guru
29 Posts • 82K views
AARSHA VIDYA SAMAJAM
978 views 18 days ago
ഇന്ന്, ജനുവരി 5: ശ്രീ ശ്രീ പരമഹംസ യോഗാനന്ദജിയുടെ 133-ാം ജന്മവാർഷികദിനം! "ആരാണോ ഈശ്വരനെ ആത്മാർത്ഥമായി തേടുന്നത് അയാളാണ് ഏറ്റവും വലിയ ബുദ്ധിശാലി. ആരാണോ ഈശ്വരനെ കണ്ടെത്തുന്നത് അയാളാണ് ഏറ്റവും വലിയ വിജയി" - ശ്രീ പരമഹംസയോഗാനന്ദജി. പാശ്ചാത്യരാജ്യങ്ങളിൽ സനാതനധർമ്മത്തിന്റെ പ്രചണ്ഡമായ പ്രചാരണങ്ങളിലൂടെ അദ്ധ്യാത്മികതയുടെ വിത്ത് വിതക്കുവാനുള്ള നിലം ഉഴുതു മറിക്കുകയായിരുന്നു ശ്രീമദ് വിവേകാനന്ദ സ്വാമികൾ ചെയ്തത് ! ആത്മീയവിത്തുകൾ വിതക്കുവാനുള്ള ദൗത്യം കൂടുതലായി നിർവ്വഹിച്ചത് ശ്രീ പരമഹംസ യോഗാനന്ദജിയായിരുന്നു !! പാശ്ചാത്യർ ഉൾപ്പടെയുള്ള നിരവധി സത്യാന്വേഷികൾക്ക് തന്റെ ആത്മകഥയായ "ഓട്ടോബയോഗ്രഫി ഓഫ് എ യോഗി" എന്ന വിഖ്യാതഗ്രന്ഥത്തിലൂടെ ദിവ്യമായ ക്രിയായോഗയുടെ അടിസ്ഥാനപാഠങ്ങൾ ബോധ്യപ്പെടുത്തിക്കൊടുത്ത ഋഷിശ്രേഷ്ഠനും മഹായോഗിയുമായിരുന്നു ശ്രീ പരമഹംസ യോഗാനന്ദജി. 1893 ജനുവരി അഞ്ചിന് ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ, ഒരു ബംഗാളി ക്ഷത്രിയകുടുംബത്തിലായിരുന്നു യോഗാനന്ദജി ജനിച്ചത്. മുകുന്ദലാൽ ഘോഷ് എന്നായിരുന്നു വീട്ടുകാർ നൽകിയ പേര്. അദ്ദേഹത്തിൻ്റെ പിതാവ് ഭഗവതീചരൺ ഘോഷും മാതാവ് ജ്ഞാനപ്രഭാദേവിയുമാണ്. ശ്രീ മുകുന്ദലാൽജി, ഭാരതീയ യോഗിവര്യന്മാരിൽ പ്രമുഖനായ ശ്രീ യുക്തേശ്വർഗിരി മഹാരാജിൻ്റെ ശിഷ്യനായി. അദ്ദേഹത്തിൽ നിന്നു യോഗദീക്ഷ നേടി പരമഹംസയോഗാനന്ദയെന്ന പേരിൽ ഈശ്വര- ഗുരു-ധർമ്മസേവനം ചെയ്ത് അന്താരാഷ്ട്ര പ്രശസ്തനായി. മനുഷ്യന്റെ ബോധസത്തയുടെ സൗന്ദര്യവും ശ്രേഷ്ഠതയും യഥാർത്ഥ ഈശ്വരീയതയും സാക്ഷാത്കരിക്കുവാനും തങ്ങളുടെ ജീവിതത്തിൽ അവ സ്പഷ്ടമായി പകർത്തുവാനും വിവിധ വർഗ്ഗ - വർണ്ണ- ഗോത്ര - മതവിശ്വാസികളായ ആളുകളെ ദേശഭേദമന്യേ സഹായിക്കുന്നതിന് അദ്ദേഹം തന്റെ ജീവിതം ഉഴിഞ്ഞുവച്ചു! "God is realizable. You can know Him now through meditation" - ഇത് അദ്ദേഹത്തിൻ്റെ ഏറെ ശ്രദ്ധേയമായ ആഹ്വാനമായിരുന്നു. ഭാരതത്തിന്റെ പുരാതനധ്യാനയോഗമാർഗ്ഗമായ ക്രിയായോഗം ലോകം മുഴുവൻ പ്രചരിപ്പിക്കുക എന്നതായിരുന്നു യോഗാനന്ദജിയുടെ ദിവ്യദൗത്യമെന്ന് സദ്ഗുരുവായ ശ്രീ യുക്തേശ്വർജി പ്രവചിച്ചിരുന്നു! ബോസ്റ്റണിലെ ഇന്റർനാഷണൽ കോൺഗ്രസ്സ് ഓഫ് റിലീജിയസ് ലിബറൽസിന്റെ പ്രതിനിധിയായി സേവനമനുഷ്ഠിക്കാനുള്ള ക്ഷണം സ്വീകരിച്ച്, 1920-ൽ യോഗാനന്ദജി അമേരിക്കയിലേക്ക് പോയി. ജനസഹസ്രങ്ങളെ ആകർഷിച്ച നിരവധി പ്രസംഗങ്ങളും അദ്ധ്യാത്മിക പ്രഭാഷണങ്ങളും ചെയ്യുന്നതിന് അദ്ദേഹത്തിന് ധാരാളം അവസരങ്ങൾ ലഭിച്ചു. അനവധി ശിഷ്യരും അദ്ദേഹത്തിനുണ്ടായി. ലക്ഷക്കണക്കിന് അമേരിക്കക്കാരെ സനാതനധർമ്മപാതയിലേക്ക് നയിക്കുവാനും യോഗാനന്ദജിയ്ക്ക് സാധിച്ചു!! മഹാഗുരുപരമ്പരകളുടെയും, തന്റെയും ആശയാദർശങ്ങൾ പ്രചരിപ്പിക്കുന്നതിനുവേണ്ടി "യോഗദ സത്സംഗ സൊസൈറ്റി ഓഫ് ഇന്ത്യ" (YSS) 1917-ൽ ഭാരതത്തിലും, "സെൽഫ് റിയലൈസേഷൻ ഫെല്ലോഷിപ്പ്" (SRF) 1920-ൽ അമേരിക്കയിലും യോഗാനന്ദജി സ്ഥാപിച്ചു. ഈ ആധ്യാത്മികപ്രസ്ഥാനങ്ങളിലൂടെ ഭാരതത്തിലും യൂറോപ്പിലും അമേരിക്കയിലും പ്രസംഗപര്യടനങ്ങൾ നടത്തിയും, യഥാർത്ഥ ധ്യാനകേന്ദ്രങ്ങൾ സ്ഥാപിച്ചും, അദ്ധ്യാത്മിക ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിച്ചും യോഗമാർഗ്ഗത്തിന്റെ ദർശനങ്ങളും ധ്യാനരീതിയും യോഗാനന്ദജി സാമാന്യജനത്തിനെ പരിചയപ്പെടുത്തി. നിരവധി അദ്ധ്യാത്മികകൃതികളുടെ രചയിതാവായ അദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥം, സ്വന്തം ജീവിതകഥ തന്നെയാണ്. അതിൽ, 2000 വർഷമായി ഇപ്പോഴും ജീവിക്കുന്ന, മരണരഹിതനായ യോഗീശ്വരൻ ശ്രീ മഹാവതാർ ബാബാജി ഉൾപ്പടെയുള്ള തന്റെ ഗുരുപരമ്പരയുടെ ദർശനവും ജീവിതവുമെല്ലാം സ്വാഭാവികമായി ഉൾക്കൊള്ളിച്ചിരിക്കുന്നു! വിവിധഭാഷകളിൽ വിവർത്തനം ചെയ്തിട്ടുള്ള ഈ അദ്ധ്യാത്മികകൃതി ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങളെ ആഴത്തിൽ സ്വാധീനിച്ചു, ഇന്നും ആത്മീയതയിലേക്ക് ആകർഷിച്ചുകൊണ്ടിരിക്കുന്നു!! വിശിഷ്ടവും അമൂല്യവുമായ ഈ പുസ്തകം "ഒരു യോഗിയുടെ ആത്മകഥ" എന്ന പേരിൽ മലയാളത്തിലും ലഭ്യമാണ്. 1952-ൽ ശ്രീ യോഗാനന്ദജി ലോസ് ആഞ്ചലസിലെ ആശ്രമത്തിൽ വച്ച് മഹാസമാധി പ്രാപിച്ചു! ലോസ് ആഞ്ചലസിലെ മോർച്ചറി ഡയറക്ടറായിരുന്ന ഹാരി.ടി. റോവ്, അമേരിക്കൻ സർക്കാറിന് അയച്ച റിപ്പോർട്ട് ഞെട്ടിക്കുന്നതായിരുന്നു! "എന്റെ ഔദ്യോഗികജീവിതത്തിൽ അസാധാരണമായിരുന്ന നിരീക്ഷണമാണിത്. യോഗാനന്ദ മരണപ്പെട്ട ദിവസമായ 1952 മാർച്ച് 7-ാം തീയതി പുത്തനായിരുന്ന മൃതദേഹം അതേ പുതുമയോടെ 1952 മാർച്ച് 27-ാ തീയതിയും കാണപ്പെട്ടു!" അതായത്, മറ്റുള്ളവരെപ്പോലെ, ശ്രീ പരമഹംസ യോഗാനന്ദജിയുടെ മൃതശരീരത്തിൽ യാതൊരുവിധ ചീഞ്ഞഴുകലുകളും സംഭവിച്ചിരുന്നില്ല!! മഹായോഗിമാരുടെ അത്ഭുതങ്ങൾക്ക് ദേശകാലഭേദവുമില്ല! ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ. ആർ മനോജ് ജിയുടെ പ്രധാന മൂന്ന് ആർഷഗുരുപരമ്പരകളിൽ ശ്രീ അഗസ്ത്യ മഹർഷി മുതലുള്ള ഗുരുക്കന്മാർ, ശ്രീ മഹാവതാർ ബാബാജി, ശ്രീ ലാഹിരി മഹാശയജി, ശ്രീ യുക്തേശ്വർ ജി, ശ്രീ പരമഹംസ യോഗാനന്ദജി തുടങ്ങി എണ്ണമറ്റ യോഗീശ്വരന്മാർ കണ്ണികളായ ഗുരുപരമ്പരയുമുണ്ട്! ശ്രീ യോഗാനന്ദജിയുടെ ജന്മദിനത്തിൽ ആ മഹാഗുരുവിന് ശതകോടി പ്രണാമങ്ങൾ 🙏🌹🕉️🌹🙏 ആർഷവിദ്യാസമാജം #guru #Aacharya Sri Manoj ji #aarshavidyasamajam
12 likes
17 shares