രുദ്രദൃഷ്ടി ഭാഗം 11
കാശിയുടെ മണ്ണിൽ ശാന്തിയും സമാധാനവും തിരിച്ചെത്തിയിട്ട് മാസങ്ങളായി. ഇന്ദ്രജിത്തും രുദ്രാവതിയും ഗംഗാതീരത്തെ ഒരു ചെറിയ മഠത്തിൽ സ്നേഹാസമ്പൂർണ്ണമായ ജീവിതം നയിക്കുകയായിരുന്നു….
എന്നാൽ ഒരു രാത്രി, കാശി വിശ്വനാഥ ക്ഷേത്രത്തിലെ വലിയ മണി തനിയെ മുഴങ്ങാൻ തുടങ്ങി. അത് ശുഭസൂചനയല്ലെന്ന് ഇന്ദ്രജിത്തിന്റെ നെറ്റിയിലെ മൂന്നാം കണ്ണിന്റെ അടയാളം അവനെ ഓർമ്മിപ്പിച്ചു…
രക്തരക്ഷസ്സും അഘോരനന്ദനും നശിച്ചപ്പോൾ, അവരുടെ ആത്മാക്കൾ ചേർന്നൊഴുകി പാതാളത്തിന്റെ ഏറ്റവും അഗാധമായ ശൂന്യലോകത്ത് എത്തിയിരുന്നു. അവിടെ രൂപമില്ലാത്ത, ഭാവമില്ലാത്ത വെറും നിഴൽ മാത്രമായ ഒരു പുതിയ ശക്തി ഉദിച്ചു… ശൂന്യകൻ….
അവന് ശരീരമില്ലാത്തതുകൊണ്ട് ആയുധങ്ങൾ കൊണ്ട് അവനെ കൊല്ലാനാവില്ല. അവന് വേണ്ടത് ഇന്ദ്രജിത്തിന്റെ ശരീരമായിരുന്നു. ഇന്ദ്രജിത്തിന്റെ ശരീരം കൈക്കലാക്കിയാൽ അവന് കാലഭൈരവന്റെ ശക്തിയോടെ പ്രപഞ്ചം മുഴുവൻ വിഴുങ്ങാം…..
അന്ന് രാത്രി രുദ്രാവതി ഒരു ഭീകരമായ സ്വപ്നം കണ്ടു. ഗംഗാനദിയിലെ ജലം മുഴുവൻ വറ്റിപ്പോകുന്നതായും, അസ്ഥികൂടങ്ങൾ നദിയിൽ നിന്ന് എഴുന്നേറ്റ് വന്ന് തന്നെ ഒരു ഗർത്തത്തിലേക്ക് വലിച്ചിഴയ്ക്കുന്നതായും അവൾ കണ്ടു. അവൾ നിലവിളിച്ചുകൊണ്ട് ഉണർന്നു….
"ഇന്ദ്രജിത്ത്... എന്തോ വരാനിരിക്കുന്നു. പഴയതിനേക്കാൾ ഭീകരമായ എന്തോ ഒന്ന്" അവൾ കിതച്ചുകൊണ്ട് പറഞ്ഞു…..
ഇന്ദ്രജിത്ത് അവളെ ആശ്വസിപ്പിച്ചു, പക്ഷേ അവന്റെ ഉള്ളിലും ഭയം നിഴലിച്ചു തുടങ്ങിയിരുന്നു. കാരണം അവന്റെ മൂന്നാം കണ്ണിൽ ഇപ്പോൾ തെളിയുന്നത് വെറും ശൂന്യത മാത്രമായിരുന്നു. ശത്രുവിനെ കാണാൻ കഴിയാത്ത അവസ്ഥ...
പെട്ടെന്ന് അവരുടെ മഠത്തിനുള്ളിലെ വിളക്കുകൾ അണഞ്ഞു. ചുവരുകളിൽ അവരുടെ നിഴലുകൾ ഭീമാകാരമായി വളരാൻ തുടങ്ങി. ഇന്ദ്രജിത്തിന്റെ നിഴൽ അവനിൽ നിന്ന് വേർപെട്ട് അവനെത്തന്നെ കഴുത്തുഞെരിക്കാൻ ആഞ്ഞു….
"രുദ്രാവതീ, ഓടൂ" ഇന്ദ്രജിത്ത് തന്റെ ശക്തി ഉപയോഗിക്കാൻ ശ്രമിച്ചു പക്ഷേ നിഴലിനെ തടയാൻ അവനായില്ല….
"ഇന്ദ്രജിത്ത്... നിന്റെ കണ്ണുകൾ എനിക്ക് വേണ്ട നിന്റെ ആത്മാവ് മതി. നീ എനിക്ക് നിന്റെ ശരീരം നൽകിയാൽ രുദ്രാവതിയെ ഞാൻ ജീവനോടെ വിടാം." നിഴലുകൾക്കിടയിൽ നിന്ന് ശൂന്യകന്റെ ശബ്ദം മുഴങ്ങി…
ഈ പ്രതിസന്ധി ഘട്ടത്തിൽ, മഠത്തിന്റെ വാതിൽ തകർത്ത് ഒരാൾ അകത്തേക്ക് വന്നു. ചുവന്ന വസ്ത്രമണിഞ്ഞ കയ്യിൽ ഒരു മാന്ത്രിക ദണ്ഡുള്ള ഒരു ബാലൻ. അവൻ ഇന്ദ്രജിത്തിന് നേരെ ഒരു പ്രത്യേക ഭസ്മം വിതറി. നിഴലുകൾ പെട്ടെന്ന് അപ്രത്യക്ഷമായി…..
"നീ ആരാണ്" ഇന്ദ്രജിത്ത് ചോദിച്ചു…
"ഞാൻ ബാലഭൈരവൻ. കാലഭൈരവന്റെ ബാലരൂപം.. ശൂന്യകൻ വരുന്നത് നിന്റെ ശക്തി തിരിച്ചറിയാനല്ല നിന്റെ പ്രണയത്തെ നിനക്കെതിരെ തിരിക്കാനാണ്. രുദ്രാവതിയുടെ ഉള്ളിലെ ഗംഗാ ചൈതന്യം അവൻ വറ്റിക്കാൻ തുടങ്ങിയിരിക്കുന്നു. നോക്കൂ"....
ഇന്ദ്രജിത്ത് രുദ്രാവതിയെ നോക്കി. അവളുടെ ചർമ്മം ഒരു വൃദ്ധയുടേത് പോലെ ചുളിയാൻ തുടങ്ങിയിരിക്കുന്നു. ശൂന്യകൻ അവളെ ദൂരെയിരുന്ന് വലിച്ചെടുക്കുകയാണ്....
"അവളെ രക്ഷിക്കണമെങ്കിൽ നീ മൃത്യുലോക ത്തിന്റെ കവാടം കടക്കണം. അവിടെ നിന്റെ ഭൂതകാലം നിന്നെ വേട്ടയാടും. നിനക്ക് മരിച്ചുപോയവരെ കാണേണ്ടി വരും. നീ തയ്യാറാണോ ഇന്ദ്രജിത്ത്" ബാലഭൈരവൻ ചോദിച്ചു…
ഇന്ദ്രജിത്ത് രുദ്രാവതിയുടെ കൈ പിടിച്ചു.
"ഇവൾക്ക് വേണ്ടി ഞാൻ മരണത്തെപ്പോലും തോൽപ്പിക്കും."...
തുടരും…
✍️ സന്തോഷ് ശശി….
#✍ തുടർക്കഥ #കഥ,ത്രില്ലെർ,ഹൊറർ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ