നാളെ സെപ്റ്റംബര് 12 സ.സീതാറാം യെച്ചൂരി ദിനം. സിപിഐ എമ്മിന്റെയും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും ഇടതുപക്ഷ പാർട്ടികളുടെയും രാജ്യത്തെ ഏറ്റവും പ്രധാന നേതാവായിരുന്നു സഖാവ് സീതാറാം. മികച്ച മാർക്സിസ്റ്റ് സൈദ്ധാന്തികൻ കൂടിയായ അദ്ദേഹം രാജ്യത്തും ലോകത്തായെയും ഉയർന്നുവരുന്ന പ്രശ്നങ്ങളിൽ ദിശാബോധത്തോടുകൂടിയ നിലപാടുകൾ സ്വീകരിച്ചു. സിപിഐ എമ്മിന്റെ അഭിപ്രായങ്ങൾ വ്യക്തതയോടെ അവതരിപ്പിക്കാനും പാർട്ടിയുടെ ശബ്ദം രാജ്യത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കാനും സീതാറാമിനായി. 1974ൽ ഡൽഹി ജെഎൻയു സർവകലാശാലയിൽ എത്തിയ അദ്ദേഹം വിദ്യാർഥിപ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് ഉയർന്നു. അടിയന്തരാവസ്ഥാക്കാലത്ത് വിദ്യാർഥിപോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. എസ്എഫ്ഐയെ അഖിലേന്ത്യാ ശക്തിയാക്കുന്നതിൽ നിർണായകമായ പങ്കാണ് സീതാറാം വഹിച്ചത്.
1975ൽ സിപിഐ എമ്മിന്റെ ഭാഗമായ അദ്ദേഹം പിന്നീട് പാർട്ടി ജനറൽ സെക്രട്ടറി വരെയായി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പാർടിയുടെ രാഷ്ട്രീയാഭിപ്രായങ്ങളും നിലപാടുകളും രൂപപ്പെടുത്തുന്നതിൽ സഖാവ് സീതാറാമിന് തന്റേറേതായ പങ്കു വഹിക്കാനായിട്ടുണ്ട്. കമ്യൂണിസ്റ്റ് പുരോഗമന ശക്തികളുടെ വിവിധ അന്താരാഷ്ട്ര സമ്മേളനങ്ങളിൽ സിപിഐ എമ്മിനെ പ്രതിനിധീകരിച്ചത് അദ്ദേഹമായിരുന്നു. സോഷ്യലിസ്റ്റ് രാജ്യങ്ങളുമായും സാമ്രാജ്യത്വ വിരുദ്ധ ശക്തികളുമായും അചഞ്ചലമായ ബന്ധമാണ് അദ്ദേഹം കാത്തുസൂക്ഷിച്ചത്. മികച്ച വാഗ്മിയും എഴുത്തുകാരനുമായ സീതാറാം തന്റെ കഴിവുകൾ പൂർണമായും പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി ഉപയോഗപ്പെടുത്തി.
മികച്ച സംഘടനാ പ്രവർത്തകൻ എന്നതിനൊപ്പം അതുല്യനായ പാർലമെന്റേറേറിയനുമായിരുന്നു സഖാവ് സീതാറാം. 2005 മുതൽ 2017 വരെയുള്ള രാജ്യസഭാകാലത്ത് അദ്ദേഹം ഇത് തെളിയിച്ചു. വർഗീയതയ്ക്കും അഴിമതിക്കുമെതിയായ പോരാട്ട വേദിയായി അദ്ദേഹം പാർലമെന്റിനെ ഉപയോഗപ്പെടുത്തി. മതേതരത്വവും സോഷ്യലിസവും ഭരണഘടനാ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പാർലമെന്റ് പ്രസംഗങ്ങളോരോന്നും.
വർഗീയ ശക്തികൾക്കെതിരായ കൂട്ടായ്മയുടെ നേതൃനിരയിലും സഖാവ് സീതാറാമുണ്ടായിരുന്നു. ഐക്യമുന്നണി, യുപിഎ സർക്കാരുകളുടെ കാലത്ത് നിലപാടുകളും നയപരിപാടികളും രൂപപ്പെടുത്തുന്നതിൽ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. ഏറ്റവുമൊടുവിൽ ബിജെപി വിരുദ്ധ ശക്തികളെ ഏകോപിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ നേതൃപാടവം രാജ്യം തിരിച്ചറിഞ്ഞു. രാഷ്ട്രീയ എതിരാളികളുടെ പോലും ആദരവ് നേടിയെടുക്കും വിധത്തിൽ ഉന്നതമായ പെരുമാറ്റവും സംസാര ശൈലിയുമായിരുന്നു അദ്ദേഹം എക്കാലവും സ്വീകരിച്ചത്. രാഷ്ട്രീയ മേഖലയ്ക്കകത്തും പുറത്തും വിശാലമായ സൗഹൃദമാണ് ദേശാതിർത്തികൾ കടന്ന് അദ്ദേഹം കാത്തുസൂക്ഷിച്ചത്. സഖാവ് സീതാറാമിന്റെ വിയോഗം സിപിഐ എമ്മിനും ജനാധിപത്യ മതേതര വിശ്വാസികൾക്കും രാജ്യത്തിനാകെയും തീരാവേദനയും നഷ്ടവുമാണ്.
#💪🏻 സിപിഐഎം #☭ CPIM #🔴cpim🔥 #CPIM കണ്ണൂർ #CPIM kerala