ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/6vEjdbG?d=n&ui=v64j8rk&e1=c💞ദേവനന്ദിനി.... Part 28💞
"ഈ സുന്ദരിയായ നദിയുടെ അസ്തമയവിഹസ്കരന്റെ ചാരുകാന്തവർണ്ണങ്ങൾ പടർന്ന വീചികൾ തന്റെ കാമുകനായ പാഥോനാഥന് സ്വന്തമാകുമ്പോൾ പ്രണയത്തിൻ ലാഞ്ഛനകളായി നിന്റെയീ തുടുത്ത കപോലങ്ങളിൽ പടരുന്ന കുങ്കുമഛവി എന്റെയധരങ്ങളാൽ ഞാൻ കവർന്നെടുക്കും…"
മെസ്സേജ് വായിച്ച ഗൗരി രുദ്രനെയൊന്നു കൂടി അമർത്തി പുൽകി…
വിഭാകരൻ ചക്രവാളത്തിൽ മറഞ്ഞു വിടപറയുന്ന നിമിഷം വരെ അവർ ആ പാലത്തിൽ കഴിച്ചു കൂട്ടിയതിനു ശേഷം അവിടെ നിന്നും ഇറങ്ങി…
തങ്ങളുടെ മുന്നോട്ടുള്ള യാത്രക്കായി….
പിറ്റേന്ന് രാവിലെ തന്നെ രുദ്രനും ഗൗരിയും സൂറത്ത് വിടാനുള്ള തയ്യാറെടുപ്പ് തുടങ്ങി. ഒരു എട്ടു മണിയോടെ സ്റ്റേയിൽ നിന്നുമിറങ്ങി വൈകീട്ട് ഒരു മൂന്നു മണിക്കുള്ളിലെങ്കിലും അഹ്‌മദാബാദ് പിടിക്കാനുള്ള പ്ലാൻ ആയിരുന്നു രുദ്രനുള്ളത്…
രാവിലെ കേരള റെസ്റ്റോറന്റിൽ നിന്നും ബ്രേക്ഫാസ്റ്റ് കഴിക്കുമ്പോൾ ഗൗരിയ്ക്ക് ഇന്നലെ ഈ നഗരത്തിൽ കണ്ട കാഴ്ചകളെ കുറിച്ചു തന്നെയായിരുന്നു പറയാനുള്ളത്. അവളുടെ അതിശയങ്ങളോട് കൂടിയ സംസാരത്തെ രുദ്രൻ നന്നായി ആസ്വദിച്ചുകൊണ്ടിരുന്നു….
"ദേവേട്ടാ… അങ്ങനെ അല്പസമയത്തിനകം നമ്മൾ ഈ നഗരം വിടുമല്ലേ. നല്ലൊരു സിറ്റിയായിരുന്നു ഇത് "….. ഗൗരി
"ഇപ്പോൾ ഇങ്ങനൊക്കെ പറയാം… ഈ നഗരത്തിനു കുപ്രസിദ്ധി നേടിയ ഒരു സംഭവം ഉണ്ട്. അറിയാമോ "…. രുദ്രൻ
ഗൗരി ഇല്ലെന്നു തലയാട്ടി…
"വജ്രവ്യാപാരത്തിനും മറ്റുമൊക്കെയാണ് ഈ നഗരം പ്രശസ്തി നേടിയതെങ്കിൽ കുപ്രസിദ്ധി നേടിയത് തൊണ്ണൂറുകളിൽ പടർന്നു പിടിച്ച പ്ലേഗിന്റെ പേരിലായിരുന്നു. ഇവിടെ നിന്നും പടർന്ന പ്ലേഗ് പിന്നെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും പടർന്നു. നമ്മുടെ രാജ്യത്തിന്റെ സമ്പത്വ്യവസ്ഥയേ തന്നെ ബാധിച്ചു. ഗൾഫ് രാജ്യങ്ങളടക്കം മിക്ക രാജ്യങ്ങളും ഇന്ത്യയിലേക്കുള്ള യാത്രകളും ചരക്ക് നീക്കവും ഒക്കെ നിർത്തി. ആക്കാലത്ത് സൂറത്ത് എന്നാൽ പ്ലേഗ് എന്നത് ഒരു പര്യായം പോലെയായിരുന്നു…."
"അതിനു ശേഷം നഗരത്തിൽ വലിയ രീതിയിൽ ശുദ്ധീകരണം നടത്തി. ഇപ്പോൾ കണ്ടാൽ അങ്ങനൊരു ചരിത്രം ഈ നഗരത്തിനു ഉണ്ടാകുമെന്ന് തന്നെ തോന്നില്ല…."
രുദ്രൻ പറഞ്ഞത് മുഴുവൻ ഗൗരി ശ്രദ്ധയോടെ കേട്ടു. അവളുടെ മുഖത്ത് എല്ലാം കേട്ടതിന്റെ അത്ഭുതമായിരുന്നു….
"ദേവേട്ടാ… ഇപ്പോൾ ഈ നഗരം കണ്ടാൽ അങ്ങനൊരു ദുരന്തം നടന്നത് പോലും തോന്നില്ല "….. ഗൗരി
"അതെ…."
ബ്രേക്ഫസ്റ്റ് കഴിച്ചിറങ്ങിയ രുദ്രനും ഗൗരിയും സ്റ്റേയിലേക്ക് പോയിട്ട് അവിടെ നിന്നും വെക്കേറ്റ് ചെയ്തിറങ്ങി…
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
സ്റ്റേയിൽ നിന്നും യാത്ര തിരിച്ച രുദ്രനും ഗൗരിയും അല്പദൂരം മുന്നിട്ടപ്പോൾ തപ്തി നദിയുടെ മുകളിൽ ഒരു പാലത്തിൽ എത്തി…
"ദേവേട്ടാ… ഇന്നലെ ലേഡീസ് മാർക്കറ്റ് പോകുമ്പോൾ കാണിച്ചു തന്ന ആ പാലമാണോ ഇത് "…. പാലത്തിൽ കയറിയപ്പോൾ ഗൗരി സംശയമുന്നയിച്ചു….
എന്തേ ഈ സംശയപിശാചിന്റെ ചോദ്യം വരാത്തതെന്നു വിചാരിച്ചിരിക്കുമ്പോഴേക്കും ചോദ്യം വന്നല്ലോ…. രുദ്രൻ ഒരു ചിരിയോടെ ചിന്തിച്ചു….
"ഇരുന്നു കിളിക്കാതെ കാര്യം പറയണുണ്ടോ ദേവേട്ടൻ "… ഗൗരിയൊന്നു ചൊടിച്ചു..
"ഈ പാലം അതല്ല… അത് മക്കായി പൂൾ ആയിരുന്നു. ഇത് ചന്ദ്രശേഖർ ആസാദ് ബ്രിഡ്ജ്. പൂൾ എന്നാൽ പാലമെന്നു അർത്ഥം. ഇനി ചന്ദ്രശേഖർ ആസാദ് ആരാണെന്നു ചോദിച്ചേക്കല്ലേ "…. രുദ്രൻ മറുപടി പറഞ്ഞു ചിരിച്ചത് കുറച്ചുറക്കെയായിപ്പോയി…
"പോടാ… ഭരണീ "… ഗൗരി ചൊടിച്ചു കൊണ്ട് അവന്റെ പുറത്തൊന്നു കൊട്ടി..
രുദ്രന്റെ ചിരി ഉച്ചത്തിലായി….
"ഇതിനൊക്കെ ഞാൻ തരുന്നുണ്ട് എന്റെ മോന്"… ഗൗരി കെറുവിച്ചു…
"എന്ത്… മിനിഞ്ഞാന്ന് തന്നപോലെയാണോ"..രുദ്രൻ
"എന്ത്…?"
"അല്ല… മിനിഞ്ഞാന്ന് രാത്രി നന്ദുമോള് ഹോളിവുഡ് സിനിമയെ വെല്ലുന്ന പെർഫോമൻസ് ആയിരുന്നല്ലോ അധരപാനത്തിൽ "…. രുദ്രൻ ചിരി വിടാതെ പറഞ്ഞു…
"അയ്യെടാ… എന്നിട്ട് എന്റെ മോൻ വേണ്ടെന്നു പറഞ്ഞില്ലല്ലോ….സുഖിച്ചു കിടക്കുവായിരുന്നല്ലോ "… ഗൗരി ഒരു കൊട്ട് കൂടി കൊടുത്തു…
"എന്റെ നന്ദുമോള് തരുന്നത് വേണ്ടാന്ന് ഞാൻ പറയുമോ "…രുദ്രൻ ചിരി വിടാതെ മറുപടി പറഞ്ഞു….
അപ്പോഴേക്കും അവർ വേറൊരു പാലത്തിൽ എത്തി….
"ദേവേട്ടാ….ദേ വീണ്ടുമൊരു പാലം… ഈ സിറ്റിയിൽ ഇതെത്ര പാലമാ ഒരു നദിക്ക് മുകളിലൂടെ "…. ഗൗരിയുടെ അന്തംവിട്ട് കൊണ്ടുള്ള മറുപടി…
"എന്റെ നന്ദു….. നീയിങ്ങനെ വണ്ടിയൊടിക്കുമ്പോൾ ചിരിപ്പിക്കല്ലേ. പിന്നെ നദി നമ്മൾ മനുഷ്യർ ചിന്തിക്കുന്നത് പോലെയാണോ ഒഴുകുക. അപ്പോൾ അതിനനനുസരിച്ചു റോഡ് ബന്ധം സ്ഥാപിക്കാൻ പാലം പണിയേണ്ടി വരും. ഇനി ഈ പാലത്തിന്റെ പേര് ഇങ്ങോട്ട് ചോദിക്കേണ്ട. ഞാനാദ്യമേ പറഞ്ഞേക്കാം ഇത് അർമോലി പാലം "… രുദ്രന് ചിരിയടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല…..
"ഞാനിങ്ങനെ ഓരോന്ന് ചോദിക്കുന്നത് കൊണ്ടും ചിരിക്കുന്നത് കൊണ്ടും ഒക്കെ വണ്ടി ഓടിക്കുമ്പോൾ ദേവേട്ടന് നല്ല റീലാക്സ്ഡ് ആയിട്ട് ഓടിക്കാൻ പറ്റുന്നില്ലേ…. മുൻപ് പോയപ്പോഴൊക്കെ ദേവേട്ടൻ ആഗ്രഹിച്ചിട്ടില്ലേ യാത്രകളിൽ എന്റെ സാമീപ്യം "… ഗൗരി രുദ്രനെ കെട്ടിപ്പിടിച്ചു അവന്റെ ചുമലിലേക്ക് താടി വച്ചു കൊണ്ട് ചോദിച്ചു…
രുദ്രന് മറുപടി ഉണ്ടായിരുന്നില്ല….
ഇവൾ പറഞ്ഞത് ശരിയാണല്ലോ… ഇങ്ങനെ ഇവളോരോന്നു ചോദിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വിരസത തോന്നുന്നില്ല എന്നുള്ളത് സത്യമാണ്. മുൻപൊക്കെ ആഗ്രഹിച്ചിട്ടുണ്ട് ഇവള് കൂടെയുണ്ടായിരുന്നെങ്കിലെന്നു… രുദ്രൻ മനസ്സിൽ ചിന്തിച്ചു…
"എന്തേ….എന്റെ കലിപ്പൻ സൈലന്റ് ആയത്.. ദേവേട്ടൻ ചിരിച്ചുകൊണ്ടിരിക്കുന്നതും എന്നെ കളിയാക്കുന്നതുമൊക്കെയാ എനിക്കിഷ്ടം.. വർഷങ്ങളായ് ഞാനത് മിസ്സ് ചെയ്തതാ "…ഗൗരിയുടെ വാക്കുകളിൽ പ്രണയം നിറഞ്ഞു നിന്നു….
"എന്റെ സ്ഥിതിയും അതൊക്കെ തന്നെയായിരുന്നു നന്ദു "…. രുദ്രൻ
"ഇനിയുള്ള നാളുകൾ നമുക്കുള്ളതാ…എനിക്കെന്റെ കലിപ്പന്റെ കൂടെയങ്ങ് പൊളിക്കണം "…. ഗൗരി
"എന്നാൽ നമുക്കങ്ങ് പൊളിക്കാം "… രുദ്രൻ
നാൽപ്പത് മിനിറ്റോളം സമയമെടുത്ത് അവർ കമ്രേജ് ടോൾ ബൈപാസിൽ എത്തി. ഇനിയങ്ങോട്ട് രുദ്രനും ഗൗരിയും നേരത്തെ വന്ന എൻ എച് 48 ഗോൾഡൻ ക്വാഡ്രിലറ്ററൽ ഹൈവേ…
രുദ്രൻ ഇടത്തോട്ട് വണ്ടി തിരിച്ചു ഹൈവേയിൽ കയറി… അങ്കലേശ്വർ റോഡിലൂടെ മുന്നോട്ട് പോയിക്കൊണ്ടിരുന്നു…
അത്യാവശ്യം കുഴപ്പമില്ലാത്ത സ്പീഡിൽ ആയിരുന്നു രുദ്രൻ വണ്ടിയോടിച്ചു കൊണ്ടിരുന്നത്. ഹൈവേ ആയത് കൊണ്ട് കുഴപ്പമില്ല. മുന്നോട്ട് പോയിക്കൊണ്ടിരുന്നപ്പോൾ കണ്ട് കൊണ്ടിരുന്ന പല സ്ഥലങ്ങളെ കുറിച്ചും ഗൗരി ചോദിച്ചു കൊണ്ടിരുന്നു. അറിയാവുന്നതൊക്കെ രുദ്രൻ പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു….
അവരുടെ ബൈക്ക് ഒരു മണിക്കൂറോളം ഓടിക്കഴിഞ്ഞപ്പോൾ രുദ്രൻ അടുത്ത് കണ്ട പെട്രോൾ പമ്പിൽ കയറി ഫുൾ ടാങ്ക് നിറച്ചു. അവിടെ നിന്നു ഒന്നു ഫ്രഷുമായി….
"ഇതേതാ ദേവേട്ടാ സ്ഥലം "… പമ്പിൽ നിന്നുമിറങ്ങിയപ്പോൾ ഗൗരി രുദ്രനോട് ചോദിച്ചു…
"ഇത് അങ്കലേശ്വർ… സിറ്റി വേറെ ഭാഗത്തേക്കാണ്. ഇത് ബറൂച് ജില്ലയുടെ ഭാഗമാണ്. ഇവിടെ നിന്നും പതിനാല് കിലോമീറ്റർ ഉണ്ട് ബറൂച് സിറ്റിയിലേക്ക്…
കേട്ടിട്ടുണ്ടോ ബറൂച് എന്ന് "…. രുദ്രൻ ഗൗരിയോട് ചോദിച്ചു….
"ഇല്ല… ഞാനെങ്ങനെ കേൾക്കാന….. ദേവേട്ടൻ പറ "…. ഗൗരി
"എല്ലാം പറഞ്ഞു തരാം….കുറച്ചു കൂടി പോയിട്ട് നമുക്ക് എന്തെങ്കിലും കുടിക്കാം. ഒരു പത്തു മിനിട്ട് എവിടെയെങ്കിലും ഇരിക്കുകയും വേണം… നിർത്താതെ ഒരു മണിക്കൂർ ആയി ഓടിക്കുവല്ലേ… എന്നിട്ട് പോരെ "…. രുദ്രൻ ചോദിച്ചു..
ഗൗരി മതിയെന്ന് പറഞ്ഞു…
പത്തിരുപത് മിനിറ്റ് കൂടി വണ്ടിയോടിച്ചു പോയപ്പോൾ രുദ്രന്റെ വണ്ടി ഗോൾഡൻ ക്വാഡ്രിലേറ്ററിൽ നിന്നും ഇടത്തോട്ട് സമാന്തരമായി പോകുന്ന ഒരു സിംഗിൾ റോഡിലോട്ട് കയറി….
മുന്നോട്ട് പോയ രുദ്രന്റെ ബൈക്ക് അടുത്ത് കണ്ട ഒരു സ്നാക്ക്സ് സെന്ററിന്റെ അങ്കണത്തിലോട്ട് കയറി. അവിടെവണ്ടി നിർത്തിയ രുദ്രൻ ഗൗരിയെയും കൊണ്ട് അതിന്റെ ഉള്ളിലേക്ക് കയറി…
കയ്യും മുഖവും കഴുകി ഫ്രഷ് ആയ രുദ്രനും ഗൗരിയും ഒരൊ ഇരിപ്പിടങ്ങളിലായി ഇരുപ്പുറപ്പിച്ചു. സപ്ലെയർ വന്നപ്പോൾ മെനു കാർഡ് നോക്കി രുദ്രൻ ചായയുടെ കൂടെ എന്തോ ഓർഡർ ചെയ്‌തെങ്കിലും ഗൗരിയ്ക്ക് അവൻ പറഞ്ഞതെന്താണെന്ന് മനസ്സിലായില്ല….
"ദേവേട്ടാ… ഇനി പറ എന്താണ് ബറൂച്ചിനെ പറ്റി പറയാനുള്ളതെന്നു"…. ഗൗരി
"പ്രത്യേകിച്ചൊന്നും ഇല്ലെടോ…. ഇന്ത്യയിലെ വാരാണസി കഴിഞ്ഞാൽ ഏറ്റവും പഴക്കം ചെന്ന സിറ്റി ഇതാണെന്നാണ് പറയപ്പെടുന്നത്. നർമ്മദനദിയുടെ തീരത്തുള്ള ഒരു പറ്റണം. വ്യാവസായികമായി ഏറെ മുന്നിട്ടു നിൽക്കുന്നത്. ഈ സിറ്റിക്ക് ഇന്ത്യയിലെ പീനട്ട് സിറ്റി, കെമിക്കൽ സിറ്റി എന്നൊക്കെ അപരനാമങ്ങളുണ്ട്. നമ്മൾ സിറ്റിക്ക് ഉള്ളിൽ കയറില്ല "…. രുദ്രൻ പറഞ്ഞു നിർത്തി..
"പോകുന്ന വഴിക്ക് നർമ്മദ നദി നമുക്ക് കാണാൻ കഴിയുമോ ദേവേട്ടാ "… ഗൗരിയുടെ ആകാംക്ഷയോടെയുള്ള ചോദ്യം..
"പോകുന്ന വഴിക്ക് കാണാം….പിന്നെ തന്റെയടുത്തു ഹാൻഡ് മൊബൈൽ ഹോൾഡർ ഇല്ലെ"…. രുദ്രൻ ചോദിച്ചു…
"ഉണ്ട്… എന്തേ"… (ഗൗരി )
"നമ്മൾ ബൈക്കിൽ കയറുമ്പോഴേക്കും അത് സെറ്റ് ചെയ്തു വച്ചോ… തനിക്കൊരു കാര്യം കാണാനുണ്ട് പോകുന്ന വഴിക്ക്"…. രുദ്രനൊരു ചിരിയോടെ പറഞ്ഞു…
അപ്പോഴേക്കും അവർ ഓർഡർ ചെയ്ത സ്നാക്ക്സ് എത്തി…
സ്വിസ്സ് റോൾ കട്ട് ചെയ്ത ഉള്ളിൽ മസാല നിറച്ച എന്തോ ഒരു ഐറ്റമാണ് സ്നാക്ക്സ്. ഗൗരി അതെന്താണെന്ന് മനസ്സിലാവാതെ അതിലേക്കും മിഴിച്ചു നോക്കിയിരുന്നു…
രുദ്രനത് കണ്ടു ചിരി പൊട്ടി…
ഗൗരിയൊരു പീസ് എടുത്തൊന്നു കടിച്ചു നോക്കി…
നിലക്കടല അടക്കം ചില നട്സും തേങ്ങയും മസാലയും ഉള്ളിൽ നിറച്ച എരിവുള്ള ക്രിസ്പി ഐറ്റം… നല്ല രുചി തോന്നി ഗൗരിയ്ക്ക് അത് കടിച്ചപ്പോൾ…
"ദേവേട്ടാ….ഇതെന്താ ഐറ്റം "….. ഗൗരി
"ഭക്കർവാടി…. അതാണ് ഇതിന്റെ പേര്…. ഗുജറാത്തിലെ പ്രധാനപ്പെട്ട ഒരു പലഹാരമാണിത്. നിലക്കടലയും വേറെ ചില നട്സും തേങ്ങയും ഒക്കെ പൊടിച്ചത് മസാല ചേർത്തു വറുത്തിട്ട് പിന്നെ കടലമാവും മൈദമാവും കൂടി കുഴച്ചു പരത്തിതിൽ റോൾ ചെയ്തിട്ട് പിന്നെ കട്ട് ചെയ്ത് ഫ്രൈ ചെയ്യുന്ന ഐറ്റം… ഇത് ഹോളി പോലെയുള്ള വിശേഷദിവസങ്ങളിൽ പ്രധാനപ്പെട്ടതാണ്"....രുദ്രൻ വിവരിച്ചു കൊടുത്തു….
"എന്തായാലും നല്ല ടേസ്റ്റ്… ദേവേട്ടന് ഇതിനെ പറ്റിയൊക്കെ നല്ല ഗ്രാഹ്യമാണല്ലോ "…. ഗൗരി ഭക്കർവാഡി ചായയുടെ കൂടെ കഴിച്ചു കൊണ്ട് പറഞ്ഞു…
"നന്ദു…. ഞാൻ നേരത്തെ പറഞ്ഞല്ലോ… അന്യനാട്ടിലേക്ക് ഒരു യാത്ര ചെയ്യുമ്പോൾ നമുക്ക് നമ്മുടെ നാട്ടിലേതിലും വ്യത്യസ്തമായ വിഭവങ്ങൾ കഴിക്കാനുള്ള അവസരങ്ങൾ കിട്ടും. അത് നന്നായി ആസ്വദിച്ചിട്ട് അതിനെ പറ്റി അറിയാൻ ശ്രമിക്കണം. ഇന്നത്തെ കാലത്ത് എല്ലാം ഫോണിൽ വിരൽത്തുമ്പിൽ കിട്ടുമ്പോൾ അതെല്ലാം എളുപ്പമാണ്… അത് പോലെ കാണുന്ന സ്ഥലത്തിന്റെ ചെറിയൊരു ചരിത്രവും നമ്മൾ അറിയാൻ ശ്രമിക്കണം…." രുദ്രൻ പറഞ്ഞു നിർത്തി….
ഗൗരിയെല്ലാം പതിവ് പോലെ ശ്രദ്ധയോടെ കേട്ടു നിൽക്കുന്നുണ്ടായിരുന്നു…
ചായ കുടിച്ചതിനു ശേഷം ഒരു പതിനഞ്ചു മിനിറ്റോളം അവിടെ ചിലവഴിച്ചു അവർ ഇറങ്ങി….
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
സ്നാക്ക്സ് പോയിന്റിൽ നിന്നും ഇറങ്ങിയ രുദ്രൻ ഗൗരിയോട് മൊബൈൽ ഹോൾഡറിൽ സെറ്റ് ചെയ്ത് കയ്യിൽ പിടിക്കാൻ പറഞ്ഞു. എന്തിനെന്നു മനസ്സിലായില്ലെങ്കിലും അവളത് പോലെ ചെയ്തു വണ്ടിയിൽ കയറിയിരുന്നു. രുദ്രൻ വണ്ടിയിൽ കയറി…
രുദ്രന്റെ ബൈക്ക് കുറച്ചു കൂടി മുന്നോട്ട് പോയി ഒരു ജംഗ്ഷൻ എത്തി. അവിടെ നിന്നും നേരെയുള്ള സിംഗിൾ ലൈൻ റോഡിലൂടെ മുന്നോട്ട് നീങ്ങി. അപ്പുറത്ത് നല്ല ഹൈവേ ഉണ്ടായിട്ടും രുദ്രൻ ആ ജംഗ്ഷനിൽ നിന്നും അങ്ങോട്ട് പോകാതെ ഈ വഴിക്കു പോകുന്നത് എന്തിനെന്നു ഗൗരി ചിന്തിച്ചു…
അല്പദൂരം മുന്നോട്ട് പോയപ്പോൾ മുന്നിൽ ഒരു ഉരുക്കുപാലം കണ്ടു രുദ്രൻ ബൈക്ക് അരികിലേക്ക് ഒതുക്കി.എന്നിട്ട് ഗൗരിയോട് പറഞ്ഞു….
"മൊബൈൽ സെറ്റ് ചെയ്ത് ആ പാലത്തിന്റെ ആർച്ചിൽ എഴുതിയത് അടക്കം വീഡിയോ ഷൂട്ട് ചെയ്തോ. ഫോട്ടോ എടുക്കാൻ സമയം കിട്ടില്ല. ഞാൻ വണ്ടി സ്ലോ ആക്കാം. നമ്മൾ ഈ കയറാൻ പോകുന്നതാണ് ഗോൾഡൻ ബ്രിഡ്ജ് അഥവാ നർമ്മദ ബ്രിഡ്ജ്. 1881 ഇൽ ബ്രിട്ടീഷുകാർ ഉണ്ടാക്കിയ ഉരുക്കുപാലം. എല്ലാം നന്നായി ഷൂട്ട് ചെയ്തേക്ക്…."
"അത്രയും പഴക്കമുള്ള പാലമോ… വല്ലാത്ത അത്ഭുതം തോന്നുന്നു "…. ഗൗരിയുടെ കണ്ണൊന്നു തള്ളി…
"ഇങ്ങനെ പോയാൽ ഈ യാത്ര തീരുമ്പോഴേക്കും നന്ദു മോളുടെ കണ്ണു തള്ളി തള്ളി നിലത്തു നിന്നും പെറുക്കിയെടുക്കേണ്ടി വരും "… രുദ്രൻ ചിരിച്ചു കൊണ്ടതും പറഞ്ഞു വണ്ടിയെടുത്തു…
നിമിഷങ്ങൾക്കകം ബൈക്ക് പാലത്തിൽ കയറി. താഴെ വിശാലമായോഴുകുന്ന നർമ്മദ നദി. തൊട്ടടുത്ത് വേറൊരു വലിയ പാലം. വണ്ടികൾ കൂടുതലും അതിലൂടെയാണ് പോകുന്നത് . ഈ പാലത്തിൽ കഷ്ടിച്ച് അങ്ങോട്ടും ഇങ്ങോട്ടും കൂടി ഒരി വാഹനങ്ങൾക്ക് പോകാനുള്ള വീതിയെ ഉള്ളൂ. ഓവർടേക്ക് ചെയ്യാൻ നാൽച്ചക്ര വാഹനങ്ങൾക്ക് പറ്റില്ല. ഗൗരിയെല്ലാം ഷൂട്ട് ചെയ്യാൻ തുടങ്ങി. ഒന്നരനൂറ്റാണ്ട് മുൻപത്തെ ആ നിർമ്മാണ മികവിനെ അവൾ തന്റെ മൊബൈലിൽ പകർത്തി. നർമ്മദ നദി കണ്ട ഗൗരിയുടെ മനസ്സിൽ കേട്ടറിവ് മാത്രമുള്ള ആ നദി ആദ്യമായി നേരിട്ട് കാണാൻ പറ്റിയതിന്റെ സന്തോഷമായിരുന്നു. മുന്നോട്ട് പോകുന്തോറും നദി തീരാത്തത് ഗൗരിയെ അത്ഭുതം കൊള്ളിച്ചു….
"ദേവേട്ടാ… ഈ തപ്തി നദിയ്ക്കും നർമ്മദ നദിക്കുമൊക്കെ ഭയങ്കര വീതിയാണല്ലോ. തീരുന്നില്ല "…. ഗൗരി അത്ഭുതത്തിൽ രുദ്രനോട് ചോദിച്ചു…
"നമ്മുടെ നാട്ടിലെ നദികളോടാപേക്ഷിച്ചു നോർത്തിലേ നദികളുടെ വീതി എപ്പോഴും കൂടുതലായിരിക്കും "… രുദ്രൻ മറുപടി നൽകി…
"ആ പാലം ഏതാ ദേവേട്ടാ… ആ റോഡിലേക്ക് തന്നെയല്ലേ നമ്മുടെ ഈ വഴിയും എത്തുന്നത് "…. ഗൗരി അപ്പുറത്തെ വലിയ പാലത്തെ കുറിച്ചു ചോദിച്ചു…
"അത് നർമ്മദ മയ്യ ബ്രിഡ്ജ്. വാഹനങ്ങൾ കൂടിയപ്പോൾ സ്വാഭാവികമായും ഉണ്ടാക്കേണ്ടി വന്നത്… ഈ റോഡ് അതിലേക്ക് തന്നെയാണ് എത്തുന്നത്…" രുദ്രൻ മറുപടി നൽകി…
"ഈ പാലത്തിനു എത്ര നീളം കാണും"… ഗൗരി
"ഇത് ഏകദേശം ഒന്നര കിലോമീറ്ററോളം നീളമുണ്ട്"… രുദ്രൻ
ഗൗരിയുടെ കണ്ണുകളിൽ വീണ്ടുമത്ഭുതം നിറഞ്ഞു നിന്നു….
കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അവരുടെ ബൈക്ക് ഗോൾഡൻ ബ്രിഡ്ജ് കടന്നു. മുന്നോട്ട് പോയ അവർ വൈകാതെ പ്രധാന ഹൈവേയിലേക്ക് കയറി….
മുന്നോട്ടുള്ള യാത്ര തുടർന്നുകൊണ്ടിരുന്നു….
തുടരും
കണ്ണൂർകാരൻ ❤️❤️❤️❤️
#✍ തുടർക്കഥ #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
കണ്ണൂർകാരൻ ❤️❤️❤️❤️