Part- 9
നീലിമ ഒന്നാലോചിച്ചതിന് ശേഷം ചോദിച്ചു.
"സായിറാമോ... അതാരാ ഫിറോസേ"
"അതൊരു ബുദ്ധിരാക്ഷസനാ നീലിമേ.. നീയൊന്ന് പോയിനോക്ക്. അപ്പൊ നിനക്ക് മനസ്സിലാവും ഇങ്ങനെയുള്ള മനുഷ്യരൊക്കെ ഈ ലോകത്തുണ്ടോ എന്ന്"
"അയാൾ പോലീസല്ലെങ്കിൽ പിന്നെ എങ്ങനെയാ അന്വേഷണവും മറ്റും?"
"നിനക്ക് നിന്റെ ആവശ്യം നടന്നാൽ പോരേ? മുത്തശ്ശന്റേയും മുത്തശ്ശിയുടേയും കാര്യത്തിൽ സത്യമറിയുക. അത് മതിയല്ലോ അല്ലേ? അതോ.."
"വേണ്ടാ... എനിക്കെന്റെ കാര്യം നടന്നാൽ മതി. അല്ലാ.. ഞാൻ അയാൾക്ക് ഫോൺ ചെയ്ത് പറഞ്ഞാൽ പോരേ? അത്രയും ദൂരം ഞാനൊറ്റയ്ക്ക്... അല്ലെങ്കിൽ, നീ കൂടി വാ എന്റൊപ്പം"
"ഏയ്.. നീ ഒറ്റയ്ക്ക് പോയാലേ കാര്യം നടക്കൂ.. മൂന്നാമതൊരാൾ ഇതിലുണ്ടെങ്കിൽ, പിന്നെ അയാൾ സമ്മതിക്കില്ല"
"സത്യം പറഞ്ഞാൽ, ഇയാളാരാണെന്ന് എനിക്ക് മനസ്സിലായിട്ടില്ല"
"എസ്‌കെ എന്നാണ് ഇയാളെ അറിയപ്പെടുക. പണ്ടേതോ മിലിട്ടറിയിലോ മറ്റോ ആയിരുന്നെന്ന് തോന്നുന്നു. ഇയാളൊരു പ്രൈവറ്റ് ഡിറ്റക്റ്റീവ് പോലെ കുറെ കേസെല്ലാം തെളിയിച്ചിട്ടുള്ള ആളാ. എന്നാൽ ഇയാൾക്കൊരു അപകടമുണ്ടായതിന് ശേഷം, പിന്നെ ഒരു കേസും ഇയാൾ ഏറ്റെടുത്തിട്ടില്ല.
കുറെയേറെ ആളുകൾ പല കേസുമായി വന്നെങ്കിലും അതൊന്നും ഏറ്റെടുക്കാൻ ഇയാളുടെ ഭാര്യ സമ്മതിച്ചില്ല. പോലീസും മന്ത്രിമാരും വരെ റെക്കമെന്റ് ചെയ്തിട്ടും ഒരു രക്ഷയുമില്ല. ഇനി കേസ് എടുക്കുന്നില്ലെന്നാണ് അയാൾ പറയുന്നത്"
"അപ്പൊപ്പിന്നെ ഞാൻ പോയിട്ട് കാര്യമുണ്ടോ?"
"അതാണ് ഇതിലെ ഹൈലൈറ്റ്.. നീയങ്ങനെ വെറുതെ പോയിട്ട് കാര്യമില്ല. അയാളുടെ വീക്ക് പോയിന്റിൽ പിടിച്ചായിരിക്കണം നീ സംസാരിച്ചു തുടങ്ങേണ്ടത്"
"അതെങ്ങനെ?"
"അയാൾക്കൊരു മകളുണ്ട്. ആമിയെന്നാണ് പേര്. നിന്നെപ്പോലെ അവളും ഒരു മെഡിക്കൽ ബയോ കെമിസ്ട്രി സ്റ്റുഡന്റാണ്"
"അതിന്?"
"മകളുമായി നല്ല അറ്റാച്ച്മെന്റുള്ള ആളെന്ന് മാത്രമല്ല, മകളുടെ പ്രായമുള്ളവരോടും വല്ലാത്ത സ്നേഹമാണ് അയാൾക്ക്. ആ പെൺകുട്ടി ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്. അയാൾക്കിപ്പൊ മകളെ കാണാതെ നല്ല വിഷമമുണ്ടായിരിക്കും. ആ ഗ്യാപ്പിലേക്കാണ് നീ ഗോളടിക്കേണ്ടത്.
അഥവാ, നീയൊരു മെഡിക്കൽ ബയോ കെമിസ്ട്രി സ്റ്റുഡന്റാണെന്ന് ആദ്യമേ അയാളെ ബോധ്യപ്പെടുത്തണം. എന്നിട്ട് നീ അയാളുടെ മകളുടെ സ്ഥാനത്തെന്ന പോലെ പെരുമാറണം. സാധാരണ ആളുകൾ വിളിക്കുന്നപോലെ സാറേ എന്നൊന്നും ഒഫീഷ്യലായി വിളിക്കരുത്. ചേട്ടാന്നോ അങ്കിളെന്നോ മറ്റോ കുറച്ച് സ്നേഹത്തിൽ വിളിക്കുക. അയാൾക്ക് നിന്നെ ഇഷ്ടമായാൽ, നിന്റെ സങ്കടത്തിൽ അയാളുടെ മനം അലിഞ്ഞാൽ പിന്നെ നീ രക്ഷപ്പെട്ടു.
അങ്ങനെ വന്നാൽ, എന്റെ നീലിമേ.. നിന്റെ മുത്തശ്ശനെ ആരെങ്കിലും കൊന്നതാണെങ്കിൽ, ആ കൊലയാളി തൂങ്ങിച്ചാവുകയാണ് നല്ലത്. ആരെങ്കിലും നിന്റെ മുത്തശ്ശിയെ ഏഴാകാശങ്ങൾക്കപ്പുറം കൊണ്ടുപോയി ഒളിപ്പിച്ചു വച്ചിരിക്കുകയാണെങ്കിലും അയാൾ കണ്ടുപിടിച്ചു കൊണ്ടുവരും. അതിൽ നൂറ്റൊന്ന് ശതമാനം ഉറപ്പ്"
"നിനക്കിയാളെ പരിചയമുണ്ടോ? അയാളുടെ എല്ലാ ഡീറ്റൈൽസും അറിയാമല്ലോ"
"എനിക്ക് നല്ല പരിചയമുണ്ട്. ഞാനവരുടെ വീട്ടിൽ പോയിട്ടുമുണ്ട്. എന്റെ ഉമ്മാടെ ക്ലാസ്മേറ്റാണ് അയാളുടെ ഭാര്യ ജാനി. ഉമ്മയും ജാനി ആന്റിയും ഗുരുവായൂർ ആര്യഭട്ട കോളേജിൽ ഡിഗ്രിയ്ക്ക് പഠിച്ചിട്ടുണ്ട്.
പിന്നേയ്.. എന്റെയോ ഉമ്മാടെയോ കാര്യമൊന്നും അവിടെ പറയരുത് ട്ടോ. ഞാനിയാളെ അങ്കിൾ എന്നാണ് വിളിക്കുന്നത്. എന്തെങ്കിലും ചെറിയ പാളിച്ച പറ്റിയാൽ, പിന്നെ ഞങ്ങൾ തമ്മിലുള്ള ആ അടുപ്പവും സ്നേഹവും ഇല്ലാതാവും.
അത് മാത്രമല്ല, ഇക്കാര്യമെങ്ങാനും പുള്ളി അറിഞ്ഞാൽ, പിന്നെ നിന്റെ കാര്യം നടക്കില്ല ട്ടോ. സൊ.. കെയർഫുൾ. മറ്റൊന്നുകൂടി പറയാം.. ഇങ്ങനെയൊക്കെയാണെങ്കിലും നീയിതിൽ വലിയ പ്രതീക്ഷയൊന്നും വയ്‌ക്കേണ്ട. കാരണം, നീ ഉദ്ദേശിക്കുന്നതുപോലെ അത്ര ഈസിയായി അയാളെ കൺവിൻസ് ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ ആദ്യം പറഞ്ഞത് ഓർമ്മയില്ലേ.. അയാളൊരു ബുദ്ധിരാക്ഷസനാ.."
"ഞാനെന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ. നാളെ കോളേജ് ഇല്ലാത്തതല്ലേ. രാവിലെത്തന്നെ പോയി നോക്കാം"
💞💞💞
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സായിറാം കൈലാഷിന്റെ വീട്. എസ്‌കെ എന്ന രണ്ടക്ഷരത്താൽ അറിയപ്പെടുന്ന ഇദ്ദേഹം ഒരു പോലീസുകാരനോ കുറ്റാന്വേഷകനോ അല്ല. അസാമാന്യമായ ബുദ്ധിശക്തിയും സൂക്ഷ്‌മമായ നിരീക്ഷണ പാടവവും കൈമുതലായുള്ള ഇദ്ദേഹത്തിന്റെ രീതികൾ പലപ്പോഴും ഷെർലക്ക് ഹോംസെന്ന കുറ്റാന്വേഷണ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ, പല സ്വകാര്യ വ്യക്തികളും തങ്ങളുടെ കെട്ടുപിണഞ്ഞു കിടക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഇദ്ദേഹത്തെ സമീപിക്കുന്നു.
പോലീസിന്റെ നല്ലൊരു സുഹൃത്തുകൂടിയായ എസ്‌കെ, ഒട്ടനവധി കേസുകളിൽ അവരെ സഹായിച്ചിട്ടുണ്ട്. കുഴഞ്ഞുമറിഞ്ഞ പല കേസുകളും എസ്കെയുടെ സഹായത്താലാണ് പോലീസ് വിജയിച്ചിട്ടുള്ളത്.
ഇന്ത്യൻ കോസ്റ്റ് ഗാർഡിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു എസ്‌കെ. പഠിക്കുന്ന കാലഘട്ടം മുതൽ, നിരീക്ഷണ സ്വഭാവം കാണിച്ചിരുന്ന ഇദ്ദേഹത്തിന് പോലീസാകാനായിരുന്നു ആഗ്രഹം. എന്നാൽ, ഇദ്ദേഹം എത്തിപ്പെട്ടത് ഭാരതത്തിന്റെ തീര സംരക്ഷണ സേനയിലാണ്.
ജോലിയിൽ നിന്ന് സ്വമേധയാ വിരമിക്കലെടുത്തതിന് ശേഷം, ഇപ്പോൾ ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമൊപ്പം വിശ്രമജീവിതത്തിലാണ് ഇദ്ദേഹം. ഭാര്യ ജാനി എഴുത്തുകാരിയാണ്. ഇദ്ദേഹം അന്വേഷിച്ചു കണ്ടെത്തിയ പല കേസുകളും ജാനി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു നാളുകളായി എസ്‌കെ, തികച്ചും വിശ്രമ ജീവിതമാണ് നയിക്കുന്നത്. ഔദ്യോഗികമായി ഏതെങ്കിലും കേസന്വേഷണങ്ങളിൽ ഏർപ്പെടുകയോ അത്തരം കാര്യങ്ങൾക്കായി പുറത്ത് പോവുകയോ ചെയ്യാറില്ല.
വലിയൊരു അപകടംപറ്റി, മരണാസന്നനായി കിടന്നിരുന്ന അദ്ദേഹം ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെങ്കിലും പഴയതുപോലെയുള്ള കേസന്വേഷണം സ്വയം ഏറ്റെടുക്കുകയോ പോലീസിനെ കേസിൽ സഹായിക്കുകയോ ചെയ്യാറില്ല.
മരണത്തിന്റെ വക്കിൽ നിന്നും രക്ഷപ്പെട്ടുവന്നതിനാൽ അദ്ദേഹത്തിന്റെ ഭാര്യ വളരെ ശ്രദ്ധയോടെയാണ് കാര്യങ്ങൾ നോക്കുന്നത്. കേസന്വേഷണത്തിനായി ആര് വന്നാലും യാതൊരു ദയയും കാണിക്കാതെ അവരെ തിരിച്ചയക്കുമായിരുന്നു. അതിനാൽതന്നെ കുറച്ച് നാളുകളായി അത്തരത്തിലുള്ള കാര്യങ്ങൾക്കായി ഒരാളും എസ്കെയുടെ വീട്ടിലേക്ക് വരാറില്ല.
കേസന്വേഷണത്തിനുള്ള സഹായത്തിനായി ആ വീട്ടിലെത്തുന്ന പോലീസ് ഉദ്യോഗസ്ഥരും മറ്റ് ആൾക്കാരുമൊന്നും ഇപ്പോൾ അവിടെക്ക് തീരെ വരാറില്ല. എസ്കെയുടെ ഉറ്റ സുഹൃത്തായ ഇൻസ്‌പെക്ടർ വഹാബ് മാത്രം ചില സമയങ്ങളിൽ അങ്ങോട്ട് വരും. അതും കേവലമായ സൗഹൃദ സന്ദർശനത്തിനുവേണ്ടി മാത്രം.
ഒത്തിരി ഉദ്യോഗസ്ഥർ, വഹാബ് മുഖാന്തിരം പല കേസുകളും എസ്കെയുടെ ശ്രദ്ധയിലെത്തിക്കാനായി ശ്രമിച്ചിരുന്നു. എന്നാൽ വഹാബ് അതൊന്നും കേൾക്കാൻ തയ്യാറായില്ല. ഒരു കാരണവശാലും, കേസുമായി ബന്ധപ്പെട്ട സഹായം തേടലൊന്നും താൻ എസ്‌കെയോട് പറയില്ലെന്ന് വഹാബ് അവരോടെല്ലാം തറപ്പിച്ചു പറഞ്ഞു.
സങ്കീർണ്ണമായ ചില കേസുകളിൽപെട്ട് വഹാബ് സ്വയം ഉഴലുമ്പോഴും, തന്റെ പ്രിയ സുഹൃത്തിന്റെ സഹായം തേടാൻ അയാൾ തയ്യാറായില്ല. എന്തുവന്നാലും ഒരു കേസിന്റെ കാര്യവും എസ്‌കെയോട് പറയില്ലെന്ന് വഹാബ് ജാനിയ്ക്ക് വാക്ക് നൽകുകയും ചെയ്തിട്ടുണ്ട്.
(പുതിയ വായനക്കാർക്കും എസ്‌കെയെ പരിചയമില്ലാത്തവർക്കുമായാണ് മുകളിലെ വിവരണങ്ങൾ ചേർത്തത്. എസ്കെയുടെ കഥകൾ വായിച്ചിട്ടുള്ളവർക്ക് ഇത് അരോചകമായി തോന്നാം. സദയം ക്ഷമിക്കുക - കഥാകൃത്ത്)
💞💞💞
ധിഷണാവിലാസം..
എസ്‌കെ എന്ന സായിറാം കൈലാഷിന്റെ ഭവനം.
വീടിന്റെ തിണ്ണയിൽ കാൽ നീട്ടി ഇരിക്കുകയാണ് അദ്ദേഹം. അപ്പോഴാണ് ഗേറ്റ് കടന്നുകൊണ്ട് നീലിമ അവിടെക്കെത്തിയത്.
"മോളേതാ..?" അവളെ കണ്ടതും തല ചരിച്ചുകൊണ്ട് എസ്‌കെ ചോദിച്ചു.
അതിനുത്തരം പറയാതെ, അവളോടി എസ്കെയുടെ അടുത്തെത്തി, ആ കാലിൽ കെട്ടിപ്പിടിച്ചുകൊണ്ട് കരഞ്ഞു.
"അയ്യോ! ഇതെന്തുപറ്റി? മോളെന്തിനാ കരയുന്നത്?" നീലിമയെ പിടിച്ച്, തിണ്ണയിൽ ഇരുത്തിക്കൊണ്ട് എസ്‌കെ ചോദിച്ചു.
"അങ്കിൾ..." അവൾ എസ്കെയുടെ മുഖത്തുനോക്കി കരഞ്ഞു.
"മോൾക്കെന്താ പറ്റിയേ? ആരെങ്കിലും ഉപദ്രവിച്ചോ?" ഗേറ്റിനരികിലേക്കും വഴിയിലേക്കുമൊക്കെ നോക്കിക്കൊണ്ട് എസ്‌കെ ചോദിച്ചു.
എന്നാൽ അവൾ കരച്ചിൽ നിർത്തിയില്ല. അപ്പോൾ എസ്‌കെ അവളുടെ മുഖം പിടിച്ചുയർത്തിക്കൊണ്ട് പറഞ്ഞു.
"നോക്കൂ.. മോൾ ഭയക്കേണ്ട.. മോളെ ആരും ഉപദ്രവിക്കില്ല"
"അങ്കിൾ എന്റെ കൂടെയുണ്ടാവുമോ? എന്നെ സ്വന്തം മോളെപ്പോലെ കണ്ടൂടെ?"
"അതിനെനിക്ക് മകളില്ലല്ലോ"
"ഇല്ലേ?" അവളുടെ മുഖം വിവർണ്ണമായി.
അപ്പോൾ എസ്‌കെ ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഞാൻ തമാശ പറഞ്ഞതാ. എനിക്കൊരു മോളുണ്ട്. മെഡിക്കൽ ബയോ കെമിസ്ട്രിക്കാ അവൾ പഠിക്കുന്നത്" സ്വൽപ്പം വേഗത്തിലാണ് എസ്‌കെ അത് പറഞ്ഞത്.
അതുകേട്ടപ്പോൾ നീലിമയ്ക്ക് സന്തോഷമായി. അവൾ പറഞ്ഞു.
"ഞാനും മെഡിക്കൽ ബയോ കെമിസ്ട്രി സ്റ്റുഡന്റാ"
"അപ്പൊ എന്റെ മോളുടെ അതേ പ്രായമാണല്ലോ"
"എന്നാലാ മോളെപ്പോലെ എന്നെ കണ്ടൂടെ?"
"അവളെപ്പോലെത്തന്നെയാ ഞാൻ മോളെ കാണുന്നത്. ആദ്യം ഈ കണ്ണൊക്കെ ഒന്ന് തുടച്ചേ.. എന്നിട്ടെന്നോട് പറയ്, ആരാ മോളെ ഉപദ്രവിച്ചേ?"
എസ്‌കെ തന്റെ ഫോണെടുത്ത് നമ്പർ നോക്കിത്തുടങ്ങി. അപ്പോൾ അവൾ ചോദിച്ചു.
"അങ്കിൾ ആരെയാ വിളിക്കാൻ പോകുന്നേ?"
"പോലീസിനെ"
"വേണ്ട അങ്കിൾ.. എനിക്കിപ്പൊ പോലീസിനെയും വിശ്വാസമില്ല"
"ഓഹോ.. അങ്ങനെയാണോ.. എന്നാൽ ഞാൻ വിളിക്കുന്നില്ല. മോൾ കാര്യങ്ങൾ പറയ്"
"എന്റെ പേര് നീലിമ.......
അവൾ കാര്യങ്ങൾ പറഞ്ഞുതുടങ്ങി. കിട്ടിയ ആ സന്ദർഭത്തിൽ, ഒരു ചെറിയ കാര്യംപോലും വിട്ടുകളയാതെതന്നെ എല്ലാം അവൾ എസ്‌കെയോട് വിശദീകരിച്ചു.
എല്ലാം കേട്ടു കഴിഞ്ഞതിനുശേഷം എസ്‌കെ കുറച്ച് നേരം ആലോചിച്ചു. എന്നിട്ട് പറഞ്ഞു.
"മോളേ.. ഞാനിപ്പൊ ഇങ്ങനെയുള്ള കേസുകളൊന്നും ഏറ്റെടുക്കാറില്ല. ഞാനൊരു കാര്യം ചെയ്യാം. പോലീസിൽ എന്റെയൊരു സുഹൃത്തുണ്ട്. നേരും നെറിയുമുള്ള ഒരു ഇൻസ്‌പെക്ടർ. മോൾ പേടിക്കുന്ന തരത്തിലുള്ള യാതൊരുവിധ നെഗറ്റീവുമില്ലാത്ത സത്യസന്ധനായ ഒരു ഉദ്യോഗസ്ഥൻ. ഞാൻ അയാളോട് ഇക്കാര്യങ്ങളെല്ലാം പറയാം. ആ ഇൻസ്‌പെക്ടർ മോളെ വേണ്ടവിധത്തിൽ സഹായിക്കും"
അപ്പോൾ അവൾ എസ്കെയുടെ കൈ പിടിച്ച് തന്റെ കവിളിൽ ചേർത്തുവച്ചുകൊണ്ട് പറഞ്ഞു.
"എന്നെ സ്വന്തം മോളെപ്പോലെ കണ്ടൂടെ അങ്കിളിന്?"
"ഇതെന്തിനാ കൂടെക്കൂടെ പറയുന്നത്? ഞാൻ അങ്ങനെത്തന്നെയല്ലേ കാണുന്നത്. മോളെന്റെ ആമിയെപ്പോലെതന്നെയാ.. സത്യം. പക്ഷേ, ഞാനിക്കാര്യത്തിൽ നിസ്സഹായനാണ്"
അപ്പോൾ നീലിമയുടെ കുഞ്ഞു കവിളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങുന്നത് എസ്‌കെ വേദനയോടെ കണ്ടു. അവളുടെ മുടിയിൽ തലോടിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
"കരയല്ലേ മോളെ.. നീയെനിക്ക് മകൾ തന്നെയാണ്"
എന്നാൽ അവൾ കരച്ചിൽ നിർത്തിയില്ല. എസ്കെയുടെ മുഖത്ത് അപ്പോൾ പലതരം ഭാവങ്ങൾ മിന്നിമറഞ്ഞു. അദ്ദേഹത്തിന്റെ കണ്ണുകൾ ഈറനണിഞ്ഞു. അവളുടെ മുഖം പിടിച്ചുയർത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
"മോളിപ്പൊ പൊക്കോ.. ഞാൻ വരാം.. മോളെ പ്രശ്‌നം ഞാൻ പരിഹരിച്ചു തരാം"
"സത്യമാണോ അങ്കിളേ?" അവൾക്ക് വിശ്വസിക്കാനായില്ല.
"ഞാനുറപ്പ് പറയുന്നു... മോളുടെ ഈ കണ്ണീരിന് കാരണമായിട്ടുള്ള വ്യക്തി, ഏത് പാതാളത്തിൽ പോയി ഒളിച്ചിരുന്നാലും, ഞാൻ കണ്ടെത്തുകതന്നെ ചെയ്യും"
(തുടരും)
സമീർ കലന്തൻ
#🧟 പ്രേതകഥകൾ! #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ