ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/63j5M3d?d=n&ui=v64j8rk&e1=c#തരള_സംഗീത_മന്ത്രം ((76))
"അച്ഛമ്മേ..."
അഴിയിക്കൽ എത്തിയതും കുഞ്ഞി ഓടി വന്ന് ലക്ഷ്മിയുടെ മേൽ പിണഞ്ഞു കയറി ഇടുപ്പിലിരുന്നു.
"ആഹാ.. അച്ഛമ്മേടെ പൊന്നുമോൾ വന്നോ? എത്ര ദിവസായി എന്റെ പൊന്നിനെ കാണാതെ അച്ഛമ്മ വിഷമിക്കുന്നു." കുഞ്ഞിയുടെ നെറ്റിയിൽ ഉമ്മ വെച്ചുകൊണ്ട് ലക്ഷ്മി പറഞ്ഞു.
"മോളും കൊറേ വെഷമിച്ചു അച്ഛമ്മേ.. അച്ഛാച്ഛനേം കാണാതെ വെഷമിച്ചു.. അതല്ലേ മോള് വേഗം ഇങ്ങ് പോന്നേ.."
കുഞ്ഞി ചിണുങ്ങി ചിണുങ്ങി തലയാട്ടി മറുപടി പറഞ്ഞു. ഭദ്രയും പ്രസാദും കുഞ്ഞിയുടെ വർത്തമാനം കേട്ട് മൂക്കിൽ വിരൽ വെച്ചു ചിരിച്ചു പോയി.
"അല്ലാ നിങ്ങൾ എത്തിയോ? യാത്രയൊക്കെ എങ്ങനെ ഉണ്ടായിരുന്നു മോളെ..??" മാധവൻ മുന്നോട്ട് വന്ന് ഭദ്രയോട് ചോദിച്ചു.
"യാത്രയൊക്കെ സുഖമായിരുന്നു അച്ഛാ. ആ തറവാട്ടിലുള്ള ആളുകളും നല്ലതായിരുന്നു. ആളുകൾ എന്നു പറയാൻ അധികമാരും അവിടെയില്ല. ഒരു അമ്മയും മകളും മാത്രം. അവരാണെങ്കിലോ സ്വന്തം മകളെ പോലെയും ചേച്ചിയെ പോലെയുമൊക്കെയാണ് എന്നെ കാണുന്നതും എന്നോട് പെരുമാറുന്നതുമൊക്കെ. ആ അമ്മയുടെ മരുമകളുടെ ഛായ എനിക്കുണ്ടെന്ന് പറഞ്ഞാ ഈ സ്നേഹ പ്രകടനം ഒക്കെയും. ഇതൊക്കെയുണ്ടെന്നു കരുതി നമുക്ക് അധിക നാളൊന്നും ഒരു അന്യരുടെ വീട്ടിൽ തങ്ങാൻ കഴിയില്ലല്ലോ അച്ഛാ. അതോണ്ട് അധികം താമസിക്കാതെ തന്നെ ഞങ്ങളിങ്ങ് പോന്നു." ഭദ്രയെന്ന ദേവയാനി മറുപടി പറഞ്ഞു.
"ങ്ഹും.. അന്യരേ...!!!" പ്രസാദ് അവളെ നോക്കി ഒന്നു നെടുവീർപ്പിട്ടു.
ഞാനൊന്നു ഫ്രഷ് ആയിട്ടു വരാം എന്നു പറഞ്ഞ് കുഞ്ഞിയുടെ കൈ പിടിച്ച് ദേവയാനി മുകളിലെ മുറിയിലേക്ക് നടന്നു പോകുന്നത് അവരെല്ലാം നോക്കി നിന്നു. അവൾ കണ്മുന്നിൽ നിന്നും മാഞ്ഞു പോയി എന്നു കണ്ട മാധവന്റെ നോട്ടം മകൻ പ്രസാദിലേക്കായി : "അവളിൽ ഒരു മാറ്റവും കാണുന്നില്ല. അല്ലേടാ..??"
ചോദ്യം കേട്ട് സോഫയിൽ ഇരുന്നുകൊണ്ട് പ്രസാദ് മറുപടി പറഞ്ഞു : "അതെ അച്ഛാ.. അവളിൽ ഒരു മാറ്റവും എവിടെയും കാണുന്നില്ല. സ്വന്തം നാടും വീടും വീട്ടുകാരെയുമൊക്കെ ഇത്ര അടുത്തു കണ്ടിട്ടും വർത്തമാനം പറഞ്ഞിട്ടും അവളിൽ യാതൊരുവിധ ചാഞ്ചാട്ടാവുമില്ല." അവൻ നെടുതായി ഒന്നു ശ്വസിച്ചു. അച്ഛനോടും അമ്മയോടും ഭദ്ര രചിച്ച തരള സംഗീത മന്ത്രം എന്ന പുസ്തകത്തെ കുറിച്ചും അതിലെ കഥാപാത്രങ്ങളെ കുറിച്ചും ആ കഥാപാത്രങ്ങളെയാണ് നമ്മളിലൂടെയും സ്വയവും അവൾ കാണുന്നതുമൊക്കെ പ്രസാദ് വിശദീകരിച്ചു. ശേഷം അഭില ഡോക്ടറെ കോൺടാക്ട് ചെയ്തതും മെഡിസിന്റെ കാര്യവും കൂട്ടിച്ചേർത്തു. എല്ലാം കേട്ടു കഴിഞ്ഞ് ലക്ഷ്മി ഒന്നു നെടുവീർപ്പിട്ട് മാധവന്റെ മുഖത്തു നോക്കി.
"വളരെ വിചിത്രമായ ഒരു മൾട്ടിപ്പിൾ പേഴ്സണാലിറ്റി. സ്വയം രചിച്ച സാങ്കൽപ്പിക കഥാപാത്രമായി ഒരാൾ മാറുന്നത് ആദ്യമായി കേൾക്കുകയാണ്. ഇനി.. ഇനിയെന്താ അടുത്തത്...? ഭദ്രയുടെ ഓർമ്മകൾ തിരികെ കൊണ്ടു വരേണ്ടേ? സ്വന്തം വീടും വീട്ടുകാരെയും കണ്ടിട്ടുപോലും അവളുടെ ഓർമ്മകൾ വന്നില്ലെങ്കിൽ ഇനിയെന്തു കാണിച്ചാണ് അതൊക്കെ തിരിച്ചു കൊണ്ടു വരിക.??" പ്രസാദിനെ നോക്കി മാധവൻ മുന്നോട്ട് വന്ന് ചോദിച്ചു.
"എനിക്കറിയില്ല എന്തു ചെയ്യണമെന്ന്. അടുത്തയാഴ്ച്ച ഭദ്രയുടെ അനുജത്തി അരുണയുടെ കൂട്ടുകാരിയുടെ വിവാഹമാണ്. ഒരിക്കൽ മേലെപ്പാട്ട് തറവാട്ടിൽ ചെന്നപ്പോൾ ഭദ്രയെ വിവാഹം ക്ഷണിച്ചതാണ് മോഹിനി എന്നു പേരുള്ള ആ കുട്ടി. അരുണ പറയുന്നത് ഭദ്രയെ എങ്ങനെയെങ്കിലും ആ വിവാഹത്തിന് കൊണ്ടു വന്നാൽ ചിലപ്പോൾ ഒരുപക്ഷെ അവളിൽ ചില മാറ്റങ്ങൾ കണ്ടേക്കാം എന്നാണ്. കൂട്ടുകാരികളുമായി പലതും സംസാരിക്കുമ്പോഴോ മറ്റോ ഭദ്രയുടെ തലച്ചോറിൽ ഒരു സ്പാർക്ക് വന്നാൽ ചിലപ്പോൾ അതൊരു ഗുണകരമാവും. പോരാത്തതിന് ഇപ്പോൾ കൃത്യമായ മെഡിസിൻ ആണല്ലോ അഭില നിർദ്ദേശിച്ചിരിക്കുന്നത്." വിരലുകളിലെ ഞൊട്ടകളൊടിച്ച് പ്രസാദ് പറഞ്ഞു.
"എങ്കിൽ ദേവയാനിയെ കൊണ്ട് ആ വിവാഹത്തിന് വരാൻ നീ സമ്മതിപ്പിക്കണം പ്രസാദ്. അങ്ങനെയൊരു ചാൻസും നമ്മൾ തള്ളിക്കളഞ്ഞൂടാ. അവളെ സമ്മതിപ്പിക്കേണ്ട ചുമതല നിനക്കാണ്. അവിടെ നീ നിന്റെ മിടുക്ക് തെളിയിക്കണം." ലക്ഷ്മി ഒരു തീരുമാനം എന്ന പോലെ പറഞ്ഞു. പ്രസാദ് ഗൗരവ്വത്തിൽ ഒന്നു മൂളുക മാത്രം ചെയ്യുമ്പോൾ മാധവൻ ദീർഘമായി ഒന്നു ശ്വസിച്ചു.
**********************************************************************************
ആകാശം കറുത്ത പുതപ്പണിഞ്ഞ സമയം. ബീച്ചിലിരുന്ന് കാര്യങ്ങളെല്ലാം വിഷ്ണുവിനും ഹേമന്തിനും വിശദീകരിച്ചു കഴിഞ്ഞു പ്രസാദ്. തൊട്ടടുത്ത വണ്ടിക്കടയിൽ നിന്നും ചൂട് മുളക് ബജ്ജി മൂന്ന് പ്ലേറ്റ് വാങ്ങി വന്ന് ഹേമന്ത് ഇരുവർക്കും കൈ മാറി. ഓരോ തിരകൾക്കുമൊപ്പം തണുത്ത കാറ്റ് ഇടയ്ക്കിടെ മൂവരേയും തഴുകി തിരികെ കടലിലേക്ക് മടങ്ങുന്നുണ്ടായിരുന്നു.
"എങ്കിൽ പ്രസാദേട്ടൻ ദേവയാനിയുമായി കൊച്ചിയിലേക്ക് പോകണം. മോഹിനിയെന്ന ആ കുട്ടിയുടെ കല്യാണം കൂടണം. എവിടെ നിന്നാണ് എങ്ങനെയാണ് ഒരു സ്പാർക്ക് തലച്ചോറിൽ സംഭവിക്കുക എന്ന് നമുക്ക് മുൻകൂട്ടി കാണാൻ കഴിയില്ലല്ലോ. കിട്ടുന്ന ഓരോ ചാൻസും നമ്മൾ വിട്ടു കളയരുത്."
മുളക് ബജ്ജി ചമ്മന്തിയിൽ മുക്കി കടിച്ചുകൊണ്ട് വിഷ്ണു അഭിപ്രായം പറഞ്ഞു.
"ഞാനും അതു തന്നെയാണ് പറയുന്നത്. ചേട്ടൻ എന്തായാലും ആ കല്യാണം കൂടാൻ പോകണം. ഒപ്പം ദേവു ചേട്ടത്തിയും." ഹേമന്ത് എരിവ് വലിച്ച് പറഞ്ഞു.
"ദേവു ചേട്ടത്തിയോ??!!" വിഷ്ണു പുരികം വളച്ചു.
"പിന്നല്ലാതെ..!! ചേട്ടന് ദേവയാനിയോട് അങ്ങോട്ട് ഇഷ്ടം എന്നു തുടങ്ങിയോ അന്നു മുതൽ എനിക്ക് അവർ ചേട്ടത്തിയാണ്."
"എങ്കിൽ എനിക്കും..."
ഇരുവരും ഹൈ ഫൈവ് അടിച്ചുകൊണ്ട് പ്രസാദിനെ ഒന്നു നോക്കി. ആ മുഖം വിഷണ്ണതയിലേക്ക് കടന്ന് മൗനം പൂണ്ടിരിക്കുന്നത് കണ്ട് ഹേമന്തും വിഷ്ണുവും പരസ്പരം കണ്ണുകൾ കൊണ്ട് ചോദിച്ചു.
"എന്താ നിങ്ങളുടെ മുഖം വല്ലാതെ ഇരിക്കുന്നത്?" വിഷ്ണുവാണ് ചോദിച്ചത്.
പ്രസാദ് രണ്ടു പേരെയും മാറി മാറി നോക്കി : "ഇതിനിടയിൽ ചിന്തിക്കാൻ പാടില്ലാത്തത് ഞാൻ ചിന്തിച്ചു. ചെയ്യാൻ പാടില്ലാത്തത് ഞാൻ ചെയ്തു. ദേവയാനിയെ എനിക്ക് നഷ്ടപ്പെടാതിരിക്കാൻ വേണ്ടി."
"എന്ത്...??!" ഇരുവരും ഒരുപോലെ ചോദിച്ചു.
ഒരു ദീർഘ ശ്വാസം പോലെ പ്രസാദ് അന്നത്തെ രാത്രി നടന്ന സംഭവങ്ങളൊക്കെയും തുറന്നു പറയുകയായിരുന്നു. ദേവയാനിയുടെ മെഡിസിൻസ് ആരും കാണാതെ താൻ മാറ്റിയതും കോളുകൾ അറ്റൻഡ് ചെയ്യാതെ വന്നപ്പോൾ സംശയം തോന്നി റിൻസി മേലെപ്പാട്ട് തനിച്ചു വന്നതും അവളുമായി താൻ വാക്കേറ്റമുണ്ടായതും എല്ലാം അവൻ പറഞ്ഞു. കടലിൽ നിന്നും ഒരു വലിയ തിരമാല ഉയർന്നു വന്ന് കല്ലിൽ ആഞ്ഞടിച്ചു ചിന്നിചിതറി.
"സംഭവം ആര് കേട്ടാലും ചേട്ടനെ കുറ്റമേ പറയൂ. ഞങ്ങൾ ചേട്ടനെ മനസ്സിലാക്കുന്ന പോലെ ആരും മനസ്സിലാക്കണം എന്നില്ലല്ലോ. ദേവു ചേട്ടത്തിയോടുള്ള ചേട്ടന്റെ സ്നേഹമാണ് അത്തരത്തിൽ ചെയ്യാൻ ചേട്ടനെ ഉള്ളിൽ നിന്നും പ്രേരിപ്പിച്ചത്. എന്തായാലും കാര്യങ്ങൾ കൂടുതൽ അപകടത്തിലേക്ക് വഴി വെച്ചില്ല. അതു തന്നെ വലിയ കാര്യം." ഹേമന്ത് പറഞ്ഞു. വിഷ്ണു അത് അനുകൂലിച്ചു.
"പക്ഷെ ഇപ്പോഴും എനിക്കത് ഉൾകൊള്ളാൻ കഴിയുന്നില്ല ഹേമന്ത്. അവളുടെ ഓർമ്മകൾ തിരികെ വന്നാലുള്ള അവസ്ഥയോർത്ത് ഇപ്പോഴേ എനിക്ക് നെഞ്ചിടിപ്പ് തുടങ്ങി. നീർ കുമിളയിൽ നടക്കാൻ വിധിക്കപ്പെട്ടത് പോലെയാണ് എനിക്ക് തോന്നുന്നത്. ആ കുമിള പൊട്ടിയാൽ........."
"പൊട്ടില്ല.. നോക്കിക്കോ ഭദ്രയെന്ന ഓർമ്മകൾ തിരിച്ചു കിട്ടിയാലും ദേവയാനിയെന്ന ചേട്ടത്തിയുടെ ഓർമ്മകളിൽ ചേട്ടനും കുഞ്ഞിയും നിറഞ്ഞു നിൽക്കും." പ്രസാദിന്റെ തോളിൽ തൊട്ട് ഹേമന്ത് ആശ്വസിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
**********************************************************************************
അരുണ ആഗ്രഹിച്ച പോലെ വിവാഹത്തിന് മൂന്ന് ദിവസം മുന്നേ അവരെല്ലാം ഒരു വെളുത്ത ഇന്നോവയിൽ മോഹിനിയുടെ കൊച്ചിയിലെ വീട്ടിലെത്തി. വിവാഹത്തിനുള്ള ഒരുക്കങ്ങൾ ഇപ്പോഴേ തുടങ്ങിയിരിക്കുന്നു. പ്രസാദും ഭദ്രയും കുഞ്ഞിയ്ക്കും ഒപ്പം ഹേമന്ത് വിഷ്ണു റിൻസി എന്നിവരും ഉണ്ടായിരുന്നു. അതും പ്രസാദിന്റെ നിർബന്ധ പ്രകാരമാണ് മൂവരും വന്നത്.
"വരണം.. വരണം... മോഹിനി നിങ്ങളെയൊക്കെ കാത്തിരിക്കുകയാണ്." മോഹിനിയുടെ അച്ഛൻ രവി മുന്നോട്ട് വന്ന് സ്വീകരിച്ചു. അവരെല്ലാം അദ്ദേഹത്തെ നോക്കി കൈ കൂപ്പി നമസ്കാരം പറഞ്ഞു.
"ഇത് ബീന. മോഹിനിയുടെ അമ്മ, എന്റെ ഭാര്യ." ബീനയേയും നോക്കി അവർ നമസ്കാരം പറഞ്ഞു.
"ചെല്ലൂ... മോഹിനി കൂട്ടുകാരികളുമായി അകത്തുണ്ട്.." ബീന പറഞ്ഞതും ഹേമന്തും വിഷ്ണുവും ഒഴികെ മറ്റുള്ളവരെല്ലാം അകത്തേക്ക് കയറുകയായിരുന്നു.
"നമുക്കിവിടെ നിൽക്കാം.. എല്ലാവരും കൂടി കയറി ചെന്ന് വെറുതേ വീർപ്പു മുട്ടൽ ഉണ്ടാക്കേണ്ട.." ഹേമന്ത് പറഞ്ഞതിൽ വിഷ്ണുവും യോജിച്ചു. ഇരുവരും മുറ്റത്തെ പ്ലാവിന്റെ ചോട്ടിൽ തണലു പറ്റി വെറുതേ നിന്നു.
"ആഹാ..!! പറഞ്ഞ പോലെ ചേച്ചി എത്തിയോ?" അരുണ ഓടി വന്ന് ഭദ്രയുടെ അരികിൽ ചെന്നു. പ്രസാദിന്റെ കണ്ണുകൾ അന്വേഷിച്ചത് മാളവിക തമ്പുരാട്ടിയെ ആയിരുന്നു. പക്ഷെ അവിടെ എവിടെയും അവരെ കാണുന്നുണ്ടായിരുന്നില്ല.
"നിന്റെ അമ്മ എവിടെ?" അരുണയുടെ താടിയിൽ പിടിച്ച് ഭദ്ര സ്വന്തം അമ്മയെ തിരക്കി.
"അമ്മ.. അമ്മ.. അമ്മയ്ക്ക് നല്ല സുഖമില്ല... വരാൻ കഴിയില്ല എന്നാണ് പറഞ്ഞത്. സാരമില്ല. ഇവിടെ ഇപ്പോൾ ഞങ്ങളൊക്കെയില്ലേ. പോരാത്തതിന് ചേച്ചിയും എല്ലാവരും വന്നല്ലോ." പറഞ്ഞുകൊണ്ട് താഴെ നിൽക്കുന്ന കുഞ്ഞിയെ എടുത്ത് എളിയിൽ ഇരുത്തി അരുണ മുന്നോട്ട് നടന്നു. കണ്ണാടിയിൽ നോക്കി മോഹിനി ഒരുക്കത്തിലാണ്. ഒപ്പം കൊഞ്ചി കുഴഞ്ഞും കളിയാക്കിയും കൂട്ടുകാരികളുമുണ്ട്.
"മോഹിനി ഇതു നോക്കിയേ ആരൊക്കെയാ വന്നിരിക്കുന്നതെന്ന്..." അരുണ വിളിച്ചു കൂവി.
മോഹിനി തിരിഞ്ഞു നോക്കി. ഒപ്പം ലൈലയും ജീനയും ലക്ഷ്മിയും. അവരെല്ലാം ഭദ്രയെ കണ്ട് അമ്പരപ്പോടെ നിന്നു. നാല് പേരും ഭദ്രയുടെ അരികിലേക്ക് ഓടിയത്തി.
"ചേച്ചി എന്നെ അനുഗ്രഹിക്കണം."
മോഹിനി ഭദ്രയുടെ കാൽക്കലിലേക്ക് വീണു.
"ഏയ് എന്താ കുട്ടീ ഇത്. പുതുപ്പെണ്ണിനെ അനുഗ്രഹിക്കാൻ മാത്രം വലിയവൾ ഒന്നുമല്ല ഞാൻ. എഴുന്നേറ്റേ..." മോഹിനിയുടെ തോളിൽ പിടിത്തമിട്ട് ഭദ്ര എഴുന്നേൽപ്പിച്ചു.
"എന്നാലും ചേച്ചിയുടേതായ അനുഗ്രഹം എനിക്ക് എപ്പോഴും വേണം." അത് പറയുമ്പോൾ മോഹിനിയുടെ കണ്ണുകൾ നിറഞ്ഞു.
"ഉണ്ടാവും.. എന്റെ അനുഗ്രഹം എപ്പോഴും നിന്റെ കൂടെ ഉണ്ടാവും. ഇത് കണ്ണ് നനയിക്കേണ്ട ദിവസമല്ല. നിന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷമാണ് ഇനി മുന്നോട്ടുള്ള ഓരോന്നും. അതോണ്ട് സന്തോഷിക്കുകയാ വേണ്ടത്. കേട്ടോടീ കൊച്ചേ..." മോഹിനിയുടെ കവിളിൽ മെല്ലെ തട്ടി ഭദ്ര പറഞ്ഞതിൽ അവിടെ ഒരു പുഞ്ചിരി വിടർന്നു. റിൻസി പിടിച്ചു വെച്ച ഗിഫ്റ്റ് പാക്കറ്റ് വാങ്ങി ഭദ്ര മോഹിനിയുടെ കൈയിൽ കൊടുത്തു : "ഇത് ഞങ്ങളുടെ വക നിനക്ക്."
അതു വാങ്ങി ഭദ്രയെ ആലിംഗനം ചെയ്തപ്പോൾ എന്തെന്നില്ലാത്ത ഒരു ഉന്മേഷവും സമാധാനവും മോഹിനിക്ക് തോന്നുകയുണ്ടായി.
"താങ്കൾ ആണല്ലേ ഭദ്രേച്ചിയുടെ ഡ്യൂപ്ലിക്കേറ്റ് കെട്ടിയോൻ. വിചാരിച്ച പോലെയല്ലല്ലോ.. കാണാൻ സ്മാർട്ടും സുമുഖനും ആണല്ലോ.." പ്രസാദിന്റെ തോളിൽ തട്ടി ജീന ശബ്ദം വളരെ താഴ്ത്തി കളിയാക്കി മന്ത്രിച്ചു.
"പോന്നു മോളെ വിട്ടേക്ക്.. നിങ്ങളുടെ ഈ പ്രായവും കടന്നു വന്നവനല്ലേ ഞാൻ. ആ എന്നെ കൊച്ചാക്കണോ?" പ്രസാദ് തിരിച്ചു കളിയാക്കിയതും ജീന പിന്നെയൊന്നും മിണ്ടിയില്ല.
"അഹ് പിന്നേ.. ഇത് എന്റെ ഭർത്താവ് പ്രകാശൻ. ഇത് അദ്ദേഹത്തിന്റെ സുഹൃത്ത് ഡോക്ടർ റിൻസി." പുറകിൽ നിൽക്കുന്ന ഇരുവരെയും ചൂണ്ടി ഭദ്ര അവർക്കെല്ലാം പരിചയപ്പെടുത്തി.
ഒരുപോലെ എല്ലാവരും കൈ കൂപ്പി നമസ്കാരം പറഞ്ഞു.
"വേറെ രണ്ടു വാനരന്മാർ ഉണ്ടായിരുന്നു ഇവിടെ വരെ.. പുറത്ത് എവിടെയെങ്കിലും നിൽപ്പുണ്ടാവും." ഹേമന്തിനെയും വിഷ്ണുവിനെയും ആയിരുന്നു ഭദ്ര ഉദ്ദേശിച്ചത്.
((തുടരും))
രചന : കണ്ണൂർക്കാരൻ ❤️❤️❤️❤️
#✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ