ജോസഫെയ്ൻ🥀
ShareChat
click to see wallet page
@malayalamkadhakal
malayalamkadhakal
ജോസഫെയ്ൻ🥀
@malayalamkadhakal
Stories are Copyright protected ⚠️
പേരിനൊരു താലി💫❣️ ആദി മുറിയിൽ വന്ന് ഓഫീസ് കാര്യങ്ങൾ ചെക്ക് ചെയ്യാൻ ലാപ്ടോപ് എടുക്കുന്നതിനിടെയാണ് പെട്ടന്നാരോ പുറകിൽ നിന്നും അവനെ കെട്ടിപിടിച്ചത്.... അപ്രതീക്ഷിതമായത് കൊണ്ട് തന്നെ അവനൊന്ന് ഞെട്ടി.... ഞൊടിയിടയിൽ തന്നെ മുറുകെ പിടിച്ചിരിക്കുന്ന കൈകളെ വിടുവിച്ച് അവൻ തിരിഞ്ഞു നോക്കുമ്പോൾ വിടർന്ന കണ്ണുകളുമായി അവനെ നോക്കി ചിരിച്ചു നിൽക്കുകയാണവൾ.... അവന്റെ കൈ അവളിൽ നിന്നും പിടിവിട്ടു... കൃതി അപ്പോഴും ആദിയെ കണ്ണിമയ്ക്കാതെ നോക്കുകയാണ്... "ആദിയേട്ടൻ എന്താ എന്നോട് മിണ്ടുക കൂടി ചെയ്യാത്തെ... വന്നിട്ട് ഇത്രയും നേരം ഒന്ന് മൈൻഡ് പോലും ചെയ്തില്ലല്ലോ മൊരടാ... ഇയാളെ കാണാൻ വേണ്ടിയല്ലേ ഞാൻ ഓടിപിടിച്ചു വന്നത്...." കൊഞ്ചലോടെ ചോദിക്കുന്നതിനൊപ്പം അവൾ വല്ലാത്തൊരു അധികാരത്തോടെ അവന്റെ ബെഡിലേക്ക് ഇരുന്നു...ആ നീക്കം ആദിക്ക് രസിച്ചില്ല... "നിന്റെ എക്സാമൊക്കെ കഴിഞ്ഞോ...?" "ആ കഴിഞ്ഞു... ഇനി പിജി ചെയ്യാനാ പ്ലാൻ... ഇവിടെ നിന്ന് ചെയ്യാണോ അതോ അവിടെ പോയി ചെയ്യാണോ എന്ന് മാത്രം തീരുമാനിച്ചാൽ മതി..." "മ്മ്ഹ്ഹ്.. അവിടെ തന്നെ ചെയ്തോ അതല്ലേ നല്ലത്...??" "ആദിയേട്ടൻ വരുമോ അങ്ങോട്ട്...??" അവളുടെ ചോദ്യത്തിൽ ആദിയുടെ നെറ്റി ചുളിഞ്ഞു... "ഞാൻ എന്തിനാ അങ്ങോട്ട് വരുന്നേ...?? ഓഹ്... അമ്മാവൻ പറഞ്ഞ പോലെ അവിടെ വർക്ക് നോക്കാനോ... തൽകാലം ഞാൻ ഈ നാട് വിട്ട് എങ്ങോട്ടുമില്ല..." "വർക്ക് നോക്കാൻ അല്ല.... ആദിയേട്ടൻ അപ്പൊ കാര്യങ്ങൾ ഒന്നും അറിഞ്ഞില്ലേ...??" അവളുടെ ചോദ്യം കേട്ടവൻ സംശയ ഭാവത്തിൽ നോക്കി... "എന്ത്...???" "ഏയ്‌ ഞാനൊന്നും പറയുന്നില്ല... അതൊക്കെ പറയേണ്ടവരു പറഞ്ഞോളും...കേട്ടോ മിസ്റ്റർ ലോയർ..." അവന്റെ മൂക്കിൻ തുമ്പിൽ തൊടാനായി അവൾ കൈ ഉയർത്തികൊണ്ട് വരുമ്പോൾ ആദി പുറകോട്ട് മാറി... കൃതി ചിരിച്ചുകൊണ്ട് മുറി വിട്ടിറങ്ങി... ഈ പെണ്ണിനിതെന്താ...?? അവൻ അത് കാര്യമാക്കാതെ ലാപ്പുമായി ബെഡിലേക്ക് ഇരുന്നു.... ഇതേ സമയം തൊടിയിൽ നിന്ന് പശുവിനെ അഴിച്ചു കൊണ്ട് വരുകയാണ് ഭദ്ര... "നിന്റെ കാര്യം മറന്നിട്ടില്ലെടി പയ്യെ.... കാവുമ്പാട്ട് വിരുന്നുകാര് ഉണ്ടായിരുന്നു... എല്ലാവർക്കും വെച്ചൊരുക്കി കൊടുക്കുന്നതിനിടെ നേരം കിട്ടിയില്ല..." പശുവിനോട് പുന്നാരം പറഞ്ഞുകൊണ്ട് അവൾ തൊഴുത്തിനരികിൽ എത്തിയതും വടക്കേ ഉമ്മറത്ത് നിന്ന് ഇറങ്ങി വരുന്ന ഋഷിയെ കണ്ടു... അവളുടെ വരവും നോക്കി നിൽക്കുകയായിരുന്നവൻ കുഞ്ഞൊരു ചിരിയോടെ അവൾക്കരികിലേക്ക് വന്നു... ഭദ്ര വേഗം എളിയിൽ കയറ്റി കുത്തിയിരുന്ന പാവാടയുടെ കുത്തഴിച്ചിട്ട് ദാവണി നേരെയിട്ടു...അത്ര നേരവും തെളിഞ്ഞു കണ്ടിരുന്ന അവളുടെ ഇടുപ്പും കാൽവണ്ണയും മറഞ്ഞു... "ഭദ്ര.... അല്ലേ....?" ഋഷിയുടെ ചോദ്യത്തിൽ അവൾ തലയനക്കി... "എന്നെ അറിയോ ഭദ്രക്ക്...? ഋഷി... ഋഷികേശ്... ഇവിടുത്തെ കേശവനന്ദന്റെ മകനാണ്..." "മ്മ്..." അവൾ വെറുതെയൊന്ന് മൂളിക്കൊണ്ട് പയ്യിനെ കൊണ്ട് തൊഴുത്തിൽ കയറി... "ഞാൻ പണ്ടിവിടെ വന്നിട്ടുണ്ട്... അന്ന് ഭദ്ര കുട്ടിയാ... ഞാനും... ഇപ്പോ തന്നെ കണ്ടാൽ തിരിച്ചറിയാനെ വയ്യ... You are really beautiful..." അത് കേട്ടവൾ അവനെയൊന്ന് നോക്കി... പിന്നെ ഒന്നും മിണ്ടാതെ പയ്യിനെ കെട്ടിയിട്ട് പുറത്തേക്കിറങ്ങി....തൊട്ട് മുന്നിൽ നിൽക്കുന്നവളുടെ അരുമയായ മുഖത്തേക്ക് ഋഷി കൗതുകത്തോടെ നോക്കി... നാടൻ ചേലുള്ള പെണ്ണ്.... "ദാ വരുന്നു........!!!!" ഭദ്ര നീട്ടി വിളികേട്ടപ്പോൾ ഋഷി തിരിഞ്ഞു നോക്കി... "അതിന് ആരും വിളിച്ചില്ലല്ലോ...!??" "സീതമ്മ വിളിച്ചു..." "ഞാൻ കേട്ടില്ല...!??" "ഒച്ച കുറവാ...പെട്ടന്ന് കേൾക്കാൻ പറ്റില്ല... നിക്ക് ശീലായത് കൊണ്ടാ....ഒന്ന് മാറോ..." അവൾ പറഞ്ഞത് കേട്ടവൻ വഴി മാറി കൊടുത്തു... പിന്നെ കുഞ്ഞൊരു ചിരിയോടെ ആ പോക്ക് നോക്കി നിന്നു... Too smart...!!! ഹ്മ്... കൊഞ്ചാൻ വന്നേക്കുന്നു... You are beautiful.... ഞ.. ഞ.. ഞ... അവൻ കേൾക്കാതെ തന്നെ ആക്കി പറഞ്ഞുകൊണ്ട് ഭദ്ര അടുക്കളയിലേക്ക് കയറി പോയി... പിറ്റേന്ന് രാവിലെ കാപ്പികുടി കഴിഞ്ഞ് എല്ലാവരും അകത്തു സഭ കൂടി...ശിവാനന്ദനും ആദിയും ഓഫിസിൽ പോയിരിക്കുന്നത് കൊണ്ട് അവരൊഴികെ ബാക്കി എല്ലാവരുമുണ്ട്... ആദിയുടെ വിവാഹമാണ് വിഷയം...ഭദ്രയുമായി പേരിനു നടത്തിയ ചടങ്ങ് ഒരു വിവാഹമായി പോലും അവർ കരുതിയിട്ടില്ലെന്നത് കൊണ്ട് കേശവനോടും നിർമലയോടും അക്കാര്യം സൂചിപ്പിച്ചത് പോലുമില്ല... "ആദിയുടെ ദോഷങ്ങൾ എല്ലാം മാറിയെന്ന് പറയുന്ന സ്ഥിതിക്ക് നമുക്കിനി അധികം വൈകാതെ ആ ചടങ്ങ് നടത്താം അല്ലേ അമ്മേ...??" കേശവൻ ലക്ഷ്മിയമ്മയോട് ചോദിച്ചപ്പോൾ ആശയുടെ മുഖം തെളിഞ്ഞു... "അതേ... അധികം വൈകിക്കണ്ട... കൃതി മോളുടെ കോഴ്സ് കഴിഞ്ഞതല്ലേ...ആദിക്കും ജോലിയായി... ഇനിയിപ്പോ എന്ത് നോക്കാനാ... വേഗം വിവാഹം നടത്താം... ആദ്യം പണിക്കരെ കണ്ട് നല്ലൊരു മുഹൂർത്തം കുറിക്കണം... പിന്നെ കേമമായൊരു ചടങ്ങും... അല്ലേ ആശേ...??" "എല്ലാം അമ്മയുടെ തീരുമാനം പോലെ...." ആശയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു... കൃതി നല്ല പഠിപ്പും ബുദ്ധിയുമുള്ള പെൺകുട്ടിയാണ്... കാണാനും അതിസുന്ദരി... എല്ലാം കൊണ്ടും ആദിയുമായി നല്ല ചേർച്ചയാണ്... മുഹൂർത്തം കുറിച്ച് കിട്ടിയിട്ട് വേണം ആ ഭദ്രയെ കാര്യങ്ങളൊക്കെ പറഞ്ഞു മനസിലാക്കി ഒന്നൊഴിവാക്കാൻ... അൽപം പണം കൊടുത്തിട്ടായാലും വേണ്ടില്ല അവളെ ആദിയുടെ ജീവിതത്തിൽ നിന്ന് ഇറക്കി വിടണം... ആശ കുടിലമായ ചിന്തകളോടെ തല പുകച്ചു... "അല്ലാ... ഇക്കാര്യത്തിൽ ആദിയുടെ തീരുമാനം കൂടി അറിയണ്ടേ... എല്ലാവരും തീരുമാനിച്ചിട്ട് ഒടുക്കം അവൻ എന്തെങ്കിലും മുടക്ക് പറയുമോ...???" കേശവൻ കളിയായി ചോദിച്ചു... "ഹേയ്... ഒരിക്കലുമില്ല... അവൻ ഇന്നേവരെ എന്നെയും ആശയെയും എതിർത്തൊരു വാക്ക് പോലും പറഞ്ഞിട്ടില്യ... മാത്രമല്ല അവന്റെ അമ്മ ചൂണ്ടി കാണിക്കുന്ന പെൺകുട്ടിയെ അവൻ ഇരു കയ്യും നീട്ടി സ്വീകരിക്കും അല്ലേ ആശേ...??" ലക്ഷ്മിയമ്മ ചോദിച്ചപ്പോൾ ആശ തലയനക്കി... കഴുത്തിൽ താലി കെട്ടി അടുക്കള പുറത്തേക്ക് വലിച്ചെറിഞ്ഞൊരു പാവം പെണ്ണിനെ കുറിച്ച് അവർ ഓർത്തത് പോലുമില്ല... അകത്ത് എല്ലാവരും ചേർന്ന് എന്തൊക്കെയോ തീരുമാനങ്ങൾ എടുക്കുന്നുവെന്ന് സീതക്ക് മനസിലായി... ആരോടും ചോദിക്കാൻ വയ്യ... ആദിയുടെ കാര്യമാണോ എന്നവർക്ക് സംശയം തോന്നാതിരുന്നില്ല.. അപ്പോഴെല്ലാം സീത ഭദ്രയെ നോക്കും... അവിടെ നടക്കുന്ന കാര്യങ്ങളൊന്നും അറിയാതെ തന്നെ അവൾ സദാ സമയവും തന്റെ ജോലിയിൽ വ്യാപൃതയാണ്... മുറികൾ അടിച്ചു വാരി തുടക്കാൻ മുകളിൽ ചെന്നപ്പോൾ അഞ്ജുവിന്റെ മുറിയിൽ കൃതിയും അഞ്ജുവും കൂടി മൊബൈലിൽ എന്തോ കണ്ടിരുന്നു ചിരിക്കുന്നുണ്ട്...അവൾ അത് കാര്യമാക്കാതെ മുറി മുഴുവൻ അടിച്ചു വാരിയിട്ട് തുടയ്ക്കാൻ തുടങ്ങി... "ഈ കുട്ടിയാണല്ലേ ഭദ്ര...?" കൃതി ചോദിച്ചപ്പോൾ അവളൊന്ന് മുഖമുയർത്തി നോക്കി... അഞ്ജു അതേയെന്ന് പറയുന്നത് കേട്ടു... "ആന്റി വിളിക്കുന്നത് കേട്ടിരുന്നു... ഇവിടെ തന്നെയാണോ താമസം..??" കൃതിയുടെ ചോദ്യം കേട്ടവൾ അതേയെന്ന് തലയനക്കി... "ഒരു പാവം ആണെന്ന് തോന്നുന്നു അല്ലേ...?" ഭദ്ര വൃത്തിയാക്കി കഴിഞ്ഞു പുറത്തേക്ക് പോയപ്പോൾ അവൾ അഞ്ജുവിനോട് രഹസ്യമായി ചോദിച്ചു... "ഇവളോ പാവം...? ഭയങ്കര സാധനാ... ഒരു പൊടിക്ക് അഹങ്കാരവും ഉണ്ട്..." "ഏയ്‌... എനിക്ക് അങ്ങനൊന്നും തോന്നീല്ല...." കൃതി അലസമായി പറഞ്ഞപ്പോൾ അഞ്ജുവിന് അത് രസിച്ചില്ല... "ഇപ്പൊ തോന്നില്ല... ചിലതൊക്കെ അറിയുമ്പോ തോന്നിക്കോളും...." ജയശ്രീയുടെ മകളെന്ന സ്വഭാവഗുണം കൊണ്ട് അഞ്ജു ആദ്യത്തെ കയറ് പിരിച്ചു... "എന്ത് അറിയുമ്പോൾ...???" "അത് പിന്നെ.. അവൾക്ക് ആദിയേട്ടനോട് എന്തോ ഉണ്ട്....!" ആ പറച്ചിൽ കേട്ടതും കൃതിയുടെ മുഖം മാറി..അവൾ സംശയത്തോടെ അഞ്ജുവിനെ നോക്കി... "സത്യാണോ...??" "മ്മ്ഹ്ഹ്... ആദിയേട്ടനെ കാണുമ്പോൾ ഒരു പ്രത്യേക ഇളക്കം ആണ് പെണ്ണിന്... ആദിയേട്ടൻ മൈൻഡ് ചെയ്യില്ല... പക്ഷെ അവൾ ഏതു നേരവും അങ്ങോട്ട് ചായുന്നത് കാണാം...ഇതൊന്നും ആരോടും പറയണ്ട..." ഭാര്യയെന്ന നിലയിൽ ഭദ്രയെ ആദി അംഗീകരിക്കില്ലെന്ന ഉറപ്പിൽ അവൾക്കിട്ട് പാര വെക്കാനുള്ള അവസരമായി മാത്രമേ അഞ്ജു കരുതിയുള്ളു...അതോടെ കൃതിയുടെ കണ്ണിൽ ഭദ്രയൊരു കരടായി മാറി... 💫💫💫💫💫 വൈകുന്നേരം പണികൾ എല്ലാം ഭദ്ര കഴിഞ്ഞ് കുളിച്ചു വേഷം മാറി വരുമ്പോഴാണ് ആദി ഓഫിസിൽ നിന്ന് വന്നത്... "സീതേ... ആദിക്കൊരു ചായ വേണമെന്ന്..." ആശ അടുക്കള വാതിൽക്കൽ വന്ന് പറയുമ്പോൾ സീത വേഗം ചായ തിളപ്പിച്ചു... അത് ഭദ്രയുടെ കയ്യിൽ കൊടുത്തു വിടാൻ അവർക്കെന്തോ വല്ലായ്ക തോന്നി... അവൻ ഇനിയും കപ്പ് എറിഞ്ഞു പൊട്ടിച്ചാലോ...തനിക്കാണെങ്കിൽ ആ പടികൾ കയറി പോകാനും വയ്യ... ഒടുക്കം ഭദ്രയെ തന്നെ വിടാമെന്ന് തീരുമാനിച്ചു... "മോളെ ഈ ചായ ആദികുഞ്ഞിന് കൊണ്ട് കൊടുത്തേക്ക്...." സീതമ്മ പറഞ്ഞപ്പോൾ അവൾ അതിശയത്തോടെ നോക്കി.... "ചോദിച്ചിട്ട് തന്നെയാ... അതുകൊണ്ട് എറിഞ്ഞു കളയില്ലെന്ന് വിചാരിക്കാം..." സീത പിറുപിറുത്തപ്പോൾ ഭദ്ര ചിരിയോടെ ആ കപ്പ് വാങ്ങി മുകളിലേക്ക് പോയി... വാതിലിൽ തട്ടി അൽപനേരം നിന്നിട്ടാണ് തുറന്നത്... ഓഫിസിൽ നിന്ന് വന്ന വേഷം മാറുകയായിരുന്നു എന്ന് തോന്നുന്നു ഇപ്പോൾ ഒരു മുണ്ട് മാത്രമാണ് ഉടുത്തിരിക്കുന്നത്... ഭദ്ര അവനെ നോക്കാതെ തന്നെ ചായക്കപ്പ് നീട്ടി...ആദി വാങ്ങുന്നില്ലെന്ന് കണ്ട് ഭദ്ര അവനെ നോക്കി... "ചായ..." "മനസിലായി... എനിക്ക് പാൽചായ വേണ്ട... കട്ടൻ ചായ മതി..." യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ ആദി പറയുമ്പോൾ ഭദ്ര മിഴിച്ച് നോക്കി... "പറഞ്ഞില്ലല്ലോ...??" "ഇപ്പൊ പറഞ്ഞല്ലോ... ചെല്ല്... പിന്നെ... ഉടനെ വേണ്ട... കുളിച്ചു വരുമ്പോഴത്തേക്കും മതി..." അവനതും പറഞ്ഞു റൂമിന്റെ വാതിൽ അടച്ചു...ഭദ്രയുടെ മുഖം മങ്ങി... ഇതെന്താപ്പോ കളിപ്പിക്ക്യ...?? പാവം സീതമ്മ കഷ്ടപ്പെട്ട് വെച്ചുണ്ടാക്കിയ ചായയാ.... അവൾ അതുമായി താഴേക്ക് ചെന്നു... "എന്തേ... കുടിച്ചില്ലേ...?" സീത ചായയുമായി വരുന്നവളെ നോക്കി ചോദിക്കുമ്പോഴേക്കും ഭദ്ര ആ ചായ കുടിച്ചു... "മ്മ്ഹ്ഹ്... കുടിച്ചിട്ടുണ്ട്..." അവൾ ആ ചായ കാലിയാക്കി വാ തുടച്ചു.. "കാര്യം പറയ് കുട്ടി...എന്തേ ഇത് തിരിച്ചു കൊടുത്തയച്ചേ...??" "കട്ടൻ ചായ മതിയെന്ന് എന്റെ സീതമ്മേ.... മതി അമ്മ പോയി റെസ്റ്റ് എടുത്തോ ഞാൻ ഉണ്ടാക്കി കൊടുത്തോളാം..." അവളുടെ മറുപടി കേട്ട് സീത ഒരു ദീർഘനിശ്വാസത്തോടെ ഇടനാഴിയിലേക്ക് നടന്നു... അപ്പോഴേക്കും ഭദ്ര ചെന്ന് ചായ തിളപ്പിച്ചു... പാകത്തിന് മധുരം ചേർത്ത് അതുമായി അവൾ പടി കയറി ചെല്ലുമ്പോൾ കൃതിയെ കണ്ടു... "എങ്ങോട്ടാ...??" അവളുടെ വരവ് കണ്ടതും കൃതി മുന്നിൽ കൈകെട്ടി നിന്നു... "ചായ... ആദിയേട്ടന്..." "ഞാൻ കൊടുത്തേക്കാം... ഇങ്ങ് തന്നോളൂ..." ഭദ്ര മറുത്തെന്തെങ്കിലും പറയും മുൻപേ കൃതിയാ കപ്പ് വാങ്ങി കയറി പോയി....ഭദ്ര തിരിച്ചു നടന്നു... കൃതി വാതിലിൽ തട്ടുമ്പോൾ ആദി വന്ന് തുറന്നു... അവൾ നേരെ അകത്തേക്ക് കയറി... "ഇതാ ചായ...!" ആദിയുടെ മുന്നിൽ ചെന്ന് നിന്ന് സ്നേഹത്തോടെ അവനത് നീട്ടിയപ്പോൾ ആദി അറിയതൊന്ന് പുറത്തേക്ക് നോക്കി... "ഞാൻ ഭദ്രയോടാണല്ലോ കൊണ്ട് വരാൻ പറഞ്ഞത്...??" "അഹ്... ഭദ്ര കൊണ്ട് വരുന്നത് കണ്ടപ്പോൾ ഞാൻ കൊടുത്തോളാമെന്ന് പറഞ്ഞു വാങ്ങിയതാ... കുടിക്ക് ആദിയേട്ടാ..." അവനത് വാങ്ങി ടേബിളിൽ വെച്ചു... "കുടിച്ചോളാം..." കൃതി പോകാതെ പിന്നെയും അവിടെ നിന്ന് തിരിഞ്ഞു...ആദി പതിയെ ചായ കുടിക്കുകയും ലാപ്ടോപ് തുറന്ന് വെച്ച് എന്തൊക്കെയോ നോക്കുകയുമാണ്... പെട്ടന്നവൾ അവനരികിൽ വന്നു നിന്ന് ലാപിലേക്ക് നോക്കി... തന്റെ തൊട്ടരികിൽ കഴുത്തോരം അവളുടെ സാമിപ്യം അറിഞ്ഞതും ആദി എഴുന്നേറ്റു... "നീ ചെല്ല്... എനിക്കിവിടെ കുറച്ച് പണിയുണ്ട്..." "ഞാൻ അടങ്ങി നിന്നോളാം...!!" കൃതി കുഞ്ഞൊരു ചിരിയോടെ പറഞ്ഞു... "അതാ നിനക്ക് നല്ലത്... തൽകാലം മുറിയിലേക്ക് പോ... ചെല്ല്..." അവൻ എടുത്തടിച്ചത് പോലെ പറഞ്ഞപ്പോൾ കൃതിയാകെ വല്ലാതായി...അവൾ വേഗം മുറി വിട്ട് പോയി... ആദി ചായ കുടിച്ചു കഴിഞ്ഞ് ആ കപ്പുമായി താഴേക്ക് ചെന്നു... അകത്താരെയും കണ്ടില്ല.. അവൻ നേരെ അടുക്കളയിലേക്ക് പോയി... അവിടെ കണ്ട കാഴ്‌ചയിൽ അവന്റെ മുഖമാകെ വലിഞ്ഞു മുറുകി.... തുടരും.... #📙 നോവൽ #💞 പ്രണയകഥകൾ #💌 പ്രണയം #📝 ഞാൻ എഴുതിയ വരികൾ #📔 കഥ
📙 നോവൽ - Part 11 Bnlolomor8 ூஅ Part 11 Bnlolomor8 ூஅ - ShareChat
പേരിനൊരു താലി💫❣️ കൺകോണിൽ ഉറക്കം സ്ഥാനം പിടിച്ചപ്പോൾ ഭദ്ര തലകുടഞ്ഞു... മുഖം അമർത്തി തുടച്ചുകൊണ്ട് അവൾ സോഫയിൽ ചാരിയിരുന്നു...സമയം പന്ത്രണ്ട് മണിയാകുന്നു... പുറത്തൊരു വണ്ടി വന്ന് നിൽക്കുന്ന ശബ്ദം കേട്ടവൾ ചെവിയോർത്തു... നിമിഷങ്ങൾക്കകം വാതിലിൽ തട്ടുന്നത് കേട്ടു.. ഭദ്ര വേഗം എഴുന്നേറ്റ് പോയി വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്നവളെ കണ്ട് ആദിയുടെ കണ്ണുകൾ ചുരുങ്ങി... ഭദ്ര കുഞ്ഞൊരു ചിരിയോടെ അവന് വഴി മാറി കൊടുത്തതും ആദി അകത്തേക്ക് കയറി... "അമ്മയെവിടെ....??" "കിടന്നു..." "മ്മ്ഹ്ഹ്..." അവൻ നേരെ മുകളിലേക്ക് നടക്കാൻ ഒരുങ്ങിയതും അവൾ വാതിൽ അടച്ചു കുറ്റിയിട്ടു.. "അത്താഴം കഴിച്ചതാണോ..!?" മുകളിലേക്ക് കയറി പോകുന്നവനെ നോക്കി അവൾ പതിയെ വിളിച്ചു ചോദിച്ചു... "ഇല്ല..." "ഞാൻ എടുത്ത് തരാം..." പറഞ്ഞു കഴിഞ്ഞപ്പോഴാണ് ആഹാരമൊന്നും ബാക്കിയില്ലല്ലോ എന്നോർത്തത്... ഭദ്ര പരുങ്ങി.. ആദിയാണെങ്കിൽ താഴേക്ക് ഇറങ്ങി വരുന്നുമുണ്ട്... അവൾ വേഗം അടുക്കളയിലേക്ക് നടന്നു... സാധാരണ ബാക്കി വരുന്നതെല്ലാം, അതിപ്പോ എത്ര നല്ലതായാലും അപ്പോൾ തന്നെ കളഞ്ഞു പാത്രങ്ങൾ എല്ലാം കഴുകി വെക്കണം എന്നാണ് ലക്ഷ്മിയമ്മയുടെ ഓർഡർ... ബാക്കിയായ ആഹാരം ഫ്രിഡ്ജിൽ എടുത്ത് വെക്കുന്നൊരു പതിവൊന്നും കാവുമ്പാട്ടില്ല... ആദിയാണെങ്കിൽ കൈ കഴുകി ഡൈനിംഗ് ടേബിളിൽ വന്നിരിക്കുകയും ചെയ്തു... ഭദ്ര ആകെയൊരു വല്ലായ്മയിൽ അവന്റെ മുന്നിൽ വന്ന് നിന്നു... "അതേയ്...കഴിച്ചിട്ട് വരുമെന്ന് കരുതിയിട്ടാവും ആശമ്മ ഒന്നും കരുതി വെക്കാൻ പറഞ്ഞില്ല... ഞാൻ പെട്ടന്ന് എന്തേലും ഉണ്ടാക്കി തരാം..." "വേണ്ട...!" ആദി എഴുന്നേറ്റു പോയി... ഭദ്രക്ക് വിഷമമായി... കൈകഴുകി വന്നിരുന്നിട്ട്... വിശപ്പില്ലാതെ അങ്ങനെ വന്നിരിക്കില്ലല്ലോ... അവൾ വേഗം സ്റ്റോർ റൂമിൽ കയറി...എളുപ്പത്തിൽ ഉണ്ടാക്കാൻ പാകത്തിന് ചപ്പാത്തി മാവുണ്ട്... ഫ്രിഡ്ജിൽ നിന്ന് ഉരുളകിഴങ്ങും ക്യാരറ്റും ബീൻസുമെല്ലാം എടുത്തു.. പച്ചക്കറികൾ തിടുക്കത്തിൽ അരിഞ്ഞു വേവിച്ചു.. ഒപ്പം വേഗം നാല് ചപ്പാത്തി പരത്തി ചുട്ടെടുത്തു... പത്തിരുപതു മിനിറ്റിനുള്ളിൽ ചപ്പാത്തിയും വെജിറ്റബിൾ കറിയും തയ്യാറാക്കി... പ്ലേറ്റിൽ ചപ്പാത്തി മടക്കി വെച്ച് അരികിലായി കുഞ്ഞൊരു ബോളിൽ കറിയുമായി മുകളിലേക്ക് ചെന്നു... വാതിലിൽ തട്ടിയപ്പോൾ ആദി സംശയത്തോടെ വന്ന് വാതിൽ തുറന്നു... വേഷം മാറിയിട്ടുണ്ട്... അവൻ കിടക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു.. ഭദ്രയെയും അവളുടെ കയ്യിലെ പ്ലേറ്റിലേക്കും നോക്കി നിൽക്കുമ്പോഴേക്കും അവൾ അധികാരത്തോടെ തന്നെ അകത്തേക്ക് കയറി... പ്ലേറ്റ് ടേബിളിൽ വെച്ചു... "കഴിച്ചിട്ട് പ്ലേറ്റ് ഇവിടെ മൂടി വെച്ചാൽ മതി... ഞാൻ രാവിലെ വന്ന് എടുത്തോളാം..." കൂസലില്ലാതെ പറഞ്ഞുകൊണ്ട് ഭദ്ര പുറത്തേക്ക് നടക്കാൻ ഒരുങ്ങിയതും ആദിയവളുടെ കൈയിൽ പിടിച്ചു നിർത്തി... "എന്തായിത്....??" "കണ്ടാൽ അറിഞ്ഞുടെ... ചപ്പാത്തിയും കറിയും..." "ഇതിപ്പോ എന്തിനാ ഇങ്ങോട്ട് കൊണ്ടുവന്നേ എന്നാ ഞാൻ ചോദിച്ചത്...!?" "ഇപ്പൊ അങ്ങനെയായോ... വിശന്നിട്ടല്ലേ കഴിക്കാൻ വന്നിരുന്നത്... ആഹാരത്തിന് വേണ്ടിയൊരാൾ വന്നിരുന്നിട്ട് കഴിക്കാതെ എണീച്ചു പോയാൽ പിന്നെ എനിക്കെങ്ങനെയാ കിടന്നിട്ട് ഉറക്കം വരാ...? അതും ഇയാൾ ആണെങ്കിൽ പിന്നെ എനിക്ക് സഹിക്കാൻ പറ്റില്ല..." അവസാനവാചകം പറഞ്ഞപ്പോൾ അബദ്ധമായോ എന്ന മട്ടിൽ അവൾ മുഖമുയർത്തി അവനെ നോക്കി... അവന്റെ മുഖത്ത് ഭാവമാറ്റമൊന്നും ഇല്ല... "മ്മ്ഹ്ഹ്.. എന്തായാലും കൊണ്ട് വന്നു തന്നതല്ലേ... ആ പ്ലേറ്റ് കൊണ്ട് പോയാൽ മതി.. ഇവിടെ ഇരിക്ക്...!" ആ വാക്കുകൾ കേട്ട് ഭദ്ര അവനെ അതിശയത്തോടെ നോക്കി... ആദി അപ്പോഴേക്കും ടേബിളിനടുത്തേക്ക് ചെയർ വലിച്ചിട്ടിട്ട് അതിലിരുന്ന് കഴിക്കാൻ തുടങ്ങി...ഭദ്ര നിന്ന് പരുങ്ങി... "എന്റെ കഴിപ്പ് നോക്കി നിക്കാതെ ആ ബെഡിലെങ്ങാനും പോയിരിക്കെടി പെണ്ണേ..." ആദിയുടെ വാക്കുകൾ കേട്ടവൾ വേഗം ബെഡിനരികിലേക്ക് നടന്നു... അത് തട്ടി കുടഞ്ഞു വിരിക്കാറുണ്ട് എന്നല്ലാതെ അനാവശ്യമായി ആ ബെഡിൽ തൊട്ടിട്ടു പോലുമില്ല... ബെഡ് എന്ന് വേണ്ട ആ വീട്ടിൽ ഒരു സാധനത്തിലും അനാവശ്യമായി കൈ തൊടാറില്ല... അപ്പോഴാണ് കാവുമ്പാട്ടെ കൊച്ചുമോന്റെ കിടപ്പറയിൽ ആ മനുഷ്യന്റെ ബെഡിൽ ഇരിക്കാൻ തന്നോട് ആവശ്യപ്പെടുന്നത്... പതിയെ ആ ബെഡിലേക്ക് ഇരുന്നതും കഴിച്ചു കൊണ്ടിരുന്നവൻ തിരിഞ്ഞു നോക്കി അവൾ അവിടെ തന്നെയില്ലേന്ന് ഉറപ്പ് വരുത്തി... "നീ കഴിച്ചോ...?" ആ ചോദ്യത്തിൽ ഭദ്രയുടെ കണ്ണുകൾ മിഴിഞ്ഞു.. കേട്ടത് തെറ്റി പോയോ...??? ഇനി വല്ല സ്വപ്നവുമാണോ...?? അവളുടെ ഒച്ചയൊന്നും കേൾക്കാത്തത് കൊണ്ട് ആദി വീണ്ടും തിരിഞ്ഞു നോക്കി... "നിനക്ക് ചെവി കേൾക്കാൻ വയ്യേ പെണ്ണേ...??" "ഏഹ്... ആഹ്... കഴിച്ചു..." ഭദ്ര അത്രയും പറഞ്ഞുകൊണ്ട് എഴുന്നേറ്റു... "എവിടെ പോകുന്നു...??" "എവിടെയും പോണില്ല... ഞാൻ നിന്നോളാം..." അവൾക്കെന്തോ ആ ബെഡിൽ ഇരിക്കാൻ വല്ലാത്ത ബുദ്ധിമുട്ട് തോന്നി... തന്റെ മുറിയിലെ കൊച്ചു തഴ പായയിൽ കിടന്നു ശീലിച്ചവൾക്ക് പതുപതുത്ത മെത്തയിൽ ഇരിപ്പുറച്ചില്ല... ആദിയുടെ താലിയൊഴികെ മറ്റൊന്നിലും തനിക്ക് അവകാശമില്ലെന്ന് അവൾ സ്വയം മനസ്സിൽ ഉറപ്പിച്ചുകൊണ്ടിരുന്നു... അതുകൊണ്ട് തന്നെ ഭദ്ര വെറുതെ ആ മുറിയിൽ നിന്നു... ആദി വേഗം കഴിച്ച് എഴുന്നേറ്റു... "നിന്റെ കയ്യിൽ id കാർഡ് ഇല്ലേ... നാളെ എനിക്കതൊന്നും കൊണ്ട് വന്നു തരണം..." കഴിച്ചു കഴിഞ്ഞ പ്ലേറ്റ് അവളെ ഏല്പിക്കുമ്പോൾ ആദി പറഞ്ഞതും ഭദ്ര കാര്യം മനസിലാകാതെ നെറ്റി ചുളിച്ചു... "നാളെ രാവിലെ തന്നാൽ മതി... ചായ കൊണ്ട് വരുമ്പോൾ...." "ചായ കൊണ്ടുവന്നിട്ടുണ്ട് എന്തിനാ..അടുത്ത കപ്പ് പൊട്ടിക്കാനോ...??" അവളുടെ ചോദ്യത്തിന് മറുപടിയായി ആദി തറപ്പിച്ചൊന്ന് നോക്കി... "പറയുന്നത് കേട്ടാൽ മതി... മ്മ്ഹ്ഹ് ചെല്ല്...." ഭദ്ര പ്ലേറ്റുമായി താഴേക്ക് നടന്നു... "എന്തൊരു മൊശടനാ.. ഒരു മയമില്ലാത്ത പെരുമാറ്റം... എന്തിനാ ഇപ്പൊ എന്റെ id കാർഡ്...?" അവൾ താഴേക്കിറങ്ങി ചെല്ലുമ്പോൾ സീത മുറിയുടെ വാതിൽക്കൽ നിൽപ്പുണ്ട്... സീതയെ കണ്ടപ്പോൾ ഭദ്ര അബദ്ധം പിണഞ്ഞത് പോൽ നിന്നു പോയി... "കഴിച്ചോ... അതോ വലിച്ചെറിഞ്ഞോ...???" "കഴിച്ചു..." ഭദ്ര പതിഞ്ഞ സ്വരത്തിൽ പറയുമ്പോൾ സീതയൊന്ന് മയപെട്ടു... "വിശന്നിട്ടാകും... വല്ലാതെ മോഹിക്കേണ്ട കുട്ട്യേ... ഒടുക്കം വേദനിക്കേണ്ടി വന്നാൽ അമ്മക്ക് കാണാൻ വയ്യ....." ആ വാക്കുകളിൽ ഭദ്രയുടെ നെഞ്ചു പിടഞ്ഞു... അവൾ പതിയെ തലയനക്കിയിട്ട് പ്ലേറ്റ് കൊണ്ട് പോയി കഴുകി വെച്ച് മുറിയിലേക്ക് പോയി... മുറിയിൽ എത്തുമ്പോഴേക്കും കണ്ണൊക്കെ നിറഞ്ഞിരുന്നു.... ജനാലോരത്തു വെച്ചിരിക്കുന്ന ഭഗവാന്റെ ഫോട്ടോ എടുത്തവൾ കയ്യിൽ പിടിച്ചു.... എനിക്ക് മോഹിക്കാനും കൂടി അവകാശമില്ലേ ഭഗവാനെ....?? വേറൊന്നുമല്ലല്ലോ കഴുത്തിൽ താലി കെട്ടിയവനിൽ നിന്ന് അൽപം സ്നേഹവും കരുതലുമല്ലേ... അതിനേക്കാൾ ഏറെ ഞാനൊന്നും മോഹിക്കുന്നില്ലല്ലോ....? അങ്ങേക്കറിയോ അമ്മ മരിച്ചേ പിന്നെ ഒന്ന് കെട്ടി പിടിച്ച് കിടക്കാനോ സ്വന്തമെന്ന് പറയാനോ എനിക്കാരും ഉണ്ടായിട്ടില്ല...പിന്നെയും കൂട്ടുള്ളത് സീതമ്മയാ... അങ്ങനെയുള്ള ഞാൻ ഇത്തിരി സ്നേഹം മോഹിച്ചു പോയത് തെറ്റാ??? ആരൊക്കെ പറഞ്ഞാലും ഞാൻ മോഹിക്കും... എനിക്ക് കിട്ടണേന്ന് തന്നെ പ്രാർത്ഥിക്കും... ഇന്നോളം ആരോരുമില്ലാതെ അനുഭവിച്ച വേദനയെക്കാൾ മേലെയല്ല ഇനിയുള്ളതൊന്നും... എന്റെ കൈവെള്ളയിൽ വെച്ചു തന്നിട്ട്... തട്ടി കളയല്ലേ ഭഗവാനെ.... അത്രയും പറഞ്ഞു ഉള്ളിലെ സങ്കടം മുഴുവൻ ഒഴുക്കി കളഞ്ഞവൾ പതിയെ ഉറക്കത്തിനായി തേടി... 💫💫💫💫💫💫💫💫 പിറ്റേന്ന് രാവിലെ ചായ കൊണ്ട് കൊടുക്കുമ്പോൾ ഭദ്ര തന്റെ id കാർഡ് ആദിക്ക് നീട്ടി... അവൻ അത് വാങ്ങിയൊന്ന് നോക്കി.. "ഇതെന്റെ കയ്യിൽ ഇരിക്കട്ടെ..." "എന്തിനാ  കെട്ടിയത് എന്നെ തന്നെയാണോ ന്ന് അറിയാനാ...??" അവളുടെ ചോദ്യം കേട്ട് ആദിക്ക് ചിരി വന്നു പോയി... അതേ ഭാവത്തോടെ അവനൊന്ന് നോക്കിയപ്പോൾ അവളുടെ കണ്ണുകൾ തിളങ്ങി.. "മ്മ്ഹ്ഹ് ഒരു തെളിവിന്....പൊയ്ക്കോ..." അവളുടെ കയ്യിൽ നിന്ന് ചായ വാങ്ങി ശാന്തമായി പറഞ്ഞുകൊണ്ട് അവൻ മുറിയിലേക്ക് തിരികെ നടന്നതും ഒന്ന് രണ്ട് സെക്കന്റ് അവിടെ തന്നെ നിന്നിട്ട് ഭദ്ര തിരിച്ചു പോയി... ഇന്നിപ്പോ എന്താ കപ്പ് പൊട്ടിക്കലും കലാപരിപാടിയുമൊന്നും ഇല്ലേ... ഇനി ഇങ്ങേർക്കും കുറച്ച് വട്ടുണ്ടോ...?? പടിയിറങ്ങാൻ നേരം അവളോർത്തു... ചോറിന് അരിയിടാൻ നേരം ആശ അടുക്കളയിലേക്ക് വന്നു... "നാലു പേർക്കുള്ള ആഹാരം അധികം കരുതിക്കോളൂ സീതേ... കേശവേട്ടനും കുടുംബവും വരുന്നുണ്ട്... കുറച്ച് നാള് ഇവിടെ കാണും...." അവരുടെ സംസാരം കേട്ട ഭദ്ര അത് കാര്യമാക്കാതെ തന്നെ അവളുടെ ജോലികൾ ചെയ്ത് കൊണ്ടിരുന്നു... "ആദി ഇന്നലെ എപ്പോഴാ എത്തിയത് ഭദ്രേ...?" "പന്ത്രണ്ടു മണിയൊക്കെ ആയി..." മറുപടി പറയുമ്പോൾ ഭദ്രക്ക് അൽപം ഗമ തോന്നി...ആദിയേട്ടൻ വന്നതിനെ കുറിച്ച് ആശമ്മ തന്നോട് ചോദിക്കുന്നു.. എന്നും ഇങ്ങനെയായിരുന്നെങ്കിൽ എന്ന് കൂടിയവൾ ചിന്തിക്കാതിരുന്നില്ല...എന്നാൽ സീതയുടെ ചിന്തകൾ സഞ്ചരിച്ചത് മറ്റൊരു വഴിക്കായിരുന്നു... വരാൻ പോകുന്നത് ആശയുടെ മൂത്ത ആങ്ങളയും ആദിയുടെ വല്യമാവനുമായ കേശവാനന്ദൻ ആണ്... അയാളുടെ മകൾ എന്ന് വെച്ചാൽ അവന്റെ മുറപ്പെണ്ണ്... ഒരുപക്ഷെ ആ വരവിന്റെ ഉദ്ദേശം താൻ ഊഹിക്കുന്നത് പോലെയാകുമോ എന്നൊരു ഭയം അവരെ അലട്ടി... ഉച്ചയോടെ വീട്ടിൽ വിരുന്നു കാരെത്തി... കേശാവാനന്ദനും ഭാര്യ നിർമലയും... മകൻ ഋഷികേശും... ഇളയ മകൾ കൃതിയും... അയാളും കുടുംബവും വരുന്നത് പ്രമാണിച്ച് എല്ലാവരും ലീവെടുത്തു വീട്ടിൽ തന്നെയുണ്ട്.... സീതയും ഭദ്രയും കൂടി വിരുന്നുകാർക്ക് ഊണിനുള്ള വിഭവങ്ങൾ എല്ലാം ഒരുക്കി വെച്ചു... പാകമായോ എന്ന് തിരക്കാനല്ലാതെ ഒരു കൈ സഹായത്തിന് ആരും അടുക്കള ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കിയില്ല... "അച്ഛമ്മേ......!" കൃതി ഓടി വന്നു ലക്ഷ്മിയമ്മയെ കെട്ടി പിടിച്ചതും അവർ ഏറെ വാത്സല്യത്തോടെ ആ നെറുകിൽ ഉമ്മ വെച്ചു... "വല്യ പെണ്ണായല്ലോ അച്ഛമ്മേടെ സുന്ദരി കുട്ടി..??" അപ്പോഴേക്കും ഋഷി വന്നു അവരുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയിട്ട്, കൃതിയെ മാറ്റി അച്ഛമ്മയെ കെട്ടിപിടിച്ചു... "സുഖായിരിക്കുന്നോ അച്ഛമ്മേ...?" "ഉവ്വ് കുട്ടാ..." തന്നെക്കാൾ ഏറെ ഉയരമുള്ളവനെ ലക്ഷ്മിയമ്മ അതിശയത്തോടെ നോക്കി...ഒത്ത പുരുഷൻ ആയിരിക്കുന്നു...എല്ലാവരും അവരെ അകത്തേക്ക് സ്വീകരിച്ച് ഇരുത്തി... "ആദി ഇപ്പോ എറണാകുളത്തു നിന്ന് ഇങ്ങോട്ട് മാറിയല്ലേ...?? ശിവന്റെ കമ്പനിയിൽ തുടരാൻ തന്നെയാണോ...?? അല്ലെങ്കിൽ പിന്നെ ഇവിടെ അത്യാവശ്യം എക്സ്പീരിയൻസ് ആയി കഴിഞ്ഞാൽ അങ്ങോട്ട് പോര്... ലോ ബാക്ക്ഗ്രൗണ്ട് ഉള്ളവർക്ക് പറ്റിയ സ്ഥലം ഡൽഹിയാ...." വിശേഷങ്ങൾ പറഞ്ഞിരിക്കുന്നതിനിടെ വല്യമ്മാവന്റെ പറച്ചിൽ കേട്ട് ആദിയൊന്ന് മന്ദഹസിച്ചു... "ഇല്ല അമ്മാവാ... ഞാനിപ്പോ എക്സ്പീരിയൻസ്ന് വേണ്ടി തന്നെയാ നമ്മുടെ കമ്പനിയിൽ കേറിയത്...ഇനി ഇവിടെ തുടരമെന്ന് തന്നെയാ കരുതുന്നെ...കുറച്ച് പ്ലാൻസ് ഉണ്ട്.." "മ്മ്ഹ്ഹ്..." അവർ എല്ലാവരും ഓരോന്ന് സംസാരിക്കുന്നതിനിടെ ആശ അടുക്കളയിൽ വന്നു തയ്യാറാക്കി വെച്ചിരുന്ന ജ്യൂസ് എടുത്തുകൊണ്ടു പോയി.... എല്ലാവരുടെയും സംസാരത്തിനിടെ ഒരുവളുടെ നോട്ടം മുഴുവൻ ആദിയുടെ നേരെയാണ്...ഒരു ഞൊടിയിൽ അവനും അത് കണ്ടിരുന്നു.... "എങ്കിൽ പിന്നെ ഊണ് കഴിച്ചിട്ടാകാം ബാക്കി വിശേഷങ്ങൾ ഒക്കെ.. അല്ലേ...?" ശിവൻ ചോദിച്ചതും അവരെല്ലാം എഴുന്നേറ്റു... "ഭദ്രേ.... ഒന്നിങ്ങു വന്നേ.!!" എല്ലാവരും ഡൈനിംഗ് റൂമിലേക്കു നടക്കുന്നതിനിടെ ആശ വിളിച്ചപ്പോൾ തിരക്കിനിടയിൽ ഭദ്ര കയ്യും മുഖവും തുടച്ച് അങ്ങോട്ടെത്തി....തന്നെ കടന്നു പോകുന്ന അതിഥികളെ നോക്കാതെ ഭദ്ര അകത്തേക്ക് വരുമ്പോൾ ഋഷിയുടെ നോട്ടം അറിയാതെ അവളുടെ മേൽ പാറി വീണു... കുഞ്ഞൊരു ചിരിയോടെ അവൻ ഡൈനിംഗ് റൂമിലേക്ക് ചെന്നു... "ഈ ഗ്ലാസ്സ് ഒക്കെ അങ്ങോട്ട് എടുത്തോ...!" ആശ ആജ്ഞാപിച്ചുകൊണ്ട് അവിടെ നിന്ന് പോയപ്പോൾ ഭദ്ര വേഗം ട്രെയിൽ കാലിയായ ഗ്ലാസുകൾ നിരത്തി വെച്ചു... അവൾ അതുമായി തിരിയുമ്പോഴാണ് ആദി അവിടെ നിൽക്കുന്നത് കണ്ടത്... അവൻ അരികിലേക്ക് ചെന്ന് കയ്യിലുള്ള ഗ്ലാസ്സ് ആ ട്രെയിൽ വെച്ചു കൊടുത്തു... ഭദ്ര അവനെ നോക്കുമ്പോഴേക്കും ആദി അവിടെ നിന്ന് നടന്നു കഴിഞ്ഞു.... എല്ലാവരും ഊണ് കഴിക്കുമ്പോൾ ഭദ്ര അങ്ങോട്ട് ചെന്നില്ല... സഹായത്തിനും ആവശ്യമുള്ളത് എത്തിക്കാനും സീതയാണ് നിന്നത്... വിരുന്നുകാർക്ക് മുന്നിൽ അവളെ വേലക്കാരിയാക്കി പ്രതിഷ്ടിക്കാൻ സീതക്ക് മനസ് വന്നിരുന്നില്ല എന്നതാണ് സത്യം.... ആഹാരം കഴിച്ചു കഴിഞ്ഞ് പിന്നെയും കുറച്ചു നേരം വിശേഷങ്ങൾ പറഞ്ഞിരുന്നിട്ട് എല്ലാവരും വിശ്രമിക്കാനായി അവരവരുടെ മുറികളിലേക്ക് ചെന്നു... ആദി മുറിയിൽ വന്ന് ഓഫീസ് കാര്യങ്ങൾ ചെക്ക് ചെയ്യാൻ ലാപ്ടോപ് എടുക്കുന്നതിനിടെയാണ് പെട്ടന്നാരോ പുറകിൽ നിന്നും അവനെ കെട്ടിപിടിച്ചത്.... അപ്രതീക്ഷിതമായത് കൊണ്ട് തന്നെ അവനൊന്ന് ഞെട്ടി.... ഞൊടിയിടയിൽ തന്നെ മുറുകെ പിടിച്ചിരിക്കുന്ന കൈകളെ വിടുവിച്ച് അവൻ തിരിഞ്ഞു നോക്കുമ്പോൾ വിടർന്ന കണ്ണുകളുമായി അവനെ നോക്കി ചിരിച്ചു നിൽക്കുകയാണവൾ.... തുടരും... #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #💌 പ്രണയം
💞 പ്രണയകഥകൾ - Part 10 Bnlolomor8 ூஅ Part 10 Bnlolomor8 ூஅ - ShareChat
പേരിനൊരു താലി💫❣️ ഉടുത്തിരിക്കുന്ന പാവാട ഒതുക്കി പിടിച്ചുകൊണ്ട് ഭദ്ര തൊടിയിലൂടെ നടന്നു... വലിയ പിടിയുള്ള കുടയാണ്... കയ്യിൽ ഒതുങ്ങുന്നില്ല... ഒരു വിധം കഷ്ടപ്പെട്ട് നടന്നവൾ കുളത്തിനരികിൽ എത്തി... "ആദിയേട്ടാ...." മഴയുടെ കാതടപ്പിക്കുന്ന ശബ്ദത്തിൽ തന്റെ സ്വരമവൻ കേട്ടുകാണില്ലെന്ന് തോന്നിയവൾക്ക്.. എന്നിട്ടും കയറി ചെല്ലാൻ മടിച്ചു... ചിലപ്പോൾ കുളിക്കുകയാണെങ്കിലോ... അല്ലെങ്കിൽ അന്ന് താൻ നിന്നത് പോലെയെങ്ങാനും വേഷം മാറുകയാണെങ്കിലോ... അവൾ ചാരിയിട്ടിരിക്കുന്ന വാതിലിൽ തട്ടി...വാതിൽ പതിയെ തുറന്നപ്പോൾ ആദിയുണ്ട് മഴ നനയാത്ത വിധം കുളപടവിൽ ഇരുന്ന് സിഗരറ്റ് പുകയ്ക്കുന്നു.... കുളത്തിലേക്ക് നോക്കിയിരിക്കുന്നവൻ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി... ഇങ്ങേർക്ക് ഇതു തന്നെ പണി...? മനസിലോർത്തുകൊണ്ട് അവൾ കുട ചുരുക്കി അകത്ത് കയറി... "നീയെന്താ ഇവിടെ..?" അവൻ കയ്യിലിരുന്ന സിഗരറ്റ് നിലത്തിട്ട് ചവിട്ടിയമർത്തി കൊണ്ട് എഴുന്നേറ്റു വന്നു... "ഞാൻ... കുട കൊണ്ട് വന്നതാ..." അവൾ കയ്യിലിരുന്ന കുട അവന് നീട്ടി... "ഞാൻ നിന്നോട് പറഞ്ഞോ കുട കൊണ്ട് വരാൻ...?" അവന്റെ മുഖം തീർത്തും ഗൗരവത്തിലായി... "മഴ പെയ്യുമ്പോൾ കുട കൊണ്ട് വരാൻ ആരെങ്കിലും പറയണോ...? കുടയില്ലാത്തത് കൊണ്ടല്ലേ ഇവിടെ തന്നെ ഇരുന്നത്...?" സ്വാഭാവികമായി തന്നെയവൾ ചോദിക്കുമ്പോൾ ആദി രൂക്ഷമായൊന്ന് നോക്കി... "എങ്കിൽ അതിവിടെ വെച്ചിട്ട് പൊയ്ക്കോ..." അവൻ അലസമായി പറഞ്ഞുകൊണ്ട് തിരിഞ്ഞു നിന്നു... "അയ്യോ... അത് പറ്റില്ല... ആകെയൊരു കുടയെ ഉള്ളൂ..." അവന് ദേഷ്യം വന്നു... അരമതിലിൽ വെച്ചിരുന്ന മുണ്ടും തോർത്തും എടുത്തവൻ പുറത്തേക്ക് നടന്നു... അവൻ നിലത്തിട്ട് ചവിട്ടിയ സിഗരറ്റ് കുറ്റി പെറുക്കിയെടുത്തുകൊണ്ട് ഭദ്ര പുറകെ ചെന്നു.. "ഇനി കുട നിവർത്താൻ പ്രത്യേകം പറയണോ..?" ആദിയുടെ ചോദ്യം കേട്ടവൾ കയ്യിലെ സിഗരറ്റ് കുറ്റി അകലേക്ക്‌ എറിഞ്ഞുകൊണ്ട് കുട നിവർത്തി... ആദി അതിനകത്തേക്ക് കയറി നിന്നതും ഭദ്രയുടെ ഉള്ളിലൊരു കുളിർമഴ പെയ്തു തുടങ്ങി... അവളെക്കാൾ ഉയരമുള്ളത് കൊണ്ട് അവന് കുടയിൽ ഒതുങ്ങി നടക്കാൻ പ്രയാസമുണ്ടായിരുന്നു... "കുടയിങ്ങു താ...." അവൻ കുട വാങ്ങി പിടിച്ച് നടന്നതും ഭദ്ര നനഞ്ഞു തുടങ്ങി... "യ്യോ... ഞാൻ നനയുന്നു..." ആത്മഗതം ഉച്ചത്തിൽ ആയതുകൊണ്ട് അവൻ വ്യക്തമായി കേട്ടു... അവളുടെ ദേഹം നനയാത്ത വിധം കുട പിടിച്ച് കൊടുത്തവൻ തിടുക്കത്തിൽ നടന്നു... "നിന്നോട് കുളത്തിൽ കുളിക്കരുതെന്ന് ഞാൻ പറഞ്ഞതല്ലേ...??" ഗൗരവത്തോടെയുള്ള ചോദ്യം കേട്ടവൾ അവനെയൊന്ന് നോക്കി... "ഞാൻ പിന്നെയവിടെ കുളിച്ചില്ലല്ലോ...!?" "പിന്നെയാരാ സിഗരറ്റെല്ലാം എടുത്തു കളഞ്ഞത്...?" "അത് ഞാനാ... അവിടെയിട്ടാൽ വേറെയാരെങ്കിലും കണ്ടാലോന്ന് കരുതിയാ..ഞാൻ..." മ്മ്ഹ്ഹ്... താല്പര്യമില്ലാത്ത മട്ടിലൊന്ന് മൂളിക്കൊണ്ട് അവൻ നടത്തതിന് വേഗത കൂട്ടി... "ഇങ്ങനെ പുകച്ചു കൂട്ടുന്നത് ആരോഗ്യത്തിനു കേടാ... പറഞ്ഞില്ലാന്നു വേണ്ട..." പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഭദ്രക്ക് സ്വബോധം വന്നത്... പെട്ടല്ലോ ഭഗവാനെ... അവൾ അവനെ നോക്കാതെ തന്നെ മുഖം കുനിച്ചു നടന്നു... "നീയെന്തെങ്കിലും പറഞ്ഞോ...?" ആദി അവളുടെ മുഖത്തേക്ക് നോക്കാതെ  ചോദിച്ചു... "ഏയ്... തോന്നിയതാകും..." "നിനക്ക് കുറച്ച് വട്ടുണ്ടല്ലേ...?" അവന്റെ ചോദ്യം കേട്ടവൾ ആ മുഖത്തേക്ക് നോക്കിപ്പോയി...അവൻ തീർത്തും അലസമായവളെ നോക്കി... കണ്ണുകൾ തമ്മിൽ ഉടക്കും മുൻപേ അവൻ നോട്ടം മാറ്റി...എന്നാൽ ഭദ്രയാ നിമിഷത്തിന് വേണ്ടി കൊതിച്ചിരുന്നുവെന്നതാണ് സത്യം... മഴ ശമിച്ചു തുടങ്ങിയെങ്കിലും പൂർണ്ണമായി നിലച്ചിട്ടില്ല...വടക്കേപുറത്ത് എത്തിയതും അവൾ അങ്ങോട്ട് കൈ ചൂണ്ടി... "ഞാൻ ഓടിക്കോളാം... കുടയും കൊണ്ട് അപ്പുറത്തേക്ക് പൊയ്ക്കോ..." തലയിൽ കൈവെച്ചു മറച്ചവൾ ഓടാൻ ഭാവിച്ചതും അവന്റെ കരുത്തുറ്റ കൈകൾ ആ മിനുസമാർന്ന കൈത്തണ്ടയിൽ പിടുത്തമിട്ടു... ഭദ്രയൊരു ഞെട്ടലോടെ അവനെ നോക്കി... "സീതമ്മായി തന്നെ വയ്യാതിരിക്കാ... ഇനി നീയും കൂടി പനിച്ചു കിടന്നിട്ട് വേണം ബാക്കിയുള്ളവർക്ക് പണിയുണ്ടാക്കാൻ..." അതും പറഞ്ഞുകൊണ്ട് അവനവളെ വടക്കേ ഉമ്മറത്തേക്ക് കൊണ്ട് പോയി വിടുമ്പോൾ ഭദ്രയാകെ വല്ലാതായി... "ഞാൻ കരുതി മഴ നനയാതിരിക്കാനുള്ള കരുതൽ ആണെന്ന്... ഞാനും കൂടി കിടപ്പിൽ ആയാൽ കാവുമ്പാട്ടെ അടുപ്പ് പുകയില്ലല്ലോ...വക്കീല് അവിടം വരെയൊക്കെ ചിന്തിച്ചു..." ഭദ്ര പിറുപിറുത്തു.. "എന്തെങ്കിലും പറയാനുണ്ടെങ്കിൽ മുഖത്ത് നോക്കി പറയെടി..!" ആദിയുടെ സ്വരം കേട്ടവൾ നാക്ക് കടിച്ചു.. "നിക്കൊന്നും പറയാനില്ല... ഞാൻ നാമം ജപിക്കായിരുന്നു..." അവളുടെ മറുപടി കേട്ടവൻ ചെറഞ്ഞൊന്ന് നോക്കി... "ഭഗവാനെ... ആദീശ്വരാ കാത്തോളണേ...!" നെഞ്ചിൽ കൈവെച്ചു പറഞ്ഞുകൊണ്ട് അവൾ തിടുക്കത്തിൽ അടുക്കളയിലേക്ക് കയറി പോയതും ആദി മുഖം കടുപ്പിച്ചുകൊണ്ട് അപ്പുറത്തേക്ക് നടന്നു.... 💫💫💫💫💫 പുസ്തകത്തിന്റെ താള് മറിക്കുന്ന വേഗത്തിലാണ് ദിവസങ്ങൾ കൊഴിഞ്ഞു പോകുന്നത്... ആദിയുടെ ഭാഗത്ത്‌ നിന്ന് അനുകൂലമായ മാറ്റങ്ങൾ ഒന്നുമില്ലാത്തത് കൊണ്ട് തന്നെ സീതക്ക് വല്ലാത്ത മനപ്രയാസമുണ്ട്... ആദിയുടെ വിവാഹത്തെ കുറിച്ച് മറ്റെന്തൊക്കെയോ തീരുമാനങ്ങൾ എടുക്കുന്നുണ്ട് അകത്തുള്ളവർ.. ഭദ്ര അറിഞ്ഞിട്ടില്ല... സീതക്കും കാര്യമായൊന്നും അറിയില്ല...എങ്കിലും തന്റെ മോളെ ഒഴിവാക്കിയിട്ട് മറ്റൊരുത്തിയെ ആ സ്ഥാനത്തു കൊണ്ട് വരുന്നതിനെകുറിച്ച് ആലോചിക്കാൻ പോലും വയ്യ... അവന്റെയുള്ളിൽ ഭദ്രക്കൊരു സ്ഥാനം നേടിക്കൊടുക്കണം എന്ന് മാത്രം ആ അമ്മമനസ് വ്യാമോഹിച്ചു... "ആണൊരുത്തന്റെ ഉള്ളിൽ കയറി പറ്റാൻ പെണ്ണിനൊരു മിടുക്ക് വേണം... അന്യനൊന്നും അല്ലല്ലോ...കഴുത്തിൽ താലി കെട്ടിയവനല്ലേ... അവന്റെ കാര്യങ്ങൾ അന്വേഷിക്കാനും നോക്കാനും നിന്നെക്കാൾ അധികാരമുള്ളവരാരും ഇപ്പൊ ഈ തറവാട്ടിൽ ഇല്ല... അവകാശവും സ്ഥാനവുമൊക്കെ തരേണ്ടവര് തന്നില്ലെങ്കിൽ പിടിച്ചു വാങ്ങാൻ അറിയണം...ദാ ഈ ചായ കൊണ്ടു പോയി ആദികുഞ്ഞിന് കൊടുക്ക്..." രാവിലെ ചായകപ്പെടുത്തു ഭദ്രക്ക് നീട്ടിയിട്ട് സീത പറയുമ്പോൾ അവൾ മിഴിച്ചു നിൽക്കുകയാണ്... "എന്റെ പൊക കണ്ടേ അടങ്ങു... അല്ലെ അമ്മേ...?" ദയനീയമായ സ്വരത്തിൽ അവൾ ചോദിക്കുമ്പോൾ സീത തറപ്പിച്ചൊന്ന് നോക്കി... "നീയങ്ങോട്ട് ചെല്ല് കുട്ടി... ഇന്ന് ഞായറാഴ്ചയല്ലേ... അവൻ മുറിയിൽ കാണും..മിണ്ടാനും പറയാനും നിൽക്കണ്ട... കൊടുത്തിട്ട് വേഗമിങ്ങ് പോര്..." അവരുടെ നിർബന്ധം സഹിക്കവയ്യാതെ അവൾ ചായകപ്പുമായി പതിയെ ഹാളിലേക്ക് നടന്നു... ആരുമില്ലെന്ന് കണ്ട് തിടുക്കത്തിൽ മുകളിലേക്ക് കയറി പോയി... ആദിയുടെ മുറിയുടെ വാതിൽ തുറന്നിട്ടില്ല... അവൾ നിന്ന് പരുങ്ങി... "തട്ടണോ... ന്നെ വഴക്ക് പറയോ...? ഒന്നുല്ല ഭദ്രേ... മിണ്ടാതെ ഈ ചായ കൊടുത്തിട്ട് വേഗം ഓടിക്കോ... ചായയല്ലേ... പാഷാണമൊന്നും അല്ലല്ലോ... ഭഗവാനെ...ന്നെ വഴക്കൊന്നും പറയരുതേ..." സ്വയം പിറുപിറുത്തുകൊണ്ട് അവൾ സർവ്വധൈര്യവും സംഭരിച്ച് വാതിലിൽ തട്ടി... ആദി വന്ന് വാതിൽ തുറക്കുമ്പോൾ മുന്നിൽ ഒരു കപ്പ് ചായയുമായി ചൂളിപിടിച്ചു നിൽക്കുന്നവളെ കാണെ അവൻ പുരികമുയർത്തി... "മ്മ്??" "ചായ..." വേഗം ചായക്കപ്പ് നീട്ടിയതും അവൻ അത് വാങ്ങി... ഭദ്രയവനെ തെല്ലൊരു ഇഷ്ടത്തോടെ തന്നെ നോക്കുമ്പോഴേക്കും ആദിയാ കപ്പ് നിലത്തേക്കെറിഞ്ഞു...! "അവളുടെയൊരു ചായ...!! കടന്നു പോടീ..." ആദിയുടെ ശബ്ദം അവിടെയാകെ മുഴങ്ങിയതും ഭദ്ര തരിച്ചു നിന്നു.... ഭദ്ര മുകളിലേക്ക് പോകുന്നത് കണ്ട് പടി കയറി വന്ന ആശ ആ കാഴ്ച കണ്ടതും തിടുക്കത്തിൽ അങ്ങോട്ട് വന്നു... "എന്താ ആദി... എന്തായിത്...??" ആകെ വിളറി നിൽക്കുന്ന ഭദ്രയെയും നിലത്തു വീണു തകർന്ന ചായക്കപ്പിനെയും നോക്കിക്കൊണ്ട് അവർ ആദിയോട് ചോദിച്ചു... "ഞാൻ അമ്മയോട് പറഞ്ഞിട്ടുള്ളതാ... ചടങ്ങിനൊരു താലി കെട്ടുമെന്നല്ലാതെ ഇവളെ എന്റെ കണ്മുന്നിൽ കാണരുതെന്ന്... എന്നിട്ടിപ്പോ ചായയും കൊണ്ട് വന്നിരിക്കുന്നു... ഞാൻ പറഞ്ഞോടി നിന്നോട് ചായ വേണമെന്ന്...??" ആദിയാകെ ദേഷ്യത്തിലാണെന്ന് കണ്ടതും ഭദ്ര നിന്ന് വിറച്ചു... "അത്.. സീതമ്മ പറഞ്ഞു... ഇന്ന് അവധിയായത് കൊണ്ട്..." "എനിക്ക് കേൾക്കണ്ട നിന്റെ ന്യായീകരണം...മര്യാദക്ക് കടന്നു പൊക്കോ... ഇനിയെന്റെ മുൻപിൽ കണ്ട് പോയേക്കരുത് നിന്നെ....!!!" അവൻ മുറിയിലേക്ക് കയറി വാതിലടച്ചതും ഭദ്രയുടെ മിഴികൾ നനഞ്ഞു... ആശ അവളെ സഹതാപത്തോടെ നോക്കി... "സാരമില്ല മോളെ... ഞാൻ പറഞ്ഞില്ലെ നിന്നോട്... അവന് സാവകാശം കൊടുക്കണമെന്ന്.. അവനായിട്ട് നിന്നെ അംഗീകരിക്കും വരെ നീയൊന്ന് ക്ഷമിക്ക്... തൽക്കാലം നീയവന്റെ കാര്യങ്ങളിലൊന്നും ഇടപെടേണ്ട..." അത്രയും പറഞ്ഞുകൊണ്ട് ആശ താഴെക്കിറങ്ങി... "ഹ്മ്മ്മ്... അവൻ അംഗീകരിക്കുമെന്ന് കരുതി നീ നോക്കിയിരിക്ക്...എന്റെ മോനാ അവൻ... നിന്നെപ്പോലെ ഒരുത്തിയെ സ്നേഹിക്കണമെങ്കിൽ അവൻ ഇനിയൊരു ജന്മം കൂടി ജനിക്കേണ്ടി വരും...അവന്റെ അവഗണനയും ആട്ടുമെല്ലാം കേട്ട് മടുത്ത് നീ തന്നെ അവനെ വേണ്ടെന്ന് പറയും... പറയിപ്പിക്കും ഞാൻ...!!" ഉള്ളിൽ തെളിഞ്ഞ കുടിലതയോടെ ആശ താഴെക്കിറങ്ങി പോയി... ഭദ്ര പുറത്ത് പോയി മോപ്പും ചൂലുമെല്ലാം എടുത്ത് വരുമ്പോൾ സീത നിസ്സഹായയായ് അവളെ നോക്കി... "ഞാൻ കാരണം എന്റെ മോൾക്ക് വഴക്ക് കേട്ടല്ലേ... അവൻ ഇത്രയും മനുഷ്യപറ്റില്ലാതെ പെരുമാറുമെന്ന് ഞാൻ കരുതിയില്ല മോളെ..." സീത വിഷമത്തോടെ തന്നെ പറഞ്ഞു... "അങ്ങനെ പറയല്ലേ അമ്മേ... ആദിയേട്ടൻ എന്നോടുള്ള ഇഷ്ടക്കേട് കൊണ്ട് പറഞ്ഞതാ... പക്ഷെ മനുഷ്യത്വം ഇല്ലാത്തവനൊന്നുമല്ല... അമ്മയെ ഡോക്ടർ കാണിക്കാൻ അയച്ചതും തിരികെ വരുമ്പോൾ നമ്മളെ കൂട്ടിയിട്ട് വന്നതുമൊക്കെ മറന്നോ...? ഇതിപ്പോ രാവിലെ തന്നെ ന്നെ കണികണ്ടത് കൊണ്ടുള്ള ദേഷ്യമാവാനെ വഴിയുള്ളു..." അത്രയും പറഞ്ഞവൾ മുകളിലേക്ക് കയറി പോകുമ്പോൾ സീത ആശ്ചര്യത്തോടെ നിന്നു... ഭദ്രയുടെ ഉള്ളിൽ ആദിക്ക് ഇത്ര വലിയ സ്ഥാനമുണ്ടെന്നത് അവരെ ശരിക്കും അതിശയിപ്പിച്ചു... ഭദ്ര കയറി ചെല്ലുമ്പോൾ മുറിയുടെ വാതിൽ തുറന്നിട്ടിരിക്കുകയാണ്... ആദിയെങ്ങോട്ടോ പോകാനുള്ള മട്ടിൽ വേഷം മാറി നിൽപ്പുണ്ട്.... "നല്ലൊരു കപ്പായിരുന്നു... പൊട്ടിച്ചു കളഞ്ഞിട്ട് ഒന്നുമറിയാത്ത മട്ടിൽ നിൽക്കുന്നത് കണ്ടില്ലേ... ഇനിയീ ഭദ്രേടെ കയ്യോണ്ട് ഒരു തുള്ളി വെള്ളം കിട്ടില്ല നോക്കിക്കോ... പക്ഷെ കുറിച്ച് വെച്ചോ വക്കീലേ... ഒരു ചായ തന്നേ ഭദ്രേന്ന് പറയുന്നൊരു ദിവസം വരും... അന്ന് ഞാൻ തരുന്നുണ്ട് കേട്ടോ... ഹ്മ്..." പതിയെ പിറുപിറുത്തുകൊണ്ട് തന്നെയവൾ അവിടെ തുടച്ചെടുത്തു കൊണ്ട് പോകുമ്പോൾ ആദി വന്ന് വാതിലടച്ചു.. 💫💫💫💫💫 "ആശേ.. പണിക്കര് പറഞ്ഞതൊക്കെ ഓർമയില്ലേ... ആദിയുടെ വിവാഹം നടത്താൻ ഇനി തടസങ്ങൾ ഒന്നുമില്ല... എത്രയും വേഗം നല്ലൊരു മുഹൂർത്തം നോക്കി ആ ചടങ്ങ് നടത്താം... പിന്നെ കേമമായിട്ട് തന്നേ വേണം... കാവുമ്പാട്ടെ തറവാട്ടിൽ ഒത്തിരി നാള് കൂടിയിട്ടാ ഒരു കല്യാണം നടക്കാൻ പോകുന്നത്... ഒന്നിനും ഒരു കുറവും വരാൻ പാടില്ല.. പക്ഷെ അതിന് മുൻപ് ആ ഭദ്രയെ അവന്റെ തലയിൽ നിന്നൊന്ന് ഒഴിവാക്കിയെടുക്കണം...." ലക്ഷ്മിയമ്മ പറയുന്നതിനെല്ലാം കാത് കൂർപ്പിച്ചിരിക്കുകയാണ് ആശ... "വരട്ടെ അമ്മേ... അല്പമൊന്ന് ക്ഷമിച്ചാൽ അവളെക്കൊണ്ട് തന്നേ ആ താലി അഴിച്ചു വെപ്പിക്കാൻ പറ്റും... ആദിയായിട്ട് തന്നേ അതിനുള്ള അവസരങ്ങൾ ഒരുക്കുന്നുണ്ട്...മേമ്പൊടിക്ക് എന്താന്ന് വെച്ചാൽ നമുക്കും ചെയ്യാം.... അവന്റെ അവഗണനയും വെറുപ്പും കണ്ട് മടുക്കുമ്പോൾ അവളായിട്ട് തന്നെ ഒഴിഞ്ഞു പോകും.. അതിനിനി അധികം കാത്തിരിക്കേണ്ടി വരില്ല... " "മ്മ്ഹ്ഹ്... അങ്ങനെയാണെങ്കിൽ നമ്മളായിട്ട് ഒഴിവാക്കിയെന്നൊരു ശാപം നമ്മുടെ മോന്റെ തലയിൽ വീഴില്ല അല്ലെ... നിന്റെ ബുദ്ധി ഞാൻ സമ്മതിച്ചു... ഞാൻ എന്തായാലും കേശവനെ വിളിച്ചിങ്ങോട്ട് വരണമെന്ന് പറയാൻ പോകുവാ...പതിയെ കാര്യങ്ങൾ ഒക്കെ മുന്നോട്ട് കൊണ്ട് പോകാം... എന്താ...?" "അത് അമ്മയുടെ ഇഷ്ടം പോലെ..." കളിപ്പാവ പോലൊരുത്തിയെ മുന്നിൽ നിർത്തിയവർ പുറകിൽ നിന്നും കരുക്കൾ നീക്കുമ്പോൾ അതൊന്നുമറിയാതെ എന്നെങ്കിലും അവൻ തന്നെ സ്വീകരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഭദ്ര...! രാത്രി ഏറെ വൈകിയിട്ടും ആദി വന്നില്ല... രാവിലെ പോയതാണ്... എവിടേക്കാണ് പോയതെന്നോ എപ്പോൾ വരുമെന്നോ ഭദ്രക്കറിയില്ല... അവൾ ഓരോ കാരണങ്ങളുമായി ആശയുടെ മുറിയിലും ഹാളിലും ചുറ്റി തിരിഞ്ഞെങ്കിലും യാതൊരു വിവരവും കിട്ടിയില്ല... എല്ലാവരും അത്താഴം കഴിച്ച് മുറിയിലേക്ക് പോയപ്പോഴും അവനെ കാണാഞ്ഞിട്ട് ഭദ്രക്കൊരു സമാധാനമില്ല... എങ്ങോട്ടാണ് പോയതെന്ന് അറിഞ്ഞിരുന്നെങ്കിൽ മനുഷ്യന് സമാധാനമായൊന്ന് പോയി കിടക്കാമായിരുന്നു.. ആശമ്മക്ക് അറിയിക്കാതിരിക്കില്ല... പക്ഷെ പോയി ചോദിക്കാൻ അവൾക്കൊരു മടി... "എന്താ ഭദ്രേ... കുറെ നേരമായല്ലോ വിരിയിച്ചിറങ്ങിയ തള്ളകോഴിയെ പോലെ ചുറ്റി തിരിയുന്നു... എന്താ കാര്യം..?" സീത കിടക്കാൻ വേണ്ടി മുറിയിലേക്ക് പോകുമ്പോൾ തിരക്കി... "ഏയ്‌ ഒന്നുല്ല സീതമ്മേ... ഉറക്കം വരുന്നില്യ... അപ്പോൾ പിന്നെ കുറച്ചു നേരം കഴിഞ്ഞു കിടക്കാമെന്ന് ഓർത്തിങ്ങനെ നടക്കുകയാ ഞാൻ..." "മ്മ്ഹ്ഹ്... അതീ നടത്തം കണ്ടപ്പോഴേ എനിക്ക് മനസിലായി...നിനക്ക് ആശേടത്തിയോട് ചോദിക്കാമായിരുന്നില്ലേ എങ്ങോട്ട് പോയതാണെന്ന്.. എങ്കിൽ പിന്നെ പാതിരായ്‌ക്ക് ഇങ്ങനെ നട്ടം തിരിയേണ്ട കാര്യമുണ്ടോ..." അവർക്ക് കാര്യം മനസിലായെന്ന് അറിഞ്ഞതും അവളൊരു ചെറു ചമ്മലോടെ നിന്നു... "പോയി കിടക്കാൻ നോക്ക് കുട്ടി... എനിക്ക് കാലുവേദനിച്ചിട്ട് വയ്യ...ഞാനൊന്ന് കിടക്കട്ടെ..." സീത മുറിയിലേക്ക് പോയിട്ടും ഭദ്ര അവിടെ തന്നെ നിന്നു... പിന്നെ പതിയെ ഹാളിലേക്ക് നടന്നു...അൽപനേരം നിന്ന് തിരിഞ്ഞിട്ട് തിരികെ നടക്കാനൊരുങ്ങുമ്പോഴാണ് ആശ ഹാളിലേക്ക് വന്നത്... "ആഹ്... നീയുറങ്ങിയില്ലേ...??" "ഇല്ല... " "അതെന്തായാലും നന്നായി... ആദി വരുമ്പോൾ ഡോർ തുറന്ന് കൊടുക്കാമെന്നു കരുതി വന്നതാ ഞാൻ... ഇനിയും അരമണിക്കൂർ എടുക്കുമെന്നാ അവൻ പറഞ്ഞത്... എനിക്കാണെങ്കിൽ ഉറക്കം വന്നിട്ട് വയ്യ... നീയാ വാതിലൊന്ന് തുറന്ന് കൊടുത്തേക്ക് കേട്ടോ..." അതുകേട്ടപാടെ അവളുടെ ഉള്ളം തുടിച്ചു... "ആദിയേട്ടൻ എവിടെ പോയിരിക്കുകയാ ആശമ്മേ...??" "അവനൊരു ഫ്രണ്ടിനെ കാണാൻ എറണാകുളത്തേക്ക് പോയതാ... വരാൻ വൈകുമെന്ന് പറഞ്ഞപ്പോൾ ഇത്രേം വൈകുമെന്ന് ഞാൻ കരുതിയില്ല... നീയിരിക്കില്ലേ...??" "ആഹ്... ഞാൻ ഇവിടിരുന്നോളാം..." നിറഞ്ഞ മനസ്സോടെ സമ്മതിച്ചുകൊണ്ട് അവൾ സോഫയിൽ ഒരരിക് ചേർന്നിരുന്നു... എന്താ അവളുടെ സന്തോഷം... വാതിൽ തുറക്കുമ്പോൾ കണ്മുന്നിൽ ഇവളെ കണ്ടാൽ ആദിക്ക് ദേഷ്യം വരുമെന്ന് ഉറപ്പാണ്... അതോടെ ആ ചിരിയങ്ങു മാഞ്ഞോളും... ഇങ്ങനെയൊക്കെ അല്ലെ എനിക്കെന്തെങ്കിലും ചെയ്യാൻ പറ്റു... അതേ ചിന്തയോടെ തന്നെയവർ മുറിയിലേക്ക് കയറി പോയതും ഭദ്ര ഏറെയിഷ്ടത്തോടെ അവന്റെ വരവിന് കാത്തിരുന്നു... "എന്നെ കണ്ണിന് നേരെ കണ്ടാൽ ചതുർഥിയാണെന്ന് അറിയാം... പക്ഷെ എനിക്കങ്ങനെ കണ്ടില്ലെന്ന് നടിക്കാൻ പറ്റുമോ... ഉറക്കമൊഴിഞ്ഞു കാത്തിരിക്കാൻ ആശമ്മക്ക് വയ്യെന്ന്...പക്ഷെ എത്ര വേണേലും കാത്തിരിക്കാൻ ഭദ്രക്ക് പറ്റുട്ടോ... ഞാൻ കാത്തിരുന്നോളാം..." കുഞ്ഞൊരു ചിരിയോടെ അവൾ മനസ്സിൽ പറഞ്ഞു... തുടരും... ഇന്ന് വൈകുന്നേരം part ഇല്ലാട്ടോ 😁 #📙 നോവൽ #💞 പ്രണയകഥകൾ #💌 പ്രണയം #📝 ഞാൻ എഴുതിയ വരികൾ #📔 കഥ
📙 നോവൽ - Part-9 Bnlolomor8 ூஅ Part-9 Bnlolomor8 ூஅ - ShareChat
പേരിനൊരു താലി💫❣️ "ആർക്കും വേണ്ടാത്ത കുറെ പഴയ തുണികൾ കൊടുത്തയച്ചിരുന്നു... ഹ്മ്... അവളെ അങ്ങനെ താഴ്ത്തി കെട്ടാമെന്ന് ആരും വ്യാമോഹിക്കണ്ട... എന്റെ മോൾക്ക് വേണ്ടതൊക്കെ ഞാൻ വാങ്ങി കൊടുത്തോളാം..." സീത പതിവ് പിറുപിറുക്കലോടെ തന്നെ അടുക്കള പണിയിൽ വ്യാപൃതയായി... ഓരോന്ന് എടുത്തിട്ടും പിടിച്ചിട്ടും കയ്യിലേക്ക് പോരുന്നില്ല... വാതത്തിന്റെ അസുഖമുള്ളത് കൊണ്ട് ഇടക്കൊക്കെ ഇങ്ങനെയാണ്... കയ്യിനും കാലിനും ആകെയൊരു കോച്ചിപിടുത്തം... അടുക്കള പണികൾ തിരക്കിൽ ചെയ്ത് തീർത്തവർ അൽപനേരം മുറിയിൽ ചെന്നിരുന്നു... ഇനിയിപ്പോൾ വൈകുന്നേരം കാപ്പിക്ക് വെള്ളം വെച്ചാൽ മതി... അത് ഭദ്ര നോക്കിക്കോളും.... വൈകുന്നേരം ചായ തിളപ്പിക്കാൻ നേരത്താണ് തറവാടിന് മുൻപിൽ ഒരു കാർ വന്നു നിന്നത്... ജയശ്രീയുടെ ആങ്ങളയും ഭാര്യയും വന്നിട്ടുണ്ടെന്നും അവർക്ക് കൂടി ചായ എടുക്കണമെന്നും ആശ വന്ന് നിർദേശിച്ചിട്ട് പോയി.. ഭദ്ര വേഗം ചായ തിളപ്പിച്ചു... സീത എഴുന്നേറ്റ് വന്ന് ബേക്കറി പലഹാരങ്ങൾ പല പ്ലേറ്റിൽ ഒരുക്കി മേശപ്പുറത്ത് കൊണ്ട് വെച്ചു... അഥിതികൾ ആദ്യം കുടിക്കട്ടെന്ന് പറഞ്ഞു ആശ തന്നെ രണ്ട് കപ്പ്‌ ചായയുമായി ഹാളിലേക്ക് ചെന്നു... ലക്ഷ്മിയമ്മയും ജയശ്രീയുമെല്ലാം അവിടെയുണ്ട്... ജയശ്രീയുടെ ആങ്ങളയുടെ മകന്റെ കല്യാണം ക്ഷണിക്കാൻ വന്നിരിക്കുകയാണ് അവർ... "അല്ല.... ആദിക്ക് കല്യാണം നോക്കുന്നില്ലേ... അവനും മനുവും ഒക്കെ ഒരേ പ്രായമല്ലേ...?" ജയശ്രീയുടെ ആങ്ങള ചോദിച്ചത് കേട്ട് ആശ ലക്ഷ്മിയമ്മയെ ഒന്ന് നോക്കി... "ആഹ്.. നോക്കണം... അവൻ പ്രാക്ടീസ് കഴിഞ്ഞിപ്പോ കയറിയതേ ഉള്ളൂ.. അതുകൊണ്ട് ഇനിയിപ്പോ നോക്കി തുടങ്ങണം..." എന്തോ കാര്യത്തിന് ഹാളിനരികിലേക്ക് വന്ന് ഭദ്ര അത് വ്യക്തമായി തന്നെ കേട്ടു... അവളൊരു നിമിഷം അവിടെ തറഞ്ഞു നിന്നു... "വൈകിക്കണ്ട... ഇല്ലെങ്കിൽ പിന്നെ അവരായിട്ട് ഇഷ്ടമുള്ളവരെ പിടിച്ചുകൊണ്ടു വരും.. അവിടെ തന്നെ മനുവിന്റെ കൂടെ വർക്ക്‌ ചെയുന്ന പെൺകുട്ടിയെയാ അവൻ വിവാഹം ചെയ്യാൻ പോകുന്നത്...അവർ തമ്മിൽ അടുപ്പത്തിൽ ആയിരുന്നെ..." "ഇവിടെയെന്തയാലും അങ്ങനെയുണ്ടാവില്ല... ഞാനും ആശയും പറഞ്ഞ പെൺകുട്ടിയെ മാത്രമേ അവൻ സ്വീകരിക്കു..." ലക്ഷ്മിയമ്മ വലിയ ഗമയിൽ പറയുമ്പോൾ.. തന്റെ കാര്യം പറയുമെന്നൊരു അതിമോഹത്തിൽ അവൾ കാത് കൂർപ്പിച്ചു നിന്നു... കാര്യമുണ്ടായില്ല... അവർ കുടിച്ച ചായഗ്ലാസ്സ് എടുത്തുകൊണ്ടു പോകാൻ വിളിച്ചതല്ലാതെ വേലക്കാരി പെണ്ണ് അതിലൊരു സംഭാഷണവിഷയം ആയതേയില്ല.... ഭദ്രക്ക് ഉള്ളിലേറെ സങ്കടം തോന്നി... ആദിയേട്ടൻ മാത്രമല്ല... ഇവിടെയാരും തന്നെ ആദിയുടെ പെണ്ണായി കണ്ടിട്ടില്ല... അംഗീകരിച്ചിട്ടില്ല.... സീതമ്മ പറഞ്ഞത് പോലെ അവരുടെ ആവശ്യം പോലെ... ആദിയുടെ ജീവന് ആപത്തു വരാതിരിക്കാൻ വേണ്ടി അവന്റെ താലിക്ക് കഴുത്തു നീട്ടി കൊടുത്തൊരുവൾ... അതിനപ്പുറം ആരുമല്ല... ഒന്നുമല്ല... ഭദ്ര..! ഒരുപക്ഷെ ആദിയേട്ടന് മറ്റാരെയെങ്കിലും ഇഷ്ടമുണ്ടാവുമോ...?അങ്ങനെയെങ്കിൽ തന്റെ കഴുത്തിൽ താലി ചാർത്തുമോ...? ഏയ്‌ ഇല്ല... തോന്നൽ ആകാനെ വഴിയുള്ളു... ഭഗവാനെ വേണ്ടാത്ത ചിന്തകളൊന്നും ആ മനസ്സിൽ തോന്നിപ്പിക്കല്ലേ.... ഭദ്ര വേഗം അടുക്കളയിലേക്ക് പോയി.... 💫💫💫💫💫💫 അത്താഴത്തിനു വിളമ്പാൻ നിന്നത് ഭദ്രയാണ്... സീതമ്മക്ക് കാലിന് നീര് വന്നിട്ട് നടക്കാൻ വയ്യ...എന്നിട്ടും അവളെ അവിടെ കൊണ്ടു പോയി നിർത്താൻ അവർക്ക് മനസ് വന്നിരുന്നില്ല... എല്ലാവരും കഴിക്കാൻ ഇരിക്കും മുൻപേ വിഭവങ്ങൾ എല്ലാമവൾ മേശപ്പുറത്ത്‌ കൊണ്ട് വെച്ചു... ഒരു നുള്ള് ഉപ്പിന് വേണ്ടി പോലും നിന്നെ അങ്ങോട്ട് വിളിക്കേണ്ടി വരരുതെന്ന് സീതമ്മ പറഞ്ഞതവൾ അക്ഷരംപ്രതി അനുസരിച്ചു.. കഴിച്ച് എഴുന്നേറ്റു, കൈ കഴുകാൻ നേരം അടുക്കള വാതിൽക്കൽ നിൽക്കുന്ന ഭദ്രയുടെ നേരെ ആദിയുടെ കണ്ണുകൾ നീണ്ടു... "സീതമ്മായി എവിടെ...?" ഗൗരവത്തിൽ ആ സ്വരം കേട്ടതും ഭദ്രയുടെ ഉള്ളം തുടിച്ചു... "കിടക്കുകയാ... വയ്യ.." "എന്ത് പറ്റി...?" അവളെ നോക്കാതെ തന്നെയവൻ അവിടെയിട്ടിരിക്കുന്ന ടവലിൽ കൈത്തുടച്ചുകൊണ്ട് ചോദിച്ചു.. "കാലു വേദന... വാതത്തിന്റെയാ.." "മ്മ്ഹ്ഹ്.." ഒന്ന് മൂളിക്കൊണ്ട് അവൻ അകത്തേക്ക് പോയി... ഭദ്ര ആ പോക്ക് നോക്കി നിർവികാരയായി നിന്നു... സീതമ്മയെ കുറിച്ച് തിരക്കി... തന്നെ കുറിച്ചൊരു വാക്ക്...അമ്മയോട് ചോദിക്കാറുള്ളത് പോലെ കഴിച്ചോന്നെങ്കിലും. അവൾക്കേറെ പരിഭവം തോന്നി... വീർപ്പിച്ച മുഖവുമായി തന്നെയവൾ കഴിച്ച് കഴിഞ്ഞ പാത്രങ്ങൾ ഒക്കെ എടുത്തുകൊണ്ടു പോയി... "ഭദ്രേ...! സീതക്ക് വയ്യെന്ന് ആദി പറഞ്ഞല്ലോ... എന്ത് പറ്റി...?" രാത്രി വാതിൽ അടക്കാൻ നേരം ആശ വന്നു തിരക്കി... "കാലു വേദന... നടക്കാനും നിൽക്കാനുമൊന്നും വയ്യ..." "മ്മ്ഹ്ഹ്... നാളെ കൊണ്ടു പോയി ഡോക്ടറെ കാണിച്ചേക്ക്... കാശ് ഞാൻ തരാം.... ആരെങ്കിലും വരണോ... നീ കൊണ്ടു പോകില്ലേ...?" "ഞാൻ കൊണ്ടു പൊയ്‌ക്കോളാം..." "മ്മ്... ശരി.. ഓട്ടോയ്ക്ക് പോയാൽ മതി... കിടന്നോ..." ആശ വേഗം തിരികെ പോയി...ആദി പറഞ്ഞാണ് അവർ അറിഞ്ഞതെന്ന് ഓർത്തപ്പോൾ ഭദ്രക്ക് എന്തോ സന്തോഷവും അതേ സമയം നേർത്തൊരു നോവും തോന്നി... പിറ്റേന്ന് രാവിലെ പണികളെല്ലാം ഒരുക്കി കഴിഞ്ഞ് അവൾ സീതയെയും കൂട്ടി ഡോക്ടറുടെ അരികിൽ പോയി... ആയുർവേദമാണ് കാണിക്കാറുള്ളത്... ചില കുഴമ്പും കഷായവുമെല്ലാം ഡോക്ടർ കുറിച്ച് നൽകി... തിരികെ വരും വഴി അതെല്ലാം വാങ്ങി... അവർ ഓട്ടോ കാത്തു നിന്നു... ഒരൊറ്റ വണ്ടി പോലുമില്ല.... അമ്മയ്ക്ക് ഏറെനേരം നിൽക്കാൻ വയ്യെന്നത് കൊണ്ടു ഭദ്ര തിടുക്കത്തിൽ വരുന്ന ഓട്ടോയ്‌ക്കെല്ലാം കൈ കാണിക്കുന്നുണ്ട്... മിക്കതും ആളുകളുമായി പോകുകയാണ്... പെട്ടന്നാണ് ഒരു കാർ മുന്നിൽ വന്നു നിന്നത്... പരിചയമുള്ള കാർ കണ്ടവൾ ഡ്രൈവിങ് സീറ്റിലേക്ക് നോക്കി... ആദിയേട്ടൻ! "വന്ന് കയറ്...!" അവൻ co driving സീറ്റിലെ ഡോർ തുറന്ന് കൊടുത്തു... ഭദ്ര തിടുക്കത്തോടെ സീതമ്മയെ പിടിച്ചു കൊണ്ടു വന്നതും അവർ മുൻപിൽ കയറാൻ കൂട്ടാക്കിയില്ല... "മോളവിടെ ഇരുന്നോ.. ഞാൻ പുറകിൽ കയറാം..." സീതമ്മ വേഗം പുറകിൽ കയറിയതും ഭദ്ര എന്ത് വേണമെന്നറിയാതെ നിന്ന് പരുങ്ങി... "നീയിനി ഓട്ടോ പിടിച്ചു വരാൻ ആണോ..?" ആദിയുടെ ചോദ്യം കേട്ടവൾ പുറകിൽ കയറാൻ നിന്നതും സീത ഡോർ അടച്ചു കഴിഞ്ഞു... "ഈ പെണ്ണിത്... നിന്ന് താളം ചവിട്ടാതെ കയറിങ്ങോട്ട്...!!" സൈഡിലെ വാഹനങ്ങൾ ശ്രദ്ധിച്ചുകൊണ്ട് അവൻ അൽപം ഉച്ചത്തിൽ പറഞ്ഞതും ഭദ്ര വേഗം കയറിയിരുന്നു... പതുക്കെ ഡോർ അടച്ചു... "അത് അടഞ്ഞിട്ടില്ല..." അവന്റെ സ്വരം കേട്ടവൾ വീണ്ടും അത് തുറക്കാൻ ശ്രമിച്ചു... പറ്റുന്നില്ല... പെട്ടല്ലോ ഭഗവാനെ... അപ്പോഴേക്കും ആദി തന്നെ സീറ്റ് ബെൽറ്റ്‌ അഴിച്ചു മാറ്റി അവൾക്കരികിലേക്ക് ചാഞ്ഞു വന്ന് ഡോർ തുറന്നു.. തന്റെ മൂക്കിൻ തുമ്പിന് താഴെ അവന്റെ കവിളോരം തൊട്ടു തൊട്ടില്ലെന്ന മട്ടിൽ നിൽക്കുന്നത് കാണെ ഭദ്ര ശ്വാസമടക്കി പിടിച്ചു... പതിയെ..വളരെ പതിയെ അവൾ ശ്വാസമെടുക്കുമ്പോൾ അവനിൽ നിന്നൊരു സുഗന്ധം അവളുടെ നാസികയിലൂടെ അരിച്ചു കയറി... അപ്പോഴേക്കും ഡോർ അടച്ചവൻ തിരികെ സീറ്റിലിരുന്നു...സീറ്റ് ബെൽറ്റ് ഇട്ട് അവളെ നോക്കുമ്പോൾ ശില കണക്കെ അനങ്ങാതിരിക്കുകയാണ്... "സീറ്റ് ബെൽറ്റ് ഇട്..." ആദി പറഞ്ഞപ്പോൾ ഭദ്ര ചുറ്റും പരതി.. ഇതെവിടെന്നാ എടുക്കുന്നെ...? ഒടുവിൽ അവൾ ഇടുപ്പോരം തപ്പി നോക്കുന്നത് കണ്ടപ്പോൾ അവൻ തറപ്പിച്ചൊന്ന് നോക്കി... ആദി വീണ്ടും അരികിലേക്ക് ചാഞ്ഞു വന്ന് അവളുടെ ദാവണി തുമ്പിൽ പോലും സ്പർശിക്കാത്ത വിധം സീറ്റ് ബെൽറ്റ്‌ എടുത്ത് ഇട്ട് കൊടുത്തു...ഭദ്ര അവനെ ഇടം കണ്ണിട്ടൊന്ന് നോക്കി... അവൻ അപ്പോഴേക്കും വണ്ടി സ്റ്റാർട്ട്‌ ചെയ്ത് കഴിഞ്ഞു... പുറകിൽ എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്ത മട്ടിലിരിക്കുന്ന സീത ചുണ്ടിൽ തെളിഞ്ഞ പുഞ്ചിരി മറയ്ക്കാൻ എന്നോണം പുറത്തേക്ക് നോക്കിയിരുന്നു... "ഡോക്ടർ എന്ത് പറഞ്ഞു...?" ഡ്രൈവിങ്ങിനിടെ മിററിലൂടെ സീതയെ നോക്കികൊണ്ട് ആദി ചോദിച്ചു.. "റെസ്റ്റ്‌ എടുക്കാനാ പറഞ്ഞത് മോനെ... അതിപ്പോ നമുക്കെങ്ങനെയാ റെസ്റ്റ്‌ എടുക്കാൻ പറ്റുന്നത്.. നമ്മുടെ പണിയൊക്കെ അങ്ങനെയല്ലേ... ഞാൻ അത് ഡോക്ടറോട് പറയാൻ പോയില്ല..." സീത വയ്യായ്കയുടെ സ്വരത്തിൽ തന്നെ പറഞ്ഞു.. "അത് കാര്യമാക്കണ്ട... റെസ്റ്റ്‌ എടുക്ക് നന്നായിട്ട്... ആദ്യം ആരോഗ്യം.. എന്നിട്ട് മതി ജോലിയൊക്കെ.. അമ്മയോട് ഞാൻ പറയുന്നുണ്ട്..." അതും പറഞ്ഞവന്റെ കണ്ണുകൾ ഇടക്കെപ്പോഴോ തൊട്ടരികിൽ ഇരിക്കുന്നവളുടെ മേൽ പാറി വീണു... സൈഡ് വിൻഡോയിലൂടെ പുറത്തേക്ക് നോക്കിയിരിക്കുകയാണ്... ഒരു സ്വപ്നലോകത്തെന്ന മട്ടിൽ ഇരിക്കുന്നവളെ ആദി പിന്നെ ശ്രദ്ധിക്കാൻ പോയില്ല.. പക്ഷെ അവളുടെ ചെവിയിൽ ഇപ്പോഴും അവൻ പറഞ്ഞ വാക്കുകളാണ്... കരുതലിന്റെ സ്വരം കലർന്നിട്ടുണ്ടെന്ന് അവൾക്ക് തോന്നി... തന്നോടില്ലെങ്കിലും മറ്റുള്ളവരോട് കരുതലുണ്ടല്ലോ... നല്ലവനാ... നാളെയീ സ്നേഹത്തിൽ നിന്നും...കരുതലിൽ നിന്നുമൊരു പങ്ക്... ഒരു കുഞ്ഞു പങ്ക് ഭദ്രക്കും തന്നാൽ മതി...!! അതേ ചിന്തയോടെ അവൾ ഇടയ്ക്കിടെ അവനെ പാളി നോക്കി... വീട്ടിൽ വന്നിറങ്ങുമ്പോൾ ഉമ്മറത്തൊന്നും ആരുമില്ലായിരുന്നു... അവൾ സീറ്റ് ബെൽറ്റ്‌ അഴിക്കാൻ പാട് പെടുന്നത് കണ്ട് ആദി തന്നെ അഴിച്ചു കൊടുത്തു... പിന്നെ ഡോറും തുറന്നു കൊടുത്തു.. ഭദ്ര തിരിഞ്ഞു നോക്കാതെ വേഗം ഇറങ്ങി പോയി... "ദേഷ്യം വരുന്നുണ്ടാകും ന്റെ കാട്ടികൂട്ടലുകൾ കാണുമ്പോൾ... ഞാനിതൊക്കെ ആദ്യമായിട്ടല്ലേ ഭഗവാനെ..." മനസ്സിൽ പറഞ്ഞുകൊണ്ടവൾ സീതയെയും കൂട്ടി അകത്തേക്ക് പോകുമ്പോൾ ആദിയുടെ കാർ പടി കടന്ന് പോകുന്നത് കണ്ടു... സീതയെ മുറിയിൽ കൊണ്ടു പോയിരുത്തി കുറച്ച് നേരം അവൾ കാൽ തടവി കൊടുത്തു... പിന്നെ പയ്യിനെ അഴിച്ചു കൊണ്ടു വരാൻ തൊടിയിലേക്ക് ഇറങ്ങി... കുളത്തിൽ കുളിച്ചിട്ട് രണ്ട് ദിവസമായി... വക്കീല് പറഞ്ഞതിൽ പിന്നെ ഈ വഴി വന്നിട്ടില്ല... അവൾ വെറുതെ അങ്ങോട്ടൊന്ന് പോയി... പടവുകളിൽ ഇറങ്ങി വെറുതെ ആ വെള്ളത്തിൽ കാലിട്ടപ്പോൾ കുഞ്ഞ് മീനുകൾ അടുത്തു കൂടി... ഭദ്രയുടെ കാല്പാദങ്ങളിൽ ആ മീൻകൂട്ടം തൊട്ടുരുമ്മിയപ്പോൾ അവൾക്ക് മനസ് കുളിർന്നു... ചിരിച്ചുകൊണ്ടു അവയെ ശല്യപെടുത്താതെ അവൾ കുറച്ചു നേരം അങ്ങനെ നിന്നു... അപ്പോഴാണ് അരമതിലിന്മേൽ കിടക്കുന്ന സിഗരറ്റ് കുറ്റികളിൽ അവളുടെ കണ്ണുടക്കിയത്... "എന്തു മാത്രം സിഗരറ്റാ പുകച്ചു കൂട്ടുന്നത് ഭഗവാനെ... ആയുസ്സിന് നീളം കൊടുത്തേക്കണേ... ന്റെ കൂടെ ജീവിക്കാനുള്ളതാ... ഹ്മ്മ്... ആശമ്മയോട് പറഞ്ഞു കൊടുത്താലോ... വലി അൽപം കൂടുതൽ ആണെന്ന്... അല്ലെങ്കിൽ വേണ്ട... ഒടുക്കം എനിക്കാവും വഴക്ക് കേൾക്കാ..." അവൾ ഏറെയിഷ്ടത്തോടെ ആ സിഗരറ്റ് കുറ്റിയിൽ നിന്നൊരെണ്ണം കയ്യിലെടുത്തു... പിന്നെ പതിയെ അതിലൂടെ കണ്ണോടിച്ചു... ആദിയുടെ ചുണ്ടിൽ ചേർന്നിരുന്ന് ഉരുകി തീർന്ന ആ സിഗരറ്റിനോട് അവൾക്കേറെ കുശുമ്പ് തോന്നി... പതിയെ അത് ചുണ്ടോടടുപ്പിച്ച് തൊടാതെ തന്നെ മുത്തി... പിന്നെ തന്റെയീ ഭ്രാന്തൻ ചെയ്തികൾ ആരെങ്കിലും കണ്ടുവോ എന്ന മട്ടിൽ ചുറ്റും നോക്കി.... അവൾക്ക് തന്നെ ചിരി വന്നു പോയി... ഭദ്ര വേഗം ആ സിഗരറ്റ് കുറ്റികൾ എല്ലാം പെറുക്കി അവിടെ നിന്നും പുറത്തിറങ്ങി... പോകും വഴി അതെല്ലാം കൂടി തൊടിയിലേക്ക് എറിഞ്ഞു കളഞ്ഞു... 💫💫💫💫💫💫 വിവാഹം കഴിഞ്ഞ് ഒരാഴ്ചയായിട്ടും പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് ആശയും ലക്ഷ്മിയമ്മയും കൂടി പണിക്കരെയൊന്ന് കാണാൻ പോയി... "വിവാഹം കഴിഞ്ഞതല്ലേയുള്ളു ലക്ഷ്മിയമ്മേ...അല്പം കൂടി ക്ഷമിക്ക്യ..അശുഭലക്ഷണങ്ങൾ ഒന്നും കാണാനില്ല... അതുകൊണ്ട് ഞാൻ കുറിച്ച് തരുന്ന ചില വഴിപാടുകൾ നടത്തിക്കോളൂ തത്കാലം.... അത് കഴിഞ്ഞാൽ പിന്നെ മറ്റൊരു വിവാഹം നടത്താൻ തടസങ്ങൾ ഒന്നുമുണ്ടാവില്ല..." പണിക്കര് പറഞ്ഞത് കേട്ട് ലക്ഷ്മിയമ്മക്കും ആശക്കും മനസ് നിറഞ്ഞു... വീട്ടിലെത്തുമ്പോൾ വൈകുന്നേരമായിട്ടുണ്ട്... ആദി ഓഫീസിൽ നിന്ന് വന്ന നേരമായത് കൊണ്ട് എല്ലാവരും കൂടിയിരുന്നു ചായ കുടിച്ച് വിശേഷങ്ങൾ ഒക്കെ പറഞ്ഞിരുന്നു... ഭദ്ര സീതമ്മയ്ക്ക് ചായ കൊണ്ട് പോയി കൊടുത്ത് അവരുടെ അടുത്തിരുന്നു... "പുറത്ത് നല്ല ബഹളമുണ്ടല്ലോ ഭദ്രേ... എല്ലാവരും ഉണ്ടെന്ന് തോന്നുന്നു...!?" "ആഹ് എല്ലാരുമുണ്ട്..." അവൾ താല്പര്യം ഇല്ലാത്ത മട്ടിൽ കാൽ മുട്ടിനു മേൽ മുഖം ചേർത്തുവെച്ചിരുന്നു... "എന്താ എന്റെ മോൾക്കൊരു വല്ലായ്മ... ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ..? അതോ പണിയെടുത്തു തളർന്നോ ന്റെ കുട്ടി..." സീത ഏറെ വാത്സല്യത്തോടെ അവളുടെ മുടിയിൽ തലോടി... ഈ വീട്ടിൽ തന്നോട് കരുതൽ കാണിക്കുന്നൊരാൾ ഉണ്ടെങ്കിൽ അത് സീതമ്മയാണ്... "ഒന്നൂല്ല്യ അമ്മേ..." അവളൊരു കുഞ്ഞ് ചിരിയോടെ അവരുടെ മേൽ ചാരിയിരുന്നു... "ഭദ്രേ.... മഴ വരാൻ പോണു... ഉണങ്ങിയ തുണികൾ ഇനിയുമെടുത്തില്ലേ നീ....??" ഹാളിൽ നിന്നും ജയശ്രീയുടെ ചോദ്യം കേട്ടവൾ വേഗം എഴുന്നേറ്റ് പോയി...കൂട്ടം കൂടിയിരുന്നവരൊക്കെ ചായകുടിച്ച് കഴിഞ്ഞ് എഴുന്നേറ്റു പോയിരിക്കുന്നു... ഗ്ലാസും കപ്പുമൊക്കെ അവിടെ തന്നെയിരിക്കുന്നുണ്ട്... അതിനും ഇനി ഭദ്രേടെ കയ്യെത്തണം...! അവൾ വേഗം ചെന്ന് ഗ്ലാസുകളും കപ്പുമെല്ലാം പെറുക്കി കൂട്ടി അടുക്കളയിലെ സിങ്കിൽ കൊണ്ടിട്ടു...വന്നിട്ട് കഴുകാമെന്ന് കരുതി വേഗം പുറത്തേക്ക് ചെന്നു... മാനം കറുത്തിരുണ്ടു നിൽക്കുകയാണ്... "എന്താപ്പോ പെട്ടന്നൊരു മഴക്കാറ്...!?" അയയിൽ വിരിച്ചിട്ടിരിക്കുന്ന തുണികളെല്ലാം ധൃതിയിൽ എടുക്കുമ്പോൾ പുറകിലൂടെ ആരോ നടന്നു പോയത് പോലെ..അവൾ തിരിഞ്ഞു നോക്കി... ആദിയാണ്... മാറാനുള്ള മുണ്ടും കൈപിടിച്ചു കുളക്കടവിലേക്ക് പോകുകയാണ്... "മഴ വരുന്നത് കണ്ടില്ലേ... ഈ നേരത്താ കുളത്തിൽ കുളിക്കാൻ പോണേ... ന്നോട് അവിടെ കുളിക്കണ്ടാന്ന് പറഞ്ഞിട്ട് പോകുന്നത് കണ്ടില്ലേ...കള്ളവക്കീല്..." പതുക്കെ പറഞ്ഞുകൊണ്ട് പരിഭവം നടിച്ചവൾ  ആ തുണികളുമായി അകത്തേക്ക് പോയി... ഏറെ നേരം കഴിഞ്ഞില്ല മഴ തിമിർത്തു പെയ്യാൻ തുടങ്ങി....പൊടിമണ്ണിനെ ഒന്നാകെ പുല്കുന്ന മഴത്തുള്ളികൾ പുതുമണ്ണിന്റെ മണം പരത്തുമ്പോൾ ഭദ്ര വടക്കേ പുറത്ത് വന്നു നിന്ന് തൊടിയിലേക്ക് എത്തി നോക്കി... "ഒരെണ്ണം അങ്ങോട്ട് പോയിട്ടുണ്ടല്ലോ ഭഗവാനെ... മഴയത്തു പെട്ട് നിൽക്കുകയാവും..." അവളുടെ മിഴികൾ തൊടിയുടെ അങ്ങേയറ്റത്തെ കുളത്തിന്റെ മതിൽക്കെട്ട് വരെ നീണ്ടു... കാഴ്ച വ്യക്തമല്ല... കൈ നീട്ടിയാൽ വിരൽ മുറിഞ്ഞു പോകുംവിധം ശക്തമായ മഴയാണ്... "സാരമില്ല... മഴ തോരുമ്പോൾ വരും...." അതും പറഞ്ഞാശ്വസിച്ചുകൊണ്ട് അവൾ അകത്തേക്ക് പോയി... ഗ്ലാസും കപ്പുമെല്ലാം കഴുകി വെച്ചിട്ടും മഴ തോർന്നിട്ടില്ല... ഹാളിലേക്ക് ചെന്ന് നോക്കുമ്പോൾ ആരെയും പുറത്ത് കാണുന്നില്ല...എല്ലാവരും അവരവരുടെ മുറികളിൽ ആണെന്ന് തോന്നുന്നു... ഭദ്ര പിന്നെയും വടക്കേ പുറത്ത് പോയി നിന്നു... "കാണുന്നില്ലല്ലോ ഭഗവാനെ...!" അവൾ നേരെ സീതയുടെ മുറിയിലേക്ക് ചെന്നു.. "അമ്മേ... കുടയെവിടെ...?" "ആ കട്ടിലിന്റെ താഴെയുണ്ട് മോളെ... എന്തിനാ കുട... ഈ മഴയത്ത് നീയെങ്ങോട്ടാ...?" "ആദിയേട്ടൻ കുളത്തിൽ കുളിക്കാൻ പോയിട്ടുണ്ട്... മഴയത്ത് പെട്ട് കാണണം... തിരിച്ചു വന്നിട്ടില്ല... ഞാനൊന്ന് പോയി നോക്കിയിട്ട് വരാം..." അവളുടെ വാക്കുകൾ കേട്ടതും സീതയുടെ ചുണ്ടിലൊരു മന്ദാഹാസം തെളിഞ്ഞു... "ഞാൻ ദേ വരുന്നുട്ടോ അമ്മേ..." അതും പറഞ്ഞവൾ കുടയുമായി പുറത്തേക്ക് നടന്നു... "ഹ്മ്മ്.... കണ്ടില്ലെന്ന് നടിക്കാൻ അവന് പറ്റുമായിരിക്കും.. പക്ഷെ കഴുത്തിൽ താലി വീണു കഴിഞ്ഞാൽ അത് ചാർത്തിയവനോടുള്ള കരുതലും സ്നേഹവും പെണ്ണിനെന്നുമുണ്ടാകും...കെട്ടിയവനായിട്ട് അതില്ലാതാക്കും വരെ...!!" സീത നേർത്തൊരു ദീർഘനിശ്വാസത്തോടെ പറഞ്ഞു... തുടരും.. ഇപ്പൊ ലെങ്ത് ആയോ കുട്ടികളെ...? 🥰🥰 #📙 നോവൽ #💞 പ്രണയകഥകൾ #💌 പ്രണയം #📝 ഞാൻ എഴുതിയ വരികൾ #📔 കഥ
📙 നോവൽ - Part -8 Bnlolomor8 ூஅ Part -8 Bnlolomor8 ூஅ - ShareChat
പേരിനൊരു താലി💫❣️ തൊട്ട് പുറകിൽ ടിഫിൻ ബാഗുമായി നിൽക്കുന്നവളെ കാണെ അവൻ അലസമായൊന്ന് നോക്കി... "ഉച്ചത്തേക്ക്... ഭക്ഷണം..." ആദിയുടെ നേരെ നോക്കിക്കൊണ്ട് തന്നെ അവൾ ലക്ഷ്മിയമ്മയോട് പറഞ്ഞു... "എനിക്ക് ലഞ്ച് വേണമെന്ന് ഞാൻ പറഞ്ഞില്ലല്ലോ...?" "ആശമ്മ പറഞ്ഞതാ..." "എനിക്ക് വേണ്ട... തിരിച്ചു കൊണ്ട് വെച്ചേക്ക്..." അത് കേട്ടതും ഭദ്രയുടെ മുഖം മങ്ങി... ആദിയത് ശ്രദ്ധിച്ചില്ലെങ്കിലും ലക്ഷ്മിയമ്മ അത് വ്യക്തമായി കണ്ടു... "അവരുണ്ടാക്കി കൊണ്ടു വന്നതല്ലേ ആദി... കൊണ്ട് പൊയ്ക്കോ... അല്ലെങ്കിൽ നീ ഉച്ചക്ക് വരുമോ...?" അവളെ ബോധിപ്പിക്കാൻ എന്നോണം ആശ ചോദിച്ചു... "എനിക്ക് വേണ്ടമ്മേ... ഞാൻ പുറത്ത് നിന്ന് കഴിച്ചോളാം... ശരി, ലേറ്റ് ആകുന്നു.. ഞാൻ ഇറങ്ങട്ടെ..." അമ്മയോടും അമ്മമ്മയോടും യാത്ര പറഞ്ഞ് തന്നെയൊന്ന് നോക്കുക പോലും ചെയ്യാതെ ഇറങ്ങി പോകുന്നവനെ കാണെ ഭദ്രയുടെ മുഖം വീർത്തു... അതേ പരിഭവത്തോടെ തന്നെയവൾ അടുക്കളയിലേക്ക് ചെന്നു... സീത വടക്കേ പുറത്തിരുന്നു ചായ കുടിക്കുകയാണ്... ഭദ്ര വേഗം ആ ഭക്ഷണം മുഴുവൻ പാത്രത്തിലേക്ക് മാറ്റി... "കോഴി കൂവുന്നേന് മുൻപേ എഴുന്നേറ്റ് വെച്ചൊരുക്കിയതാ... എന്ത് മാത്രം ശ്രദ്ധിച്ചിട്ടാ ഞാനീ ചോറും കറികളും ഒരുക്കിയേന്ന് അറിയോ... ഒന്നെടുത്തു കൊണ്ട് പോകാൻ എന്തായിരുന്നു പാട്... തലയിൽ ചുമക്കുവൊന്നും വേണ്ടല്ലോ... ആ വണ്ടിയിൽ വെച്ചാൽ പോരെ... ന്നോട് ഇഷ്ടല്ല വെച്ചിട്ട് അത് ആഹാരത്തോട് കാണിക്കണോ... അന്നം ദൈവമാ... എന്നോടുള്ള അനിഷ്ടം എന്തിനാ അതിനോട് കാണിക്കണേ... വക്കീലിന് നല്ല അടി കിട്ടാത്തതിന്റെ കുറവാ... ഹ്മ്മ്..." അവളോരോന്ന് പിറുപിറുക്കുമ്പോഴാണ് സീത കഴിച്ച് എഴുന്നേറ്റു വന്നത്... "എന്താ ഭദ്രേ... എന്തൊക്കെയാ നീ പറയണേ... അല്ല... ആദിക്കുഞ്ഞ് ചോറ് കൊണ്ട് പോയില്ലേ...?" അവളുടെ കയ്യിലെ ടിഫിൻ ബാഗിലെക്ക് നോക്കി ചോദിച്ചു സീത... "പുറത്തു നിന്ന് കഴിച്ചോളാമെന്ന്...കഴിച്ചോട്ടെ.. നിക്കെന്താ... അവിടെന്നും ഇവിടെന്നും കഴിച്ചിട്ട് എന്തെങ്കിലും സൂക്കേട് വന്നാൽ നോക്കാൻ ആൾക്കാരുണ്ടല്ലോ...നിക്കല്ലേ ആരും ഇല്ലാത്തത്..." പരിഭവത്തോടെ തന്നെ പറയുന്നവളെ കണ്ട് സീതക്ക് ചിരി വന്നു... "ആഹ്.. കൊണ്ട് പോയില്ലെങ്കിൽ വേണ്ട... ന്റെ മോളുടെ കയ്യോണ്ട് വെച്ചൊരുക്കിയത് കഴിക്കാൻ ആ ചെറുക്കന് യോഗമുണ്ടാവില്ല... നീ പോയി കാപ്പി കുടിക്ക് മോളെ... ഇനി ഇതോർത്തു വിഷമിക്കാൻ നിക്കണ്ട..." പയ്യിനെ തൊടിയിൽ കൊണ്ട് പോയി കെട്ടാനുള്ളതാണ്...അതോർത്തു കൊണ്ട് അവൾ വേഗം കാപ്പിയെടുത്തു കുടിച്ചു... രാവിലത്തെ പണികൾ ഒന്നൊതുങ്ങിയപ്പോൾ സീത വടക്കേ പുറത്തെ മുറ്റത്ത് വന്നിരുന്നു ഭദ്രയുടെ മുടി മുഴുവൻ ചീകി പിന്നിയിട്ട് കൊടുത്തു... രണ്ടു കൈകൊണ്ട് പിടിച്ചാലും ഒതുങ്ങാത്ത മുടിയാണ് പെണ്ണിന്...അതങ്ങനെ ഇടുപ്പ് വരെ നീണ്ടു കിടക്കുകയാണ്... സീത ഇടക്കൊന്നു പിന്നിയിട്ട് കൊടുക്കും എന്നല്ലാതെ അവളായിട്ട് നേരാംവിധം ശ്രദ്ധിക്കാറില്ല... കുളിച് വൃത്തിയിൽ നടക്കണം എന്നല്ലാതെ സൗന്ദര്യ പരിചരണത്തിന് നേരം കിട്ടാറില്ല ഭദ്രക്ക്... ഒരുകണക്കിന് സൗന്ദര്യത്തിന് മാറ്റ് കൂട്ടേണ്ട കാര്യവുമില്ല...കുഞ്ഞു വട്ടമുഖമാണ് അവൾക്... അഴകുള്ള പുരികകൊടികളും വിടർന്ന കണ്ണുകളും... നീണ്ടു കൂർത്ത മൂക്കും തുടുത്ത ചുണ്ടുകളുമായിട്ട് കണ്ണെടുക്കാൻ തോന്നാത്ത വിധം ചന്തമുള്ള പെണ്ണാണ്... താടിയിൽ ചേലുള്ളൊരു ചുഴിയുണ്ട്... കണ്ണ് തട്ടാതിരിക്കാൻ എന്നോണം ചുണ്ടിന് താഴെയൊരു കുഞ്ഞ് മറുകും... എപ്പോഴുമങ്ങനെ ചിരിച്ചു കളിച്ച്  കാണാറില്ലെങ്കിലും.. ആ പെണ്ണിന്റെ ചിരിക്കൊരു പ്രത്യേക ചേലാണ്... സീത മുടി മുഴുവൻ പിന്നിയിട്ട് കയ്യിലെ പഴയ വാൽക്കണ്ണാടി അവൾക്ക് നീട്ടി... കണ്ണാടിയിൽ മുഖം നോക്കിയവൾ കുഞ്ഞൊരു ചിരിയോടെ സീതമ്മയെ നോക്കി... പെട്ടന്നാണ് കഴുത്തിൽ ചേർന്ന് കിടക്കുന്ന മഞ്ഞ ചരട് അവൾ പതിയെ പുറത്തേക്ക് എടുത്തത്... മാറിനോളം നീണ്ടു കിടക്കുന്ന ആ ചരടിന്റെ അറ്റത്തൊരു നേർത്ത ആലിലതാലി ആ നെഞ്ചുയരത്തിൽ പറ്റി ചേർന്ന് കിടക്കുന്നത് കണ്ടതും... അത്ര നേരം ചെറു ചിരിയോടെ നിന്ന സീതയുടെ മുഖം മങ്ങി.... പേരിനൊരു താലി... അത്രയേ ഉള്ളൂ.... കഴുത്തിൽ കിടക്കുന്ന താലിയുടെ അവകാശങ്ങളൊന്നും തന്നെയില്ലാതെ എന്നെങ്കിലും ഇത് ചാർത്തി തന്നവൻ അംഗീകരിക്കുമെന്ന് കരുതി തന്റെ മകൾ ഇവിടെ കാത്തിരിക്കുമ്പോൾ... അവളെ നേരെയൊന്ന് കണ്ടിട്ട് പോലുമില്ലാത്തവൻ പിന്നെയും അവഗണിച്ചു കൊണ്ടിരിക്കുന്നു... "എല്ലാം ശരിയാവും സീതമ്മേ...ആദിയേട്ടന് എന്നെ അംഗീകരിക്കാൻ സമയം എടുക്കുമെന്നല്ലേ പറഞ്ഞത്... സമയം എടുത്തോട്ടെ... എന്നെങ്കിലും ഒരു ദിവസം ന്നോട് ഇഷ്ടമാണെന്ന് പറയും... സീതമ്മ നോക്കിക്കോ..." സീതയുടെ മനസ്സിൽ എന്താണ് തിരിച്ചറിഞ്ഞതും ഭദ്ര തന്റെ മുഖത്തെ വിഷമം അതിസമർഥമായി മായ്ച്ചു കളഞ്ഞ് പ്രതീക്ഷയുടെ മുഖാവരണം അണിഞ്ഞു... "ഭദ്രേ.....!!!" അകത്ത് നിന്ന് ആശ വിളിച്ചതും അവൾ വേഗം എഴുന്നേറ്റു ചെന്നു... ആശയുടെ മുറിയിൽ അവരെ കൂടാതെ ജയശ്രീയുമുണ്ട്... ഭദ്ര വന്നപാടെ ജയശ്രീ അവളെ അകത്തേക്ക് വിളിച്ചു.. "ഇന്നലെ ഞാൻ അങ്ങനെയൊക്കെ പറഞ്ഞത് നിനക്ക് വിഷമമായോ...?" ഭദ്ര ഒന്നും മിണ്ടിയില്ല... വിഷമമായില്ലെന്ന് പറഞ്ഞാൽ കള്ളമാകും... "അപ്പോഴത്തെ ദേഷ്യത്തിന് ഞാൻ ഓരോന്ന് പറഞ്ഞ് പോയി... ആ മോതിരം കിട്ടിയില്ലായിരുന്നെങ്കിൽ നീ കട്ടത് തന്നെയാണെന്ന് കരുതിയേനെ ഞാൻ..." അപ്പോഴും അവരുടെ മനോഭാവത്തിൽ മാറ്റമില്ലെന്നത് അവളെ വേദനിപ്പിച്ചു.. "ദാ... ഇത് പിടിക്ക്..." ജയശ്രീ ബെഡിൽ നിന്നൊരു കവർ എടുത്തവൾക്ക് നീട്ടി... "എന്താ.. ഇത്...?" മടിച്ചു മടിച്ചത് വാങ്ങുന്നതിനൊപ്പം ഭദ്ര ചോദിച്ചു.. "അഞ്ജു മോളുടെ പഴയ കുറച്ച് പാവാടയും കുപ്പായവുമൊക്കെയാ.... ഇന്നലത്തെ വിഷമം മറക്കാൻ നിനക്കെന്തെങ്കിലും തരാമെന്ന് ഓർത്തിട്ടാ... ഞാനിപ്പോ ഇതൊക്കെ അവളുടെ അലമാരയിൽ നിന്ന് തിരഞ്ഞെടുത്തുകൊണ്ട് വന്നത്... അവളിനി ഇതൊന്നും ഇടില്ല... നീയിട്ടോ..." അതുപറഞ്ഞപ്പോഴുള്ള അവരുടെ സ്വരത്തിലെ പരിഹാസം ഭദ്രക്ക് മനസിലായി... അവൾ ആശയെ ഇടം കണ്ണിട്ട് നോക്കി... ജയശ്രീ എന്തോ വലിയ കാര്യം ചെയ്ത മട്ടിലാണ് ആശയുടെ നോട്ടം...അതോടെ ഭദ്ര ഒന്നും മിണ്ടാതെ ആ കവറുമായി തന്റെ മുറിയിലേക്ക് നടന്നു... നല്ലതൊന്നും വാങ്ങി തരാറില്ല... സീതമ്മക്ക് തുണി വാങ്ങാനുള്ള കാശ് കൊടുക്കാറുണ്ട്.. അതിൽ നിന്ന് പിശുക്കി വെച്ചിട്ട് സീതമ്മയാണ് എന്തെങ്കിലും വാങ്ങി തരാറുള്ളത്... തന്നെയിവിടെ ഒരു മനുഷ്യജീവിയായിട്ട് പോലും പരിഗണിച്ചിട്ടില്ലെന്ന് അറിയാം... ഭദ്ര കഴിച്ചോ... ഭദ്ര ഉടുത്തോ... ഭദ്ര ഉറങ്ങിയോ... ഇന്നേവരെ ഇങ്ങനെയൊരു ചോദ്യം ആരിൽ നിന്നും കേട്ടിട്ടില്ല... സീതമ്മയോട് ചിലപ്പോഴൊക്കെ ആരേലും ചോദിക്കും... ആദിയേട്ടൻ പോലും ചോദിക്കുന്നത് കേട്ടിട്ടുണ്ട്.. അപ്പോഴും താനൊരാൾ ആ അടുക്കളപുറത്തുണ്ടെന്ന് ഓർക്കാറില്ല.... വേണ്ട... മോഹിച്ചാൽ അല്ലെ കിട്ടീലാന്ന് പരാതി പറയൂ... ഞാനൊന്നും മോഹിക്ക്ണില്യ... പക്ഷെ... ഒരേയൊരു മോഹം മാത്രം ഉള്ളിൽ കൊണ്ട് നടക്കുന്നുണ്ട്... ഒരു ദിവസം.. എന്നെങ്കിലും ഒരു ദിവസം... ഇഷ്ടമാണെന്ന് ഒരു വാക്ക്... ആ വായിൽ നിന്ന്... അത് മാത്രം കേട്ടാൽ മതി ഭഗവാനെ... തുടരും... #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #💌 പ്രണയം
💞 പ്രണയകഥകൾ - Part - 7 Bnlolomo 8 ூஅ Part - 7 Bnlolomo 8 ூஅ - ShareChat
പേരിനൊരു താലി 💫❣️ (Copyright protected) വൈകുന്നേരം പശുവിന് പുല്ലും വൈക്കോലുമെല്ലാം ഇട്ടു കൊടുത്ത് കാവുമ്പാട്ടെ മുറ്റം മുഴുവൻ അടിച്ചു വാരി കരിയിലകൾ കത്തിച്ചു കളഞ്ഞ് ഭദ്ര നേരെ മുറിയിലേക്ക് പോയി... കുളിച്ചു മാറാനുള്ളൊരു ദാവണിയെടുത്ത് അല്പം എണ്ണ നെറുകിൽ ഒഴിച്ചു നേരെ കുളക്കടവിലേക്ക് നടന്നു... തറവാടിന് പുറകിലെ തൊടിയിലൂടെ പത്തടി നടന്നാൽ കുളമാണ്... പടവുകളും മറപ്പുരയുമെല്ലാമുള്ള കുളത്തിന് ചുറ്റും മതിൽക്കെട്ടുണ്ട്... വൈകുന്നേരം ആ വഴിക്കൊന്നും ആരും വരാത്തത് കൊണ്ട് വിശാലമായി കുളിക്കാം... പുലർച്ചെ എഴുന്നേറ്റ് അടുക്കളയിൽ കയറും മുൻപൊരു കാക്കകുളി കുളിക്കുന്നത് കൊണ്ട് തൃപ്തി വരാറില്ല... വൈകുന്നേരങ്ങളിൽ കുളത്തിൽ വന്നൊരു നീരാട്ട് നടത്തിയില്ലെങ്കിൽ ഉറക്കം വരാത്തത് പോലെയാണ് ഭദ്രക്ക്... കുളപടവിലെ അരതിണ്ണയിൽ മാറാനുള്ള ഡ്രസ്സ് വെച്ച്, ഇട്ടിരുന്നതെല്ലാം അഴിച്ചു മാറ്റിയവൾ മാറ് മറച്ചൊരു മേൽമുണ്ട് ഉടുത്തു... പതിയെ വെള്ളത്തിലേക്ക് ഇറങ്ങി... കണ്ണുനീര് പോലെ തെളിഞ്ഞ വെള്ളമെന്ന് പറയാം... മൂവന്തി നേരമായത് കൊണ്ട് കുളത്തിനൊരു നേരിയ കുങ്കുമനിറമുള്ളത് പോലെ.... ഒന്ന് മുങ്ങി നിവർന്നപ്പോൾ തന്നെ മനസിന്‌ വല്ലാത്ത ഭാരക്കുറവ് തോന്നി... വീണ്ടും വീണ്ടും മുങ്ങി... പതിയെ നീന്തി തുടിച്ചുകൊണ്ട് അവൾ പടവിലേക് കയറി വന്നു... തിടുക്കത്തിൽ ഉണ്ടാക്കി കൊണ്ടുവന്ന താളിയെടുത്തു തലയിൽ തൂകി ഇടുപ്പിനോളം നീണ്ടു കിടക്കുന്ന മുടിയിൽ തേച്ചുപിടിപ്പിച്ചു...വൃശ്ചിക കാറ്റ് വന്ന് തഴുകി തലോടുമ്പോൾ അവൾക്ക് ദേഹമാകെ കുളിർന്നു... വീണ്ടുമൊന്ന് മുങ്ങി കുളിച്ചു കയറിയതും, മുടി മുഴുവൻ തോർത്ത്‌ മുണ്ടിൽ ചുറ്റി കെട്ടി... നേരം ഇരുണ്ട് തുടങ്ങി.. ഇനിയാരും ഈ വഴി വരില്ലെന്ന ഉറപ്പിൽ ചുറ്റി കെട്ടിയിരുന്ന കച്ചയിൽ കൈ തൊട്ടതും ചാരിയിട്ടിരുന്ന വാതിൽ തുറന്നൊരാൾ അകത്തു വന്നതും ഒരുമിച്ചായിരുന്നു... പെട്ടന്നൊരു ഞെട്ടലോടെ ഭദ്ര മുഖമുയർത്തി നോക്കുമ്പോൾ അവളെ കണ്ട് ഞെട്ടി നിൽക്കുകയാണ് ആദീശ്വർ...! കൊത്തിയെടുത്ത പോലുള്ള അവളുടെ ഉടലഴകിൽ ഒരുവേള തന്റെ മിഴികൾ ഉടക്കിയതും.... അവൻ പെട്ടന്ന് നോട്ടം മാറ്റി... ഭദ്ര വേഗം കയ്യെത്തിച്ചു മാറാനുള്ള വേഷമെടുത്തു ദേഹം പൊതിയാൻ ശ്രമിച്ചു... ആദി പെട്ടന്ന് പുറത്തേക്ക് കടന്നു... ഭദ്രയപ്പോഴും തരിച്ചു നിൽക്കുകയാണ്... ഈ കച്ചയെങ്ങാനും അഴിച്ചിരുന്നെങ്കിൽ തന്റെ മാനം കപ്പല് കയറിയേനെ... ഓർക്കുംതോറും അവളുടെ തൊലി പൊളിയുന്നത് പോലെ തോന്നി... തിടുക്കത്തിൽ വേഷം മാറിയവൾ എല്ലാം വാരികൂട്ടി പുറത്തേക്ക് ഓടിവരുമ്പോൾ ആദി കുറച്ചപ്പുറം മാറിയൊരു സിഗരറ്റ് പുകച്ചുകൊണ്ട് നിൽപ്പുണ്ട്... അവൻ വഴിയിൽ നിൽക്കുന്നത് കൊണ്ട് തന്നെ തനിക്ക് പോകാനൊരു തടസ്സമായി തോന്നിയവൾ അവനെ ദയനീയമായൊന്ന് നോക്കി... കണ്മുന്നിൽ നിൽക്കുന്ന പെണ്ണിന്റെ ഈറൻ മുഖവും മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിഴകളും ചെഞ്ചുണ്ടും കാണെ... അവൻ കയ്യിലെ സിഗരറ്റ് നിലത്തേക്കിട്ടു ചവിട്ടി...അൽപ്പ നേരം മുൻപ് തികച്ചും യാദൃശ്ചികമായി കണ്മുന്നിൽ കണ്ട മേനിയഴക് അവന്റെ മിഴികളെ തഴുകി കൊണ്ടിരുന്നു... "നീയി നേരത്ത് ഇവിടെയാണോ കുളിക്കുന്നെ...?" തികച്ചും ഗൗരവമേറിയ സ്വരം... "മ്മ്ഹ്ഹ്..." "നാളെ മുതൽ അത് വേണ്ട... കുളിമുറിയിൽ കുളിച്ചാൽ മതി..." അത് പറയുമ്പോഴാണ് അവന്റെ കയ്യിലെ ഒറ്റമുണ്ട് അവളുടെ കണ്ണിൽ തെളിഞ്ഞത്...അവൻ കുളപ്പടവിലേക്ക് നടന്നകന്നതും ഭദ്ര വേഗം വീട്ടിലേക്ക് ഓടി... "ന്നോട് കുളിക്കണ്ടാന്ന് പറയാൻ ഇങ്ങേര് ആരാ... കുളം ഇയാളുടെ മാത്രാണെന്നാ വിചാരം...! ഇവിടെ വരുമ്പോഴൊക്കെ കുളത്തിലൊരു കുളി പതിവുണ്ടെന്ന് അറിയാം.. പക്ഷെ അത് രാവിലെയല്ലേ... ഇതിപ്പോ തൃസന്ധ്യ നേരത്ത് ഭദ്രേടെ കുളിമുടക്കാൻ വന്നേക്കുവാ...?" "അയ്യേ...." പറഞ്ഞ് കഴിഞ്ഞവൾ നാക്ക് കടിച്ചു... "ഭഗവാനെ എന്തൊക്കെ വൃത്തികേടാ ഞാൻ വിളിച്ചു പറയണേ...ഞാൻ അങ്ങനെ ഉദ്ദേശിച്ചതല്ലാട്ടോ...ആരും കേൾക്കാതിരുന്നത് ഭാഗ്യം...." നേരിയ ചമ്മലോടെ ഈറൻ മാറിയ തുണികൾ അയയിൽ വിരിച്ചിട്ടുകൊണ്ട് അവൾ തിടുക്കത്തിൽ അടുക്കളയിലേക്ക് ചെന്നു... "എടി പെണ്ണേ....!" അടുക്കള വാതിൽക്കൽ വന്നു നിൽക്കുന്ന ജയശ്രീയുടെ സ്വരം കേട്ടവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി... "എന്താ ജയമ്മേ...?" "ഹ്മ്.. എഞ്ചാ ജയമ്മേ.. ഇങ്ങോട്ട് വാടി... നീയിന്ന് ദേവിന്റെ മുറി അടിച്ചു തുടച്ചോ...??" പരിഹാസവും കോപവും കൂടികലർന്ന സ്വരത്തിൽ അവർ അലറി... ഭദ്ര പരിഭ്രമത്തോടെ അങ്ങോട്ട് വന്നു.. "അവന്റെ മുറിയിലെ ടേബിളിൽ ഒരു മോതിരം വെച്ചിരുന്നല്ലോ... ഉച്ചക്ക് അതവിടെ കാണാനില്ല...നീയത് എടുത്തോ...??" അവരുടെ ചോദ്യം കേട്ടതും ഭദ്ര ഞെട്ടിപ്പോയി... "ചോദിച്ചത് കേട്ടില്ലേ നീയത് എടുത്തോന്ന്...!!??" അവരുടെ ഉച്ചത്തിലുള്ള സ്വരം കേട്ട് അഞ്ജുവും ദേവും സീതയുമൊക്കെ അങ്ങോട്ടെത്തി... "ഞ്.. ഞാൻ...കണ്ടില്ല ജയമ്മേ... മുറി അടിച്ചു തുടച്ച് അപ്പൊ തന്നെ ഞാനിങ്ങു പോന്നു..." "കള്ളം പറയുന്നോടി...നീയാ മുറിയിൽ കയറുന്ന വരെ അതവിടെ ഉണ്ടായിരുന്നു.. അല്ലേടാ...??" ജയശ്രീയുടെ ചോദ്യം കേട്ടതും അവിടെ കാഴ്ചകാരനായി നിന്നിരുന്ന ദേവ് തലയനക്കി... "എന്താ ജയശ്രീ... എന്താ പ്രശ്നം...??" അപ്പോഴാണ് ലക്ഷ്മിയമ്മയും ആശയും അങ്ങോട്ടെത്തിയത്... "അമ്മേ.. ദേവിന്റെ സ്വർണ മോതിരം മുറിയിൽ മേശപ്പുറത്തുണ്ടായിരുന്നു... ഈ പെണ്ണ് വന്ന് അടിച്ചു തുടച്ചു പോയേപ്പിന്നെ അതവിടെ കാണുന്നില്ല...അവളെടുത്തതാകാനെ തരമുള്ളൂ..." "അയ്യോ... സത്യമായിട്ടും ഞാൻ എടുത്തില്ല ജയമ്മേ... നിക്കെന്തിനാ സ്വർണമോതിരം..." "ഓഹ്.. പിന്നെ കിട്ടിയ തക്കത്തിന് കട്ടതും പോരാ അവള് ചോദിക്കുന്നത് കേട്ടില്ലേ..." ജയശ്രീയുടെ വാക്കുകളോരൊന്നും അവളുടെ ഹൃദയത്തിൽ മുറിവേല്പിച്ചു കൊണ്ടിരുന്നു... കണ്ണ് നിറഞ്ഞു തൂവുമ്പോൾ നിസഹായയായി അവൾ ലക്ഷ്മിയമ്മയെ നോക്കി... "നീയെടുത്തോ ഭദ്രേ...?" അവരുടെ ചോദ്യം കേട്ടതും നിറഞ്ഞ കണ്ണുകളോടെ അവൾ ഇല്ലെന്ന് തലയനക്കി... "അവളെടുത്തു കാണില്ല ജയശ്രീ... നീ മുറി മുഴുവൻ നോക്കിയോ..." "എല്ലായിടത്തും നോക്കി... അല്ലെങ്കിൽ തന്നെ ഈ തലതെറിച്ചവന് അതെന്റെ കയ്യിൽ കൊണ്ട് വന്ന് തരാമായിരുന്നു...ഇവളൊക്കെ കയറി നിരങ്ങുന്ന മുറിയിൽ ഇട്ടിട്ട് പോയേക്കുന്നു...!!" "ഭദ്രേ... നീ എടുത്തതാണെങ്കിൽ ഇപ്പൊ തന്നെ തിരിച്ചു തന്നേക്ക്..." അഞ്ജു അല്പം കാര്യത്തിൽ പറഞ്ഞതും ഭദ്ര നിസ്സഹായയി നിന്ന് കരഞ്ഞു... "ഞ്.. ഞാൻ.. എടുത്തിട്ടില്ല.... ഭാഗവനാണെ സത്യം...എനിക്കാരുടേം സ്വർണ്ണവും പണവുമൊന്നും വേണ്ടാ...." ഭദ്ര വാ പൊത്തി കരഞ്ഞു... "നീയെടുത്തിട്ടില്ലെങ്കിൽ പിന്നെയാരാടി....?? മുഖത്ത് നോക്കി കള്ളം പറയുന്നോ....!!??" ജയശ്രീ പെട്ടന്നൊരു ദേഷ്യത്തിൽ അവളെ പിടിച്ചു തള്ളിയതും ഭദ്ര പുറകിലേക്ക് വേച്ചു പോയി... പെട്ടന്ന് ഹാളിലേക്ക് കയറി വന്ന ആദിയുടെ നെഞ്ചോരം ചെന്നിടിച്ചതും... അവൻ അവളെ വീഴാതെ താങ്ങി പിടിച്ചു.... ഭദ്ര ഞെട്ടലോടെ തിരിഞ്ഞു നോക്കി... കുളികഴിഞ്ഞു ഈറൻ ദേഹവുമായി വരുന്നവൻ ഒരു മുണ്ട് മാത്രമേ ഉടുത്തിട്ടുള്ളു... മറ്റൊരു മേൽമുണ്ട് കൊണ്ട് ദേഹം പുതച്ചിട്ടുണ്ട്... അവന്റെ കരുത്തുറ്റ ദേഹത്തേക്ക് വീണു പോയവൾ പെട്ടന്നൊരു പിടച്ചിലിൽ അകന്നു മാറി... "എന്താ അമ്മായി... എന്താ കാര്യം...?" ഭദ്രയുടെ തേങ്ങൽ ഇനിയും നിലച്ചിട്ടില്ലാത്തത് കൊണ്ട് ആദിക്ക് എന്തോ പന്തികേട് തോന്നി... "ദേവിന്റെ മോതിരം മുറിയിലെ മേശപ്പുറത്ത് വെച്ചിരുന്നു... ഈ പെണ്ണ് അടിച്ചു തളിച്ച് പോയതിൽ പിന്നെ അത് കാണുന്നില്ല..." ഭദ്ര കരഞ്ഞുകൊണ്ട് തന്നെ ഇല്ലെന്ന് തലയനക്കി...ആദി അവളെ നോക്കിയില്ല... "നീ മേശപ്പുറത്തു തന്നെയാണോ വെച്ചത്...?" ദേവിനോടുള്ള അവന്റെ ചോദ്യം കേട്ടതും ജയശ്രീക്ക് ചൊടിച്ചു... "അവൻ അവിടെ തന്നെയാ വെച്ചത്... ഞാൻ കള്ളം പറയോ....?" "അമ്മായി കള്ളം പറഞ്ഞെന്നല്ല... അവൻ മറ്റെവിടെയെങ്കിലും മറന്ന് വെച്ചതാണെങ്കിലോ..." "ഏയ്‌.. അല്ല.. ഞാൻ ടേബിളിൽ തന്നെയാ വെച്ചത്...!" ദേവ് അമ്മയുടെ പക്ഷം പിടിച്ചു.. "മോതിരം ടേബിളിൽ ഇരിക്കുന്നത് നീ കണ്ടിരുന്നോ...?" അവന്റെ ചോദ്യം ഭദ്രയുടെ നേർക്ക് നീണ്ടു... "കണ്ടില്ല..." ഭദ്ര കണ്ണുകൾ തുടച്ചുകൊണ്ട് അവനെ നിസ്സഹായയായി നോക്കുമ്പോഴേക്കും അവൻ മുഖം തിരിച്ചു.. ജയശ്രീക്ക് ദേഷ്യം വന്നു... രണ്ട് കൊടുത്തിട്ട് എടുത്ത മുതലിങ്ങു തിരിച്ചു തരാൻ പറയാതെ... അവിടിരിക്കുന്നത് കണ്ടോ ന്ന്...ഹ്മ്... "ദേവ് വാ... നമുക്കൊന്ന് കൂടി നോക്കാം..." അവൻ ദേവിനെയും കൊണ്ട് മുകളിലേക്ക് കയറി പോയി... ജയശ്രീയുടെ കൂർത്ത നോട്ടം ഭദ്രക്ക് നേരെയായിരുന്നു.. അവൾ മുഖം കുനിച്ചു നിന്നു... ലക്ഷ്മിയമ്മക്ക് കാലിന് വയ്യാത്തത് കൊണ്ട് അവർ മുകളിലേക്ക് കയറാറില്ല... അതുകൊണ്ട് തന്നെ അവരൊഴികെ ബാക്കി എല്ലാവരും മുകളിലേക്ക് ചെന്നു... ദേവിനെയും കൂട്ടി അവന്റെ മുറി മുഴുവൻ തിരയുകയാണ് ആദി... വാതിൽക്കൽ നിൽക്കുന്നവരെയൊന്നും കാര്യമാക്കാതെ അവൻ തിരച്ചിൽ തുടർന്നു... "നീയെന്തിനാ മോതിരം ഊരി വെച്ചത്...?" "അത്.. ലൂസായി കൊണ്ടിരിക്കാ... അതുകൊണ്ട് മാറ്റി വാങ്ങാമെന്ന് അമ്മ പറഞ്ഞിരുന്ന്.. കുളിക്കാൻ പോകും മുൻപ് ഞാൻ ഊരി വെച്ചതാ..." "ബാത്‌റൂമിൽ നോക്കിയോ...?" "ഇല്ല... പക്ഷെ... ഞാനിവിടെ നിന്നാ അതഴിച്ചു വെച്ചത്..." "എങ്കിലും പോയൊന്നു നോക്കിയിട്ട് വാ..." അവൻ പറഞ്ഞത് കേട്ട് ദേവ് ബാത്‌റൂമിൽ കയറി നോക്കി... അപ്പോഴാണ് ദേവിന്റെ വസ്ത്രങ്ങൾ ഹാങ് ചെയ്തിടുന്ന സ്റ്റാൻഡിൽ ആദിയുടെ കണ്ണുകൾ ഉടക്കിയത്... അവൻ വെറുതെ ആ ഡ്രസുകൾക്ക് ഇടയിലൊന്ന് പരതി... ഓരോ പാന്റ്സും എടുത്ത് അതിന്റെ പോക്കറ്റിൽ കൂടി തിരഞ്ഞതും പെട്ടന്നൊരു പോക്കറ്റിൽ നിന്ന് മോതിരം നിലത്തു വീണു കറങ്ങി.... ആദിയുടെ കണ്ണുകൾ ജയശ്രീയുടെ നേർക്ക് നീണ്ടു വന്നതും അവരൊരു വല്ലായ്മയിൽ മുഖം കുനിച്ചു... ആദി മോതിരമെടുത്തു ദേവിന്റെ കയ്യിൽ ഏല്പിച്ചു... "ഇതാണോടാ നീ മേശയിൽ വെച്ചെന്ന് പറഞ്ഞത്..?" "അത്... പിന്നെ... ആദിയേട്ടാ... ഞാൻ... മറന്ന് പോയി..." "ഒന്നങ്ങു വെച്ച് തന്നാലുണ്ടല്ലോ... വെറുതെ സീനുണ്ടാക്കാൻ ആയിട്ട്..." ആദി കയ്യൊങ്ങിയപ്പോഴേക്കും ദേവ് കവിൾ പൊത്തി... ആദി വേഗം മുറി വിട്ടിറങ്ങി.. വാതിലിനോരം നിറകണ്ണുകളുമായി നിൽക്കുന്ന പെണ്ണിനെ അവനൊന്ന് നോക്കിയത് കൂടിയില്ല...എങ്കിലും അവളുടെ മനസ് നിറഞ്ഞു... മറ്റുള്ളവരെ പോലെ നീയെടുത്തോന്ന് പോലും ചോദിച്ചില്ലല്ലോ... ഇഷ്ടമില്ലെങ്കിലും തനിക്ക് വേണ്ടി നിന്നല്ലോ....! ഉള്ളിലെ വേദന മുഴുവൻ മറന്നു കളയാൻ അവൾക്കത് മതിയായിരുന്നു... ബാക്കിയെല്ലാവരും തെളിച്ചമില്ലാത്തൊരു മുഖത്തോടെ നിൽക്കെ, ഭദ്ര താഴേക്ക് ഓടിയിറങ്ങി... "മോതിരം കിട്ടിയോ...?" താഴെയിരുന്ന ലക്ഷ്മിയമ്മ സംശയത്തോടെ ചോദിച്ചു... "ദേവിന്റെ പാന്റിന്റെ പോക്കറ്റിൽ ഉണ്ടായിരുന്നു... ആദിയേട്ടൻ കണ്ടു പിടിച്ചു..." ഏറെ സന്തോഷത്തോടെ പറഞ്ഞുകൊണ്ട് തിടുക്കത്തിൽ അടുക്കളയിലേക്ക് ഓടുന്നവളെ കണ്ടതും അവർക്ക് അരിശം വന്നു...ആദിയേട്ടൻ എന്നുള്ള സംബോധനയും അവർ ശ്രദ്ധിക്കാതിരുന്നില്ല... ഭദ്ര ഓടിച്ചെന്ന് സീതയെ കെട്ടിപിടിച്ചു... "കിട്ടി അമ്മേ... ദേവിന്റെ പോക്കറ്റിൽ ഉണ്ടായിരുന്നു... ആദിയേട്ടൻ... നിക്ക് വേണ്ടി.... കണ്ടു പിടിച്ചു അമ്മേ...." ചെറിയൊരു കിതപ്പോടെ തന്നെയവൾ പറയുമ്പോൾ സീതക്ക് അതിശയം തോന്നി..ഒപ്പം ബാക്കിയുള്ളവരോട് ദേഷ്യവും... "കൊല്ലം കുറെയായില്ലേ നമ്മൾ ഇവിടെ ജോലിയെടുക്കുന്നു... അനാവശ്യമായി ഒരു കടുകുമണി പോലും എടുത്തിട്ടില്യാലോ... അടിക്കാനും തുടക്കാനും അല്ലാതെ ഇന്നേവരെ അവരുടെ മുറിയിലൊന്നും കയറിയിട്ടും ഇല്യ... എന്നിട്ടും ഒരു പ്രശ്നം വന്നപ്പോൾ നമ്മളെ കള്ളിയാക്കാൻ നോക്കിയത് കണ്ടോ... നന്ദികെട്ട വർഗം...!! ന്റെ മോള് വിഷമിക്കണ്ട... നീയങ്ങനെ ചെയ്യില്ലെന്ന് അമ്മയ്ക്കറിയാം... ആ ലക്ഷണം കെട്ടവൻ എവിടെയെങ്കിലും കൊണ്ട് കളഞ്ഞതാകുംന്ന് എനിക്ക് ഉറപ്പായിരുന്നു...അതൊന്ന് കിട്ടാൻ വേണ്ടി ഭഗവാനോട് പ്രാർത്ഥിക്കായിരുന്നു ഞാൻ...." ഭദ്ര ഏറെയിഷ്ടത്തോടെ ആ കവിളിൽ പിടിച്ചൊന്ന് താലോലിച്ചു... "അത്താഴത്തിനുള്ളത് ആയോ സീതമ്മേ...ഞാൻ എടുത്തു വെക്കാം...." ഉള്ളിലെ വിഷമമെല്ലാം മറന്നവൾ വേഗം പാത്രങ്ങളിൽ ഓരോ വിഭവങ്ങൾ എടുത്ത് ഊണ് മേശയിൽ കൊണ്ട് വെച്ചു... സീതയുടെ മനസ്സിൽ അപ്പോഴും ഭദ്ര പറഞ്ഞ കാര്യമായിരുന്നു... ആദിയേട്ടൻ നിക്ക്... വേണ്ടി.. കണ്ടുപിടിച്ചു... ഭദ്രക്ക് വേണ്ടി ആദിയങ്ങനെ ചെയ്യുമെന്ന് അവർക്ക് തോന്നിയില്ല... കുറെ കൊല്ലങ്ങൾക്ക് മുൻപാണെങ്കിൽ ചെയ്യുമായിരുന്നു... ഭദ്രയെന്ന് വെച്ചാൽ അവന് അഞ്ജുവിനെ പോലെയായിരുന്നു... കിട്ടുന്ന മിട്ടായിയും കളിപ്പാട്ടവുമെല്ലാം അവൾക്ക് കൂടി കൊണ്ടു വന്ന് കൊടുക്കും... ശ്രീക്കുട്ടിയെന്ന് വിളിക്കുന്നതും കേട്ടിട്ടുണ്ട്... പിന്നെയൊരിക്കൽ വാല്യക്കാരി കുട്ടിയോട് കൂട്ട് കൂടിയതിന്റെ പേരിൽ ലക്ഷ്മിയമ്മയും ആശയും അവനെ കണക്കിന് ശകാരിച്ചു... ഉള്ളിൽ അത്രയും വിഷമല്ലേ... അവനിലേക്കും പകർന്നു കൊടുത്തു കാണും... അതിൽ പിന്നെ അവൻ അവളെ ശ്രദ്ധിക്കാറില്ല... അര ട്രൗസറിൽ നിന്നു പാന്റും മുണ്ടും ഉടുത്തു തുടങ്ങിയതിൽ പിന്നെ ആദിയുടെ കുട്ടിത്തം പാടെ ഇല്ലാതായി.. ഒത്ത പുരുഷനെ പോലെയായി ചിന്തയും വാക്കും പ്രവർത്തിയുമൊക്കെ... തന്നോടുള്ള അനുകമ്പ പോലും അവൻ ഭദ്രയോട് കാണിക്കാറില്ലെന്നത് അവർ മനസ്സിലാക്കി... അന്ന് രാത്രിയും അത്താഴം കഴിഞ്ഞ് കൈ കഴുകാൻ നേരം ആദി സീതയെ ശ്രദ്ധിച്ചു... അടുക്കള വാതിൽക്കൽ എന്തോ ഓർത്തിട്ടെന്ന പോലെ നിൽപ്പുണ്ട്... "സീതമ്മായി...കഴിച്ചോ?" അവന്റെ ചോദ്യം കേട്ടവർ ചിന്തയിൽ നിന്നുണർന്നു... "ഇല്ല... " അതും പറഞ്ഞവർ പുറകിലെ വരാന്തയിലേക്ക് ഒന്നെത്തി നോക്കി... അവിടെ അരണ്ട വെളിച്ചത്തിൽ പുറത്തെ ഇരുട്ടിലേക്ക് നോക്കി ഓരോ വറ്റ് കൊത്തി പെറുക്കുകയാണ് ഭദ്ര... പാവം കുട്ടി.... മനസ്സിലൊരു വിങ്ങലോടെ സീത അടുക്കളയിലേക്ക് ചെന്നു.... 💫💫💫💫💫💫 പിറ്റേന്ന് പുലർച്ചെ ഭദ്ര എഴുന്നേറ്റ് കുളിച് സീതയോടൊപ്പം അടുക്കളയിൽ കയറി.. ആദിയേട്ടൻ ഇനി മുതൽ ഇവിടെ നിന്നുകൊണ്ടാണ് ജോലിക്ക് പോകുന്നതെന്ന് തലേന്ന് ആശമ്മ പറയുന്നത് കേട്ടു... അതുകൊണ്ട് ഉച്ചത്തേക്ക് ഭക്ഷണം കൊണ്ട് പോകണമെന്നും ഇഷ്ടപ്പെട്ട കറികൾ എല്ലാം കൂട്ടിയൊരു ഊണ് കാലമാക്കണം എന്നും നിർദേശിച്ചിരുന്നു... സീത ചായയും പലഹാരവും ഒരുക്കുന്നതിനിടെ ഭദ്ര ചോറും കറികളും വെച്ചുണ്ടാക്കി... തോരനും മെഴുക്കുപുരട്ടിയും ഒഴിച്ചു കറിയും എല്ലാം തിടുക്കത്തിൽ ഉണ്ടാക്കി വെച്ച് ചോറും പാത്രത്തിൽ ആക്കി... കറികൾ എല്ലാം ഓരോ പാത്രത്തിൽ വെച്ച്, ടിഫിൻ ബാഗിൽ അടുക്കി വെച്ചു... ഇതിനിടെ എല്ലാവരും ബ്രേക്ഫാസ്റ്റ് കഴിച്ച് എഴുന്നേറ്റ് പോയെന്ന് കണ്ടതും അവൾ ആ ടിഫിൻ ബാഗ് എടുത്തു സീതമ്മയുടെ കയ്യിൽ കൊടുത്തു.. "കൊണ്ട് കൊടുക്കുമോ സീതമ്മേ...?" "എനിക്കൊന്നും വയ്യ കുട്ടി... നിന്റെ ഭർത്താവല്ലേ... നീ തന്നെ കൊണ്ട് പോയി കൊടുക്ക്..." കളിയായി പറഞ്ഞുകൊണ്ട് അവർ ആ ബാഗ് അവളെ തിരിച്ചേല്പിച്ചു... ആ വാക്കുകൾ അവളുടെ ഹൃദയത്തിൽ കുളിരേകി.. കൊണ്ട് പോയി കൊടുക്കാൻ മോഹമില്ലാഞ്ഞിട്ടല്ല... പക്ഷെ... ന്റെ കയ്യിന്ന് വാങ്ങുവോ...? എന്നെ തന്നെ ഇഷ്ടല്ല.. അപ്പോഴാ ഈ കൈകൊണ്ട് വെച്ചുണ്ടാക്കിയ ഭക്ഷണം... അവളോർത്തു... "ആലോചിച്ചു നിക്കാതെ ചെല്ല് മോളെ... " സീത നിർബന്ധിച്ചപ്പോൾ അവൾ ആ ബാഗുമായി ഹാളിലേക്ക് ചെന്നു... ഓഫീസിലേക്ക് ഇറങ്ങാൻ നേരം അമ്മമ്മയുടെ അനുഗ്രഹം വാങ്ങുകയാണ് ആദി... കറുത്ത പാന്റും ടക് ഇൻ ചെയ്ത വെള്ള ഷർട്ടും ഇട്ട്... പ്രത്യേകമായൊരു അഴകോടെ നിൽക്കുന്നവൻ ഭദ്രയുടെ കണ്ണിലൊരു അത്ഭുതമായി മാറി... ഒരു ഞൊടിയിൽ അവളാ രൂപം മനസ്സിലേക്ക് പതിച്ചെടുത്തു... "എന്താ ഭദ്രേ..?" ലക്ഷ്മിയമ്മയുടെ ഗൗരവമേറിയ ചോദ്യം കേട്ട് ആദി തിരിഞ്ഞു നോക്കി... തുടരും... രാവിലത്തേക്കാൾ വലിയ പാർട്ട്‌ ആണേ... കമന്റ്‌സ് തരണേ.... 🥰🥰 #💞 പ്രണയകഥകൾ #📙 നോവൽ #💌 പ്രണയം #📔 കഥ #📝 ഞാൻ എഴുതിയ വരികൾ
💞 പ്രണയകഥകൾ - Part - 6 Bnlolomor8 ூஅ Part - 6 Bnlolomor8 ூஅ - ShareChat
പേരിനൊരു താലി💫❣️ അന്ന് രാത്രി അത്താഴം കഴിക്കുമ്പോഴും ഭദ്രയെ ആരും വിളിച്ചില്ല... അങ്ങനെയൊരു വിവാഹമേ നടന്നിട്ടില്ലെന്ന മട്ടിൽ അവരുടെ കുടുംബകാര്യങ്ങളും കളിയും ചിരിയുമായി എല്ലാവരും അത്താഴം കഴിച്ചെഴുന്നേറ്റ് പോകുമ്പോൾ പതിവ് പോലെ കഴിക്കുകയാണ് അടുക്കളപുറത്തെ വരാന്തയിൽ ഇരുന്നു ഭദ്ര.. അവർക്ക് അത്യാവശ്യം വരുന്നതെന്തെങ്കിലും എടുത്തു കൊടുക്കേണ്ടി വരുമെന്നത് കൊണ്ട് സീത കഴിക്കാൻ ഇരുന്നില്ല... അപ്പോഴും പിന്നാമ്പുറത്തെ ഉമ്മറകോലായിൽ ഇരിക്കുന്നവളുടെ മനോവേദന അവരെ അലട്ടുന്നുണ്ടായിരുന്നു... ആദി പോലും യാതൊന്നും സംഭവിക്കാത്ത മട്ടിൽ ഇരിക്കുന്നത് കാണെ അവർക്ക് അവനോട് വല്ലാത്ത ദേഷ്യം തോന്നി... എന്നിട്ടും മനസ്സുകൊണ്ട് അവനെ ശപിക്കാതിരിക്കാൻ അവർ ശ്രമിച്ചു... "കഴിച്ചോ സീതമ്മായി...?" കൈ കഴുകി മുകളിലേക്ക് പോകാൻ നേരം അടുക്കളവാതിൽക്കൽ നിൽക്കുന്ന സീതയോട് അവൻ തിരക്കി... "ഇല്ല..." ഒട്ടും താല്പര്യം ഇല്ലാത്ത മട്ടിൽ മറുപടി പറഞ്ഞുകൊണ്ട് അവർ അടുക്കളയിലേക്ക് നടന്നു... "താലി കെട്ടിയ ഒരുത്തിയിവിടെ കഴിക്കുന്ന വറ്റ് തൊണ്ടയിൽ നിന്നിറങ്ങാതെ ഇരിക്കുന്നു അപ്പോഴാ അവന്റെയൊരു അന്വേഷണം..." അവർ ദേഷ്യം മറയ്ക്കാൻ പിറുപിറുത്തുകൊണ്ടിരുന്നു.. എല്ലാവരും കിടക്കാൻ പോയപ്പോൾ സീത വേഗം രണ്ട് ഉരുള വാരി കഴിച്ച് പാത്രങ്ങൾ കഴുകി വെച്ചു.. അപ്പോഴാണ് അടുക്കളവാതിൽക്കൽ ആശ വന്നു നിൽക്കുന്നത് കണ്ടത്... "ഭദ്ര എവിടെ... അവൾ ഉറങ്ങിയോ...?" ആ ചോദ്യത്തിൽ സീതക്കെന്തോ ഒരു പ്രതീക്ഷ തോന്നി...ഒരുപക്ഷെ അവളെ ആദിയുടെ മുറിയിൽ കിടത്താൻ വേണ്ടിയായിരിക്കുമോ... "മോളെ... ഒന്നിങ്ങു വന്നേ...." സീത വിളിച്ചപാടെ മുറിയിൽ കിടക്കാനൊരുങ്ങിയ ഭദ്ര എഴുന്നേറ്റ് വന്നു...അപ്പോഴാണ് വാതിൽക്കൽ നിൽക്കുന്ന ആശയെ കണ്ടത്... അവളൊരു തണുത്ത ചിരിയോടെ അവരെ നോക്കി... "ആഹ്.. മോളെ... ഞാൻ പറഞ്ഞതൊന്നും മറന്നിട്ടില്ലല്ലോ... അവന് നിന്നെ സ്നേഹിക്കാനും അംഗീകരിക്കാനും സമയം എടുത്തേക്കും.. അതുവരെ നീയൊന്ന് ക്ഷമിക്കണം... ഇന്നലെ വരെ എങ്ങനെയായിരുന്നു അതുപോലെ തന്നെ കഴിയണം... പതിയെ അവന്റെ മനസ്സിലേക്ക് കയറി പറ്റി കഴിഞ്ഞാൽ പിന്നെയാ ജീവിതത്തിലേക്ക് കയറാനും എളുപ്പമായിരിക്കും...അതുകൊണ്ട് അല്പം സാവകാശം കൊടുക്കണം..കേട്ടോ.. പോയി ഉറങ്ങിക്കോ..." അതും പറഞ്ഞവർ സീതയെ നോക്കാതെ തന്നെ അവിടെ നിന്നും നടന്നകന്നു... ഭദ്ര അതേ നിൽപ്പ് നിന്നു... "എന്റെ മോള് വിഷമിക്കണ്ട... കണ്ണിൽ ചോരയില്ലാത്ത വർഗം..! അവന്റെ മനസ്സിലേക്ക് കയറി പറ്റുന്നത് വരെ ക്ഷമിക്കണം പോലും... രണ്ടിനെയും രണ്ടറ്റത്ത് കൊണ്ടിട്ടാൽ എങ്ങനെ മനസ്സിൽ കയറി പറ്റും... താലി കെട്ടിയവനും കണക്കാ.. ഈ നേരം വരെ നിന്നെയൊന്നു തിരിഞ്ഞു നോക്കിയില്ലല്ലോ... ഹൃദയമിരിക്കുന്നിടത്ത്‌ കല്ലാവാനേ വഴിയുള്ളു...ഹ്മ്... നാല് നേരം ഇതുങ്ങൾക്ക് വെച്ചൊരുക്കിയാണല്ലോ എന്റെ കയ്യും നടുവും തളരുന്നത്..." സീതക്ക് ദേഷ്യം വന്നാൽ അതൊന്ന് അടങ്ങും വരെ അവർ പിറുപിറുത്ത്കൊണ്ടിരിക്കും...അതവൾക്ക് അറിയാം... "സാരമില്ല സീതമ്മേ...എല്ലാം അറിഞ്ഞിട്ട് തന്നെയല്ലേ ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത്.. അതുകൊണ്ട് ഞാൻ കാത്തിരുന്നോളാം... നിക്കൊരു പരാതിയും ഇല്ല..." കണ്ണുകൾ കലങ്ങിയെങ്കിലും അത്രയും പറഞ്ഞവൾ മുറിയിലേക്ക് തിരികെ പോയി... കണ്ണടക്കുമ്പോൾ ഒരേയൊരു കാഴ്ച മാത്രം... തന്റെ നേരെ താലിയുമായി നീളുന്ന ആദിയുടെ കൈകൾ...! തലയിണ നനഞ്ഞു തുടങ്ങിയപ്പോൾ എന്തോ വാശി പോലെ കണ്ണുകൾ അമർത്തി തുടച്ചവൾ നിദ്രാദേവിയെ കാത്തു കിടന്നു... ****** "എന്താ നിന്റെ പ്ലാൻ...? ഇനിയങ്ങോട്ട് ഇവിടെ നിൽക്കുകയല്ലേ..എറണാകുളത്തേക്ക് തിരിച്ചു പോകുന്നില്ലല്ലോ..?" രാവിലെ കാപ്പികുടിയെല്ലാം കഴിഞ്ഞ് ഹാളിൽ ഇരുന്നു സംസാരിക്കുകയാണ് ശിവാനന്ദനും ആദിയും... "ഞാൻ ഇനി പോകുന്നില്ല... അമ്മാവൻ പറഞ്ഞ ഓഫർ ഞാൻ സ്വീകരിക്കുകയാ... ഇനിയങ്ങോട്ട് നമ്മുടെ കമ്പനിക്ക് വേണ്ടി വർക്ക്‌ ചെയ്യാമെന്നാ എന്റെ തീരുമാനം..." "മ്മ്ഹ്ഹ്.. എങ്കിൽ നാളെ വന്ന് ജോയിൻ ചെയ്തോ.. കാര്യങ്ങൾ എല്ലാം ഞാൻ മാനേജരോട് പറഞ്ഞേൽപ്പിക്കാം.." അവരുടെ സംഭാഷണത്തിനിടയിലാണ് ഭദ്ര ചൂലും മോപ്പുമായി മുകളിലേക്ക് കയറി പോയത്.. എന്നും രാവിലെ വീട് മുഴുവൻ തുടച്ചു വൃത്തിയാക്കുന്ന നേരമാണത്... അവൾ കയറി പോകുന്നത് ആദി കണ്ടില്ലായിരുന്നു... മുകളിലെ മുറികൾ എല്ലാം തുടച്ചു കഴിഞ്ഞവൾക്ക് ആദിയുടെ മുറിയുടെ മുന്നിൽ എത്തിയപ്പോൾ വല്ലാത്തൊരു സങ്കോചം തോന്നി... കയറണോ... ഇന്നലെ വരെ ഒരു അടിച്ചുതളിക്കാരിയുടെ കടമ പോലെയാണ് കയറിയിരുന്നത് എങ്കിൽ ഇന്ന് താൻ പേരിനെങ്കിലും ആദിയുടെ ഭാര്യയാണ്...ഒരു ഭാര്യയുടെ അവകാശത്തിൽ കയറാൻ ആവില്ലെങ്കിലും അങ്ങനെ കഴിഞ്ഞിരുന്നുവെങ്കിൽ എന്നൊരു മോഹം അവളുടെയുള്ളിൽ കുമിഞ്ഞു കൂടി... പതിയെ വാതിൽ തുറന്നവൾ അകത്തേക്ക് കയറി... ഒരു ചുളിവ് പോലുമില്ലാതെ വൃത്തിയിൽ വിരിച്ചിട്ടിരിക്കുന്ന ബെഡ്ഷീറ്റ്... പുതപ്പ് മടക്കി വെച്ചിട്ടുണ്ട്.. എന്തിനോ അവളുടെ കണ്ണുകൾ അതിൽ ഉടക്കി നിന്നു... പിന്നെ പെട്ടന്ന് ചൂലെടുത്തു തറ മുഴുവൻ അടിച്ചു വാരി... കറുത്ത ടൈൽസ് പതിച്ച തറയാണ്... അത് മിനുങ്ങുന്ന വിധം തുടച്ചു കാണണമെന്ന് ആദിക്ക് നിർബന്ധം ഉണ്ട്.. അവനില്ലാത്തപ്പോൾ പോലും ഒന്നിടവിട്ട ദിവസങ്ങളിൽ അവൾ അടിച്ചു തുടക്കാറുണ്ട്... അടിച്ചു വാരി കഴിഞ്ഞ്, ബാത്‌റൂമിൽ നിന്ന് വെള്ളം ബക്കറ്റിൽ എടുത്തു തുടക്കാൻ ഒരുങ്ങുമ്പോഴാണ് ആദി മുറിയിലേക്ക് വന്നത്.. ആദ്യം അവളെ കണ്ടപ്പോൾ അവന്റെ പുരികം ചുളുങ്ങിയെങ്കിലും പിന്നെയവൻ കാര്യമാക്കാതെ അകത്തേക്ക് വന്ന് ടേബിളിനടുത്തുള്ള ചെയറിൽ ഇരുന്നു... ടേബിളിൽ ഇരിക്കുന്ന ലാപ്ടോപ് തുറന്ന് ഒന്ന് രണ്ടു ഫയലുകൾ ഓപ്പൺ ചെയ്യുമ്പോൾ ഭദ്ര വിറയ്ക്കുന്ന കൈകൾ കൊണ്ട് അവിടമെല്ലാം തുടച്ചുകൊണ്ടിരിക്കുകയാണ്... അവന്റെ സാമിപ്യത്തിൽ തന്റെ ഹൃദയമിടിപ്പ് ഏറുന്നതും ഹൃദയം പൊട്ടിപോകും എന്ന നിലയിലൊരു സന്തോഷം വന്നു പൊതിയുന്നതും അവൾ അറിയുന്നുണ്ടായിരുന്നു... ഇടയ്ക്കിടെ മിഴികൾ ഉയർത്തി നോക്കുമ്പോഴും അവൻ എന്തോ തിരക്കിട്ട ജോലിയാണ് എന്ന് കാണുമ്പോൾ അവൾ നോട്ടം മാറ്റും... എന്നാൽ തന്റെ ടേബിളിലെ ചെറിയ മിററിലൂടെ അവൻ ആ ഒളിഞ്ഞു നോട്ടം കാണുന്നുണ്ടായിരുന്നു... തക്കം പാർത്തിരുന്നവൻ അവളുടെ നോട്ടം തന്നിൽ തറഞ്ഞു നിൽക്കുകയാണ് എന്ന് കണ്ടതും പെട്ടന്നൊന്നു തിരിഞ്ഞു നോക്കി.... ഭദ്ര ഞെട്ടി...! ഏറെ നാളുകൾക്ക് ശേഷം ആദ്യമായൊരു നോട്ടം... അതും തന്റെ കണ്ണുകളിലേക്ക്... അവരുടെ മിഴികൾ ഒരുവേള കൊരുത്തുപോയി.. ആ മുഖത്ത് നിന്ന് കണ്ണെടുക്കാനെ തോന്നുന്നില്ല... എന്നിട്ടും ഒരു പിടച്ചിലോടെ അവൾ നോട്ടം മാറ്റിയതും, ആദി തറയിലാകെ കണ്ണോടിച്ചു... "നീയെന്താ ഒളിച്ചു കളിക്കാൻ വന്നതാണോ...?ചെയ്യുന്ന പണി വൃത്തിയായി ചെയ്തിട്ട് വേഗം പോകാൻ നോക്ക്....!!!" അവന്റെ ഉറച്ച സ്വരം കേട്ടതും അബദ്ധം പിണഞ്ഞത് പോലെയവൾ നാക്ക് കടിച്ചു.. പിന്നെ വേഗം ആ മുറി മുഴുവൻ തുടച്ചെടുത്തു പുറത്തേക്കിറങ്ങി... "ആ ഡോർ അടക്ക്...!!!" അവന്റെ ആജ്ഞ കേട്ടയുടൻ വാതിലടച്ചുകൊണ്ട് ഭദ്ര താഴേക്ക് പോയി... "ഹോ.. ഇതെന്തൊരു മുരടനാ ഭഗവാനെ... പണ്ട് എന്തൊരു പാവമായിരുന്നു...വല്ല്യ ആളായപ്പോ ഗമയായി പോയി... വെറുതെയല്ല സീതമ്മ പറയുന്നത്...ഉള്ളിലുള്ളത് ഹൃദയമാവില്ല... കല്ല് തന്നെയാ... അസ്സല് കരിങ്കല്ല്..." ഓരോന്ന് പിറുപിറുത്തുകൊണ്ട് ഇറങ്ങി പോകുന്നവളെ കണ്ടതും കൃഷ്ണാഞ്ജലി അവളെ ചൂഴ്ന്നു നോക്കി... "നീയെന്താ സീതമ്മായിയെ കൂട്ട് പിറുപിറുക്കുന്നത്...?" അഞ്ജു അവളുടെ പുറകെ ചെന്നു... "ഒന്നുല്ല്യ... ഞാൻ നാമം ജപിക്കായിരുന്നു..." "ഈ നട്ടുച്ചക്കോ... നിനക്ക് വട്ട് തന്നെയാ... അല്ലാ...അതുകൊണ്ട് തന്നെയല്ലേ വല്യേട്ടന്റെ താലിക്ക് കഴുത്തു നീട്ടി കൊടുത്തതും... നീയല്ലാതെ വേറെയാരെങ്കിലും ചെയ്യോ ഇങ്ങനെയൊരു കാര്യം...?" അഞ്ജുവിന്റെ ചോദ്യം കേട്ടവൾ ഒന്നും മിണ്ടാതെ നിന്നു... "ഹ്മ്മ്... ഇനിയിപ്പോ വരാനുള്ളത് അനുഭവിച്ചോ..." തികഞ്ഞ പുച്ഛത്തോടെ പറഞ്ഞുകൊണ്ട് അവൾ അകത്തേക്ക് പോയതും ഭദ്ര ഒരു ദീർഘനിശ്വാസത്തോടെ പുറത്തേക്ക് നടന്നു... തുടരും... കഥ ഇഷ്ടമായാൽ ഒരു വരി കുറിക്കണേ.. 🥰🥰 #📙 നോവൽ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #💌 പ്രണയം
📙 നോവൽ - Part - 5 வேம்ூ03 ூஅ Part - 5 வேம்ூ03 ூஅ - ShareChat
പേരിനൊരു താലി💫❣️ കുടുംബക്ഷേത്രത്തിൽ വെച്ചാണ് താലിക്കെട്ട്... അതാകുമ്പോൾ മറ്റാരും അറിയില്ലെന്നൊരു ധൈര്യത്തിലാണ് ലക്ഷ്മിയമ്മ അങ്ങനെയൊരു തീരുമാനം എടുത്തത്... വെള്ളകസവുമുണ്ടും ഷർട്ടും അണിഞ്ഞുകൊണ്ട് നെറ്റിയിലൊരു ചന്ദനകുറിയുമായി ആദീശ്വർ ഇറങ്ങി വരുമ്പോൾ ചുറ്റുമുള്ളവരുടെ കണ്ണിൽ അഭിമാനവും അത്ഭുതവുമായിരുന്നു... തൊട്ടു പുറകിൽ ആശയും സീതയും കൂടി ഭദ്രയെ അണിയിച്ചൊരുക്കി കൊണ്ട് വന്നു... മാമ്പഴനിറത്തിലുള്ള പട്ടുസാരി ചുറ്റി ആശ കൊടുത്ത ആഭരണങ്ങൾ എല്ലാമണിഞ്ഞ് അവളിറങ്ങി വന്നപ്പോൾ അവരെല്ലാം അന്തം വിട്ട് നിന്നു... ഈ തറവാടിന്റെ പിന്നാമ്പുറത്ത് നടന്നിരുന്ന പെണ്ണാണോ ഈ വരുന്നത്...? ഇവൾക്കിത്രയും ഐശ്വര്യമുണ്ടായിരുന്നോ എന്നൊരു ഭാവത്തിൽ അവളെ തന്നെ കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുകയാണ് ജയശ്രീയും അഞ്ജുവും ദേവുമെല്ലാം... എന്നാൽ ആദീശ്വറിന്റെ കണ്ണുകൾ അവളുടെ നേരെയൊന്ന് നീണ്ടത് പോലുമില്ല.. ലക്ഷ്മിയമ്മ അത് പ്രത്യേകം ശ്രദ്ധിച്ചു... ആദീശ്വറിന്റെ കാറിൽ ജയശ്രീയും അഞ്ജലിയും ദേവും ലക്ഷ്മിയമ്മയും കയറിയപ്പോൾ തൊട്ട് പുറകിൽ ശിവാനന്ദന്റെ കാറിലാണ് ഭദ്രയും ആശയും സീതയും കയറിയത്.... അമ്പലത്തിൽ എത്തിയപ്പോഴും ഭദ്രയുടെ കണ്ണുകൾ അവനെ തേടിയെങ്കിൽ വെറുതെയൊന്ന് തൊഴുതിട്ട് പോകാൻ വന്ന ഭാവത്തിലാണ് ആദീശ്വർ നിൽക്കുന്നത്... അത് മനസിലായെങ്കിൽ പോലും ഭദ്ര ആ മുഖത്തേക്ക് ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു... ഇപ്പോഴും ഉള്ളം തുടിക്കൊട്ടുകയാണ്... അല്പനേരത്തിനുള്ളിൽ ആ കൈകൊണ്ടൊരു താലി തന്റെ കഴുത്തിൽ വീഴും...ഭഗവാനെ... ന്റെ കൂടെ ഉണ്ടാവണേ... "താലി ചാർത്തിക്കോളൂ..." പൂജാരിയുടെ വാക്കുകൾ കേട്ട്... തളികയിൽ വെച്ചിരുന്ന താലിയെടുത്ത് ആദി അവളുടെ കഴുത്തിലേക്ക് ചാർത്തി... കഴുത്തോരം അവന്റെ ചെറുസ്പർശം അറിഞ്ഞതും ഭദ്രയൊന്ന് തരിച്ചു പോയി... ആദ്യമായാണ് ഇത്രയും അരികിൽ വന്ന് നിൽക്കുന്നത് പോലും... തന്റെ ഹൃദയമിടിപ്പ് അവൻ കേൾക്കുമെന്ന് പോലുമവൾ ഭയന്ന് പോയി... അപ്പോഴേക്കും ആ തളികയിൽ നിന്നും കുങ്കുമമെടുത്തവൻ അവളുടെ സീമന്തരേഖ ചുവപ്പിച്ചു... പൂജാരി കൈമാറിയ ഹാരം പരസ്പരം അണിയിച്ചവർ ഭാഗവാന് മുൻപിൽ തൊഴുതു... "ഒന്ന് പ്രദക്ഷിണം വെച്ചു വാ മക്കളെ..." ലക്ഷ്മിയമ്മയുടെ വാക്ക് കേട്ട് ആദി മുന്നോട്ട് നടന്നപ്പോൾ ഭദ്രയും ഒപ്പം ചെന്നു... അറിയാതെ പോലും അവളെ നോക്കില്ലെന്നൊരു ശപഥം പോലെ അവൻ നടന്നകലുമ്പോൾ ഭദ്രയുടെ ഉള്ള് പിടഞ്ഞു... എടുത്ത തീരുമാനം തെറ്റായി പോയോ..? ഇനിയങ്ങോട്ട് തന്നെ മനഃപൂർവം അവഗണിക്കാൻ തന്നെയാകുമോ ഭാവം...? അതെ ചിന്തയോടെ അവൾ നടന്നു വരുമ്പോഴേക്കും ആദി പ്രദക്ഷിണം കഴിഞ്ഞ് കാറിലേക്ക് കയറുന്നത് കണ്ടു... ഇങ്ങോട്ട് വന്നത് പോലെ തന്നെ അവരുമായി അവന്റെ കാർ കണ്ണിൽ നിന്ന് മറയുമ്പോൾ ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു തൂവി... അവൾക്ക് പുറകെ അങ്ങോട്ട് വന്ന സീതയത് വ്യക്തമായി കണ്ടെങ്കിലും ആശയും ലക്ഷ്മിയമ്മയും കാര്യമാക്കിയില്ല.. "വാ... ഭദ്രേ... നമുക്ക് പോകാം..." അവളെയും കൂട്ടിയവർ ശിവാനന്ദന്റെ കാറിൽ തറവാട്ടിലേക്ക് തിരിച്ചു... നിലവിളക്ക് നൽകി തന്നെ അകത്തേക്ക് സ്വീകരിക്കുമെന്ന് കരുതിയവൾക്ക് തെറ്റി... അങ്ങനെയൊരു ചടങ്ങേ ഇല്ലെന്നത് പോലെ ആശയും ലക്ഷ്മിയമ്മയും അവളെ കൊണ്ട് അകത്തേക്ക് നടന്നു... അവളെ പോലൊരു പെണ്ണിനെ ഈ തറവാട്ടിലെ മരുമകൾ ആയി കാണാൻ കഴിയാത്തത് കൊണ്ട് അവരാ ചടങ്ങ് മനഃപൂർവം ഒഴിവാക്കുകയായിരുന്നു... അപ്പോഴേക്കും ആദി വേഗം തന്റെ മുറിയിലേക്ക് കയറി പോയി... ബാക്കിയുള്ളവരും അവരവരുടെ മുറിയിലേക്ക് പോയപ്പോൾ ഇനിയെന്തെന്ന് അറിയാതെ ഭദ്ര അൽപനേരം ആ ഹാളിൽ തന്നെ നിന്നു... പിന്നെ പതിയെ അടുക്കളയിലേക്ക് നടന്നു... അവളുടെ വരവ് കണ്ട് സീതയുടെ നെഞ്ചൊന്ന് പിടഞ്ഞു... "ഞാൻ പറഞ്ഞില്ലേ മോളെ... ആദിയുടെ ജീവിതം സുരക്ഷിതമാക്കാൻ വേണ്ടിയൊരു ചടങ്ങ്... അത്രേ ഉള്ളൂ അവർക്ക്... എന്റെ മോള് വിഷമിക്കണ്ട... പോയി ഈ വേഷമൊക്കെ മാറിയൊന്ന് കുളിച്ചു വാ... ഭഗവാൻ നിന്റെ കൂടെയുണ്ടാകും... ഈ ദുഷ്ടത്തരമൊന്നും അദ്ദേഹം കാണാതിരിക്കില്ല..." ആ നേരമത്രയും കരയാതെ പിടിച്ചു നിന്നവൾ ആ വാക്കുകൾ കേട്ടതും പെട്ടന്നൊരു തേങ്ങലോടെ സീതയെ കെട്ടിപിടിച്ചു...അവരുടെ കണ്ണുകളും നിറഞ്ഞു പോയെന്നതാണ് സത്യം.. 💫💫💫💫💫 "ഹോ... ഒടുക്കം എല്ലാം മംഗളകരമായി തന്നെ കഴിഞ്ഞല്ലോ... ആശ്വാസം..." ലക്ഷ്മിയമ്മയുടെ മുറിയിൽ അവരുടെ അരികിൽ വന്നു നിന്ന് ആശ്വാസത്തോടെ പറയുകയാണ് ആശ... ഒരു പാവം പെണ്ണിന് മോഹങ്ങൾ കൊടുത്ത് വഞ്ചിച്ചതിന്റെ യാതൊരു മനസാക്ഷികുത്തും ഇല്ലാതെ തന്നെ അവർ അത്രയും ആശ്വാസത്തോടെ പറയുമ്പോൾ ലക്ഷ്മിയമ്മയും ആ സന്തോഷത്തിൽ പങ്ക് കൊണ്ടു... "നീയെന്താ മനസ്സിൽ കണ്ടിരിക്കുന്നത്... ഇനിയവളെ ഒഴിവാക്കണ്ടേ... എങ്കിലേ പണിക്കര് പറഞ്ഞ പരിഹാരം പൂർത്തിയാകു..." ലക്ഷ്മിയമ്മ വല്ലാത്തൊരു കുടിലതയോടെ ചോദിച്ചു... "അതെനിക്ക് വിട്ടേക്ക് അമ്മേ... എന്നെങ്കിലും എന്റെ മകന്റെ ഭാര്യയായി ഈ തറവാട്ടിൽ തനിക്കൊരു സ്ഥാനം കിട്ടുമെന്ന് മോഹിച്ചിരിക്കുകയാ അവൾ... കുറച്ച് നാൾ അവളങ്ങനെ മോഹിക്കട്ടെ... അതിനുള്ളിൽ അവൾക്ക് എന്തെങ്കിലും സംഭവിക്കുമോന്ന് നോക്കാം... അങ്ങനെയാണെങ്കിൽ അവന്റെയാ ദോഷം അങ്ങനെയങ്ങു തീരുമല്ലോ...അതല്ലെങ്കിൽ അവളെക്കൊണ്ട് തന്നെ ആ താലി അഴിച്ചു വെപ്പിക്കുന്ന രീതിയിൽ കാര്യങ്ങൾ കൊണ്ടെത്തിക്കണം... നമ്മളായിട്ട് അഴിച്ചു വാങ്ങിയെന്ന് അവൾ പിന്നീട് പറയാൻ പാടില്ല..." ആശയുടെ വാക്കുകൾ ശരിയാണല്ലോ എന്നൊരു ചിന്തയിൽ ഇരിക്കുകയാണ് ലക്ഷ്മിയമ്മ... ഇതേ സമയം അവർ തന്ന സാരിയും ആഭരണങ്ങളും അഴിച്ചു മാറ്റി, കുളിച്ചു തന്റെ പഴയ ദാവണിയോരെണ്ണം എടുത്തു ഉടുത്തുകൊണ്ട് ഭദ്ര തന്റെ മുറിയിലെ ഭഗവാന്റെ ഫോട്ടോക്ക് മുൻപിൽ വന്ന് നിന്നു... "എന്നെ കളിപ്പിക്കാണോ ഭഗവാനെ...? മായകഥകളിലെ പോലെ പെട്ടന്നൊരു രാജകുമാരിയുടെ വേഷം തന്ന് സ്വപ്നം കാണാൻ പോലും കഴിയാത്തൊരു രാജകുമാരനെ കൊണ്ട് വിവാഹം കഴിപ്പിച് കണ്ണടച്ചു തുറക്കുമ്പോഴേക്കും എല്ലാം നഷ്ടമായി വീണ്ടുമാ പഴയ വേഷത്തിൽ ആയത് പോലെയാണല്ലോ ഇപ്പൊ ന്റെ ജീവിതം...എന്നാലും സാരല്ല... എല്ലാം ഞാൻ അറിഞ്ഞോണ്ട് തന്നെയല്ലേ...കാത്തിരുന്നോളാം... ആദിയേട്ടൻ എന്നെ സ്നേഹിക്കുന്ന നാള് വരെ....അതിനുള്ള ശക്തിയെനിക്ക് തരണേ...." പരിഭവം പ്രാർത്ഥനയായി മാറിയപ്പോൾ കണ്ണുനീർ കവിളിലൂടെ ചാലിട്ടൊഴുകി... അപ്പോഴേക്കും ആശ അവളുടെ മുറിയുടെ വാതിൽക്കൽ വന്നു... "മോളെ ഭദ്രേ..." "എന്താ ആശമ്മേ..." അവൾ വേഗം അവർക്കരികിൽ വന്നു... "ആഹ്... കുളിച്ചു മാറിയോ... മോളൊരു കാര്യം ചെയ്യ്... ആ ആഭരണങ്ങൾ ഒക്കെ ഇങ്ങേടുത്തിട്ട് വാ... അമ്മ സൂക്ഷിച്ചോളാം... ഈ മുറിയിൽ നിനക്കൊരു അലമാര പോലുമില്ലല്ലോ എടുത്ത് വെക്കാൻ... അമ്മയുടെ മുറിയിലെ അലമാരയിൽ വെച്ചോളാം.. മോൾക്ക് ആവശ്യമുള്ളപ്പോൾ ചോദിച്ചാൽ മതി..." അത് കേട്ടപാടെ അവൾ ആ ആഭരണങ്ങളും മടക്കി വെച്ച സാരിയും എടുത്തിട്ട് വന്നു... "സാരി മോള് തന്നെ വെച്ചോ... കല്യാണസാരിയല്ലേ... പിന്നെ നല്ല വിലകൂടിയ സാരിയാ.. സൂക്ഷിച്ച് വെക്കണം കേട്ടോ..." അതും പറഞ്ഞവർ വരുത്തി തീർത്തൊരു ചിരിയുമായി നടന്നകലുമ്പോൾ അവളൊരു നിശ്വാസത്തോടെ അകത്തേക്ക് പോയി... അടുക്കളയിൽ നിന്ന് എല്ലാം കേട്ട സീത ദേഷ്യം തീർക്കാൻ എന്നോണം രണ്ട് വിറകിൻ കൊള്ളിയെടുത്തു അടുപ്പിലേക്ക് തിരുകി കുത്തിയിളക്കി.... ഭദ്ര അടുക്കളയിൽ വന്നപ്പോൾ സീതയവളെ ഒന്നും ചെയ്യാൻ വിട്ടില്ല... "മോളവിടെ മുറിയിൽ പോയിരുന്നോ... ജോലിയൊക്കെ ഞാൻ ചെയ്തോളാം..." അത് കേട്ടിട്ടും അവിടെ പോയിരിക്കാൻ അവൾക്ക് മനസ് വന്നില്ല... "അമ്മേ.... ഞാനൊന്ന് പുറത്തോട്ട് പോകുകയാ..." ഹാളിൽ നിന്നും കേട്ട സ്വരം ആദിയുടേതാണെന്ന് അവൾക് മനസിലായി... ഒന്ന് കാണാനുള്ള കൊതിയോടെ അവൾ അടുക്കള വാതിൽക്കൽ നിന്നൊന്ന് എത്തി നോക്കി... അപ്പോഴേക്കും അവൻ കാറിന്റെ കീയും കറക്കികൊണ്ട് ഹാളിൽ നിന്ന് പുറത്തേക്കിറങ്ങി കഴിഞ്ഞു.... തുടരും.... റിവ്യൂ തരണേ 🥰🥰 #📙 നോവൽ #💞 പ്രണയകഥകൾ #💌 പ്രണയം #📔 കഥ #📝 ഞാൻ എഴുതിയ വരികൾ
📙 നോവൽ - Part 4 வேம்oூ03 ூஅ Part 4 வேம்oூ03 ூஅ - ShareChat
പേരിനൊരു താലി 💫❣️ "നിന്റെ അച്ഛൻ മരിച്ചതിൽ പിന്നെ, സന്തോഷമെന്തെന്ന് ഞാൻ അറിഞ്ഞിട്ടില്ല... മനസ് തുറന്നൊന്നു ചിരിച്ചിട്ട് പോലുമില്ല... അങ്ങനെയുള്ള നിന്റെ അമ്മയ്ക്ക് ഒരല്പം സന്തോഷം നേടികൊടുക്കണം എന്നെന്റെ മോന് തോന്നുന്നില്ലല്ലോ..." ആശ വരുത്തി തീർത്ത കണ്ണുനീർ മുഴുവൻ സാരി തലപ്പുകൊണ്ട് ഒപ്പിയെടുത്തു...ഏറെ നേരമായി ഈ കണ്ണീർ നാടകം തുടങ്ങിയിട്ട്.. ആദി ഇതെല്ലാം കേട്ടൊരു അസ്വസ്ഥതയോടെ ബെഡിൽ ഇരിക്കുകയാണ്... "നീയല്ലാതെ എനിക്ക് വേറെയാരാ ഉള്ളത്... ഇപ്പൊ കല്യാണം നടന്നില്ലെങ്കിൽ പിന്നെയങ്ങനെ പെട്ടന്നൊന്നും നടക്കില്ലെന്നാ പണിക്കര് പറയുന്നേ...നിന്റെ കാര്യത്തിൽ ആധിയെടുത്തു നീറി നീറി മരിക്കാനാകും എന്റെ വിധി...!" "അമ്മേ....!!" ശാസനയുടെ സ്വരത്തിൽ അവൻ വിളിച്ചു നിർത്തി... "അമ്മക്കിപ്പോ എന്താ വേണ്ടത്... ഞാൻ ആ ജോലിക്കാരിയെ തലയിൽ ചുമക്കണം.. അതിനല്ലേ ഈ കണ്ണീരും പരിഭവവും.... ശരി.. ഞാൻ തലവെച്ച് തരാം... പക്ഷെ, കാര്യങ്ങൾ ഒക്കെ അവളോടും കൂടി പറയണം... എന്റെ മനസ്സിൽ പോയിട്ട് ഈ മുറിയിൽ പോലും അവൾക്കൊരു സ്ഥാനം ഞാൻ കൊടുക്കില്ല... താലിക്കെട്ട് കഴിഞ്ഞാൽ എന്റെ കൺവെട്ടത്തു പോലും അവളെ കാണരുത്...! അങ്ങനെയാണെങ്കിൽ ഞാൻ സമ്മതിക്കാം..." അവന്റെ ഉറച്ച വാക്കുകൾ കേട്ടതും ആശയ്ക്ക് ശ്വാസം നേരെ വീണു... തന്റെ ശ്രമങ്ങൾ വിജയം കണ്ടിരിക്കുന്നു... അവർ വേഗം കണ്ണും മുഖവുമൊക്കെ തുടച്ചു... "ശരി, എല്ലാം നീ പറഞ്ഞപോലെ തന്നെയായിരിക്കും... ഞാൻ ഇക്കാര്യം അമ്മയോടൊന്ന് പറയട്ടെ..." അവർ തിടുക്കത്തോടെ താഴേക്ക് ഇറങ്ങിയോടി... ആദി വല്ലാത്തൊരു മനപ്രയാസത്തോടെ മുറിയിലെ ജനലോരത്ത് വന്നൊരു സിഗരറ്റ് എടുത്ത് പുകച്ചുകൊണ്ട് പുറത്തേക്ക് നോക്കി നിന്നു... "എടി പൂവാലി...മര്യാദക്ക് നടന്നില്ലെങ്കിൽ ചെവിക്ക് പിടിച്ചു കിഴുക്കും ഞാൻ... നിന്റെ പുറകെ ഓടാനേ വേറെയാളെ നോക്ക്...." പുല്ല് മേയ്ക്കാൻ കൊണ്ട് പോയി തിരിച്ചു കൊണ്ട് വരുന്ന പയ്യിനോട് പുന്നാരം പറയുന്നവളെ കണ്ടതും അവൻ ആ സിഗരറ്റ് താഴെയിട്ട് ചവിട്ടിയമർത്തി ജനൽ അടച്ചു കളഞ്ഞു... "മോളെ ഭദ്രേ... ഒന്നിങ്ങു വന്നേ..." പയ്യിനെ തൊഴുത്തിൽ കൊണ്ട് പോയി കെട്ടി തിരികെ വന്ന് കയ്യും മുഖവും കഴുകുന്നവളെ വടക്കേ ഉമ്മറത്ത് വന്ന് നിന്ന് വിളിക്കുകയാണ് ആശ... അവരുടെ പതിവില്ലാത്ത മോളെയെന്നുള്ള വിളിയിൽ അതിശയിച്ചു കൊണ്ട് ഭദ്ര അവരോടൊപ്പം അകത്തേക്ക് നടന്നു... അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്ന സീത അത് ശ്രദ്ധിക്കാതിരുന്നില്ല... "എന്താ ആശമ്മേ...?" ആശയുടെ മുറിയിൽ അവരുടെയും ലക്ഷ്മിയമ്മയുടെ മുഖത്തേക്ക് മാറി മാറി നോക്കിക്കൊണ്ട് തെല്ലൊരു പരിഭ്രമത്തോടെ നിൽക്കുകയാണ് ഭദ്ര... "ഞാനൊരു കാര്യം പറഞ്ഞാൽ നീ എതിരൊന്നും പറയരുത്..." ആശമ്മയുടെ മുഖവുര കേട്ടപ്പോൾ അവൾക്ക് കാര്യം പിടികിട്ടിയില്ല... അവരെന്ത് പറഞ്ഞാലും താൻ എതിര് പറയാറില്ല... പിന്നെയെന്താണിപ്പോൾ പ്രത്യേകമായൊരു പറച്ചിൽ.... "മോളെ... ആരോരുമില്ലാതെ ഈ തറവാട്ടിൽ ഒരാശ്രയം ചോദിച്ചു വന്നവളാ നിന്റെയമ്മ കല്യാണി... ആ കല്ല്യാണിക്ക് അവള് മരിക്കുവോളം അഭയവും ആശ്രയവും നൽകിയതും അവള് പോയേപ്പിന്നെ മകളായ നിന്നെ സംരക്ഷിക്കുന്നതും ഈ കാവുമ്പാട്ടുകാരാ.... അങ്ങനെയുള്ള ഞങ്ങൾക്ക് ഇന്നിപ്പോ നിന്റെയൊരു സഹായം വേണ്ടി വന്നിരിക്കുകയാ..." "എന്താ ആശമ്മേ....എനിക്കൊന്നും മനസ്സിലാവുന്നില്ല..." അവളുടെ മുഖത്ത് പരിഭ്രമമേറി.... "എന്റെ മകൻ ആദിയുടെ ജാതകത്തിൽ എന്തൊക്കെയോ ചില പ്രശ്നങ്ങൾ ഉണ്ട്...അതുകൊണ്ട് പൊരുത്തമില്ലാത്ത ജാതകം ചേർത്ത് വെച്ചാൽ അവനെന്തെങ്കിലും ജീവഹാനി സംഭവിക്കാനിടയുണ്ടെന്നാ പണിക്കര് പറയുന്നത്... പക്ഷെ... നിന്റെ ജാതകം അവനുമായി ചേരും... പൊരുത്തം നോക്കാൻ വേണ്ടിയാ ഞാനിന്നലെ നിന്റെ ജാതകം വാങ്ങിയത്... നല്ല പൊരുത്തമുണ്ടെന്നാ പണിക്കര് പറഞ്ഞത്... പക്ഷെ എത്രയും പെട്ടന്ന് വിവാഹം നടത്തണം...അതുകൊണ്ട് നിന്നെ ആദിക്ക് വേണ്ടി ആലോചിക്കാമെന്നാ ഞങ്ങളുടെ തീരുമാനം...നിന്നോട് ഇതേ കുറിച്ച് പറയാനാ ഞാൻ വിളിച്ചത്..." കേട്ടതത്രയും വിശ്വസിക്കാൻ ആകാതെ തരിച്ചു നിൽക്കുകയാണ് ഭദ്ര.... "പക്ഷെ ഒരു പ്രശ്നമുണ്ട്...." ആശമ്മയുടെ മുഖത്തെ വല്ലായ്മ കണ്ടവൾ സംശയഭാവത്തിൽ നോക്കി... "ആദിക്ക് ഈ ബന്ധത്തോട് എതിർപ്പുണ്ട്... നിന്നെ ഭാര്യായിട്ട് കാണാൻ കഴിയില്ലെന്നാ അവൻ പറയുന്നത്.. പക്ഷെ ഒരുവിധത്തിൽ ഞാൻ അവനെ സമ്മതിപ്പിച്ചെടുത്തു... ഒടുക്കം എന്റെ നിർബന്ധം കൊണ്ട് അവൻ സമ്മതിച്ചിരിക്കുകയാ... പക്ഷെ ഒരു നിബന്ധനയോടെ...." ആശയുടെ കുടിലത നിറഞ്ഞ വാക്കുകൾ ഓരോന്നും കേട്ട ഞെട്ടലിൽ അതിലെ ദുരുദ്ദേശങ്ങളൊന്നും അറിയാതെ തരിച്ചു നിൽക്കുകയാണ് അവൾ.... "വിവാഹശേഷം അവനായിട്ട് തോന്നും വരെ നിന്നെ സ്വീകരിക്കാൻ കഴിയില്ലെന്നതാണ് അവന്റെ നിബന്ധന... അതുവരെ യാതൊരു ബന്ധവും ഇല്ലാതെ ഇപ്പോഴുള്ള പോലെ തന്നെ കഴിയണമെന്ന്... പക്ഷെ കഴുത്തിൽ അവന്റെ താലിയുണ്ടാകും..." ഭാവമാറ്റങ്ങൾ ഏതുമില്ലാതെ ആശ പറഞ്ഞു നിർത്തിയതും ഭദ്ര ഞെട്ടി തരിച്ചു നിന്നു.... "ഞാൻ എന്താ വേണ്ടത് മോളെ... ഇതെല്ലാം അറിഞ്ഞപ്പോൾ നിന്നോട് തന്നെ എല്ലാം പറയണമെന്ന് തോന്നി... ഇനി എന്നേ.. അല്ല ഈ തറവാടിനെ തന്നെ രക്ഷിക്കാൻ നിന്നെക്കൊണ്ടേ കഴിയൂ... ഈ ധനുമാസം തീരും മുൻപേ വിവാഹം നടത്തിയില്ലെങ്കിൽ ഇനി നടക്കില്ലത്രേ.... അതുകൊണ്ട് ഇനിയൊരു പെണ്ണിനെ തിരഞ്ഞു പോകാനും പറ്റില്ല... നിന്റെ ജാതകം നല്ല പൊരുത്തവുമുണ്ട്... അതുകൊണ്ട് മറ്റൊന്ന് ആലോചിക്കേണ്ട എന്നാ എന്റെ മനസ് പറയുന്നത്...." പണിക്കർ പറഞ്ഞതും തങ്ങളായിട്ട് മെനഞ്ഞെടുത്തതും എല്ലാം കൂട്ടികലർത്തി അവൾക്ക് മുന്നിൽ തന്റെ മനോവിഷമം അത്രയും ചൊരിഞ്ഞ് ആശ കണ്ണുകൾ തുടച്ചു... "ഈ അമ്മ വേണമെങ്കിൽ നിന്റെ കാല് പിടിക്കാം... മോള് ഈ വിവാഹത്തിന് സമ്മതിക്കണം...." അത്രയും പറഞ്ഞവർ മുന്നോട്ട് വന്നതും ഭദ്രയൊരു പിടിച്ചിലോടെ പുറകിലേക്ക് നീങ്ങി... "അയ്യോ.. എന്തായിത് ആശമ്മേ.... ഈയൊരു കാര്യവും പറഞ്ഞ് ആശമ്മ ന്റെ കാലിൽ വീഴാനോ... പാടില്ല... അതിനുമാത്രം ആളൊന്നും ഇല്ല്യ ഈ ഭദ്ര...." അവരെ തടഞ്ഞുകൊണ്ട് അവൾ ഒന്നാലോചിച്ചു... ഏറെ നാളായി മനസ്സിലുള്ള മോഹമാണ് ആദീശ്വർ... ഇന്നലെ കൂടി അവൻ വന്നിറങ്ങിയപ്പോൾ ഭാഗവാനോട് പറഞ്ഞതേയുള്ളു ആരോരും അറിയാതെ ഞാൻ ഉള്ളിലിട്ടു സ്നേഹിച്ചോളാമെന്ന്... എന്നിട്ടിപ്പോ ഭാഗവാനായിട്ട് തന്നെ...തന്റെ ഉള്ളം കയ്യിൽ വെച്ച് തരുമ്പോലെയാണ് അവൾക്ക് തോന്നിയത്... പക്ഷെ ആദിയേട്ടന് തന്നെ ഇഷ്ടമില്ലെന്ന്.... അതെങ്ങനെ ശരിയാകും.. തന്നെ ഇഷ്ടമില്ലാത്തൊരു ആളുടെ താലി കഴുത്തിൽ അണിയുന്നതെങ്ങനെയാ... "ആദിയേട്ടന് എന്നേ ഇഷ്ടമില്ലെങ്കിൽ എങ്ങനെയാ ആശമ്മേ ഈ കല്യാണം നടക്കാ...?" ഉള്ളിൽ വന്ന സംശയം മറച്ചു വെക്കാതെയവൾ ചോദിച്ചു... "മോളെ ആദിക്ക് നിന്നോട് ഇപ്പോൾ ഇഷ്ടമില്ലെന്നത് നേരാ... പക്ഷെ, നാളെയൊരിക്കൽ അവൻ നിന്നെ സ്നേഹിക്കും... ആ ഉറപ്പ് എനിക്കുണ്ട്... നല്ലവളാ നീ... നിന്നെപ്പോലെ ഒരു പെണ്ണിനെ അവന് കിട്ടുന്നത് തന്നെ വലിയ കാര്യാ... അവൻ നിന്നെ അംഗീകരിക്കും വരെ നീയൊന്ന് കാത്തിരിക്കേണ്ടി വരും... പക്ഷെ ഇപ്പോൾ അതിനേക്കാൾ വലുത് അവന്റെ ജീവന്റെ കാര്യമല്ലേ മോളെ... നീയൊന്ന് പാതി സമ്മതം മൂളിയാൽ തന്നെ ബാക്കി എല്ലാം ഈയമ്മ ശരിയാക്കാം..." അമ്മയെന്നുള്ള അവരുടെ സംബോധനയിൽ അവളുടെ മനസ് ഉറച്ചു കിടന്നു... എന്തോ ആരുമില്ലാത്ത തനിക്ക് ആരൊക്കെയോ ഉണ്ടാകാൻ പോകുന്നുവെന്നൊരു വ്യാമോഹം ആ പെണ്ണിന്റെ ഉള്ളിൽ മൊട്ടിട്ടു തുടങ്ങി, മുന്നിൽ ഒരുങ്ങുന്നതൊരു മാന്ത്രിക കളിക്കളമാണെന്നും താൻ അതിലെ വെറുമൊരു കരുവാണെന്നും അറിയാതെ തന്നെ അവൾ മനസ്സിൽ ഉറച്ചൊരു തീരുമാനം എടുത്തു കഴിഞ്ഞു... "എനിക്ക് സമ്മതമാണ് ആശമ്മേ...!! ഞാൻ കാരണം ആദിയേട്ടന്റെ ജീവിതം രക്ഷപ്പെടുമെങ്കിൽ ഈ വിവാഹത്തിന് എനിക്ക് സമ്മതമാണ്....!!!" അവളുടെ ഉറച്ച വാക്കുകൾ കേട്ടതും ആശയും ലക്ഷ്മിയമ്മയും പരസ്പരം നോക്കി നിഗൂഢമായൊന്ന് ചിരിച്ചു.... പെട്ടന്നൊരു നിമിഷം കൊണ്ട് തന്റെ ജീവിതം അപ്പാടെ മാറ്റി മറിച്ചൊരാ തീരുമാനം ഓർത്തുകൊണ്ട് ഭദ്ര അടുക്കളയിലേക്ക് നടന്നു... അവൾക്കെന്തോ ഒന്നുമങ്ങോട്ട് വിശ്വാസമായില്ല... സ്വയം ഇടത്തെ കൈത്തണ്ടയിൽ ഒന്ന് നുള്ളി നോക്കി... നോവുന്നുണ്ട്... സ്വപ്നമല്ലെന്ന് വ്യക്തം... ഞാനിത് വിശ്വസിച്ചോട്ടെ ഭഗവാനെ...പതിയെ അവൾ പുറത്തേക്ക് നടക്കാനൊരുങ്ങിയതും.. യന്ത്രികമായി നടന്നുവരുന്നവളെ നോക്കി സീത അതിശയിച്ചു... "എന്താ ഭദ്രേ.. എന്തിനാ ആശേടത്തി വിളിച്ചത്...?" അവർ കാര്യം തിരക്കിയപ്പോൾ അവൾ ഓടി വന്നവരെ കെട്ടിപിടിച്ചു... പിന്നെ അതെ നിൽപ്പിൽ കാര്യമങ്ങു പറഞ്ഞു... "എന്നിട്ട് നീ സമ്മതിച്ചോ??" എല്ലാം കേട്ടൊരു പിടച്ചിലോടെയാണ് സീതയുടെ ചോദ്യം... "മ്മ്ഹ്ഹ്... സമ്മതിച്ചു..." "അത് വേണ്ടായിരുന്നു കുട്ടി... നല്ലപോലെ ആലോചിച്ചിട്ട് മതിയായിരുന്നു അങ്ങനെയൊരു തീരുമാനം..." സീതയുടെ ആശങ്ക കലർന്ന വാക്കുകൾ കേട്ട് ഭദ്ര മുഖമുയർത്തി നോക്കി... "എന്താ സീതമ്മേ...ആദിയേട്ടൻ എന്നേ കല്യാണം കഴിക്കുന്നത് സീതമ്മയ്ക്ക് താല്പര്യം ഇല്ലേ...?" "അതുകൊണ്ടല്ല മോളെ... എന്തോ ഇക്കാര്യം ശരിയായിട്ട് തോന്നുന്നില്ല എനിക്ക്... ആദിക്ക് താല്പര്യം ഇല്ലാഞ്ഞിട്ടും അവര് ഇങ്ങനയൊരു വിവാഹം നടത്തുന്നെങ്കിൽ അവന്റെ ജീവനെകുറിച്ച് മാത്രമേ ആലോചിക്കുന്നുള്ളു... അവിടെ നിന്നെക്കുറിച്ചു പോലും ആലോചിക്കുന്നില്ല എന്നാ എനിക്ക് മനസ്സിലായത്...കാര്യം നമുക്ക് അന്നം തരുന്നത് ഇവരാ.. പക്ഷെ, അതിനു പകരം സ്വന്തം ജീവിതം തന്നെ അവർക്കു തീറെഴുതി കൊടുക്കാന്നു പറഞ്ഞാൽ... വേണ്ടായിരുന്നു മോളെ..." താൻ പെറ്റതല്ലെങ്കിൽ പോലും ഭദ്രയോട് അവർക്കുള്ള മാതൃവാത്സല്യമത്രയും ആ വാക്കുകളിൽ പ്രകടമായിരുന്നു... "ഈ തറവാട്ടിലെ സ്ഥാനമാനങ്ങൾ ഒന്നും മോഹിച്ചിട്ടല്ല അമ്മേ... സത്യം പറഞ്ഞാൽ ആദിയേട്ടനോട് എനിക്കൊരു കുഞ്ഞിഷ്ടമുണ്ട്... പക്ഷെ ഇതിപ്പോ ഞാനൊന്ന് സമ്മതം മൂളിയാൽ ആദിയേട്ടന് ആപത്തൊന്നും വരാതെ കഴിയുമല്ലോ എന്ന് കരുതിയാ ഞാൻ സമ്മതിച്ചത്... പിന്നെ... എന്റെ കഴുത്തിലൊരു താലി കെട്ടി കഴിഞ്ഞാൽ എന്നെങ്കിലും ആദിയേട്ടൻ എന്നെ സ്നേഹിച്ചു തുടങ്ങിയാലോ..." അവളുടെ നിഷ്കളങ്കമായ വാക്കുകൾ കേട്ട് സീത അവളുടെ മുടിയിൽ തലോടി... പാവം കുട്ടി... അവൾ പറയുന്നത് നേരാണ്... നാളെയൊരിക്കൽ അവൻ ഭദ്രയെ സ്നേഹിച്ചു തുടങ്ങിയാൽ ഈ പാവത്തിന് പിന്നെ ഈയൊരു അടുക്കളയിൽ കിടന്ന് കഷ്ടപ്പെടേണ്ടി വരില്ല... എന്നാലും അതിനെത്ര നാൾ കാത്തിരിക്കേണ്ടി വരും... ഉള്ളിലെ ആശങ്കയോടെ സീതയങ്ങനെ നിൽക്കെ ഭദ്ര തന്റെ മുറിയിലേക്ക് പോയി... അടുക്കളയുടെ എതിർവശമുള്ള കുഞ്ഞൊരു ഇടനാഴിയുടെ തൊട്ടടുത്താണ് അവളുടെ മുറി..അതിനടുത്ത മുറിയാണ് സീതയുടെ.... മുറിയിൽ കയറി ജനലിനോരംവെച്ചിരിക്കുന്ന ഭഗവാന്റെ ഫോട്ടോയെടുത്തു അവൾ ഏറെ ഭംഗിയായൊന്ന് പുഞ്ചിരിച്ചു... "അങ്ങനെ എന്റെ കയ്യിൽ തന്നെ കൊണ്ട് വന്നു തന്നൂലെ... എനിക്കങ്ങോട്ട് വിശ്വസിക്കാനേ പറ്റുന്നില്ല... ആകാശത്തെ അമ്പിളി മാമനെ കയ്യെത്തിച്ചു തൊടാൻ പോവാ ഈ ഭദ്ര... അപ്പോഴും കയ്യിലെടുക്കാൻ പറ്റില്ലാട്ടോ... അതിന് അമ്പിളി മാമൻ കൂടി സമ്മതിക്കണം..." അവളൊന്ന് ചിരിച്ചു... "എങ്ങനെയാ നന്ദി പറയാന്ന് എനിക്കറിയില്ല ഭഗവാനെ... എത്രയും വേഗം ആ മനസ്സിൽ എനിക്കൊരു സ്ഥാനം തരണേ..." കണടച്ച് പ്രാർത്ഥിക്കുമ്പോൾ, പണ്ട് മുതലേ തറവാട്ടിലെ കുട്ടികൾക്ക് പങ്കു വെച്ച് കിട്ടുന്നതിൽ നിന്ന് തനിക്ക് കൂടി കൊണ്ട് വന്ന് തരുന്ന ആദിയേട്ടന്റെ മുഖമായിരുന്നു... അന്ന് ആ മനസ്സിൽ തന്നോട് ഏറെയിഷ്ടമുണ്ടെന്ന് ഭദ്ര സ്വയം വിശ്വസിച്ചിരുന്നു... വളർന്നു വലിയ ആളായപ്പോൾ ആ അടുപ്പമൊട്ടും ഇല്ലാതായി... കാവുമ്പാട്ടെ ആദീശ്വർ മഹാദേവ് കഴിവുറ്റൊരു വക്കീലും... ഭദ്ര വെറുമൊരു വാല്യക്കാരിയുമായി പോയി.... എന്നെങ്കിലും അവൻ തന്നെ സ്നേഹിക്കുമെന്ന് മാത്രം അവളുടെ മനസ് മന്ത്രിച്ചുകൊണ്ടിരുന്നു... തുടരും... വായനക്കാരെ.. ഇഷ്ടമായാൽ രണ്ട് വാക്ക് കുറിക്കണെ..🥰🥰 #💞 പ്രണയകഥകൾ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #💌 പ്രണയം
💞 പ്രണയകഥകൾ - Part - 3 Bnlolomo 8 ூஅ Part - 3 Bnlolomo 8 ூஅ - ShareChat
പേരിനൊരു താലി 💫❣️ "എന്തായാലും ആദിയെ കൊണ്ട് ഇക്കാര്യം സമ്മതിപ്പിച്ചെടുത്തെ പറ്റു... പിന്നെ തത്കാലം ഈ തറവാട്ടിൽ ഉള്ളവരല്ലാതെ മറ്റാരും ഇങ്ങനെയൊരു വിവാഹത്തെ കുറിച്ച് അറിയാൻ പാടില്ല.... കേട്ടോ..." ലക്ഷ്മിയമ്മയുടെ വാക്കുകൾ കേട്ടൊരു അനുസരണയോടെ ആശ തലയനക്കി.... മുറിയിൽ അമ്മയുടെ പഴയ തടിപ്പെട്ടിയിൽ ആകെയൊന്ന് തിരഞ്ഞപ്പോൾ അല്പം പൊടിപിടിച്ച തന്റെ ജാതകം കിട്ടി... ഭദ്ര അതൊന്ന് തട്ടി കുടഞ്ഞു ആശയുടെ കയ്യിൽ കൊണ്ട് പോയി കൊടുത്തു... പിന്നെ ചൂലും മോപ്പൂമെല്ലാം എടുത്തുകൊണ്ടു മുകളിലെ ആദിയുടെ മുറിയിലേക്ക് പോയി... ആദിയും ആശയുമല്ലാതെ മറ്റാരും ആ മുറിയിൽ കയറാറില്ല.... പിന്നെയും ആ മുറിയിൽ കയറുന്നത് ഭദ്രയാണ്... അടിച്ചു തെളിക്കാരിയുടെ അവകാശം... അതേ അവകാശത്തോടെ അവൾ ആ വാതിൽ മലർക്കേ തുറന്നു.... അതിനകത്തു ആദിയുടെ സാമിപ്യം തോന്നിക്കും വിധം അവന്റെ പെർഫ്യൂമിന്റെ സുഗന്ധം അവളെ വന്നു പൊതിഞ്ഞു... ഒപ്പം ഒരേരികിലായി വെച്ചിട്ടുള്ള ബുക്ക്‌ ഷെൽഫിൽ നിന്നുമുള്ള പുസ്തകങ്ങളുടെ മനം മയക്കുന്ന ഗന്ധവും.... അകത്തേക്ക് കടന്ന് വാതിൽ ചാരിയവൾ ആ മുറിയാകെ അടിച്ചു വാരി വൃത്തിയാക്കി... ഇടയ്ക്കിടെ ടേബിളിൽ വെച്ചിരിക്കുന്ന അവന്റെ ഫോട്ടോ സ്റ്റാൻഡിലേക്ക് നോട്ടം ചെന്നെത്തും...അതൊന്ന് കയ്യിലെടുക്കാൻ വല്ലാത്ത മോഹമുണ്ട്... പക്ഷെ ആരെങ്കിലും കണ്ടാലോ എന്ന ഭയമാണ്.... ഒരിളം നിറത്തിലുള്ള ഷർട്ട് ഇട്ട്, ചിരിയോടെ നിൽക്കുന്ന ആദീശ്വറിന്റെ ഫോട്ടോ.... "അതേയ്... എന്തിനാ ഇങ്ങനെ ചിരിക്കൂന്നേ... പെൺകുട്ട്യോള് പണിയെടുക്കുന്നത് കണ്ടിട്ടില്ലേ... ഇങ്ങനെ നോക്കി നിന്നാൽ എനിക്ക് പണിയെടുക്കാൻ കുറച്ച് കഷ്ടമാണേയ്.... ഒന്നങ്ങോട്ടോ ഇങ്ങോട്ടോ നോട്ടം മാറ്റിക്കൂടെ....?" അതും പറഞ്ഞവൾ ഇടുപ്പിൽ കയ്യും കുത്തിങ്ങനെ നിൽക്കും... "ആദിയേട്ടാ.... നിങ്ങളോടാ പറയുന്നേ....!" മുഖത്തൊരു കള്ളപരിഭവം വരുത്തി അത്രയും പറഞ്ഞു കഴിഞ്ഞതും താൻ എന്തൊക്കെയാണ് പറയുന്നതെന്ന ചിന്തയിൽ പെട്ടന്നവൾ നാക്ക് കടിച്ചു... പിന്നെ ഒരു പൊടി പോലും തൊട്ടെടുക്കാൻ ഇല്ലാത്ത വിധം ആ മുറി വൃത്തിയാക്കി അവിടെ നിന്നും താഴെക്കിറങ്ങി... ഡൈനിംഗ് ടേബിളിൽ ഇരുന്നെല്ലാവരും ഊണ് കഴിക്കുകയാണ്... അപ്പോഴാണ് ചൂലും മോപ്പും ബക്കറ്റുമെല്ലാം കൊണ്ട് അവളുടെ വരവ്... അബദ്ധം പിണഞ്ഞത് പോലെ അവൾ നിന്നൊന്നു പരുങ്ങി... "ഛേ... അശ്രീകരം... ആളുകൾ ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിൽ കൂടെയാ ചൂലും വെള്ളവുമായി വന്നു നിൽക്കുന്നെ... പോ അപ്പുറത്തോട്ട്...." ശിവാനന്ദന്റെ ഭാര്യ ജയശ്രീ ഉച്ചത്തിൽ പറഞ്ഞതും ചൂൽ പിറകിലേക്ക് പിടിച്ചുകൊണ്ടു അവൾ അവിടെ നിന്നും ഓടി.... അവളുടെയാ പ്രവർത്തി കണ്ട ലക്ഷ്മിയമ്മ ഏറിയ ഗൗരവത്തോടെ ആശയെ ഒന്ന് നോക്കി... അവർ അപ്പോഴുമൊരു വല്ലായ്മയിൽ ആണ്... കാവുമ്പാട്ടെ തറവാട്ടിലെ വെറുമൊരു ജോലിക്കാരി, അത്രയേ ഉള്ളൂ ഭദ്ര... പഠിപ്പും കുറവാണ്... ഇവിടെയാർക്കും അവളോട് പ്രത്യേകിച്ചൊരു ഇഷ്ടവുമില്ല... അങ്ങനെയുള്ളൊരു പെണ്ണിനെ വക്കീലായ തന്റെ മകന് വേണ്ടി ആലോചിക്കാൻ പോവുകയാണെന്ന് ബാക്കിയുള്ളവരോട് എങ്ങനെ പറയുമെന്നൊരു സങ്കോചതിൽ ഇരിക്കുകയായിരുന്നു ആശ... 💫💫💫💫💫💫 വൈകുന്നേരത്തോടെ ആദീശ്വർ എത്തി... അവൻ എറണാകുളത്താണ് വർക്ക് ചെയ്യുന്നത്... ഇനിയങ്ങോട്ട് ചെറിയമ്മാവന്റെ കമ്പനിയിൽ ലീഗൽ അഡ്വൈസർ ആയി വർക് ചെയ്യാമെന്നൊരു തീരുമാനത്തിൽ ആണ് ഇത്തവണ നാട്ടിൽ എത്തിയത്... ആദീശ്വറിന്റെ കാർ കാവുമ്പാട്ടെ മുറ്റത്ത് വന്നു നിൽക്കുമ്പോൾ മുറ്റത്തെ പൂച്ചെടികൾ നനച്ചുകൊണ്ട് നിൽക്കുകയാണ് ഭദ്ര... അവനെ കാത്തെന്ന പോലെ ഉമ്മറത്തിരിക്കുന്ന ആശയും ലക്ഷ്മിയമ്മയും അവൻ വന്നത് കണ്ടപാടെ എഴുന്നേറ്റ് വന്നു... കാറിൽ നിന്നിറങ്ങി വരുന്ന രൂപം കണ്ടു ഭദ്രയുടെ കണ്ണുകൾ അവളറിയാതെ തന്നെ വിടർന്നു പോയി... ദേവഗണത്തിൽ ആണെങ്കിൽ ഇന്ദ്രനെന്ന് പറയാം...അത്രയേറെ വശ്യമായ സൗന്ദര്യം....അത്യാവശ്യം ഉയരവും അതിനൊത്ത ശരീരവുമായി വെളുത്തു മിനുത്തൊരുവൻ...താടിയും മീശയുമൊക്കെയുള്ള മുഖത്ത് സദാ ഗൗരവഭാവമാണ്... എന്നാൽ ചിരിക്കുമ്പോൾ മാത്രം ഇടത്തെ കവിളിലൊരു നുണക്കുഴി തെളിഞ്ഞു കാണാറുണ്ട്... ആദിയെ കണ്ടപാടേ ആശ ഓടി വന്നവനെ കെട്ടിപിടിച്ചു... മുത്തശ്ശിയും അമ്മയും കൂടി അവനെ പൊതിഞ്ഞു പിടിച്ച് അകത്തേക്ക് കൊണ്ട് പോകുമ്പോൾ ഭദ്രയുടെ മുഖമൊന്ന് വല്ലാതായി... നോക്കില്ലെന്ന് അറിയാം... അല്ലെങ്കിലും ഇത്രേം വലിയൊരാൾക്ക് തന്നെയൊന്ന് നോക്കേണ്ട കാര്യമില്ലല്ലോ... "മനസിന്ന് പറിച്ചു കളയാൻ തോന്നുന്നില്ല ഭഗവാനെ... ഒന്നുല്ലേലും നാലഞ്ച് കൊല്ലമായി മനസിലിട്ട് കൊണ്ടു നടക്കുവല്ലേ ഞാൻ... നിക്ക് കിട്ടില്ലാന്ന് അറിയാം.. അല്ലെങ്കിലും മോഹിക്കണതൊക്കെ കിട്ടാൻ ഞാൻ കാവുമ്പാട്ടെ പേരക്കുട്ടിയല്ലല്ലോ.... ന്നാലും എനിക്കിഷ്ടാ ഇപ്പൊ വന്ന മുതലിനെ.... ആർക്കും ഒരു ശല്യോം ഇല്ല്യാണ്ട് ഞാൻ എന്റെ മനസിലിട്ടു സ്നേഹിച്ചോളാം...." പെട്ടന്നവൾ സ്വബോധം വന്നു സ്വയം തലക്കിട്ടൊന്ന് കൊട്ടി... 💫💫💫💫💫💫 "നടക്കില്ലെന്നു പറഞ്ഞാൽ നടക്കില്ല....!!! അമ്മയ്ക്ക് ബുദ്ധിയും വിവരവുമൊക്കെ പോയോ....??? പത്തിരുപത് കൊല്ലമായിട്ട് ഞാൻ കാണുന്ന വാല്യകാരികുട്ടിയാ അവള്... അവളെ എന്നോട് തന്നെ വിവാഹം ചെയ്യാൻ പറയാൻ അമ്മയ്ക്ക് നാണമില്ലേ... ഒന്നുമില്ലെങ്കിൽ ഈ തറവാടിന്റെ അന്തസ്സ് നോക്കണ്ടേ....???" ആദിയുടെ സ്വരം ഉയർന്നു കേട്ടതും ആശ വേഗം പോയി വാതിൽ ചാരി, ലക്ഷ്മിയമ്മ ഹാളിൽ ഇരിപ്പുണ്ട്...അമ്മ കേൾക്കണ്ട എന്നൊരു ചിന്തയിൽ അവർ അവനെ പിടിച്ചു ജനലിനോരം കൊണ്ട് പോയി... "ഞാൻ പറയുന്നതൊന്ന് കേൾക്ക് ആദി.... അവളെ വിവാഹം കഴിച്ച് കൂടെ താമസിക്കാൻ അല്ല... പേരിനൊരു താലിയിട്ട് ഒരു ചടങ്ങ് മാത്രം... നിന്റെ ജാതകത്തിലെ ദോഷമങ്ങു മാറാൻ വേണ്ടിയിട്ടാണ്... പണിക്കര് പറഞ്ഞ പരിഹരമാണ് ആദി...വിവാഹം കഴിഞ്ഞ് കുറച്ച് നാൾ കഴിഞ്ഞാൽ നമുക്ക് ഈ ബന്ധം ഒഴിവാക്കാം..." "അമ്മയെന്തൊക്കെ പറഞ്ഞാലും ശരി, ഇത് നടക്കില്ല... അവളെ പോലൊരു പെണ്ണിനെ എന്റെ ഭാര്യയായി കാണാൻ എനിക്ക് ബുദ്ധിമുട്ടാണ്...അടുക്കളകാരിയെ മരുമകൾ ആയി കാണാൻ അമ്മയ്ക്ക് കഴിയുമോ...??" അവന്റെ ചോദ്യത്തിന് മുന്നിൽ ആശ തലകുനിച്ചു... "മുത്തശ്ശി സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ...??" "അമ്മയ്ക്ക് എതിർപ്പൊന്നും ഇല്ലാ..." "ഓഹോ...അപ്പോൾ എല്ലാവരും കൂടിയുള്ള പ്ലാൻ ആണല്ലേ... ഞാൻ മുത്തശ്ശിയോട് ഒന്ന് സംസാരിക്കട്ടെ...." അതും പറഞ്ഞവൻ വാതിൽ തുറന്ന് പുറത്തേക്ക് പോകുമ്പോൾ ആശ പുറകെ ഓടിച്ചെന്നു... "ഞാൻ ഈ കേട്ടത് സത്യമാണോ... ഇവിടുത്തെ ജോലിക്കാരിയെ എന്റെ തലയിൽ കെട്ടി വെക്കണമെന്ന് അമ്മ പറയുന്ന തീരുമാനത്തിന് മുത്തശ്ശിയും സപ്പോർട്ട് ആണോ..??" മുഖവുരയൊന്നും ഇല്ലാതെ അവൻ നേരെ വന്നു ചോദിച്ചതും ലക്ഷ്മിയമ്മയ്ക്ക് എന്തോ ആദ്യമായി കൊച്ചുമകന്റെ മുന്നിൽ നിൽക്കാനൊരു പരവേശം തോന്നി... "അത്.. മോനെ... നീയൊന്ന് സമാധാനപെട്... നിന്റെ ജാതകത്തിൽ ദോഷമുള്ളത് കൊണ്ട് പണിക്കര് പറഞ്ഞിട്ടാ അമ്മയും മുത്തശ്ശിയും ഇങ്ങനെയൊരു തീരുമാനം എടുത്തത്.. അതുകൊണ്ട് നീ എതിരൊന്നും പറയാതെ ഈ വിവാഹത്തിന് സമ്മതിക്കണം..." "പക്ഷെ, മുത്തശ്ശി... അവളെപോലൊരു പെണ്ണിനെ ഞാൻ എങ്ങനെയാ ഭാര്യയായിട്ട്... ഇല്ലാ എനിക്ക് പറ്റില്ല..." "അതിന് നീയവളെ ഭാര്യയായി കൊണ്ട് നടക്കേണ്ട കാര്യമില്ല. കാര്യങ്ങൾ എല്ലാം അവളെ പറഞ്ഞു മനസ്സിലാക്കി പേരിനൊരു താലികെട്ട് മാത്രം നടത്താം.. പിന്നെ പണിക്കര് പറഞ്ഞ ദോഷം തീർത്തുകളയാൻ വേണ്ടി അവളെയങ്ങു ഒഴിവാക്കാം..." അത് മാത്രം ആദിക്ക് ദഹിച്ചില്ല... അങ്ങനെ കളിപ്പാവ പോലെ ഒരു പെണ്ണിന്റെ ജീവിതം വെച്ച് അമ്മാനമാടാൻ അവന്റെ മനസ് അനുവദിച്ചില്ലെന്ന് വേണം പറയാൻ... "മോനെ ആദി... നീയൊന്ന് സമ്മതിക്കെടാ... നമ്മുടെ തറവാട്ടിൽ ഉള്ളവരല്ലാതെ മറ്റാരും ഈ വിവാഹത്തെ കുറിച്ച് അറിയില്ല  അതുകൊണ്ട്  അവൾ നിന്റെ ഭാര്യയാണെന്ന് ആരും അറിയാൻ പോകുന്നില്ല..." ആശ അവസാന പ്രതീക്ഷ പോലെ അവനോട് പറയുമ്പോൾ ആദി എന്തോ ആലോചിക്കുകയായിരുന്നു... "നീയൊന്ന് സമ്മതം മൂളിയാൽ എത്രയും പെട്ടന്ന് നമുക്കാ ചടങ്ങ് നടത്താം...നമുക്ക് മുന്നിൽ ഇതല്ലാതെ മറ്റൊരു വഴിയുമില്ല....! " ആദിയൊന്നും മിണ്ടാതെ വല്ലാത്തൊരു ദേഷ്യത്തിൽ മുകളിലേക്ക് കയറി പോയി... ആശയും ലക്ഷ്മിയമ്മയും ഒട്ടൊരു വല്ലായ്മയോടെ പരസ്പരം നോക്കി.... "അമ്മായിതെന്തൊക്കെയാ പറയുന്നത്... ആദിയെ പോലൊരു പയ്യന് ആ അടിച്ചു തളിക്കാരിയെ ആലോചിക്കാൻ മാത്രം തരംതാണോ കാവുമ്പാട്ടെ ലക്ഷ്മിയമ്മ...? ഈ വിവാഹമെങ്ങാൻ നടന്നാൽ നാലാളുടെ മുഖതെങ്ങനെ നോക്കും??" കാര്യങ്ങൾ എല്ലാമറിഞ്ഞപ്പോൾ ശിവാനന്ദൻ ലക്ഷ്മിയമ്മക്ക് നേരെ സ്വരമുയർത്തി... അയാളുടെ അതേ ചിന്തയും ഭാവവുമായി ഭാര്യ ജയശ്രീയും തൊട്ടടുത്ത് നിൽപ്പുണ്ട്... "ഒന്നുമില്ലെങ്കിൽ നമ്മുടെ അഞ്ജു മോളെ ആലോചിച്ചുടെ.... അവളും ഒരു കണക്കിന് അവന്റെ മുറപെണ്ണല്ലേ...?" "ശിവാ... നീയെന്തറിഞ്ഞിട്ടാ ഈ പറയുന്നത്... അവന്റെ ജാതകത്തിൽ പ്രശ്നമുള്ളത് കൊണ്ടല്ലേ ഞങ്ങൾ ഇങ്ങനെയൊരു കാര്യം തീരുമാനിച്ചത്... നമ്മുടെ കുട്ടിയെ തന്നെ അറിഞ്ഞുകൊണ്ട് കുരുതി കൊടുക്കാൻ പറ്റുമോ....?" ലക്ഷ്മിയമ്മയുടെ ചോദ്യം കേട്ടതും അയാളൊന്ന് പരുങ്ങി... "അ.. അങ്ങനെ ആണെങ്കിൽ മറ്റാരെയെങ്കിലും കണ്ടെത്തികൂടെ... ഈ പെണ്ണ്...." അപ്പോഴും ഭദ്രയെ ആ സ്ഥാനത്തേക്ക് കാണുവാൻ അയാൾക്ക് മനസ് വന്നില്ല... "ഇങ്ങനെയൊരു പ്രശ്നം ഉണ്ടെന്ന് അറിഞ്ഞാൽ മറ്റാരും ഈ വിവാഹത്തിന് സമ്മതിക്കില്ല... അതുകൊണ്ടാ ഈ പെണ്ണിനെ തന്നെ നോക്കാമെന്നു വെച്ചത്... അവൾ ആകുമ്പോ എന്ത് പറ്റിയാലും ചോദിക്കാനും പറയാനും ആരുമില്ലല്ലോ..." ലക്ഷ്മിയമ്മയുടെ ദുഷിച്ച മനസ്സിൽ നിന്നു വരുന്ന വാക്കുകൾ കേട്ട് ശിവാനന്ദനും ജയശ്രീയും അത് ശരിയാണല്ലോ എന്നൊരു ചിന്തയിൽ ആയിരുന്നു... "എന്നിട്ട് ആദി സമ്മതിച്ചോ....? ആ പെണ്ണ് സമ്മതിച്ചോ....?" "ആദിയെകൊണ്ട് സമ്മതിപ്പിക്കണം... അതാണ് ഇപ്പോഴത്തെ പ്രശ്നം... അവളെക്കൊണ്ട് സമ്മതിപ്പിക്കാൻ വലിയ ബുദ്ധിമുട്ട് കാണില്ല.. അത് ഞാൻ ചെയ്തോളാം..." ആശ പെട്ടന്ന് മറുപടി പറഞ്ഞു.... "മ്മ്ഹ്ഹ്.. എങ്കിൽ  അവനെക്കൊണ്ട് സമ്മതിപ്പിക്കാനും ചേച്ചിക്ക് തന്നെ കഴിയും... അമ്മയെന്ന് വെച്ചാൽ അവന് അങ്ങനെയാണല്ലോ...." ശിവാനന്ദൻ ഏറെ കാര്യമായി പറയുമ്പോൾ അത് ശരിയാണല്ലോ എന്ന മട്ടിൽ നിൽക്കുകയാണ് ആശ.... തുടരും.... അഭിപ്രായം കുറിക്കാൻ മറക്കല്ലേ... ഒരു ഇമോജിയെങ്കിലും ഇടണേ.. 🤌🥰 #💞 പ്രണയകഥകൾ #📙 നോവൽ #💌 പ്രണയം #📔 കഥ #📝 ഞാൻ എഴുതിയ വരികൾ
💞 പ്രണയകഥകൾ - Part - 2 Bnlolomo 8 ூஅ Part - 2 Bnlolomo 8 ூஅ - ShareChat