ഇരട്ടമുഖം
ഭാഗം - 2
എങ്ങനെയുണ്ട് വിപീ,,
വീടും പരിസരവുമൊക്കെ ഇഷ്ടായോ?
കുളി കഴിഞ്ഞ് റ്റു പീസ് ധരിച്ച് ബാൽക്കണിയിൽ വന്ന് വയലിലേയ്ക്ക് നോക്കി നില്ക്കുന്ന വിപിനയുടെ കൂടെ സജുവും വന്ന് നിന്നു.
ഉം വീട് പുതിയതല്ലേ? ഇഷ്ടമാകാതിരിക്കുമോ? പരിസരമാണെങ്കിൽ കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന പച്ചവിരിച്ച വയലും അന്യായം സാമീ,,, പക്ഷേ ,,
അതെന്താ ഒരു പക്ഷേ? എനി പ്രോബ്ലം?
അമ്മയും ഏട്ടത്തിയുമൊക്കെ ഫ്രണ്ട്‌ലിയല്ലേ?
ങ്ഹാ അവരെ കണ്ടതല്ലേയുള്ളു? കാണാനിരിക്കുന്ന പൂരം എന്താന്നറിയില്ലല്ലോ? പക്ഷേ നിങ്ങടെ നെയിബേഴ്സ് വെറും കൾചർലെസ്സാണ്,, അവരുടെ ഓരോ കൊനഷ്ട് ചോദ്യങ്ങൾ,, റ്റൂ മച്ച്,,,
ഓഹ് അത്രേയുള്ളോ ?
അത് കാര്യാക്കണ്ടാ വിപീ ,,
ഗ്രാമീണരല്ലേ? നിഷ്കളങ്കരാണ്,
തനിക്ക് ഈ വീട്ടിൽ , എന്തേലും ബുദ്ധിമുട്ടുണ്ടെങ്കിൽ പറയാൻ മടിക്കേണ്ട , ഞാൻ സോൾവ് ചെയ്തോളാം
ഭർത്താവിൻ്റെ ആ വാക്കുകൾ
ഏതൊരു നവവധുവിനും ആത്മവിശ്വാസം പകരുന്നതാണെങ്കിലും, വിപിനയ്ക്ക് പക്ഷേ, അതൊരു വിധേയത്വത്തിൻ്റെ ലക്ഷണമായാണ് ഫീല് ചെയ്തത്
സജു തന്നോട് സ്നേഹത്തെക്കാൾ കൂടുതൽ ബഹുമാനം കാണിക്കുന്നതായി അവൾക്ക് പലപ്പോഴും തോന്നിയിരുന്നു , അത് തൻ്റെ വീട്ടിൽ നിന്നും ലഭിച്ച അളവറ്റ സ്ത്രീധനത്തിൻ്റെ മഹിമ കൊണ്ടാണോന്ന് അവൾക്ക് സംശയമില്ലാതില്ല.
വിപിയെന്താ ആലോചിക്കുന്നത്?
സജു ആകാംക്ഷയോടെ ചോദിച്ചു.
അതിന് മറുപടി പറയാനൊരുങ്ങുമ്പോഴേക്കും ,
വയലിനെ കീറി മുറിച്ച് കൊണ്ട്, വന്ദേഭാരത് തീവണ്ടി കടന്ന് പോയി.
നിങ്ങള് പുതിയ വീട് വയ്ക്കാൻ പ്ളാനിട്ടപ്പോൾ, റെയിൽവേട്രാക്കിൽ നിന്നും കുറച്ചൂടെ മാറി, മറ്റൊരിടത്ത് പണിയാമായിരുന്നു , ഇതിപ്പോൾ ഗൗരവമായിട്ട് ഒരു കാര്യം പോലും പറഞ്ഞ് പൂർത്തിയാക്കാനാവില്ലല്ലോ? അപ്പോഴേയ്ക്കും, ഏതെങ്കിലുമൊരു
ട്രെയിൻ കാതടപ്പിക്കുന്ന ശബ്ദവുമായി കടന്ന് പോകും ,ഇങ്ങനാണെങ്കിൽ രാത്രി കിടന്നുറങ്ങാൻ പറ്റുമോ സജൂ?
അവൾ ആശങ്കയോടെ ചോദിച്ചു.
അത് പിന്നെ, ആദ്യമായത് കൊണ്ടാണ് വിപിയ്ക്ക് അങ്ങനെ തോന്നുന്നത്, പതിയെ പതിയെ ശീലമായിക്കൊള്ളും , ഞങ്ങടെ പഴയ തറവാട് പൊളിച്ചിട്ടാണ്, പുതിയ വീട് പണിതത്
ടൗണിൽ എവിടെയെങ്കിലും കുറച്ച് സ്ഥലം വാങ്ങി വീട് വയ്ക്കാന്ന് ഞാൻ പറഞ്ഞതാണ് അപ്പോൾ ഇളയച്ഛന് ഒരേ നിർബന്ധം, നമ്മുടെ പൂർവ്വികരുറങ്ങുന്ന മണ്ണാണ്, ഇവിടം വിട്ട് എങ്ങോട്ടും പോകണ്ടാന്ന് , അമ്മയുമത് ശരിവച്ചു . കാരണം അച്ഛനുറങ്ങുന്നതും തെക്കേ പറമ്പിലാണല്ലോ?
സജുവും ആളൊരു പഴഞ്ചനാണല്ലേ? മരിച്ച് പോയവർ വീണ്ടും ജീവിക്കുന്നുണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?
അവൾ പരിഹാസരൂപേണ പറഞ്ഞു.
ഹേയ് അങ്ങനല്ല വിപീ ,,അതൊക്കെയൊരു ഫീലിംഗ് സിൻ്റെ ഭാഗമായി കരുതിയാൽ മതി ,എങ്കിൽ വരൂ, നമുക്ക് ബെഡ് റൂമിലേയ്ക്ക് പോകാം, ഇവിടെയിപ്പോൾ കൊതുക് വരാൻ തുടങ്ങും,
അയാൾ, അവളെ പരമാവധി സംതൃപ്തയാക്കാനുള്ള ശ്രമത്തിലായിരുന്നു.
അത് ശരി, അപ്പോൾ കൊതുകിൻ്റെ ശല്യവുമുണ്ടോ ഇവിടെ? മിക്കവാറും ഇവിടുന്ന് താമസം മാറേണ്ടി വരുമല്ലോ സജൂ ?
അയ്യോ വിപീ ,, ചതിക്കല്ലേ ?
വീടിൻ്റെ ലോൺ അടയ്ക്കാൻ തുടങ്ങിയതേയുള്ളു , ഒരു പത്ത് വർഷമെങ്കിലും കഴിയാതെ മാറിത്താമസിക്കുന്നതിനെ കുറിച്ച് ചിന്തിക്കാനേ കഴിയില്ല, മാത്രമല്ല അമ്മയും ള്ളയച്ഛനും ഒരിക്കലും ഇവിടം വിട്ട് വരുമെന്ന് തോന്നുന്നുമില്ല,
അയ്യേ,, അതിന് അവരെയും കൊണ്ട് മാറണമെന്നാര് പറഞ്ഞു ?സജൂ,, എനിയ്ക്ക് ദിവസവും, നയൻ തേർട്ടിയ്ക്ക് ഓഫീസിലെത്തണം, ഇവിടുന്ന് ഓഫീസിലെത്താൻ രണ്ട് മൂന്ന് വണ്ടികൾ കയറണ്ടേ ? എൻ്റെ വീട്ടിൽ നിന്നും പോകാൻ മെട്രോയുള്ളത് കൊണ്ട് സൗകര്യമായിരുന്നു,
അത് കൊണ്ട് അതിനുള്ളൊരു ഉപായം കൂടി ആയിട്ടാണ്, ടൗണിലേയ്ക്ക് നമ്മൾ മാത്രമായിട്ട് ഷിഫ്റ്റ് ചെയ്യുന്ന കാര്യം
ഞാൻ പറഞ്ഞത്,
നമ്മൾ മാത്രം മാറിയാൽ എങ്ങനെ ശരിയാവും? ഞാൻ എല്ലാ വർഷവും ലീവിന് വന്നാൽ തന്നെ, ഒരു മാസത്തിൽ കൂടുതൽ നാട്ടിലുണ്ടായിരിക്കില്ല , ബാക്കിയുള്ള പതിനൊന്ന് മാസം നിനക്ക് തനിച്ച് നില്ക്കാൻ പറ്റുമോ?
അതിനെന്താ ഞാൻ തനിച്ച് നിന്നാൽ ?
എന്നെ ആരെങ്കിലും പിടിച്ച് വിഴുങ്ങുമോ? കല്യാണത്തിന് മുൻപും, ഞാനധികവും താമസിച്ചിരുന്നത്, ഇടപ്പള്ളിയിലൊരു ഫ്ളാറ്റിലായിരുന്നു, ഇടയ്ക്കൊക്കെ
ഫ്രണ്ട്സാരെങ്കിലുമുണ്ടാവും,
ആ ഒരു ലൈഫ് നല്ല രസമാണ്,
അല്ല വിപീ , ഈ ഫ്രണ്ട്സെന്ന് പറയുമ്പോൾ
കൂട്ടുകാരികൾ തന്നെയല്ലേ?
ഹേയ് ,എനിയ്ക്ക് കൂടുതലും മെയിൽ ഫ്രണ്ട്സാണ്, എന്താ സജൂ , എനി പ്രോബ്ളം ?
ഇല്ല ഞാൻ വെറുതെ ചോദിച്ചെന്നേയുള്ളു
സജുവിൻ്റെ മുഖം വിളറിയത് കണ്ട്
വിപിനയുടെ ഉള്ളിൽ ചിരി പൊട്ടി.
അല്ല സജൂ,, ഇളയമ്മാവന് ഭാര്യയും മക്കളുമൊന്നുമില്ലേ?അതോ ഡൈവോഴ്സ്ഡാണോ?
ആ ചോദ്യം പ്രതീക്ഷിക്കാതിരുന്നത് കൊണ്ട് തന്നെ, ഉത്തരം പറയാൻ, സജുവിന് കുറച്ച് സമയം വേണ്ടി വന്നു.
എന്നെ അമ്മ ഗർഭം ധരിച്ചിരിക്കുന്ന സമയത്താണ്, അച്ഛൻ മരിക്കുന്നത്, അത് കൊണ്ട് തന്നെ ,ഇളയച്ഛനെ അച്ഛൻ്റെ സ്ഥാനത്ത് കണ്ടാണ് ഞാൻ വളർന്നത്, ചേട്ടനും ,ചേച്ചിയ്ക്കും അപ്പോൾ മൂന്നും ഒന്നരയും വയസ്സാണ് പ്രായം ,എനിക്കൊരു നാലഞ്ച് വയസ്സുള്ളപ്പോഴാണെന്ന് തോന്നുന്നു, ഇളയച്ഛനെന്താ കല്യാണം കഴിക്കാത്തതെന്ന് ഞാൻ ചോദിക്കുന്നത്, അന്ന് അച്ഛമ്മയെന്നെ ശകാരിച്ചു, എന്നിട്ടും ആ സംശയം എൻ്റെ ഉള്ളിൽ തന്നെ കിടന്നു, പിന്നീടൊരിക്കൽ രണ്ടാം ക്ളാസ്സിൽ പഠിക്കുമ്പോഴാണ്, വയറ് വേദനയായിട്ട് .ടീച്ചർ ചേച്ചിയോടൊപ്പം എന്നെ വീട്ടിലേയ്ക്ക് പറഞ്ഞ് വിടുന്നത് , ഞങ്ങള് വീട്ടിലെത്തുമ്പോൾ, മുൻവാതിൽ ചാരി വച്ചിരിക്കുവായിരുന്നു, പെട്ടെന്ന് കതക് തള്ളിത്തുറന്ന ഞാൻ കണ്ടത്, അമ്മയെ ആലിംഗനം ചെയ്ത് നില്ക്കുന്ന
ഇളയച്ഛനെയാണ് ,
അത് കണ്ട് ഞാൻ ജിജ്ഞാസയോടെ ചോദിച്ചു
ഇതെന്താ ള്ളയച്ഛൻ അമ്മയെ കല്യാണം കഴിച്ചോ?
അന്ന് എൻ്റെ ചോദ്യത്തിന് മറുപടി തരാതെ, ഇളയച്ഛൻ പുറത്തേയ്ക്കിറങ്ങിപ്പോയി,
അമ്മ അടുക്കളയിലേയ്ക്കും ,പതിയെ പതിയെ, എനിക്കൊരു കാര്യം മനസ്സിലായി , കുടുംബത്തിൽ എല്ലാവരുടെയും അനുവാദത്തോടെയാണ്, അവർ ഒരുമിച്ച് ജീവിക്കുന്നതെന്ന് ,
ലേശം വല്ലായ്കയോടെയാണ് സജു
പറഞ്ഞ് നിർത്തിയത്.
ഓഹ്, അപ്പോൾ അങ്ങനെയൊരു റിലേഷനുമുണ്ടല്ലേ? എന്തായാലും കൊള്ളാം,
നല്ല ഫാമിലി തന്നെ ,,
വിപിനയത് കാഷ്വലായാണ് പറഞ്ഞതെങ്കിലും, സജുവിന് പക്ഷേ ഇൻസൾട്ടിങ്ങായാണ് ഫീല് ചെയ്തത്.
തുടരും,
സജി തൈപ്പറമ്പ്. (തൈപ്പറമ്പൻ) #📔 കഥ #📙 നോവൽ