി.. പ്രായത്തിന്റെയും സമൂഹത്തിന്റെയും വേർതിരിവുകൾക്കിടയിൽ മാഞ്ഞു പോയൊരു സൗഹൃദം… ദേവി അപ്പോഴും ജയദേവന്റെ മുഖത്തേയ്ക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു.. ഗന്ധർവ്വ ഗായകൻ… ഉയർച്ചയുടെ പടികൾ കയറുന്നത് പ്രാർത്ഥനയോടെ,അതിലേറെ ആനന്ദത്തോടെ കണ്ടു നിന്നിരുന്നു… ദൂരെ മാറി നിന്നാണെങ്കിലും… കുറച്ചൊന്നു തടിച്ചു.. വെട്ടിയൊതുക്കിയ താടിയ്ക്ക് അല്പം കൂടെ കട്ടി കൂടിയിട്ടുണ്ട്… ആ കണ്ണുകളിലെ തിളക്കം മാഞ്ഞിട്ടില്ല… "മാഷ്.. മാഷ്ക്ക് വല്യ മാറ്റമൊന്നുമില്ല.." ആ കവിളിൽ ഒന്ന് തൊട്ടു കൊണ്ടായിരുന്നു ദേവി പറഞ്ഞത്... ആ വിരൽത്തുമ്പിൽ വല്ലാത്തൊരു തണുപ്പുണ്ടായിരുന്നുവെന്ന് ജയദേവന് തോന്നി… "വരേണ്ടിയിരുന്നില്ല… ന്നെ ഈ രൂപത്തിൽ… " ശബ്ദമടക്കിയാണ് പറഞ്ഞതെങ്കിലും, ആ സ്വരത്തിലെ അപകർഷതയും ജയദേവൻ അറിഞ്ഞിരുന്നു… അയാൾ പതിയെ,ആ നേർത്ത വിരലുകൾ കയ്യിലൊതുക്കി പിടിച്ചു… "ദേവിയുടെ രൂപത്തെ ഞാൻ ഇഷ്ടപ്പെട്ടിരുന്നു.. പക്ഷെ പ്രണയിച്ചത് രൂപത്തെയായിരുന്നില്ല…ഇഷ്ടത്തേക്കാളേ റെ മുൻപിലാണ് എന്നിലെ പ്രണയം…" ദേവിയുടെ ദേഹമൊന്ന് വിറച്ചത് പോലെ തോന്നി ജയദേവന്… ശ്രീദേവി കണ്ണുകൾ ഇറുക്കെ അടച്ചു… നല്ല മഴയുള്ളൊരു ദിവസമായിരുന്നു ആദ്യമായി കോളേജിൽ ചെന്നത്… ഇടവേളയിലെപ്പോഴോ,വരാന്തയിലൂടെ പുറത്തെ മഴയെ നോക്കി, കൂട്ടുകാരിയോടൊപ്പം നടക്കുമ്പോഴാണ്, കടന്നു പോയ ഏതോ ക്ലാസ്സിൽ നിന്നും, ആ സ്വരവീചികൾ കാതുകളിൽ എത്തിയത്.... "വാതിൽപ്പഴുതിലൂടെൻ‌മുന്നിൽ കുങ്കുമം വാരിവിതറും ത്രിസന്ധ്യ പോകേ.... അതിലോലമെൻ ഇടനാഴിയിൽ നിൻ‌ കള- മധുരമാം കാലൊച്ച കേട്ടു....." ഗന്ധർവ്വനാദം.. അതാണ് മനസ്സിലേയ്ക്ക് വന്നത്… "അത് നമ്മുടെ സീനിയറായി പഠിയ്ക്കുന്ന ചേട്ടനാ, ജയദേവൻ, അസ്സലായി പാടും.." കൂട്ടുകാരി പറഞ്ഞു… അപ്പോഴും പഴയ കളിക്കൂട്ടുകാരനാണെന്ന് അറിഞ്ഞില്ല… ഒരു ദിനം വരാന്തയിലൂടെ നടക്കുമ്പോഴാണ്,ആ പാട്ടിന്റെ ഈണം മൂളുന്നത്,തൊട്ടപ്പുറത്ത് നിന്നും കേട്ടത്.. ഞെട്ടിതിരിഞ്ഞു നോക്കിയപ്പോൾ,ആ മുഖം കണ്ടു… പൊടിമീശക്കാരൻ.. ജയദേവൻ… "ദേവൂട്ടി ഇവിടെയാ പഠിയ്ക്കുന്നെന്ന് തമ്പ്രാട്ടിയമ്മ പറഞ്ഞിരുന്നു…" അരികിലെത്തി പറയുന്നവനെ കണ്ണിമ ചിമ്മാതെ നോക്കി നിന്നു… കണ്ണുകൾ ആ മുഖത്തിനെയും,കാതുകൾ ആ ശബ്ദത്തിനെയും തേടിയലഞ്ഞു… ഏറെ വൈകാതെ ആളും അതറിഞ്ഞു.. കുസൃതി ഒളിപ്പിച്ച നോട്ടങ്ങളും പ്രണയം തുളുമ്പുന്ന ഭാവങ്ങളും,എപ്പോഴോ ആ മുഖത്തും തെളിഞ്ഞു… മൗനരാഗം.. വാക്കുകൾ കൊണ്ട് പോലും,ഉച്ചരിച്ച്,അശുദ്ധിയാക്കാത്ത പ്രണയം…. അന്നും,ആരാധികമാർ ഒരുപാടുണ്ടെങ്കിലും,ആ മനസ്സിൽ താൻ മാത്രമാണെന്ന്, പറയാതെ പറഞ്ഞിരുന്നു… കോളേജ് പഠിത്തം കഴിഞ്ഞും കണ്ടു, ഇടവഴികളിൽ, അമ്പലത്തിൽ, കുളക്കടവിൽ…. അന്നും പ്രണയത്തെ പറ്റി സംസാരിച്ചിട്ടില്ല.. ഇഷ്ടമാണെന്ന് പോലും… ഒന്നോ രണ്ടോ വാക്കുകളിൽ ഒതുങ്ങുന്ന സംസാരം… വെറുതെ,കണ്ടുമുട്ടാനിടയുള്ള വഴികളിലൂടെ ഇരുവരും നടന്നു.. ഒന്നും പറയാതെ… നാട്ടിലെ സ്കൂളിൽ അദ്ധ്യാപകനായി ജോലി കിട്ടിയെന്ന് അമ്മ പറഞ്ഞാണ് അറിഞ്ഞത്… "അല്ലേലും ആ വേലായുധന്റെ ചെക്കൻ മിടുക്കനാ..ഇപ്പോ ജോലിയും കിട്ടി, നല്ലോണം പാടുമെന്നും കേട്ടു.." .അമ്മ അച്ഛനോട് പറയുന്നതും അച്ഛൻ ഒന്ന് മൂളുന്നതും തെല്ലൊരു ഉൾപ്പുളകത്തോടെ കേട്ടു നിന്നു… വാശിയോടെ പഠിച്ചു, കുറച്ചു കഷ്ടപ്പെട്ടാണെങ്കിലും,അതേ സ്കൂളിൽ തന്നെ,അദ്ധ്യാപികയായി കയറിയപ്പോൾ എന്തോ നേടിയെടുത്ത പ്രതീതിയായിരുന്നു.. പ്രണയകാലം.. പക്ഷെ അപ്പോഴും പ്രണയവചനങ്ങൾ തങ്ങൾക്ക് അന്യമായിരുന്നു… ഗായകന്റെ പാട്ട് കേട്ടെത്തുന്ന ആരാധികമാരെ കാണുമ്പോൾ തനിയ്ക്ക് കുശുമ്പ് വരും.. അത് കാണുമ്പോൾ ആ ചുണ്ടുകളിലൊരു കുസൃതിച്ചിരി വിരിയും… കള്ളത്തരങ്ങൾ ഒളിപ്പിച്ച നോക്കും വാക്കും… തറവാട്ടിൽ കല്യാണം ആലോചിച്ചു തുടങ്ങിയിരുന്നു.. ഒരേയൊരു പെൺതരി.… അച്ഛന്റെയും ആങ്ങളമാരുടെയും ഓമന.... അത്രയും പഠിപ്പിക്കാൻ വിട്ടതും, ജോലി കിട്ടിയിട്ട് മതി കല്യാണമെന്ന,തന്റെ വാക്ക് കേട്ടതും അത് കൊണ്ട് തന്നെയായിരുന്നു… പക്ഷെ മനസ്സിൽ പ്രതിഷ്ഠിച്ചയാളെ മറക്കാൻ കഴിയില്ലായിരുന്നു… അന്ന് സ്കൂളിൽ വെച്ചാണ് സന്ധ്യയ്ക്ക് സർപ്പക്കാവിൽ വരുമോയെന്ന് താൻ ചോദിച്ചത്…ആദ്യമായി... ചിരിയോടെ തലയാട്ടി… സന്ധ്യയ്ക്ക് കാവിലേയ്ക്ക് നടക്കുമ്പോൾ മഴക്കോളുണ്ടായിരുന്നു… തിരി വെച്ചു കഴിഞ്ഞതും ആള് പിന്നിലുണ്ടായിരുന്നു… "ഞാൻ… എനിക്ക്.. പറയാനുള്ളത്… " എങ്ങനെ പ്രണയം പറയണമെന്ന് അറിയാതെ നിന്ന,തന്റെ കണ്ണുകളിലേയ്ക്ക് നോക്കിയാണ് ചോദിച്ചത്… "ധൈര്യമുണ്ടോ ദേവൂട്ടിയ്ക്ക്,എന്റൊപ്പം ജീവിയ്ക്കാൻ…?" ഒരു നിമിഷം എന്ത് പറയണമെന്നറിയാതെ നിന്നെങ്കിലും,അടുത്ത നിമിഷം തന്റെ മിഴികളിലും പ്രണയം വിടർന്നിരുന്നു… അപ്പോഴാണ് ആദ്യത്തെ തുള്ളി മുഖത്ത് വീണത്… മഴത്തുള്ളികൾ കനത്തു തുടങ്ങിയതും തന്റെ കയ്യിൽ പിടിച്ചിരുന്നു.. ആദ്യസ്പർശനം…. "മഴ നനയണ്ട, അങ്ങോട്ട് മാറി നിന്ന് സംസാരിക്കാം..…" പറഞ്ഞു തീരുന്നതിനു മുൻപേ,തന്റെ മിഴികൾ മുൻപിൽ നിൽക്കുന്നയാളിൽ പതിഞ്ഞിരുന്നു.. "ഏട്ടൻ…" ഭയത്തോടെയാണ് ഉരുവിട്ടത്.. വല്യേട്ടന്റെ കണ്ണുകൾ,തന്റെ ഇടം കയ്യിൽ ചേർന്നിരിക്കുന്ന ജയദേവന്റെ വലം കയ്യിലായിരുന്നു… തടുക്കാനോ,എന്തെങ്കിലും പറയാനോ കഴിയുന്നതിനു മുൻപേ,അടി നടന്നിരുന്നു.. ബഹളം കേട്ട് ഓടിയെത്തിയ മറ്റുള്ളവരും അതിൽ പങ്ക് ചേർന്നിരുന്നു..… ഏട്ടന്മാരിലാരോ, തന്നെ വലിച്ചിഴച്ച് കൊണ്ട് പോവുന്നതിനിടയിലും കേട്ടിരുന്നു ആ ശബ്ദം… "അവളെ… അവളെയൊന്നും ചെയ്യരുത്.." വീട്ടു തടങ്കലിലായിരുന്നു താൻ.. സ്നേഹമുൾപ്പെടെ എല്ലാം നിഷേധിച്ചു ചുറ്റുമുള്ളവർ… ജയദേവനെ വീണ്ടും തല്ലിച്ചതച്ചതറിഞ്ഞു,പൊട്ടിക്കരയാനേ പറ്റിയുള്ളൂ… 'അവനെ ജീവനോടെ വെയ്ക്കില്ലെന്ന'ഭീഷണിയ്ക്ക് മുൻപിൽ താനും അടിയറവു പറഞ്ഞു.. ആ ജീവന് പകരമായി, ചൂണ്ടിക്കാണിയ്ക്കുന്ന ആരുടെ മുൻപിലും കഴുത്തു നീട്ടി കൊടുക്കാമെന്നും.. എന്നിട്ടും ജയദേവൻ വന്നു.. തറവാട്ട് പടിയ്ക്കൽ… കോരിച്ചൊരിയുന്ന മഴയത്ത്,ഹൃദയം പൊട്ടി വിളിച്ചു, കൂടെ ചെല്ലാൻ… ആവുമായിരുന്നില്ല… ഒപ്പം ജീവിക്കുന്നതിനേക്കാൾ,ആ ജീവനായിരുന്നു വലുതെന്നു തോന്നി… ഒപ്പം വരില്ലെന്ന് പറഞ്ഞപ്പോൾ,ആ മഴയത്ത്,പടിപ്പുരയ്ക്ക് മുൻപിൽ തകർന്നു നിൽക്കുന്ന മനുഷ്യൻ… ആ കണ്ണുകളിലെ അവിശ്വസനീയത… അതായിരുന്നു അവസാന കാഴ്ച്ച… അത് വരെയേ ശ്രീദേവി ജീവിച്ചിട്ടുള്ളൂ…. ഓർമ്മകളിൽ, കുരുങ്ങിയ മനസ്സ്.. ആ കരുവാളിച്ച കവിൾത്തടങ്ങളിലേയ്ക്ക്, ഇറ്റ് വീണ കണ്ണുനീർതുള്ളികൾ ആ വിരലുകൾ കൊണ്ട് തുടച്ചയാൾ പറഞ്ഞു.… "ഒരു ജന്മം മുഴുവനും കരഞ്ഞു തീർത്തില്ലേ..?ഇനി മതി…" ശ്രീദേവി ഒന്നും പറഞ്ഞില്ല.. ആ വിരൽത്തുമ്പിൽ മുറുകെ പിടിച്ചിരുന്നു… "മക്കൾ… അവർ.. അവർ വിളിക്കാറുമില്ലേ.…? ശ്രീദേവിയുടെ മുഖത്തൊരു വരണ്ട ചിരി തെളിഞ്ഞു… "ഞാൻ എത്രയൊക്കെ ശ്രെമിച്ചെങ്കിലും, സ്നേഹിച്ചെങ്കിലും,അവർ അയാളുടെ മാത്രം മക്കളായിരുന്നു മാഷേ.. ശ്രീനിവാസന്റെ മക്കൾ…" അവരൊന്നു നിശ്വസിച്ചു… "മകൾക്ക്,ഏറ്റവും അനുയോജ്യനെന്നു അച്ഛനും ആങ്ങളമാരും തിരഞ്ഞെടുത്തവൻ..കഴുത്തിൽ താലി കെട്ടിയവനോട് നീതി കാണിയ്ക്കണമെന്ന് മനസ്സ് നിർബന്ധിച്ചെങ്കിലും,അതിന്റെ ആവശ്യമില്ലെന്ന് ആദ്യദിനം തന്നെ ബോധ്യമായിരുന്നു.. ആളുകൾക്ക് മുൻപിൽ പ്രദർപ്പിക്കാനൊരു ഭാര്യ പദവി... .. അതായിരുന്നു ശ്രീനിവാസൻ ആ താലിയിലൂടെ എനിയ്ക്ക് തന്നത്…" ശ്രീദേവി ജനലിലൂടെ പുറത്തേയ്ക്ക് നോക്കിയാണ് പറഞ്ഞത്.… "ഏറെ നാൾ കഴിയും മുൻപേ,ശ്രീനിവാസിനൊപ്പം മുംബൈയ്ക്ക് പോയി.. എനിക്കൊട്ടും പരിചിതമല്ലാത്ത ജീവിതരീതികൾ… മുടി തോളൊപ്പം മുറിച്ചതും,ചുണ്ടുകളിൽ ചായം പുരട്ടിയതും,ശ്രീനിവാസിന്റെ ഇഷ്ടത്തിനനുസരിച്ചായിരുന്നു.. അല്ലെങ്കിലും എല്ലാം അയാളുടെ ഇഷ്ടത്തിന് അനുസരിച്ചായിരുന്നു …" ദേവിയൊന്നു ചിരിച്ചു.. പൊള്ളയായി… "കുഞ്ഞുങ്ങളുണ്ടായി.. അവരിൽ ജീവിതത്തിനൊരർത്ഥം കണ്ടെത്താൻ ശ്രെമിക്കുന്നതിനിടെയായിരുന്നു, അയാളുടെ കരിയറിന്റെ വളർച്ചയും.. വൈകാതെ,കൂടെ വരുന്ന സുഹൃത്തുക്കൾക്കും മേലാളന്മാർക്കും കിടക്ക വിരിയ്‌ക്കേണ്ടി വന്നു…" ജയദേവന്റെ നെഞ്ചിൽ എന്തോ ഒന്ന് പൊട്ടിത്തകർന്നു.. നേർത്ത വിരലുകളിൽ അയാൾ പിടി മുറുക്കി… "പിന്നെയതൊക്കെ ശീലമായി… കാലം കടന്നു പോയി. മക്കളുടെ വളർച്ചയ്ക്കൊപ്പം, അവരുടെ സ്വഭാവവും അച്ഛന്റേതാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഞാൻ തകർന്ന് പോയത്…. " നിസ്സംഗതയായിരുന്നു ശ്രീദേവിയുടെ മുഖത്ത്.. ജയദേവന്റെ കണ്ണുകളായിരുന്നു നിറഞ്ഞത്.. അവർ മുഖം തിരിച്ചു അയാളെ നോക്കി… "അതിനിടയിലും ഞാൻ അറിയുന്നുണ്ടായിരുന്നു ഈ ഗായകന്റെ വളർച്ച … ഹൃദയം നിറഞ്ഞു തന്നെ സന്തോഷിച്ചു, പ്രാർത്ഥിച്ചു.." ജയദേവൻ ശബ്‌ദിക്കാനാവാതെ ദേവിയെ നോക്കി… "ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വെച്ചൊരു ദിനം,പതിവില്ലാതെ,ഞാൻ അയാളോട് തർക്കിച്ചു.. അറിഞ്ഞോ,അറിയാതെയോ, അയാളെന്നെ പിടിച്ചു പിറകോട്ടു തള്ളി…താഴേയ്ക്ക് വീണെങ്കിലും,ജീവൻ നഷ്ടമായില്ല…" വീണ്ടും ആ പൊള്ളയായ ചിരി ജയദേവൻ കേട്ടു… "ജീവച്ഛവമായ എന്നെ കൊണ്ട് അയാൾക്ക് പിന്നെ ഉപയോഗമൊന്നും ഉണ്ടായിരുന്നില്ല.... മക്കൾക്കും.. ഏറെ കഴിയാതെ ഞാനിവിടെ തിരിച്ചെത്തി.... നാളുകൾക്കുള്ളിൽ വിവാഹമോചനത്തിനുള്ള നോട്ടീസും ..ആരോടും ഞാനൊന്നും പറഞ്ഞില്ല.…" ദേവി പറഞ്ഞു നിർത്തി.. ഇത്തിരി കഴിഞ്ഞാണ് ജയദേവനെ നോക്കിയത്.. "താലി കെട്ടിയവനെ മറന്നു,മറ്റൊരാളെ മനസ്സിൽ ചുമക്കുന്നതിനുള്ള കുറ്റബോധം എനിയ്ക്കൊരിക്കലും തോന്നിയിട്ടില്ല… ഒരു മനുഷ്യസ്ത്രീയായിട്ട് പോലും എന്റെ ഭർത്താവ് എന്നെ പരിഗണിച്ചിട്ടില്ല.. അത്.കൊണ്ട് തന്നെ എന്റെ പ്രണയത്തെ ഞാൻ മറക്കേണ്ടതില്ലായിരുന്നു…" ശ്രീദേവിയുടെ ശബ്ദം വല്ലാതെ നേർത്തിരുന്നു… ജയദേവൻ അവർക്കരികിലേയ്ക്ക് നീങ്ങിയിരുന്നു..ശ്രീദേവിയെ ചേർത്തു പിടിച്ചു.. ദേവി അയാളുടെ വലം കയ്യിൽ തല ചായ്ച്ചിരുന്നു…. "പ്രശസ്തിയുടെ നിറുകയിൽ നിന്നിട്ടും,ഒരുപാട് ആരാധികമാരുണ്ടായിട്ടും മാഷിനെന്തേ ഒരു കൂട്ട് വേണമെന്ന് തോന്നാതിരുന്നത് ..?" ജയദേവൻ ചിരിച്ചു… "തന്നെ പോലെ മറ്റൊരുവളെ കണ്ടുകിട്ടിയില്ലെന്ന് പറഞ്ഞാൽ അത് കള്ളമാവും.. തനിയ്ക്ക് പകരമാവാൻ ആർക്കും കഴിയില്ലെന്ന് അറിയാവുന്നത് കൊണ്ട് തിരഞ്ഞില്ല ആരിലും,ദേവൂട്ടിയെ… " കാതോരം,ആ പതിഞ്ഞ ശബ്ദം കേട്ടതും ശ്രീദേവിയുടെ ദേഹമൊന്ന് വിറച്ചു… "എനിക്ക് ഒരാളെ മാത്രമേ പ്രണയിക്കുവാൻ കഴിയുമായിരുന്നെടോ, മറ്റൊരുവളോട് നീതികേട് കാണിയ്ക്കാൻ തോന്നിയില്ല.." ദേവി ഒന്നും പറഞ്ഞില്ല.... നോട്ടം ജാലകപഴുതിലൂടെ പുറത്തേയ്ക്കായിരുന്നുവെങ്കിലും, ആ മിഴികൾ നിറഞ്ഞു തുളുമ്പുന്നത്,ജയദേവൻ അറിഞ്ഞു… ആ ശോഷിച്ച ദേഹം,അയാൾ തന്നിലേയ്ക്ക് മുറുകെ ചേർത്ത് പിടിച്ചു.. ഇനിയാർക്കും വിട്ടു കൊടുക്കില്ലെന്നത് പോലെ… "എന്നെ… എന്നെ ഒരിക്കലും കാണണമെന്ന് തോന്നിയിട്ടില്ലേ…?" ദേവിയുടെ ശബ്ദം ഇടറിയിരുന്നു… "കണ്ടിട്ടുണ്ട്, പല വട്ടം.. മുംബൈയിൽ വെച്ച്, ദൂരെ മാറി നിന്ന്.. ഭർത്താവിനും മക്കൾക്കുമൊപ്പം, സന്തോഷവതിയാണെന്ന് തോന്നി…" ശ്രീദേവി ചിരിച്ചു…ആത്മനിന്ദയോടെ.. "തിരികെ ഈ മുറിയിൽ വന്നു കയറിയപ്പോൾ എനിയ്ക്കന്താണ് തോന്നിയതെന്നറിയാമോ മാഷിന്.... ദീർഘ നാളത്തെ തടവ് ശിക്ഷ,കഴിഞ്ഞു പുറത്തിറങ്ങിയത് പോലെ.... ഈ മുറിയിൽ ഞാൻ ശ്രീദേവി മാത്രമായിരുന്നു.. ജയദേവനെ പ്രണയിച്ച ശ്രീദേവി… ഈ മുറിയിൽ ആർക്കു മുൻപിലും അഭിനയിക്കേണ്ടിയിരുന്നില്ല… എന്റെ പ്രണയം അറിഞ്ഞത് ഈ ചുവരുകളായിരുന്നു.. അന്നും...ഇന്നും…" ജയദേവൻ ഒന്നും പറഞ്ഞില്ല… ഏറെനേരം അവരങ്ങനെ ഒന്നും പറയാതെയിരുന്നു.. "എന്നെ കാണാൻ വന്നൂലോ,ഈ നിമിഷം മരിച്ചാലും എനിക്ക് സന്തോഷമാണ്‌ മാഷേ.." "അരുതാത്തതൊന്നും പറയല്ലേ ദേവൂട്ടി .." അവൾ ചിരിച്ചു… "ഇനിയധികം നാളില്ല മാഷേ, ആന്തരികാവയവങ്ങളൊക്കെ പണി മുടക്കി തുടങ്ങി… ഹോസ്പിറ്റലിൽ പോവേണ്ടെന്ന് ഞാൻ തന്നെ പറഞ്ഞു.. മരണത്തെയും ഞാനിപ്പോൾ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു …" "എന്റെ പ്രണയം, താൻ അങ്ങനെ മറ്റാർക്കും പകുത്ത് കൊടുക്കണ്ട.." ആ ശബ്ദത്തിലെ മാറ്റം തിരിച്ചറിഞ്ഞവൾ പതിയെ തലയുയർത്തി നോക്കി.. കുസൃതി തിളങ്ങുന്ന അതേ മിഴികൾ… ജയദേവൻ ദേവിയെ നോക്കി കണ്ണിറുക്കി… അവർ ചിരിയോടെ മിഴികൾ ജനാലയ്ക്കപ്പുറം,തൊടിയിലെ ചെമ്പകമരത്തിലേയ്ക്ക് തിരിച്ചു.. പൂക്കൾ പൊഴിയുന്നുണ്ട്.. പുറത്ത് ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു… കഴുത്തിൽ ഒരു തണുപ്പറിഞ്ഞാണ്‌ ശ്രീദേവി മുഖമുയർത്തിയത്.. ഞെട്ടൽ മാറാതെ ഇരിക്കുമ്പോഴേയ്ക്കും,സീമന്ത രേഖയിൽ ഒരു നുള്ള് കുങ്കുമം വീണിരുന്നു… "മാഷേ… മാഷ് എന്താ ഈ കാട്ടിയത്..?" കഴുത്തിൽ ചേർന്ന് കിടക്കുന്ന, മഞ്ഞ ചരടിൽ കോർത്ത ആലിലത്താലിയിൽ വിറ കൊള്ളുന്ന വിരലുകളാൽ പിടിച്ചാണ് ദേവി ചോദിച്ചത്.... "അനുവാദം ചോദിച്ചില്ല ആരോടും.... പക്ഷെ അവസാനശ്വാസം എടുക്കുന്നത് സുമംഗലിയായി വേണമെന്ന് തോന്നി.. ജയദേവന്റെ ഭാര്യയായി… എന്റെ മാത്രം പെണ്ണായി.." ആർദ്രമായ ശബ്ദം കേട്ടതും ദേവിയ്ക്ക് ശ്വാസം വിലങ്ങുന്നത് പോലെ തോന്നി.. വെപ്രാളത്തോടെ ജയദേവൻ,അവളെ നേരെയിരുത്തി, കുടിയ്ക്കാൻ വെള്ളമെടുത്തു കൊടുത്ത്…പതിയെ പുറത്ത് തടവി.. "ഇനി ഇതിന്റെയൊക്കെ ആവശ്യം ഉണ്ടായിരുന്നുവോ മാഷേ...?" "അതൊരു ആഗ്രഹമായിരുന്നെടോ... എന്റെ താലി ഈ കഴുത്തിൽ അണിഞ്ഞു കാണണമെന്ന്... ഇതിൽ വലിയ അർത്ഥമൊന്നും ഇല്ലെന്ന് അറിയാമെങ്കിലും പഴയൊരു മോഹം... " പിന്നെയും,തെല്ലും നേരം കഴിഞ്ഞാണ്‌ പറഞ്ഞത്..… "ചിലതൊക്കെ തന്റെ വല്യേട്ടൻ പറഞ്ഞറിഞ്ഞിരുന്നു.. മനസ്സിലിത് കരുതി തന്നെയാണ് വന്നത്…" "വല്യേട്ടൻ.. വല്യേട്ടനോ..?" "ഉം.. വാസുദേവൻ.. എപ്പോഴോ തന്റെ ഡയറിയിൽ നിന്നും, അറിയാനിടയായ മുംബൈയിലെ ജീവിതത്തെ പറ്റി.. എന്നെ കാണാൻ വന്നിരുന്നു.." "ഏട്ടൻ.. ഏട്ടൻ പറഞ്ഞിട്ടാണോ ഇതൊക്കെ..?" ജയദേവൻ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു… "ഈ മനസ്സ് എന്നും എന്റേത് മാത്രമായിരുന്നില്ലേ ദേവൂട്ടി… എന്റെ പ്രണയം ഒരണുവിട പോലും കുറഞ്ഞിട്ടില്ലെടോ..… എനിയ്ക്ക് വേണം…" "ഞാൻ.. ഞാൻ.. " അവളൊന്നു കിതച്ചു... "ശ്.. ഒന്നും പറയണ്ട… " ജയദേവൻ ചുണ്ടുകളിൽ,വിരൽ ചേർത്തു വെച്ചപ്പോൾ അവളൊന്നു പിടഞ്ഞു… രാത്രി,വാസുദേവന്റെ മകൾ കൊണ്ട് കൊടുത്ത, പൊടിയരിക്കഞ്ഞി കോരിക്കൊടുത്തതും ജയദേവനായിരുന്നു… ഒരുമിച്ചൊരു പാത്രത്തിൽ നിന്നവർ കഴിച്ചു.. ആദ്യമായി…. ജയദേവന്റെ കരവലയത്തിൽ തല ചായ്ച്ചിരുന്നു,എന്തൊക്കെയോ സംസാരിക്കുന്ന അനിയത്തിയെ കണ്ടു,കണ്ണുകൾ നിറഞ്ഞാണ് വാസുദേവൻ ആ അറവാതിൽ ചാരി,പതിയെ തിരിഞ്ഞു നടന്നത്… പാദസരത്തിലെ മണികൾ കിലുങ്ങുന്നത് പോലുള്ള അനിയത്തിയുടെ ചിരി അന്നയാൾ കേട്ടിരുന്നു.. വർഷങ്ങൾക്കിപ്പുറം… "എനിയ്ക്ക് ആ പാട്ടൊന്ന് പാടി തരുമോ…?" അവളെ പുണർന്നാണ് ജയദേവൻ പാടിയത്… ആ കാതോരം.. അവൾക്കായി.. ആദ്യമായി.. "വാതിൽപ്പഴുതിലൂടെൻ‌മുന്നിൽ കുങ്കുമം വാരിവിതറും ത്രിസന്ധ്യ പോകേ..... അതിലോലമെൻ ഇടനാഴിയിൽ നിൻ‌ കള- മധുരമാം കാലൊച്ച കേട്ടു..." എപ്പോഴോ അവൾ ഉറക്കത്തിലേയ്ക്ക് വഴുതി വീഴുന്നത് അയാളറിഞ്ഞിരുന്നു… പുലരുമ്പോഴെപ്പോഴോ ജയദേവൻ മിഴികൾ തുറന്നപ്പോൾ കരവലയത്തിൽ തന്നെ അവളുണ്ടായിരുന്നു…. പക്ഷെ… ആ ദേഹം തണുത്തു മരവിച്ചിരുന്നു.... ആദ്യത്തെ ഞെട്ടലിനൊടുവിൽ,ആ മരവിച്ച ചുണ്ടുകളിൽ അപ്പോഴും മായാതെ,ഒരു ചിരി കാത്തു നിൽപ്പുണ്ടെന്ന് അയാൾ കണ്ടു… ശ്രീദേവിയുടെ കഴുത്തിലേയ്ക്കാണ്,ജയദേവന്റെ മിഴിനീർ തുള്ളികൾ പതിഞ്ഞത്.. രാത്രിയിലെപ്പോഴോ തോന്നിയ,ഇടനെഞ്ചിലെ ഭാരം സഹിക്കാനാവാതെ,നെഞ്ച് വിങ്ങുമ്പോഴും ശ്വാസം വിലങ്ങുമ്പോഴും, ദേവിയുടെ ആ മരവിച്ച ദേഹത്തെ, അയാൾ മുറുകെ പുണർന്നിരുന്നു… ആ പ്രഭാതത്തിൽ മാധ്യമങ്ങൾക്കൊരു പ്രധാന വാർത്തയുണ്ടായിരുന്നു.... "പ്രശസ്ത ഗായകൻ ജയദേവൻ ഹൃദയസ്തംഭനം കാരണം അന്തരിച്ചു.." പടിയത്ത് തറവാട്ടിൽ ചിതയൊരുങ്ങുന്നുണ്ടായിരുന്നു ഇരുവർക്കും.. ഒറ്റച്ചിത… പറയാതെ പോയ വാക്കുകളും,പകരാനാവാതെ പോയ പ്രണയവും പങ്കുവെയ്ക്കുവാൻ ആ ആത്മാക്കൾ ഇനിയും പുനർജനിച്ചേക്കാം…. സൂര്യകാന്തി #📔 കഥ #📙 നോവൽ
നന്ദിനി "ഗായൂട്ടി, നീയാ കുന്ത്രാണ്ടമങ്ങട് എടുത്ത് വെച്ച് ആ പുസ്തകങ്ങളിലെന്തേലുമെടുത്ത് വായിച്ചേ.." പാലുമായി വന്നപ്പോൾ,എന്റെ കയ്യിലെ മൊബൈൽ കണ്ടിട്ടാണ് ചിറ്റ കലിപ്പിട്ടത്.. അത്യാവശ്യത്തിനല്ലാതെ, ഈ സമയത്ത് മൊബൈൽ ഉപയോഗിക്കരുതെന്നാണ് ഓർഡർ.. "എന്റെ ചിറ്റേ, നവി ഇപ്പോ വിളിച്ചു വെച്ചതേയുള്ളൂ, അതാണ്.." കയ്യെത്തിച്ചു,മൊബൈൽ സൈഡ് ടേബിളിലേയ്ക്ക് വെക്കുന്നതിനിടെ ഞാൻ പറഞ്ഞു.. ഒരു കാര്യവും ഇല്ലെങ്കിലും, ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പരതുകയെന്ന ഉറച്ചു പോയ ശീലം,പെട്ടെന്നൊരു നാൾ മാറ്റിവെക്കാൻ പറ്റില്ലെന്ന് ചിറ്റയ്ക്കും അറിയാം.. ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവിൽ, ആ സംശയം സത്യമാണെന്നറിഞ്ഞപ്പോൾ ഞാനാദ്യം വിളിച്ചു പറഞ്ഞത് ചിറ്റയെ തന്നെയായിരുന്നു…നവീനും അത് തന്നെയാണ് പറഞ്ഞതും… കുറച്ചു കോംപ്ലിക്കേഷൻഷസ് ഉണ്ടെന്നും, ഗർഭകാലയളവ് മുഴുവനും പൂർണ്ണമായ ബെഡ് റസ്റ്റ്‌ ആവശ്യമാണെന്നും ഡോക്ടർ പറഞ്ഞപ്പോൾ നവീന് ആകെ പേടിയായിരുന്നു.. എന്റെ ജോലിയുടെ കാര്യം തത്കാലം ആലോചിക്കേണ്ടെന്നും,നാട്ടിലേയ്ക്ക് തിരിച്ചു പോവാമെന്നും പറഞ്ഞപ്പോൾ അവനും എതിരൊന്നും പറഞ്ഞില്ല… ശരിയാണെന്ന് അവനും തോന്നിയിട്ടുണ്ടാകും.., അവിടെ ആ നഗരത്തിൽ,അങ്ങനെയൊരു അവസ്ഥയിൽ ഞങ്ങൾ മാത്രമായി.. എന്തിനും ഏതിനും സുഹൃത്തുക്കൾ ഉണ്ടെങ്കിലും ഒരു പേടി… ഒരു കുഞ്ഞു ജീവൻ ഉള്ളിൽ തുടിയ്ക്കുന്നതറിഞ്ഞത്,മുതൽ കാണാൻ കൊതിച്ചത് ചിറ്റയുടെ മുഖമായിരുന്നു .. അവിടെയും വേവലാതിയാണ്… സ്കൂളിൽ പഠിക്കുമ്പോൾ,ഒരാക്സിഡന്റിൽ അച്ഛനും അമ്മയും നഷ്ടമായ എനിയ്ക്ക്, പിന്നീടെല്ലാം നന്ദിനി ചിറ്റയായിരുന്നു… അമ്മയ്ക്ക് ഒരനിയത്തിയും രണ്ട് ഏട്ടന്മാരും ആയിരുന്നു.. അമ്മയുടെ ഏട്ടന്മാർ രണ്ടുപേരും, പുറം നാടുകളിൽ ജോലിയും കുടുംബവുമായി താമസിക്കുന്നു.. അച്ഛന് ജോലി മുംബൈയിൽ ആയിരുന്നത് കൊണ്ട് ഞങ്ങൾ അവിടെയും. ചിറ്റയുടെ വിവാഹം കൂടെ കഴിഞ്ഞതോടെ തറവാട്ടിൽ അമ്മമ്മയും,ജോലിക്കാരി എന്നതിൽ ഉപരി,അവിടുത്തെ കുടുംബാംഗത്തെ പോലെ തന്നെ എല്ലാവരും കണക്കാക്കിയിരുന്ന യാശോദാമ്മയും മാത്രമായി.. വൈശാഖൻ അങ്കിളിന്റെ വീട്,അധികം അകലെയല്ലാത്തത് കൊണ്ട് നന്ദിനി ചിറ്റയും അങ്കിളും ഇടയ്ക്കിടെ തറവാട്ടിൽ വരും..രണ്ടു പേരും ഒരേ സ്കൂളിലെ അദ്ധ്യാപകരും… വർഷങ്ങളുടെ പ്രണയത്തിനൊടുവിലാണ്, വൈശാഖനങ്കിൾ ചിറ്റയെ സ്വന്തമാക്കിയത്… ചിറ്റ സുന്ദരിയായിരുന്നു.. നീണ്ട മുടിയും വിടർന്ന കണ്ണുകളുമൊക്കെയായി.. അമ്മമ്മയുടെ ഭംഗി,അതേ പോലെ പകർന്നു കിട്ടിയത് ചിറ്റയ്ക്ക് മാത്രമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. ചെമ്പകപ്പൂക്കളെ ഏറെ ഇഷ്ടമായിരുന്നു ചിറ്റയ്ക്ക്.. എപ്പോഴും മുടിയിലും മുറിയിലുമൊക്കെ ചെമ്പകപ്പൂക്കളുണ്ടാകും.. ചെമ്പക പൂ പോലെ മൃദുലമായ സ്വഭാവം.. പതിഞ്ഞ ശബ്ദവും, സ്വഭാവവുമായി, ഒരുറുമ്പിനെ പോലും നോവിക്കാത്ത എന്റെ ചിറ്റ… പക്ഷെ ഭാഗ്യമില്ലാതെ പോയി.. ആഗ്രഹിച്ചു മോഹിച്ചു സ്വന്തമാക്കിയ പ്രണയം പാതി വഴിയെത്തും മുൻപേ നിലച്ചു പോയി.. വിവാഹം കഴിഞ്ഞു ഏറെ കഴിയും മുൻപേ തന്നെ,മറ്റൊരു ആക്സിഡന്റിന്റെ രൂപത്തിൽ വൈശാഖൻ അങ്കിളിനെ വിധി തട്ടിയെടുത്തു.. വൈശാഖനങ്കിൾ മരിച്ചു,ഏറെ താമസിയാതെ ചിറ്റ തറവാട്ടിൽ തിരികെ എത്തിയിരുന്നു.. അപ്പോഴേക്കും,അമ്മമ്മയോടൊപ്പം ഞാനും അവിടെ ഉണ്ടായിരുന്നല്ലോ..അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട എനിയ്ക്ക് ചിറ്റയായിരുന്നു ആശ്വാസം.. ഒരേ കാലയളവിൽ,ജീവിതത്തിലെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടത് കൊണ്ടാകും ഞങ്ങൾ തമ്മിൽ വല്ലാത്തൊരു ആത്മ ബന്ധം ഉടലെടുത്തിരുന്നു.. ജീവിച്ചിരുന്നപ്പോൾ അമ്മയോട് പോലും തോന്നാത്ത അത്രയും … നവീനോടുള്ള ഇഷ്ടം ആദ്യം പറഞ്ഞതും ചിറ്റയോടായിരുന്നു.. ആദ്യമൊന്ന് പരിഭ്രമിച്ചുവെങ്കിലും സമചിത്തതയോടെ തന്നെ ചിറ്റ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നു.. എങ്കിലും ഇടയ്ക്കുള്ള ഉപദേശങ്ങൾ കേൾക്കുമ്പോൾ,പ്രണയിച്ചു വിവാഹം കഴിച്ച, പ്രണയ കവിതകളെഴുതിയിരുന്ന ചിറ്റ തന്നെയാണോ ഇതെന്ന് തോന്നിപ്പോകുമായിരുന്നു…. പഠനം കഴിഞ്ഞു ബാംഗ്ലൂരിൽ ജോലി ശരിയായതും അധികം വൈകാതെ വിവാഹം നടത്താമെന്ന് ചിറ്റ നിർബന്ധം പിടിച്ചു.. നവീനും അവിടെ തന്നെയായിരുന്നതാവും കാരണം.. എന്നെ സംബന്ധിക്കുന്ന മറ്റൊരു കാര്യങ്ങളിലും വലിയ ഇടപെടലൊന്നും നടത്താതിരുന്ന ചിറ്റയുടെ ആ ആഗ്രഹത്തിന് എതിര് നിൽക്കാൻ തോന്നിയില്ല.. വിവാഹം കഴിഞ്ഞു,നവീനോടൊപ്പം ബാംഗ്ലൂർക്ക് പോകുമ്പോൾ,ചിറ്റയെ ഓർത്തൊരു സങ്കടം വന്നെങ്കിലും ചിറ്റ അത് മുളയിലേ നുള്ളി കളഞ്ഞിരുന്നു.. ചിറ്റയ്ക്ക് തറവാട് വിട്ടൊരു സന്തോഷമില്ലെന്ന് അറിയാവുന്നത് കൊണ്ട് എന്റെയൊപ്പം വന്നു നിൽക്കാൻ ഞാനും നിർബന്ധിക്കാറില്ലായിരുന്നു …ആകെ ഒന്നോ രണ്ടോ തവണയാണ്,ബാംഗ്ലൂരിൽ വന്നിട്ടുള്ളത്,അതും അമ്മമ്മയുടെ മരണശേഷം.... ഒരു ദിവസത്തിൽ കൂടുതൽ നിന്നിട്ടുമില്ല.. എന്റെ സങ്കടം കണ്ടാണ്,നാട്ടിലേക്ക് ഇത്തിരി റിസ്ക് എടുത്തിട്ടാണെങ്കിലും പോവാമെന്ന് നവീൻ സമ്മതിച്ചത്.. ചിറ്റയോട് പറഞ്ഞില്ല.. വിശേഷം അറിഞ്ഞപ്പോൾ ഞങ്ങളുടെ അടുത്തേയ്ക്ക് വരാമെന്ന് പറഞ്ഞിരിക്കുവായിരുന്നു ആള്…. വഴക്കൊക്കെ പറഞ്ഞെങ്കിലും,ചിറ്റയ്ക്ക് ഞാൻ തറവാട്ടിൽ വന്നതിൽ മനസ്സ് നിറഞ്ഞ സന്തോഷമാണെന്ന് എനിയ്ക്കും അറിയാമായിരുന്നു… നവീന്റെ വീട്ടിൽ,രണ്ട് ഏട്ടത്തിയമ്മമാരും ജോലിയ്ക്ക് പോവുന്നവരായത് കൊണ്ട് അച്ഛനും അമ്മയ്ക്കും അവരുടെ കാര്യങ്ങൾ തന്നെ നോക്കാൻ സമയം തികയില്ല…അതുകൊണ്ട് തന്നെ ഞാൻ തറവാട്ടിൽ നിന്നോളാമെന്ന് പറഞ്ഞപ്പോൾ അവർക്കും എതിരഭിപ്രായമില്ലായിരുന്നു... തലയിലും താഴത്തും വെയ്ക്കാതെ, ചിറ്റ എന്നെ കൊണ്ട് നടന്നു.. ആൾക്ക് ഒരു പുതു ഉണർവ്വ് വന്നത് പോലെയുണ്ട്.. നവി കളിയാക്കും..എന്നാലും നവിക്ക് ആളെ വല്യ കാര്യമാണ്.. ചിറ്റയ്ക്കും അങ്ങനെ തന്നെ.. നവീൻ ഇടയ്ക്കിടെ ബാംഗ്ലൂരിൽ പോയും, വർക്ക്‌ ഫ്രം ഹോം എടുത്തുമൊക്കെ അവിടെയും ഇവിടെയുമായി അങ്ങനെ നിന്നു… നവിയുടെ പ്രണയവും,ഞങ്ങളുടെ കുസൃതികളും കുറുമ്പുകളും കണ്ട ഭാവം നടിക്കുന്നില്ലെങ്കിലും, അതൊക്കെ ചിറ്റയ്ക്കും സന്തോഷമേകുന്നുണ്ടെന്ന് എനിയ്ക്ക് തോന്നിയിരുന്നു.. അങ്കിളിനെ ഓർമ്മ വരുന്നുണ്ടാവില്ലേ..? അത്രയ്ക്കിഷ്ടമായിരുന്നു അവർ തമ്മിലെന്നു തോന്നിയിട്ടുണ്ട്.. വളരെ കുറച്ചു തവണയേ കണ്ടിട്ടുള്ളൂവെങ്കിലും അങ്കിളിന് എന്നെയും വല്യ കാര്യമായിരുന്നു.. മടിയിലിരുത്തി, കഥകളും പാട്ടുകളുമായി കൊഞ്ചിക്കും.. പണ്ട്,ചിറ്റയുടെ കല്യാണം കഴിഞ്ഞതിൽ പിന്നെ ചിറ്റയുടെ സ്വഭാവത്തിലൊരു മാറ്റം ഉണ്ടായത് പോലെ തോന്നിയിരുന്നു.. ഒരടുപ്പക്കുറവ് പോലെ..പക്ഷെ എല്ലാം വെറും തോന്നൽ മാത്രമായിരുന്നുവെന്ന് കാലം തെളിയിച്ചു… ഡോക്ടർ പറഞ്ഞ ഡേറ്റിനു ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത്,ലേബർ റൂമിലേക്ക് കയറ്റുമ്പോൾ,നവിയ്‌ക്കൊപ്പം തന്നെ ചിറ്റയും ടെൻഷൻ മറച്ചു പിടിയ്ക്കാൻ ശ്രെമിക്കുന്നത് ഞാൻ കണ്ടിരുന്നു.. കുഞ്ഞുവാവയെ,നവി ചിറ്റയുടെ കയ്യിലേയ്ക്ക് വെച്ച് കൊടുത്തപ്പോൾ ആളുടെ കണ്ണ് നിറഞ്ഞിരുന്നത്രെ.. പിന്നെ എന്നെ കണ്ടപ്പോഴും… ആരോടെങ്കിലും കടുപ്പിച്ചു സംസാരിക്കാൻ അറിയില്ല,എന്റെ ചിറ്റയ്ക്ക് …മറ്റുള്ളവരുടെ വിഷമം കാണുമ്പോഴേക്കും സങ്കടപ്പെടുന്നവളാണെങ്കിലും,, അമ്മമ്മ മരിച്ചപ്പോഴല്ലാതെ, ചിറ്റയുടെ കണ്ണുകൾ നിറഞ്ഞു ഞാൻ കണ്ടിട്ടില്ല.. നമ്മുടെ സങ്കടങ്ങൾ നമ്മുടേത് മാത്രമാണെന്നാണ് ആള് പറയുക..അത് മറ്റുള്ളവരെ കാണിക്കേണ്ടതില്ലെന്നും.. വൈശാഖൻ അങ്കിളിനെ പറ്റിയോ, അവരുടെ പ്രണയത്തെ പറ്റിയോ ചോദിച്ചാലും ആള് അങ്ങനെ ഒന്നും വിട്ടു പറയില്ല.. പക്ഷെ ചിലപ്പോഴൊക്കെ,ചിറ്റ രാത്രിയിൽ തനിയെ ജാലകവാതിലിലൂടെ പുറത്തേയ്ക്ക് നോക്കി നിൽക്കുന്നതും, കണ്ണുകൾ തുടയ്ക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്.. ദൈവം എന്തിനിത്ര ക്രൂരനാവുന്നു..?അത്രമേൽ സ്നേഹിച്ചിട്ടും കൊതി തീരെ,ഒന്നിച്ചു ജീവിക്കാനാവാതെ.. യാശോദാമ്മ ഉണ്ടെങ്കിലും, ആൾക്ക് പണ്ടത്തെ അത്ര ആരോഗ്യമൊന്നുമില്ല.. വീട്ടുജോലിയും എന്റെയും കുഞ്ഞിന്റെയുമടക്കം എല്ലാ കാര്യങ്ങളും കൂടെ,ചിറ്റയ്ക്ക് ഒറ്റയ്ക്ക് പറ്റില്ലെന്ന് തോന്നിയപ്പോൾ ഒരാളെ കൂടെ വെക്കാമെന്ന് പറഞ്ഞത് നവീനാണ്.. അങ്ങനെയാണ് രാജിചേച്ചി എന്റെ കാര്യങ്ങൾ നോക്കാനായി വരുന്നത്…വീട്ടിൽ നിന്നും പോയി വരാനുള്ള ദൂരമേയുള്ളൂ ചേച്ചിയുടെ വീട്ടിലേക്ക് … ഓട്ടോ ഡ്രൈവറാണ് ഭർത്താവെങ്കിലും അയാളെ കൊണ്ട് കാൽ കാശിന്റെ ഉപകാരമില്ല ചേച്ചിക്കും കുഞ്ഞുങ്ങൾക്കും.. കിട്ടുന്നത് മുഴുവനും കുടിച്ചു നശിപ്പിക്കുന്നത് കൂടാതെ,ചേച്ചിയെയും കുഞ്ഞുങ്ങളെയും ഉപദ്രവിയ്ക്കുകയും ചെയ്യും.. ചേച്ചിയ്ക്ക് ആകെയുള്ളത് കല്യാണം കഴിഞ്ഞ ഒരനിയത്തി മാത്രമാണ്..ചോദിക്കാനും പറയാനും ആരും ഇല്ലാത്തത് കൊണ്ട് അയാളുടെ ക്രൂരതകൾ ദിനം പ്രതി വർദ്ധിച്ചു കൊണ്ടിരുന്നു… ശമ്പളത്തിന് പുറമെ ,വസ്ത്രങ്ങളായും കുഞ്ഞുങ്ങൾക്കെന്ന് പറഞ്ഞു നൽകുന്ന ആഹാരസാധനങ്ങളായും കാശായും,പലവിധത്തിൽ ചിറ്റയുടെ സഹായം രാജിച്ചേച്ചിയ്ക്ക് കിട്ടുന്നുണ്ടായിരുന്നു .. ആള് പാവമാണ്.. എല്ലാം കണ്ടറിഞ്ഞു ചെയ്യും.. അയാള് തല്ലി ചതച്ചിട്ടുണ്ടാവുമെങ്കിലും അതൊന്നും വക വെയ്ക്കാതെ ചേച്ചി ജോലിയ്ക്ക് വരും.. സങ്കടം തോന്നും,മുഖത്തും കൈകളിലുമൊക്കെയുള്ള കരിനീലിച്ച പാടുകൾ കാണുമ്പോൾ… ഇട്ടിട്ടു പോകാൻ ഒരിടമില്ല, വീട് അയാളുടെ പേരിലാണത്രേ…എന്തിനിങ്ങനെ സഹിയ്ക്കുന്നുവെന്ന് ചോദിച്ചപ്പോൾ പറഞ്ഞതാണ്..അഞ്ചിലും ഒൻപതിലും പഠിക്കുന്ന രണ്ട് പെൺകുട്ടികളാണ്.. സൗമ്യശീലയായ ചിറ്റ പോലും പല്ലുകൾ ഞെരിയ്ക്കുന്നുണ്ടായിരുന്നു… ലീവ് കഴിയുന്നത് വരെ,നവീൻ എന്നോടും കുഞ്ഞിനോടും ഒപ്പം തന്നെ ഉണ്ടായിരുന്നു.. പ്രസവം കഴിഞ്ഞ ഉടനെ തന്നെ,നവീൻ ഞങ്ങളോടൊപ്പം കഴിയുന്നതിലും,എന്റെ മുറിയിൽ തന്നെ സമയം ചിലവഴിക്കുന്നതിനും യാശോദാമ്മയും രാജിച്ചേച്ചിയും ഇടയ്ക്ക് എന്തെങ്കിലും പറയുമെങ്കിലും.. "നവിയുടെ പ്രെസെൻസ്,അവളിപ്പോൾ ഏറ്റവും അധികം ആഗ്രഹിക്കുന്നുണ്ടാവും.., അവനും അങ്ങനെ തന്നെയാവും.. പഠിപ്പും വിവരവുമുള്ള കുട്ട്യോളല്ലേ, എന്തെങ്കിലും കുരുത്തക്കേട് കാട്ടിയാൽ,അതിന്റെ ഫലവും അവർ തന്നെ അനുഭവിക്കണമെന്ന് ചിന്തിക്കാനുള്ള വകതിരിവ് ഒക്കെ അവർക്കുണ്ട്.. ഉള്ള സമയം അവർ സന്തോഷത്തോടെ ഇരിക്കട്ടെന്നെ.." ഇങ്ങനെയാണ് ചിറ്റ പറയുക… നവി എനിയ്ക്ക് വേണ്ടി ഓരോരോ കാര്യങ്ങൾ ചെയ്ത് തരുമ്പോഴും, എന്നോടുള്ള സ്നേഹവും ശ്രെദ്ധയും ചിറ്റയെയും തൃപ്തിപ്പെടുത്തുന്നുണ്ടെന്നും, എന്നോളം തന്നെ ചിറ്റ അവനെയും സ്നേഹിക്കുന്നുണ്ടെന്നും ഞാനും അറിയുന്നുണ്ടായിരുന്നു… അന്ന് രാജി ചേച്ചി കുറച്ചു താമസിച്ചാണ് എത്തിയത്.. ആകെ അവശയാണ്.. നീര് വന്ന മുഖവും വീർത്ത കൺപോളകളും കണ്ടപ്പോൾ തന്നെ വിഷമം തോന്നി.. അന്നങ്ങനെ ജോലിയൊന്നും ചെയ്യാൻ ചിറ്റ സമ്മതിച്ചില്ല.. രാജിച്ചേച്ചി ചെയ്യുന്ന ജോലികൾ കൂടെ ചിറ്റ ചെയ്തിരുന്നു.. അന്ന്,സാധാരണ പോവാറുള്ള സമയമായിട്ടും രാജിച്ചേച്ചി പരുങ്ങി നിന്നപ്പോഴാണ് ചിറ്റ കാര്യം ചോദിച്ചത്.. "ഞാ. ഞാൻ നാളെ വരുമ്പോ, കുട്ട്യോളെ കൂടെ ഇങ്ങോട്ട്.. ഇങ്ങോട്ട് കൊണ്ട് വന്നോട്ടെ.. വൈകിട്ട് ഞാൻ പോവുന്നത് വരെ അവർ ഇവിടെ നിന്നോട്ടെ…" സ്കൂൾ അടവാണ്…അതാവും.. എന്നാലും..ഞാനും ചിറ്റയും മുഖത്തോട് മുഖം നോക്കുമ്പോഴാണ്,ചേച്ചി മടിയോടെ വിക്കി വിക്കി പറഞ്ഞത്.. "അയാള്…അയാളുടെ സ്വഭാവം ശരിയല്ല നന്ദിനിച്ചേച്ചി.... സ്വന്തം കുഞ്ഞുങ്ങളാണെന്ന് പോലും ഓർക്കാതെ…അവരെ.. അവരെ അയാൾ..ആരോടു പറയാൻ.. എന്റെ മക്കളെയും കൊണ്ട് ഞാൻ…" പറഞ്ഞു പൂർത്തിയാക്കാനാവാതെ,അവർ പൊട്ടിക്കരഞ്ഞപ്പോൾ,ഞാൻ ഇരുന്നയിടത്തു നിന്നും എഴുന്നേറ്റ് പോയിരുന്നു… പക്ഷെ ചിറ്റ ഇരുന്നിടത്ത് നിന്നും അനങ്ങിയില്ല .. പക്ഷെ ആ മുഖം കല്ലിച്ചിരുന്നു…കണ്ണുകൾ രാജി ചേച്ചിയിൽ തന്നെയായിരുന്നു… "ധൈര്യമുണ്ടോ നിനക്ക്,അവനെ തീർത്തു കളയാൻ…?" മുറുകിയ ശബ്ദം കേട്ടതും,ഞാനും രാജിച്ചേച്ചിയും ഒരു പോലെ ഞെട്ടിയിരുന്നു..…അവിശ്വസനീയതയോടെ ഞാൻ ചിറ്റയെ നോക്കി…ചിറ്റയുടെ കണ്ണുകളിൽ തീയായിരുന്നു… "അവൻ ഒരിക്കലും മാറാൻ പോവുന്നില്ല.. കുഞ്ഞുങ്ങളോട് പോലും, ഇങ്ങനെയൊക്കെ പെരുമാറാൻ മനസ്സുള്ളവനൊന്നും,ജീവിക്കാൻ അർഹനല്ല.." അമർത്തിയ ശബ്ദത്തിൽ,ചിറ്റ പറയുമ്പോഴും ഞാനും രാജിച്ചേച്ചിയും ശബ്ദം നഷ്ടപ്പെട്ടു നിൽക്കുകയായിരുന്നു... "നിനക്കും മക്കൾക്കും,സമാധാനത്തോടെ ജീവിക്കണ്ടേ, ആ വീടിനുള്ളിലെങ്കിലും പേടിയ്ക്കാതെ ഉറങ്ങണ്ടേ…?" ചോദ്യത്തിന് വല്ലാത്ത മൂർച്ചയുണ്ടായിരുന്നു…രാജിച്ചേച്ചി മുഖം തുടയ്ക്കുന്നത് ഞാൻ കണ്ടു… "ആരും സഹായിക്കില്ല.. ആരും…" ചിറ്റ പിറുപിറുക്കുന്നത് ഞാൻ കേട്ടു…എനിക്ക് ഒട്ടും പരിചിതയല്ലാത്ത നന്ദിനി ചിറ്റ.. "നിനക്ക് സമ്മതമാണെങ്കിൽ, ധൈര്യമുണ്ടെങ്കിൽ പറ,വഴി ഞാൻ പറഞ്ഞു തരാം.. കൂടെ നിൽക്കാം.." ചിറ്റയുടെ വാക്കുകളിൽ വല്ലാത്തൊരു ഉറപ്പുണ്ടായിരുന്നു.പതിയെ,രാജിച്ചേച്ചിയുടെ മുഖം കടുത്തത് ഞാൻ കണ്ടു.. എന്റെ കുഞ്ഞിനെ മാറോട് ചേർക്കുമ്പോൾ ഞാനും അറിഞ്ഞിരുന്നു,അവരുടെ മനസ്സ് … അന്ന് രാത്രി കിടക്കുമ്പോൾ,പതിവില്ലാത്ത വണ്ണം നിശബ്ദതയായിരുന്നു ഞങ്ങളുടെ മുറിയിൽ..ഏറെ നേരം കഴിഞ്ഞാണ് ചിറ്റ ചോദിച്ചത്.. "നവി വിളിച്ചില്ലേ...?" "വിളിച്ചു ചിറ്റേ.." മോളെ,ഒന്നും കൂടെ നേരെ കിടത്തി ഞാൻ പറഞ്ഞു… "നിനക്ക് ഞാനൊരു കഥ പറഞ്ഞു തരട്ടെ ഗായൂട്ടി…?" ഞാൻ ഒന്നും പറയാതെ ചിറ്റയെ നോക്കി.. "ഏറെക്കാലത്തെ മോഹത്തിനൊടുവിൽ, കയ്യിൽ കിട്ടിയ പൂവ് വിഷപ്പൂവാണെന്നും,അതിന്റെ മനം മയക്കുന്ന സുഗന്ധം വിഷമയമാണെന്നും തിരിച്ചറിഞ്ഞ ഒരുവളുടെ കഥ…" ചിറ്റയുടെ വാക്കുകൾ ശാന്തമായിരുന്നു.. മിഴികൾ വിദൂരതയിലായിരുന്നു…. "വൈശാഖൻ.. വൈശാഖൻ ഒരു പീഡോഫൈലായിരുന്നു…" ആ നിശബ്ദതയിലേയ്ക്ക് ഒരിടിവെട്ട് പോലെയായിരുന്നു ചിറ്റയുടെ ശബ്ദം… "ചിറ്റേ…" ഞാൻ അറിയാതെ എഴുന്നേറ്റു പോയിരുന്നു…ചിറ്റ എന്നെ നോക്കിയതേയില്ല.. ആള് ഇവിടെയൊന്നും അല്ലെന്ന് എനിയ്ക്ക് തോന്നി… "ആഗ്രഹിച്ചു മോഹിച്ചും,കരഞ്ഞും കെഞ്ചിയും,പ്രാർത്ഥിച്ചും,ഞാൻ നേടിയെടുത്ത എന്റെ പ്രണയം.." ചിറ്റ ഒന്ന് ചിരിച്ചു.. പൊള്ളയായി….എന്നോ വറ്റിയ കണ്ണീരിന്റെ നനവില്ലാതെ.. "പണ്ടേ വൈശാഖന് കുട്ടികളെ വല്യ ഇഷ്ടമായിരുന്നു.. കുട്ടികളുടെ പ്രിയപ്പെട്ട മാഷ്.. പക്ഷെ…" ഏതോ ഓർമ്മയിൽ നിന്നെന്നത് പോലെ ചിറ്റ പറഞ്ഞു.. "വിവാഹം കഴിഞ്ഞു,ഏറെ കഴിയും മുൻപേ ഞാനത് തിരിച്ചറിഞ്ഞു.. ചെറുതല്ലാത്ത ഒരു മാനസിക വൈകൃതത്തിനു അടിമയാണ് എന്റെ ഭർത്താവെന്ന്.. ആദ്യം നിഷേധിച്ചു, പിന്നെ തെളിവോടെ,ചോദ്യം ചെയ്തപ്പോൾ ഗത്യന്തരമില്ലാതെ സമ്മതിച്ചു.. കരഞ്ഞു കാല് പിടിച്ചു മാപ്പ് പറഞ്ഞെങ്കിലും, അയാൾക്കത് തിരുത്താനാവില്ലായിരുന്നു.. എന്റെ നിർബന്ധത്തിന് വഴങ്ങി ട്രീറ്റ്മെന്റിനു തയ്യാറായെങ്കിലും അത് തുടരാൻ അയാൾക്ക് താല്പര്യം ഉണ്ടായില്ല.. മാറാനും.." വൈശാഖൻ അങ്കിളിന്റെ മുഖം എന്റെ മനസ്സിൽ തെളിഞ്ഞു.. സുന്ദരനായിരുന്നു..സർവ്വസമ്മതനും സൽസ്വഭാവിയും.. കാണുമ്പോഴൊക്കെ അടുത്ത് പിടിച്ചിരുത്തി വിശേഷം ചോദിക്കുമായിരുന്നു.. പക്ഷെ അപ്പോൾ,ചിറ്റയുടെ മുഖത്തെ വല്ലായ്മയ്ക്ക് കാരണം ഇതായിരുന്നോ…? എന്തെങ്കിലും പറഞ്ഞു,എന്നെ ആ സാമീപ്യത്തിൽ നിന്നും ഒഴിവാക്കാൻ ശ്രെമിച്ചതിനു പിറകിൽ ഇങ്ങനെയൊരു കാരണം…? "സ്വന്തം പെങ്ങളുടെ കുഞ്ഞിനെ പോലും വെറുതെ വിട്ടില്ല അയാൾ…അന്നാണ്… അന്നാണ് അയാൾ ഇനി ജീവിച്ചിരിക്കേണ്ടെന്ന് ഞാൻ തീരുമാനിച്ചത്…" ശ്വാസമെടുക്കാൻ പോലും ഞാൻ മറന്നു.. ആദ്യം പറഞ്ഞതിനാണോ,രണ്ടാമത് പറഞ്ഞതിനാണോ,ഞാൻ ഏറ്റവും കൂടുതൽ ഞെട്ടിയതെന്നെനിക്കറിയില്ല.. "സഹോദരനെങ്കിലും,സ്വന്തം കുഞ്ഞിനെ മറ്റൊരു കണ്ണോട് കൂടെ സമീപിച്ചവനോട്, പൊറുക്കാൻ അശ്വതിയും തയ്യാറായിരുന്നില്ല.. ഒരു തെറ്റും ചെയ്യാത്ത കുഞ്ഞുങ്ങളെ,ഇരകളെന്ന് മുദ്ര കുത്തി, സമൂഹത്തിലെ കഴുകന്മാർക്ക് കൂടെ കൊത്തി വലിക്കാൻ എറിഞ്ഞു കൊടുക്കാൻ തോന്നിയില്ല.. ഞാനാണ് പറഞ്ഞത് കൊല്ലാമെന്ന്.... അവളും കൂടെ നിന്നു..ഒരു പാട് കുഞ്ഞുമനസ്സുകളെ പിച്ചിച്ചീന്തിയ,ഒരു പേപ്പട്ടിയെ,ഒരു തെളിവും അവശേഷിപ്പിക്കാതെ ഞങ്ങൾ യാത്രയാക്കി.." അശ്വതി ചേച്ചി..വൈശാഖൻ അങ്കിളിന്റെ അനിയത്തി.. ചേച്ചിയുടെ മോൾക്ക് എന്തോ ചെറിയ മാനസിക പ്രശ്നമുണ്ടെന്ന് കേട്ടത് ഞാനോർത്തു.. അങ്കിൾ അവരുടെ തറവാട്ട് കുളത്തിൽ വീണാണ് മരിച്ചത്.. നീന്തൽ അറിയാമായിരുന്നെങ്കിലും,കാൽ വഴുക്കി വീണപ്പോൾ,തല കല്ലിലോ മറ്റോ ഇടിച്ചിരുന്നുവെന്നും,ആഴത്തിൽ മുറിവുണ്ടായിരുന്നെന്നും, ബോധരഹിതനായത് കൊണ്ടാവാം രക്ഷപ്പെടാൻ പറ്റാതിരുന്നതെന്നുമൊക്കെ കേട്ടിട്ടുണ്ട്.. "ചെയ്ത് പോയതിൽ എനിയ്ക്കൊരു തരിമ്പും കുറ്റബോധമില്ല ഗായൂട്ടി...." ചിറ്റ എന്റെ മുഖത്തേക്ക് നോക്കി.. "അശ്വതിയുടെ മോള്..ശ്രേയ..…ഇന്നുമവൾക്ക് ആ ട്രോമയിൽ നിന്നും പൂർണ്ണമായും പുറത്തു വരാൻ കഴിഞ്ഞിട്ടില്ല…ഞാനറിഞ്ഞതും അറിയാത്തതുമായ വേറെയും കുഞ്ഞുങ്ങൾ..." ചിറ്റയുടെ മുഖം കടുത്തു.. "ഈ വൈകൃതങ്ങളുമായി ജീവിക്കുന്നവർ പിച്ചി ചീന്തുന്നത് ഒരു ജീവിതം തന്നെയാണ്, ഇത് പോലെയുള്ള മൃഗങ്ങൾക്ക്, മരണം വിധിക്കാത്ത, ഒരു തെറ്റും ചെയ്യാത്ത, ഇവരുടെ പേക്കൂത്തുകൾക്ക് ബലിയാടുകളാവുന്നവരെ,ഇരകളെന്ന് മുദ്ര കുത്തി അധിക്ഷേപിക്കുന്ന, സംരക്ഷിക്കാനോ, കൈപിടിച്ച് ഉയർത്താനോ തയ്യാറാവാത്ത,നമ്മുടെ സമൂഹത്തിൽ.. ഇനിയും ഇത്തരമൊരു അവസ്ഥയിൽ കടന്നു പോയാലും ഞാൻ ഇതേ ചെയ്യൂ…" എനിയ്ക്ക് ശബ്ദം വീണ്ടു കിട്ടിയിരുന്നില്ല.. "വ്യവസ്ഥിതിയുടെയും നിയമങ്ങളുടെയും ഒപ്പം മനസ്സുകളും മാറണം…. അതിനു ചിലപ്പോൾ,ഇനിയും നൂറ്റാണ്ടുകൾ തന്നെ വേണ്ടി വന്നേക്കാം…" ചിറ്റയുടെ ശബ്ദത്തിൽ പരിഹാസം നിറഞ്ഞിരുന്നു.. എനിയ്ക്കൊന്നും പറയാനുണ്ടായിരുന്നില്ല.. ഈ ചിറ്റയെ എനിയ്ക്ക് പരിചയമുണ്ടായിരു ന്നില്ല..ഒരുറുമ്പിനെ പോലും നോവിക്കാനാവില്ലെന്ന്,ഞാൻ വിശ്വസിച്ചിരുന്ന എന്റെ ചിറ്റ… വിവാഹത്തിന് മുൻപോ,ശേഷമോ ആരോടും ശബ്ദമുയർത്തി സംസാരിക്കുന്നതോ,ദേഷ്യപ്പെടുന്നതോ പോലും ഞാൻ കണ്ടിട്ടില്ല.. എന്നിട്ടും ഒരാളെ കൊന്നുവെന്നൊക്കെ പറയുമ്പോൾ.. അതും പ്രാണനെ പോലെ സ്നേഹിച്ചവനെ .. ശാന്തമായി ഉറങ്ങുന്ന എന്റെ മോളെ ഞാൻ ഒന്ന് നോക്കി…കുഞ്ഞിനരികിൽ,ഒരു കൊതുക് വന്നാൽ പോലും വെപ്രാളപ്പെടുന്ന എന്റെ സ്വഭാവം ഓർത്തപ്പോൾ,ചിറ്റയെ എനിയ്ക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.. അശ്വതിയെയും… പിറ്റേന്ന് കാണുമ്പോൾ,ചിറ്റ പഴയത് പോലെ തന്നെയായിരുന്നു.. ഞങ്ങൾ സംസാരിച്ച വിഷയത്തിന്റെ,നേരിയ ഒരു ലാഞ്ചന പോലും ആ ഭാവങ്ങളിലോ സംസാരത്തിലോ ഇല്ലായിരുന്നു… ഒരു ചെമ്പകപ്പൂവിനെ പോലെ മൃദുലമായതെന്ന് ഞാൻ കരുതിയ ആ മനസ്സിനുള്ളിൽ,ഇത്രയും ഉൾക്കരുത്തുണ്ടാവുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചതല്ല..… &&&&&&&&&&&&&& ഇത്തവണത്തെ അവധിയ്ക്ക് നാട്ടിൽ പോണുണ്ട് ഞങ്ങൾ, ഞാനും നവീനും മിയമോളും… മിയ കുട്ടിയുടെ നന്ദുവമ്മ കാത്തിരിപ്പുണ്ടാകും.. യശോദാമ്മയുടെ മരണത്തിനു മുൻപേ തന്നെ,രാജിച്ചേച്ചിയും മക്കളും തറവാട്ടിൽ താമസം തുടങ്ങിയിരുന്നു.... അവരുടെ ഭർത്താവ്, അമിതമായി മദ്യപിച്ചു, അടുത്തുള്ള ആൾമറയില്ലാത്ത കിണറ്റിൽ വീണു മരിച്ചു, അധികം കഴിയുന്നതിനു മുൻപേ.. ചിറ്റ തനിച്ചല്ലെന്നതിൽ എനിയ്ക്കൊരു സമാധാനമാണ്, ചിറ്റയ്ക്ക് അതൊരു വിഷയമല്ലെങ്കിലും..… സ്കൂളിൽ നിന്നും മിയയെ ഞാനും നവീനും പിക്ക് ചെയ്യുമ്പോൾ ശ്രേയയും കൂടെയുണ്ടായിരുന്നു… ചിറ്റയുടെ നാത്തൂനായിരുന്ന,അശ്വതിയുടെ മകൾ ശ്രേയ.. മിയയുടെ പുതിയ സ്കൂൾ ടീച്ചർ…ഇത്തവണ അവളുമുണ്ടത്രേ ഞങ്ങളോടൊപ്പം.. ചിറ്റയുടെ അടുത്തേയ്ക്ക്.. ചെമ്പകപ്പൂമണം നിറയുന്ന തറവാട്ടിൽ .. ചിറ്റ കാത്തിരിക്കുകയാവും .. ഞങ്ങൾക്കായി.. സൂര്യകാന്തി (ജിഷ രഹീഷ് )💕 #📔 കഥ #📙 നോവൽ
കലഹം... "ദീപേ നീ പറഞ്ഞത് ശരി തന്നെയാ, ഞാൻ നോക്കുമ്പോൾ രാജേഷേട്ടൻ വാട്സ്ആപ്പ് ലോക്ക് ആക്കി വെച്ചേക്കുവാ.. " രാവിലെ വന്നയുടനെ ,സ്റ്റാഫ്‌ റൂമിൽ നിന്നും പുറത്തേയ്ക്ക് വിളിച്ചു നിർത്തി സന്ധ്യ അടക്കം പറഞ്ഞപ്പോൾ ദീപയ്ക്കങ്ങു കുളിരു കോരിപ്പോയിരുന്നു… "ഞാൻ അപ്പോഴേ പറഞ്ഞില്ലേ സന്ധ്യേ, നിന്റെ രാജേഷേട്ടന്,എന്തോ ഒരു ചുറ്റിക്കളിയുണ്ടെന്ന്.." സന്ധ്യയുടെ ഉള്ളിൽ പുകഞ്ഞു കൊണ്ടിരുന്ന കനൽ,ഒന്നൂടെ ആളിക്കത്തിയ്ക്കാൻ ശ്രെമിച്ചു കൊണ്ടു ദീപ പറഞ്ഞു.. 'അല്ലേലും സന്ധ്യയുടെയും അവളുടെ കെട്ട്യോന്റെയും മെയ്ഡ് ഫോർ ഈച്ച് അദെർ കളി ദീപയുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് കാലം കുറെയായി…' ഇടയ്ക്കിടെ ഒരുമിച്ചു യാത്ര പോവുന്നു, ബർത്ത്ഡേയ്സ് ആഘോഷിക്കുന്നു, ഫോട്ടോയെടുക്കുന്നു..വേറെയാർക്കും കെട്ട്യോനും കുടുംബവുമൊന്നും ഇല്ലാത്തത് പോലെ… ദീപയും സന്ധ്യയും വർഷങ്ങളായി ഒരേ സ്കൂളിലെ അദ്ധ്യാപികമാരാണ്.. സുഹൃത്തുക്കളും… രാജേഷിന്റെയും സന്ധ്യയുടെയും പ്രണയവിവാഹമായിരുന്നു.. സന്ധ്യയുടെ വീട്ടുകാർക്ക് വിവാഹത്തിന് വലിയ താല്പര്യമൊന്നും ഇല്ലായിരുന്നു..രാജേഷ് ബിസിനസ്സുകാരനാണെന്നത് തന്നെയായിരുന്നു കാരണം.. സന്ധ്യ,ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതിരുന്നതും രാജേഷിന്റെ ബിസിനസ്സ് നാൾക്കു നാൾ അഭിവൃദ്ധിയിലേയ്ക്കുയർന്നതും, കാരണമാണ്, അവസാനം മനസ്സില്ലാമനസ്സോടെയെങ്കിലും സന്ധ്യയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചത്… സാധാരണ എല്ലാ ബന്ധങ്ങളിലും,എന്നത് പോലെ, ഇടയ്ക്കിടെ പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടെങ്കിലും സന്തോഷകരമായിരുന്നു അവരുടെ ദാമ്പത്യം.. വിവാഹം കഴിഞ്ഞു,വർഷം മൂന്നാല് കഴിഞ്ഞിട്ടും ഒരു കുഞ്ഞുണ്ടാകാത്തതിന്റെ സങ്കടം ഒഴിച്ചാൽ സന്ധ്യയും സംതൃപ്തയായിരുന്നു ജീവിതത്തിൽ… പക്ഷെ ഇതിപ്പോൾ,നാലഞ്ച് മാസമായി അവളുടെ മനഃസമാധാനം നഷ്ടമായിട്ട്… ബിസിനസ്സിന്റേത് ഉൾപ്പെടെയുള്ള കാര്യങ്ങളെല്ലാം സന്ധ്യയോടും കൂടെ ഡിസ്‌കസ് ചെയ്യുകയും അവളുടെ അഭിപ്രായങ്ങളും കൂടെ കേൾക്കുകയും ചെയ്യുന്ന സ്വഭാവമായിരുന്നു രാജേഷിന്റേത്.. അങ്ങനെ ഒളിവും മറവുമൊന്നും ഇല്ലാത്ത ഒരു ബന്ധം.. രാജേഷിന്റെ പെൺ സുഹൃത്തുക്കൾ ഉൾപ്പെടെ എല്ലാവരെയും സന്ധ്യയ്ക്കും നല്ല പരിചയമാണ്.. തിരിച്ചും അങ്ങനെ തന്നെ… എന്നിരുന്നാലും ദീപയെ രാജേഷിനു അത്ര പിടുത്തമില്ല.. ഏഷണിക്കാരിയാണെന്ന് എപ്പോഴും പറയുമെങ്കിലും, ദീപ പറയുന്നതൊന്നും സന്ധ്യ മുഖവിലയ്ക്ക് എടുക്കില്ലെന്ന് അറിയാവുന്നത് കൊണ്ടു അവരുടെ സൗഹൃദത്തിൽ ഇടപെടാൻ രാജേഷ് നിൽക്കാറുമില്ല… കുറച്ചൊക്കെ പോസ്സസ്സീവ്നെസ്സ് കാണിയ്ക്കുന്ന ഒരു ഭാര്യ തന്നെയാണ് സന്ധ്യയും.. എന്നിരുന്നാലും രാജേഷിന്റെ സൗഹൃദങ്ങളിൽ കാര്യമില്ലാതെ ചിക്കിച്ചികയാനും അവൾ നിൽക്കാറുമില്ല.. പക്ഷെ കുറച്ചു മാസങ്ങളായി,രാജേഷ് തന്നിൽ നിന്നും എന്തോ ഒളിയ്ക്കുന്നത് പോലെ സന്ധ്യയ്ക്ക് തോന്നി തുടങ്ങിയിട്ട്.. ചോദിക്കുമ്പോഴൊക്കെ എല്ലാം നിന്റെ തോന്നലാണെന്ന് പറയും..ചിലപ്പോഴൊക്കെ ചാടിക്കടിയ്ക്കാനും വരും… ബിസിനസ്സിന്റെ ടെൻഷൻ ആണെന്ന് കരുതി ആശ്വസിക്കാൻ ശ്രെമിച്ചുവെങ്കിലും സന്ധ്യയ്ക്ക് അതിനു കഴിഞ്ഞില്ല… ഫോൺ കോളുകൾ വരുമ്പോൾ,ഫോണുമെടുത്ത്,തന്റെ അരികിൽ നിന്നും മാറുന്നതും,അടക്കിപ്പിടിച്ച സംസാരത്തിന്റെ ദൈര്‍ഘ്യം കൂടുന്നതും, രാജേഷിന്റെ വെപ്രാളവും,താൻ ശ്രെദ്ധിക്കുന്നുണ്ടെന്ന് തോന്നുമ്പോഴുള്ള പരിഭ്രമവുമൊക്കെ, സന്ധ്യയുടെ സംശയങ്ങൾ വർദ്ധിക്കാനുള്ള കാരണങ്ങളായി… ഒരു ദിവസം സന്ധ്യ,എന്തോ ഒരു ആവശ്യത്തിനായി രാജേഷിന്റെ ഫോൺ എടുത്തപ്പോഴാണ് അടുത്ത ഞെട്ടൽ.. എത്രയോ കാലങ്ങളായി ഉപയോഗിക്കുന്ന ലോക്ക് പാറ്റേൺ മാറിയിരിക്കുന്നു… അത് ചോദിച്ചപ്പോൾ,ആദ്യമൊക്കെ എന്തൊക്കെയോ പറഞ്ഞു പിടിച്ചു നിൽക്കാൻ ശ്രെമിച്ചുവെങ്കിലും,ഒടുവിൽ ഒന്നും രണ്ടും പറഞ്ഞു,ഇരുവരും തമ്മിൽ വഴക്കായി… രാവിലെ തൊട്ട് വൈകുന്നേരം വരെയുള്ള, തന്റെ ദിവസത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളുടെയും പൊട്ടും പൊടിയും രാജേഷിനോട് പങ്കു വെച്ചിരുന്ന സന്ധ്യയ്ക്ക്,രാജേഷ് തന്നിൽ നിന്നും എന്തോ ഒളിയ്ക്കുന്നുണ്ടെന്ന കാര്യം ആലോചിക്കുന്നത് തന്നെ അസഹനീയമായിരുന്നു….. ജീവിതം തുടങ്ങുന്നതിനു മുൻപേ തന്നെ ഉറപ്പിച്ച 'നമുക്കിടയിൽ ഒന്നും മറച്ചു വെക്കാൻ പാടില്ലെന്ന 'പരസ്പരധാരണയാണ് തെറ്റിയതെന്ന ചിന്തയിൽ,സന്ധ്യയുടെ ഉള്ളം പുകഞ്ഞു.. ആദ്യമൊക്കെ ഓരോന്ന് പറഞ്ഞു രാജേഷ് അനുരഞ്ജനത്തിനു ശ്രെമിച്ചുവെങ്കിലും,സന്ധ്യ അയഞ്ഞില്ല.നാൾക്കു നാൾ അവർക്കിടയിലെ പിണക്കവും ഈഗോയും വർദ്ധിച്ചു വന്നു.. ഈ ശീതസമരം സന്ധ്യയുടെ സമനില തെറ്റിച്ചു തുടങ്ങിയിരുന്നു.. ആരോടും ഒന്നും പറയാനും പറ്റില്ല എന്ന അവസ്ഥയിൽ അവളാകെ വലഞ്ഞു.. വീട്ടിൽ എത്തിയാൽ,ആള് മൊബൈൽ കയ്യിൽ നിന്നും താഴെ വെയ്ക്കില്ല.. അതിന്റെ പാറ്റേൺ മനസ്സിലാക്കാൻ സന്ധ്യ കിണഞ്ഞു പരിശ്രമിച്ചുവെങ്കിലും നടന്നില്ല.. ഒരു ദിവസം, കടുത്ത മാനസിക സമ്മർദം താങ്ങാനാവാതെ സ്കൂളിൽ വെച്ച് കരഞ്ഞപ്പോൾ, ദീപ കാര്യങ്ങൾ ചോദിച്ചപ്പോൾ ,സന്ധ്യ തന്റെ മനസ്സിലുള്ളത് മുഴുവനും പറഞ്ഞും പോയി.. അവൾ പറഞ്ഞതൊക്കെ വെച്ചു നോക്കിയാൽ,രാജേഷിന് എന്തോ ചുറ്റിക്കളിയുണ്ടെന്ന് ഉറപ്പാണെന്നും അത് കയ്യോടെ പിടിയ്ക്കണമെന്നും ദീപ അടിവരയിട്ട് പറഞ്ഞു.. ദീപയുടെ ശിക്ഷണത്തിൽ, രാജേഷ് ഫോണിന്റെ ലോക്ക് ഓപ്പൺ ചെയ്യുന്നത്, സന്ധ്യ കണ്ടു പിടിച്ചെങ്കിലും,അവൾ പരിശോധിച്ചപ്പോൾ,കോൾ ഹിസ്റ്ററി ക്‌ളീനായിരുന്നു.. പക്ഷെ വാട്സ്ആപ്പ് ലോക്ക് ചെയ്തിട്ടുണ്ട്… രാജേഷിന് മറ്റൊരു ബന്ധമെന്നത് സന്ധ്യയ്ക്ക് ചിന്തിയ്ക്കാവുന്നതിനും അപ്പുറത്തായിരുന്നു.... അവളുടെ ഊണും ഉറക്കവുമൊക്കെ നഷ്ടമായി.. അങ്ങനെയിരിക്കെ,താൻ ഉറങ്ങി കഴിഞ്ഞു വെന്ന് ഉറപ്പു വരുത്തി,രാജേഷ് ആരോടോ ഫോണിൽ അടക്കിപ്പിടിച്ചു സംസാരിക്കുന്നതും സന്ധ്യയുടെ ശ്രെദ്ധയിൽ പെട്ടു.. അതോടെ അവളാകെ തകർന്നു. രാജേഷിനോട് മിണ്ടാൻ പോലും സന്ധ്യയ്ക്ക് തോന്നാതെയായി..രാജേഷ് പിന്നെയും സംസാരിക്കാൻ ശ്രെമിച്ചെങ്കിലും സന്ധ്യ പൊട്ടിത്തെറിച്ചു.. അത് അയാളെയും പ്രകോപിച്ചു.. ഒരു ദിവസം രാവിലെ സന്ധ്യയെ കൊണ്ട് വിടാൻ വന്നപ്പോൾ,വൈകുന്നേരം സ്കൂളിൽ മീറ്റിംഗ് ഉള്ളത് കൊണ്ടു വരാൻ വൈകുമെന്ന് അവിടെ വെച്ച് അറിഞ്ഞപ്പോൾ,രാജേഷ് വന്നു പിക്ക് ചെയ്തോളാമെന്ന് ഇങ്ങോട്ട് പറഞ്ഞപ്പോൾ സന്ധ്യയ്ക്കും എതിർക്കാനായില്ല..… മീറ്റിംഗ് കഴിഞ്ഞു,സമയമേറെയായിട്ടും ആളെ കണ്ടില്ല..ഒടുവിൽ അങ്ങോട്ട് വിളിച്ചപ്പോഴാണ്, എന്തോ തിരക്കിൽ പെട്ടു പോയെന്നും വിളിയ്ക്കാൻ വരാൻ പറ്റില്ലെന്നും,സന്ധ്യയോട് ഒരു ഓട്ടോ പിടിച്ചു വരാനും രാജേഷ് പറയുന്നത്… ആകെ ക്ഷുഭിതയായി,വീട്ടിലെത്തിയ സന്ധ്യ അന്ന് ആഹാരമൊന്നും ഉണ്ടാക്കിയില്ലെന്ന് മാത്രമല്ല,വൈകി വീട്ടിലെത്തിയ രാജേഷിന്, മുഖം കൊടുക്കാനോ,സംസാരിക്കാനോ തയ്യാറായതുമില്ല… പക്ഷെ കഥ അവിടെയൊന്നും അവസാനിച്ചില്ല.. പിറ്റേന്ന് സ്കൂളിൽ ചെന്നപ്പോൾ,തലേന്ന് വൈകുന്നേരം,ഒരു പെണ്ണിനൊപ്പം രാജേഷിനെ കോഫി ഷോപ്പിൽ കണ്ടുവെന്ന് ദീപ വന്നു പറഞ്ഞപ്പോൾ,ഉള്ളൊന്ന് കിടുങ്ങിയെങ്കിലും,സന്ധ്യ അത് വല്ല ഫ്രണ്ട്സുമാവുമെന്ന് പറഞ്ഞു ന്യായീകരിച്ചു …മനസ്സ് പുകഞ്ഞു കത്തുന്നുണ്ടായിരുന്നുവെങ്കിലും .. അന്ന് വൈകുന്നേരം, വീട്ടിൽ എത്തിയപ്പോഴാണ് സന്ധ്യയുടെ അനിയൻ വിളിച്ചത്.. അളിയനെ തലേന്ന് ഒരു ഫ്രണ്ടിനൊപ്പം,ഷോപ്പിൽ വെച്ചു കണ്ട കാര്യം അവനും സംസാരത്തിനിടെ പറഞ്ഞപ്പോൾ, സന്ധ്യയ്ക്ക് കാര്യങ്ങൾ ഏകദേശം ഉറപ്പായി.. രാജേഷിന്റെ പഴയൊരു ക്ലാസ് മേറ്റായിരുന്ന നിഷയാണ് ആ പെണ്ണെന്നും അവൾ കണ്ടെത്തി… നിഷ പ്രവാസിയാണ്.. ഡിവോഴ്സിയും.. ആള് നാട്ടിലെത്തിയിട്ടുണ്ടെന്ന കാര്യം മാത്രം സന്ധ്യ അറിഞ്ഞിരുന്നില്ല… അന്നും രാത്രി കുറച്ചു വൈകിയാണ് രാജേഷ് എത്തിയത്.. ആളല്പം മദ്യപിക്കുകയും ചെയ്തിട്ടുണ്ട്… സന്ധ്യ നിഷയുടെ പേരും പറഞ്ഞു ചോദ്യം ചെയ്തതും ആദ്യമൊന്നു പതറിയെങ്കിലും സന്ധ്യ ഓരോന്നൊക്കെ വിളിച്ചു പറയാൻ തുടങ്ങിയതോടെ രാജേഷിന്റെയും നിയന്ത്രണം വിട്ടു ….. "നിങ്ങളും അവളും തമ്മിൽ രഹസ്യബന്ധം ഉണ്ടെന്ന് ' സന്ധ്യ തറപ്പിച്ചു പറഞ്ഞതും, 'അങ്ങനെയെങ്കിൽ നീ അങ്ങനെ തന്നെ കരുതിയ്ക്കോയെന്നും 'പറഞ്ഞു രാജേഷ് വീട്ടിൽ നിന്നും ഇറങ്ങിപ്പോയി… സന്ധ്യയ്ക്ക് സഹിക്കാവുന്നതിന്റെ അങ്ങേയറ്റമായിരുന്നു അത്… തന്റെ ഇഷ്ടത്തിന് തിരഞ്ഞെടുത്ത ജീവിതം തകർന്നു, മറ്റുള്ളവരുടെ മുൻപിൽ പരിഹാസപാത്രമായി നിൽക്കുന്നതിനും പകരം മരിയ്ക്കുന്നതാണ് നല്ലതെന്ന ചിന്ത വന്നു അവളുടെ മനസ്സിൽ… രാജേഷിനെ അവൾ അത്രമാത്രം സ്നേഹിച്ചിരുന്നു.. വിശ്വസിച്ചിരുന്നു.. അവസാനനിമിഷം വരെ, നിഷയുമായുള്ള ബന്ധം അവൻ നിഷേധിക്കുമെന്ന് തന്നെ സന്ധ്യ കരുതിയിരുന്നു.. താൻ പ്രകോപിപ്പിച്ചത് കൊണ്ടാവാം അവൻ അങ്ങനെ പറഞ്ഞതെന്ന് ചിന്തിയ്ക്കാനുള്ള മാനസികാവസ്ഥയൊന്നും സന്ധ്യയ്ക്ക് ഉണ്ടായിരുന്നതുമില്ല… രാജേഷാകട്ടെ,ലക്ഷ്യമില്ലാതെ,ആ രാത്രിയിൽ കാറിൽ വെറുതെ ചുറ്റിക്കറങ്ങുകയായിരുന്നു.. സന്ധ്യയോട് പറഞ്ഞതൊക്കെ ഓർക്കുമ്പോൾ,കുറ്റബോധം അവനെ വേട്ടയാടിക്കൊണ്ടിരുന്നു.. തിരികെ പോയി,അവളോട് സത്യങ്ങളൊക്കെ തുറന്നു പറയണമെന്ന ചിന്ത ഉറച്ചപ്പോഴാണ്,വാട്സ്ആപ്പ് നോട്ടിഫിക്കേഷൻ വരുന്നത്.. "ഇനി ഒരു ജന്മത്തിലും പരസ്പരം കാണാതിരിക്കട്ടെ.." സന്ധ്യയുടെ മെസ്സേജ്.. പിടയുന്ന മനസ്സോടെയാണ് അവളുടെ നമ്പർ ഡയൽ ചെയ്തത്.. സ്വി‌ച്ച്ഡ് ഓഫ്‌… ദേഹമാകെ മരവിയ്ക്കുന്നത് പോലെ രാജേഷിനു തോന്നി.. വണ്ടി തിരികെ വീട്ടിലേയ്ക്ക് പറപ്പിക്കുകയായിരുന്നു രാജേഷ്… മുൻപിലെ ഡോർ ലോക്ക് ചെയ്തിരുന്നില്ല.. രാജേഷ്,ഓരോ മുറികളിലായി വേപഥുവോടെ അവളുടെ പേര് അലറി വിളിച്ചു നടന്നെങ്കിലും ആളില്ല.. അടച്ചിട്ട ബാത്റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടാണ് രാജേഷ് തട്ടി നോക്കിയത്.. ലോക്കാണ്.. സന്ധ്യയുടെ പേരും വിളിച്ചു കരഞ്ഞു കൊണ്ടാണയാൾ വാതിൽ തല്ലി പൊളിച്ചത്.. ലോക്ക് നീങ്ങിയ നിമിഷം, അകത്തേയ്ക്ക് കടന്ന രാജേഷ് കണ്ടത്,കയ്യിൽ നിന്നും പരന്നൊഴുകുന്ന ചോരയുമായി, അബോധാവസ്ഥയിൽ കിടക്കുന്ന സന്ധ്യയെയാണ്… എങ്ങിനെയാണ് ഹോസ്പിറ്റലിൽ വരെ എത്തിയതെന്ന് രാജേഷിനു തന്നെ അറിയില്ല.. രാജേഷിന്റെ സുഹൃത്ത് അരുൺ അവിടെ ഡോക്ടറാണ്.. ആകെ തളർന്നു പോയിരുന്നു രാജേഷ്.. സന്ധ്യയില്ലാതെ ഒരു നിമിഷം പോലും താനും ജീവിക്കില്ലെന്ന് ഉറപ്പിച്ച നിമിഷമാണ് സന്ധ്യയ്ക്ക് ബോധം വന്നെന്ന് അരുൺ വന്നു പറയുന്നത്… നെറ്റിയിൽ അധരങ്ങൾ അമരുന്നതും, കവിളിൽ കണ്ണുനീർ തുള്ളി ഇറ്റ് വീണതും അറിഞ്ഞാണ് സന്ധ്യ അടച്ചു വെച്ച മിഴികൾ തുറന്നത്.. നിറഞ്ഞ മിഴികളുമായി രാജേഷ്.. പക്ഷെ അവളാകെ, ഒരു മരവിച്ച അവസ്ഥയിലായിരുന്നു… അവളൊന്നു സ്റ്റേബിളായിട്ട് സംസാരിക്കാമെന്നും പറഞ്ഞു, അരുൺ അവനെ പുറത്തേയ്ക്ക് കൊണ്ട് പോയി.. പിറ്റേന്ന് രാവിലെ,രാജേഷിനു പറയാനുള്ളത് കേൾക്കാനുള്ള മനസ്സ് കാണിയ്ക്കണമെന്ന് അരുൺ അപേക്ഷിച്ചപ്പോൾ,ആദ്യമൊന്നും ഒന്നും പറഞ്ഞില്ലെങ്കിലും,പിന്നെ സന്ധ്യ സമ്മതം മൗനത്തിൽ ഒളിപ്പിച്ചിരുന്നു… മുറിയിലേയ്ക്ക് വന്നയാൾ,ആദ്യം തന്നെ കാലിൽ മുഖം ചേർത്തതും ഒരു പിടച്ചിലോടെ സന്ധ്യ കാല് വലിച്ചു… "സോറി…. ഞാൻ നിന്നെ ചതിച്ചിട്ടൊന്നും ഇല്ലെടി.. പക്ഷെ എനിയ്ക്കൊരു തെറ്റ് പറ്റി.. അത് ഞാൻ നിന്നിൽ നിന്നും മറച്ചു വെച്ചു " "നിഷ…എല്ലാവരെയും പോലെ ഒരു സുഹൃത്തായിരുന്നു അവളും എനിയ്ക്ക്.. നമ്മുടെ ബിസിനസ്സ് തകർന്നു തുടങ്ങിയ അവസ്ഥയിൽ, അന്ന് അത് നിന്നോട് പറയാൻ എനിയ്ക്ക് തോന്നിയില്ല.. ഒരു കുഞ്ഞില്ലാത്ത വിഷമം നിന്നെ അലട്ടിക്കൊണ്ടിരിക്കുമ്പോൾ,ഇതും കൂടി നിന്നോട് പറയണ്ടെന്ന് എനിയ്ക്ക് തോന്നി.. മാത്രവുമല്ല,അത് എനിയ്ക്ക് മാനേജ് ചെയ്യാനാവും എന്ന് ഓവർ കോൺഫിഡൻസും.. എപ്പോഴോ എന്തോ സംസാരിക്കുന്നതിനിടയിൽ നിഷയോട് കാര്യങ്ങൾ പറഞ്ഞപ്പോൾ,അവൾ കുറച്ചു കാശ് അറേഞ്ച് ചെയ്തു തരാമെന്ന് പറഞ്ഞു…" അയാൾ ഒന്ന് നിശ്വസിച്ചു .. സന്ധ്യയെ നോക്കി.. അവളുടെ മുഖത്ത് പ്രത്യേകിച്ചു ഭാവമാറ്റമൊന്നും ഉണ്ടായില്ല… "കടത്തിന്റെ കാര്യമൊന്നും നിന്നോട് പറയാത്തത് കൊണ്ടു,ഇതും പറയാൻ തോന്നിയില്ല.. ഉടനെ തന്നെ മടക്കി കൊടുക്കാമെന്നു കരുതിയിരുന്നു... പക്ഷെ വിചാരിച്ചത് പോലെയൊന്നും നടന്നില്ല.. കോവിഡും ലോക്ക് ഡൗണും എല്ലാം,ബിസിനസ്സ് പഴയതിലും മോശമായി തുടങ്ങി.. പണത്തിന്റെ കാര്യവും,അതിനോട് ബന്ധപ്പെട്ട കാര്യങ്ങളുമായി നിഷ ഇടയ്ക്കിടെ വിളിയ്ക്കാൻ തുടങ്ങി..ഞാനും ബിസിനസ്സിലെ വിഷമങ്ങൾ അവളോട് പറഞ്ഞു.. പക്ഷെ.." രാജേഷ് വീണ്ടും അവളെ നോക്കി.. സന്ധ്യ അവനെ തന്നെ തറച്ചു നോക്കുന്നുണ്ടായിരുന്നു… "പതിയെ എപ്പോഴോ,അവളുടെ സംസാരരീതി മാറിത്തുടങ്ങി.. സുഹൃത്തെന്നതിൽ നിന്നും, അവളുടെ ഭാവം മാറി വന്നപ്പോഴേ, ഞാൻ പറഞ്ഞതാണ്, എനിയ്ക്ക് അതിനൊന്നും പറ്റില്ലെന്ന്.. നിന്നെ.. നിന്നെ മറന്നു ഒന്നിനും പറ്റില്ലെന്ന് …" സന്ധ്യ മിഴികൾ ഇറുകെ അടച്ചു… "അപ്പോൾ,അവൾ കാശിന്റെ കാര്യവും പറഞ്ഞു ബ്ലാക്ക് മെയ്ലിംഗ് തുടങ്ങി.. ചെകുത്താനും കടലിനും ഇടയിൽ പെട്ടത് പോലെയായിരുന്നു ഞാൻ.. ആദ്യമേ കാര്യങ്ങൾ പറയാത്തത് കൊണ്ട്, ഇതൊക്കെ പെട്ടന്ന്,ഒരു ദിവസം പറയുമ്പോൾ,നീ എങ്ങനെ എടുക്കുമെന്ന പേടി ഒരു വശത്ത് …നിഷയുടെ പരോക്ഷമായി തുടങ്ങിയ ഭീഷണികൾ പ്രത്യക്ഷമായി തുടങ്ങിയത്,ഒരു മറുവശത്ത്.... തിരികെ കൊടുക്കാനുള്ള ക്യാഷിന് വേണ്ടിയുള്ള നെട്ടോട്ടം,വേറെയും.. എന്ത്.. എന്ത് ചെയ്യണമെന്നറിയാതെ …" രാജേഷ് ഇരു കൈ കൊണ്ടും മുഖം മറച്ചപ്പോൾ,സന്ധ്യയുടെ ഉള്ളൊന്ന് പിടഞ്ഞു…അവൾ പതിയെ എഴുന്നേറ്റിരുന്നു.. രാജേഷ് പൊടുന്നനെ അവൾക്കരികെയെത്തി,ഇരുകയ്യും കൂട്ടിപിടിച്ചു .. "നിന്നെ മറന്നു ഞാനൊന്നും ചെയ്തിട്ടില്ല.. ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല…എനിയ്ക്കതിന് കഴിയില്ലെടി.." സന്ധ്യയുടെ മുഖം കനത്തു തന്നെയിരുന്നു.. "നിങ്ങൾ അന്ന് അവളെ കാണാൻ പോയത്..?" "അവൾ നാട്ടിൽ വന്നു,രണ്ടു ദിവസം കഴിഞ്ഞു, പണം തിരിച്ചു വേണമെന്ന് പറഞ്ഞു വിളിച്ചു.. മുഴുവനും ഇല്ലെങ്കിലും കയ്യിലുള്ളത് തിരിച്ചു കൊടുക്കാനും ബാക്കിയുള്ളതിന് അവധി ചോദിക്കാനും പോയതാണ്.." "എന്നിട്ട്..? " "അവൾ…" "പറയ്.." 'പൈസ ഉടനെ കൊടുത്തില്ലെങ്കിൽ നിന്റെ അടുത്ത് പറയുമെന്നാണ് പുതിയ ഭീഷണി.." "എന്താണ് അവളുടെ ആവശ്യം…?" "അത്…" രാജേഷ് ഒന്ന് മടിച്ചു..പിന്നെ പറഞ്ഞു "ഞാൻ അവളുടെ കൂടെ നിൽക്കണമെന്ന്.." "എന്നിട്ട്.. നിങ്ങൾ എന്ത് തീരുമാനിച്ചു..?" "നിന്നോട് എല്ലാം തുറന്നു പറയാൻ.." "എന്നിട്ട്.. ഞാൻ ഡിവോഴ്സ് തരുകയാണെങ്കിൽ അവളുടെ കൂടെ പോയി,പൊറുക്കുമോ….?" സന്ധ്യയുടെ മുഖത്തേയ്ക്ക് ഉറ്റു നോക്കി രാജേഷ്… "ഞാൻ ഒരുത്തിയെയേ സ്നേഹിച്ചിട്ടുള്ളൂ.. ആഗ്രഹിച്ചിട്ടുള്ളൂ…കൂടെ ജീവിക്കുന്നുണ്ടെങ്കിൽ അവളോടൊപ്പം മാത്രമായിരിക്കും.." വാക്കുകൾ ഉറച്ചതായിരുന്നു… അവളിൽ നിന്നും നോട്ടം പിൻവലിച്ചു കൊണ്ടായിരുന്നു പറഞ്ഞത്.... പൊടുന്നനെ,സന്ധ്യയുടെ കൈ തന്റെ കവിളിൽ ആഞ്ഞു പതിച്ചതും രാജേഷ് ഞെട്ടി.. അയാൾ പകപ്പോടെ അവളെ നോക്കി.. "ഞാൻ. ഞാൻ ചത്തു പോയിരുന്നെങ്കിലോ..?" രാജേഷ് ഒരു നിമിഷം അവളെ നോക്കി നിന്നു.. പിന്നെ കെട്ടിപ്പിടിച്ചു… "ഞാനും വരുമായിരുന്നു..എനിയ്ക്ക് നീയില്ലാതെ പറ്റില്ലല്ലോ…" ശബ്ദം വല്ലാതെ നേർത്തിരുന്നു.. ഇരുവരുടെയും മിഴികൾ,ഒരുപോലെ നനഞ്ഞിരുന്നു… രണ്ടു ദിവസം കഴിഞ്ഞുള്ള ഒരു വൈകുന്നേരം, ഫ്ലാറ്റിൽ കോളിങ്ങ് ബെൽ മുഴങ്ങിയപ്പോൾ നിഷ വാതിൽ തുറന്നു.. മുൻപിൽ സന്ധ്യയെ കണ്ടതും അവളൊന്നു പതറി… "വരൂ.." സന്ധ്യ അകത്തേയ്ക്ക് കടന്നു ചുറ്റും നോക്കി… "സ.. സന്ധ്യ ഇരിക്കൂ.." "ഇരിക്കുന്നില്ല നിഷ.. ഒരു കാര്യം പറയാൻ വന്നതാണ്. ഇത് തരാനും.." ബാഗിൽ നിന്നും ഒരു കെട്ട് നോട്ടെടുത്തു അവൾ നിഷയുടെ കൈ പിടിച്ചു അതിൽ വെച്ചു… "എന്റെ ഭർത്താവിനെ ഞാൻ വിൽക്കാൻ ഉദ്ദേശിക്കുന്നില്ല.." നിഷയുടെ മുഖം വിളറി… "പണം കൊണ്ട് വാങ്ങാൻ കഴിയാത്തത് പലതുമുണ്ട് നിഷ.. എന്നെങ്കിലും അത് നിനക്ക് മനസ്സിലാക്കാൻ സാധിക്കും…" സന്ധ്യയുടെ ശബ്ദം ശാന്തമായിരുന്നു… "ഞങ്ങൾക്ക് ഉള്ളതൊക്കെ വിറ്റ് പെറുക്കിയതാണ് ഇത് .. എന്റെ ഭർത്താവിലും വലുതല്ല എനിയ്ക്കൊന്നും…" അവളുടെ നോട്ടം കൂർത്തു.. "വാങ്ങിച്ചത് രാജേഷാണെങ്കിലും ഞാൻ തന്നെ ഇത് കൊണ്ട് വന്നത്,ഇനി നിന്റെ നോട്ടം പോലും എന്റെ ഭർത്താവിൽ പതിയ്ക്കാതിരിക്കാനാണ്…നിന്നെ പേടിച്ചിട്ടല്ല, അത് എനിയ്ക്ക് ഇഷ്ടമല്ലാത്തത് കൊണ്ട്,കേട്ടല്ലോ…" സന്ധ്യയുടെ ശബ്ദം കനത്തു… "അപ്പോൾ ഗുഡ് ബൈ.. ഇനിയൊരിക്കലും കാണാതിരിക്കട്ടെ.." പ്രതീക്ഷിക്കാതെ നടന്ന രംഗങ്ങളിൽ നിഷ പകച്ചു നിൽക്കവേ സന്ധ്യ തിരിഞ്ഞു നടന്നിരുന്നു.. "കാര്യങ്ങൾ തുറന്നു സംസാരിക്കാത്തത് കൊണ്ടാണ് ഇങ്ങനെയൊക്കെ വന്നത്.. എന്ത് തന്നെയായാലും, ഞാൻ കൂടെ നിക്കുമെന്ന് അറിയില്ലേ.. ഞാൻ വിഷമിക്കരുതെന്ന് വിചാരിച്ചു മറച്ചു വെച്ച കാര്യത്തിനാണ്,ഞാൻ ജീവൻ കളയാൻ തുടങ്ങിയത്.. " നിഷയ്ക്ക് കാശ് കൊടുത്തു തിരികെ പോകുമ്പോൾ കാറിൽ വെച്ച് സന്ധ്യ രാജേഷിനോടായി പറഞ്ഞു.. അയാളുടെ മുഖത്ത്,മാസങ്ങളായി താൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന സമസ്യയ്ക്ക് പരിഹാരമായതിലെ ആശ്വാസത്തിന്റെ പുഞ്ചിരിയായിരുന്നു.. കുറച്ചു ദിവസത്തെ ലീവ് കഴിഞ്ഞു,സന്ധ്യ തിരികെ എത്തിയതും,ദീപ സ്റ്റാഫ് റൂമിനു പുറത്ത് വെച്ച് ആകാംക്ഷയോടെ അവളെ തടഞ്ഞു നിർത്തി… "എന്തായി കാര്യങ്ങൾ.. നീ ഡിവോഴ്സിനു കൊടുക്കുന്നില്ലേ…?" "അത്.. ഞാൻ രാജേഷേട്ടനോട് സംസാരിച്ചു.. പുള്ളിയ്ക്ക് ഇപ്പോൾ ഡിവോഴ്സിനു സമയമില്ലെന്ന്…" സന്ധ്യ പറഞ്ഞതും ദീപ അവളെ തുറിച്ചു നോക്കി.. "ങേ.." "അതേന്ന്, അങ്ങേർക്ക് തിരക്കാണെന്ന് .. ഒരു പത്ത് മുപ്പത് കൊല്ലം കഴിഞ്ഞു,എനിയ്ക്ക് വേണെങ്കിൽ നോക്കാന്ന്.. " കിളി പോയി നിൽക്കുന്ന ദീപയെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു,സന്ധ്യ തിരിഞ്ഞു നടന്നു.. "ഛേ..ഇവളിതെന്തോന്ന് .. ഒരു ആത്മാഭിമാനമില്ലാതെ…" സ്വന്തം ഭർത്താവിന്റെ വഴി വിട്ട ബന്ധങ്ങൾ അറിഞ്ഞിട്ടും, വീട്ടുകാരെയും നാട്ടുകാരെയും ഓർത്ത്, അടങ്ങിയൊതുങ്ങി കഴിയുന്ന സംതൃപ്തയായ ഭാര്യയാണ് താനെന്ന് ഒരു നിമിഷത്തേയ്ക്ക് ദീപ മറന്നു പോയിരുന്നു… മറ്റുള്ളവരുടെ ജീവിതത്തെയോ,അനുഭവങ്ങളെയോ വെച്ച്, സ്വന്തം പ്രശ്നങ്ങളെ വിലയിരുത്തരുതെന്ന തിരിച്ചറിവിലായിരുന്നു സന്ധ്യയും.... പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞില്ലെങ്കിൽ,കെട്ട്യോളുടെ കയ്യിൽ നിന്നും,ഇനിയും വാങ്ങിക്കൂട്ടേണ്ടി വരുമെന്ന് തിരിച്ചറിവിൽ രാജേഷും… സൂര്യകാന്തി 💕(ജിഷ രഹീഷ് ) #📔 കഥ #📙 നോവൽ