*മിഴി*
*1 മുതൽ 4*
*✍️ഗായത്രി സുരേന്ദ്രൻ*
"അമ്മേ എന്തേലും തരാനുണ്ടേൽ ഇവൾടെ കയ്യിലു കൊടുത്തു വിടണോ?
ഇവിടെ വേറാരും ഇല്ലേ?"
ചായക്കപ്പിലമർത്തി പിടിച്ചുകൊണ്ട് മിഴി തേങ്ങലുകളടക്കിപ്പിടിച്ചു.....
അവളുടെ വേദനതുളുമ്പുന്ന മുഖം അവനിൽ അസഹ്യതയുളവാക്കി.....
ഒരുപാടിഷ്ടായോണ്ടല്ലേ കുഞ്ഞേട്ടന്റെ ഓരോ കാര്യങ്ങളും അണുവിട വ്യത്യാസം വരുത്താതെ ഞാനിങ്ങനെ ചെയ്തു പോരുന്നത്....
എന്നിട്ടും.....
കണ്ണിലു മുന്നിലെന്നെ കണ്ടാൽ പിടിക്കില്ല്യാ....
ദൂരത്തൊക്കെ പഠിച്ചു വന്നപ്പോ ചുരിദാറോ പട്ടുപാവാടയോ ഇട്ടു നടക്കണ പെണ്ണു പഴഞ്ചനാണെന്നു തോന്നിക്കാണും....
കൂട്ടുകൂടാനോ മിണ്ടാനോ തനിക്കൊപ്പം പോരെന്നു തോന്നിക്കാണും.... അവൾ അടർന്നു വീണ കണ്ണീർത്തുള്ളികൾ അടർത്തി മാറ്റി.
ചായക്കപ്പ് മേശമേൽ വച്ചു കൊണ്ട് തിരികേ നടന്നു...
"അതേ ഈ കപ്പ് കൂടെ എടുത്തോണ്ടു പൊയ്ക്കോ.....
എനിക്ക് വല്ലോം വേണംന്നുണ്ടേൽ ഞാനെടുത്തോളും"
മിഴിയുടെ വാഴപ്പോള നിറം പരന്ന മുഖം ഒന്നൂടെ ചുവന്നു വന്നു ദേഷ്യവും സങ്കടവും അടക്കിപ്പിടിച്ച് ചായക്കപ്പും എടുത്തവൾ മുറിക്ക് പുറത്തിറങ്ങി....
"എന്താ ദേഷ്യം എന്റെ ഗുരുവായൂരപ്പാ....
കടിച്ചു കീറണ മാതിരിയാ നിൽപ്പ്..
ആരാന്നാ ഇപ്പോ വിചാരം!!!
എന്നാലും എന്നോടിങ്ങനൊക്കെ പറയാൻ മാത്രം...."
അവളു പിന്നേയും പരിഭവിച്ചു.
"എന്റെ കുഞ്ഞോളേ, നിനക്കറിയൂല്ലേ വന്നപ്പോ തൊട്ട് അവന്റെ സ്വഭാവം ഇതാ...
എന്തേലും പറയാൻ ചെന്നാൽ ദേഷ്യാ..... പറഞ്ഞിട്ടു കാര്യോല്ലാ കുട്ട്യേ.... അവന്റച്ഛനും ഇങ്ങനെ ആയിരുന്നില്ലേ...
മൂക്കിന്റെ തുമ്പത്താ ദേഷ്യം...
വിത്തു ഗുണം പത്തു ഗുണം...."
പാവയ്ക്കാക്കൊണ്ടാട്ടം വറുത്തു കോരുന്നതിനിടയ്ക്ക് പത്മിനി അവളെ സമാധാനിപ്പിച്ചു....
"എന്നാലും അമ്മായ്യ്യേ ഇങ്ങനുണ്ടോ ദേഷ്യം!
ഇതു ദേഷ്യല്ലാ.... എന്നോടെന്തോ വെറുപ്പു പിടിച്ച മാതിരിയാ...... നോക്കിക്കോ....
ഞാനും ഇനി അങ്ങോട്ടു മിണ്ടാൻ പോവില്ലാ....."
എന്നാലും അത്രനേരം കുഞ്ഞേട്ടനോടു മിണ്ടാതിരിക്കാൻ തനിക്കാവുമോ..... മിഴി മനസിലോർത്തു..
"ഇതാപ്പോ നന്നായേ, നാലഞ്ചു കൊല്ലം മുമ്പു വരെ ഈച്ചേം ചക്കരേം പോലെ നടന്ന പിള്ളാരാ ഇതിപ്പോ കീരീം പാമ്പും ആയല്ലോ കൃഷ്ണാ....."
പത്മിനിയമ്മ വാത്സല്യപൂർവ്വം അവളെ നോക്കിച്ചിരിച്ചു......
"നോക്കൂ കുട്ട്യേ അമ്മായി കുഞ്ഞേട്ടനേം കൂട്ടീട്ട് വൈകുന്നേരം തൊഴാൻ ഗുരുവായൂർ നട വരെ പോണുണ്ട്.....
എന്റെ കുട്ടീം കൂടെ വരണം കേട്ടോ...."
"ഞാനോ.... ആ കടുവേടൊപ്പോ?!!!
ഞാനെങ്ങും ഇല്ല....
അമ്മായി ഒറ്റയ്ക്കു പോവുമ്പോ എന്നെ കൂട്ടുവിളിച്ചാ മതി....."
"എന്റെ കുഞ്ഞോളേ, നാളെ നിനക്കു ക്ലാസ്സു തുടങ്ങുവല്ലേ...... തൊഴുതിട്ടു പോവൂ കുട്ടീ....
ഞാനല്ലേ പറേണേ...
പാർവതി പ്രസവിച്ചുന്നേള്ളൂ എന്റെ കയ്യിലു നിന്നാ നീയ്യ് വളർന്നത്... നിന്റമ്മ പറേണതു നീയ്യ് കേൾക്കില്ല്യേ?"
അതുകേട്ടതും മിഴിയുടെ കണ്ണുകൾ നിറഞ്ഞു.
ശരിയാണ്, ജനിച്ചപ്പോ തന്നെ അമ്മയങ്ങു പോയിട്ടും ഒരമ്മേടെ കുറവറിയാതെയാണ് താൻ വളർന്നത്....
അമ്മായീടെ കയ്യിലു തന്നെയേൽപ്പിച്ച് മൂന്നാം വയസ്സിലച്ഛൻ പോയപ്പോഴും താനനാഥയായിയില്ല.....
അമ്മാവന്റെയും അമ്മായീടേം കൈ പിടിച്ച് എല്ലാം കൊണ്ടും സന്തോഷത്തോടെ താനിന്നു വരെ കഴിഞ്ഞു ......
അച്ഛൻ പോവുമ്പോ അമ്മാവൻ അച്ഛനു കൊടുത്ത വാക്കാണ് മാധവ് മിഴിയെ ജീവിതസഖിയാക്കിയിരിക്കും എന്നതും...
അന്നു തൊട്ടേ അങ്ങനേ കണ്ടുള്ളൂ....
അത്ര മേൽ സ്നേഹിച്ചിട്ടേ ഉള്ളൂ....
ജീവനെപ്പോലേ.....
അല്ലാ....
ജീവനേക്കാളേറെ.....
എന്നിട്ടാണിപ്പോ തന്നോടിങ്ങനെ......
നീർത്തുള്ളികൾ അപ്പോഴേക്കു കവിളിലേക്കു പെയ്തിറങ്ങാൻ തുടങ്ങിയിരുന്നു.....
"ആയ്യേ എന്റെ കുട്ടി കരയ്യാ....
അതിനും മാത്രം ഇവിടിപ്പോ എന്താണ്ടായേ?!
അമ്മായി തമാശ പറഞ്ഞതല്ലേ....
അവനിനിയെന്റെ കുട്ട്യേ വല്ലതും പറഞ്ഞു കരയിച്ചാൽ എന്റേൽന്നു നല്ലോണം കിട്ടുംന്ന് ഞാനവനോടു പറയണുണ്ട്.....
തൊഴാൻ എന്റെ കുട്ടീം വായോ...."
അവളുടെ മുഖം പെയ്തു തോർന്ന മാനം കണക്കേ പ്രകാശിച്ചു.....
അമ്മായിയെ ചേർത്തു കെട്ടിപ്പിടിച്ച് കവിളത്തൊരു മുത്തം നൽകിക്കൊണ്ട് അവൾ അടുക്കള വാതിൽ കടന്നു പുറത്തേക്കിറങ്ങി....
തൊടിയിലെ ചെമ്പകക്കൊമ്പിനോടു കെട്ടിയ ഊഞ്ഞാലിലിരുന്ന് മാനം മുട്ടെയാടാനെന്നോണം ആടാൻ തുടങ്ങി....
പൊഴിഞ്ഞു കിടക്കുന്ന ചെമ്പകപ്പൂക്കളെ നെഞ്ചോരം ചേർത്തു വച്ച് ഊഞ്ഞാലിൽ ചാരി മാൻപേട മിഴികൾ അവൾ ചേർത്തടച്ചു...
വെളുത്തു മെലിഞ്ഞ കഴുത്തിൽ തെളിഞ്ഞു കാണുന്ന നീലഞരമ്പുകൾ അവളുടെ ശാലീനതയെ ഒന്നുകൂടി വർദ്ധിപ്പിച്ചു .....
അവളുടെ മനസ്സു നിറയെ കുഞ്ഞേട്ടനോടുള്ള പരിഭവമായിരുന്നു....
അവളുടെ മനസ്സ് തന്നെയിട്ടു വട്ടു കളിപ്പിച്ചതിനു പണി കൊടുക്കാൻ കുറുമ്പു കാട്ടുകയായിരുന്നു.....
അതേ സമയം രണ്ടു കുസൃതിക്കണ്ണുകൾ അവളറിയാതെ അവളെ നോക്കി നിൽപ്പുണ്ടായിരുന്നു........................
തുടരും....................
"കുഞ്ഞോളേ ഒരുങ്ങിക്കഴിഞ്ഞില്ല്യേ....
നോക്കൂ നടതുറക്കുമ്പഴേക്കും അങ്ങെത്തണംട്ടോ....
നീയ്യ് പോയി കണ്ണനേം വിളിച്ചിട്ടു വാ കേട്ടോ....."
കുളിച്ച് നീലയിൽ കസവു കര ചാർത്തിയ സെറ്റും മുണ്ടും ഉടുത്ത് പത്മിനിയമ്മ മുറ്റത്തേക്കിറങ്ങി.
മുറ്റത്തിന്റെ ഒത്ത നടുക്കു ഇഷ്ടികക്കല്ലു വച്ചു കെട്ടിയ തുളസിത്തറയിൽ തളിർത്തു നിൽക്കുന്ന ഒരു കൃഷ്ണതുളസിയിൽ നിന്നും ഒരു തുളസിക്കതിരു പൊട്ടിച്ചെടുത്തു ഈറൻ മുടിക്കെട്ടിൽ തിരുകി....
പടിഞ്ഞാറ്റവാതിൽ തുറന്നു മിഴി പുറത്തിറങ്ങി.....
പച്ചയും വയലറ്റും ഇടകലർന്ന പട്ടു പാവാടയിൽ അവളൊരു പൂത്തുമ്പിയെപ്പോലെ ശോഭിച്ചു...
ഈറൻ മുടി പിന്നിയിട്ടു നെറ്റിയിലൊരു ചന്ദനക്കുറിയുമണിഞ്ഞ് അവളുടെ ചമയങ്ങൾ കഴിഞ്ഞു.....
അമ്മായി പറഞ്ഞതനുസരിച്ച് അവൾ മാധവിന്റെ മുറി ലക്ഷ്യം വച്ചു നടന്നു.....
പെട്ടന്നാരോ അവളുടെ നീണ്ടു ചുരുണ്ട തലമുടിയിൽ പിടിച്ചു ശക്തിയിൽ വലിച്ചു....
"ആഹ്..... ന്റെ മുടീലാരാ പിടിച്ചേക്കണേ.... ഒന്നു വിടൂ...... എനിക്കു നോവുന്നൂ ...."
അവൾക്ക് മുടിയിലെ പിടുത്തം മുറുകുന്തോറും വേദന കൂടിക്കൂടി വന്നു.....
കണ്ണുകളിൽ നിന്നും നീർത്തുള്ളികൾ ഒഴുകി.....
"ഡീ, നിന്നോടൊരു നൂറു വട്ടം പറഞ്ഞതല്ലേ എന്നേം നോക്കി എന്റെ മുറീലോട്ടു വന്നേക്കരുതെന്ന്?
അതേയ് എനിക്കറിയാം താഴത്തേയ്ക്ക് വരണംന്നുള്ളത്... തമ്പുരാട്ടീടെ ചമയക്കം കഴിഞ്ഞാൽ നേരേ അങ്ങ് പോയ്ക്കോളണം...
മേലാലിങ്ങനെ വന്നേക്കരുത്.... പോടീ.."
മാധവ് അവളുടെ മുടിയിലെ പിടുത്തം മെല്ലെ അയച്ചു അവളെ സ്വതന്ത്രയാക്കി....
മഷിയെഴുതിയില്ലെങ്കിലും നീലക്കറുപ്പാർന്ന കണ്ണുകളിൽ ദേഷ്യവും സങ്കടവും ഊതി വീർപ്പിച്ച് അവളവനെ നോക്കി.....
"ഓ എന്റെ അമ്മേ ഭദ്രകാളീടെ കൂട്ടാ ഈ പെണ്ണ്....
ദേ കണ്ണുരുട്ടി എന്നെ പേടിപ്പിക്കാൻ നോക്കാ നീയ്യ്?!
ദേ അധികം എന്നെ നോക്കി കണ്ണുരുട്ടിയാലേ നിന്റെ ഉണ്ടക്കണ്ണു ഞാൻ കുത്തിപ്പൊട്ടിക്കും നോക്കിക്കോടീ......."
അതു കേട്ടതും മുഖം വീണ്ടുമൊന്ന് ഊതിപെരുപ്പിച്ചു കൊണ്ട് അവൾ താഴേക്കു പോയീ......
"എന്തിനാവോ എന്നോടിങ്ങനെ?!!!
ഞാനെന്തോ പാതകം ചെയ്ത കണക്കാണിപ്പോ...
കണ്ണിന്റെ മുന്നിലു ഞാൻ വരാൻ പാടില്ല്യാ....
ഇത്രയ്ക്കും ദേഷ്യം ആരാണേലും നന്നല്ലാ ..
വച്ചിട്ടുണ്ട് ഞാൻ.... എത്രടം വരെ പോവുംന്ന് നോക്കട്ടെ...."
തനിയെ പിറുപിറുത്തുകൊണ്ട് അവൾ കോണിപ്പടികളിറങ്ങി....
"എന്തേ കുട്ട്യേ , അവനൊരുങ്ങീല്ലേ...
എന്തേ വരാത്തേ?"
"എനിക്കെങ്ങും വയ്യാ ഇനി കുഞ്ഞേട്ടനെ വിളിക്കാൻ... ഇപ്പോത്തന്നെ ഞാൻ വിളിക്കാൻ പോയപ്പോ ദേ ന്റെ മുടീൽ പിടിച്ചു വേദനിപ്പിച്ചു....
അങ്ങട്ടു വിളിക്കാൻ ചെല്ലണ്ടാന്നും പറഞ്ഞു...
യ്ക്ക് വയ്യാ.... വരുമായിരിക്കും"
പറഞ്ഞു തീർന്നില്ലാ ആളെത്തി....
കസവുകര മുണ്ടും ചന്ദന നിറം പിടിപ്പിച്ച നീളൻ ഷർട്ടും കാണാനൊരാച്ചന്തം!!!!
അവളുടെ മനസ്സു കുറുമ്പു കാണിച്ചു തുടങ്ങി....
എന്നെ ഇത്രേം വേദനിപ്പിച്ചിട്ട് ഒന്നുമറിയാത്ത പാവം പോലെ വന്നു നിൽക്കഞ കണ്ടില്ലേ കണ്ണാ.......
അങ്ങനെ ഇപ്പോ വെറുതേ വിട്ടാ ശരിയാവില്ലാലോ....
ഇപ്പോ എടുത്തു ചാടി ഒന്നും ചെയ്യണ്ടാ... പതിയെ തക്കം പാർത്ത് കടുവയ്ക്ക് കണക്കിനു കൊടുക്കണം......
പത്മിനിയമ്മയ്ക്കു മുന്നിൽ മാധവും പിന്നിൽ മിഴിയും നടന്നു തുടങ്ങി.....
വീട്ടുപടികളോരോന്നായിറങ്ങി വയലിനു നടുക്കായൊരുക്കിയ വഴിയിലൂടെ അവർ നടന്നു.......
കൊയ്ത്തിനു പാകം വന്ന നെൽപ്പാടം കനകനിറത്തിൽ ഉച്ചവെയിലേറ്റു തിളങ്ങിനിന്നു....... നെൽക്കതിരുകൾ ഇരു വശത്തേക്കും ചാഞ്ഞു നിന്ന വഴിയിൽ ഇളം തണുപ്പും ഉണ്ടായിരുന്നു..... നെല്ലിന്റെ മണമുള്ള കാറ്റ്......
മാധവ് നാസികകൾ തുറന്നു പിടിച്ചു ആ ഗന്ധം ആവതു മനസ്സിലേക്കും ശരീരത്തിലേക്കും ആവാഹിച്ചു....
എത്ര നാൾ കൂടിയാണീ ഗന്ധം ആസ്വദിക്കാൻ കഴിഞ്ഞത്...... ഔഷധം തന്നെയാണീ നറുമണം...... ഒരുകണക്കിന് മിഴിപ്പെണ്ണു ഭാഗ്യവതിയാണ്..... നാട്ടിൻ പുറത്തിന്റെ നന്മകൾ അവളിൽ ആവോളം നിറഞ്ഞിരിക്കുന്നു......
പക്ഷേ അവൾ തനിക്ക്.......
അവന്റെ ചിന്തകൾ പാതിവഴിയിൽ മുറിഞ്ഞു.....
വയൽവരമ്പു പിന്നിട്ട് അവർ റോഡരികിലേക്കു കയറി....
തൊട്ടടുത്ത് ചെറിയൊരു ബസ്സ്സ്റ്റോപ്പ്..... പത്തു പതിനഞ്ചു മിനിട്ടുകൾക്കകം ഗുരുവായൂർക്കുള്ള ബസ്സ് വന്നു......
അരമണിക്കൂർ യാത്ര മതി ഗുരുവായൂർക്ക് അമ്മായിക്കൊപ്പം എപ്പോഴും വരാറുള്ളതാ കണ്ണന്റെ അടുത്ത്...... കണ്ണനെ കാണാൻ...
എന്നാൽ എന്റെ കണ്ണൻ എന്റെ ചാരെ ഉണ്ടായിരുന്നിട്ടും എന്തേ എന്നെയൊന്നു കാണുന്നില്ലാ...
ഒരോന്നാലോചിച്ച് സമയം പോയതറിഞ്ഞില്ല... മൂവരും കിഴക്കേനടയിലേക്കു നടന്നു....
"കുഞ്ഞോളേ കണ്ണനെക്കാണാൻ പോവ്വല്ലേ..... പെൺകുട്ട്യോളു കുളിച്ചൊരുങ്ങി മുല്ലമാല ചൂടീട്ടു വേണം തൊഴാൻ..... മുല്ലമാല വേണ്ടേ"
അമ്മായി ചോദിച്ചു....
വേണമെന്ന ഭാവത്തിൽ മിഴി തലയാട്ടി....
"കണ്ണാ, മൂന്നാലു മുഴം മുല്ലമാല മേടിച്ചു വരൂ...."
അമ്മായി പറഞ്ഞതു കേട്ടു മനസ്സില്ലാമനസ്സോടെയാണെങ്കിലും കണ്ണേട്ടൻ പൂവ് മേടിച്ചു കൊണ്ടു വന്നു....
കൈയിൽ തരാൻ നോക്കിയപ്പോൾ മിഴി പതിയെ തിരിഞ്ഞു നിന്നു അമ്മായി അടുത്തുള്ളതു കൊണ്ടാവണം മറുത്തൊന്നും പറയാതെ ആൾ പൂവു തലയിൽ ചൂടിത്തന്നു.....
ഒരുപാട് സന്തോഷം തോന്നി അവൾക്ക്.....
സ്വയമേവയല്ലെങ്കിൽ പോലും ആ കൈകൾ കൊണ്ടു പൂവു ചൂടിത്തന്നത് അവളിലൊത്തിരി സന്തോഷം നിറച്ചു....
നടതുറന്ന നേരം കണ്ണനെക്കണ്ടു തൊഴുതു.......
മിഴിയുടെ മനസ്സു നിറയെ അവളുടെ കണ്ണനെ അവൾക്കു തരാനുള്ള അപേക്ഷ മാത്രമായിരുന്നു......
എന്നാൽ മാധവിന്റെ മനസ്സിൽ ഒരായിരം ആത്മസംഘർഷങ്ങളായിരുന്നു.......
മിഴിയുടെ നിഷ്കളങ്കമായ സ്നേഹവും സാമീപ്യവും അവനിൽ ഹൃദയഭാരം നൽകി.....
അവളുടെ സ്നേഹത്തെ അവൻ വ്യസനപൂർവ്വം കണ്ടില്ലെന്നു നടിക്കാൻ ശ്രമിച്ചു.....
"ദേ കുട്ട്യോളേ നിങ്ങളു വെക്കം വീട്ടിലേക്കു നടന്നോളൂ....
എനിക്കാ ശാരദേടത്തീടവിടൊന്നു കേറണം..
ഇന്ന് തൊഴാൻ പോവ്വാണെന്നു പറഞ്ഞപ്പോ ഒരു വഴിപാട് കഴിപ്പിക്കാൻ പറഞ്ഞിരുന്നു....
ഞാനത് അവടെ കൊടുത്തിട്ടു ഇത്തിരി അവടെ ഇരുന്നിട്ടും പോന്നോളാം..... നിങ്ങളു നടന്നോളൂട്ടോ...."
തൊഴുതു കഴിഞ്ഞു തിരിച്ചു വീട്ടിലേക്കു ബസ്സ് ഇറങ്ങി പാടത്തൂടെ നടക്കാനിറങ്ങവേയായിരുന്നു അമ്മായിയതു പറഞ്ഞത്....
"അമ്മേ ഇവളെക്കൂടെ തുണ കൂട്ടണില്ലേ?"
കുഞ്ഞേട്ടനാണത് ചോദിച്ചത്..... തന്നെ എളുപ്പം ഒഴിവാക്കി അമ്മായീടൊപ്പം വിടാനാണ്..... അങ്ങനെ ഇപ്പം പോവാൻ മിഴിക്കു മനസ്സില്ല....
അതുമനസ്സിലാക്കിയെന്നോണം അമ്മായി ഒറ്റയ്ക്ക് പോവട്ടെ എന്നും പറഞ്ഞു പാടത്തിനെതിർവശം ലക്ഷ്യമാക്കി നടന്നുനീങ്ങി.......
അമ്മ പോകുന്നത് നോക്കി മാധവ് അൽപസമയം നിന്നു....
നേരം കുങ്കുമച്ചുവപ്പണിഞ്ഞു തുടങ്ങിയിരിക്കുന്നു.....
പാടത്തിനറ്റത്തു സൂര്യൻ യാത്രയാവാനൊരുങ്ങി നിന്നു..... കൂടണയാനുള്ള കിളികളുടെ തിടുക്കം...... തണുപ്പു പരന്ന മൺവഴി..... ശാന്തമായ അന്തരീക്ഷം.....
എല്ലാം കൊണ്ടും ഒരു ഛായാചിത്രം പോലെ തോന്നിച്ചു മാധവിന്.......
ചിന്തകൾക്ക് കടിഞ്ഞാണിട്ടുകൊണ്ട് മിഴിയുടെ സ്വരം അവന്റെ കാതിലെത്തി........
"അതേയ് , മാനം നോക്കി അമ്മായി വരും വരേം ഇവിടിങ്ങനെ ഇരിക്കാനാ മാഷ്ടെ പരിപാടി???!!!!
പോണില്ല്യേ?"
"എനിക്ക് വീട്ടിൽ പോവാൻ തന്നെ അറിയാം..... നീയിപ്പോ വാദ്ധ്യാരമ്മ ചമയണ്ട.... കേട്ടോടീ പെണ്ണേ ......"
കടുപ്പിച്ചു പറഞ്ഞു തീർത്ത് വയലോരം ചേർന്നവൻ ധൃതിയിൽ നടന്നു.....
തന്റൊപ്പം ഓടിയെത്താൻ ഇത്തിരി പാടുപെടുന്നുണ്ട് പെണ്ണ്......
ആ, ഇത്തിരി ഒന്ന് ഓടി വിയർക്കട്ടെ.....
അവന്റെ നടത്തം കുറച്ചു കൂടി അവൻ വേഗത്തിലാക്കി......
കുറച്ചു ദൂരം പിന്നിട്ടു കാണും പിന്നിൽ നിന്നൊരു നിലവിളിയായിരുന്നൂ കേട്ടത്.....
"കുഞ്ഞേട്ടാ " എന്നു വിളിച്ചു പാടത്ത്ത്തേക്കു വീണു കിടക്കുന്നു മിഴി.....
അവളാകെ പേടിച്ച മട്ടുണ്ട്..... മാൻപേട മിഴികൾ നിറയെ പരിഭ്രമം.....
അവളുടെ നിസ്സഹായതയും ഭയവും കണ്ട് അവനും മനസ്സു നൊന്തു.....
മാധവ് ഓടിയടുത്തേക്കു ചെന്നു പരിഭ്രമം ഉള്ളിലൊളിപ്പിച്ച് പതിയെ മിഴിയെ താങ്ങിയെടുത്തു...... പതുക്കെ പാടവരമ്പത്തേയ്ക്കു ചേർത്തു നിർത്തി..... പിടി വിട്ടപ്പോൾ വേച്ചു പോയീ പെണ്ണ്...... കാലോ മറ്റോ ഉളുക്കിക്കാണും.....
ദേഷ്യം മാറ്റിവച്ച് അവൻ പതുക്കെ അവളെ താങ്ങിയെടുത്തു..... ഒരുമിച്ചു വീട്ടിലേക്ക് നടന്നു തുടങ്ങി......
എന്തിനാ പെണ്ണേ പാടത്തോട്ടു ചക്ക വീഴും പോലെ വീണതെന്നു ചോദിക്കാൻ തുനിഞ്ഞപ്പോഴായിരുന്നു പിറകിൽ നിന്നും ഒരു വിളി കേട്ടത്.......
തുടരും..............
ആദ്യ ഭാഗത്തെ ഹൃദയം നിറഞ്ഞു സ്വീകരിച്ചതിന് ഒത്തിരി നന്ദി😊
സ്നേഹപൂർവ്വം ഗായത്രി
പിറകിൽ നിന്നും വിളി കേട്ടു തിരിഞ്ഞു നോക്കിയപ്പോഴാണ് കണ്ടത്........
ശ്രീനാഥ്.......
കണ്ണന്റെ കളിക്കൂട്ടുകാരൻ...... പ്രിയപ്പെട്ട സുഹൃത്ത്....... മിഴിയുടെ ഉണ്ണിയേട്ടൻ......
കണ്ണനും ഉണ്ണിയും സമപ്രായക്കാരായിരുന്നു........ ചെറുപ്പത്തിൽ കളിക്കുമ്പോൾ മിഴിയും അവർക്കൊപ്പം കൂടും....
കാലമേറെ കഴിഞ്ഞിട്ടും മൂവരുടെയും സൗഹൃദത്തിനു മാറ്റമൊന്നും തന്നെ സംഭവിച്ചിട്ടില്ലാ.......
ഏറെ ദൂരത്തേയ്ക്കു പഠിക്കാൻ പോയെന്നാലും മാധവിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ ശ്രീനാഥായിരുന്നു.... തിരിച്ചും.......
"എന്താ കണ്ണാ കുഞ്ഞോളെ താങ്ങിയെടുത്തു കൊണ്ടരണേ.....
നേരേ നിൽക്കാനാവതില്ലേ......
എന്തേ മിഴിപ്പെണ്ണേ നീയ്യ് തൊഴുതിട്ട് വരുമ്പോ ഷാപ്പിലു കേറ്യോ?!!"
കുസൃതിച്ചിരിയോടെ ശ്രീനാഥ് അതു ചോദിക്കുമ്പോഴേക്കും മിഴിയുടെ മുഖം ബലൂൺ പോലെ വീർത്തു.....
"ദേ ഉണ്യേട്ടാ, ന്നെക്കൊണ്ടൊന്നും പറയിപ്പിക്കേണ്ടാ....
നിങ്ങടെ ഈ സതീർത്ഥ്യനുണ്ടല്ലോ.... ഇങ്ങേര് എന്നെ ഒറ്റയ്ക്കിട്ടേച്ച് നടന്നു... ഓടിയോടിയവസാനം ഞാനിവിടെ വീഴേം ചെയ്തു....
എന്നിട്ടിപ്പം കുറ്റം എനിക്ക്ല്ലേ??!!!!"
"അയ്യോടീ ഞാനൊരു തമാശ പറഞ്ഞതല്ലേ....
എനിക്കറിഞ്ഞൂടെ നീയ്യ് പാവം പാവം പാർവതിയാണെന്ന്.... ല്ലേ കണ്ണാ"
ശ്രീനാഥും കണ്ണനും അവളെ നോക്കി ചിരിച്ചു....
അപ്പോഴേക്കും മിഴിയുടെ മുഖം ദേഷ്യത്താൽ ചുവന്നു വന്നു ...
തന്നെ താങ്ങിപ്പിടിച്ച കണ്ണന്റെ കൈകൾ ബലമായി വിടുവിച്ച് അവൾ പാടവരമ്പത്തൂടെ ധൃതിയിൽ നടന്നു.....
"ദേ , കാലിനു വയ്യാഞ്ഞ് എവിടേലും പോയി വീഴണ്ടാ.... കുത്തി നടക്കാൻ ഞാനൊരു വടിയെടുത്തു തരാം"
"ഒരു വടിയെടുത്ത് ഞാൻ തലയ്ക്കിട്ടു വീക്കും പറഞ്ഞേക്കാം..... ഞാൻ പോവ്വാ...."
അവൾ കെറുവിച്ചുകൊണ്ട് വീടു ലക്ഷ്യമാക്കി നടന്നു....
ഇടയ്ക്കൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ രണ്ടു പേരും കാര്യായ സംസാരത്തിലാണ്.......
പിന്നെയവിടെ നിന്നു സമയം കളഞ്ഞില്ല നേരേ വീട്ടിലേക്കു നടന്നു...
സന്ധ്യ കഴിഞ്ഞു ഇരുട്ടും മുൻപ് അമ്മായി എത്തി.... എന്നിട്ടും വയൽക്കരയിൽ കഥ പറഞ്ഞു നിന്ന ആൾ വീട്ടിലെത്തിയില്ല...
"കുഞ്ഞോളേ കണ്ണനെവിടെപ്പോയീ?...
അവന്റെ ബഹളം ഒന്നും കേൾക്കണില്ലാലോ...."
പ്രതീക്ഷച്ചതു പോലെ വന്നു കയറിയ ഉടൻ അമ്മായി തിരക്കി....
"കണ്ണേട്ടനും ഞാനും തിരിച്ചു വരുമ്പോ ഉണ്ണ്യേട്ടനെ കണ്ടു...... പിന്നെ രണ്ടാളും കൂടെ അവിടെ സംസാരിച്ചു നിന്നതാ.... ഇതു വരെ വന്നിട്ടില്ല ......"
"ആ, രണ്ടാളും കുറേക്കാലം പഠിക്കാൻ പോയതായിരുന്നില്ലേ... ഏറെ നാളു കൂടി വിശേഷം പറയാനുണ്ടാവൂല്ലോ...."
അതെ രണ്ടാൾക്കും വിശേഷങ്ങൾ പറയാനുണ്ടാവും കണ്ണേട്ടനെ കേൾക്കാൻ മാത്രം ഇവിടെ ഇരിക്കുന്ന എന്നെ മാത്രം വിലയില്ല.....
രാത്രി വൈകിയായിരുന്നൂ മാധവ് വീട്ടിലെത്തിയത് എത്തിയിട്ടും മുഖം ഗൗരവം പൂണ്ടു നിന്നിരുന്നു.......
മിഴിയെ ഗൗനിക്കാതെ അവൻ മുറിയിലേക്കു പോയി.....
"കുട്ട്യേ ഉണ്ണി പറേണതു കേട്ടു അവനു നിന്റെ കോളേജിനടുത്തുള്ള ആ ഹൈസ്കൂൾ ഇല്ലേ.... അവിടെ ജോലി ശരിയായിട്ടുണ്ടെന്ന്..... അടുത്താഴ്ച പോയിത്തുടങ്ങണംന്ന്....."
അത്താഴം കഴിച്ചു കൊണ്ടിയിക്കേയായിരുന്നു അമ്മായിയതു പറഞ്ഞത്....
"എന്നിട്ടെന്നോടു പറഞ്ഞീലാലോ?!!!!
ഇന്നൂടെ വൈകുന്നേരം കണ്ടതല്ലേ......
എന്നിട്ടും ഒരു സൂചന പോലും തന്നീലാ..... ഇനീങ്ങ്ട് വരട്ടെ ശരിയാക്കിക്കൊടുക്കാട്ടോ............."
"അതിനു നീയ്യും അവനും കണ്ടപ്പോത്തന്നെ അടിപിടി കൂടീല്ലേ.... കൊച്ചുകുട്ട്യോളെ മാതിരി!!!!!
കണ്ണനെന്നോടു പറഞ്ഞുല്ലോ...."
അതും ശരിയാണല്ലോ മിഴി ഓർത്തു......
പിറ്റേന്നു പുലർച്ചെ മിഴി കുളിയും തേവാരവും കഴിഞ്ഞു പഠിക്കാൻ തുടങ്ങുകയായിരുന്നു.....
മുകളിലെ തന്റെ മുറിക്കപ്പുറം വിശാലമായി നിൽക്കുന്ന വരാന്തയിലേക്കു പുസ്തകങ്ങളുമായി അവൾ നടന്നു....
പുറത്തിരുന്നു പഠിക്കാൻ നല്ല രസമാണ്..... നനുത്ത കാറ്റും കുളിരും.....
പുലർകാലേ അടുത്തുള്ള ദേവീക്ഷേത്രത്തിൽ നിന്നുയരുന്ന സംഗീതസാന്ദ്രമായ ദേവീസ്തുതിയും.....
ഒക്കെക്കൂടെ മനസ്സിനൊരു ശാന്തതയേകും....
പതിവുപോലെ വരാന്തയിലേക്കു നീങ്ങിയപ്പോൾ അപ്പുറത്തെ അടച്ചിട്ട കണ്ണേട്ടന്റെ മുറിയിൽ നിന്നും അടക്കിപ്പിടിച്ച സംസാരം പോലെ.......
ഇത്ര പുലർച്ചെ ആരോടാവോ രഹസ്യം പറയണേ......
അവളോർത്തു.....
ഒരു നിമിഷം അവളുടെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി......
"എന്റെ ഗുരുവായൂരപ്പാ.....
അങ്ങനെ ഒന്നും ആവല്ലേ..... കണ്ണേട്ടനു മറ്റൊരിഷ്ടം ഉണ്ടാവല്ലേ......"
എന്തിനോ അവളുടെ കണ്ണുകൾ നിറഞ്ഞു.....
"ഓ..... എന്റെ ദേവീ ഞാനെന്തോക്കെയാ ഈ ചിന്തിച്ചു കൂട്ടണേ....!!
അങ്ങനൊന്നും ഉണ്ടാവില്ലാ..... എന്റെ ഒരു പൊട്ടബുദ്ധി!!!"
അവൾ സ്വയം തലയ്ക്കു തട്ടി......
എങ്കിലും ഇത്ര പുലർച്ചെ ഇതാരോടാ.......
അടക്കിപ്പിടിച്ചു പറയാൻ മാത്രം.... രഹസ്യം!?
ഒളിച്ചു കേൾക്കണതു പാപമൊക്കെയാണ്..... എന്നാലും ഇതു കേട്ടില്ലെങ്കിൽ എന്തെന്നറിയാതെ ഉരുകിയുരുകി ഞാൻ തീരും....
അവൾ പതിയെ ചുവരിലേക്കു ചെവി ചേർത്തു വച്ചു വട്ടം പിടിച്ചു.....
"ആ.... യെസ്, അതുപോലെതന്നെ നടക്കും.... ഒന്നും സംഭവിക്കില്ലാ.... ധൈര്യമായിട്ടിരിക്കൂ...
വളരെ രഹസ്യമായി അതു നടന്നിരിക്കും..... അതൊക്കെ എനിക്കു വിട്ടേക്കൂ...."
നേർത്ത വളരെപതുക്കെയുള്ള ആ സംസാരം അവൾ കേട്ടു.....
അൽപസമയം കൂടിയവൾ ചെവി വട്ടം പിടിച്ചു നിന്നു..... പിന്നീടു അകത്തു നിന്നും സംസാരമൊന്നും കേൾക്കുന്നില്ലാ......
"സംസാരമൊക്കെ തീർന്നുവോ??
ആരായിരിക്കും അത്?
ഇത്ര രഹസ്യമായി എന്താണു കണ്ണേട്ടൻ ചെയ്യാൻ പോവണത്?"
അവൾ ചുമരോടു ചേർന്നു സംശയിച്ചു നിന്നു....
പെട്ടെന്നു ചെവിയിൽ പുളയുന്ന വേദന അനുഭവപ്പെട്ടു അവൾക്ക്.......
"ഡീ പെണ്ണേ.... പുലർച്ചെ തന്നെ ഒളിച്ചു കേൾക്കാൻ നടക്കുവാണോടീ നീയ്യ്.....
നാണമില്ലല്ലോ നിനക്ക്.... ഇതാണോ നിന്റെ പരിപാടി!!!!
വേണ്ടാ വേണ്ടാന്നു വയ്ക്കുമ്പം തലേൽ കേറാ നീയ്യ്?!
നിനക്ക് ഇന്ന് ഞാൻ നല്ലോണം തരാം...."
മാധവ് അവളുടെ ചെവിയിൽ പിടിച്ച് അവളെ നേരെ നിർത്തി.....
നല്ലോണം വേദനിക്കുന്നുണ്ടവൾക്കെന്ന് നിറഞ്ഞ കണ്ണുകൾ കണ്ടാൽ അറിയാം.....
എന്നാലും പെണ്ണിനു കുറുമ്പിത്തിരി കൂടുതലാണ്.....
വേദന സഹിക്കവയ്യാതായപ്പോഴാണ് മിഴി അവസാനത്തെ അടവെടുത്തത്....
"ആഹ്, .....
കണ്ണേട്ടനെന്താ പുലർച്ചെ പതുക്കെ സംസാരിക്കുന്നേ?....
ആരോടാ ഈ പറയണത്?
മര്യാദയ്ക്ക് ന്റെ ചെവീൽന്നു പിടി വിട്ടിട്ട് ആരോടെന്താ പറഞ്ഞേന്നു മര്യാദയ്ക്കു നിക്കു പറഞ്ഞു തന്നോ....
അല്ലേലേ ഞാനിപ്പോ അമ്മായീനെ വിളിക്കും എന്നിട്ടു ഇപ്പോ വിളിച്ച കാര്യം ഞാൻ പറയും....
ഓ.... ആഹ്... എനിക്ക് വേദനിക്കണു വിട് കണ്ണേട്ടാ......"
മാധവ് അവളുടെ ചെവിയിൽ നിന്നു പിടി വിട്ടു....
അപ്പോഴേക്കും അവിടം ചുവന്നു പോയിരുന്നു.....
മിഴി വേദനയോടെ പതുക്കെ ചെവി തടവി....
ദേഷ്യത്തോടെ അവനെ നോക്കി നിന്നു....
"നീ എന്താ അമ്മയോടു പറയാൻ പോവണത്?
ഞാൻ പതുക്കെ സംസാരിച്ചതോ?
ഞാൻ രഹസ്യം പറഞ്ഞതോ?
നീയിപ്പോ പറയുമോ.... എന്നാൽ പറയ്...
കേൾക്കട്ടെ..."
അതും പറഞ്ഞ് അവൻ അവൾക്കടുത്തേക്കു നടന്നു.....
അവൻ അവളുടെ അടുത്തേയ്ക്ക് ഒരോ അടി അടുക്കുമ്പോഴും അവൾ പിന്നോട്ടു നടന്നു.....
അവൻ അരികിലേക്കു വീണ്ടും വന്നുകൊണ്ടിരുന്നു....
മിഴിയുടെ ഹൃദയം ശക്തിയിൽ മിടിക്കാൻ തുടങ്ങി...... നെറ്റിയിൽ നിന്നും വിയർപ്പു പൊടിഞ്ഞു.....
ഒരുനിമിഷം.... അവൾ ചുമരിൽ ചേർന്നു നിന്നു.... അവൾക്ക് ചലിക്കാനായില്ല.......
അവനവൾക്കടുത്തേക്കു ചേർന്നു നിന്നു ......
ചുടുനിശ്വാസം അവളുടെ ശിരസ്സിൽ പതിഞ്ഞു....
പതുക്കെ അവൾ മിഴികളടച്ചു.......
അവനവളിലേക്കു മുഖമടുപ്പിച്ചുകൊണ്ടിരുന്നു......
പെട്ടെന്നു നിശബ്ദതയെ കീറി മുറിച്ചുകൊണ്ട് മൊബൈൽ ഫോണിൽ നിന്നും അപരിചിതമായൊരു പാശ്ചാത്യ സംഗീതമുയർന്നു.....
ഇരുവരും ഞൊടിയിട ഞെട്ടിത്തിരിഞ്ഞു.....
മാധവ് മേശമേൽ വച്ചിരുന്ന മൊബൈൽ കയ്യിലെടുത്തു....
മിഴി സ്ക്രീനിലേക്കു കണ്ണു പതിപ്പിച്ചു......
ആരാധ്യ കാളിങ്........!!!!!
തുടരും...............................
പെട്ടന്നു തന്നെ മാധവ് മിഴിയിൽ നിന്നും അകന്നുമാറി..... റിംങ് ചെയ്തുകൊണ്ടിരിക്കുന്ന മൊബൈൽ ചെവിയോടു ചേർത്തു വച്ചു മുറിയിലേക്കു നടന്നു....
മിഴി സംഭവിക്കുന്നതെന്തെന്നറിയാതെ ചുവരോരം ചാരി നിന്നു..... പെട്ടന്നുള്ള മാധവിന്റെ പരിഭ്രമം അവളിൽ ആശങ്കയുളവാക്കി.....
അവളും അവനടുത്തേക്കു നടന്നു..... അപ്പോഴേക്കും അവൾക്കു മുന്നിൽ അവൻ വാതിലുകൾ കൊട്ടിയടച്ചുകഴിഞ്ഞിരുന്നു........
അവൾക്കു കരച്ചിലടക്കാൻ കഴിഞ്ഞില്ല..... മുറിയിൽ വീണ്ടും അടക്കിപ്പിടിച്ച സംസാരം...... തേങ്ങിക്കരഞ്ഞുകൊണ്ട് അവൾ താങ്ങിനായി ചുവരിലേക്കു ചാരി നിന്നു......
♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡
"കുഞ്ഞോളേ, ഈ കുട്ടിക്കു കോളേജിൽ പോവണ്ടേന്റെ കൃഷ്ണാ...... ഒരുങ്ങി കഴിഞ്ഞില്ലേ നീയ്യ്?....."
ഭക്ഷണമേശയിൽ പ്രാതലിനുള്ള വട്ടം കൂട്ടുന്നതിനിടയിൽ പത്മിനിയമ്മ വിളിച്ചു ചോദിച്ചു...... ചെമ്പാവരി വറുത്തു പൊടിച്ചു ആവി നിറച്ച പുട്ടിന്റെ സുഗന്ധം മുറിയാകെ വ്യാപിച്ചു ......
രണ്ടു പ്ലേറ്റുകളിൽ പുട്ടു മാറ്റി വച്ച് അതിനൊപ്പം പഴവും പപ്പടവും ചൂടോടെ കടലക്കറിയും വിളമ്പി.....
അപ്പോഴേക്കും മാധവ് താഴത്തേയ്ക്കു വന്നുകഴിഞ്ഞിരുന്നു......
"ആഹാ..... ന്റെ പത്മിനിയമ്മേ..... എന്താ ഒരു വാസന!!!!
ഡൽഹീലു പഠിച്ച നാലു വർഷോം ചിലപ്പോ അമ്മേക്കാള്ളും മിസ്സ് ആയത് ദേ, ഇതിനെയായിരിക്കും......
വായേൽക്കൂടെ വള്ളംകളിക്കുള്ള വെള്ളാ ഇപ്പ ഒഴുകണത്........ ഹോ......."
"ദേ ന്റെ കണ്ണാ.... നിന്റെ വായ്ത്താരി നിർത്തീട്ടു വന്നു കഴിക്കണുണ്ടോ നീയ്യ്??......
ഈയ്യിടെ നിനക്കിത്തിരി കൂടണുണ്ട്.... കുറുമ്പ്.....
നീയ്യെന്തിനാ കുട്ട്യേ കുഞ്ഞോളെ ഏതു നേരോം വഴക്കു പറേണേ.... ആ കുട്ടിക്കെന്തോരം സങ്കടംണ്ടെന്നറിയ്യോ?...."
"അതേയ്, അതാ കാന്താരീടെ കയ്യിലിരിപ്പു കൊണ്ടാ..... കഴുത്തിനു ചുറ്റും നാക്കാന്നേയ്..... അപ്പോ അവളെ ഇട്ടു കളിപ്പിച്ചില്ലേലേ എനിക്കൊരു മനസ്സമാധനോം ഉണ്ടാവില്ല്യാ....."
മാധവ് കഴിക്കുന്നതിനിടയിൽ ചിരിച്ചു കണ്ണിറുക്കിക്കൊണ്ടു പറഞ്ഞു.....
അപ്പോഴാണ് മിഴി അങ്ങോട്ടേയ്ക്കു വന്നത്....... പതിവിനു വിപരീതമായി അവളുടെ മുഖത്തെ പ്രകാശം മങ്ങിയിരുന്നു..... ഉദാസീനമായി അവൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു.....
സാധാരണ വായ്തോരാതെ കിന്നാരം പറഞ്ഞുകൊണ്ടിരുന്നവൾ പെട്ടന്നു നിശബ്ദയായതിൽ പത്മിനിയമ്മയ്ക്കത്ഭുതം തോന്നി.....
അവളാകെ വിഷാദത്തിലമർന്നു കിടന്നു..... എന്തൊക്കെയോ മനോവ്യഥകൾ അവളെ അലട്ടും പോലെ തോന്നി.......
ഞൊടിയിടയിൽ ഭക്ഷണം കഴിച്ചെഴുന്നേറ്റു അമ്മായിയോടു യാത്ര പറഞ്ഞു ബാഗും എടുത്തവൾ കൊളേജിലേക്കു യാത്രയായി.....
"കണ്ണാ..... എന്തേ കുഞ്ഞോൾക്കു പറ്റീത്...... കിലുങ്ങനെ ചിരിക്കണ കുട്ടീടെ മുഖം എന്താപ്പോ ഇങ്ങനെ??...
സത്യം പറയ്, നീ വല്ലതും പറഞ്ഞോ അവളെ?...."
"ആ, ഇനീപ്പോ എന്നെപ്പറയ്...... എനിക്കെങ്ങും അറീല്ലാ അതിന്റെ മുഖം വീർത്തതിന്റെ കാരണം.....
എന്നെ വെറുതേ വിട്ടേക്ക്..... അതിന്റെ മുഖത്തു വല്ല കടന്നലും കുത്തീട്ടുണ്ടാവും...."
"ആ, അതേ..... അതിന്റെ മുഖത്തു കുത്തിയ കടന്നലിന്റെ പേരു മാധവെന്നാണോന്നാ ചോദിച്ചേ........"
"ആഹാ.......
പത്മിനിയമ്മേയ്....... വേണ്ടാ....... വേണ്ടാട്ടോ......."
മാധവ് ചിരിച്ചുകൊണ്ട് പുറത്തേക്കു പോയി.....
ഇടവഴിലൂടെ പതിയെ വയൽവരമ്പിലേക്കിറങ്ങുകയായിരുന്നു മിഴി... പാടം കടന്നു വേണം ബസ്സ്സ്റ്റോപ്പിലെത്താൻ..... ഇപ്പോത്തന്നെ സമയം വൈകി.... അവൾ ധൃതിയിൽ നടക്കാൻ തുടങ്ങി.....
വയലിനു കുറുകെക്കൂടെ ഒഴുകുന്ന തോടിന്റെ ഓരം ചേർന്നു നടക്കവേ.... വെള്ളത്തിൽ വിടർന്നു നിൽക്കുന്ന വെള്ളാമ്പൽപ്പൂക്കൾ അവളുടെ മനം കവർന്നു....
കുഞ്ഞായിരുന്നപ്പോൾ തന്റെ ജീവനായിരുന്നു ആമ്പൽപ്പൂക്കൾ..... അതറിയാവുന്നതു കൊണ്ടു തന്നെ തന്റെ പിണക്കം മാറ്റിയെടുക്കാൻ കുഞ്ഞേട്ടൻ കണ്ടു പിടിക്കാറുള്ള മാർഗ്ഗവും അതുതന്നെയായിരുന്നു......
കഴുത്തൊപ്പം വെള്ളത്തിൽ നിന്നുകൊണ്ട് ആമ്പൽപൂക്കളിറുത്ത് വലിയ കെട്ടാക്കി തന്നരികിലേക്ക് എത്തും....
വെള്ളവും ചെളിയും പുരണ്ടുവെന്നാലും മുഖത്തു കണ്ണുകളിലെ ആ പുഞ്ചിരിത്തിളക്കം മാത്രം മതിയായിരുന്നു....
മിഴി അൽപനേരം ആമ്പൽപ്പൂക്കളെ നോക്കി നിന്നു.....
"ഓയ്, തമ്പുരാട്ടിക്കുട്ടി മനോരാജ്യം കണ്ടോണ്ടു നിൽക്കുവാണോ....
ഇങ്ങനെ വൈകിട്ടു വരെ നിൽക്കാച്ചാൽ മാധവേട്ടനോടു പറഞ്ഞു പാടത്തു വച്ചേക്കണ കോലം എടുത്തു മാറ്റാം....
എന്തിനാ വെറുതേ രണ്ടു കോലങ്ങളൊന്നിച്ച്.....
അല്ലേടീ മിഴിപ്പെണ്ണേ...."
പുറകിൽ നിന്നും ശബ്ദം കേട്ടു തിരിഞ്ഞുനോക്കിയപ്പോഴാണ് കണ്ടത്....
മുഖം നിറയെ കുസൃതിച്ചിരിയുമായി ഉണ്ണിയേട്ടൻ......
"എന്തേ മാഷേ വല്ല്യമ്മ രാവിലെത്തന്നെ കപ്പയാണോ കഴിക്കാൻ തന്നേ? !!
കപ്പേടെ ചെളി ഒന്നും കഴുകീട്ടില്ലാന്നു തോന്നണല്ലോ..... വായിൽക്കൂടെ നല്ലോണം ചളിയൊഴുകണൂ.....!!!!"
"ഡീ കാന്താരീ.... കൊള്ളാലോ..... "
"എന്റെ പൊന്നുമോനേ കൊള്ളിക്കല്ലേ.....
അല്ലാ എന്താ പതിവില്ലാതെ രാവിലെ കുളിച്ചു കുറിയൊക്കെത്തൊട്ട് ഇതെങ്ങോട്ടാ....."
"ആ, അതേയ്.... അതു നിന്നോട് പറയാൻ വിട്ടുപോയി.... എനിക്കേ നമ്മടെ ആ ഗവൺമെന്റ് ഹൈസ്കൂളിലു മാഷായിട്ടു ജോലി കിട്ടീ.....
അമ്മായി നിന്നോടു പറഞ്ഞിട്ടുണ്ടാവൂല്ലോ....
പിന്നേയ് വെറും മാഷല്ലാ... കണക്കുമാഷാ കേട്ടോടീ..... അതിന്റെ ഒരു ഭയഭക്തി ബഹുമാനം ഒക്കെ ആയിക്കോട്ടെട്ടോ...."
"ന്നോടു ആദ്യം പറഞ്ഞില്ലാലോ.... എന്നിട്ടിപ്പോ പറയാൻ വന്നേക്കണൂ......
കണക്കു മാഷല്ലാ കൊരങ്ങൻ മാഷാ..... ആ പിള്ളേർടെ തലേലെഴുത്ത് അല്ലാണ്ടെന്താ പറയാ ന്റെ കൃഷ്ണാ......."
"നിന്നോടൊക്കെ പറയാൻ നിന്ന എന്നെ തല്ലണം.... ഞാനും നിന്റെ കോളേജിലേക്കുള്ള വഴീലേക്കാ.....
ഇവിടിങ്ങനെ നിന്നാ മതിയോ...... പോവണ്ടേ പെണ്ണേ....... നടക്ക്....."
ശ്രീനാഥ് മുന്നിൽ നടന്നു.... പിന്നാലെ മിഴിയും......
കിലുങ്ങനെ ചിരിച്ചും കൊഞ്ചിയും പിന്നാലെ വരുന്ന മിഴിയെക്കുറിച്ചവൻ കൗതുകത്തോടെയോർത്തു.......
ശരിക്കും ഒരു കൗതുകമാണീപ്പെണ്ണ്..... കൊച്ചുകുട്ടികളുടെ കൂട്ട് ഇണങ്ങിയും പിണങ്ങിയും..... നിഷ്കളങ്കമായ ഹൃദയമുള്ളവൾ......
അവളുടെ കൂടെ ചിലവഴിക്കുന്ന ഓരോ നിമിഷവും തന്റെ മനസ്സും നിർമലമാവും പോലെ.....
ഒരു വെള്ളാമ്പൽ പൂ പോലെ തരളം...... എന്തുകൊണ്ടോ അവൾക്കൊപ്പം നിൽക്കാൻ മനസ്സു വല്ലാതെ വാശി പിടിക്കുന്നു......
കൃഷ്ണാ...... മിഴിയെന്നുമെന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ......
അവൻ പതിയെ തിരിഞ്ഞു മിഴിയെ നോക്കി......
ഈ ലോകത്തൊന്നുമല്ലവൾ..... എന്തൊക്കെയോ ചിന്തിച്ചുകൂട്ടിക്കൊണ്ടാണു നടപ്പ്.....
ഇളം കാറ്റിൽ പാറിപ്പറക്കുന്ന അവളുടെ ചുരുണ്ട മുടിയിഴകളും പഞ്ചിരി തുളുമ്പുന്ന അധരങ്ങളും ഇടയ്ക്കിടെ കവിളത്തു മിന്നിമായുന്ന നുണക്കുഴിയും അവളെ ഒരിക്കൽ കൂടി സുന്ദരിയാക്കിത്തീർക്കുന്നു.....
അവൻ പതിയെ പുഞ്ചിരിച്ചു..... വീണ്ടും നടന്നു തുടങ്ങി......
കോളേജിലെത്തിയിട്ടും മിഴി അവളുടെ ചിന്തകളിൽ തന്നെ തങ്ങിനിന്നു......
ആരാധ്യ എന്ന പേര് പലവുരു അവൾ മന്ത്രിച്ചു.... അതാരെന്നറിയാൻ അവളുടെ മനസ്സു വെമ്പി....
എത്രയും പെട്ടന്നു വീട്ടിൽലേക്കു മടങ്ങിയെത്താനവളാഗ്രഹിച്ചു...... കുഞ്ഞേട്ടനോടു രാവിലെ നടന്നതിന്റെ സത്യാവസ്ഥ ചോദിക്കണമെന്നു തീരുമാനിച്ചുറപ്പിച്ചു.....
"മിഴി സ്റ്റാൻഡപ്പ്.....!
ക്ലാസെടുക്കുമ്പോ മനോരാജ്യം കാണാനാണോ കുട്ടി കോളേജിലോട്ടു വരുന്നേ....
ക്ലാസിലിരിക്കുന്നെങ്കിൽ ക്ലാസ്സിൽ ശ്രദ്ധിക്കണം.....
സോ ഗെറ്റ് ഔട്ട് ഫ്രം മൈ ക്ലാസ്....."
മിഴി ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു..... ബാഗുമെടുത്ത് ക്ലാസിനു പുറത്തേക്കിറങ്ങി....
എല്ലാം തന്റെ തെറ്റാണ്... ഓരോന്നും ആലോചിച്ച് ഇരുന്നു പോയതാണ്.... ഇനിയിപ്പോ ഇവിടെ നിന്നിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല.... പെട്ടന്നു വീട്ടിലെത്തണം....
അവൾ പുറത്തേക്കിറങ്ങി നടന്നു..... അവളുടെ മനസ്സ് കലുഷിതമായിരുന്നു.....
"അല്ലാ ന്താ കുട്ട്യേ നേർത്തേ..... ക്ലാസ്സു കഴിഞ്ഞുവോ....."
അമ്മായി തിരക്കി.....
"ആ.... ഇന്നിത്രേണ്ടായുള്ളൂ.....
കണ്ണേട്ടനെവടെ അമ്മായ്യ്യേ....?"
അവൾ പത്മിനിയമ്മയുടെ മടിയിൽ തല വച്ചു കിടന്നു..... അവരവളുടെ മുടിയിഴകളെ മെല്ലെ തഴുകി......
അവരുടെ മടിയിൽ കിടന്നപ്പോൾ അവൾക്ക് അവളറിയാതെ പോയ അമ്മയുടെ സ്നേഹവായ്പ് അനുഭവപ്പെട്ടു.....
അവൾ പതിയെ മയക്കത്തിലേക്കു വീണു....
"ദീപം..... ദീപം..... ദീപം....."
സന്ധ്യയ്ക്കു മിഴി നിലവിളക്കു കൊളുത്തുന്ന നേരത്തായിരുന്നു മാധവ് വീട്ടിലേക്കു പ്രവേശിച്ചത്......
ഒറ്റനോട്ടത്തിൽ തന്നെ അവനാകെ ക്ഷീണിതനാണെന്നു മിഴിക്കു ബോധ്യപ്പെട്ടു....
പുതിയ ജോലിയിലേക്കു പ്രവേശിച്ചതല്ലേയുള്ളൂ..... അതിന്റെയാവും..... ചുരുങ്ങിയ കാലം കൊണ്ടു തന്നെ മികച്ച എൻജിനീയർ എന്ന പേരെടുത്തതിനു പിന്നിൽ അധ്വാനത്തിന്റെ വിയർപ്പില്ലാതെയാവില്ലാ....
അവൾ തുളസിത്തറയിൽ തിരി തെളിയിച്ച് പതിയെ വലം വച്ചാ അകത്തേക്കു നടന്നു......
മാധവ് മുകളിലാണ് പോയിരിക്കുന്നത്... മുറിയിലേക്കാവും.... അവളും പതിയെ മുകളിലേക്കു കയറി....
മുറിയിൽ മാധവ് ആകെ സമ്മർദ്ദത്തിലായിരുന്നു..... ജോലിയിൽ ഇനിയും ചെയ്തു തീർക്കാനുള്ള നിർദ്ദേശങ്ങളുടെ നൂലാമാലകളെക്കുറിച്ച് ആകുലപ്പെട്ടു നിൽക്കുകയായിരുന്നു അവൻ.....
മിഴി പതിയെ മുറിയിലേക്കു കടന്നു ചെന്നു..... മാധവ് ചോദ്യഭാവത്തിൽ അവളെ നോക്കി....
"കുഞ്ഞേട്ടാ.......
ഞാനൊന്നു ചോദിച്ചോട്ടെ.....?"
അവൾ അവനരികിലേക്കു നീങ്ങി.....
"ഓഹ്.... മനുഷ്യനിവിടെ..... നിന്നോടു ഞാൻ പറഞ്ഞിട്ടില്ലേ.... കൊഞ്ചാനൊന്നും എനിക്കു നേരം പോരെന്ന്..... എന്തേ പറയാനുള്ളതെന്നു പറഞ്ഞിട്ടു പോ....
ഒരു നിമിഷമവൾ ആശങ്കപ്പെട്ടു നിന്നു.... പിന്നെ ധൈര്യം സംഭരിച്ചുകൊണ്ടു ചോദിച്ചു ....
"അത്...... ആരാധ്യ...... പുലർച്ചെ.......
കുഞ്ഞേട്ടൻ വാതിലടച്ചത്....
ആരാ അത്?.... എന്തിനേ വിളിച്ചേ? ....."
"നോക്ക് മിഴി.... എന്നെ പലരും വിളിക്കും പലരോടും സംസാരിക്കേണ്ടി വരും.... അതൊക്കേം നിന്നെ ബോധ്യപ്പെടുത്താനെനിക്കു കഴിഞ്ഞെന്നു വരില്ല......"
"എന്നാലും നിക്കറിയണം എട്ടാ അതാരെന്ന്...... ഇല്ലാച്ചാൽ നിക്കൊരു സമാധാനം കിട്ടാണ്ടാവും..... എന്നോടെന്തിനേ മറച്ചു വയ്ക്കുന്നേ.... ഞാനേട്ടന്റെ ആരും അല്ലേ?
ഇന്നു ഞാനിതോർത്തെത്ര ഉരുകീന്നറിയോ.... ഇനിയെങ്കിലും നിക്കറിയണം അതാരെന്ന്.... ഇത്ര പുലർച്ചെ ഇത്ര അടക്കിപ്പിടിച്ചു സംസാരിക്കണമെങ്കിൽ അതു വെറുതെയാവില്ല്യാന്നെനിക്കറിയാം......
എനിക്കതറിയണം ഏട്ടാ... പറയാണ്ടിവിടുന്നു മിഴി പോവില്ല്യാ..... എത്രാന്നു വച്ചിട്ടാ ഈ അവഗണനേം ദേഷ്യോം ഞാൻ സഹിക്കണേ.....?!!!"
മാധവിനു സർവ്വനിയന്ത്രണങ്ങളും നഷ്ടപ്പെട്ടു.... ക്രോധം ഞരമ്പുകളെ പിടിച്ചു മുറുക്കി....... എന്തൊരു തലവേദനയാണിത്..... അവളുടെ വക വീട്ടിലെ ക്രോസ് വിസ്താരത്തിന്റെ കുറവു കൂടിയേ ഉണ്ടായിരുന്നുള്ളൂ......
"നിനക്കെന്താ അറിയേണ്ടിയിരുന്നത്????..... ആരാധ്യയെപ്പറ്റിയല്ലേ..... അവളാരെന്നല്ലേ...... എന്തിനു ഞാൻ രഹസ്യമായി സംസാരിച്ചുവെന്നല്ലേ.....
എങ്കിൽ കേട്ടോളൂ ഞാൻ പ്രണയിക്കുന്ന പെണ്ണാണവൾ......
അവളോടു സംസാരിക്കുന്നതിന്റെ അർഥവ്യർത്ഥങ്ങളെനിക്കാരെയും ബോധ്യപ്പെടുത്തേണ്ടതില്ല......
ഇതെന്റെ വ്യക്തിപരമായ കാര്യമാണ് അതിൽ നീയെന്നല്ല ആരും ഇടപെടുന്നതെനിക്കിഷ്ടമല്ല.....
ഇനിയും അവളെക്കുറിച്ചു കൂടുതൽ പറഞ്ഞു മനസിലാക്കാൻ എനിക്കു നിന്നോടൊപ്പം ചിലവഴിക്കാൻ സമയവുമില്ലാ.....
ദയവായി ഇനിയെങ്കിലും ഒന്നു തനിയെ വിടണം എന്നെ...."
മാധവ് നിർദാക്ഷിണ്യം അവളെ മറികടന്നു മുറിക്കു പുറത്തേക്കിറങ്ങിപ്പോയി.....
തുടരും..........