*പതിനേഴാമത്തെ കാമുകൻ*
ഭാഗം : 2
✍️ അഞ്ജു തങ്കച്ചൻ
വെറുപ്പാണ് തനിക്കവളെ
അവൾ അനുഭവിക്കണം. നരകിക്കണം.
കാണുന്നവർ അവളെ പേടിയോടെ നോക്കണം.അതോടെ സൗന്ദര്യം ഉണ്ടെന്നുള്ള അവളുടെ അഹങ്കാരം തീരും
താനവളെ ഒരുപാട് സ്നേഹിച്ചിരുന്നതാണ്, ഒരുപാട് മോഹിച്ചിരുന്നതാണ്, പക്ഷേ അവൾക്ക് തന്നെ വേണ്ട.
അവൾ തന്റേതാണെന്നുള്ള ഉറപ്പിലവളുടെ ശരീരത്തിൽ ഒന്ന് സ്പർശിച്ചു എന്നുള്ളത് ശരിയാണ്. എന്നായാലും അവൾ തന്റേതാവാനുള്ളതല്ലേ എന്ന സ്വാതന്ത്ര്യത്തോടെയാണത് ചെയ്തത്, പക്ഷേ ആ പേരും പറഞ്ഞ് അവൾ പിണങ്ങി. എത്രവട്ടം താൻ അവളുടെ പിന്നാലെ നടന്നു.
എത്ര തവണ അവളോട് മാപ്പ് പറഞ്ഞു, അവളുടെ കാലു പിടിക്കാൻ വരെ താൻ തയ്യാറായിരുന്നു , എന്നിട്ട് അവളൊന്നു കേൾക്കാൻ കൂടെ കൂട്ടാക്കിയില്ല...
അവൾ തന്നെ ഒഴിവാക്കാൻ കാത്തിരിക്കുകയായിരുന്നു.....
അവളെ അത്രയേറെ സ്നേഹിച്ചിട്ട് അവൾ നിഷ്കരുണം തന്നെ ഒഴിവാക്കി.
അവൾക്ക് അഹങ്കാരമാണ്, അവൾ ഭയങ്കര സുന്ദരിയാണ് അതുകൊണ്ട് താൻ പോയാലും വേറൊരാൾ വരും എന്ന് അവൾക്കുറപ്പുണ്ട്.
നോക്കിക്കോ നിത്യേ... നിന്നെ ഇനി ഒരുത്തനും വേണ്ടാതാകും.
മറ്റുള്ളവർ നിന്നെ അറപ്പോടെ, പേടിയോടെ നോക്കും.
അപ്പോഴൊക്കെ നീ എന്നെ ഓർക്കണം.
അയാൾ അവളുടെ ഓഫീസിന് മുന്നിൽ എത്തി. അവളെ കാത്ത് നിന്നു.
അവൾ വരാൻ സമയമായിട്ടുണ്ട്.
അയാളുടെ മുഖത്ത് വിയർപ്പുകണങ്ങൾ നിറഞ്ഞു.
അയാൾ പോക്കറ്റിൽ കയ്യിട്ടു കുപ്പി അവിടെ തന്നെയുണ്ടെന്ന് ഉറപ്പാക്കി.
ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നയാൾ പരിഭ്രമത്തോടെ ചുറ്റും നോക്കി.
അല്പം കഴിഞ്ഞപ്പോൾ അവൾ ഓഫിനടുത്തേക്കു നടന്നു വരുന്നതവൻ കണ്ടു.
കണ്ടാൽ ഒന്നുകൂടി നോക്കി പോകുന്ന സൗന്ദര്യത്തിനുടമയാണ് അവൾ.
ഇത്രയും അംഗലാവണ്യമുള്ള ഒരു പെണ്ണിനെ ഇതുവരെയും താൻ കണ്ടിട്ടില്ല.
അവളുടെ ആ അഹങ്കാരം ഇന്നു കൊണ്ട് അവസാനിക്കാൻ പോകുകയാണ്.
അയാൾ വാഹനത്തിന്റെ സൈഡിലേക്ക്, അവൾ കാണാതെ മാറി നിന്നു.
അവൾ അടുത്തേക്ക് വരുംതോറും അയാളുടെ ഹൃദയമിടിപ്പ് ഏറി വന്നു.
അതാ....അവൾ അടുത്തേക്കു വരുകയാണ്...
ആയാൾ പോക്കറ്റിൽ നിന്നും കുപ്പി എടുത്തു.
അതിന്റെ അടപ്പ് തുറക്കുമ്പോൾ അയാളുടെ കൈകൾ വിറച്ചിരുന്നു.
അവൾ തൊട്ടടുത്ത് എത്തുമ്പോൾ, അവളുടെ മു ** ഖ ** ത്തിന് നേരെ ഒ ** ഴിക്കണം.
അയാൾ കരുതി നിന്നു.
അവൾ തൊട്ടടുത്ത് എത്തിയതും
അയാൾ മുന്നിലേക്ക് ചാടി ചെന്ന്
കുപ്പി വീശാനാഞ്ഞതും അയാളുടെ കൈകളിൽ പിടുത്തം വീണു.
ബലമായി ആരോ അയാളിൽ നിന്നും കുപ്പി വലിച്ചെടുത്ത് റോഡിനപ്പുറത്തേക്ക് ഇട്ടു.
നിത്യ ഞെട്ടിത്തരിച്ചു നിൽക്കുകയാണ്.
തന്റെ കയ്യിൽ ബലമായി പിടിച്ചവനെ കാർത്തിക് നോക്കി
നല്ല ഉയരവും അതിനൊത്ത വണ്ണവുമുള്ള ഒരു മനുഷ്യനാണ്...
അയാൾ അവന്റെ കൈകളിൽ നിന്നും പിടുത്തം വിട്ടിരുന്നില്ല
നീ ഇവിടെ വന്നു നിന്നപ്പോൾ മുതൽ ഞാൻ നിന്നെ ശ്രദ്ധിക്കുന്നതാ.
എന്തോ കള്ളത്തരം ചെയ്യാനാണെന്ന് അപ്പോഴേ തോന്നി..
എന്റെ കയ്യിൽ നിന്നും വിടടോ, കാർത്തിക് ദേഷ്യത്തോടെ അയാളോട് പറഞ്ഞു.
തന്റെ ഉദ്ദേശം നടക്കാത്ത ദേഷ്യം മുഴുവൻ അവന് അയാളോട് ഉണ്ടായിരുന്നു.
നിത്യ ഭീതിയോടെ കാർത്തിക്കിന്റെ മുഖത്തേക്ക് നോക്കി.
നീ ഇപ്പോൾ രക്ഷപ്പെട്ടു. നോക്കിക്കോടി നിന്നെ ഞാൻ വെറുതെ വിടില്ല. അവൻ അവളോടലറി
ആ മനുഷ്യൻ അവന്റെ തോളിൽ കയ്യ് അമർത്തി
അവൻ അയാളുടെ കൈ തട്ടി മാറ്റി.
പോടോ...
നിനക്കൊക്കെ എന്തിന്റെ കേടാണ് ചെറുക്കാ, ഇതുപോലെ ഒരു പെണ്ണിന് വേണ്ടി നിന്‍റെ ജീവിതം നശിപ്പിക്കേണ്ട കാര്യമുണ്ടോ.
താനാരാടാ എന്നെ ഉപദേശിക്കാൻ. താൻ തന്റെ പണി നോക്ക്.
കാർത്തിക്കിന്റെ കലിപ്പ് തീർന്നില്ല.
അയാൾ മെല്ലെ ഒന്ന് ചിരിച്ചു.
ഇവളുടെ മുഖത്ത് ആ ** സി **. ഡ് ഒഴിച്ചിട്ട് രക്ഷപ്പെടാം എന്ന് നീ കരുതിയോ? ഒരിക്കലുമില്ല, ജയിലിൽ പോയി കിടക്കേണ്ടി വരും നിന്റെ ജീവിതം നശിക്കും അത്രയേ സംഭവിക്കുകയുള്ളൂ...
നിന്റെ വീട്ടുകാരെക്കുറിച്ച് നീ ആലോചിക്കുന്നില്ലേ അവർ നിന്നെ എന്തുമാത്രം സ്നേഹത്തോടെയും കരുതലോടെയുമാണ് വളർത്തിക്കൊണ്ടുവന്നത്, എന്നിട്ട് ഇതുപോലൊരു പെണ്ണിന്റെ മുഖത്ത്
ആ ** സി **. ഡും കോരി ഒഴിച്ചിട്ട് നീ കേസും ജയിലും ഒക്കെയായി, അതിന്റെ പിറകെ നടന്നാൽ, ജീവിതം നശിക്കും.അത്രയേ ഉള്ളൂ...
അല്ലെങ്കിൽ തന്നെ ഇഷ്ടമില്ലാത്ത ബന്ധങ്ങളിൽ നിന്നും ഇറങ്ങിപ്പോരാൻ മനുഷ്യർക്ക് കഴിയണം. നിങ്ങളൊക്കെ പുതിയ തലമുറയിലെ ആളുകൾ അല്ലേ..
താനെന്താ എന്നെ ഉപദേശിക്കുകയാണോ? എനിക്ക് ആരുടെയും ഉപദേശം കേൾക്കണ്ട.
ഞാൻ ഉപദേശിക്കുന്നൊന്നുമില്ല.
ഇങ്ങനെയൊക്കെ ചെയ്യാൻ മാത്രം, മനസ്സുറപ്പുള്ള മനുഷ്യരെയൊക്കെ ഞാൻ ഇപ്പോഴാണ് കാണുന്നത്. പ്രിയപ്പെട്ടവരെയൊക്കെ ഒന്നു നുള്ളിനോവിക്കാൻ പോലും കഴിയാത്ത തലമുറയിൽ പെട്ടവരാണ് ഞാനൊക്കെ, നിന്റെയൊക്കെ ഭാഷയിൽ പറഞ്ഞാൽ തന്ത വൈബുമായി ജീവിക്കുന്ന ഒരാൾ.
ഒരിക്കൽ പ്രിയപ്പെട്ടതായിരുന്ന ഒരുവളെ എങ്ങനെയാടോ വി ** കൃതമാക്കാൻ തനിക്ക് തോന്നിയത്? തന്റെ മനസ്സ് ഇത്രയേറെ മോശമാണോ? ആ പെൺകുട്ടിക്ക് നിന്നെ വേണ്ടെങ്കിൽ നിനക്ക് അവളെയും വേണ്ട അത്രയേ ഉള്ളൂ...
നിന്റെ വീട്ടിലുള്ള ഏതെങ്കിലും പെണ്ണുങ്ങളെ ഇതുപോലെ ആരെങ്കിലും ആ ** **..സി...*ഡ് ആ ** ക്ര...മ..ണം നടത്തിയാൽ നിനക്കത് സഹിക്കാൻ കഴിയുമോ, അവരുടെ പിന്നീടുള്ള ജീവിതം എങ്ങനെയായിരിക്കും എന്ന് നീ ഒന്ന് ചിന്തിച്ചു നോക്കിക്കേ.....
അപ്പോൾ മാത്രം കാർത്തിക്കിന്റെ മുഖം കുനിഞ്ഞു.
നിത്യ അപ്പോഴും ഭയന്ന് വിറച്ചു നിൽക്കുകയായിരുന്നു.
കാലുകൾക്ക് രണ്ടും വല്ലാത്ത ഭാരം തോന്നുന്നു. ഒരടി നടക്കാൻ ആവുന്നില്ല.
പലരുമായും താൻ പ്രണയത്തിലായിട്ടുണ്ട്,ശരിയാണ്, പക്ഷേ അവരെ തെല്ലും വേദനിപ്പിക്കാതെ അവരോട് കാര്യങ്ങൾ തുറന്നു പറഞ്ഞിട്ട് തന്നെയാണ് താൻ അവരിൽ നിന്നും ഇറങ്ങി നടന്നത്.
എനിക്കൊരാളെയും സ്നേഹിക്കാൻ കഴിഞ്ഞിരുന്നില്ല. അവരുടെ നോട്ടം അല്ലെങ്കിൽ അവരുടെ സ്പർശനം,അതൊന്ന് തനിക്ക് ഇഷ്ടമായിട്ടില്ല.
കണ്ണുകളിൽ മാത്രം നോക്കി തന്നോട് സംസാരിക്കുന്ന, കരുതലോടെ തന്നെ കൊണ്ടുനടക്കുന്ന, ഒരാളെയാണ് താനാഗ്രഹിക്കുന്നത്.
കാർത്തിക് മാത്രമാണ് ബ്രേക്ക്അപ്പ് ആയതിനുശേഷവും തന്നെ ഫോൺ വിളിച്ചു കൊണ്ടിരുന്നത്.
ആദ്യം അവൻ തന്റെ പിന്നാലെ നടന്നിഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഏതോ ഒരു നിമിഷത്തിൽ താനും അവനോട് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു.
പക്ഷേ അവന്റെ നോട്ടമൊക്കെ ഒരുതരം ആർത്തി നിറഞ്ഞതാണ്.തനിക്ക് അങ്ങനെയുള്ള പുരുഷന്മാരെ സ്നേഹിക്കാൻ ആവില്ല, വിശ്വസിക്കാനാവില്ല...
ആ മനുഷ്യൻ അവളുടെ തൊട്ടു മുൻപിൽ വന്നു നിന്നു.
നിത്യ അയാളുടെ നേരെ നോക്കി.
ഞാൻ കണ്ടതുകൊണ്ട് നീ രക്ഷപ്പെട്ടു,
നിന്നെപ്പോലെയുള്ള സ്ത്രീകൾക്ക് ഒരു വിചാരമുണ്ട് അവിടേയുമിവിടേയുമുള്ള മുഴുപ്പ് കാണിച്ച് ആണുങ്ങളെ പ്രലോഭിപ്പിക്കാം എന്ന്.
നീയൊക്കെ അതുതന്നെയല്ലേ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്, കുടുംബത്തിലുള്ളവരുടെ വിശപ്പ് മാറ്റാൻ ചില സ്ത്രീകൾ സ്വന്തം ശരീരം വിറ്റ് ജീവിക്കുന്നത് കണ്ടിട്ടുണ്ട്.
ആ സ്ത്രീകൾക്കുള്ള മാന്യത പോലും നിന്നെപ്പോലെയുള്ളവളുമാർക്കില്ല.
നീയൊക്കെ ഓരോ ചെറുക്കന്മാരെ വഴിതെറ്റിക്കാൻ വേണ്ടി മാത്രം നടക്കുകയാണ്.
പുച്ഛം തോന്നുന്നു നിന്നെപ്പോലെയുള്ള സ്ത്രീകളോട്...
അയാൾ തിരിഞ്ഞു നടന്നു.
കാർത്തിക് അവളെ ഒന്ന് തറപ്പിച്ചു നോക്കിയിട്ട് വണ്ടിയിൽ കയറി.
അൽപ്പനേരം കൂടി അവൾ ഒരേ നിൽപ്പ് നിന്നു.
ഉള്ളിൽ ഒരു കരച്ചിൽ പിടയ്ക്കുന്നു..
ആ മനുഷ്യൻ കാർത്തിക്കിനെ തടഞ്ഞില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു തന്റെ അവസ്ഥ.
വയ്യ ആലോചിക്കാൻ പോലും വയ്യ.
അവൾക്ക് ഓഫീസിലേക്ക് പോകാൻ തോന്നിയില്ല.
മനസ്സാകെ തകർന്നിരിക്കുന്നു.
എന്താണ് അയാൾ തന്നോട് പറഞ്ഞത്, മാനം വിറ്റ് ജീവിക്കുന്ന സ്ത്രീകൾക്ക് പോലും തന്നെക്കാൾ മാന്യതയുണ്ടെന്നോ?
അത്രയ്ക്ക് മോശപ്പെട്ട മനുഷ്യ സ്ത്രീയാണോ താൻ?
അതിനുമാത്രം എന്ത് തെറ്റാണ് താൻ ചെയ്തത്
എന്നോട് ഇഷ്ടമാണെന്നു പറഞ്ഞ ഒരുപാട് ആളുകളുണ്ട്. അതിൽ ചിലരോട് താൻ തിരിച്ച് ഇഷ്ടം പറഞ്ഞിട്ടുണ്ട്.
തുടക്കത്തിലേതാൻ അവരോടൊക്കെപറഞ്ഞിട്ടുണ്ട്.
എനിക്ക് നിങ്ങളെ ഇഷ്ടപ്പെടാൻ എന്തെങ്കിലും കാരണം ഉണ്ടോ എന്ന് ഞാൻ നോക്കട്ടെ. ഇല്ലെങ്കിൽ ഞാൻ ഇറങ്ങി പോകും എന്ന്.
കാർത്തിക്കിനോടും അങ്ങനെ തന്നെ പറഞ്ഞിട്ടുണ്ട്.പക്ഷേ കാർത്തിക് താൻ ഉദ്ദേശിക്കുന്ന പോലെ ഒരാൾ ആയിരുന്നില്ല.
അതുകൊണ്ടുതന്നെ താൻ അവനിൽ നിന്നും ഇറങ്ങി നടക്കാൻ ആഗ്രഹിച്ചു. അവനോട് തുറന്നു പറഞ്ഞിട്ട് തന്നെയാണ് താൻ ഇറങ്ങി നടന്നത്
കുറച്ചു ദിവസങ്ങൾ കഴിഞ്ഞിട്ട് വീണ്ടും അവൻ തന്നെ വിളിച്ചു കൊണ്ടിരുന്നു അപ്പോൾ ബ്ലോക്ക് ചെയ്തു. ഇങ്ങനെ ഒരു
ആ ** ക്ര**മ. ണം നടത്തുമെന്ന് താൻ പ്രതീക്ഷിച്ചില്ല.
അവൾ തിരികെ ഫ്ലാറ്റിലേക്ക് നടന്നു.
ഫ്ലാറ്റിന്റെ വാതിൽ തുറന്ന് അകത്തു കയറിയതും അവൾ ബാഗ് ടേബിളിലേക്ക് വെച്ചിട്ട്, കട്ടിലിൽ കമിഴ്ന്നു കിടന്നു.
കണ്ണുനീർ ഉതിർന്നുവീണ് തലയിണ നനഞ്ഞു കൊണ്ടിരുന്നു.
ജീവിതത്തിലുടനീളം താൻ ഒറ്റയ്ക്കായിരുന്നു.
ആരും സഹായത്തിനില്ലായിരുന്നു.
പതിനാലാമത്തെ വയസ്സ് മുതൽ ഓരോരോ ജോലികൾ ചെയ്താണ് താൻ പഠിച്ചത്.
മഴപെയ്താൽ ചോരുന്ന തകര ഷീറ്റിട്ട ഒരു ചെറിയ വീടുണ്ടായിരുന്നു തനിക്ക്.
മണൽവാരൽ ആയിരുന്നു അച്ഛന്റെ ജോലി. അമ്മ വയ്യാത്ത ആളായിരുന്നു ഒരു കാലിന് സ്വാധീനക്കുറവുള്ള അമ്മ ഒരു പാവം വീട്ടമ്മ ആയിരുന്നു.
അങ്ങനെയിരിക്കയാണ് മണൽ വാരുന്നതിന് നിരോധനം വന്നത്.
എങ്കിലും അച്ഛൻ, കിട്ടുന്ന മറ്റു പണികളൊക്കെ ചെയ്തു തന്നെയും അമ്മയെയും നോക്കി.
ഇന്നും താൻ ഓർമ്മിക്കുന്നുണ്ട്. അന്നൊരു ക്രിസ്മസിന്റെ തലേ ദിവസമായിരുന്നു
അന്ന് രാവിലെ അച്ഛൻ ഇറച്ചി വാങ്ങിക്കൊണ്ടു വരാമെന്ന് പറഞ്ഞു പോയതാണ്. തിരികെ വന്നത് ജീവനില്ലാത്ത ശരീരമായിട്ടായിരുന്നു.
അച്ഛനെ കണ്ട് അമ്മ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.
അന്ന് അനാഥയായി പോയതാണ് താൻ.
അവൾ അങ്ങനെ കിടന്ന്, പലതും ആലോചിച്ചുറങ്ങിപ്പോയി.
ഉച്ചയായപ്പോഴാണ് അവൾ ഉണർന്നത്.
ഷീറ്റ് മേഞ്ഞയാ കൊച്ചു വീട്ടിലേക്ക് മടങ്ങി പോകാൻ തോന്നുന്നു.
വയ്യ ഇനിയും ഇവിടെ വയ്യ....
അവൾ സാധനങ്ങൾ ഒക്കെ പാക്ക് ചെയ്തു വച്ചു.
ഓഫീസിൽ വിളിച്ച് ഇനി മുതൽ വരുന്നില്ല എന്ന് പറയണം.
നിർമലചേച്ചി വന്നിട്ടേ പോകുന്നുള്ളൂ...
ഇവിടെ ജോലിക്ക് വന്ന ദിവസം മുതൽ ഈ കഴിഞ്ഞ രണ്ട് വർഷവും, തന്നെ ഒരു അനിയത്തിയായി കരുതുകയും സ്നേഹിക്കുകയും ചെയ്ത ആളാണ് ചേച്ചി.
നിർമ്മല അകത്തേക്ക് വന്നു
ഇന്നെന്താ നീ നേരത്തെ വന്നോ? നിർമ്മല നിത്യയോട് ചോദിച്ചു
അവൾ ഒന്നും മിണ്ടിയില്ല.
നിർമ്മല അവളുടെ അടുത്തേക്ക് വന്നു
എന്തേ നീ കരഞ്ഞോ?
പെട്ടന്ന് അവൾ നിർമ്മലയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു
എന്താടാ.. എന്ത് പറ്റി?
നിർമ്മല അവളുടെ മുഖം പിടിച്ചുയർത്തി.
അവൾ നടന്നതൊക്കെ നിർമ്മലയോട് പറഞ്ഞു
എന്നാലും കാർത്തിക്ക് അങ്ങനൊക്കെ ചെയ്യാൻ നോക്കിയോ, വിശ്വസിക്കാൻ ആകുന്നില്ല... അവൻ അത്രയ്ക്ക് മോശപ്പെട്ട മനുഷ്യനായിരുന്നോ?
നീ അവനെ വേണ്ടെന്നുവെച്ചത് നന്നായി മോളെ.
ഇതിന്റെ പേരിൽ നീ ജോലി ഉപേക്ഷിച്ച് ഇവിടെ നിന്നും ഒളിച്ചോടേണ്ട കാര്യം ഒന്നുമില്ല.
നീ ലീവിന് പറ.
കുറച്ചുദിവസം നാട്ടിലൊക്കെ പോയി നിന്നിട്ട്, മനസ്സ് സ്വസ്ഥമാകുമ്പോൾ തിരികെ വാ. അല്ലാതെ കിട്ടിയ ജോലി നഷ്ടപ്പെടുത്തിയാൽ, പിന്നെ ഒരു ജോലി കിട്ടുന്നതുവരെ നീ എന്ത് ചെയ്യും.
എനിക്കെന്തോ എല്ലാത്തിനോടും മടുപ്പ് തോന്നുന്നു ചേച്ചി.
അതൊക്കെ ശരിയാകും.
ചെല്ല്, ഇനി വൈകണ്ട നാട്ടിലേക്ക് പുറപ്പെട്ടോ, എന്നിട്ട് കുറച്ചു ദിവസങ്ങൾ അവിടെനിന്ന് മനസ്സൊക്കെ ഒന്ന് ശാന്തമായിട്ട് മടങ്ങി വന്നാൽ മതി.
കാർത്തിക്കിനെ എനിക്കറിയാവുന്നതല്ലേ, രണ്ടു ദിവസം കഴിയുമ്പോൾ ഞാൻ അവനെ പോയി കാണാം, അവനോട് സംസാരിക്കാം. നീ പേടിക്കാതിരിക്ക്. ഞാനില്ലേ ഇവിടെ...
നിർമ്മല അവളുടെ ചുമലിൽ തഴുകി.
പെട്ടന്നാണ് കാളിങ് ബെൽ ശബ്ദിച്ചത്.
നിർമ്മല വാതിൽ തുറന്നു.
കാർത്തിക്ക്...
അവൾ ബലമായി വാതിൽ അടക്കാൻ ശ്രമിച്ചു.
കാർത്തിക്ക് വാതിൽ തള്ളിത്തുറന്ന് അകത്തു കയറി.
💚💚💚💚💚💚
തുടരും. #📙 നോവൽ #💞 പ്രണയകഥകൾ