ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/61ApbVd?d=n&ui=v64j8rk&e1=c🦋 മരുമകൾ 🦋 34
വിരുന്നിന്റെ കാര്യം രാജേഷേട്ടനോടും പറഞ്ഞിരുന്നു. ആളത്കൊണ്ട് ബ്ലോക്ക് ഇല്ലാത്ത ഇടത്തൊക്കെ സാമാന്യം വേഗതയിൽ തന്നെ കാർ ഓടിക്കുന്നുണ്ട്.
അങ്ങനെ കുറച്ചു വേഗതയിൽ ഓടിക്കുന്നതിന് ഇടയിലാണ്, ഒരിടറോഡിൽ നിന്നും ഒരമ്മാവൻ വേഗത്തിൽ വരുന്ന കാറിന് വെറുതെ ഒന്ന് കയ്യും കാണിച്ചിട്ട്, അമ്മാവന്റെ പഴയ ഏതോ സ്കൂട്ടറും കൊണ്ട് റോഡിനു കുറുകെ കയറിയത്.
ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നില്ലേ? കാർ ആണെങ്കിൽ വേഗത്തിലും....
രാജേഷേട്ടൻ അയാളെ ഉറക്കെ ചീത്ത വിളിച്ചു ബ്രെക്കിലേക്ക് ആഞ്ഞു ചവിട്ടി...
പക്ഷെ വൈകിപ്പോയിരുന്നു.
കാർ വന്ന് മുട്ടി സ്കൂട്ടറിൽ ഇരുന്ന അമ്മാവൻ മുകളിലേക്ക് തെറിച്ചു പോകുന്നത് കണ്ടതും ഞാൻ കണ്ണ് രണ്ടും പൂട്ടിക്കൊണ്ട് അയ്യോ എന്ന് ഉറക്കെ വിളിച്ചു പോയി....
ഞാൻ മാത്രമല്ല ആതിരയും ഹരിയേട്ടനും രാജേഷേട്ടനും ഒക്കെ നന്നായി ഭയന്നിരുന്നു. ആതിര ആ കാഴ്ച കണ്ടിട്ട് എന്റെ വലത് കൈക്ക് മുകളിൽ പിടിച്ച അവളുടെ ഇടത് കയ്യുടെ മുറുക്കത്തിൽ നിന്ന് തന്നെ അറിയാം അവൾ എത്ര മാത്രം പേടിച്ചിട്ടുണ്ടെന്ന്.
ആ അമ്മാവൻ തെറിച്ചു പോവുന്നത് ഒരു നോക്കേ കണ്ടുള്ളൂ എങ്കിലും പേടിച്ചിട്ട് അറ്റാക്ക് വന്ന് ചത്തു പോകുമോ എന്ന് വരെ തോന്നിപ്പോയെനിക്ക്. ദൈവ സഹായം കൊണ്ടാവണം പുള്ളിക്കാരന് കാര്യമായിട്ട് ഒന്നും പറ്റിയില്ല.
എന്ന് മാത്രവുമല്ല, നിലത്തു വീണ അമ്മാവൻ അനിൽ കുംബ്ലെ എറിഞ്ഞ ഗൂഗ്ലി പോലെ ബൗൻസ് ചെയ്ത് ഏതൊക്കെയോ ഡയറക്ഷനിൽ കൂടി കറങ്ങി തിരിഞ്ഞ് ഞങ്ങളുടെ കാറിനടുത്തേക്ക് തന്നെ ഓടി വരുന്നുണ്ട്.
ഞങ്ങളെ ചീത്ത പറയാനുള്ള വരുവാണേൽ കൂടി ആ വരവ് കണ്ടപ്പോഴുണ്ടായ സന്തോഷം ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ പറ്റില്ല. പോയ ജീവൻ ഏത് വഴിയൊക്കെയോ തിരികെ വന്ന് ദേഹത്ത് കേറി.
പക്ഷെ ഞങ്ങളെ ചീത്ത പറയാൻ നിന്ന അമ്മാവൻ കാറിന് അടുത്ത് എത്തും മുന്നേ വഴിയിൽ നിന്നിരുന്നവരൊക്കെ കൂടി വന്ന് അയാളെ ചീത്ത പറയാൻ തുടങ്ങി.
ഇത്രേം സ്പീഡിൽ വരുന്ന കാറിന് ഇത്ര അടുത്ത് നിന്ന് കയ്യും കാണിച്ചിട്ട് ആരെങ്കിലും ഇങ്ങനെ കുറുകെ ചാടുമോ എന്ന് ചോദിച്ച് അവരൊക്കെ വളഞ്ഞിട്ട് ആക്രമിക്കുന്നുണ്ട്. അമ്മാവനാണേൽ ഞാൻ ഇപ്പൊ എന്താ പറയാൻ വന്നെ എന്നുള്ള ഭാവത്തിൽ കണ്ണും മിഴിച്ച് നിൽക്കുന്നു. ആളിന്റെ നെറ്റിയിൽ ചെറിയൊരു മുറിവുണ്ട് എന്നല്ലാതെ ആളിനോ വണ്ടിക്കോ കാര്യമായ കേടുപാടുകൾ ഒന്നുമില്ല. ദൈവം സഹായിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ?
പിന്നെ അമ്മാതിരി ചവിട്ടാണേ രാജേഷേട്ടൻ ചവിട്ടിയത്. ടയർ ഉരഞ്ഞ പാട് വരെ റോഡിൽ ഉണ്ട്. കൂടി നിന്നവരൊക്കെ തന്നെ ഞങ്ങളോട് പൊയ്ക്കോളാൻ പറഞ്ഞപ്പോ ശ്വാസം ഒന്ന് വലിച്ച് വിട്ട് ഞാനും ആതിരയും പരസ്പരം നോക്കി ആശ്വാസത്തോടെ ചിരിച്ചു.
🦋 🦋 🦋 🦋 🦋
വഴി നീളെ ബ്ലോക്ക് തന്നെ ആയിരുന്നു. വീട്ടിൽ എത്തുമ്പോഴേക്കും ഏഴു മണിയോട് അടുപ്പിച്ചായിരുന്നു. അപ്പോഴും ആ ആക്‌സിഡന്റ് നേരിൽ കണ്ടതിന്റെ പിടപ്പ് നെഞ്ചിൽ നിന്നും മാറിയിരുന്നില്ല.
വീട്ടിൽ എത്തിയുടനെ അമ്മയോടും അച്ഛനോടും പറഞ്ഞിട്ട് മീനുവിന്റെ വീട്ടിൽ പോകാനായി ഇറങ്ങണമെന്ന് ഹരിയേട്ടൻ വരുന്ന വഴിയേ പറഞ്ഞിരുന്നു. പക്ഷെ അച്ഛനോടോ അമ്മയോടോ പറയാനോത്തില്ല. മുഖത്ത് നോക്കിയാലല്ലേ പറയാൻ പറ്റൂ...?
അച്ഛൻ പതിവ് പോലെ ഞങ്ങളെ കണ്ടതേ എഴുന്നേറ്റ് മുറിയിലേക്ക് പൊയ്ക്കളഞ്ഞു. അമ്മയാണേൽ വായിച്ചു കൊണ്ടിരിക്കുന്ന ബുക്കിൽ നിന്നും മുഖം ഉയർത്തുന്നുമില്ല.
ഞങ്ങൾ മീനുവിന്റെ അവിടേക്ക് പോകട്ടെ അമ്മാ എന്ന് ഞാൻ ചോദിച്ചിട്ടും കേട്ട ഭാവമില്ല.
" അമ്മ വായിച്ചോണ്ടിരുന്നാൽ പിന്നെ ഒന്നും ശ്രദ്ധിക്കില്ല ദേവൂ... നാരായണീയവും ഭാഗവതവും ഒന്നും വായന ഇടയ്ക്ക് വച്ച് നിർത്താൻ പാടില്ല എന്ന് അമ്മ പറയാറുണ്ട്. ആകാശം ഇടിഞ്ഞു വീണാലും എഴുന്നേൽക്കാൻ പാടില്ലാത്രേ..... അതാണ്. പറയാൻ നിൽക്കണ്ട. നമുക്ക് ഇറങ്ങാം. "
ഹരിയേട്ടൻ പറഞ്ഞ് നിർത്തിയതും ലാൻഡ് ഫോൺ ബെല്ലടിച്ചു. അമ്മ വായിച്ചു കൊണ്ടിരുന്ന പേജ് കമിഴ്ത്തി വച്ച് ഞങ്ങടെ രണ്ടാളുടേം മുഖത്തു പോലും നോക്കാതെ എഴുന്നേറ്റ് ഫോൺ എടുക്കാനായി പോയി.
' ആകാശം ഇപ്പൊ ഇടിഞ്ഞു വീണോ ആവോ? ' എന്ന ചോദ്യം നോട്ടത്തിൽ നിറച്ച് ഞാൻ ഹരിയേട്ടനെ നോക്കുമ്പോ ആളെന്നെ നോക്കാൻ വയ്യാതെ മുഖം മാറ്റി നിൽപ്പുണ്ട്.
" വാ... നമുക്ക് ഇറങ്ങാം ... നമ്മൾ വരാൻ താമസിച്ചില്ലേ? ഇടയ്ക്ക് അമ്മേ വിളിക്കണമെന്ന് വിചാരിച്ചിട്ട് ഞാൻ അതും വിട്ട് പോയി. അതിന്റെ ദേഷ്യം ആകും. "
ഹരിയേട്ടൻ വന്നെന്റെ കൈ പിടിച്ചു പറഞ്ഞപ്പോ ഒന്നും മിണ്ടാതെ ഞാൻ ആളുടെ പിറകെ ഇറങ്ങിച്ചെന്നു.
🦋 🦋 🦋 🦋 🦋
മീനുവിന്റെ വീട്ടിൽ ചെല്ലുമ്പോ അമ്മയും അച്ഛമ്മയും അവിടെ ഉണ്ടായിരുന്നു. അച്ഛനെ കണ്ടില്ല. എവിടെയോ പോയെന്ന് അമ്മ പറഞ്ഞു. അല്ലെങ്കിലും അച്ഛന് ഇങ്ങനെ ഉള്ള പരിപാടികൾ ഒന്നും ഇഷ്ടമുള്ള കൂട്ടത്തിൽ അല്ല.
അമ്മയെ കണ്ടപ്പോ... ആ ചുണ്ടുകൾ നെറ്റിയിൽ പതിഞ്ഞപ്പോ കിട്ടിയ ആശ്വാസം ഉണ്ടല്ലോ? എക്സ്പ്രസ്സ് ചെയ്യാൻ പറ്റാത്തത്ര ആശ്വാസവും സന്തോഷവുമാണ് കിട്ടിയത്. അമ്മയെ ചുറ്റിപ്പിടിച്ചു വിശേഷങ്ങൾ പറഞ്ഞ് കുറച്ചു നേരം അമ്മേടെ അടുത്ത് നിന്നും മാറാതെ നിന്നു.
ആഹാരം ഒക്കെ കഴിച്ച് കഴിഞ്ഞാണ് മീനുവിനെ ഒറ്റയ്ക്ക് കിട്ടിയത്. അമ്മായിടെ കൂ'തറ' സ്വഭാവത്തേക്കുറിച്ച് വിശദമായിത്തന്നെ പറയാൻ അപ്പോഴാണ് അവളെ ഒത്തു കിട്ടിയത്.. കുറച്ചൊക്കെ അവളോട് മുന്നേ പറഞ്ഞിട്ടുള്ളതാണല്ലോ?
" അപ്പൊ നീ പറഞ്ഞിട്ടും ഹരി ചേട്ടൻ വിശ്വസിച്ചില്ല അല്ലെ? "
" മ്ഹും.... "
" അല്ല പുള്ളിക്കാരനേം കുറ്റം പറയാൻ പറ്റില്ല. നിന്നെ ആ പൂതന സ്നേഹിച്ചു കൊല്ലുന്നതല്ലേ അങ്ങേരു കണ്ടിട്ടുള്ളൂ... തേനൊലിപ്പിച്ച് ഓരോന്ന് പറയുന്നതല്ലേ കേട്ടിട്ടുള്ളൂ...? അപ്പൊ പിന്നെ നീ പറഞ്ഞതൊക്കെ എങ്ങനെ വിശ്വസിക്കും? "
" മ്മ്... "
ഞാൻ അവൾ ആ പറഞ്ഞതിനും വെറുതെ മൂളി.
" അവരെ ഇങ്ങനെ വിട്ടാലും പറ്റില്ല. ആദ്യം ഇങ്ങനെ ഒക്കെ കാണിച്ചിട്ട് പിന്നീട് നേരിട്ട് പോര് തുടങ്ങില്ല എന്ന് ആര് കണ്ടു? നാളെ അവര് അങ്ങനെ ചെയ്‌താൽ ഹരി ചേട്ടൻ എങ്കിലും നിന്റെ ഒപ്പം വേണം. ഇല്ലെങ്കിൽ നീ വിഷമിച്ചു പോകും മോളെ.... "
" അതെനിക്കും അറിയാം. പക്ഷെ നടക്കൂന്ന് തോന്നുന്നില്ല. "
ഞാൻ നിരാശപ്പെട്ടു താടിക്ക് കൈ കൊടുത്തിരുന്നു.
അവളവിടെ താടിയിൽ വിരൽ കുത്തി ഇരുന്ന് കൂലങ്കഷമായിട്ട് ആലോചിക്കുന്നുണ്ട്. ഞാൻ പുറത്തെ കട്ട പിടിച്ച ഇരുട്ടിലേക്ക് നോക്കിയിരുന്നു.
ഞാനും മീനുവും കൂടി അടുക്കളപ്പുറത്തെ പടിയിൽ ഇരിപ്പാണ്. അമ്മയും മാമിയും കൂടി പാത്രങ്ങൾ ഒക്കെ കഴുകി ഒതുക്കി വയ്ക്കുന്നു. ഫുഡ് ഒക്കെ കഴിഞ്ഞപ്പഴേ അച്ഛമ്മ അപ്പുറത്തേക്ക് പോയിരുന്നു. അച്ഛനെ കണ്ടിട്ട് പോകാമെന്നു പറഞ്ഞപ്പോ അമ്മയാണ് പറഞ്ഞത് അച്ചൻ ആരെയോ കാണാൻ പോയിരിക്കുവാണെന്ന്. എന്നാപ്പിന്നെ അച്ഛൻ വന്നിട്ട് പോകാമെന്നായി ഹരിയേട്ടൻ. അത് കൊണ്ടാണിപ്പോ മീനുവിനോട് ഇങ്ങനെ സംസാരിക്കാൻ ഇത്തിരി സമയം കിട്ടിയത്. ഹരിയേട്ടൻ മധുവിനോടും മാമനോടും സംസാരിച്ചിരിപ്പുണ്ട്.
ഞാൻ തല ചരിച്ചു മീനുവിനെ നോക്കിയപ്പോ അവിടെ ആലോചന തന്നെ.
" എടി.. ഒരു വഴിയുണ്ട്. "
കുറച്ചു സമയത്തെ ആലോചന കഴിഞ്ഞ് അവളെന്നെ തോണ്ടി വിളിച്ചു.
" എന്താടി? "
ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
" കുറച്ചു ചീപ്പാണ്. "
അവള് മുഖവുരയിടുന്നു. ഇവള് ചീപ്പ് എന്ന് പറയുന്നു എങ്കിൽ അത് എന്തോ തറ പരിപാടി ആകണം. എങ്കിലും അവളുടെ ഐഡിയ എന്താണെന്ന് അറിയാൻ വേണ്ടി ചെവി വട്ടം പിടിച്ചിരുന്നു.
" നിങ്ങൾ വീട്ടിൽ ഇല്ലാത്തപ്പോ അവര് നിന്റെ കുറ്റം പറയും എന്ന് ഉറപ്പാണോ? "
എന്തുണ്ടെങ്കിലും വീട്ടിത്തുറന്ന് പറയുന്നവളാണ്. ഇതൊരുമാതിരി പ്രതികളെ ചോദ്യം ചെയ്യുന്ന പോലീസുകാരെപോലെ.... ഞാൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി.
" നീ പറ... എന്നിട്ട് ഞാൻ എന്റെ ഐഡിയ പറയാം. "
" അങ്ങനെ ചോദിച്ചാൽ..... ഞാൻ അടുക്കളയിൽ ഒക്കെ നിക്കുമ്പോഴാണ് അവര് രണ്ടാളും കൂടി സിറ്റൗട്ടിൽ ഇരുന്ന് ശബ്ദം താഴ്ത്തി എന്റെ കുറ്റം പറയുന്നത്. പിന്നെ കിടന്ന ശേഷം ഞാൻ എന്തെങ്കിലും ആവശ്യത്തിന് മുറിന്ന് വെളിയിൽ ഇറങ്ങുമ്പോ ഒന്നോ രണ്ടോ വട്ടം കേട്ടിട്ടുണ്ട്. "
" ഹ്മ്മ്... എന്നാപ്പിന്നെ നിങ്ങൾ അവിടെ ഇല്ലാത്തപ്പോ ഉറപ്പായും പറയണമല്ലോ? "
" പറയുമായിരിക്കും. അല്ല.... അതാണല്ലോ എന്റെ പ്രശ്നം. എന്നെ അവർക്ക് ഇഷ്ടമല്ല. അത് കൊണ്ടല്ലേ ഇങ്ങനെ ഇല്ലാത്തതൊക്കെ പറയുന്നത്? എന്നെ മാത്രമല്ല.... എന്റെ വീട്ടുകാരെയും.... അതാണ് എനിക്ക് ഏറ്റവും വിഷമം.
അവർക്ക് എന്നോടിനി എങ്ങനെ ഇഷ്ടം വരാനാണ് മീനു? ഓരോ ദിവസം കഴിയും തോറും അവര് എന്നെക്കുറിച്ച് പറയുന്നതൊക്കെ കൂടിക്കൂടി വരുവാണ്. ഇപ്പൊ കേൾക്കാതെ പറയുന്നതൊക്കെ നാളെ നേരിട്ടാകും പറയുന്നത്.
കല്യാണം കഴിഞ്ഞിട്ട് ഇത്രേം ആയപോഴേ ഇങ്ങനെ... അപ്പോ കുറച്ചു കൂടി ആകുമ്പോ എന്താകും? എനിക്ക് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയുന്നില്ലെടി.... "
" ഹരി ചേട്ടൻ നിന്റെ കൂടെ ഉണ്ടെങ്കിൽ ആരെന്തു പറഞ്ഞാലും നീയതൊന്നും കാര്യമാക്കണ്ട. "
" ഹരിയേട്ടൻ എന്റെ കൂടെ ഇല്ലാലോ? ഞാൻ പറഞ്ഞിട്ട് പോലും വിശ്വസിക്കുന്നില്ലലോ? അതല്ലേ.... "
എനിക്കത് ഓർക്കുമ്പോഴാണ് വിഷമം ഇരട്ടിക്കുന്നത്.
" അതിനുള്ള വഴിയാണ് ഞാൻ പറയാൻ പോകുന്നത്. നിന്നെ അമ്മായിക്ക് ഈ കാണിക്കുന്ന പോലുള്ള സ്നേഹം ഒന്നും ഇല്ലെന്നും ഒളിച്ചും പാത്തും ചീത്ത പറയാറുണ്ടെന്നും ഹരി ചേട്ടനെ അറിയിക്കാനുള്ള വഴി. "
" എന്താടി....? കുറേ നേരമായി.... നീയൊന്ന് പറയുന്നുണ്ടോ? "
അക്ഷമയിൽ എന്റെ ശബ്ദം ഒരല്പം ഉയർന്ന് പോയി.
" എന്താടി അവിടെ? "
അടുക്കളയിൽ നിന്ന് മാമി വിളിച്ചു ചോദിച്ചു.
" ഒന്നൂല്ലമ്മാ... ഞങ്ങൾ പഴയ കോളേജിലെ കാര്യങ്ങളൊക്കെ പറഞ്ഞതാ..."
മീനു എന്റെ കയ്യിൽ പിടിച്ചമർത്തി കണ്ണുരുട്ടി നോക്കികൊണ്ട് മമ്മിയോട് വിളിച്ചു പറഞ്ഞു.
" നീ പറയ് മീനു... "
ഞാൻ ഒച്ച താഴ്ത്തി.
" ഞാൻ ആലോചിച്ചിട്ട് ഒരേയൊരു വഴിയേ ഉള്ളൂ... റെക്കോർഡിങ്.... "
അവളും സ്വകാര്യം പോലെ എന്റെ ചെവിയിൽ പറഞ്ഞു.
" അയ്യടി... നിന്റെ പൊട്ട ചാനലിൽ ഇട്ട് അമ്മായിയെ വൈറൽ ആക്കാനാ? "
ഞാൻ അവളെ നോക്കി ചിറി കോട്ടി.
അവൾക്ക് ഒരു യൂട്യൂബ് ചാനൽ ഉണ്ട്. ഇടയ്ക്ക് ഓരോ കോപ്രായങ്ങൾ ഒക്കെ ഷൂട്ട് ചെയ്ത് അവൾ അതിൽ ഇടാറുമുണ്ട്. അവൾക്കും അവളുടെ കുറച്ചു ഫ്രണ്ട്‌സ്നും എന്നെപോലെ ഹതഭാഗ്യരായ കുറച്ചു കസിൻസ്നും അല്ലാതെ അങ്ങനെ ഒരു ചാനൽ ഉള്ള കാര്യം വേറെ ആർക്കെങ്കിലും അറിയുമോ എന്ന് പോലും സംശയം ആണ്. ഞങ്ങളെയൊക്കെ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും ഒക്കെ ഫോളോ ചെയ്യിപ്പിച്ചത് കൊണ്ട് നൂറിന് അടുപ്പിച്ചു ഫോളോവെർസ് ഉണ്ടെന്ന് മാത്രം.
അമ്മായീടെ ചീത്ത വിളി റെക്കോർഡ് ചെയ്തു അതിലിട്ട് അവളുടെ ചാനലിന്റെ റേറ്റിങ് കൂട്ടാനാണാവോ? അല്ല ഇപ്പൊ ഇതൊക്കെയാണല്ലോ വൈറൽ ആകാനുള്ള കൺടന്റ്സ് ....
" അതല്ലെടി പോത്തേ.... "
അവളെന്റെ തോളത്ത് അടിച്ചപ്പോ പിന്നെ എന്താന്നുള്ള ഭാവത്തിൽ ഞാൻ അവളെ നോക്കി കണ്ണ് മിഴിച്ചു.
🦋 🦋 🦋 🦋 🦋
അപ്പൊ അഭിപ്രായം മറക്കണ്ട.
തുടരും
കണ്ണൂർകാരൻ ❤️❤️❤️
#✍ തുടർക്കഥ #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ