❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
1.5K views
14 hours ago
പ്രിയ വായനക്കാരേ, പുതിയ നോവൽ പോസ്റ്റ് ചെയ്യുന്നത്പൂർത്തിയാക്കിയിട്ട് മതി എന്നാണ്‌ ഒരുപാടു പേരുടെ അഭിപ്രായം എങ്കിലും, ഭൂരിപക്ഷം പറയുന്നത് രണ്ടു ദിവസത്തിൽ ഒരു പാർട്ട് എന്ന രീതിക്ക് പോസ്റ്റാം എന്നാണ്‌. കുറച്ചുപേർ മറ്റൊരു അഭിപ്രായവുമായി വന്നിരുന്നു. ശിക്ഷാർഹത്തിന്റെ ആദ്യ ഭാഗം ഒന്ന് റീപോസ്റ്റ് ചെയ്താൽ, അത് തീരുമ്പോഴേക്കും, പുതിയ നോവൽ എഴുതി തീരില്ലേ എന്നൊരു ഐഡിയ. ഒരുപാട് പുതിയ വായനക്കാരുള്ള സ്ഥിതിക്ക് തല്ക്കാലം അങ്ങനെ ചെയ്യാം എന്നു തീരുമാനിക്കുകയാണ്‌. ഡെയ്‌ലി ഓരോ പാർട്ട് വെച്ച് ശിക്ഷാർഹം ഒന്നാം ഭാഗം ഇന്നു മുതൽ പോസ്റ്റ് ചെയ്തു തുടങ്ങുകയാണ്‌. മുൻപ് പോസ്റ്റ് ചെയ്തതിനെ അപേക്ഷിച്ച് കുറച്ച് പ്രത്യേകതകളുണ്ട്. ഇതിലെ എല്ലാ പാർട്ടുകളും ശ്രീ സമീർ കലന്തൻ (Sameer Kalandan) വളരെ ശ്രദ്ധയോടെ എഡിറ്റ് ചെയ്ത് തന്നവയാണ്‌. മാത്രമല്ല ഒരുപാട് ഭാഗങ്ങൾ ആഡ് ചെയ്തിട്ടുമുണ്ട്. ശിക്ഷാർഹം - പാർട്ട് 01 (Re-post) “ഈ പുഞ്ചിരി ഇനിയില്ല! ” ടീവിയിൽ, ചിഞ്ചുമോളുടെ അവ്യക്തമായൊരു ഫോട്ടോ തെളിഞ്ഞിരുന്നു. താഴെ ഫ്ലാഷ് ന്യൂസ് ആയി ആ അഞ്ചു വയസ്സുകാരിയുടെ മരണ വാർത്തയും. ആൻസിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. വാർത്താ അവതാരകയുടെ യാന്ത്രികമായ വിവരണങ്ങൾ കേൾക്കാൻ ശേഷിയില്ലാതെ അവൾ എഴുന്നേറ്റ് ടീവീ ഓഫ് ചെയ്യാനൊരുങ്ങി. അപ്പോഴാണ്‌ ആൽബി കയറി വന്നത്. “ചേട്ടായീ...” വിതുമ്പലോടെ അടുത്തേക്കു ചെന്ന അവളെ ആൽബി ചേർത്തു പിടിച്ചു. “ടീവീ ഓഫാക്ക് മോളേ. ഞാനിപ്പൊ ഹോസ്പിറ്റലീന്നാ വരുന്നെ. ആ കുഞ്ഞ് കിടക്കുന്ന കിടപ്പ് കാണണം... ഹോ! ” മരവിച്ച സ്വരത്തോടെ അതു മാത്രം പറഞ്ഞ് അയാൾ നേരേ ബെഡ് റൂമിലേക്കു കയറിപ്പോയി. അയാളുടെയും കണ്ണുകൾ കലങ്ങിയിരുന്നു. യൂണിഫോം പോലും ഊരിയിടാതെ അയാൾ നേരേ ബാത്ത് റൂമിലേക്കാണ്‌ കയറിയത്. ചെന്നപാടെ ഷവർ ഓണാക്കി കീഴിൽ നിന്നു കണ്ണുകളടച്ചു. ഷവറിന് എന്നുമുള്ള ആ തണുപ്പില്ല. മുഖത്തേക്ക് ചിതറി വീഴുന്ന വെള്ളത്തുള്ളികൾ എന്തോ കടുത്ത നീറ്റലാണുളവാക്കുന്നത്. ആൽബി കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് തറയിലിരുന്ന ഒരു ബക്കറ്റ് വെള്ളം കൂടി തലയിലേക്ക് കമിഴ്ത്തി. ഒരു വല്ലാത്ത ആധി ബാധിച്ചിരിക്കുന്നു. ഡിപ്രഷനോ അങ്ങനെയെന്തോ... സന്തോഷമുള്ള ചിന്തകളൊന്നും തന്നെ മനസിൽ തെളിയുന്നില്ല. വല്ലാത്ത മടുപ്പ്. എത്ര നേരം വെള്ളത്തിനടിയിൽ നിന്നിട്ടും അയാൾക്ക് തൃപ്തിയായില്ല. ഒടുവിൽ, ഒരു വിധം കുളി പൂർത്തിയാക്കി ബെഡ് റൂമിലേക്കിറങ്ങിയതും ആൻസിയുടെ ഉറക്കെയുള്ള ശകാരം കേട്ടു. "രാത്രി പത്തു മണിയായി. ഇപ്പളും ഫോണിൽ കളിച്ചോണ്ടിരിക്കുവാ. ഒന്ന് കെടന്നൊറങ്ങെന്റെ കൊച്ചേ! ! ബാക്കിയുള്ളോൻ രാവിലെ അഞ്ചുമണിക്കെണീറ്റ് തൊടങ്ങിയ ഗുസ്തിയാ! " അഞ്ചു വയസ്സുകാരി മകളോടാണ് യുദ്ധം. എന്നുമുള്ളതാണ്. എത്ര പറഞ്ഞിട്ടും പ്രയോജനമില്ല. അപ്പൻ വന്ന് കിടന്നാലേ മകളും കിടക്കൂ. അതു വരെ ഫോണിൽ യൂട്യൂബ് കണ്ടിരിക്കും. വീട്ടിൽ നെറ്റ് കട്ടാക്കിയിട്ടും പ്രയോജനമില്ല. ഫോണിനു റേഞ്ചുള്ള മുക്കിലും മൂലയിലുമൊക്കെ ചെന്നിരുന്ന് കഷ്ടപ്പെട്ട് വീഡിയോ കാണും ആ കുസൃതിക്കുരുന്ന്. "എന്റെ ചേട്ടായീ! ഈ കൊച്ചിനൊരു കഥ പറഞ്ഞു കൊടുക്കാവോ ? എങ്ങനേലും ഒന്നുറക്ക് ഇതിനെ. പ്ലീസ്! " അയാളെ കണ്ടതും ഭാര്യയുടെ ദയനീയമായ യാചന. “നീയീ, ടീവീ കാണാനിരുന്നിട്ടല്ലേ ? നേരത്തെ കേറി കിടന്നാ മതി. കൊച്ചും ഒപ്പം കെടന്നങ്ങുറങ്ങിക്കോളും.” ആൽബിയുടെ മൂഡ് ശരിയല്ല. “പിന്നേ! നിങ്ങടയല്ലേ വിത്ത്. ഫോൺ താഴെ വെച്ചിട്ടു വേണമല്ലോ! ” ആൻസി കലി വിട്ടിട്ടില്ല. "മോളു വാ. ആ ഫോൺ ഓഫാക്കി വെക്ക്. " ആൽബി അവളുടെ മുടിയിൽ ഒന്നു തഴുകിയതും കുഞ്ഞ് ചാടിയെണീറ്റ് ബെഡിൽ ചെന്നു കിടന്നു. "അപ്പാ... ഒരു കഥ പറഞ്ഞു തരാവോ ? " അവൾ കൊഞ്ചി. ഒരു ദീർഘനിശ്വാസത്തോടെ ബെഡിലേക്ക് വീണ ആൽബിയുടെ ഇടതു കൈത്തണ്ടയിലേക്ക് തന്റെ കവിൾ ചേർത്തു തിരിഞ്ഞു കിടന്നു കഴിഞ്ഞു സുന്ദരിക്കുട്ടി. കൃത്യമായി രൂപകൽപ്പന ചെയ്ത യന്ത്ര ഭാഗങ്ങൾ പോലെയാണ് അപ്പനും മോളും. ചേർന്നു കിടക്കുമ്പോൾ കയ്യും കാലും മുഖവുമെല്ലാം പരസ്പരം യോജിച്ചു വരും. അങ്ങനെ കിടക്കുമ്പോൾ അപ്പൻ കഥ പറഞ്ഞു തുടങ്ങും. "ഒരേടത്തൊരേടത്തൊണ്ടല്ലോ മോളേ..." അതു കഴിഞ്ഞ് മോൾ തിരിച്ച് അയാൾക്കൊരു കഥ പറഞ്ഞു കൊടുക്കും. ആനയും കുരങ്ങനും കൊക്കും ഒക്കെയുള്ള ഒരു സ്ഥിരം കഥ. പക്ഷേ ഇന്നുവരെ ആ കഥ പൂർത്തിയായിട്ടില്ല. അപ്പോഴേയ്ക്കും അമ്മ കയറി ഇടപെടും. വേഗം കിടന്നുറങ്ങാൻ പറഞ്ഞ് ബഹളമാകും. മോൾ കരയും. പിന്നെ ഉറങ്ങും. ഇതൊക്കെയാണ് സ്ഥിരമായി നടക്കുന്ന രാത്രി സംഭവങ്ങൾ. പക്ഷേ അന്ന്... "മോളൂട്ടീ... പപ്പക്ക് നാളെ ഓഫീസിൽ കുറേപ്രശ്നങ്ങളുണ്ട്. ഭയങ്കര ടെൻഷനാ. കഥയൊന്നും വരുന്നില്ല കുട്ടൂ. " "പ്ലീസ് അപ്പാ..." അവൾ ചിണുങ്ങി. അയാൾ ഒന്നും മിണ്ടാതെ മലർന്ന് മുകളിൽ ഫാനിലേക്ക് ദൃഷ്ടിയൂന്നി കിടന്നു. "അങ്ങനെയാണെങ്കി ഞാൻ അപ്പായോട് കോയാ! " നിമിഷങ്ങൾകുള്ളിൽ കൈ തട്ടി മാറ്റി തിരിഞ്ഞു കിടന്നു അവൾ. 'കോ! ' എന്നാൽ കൂട്ടു വെട്ടി എന്നാണർത്ഥം. 'കീ' ആണെങ്കിൽ കൂട്ടുണ്ട് എന്നും. പുതിയ മലയാളമാണ്. ആൽബിയുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു. കോ ആയിരിക്കുമ്പോൾ അനുനയിപ്പിക്കാൻ ശ്രമിക്കുന്നത് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുകയേ ഉള്ളൂ. പ്രശ്നമില്ല. ഈ പിണക്കം നല്ലതിനാണ്. അഞ്ചു മിനിറ്റിനുള്ളിൽ ഉറങ്ങിക്കോളും. അയാൾ പതിയെ അവളുടെ കവിളിൽ തലോടി. ഒറ്റത്തട്ടിന് കൈ തെറിപ്പിച്ചു കളഞ്ഞു മോളൂട്ടി. ഏതാണ്ട് പതിനഞ്ചു മിനിറ്റ് കഴിഞ്ഞതും, ആൽബി എഴുന്നേറ്റ് തന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു പായ്ക്കറ്റ് വിൽസ് തപ്പിയെടുത്ത് പുറത്തിറങ്ങി. നേരേ ടെറസിലേക്ക് ഗോവണി കയറി. ഇന്നെന്തായാലും ഉറക്കം എളുപ്പമാകില്ല. വിവരിക്കാനാകാത്ത തരം മാനസീക പിരിമുറുക്കമാണ്. അയാൾ ടെറസിൽ കിടന്നിരുന്ന ഒരു പഴയ ഈസി ചെയറിലിരുന്ന് കാലുകൾ രണ്ടും ഉയർത്തി പാരപ്പറ്റിലേക്കെടുത്തു വെച്ച് സിഗരറ്റിനു തീ കൊളുത്തി. ഇരുട്ടാണ് ചുറ്റിനും. കൂറ്റാകൂരിരുട്ട്. ഒരു മിന്നാമിന്നി പോലുമില്ല. അയാളുടെ കണ്ണുകൾക്ക് വല്ലാത്തൊരു ആശ്വാസം തോന്നി. നേരം പുലരും വരെ അങ്ങനെ ഇരുന്നാലോ എന്ന് ചിന്തിച്ചു ആൽബി. പോക്കറ്റിൽ കിടന്ന് ഫോൺ വൈബ്രേറ്റ് ചെയ്യുന്നുണ്ട്. വാട്ട്സാപ്പ് സന്ദേശങ്ങളാണ്. ടെറസിൽ കയറിയാലേ നെറ്റ്വർക്ക്h കവറേജുള്ളൂ. എല്ലാ മെസേജുകളും ഒന്നിച്ച് ലോഡാകുന്നതാണ്. അയാൾ ഫോൺ തുറന്നു. "കൂടുതൽ ഫോഴ്സ് വേണമെങ്കിൽ അതിരാവിലെ വിളിച്ചു പറയണം. ഇലക്ഷൻ സമയമാണ്. " എസ് പി യുടെ മെസേജ്. ആൽബി തിടുക്കത്തിൽ എസ് പി ജെയിംസ് ജോസഫിന്റെ മെസേജുകൾ തുറന്നു. ഭാഗ്യം. വേറേ മെസേജുകൾ ഒന്നുമില്ല. താൻ ഇടക്കിടെ ഓഫ് ലൈൻ ആകുന്നതിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്ന് ആൽബിക്കറിയാം. ഡിപ്പാർട്ട്മന്റ് ചട്ടമല്ലാത്തതിനാൽ അദ്ദേഹം ഒന്നും പറയാറില്ലെന്നേയുള്ളൂ. മെസേജുകളിലൂടെ ഒന്ന് ഓടിച്ചു നോക്കിയ ശേഷം ആൽബി എല്ലാം ക്ലോസ് ചെയ്തു. ഫോർവ്വേർഡ് മെസേജുകളുടെ ബാഹുല്യം! അയാൾ വാട്ട്സാപ്പ് വെറുത്തു തുടങ്ങിയിരുന്നു. ഫോൺ പോക്കറ്റിലേക്കിടാൻ തുടങ്ങിയതും ഹോം സ്ക്രീനിൽ ഏതോ ന്യൂസ് ക്ലിപ്പ് തെളിഞ്ഞു. "തെളിവെടുപ്പ്. സാബുവിനെ നാളെ കോടതിയിൽ ഹാജരാക്കും! " ഫോൺ അയാളുടെ കൈവെള്ളയിലിരുന്ന് ഞെരിഞ്ഞു തെളിവെടുപ്പ്! ! എന്തിന്? ഇനിയെന്താ തെളിയിക്കാനുള്ളത് ? അഞ്ചു വയസ്സുള്ള കുഞ്ഞിനെ അതി ക്രൂരമായി ബലാൽസംഗം ചെയ്ത് ജീവനോടെ കുഴിച്ചു മൂടിയ അവനെ ... ആൽബി പല്ലുകൾ ഞെരിച്ചമർത്തി. നാളെ രാവിലെ ആ നരാധമനെ ജയിലിൽ നിന്ന് കൂട്ടിക്കൊണ്ടു പോയി കോടതിയിൽ ഹാജരാക്കി അവിടെ നിന്ന് കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കാൻ കൊണ്ടു പോകുന്നത് സി. ഐ. ആൽബർട്ട് സാമുവൽ എന്ന ആൽബിയുടെ ഉത്തരവാദിത്തമാണ്. നശിച്ച ഒരു ജോലി! ! റിമാൻഡ് ചെയ്ത അവനെ കൊണ്ടു പോകുമ്പോൾ ഒരു കൂസലുമില്ലാതെ മട്ടൻ കറിയും പൊറോട്ടയും ചോദിച്ചു വാങ്ങി കഴിച്ച അവന്റെ മുഖം ഇപ്പോഴും മനസ്സിലുണ്ട്. അന്നേക്ക് ഒരാഴ്ച മുൻപാണ് സംഭവമുണ്ടായത്. കേരളം മൊത്തം വിറങ്ങലിച്ചു പോയ കൊടും ക്രൂരത. ജെ സി ബി ഓപ്പറേറ്റർ ആയിരുന്ന സാബു, കാമുകിയുടെ അഞ്ചു വയസ്സുകാരി മകളെ അതി ക്രൂരമായി റേപ്പ് ചെയ്ത്, അതും പോരാതെയാണ് ജീവനോടെ കുഴിച്ചു മൂടാൻ ശ്രമിച്ചത്. നാട്ടുകാരാരോ കണ്ടു എന്ന് സംശയം തോന്നിയ സാബു കുഴിച്ചു മൂടാനുള്ള ശ്രമം ഉപേക്ഷിച്ച് കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. തുടർന്ന് കട്ടിലിൽ നിന്നും വീണ് കുഞ്ഞിന് തലക്ക് പരിക്കേറ്റു എന്നും പറഞ്ഞ് ഹോസ്പിറ്റലിലാക്കി. പാവം ചിഞ്ചുമോൾക്ക് അപ്പോഴും ജീവനുണ്ടായിരുന്നു. പക്ഷേ സാബുവിന്റെ പരാക്രമത്തിൽ തലക്ക് സാരമായി പരിക്കേറ്റ ആ കുഞ്ഞ് അന്ന് വൈകിട്ട് ലോകത്തോട് വിട പറയുകയായിരുന്നു. ആദ്യ ദിവസം തന്നെ, ഹോസ്പിറ്റൽ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് ആ മനുഷ്യ മൃഗത്തെ കസ്റ്റഡിയിലെടുത്തിരുന്നു. സബ് ജയിലിൽ, റിമാൻഡിൽ കിടക്കുന്ന അവനെ നാളെ പ്രത്യേക കോടതിയിൽ ഹാജരാക്കണം. വീണ്ടും കസ്റ്റഡിയിൽ വാങ്ങണം. തെളിവെടുപ്പിനു കൊണ്ടു പോകണം. എന്നിട്ട്... വിചാരണ! ഒരു പക്ഷേ മാസങ്ങൾ നീണ്ടു പോയാക്കാവുന്ന ഒരു വൃത്തികെട്ട പ്രോസസ്! എന്തിനു വേണ്ടി ? ഒടുക്കം, സർക്കാർ ചെലവിൽ അവനെ ഭദ്രമായി തീറ്റിപ്പോറ്റണം! അത്ര തന്നെ! ആൽബിക്ക് സഹിക്കാനാകുന്നില്ല. ടീവിയും പത്രവും തുറന്നാൽ ആദ്യം കാണുന്നത് ആ കുഞ്ഞിന്റെ മുഖമാണ്. ബ്രെയ്ക്കിംഗ് ന്യൂസ്! ! ആൽബി പുറകോട്ട് ചാഞ്ഞു കിടന്നു കൊണ്ട് തുടർച്ചയായി സിഗരറ്റ് വലിച്ചു തീർത്തു. നല്ല തണുത്ത കാറ്റു വീശുന്നുണ്ട്. ഉടനെ മഴ പെയ്തേക്കുമെന്ന് തോന്നിപ്പിക്കുന്ന കാലാവസ്ഥ. മുൻപിൽ ദൂരെയായി മലമടക്കുകൾക്കിടയിൽ നിന്ന് ഇടിമിന്നലിന്റെ മുരൾച്ച കേൾക്കാം. നല്ല സുഖം തോന്നി അയാൾക്ക്. മനസ്സിനല്ല. ശരീരത്തിന്. അങ്ങനെ കിടന്നങ്ങ് ഉറങ്ങിയാലോ എന്നു പോലും ചിന്തിച്ചു. പെട്ടെന്നാണ് ആ പ്രദേശം മുഴുവൻ പ്രകാശമാനമാക്കിക്കൊണ്ട് ഒരു മിന്നലുണ്ടായത്. ആൽബി നടുങ്ങിപ്പോയി. ശരീരത്തിലൂടെ ഒരു വിറയൽ കടന്നു പോയതു പോലെ. നിമിഷങ്ങൾക്കുള്ളിൽ മാലപ്പടക്കം പോലെ ഇടി വെട്ടി. "ചേട്ടായീ! ! " താഴെ നിന്ന് ഭാര്യയുടെ ഉച്ചത്തിലുള്ള വിളി കേട്ടു. അയാൾ പിടഞ്ഞെഴുന്നേറ്റപ്പോൾ അവൾ സ്റ്റെപ്പ് കയറി വരുന്ന ശബ്ദം കേട്ടു. ഇടി വെട്ടിയാലുടൻ കറണ്ട് പോകും. ട്രിപ്പായിക്കാണും. അയാൾ എഴുന്നേറ്റ് തിരിഞ്ഞപ്പോഴേക്കും ഭാര്യ മുകളിലെത്തിക്കഴിഞ്ഞു. “എന്നാ ആൻസീ ? കറണ്ട് പോയോ ? " മറുപടിയായി അയാളെ അടിമുടി ഒന്നു നോക്കി അവൾ. "നിങ്ങളെന്നാ ഈ ഇരുട്ടത്ത് ഇവിടെ പരിപാടി ? " "എന്നാ പരിപാടി ? ഞാൻ ഒന്ന് വലിക്കാൻ വന്നതാ. ഒറക്കം വരുന്നില്ല. " "ഒറക്കത്തിനെന്നാ പറ്റിയെ ? " "നീയെന്നാ ഒന്നുമറിയാത്ത പോലെ ? -" "എന്നെ പൊട്ടിയാക്കല്ലേ എന്റെ ചേട്ടായീ. എന്നെം കൊച്ചിനേം കെടത്തി ഒറക്കീട്ട് ഈ ടെറസിലിരുന്ന് ആരോടാ ഈ ചാറ്റിംഗ് ? ഒക്കെ എനിക്കറിയാം! ! " "ചാറ്റിങ്ങോ ? "ആൽബിക്ക് കലി വന്നു. "നീയെന്നാടി പെണ്ണേ ഈ പറയുന്നെ ? " "ദേ! പോക്കറ്റിക്കെടന്ന് അടിക്കുന്നു . ഞാൻ വന്നതിന്റെ പേരിൽ നിർത്തണ്ട. ആയിക്കോ. എന്നതാന്നു വെച്ചാ ആയിക്കോ. ഞാനായിട്ട് ഒന്നിനും തടസ്സം നിക്കണില്ല. " ആൽബി പല്ലുകൾ ഞെരിച്ചമർത്തിക്കൊണ്ട് പോക്കറ്റിൽ നിന്നും ഫോണെടുത്ത് അവൾക്കു നീട്ടി. "ആൻസീ! ! ഇന്നാ ഫോൺ. നോക്ക് നീ! ഇത്രേം പറഞ്ഞ സ്ഥിതിക്ക് എന്റെ ചാറ്റൊക്കെ നോക്കീട്ട് പോയാ മതി ഇനി! " "ഓ! നമ്മളെ പറ്റിക്കാൻ എളുപ്പാണല്ലോ. ഞാൻ കേറി വരണ ശബ്ദം കേട്ടപ്പൊ തന്നെ എല്ലാം ഡിലീറ്റാക്കിക്കാണും! " രൂക്ഷമായി എന്തോ മറുപടി പറയാനാഞ്ഞതാണ് ആൽബി. പക്ഷേ ചുണ്ടു കടിച്ചു കളഞ്ഞു. ഇതിപ്പോൾ പല തവണയായി. ആൻസിയുടെ മനസ്സിൽ എവിടെയോ ഒരു ചെറിയ പോറൽ വീണിട്ടുണ്ട്. വെറുതേ ചൊറിഞ്ഞാൽ അതൊരു വ്രണമാക്കാമെന്നേയുള്ളൂ. ക്ഷമയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ സംശയം പോലെ അത്ര അപകടകാരിയായൊരു രോഗം വേറൊന്നുമില്ല. കുടുംബത്തിന്റെ അടിവേരിളക്കിയിട്ടേ അതുപിന്മാറൂ. സദാ സമയവും അയാളുടെ ഫോൺ ഭാര്യയുടെ കർശന നിരീക്ഷണത്തിലായിരുന്നു. സംശയിക്കത്തക്കവണ്ണം ഒന്നും കണ്ടെത്താനായിട്ടില്ലെങ്കിലും, ആൽബിക്ക് ഒരു അവിഹിത ബന്ധമുണ്ടെന്ന് മനസ്സിൽ ഉറപ്പിച്ച പോലെയായിരുന്നു ചില സമയങ്ങളിൽ ആൻസിയുടെ പെരുമാറ്റം. ചിലപ്പോൾ മാത്രം. അയാൾ സാവധാനം അവളെ മറികടന്ന് താഴേക്കുള്ള സ്റ്റെപ്പിറങ്ങാൻ തുടങ്ങി. "നാളെ മുഴുവൻ ആ സാബൂനേം കൊണ്ട് നടക്കാനുള്ളതാണ്. സബ് ജയിലീന്നെടുത്ത് കോടതീൽ കൊണ്ടു പോയി അവിടുന്ന് കസ്റ്റഡിയിൽ വാങ്ങി അവരുടെ വീട്ടിൽ കൊണ്ടു പോയി…" "അത് ഓഫീസിലെ ടെൻഷനല്ലേ ചേട്ടായീ ? " ആൻസിയുടെ സ്വരത്തിൽ യാതൊരു മയവുമില്ല. " ആ ടെൻഷൻ നിങ്ങളെന്തിനാ വീട്ടിലേക്ക് കൊണ്ടുവരുന്നേ ? ഇതിപ്പൊ ഓരോ ജോലിക്കും അതിന്റേതായ ടെൻഷനുണ്ട്. അത് വീട്ടിൽ വന്ന് ഭാര്യയോടും പിള്ളേരോടുമല്ല തീർക്കുക." "നീയെന്നതാ എന്റെ ആൻസീ പറയുന്നേ ? " ആൽബി അമ്പരപ്പോടെ തിരിഞ്ഞു നിന്നു "ഞാനവടെ ഒറ്റക്ക് പോയിരുന്നല്ലേ ആലോചിച്ചത് ? എപ്പളെങ്കിലും ഞാൻ ഇതും പറഞ്ഞ് നിന്നോടും കൊച്ചിനോടും പ്രശ്നമുണ്ടാക്കിയിട്ടുണ്ടോ ? എന്റെ ടെൻഷൻ ഞാൻ ഒറ്റക്കു തന്നെ നോക്കിക്കോളാം." "നിങ്ങക്ക് മാത്രം ഒരു ടെൻഷൻ. ബാക്കിയൊള്ളോരൊക്കെ ചുമ്മാ നടക്കുവാ ഇവിടെ. " യാതൊരു പ്രയോജനവുമില്ലാത്ത ആ സംഭാഷണം തുടരാൻ ആൽബിക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. വെറുതേ ഓരോന്ന് ചിന്തിച്ചു കൂട്ടി വെച്ചിരിക്കുകയാണവൾ. എന്തിനാണ് വഴക്കടിക്കുന്നതെന്നു പോലും അറിയില്ല. മുറിയിൽ ചെന്നാലുടൻ ഇറുക്കിയൊന്ന് കെട്ടിപ്പിടിച്ചാൽ... കഴുത്തിന്റെ പുറകിൽ ഒരു കൊച്ചു കടി കൊടുത്താൽ... തീരാവുന്നതേയുള്ളൂ ഈ പ്രശ്നമെല്ലാം. അയാൾ പുഞ്ചിരിയോടെ തിരിഞ്ഞ് താഴേക്കിറങ്ങി. മഴ ചാറിത്തുടങ്ങിയിരിക്കുന്നു. അയാൾ അകത്തു കയറി വായും മുഖവുമെല്ലാം വൃത്തിയായി കഴുകി തിരിച്ചിറങ്ങിയപ്പോഴേക്കും ആൻസി ഉറക്കം പിടിച്ചിരുന്നു. "നരകം! ചുമ്മാ ഇരുന്ന എന്നെ വെറുതേ പ്രഷറു കേറ്റീട്ട് ഇപ്പൊ കെടന്നൊറങ്ങുന്ന നോക്ക്! ! " ആൽബി പല്ലു ഞെരിച്ചു. പക്ഷേ അയാൾ ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. മുൻപ് എസ്. ഐ. ആയിരുന്നപ്പോൾ സ്ഥിരമായിട്ട് കാണുന്നതായിരുന്നു.പുറമേ നിന്ന് നോക്കുമ്പൊ നാട്ടുകാർ കാണുന്നതല്ല ഒരു കുടുംബത്തിനുള്ളിൽ നടക്കുന്നതെന്നയാൾക്കറിയാം. തന്റെ മാത്രമല്ല. ഒരുവിധപ്പെട്ട എല്ലാവരുടേയും വീട്ടിലെ സ്ഥിതിഗതികൾ ഏറെക്കുറെ ഇതൊക്കെത്തന്നെയായിരിക്കും. ഇനിയിപ്പൊ അങ്ങനെയല്ലെങ്കിൽ തന്നെ അങ്ങനെ ചിന്തിക്കാനാണ് അയാൾക്കിഷ്ടം. താൻ മാത്രമല്ല, നാട്ടുകാരു മുഴുവൻ ഇതൊക്കെ അനുഭവിക്കുന്നുണ്ടല്ലോ എന്നോർക്കുമ്പോഴുള്ള ഒരാശ്വാസം. പിറ്റേന്ന് പ്രഭാതം. “കൊച്ചിനെ എണീപ്പിക്കാതെ എണീറ്റു വരണേ...” ഭാര്യയുടെ അടക്കിയുള്ള സ്വരം കേട്ടാണ് അയാൾ ഉണർന്നത്. “ഏഴുമണിയായി. നിങ്ങടെ ഫോണടിക്കുന്നുണ്ടായിരുന്നു.” “ഉം...” അയാൾ പതിയെ എഴുന്നേറ്റിരുന്നു. “ആ എസ്. ഐ. ആയിരിക്കും. അയാളും ഇന്നലെ ഉറങ്ങിക്കാണുകേല.” “ടെൻഷനൊന്നും അടിക്കാതെ സമാധാനമായി പോയിട്ടു വാ. ഇതിപ്പൊ ആദ്യമായിട്ടൊന്നുമല്ലല്ലോ. ആ പരമ ദ്രോഹിക്ക് കിട്ടാവുന്ന ഏറ്റവും വല്യ ശിക്ഷ തന്നെ വാങ്ങിക്കൊടുത്തേച്ചു വേണം വരാൻ.” അയാൾ ഒരു നിമിഷം ഭാര്യയുടെ മുഖത്തേക്കൊന്ന് നോക്കി നിശബ്ദനായി ഇരുന്നു. ഇവൾ തന്നെയാണോ ഇന്നലെ രാത്രി ആ പുകിലെല്ലാം ഉണ്ടാക്കിയത് ? വിചിത്ര ജീവികളാണ് സ്ത്രീകൾ. “എന്റെ ടെൻഷൻ എന്താന്ന് നിനക്കറിയാവോ പെണ്ണേ ? അവനെ ഈ കൊണ്ടു നടക്കണ സമയത്ത് നാട്ടുകാരു കേറി എങ്ങാൻ ഇടപെട്ടാൽ... അതോടെ തീരും എല്ലാം. കൊന്നു തിന്നും അവനെ.” “ശരിക്കും അതല്ലേ വേണ്ടത് ? ഈ കോടതീം വിസ്താരോമായി ഇട്ടുരുട്ടിക്കൊണ്ടിരിക്കുന്നതിലും എത്രയോ ഭേദമാണ് ? തല്ലി തല്ലിയങ്ങ് കൊല്ലണം അവനെ.” “എന്റെ കസ്റ്റഡീലിരിക്കുമ്പൊ തന്നെ അതു വേണോ മോളേ ? ജീവിക്കണ്ടേ ? കൊച്ചിനെ വളർത്തണ്ടേ ? ” ആൽബി ചെറിയൊരു പുഞ്ചിരിയോടെ എഴുന്നേറ്റ് തന്റെ പ്രഭാത കൃത്യങ്ങൾ തുടങ്ങി. ഏതാണ്ട് എട്ടരയോടെ റെഡിയായ അയാൾ എസ്. ഐ. ശിവകുമാറിനെ തിരിച്ചു വിളിച്ചു. “ഹലോ സർ! ഞാൻ നേരത്തേ വിളിച്ചിരുന്നു.“ ”ഉം. എല്ലാം ഓക്കെയല്ലേ ? “ ”ഞാൻ എസ്. പി. യെ വിളിച്ചാരുന്നേ. അങ്ങേർക്കെന്തോ പന്തികേടു പോലെ. നമ്മളെ വിശ്വാസക്കുറവു പോലെ.“ ”ഞാനിവിടെയൊള്ളപ്പൊ താനെന്തിനാ നേരിട്ട് എസ്.പിയെ വിളിച്ചെ ? “ അൽബിയുടെ സ്വരം കനത്തു. ”അതല്ല സർ, ഭയങ്കര സെൻസിറ്റീവ് കേസല്ലേ ? “ ”എടോ, ഇന്നലെ നമ്മൾ എല്ലാം പ്ലാൻ ചെയ്തതല്ലേ ? താനും ഒരു വണ്ടീം, നേരേ കോർട്ടിലേക്ക് ചെല്ല്. ഞാൻ സബ് ജയിലീന്ന് അവനെ ഇറക്കിക്കൊണ്ടുവരാം. അപ്പഴത്തേക്കും കോടതി പരിസരത്തെ അവസ്ഥയെന്താന്ന് താൻ എന്നെ ഒന്ന് വിളിച്ചു പറഞ്ഞാ മതി. പ്രശ്നമാണെങ്കി ഞാൻ എസ്.പി. യെ വിളിച്ച് ഫോഴ്സ് അറേഞ്ച് ചെയ്തോളാം. മനസ്സിലായില്ലേ ? “ ”യെസ് സർ! “ ”വല്ല സംഘർഷോം ഉണ്ടായാൽ ഈ എസ്. പീ. ഐ. ജീ മൊന്നും കാണില്ല. നമ്മളു മാത്രേ ഉണ്ടാകൂ. നമ്മളു പരസ്പരം ഒരു അണ്ടർസ്റ്റാൻഡിങ്ങിൽ നീങ്ങി എങ്ങനെയെങ്കിലും ഈ പരിപാടി ഒന്നവസാനിപ്പിച്ച് വൈകിട്ടാകുമ്പൊഴത്തേക്കും മൊതലിനെ തിരിച്ച് ജയിലിലെത്തിക്കണം.“ ”സർ! “ ഫോൺ കട്ടു ചെയ്തതും മുറ്റത്തൊരു പോലീസ് വാഹനം വന്നു നിന്നു. “ഞാനെറങ്ങുവാട്ടോ ആൻസി! ” ആൽബി പുറകിലൂടെ ചെന്ന് തലേന്ന് കൊടുക്കാൻ പറ്റാതിരുന്നതെല്ലാം നിമിഷങ്ങൾക്കുള്ളിൽ കൊടുത്തു തീർത്തുകൊണ്ട് തിടുക്കത്തിൽ വെളിയിലിറങ്ങി. സബ് ജയിൽ. 9:30 AM ഏതാണ്ട് 50 വയസ്സുള്ള ഒരു തികഞ്ഞ അരസികനായിരുന്നു ജയിലർ രാജശേഖരൻ നായർ. ഭയാനകമായൊരു മനുഷ്യ രൂപം! ഒരേ മുഖത്തിന്റെ ഇടതു പകുതി ക്രുദ്ധമാക്കി പിടിച്ചു കൊണ്ട് മറ്റേ പകുതിയിൽ പുഞ്ചിരിക്കാൻ കഴിവുള്ള അപൂർവ്വം മനുഷ്യരിലൊരാൾ. മയമുള്ള ഒരു സംസാരം പ്രതീക്ഷിച്ച് ആരും അങ്ങോട്ടു ചെല്ലേണ്ടതില്ല എന്ന് ആ ചുളിവുകൾ നിറഞ്ഞ നെറ്റിയിൽ എഴുതി വച്ചിട്ടുണ്ട്. “ചെറിയാൻ! കേറി വരൂ.” അദ്ദേഹം ആൽബിയെ കണ്ടതും മുൻപിലെ കസേരയിലേക്കിരിക്കാൻ ആംഗ്യം കാട്ടി. “ചെറിയാനല്ല സർ! ആൽബർട്ട്. ആൽബർട്ട് സാമുവൽ! ” “ആണോ... അപ്പൊ ആരാ ചെറിയാൻ ? ” “അറിയില്ല സർ! ” “ആ ആരേലുമാകട്ടെ. താനീ ഫോമൊക്കെ ഒന്ന് പൂരിപ്പിച്ച് ഒപ്പിട്ട് ഒരു ചായയൊക്കെ കുടിച്ച് ഇവിടിരിക്ക്. അപ്പൊഴേക്കും അവനെ ഒന്ന് സർവ്വീസ് ചെയ്ത് ഇറക്കിക്കൊണ്ടുവരാം.” “സമയമില്ല സർ! ” ആൽബി തിടുക്കത്തിൽ പേപ്പർ വർക്കുകൾ ആരംഭിച്ചു. “11 മണിക്ക് അവൻ പ്രതിക്കൂട്ടിൽ കേറിയിരിക്കണം.” “അതൊക്കെ ഓക്കെ! എന്നാലും, എല്ലാം മുറ പോലെ നടക്കണമല്ലോ. താൻ റിലീസ് ഫോം ഫിൽ ചെയ്യു. അവനെ ഇപ്പൊ കൊണ്ടുവരും.“ “തടവു പുള്ളിയെ പൂർണ്ണാരോഗ്യത്തോടെ സ്വീകരിച്ചു! ” എന്ന് ഒപ്പിട്ടു കൊടുക്കുമ്പോൾ ആൽബിക്ക് ഒരൽപ്പം സങ്കോചം തോന്നാതിരുന്നില്ല. പക്ഷേ രൂക്ഷമായ ജയിലറുടെ നോട്ടത്തിനു മുൻപിൽ അയാൾക്ക് ഒപ്പിടാതെ വേറേ വഴിയുണ്ടായിരുന്നില്ല. ഒപ്പിട്ട കടലാസുകൾ ഫയലിലാക്കി തന്റെ ഡ്രോവറിൽ ഭദ്രമാക്കിയിട്ടേ ജയിലർ, സാബുവിനെ കൂട്ടിക്കൊണ്ടുവരാൻ വിളിച്ചു പറഞ്ഞുള്ളൂ.ആൽബി ചായയും മൊത്തിക്കുടിച്ചുകൊണ്ട്‌ പുറത്തെ വരാന്തയിലേക്കിറങ്ങി. വിശാലമായ കോമ്പൗണ്ടിന്റെ മദ്ധ്യ ഭാഗത്തെ വൃത്താകൃതിയിലുള്ള ബ്ലോക്കിനുള്ളിലാണ്‌ ജെയിൽ വാർഡന്റെ ഓഫീസ്‌. മനോഹരമായി രൂപകൽപ്പന ചെയ്തിരിക്കുന്ന കെട്ടിടം. മുഴുവൻ കെട്ടിടത്തേയും ചുറ്റിക്കൊണ്ട്‌ ഒരു വരാന്തയുണ്ട്‌. ഓഫീസുകൾ മാത്രമല്ല, അത്യാധുനീക സൗകര്യങ്ങളുള്ള മീഡിയാ റൂം, ലൈബ്രറി, പിന്നെ സ്പെഷ്യൽ തടവു മുറികളുമുണ്ട്‌ അതിൽ. പ്രത്യേക ശ്രദ്ധവേണ്ട തടവുപുള്ളികളെ സെൻട്രൽ ബ്ലോക്കിലാണ്‌ പാർപ്പിക്കുക. സാബു അതിലൊന്നിലാണെന്ന് ആൽബിക്കറിയാം. പത്തു മിനിറ്റിനുള്ളിൽ വരാന്തയിലൂടെ ഒരു കോൺസ്റ്റബിൾ ഓടി വരുന്നതു കണ്ടു. ആൽബിയോടൊപ്പമുണ്ടായിരുന്നയാളാണ്‌. ആ ഓട്ടം കണ്ടപ്പോൾ തന്നെ ആൽബി അപകടം മണത്തു. "സർ ഒപ്പിട്ടോ ? " അടുത്തെത്തിയതും കോൺസ്റ്റബിൾ മാണി കിതപ്പോടെ ആരാഞ്ഞു. "എന്നാഡോ പ്രശ്നം ? " "അവനെ ഇവരു നന്നായി പണിതു സാറേ! എല്ലാം ഇടിച്ചു കലക്കി! കോടതീ കൊണ്ടോവാൻ പറ്റിയ കണ്ടീഷനല്ല സർ!" മാണി, കഷണ്ടിത്തലയിലെ വിയർപ്പ്‌ വടിച്ചു കളഞ്ഞു. അപ്പോഴേക്കും ദൂരെ നിന്ന് രണ്ട്‌ ജയിൽ ഉദ്യോഗസ്ഥർ സാബുവിനേയും താങ്ങിപ്പിടിച്ചുകൊണ്ട്‌ നടന്നു വരുന്നത്‌ കാണാമായിരുന്നു. ആൽബി ഞെട്ടിത്തിരിഞ്ഞ് ജയിലറെ നോക്കി. "എന്നാ പണിയാ എന്റെ സാറേ നിങ്ങളീ കാണിച്ചെ ? " ആൽബിയുടെ സ്വരത്തിൽ അമർഷത്തേക്കാളുപരി നിസ്സഹായതയായിരുന്നു. "ചുമ്മാ അടവാ. അവനെങ്ങും ഒരു കൊഴപ്പോമില്ല. " ജയിലറുടെ മുഖത്ത്‌ നിസ്സാര ഭാവമായിരുന്നു. "ഈ കണ്ടീഷനിൽ ഞാനെങ്ങനെയാ അവനെ കോടതീൽ കൊണ്ടു പോകുന്നെ ? ആൽബിയുടെ സ്വരമുയർന്നു. "അ അ അ... അധികം ഒച്ച വേണ്ട ഇവിടെ! ! മനസ്സിലായില്ലേ ? " രാജശേഖരൻ നായർ ഓഫീസിൽ നിന്നും പുറത്തേക്കിറങ്ങി. "താൻ ആ വണ്ടീടെ ഗ്ലാസ്സൊക്കെ ഒന്ന് താഴ്ത്തിവെച്ച്‌ അവനേം കൊണ്ടങ്ങ്‌ ചെല്ല്. ഇച്ചിരി കാറ്റൊക്കെ അടിക്കുമ്പൊ ഫ്രഷായിക്കോളും. എല്ലാടത്തും നടക്കുന്നതൊക്കെത്തന്നെയേ ഇവിടേം നടന്നിട്ടുള്ളൂ." യാതൊരു ദാക്ഷിണ്യവുമില്ലാത്ത ഒരു തനി ജയിൽ ഉദ്യോഗസ്ഥന്റെ സ്വരം. "ഇത്രേം ദിവസം ഇരുന്നിട്ട്‌ ഇന്നേ നിങ്ങൾക്കവനെ തല്ലാൻ തോന്നിയുള്ളൂ അല്ലേ ? എന്റെ പള്ളക്കിരുന്നോട്ടേന്ന്? ഇതൊക്കെ ഏൽക്കാൻ തന്നെയായിട്ട്‌ നടക്കുവാണല്ലോ പോലീസുകാര്‌" "നിർത്തഡോ! ! “ ജയിലർ ഗർജ്ജിച്ചു.” താനെന്താ തോന്ന്യാസം പറയുവാ? ? ആരാഡോ ഇവിടെ അവനെ തല്ലിയത്‌ ? - നിന്നെയാരെങ്കിലും തല്ലിയോഡാ ? ? " തിരിഞ്ഞ്‌ സബുവിനോടാണ്‌ ചോദ്യം. സാബു ഇല്ലെന്നർത്ഥത്തിൽ തല വെട്ടിച്ചു. അവന്റെ കൺ കോണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ ഒലിച്ചിറങ്ങി വരുന്നുണ്ടായിരുന്നു. "സാറിങ്ങ്‌ വന്നേ. " ആൽബി നായരുമായി തിരിച്ച്‌ ഓഫീസിലേക്ക്‌ തന്നെ കയറി. അവന്റെ മുഖം കലുഷിതമായിരുന്നു. "സാറൊരു കാര്യം മനസ്സിലാക്കണം. നിങ്ങളിത്‌ എന്തുദ്ദേശത്തിലാ ചെയ്തേന്നെനിക്കറിയത്തില്ല. എന്തായാലും, അവൻ കോടതീൽ എണീറ്റു നിക്കുകേല. അപ്പൊ സ്വാഭാവികമായും അവനെ ഹോസ്പിറ്റലിലാക്കാൻ പറയും മജിസ്ട്രേറ്റ്‌. നല്ല പണി പണിതിട്ടുണ്ട്‌ നിങ്ങൾ.ഹോസ്പിറ്റൽ വാസമൊക്കെ കഴിഞ്ഞ്‌ അവനെ പിന്നേം കോടതീ കൊണ്ടു പോയി കസ്റ്റഡീൽ വാങ്ങി എവിഡൻസ്‌ കളക്ഷനു കൊണ്ടു ചെല്ലുമ്പൊഴത്തേനും കണ്ടു പിടിക്കാൻ തെളിവൊന്നും ബാക്കി കാണില്ല. പോരാത്തേന്‌ മഴക്കാലോം. അപ്പൊഴത്തേനും കുപ്പീന്നിറങ്ങിയ പോലെ എവിടുന്നേലും ഒരു വക്കീലും കൂടി വന്നാ പൂർത്തിയായി. പ്രോസിക്യൂഷന്‌ തൃപ്തികരമായി ഒണ്ടാക്കാൻ പറ്റിയില്ല എന്നും പറഞ്ഞ്‌ ഈ നായിന്റെ മോനെ വെറുതേ വിടാൻ വരെ ചാൻസുണ്ട്‌." "ഉണ്ടല്ലോ. അതാണല്ലോ നമ്മടെ സിസ്റ്റം! " നായരുടെ മുഖത്തെ നിസ്സാര ഭാവം ആൽബിയെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്‌. “ഞാനിനി എങ്ങനെ ഇവനെ കോടതിയിൽ കൊണ്ടു പോകും ? സാറിനെന്താ പറയാനുള്ളെ ? ” ഉള്ളിൽ കനലെരിയുന്നുണ്ടെങ്കിലും, ആൽബിയുടെ ചോദ്യം ശാന്തമായിരുന്നു. “ഞാൻ വേറൊരു ചോദ്യം ചോദിക്കട്ടെ തന്നോട് ? താനെന്തു വാഴക്ക കിട്ടുമെന്നു കരുതിയാ ഈ പന്ന [BLEEP] നെ കോടതീലോട്ട് കെട്ടിയെഴുന്നള്ളിക്കുന്നെ ? എത്രപേരെ ഇതുപോലെ ചൊമന്നോണ്ടു നടന്നട്ടൊണ്ട് താൻ ? എന്നട്ടെന്തൊണ്ടായി ? ഇന്നുവരെ അവന്മാരർഹിക്കുന്ന ഒരു ശിക്ഷ കൊടുക്കാൻ നമ്മടെ സിസ്റ്റത്തിനു സാധിച്ചിട്ടുണ്ടോ ? ” ജയിലറുടെ മുഖഭാവം ഭയാനകമായിരുന്നു. “പിന്നെ ഞാനെന്ത് ചെയ്യണമെന്നാണ്‌ സർ പറയുന്നെ ? ” (തുടരണോ വായിക്കാത്തവർക്ക് വേണ്ടി ആണ് ഇടുന്നത് നാലു വർഷം മുൻപ് എഴുതിയ നോവൽ ആണ് ഇട്ടതും ആണ് പറയുക കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ