❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
9.1K views
29 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6gdOWGd?d=n&ui=v64j8rk&e1=c#തരള_സംഗീത_മന്ത്രം ((69)) കണ്മുന്നിൽ നിന്നും പ്രസാദ് മായുന്നത് വരെ മാളവിക തമ്പുരാട്ടി ആ നിൽപ്പ് തുടരുകയായിരുന്നു. തിരികെ അവൻ മുറിയിൽ ചെന്നു നോക്കി. ഭദ്രയേയും കുഞ്ഞിയേയും കാണുന്നില്ല. ഇതെവിടെ പോയെന്ന് ചിന്തിച്ചു നിൽക്കേ ഉമ്മറത്ത് നിന്നും അടക്കി പിടിച്ച ചിരിയും സംസാരവുമെല്ലാം കേൾക്കുന്നു. പ്രസാദിന്റെ കാലുകൾ അവിടേക്ക് ചലിച്ചു. സൂസനും അരുണയും ഭദ്രയും വട്ടം കൂടി ഇരിക്കുന്നു. കുഞ്ഞി ഒപ്പമുണ്ട്. ഏതോ സംഗീതം നല്ല താളത്തിൽ പാടുന്ന അരുണ. ആ സംഗീതത്തിന് തനിക്കാവും വിധം നൃത്തം വെക്കാൻ ശ്രമിക്കുന്ന തന്റെ മകൾ കുഞ്ഞി. അവൾക്ക് നന്നായി പിന്തുണ കൊടുക്കുന്നതാവട്ടെ സാക്ഷാൽ ഭദ്രയും. പ്രസാദ് ആ സദസ്സിലേക്ക് ചെന്നതും എല്ലാം നിശബ്ദമായി. "എന്താ ഇവിടെ? പാട്ട് കച്ചേരിയോ അതോ കലാത്തിലക അരങ്ങേറ്റമോ?" കുസൃതിയോടെ അവൻ ചോദിച്ചു. "നമ്മുടെ മകൾ നന്നായി നൃത്തം ചെയ്യുന്നുണ്ട് ഏട്ടാ. നമുക്കിവളെ നൃത്തം പഠിപ്പിച്ചാലോ?" ഭദ്ര എഴുന്നേറ്റ് വന്ന് ചോദിച്ചു. "നന്നായി നൃത്തം വെക്കുന്ന ആള് കൂടെയുള്ളപ്പോൾ എന്തിനാ മകളെ മറ്റൊരിടത്ത് വിട്ട് പഠിപ്പിക്കാൻ വിടുന്നെ??" മുന വെച്ച ചോദ്യം സൂസൻ തൊടുത്തു വിട്ടു. "അതാരാ... അങ്ങനെയൊരാൾ??" സൂസനെ ഭദ്ര തിരിഞ്ഞു നോക്കി. "നീ.. നീ തന്നെ ഭദ്ര.. ഞാൻ കണ്ടതിൽ വെച്ച്‌ ഏറ്റവും നന്നായി നൃത്തം ചെയ്യുന്നവൾ..." ഭദ്രയുടെ കണ്ണുകളിൽ നോക്കി സൂസൻ നേര് പറഞ്ഞു. "ഞാ.. ഞാനോ... ഞാൻ നൃത്തം ചെയ്യുമെന്നോ..???!!!" പൊടുന്നനെ ഭാവം മാറി ഭദ്ര ചോദിച്ചു. അവൾ അരുണയെ നോക്കി, പ്രസാദിനെ നോക്കി. സൂസന്റെ വാക്കുകൾ ഭദ്രയ്ക്ക് സമ്മാനിച്ചത് തലച്ചോറിൽ ഒരു സ്ട്രൈക്ക് ആയിരുന്നു. അവൾ ഓർക്കാൻ ശ്രമിച്ചു. തന്റെ ചുവടുകൾ എങ്ങനെയെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു. ഉള്ളിൽ മറഞ്ഞു നിൽക്കുന്ന ഭദ്രയെന്ന കഥാപാത്രം മുന്നോട്ട് വരാൻ അതിയായി വെമ്പിയെങ്കിലും ഫലമില്ലായിരുന്നു. അമ്മയ്ക്കും അച്ഛനും മുന്നിൽ തിരുവാതിര കളിക്കുന്ന കുഞ്ഞു ഭദ്ര. അവൾ സന്തോഷവതിയായിരുന്നു. നന്നായി നൃത്തം ചെയ്യുന്ന ഭദ്രയെ ഇരുവരും മാറോടാണച്ചു പിടിച്ചു. പക്ഷെ എല്ലാം ഒരു നെഗറ്റീവ് ഫിലിം പോലെയാണ് കാണുന്നത്. ശിരസ്സ് വിങ്ങുന്നതായി അവൾക്ക് തോന്നി. അധിക നേരം പിടിച്ചു നിൽക്കാൻ കഴിയുന്നില്ല. ഏട്ടാ എന്നു വിളിച്ച് പ്രസാദിന്റെ കൈകളിലേക്ക് അവൾ വീണു പോയി. ********************************************************************************** മേലെപ്പാട്ട് കോയിക്കൽ തറവാട്ടിലേക്ക് പ്രസാദ് താമസം മാറ്റിയിട്ട് ഇപ്പോൾ രണ്ടു മൂന്നു നാളുകൾ പിന്നിടുന്നു. ഷോപ്പിലെ കാര്യങ്ങൾ ഹേമന്ത് നോക്കുന്നു. അഴിയിക്കൽ തറവാട്ടിലെ അച്ഛന്റെയും അമ്മയുടെയും കാര്യങ്ങൾ വിഷ്ണു നന്നായി നോക്കുന്നു. കൊച്ചിയിൽ തുടങ്ങാൻ ഉദ്ദേശിക്കുന്ന പുതിയ ബ്രാഞ്ചിന്റെ പണികൾ ഏതാണ്ട് പൂർത്തിയായ മട്ടാണ്. പ്രസാദിന്റെ ഫോൺ കോളുകളും മറ്റും കൃത്യമായി എല്ലായിടത്തും ചെല്ലുന്നുണ്ട്. ഇതിനിടയിൽ മാധവൻ അവനെ ഫോൺ ചെയ്തു. ആദ്യമന്വേഷിച്ചത് പേരക്കുട്ടി കുഞ്ഞിയെ. അതു കഴിഞ്ഞ് ദേവയാനിയെ. ഇരുവരും മകനും സുഖമായിരിക്കുന്നു എന്നവർ അറിഞ്ഞു. കൂട്ടത്തിൽ ദേവയാനിയിൽ ചില മാറ്റങ്ങൾ സംഭവിക്കുന്നു എന്നും. അതൊരു നല്ല വാർത്തയായിരുന്നു മാധവനും ലക്ഷ്മിക്കും. രാത്രിയിൽ കിടക്കാൻ കയറുമ്പോൾ ഭദ്രയ്ക്ക് ഉറക്ക ഗുളിക കൊടുക്കുമായിരുന്നു പ്രസാദ്. അതിന്റെ ആലസ്യത്തിൽ മേഘ കൂട്ടങ്ങളിൽ പറന്നൊഴുകി നിദ്രയുടെ അഗാധ ഗർത്തത്തിൽ അവൾ വീണു പോകും. പിന്നെ ഉണരുക പിറ്റേന്നാണ്. അപ്പോൾ പ്രസാദ് കൗശല പൂർവ്വം ഭദ്രയുടെ അരികിൽ വന്നു കിടക്കും. ഒരു സംശയത്തിനും ഇട വരുത്താതെ. പതിവ് പോലെ ഉറക്ക ഗുളിക കൊടുത്ത് ഭദ്രയെ ഉറക്കിയതിനു ശേഷം പ്രസാദ് പുറത്തിറങ്ങി. നല്ല കാറ്റുണ്ട്. കാർമേഘങ്ങൾ ഉരുണ്ടു കൂടുന്നു. നേർത്ത ശബ്ദത്തിൽ ഇടി വെട്ടുന്നു. പ്രസാദ് തറവാടിന്റെ മുൻഭാഗത്തേക്ക് നടന്നു. ഉമ്മറപ്പടിയിൽ കാറ്റു കൊണ്ട് തൂണിൽ ചാരി നിൽക്കുന്ന അരുണയെ അവൻ കണ്ടു. കാറ്റിന്റെ താളത്തിനൊപ്പം അവളുടെ പാവാട നൃത്തം ചെയ്യുന്നുണ്ടായിരുന്നു. മേലെപ്പാട്ട് കോയിക്കൽ തറവാട് മുറ്റത്ത് മഴ വർഷിച്ചു. മന്ദ മാരുതൻ കൂടുതൽ കുളിരോടെ തറവാട് മുഴുവനായി ഒഴുകി നടന്നു. ഭദ്രയുടെ അനുജത്തിയെ കണ്ടുകൊണ്ടു തന്നെ അവൻ ഉമ്മറത്തെ തിണ്ണയിൽ ഇരുന്നു : "അരുണ ഉറങ്ങിയില്ലേ??" പിന്നിൽ നിന്നും ആ ശബ്ദം പെട്ടെന്നു കേട്ട അവൾ ഒന്നു ഞെട്ടി തിരിഞ്ഞു നോക്കി. തിണ്ണമേൽ ഇരിക്കുന്ന പ്രസാദിനെ അവൾ കണ്ടു. പുഞ്ചിരിച്ചു. "ഉറക്കം വന്നില്ല. ചില രാത്രികളിൽ ഞാനിവിടെ തനിച്ചു നിൽക്കും. ക്ഷണിക്കപ്പെടാതെ ഇവിടെയെത്തുന്ന കാറ്റും മഴയും മനസ്സിൽ കുളിർമ കൊണ്ടു വരും. അച്ഛന്റെ സാമീപ്യമാണ് അപ്പോൾ എനിക്കു തോന്നുന്നത്." അരുണ മറുപടി പറഞ്ഞു. "അരുണയുടെ പഠിത്തമൊക്കെ...??" പ്രസാദ് ചോദിച്ചു. "കോളേജിൽ അറിയപ്പെടുന്ന ഒരു ഗ്യാങ്ങിന്റെ ലീഡറാണ് ഞാൻ. ലേഡി ടൈഗർസ്. അതാണ് ഞങ്ങളുടെ ഗ്യാങ്ങിന്റെ പേര്. ജീന, ലക്ഷ്മി, ലൈല, മോഹിനി പിന്നെ ഞാൻ. അഞ്ചംഗങ്ങൾ അടങ്ങിയ കരുത്തുള്ള പെൺ പട. പക്ഷെ യഥാർത്ഥ ജീവിതത്തിൽ അരുണയ്ക്ക് അത്രയും കരുത്തില്ല. ഓരോ സ്റ്റുഡന്റ്സും ഓരോരോ മുഖം മൂടികൾ മുഖത്തണിഞ്ഞാണല്ലോ കോളേജിൽ വരുന്നത്. അത്തരത്തിലൊരു മുഖം മൂടി ഞാനും അണിഞ്ഞു. അതിനാൽ എന്റെ വ്യക്തി ജീവതം ഗ്യാങ്ങിലെ ഈ നാല് പേർക്കല്ലാതെ മറ്റാർക്കും അറിയില്ല. ഇട്ടു മൂടാനുള്ള സമ്പത്തും സ്വത്തു വകകളുമൊക്കെയുള്ള ഒരു തമ്പുരാട്ടിക്കുട്ടി ആണെന്നാണ് കോളേജിലെ മറ്റു പലരും കരുതിയിരിക്കുന്നത്." തൂണിൽ ചാരി കൈകൾ കെട്ടി അരുണ പറഞ്ഞു. അവൾ ദീർഘമായി ഒന്നു ശ്വസിക്കുന്നുണ്ടായിരുന്നു. മണ്ണിൽ പതിക്കുന്ന മഴയുടെ താളം അപ്പോഴും നിലച്ചില്ല. "അമ്മ...??" പ്രസാദ് മാളവികയെ അന്വേഷിച്ചു. "ഉറക്കത്തിലാണ്.. ഒരു സമാധാനവുമില്ലാത്ത പാവമാണ് അമ്മ. ചേച്ചിയെ കാണ്മാനില്ല എന്നറിഞ്ഞ നിമിഷം മുതൽ ഒരുപാട് കരഞ്ഞു. കണ്ടു കിട്ടിയപ്പോഴോ അതിങ്ങനെയും." പ്രസാദ് പിന്നെയൊന്നും ചോദിച്ചില്ല. നെടുതായി അവനൊന്നു ശ്വസിച്ചു. "ചേട്ടൻ.. ചേട്ടന്റെ ഭാര്യ...?" കുറച്ചു നേരം തുടർന്ന മൗനത്തെ ഭേദിച്ച് അരുണ ചോദിച്ചു. അത്ര നേരം ഉരുണ്ടുരുണ്ട് നിന്ന മുഴക്കം ആകാശത്തെ വിദൂരതയിൽ പൊട്ടിത്തെറിച്ചു. ഭൂമി കുലുങ്ങാൻ കെൽപ്പുള്ള ശക്തിയുണ്ടായിരുന്നു ആ ഇടിമുഴക്കത്തിന്. "എന്റെ.. ഭാര്യ..." പ്രസാദ് പുഞ്ചിരിക്കാൻ ശ്രമിച്ചു. ഒന്നും മനസ്സിലാവാതെ അരുണ മിഴിച്ചു നിൽക്കവേ പ്രിയയെ കുറിച്ചുള്ള ഓർമ്മകൾ അവന്റെ തലച്ചോറിൽ മാത്രമല്ല സകല ഞാഡീ ഞരമ്പുകളിലും പാഞ്ഞു പോയി. അവളെ കണ്ട നിമിഷം, പരിചയപ്പെട്ട നിമിഷം, പ്രണയം തുറന്നു പറഞ്ഞ നിമിഷം, വിവാഹം ചെയ്ത നിമിഷം. ഒടുവിൽ ഈ ലോകത്തു നിന്നേ അവൾ വിട പറഞ്ഞു പോയ ആ നശിച്ച നിമിഷവും. "ഞാൻ.. ഞാൻ വേദനിപ്പിച്ചെങ്കിൽ എന്നോട് ക്ഷമിക്കണം. ചേട്ടൻ പറയണമെന്നില്ല." ഒരു ക്ഷമാപണം പോലെ അരുണ പറഞ്ഞു. "ഏയ്‌.. പ്രിയയുടെ ഓർമ്മകൾ എനിക്കെന്നും വേദന തന്നെയാണ്. പക്ഷെ ആ വേദനയിൽ എവിടെയൊക്കെയോ ഒരു സുഖമുണ്ട്." അരുണ കേൾക്കാൻ തയ്യാറായി നിന്നു. "അഴിയിക്കൽ തറവാട് വെച്ച്‌ തട്ടിച്ചു നോക്കുമ്പോൾ വളരെ താഴ്ന്ന ഒരു കുടുംബമായിരുന്നു പ്രിയയുടേത്. തന്റെടി, ആരോടും ഒരു കൂസലും ഇല്ലാത്ത പ്രകൃതം, എന്തു കാര്യത്തിനും അവൾക്ക് അവളുടേതായ ഒരു തീരുമാനവും ശെരിയുമൊക്കെയുണ്ട്. ആദ്യം നമ്മൾ അതിനെ എതിർക്കുമെങ്കിലും പിന്നീട് അവൾ പറഞ്ഞത് തന്നെയാണ് ശെരിയെന്നു സമ്മതിക്കേണ്ടി വരും. അതാണ് പ്രിയ... വളരെ അവിചാരിതമായാണ് അവളെന്റെ ജീവിതത്തിൽ കടന്നു കയറിയത്. അന്നൊക്കെ ഞാൻ ഭയങ്കര അലമ്പനായിരുന്നു കേട്ടോ. ഞാൻ കുടിക്കാത്ത ബ്രാൻഡ് ഇല്ല. തല്ലുപിടിക്കാത്ത ഗുണ്ടകൾ ഇല്ല. പോവാത്ത പബ്ബുകൾ ഇല്ല. അഴിയിക്കൽ മാധവന്റെ കണ്ണിലെ കരട് ആയിരുന്നു ഈ പ്രസാദ് എപ്പോഴും. ഞാനും ഹേമന്തും ചേർന്ന് എന്തോരം കുരുത്തക്കേടുകളാണ് ഒപ്പിച്ചത്. അങ്ങനെയുള്ള എന്നെ ദാ ഈ വിധത്തിൽ മാറ്റിയെടുത്തവളാണ് പ്രിയ. അവൾക്ക് അച്ഛനില്ലായിരുന്നു. അമ്മ മാത്രം. ശാരദാമ്മ.... പ്രിയയെ ഞാൻ വിവാഹം ചെയ്തു. എന്റെ കുഞ്ഞിനെ അവൾ ഗർഭം ധരിച്ചു. ഒടുവിൽ എനിക്ക് ഏറ്റവും വില കൂടിയ സമ്മാനവും തന്ന് പ്രസവത്തോടെ ഈ ലോകത്തു നിന്നേ അവൾ മാഞ്ഞു പോവുകയായിരുന്നു." അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ പ്രസാദിന്റെ കണ്ണുകൾ കലങ്ങിയിരുന്നു. അരുണയും വല്ലാതെയായി. മറ്റുള്ളവരുടെ അനുഭവങ്ങൾ നമുക്ക് വെറും കഥകൾ മാത്രമാണെന്ന് ബെന്യാമിൻ എഴുതി വെച്ചതാണ് അവൾക്ക് ഓർമ്മ വന്നത്. എല്ലാവർക്കുമുണ്ട് നഷ്ടങ്ങളുടെ ഒരു കഥ പറയാൻ. പ്രസാദ് എഴുന്നേറ്റ് നിന്നു. "ദൈവം മനുഷ്യരുടെ മുന്നിൽ വന്ന് ഓരോ പ്രശ്ങ്ങളും പ്രാരാബ്ധങ്ങളും വെച്ചു നീട്ടുമ്പോൾ ഓരോരുത്തർ തിരഞ്ഞെടുക്കുന്നത് അവരവരുടെ പ്രശ്നങ്ങളാണ്. കാരണമെന്തെന്നോ, നമുക്ക് എല്ലാവർക്കും അറിയാം നമ്മുടെ സങ്കടങ്ങളും പ്രശ്നങ്ങളുമേക്കാൾ വലുതാണ് മറ്റുള്ളവരുടേതെന്ന്." അതനുകൂലമായി അരുണ തലയാട്ടി. "എന്തായിരുന്നു ചേച്ചിയെ ആ ഡോക്ടറെ കാണിച്ചപ്പോഴുണ്ടായ കാര്യങ്ങൾ??" സാധാരണ മട്ടിൽ എന്ന പോലെ അവൾ ചോദിച്ചു. "ഓഹ്.. ഡോക്ടർ അഭില.. അത് ഒന്നൊന്നര മൊതല് ആയിരുന്നു. നിസാര സമയം കൊണ്ടു തന്നെ ഭദ്രയെ അവർ ഹിപ്നോറ്റൈസ് ചെയ്ത് കളഞ്ഞു. അതും വെറും സ്പൂണും കപ്പും മാത്രം ഉപയോഗിച്ച്..." വിടർന്ന കണ്ണുകളോടെ പ്രസാദ് പറഞ്ഞു. "കൊള്ളാലോ.. അത് അതിശയമായിരിക്കുന്നു." അരുണ അഭിപ്രായപ്പെട്ടു. "അതേന്നെ.. പിന്നെയവിടെ ഞാനും റിൻസി ഡോക്ടറും നേരിട്ടത് ട്വിസ്റ്റുകളുടെ പെരുമഴയായിരുന്നു." അന്നത്തെ ആ അനുഭവങ്ങൾ എല്ലാം തന്നെ പ്രസാദ് തുറന്നു പറഞ്ഞു. മഴ അപ്പോഴും ശമിക്കാതെ പെയ്തു. അരുണ എല്ലാം കേട്ടിരുന്നു. "ഒടുവിൽ തരള സംഗീത മന്ത്രം എന്നു മാത്രം പറഞ്ഞുകൊണ്ട് ഭദ്ര മയങ്ങി വീഴുകയായിരുന്നു." അത്രയും പറഞ്ഞ് പ്രസാദ് നിർത്തി. "എന്താ.. എന്താ ചേട്ടൻ പറഞ്ഞത്??!!" വിടർന്ന കണ്ണുകളോടെ അരുണ ചോദിച്ചു. "തരള സംഗീത മന്ത്രം. അങ്ങനെയാണ് അവൾ അന്നേരം പറഞ്ഞത്. ഞാനും റിൻസിയും അഭില ഡോക്ടറും അതെന്തെന്ന് മനസിലാവാതെ പരസ്പരം മുഖത്തു നോക്കി." പ്രസാദ് ഒരിക്കൽ കൂടി പറഞ്ഞു വ്യക്തമാക്കി. "തരള സംഗീത മന്ത്രം...!!!" അരുണ അത് പറയുമ്പോൾ വീണ്ടും നല്ലൊരു ശബ്ദത്തിൽ ഒരു ഇടിമുഴക്കം ആകാശത്ത് പാഞ്ഞു പോയി. "ഒരു നിമിഷം ചേട്ടനൊന്നിരിക്കൂ..." പറഞ്ഞു തീരും മുന്നേ അരുണ അകത്തേക്ക് പാഞ്ഞു പോയി. പ്രസാദിന് ഒന്നും മനസ്സിലായില്ല. അരുണ ഓടിയ ഓട്ടം കണ്ണുകൾ മിഴിച്ച് അവൻ നോക്കി നിന്നു. എന്തിനായിരിക്കും ആ കുട്ടി ഓടിയതെന്ന് അവൻ ചിന്തിച്ചു. ഏകദേശം അഞ്ചോ പത്തോ നിമിഷങ്ങൾ കടന്നു പോയി. മഴയുടെ കനം മെല്ലെ കുറഞ്ഞു വരുന്നു. തിണ്ണയിലുള്ള അതേ ഇരിപ്പ് പ്രസാദ് തുടർന്നു. അരുണയുടെ തിരിച്ചു വരവ് കാത്ത്. ഒടുവിൽ അകത്തു നിന്നും ഒരു കാൽപെരുമാറ്റം കേട്ട് പ്രസാദ് അവിടേക്ക് നോക്കി. കൈകൾ രണ്ടും പിന്നിൽ ചേർത്ത് അരുണ വരുന്നു. എന്തെന്നറിയാതെ ഇരിക്കുന്ന പ്രസാദിന്റെ മുന്നിൽ അവൾ വന്നു നിന്നു. "എന്താ...??!" അവൻ ചോദിച്ചു. "തരള സംഗീത മന്ത്രം എന്തെന്ന് നിങ്ങൾക്ക് പിടി കിട്ടിയില്ലേ??" അവൾ മറു ചോദ്യം തൊടുത്തു. "ഇല്ല.. ഞങ്ങൾക്കാർക്കും അത് മനസ്സിലായില്ല എന്നു പറഞ്ഞല്ലോ." "പ്രകാശൻ, അയാളുടെ ഭാര്യ ദേവയാനി, അവരുടെ മകൾ മാളവിക, മഹേഷ്‌, എന്നിങ്ങനെയുള്ള കഥാപാത്രങ്ങൾ ഞാനും കേട്ടിട്ടുണ്ട്. ആദ്യം എനിക്കത് മനസ്സിലായില്ല. തരള സംഗീത മന്ത്രം എന്നു പറഞ്ഞപ്പോഴാണ് എന്റെ തലയിലും ബൾബ് കത്തിയത്." അരുണ പറഞ്ഞു. "ഇങ്ങനെ ടെൻഷനാക്കാതെ നീ കാര്യം പറ കൊച്ചേ.. ആരാണിവരൊക്കെ?! എന്താണ് തരള സംഗീത മന്ത്രം??!!" പ്രസാദിന്റെ ക്ഷമ നശിച്ചു. അരുണ തന്റെ കൈകൾ മുന്നോട്ട് കൊണ്ടു വന്നു. ആ കൈകളിൽ ഒരു പുസ്തകമുണ്ട്. പ്രസാദിന്റെ കൈകളിലേക്ക് അവളത് വെച്ചു കൊടുത്തു. "എന്തായിത്?? പുസ്തകമോ??" അവൻ ചോദിച്ചു. "അതെ പുസ്തകം തന്നെ. ചേട്ടൻ അതിന്റെ ചട്ട ഒന്നു വായിച്ചു നോക്കൂ.." അരുണ പറഞ്ഞതു പ്രകാരം പ്രസാദ് തന്റെ കൈകളിലെ പുസ്തകത്തിൽ നോക്കി ആ പേര് വായിച്ചു : തരള സംഗീത മന്ത്രം ; രചിച്ചത് : ഭദ്ര ((തുടരും)) രചന :കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📔 കഥ #📙 നോവൽ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #🧟 പ്രേതകഥകൾ!